Thursday, November 3, 2016

വൈറ്റ്ഹൗസ് സ്വപ്നം കാണുന്ന സ്ളാവിക്ക് സുന്ദരി മെലനിയ, ഒരു അവലോകനം


ജോസഫ് പടന്നമാക്കൽ

അമേരിക്കയുടെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ അടുത്ത പ്രസിഡന്റ് ആരെന്നറിയാൻ ഇനി അവശേഷിച്ചിരിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രം. 2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ചരിത്രപരവും കൗതുകകരവുമെന്നതിൽ സംശയമില്ല. സ്ഥാനാർഥികളായ റൊണാൾഡ്‌ ട്രംപും ഹില്ലരി ക്ലിന്റനും പരസ്പരം കുറ്റാരോപണങ്ങളും പരിഹാസങ്ങളും ഈ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചെന്നുള്ളതും ഒരു സവിശേഷതയായിരുന്നു. ആര് ജയിക്കുമെന്നുള്ളത് പ്രവചനങ്ങൾക്കും അതീതമാണ്. അമേരിക്കയുടെ പാരമ്പര്യ ചരിത്രത്തിന്റെ ചുരുളുകൾ അഴിക്കുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സാധ്യത കുറവാണ്. കൂടാതെ ഈമെയിൽ വിവാദത്തിൽ ഹിലരി കുടുങ്ങിയും കിടക്കുന്നു. മറുവശത്ത് ലൈംഗിക അപവാദത്തിൽ മങ്ങലേറ്റ ട്രംപ് പ്രതിയോഗിയുടെ ഇമെയിൽ വിവാദത്തെ മുറുകെപ്പിടിച്ചു മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങളിൽ കൂടി നാം ദർശിക്കുന്നത്. ആരു ജയിക്കും ആരു തോക്കുമെന്നുള്ളതും പ്രവചനാതീതം. ഒരു വശത്തു എബ്രാഹം ലിങ്കൺ മുതൽ മഹനീയമായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കുബേര ചക്രവർത്തി ട്രംപും മറുവശത്ത് പ്രഗൽപ്പയായ ഭരണാധികാരിയും അമേരിക്കയുടെ പ്രഥമ വനിതയുമായിരുന്ന ഹില്ലരി ക്ലിന്റണും നേർക്കു നേരെ പോരാടുമ്പോൾ ആർക്ക് വോട്ടു ചെയ്യണമെന്നുള്ള ചിന്താകുഴപ്പങ്ങളും വോട്ടർമാരിൽ വന്നു പെട്ടിട്ടുണ്ട്. ഇത്തരുണത്തിൽ നാം ഓർമ്മിക്കേണ്ട ഒരു സംഗതി ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ ഒപ്പം പ്രഥമ വനിത മെലനിയയും ട്രംപിനൊപ്പം വൈറ്റ് ഹൌസിന്റെ താക്കോൽ സൂക്ഷിപ്പുകാരിയാകും. പ്രസിഡന്റുമൊപ്പം കൈകോർത്തു പിടിച്ചു നടക്കേണ്ട അവർ ലോക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടും. പ്രസിഡന്റ് സ്ഥാനാർത്ഥി ട്രംപിന്റെ ഭാര്യയെന്ന നിലയിൽ മെലനിയയും ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. അവരെപ്പറ്റി കൂടുതലായറിയാൻ ചരിത്രകുതുകികളായവർ തീവ്രമായ ഗവേഷണങ്ങളും ആരംഭിച്ചതായി കാണാം. 

ഒരു സാധാരണ വീട്ടിൽ ഗ്രാമീണ കന്യകയെപ്പോലെയാണ് അവർ വളർന്നത്. മെലനിയയ്‍ക്ക് ഇളയ ഒരു സഹോദരിയുമുണ്ട്. ആദ്യകാലങ്ങളിൽ അവർ മോഡലിംഗ് ജീവിതം നയിച്ചിരുന്നത്   മിലാനിലും പാരീസിലുമായിരുന്നു. പതിനാറാം വയസ്സിൽ അവർ മോഡലിംഗ് തുടങ്ങി. പതിനെട്ടാം വയസിൽ മിലാനിലുള്ള ഒരു ഏജൻസിയുമായി ഒപ്പിട്ടു. 1996-ൽ അവർ ന്യൂയോർക്കിൽ വന്നു. പ്രസിദ്ധ ഫോട്ടോഗ്രാഫറന്മാരുടെ കീഴിൽ സ്ഥിരമായ ജോലിയുമുണ്ടായിരുന്നു. പാട്രിക്ക് ഡിമാർക്കല്ലെർ, ഹെൽമട്ട് ന്യൂട്ടൺ എന്നീ ഫോട്ടോഗ്രാഫർമാരോടൊപ്പം പ്രവർത്തിച്ചു. ഹാർപെഴ്‌ ബസാർ, ബൾഗേറിയാ, (Harper's Bazaar, Bulgaria), വാനിറ്റി ഫെയർ ഇറ്റലി, (Vanity Fair,Italy), ജി ക്യു ആൻഡ് സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ് സ്വിം സ്യൂട്ട് ഇഷ്യു, (GQ and Sports Illustrated Swimsuit Issue) എന്നീ മാസികകളുടെ കവർ പേജുകളിൽ അവരുടെ ഫോട്ടോകൾ സ്ഥിരം വരുമായിരുന്നു.

