Friday, March 21, 2014

മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും




















ജോസഫ്‌ പടന്നമാക്കൽ
പഴയ തലമുറകളുടെ ചിന്താഗതികളെ ഇന്നുള്ള യുവതലമുറകൾ പഴഞ്ചനായും കാലഹരണപ്പെട്ടതായും  ചിത്രീകരീക്കാറുണ്ട്. മാതാപിതാക്കളും മക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങളുള്ളത് സാധാരണമാണ്. തലമുറകൾ തമ്മിലുള്ള വിടവെന്നു പറഞ്ഞ് മുതിർന്ന തലമുറകൾ ആശ്വസിക്കാറുണ്ട്. ഈ വിടവുകളുടെ ആഴവും പരപ്പും ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതികളിലായിരിക്കും. ഒരു നൂറ്റാണ്ടുമുമ്പ് കൂട്ടുകുടുംബ വ്യവസ്ഥിതി ഭാരതത്തിലുണ്ടായിരുന്നു. പരസ്പരം സുഖദുഃഖങ്ങൾ പങ്കുവെച്ചിരുന്ന ആ കാലഘട്ടത്തിൽ അഭിപ്രായങ്ങളിൽ ഐക്യരൂപ്യം കണ്ടെന്നിരിക്കാം. വാസ്‌തവത്തിൽ തലമുറകൾ തമ്മിലുള്ള വിടവെന്നു പറയുന്നത് വെറും മാനസിക വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. അപ്പനും മക്കളും മുതിർന്നവരും പരസ്പരമുള്ള വൈകാരികമായ ഒരു അകൽച്ചയെന്നു മാത്രമേ ഈ വിടവിനെ കരുതാൻ സാധിക്കുള്ളൂ. തലമുറകൾതമ്മിൽ അത്തരം അന്തരം വരുന്നത് മിക്കപ്പോഴും തെറ്റിദ്ധാരണ കാരണമാണ്. മക്കളും മാതാപിതാക്കളുമായുള്ള സഹവർത്തിത്വത്തിന്റെ അഭാവമാണ് ഇത്തരം അകൽച്ചകൾ സംഭവിക്കാൻ കാരണമാകുന്നതും. മക്കളുമായുള്ള മാനസിക വ്യത്യാസങ്ങൾ ലഘുകരിക്കാൻ സാധിക്കുന്നതാണ് മാതാപിതാക്കളുടെ വിജയം. വ്യത്യസ്തകളിൽ ഗൌരവമായി ചിന്തിക്കാതെ, ഗൗനിക്കാതിരിക്കുന്നതും യുക്തിയായിരിക്കും.


സമൂഹം പുരോഗമിക്കുംതോറും തലമുറകൾ തമ്മിലുള്ള വിടവുകളും വർദ്ധിക്കും. പഴയകാലങ്ങളിൽ ഒന്നും രണ്ടും തലമുറകൾ ഒരേ രീതിയിലുള്ള ജീവിതരീതികൾ പിന്തുടർന്നിരുന്നു. അന്ന് ലോകത്തിന്റെ പുരോഗമനം പതിയെ പതിയെയായിരുന്നു. ഇന്ന് വ്യവസായ ടെക്കനിക്കൽ കാലഘട്ടങ്ങളിൽക്കൂടി ഇന്നലെയുടെ ദിനംവരെ കാലഹരണപ്പെട്ടു പോയി. സമീപകാലങ്ങളുടെ നേട്ടങ്ങൾ അപ്രത്യക്ഷമായിക്കൊണ്ട് പകരം പുതിയത് അവിടെ സ്ഥാനം പിടിച്ചു. മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും നിത്യവും പുരോഗമനവീഥികളിൽക്കൂടി കുതിച്ചുകൊണ്ടിരിക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ആധുനിക ടെക്കനോളജികളുടെ വളർച്ച മുതിർന്ന തലമുറകൾക്ക് തികച്ചും അജ്ഞാതവുമാണ്. ടെക്നോളജിയിലുള്ള പ്രാവീണ്യക്കുറവ് മാതാപിതാക്കളും മക്കളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നു. അതെസമയം കുട്ടികളുടെ ലോകം ഹൈടെക്ക് യുഗമായി മാറ്റപ്പെട്ടു. അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളും ഉപകരണങ്ങളും എന്തെന്നുപോലും മാതാപിതാക്കൾക്ക് അറിയില്ല. വിവരസാങ്കേതികതയിലെ അറിവിലെ പാപ്പരത്വം മാതാപിതാക്കളെ മക്കളുടെ മുമ്പിൽ എന്നും ചെറുതാക്കിക്കൊണ്ടിരിക്കും.

