Tuesday, May 3, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-11)



കുമാര ഗുരുദേവനും പറയ പുലയ ജാതികളുടെ നവോത്ഥാനവും 

By ജോസഫ് പടന്നമാക്കൽ


കേരളത്തിന്റെ സാമൂഹിക ചരിത്രം അവലോകനം ചെയ്യുകയാണെങ്കിൽ ദളിതരുടെ ക്ഷേമത്തിനായി പരിശ്രമിച്ച മഹാന്മാരായ ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി എന്നിവരുടെ പേരുകൾ  ചരിത്ര വിദ്യാർത്ഥികൾ ആദ്യം ഉരുവിടാം. എന്നാൽ പൊയ്കയിൽ യോഹന്നാന്റെ ചരിത്രം പഠിക്കാൻ അവർ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിൻറെ മഹത്വക്കുറവു കൊണ്ടല്ല. അധ:കൃതനായ ഒരാളിന്റെ ചരിത്രം പഠിക്കാനും സാധാരണ വർണ്ണാശ്രമത്തിലെ ബുദ്ധിജീവികൾ താല്പര്യം കാണിക്കാത്തതുകൊണ്ടുമാണ്. അധകൃതരുടെ ജീവിതാവസ്ഥകളെയും വിമോചന സമരങ്ങളെയും വിപ്ലവ മുന്നേറ്റങ്ങളെയും അവർക്ക് അറിയാനും താല്പര്യം കാണില്ല. മനുഷ്യൻ മനുഷ്യനെ മൃഗീയ തുല്യമായി താഴ്ത്തി കെട്ടിയതുമൂലം ഒരു വിഭാഗം ജനങ്ങൾ നൂറ്റാണ്ടുകളായി അടിമ പാളയങ്ങളിലായിരുന്നു. അവരുടെ രക്ഷക്കായി പിറന്ന രക്ഷകനാണ്‌ പൊയ്കയിൽ യോഹന്നാൻ അഥവാ ഗുരു ശ്രീ കുമാര ദേവനെന്നു അദ്ദേഹത്തിൻറെ അനുയായികൾ വിശ്വസിക്കുന്നു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവനെപ്പറ്റി ചരിത്രപുസ്തകങ്ങളിൽ കാര്യമായിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാഹിത്യവും കലകളും രിത്ര നിർമ്മാണവും സവർണ്ണരായവർ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് മഹാത്മാക്കാളായ പലരുടെയും പേരുകൾ ചരിത്ര താളുകളിൽ ഒളിഞ്ഞിരിക്കുകയാണ്. സമൂഹനന്മയ്ക്കായി പ്രവർത്തിച്ച പൊയ്കയിൽ യോഹന്നാന്റെ  സംഭാവനകൾ തെരഞ്ഞുപിടിക്കുകയെന്നതും ചരിത്ര ഗവേഷകർക്ക്‌ ബുദ്ധിമുട്ടുകളുണ്ടാക്കും.  


പൊയ്കയിൽ യോഹന്നാനെന്നു അറിയപ്പെട്ടിരുന്ന ശ്രീ കുമാര ഗുരുദേവൻ കവിയും ദളിത നവോത്ഥാന പ്രവർത്തകനും 'പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ' (പി ആർ ഡി എസ്) സ്ഥാപകനുമായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇരവിപൂരിൽ പറയ ജാതിയിൽ 1879 ഫെബ്രുവരി പതിനേഴാം തിയതി ജനിച്ചു. പിതാവ് കണ്ടനും മാതാവ് ലച്ചിയുമായിരുന്നു. ശങ്കരമംഗലത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ അടിമകളായി പണിയെടുത്ത് മാതാപിതാക്കൾ ജീവിച്ചു വന്നു. ജനിച്ചപ്പോ  അദ്ദേഹത്തിൻറെ പേര് കൊമരനെന്നായിരുന്നു. പിന്നീട് കുമാരനെന്നായി പേരു മാറ്റി. ക്രിസ്ത്യാനി കുടുംബത്തിനെ ആശ്രയിച്ചു ജീവിച്ചതുകൊണ്ട് അദ്ദേഹത്തെ 'യോഹന്നാൻ' എന്നും അറിയപ്പെടാൻ തുടങ്ങി. പ്രൈമറിസ്കൂളിൽ ഒന്നോ രണ്ടോ ക്ലാസ്സുകളിൽ മാത്രമേ പഠിച്ചിട്ടുള്ളതെങ്കിലും ബൈബിൾ കാണാപാഠമാക്കിയും വായനയിൽക്കൂടിയും  സ്വയം ജ്ഞാനം നേടിയെടുത്തു. അദ്ദേഹം നല്ലയൊരു വാഗ്മിയായിരുന്നു. പണ്ഡിതരുടെയിടയിലും പ്രമുഖനായ ഒരു വ്യക്തിയും അറിയപ്പെട്ടിരുന്ന വിജ്ഞാന നിപുണനുമായിരുന്നു.   

