Saturday, October 20, 2018

ശബരിമല ക്ഷേത്രവും യുവതികളുടെ പ്രവേശനവും, അവലോകനം


ജോസഫ് പടന്നമാക്കൽ

അയ്യപ്പ ശാസ്താവിന്റെ പ്രതിഷ്ഠയിലുള്ള ശബരിമല അമ്പലം കേരളത്തിന്റെ കിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയിലുള്ള നിലയ്ക്കൽനിന്നും ഇരുപത്തിമൂന്നു മൈൽ ദൂരെ ഉൾവനങ്ങൾ കടന്നുള്ള വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്നു. പുരുഷന്മാർക്കും പത്തു വയസ്സിനു താഴെയുള്ള ബാലികാമാർക്കും അമ്പതു വയസിനു മുകളിലുള്ള സ്ത്രീകൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന ഈ അമ്പലത്തിൽ പുതിയ സുപ്രീം കോടതി വിധിയോടെ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള നിയമം വന്നിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെയുള്ള  പ്രതിക്ഷേധങ്ങൾ കേരളമൊന്നാകെ ഇന്ന് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിധ്വനി ലോകമെമ്പാടെയുള്ള മലയാളികളിലും മുഴങ്ങി കേൾക്കാം.

പന്തളത്തു രാജാവിന്റെ വളർത്തുപുത്രനായ മണികണ്ഠനും അയ്യപ്പനും ഒന്നാണെന്നുള്ള വിശ്വാസമാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  മണികണ്ഠൻ അയ്യപ്പന്റേയോ ശാസ്താവിന്റെയോ മനുഷ്യരൂപമെന്നാണ് വിശ്വാസം. കഥയനുസരിച്ച് മണികണ്ഠൻ നൈഷ്ഠിക ബ്രഹ്മചാരിയാകുന്നു. അതേ  സമയം മണികണ്ഠന്റെ മനുഷ്യശരീരം ശബരിമല ശാസ്താവെന്ന ബ്രഹ്മത്തിൽ ലയിച്ചുവെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ശാസ്താവായ  ദൈവത്തെ മണികണ്ഠൻ എന്നും വിളിക്കുന്നത്. ധർമ്മശാസ്താ അഥവാ അയ്യപ്പനെന്നുള്ളത് അവിവാഹിതനായ ഒരു ദൈവമാണ്. എന്നാൽ തമിഴ് ഐതിഹ്യം അനുസരിച്ച് ശാസ്താവ് വിവാഹിതനാണ്. ശാസ്താവിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. അച്ചൻ കോവിലാറിനടുത്ത് മറ്റൊരു അയ്യപ്പൻറെ അമ്പലവും ഉണ്ട്. 'പുഷ്കല എന്നും പൂർണ' എന്നുമായിരുന്നു ഭാര്യമാരുടെ പേരുകൾ. അച്ചൻകോവിലിനുള്ളിലെ അയ്യപ്പനെ പൂജിക്കുന്നത് രണ്ടു ഭാര്യമാർ എന്ന നിലയിലാണ്.

ശാസ്താവിനോടുള്ള ആരാധന ശബരിമലയിൽ മണികണ്ഠനു മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഇന്നും ശബരിമലയിൽ ആരാധിക്കുന്നത് ധർമ്മ ശാസ്താവെന്ന നിലയിലാണ്. അല്ലാതെ പന്തളം രാജാവിന്റെ ദത്തുപുത്രൻ മണികണ്ഠനെന്ന നിലയിലല്ല. ഓരോ സ്ഥലത്തും നിലനിന്നു പോരുന്ന  ഐതിഹ്യ കഥകൾ മാറ്റാനും എളുപ്പമല്ല. ശാസ്താവ്  വിവാഹിതനായ ദൈവമായതുകൊണ്ടു ബ്രഹ്മചാരിയായ അയ്യപ്പനെന്ന ഒരു ദൈവവുമായി യോജിപ്പിക്കാനും സാധിക്കില്ല. യുക്തി സഹജവുമല്ല.