മാതാപിതാക്കളും മക്കളും തമ്മിലുള്ള വിടവുകൾ നോക്കിയും കണ്ടും ഇല്ലാതാക്കുന്നത് ആരോഗ്യപരമായ ഒരു കുടുംബബന്ധത്തിന് അനിവാര്യമാണ്. ഇതിന് ഒരു മനശാസ്ത്രജ്ഞന്റെയും സഹായം ആവശ്യമില്ല. നമ്മൾ തന്നെ മനസുവച്ചാൽ മതിയാകും. നിങ്ങളുടെ മകൻ നിങ്ങളോട് ഒരു സംശയം ചോദിക്കുമ്പോൾ നിങ്ങൾക്കറിയത്തില്ലാന്നു പറഞ്ഞ് അകന്നുപോയാൽ നിങ്ങളെ മകൻ അറിവില്ലാത്തവനെന്നും കാലഹരണപ്പെട്ടവനെന്നും വിധിയെഴുതും. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ കാലത്തിനൊത്ത അറിവുകൾ പൂർണ്ണമായും സമ്പാദിക്കാൻ ശ്രമിക്കണം. വിവര സാങ്കേതിക വിദ്യകളെയും പഠിക്കാൻ ശ്രമിക്കണം.നമ്മൾ പഴഞ്ചനെന്ന് ഒരു തോന്നൽ മക്കളിൽ ഒരിക്കലും വരുത്തരുത്. മക്കൾ അറിവിനെതേടി നിങ്ങളെ സമീപിക്കുമ്പോൾ അറിവിൽ പാപ്പരായി അവരുടെ മുമ്പിൽ നിൽക്കാനിടവരാതെ വർത്തമാന ലോകത്തിന്റെ ചിന്താഗതികളുമായി ഒത്തിണങ്ങിപ്പോവാൻ ശ്രമിക്കണം. ചില പഴഞ്ചനായ പൂർവികരുടെ ചിന്തകളും ആചാരങ്ങളും കാലത്തിന് അനുയോജ്യമല്ലെങ്കിൽ അവകൾ ഉപേക്ഷിക്കണം. പാരമ്പര്യമായി പുലർത്തിവരുന്ന പല അന്ധവിശ്വാസങ്ങളിൽനിന്ന് വിടുതലും ആവശ്യമാണ്. ഇന്നത്തെ സാമൂഹിക വ്യവസ്ഥക്കനുയോജ്യമായത് നാം തെരഞ്ഞെടുക്കണം. സാമാന്യം സ്വന്തം മാതൃഭാഷയിൽ ആശയവിനിമയം ചെയ്യാൻ മക്കളെ പഠിപ്പിക്കണം. വീട്ടിൽ ഹൃദ്യമായ സ്വന്തം ഭാഷ മക്കളോട് സംസാരിച്ചാൽ അവിടെ മക്കളുമായി ഒരു ആത്മബന്ധവും സൃഷ്ടിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും താമസിക്കുന്ന പ്രവാസികളായ മാതാപിതാക്കൾ വികൃതമായ ഇംഗ്ലീഷ്ഭാഷയിൽ മക്കളോട് സംസാരിച്ചാൽ മക്കളുടെ ഭാഷയുടെ ഉച്ഛാരണഭംഗിയും നഷ്ടപ്പെടും. അവിടെ മക്കൾ അവരുടെ സമൂഹത്തിൽ പരിഹാസമാകും.  