മെലനിയയും ട്രംപും 1998--ൽ ന്യൂയോർക്കിൽ വെച്ച് ഒരു പാർട്ടിയിൽ യാദൃച്ഛികമായി കണ്ടുമുട്ടി. പിന്നീട് രണ്ടു വർഷം അവർ യുറോപ്പിലായിരുന്നു. 2004-ൽ ട്രംപ് അവരോടു വിവാഹാഭ്യർത്ഥന നടത്തി. 2005 ജനുവരിയിൽ അവർ തമ്മിൽ വിവാഹിതരായി. ട്രംപിന്റെ വക ഫ്ലോറിഡയിലെ 'മാർലാഗോ' ക്ലബിൽ വെച്ചായിരുന്നു വിവാഹം. രാത്രികാലങ്ങളിൽ സാധാരണ അനേക കോൺഫറൻസുകൾ നടത്തുന്ന ഹാളാണ് അത്. അവർ വ്യവസായ മൊഗുലിന്റെ മൂന്നാമത്തെ ഭാര്യയാണ്. ആദ്യം ട്രംപ് വിവാഹം കഴിച്ചിരുന്നത് 'ഐവാനാ'യെന്ന ചെക്കോസ്ലൊവോക്യൻ മോഡലിനെയായിരുന്നു. ആ വിവാഹം 1977 മുതൽ 1992 വരെ നിലനിന്നു. അദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ മരിയാ മാപ്പിൾസുമായുള്ള വിവാഹ ബന്ധം 1993 മുതൽ 1999 വരെയായിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റാവുകയാണെങ്കിൽ മെലനിയ അമേരിക്കയുടെ ചരിത്രത്തിൽ ഒരു കമ്യുണിസ്റ്റ് രാജ്യത്തു വളർന്ന ആദ്യത്തെ പ്രഥമ വനിതയായിരിക്കും. 

'മെലനിയ' എന്ന സ്ളാവിക്ക് സുന്ദരി ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അറിയപ്പെട്ടിരുന്നത് മെലനിയാ ക്നാവ്സ് എന്നായിരുന്നു. നിശബ്ദതയിലെ സുന്ദരിയെന്നാണ് അവരെ അറിയപ്പെട്ടിരുന്നത്. 1970 ഏപ്രിൽ ഇരുപത്തിയാറാം തിയതി സ്ലോവേനിയായിൽ ഒരു നദീതീര പ്രദേശമായ സേവനിക്കയിൽ അവർ ജനിച്ചു. അന്ന് ആ രാജ്യം കമ്മ്യൂണിസ്റ്റ് യൂഗോസ്ലോവിയായുടെ ഭാഗമായിരുന്നു. 2001-ൽ അവർക്ക് അമേരിക്കയിൽ സ്ഥിരം താമസിക്കാനുള്ള ഗ്രീൻ കാർഡും 2006-ൽ പൗരത്വവും ലഭിച്ചു. ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ അവർ ജോൺ ക്വിൻസി ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡമിനു ശേഷം പുറം രാജ്യത്തു ജനിച്ച രണ്ടാമത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരിക്കും. പ്രസിഡന്റ് ജോൺ ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡം ജനിച്ചത് ഇംഗ്ലണ്ടിലായിരുന്നു.   

ഭർത്താവിനെപ്പോലെ വാതോരാതെ വർത്തമാനം പറയുന്ന സ്വഭാവം മെലനിയക്കില്ല. മിതഭാഷിയായ അവർ കുറച്ചു മാത്രമേ സംസാരിക്കുള്ളൂ. സൈബർ പേജിലോ ട്വീറ്റിലോ സമയം കളയാറില്ല. 2016 മാർച്ച് 27-നു അവർ ഹാപ്പി ഈസ്റ്റർ എന്നെഴുതി വെറും രണ്ടു വാക്കിൽ ട്വീറ്റു ചെയ്തു. അതിനു മുമ്പ് 2015-ൽ അവരുടെ പോസ്റ്റ് ഹാപ്പി ജൂലൈ ഫോർത്ത് എന്നായിരുന്നു. അവർ അഞ്ചടി പതിനൊന്നിഞ്ചു പൊക്കമുള്ള സ്ളാവിയൻ സൗന്ദര്യ പട്ടം കിട്ടിയ ഒരു മോഡലായിരുന്നു. പൊക്കത്തിന്റെ കാര്യത്തിൽ അവരെക്കാൾ പൊക്കം കൂടിയ പ്രഥമ വനിതകൾ വൈറ്റ് ഹൌസിൽ താമസിച്ചിട്ടുണ്ട്. മിഷാൽ ഒബാമയ്ക്കും അവർക്കൊപ്പം പൊക്കമുണ്ട്. അതുപോലെ എലനോർ റൂസ്‌വെൽറ്റിനും അവരോടൊപ്പം പൊക്കമുണ്ടായിരുന്നു. ഔദ്യോഗികമായ സ്ഥാനങ്ങൾ ഒന്നും തന്നെ വഹിച്ചിട്ടില്ലെങ്കിലും ഭർത്താവുമായുള്ള യാത്രാവേളകളിൽ പ്രസിദ്ധരായ അനേകരായും സൗഹാർദ ബന്ധത്തിലേർപ്പെടാൻ സാധിച്ചിട്ടുണ്ട്. സ്ലോവേനിയ ഭാഷ കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും സെർബിയനും ജർമ്മനും നല്ലവണ്ണം സംസാരിക്കും.

