Sunday, March 23, 2014

പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം

 By ജോസഫ്‌ പടന്നമാക്കൽ

 

 
പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.  കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്. സർവ്വോപരി ജോസഫിനെ ഒറ്റികൊടുത്ത് ആദിതോട്ട് അവസാനം വരെയുള്ള സംഭവങ്ങൾക്കു ചുക്കാൻ പിടിച്ചത് അദ്ദേഹത്തിൻറെ  ജൂണിയറായിരുന്ന ഒരു പുരോഹിതനായിരുന്നു.  അയാളുടെ അധികാരഭ്രമവും അതിമോഹവും ഒരു കുടുംബത്തെ കണ്ണുനീരിലേക്കും ദുരന്തത്തിലേക്കും നയിച്ചു. പ്രൊഫസറിന്റെ വകുപ്പു മേധാവിയെന്ന സ്ഥാനം തട്ടിയെടുക്കണമെന്ന ദുഷ്ടലക്ഷ്യമായിരുന്നു എന്നും അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരുന്നത്. അതിനുള്ള സുവർണ്ണാവസരം കൊയ്യുകയും ചെയ്തു. കഥ സമാപിക്കുന്നത് ജോസഫിനെ തിരിയെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള കോതമംഗലം ബിഷപ്പിന്റെ പുതിയ വാഗ്ദാനമായിട്ടാണ്. അതുമൂലം പെൻഷനും പ്രോവിഡന്റ് ഫണ്ടും അദ്ദേഹത്തിനു കിട്ടും. മനസാക്ഷിയുടെ പേരിലാണ് ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് ബിഷപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എങ്കിൽ സഭയോടൊരു ചോദ്യം, നിങ്ങൾമൂലം മനസുതകർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ജീവൻ നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുമോ? നിങ്ങൾമൂലം മനസ്സുതകർന്ന് ആത്മഹ്യത്യചെയ്ത പാവം സലോമിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ?
 

നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു.  കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.

 
പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ  ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു.  "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി.  പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.

 
2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.


2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.


പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി  ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ പശു പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ  സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.


ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ  തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു.  ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ  കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ,  ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
 

യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ?  കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും  ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു  സലോമി സ്വന്തം രക്തം പകർന്നു   കൊടുത്തുകൊണ്ട്  സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം,  വിശ്വസിച്ചു  ജോലിചെയ്ത സ്ഥാപനം   ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ  മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.

 

കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട്‌ ഞാനിന്ന്   യാത്ര പറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"

 

മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി,  മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി   ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത  അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.  

 

രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന്  അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി  കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന്  രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട,  ഇനി സഹായിക്കാൻ പറ്റില്ല,  ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട്‌ ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല,  എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
 

വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത്‌ സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ,  എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."


 
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ  കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ  സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹിയില്നിന്നും ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല,  അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.

Malayalam Daily News:
http://www.malayalamdailynews.com/?p=81106#comment-10694



2 comments:

  1. രോഷൻമോന്റെ രോഷം ചമ്മട്ടിയേന്തിയ രക്ഷകനോളം എത്തിയാലും "കേള്പ്പാൻ ചെവിയില്ലാത്ത" കുറെ പെണ്ണാടുകളും , പള്ളി കയ്യാളാൻ കമ്മറ്റിയിൽ കൂടാൻ പള്ളിയിൽ പോയി , കത്തനാരെ സ്വർഗസ്ഥപിതവിന്റെയും അപ്പനായി കരുതുന്ന മനുഷ്യക്കോലങ്ങൾ അച്ചായസമൂഹത്തിൽ ഉള്ളിടത്തോളം കാലം , ഈ വ്യാജ വൈദ്യന്മാർ കാലം കയ്യാളും സംശയമില്ല! ദൈവത്തെക്കുറിച്ചോ , ദൈവശാസ്ത്രം എന്തെന്നോ ABCD പോലും അറിയാത്ത പുരോഹിത //പാസ്റെർ വ്യാജവൈദ്യന്മാരാണെന്ന തിരിച്ചറിവാണിവിടാവശ്യം ഒന്നാമതായി ! അതിനായി ഭാരതീയരായ നാം നമ്മുടെ ദുരഭിമാനം ഉപേക്ഷിച്ചു,ബ്യ്ബിളിനോടൊപ്പം ഭാരതീയ വേദാന്തം മനസ്സിൽ ഉറപ്പിക്കണം ! അതിനായി ആദ്യം "ലോകമേ ,ഗീത പാടൂ" ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...