Thursday, March 6, 2014

വിശുദ്ധ നരകത്തിലെ ഗായത്രിയെന്ന കൊടുങ്കാറ്റ്


By  ജോസഫ്  പടന്നമാക്കൽ  



 

 

 
 
 
 
 

ഗെയ്ൽ ട്രെഡ് വെല്ലിന്റെ ഹോളി ഹെൽഅഥവാ വിശുദ്ധ നരകമെന്നപുസ്തകം ഒരു സത്യാന്വേഷിയുടെ ആത്മകഥയാണ്.ചിരിയും പൊട്ടിച്ചിരിയും മാതാ അമൃതാനന്ദമയ മഠത്തിനുള്ളിലെ രാഷ്ട്രീയവും വളരെ യുക്തിയുക്തമായി ഗ്രന്ഥകാരി പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സമൃദ്ധിയുടെ നാട്ടിൽനിന്നുമാണ് ദാരിദ്ര്യവും പഞ്ഞവും പിടിച്ച രാജ്യത്തിലേക്ക് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ജീവിക്കാൻ വരുന്നതെന്നും ഓർക്കണം. ഇവിടെ ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കില്ല. ചുരുങ്ങിയ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്. അഭിമാനത്തെ പണയംവെച്ച് അടിമയായി ജോലിചെയ്തുകൊണ്ട് കപടതനിറഞ്ഞ ഒരു ആശ്രമത്തിൽ അവർ തന്റെ പാഴായ ജീവിതം തള്ളിനീക്കി. ഇത് തികച്ചും കിറുക്കല്ലാതെ മറ്റെന്തായിരുന്നുവെന്നും അറിയത്തില്ല. ഇരുപതുവർഷം പണിയെടുത്ത സ്ഥാപനത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.
 ആത്മീയാന്ധതയ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. സ്നേഹവും വാത്സല്യവും ദീനദയയുംകൊണ്ട് ആത്മീയപ്രസ്ഥാനങ്ങൾ ഇന്ന് കച്ചവടകേന്ദ്രങ്ങളായും കോർപ്പറേറ്റ് സ്ഥാപനങ്ങളായും മാറ്റപ്പെട്ടു. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാഅമൃതാനന്ദ. ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയുടെ വാത്സല്യം തേടിയും ഒരു നോക്കുകാണാനും ആലിംഗനവും ഉമ്മയ്ക്കുമായും വഴിയരികിൽ ഉന്തുംതള്ളും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു.
 