 
വർണ്ണ വ്യവസ്ഥകളിൽ പാലിച്ചുവന്ന ദുരാചാരങ്ങൾക്കു പുറമേ ദളിതർ അവരുടെയിടയിൽത്തന്നെ പുലയ പറയ കുറവ  ജാതികളിൽ  കൂടിയതും കുറഞ്ഞവരുമെന്ന് പറഞ്ഞ് പരസ്പരം 'ഐത്യം' കല്പ്പിച്ചിരുന്നു. യോഹന്നാൻ ഇതര അധകൃത സമൂഹങ്ങളെ പരസ്പരം യോജിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ദളിതരുടെ ഐക്യമുന്നണിയ്ക്കായി അദ്ദേഹം ശങ്കരമംഗലം കുടുംബത്തിലെ അടിമ ജോലികൾ ഉപേക്ഷിക്കുകയും അധ:കൃതരുടെ  ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.   


ഹിന്ദു സവർണ്ണരുടെ ജാതീയ വ്യവസ്ഥകളിൽനിന്നും മുക്തി നേടാൻ അദ്ദേഹം ക്രിസ്തുമതം സ്വീകച്ചു. 'യോഹന്നാൻ' എന്ന പുതിയ ക്രിസ്തീയ നാമത്തിലും അറിയപ്പെടാൻ തുടങ്ങി. നവോത്ഥാന ചിന്തകളുമായി മറ്റു ക്രിസ്ത്യൻ സഭകളിൽ നിന്നും വേറിട്ട സഭയായ മാർത്തോമ്മാ സഭയിൽ ചേർന്ന് ക്രിസ്ത്യാനിയായി. കാര്യമായ വിദ്യാഭ്യാസം പൊയ്കയിൽ യോഹന്നാനു ലഭിച്ചിട്ടില്ലെങ്കിലും മതപ്രസംഗത്തിൽ അക്കാലങ്ങളിലെ പേരുകേട്ട ഒരു വാഗ്മിയായി മാറിയിരുന്നു. ഈശ്വരചിന്തകളിലും പൊതുജനസേവനങ്ങളിലും സദാ വ്യാപ്രുതനായിരുന്ന അദ്ദേഹം പള്ളി പ്രവർത്തനങ്ങളിൽക്കൂടി അധകൃതരുടെ നേതാവായി മാറി. ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്നപോലെ ദളിതരായ പറയ പുലയ കുറവ ക്രിസ്ത്യൻ ജാതികൾക്ക് പള്ളികളിൽ പ്രവേശനമുണ്ടായിരുന്നില്ല. മാർത്തോമ്മാസഭ യാഥാസ്ഥിതികരിൽ നിന്നും വേറിട്ട്‌ ആധുനിക ചിന്താഗതികളോടെ മുളച്ചു വന്ന ഒരു സഭയായിരുന്നെങ്കിലും അതിനുള്ളിലെ സവർണ്ണരായ ക്രിസ്ത്യാനികളുടെ ചിന്താഗതികൾക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. സാമൂഹിക ചിന്താഗതികളിൽ ദളിത ക്രിസ്ത്യാനികളെയും സ്പർശിക്കാൻ പാടില്ലാത്ത ജാതികളായി സവർണ്ണ ക്രിസ്ത്യാനികൾ അകറ്റി നിർത്തിയിരുന്നു. സമത്വം വിഭാവന ചെയ്യുന്ന സഭയിൽ അവരെ പുതു ക്രിസ്ത്യാനികളെന്നു വിളിച്ചു അധിക്ഷേപിച്ചിരുന്നു. 'പറയൻ യോഹന്നാനെന്നും പുലയൻ യോഹന്നാനെന്നും' വിളിച്ചുകൊണ്ടു പള്ളികളിൽ  അദ്ദേഹത്തെ പരിഹസിച്ചിരുന്നു. പുതുതായി താൻ അംഗമായ സമുദായത്തിൽനിന്നും വന്ന പ്രതികരണങ്ങൾ യോഹന്നാനെ വളരെയധികം വേദനിപ്പിച്ചിരുന്നു. ദളിതരുടെ ശവം പോലും മറവു ചെയ്യാൻ പള്ളികളുടെ ശ്മശാന ഭൂമി അനുവദിക്കില്ലായിരുന്നു. സവർണ്ണ ക്രിസ്ത്യാനികളോടൊപ്പം   ഇരിക്കാനോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സാധിക്കാതെ സാമൂഹിക മാമൂലുകൾ അവർക്ക് വിലക്ക് കല്പ്പിച്ചിരുന്നു. മാർത്തോമ്മാ സഭയിലെ സവർണ്ണ മേധാവിത്വം ദളിതരെ പുച്ഛത്തോടെ പരിഗണിക്കുന്നതുകൊണ്ട് അദ്ദേഹം ആ സഭ വിട്ടു. പിന്നീട് ബ്രദറൻ ക്രിസ്തീയ സഭയിൽ ചേർന്നു. അവിടെയും അവർണ്ണരെ തീണ്ടൽ കൽപ്പിച്ചതിനാൽ യോഹന്നാൻ ആ സഭയും ഉപേക്ഷിച്ചു. ക്രിസ്ത്യൻ മൗലിക തത്ത്വങ്ങൾക്കെതിരായ വർണ്ണ വ്യവസ്ഥകൾ സവർണ്ണരായ ക്രിസ്ത്യാനികൾ പാലിക്കുന്നുണ്ടെന്ന വസ്തുത യോഹന്നാൻ മനസിലാക്കി.      