മത വിശ്വാസങ്ങൾ എല്ലാം തന്നെ മനുഷ്യ നിർമ്മിതമാണ്. ഒരു വിശ്വാസവും ദൈവത്തിന്റെ കരവേലകൾകൊണ്ട് നിർമ്മിച്ചതല്ല. ക്രിസ്തീയതയിൽ പത്തു ദൈവ കൽപ്പനകൾ മോസ്സസിന്'  കൊടുത്തതായി വിശ്വസിക്കുന്നു. എന്നാൽ ഹിന്ദു മതത്തിന് അങ്ങനെ ദൈവ കല്പനകളായി ഒന്നും തന്നെയില്ല. എല്ലാ പാരമ്പര്യ വിശ്വാസങ്ങളും കാലാകാലങ്ങളായി അതാത് ദേശത്തിനൊത്തു വന്നതാണ്. പലതും ഐതിഹ്യ കഥകൾകൊണ്ട് കോർത്തിണക്കിയതാണ്.  സ്ത്രീകൾ അയ്യപ്പൻറെ വിഗ്രഹത്തിനു മുമ്പിൽ എത്തിയാൽ  അയ്യപ്പൻറെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു ആരുടെയോ ഭാവനയിലും മുളച്ചുവന്നു. അടിസ്ഥാനമില്ലാത്ത ഈ വിശ്വാസം ഒരു പുരാണത്തിലും സൂചിപ്പിച്ചിട്ടില്ല. മനുഷ്യൻ വാമൊഴിയായി തുടർന്ന ഒരു പാരമ്പര്യം മാത്രമേ അതിൽനിന്നും മനസിലാക്കേണ്ടതുള്ളൂ.

ദൈവവും മനുഷ്യരും തമ്മിൽ വ്യത്യാസമുണ്ട്. ദൈവം എന്നത് എല്ലാ വൈകാരിക ഭാവാദികൾക്ക് അധീനമെന്നാണ് വെപ്പ്. ഭൗതികമായും വൈകാരികമായുമുള്ള ചിന്തകളിൽനിന്നും ദൈവം വേറിട്ട് നിൽക്കുന്നു. ദൈവം സൃഷ്ടിയായ സ്ത്രീയെ ആകർഷിക്കുന്ന ഒരു സത്തയല്ല. ദൈവമെന്നു പറയുന്നത് മായാലോകത്തിൽനിന്നും ഉപരിയായ അനാദിയെന്നും മതം പഠിപ്പിക്കുന്നു. മനുഷ്യൻ അതിന്റെ ഘടകം മാത്രം. ഹിന്ദു മതം അനുസരിച്ച് ഓരോ സൃഷ്ടിയും ദൈവതുല്യമായിട്ടാണ്, കരുതുന്നത്. ഓരോ ജീവജാലങ്ങളിലും ആത്മം കുടികൊള്ളുന്നു. അവനിലെ ആത്മം സ്വതന്ത്രമാകുമ്പോൾ അവൻ തന്നെ ദൈവമാകുന്നു. അതാണ് 'തത് ത്വം അസി' ('Tat Tvam Asi') എന്ന് പറയുന്നത്. 'തത്വമസി' അതിന്റെ അർത്ഥം 'നീയാണ് അത്' ((divinity). ഈ ദൈവിക വാക്കാണ് ശബരിമലയുടെ മുമ്പിലായി എഴുതി വെച്ചിരിക്കുന്നത്. എല്ലാ മനുഷ്യരും ദൈവമാണെന്നുള്ള സന്ദേശം ശാസ്താവിൽക്കൂടി സ്വാഗതം ചെയ്യുന്നു. ഓരോരുത്തരും ദൈവത്തെ തേടിയുള്ള അന്വേഷണത്തിൽ , അവനിലുള്ള 'ആത്മം' സ്വതന്ത്രമാകണം. അങ്ങനെ അയ്യപ്പനെപ്പോലെ ദൈവമാകണം. ഹൈന്ദവത്തിൽ സ്ത്രീയും ദൈവമാണ്. അയ്യപ്പനെപ്പോലെ ആത്മാവിൽ സ്വതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീക്കും ശാസ്താവിന്റെ മുമ്പിൽ തൊഴാൻ അവകാശമുണ്ട്. അവളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും യുക്തമല്ല. അത്, സമത്വമെന്ന ജനകീയ ചിന്തകൾക്കു വ്യതിചലനമുണ്ടാക്കുന്നു.