മെലനിയ-ട്രംപ് ദമ്പതികൾക്ക് ഒരു കുട്ടിയും ട്രംപിന്റെ മുൻ ഭാര്യമാരിലുള്ള മറ്റു നാല് മക്കളുമുണ്ട്‌. അവരുടെ മകൻ 'ബാറൻ' സ്ലോവേനിയൻ ഭാഷ ഭംഗിയായി സംസാരിക്കും. പിതാവ് ഒരു കാർ കച്ചവടക്കാരനും 'അമ്മ ഫാഷൻ ഡിസൈനറുമായിരുന്നു.

സൗന്ദര്യപ്പട്ടം നേടിയ അവരുടെ പടങ്ങൾ വർഷങ്ങളായി പ്രമുഖ മാഗസിനുകളുടെ കവർപേജുകളിൽ വരാറുണ്ട്. വോഗ്, ഹാർപെഴ്‌സ് ബസാർ, ഓഷ്യൻ ഡ്രൈവ്, അവന്യൂ, ഇൻ സ്റ്റൈൽ, ന്യൂയോർക്ക് മാഗസിൻ മുതലായ പ്രസിദ്ധീകരണങ്ങളിലാണ് അവരുടെ മികവുറ്റ ശരീര ഭാഗങ്ങളോടെയുള്ള പടങ്ങൾ കൂടുതലായും പ്രസിദ്ധീകരിക്കാറുള്ളത്. ബ്രിട്ടീഷ് ജി ക്യു മാഗസിനിൽ ഡൈമൻഡ് ധരിച്ചുകൊണ്ടും കൈകളിൽ പിസ്റ്റൾ ചൂണ്ടിയും വിലങ്ങുമായി നിൽക്കുന്ന മാദക റാണിയെപ്പോലുള്ള ഫോട്ടോകൾ വിവാദപരമായിരുന്നു. യാഥാസ്ഥിതികനായ റ്റെഡ് ക്രൂസുമായി ഡൊണാൾഡ് ട്രംപ് അതിനെപ്രതി കടുത്ത വാക്കുകൾ കൊണ്ടുള്ള യുദ്ധവും നടത്തി. അത്തരം പടങ്ങൾ സദാചാര വിരുദ്ധമെന്ന് യാഥാസ്തിക ലോകത്തിനു തോന്നുമെങ്കിലും പരസ്യ വിപണികളിലും വ്യവസായിക ലോകത്തിനും അതൊരു പ്രശ്നമല്ല. അമേരിക്കയെ സംബന്ധിച്ച് അത്തരം പടങ്ങൾ നിയമവിരുദ്ധവുമല്ല. ഫാഷൻ ലോകത്തുനിന്നും അമേരിക്കയിൽ ഒരു പ്രഥമ വനിത ആദ്യമാണെങ്കിലും ഫ്രഞ്ച് പ്രഥമ വനിതയായിരുന്ന 'കാർലാ ബ്രൂണിയും' ഇതുപോലെ ശരീര ഭംഗി കാണിച്ചുകൊണ്ടുള്ള പടങ്ങളുമായി ഫാഷൻ ലോകത്തിൽ നിന്നും ഉയർന്നുവന്നതാണ്. അവരുടെ മോഡലിംഗ് കാലങ്ങളിലും നഗ്‌നമായ ഫോട്ടോകൾ ലോക മാഗസിനുകളിൽ നിറഞ്ഞു നിന്നിരുന്നു. 

