Monday, March 10, 2014

വിശുദ്ധ നരകത്തിലെ അമ്മയും മകളും കിംവദന്തികളും

 
 
 

Mathaa Amruthanandamai
 
 
By  ജോസഫ് പടന്നമാക്കൽ 
ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച സുധാമണി,   'അമ്മ' യെന്ന പേരിൽ രണ്ടു വ്യാഴവട്ടക്കാലം  കൊണ്ട് ലക്ഷോപലക്ഷം  ഭക്തജനങ്ങളുടെ ആശ്ചര്യദേവിയായി മാറി. ആസ്ട്രേലിയായിൽനിന്ന് വന്ന യുവതിയായിരുന്ന ഗെയിൽ ട്രെഡ് വെൽ  ഭൌതികസുഖങ്ങളിലെ സകല ഇച്ഛാശക്തിയും ത്യജിച്ച്   ഗായത്രിയെന്ന പേര് സ്വീകരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം  ജീവിതമാരംഭിച്ചു.   അമ്മയ്ക്ക് മനസും  ജീവിതവും സമർപ്പിച്ചുകൊണ്ട്  20 വർഷം ആശ്രമത്തിലെ ചുമതലകളിൽ ഏർപ്പെട്ട് ജീവിച്ചു.  അതിനുശേഷം  അമ്മയിൽനിന്നും മോചനം നേടുവാനുള്ള  പോരാട്ടങ്ങളുടെ കഥ ഗെയ്ൽ ട്രെഡവെൽ എഴുതിയ   'ഹോളി ഹെൽ’ അഥവാ ‘വിശുദ്ധ നരക'മെന്ന അത്മകഥയിൽ വിവരിച്ചിരിക്കുന്നു.   ആശ്രമജീവിതവും ആദ്ധ്യാത്മീകവും  സ്നേഹവും പ്രേമവും  ചിരിയും കണ്ണുനീരും സാമൂഹിക രാഷ്ട്രീയവും ഗ്രന്ഥകാരി യുക്തിയുക്തമായി പുസ്തകത്തിൽ  മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗെയ്ൽ  ഒറ്റയ്ക്ക് പരിചിതമല്ലാത്ത ഒരു രാജ്യത്ത് അമ്മയുടെ ആശ്രമത്തിൽ ജീവിക്കാൻ വന്നത് ഭാരതീയ സനാതനത്തെയും ഈശ്വരനെയും തേടിയായിരുന്നു.  ഈ നാട്ടിൽ വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ   ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും സ്വന്തം കാലിൽ നിൽക്കാൻ  സാധിക്കില്ല. ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്.  ഇരുപതുവർഷം പണിയെടുത്ത ആശ്രമത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.


‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാ അമൃതാനന്ദ ('അമ്മ'). ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയെന്ന അമൃതാനന്ദ ദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു.


സാമൂഹിക  രാഷ്ട്രീയ മണ്ഡലങ്ങളിലെയും   സിനിമാ ലോകത്തിലെയും പ്രശസ്തരായവർ  അമ്മഭക്തരാണെങ്കിലും ബൌദ്ധിക ലോകത്തിൽ അനേകർ അമ്മയ്ക്കെതിരായവരുമുണ്ട്. ബുദ്ധിജീവികളിൽനിന്നും  ഇതിനുമുമ്പും അമൃതാനന്ദമയിക്ക്  വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്.   ഏതാനും വർഷംമുമ്പ്  എ .കെ.ആന്റണി അമ്മയെ ആലിംഗനം ചെയ്തപ്പോൾ മരിച്ചുപോയ സ്വന്തം അമ്മയുടെ അനുഭൂതിയുണ്ടായിയെന്നു  പറഞ്ഞു. ഞങ്ങൾ ഇതിനെ ഞരമ്പുരോഗമെന്ന്  പറയുമെന്ന് സുകുമാർ അഴിക്കോടും പറഞ്ഞു. അതുപോലെ സിനിമാതാരം മോഹൻ ലാൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യർ എന്നിവരും   അമ്മയിൽനിന്ന് ഈശ്വരചൈതന്യം ലഭിച്ചവരെന്ന് അവകാശപ്പെടുന്നു.