1909-ൽ യോഹന്നാൻ ക്രിസ്തുമതം ഉപേക്ഷിച്ച് ദളിതരുടെ വിമോചനത്തിനായി 'പ്രത്യക്ഷ രക്ഷാ ദൈവസഭ'യെന്ന ഒരു സഭ സ്ഥാപിച്ചു. അതിനുശേഷം അദ്ദേഹത്തെ പൊയ്കയിൽ അപ്പച്ചനെന്നും കുമാര ഗുരുദേവനെന്നും അറിയപ്പെടാൻ തുടങ്ങി. അന്നുമുതൽ അദ്ദേഹം ദളിതരെ സംഘടിപ്പിച്ചുകൊണ്ട് ഒരു ആദ്ധ്യാത്മിക വിപ്ലവത്തിനു നേതൃത്വം കൊടുത്തു. സവർണ്ണരിൽ നിന്നും അടിമത്വ മോചനത്തിനായും ആഹ്വാനം ചെയ്തു. അദ്ദേഹം സ്ഥാപിച്ച 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'യെന്ന മതം ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ എല്ലാ മതങ്ങളിൽപ്പെട്ടവരെയും സ്വാഗതം ചെയ്തു. ബ്രദർ വിഭാഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം ദളിതരും യോഹന്നാന്റെ സഭയിൽ ചേർന്നു. ബൈബിൾ യഹൂദരുടെ ചരിത്രമെന്നും യഹൂദ തത്വങ്ങൾ ഇന്ത്യയുടെ വർണ്ണ വ്യവസ്ഥകൾ അവസാനിപ്പിക്കാൻ സഹായകമല്ലെന്നും അദ്ദേഹം ദളിതരെ അറിയിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻറെ സഭയ്ക്കായി നൂറു കണക്കിന് ഏക്കറുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വാങ്ങിച്ചു. ഇരവിപേരൂരിൽ ഈ സഭയുടെ ആസ്ഥാനം നിലകൊള്ളുന്നു. യോഹന്നാൻ ദളിതർക്കായി സ്കൂളുകളും കുടിൽ വ്യവസായ സ്ഥാപനങ്ങളും ആരംഭിച്ചു. പൊതുവായ ആരാധനയ്ക്കായും പരിപാടികൾക്കായും കെട്ടിടങ്ങളും വാങ്ങിക്കൊണ്ടിരുന്നു. 


ദളിതരുടെ ക്ഷേമത്തിനായി 1905-ൽ മറ്റൊരു ദളിത നേതാവായ അയ്യങ്കാളി സ്ഥാപിച്ച 'സാധുജന പരിപാലനം സംഘത്തി'ലും യോഹന്നാൻ അംഗമായിരുന്നു. 1921-മുതൽ 1931-വരെ ശ്രീമൂലം പ്രജാസഭയിലേയ്ക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു. അവിടെ ദളിതരുടെ വിദ്യാഭ്യാസവും ജോലിയും ലക്ഷ്യങ്ങളാക്കി സഭാംഗമെന്ന നിലയിൽ അതിശക്തമായി ശബ്ദമുയർത്തിയിരുന്നു. ക്രിസ്ത്യൻ സമൂഹത്തിൽ പറയരും പുലയരും   വിവേചനവും യാതനകളും അനുഭവിക്കുന്ന കാര്യങ്ങളും സദസിനെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദളിതനും താമസിക്കാൻ ഭൂമി നല്കണമെന്നും ദളിത കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവശരായ അധകൃതർക്കായി സർക്കാർ സ്കോളർഷിപ്പ് നടപ്പാക്കാൻ പരിഗണിക്കണമെന്നും സർക്കാരിനോട് നിർദേശിച്ചിരുന്നു. ദളിതർക്കുവേണ്ടി സർക്കാർ സഹായത്തോടെ അനേകം സ്കൂളുകൾ തുറക്കാനും യോഹന്നാനു സാധിച്ചു.