നഗ്ന ഫോട്ടോകളെ സംബന്ധിച്ചും ട്രമ്പിനു വിശദീകരണമുണ്ട്. 'ഈ ഫോട്ടോകൾ മെലനിയയെ പരിചയപ്പെടുന്നതിനു മുമ്പുള്ളതാണ്. മെലനിയ പ്രൊഫഷണൽ നിലവാരങ്ങളിൽ അങ്ങേയറ്റം  ശോഭിച്ച വ്യക്തിപ്രഭാവം നിറഞ്ഞ ഒരു മോഡൽ ഗേളായിരുന്നു. യൂറോപ്പിൽ അത്തരം പടങ്ങൾ ഫാഷൻന്റെ ഭാഗങ്ങളാണ്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ അത് സാധാരണവുമാണ്. ഒരു രാജ്യത്തുള്ള സാംസ്‌ക്കാരികതയെ വ്യക്തിഹത്യയായി കാണുന്നതും ബാലിശ ചിന്താഗതിയാണ്.
മെലനിയ പ്രൊഫഷണലായി ഫാഷൻ ലോകത്ത് ഉയർന്നുവെങ്കിലും ഒരു കോളേജ് ഡിഗ്രി നേടാൻ അവർക്ക് കഴിഞ്ഞില്ല. സ്ലോവേനിയാ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ ആൻഡ് ഡിസൈനിങ്ങിൽ കോഴ്സുകൾ മുഴുവനും പൂർത്തിയാക്കിയിട്ടുണ്ട്. പിന്നീട് അവർ സ്കിൻ കെയർ (Skin Care) ബിസിനസിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. 2016 ജൂലൈയിൽ സി.എൻ.എൻ. ടെലിവിഷൻ റിപ്പോർട്ടർമാരുടെ അന്വേഷണത്തിലാണ് അവർ ആ യൂണിവേഴിസിറ്റിയിൽനിന്നും ഗ്രാഡുവേറ്റു ചെയ്തില്ലെന്ന് സ്ഥിതികരിച്ചത്. മെലനിയ ഒരിക്കലും അവരുടെ വിദ്യാഭ്യാസ യോഗ്യതകളെപ്പറ്റി ആരുമായും വെളിപ്പെടുത്തിയിരുന്നില്ല.    

മെലനിയ 2010-ൽ ടൈംപീസ് ആൻഡ് ഫാഷൻ ജ്യുവലറിയെന്ന പേരിൽ ഒരു ബിസിനസ് നടത്തിയിരുന്നു. 2010 ഫെബ്രുവരിയിൽ ഹോം ഷോപ്പിംഗ് നെറ്റ് വർക്കായി തുടങ്ങിയ ഈ ബിസിനസിൽ ഡൊണാൾഡായിരുന്നു ആദ്യത്തെ അവരുടെ പറ്റുപടിക്കാരൻ. നാൽപ്പത്തിയഞ്ച് മിനിറ്റുകൊണ്ട് മെലനിയായുടെ വില്പനയ്ക്കു വെച്ചിരുന്ന ഉൽപ്പന്നങ്ങൾ മുഴുവനായി  വിറ്റഴിഞ്ഞുവെന്നുള്ളതു അവരെ സംബന്ധിച്ചു വിസ്മയകരമായിരുന്നു. 2013-ൽ അവർ സ്കിൻ കെയർ (Skin care) സംബന്ധിച്ച ബിസിനസും തുടങ്ങി. മെലനിയ കാവിയർ കോംപ്ലെക്സ്‌ സി 6 ("Melania™ Caviar Complexe C6.) എന്ന പേരിൽ ആ സ്ഥാപനം പ്രവർത്തിച്ചു. അവരുടെ മകൻ 'ബാറൺ' എന്നും കിടക്കുന്നതിനുമുമ്പ് കുളി കഴിഞ്ഞശേഷം ഈ സ്കിൻ ഓയിന്റ്മെന് പെരട്ടുന്നുവെന്നു ഡെയിലി മാൾ (Daily Mall) പത്രത്തോടായി അവർ പറഞ്ഞു. അനേക ടെലിവിഷൻ കൊമേഴ്ഷ്യലിൽ മെലനിയ പങ്കു ചേരാറുണ്ട്. ബാർബറാ വാൾട്ടേർഴ്‌സിനൊപ്പം അവർ കോ ഹോസ്റ്റായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ അവരുടെ ഭർത്താവിന്റെ അപ്രന്റിക്സ് (Apprentice) ഷോകളിലും സജീവമായിരുന്നു. 

2005-ൽ ന്യൂയോർക്ക് പോസ്റ്റിന്റെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന പാലോ സമ്പോളിയുമായി മെലനിയായ്‍ക്ക് ഒരു അഭിമുഖ സംഭാഷണമുണ്ടായിരുന്നു. അതിൽ 'പാലോ' പറഞ്ഞിരിക്കുന്നു, 'അവർ അസാധാരണമായി മാത്രമേ വീടു വിട്ടു പുറത്തു പോകാറുള്ളൂ. ക്ലബിലും ബാറിലും ഒരിക്കലും പോയിട്ടില്ല. ഡൊണാൾഡിനെ കണ്ടുമുട്ടുന്നതിനു മുമ്പ് അവർ ആരുമായും മൈത്രിബന്ധം പുലർത്തിയിരുന്നില്ല. അതിനുമുമ്പ് ഒരു പുരുഷനുമായും ഡേറ്റും ചെയ്തിട്ടില്ല. സിനിമയ്ക്കും ജിംനേഷ്യത്തിലും പോവുന്ന സമയം തനിയെ മാത്രമേ പോവുമായിരുന്നുള്ളൂ. ക്യാമൽ സിഗരറ്റിൻറെ മോഡലായി അവർ ടൈംസ് സ്‌കൊയറിൽ പോയിരുന്നു. എങ്കിലും എല്ലാ സമയവും വീട്ടിൽ തന്നെ വീട്ടുകാര്യങ്ങളും നോക്കി ജീവിക്കാനാണ് അവർക്കിഷ്ടം. അവർ ഒരിക്കലും പാർട്ടിമേളകളിൽ താല്പര്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നില്ല. 