ചില മാതാപിതാക്കൾ തങ്ങൾ മക്കളുടെ പ്രായത്തിൽ ജീവിച്ചിരുന്ന സാഹചര്യങ്ങളെ ഇന്നത്തെ ആധുനിക സൌകര്യങ്ങളുമായി തുലനം ചെയ്യാറുണ്ട്. മാതാപിതാക്കളുടെ പതിനാറ് വയസുമുതലുള്ള സമയകാലങ്ങളിൽ അവരുടെ ആവശ്യം കൂടിയാൽ ഒരു ബൈസിക്കിൾ മാത്രമായിരിക്കും. എന്നാൽ ഇന്ന് അതേ പ്രായത്തിലുള്ള കുട്ടികൾക്ക് കാർ മുതൽ ആധുനികങ്ങളായ വിവിധ സൌകര്യങ്ങളും ആവശ്യമായി വരും. കാലത്തിനനുസരിച്ച് കുട്ടികളുടെ ആവശ്യം മനസിലാക്കിയാൽ അവരെത്തന്നെ പഠിക്കാൻ സാധിക്കും. കാലഹരണപ്പെട്ട മാതാപിതാക്കളെന്ന് പറയിപ്പിക്കാതെ ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും.


മക്കളെ സുഹൃത്തുക്കളെപ്പോലെ കാണാൻ ശ്രമിക്കണം. അവരെ തൊട്ടതിനും പിടിച്ചതിനും ശകാരങ്ങൾ വർഷിച്ചാൽ പില്ക്കാല ജീവിതത്തിൽ നിങ്ങളെ അവർ അവഗണിക്കും. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നിങ്ങളോട് പറയട്ടെ. ഇത് പരസ്പരമുള്ള ബന്ധത്തിനും ഉപകരിക്കും. മക്കൾ വഴിവിട്ടു പോവുന്നെങ്കിൽ നേരായ വിധത്തിൽ അവരെ മനസിലാക്കി നയിക്കാനും സാധിക്കും. അവരുമായുള്ള ആരോഗ്യപരമായ സൌഹാർദം കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തുകയാണ്. മക്കളുടെ ഹൃദയവികാരങ്ങളെ മനസിലാക്കി പ്രവർത്തിച്ചാൽ, അവരെ വ്യക്തിയെന്ന നിലയിൽ ബഹുമാനിച്ചാൽ തിരിച്ച് അതേ രീതിയിൽ അതേ നാണയത്തിൽ നിങ്ങളെയും അവർ ആദരിക്കും.
മാതാപിതാക്കളുടെ പെരുമാറ്റരീതി എങ്ങനെയായിരിക്കണമെന്ന് സത്യത്തിൽ പൊതുവായ ഒരു മാനദണ്ഡം ഇല്ല. മനുഷ്യന്റെ സ്വഭാവങ്ങൾ അനുസരിച്ച് ഓരോരുത്തരുടെയും മനസ്ഥിതിയിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങൾ വരും. ഒരേ പ്രായത്തിലുള്ളവരെങ്കിലും ചിന്താഗതികളും അഭിപ്രായങ്ങളും പല വിധത്തിലായിരിക്കും. വ്യത്യസ്ത ചിന്തകളോടെയുള്ള മക്കളുമായി നേരായ വിധത്തിൽ ആശയ വിനിമയമുണ്ടെങ്കിൽ നല്ല ബന്ധം സ്ഥാപിക്കുന്നുവെങ്കിൽ വ്യത്യസ്തയിലും സന്തോഷവും അഭിപ്രായസാമ്യവും സൃഷ്ടിക്കാൻ സാധിക്കും. മാതാപിതാക്കളും മക്കളും തമ്മിൽ പരസ്പരം മനസിലാക്കി സൌഹാർദത്തിൽ ജീവിച്ചാൽ പ്രശ്നങ്ങൾ ലഘുകരിച്ച് ജീവിതം സുഗമമായി മുമ്പോട്ട്‌ കൊണ്ടുപോവാനും കഴിയും.