ദളിത സമൂഹങ്ങളിലെ വിവിധ വിഭാഗങ്ങളായ പറയരും പുലയരും കുറവരും ജാതിയ്ക്ക് മൂത്തവരെന്നു പറഞ്ഞു പരസ്പരം തൊട്ടുകൂടാ നയം പിന്തുടരുന്നുണ്ടായിരുന്നു. സ്വന്തം സമൂഹങ്ങൾക്കുള്ളിൽ തന്നെയുള്ള വിവേചനങ്ങളിലും പരസ്പരമുള്ള തിരിച്ചു വ്യത്യാസങ്ങളിലും കലഹങ്ങളിലും യോഹന്നാനെ അസ്വസ്ഥനാക്കിയിരുന്നു. ദളിത സമൂഹങ്ങളുടെ സാമൂഹിക വിഷയങ്ങളെയും അവരുടെ ആവീർഭാവങ്ങളെയും മനസിലാക്കാൻ അദ്ദേഹം ഒരു ഗവേഷകനെപ്പോലെ പുസ്തകങ്ങളും വായിക്കുമായിരുന്നു. കേരളത്തിലെ പുലയ,പറയ, കുറവ ജാതികളുടെ ഉറവിടം ഒരേ വംശ പാരമ്പര്യത്തിൽ നിന്നാണെന്നും മനസിലാക്കി. ഈ ജാതികളെ ഒന്നായി കണ്ട് യോജിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടിരുന്നു. അവർ ഒരേ വംശജാതിയായ ദ്രാവിഡകുലത്തിൽ നിന്നുള്ളവരെന്നുള്ള മൂലച്ചരിത്രം പുലയ.പറയ,കുറവ ജാതികളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഏകനായി നടന്നും വ്യക്തിപരമായി ഓരോരുത്തരെയും കണ്ടും ദളിതരുടെ ഭവനങ്ങൾ സന്ദർശിച്ചും യോഹന്നാൻ ദളിതർക്ക് ആത്മബലം കൊടുത്തുകൊണ്ടിരുന്നു. അതുമൂലം ദളിതരുടെ വ്യക്തിമഹാത്മ്യം വർദ്ധിപ്പിക്കാനും സാധിച്ചു. 


പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്) 
സ്ഥാപിച്ചതിനുശേഷം യോഹന്നാൻ തന്റെ ക്രിസ്ത്യൻപേര് മാറ്റി കുമാരനെന്നാക്കി. ഭക്തിപൂർവം അനുയായികൾ അദ്ദേഹത്തെ ശ്രീ കുമാര ഗുരുദേവനെന്നു വിളിക്കാനും തുടങ്ങി. യോഹന്നാനായി ജീവിച്ച ക്രിസ്തീയ മതപ്രഭാഷണങ്ങൾ നിറഞ്ഞ അദ്ദേഹത്തിൻറെ ജീവിതം പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി ആർ ഡി എസ്) 
ചരിത്രത്തിൽ നിന്ന് നീക്കം ചെയ്തു. അത്ഭുതങ്ങളുടെ ഒരു ദിവ്യനായി അദ്ദേഹത്തെ ഭക്തജനങ്ങൾ കണക്കാക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിൻറെ ജീവചരിത്രം അച്ചടി മാദ്ധ്യമങ്ങളിൽ നിലവിലുള്ള പുണ്യാത്മക്കളുടെ ഇതിഹാസങ്ങൾ പോലുള്ള ചരിത്രമാണ്. ശ്രീ മൂലം പ്രജാസഭയിൽ സാമാജികനായിരുന്നതുകൊണ്ടും അതിനുമുമ്പ് ബ്രിട്ടീഷ് മിഷിണറിയും പ്രസിദ്ധനായ ഒരു മത പ്രസംഗകനായിരുന്നതിനാലും ഇന്നത്തെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം ആധുനികതയുടെ പരിവേഷവും അണിയിച്ചിട്ടുണ്ട്. വിശുദ്ധനായി ചിത്രീകരിക്കാൻ തുടങ്ങിയ ശേഷം ശ്രീ കുമാര ദേവന്റെ തലയ്ക്കു പുറകിൽ ദീപ്തി വലയവും വലതു കൈ ഭക്തരെ അനുഗ്രഹിക്കുന്നതുമായ പടങ്ങളും മാർക്കറ്റിലിറങ്ങി. അദ്ദേഹത്തിൻറെ മുഖത്തെ ചൈതന്യവും ശരീരവും മറ്റേതു വിശുദ്ധരുടെതിനും തുല്യമാക്കി. അനുയായികൾ ഈ പടം വിതരണം ചെയ്തുകൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (പി ആർ ഡി എസ്) ആശയങ്ങളും വീക്ഷണങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.     