ഫാഷൻ ഷോകളിലും മറ്റും അവർ ശരീര ഭാഗങ്ങൾ കാണിച്ചുകൊണ്ട് മത്സര രംഗത്തും പരസ്യ വിപണികളിലും പ്രവർത്തിച്ചിരുന്നെങ്കിലും സ്വകാര്യ ജീവിതത്തിൽ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അവർക്കുള്ളത്. 1999-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് മത്സരത്തിനായി ശ്രമിച്ചിരുന്നു. അന്ന് ഡൊണാൾഡ് അവരുടെ കൂട്ടുകാരൻ മാത്രമായിരുന്നു. അവർ ന്യൂയോർക്ക് ടൈംസുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു, "ഞാൻ പാരമ്പര്യത്തിൽ വിശ്വസിക്കുന്ന ഒരു സ്ത്രീയാണ്. എന്നും അങ്ങനെതന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കയുടെ പ്രഥമ വനിതകളായിരുന്ന 'ബെറ്റി ഫോർഡിനെപ്പോലെയും' 'ജാക്കി കെന്നഡിയെപ്പോലെയും' ഒരു കുടുംബിനിയായി ജീവിക്കാനാണ് താൻ താൽപര്യപ്പെടുന്നത്." അവർ ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ സ്വർണ്ണ ബിക്കിനിയിട്ടും മോഡലിംഗ് ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രൈവറ്റ് ജെറ്റിലായിരുന്നു അന്ന് ആ പടമെടുത്തത്.

ആദ്യം ഡൊണാൾഡിനെ കണ്ടപ്പോൾ അവർക്ക് പ്രേമമൊന്നും തോന്നിയില്ലായെന്നു പറയുന്നു. 1998-ൽ ന്യൂയോർക്കിലെ കിറ്റ് കാറ്റ് ക്ലബിൽ വെച്ചാണ് ഒരു ഫാഷൻ ഷോയിൽ ഡൊണാൾഡ് തന്റെ ഭാവിവധുവായ മെലനിയെ കണ്ടുമുട്ടിയത്. ഡൊണാൾഡ് ആദ്യം അവരുടെ ടെലിഫോൺ നമ്പർ ചോദിച്ചപ്പോൾ മെലനിയാ നിരസിക്കുകയാണുണ്ടായതെന്നു ന്യൂയോർക്ക് പോസ്റ്റിന്റെ എഡിറ്റർ 'മോൾനാർ' പറയുന്നു. പകരം അവർ ഡൊണാൾഡിന്റെ നമ്പർ മേടിച്ചു. ഏതാനും ദിവസങ്ങൾക്കകം മെലനിയാ ഡൊണാൾഡിനെ ടെലിഫോണിൽ വിളിക്കുകയുമുണ്ടായി.