പഴഞ്ചൻ രീതിയിലുള്ള മാതാപിതാക്കളുടെ ജീവിതരീതികളും വസ്ത്രങ്ങൾ ധരിക്കലും മക്കൾക്ക് നീരസം ഉണ്ടാക്കും. മാതാപിതാക്കൾ അവർക്ക്  അപമാനമെന്നും തോന്നും. അത്തരം ജീവിത സാഹചര്യങ്ങളിൽ നിന്നും അകന്ന് കാലത്തിനൊത്തുള്ള പരിഷ്ക്കാര മുന്നേറ്റത്തിൽ മാതാപിതാക്കളും ഒപ്പം സഞ്ചരിച്ചില്ലെങ്കിൽ തലമുറകൾ തമ്മിലുള്ള വിടവുകൾക്ക് അന്തരം വർദ്ധിക്കും. അപരിഷ്കൃതരായ മാതാപിതാക്കളെന്ന് മക്കളുടെ മനസ്സിൽ തോന്നാൻ അനുവദിക്കരുത്. എന്നിരുന്നാലും മക്കളുടെ ആർഭാട ജീവിതത്തെ അംഗീകരിക്കാനും പ്രയാസമായിരിക്കും. മുഴുക്കുടിയും വിടുവായും പൊങ്ങച്ച വർത്തമാനവുമായി നടക്കുന്ന മാതാപിതാക്കളെയും കാണാം. മക്കളുടെ കൂട്ടുകാരുടെ മുമ്പിലും അങ്ങനെയുള്ള മാതാപിതാക്കൾ ഒരു അപമാനമായിരിക്കും. മാതാപിതാക്കളെ അത്തരം സാഹചര്യങ്ങളിൽ മക്കൾ ബഹുമാനിച്ചെന്ന് വരില്ല. അകന്ന ബന്ധുക്കളെപ്പോലെ മാറിനില്ക്കും.

മക്കൾ വളരുംതോറും മാതാപിതാക്കൾ മാനസികമായി പാകതനേടി അവരെ മനസിലാക്കി യുക്തിപൂർവ്വം പ്രവർത്തിക്കാൻ കഴിവുണ്ടാക്കണം. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച് അവരുടെ ചിന്താശക്തിയിലും മാറ്റങ്ങളുണ്ടാകും. ഇരുപതു വയസുകാരൻ യുവാവിനെ അഞ്ചു വയസുകാരനെപ്പോലെ കാണരുത്. പല മാതാപിതാക്കളും പ്രായപൂർത്തിയായ മക്കളിൽ അതൃപ്തരായി കാണാറുണ്ട്. മാതാപിതാക്കൾ പറയുന്നത് ചെറുപ്രായത്തിൽ അവർ ശ്രവിക്കുന്നപോലെ പ്രായപൂർത്തിയായാൽ ചെവികൊള്ളണമെന്നില്ല. അവിടെ പരസ്പരം ആശയ വിനിമയമാണ്‌ ആവശ്യം. അനേക വർഷങ്ങൾ നാം അവരുടെമേൽ അധികാരത്തോടെ തീരുമാനമെടുത്തു. പ്രായപൂർത്തിയായി കഴിഞ്ഞാൽ ആ അവകാശം നമ്മിൽനിന്ന് നഷ്ടമാകും. അവിടെ മാതാപിതാക്കളെന്ന നിലയിൽ സംയമനം പാലിച്ച് മക്കളുമായി പാകത വന്ന ബന്ധമാണ് സ്ഥാപിക്കേണ്ടത്. മക്കൾ സംശമായി എന്തെങ്കിലും ചോദിച്ചുകൊണ്ടുവന്നാൽ പഴയ അച്ഛായഭാവം മറന്ന് സമഭാവനയോടെ പ്രതികരിക്കുകയാണ് വേണ്ടത്. മാതാപിതാക്കൾ എടുത്തുചാടി മുൻകോപം പ്രകടിപ്പിക്കുന്നവരല്ലെന്ന് മുതിർന്ന മക്കൾക്ക് ബോധ്യമായാൽ സ്വതന്ത്രമായി എന്തും സംസാരിക്കാൻ അവർ താല്പര്യപ്പെടും. അത്തരം മക്കളുമായുള്ള സുഗമമായ ബന്ധത്തിൽകൂടി പരസ്പരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