ശ്രീ കുമാരൻ ദേവന് കേരളത്തിലെ സാംസ്ക്കാരിക ചരിത്രത്തിലെ നായകന്മാരായ ശ്രീ നാരായണ ഗുരുവിനും അയ്യങ്കാളിയ്ക്കുമൊപ്പം ദളിത നവോത്ഥാന ചരിത്രത്തിൽ  പ്രാധാന്യമുണ്ട്. ഒരു അടിമയുടെ മകനായി ജനിച്ചതുകൊണ്ട് അദ്ദേഹത്തിൻറെ വ്യക്തിജീവിതം ദുഃഖ പൂർണ്ണവും കാഠിന്യം നിറഞ്ഞതുമായിരുന്നു. ജാതിവിത്യാസം ഇല്ലാത്ത ഒരു സമൂഹത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അദ്ദേഹം സ്ഥാപിച്ച മതത്തിന്റെ ആശയങ്ങളും തത്ത്വചിന്തകളും ജാതിയെ ഇല്ലാതാക്കി മനുഷ്യനിലുള്ള വിവേചനം നശിപ്പിച്ച് സമത്വപൂർണ്ണമായ ഒരു ലോകം സ്ഥാപിക്കാനായിരുന്നു. പുലയ, പറയന്റെ മക്കളും വർണ്ണജാതിയിൽ ജനിച്ചവരുടെ കുട്ടികളും ഒരേ തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കാനും അദ്ദേഹം ആഗ്രഹിച്ചു. പുലയ പറയ കുറവ ജനങ്ങൾ ഒരേ ദ്രാവിഡ വംശാവലിയിൽ നിന്നുമുള്ളവരെന്നും വിശ്വസിച്ചിരുന്നു. ജാതി പറയുന്ന ക്രിസ്തുമതത്തെയും ഹിന്ദു മതത്തെയും ഒന്നുപോലെ തിരസ്ക്കരിക്കാൻ ആവശ്യപ്പെട്ടു. തൊട്ടുകൂടാ ജാതികളെ രക്ഷിക്കാനായി ഭൂമിയിൽ ജനിക്കാനിരിക്കുന്ന രക്ഷകനായ ഒരു ദൈവത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നു. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ തത്ത്വങ്ങൾ മതത്തിന്റെ മൗലിക തത്ത്വങ്ങളായി തെരഞ്ഞെടുത്തു. സ്വയം ബലിയർപ്പിച്ച ഒരു ദൈവത്തിനു പകരം സൃഷ്ടാവിനോടു പ്രാർത്ഥിക്കാൻ അദ്ദേഹം ജനത്തെ പ്രേരിപ്പിച്ചിരുന്നു.


പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി ആർ ഡി എസ്) ആദ്ധ്യാത്മിക മുന്നേറ്റം ഹിന്ദുസമൂഹങ്ങളുടെയും ക്രിസ്ത്യാനികളുടെയും വിവേചചനങ്ങൾക്കെതിരെയായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഈ സഭ   ക്രിസ്തുമതത്തിൽനിന്നും ഉടലെടുത്ത ദളിതരുടെ ഒരു നവീകരണ പ്രസ്ഥാനമായിരുന്നു. എന്നാൽ ക്രിസ്തുമത തത്ത്വങ്ങളെയും ആചാരങ്ങളെയും തിരസ്ക്കിരിച്ചിരുന്നു. ഗുരുദേവൻ തന്നെ ആദ്യം ക്രിസ്ത്യാനിയായിരുന്നു. വർണ്ണവ്യവസ്ഥകളുടെ ആചാര ചട്ടക്കൂട്ടിനുള്ളിൽ വസിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ യാതൊരു വിത്യാസവുമില്ലെന്നു അദ്ദേഹം കണ്ടു. ക്രിസ്ത്യാനികളിലും തൊട്ടുകൂടാ വ്യവസ്ഥാപിത വർഗങ്ങളുണ്ടെന്നും സ്വന്തം അനുഭവ പാഠങ്ങളിൽക്കൂടി അദ്ദേഹം തിരിച്ചറിഞ്ഞു. ജീവിതത്തെ അതൊരു ദർശനമായി കരുതുകയും ചെയ്തു. ഗാനങ്ങളിൽക്കൂടിയായിരുന്നു ദളിതരുടെ ആ മഹാനുഭാവൻ തന്റെ അനുയായികൾക്ക് സന്ദേശങ്ങൾ നല്കിക്കൊണ്ടിരുന്നത്. മനുഷ്യരിൽ വീക്ഷണഗതികളുണർത്തുന്ന അദ്ദേഹത്തിൻറെ ഗാനങ്ങൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. ശ്രീ കുമാരൻ ഗുരുദേവൻ പറയുമായിരുന്നു, "പള്ളികളായ പള്ളികളും സഭകളായ സഭകളും കാലാ കാലങ്ങളിൽ ഈ നാടിന്റെ മണ്ണിൽ വേരുറച്ചു. എന്നിട്ടും മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം അവസാനിച്ചിട്ടില്ല. ഓരോ പള്ളിയ്ക്കും ഒരു യജമാനൻ ഉണ്ട്. അവിടെ അദ്ദേഹത്തിന് സേവകരുമുണ്ട്. സഭയ്ക്കുവേണ്ടി പണിയെടുക്കുന്ന പുലയരും പറയരും കുറവരും അവർക്ക് തീണ്ടലാണ്. മത്സ്യത്തൊഴിലാളികളും നിത്യവൃത്തിയ്ക്കുവേണ്ടി കഷ്ടപ്പെടുന്നവരും പള്ളിമതിൽക്കെട്ടിനുള്ളിൽ സവർണ്ണരായവരുടെ വിവേചനത്തിന്റെ കൂട്ടായ്മയിൽ ജീവിക്കുന്നു. വർണ്ണവ്യവസ്ഥകൾ ഇല്ലാതാക്കാൻ ക്രിസ്ത്യാനികൾ ഒന്നും ചെയ്യുന്നില്ല." വിപ്ലവകരമായ ഇത്തരം ആദർശങ്ങളിൽ സവർണ്ണ ക്രിസ്ത്യാനികൾ അദ്ദേഹത്തോട് ശത്രുതാ മനോഭാവം പുലർത്തിയിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കാനും വധിക്കാനും വരെ അന്നത്തെ സവർണ്ണരായവരും ഭൂപ്രഭുക്കളും ചിന്തിച്ചിരുന്നു. 