ഡൊണാൾഡ്‌മായി വിവാഹത്തിനു മുമ്പ് ഇരുവരുടെയും ഭാവിയിലെ സ്വത്തവകാശങ്ങളുടെ പേരിലുള്ള ഒരു ഉടമ്പടി 2005-ൽ മെലാനിയാ ഒപ്പു വെച്ചിരുന്നു. ഡൊണാൾഡ് പറഞ്ഞതുപോലെ അത്തരം ഒരു ഉടമ്പടി (prenuptial agreement) സന്തോഷപൂർവമാണ് അവർ ഒപ്പുവെച്ചത്. ബന്ധം വേർപെടേണ്ടി വന്നാലും ഡൊണാൾഡിന്റെ സ്വത്തുക്കളൊന്നും ആഗ്രഹിക്കാതെ പൂർണ്ണ സമ്മതോടെ ആ ഉടമ്പടിയിൽ ഒപ്പുവെച്ചതും അവരുടെ മഹത്വം അവിടെ പ്രകടമാക്കുന്നു. ആഘോഷ പൂർവമായിരുന്ന ആ വിവാഹ ചടങ്ങിൽ ക്ലിന്റണും ഹിലരിയും അന്നു സംബന്ധിച്ചിരുന്നു.
കഴിഞ്ഞ ജൂലയ് മാസത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഭാര്യയെന്ന നിലയിൽ റിപ്പബ്ലിക്കൻ കൺവൻഷനിൽ അവർക്ക് ഒരു പ്രസംഗം ചെയ്യേണ്ടതായി വന്നു. അവർ ചെയ്ത പ്രസംഗത്തിന്റെ തുടർച്ചയിൽ ഏതാനും ഭാഗങ്ങൾ മിഷാൽ ഒബാമയുടെ എട്ടുവർഷം മുമ്പു നടത്തിയ പ്രസംഗത്തിന്റെ കോപ്പിയായതും വിവാദമായി. മിഷാൽ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഉത്തരവാദിത്വം ട്രംപിന്റെ സ്റ്റാഫ്‌ റിപ്പോർട്ടറായ
മെറീഡിത് മക്ലവർ (Meredith McIver)ഏറ്റെടുത്തു. അവർ മിഷാലിന്റെ പ്രസംഗത്തിന്റെ ഭാഗം അവിചാരിതമായി ചേർത്തതെന്നും പറഞ്ഞു. അവരുടെ വിവരണം ഇങ്ങനെ 'മെലനിയായുടെ  പ്രസംഗം തയ്യാറാക്കുന്ന ജോലിയിലുള്ള സംഭാഷണമദ്ധ്യേ മെലനിയാ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് മിഷാൽ ഒബാമയെന്നു പറഞ്ഞു. മിഷാൽ ഒബാമയുടെ ചില ഉദ്ധരണികൾ അവർ ടെലഫോണിൽക്കൂടി പറഞ്ഞു തരുകയും ചെയ്തു. അവർ ടെലിഫോണിൽ പറഞ്ഞതുപോലെ പ്രസംഗവും തയ്യാറാക്കി. അതിൽ പൂർണ്ണമായും മെലനിയയെ കുറ്റപ്പെടുത്തേണ്ടന്നും മക്ലവർ പ്രതികരിച്ചിരുന്നു.

അമേരിക്കയുടെ പ്രഥമ വനിതയാകാൻ സാധ്യതയുള്ള അവരുടെ പ്രൊഫൈൽ ഒരു റിപ്പോർട്ടറായ ജൂലിയാ ലോഫേ (Julia Ioffe) തയ്യാറാക്കിയപ്പോൾ അവർക്ക് രഹസ്യമായ ഒരു സഹോദരനുണ്ടെന്നു കണ്ടെത്തിയിരുന്നു. മെലനിയയുടെ പിതാവ് വിക്റ്റർ ക്നാവ് കഠിനാദ്ധ്വാനിയും പാരമ്പര്യത്തിൽ വിശ്വസിക്കുന്നയാളുമായി വിശേഷിക്കപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് മെലനിയയുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു പുത്രനുണ്ടായിരുന്ന കാര്യം അതീവ രഹസ്യമായിരുന്നു. കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന കാര്യമായതുകൊണ്ടു അങ്ങനെയൊരു മകനെപ്പറ്റി കുടുംബം മറ്റുള്ളവരിൽനിന്നും ഒളിച്ചു വെച്ചിരുന്നു. വിവാഹത്തിന് പുറത്തുള്ള ആ മകന്റെ പേര് 'ഡെന്നിസ് സിജൽജാക്സ്' (Denis Cigelnjak's) എന്നായിരുന്നു. മകനാണെന്നു കോടതിവഴി തെളിഞ്ഞതിനാൽ ആ കുട്ടിയ്ക്കുള്ള ചെലവുകൾ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കലും ആ പിതാവിന് ഡെന്നിസ് തന്റെ മകനെന്നു അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. ആ മകന് ഇപ്പോൾ അമ്പത് വയസു പ്രായമുണ്ട്. അയാൾ കുടുംബത്തിന്റെ സ്വദേശമായ സ്ലോവേനിയായിൽ തന്നെ താമസിക്കുന്നു. അങ്ങനെയൊരു സഹോദരനെപ്പറ്റി മെലനിയയ്‍ക്ക് വർഷങ്ങളായി അറിയാമായിരുന്നുവെന്നു സമ്മതിക്കുകയും ചെയ്തു.  