അമ്മയെന്ന അമൃതാനന്ദദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു. വിദേശരാജ്യങ്ങളിൽ അമൃതാനന്ദമയി അനുഗ്രഹിച്ച വെള്ളിവളകൾ 800 ഡോളറുമുതലും വെള്ളികൊണ്ടുള്ള കിരീടം 5000 ഡോളറിനുമാണ് വിൽക്കുന്നത്. അമ്മയുടെ പ്രതിരൂപത്തിൽ തുന്നിയുണ്ടാക്കിയ അമ്മപ്പാവകൾ 45 ഡോളർമുതൽ 200 ഡോളർവരെ വിലയ്ക്ക് വിൽക്കുന്നു. അമ്മയില്ലാത്തപ്പോൾ ഏതോ പ്രപഞ്ചസംബന്ധിയായ അമ്മയുടെ ചൂട് ഈ 'പാവ ' നല്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അമ്മയുടെ അഭാവത്തിൽ പാവയെ ആലിംഗനം ചെയ്താലും അത്ഭുതപ്രഭയുടെ ഊർജം പാവയിൽനിന്നു പ്രവഹിക്കുമെന്നും ഭക്തർ അവകാശപ്പെടുന്നു. അമ്മയെ നേരിട്ട് ചുംബിക്കുന്നതുപൊലെ പാവ സ്നേഹത്തിന്റെ പരിമളം നൽകുമെന്നും കരുതുന്നു. "പാവ കൂടെയുള്ളപ്പോൾ അമ്മ ഹൃദയത്തിനുള്ളിൽ ക്ഷേത്രംപോലെയെന്നും സ്നേഹവും കരുണയും ഉള്ളുനിറയെ നല്കുന്ന അതേ അമ്മയാണ് ഈ പാവയെന്നും"അമ്മ ഭക്തർ പറയും. ഇതിനോടകം 40 മില്ല്യൻ ജനങ്ങളെ അവർ ആലിംഗനം ചെയ്തുകഴിഞ്ഞു. സ്വമനസാലെ വിദേശാശ്രമങ്ങളിൽ അമ്മയ്ക്ക് സേവനം ചെയ്യുന്നവരുണ്ട്. അവരുടെ സേവനത്തിനു പുറമേ 2000 ഡോളറും ആശ്രമത്തിനു നല്കണം. വന്നെത്തുന്ന വിമാനക്കൂലി വേറെയും കരുതണം. 
ഗായത്രിയെന്നറിയപ്പെട്ടിരുന്ന ഗെയ്ൽ ട്രെഡ് വെൽ  അമൃതാനന്ദശ്രമത്തിന്റെ മുൻസന്യാസിനിയായിരുന്നു. 'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും പല സത്യങ്ങളും പുറത്തുവന്നു. ഗെയിലിന്റെ ആത്മകഥ വായിച്ചാൽ ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി ഭാരത സംസ്ക്കാരത്തിന്റെയും  കേരളസംസ്ക്കാരത്തിന്റെയും തനിമയെ ഒപ്പിയെടുത്തിട്ടുണ്ട്. പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു. 
ഗെയ്ൽ  ഇരുപതു വർഷത്തോളം അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന പ്രധാന ശിഷ്യയായിരുന്നു. ആശ്രമത്തിലെ ദുരൂഹതനിറഞ്ഞ രഹസ്യങ്ങളും അവരുടെ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ ഉടനീളം വിവരിച്ചിട്ടുണ്ട്. അമ്മ ദൈവമായതിനാൽ നന്മതിന്മകളിൽനിന്ന് മുക്തിനേടാമെന്നും ഗായത്രിയായ ഗെയ്ൽ  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രചരിപ്പിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രിതന്നെ (ഗെയ്ൽ ) സമ്മതിച്ചിട്ടുണ്ട്. അധികംതാമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച് അമ്മയുടെ വക്താക്കൾ പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.
 
മാതാ അമൃതാനന്ദയുടെ (അമ്മ) ആത്മീയ സാമ്രാജ്യത്തിലെ കൊള്ളരുതായ്മകൾ വിളിച്ചുപറയുവാൻ അന്തേവാസികൾ ധൈര്യപ്പെടുകയില്ല. അവർക്കുനേരെ ജീവന് ഭീഷണികൾ മുഴക്കാനും ഒരു മാഫിയാ സംഘംതന്നെ ആശ്രമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അമ്മയെ ദൈവമായി കരുതുന്നതുകൊണ്ട് അമ്മയ്ക്കെതിരായി പ്രവർത്തിക്കുന്നവരുടെ കുടുംബത്തിന് ശാപം ലഭിക്കുമെന്ന അന്ധവിശ്വാസവുമുണ്ട്. ജീവകാരുണ്യത്തിനായി സംഭാവന കൊടുക്കുന്ന നിഷ്കളങ്കരായവർ ആശ്രമത്തിന്റെ മൂടിവെച്ച രഹസ്യങ്ങളെപ്പറ്റി അറിയുന്നില്ല. വിദേശത്തുനിന്നുപോലും വീടും ധനവും ഉപേക്ഷിച്ച് സകലതും ആശ്രമത്തിന് ദാനംചെയ്ത് ദരിദ്രജീവിതം നയിക്കുന്ന അന്തേവാസികളുമുണ്ട്. ആത്മീയതയെന്തെന്നറിയാതെ ദിനംപ്രതി അനേകർ ആശ്രമത്തിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം നശിപ്പിക്കുന്നുമുണ്ട്.
 
ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. ചുറ്റും ആയിരക്കണക്കിന് ഭക്തരുള്ള ആ സ്ഥാപനത്തിൽനിന്നും രക്ഷപ്പെടുക സാദ്ധ്യമായിരുന്നില്ല. അങ്ങനെ ഒരു ശ്രമം നടത്തിയാൽ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന ഗായത്രി സകലരെയും കണ്ണുവെട്ടിച്ച് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സന്യാസിനി ജീവിതത്തിൽനിന്നും ഓടി രക്ഷപെടുകയാണുണ്ടായത്.   
 സ്വന്തം നാടായ ആസ്ട്രേലിയായിൽ പ്രതീക്ഷകളില്ലാത്ത നിരാശനിറഞ്ഞ ജീവിതമായിരുന്നു കുട്ടിക്കാലത്ത് ഗെയിലിന് ഉണ്ടായിരുന്നത്.  മാതാപിതാക്കളുമൊത്തുള്ള ജീവിതം സന്തുഷ്ടമായിരുന്നില്ല. "സ്വന്തം ഭവനംപോലെ മറ്റൊരിടമില്ലെന്നുള്ള" ആപ്തവാക്യവും ഗെയിലിന്റെ ജീവിത സാഹചര്യങ്ങളിൽ സഫലമായിരുന്നില്ല. മക്കളും മാതാപിതാക്കളും തമ്മിൽ പരസ്പര സ്നേഹത്തോടെയുള്ള ഒരു അന്തരീക്ഷത്തിലായിരുന്നില്ല അവർ വളർന്നത്‌. ബാല്യകാലം സംഘർഷം നിറഞ്ഞതായിരുന്നു. സ്നേഹവും സന്തോഷവും ആ ഭവനത്തിലുണ്ടായിരുന്നില്ല.സ്വന്തം അമ്മ  സ്നേഹത്തോടെ എന്നെങ്കിലും ആലിംഗനം ചെയ്തതായിപ്പോലും അവർക്കോർമ്മയില്ല. അവിവാഹിതയായ ഒരു സ്ത്രീയിൽനിന്നായിരുന്നു സ്വന്തം അമ്മ ജനിച്ചത്‌. അക്കാലത്ത് കുടുംബത്തിന് അങ്ങനെയൊരു കുഞ്ഞ് കളങ്കമായിരുന്നു. തന്മൂലം സമൂഹം മുഴുവൻ അവരെ പരിഹസിച്ചിരുന്നു. അങ്ങനെ വിദ്വേഷം നിറഞ്ഞ ഒരു അമ്മയിൽനിന്നാണ് ഗെയിലിന്റെ അമ്മ വളർന്നത്‌. ചരിത്രം ഗെയിലിന്റെ വളർച്ചയിലും  ആവർത്തിക്കപ്പെട്ടു. പഠിക്കാനോ ഡിഗ്രിയെടുക്കാനോ ബാല്യത്തിൽ താല്പര്യമുണ്ടായിരുന്നില്ല. മറ്റുള്ള പെണ്‍ക്കുട്ടികളുമായി അയൽവീടുകളിൽ കറങ്ങിനടക്കാനും സ്വിമ്മിംഗ്പൂളിൽ നീന്താനും പാർക്കിൽ സിഗരെറ്റ് വലിക്കാനും കളിക്കാനുമായിരുന്നു സമയം ചിലവഴിച്ചിരുന്നത്. പിന്നീട് മാതാപിതാക്കൾ പരസ്പരം വേർപെട്ട് വിവാഹമോചിതരായി.
കുഞ്ഞായിരുന്നപ്പോൾ മുതൽ ഗെയിലിന്  മാന്ത്രിക വിഷയങ്ങളെയും പ്രകൃത്യാതി സംബന്ധമായ അത്ഭുതശക്തികളെയും പഠിക്കാൻ  താൽപര്യമുണ്ടായിരുന്നു. ഇന്ത്യയിൽ ഒരു സുഹൃത്തുമൊത്ത് വന്നസമയം ഭാവി പ്രവചിക്കുന്നവരെയും അത്ഭുത സിദ്ധിയുള്ളവരെയും കണ്ടെത്തുവാൻ അവർ ആഗ്രഹിച്ചു. ലോകം മുഴുവൻ കൂട്ടുകാരുമൊത്ത് കറങ്ങാൻവന്ന അന്നത്തെ പത്തൊൻപത് വയസുകാരി ഗെയിലിന്  ഇന്ത്യയിൽ വന്നപ്പോൾ തിരികെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോവാൻ തോന്നിയില്ല. അതിന്റെ പേരില് അന്ന് ഒപ്പം സഞ്ചരിച്ച കൂട്ടുകാരെ വേർപിരിയേണ്ടിയും വന്നു.