കേരളയുക്തിവാദി നേതാവായ ശ്രീനി പട്ടത്താനം 1985-ൽ  മാതാ അമൃതാനന്ദമയിയുടെ വിശുദ്ധകഥകളും അത്ഭുതങ്ങളും വ്യാജങ്ങളെന്നു   വിമർശിച്ച് ഒരു പുസ്തകം ഏഴുതിയിരുന്നു.   മഠത്തിനുള്ളിൽ ഉണ്ടാവുന്ന സംശയകരമായ മരണങ്ങളെയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002- ൽ ദേശാഭിമാനി പത്രം   അത് ആവർത്തിച്ചെഴുതിയപ്പോൾ  മഠത്തിന്റെ പ്രതിക്ഷേധാഗ്നിയിൽ റിപ്പൊർട്ട് പിൻവലിച്ച് മാപ്പ് പറയേണ്ടി വന്നു. വിവാദപരമായ ആ പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്  ക്രിമിനൽ നടപടികളും ശ്രീ പട്ടത്താനത്തിനെതിരായി ഉണ്ടായി.  അതുപോലെ നോവലിസ്റ്റ് പോൾ സക്കറിയ, സുകുമാർ അഴിക്കോട് എന്നിവരും മഠത്തിന്റെ അമിത വരുമാനത്തിന്റെയും വിദേശ പണത്തിന്റെയും   വരവിനെ  അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ടവരാണ്. 



'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ ഗെയ്ൽ ട്രെഡവെൽ   ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും അവിടെ വസിക്കുന്ന സ്വാമിമാരെപ്പറ്റിയും   കുറ്റാരോപണങ്ങളുടെ  അനേക കഥകൾ പുറത്തു വന്നു.  ആത്മകഥാ രൂപത്തിൽ എഴുതിയ ഗെയിലിന്റെ പുസ്തകം വായിച്ചാൽ  ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു.  ആരോപണങ്ങളുടെമേൽ വിവാദപരമായി   ലോകമെമ്പാടും നടക്കുന്ന ചർച്ചകളിൽ ആശ്രമാധികാരികളുടെ നിസഹകരണം മൂലം സത്യമേത് അസത്യമേതെന്ന് വായനക്കാർക്ക് തിരിച്ചറിയുവാനും പ്രയാസമാണ്. ഒരു തുറന്ന ചർച്ചക്കോ നിയമപരമായ തെളിവുകൾ ശേഖരിക്കാനോ ആശ്രമാധികാരികൾ തയാറായിട്ടില്ല.. 


ആശ്രമത്തിലെ രഹസ്യങ്ങളും ദുരൂഹതനിറഞ്ഞ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ വായിക്കാം.  നന്മതിന്മകളിൽനിന്ന് മുക്തിനേടാൻ  അവതാര മൂർത്തിയായ അമ്മയിൽ  സ്വയം അർപ്പിക്കൂവെന്ന് സ്വാമിനിയായിരുന്ന ഗായത്രി (ഗെയ്ൽ)  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രസംഗിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രി പിൽക്കാല ജീവിതത്തിൽ  (ഗെയ്ൽ) സമ്മതിച്ചിട്ടുണ്ട്. അധികം താമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച്  അമ്മ   പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.


ആശ്രമത്തിലെ സാമൂഹികാചാരങ്ങളുമായും ചിട്ടകളുമായും ഒത്തുപോകാൻ ആദികാലങ്ങളിൽ ഗായത്രിക്ക്(ഗെയ്ൽ) നന്നേ പാടുപെടേണ്ടി വന്നു. വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്നുള്ള  ക്രമരീതികളും പടിഞ്ഞാറൻ പെണ്ണിന് അന്ന് പുതുമയായിരുന്നു.  ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള ഒരു കുടിലിൽ കിടക്കണമായിരുന്നു.  ഒരിക്കൽ ഭക്ഷണം കിട്ടാതെ വന്നപ്പോൾ  പട്ടി ഈ കൂട്ടിലുണ്ടെന്നു ഗായത്രി  ഉറക്കെ  വിളിച്ചു പറയുന്നതും സരസമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം   പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ അമ്മയുടെ കാപട്യത്തെ ആത്മകഥയില്ക്കൂടി വെളിപ്പെടുത്തുന്നുമുണ്ട്.   


ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്” ഉപനിഷത്തുകൾ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും."  ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക “എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രി(ഗെയിൽ) വിശ്വസിച്ചിരുന്നു."


ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ)  ദൃക്സാക്ഷിയാവുന്ന കഥകളും ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഒരിക്കൽ  ബാലുവും  അമ്മയുമായുള്ള രഹസ്യരതിയിലെ പുരുഷബീജങ്ങളടങ്ങിയ ടവ്വൽ  അമ്മയുടെ മുറിയിൽ നിന്ന് ഗായത്രി (ഗെയിൽ) കണ്ടെത്തി. അന്ന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാലു രക്ഷപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറിയിരുന്നതായും ഗായത്രി (ഗെയിൽ)ആരോപിക്കുന്നു. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നതും ചൂണ്ടികാണിക്കുന്നു.  ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി  (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലുവും  മറ്റൊരു സ്വാമി  റാവുവും  അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്ന തെളിവുകളുമുണ്ട്.   മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട്   അമ്മയുടെ മുറിതുറക്കുന്നത് ഗായത്രി (ഗെയിൽ) കണ്ടിട്ടുണ്ട്.ഒരു വിദേശ യാത്രയിൽ   അമ്മ താമസിച്ചിരുന്ന മുറിയിൽനിന്നും  ബാലുവും അമ്മയുമായി രതി ക്രിയകൾ നടത്തുന്നത്  ഗായത്രി മറ്റൊരു മുറിയിൽ നിന്ന് കാണുന്നതും ആത്മകഥയിലുണ്ട്. 


ബാലുസ്വാമി എന്നും അമ്മയുടെ പ്രിയശിഷ്യനായിരുന്നു. കാമ ഭ്രാന്തു മൂത്ത് സെക്സിനായി  ഗായത്രിയെ(ഗെയിൽ) സമീപിക്കുമായിരുന്നു. അത് അവർക്ക്   അസഹ്യമായ ശല്യമായിരുന്നു.  അനേക തവണകൾ  ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാളുടെ ഉരുക്കുള്ള മസിലുകളെ  തടയാൻ  ഗായത്രിക്ക്(ഗെയിൽ) സാധിച്ചിരുന്നില്ല.   സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ)  പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ (ഗെയിൽ)വാക്കുകൾ അയാൾ ചെവികൊണ്ടില്ല. ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു.



ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന  കുസുമമെന്ന  ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഗായത്രി സകലരെയും കണ്ണുവെട്ടിച്ച്  സന്യാസിനി ജീവിതത്തിൽനിന്നും ഓടിരക്ഷപെട്ട  കഥ അവരുടെ 'വിശുദ്ധ നരകമെന്ന' ആത്മകഥയിൽ  വിവരിച്ചിട്ടുണ്ട്.   കുസുമം എന്നു വിളിക്കുന്ന ഗ്രെച്ചൻ മാക് ഗ്രെഗർ ( Gretchen McGregor )  ഗെയിലിനെ ആശ്രമത്തിൽനിന്ന് രക്ഷപെടുവാൻ സഹായിച്ചുവെന്നത്   നുണയാണെന്ന് പറഞ്ഞ്  നിഷേധിച്ചുകൊണ്ട്  പത്രക്കുറിപ്പുമിറക്കി.  ആദികാലം മുതൽ ഗെയിലുമായി അടുപ്പിത്തിലായിരുന്ന  ഇവർ  ഗെയിലിന്റെ വ്യക്തിപരമായ സ്വഭാവ ദൂഷ്യത്തെയും വിവരിച്ചിട്ടുണ്ട്.  ആസ്ട്രേലിയായിൽ  അന്നത്തെ കാലത്തെ ചെറുപ്പക്കാരികളുടെയും ഗെയിലിന്റെയും   വിനോദമായിരുന്ന ഒരു മത്സരക്കളിയുടെ കഥ ഗെയിൽ  തന്നോട് പറഞ്ഞത് കുസുമം  വിവരിക്കുന്നുണ്ട് . 'പുലിവാലിൽ പിടിക്കുക' യെന്ന് ഈ ഗെയിം അറിയപ്പെട്ടിരുന്നു.  'പട്ടണത്തിൽ പോയി പുരുഷന്മാരെ വശീകരിച്ച് രാത്രികാലങ്ങളിൽ അവരൊന്നിച്ച് ശയിക്കുകയും  ഏറ്റവും കൂടുതൽ  ആ ആഴ്ചയിൽ പുരുഷന്മാരുമായി ശയിക്കുന്നവരെ   ജേതാവായി പ്രഖ്യാപിക്കുന്നതുമായ '  ഗെയിമായിരുന്നു അത്. ആ ഗെയിമിൽ 'ഗെയിൽ' സജീവമായി പങ്കെടുത്തിരുന്നു. ഇത്തരക്കാരി ഒരു പെണ്ണ് ആശ്രമജീവിതം എങ്ങനെ തെരഞ്ഞെടുത്തുവെന്നും അന്ന് കുസുമത്തിന് വിസ്മയമുണ്ടാക്കിയിരുന്നു.  1999 ൽ  സാൻറാമോണിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കവേ  കുസുമവുമായി ഗെയിൽ അന്ന് ചിരകാല സൌഹാർദം  പുതുക്കിയിരുന്നു. ആശ്രമജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞതല്ലാതെ പുസ്തകത്തിൽ കാണുന്ന കുറ്റാരോപണങ്ങളോ   അമ്മയ്ക്കെതിരായി യാതൊരു പരാതിയോ  സ്വന്തം ആശ്രമ ജീവിതത്തിലെ കഷ്ടപ്പാടുകളോ ലൈംഗിക അഴിമതികളോ  ഗെയിൽ സംസാരിച്ചില്ലെന്നും കുസുമം എഴുതിയിട്ടുണ്ട്.  സാൻറാമോണിൽ  ധ്യാനം നടക്കുന്ന വേളയിൽ  കുസുമത്തിനു  ഒരു പ്രാവിശ്യം  ടൌണിൽ പോകേണ്ടി വന്നു. ഗെയിലിന്റെ സുഹൃത്തിന് ഗെയിൽ തന്നുവിട്ട ഒരു ബ്ലാങ്കറ്റ് പോവുന്ന വഴിയിൽ കൊണ്ടുപോയി കൊടുത്തുവെന്നല്ലാതെ ഗെയിൽ രക്ഷപ്പെടാൻ കുസുമം യാതൊരു സഹായവും ചെയ്തില്ലെന്ന് പറയുന്നു. " ആശ്രമത്തിൽനിന്ന് ഓടിപ്പോവാൻ ‍ അവർ  പങ്കാളിയെന്നുള്ള പുസ്തകത്തിലെ പരാമർശം തികച്ചും കള്ളമെന്നും"  കുസുമം കുറ്റപ്പെടുത്തിയിട്ടുണ്ട്.  രക്ഷപെടാൻ ഗെയിലിന്റെ ലാബ്ടോപ്പും തുണികളും ബുക്കുകളും ബാഗുകളും  എടുത്തുകൊണ്ടു പോകാൻ സഹായിച്ചുവെന്നത് ശുദ്ധ അസത്യമാണെന്നും കുസുമം ആരോപിച്ചിരിക്കുന്നു.