മുതിർന്ന മക്കളോട് എന്നും സൗഹാർദവും സന്തോഷവുമായി പെരുമാറുകയും അവർ പറയുന്ന നല്ല വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യുന്നത്‌ കെട്ടുറപ്പുള്ള കുടുംബബന്ധത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അവർ ചിലപ്പോൾ ലോക വാർത്തകളായിരിക്കാം നിങ്ങളോട് പറയുന്നത്. വിഭിന്നമായ മതരാഷ്ട്രീയ ചിന്താഗതികളും വിഷയങ്ങളായിരിക്കാം. ഈ സാഹചര്യങ്ങളിലും അവരുടെ അഭിപ്രായങ്ങളെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുകയും അംഗീകരിക്കുകയുമായിരിക്കും ഉചിതം. കലാനൈപുണ്യവും സ്പോർട്സ് താല്പര്യവും ക്ഷമയോടെ കേട്ട് അവരോടൊപ്പം സന്തോഷിക്കാനും മാതാപിതാക്കൾക്ക് കഴിവുണ്ടാകണം. വ്യക്തിജീവിതത്തിലെ നേട്ടങ്ങളെ കുടുംബത്തിന്റെ വിജയമായി കണ്ട് അവരിൽ ആത്മാഭിമാനം വളർത്തണം. ആത്മാർത്ഥമായി പുകഴ്ത്തുകയും ചെയ്യണം. ചെറിയ വിജയങ്ങളാണെങ്കിലും അവരുമൊത്ത് ആഘോഷിക്കാനും തയ്യാറാകണം. അവിടെ അമ്പത്താറുചീട്ടു കളിച്ച് കൂട്ടുകാരുമൊത്ത് സമയം പാഴാക്കാതെ അറിവുകളും ലോകവിവരവും തേടി മക്കളുമായി വൈകാരികമായ ആത്മീയ ബന്ധവും സ്നേഹ കൂട്ടായ്മയും സ്ഥാപിക്കുകയാണ് വേണ്ടത്. മക്കളോട് സ്നേഹത്തോടെ ഒരു സമീപനം നടത്തിയില്ലെങ്കിൽ അവർ മാതാപിതാക്കളോട് കൂട്ടുകൂടാൻ വന്നെന്ന് വരില്ല.

മക്കൾ ഒരു കൂട്ടുകാരിയെ അല്ലെങ്കിൽ കൂട്ടുകാരനെ കണ്ടുമുട്ടി സൌഹാർദം സ്ഥാപിക്കുന്ന നാളിൽ മാതാപിതാക്കളിൽനിന്നും ഒളിച്ചുവെക്കാൻ താല്പര്യപ്പെടുന്നു. അവരുടെ ഭാവിജീവിതത്തിലെ കണക്കുകൂട്ടലിൽ മാതാപിതാക്കൾ തടസമാകുമോയെന്ന ഭയമായിരിക്കാം അവരെ അലട്ടുന്നത്. രണ്ടും മൂന്നും വർഷം ഡേറ്റിംഗ് കഴിഞ്ഞായിരിക്കും വിവാഹത്തിനുള്ള തീരുമാനങ്ങൾ എടുക്കുക. അവരുടെ രഹസ്യബന്ധങ്ങൾ അവസാന നിമിഷത്തിൽ അറിയുന്ന സമയം ചിലപ്പോൾ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. കുടുംബവും ജാതിയും പാരമ്പര്യവുമൊക്കെ പറഞ്ഞ് കുടുംബാന്തരീക്ഷം തന്നെ ഇല്ലാതാകാൻ കാരണമാകാം. മക്കൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ വീടിനുള്ളിൽ പരിപൂർണ്ണ സ്വാതന്ത്ര്യം കൊടുക്കാത്തതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്‌. അവരുടെതായ ചെറിയ പാർട്ടികൾ വീടിനുള്ളിൽ അനുവദിച്ചാൽ അവരുടെ  സൗഹാർദബന്ധവും നീക്കവും മനസിലാക്കാൻ സാധിക്കും. പരസ്പര ധാരണയിൽ അവർ കണ്ടെത്തുന്ന ഇണയെ അംഗീകരിക്കാനും സാധിക്കും. അനുയോജ്യമായ പങ്കാളിയെങ്കിൽ ജാതിയോ മതമോ ചിന്തിക്കാതെ സങ്കുചിത മനസ്ഥിതി വെടിഞ്ഞ് മക്കളെ മനസിലാക്കി തലമുറവിടവുകൾ മനസിലാക്കാൻ സാധിക്കും. വിശേഷദിവസങ്ങളായ താങ്ക്സ് ഗിവിങ്ങും ക്രിസ്തുമസ്സും എല്ലാ അംഗങ്ങളുമൊത്ത് ആഘോഷിച്ചാൽ കുടുംബബന്ധം ഊഷ്മളമായ സ്നേഹത്തിന്റെ അന്തരീക്ഷത്തിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം.

മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ കഴിവിനെക്കാളും അമിതമായി അവരിൽനിന്നു പ്രതീക്ഷിക്കുന്നതും ദോഷം വരുത്തും. അവരുടെമേലുള്ള അതിരുവിട്ട പ്രതീക്ഷകൾ മിക്ക കുടുംബങ്ങളിലും കാണാം. എല്ലാ മാതാപിതാക്കളും മക്കൾ ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച് എന്നും ഒന്നാമനാകണമെന്ന്! ചിന്തിക്കും. അത് തികച്ചും സ്വാർഥതയാണ്. അവരിൽ മത്സരബോധം ഉണ്ടാക്കുന്നത്‌ നല്ലത് തന്നെ. അവർ നല്ല നിലയിലാകണമെന്നുള്ള മാതാപിതാക്കളുടെ അമിതാഗ്രഹമെന്നതും ശരിയാണ്. എന്നാൽ  കഴിവിനുപരിയായി സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ മേടിക്കാൻ സ്വാധീനം ചെലുത്തുന്നതും മാനസികമായ വളർച്ചയ്ക്ക് നല്ലതല്ല. ജന്മനാ ഓരോ പിള്ളേർക്കും വ്യത്യസ്തമായ കഴിവുകളായിരിക്കും കൊടുത്തിരിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഒരുപോലെ നൂറുമാർക്കും മെടിക്കണമെന്ന മാതാപിതാക്കളുടെ നിർബന്ധം കുട്ടികളുടെ ഭാവിജീവിതത്തിന് ദോഷമേ ചെയ്യുകയുള്ളൂ.

പഠനം കൂടാതെ കായിക മത്സരങ്ങളിലും ഗെയിംസിലും സ്വന്തം മക്കൾക്കുമാത്രം സമ്മാനവും ലഭിക്കണം. ഗോൾഡ്‌ മെഡലും നേടണം. അയൽവക്കത്തുള്ള പയ്യൻ ഒന്നാമനായി നേട്ടങ്ങൾ കൊയ്താൽ സഹിക്കില്ല. അവനെ താരതമ്യം ചെയ്തു ചില മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ക്ലാസ്സിൽ പഠിക്കാൻ ഒരു കുട്ടി പുറകോട്ടെങ്കിൽ അവൻ ശരിയായി പഠിക്കുന്നില്ലായെന്നു പറഞ്ഞ് കുറ്റപ്പെടുത്താൻ ആരംഭിക്കും. കഠിനമായി പഠിച്ച് മാതാപിതാക്കൾക്ക് മാർക്ക് മാത്രം മതി. എത്ര മാർക്ക്‌ മേടിച്ചാലും തൃപ്തി വരില്ല. ക്ലാസിൽ പഠിക്കാൻ മോശമെങ്കിൽ അവനെന്തോ കുഴപ്പമുണ്ടെന്നു കുറ്റാരോപണങ്ങളും തുടങ്ങും. ജന്മനാ പഠിക്കാനുള്ള കഴിവ് ഒരുവന് ലഭിച്ചില്ലെങ്കിൽ മാതാപിതാക്കൾ എത്രമാത്രം ശ്രമിച്ചാലും അവനിൽ കാര്യമായ മാറ്റം ഉണ്ടാവാൻ പോവുന്നില്ല. അതിന്റെയർത്ഥം,  അവൻ ബുദ്ധിയില്ലാത്തവനെന്നല്ല. അവന്റെ ഭാവി ഇരുളടഞ്ഞതെന്നുമല്ല. ഉറങ്ങി കിടക്കുന്ന അവന്റെ കഴിവുകളെ, ഒരു മനഃശാസ്ത്രജ്ഞന്റെ തീക്ഷണതയോടെ, തട്ടിയുണർത്താൻ ശ്രമിക്കണം.  