ദളിതരായവർ ദ്രാവിഡ ജനതയെന്നു കുമാരദേവൻ അദ്ദേഹത്തിൻറെ അനുയായികളോട് പറയുമായിരുന്നു. ജാതിവ്യത്യാസം കല്പ്പിക്കാതെ സാമൂഹികമായ അവരുടെ അവകാശങ്ങൾക്കായി അദ്ദേഹം നിലകൊണ്ടു. ശ്രീമൂലം സഭയിൽ അദ്ദേഹമുണ്ടായിരുന്ന കാലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളും ആവശ്യങ്ങളും  സർക്കാരിനെ അറിയിച്ചിരുന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി നല്കുക, കൃഷിക്കാർക്ക് കൃഷിയിറക്കാൻ സഹായധനം നല്കുക, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അനുവാദം കൊടുക്കുക, സൗജന്യമായി വസ്ത്രവും ഭക്ഷണവും കൊടുക്കുക, സൌജന്യ വിദ്യാഭ്യാസം നല്കുക, സർക്കാർ ജോലികളിൽ മുൻഗണന നല്കുക, വിദ്യാഭ്യാസമുള്ള ദളിതരെ സർക്കാർ ജോലികളിൽ പ്രവേശിപ്പിക്കുക എന്നീ ദളിതരുടെയാവശ്യങ്ങൾ അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ചിരുന്നു.   


പ്രത്യക്ഷ രക്ഷാ ദൈവസഭയിലെ (പി ആർ ഡി എസ്) അനുയായികൾ വിശ്വസിക്കുന്നത് കുമാര ഗുരുദേവൻ ദൈവത്തിന്റെ അവതാരമെന്നാണ്. അവർ മറ്റൊരു ദൈവത്തെയോ ദേവസ്ത്രീകളെയൊ വിശ്വസിക്കുന്നില്ല. ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ പി ആർ ഡി എസ് മതക്കാർ മറ്റുള്ള ജാതികളിൽ നിന്നും മിശ്രവിവാഹം അനുവദിച്ചിട്ടുണ്ട്. ഇത് അധകൃതരുടെ അടിമത്വമോചനത്തിനും അവരുടെ ഐക്യമത്യത്തിനുമുള്ള മാർഗവുമായി കരുതുന്നു.1966-1967 കാലങ്ങളിൽ ഒരു ജില്ലാജഡ്ജിയുടെ വിധിന്യായത്തിൽ 'പ്രത്യക്ഷ രക്ഷാ ദൈവസഭക്കാർ' ക്രിസ്ത്യാനികളെന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ ആ വിധി ഹൈക്കോടതി ജഡ്ജിയായിരുന്ന രാഘവൻ അസ്ഥിരപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവസഭക്കാർ ഒരു ക്രിസ്ത്യൻ സംഘടനയല്ലെന്നു വിധി പ്രസ്താവിച്ചു. അവർ ഹിന്ദു സംഘടനയല്ലെന്നും വിധിയിലുണ്ടായിരുന്നു. ജാതിയില്ലാ സംഘടനയെന്നും സമൂഹത്തിലെ അധകൃതരായവരെന്നും വിധി ന്യായത്തിലുണ്ടായിരുന്നു. കുമാര ദേവന്റെ ഉപദേശങ്ങളിലും ആഭരണങ്ങൾ ധരിക്കരുതെന്നുണ്ട്. അധകൃതർക്കായി ആദ്യം ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കാൻ തുടക്കമിട്ടത് ശ്രീ കുമാര ദേവനായിരുന്നു. 