മീറായെന്ന  പടിഞ്ഞാറൻ മുൻ ആശ്രമ വാസിക്കും ഗെയിലിനെപ്പറ്റി കഥകൾ പറയാനുണ്ട്.  അമ്മയില്ലാത്ത സമയം ഒരു ഏകാധിപതിയെപ്പോലെ  ഗെയിൽ മറ്റുള്ളവരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്നാണ് ആരോപണം.അവർ ഇങ്ങനെ എഴുതിയിരിക്കുന്നു,  "  ദുഷിച്ച തെറി വാക്കുകൾ ഗെയിലിന്റെ പതിവായ ആശ്രമശൈലിയായിരുന്നു. ഒരിക്കൽ പട്ടിയെന്ന് വിളിച്ചതിൽ മറുത്തു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു. ഗെയിലിന്റെ അടിയും ഇടിയും തൊഴിയും അന്നേ ദിവസം സഹിക്കേണ്ടിവന്നു. തലമുടിയ്ക്ക് പിടിച്ച് നിലത്തുകൂടി ഇഴക്കാനും മടിച്ചില്ല.   കൂടാതെ ആശ്രമത്തിൽ അനേക ശിക്ഷണ നടപടികളും തന്നു. തീവ്രമായ അസുഖം ബാധിച്ചു കിടക്കുന്ന സമയവും  തന്നെ അസഭ്യവാക്കുകളിൽ പരിഹസിക്കുന്നതും അവരുടെ വിനോദമായിരുന്നു.  മറ്റൊരു സന്യാസിനി ലക്ഷ്മിയേയും  അതിക്രൂരമായി  ഉപദ്രവിക്കുമായിരുന്നു.   അവരുടെ മുഖത്തിനിട്ടടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും നിത്യസംഭവങ്ങളായിരുന്നു.  ഒരിക്കൽ ലക്ഷ്മിയുടെ ദേഹത്ത് ചൂടുളള തേപ്പുപെട്ടി എറിയുകയും അന്ന് മുഖത്തുനിന്ന്  രക്തം വാർന്നുപോവുന്നതു കണ്ടതായും മീറാ എഴുതിയിരിക്കുന്നു."