ഡൊണാൾഡ് ട്രംപ് ലൈംഗികപരമായ അശ്ളീല പദങ്ങൾ ഉപയോഗിക്കുന്ന വീഡിയോ കണ്ടപ്പോൾ മെലനിയയിൽ വിസ്മയമുളവാക്കി. അവർ അതിൽ ട്രംപിനെ ന്യായികരിക്കുകയാണുണ്ടായത്. ട്രംപ് തന്റെ സ്വകാര്യ ജീവിതത്തിൽ ഒരിക്കലും അസഭ്യ വാക്കുകൾ പുലമ്പുന്ന സ്വഭാവക്കാരനല്ലെന്നും പറഞ്ഞു. എൻ.ബി.സി ഹോസ്റ്റ് 'ബില്ലി ബുഷ്' പ്രേരിപ്പിച്ചതുകൊണ്ടാണ് ഒരു ദുർബല നിമിഷത്തിൽ ട്രംപ് സമനില തെറ്റി അശ്ളീല പദങ്ങൾ ഉപയോഗിച്ചതെന്ന് മെലനിയാ സ്വന്തം ഭർത്താവിനെ ന്യായികരിച്ചുകൊണ്ടു പറയുന്നുമുണ്ട്. അവർ ഭർത്താവിനോടായി പറഞ്ഞു, "ഡൊണാൾഡ്, നിങ്ങൾ ഉപയോഗിച്ച ആ ഭാഷ തികച്ചും പാകതയുള്ള ഒരാളിന്റെയല്ലായിരുന്നു. അത് അംഗീകരിക്കാൻ എനിക്കു സാധിക്കില്ല. ഞാൻ അറിയുന്ന ഡൊണാൾഡ് എന്ന മനുഷ്യനെയല്ല ആ വീഡിയോയിൽ കണ്ടത്. നിങ്ങളുടെ വൈകൃതമായ ആ സംസാരം എന്നെ സംബന്ധിച്ച് വിസ്മയകരമായിരുന്നു." പാകതയില്ലാത്ത ആ വർത്തമാനത്തിൽ ഡൊണാൾഡ് തന്നോട് ക്ഷമ ചോദിച്ചുവെന്നും മെലനിയ പറഞ്ഞു. വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന ആ സംഭാഷണം തന്നെ സംബന്ധിച്ച് അതൊരു പ്രശ്നമല്ലെന്നും അവർ  കൂട്ടിച്ചേർത്തു. വായിൽ നിന്നും വരുന്ന വാക്കാലുള്ള പ്രവർത്തനങ്ങൾ ഒരു ലൈംഗിക പീഡനമല്ലെന്നും അവർ വിശ്വസിക്കുന്നു. കുറ്റവാളികൾ മെക്സിക്കോ ബോർഡർ കടക്കുന്നതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടായിരുന്നു. 'അദ്ദേഹം മെക്സിക്കക്കാരെ അവഹേളിച്ചതല്ലെന്നും നിയമപരമായല്ലാതെ അനധികൃതമായി കുടിയേറുന്നവരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും' സ്ഥാപിച്ചുകൊണ്ട് മെലനിയ ഭർത്താവിനെ ന്യായികരിച്ചു.
ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ ഗൗരവപൂർവം കാര്യക്ഷമമായി പ്രവർത്തിക്കാൻ മെലനിയ ഭർത്താവിനെ ഉപദേശിക്കാറുണ്ട്. അരിസോണയിലെ ഒരു റാലിയിൽ ഡൊണാൾഡ് ട്രംപ്  ജനക്കൂട്ടത്തോടായി പറഞ്ഞു, "എന്റെ ഭാര്യയും മൂത്ത മകൾ ഐവാൻകായും എന്റെ പെരുമാറ്റ രീതിയെ അംഗീകരിക്കാറില്ല. ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെപ്പോലെ പെരുമാറാൻ കൂടെക്കൂടെ  അവരെന്നെ ഓർമ്മിപ്പിക്കുന്നു." ഭർത്താവിന് രാഷ്ട്രീയ ഉപദേശം കൊടുക്കുമ്പോൾ മെലനിയാ ഒരിക്കലും ലജ്ജിക്കാറില്ല. അവർ സി എൻ എൻ പ്രതിനിധിയോടു പറഞ്ഞു, "എന്റെ അഭിപ്രായങ്ങൾ ഞാൻ അദ്ദേഹത്തോട് തുറന്നുപറയും. ഒന്നല്ല, അനേക പ്രാവിശ്യങ്ങൾ. അദ്ദേഹം പറയുന്നതെല്ലാം ഞാൻ സമ്മതിക്കില്ല. എനിയ്ക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റെ വ്യക്തിത്വത്തെ അദ്ദേഹം എന്നും മാനിക്കാറുണ്ട്. ഞാനും ഡൊണാൾഡും തമ്മിലുള്ള ബന്ധത്തിലും അതൊരു പ്രധാന ഘടകമാണ്."