സവർണ്ണ മേധാവിത്വത്തിന്റെ അടിമച്ചങ്ങലകളിൽനിന്നു മോചനം തേടിയുള്ള ഒരു കാഴ്ചപ്പാടായിരുന്നു കുമാര ദേവനുണ്ടായിരുന്നത്. പറയ,പുലയ,കുറവ,വേട്ടവ ജാതികളുടെയിടയിൽ വിഭാഗീയ ചിന്താഗതികൾ അപകടം പിടിച്ചതെന്ന് സ്വന്തം ജനങ്ങളെ മനസിലാക്കിക്കൊണ്ടിരുന്നു. 'അടിമകളുടെ 'സ്വാതന്ത്ര്യവും ലോകത്തിനു സമാധാനവും' എന്ന അദ്ദേഹത്തിൻറെ  മുദ്രാവാക്യം ഇന്നും സഭ പിന്തുടരുന്നു. 


മതപ്രഭാഷണങ്ങളിൽക്കൂടി ആയിരമായിരം ജനങ്ങളുടെ ജനപ്രീതി കുമാരൻ നേടിയിരുന്നു. ഏതു വിഷയങ്ങളും കൈകാര്യം ചെയ്തു സംസാരിക്കാൻ കഴിവുള്ള ഒരു വാഗ്മിയുമായിരുന്നു. ചർച്ചകളിലും യാഥാസ്ഥിതികരുമായുള്ള വാദപ്രതിവാദങ്ങളിലും കഴിവും വ്യക്തിത്വവും പ്രകടിപ്പിച്ചിരുന്നു. വിവേചനങ്ങൾക്കെതിരെ നാടുനീളെ പ്രസംഗിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അദ്ദേഹത്തിൻറെ പ്രവർത്തികൾ മേലാളൻമാരെ വെല്ലു വിളിച്ചുകൊണ്ടുള്ളതായിരുന്നു. എല്ലാ മതങ്ങളും തന്റെ സമൂഹമായ ദളിതരോട് അടിമത്വം അംഗീകരിക്കുന്നുവെന്ന ബോധ്യത്തിലാണ് അദ്ദേഹം അവരുടെ മുക്തിക്കായി പി ആർ ഡി ദൈവസഭ സ്ഥാപിച്ചത്. 


ദളിതർക്ക് സമത്വവും സ്വാതന്ത്ര്യവും കൈവരിക്കണമെങ്കിൽ അറിവ് സമ്പാദിക്കണമെന്നും ഒപ്പം സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നും ഗുരു പറയുമായിരുന്നു. അദ്ദേഹത്തിൻറെ ആശയങ്ങളെ വിപുലീകരിച്ച് പി ആർ ഡി ദൈവസഭയും ദളിതരുടെ നന്മക്കായി പ്രവർത്തിക്കുന്നു. ആത്മീയതയെ അടിസ്ഥാന മൂല്യങ്ങളായി സ്വീകരിച്ച് നല്ല ഉദ്യോഗം നേടാനും അർഹമായ വേതനം ആവശ്യപ്പെടാനും നല്ല വസ്ത്രം ധരിക്കാനും നിർദേശിക്കുന്നു. എങ്കിൽ മാത്രമേ അധകൃത ജനതയ്ക്ക് അവരുടെ മെച്ചമേറിയ ജീവിതം സാധ്യമാവൂയെന്നും സഭ കരുതുന്നു.     