ലക്ഷ്മിക്കും ഗെയിലിനെപ്പറ്റി കഥ പറയാനുണ്ട്. ഹോളണ്ടുകാരത്തിയായ ലക്ഷ്മി കഴിഞ്ഞ 30 വർഷമായി  അമ്മയെ സേവിച്ചുകൊണ്ട് ഇപ്പോഴും  ആശ്രമത്തിൽ കഴിയുന്നു. ഗെയിലിന്റെ മൃഗീയമായ പെരുമാറ്റങ്ങളെ ലക്ഷ്മി വിവരീക്കുന്നുണ്ട്. "1981ല്‍ ഗെയില്‍ ആദ്യമായി അമ്മയെ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിപോലും ഉണ്ടായിരുന്നില്ല. അന്ന്  എല്ലാവർക്കും  താമസിക്കാനുള്ളയിടം അമ്മയുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ  ചുമതലകളും ഗെയിലിനെ ഏല്പിച്ചു. അന്നുമുതല്‍, ആശ്രമം വിട്ടുപോകുന്നവരെ ഒരു രാജ്ഞിയെപ്പോലെയാണ് അവർ   ജീവിച്ചത്.‍  എപ്പോഴും   അവരെ അനുസരിച്ചിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ കൂടെ നിറുത്തിയിരുന്നു.  അനിയന്ത്രിത കോപവും  ആക്രമണവും ലക്ഷ്മിയുടെ മേൽ പതിവായിരുന്നു. ഗെയിൽ അമ്മയുടെ ഒരു അമേരിക്കൻ  ഭക്തനുമായി പ്രേമത്തിലായിരുന്നു. അമ്മ ഭക്തനായ ആ ബ്രഹ്മചാരിയെ അമ്മയിൽ നിന്നകത്തുവാൻ ഗെയിൽ ശ്രമിച്ചു. വിജയിച്ചില്ല. അമ്മ ആ പ്രേമബന്ധം തകർത്തുവെന്നുള്ള  തെറ്റിധാരണ ഗെയിലിനെ അമ്മയോടുള്ള പകയും  വിരോധിയുമാക്കി.  സ്വീഡനിൽ വെച്ച് അമ്മയെ ഒരു വള്ളത്തിൽ കയറ്റി കൊല്ലാൻ ശ്രമിച്ചതും ലക്ഷ്മിയുടെ ലേഖനത്തിലുണ്ട്. മറ്റൊരു പ്രാവശ്യം കൂണിൽ വിഷം കലർത്തി അമ്മയെ വധിക്കാൻ ശ്രമിച്ച കാര്യവും ലക്ഷ്മി വിവരിച്ചിരിക്കുന്നു. 


മഠത്തിനു വിദേശത്തു ബാങ്ക് അക്കൗണ്ടുകള്‍ ഒന്നുമില്ലന്ന് അമൃതാനന്ദശ്രമം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള  സ്ഥാപനങ്ങൾ ആ രാജ്യങ്ങളിലെ നിയമം അനുസരിച്ച് അതാതു  ട്രസ്റ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.  അവിടങ്ങളിലെ  ട്രസ്റ്റികളിൽ അമൃതാനന്ദമയിയുടെ  പേരില്ല.  കരുതല്‍ പണം നാനൂറു കോടി ഡോളറെന്നുള്ളതും പൊലിപ്പിച്ച വാർത്തകളാണ്. നൂറു മില്ല്യന്‍ ഡോളര്‍ പോലുമില്ല. ഇരുപത്തഞ്ചു വര്‍ഷമായി നിയമാനുസൃതം മാറ്റിവച്ച കുറച്ചു തുകയുണ്ട്.  ഭാവിയില്‍ എന്തെങ്കിലും വലിയ പ്രകൃതിദുരന്തമോ മറ്റോ സംഭവിച്ചാല്‍ സേവനത്തിനായി ഉപയോഗിക്കാന്‍ കൂടിയാണ്  ഈ കരുതൽ ധനമെന്നും മഠം വ്യക്തമാക്കി.