1978 മാർച്ചുമാസത്തിൽ ഒരു വിനോദ യാത്രക്കാരിയായി ഗെയിൽ കല്ക്കട്ടായിലെത്തി. ഒപ്പം ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. യാത്രയിൽ പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിലുള്ള ആകാംഷയോടൊപ്പം ഇന്ത്യയുടെ കടുത്ത ദാരിദ്ര്യവും യാചകരും കുഷ്ഠരോഗികളും മാറാരോഗങ്ങളും കളവുകളും നേരിൽ കണ്ടതുമൂലം പരിഭ്രമവും  ഉണ്ടായിരുന്നു. ഇങ്ങനെ അനേക നിഷേധചിന്താഗതികൾ മനസ്സിലെത്തിയെങ്കിലും പത്തൊമ്പത് വയസുകാരിയായ ഗെയിലിന് ഭാരതത്തോട് അഗാധമായ സ്നേഹമുണ്ടായി. മറ്റനേക രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും ഇവിടംമാത്രം മനസ്സിൽതട്ടിയ സ്വന്തം വീടുപോലെ ആ പെണ്‍കുട്ടിക്ക് അന്ന് തോന്നിയിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹത്തുക്കളുടെയും നാടായ ഭാരതത്തെപ്പറ്റി പഠിക്കാനുള്ള ജിജ്ഞാസയുമുണ്ടായിരുന്നു. ഭാരതീയരുടെ ലളിതവും സന്തുഷ്ടവുമായ ജീവിതം അവരെ ഈ നാടിന്റെ വളർത്തുമകളാകാനും പ്രേരിപ്പിച്ചു. എന്നാൽ ഗെയിലിന്റെ കൂട്ടുകാരന് ഏതാനും ദിവസം സ്ഥലങ്ങൾ കാണുന്നതൊഴിച്ച് കൂടുതൽ ദിവസം ഇന്ത്യയിൽ താമസിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. അടുത്ത യാത്രയ്ക്ക് യൂറോപ്പും ഇംഗ്ലണ്ടുമായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്.  
തമിഴ്നാട്ടിലെ തിരുവണ്ണാ മലയിലുള്ള രമണാശ്രമത്തിലാണ് അവർ ആദ്യം വന്നത്. ആശ്രമത്തിലെ ലളിതമായ ജീവിതത്തിൽ ആകൃഷ്ടയായിക്കൊണ്ട്  ജീവിതത്തിന്റെ അർഥവും ദൈവത്തെ അറിയാനുള്ള ആഗ്രവും  അന്നവർക്കുണ്ടായി. ഋഷികളുടെയും ദേവന്മാരുടെയും ഗുരുക്കളുടെയും നാടായ ഭാരതത്തിൽനിന്ന് സന്തോഷവും സമാധാനവും ലഭിക്കുമെന്ന് ഗെയിൽ ചിന്തിച്ചു. ഭാരതീയ രീതിയിലുള്ള കൂക്കിങ്ങും പച്ചക്കറികൾക്ക് വിലപേശാനും അന്നവർ പഠിച്ചു. ദേവിയുടെയും പരമശിവന്റെയും ബിംബങ്ങൾ വഴിയോരങ്ങളിൽ എഴുന്നള്ളിയ്ക്കുമ്പോഴുള്ള  പ്രാർഥനകളും ദേവിസ്തോത്രങ്ങളും മനസിനെ ആകർഷിച്ചിരുന്നു.  ദേവീവിഗ്രഹങ്ങളെ സ്വീകരിക്കാൻ വഴിയോരങ്ങളിൽ വിളക്കുകൾ കത്തിക്കുന്നതും അവരിൽ ആത്മീയ ചൈതന്യമുണ്ടാക്കി. അവിടെനിന്ന് ഒരു സുഹൃത്തുമായി സുധാമണിയെന്ന അമ്മയുടെ ഭവനത്തിൽ എത്തിയ നാൾമുതൽ അമ്മയെ ഗുരുവായി സ്വീകരിച്ച് ഗായത്രിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു.
 