അവൻ അല്ലെങ്കിൽ അവളുടെ അഭിരുചിയനുസരിച്ച് എന്തെല്ലാം തൊഴിലുകൾ കിടക്കുന്നു. ജനിക്കുന്ന ഓരോ കുഞ്ഞും ഓരോ വിധത്തിൽ ജന്മനാ കഴിവുള്ളവരായിരിക്കും. ഒരു പക്ഷെ പഠനത്തിലായിരിക്കില്ല. കലയോ, സംഗീതമോ, സ്പോർട്ട്സോ ആയിരിക്കാം പ്രിയപ്പെട്ടത്. മാതാപിതാക്കൾ കല്പ്പിക്കുന്ന ഡോക്ടർ എഞ്ചിനീയർ അദ്ധ്യാപകൻ എന്നീ തൊഴിലുകളെക്കാൾ ജീവിതത്തിലുയരാൻ മറ്റു തുറകളുമുണ്ടെന്ന് അവർ മനസിലാക്കുന്നില്ല. മക്കൾ എന്താകാൻ പോകുന്നുവെന്ന് രണ്ടു മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടിയാൽ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഡോക്ടർ, എഞ്ചിനീയറെന്നു പറഞ്ഞാൽ ഉത്തമതൊഴിലായി സർട്ടിഫിക്കേറ്റും കൊടുക്കും. ഇവിടെ മാതാപിതാക്കൾ വിശാല മനസ്ക്കരാകേണ്ടതുണ്ട്. മക്കളുടെ താല്പര്യവും അറിയേണ്ടതായി ഉണ്ട്. അല്ലാതെ അവരെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം എന്ന മർക്കടമുഷ്ടിയിൽ നിർബന്ധിച്ച് മാനസികമായി പീഡിപ്പിക്കുകയല്ല വേണ്ടത്. 
മാതാപിതാക്കൾ നിർദ്ദേശിക്കുന്ന പാരമ്പര്യ വിവാഹമാണ് ഒരു പക്ഷെ മക്കളുമായി ഏറ്റുമുട്ടാൻ മറ്റൊരു കാരണമാവുന്നത്. കുടുംബം, കുടുംബ മഹിമയൊക്കെ വിഷയമാക്കി കൊണ്ടുവരും. അവിടെ സ്നേഹവും മതത്തിന്റെ നിയമങ്ങളും തമ്മിൽ അതിരുകൾ തിരിച്ചിരിക്കുന്നു. എന്താണ് മാതാപിതാക്കൾ കൽപ്പിക്കുന്ന പാരമ്പര്യ വിവാഹം? അപരന്റെ പണത്തേലും സ്വത്തിലും ആഗ്രഹിക്കുന്ന ഒരു വ്യവസ്ഥിയെന്നു പറയാം. വർഗ വർണ്ണ ജാതി വ്യവസ്ഥയനുസരിച്ച് മക്കളും വിവാഹം കഴിക്കുവാൻ പോകുന്നവരെ സ്നേഹിച്ചുകൊള്ളണം! പഴഞ്ചൻ മാമൂലുകളെ പിന്തുടരണം പോലും. ഇത് തികച്ചും ബാലീശവും യുക്തിഹീനവുമായ വ്യവസ്ഥിതിയെന്നു പുതിയ തലമുറകൾ ചിന്തിക്കും. പാരമ്പര്യ വിവാഹങ്ങളിൽ ഭൂരിഭാഗവും വിജയകരമായി പോവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും ഒത്തൊരുമിച്ചു നടത്തുന്ന വിവാഹം രസകരം തന്നെ. വിവാഹപരസ്യങ്ങൾ കൊടുത്തും ഫോട്ടോകൾ നോക്കിയും അന്വേഷിച്ചും അവർ കണ്ടെത്തുന്നവരിൽ ഒരാളെ തെരഞ്ഞെടുക്കാം. തലമുറകളുടെ വിടവിൽ ഇതെല്ലാം അമേരിക്കൻ ജീവിതത്തിൽ പുതുമയായി അനുഭവപ്പെടും. ഇവിടെ ഇഷ്ടപ്പെട്ടവരെയോ പാരമ്പര്യത്തിൽ അടിസ്ഥാനമാക്കിയോ വരനെ അല്ലെങ്കിൽ വധുവിനെ തീരുമാനിക്കാം. അത്തരം മാതാപിതാക്കളുടെ തന്നിഷ്ട താല്പര്യങ്ങൾ ഒരാളിന്റെ വ്യക്തിപരമായ അവകാശത്തിലുള്ള കൈകടത്തലായും പുതിയ തലമുറ കരുതും. ഇവിടെ സ്നേഹിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചും ഭൂരിപക്ഷം അനുസരിച്ചും വേണം. വിവാഹജീവിതം വിജയിക്കുകയോ, പരാജയപ്പെടുകയോ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യാം. എങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാൻ വിവാഹിതർക്കുമാത്രം പൂർണ്ണാധികാരം കൊടുക്കേണ്ടതാണ്. മാതാപിതാക്കൾ മക്കളെ സിനിമാകൾ കാണിക്കാറുണ്ട്. നായകനും നായികയും തമ്മിൽ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതും സിനിമാകളിൽ കാണാം. അത് ലോകത്ത് നടക്കുന്ന യാഥാർത്ഥ്യമായി മക്കൾ ചിന്തിക്കും. എന്തുകൊണ്ട് അവരുടെ ജീവിതത്തിലും അങ്ങനെയായി കൂടായെന്നുള്ള ചിന്തകളും യുവമനസുകളെ വേട്ടയാടും.   