1939നു ശേഷം പി ആർ ഡി ദൈവസഭ ആദ്ധ്യാത്മിക തലങ്ങളിൽ നല്ല കെട്ടുറപ്പുള്ള ഒരു സഭയായി വളരാൻ തുടങ്ങി. സഭയുടെ പ്രവർത്തനങ്ങളെ ലാക്കാക്കി ഒരു ആദ്ധ്യാത്മിക ഉപദേഷ്ടാസമിതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകൾ തിരിച്ചും ഉപദേഷ്ടാക്കളും അതിനു മുകളിൽ ഗുരുകുല സമിതിയുമുണ്ട്. സഭയുടെ ആരാധന രീതികളും അചാരാനുഷ്ടാനങ്ങളും ഗുരുദേവന്റെ കാലം മുതൽ ക്രോഡീകരിച്ചിരുന്നു. മനസിന്‌ ഇമ്പം നല്കുന്ന അനേക പ്രാർത്ഥനാ ഗീതങ്ങളും ഈ കാലഘട്ടങ്ങളിൽ രചിച്ചു. ഗുരുദേവൻ തന്നെ ഒരു ഗാനരചയിതാവും കവിയുമായിരുന്നു. കുട്ടികളുടെ കലാസംഘടനകളും സാഹിത്യവേദികളും സഭയോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ' ക്രിസ്ത്യൻ സഭകളും ലോകത്തിലെ ഇതര മതങ്ങളും പഠിപ്പിക്കുന്ന സ്വർഗവും നരകവും കളിപ്പിക്കലാണെന്നും സ്വർഗമെന്നു പറയുന്നത് ഈ ഭൂമിയാണെന്നും ‌ഭൂമിയിൽ പടുത്തുയർത്തേണ്ട സ്വർഗമാണ് ആദ്യം നേടേണ്ടതെന്നും' സഭ പഠിപ്പിക്കുന്നു.  'സ്വർഗീയസുഖം അനുഭവിക്കേണ്ടതും ഭൂമിയിൽനിന്നു വേണം. രക്ഷയെന്നുള്ളത് വെറും വിശ്വാസ സത്യത്തിലാകാതെ പ്രത്യക്ഷമായി നമ്മുടെ കണ്ണുകൾക്ക് സാക്ഷിയായി ലഭിക്കുന്നതായിരിക്കണം.' അടിസ്ഥാനപരമായി സഭയുടെ കെട്ടുറപ്പ് ഇത്തരം ആശയങ്ങളിലായിരിക്കണമെന്ന പ്രതീക്ഷകളിലാണ് പി ആർ ഡി ദൈവസഭാ വിശ്വാസികൾ ജീവിക്കുന്നത്. ശ്രീ കുമാര ഗുരുദേവന്റെ വീക്ഷണങ്ങളും ഈ തത്ത്വസംഹിതകളെ അടിസ്ഥാനമാക്കിയായിരുന്നു.  



ക്രൈസ്തവ സഭയോട് വിട പറയുന്ന സമയം യോഹന്നാൻ പാടിയ പാട്ടിന്റെ സാരാംശം ഇങ്ങനെ, "എന്റെ വംശത്തെപ്പറ്റി  എന്റെ സഭയുടെ തിരുവചനങ്ങളിൽ ഒരക്ഷരവും  കാണുന്നില്ല. എന്റെയും നിങ്ങളുടെയും പൂർവികരുടെ കഥകളെഴുതാൻ പണ്ട് ഈ ഭൂമുഖത്ത് ആരുമില്ലാതെ പോയി. "  പോത്തിന്റെയും കാളയുടെയും മാംസം വർജിക്കാൻ ശ്രീ കുമാര ഗുരുദേവ യോഹന്നാൻ  തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുമായിരുന്നു. നെല്ലു വിളയുന്ന വയൽപ്പാടങ്ങളിലെ ചെളിവെള്ളത്തിൽ ഉഴുതുവാനായി  കാളകളും പോത്തുകളോടൊപ്പം തന്റെ പൂർവികരുടെ കഴുത്തിലും ജന്മിമാർ നുകം വെച്ച കഥകളും അദ്ദേഹം പറയുമായിരുന്നു.  " പോത്തിനോടും കാളയോടുമൊപ്പം കഴുത്തിൽ നുകം വെച്ച് തളർന്നു വീഴുന്ന ദളിതനെ പാടത്തെ ചെളിവെള്ളത്തിൽ തമ്പ്രാക്കന്മാരായ ജന്മിമാർ ചവുട്ടി താഴ്ത്തുമ്പോൾ നിസഹായരായി നോക്കി നിന്നതും ഈ നാൽക്കാലി മൃഗങ്ങളായിരുന്നുവെന്ന്"   ദുഖത്തോടെ അദ്ദേഹം തന്റെ അനുയായികൾക്കു  പറഞ്ഞു കൊടുക്കുമായിരുന്നു. 1939 ജൂൺ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയൊന്നാം വയസ്സിൽ ധന്യനായ  ശ്രീ കുമാര ഗുരുദേവനെന്ന യോഹന്നാൻ മരിച്ചു. അടിമകളെപ്പോലെ കീഴ്ജാതിയിൽ ജീവിച്ചു വന്ന അധകൃതരായവരുടെ വിമോചകനായിരുന്നു അദ്ദേഹം. അബേദ്ക്കറിനെയും ശ്രീ നാരായണ ഗുരുവിനെയും പോലുള്ളവർ സവർണ്ണ ഹിന്ദുക്കൾക്കെതിരെ പോരാടിയെങ്കിൽ ജാതി പേടിച്ചോടി വന്ന അവർണ്ണ ക്രിസ്ത്യാനികളുടെ രക്ഷക്കായി സവർണ്ണ ക്രിസ്ത്യാനികൾക്കെതിരെ പൊരുതാനുള്ള ഒരു നിയോഗമായിരുന്നു ഗുരു കുമാര ദേവനുണ്ടായിരുന്നത്.  (തുടരും)



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...