ഭാരതീയാചാരങ്ങളിൽ  വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ മലിനമായ വസ്തുക്കൾ കൈകാര്യം ചെയ്യാനും ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്ന് ഗെയിൽ എഴുതിയ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള പട്ടിക്കൂടുപോലുള്ള ഒരു കുടിലിൽ കിടത്തി ഭക്ഷണം കിട്ടാതെ നരകിച്ച കാര്യവും വർണ്ണിക്കുന്നുണ്ട്. ഒരിക്കൽ ഭക്ഷണം കിട്ടാൻവേണ്ടി പട്ടി ഈ കൂട്ടിലുണ്ടെന്നു വിളിച്ചുപറയുകയും ചെയ്തു. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം അമ്മയുടെ കാപട്യ പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ആദികാലങ്ങളിൽ സുധാമണിയമ്മ കാളിദേവതയുടെ ഭാവമായി മാറുന്ന സമയം ഗായത്രിയെന്ന പേരു സ്വീകരിച്ച ഈ വിദേശവനിത അന്ന് ഭയപ്പെട്ടിരുന്നു. കാളിയുടെ ഭീകരരൂപമായി ഭക്തരുടെയിടയിൽ തുള്ളും. കാളിയായി രൂപാന്തരം പ്രാപിക്കുന്ന വേളയിൽ സ്ത്രീകൾ സമീപത്ത് നിൽക്കാൻ പാടില്ല. ഡാൻസും പാട്ടും വാളുകൊണ്ടുള്ള ശബ്ദകോലാഹലങ്ങളും ഒരു ഭീഭത്സസ്ത്രീയെപ്പോലെ നടത്തുമ്പോൾ അവർ യഥാർഥ ദേവിയായും ഭക്തജനം കരുതിയിരുന്നു. സ്ത്രീകളിൽ ആവേശിച്ചിരിക്കുന്ന പിശാചുക്കളെയും മോചിപ്പിക്കും. കൃഷണ കിരീടവും അണിഞ്ഞ് വളകളുമിട്ട് സുധാമണി (അമ്മ) ഒരു വെളിച്ചപ്പാടിനെപ്പോലെ ദേഹം മുഴുവൻ തുള്ളി വിറപ്പിക്കുന്ന വേളയിൽ കൂട്ടമണികളടിക്കും. അവരുടെ പാദങ്ങളിൽ പുരുഷന്മാർ നമസ്ക്കരിച്ച് നേർച്ചകാഴ്ചകളും അർപ്പിക്കും. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്ന് ആശ്രമത്തിലകപ്പെട്ട ഗെയിലിനു മനസിലാക്കാൻ കാലങ്ങൾ വേണ്ടിവന്നു.
 