അന്ധമായ സ്നേഹത്തിൽ മതത്തിനോ പാരമ്പര്യത്തിനോ സ്ഥാനം കൊടുക്കാറില്ല. മക്കളുമായി മല്ലടിക്കൽ ആരംഭിക്കുന്നത് അവർ വ്യത്യസ്തമായ മതത്തിൽനിന്നോ സമൂഹത്തിൽനിന്നോ വിവാഹിതരാകുമ്പോഴാണ്. മതം മനുഷ്യജീവിതത്തിലെ പ്രധാനമായ ഒരു ഘടകമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. ഒരു സമൂഹത്തെ മുഴുവനായി വെറുപ്പിച്ച് സ്വസ്ഥമായ ഒരു വിവാഹജീവിതം പടുത്തുയർത്താനും പ്രയാസമായിരിക്കും. പക്ഷെ നാം മാനുഷിക വശങ്ങളും ചിന്തിക്കണം. അനേക സ്വഭാവ ഗുണങ്ങളോടെയുള്ള ദൈവങ്ങളോട് പ്രാർഥിക്കുന്നതിലുപരി നല്ല മനുഷ്യരുമായി സഹകരിക്കുകയെന്നതാണ് പ്രധാനം. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഒരേ തൊലിയും ഒരേ  അവയവങ്ങളും ബുദ്ധിയും വികാര വിചാരങ്ങളുമായിട്ടാണ്. മതത്തിന്റെയും ജാതിയുടെയും വരമ്പിൽക്കൂടി ഒരാളെ നാം കാണുന്നതും ശരിയല്ല. വിദേശത്ത് ജീവിക്കുമ്പോൾ അത്തരം സങ്കുചിത മനസ്തിയിൽനിന്നും മാതാപിതാക്കൾക്ക് ഒരു മോചനവും ആവശ്യമാണ്.


ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം അവന്റെ അല്ലെങ്കിൽ അവളുടെ വളർന്നു വരുന്ന വ്യക്തിത്വത്തെയും പഠിക്കണം. മക്കളുടെ ജീവിതരീതിയും ചുറ്റുമുള്ള ലോകത്തിലെ ഫാഷനുമനുസരിച്ചും അവരെ സ്വതന്ത്രമായി വിടുക. അവരുടെ തലമുടിവെട്ടലും വസ്ത്രധാരണ രീതികളും കാതിൽ കടുക്കനും ഇഷ്ടപ്പെട്ടില്ലെന്നു വരാം. അവരെ വെറുതെ വിടൂ! അവർ ജീവിക്കുന്നത് മാതാപിതാക്കളുടെ സമൂഹത്തിലല്ല. മുതിർന്നവരുടെ ആഘോഷങ്ങളിലും പള്ളിപരിപാടികളിലും താൽപര്യം കണ്ടെന്നിരിക്കില്ല. അവർ ജീവിക്കുന്ന സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി നാം ജീവിക്കുന്നുവെങ്കിൽ നമുക്കുള്ള സന്തോഷം എന്ന് ലഭിക്കും? നമ്മുടെതന്നെ മക്കളുടെമേലുള്ള കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ കണ്ടാൽ അവരോട് സങ്കോചം കൂടാതെ ചർച്ച ചെയ്യുക. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഓടിയൊളിക്കരുത്. ധൈര്യപൂർവ്വം നേരിടണം. മക്കൾ വളരട്ടെ. അവരിൽ ആഗോള ചിന്തകളും വികസിക്കണം. യുവതിയുവാക്കൾ തുറന്ന മനസായ ചൈതന്യത്തിൽ വളരണം. മാതാപിതാക്കളുടെ വിജയരഹസ്യം മക്കളുടെ വിശ്വാസം നേടുകയെന്നുള്ളതാണ്. 
















  

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...