ഡൊണാൾഡിന്റെ തനി പകർപ്പുപോലെയാണ് അവർ മകനെ വളർത്തുന്നത്. ലിറ്റിൽ ഡൊണാൾഡെന്നാണ് സ്നേഹപൂർവ്വം മകനെ വിളിക്കാറുള്ളത്. പത്തു വയസുള്ള 'ബാറൺ' എപ്പോഴും സ്യൂട്ടും ടൈയും ധരിക്കാൻ ഇഷ്ടപ്പെടുന്നു. അപ്പനുമൊത്ത് ഗോൾഫ് കളിക്കാൻ പോവും. അപ്പനെപ്പോലെ തന്നെ ചുറ്റുമുള്ളവരെ ഭരിക്കാനും ശ്രമിക്കുന്നു. അവനെ നോക്കുന്ന നാനിയെയും വീട്ടു ജോലിക്കാരെയും അപ്പൻ പറയുന്നപോലെ ഫയർ ചെയ്തെന്നു പറയും. ചെറുക്കന്റെ ആജ്ഞ ഒരു തമാശപോലെ അവർ അനുസരിക്കും. വീണ്ടും അവരെ മടക്കി വിളിക്കും. ഇതാണ് അവന്റെ ഹോബി. അപ്പൻ എപ്പോഴും ബിസിനസ് സംബന്ധമായി തിരക്കിലായതുകൊണ്ടു കൂടുതൽ സമയവും അമ്മയോടൊപ്പമാണ് മകൻ സമയം ചെലവഴിക്കുന്നത്. മെലനിയ പറയുന്നു, "അവനു തങ്ങളുടെ രണ്ടുപേരുടെയും മുഖഛായ ഉണ്ടെങ്കിലും വ്യക്തിത്വം മുഴുവൻ അപ്പന്റേതാണ്. അതുകൊണ്ടാണ് ഞാൻ അവനെ ലിറ്റിൽ ഡൊണാൾഡെന്നു വിളിക്കുന്നത്."  'അവൻ നല്ല ഉറച്ച മനസുള്ളവനും കാര്യപ്രാപ്തിയുള്ളവനുമാണെന്നു' അവന്റെ അദ്ധ്യാപകരും പറയുന്നു.

ഡൊണാൾഡിനു തന്റെ ഭാര്യയെപ്പറ്റി പറയുമ്പോൾ ആയിരം നാവുകളാണുള്ളത്. അദ്ദേഹം മെലനിയയെപ്പറ്റി കൂടെക്കൂടെ പറയാറുള്ളത് "അവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ട നല്ലയൊരു അമ്മയെന്നാണ്. ഞങ്ങളുടെ മകൻ ബാറനെ മെലനിയ ജീവനു തുല്യമായി സ്നേഹിക്കുന്നു." അതുപോലെ ഡൊണാൾഡിന്റെ മറ്റു മക്കളെയും അവർക്കു ജീവനാണ്. മക്കളെല്ലാവരുടെയും   ഏതാവശ്യത്തിനും മെലനിയ അവരോടൊപ്പമുണ്ട്. ഡൊണാൾഡ് പറയുന്നു, "മെലനിയ ഇനിമേൽ ഭാവിയിൽ എഴുതാൻ പോവുന്ന ചരിത്രത്തിലെ അവിസ്മരണീയമായ പ്രഥമ വനിതയായിരിക്കും. അവൾ അടുത്ത ജാക്വ്‌ലിൻ കെന്നഡിയായിരിക്കും." ജാക്വലിൻ കെന്നഡിയുടെ ജീവചരിത്രമെഴുതിയ 'പമേല കീ'  ഡെയിലി മെയിലിനോട് പറഞ്ഞു, 'അവർ ജെ എഫ് കെ യുടെ പ്രസിദ്ധിയേറിയ ജാക്കിയെപ്പോലെ തന്നെയാണ്. സുന്ദരിയും മിടുക്കിയും കാര്യപ്രാപ്തിയുള്ളവരുമാണ്. അവർക്ക് അവരുടേതായ അഭിപ്രായങ്ങളുമുണ്ട്. ബെറ്റി ഫോർഡിനെപ്പോലെയോ ജാക്വിലിനെപ്പോലെയോ കുലീനത്വമുള്ള പ്രഥമ വനിതയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു.'

'ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജയിച്ചാലും വിജയിക്കുന്നത് മെലനിയാ ആയിരിക്കും.' ഇത് പറഞ്ഞത് ഡെയിലി ടെലഗ്രാഫിന്റെ റിപ്പോർട്ടർ 'സെലിയാ വാൽഡൺ (Celia Walden) ആണ്. മെലനിയ തന്റെ സ്വപ്ന ഭൂമിയായ അമേരിക്കയിൽ രണ്ടു പതിറ്റാണ്ടോളം ജീവിച്ചു. ഭാവിയിലും എന്തുതന്നെ സംഭവിച്ചാലും ഈ രാജ്യത്തിന്റെ മഹത്വത്തിനുവേണ്ടി പ്രവർത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നതും. എന്നും തനിക്കു സൗഭാഗ്യങ്ങൾ നൽകിയ ഈ രാജ്യത്തിനു നല്ലതു ഭവിക്കണമെന്നുള്ളതാണ് അവരുടെ അഭിലാക്ഷവും. ഒന്നുകിൽ അവരുടെ ഭർത്താവു ഡൊണാൾഡ് ചരിത്രം ഭേദിച്ചുള്ള പ്രസിഡന്റ് അല്ലെങ്കിൽ അവർക്കും അവരുടെ ഭർത്താവിനും പൊതു ജീവിതത്തിലെ വലിയ പരാജയവും സംഭവിക്കാം. രണ്ടാണെങ്കിലും മെലനിയ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.


  







http://www.kalavedionline.com/index.php?cat=Special&news=3495
http://emalayalee.com/varthaFull.php?newsId=132170

JP News

http://www.malayalamdailynews.com/?p=254425




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...