നിസാര കാര്യങ്ങൾക്കുപോലും ഗെയിലിനും  ആശ്രമത്തിലെ സ്ത്രീജനങ്ങൾക്കും അമ്മയുടെ പീഡനങ്ങൾ  സാധാരണമായിരുന്നു. അവർ കടിക്കുകയും അള്ളുകയും തലമുടി തലയിൽനിന്ന് പറിച്ചെടുക്കുകയും ചെയ്യും. അടി, കിടത്തിയിട്ട് തൊഴി, പിച്ച്, മുഖത്തിനിട്ട് തുപ്പൽ നിത്യ സംഭവങ്ങളായിരുന്നു.എങ്കിലും‌ ഗുരുവായ അമ്മയ്ക്ക്‌ പാദസേവ ചെയ്യുകയെന്നത് സ്വന്തം കർമ്മമായി ഗായത്രി കരുതിയിരുന്നു. സന്യാസിനിയായി വ്രതമെടുത്തതും അങ്ങനെയായിരുന്നു. മണിക്കൂറുകൾ കാല്‌ തടവികൊടുത്താലും നിസാരകാര്യത്തിന് അവർ ആശ്രമവാസികളായ സ്ത്രീകളെ തൊഴിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുമായിരുന്നു. പുരുഷന്മാരോട് പ്രത്യേക വാത്സല്യവും  മമതയുമുണ്ടായിരുന്നു. അമ്മയുടെ അടിയുടെ ശക്തിയിൽ പലരുടെയും മുഖം കരുവാളിച്ചും രക്തംവാർന്നും കാണുന്നത് പതിവായിരുന്നു. ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നാലും ഗുരുവിനെ പൂജിക്കണമെന്ന ഉപനിഷത്തിലെ വാക്യം ഗായത്രി (ഗെയിൽ) പാലിച്ചിരുന്നു. 
 
"ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്ഉപനിഷത്തുകൾ പറയുന്നു. മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും." ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു.  പടിഞ്ഞാറുള്ളവർക്ക് ഈ തത്ത്വചിന്തകൾ അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. വിശ്വാസം ദൃഡമാക്കാൻ ഗുരുക്കന്മാർ നൽകുന്ന ക്രൂരമായ ശിക്ഷകളും ഹൈന്ദവകഥകളിൽ ഉണ്ട്. ഗുരുവിന്റെ ആജ്ഞപ്രകാരം കൈവിരലുകൾ മുറിക്കുന്നതും ശിഷ്യൻ ഉമ്മിത്തീയിൽ വെന്തുരുകാൻ കൽപ്പിക്കുന്നതുമായ കഥകൾ വായിക്കാൻ സാധിക്കും. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക, മനസ്സിൽ മുഴങ്ങുന്ന ശബ്ദമാണ് എന്നും സത്യമായിട്ടുള്ളത് എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രിയായ ഗെയിൽ വിശ്വസിച്ചിരുന്നു. 
ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ) ദൃക്സാക്ഷിയാവുന്ന കഥകളും പുസ്തകത്തിൽ അനേക തവണകൾ ആവർത്തിച്ചിട്ടുണ്ട്. പുരുഷബീജങ്ങൾ അടങ്ങിയ ടവ്വലുകളും അമ്മയുടെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും തന്മയത്വമായി വിവരിച്ചിട്ടുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറുന്നതായ കുറ്റാരൊപണവുമുണ്ട്. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നു. ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലു, റാവൂ എന്നീ രണ്ട് സ്വാമിമാർ അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നതായും ഗെയിലിന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട് അനാശാസ്യത്തിനായി അമ്മയുടെ മുറിതുറക്കുന്നത് ഗായത്രിയെന്ന ഗെയിൽ  പലപ്പോഴും കണ്ടിട്ടുള്ളതായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 
അമ്മയുടെ പ്രിയശിഷ്യനും അമ്മയ്ക്ക് ലൈംഗികതയിൽ ആഹ്ലാദം കൊടുത്തുകൊണ്ടിരുന്നവനുമായ ബാലുസ്വാമിയിൽനിന്നും ഗായത്രിയ്ക്ക് (ഗെയിൽ) അസഹ്യമായ ശല്യമുണ്ടായിരുന്നു. പലവട്ടവും ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാൾ  ലൈംഗിക വികാരജീവിയായ ഒരു മാനസിക രോഗിയായായിരുന്നു. അയാളുടെ ഉരുക്കുള്ള മസിലുകൾ ഗായത്രിയെ (ഗെയിൽ) ബലാല്ക്കാരമായി കീഴ്പ്പെടുത്തിയിട്ടുണ്ടെന്ന് ആത്മകഥയിലുണ്ട്. ഗെയിലെന്ന ഗായത്രിയ്ക്ക് സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ) പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ വാക്കുകൾ അയാൾ ചെവികൊണ്ടില്ല. മനസും ശരീരവും അർപ്പിക്കാതെ ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു. ബാലുവിൽനിന്നുള്ള പീഡനവും ആശ്രമമുപേക്ഷിക്കാൻ അന്നവരെ പ്രേരിപ്പിച്ചിരുന്നു.   
അമ്മയുടെ പീഡനങ്ങളിലും ആശ്രമത്തിലെ അഴിമതികളിലും ബാലുവിന്റെ  ലൈംഗികാക്രമങ്ങളിലും മനംനൊന്ത് ഗായത്രി (ഗെയിൽ) അവിടെനിന്ന് രക്ഷപെടാൻ ആഗ്രഹിച്ചിരുന്നു. ആശ്രമം വിട്ടാൽ ജീവിക്കാൻ കൈവശം പണമോ, തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, സഹായിക്കാൻ സുഹൃത്തുക്കളോ അവർക്കുണ്ടായിരുന്നില്ല. കഴിഞ്ഞ 22 വർഷങ്ങളായി അമ്മയുടെ നിഴലിൽ ജീവിച്ചകാരണം ജനിച്ചനാട്ടിലുള്ള ജീവിതരീതികളും കുടുംബബന്ധങ്ങൾ നഷ്ടപ്പെട്ടെന്നുള്ള ചിന്തകളും  അലട്ടിയിരുന്നു. ഏകയായി ഇരിക്കുമ്പോൾ ഗായത്രി (ഗെയിൽ) സ്വയം ചോദിക്കുമായിരുന്നു,  " ദൈവം തന്ന  ചിന്തിക്കാനുള്ള കഴിവും ബുദ്ധിവൈഭവംകൊണ്ട് നമ്മെത്തന്നെ നയിക്കരുതോ?  ആശ്രമത്തിലെ മക്കളെന്നും നിസഹായരായിട്ട് അമ്മയുടെ സഹായത്തിൽമാത്രം ജീവിക്കാനും ആഗ്രഹിക്കുന്നു. കൂട്ടിനകത്തടച്ച മിണ്ടാപ്രാണിയായി തന്റെ ആശ്രമജീവിതത്തെ ഗായത്രി കണ്ടു. ചുറ്റുമുള്ള ലോകത്തെ വെറുക്കാനും തുടങ്ങി. അമ്മയുടെ നിത്യേനയുള്ള കുറ്റാരോപണങ്ങളിലും സഹികെട്ടിരുന്നു. എങ്കിലും മലരണിക്കാടുകൾ തിങ്ങിനിറഞ്ഞ കേരളനാടും തഴച്ചുവളരുന്ന നെല്പ്പാടങ്ങളും പൂക്കളും പച്ചയാർന്ന വൃക്ഷലതാതികളും തെങ്ങിൻ തോട്ടങ്ങളും തെളിമയാർന്ന നദികളും അരുവികളും അവരുടെ മനസിന്‌ ഉണ്മ നല്കിയിരുന്നു.
 
ഭാരതീയാചാരങ്ങളിലും ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ഗുരുശിഷ്യ തത്ത്വങ്ങളെ അമ്മ എത്രമാത്രം ദുരുപയോഗം ചെയ്തെന്നും ഗായത്രി (ഗെയിൽ)  മനസിലാക്കി. ഹൈന്ദവത്വത്തിന്റെ സത്തയെന്തെന്ന് നന്നായി തിരിച്ചറിഞ്ഞു.  ഉപനിഷത്തിൽ ഗുരുവിനെ അന്ധമായി അനുസരിക്കണമെന്ന് പറയുന്നില്ല. ഒരു ആയുസിന്റെ ഇമ്പമേറിയ യുവത്വം ഗുരുവായ അമ്മയുടെ കാൽക്കൽ സമർപ്പിച്ചിട്ടും ഗായത്രിയെന്ന അമ്മയുടെ മകൾ ഗെയിൽ  ദൈവത്തെ കണ്ടില്ല. അവസാനം അവർ അവരെത്തന്നെ കണ്ടെത്തി. തിരിച്ചറിഞ്ഞപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അന്നവർക്ക്  വലിയ വിലയും കൊടുക്കേണ്ടിവന്നു
 




 





 

 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...