ഇവിടെ ഒരു ചോദ്യം ഉയരുന്നു, ആരാണ് കള്ളം പറയുന്നത്,ഗായത്രിയോ (Gail) മഠമോ? ഗായത്രിയാണ് കള്ളം പറയുന്നെങ്കിൽ അവരുടെ ഉദ്ദെശ്യം പ്രേമം തട്ടി തെറിപ്പിച്ചതിലുള്ള അമ്മയോടുള്ള പകയോ ഒരു വലിയ ആത്മീയപ്രസ്ഥാനത്തെ തകർത്ത് ധനം നേടാനോ ആയിരിക്കാം. നോബൽ സമ്മാനത്തിനുതന്നെ അർഹമായിക്കൊണ്ട് പ്രസിദ്ധീയിലേക്ക് കുതിക്കുന്ന അമൃതാനന്ദമയിയെ തേജോവധം ചെയ്യാൻ ആഗോള തല്പ്പരകക്ഷികളുടെ കൂട്ടായ്മയുംഉണ്ടാകാം. ആശ്രമത്തിനെതിരായി അസൂയ പൂണ്ട മതവൈരികളും ഇതിന് പുറകിൽ പ്രവർത്തിക്കുന്നുണ്ടാകാം. ഗായത്രി ശരിയും മഠം തെറ്റുമെങ്കിൽ ദരിദ്രരരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നുവെന്ന മാതാ അമൃതാനന്ദയുടെ  വാക്കുകൾക്ക് എന്ത് ആത്മാർഥതയാണുള്ളത്?  വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിയമപരമായ  നടപടികൾ എടുത്താൽ  തെറ്റിനെയില്ലാതാക്കുവാൻ സാധിക്കുമോ? ആത്മീയ വ്യക്തിത്വമെന്നയപ്പെടുന്ന അമൃതായുടെത് വ്യാജവ്യക്തിത്വമെന്നും വരും. പുസ്തകത്തിലെ വിവാദങ്ങളനുസരിച്ച് ആശ്രമത്തിന് ഭൌതിക സ്വത്തുക്കളോടാണ് ആസക്തിയെന്നും  തെളിയും. ആശ്രമത്തിനും ആത്മീയ വ്യക്തിത്വങ്ങൾക്കുമെതിരായുള്ള ഗെയിലിന്റെ കുറ്റപ്പെടുത്തലുകളിൽ  അമൃതാനന്ദമയി  ഇതുവരെ പ്രതികരിച്ചില്ല.  നിഷേധിച്ചിട്ടുമില്ല.

കേസുകളും എതിരാളികളുടെ നാവടയ്ക്കുന്ന തന്ത്രങ്ങളുമാണ് മഠം എന്നും ആവിഷ്ക്കരിച്ചിരുന്നത്.  ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ആത്മീയത്തിലെ ഉന്നതർ കുപ്രചരണങ്ങളും നടത്തുന്നുവെന്ന് ഗെയ്ൽ തന്റെ ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ പ്രസിദ്ധ വാർത്താ ലേഖകനായ ശ്രീ ജോണ് ബ്രിട്ടാസിന്റെ വാക്കുകൾ പ്രസക്തമാണ്. "കേസ് നൽകുകയോ ബ്ലായ്ക് മെയിൽ തന്ത്രമോ ഉപയോഗിക്കുകയോ ചെയ്യാതെ അവർക്ക് മുന്നോട്ട് വന്ന് ഗെയിലിനെ വെല്ലു വിളിക്കാവുന്നതാണ്. ഗെയിലിന്റെ അഭിമുഖത്തിന് മുമ്പോ ശേഷമോ അമൃതാനന്ദമയിയുടെയോ അമൃതസ്വരൂപാനന്ദയുടെയോ (ബാലു) അഭിമുഖം നല്കാൻ തയാറായിരുന്നു."  ആശ്രമം ഇതുവരെയും അങ്ങനെയൊരു അഭിമുഖത്തിന് തയാറാവാത്തതും  ഗെയിലിന്റെ ആരോപണങ്ങൾക്ക് ശക്തി നല്കുന്നു.


സത്യം മാത്രം ജയിക്കന്നു;മറ്റൊന്നും (അസത്യം ) ഒരിക്കലും ജയിക്കില്ല. സത്യമാകുന്ന വഴിയിലൂടെയാണ്  മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും പൂർത്തികരിച്ച്  പരമസത്യത്തെയും പ്രാപിക്കുന്നു. 'സത്യമേവ ജയതേ ' സത്യം മാത്രം ജയിക്കുന്നു. ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യമായ മുണ്ടകാ ഉപനിഷത്തിലെ ഒരു മന്ത്രമാണിത്.





Laksmi
 
Meera
Amrita Svaroopananda  (Balu)
 


Kusumam

 

Matha Amruthanandamai
 
Gail Treadwell (Gayathri)
 





Matha Amruthanandamai
 
Malayalam Daily News:
http://www.malayalamdailynews.com/?p=78614




 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...