ശബരിമലയിലെ ശാസ്താവായ മണികണ്ഠൻ ബ്രഹ്മചര്യത്തിൽക്കൂടി, കഠിനാധ്വാനത്തിൽക്കൂടി  മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ദൈവമായി. ലോകത്തിന്റെ ആഗ്രഹങ്ങളെയും ആനന്ദത്തെയും കീഴടക്കി. ഒരു സ്ത്രീ മുമ്പിൽ നിന്നാൽ അയ്യപ്പൻ കുലുങ്ങുകയില്ല. അയ്യപ്പനോട് പ്രാർത്ഥിച്ചാലോ അനുഗ്രഹം നേടിയാലോ ദൈവമായി തീർന്ന അയ്യപ്പനിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ പോവുന്നില്ല. അയ്യപ്പനെ വാസ്തവത്തിൽ അർത്ഥമില്ലാത്ത പ്രചാരണങ്ങളിൽക്കൂടി വിലയിടിക്കുകയാണ്. അയ്യപ്പൻ ഭൗതിക ചിന്തകൾക്കു മേലെ ദൈവമായതിനാൽ സ്ത്രീകളെ വിവേചിക്കുവാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നതായിരിക്കണം കൂടുതൽ യുക്തി.

ശബരിമലയിൽ ഹിന്ദു പാരമ്പര്യത്തേക്കാൾ കൂടുതലായും കാണുന്നത് ബുദ്ധമതത്തിന്റെ ചിന്തകളുൾപ്പെട്ട സത്യങ്ങളിലാണ്. 'ബ്രഹ്മചര്യം' എന്നുള്ളത് ബുദ്ധമതത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ദൈവികത്വത്തിന്റെ അഴകാർന്ന പ്രകാശ സ്തൂപങ്ങളെ  ബ്രഹ്മചര്യത്തിൽക്കൂടി കാണുന്നു. എന്നാൽ അത് ഹിന്ദു വിശ്വാസമല്ല. ഹിന്ദുമത വിശ്വാസമനുസരിച്ച് 'ബ്രഹ്മചര്യം' എന്നുള്ളത് പരമപ്രധാനമായിട്ടുള്ളതല്ല. ഹിന്ദുമതം രണ്ടു ശക്തി വിഭാഗങ്ങളിൽ വിശ്വസിക്കുന്നു. ശിവൻ എന്ന പുരുഷനിലും ശക്തിയെന്ന സ്ത്രീയിലും  ഒരുപോലെ വിശ്വസിക്കുന്നു.   മണികണ്ഠൻ എന്ന നിത്യ ബ്രഹ്മചാരി , ശിവൻ-വിഷ്ണു പുരുഷ ദൈവങ്ങളുടെ സന്താനമാണെങ്കിലും ഹിന്ദുക്കൾ വിശ്വസിക്കുന്നത് അവിടെ വിഷ്ണു സ്ത്രീ രൂപീകരണം പ്രാപിക്കണമെങ്കിൽ 'സ്ത്രീശക്തി' ആവശ്യമെന്നാണ്. 'വിഷ്ണു' സ്ത്രീ രൂപമായ മോഹിനിയായി വന്നു അയ്യപ്പനെ ജനിപ്പിക്കുകയായിരുന്നു. 'പാർവതി' എന്ന ദേവതയുടെ സ്ത്രീ സത്തയില്ലാതെ ശിവനെ പൂർണ്ണ ദൈവമായി കണക്കാക്കാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ 'ഞാൻ ദൈവം' എന്ന സത്തയെ കണ്ടെത്തുന്ന തീർത്ഥ യാത്രയിൽ സ്ത്രീയെ തഴയുന്നത് എന്തിന്?

എല്ലാ ഹിന്ദു ദൈവങ്ങളിലും ഒരു സ്ത്രീശക്തിയുടെ പ്രതിരൂപവും കാണാം. ശാസ്താവിനും ഭാര്യമാരുണ്ടായിരുന്നു. മുരുഗൻ ബ്രഹ്മചാരിയെന്നു വിശ്വാസമുണ്ടെങ്കിലും മുരുഗനും ഭാര്യയുണ്ടായിരുന്നു. അതുകൊണ്ടു പൗരാണിക ഹിന്ദുമതം ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അയ്യപ്പനെപ്പറ്റി ഒരേ ശ്വാസത്തിൽ രണ്ടു തത്ത്വ ചിന്തകൾ സൃഷ്ടിക്കുക എന്നതും എളുപ്പമല്ല. ബുദ്ധമതത്തെ ഹൈന്ദവ മതം സ്വീകരിക്കാതെ പരിപൂർണ്ണമായ ഒരു ഹിന്ദുവെന്നു ചിന്തിക്കാനും സാധിക്കില്ല.

നിത്യ ബ്രഹ്മചാരിയായിട്ടാണ് ഭക്തജനങ്ങൾ അയ്യപ്പനെ ആചരിക്കുന്നതെങ്കിലും ചില അമ്പലങ്ങളിൽ അയ്യപ്പന് ഭാര്യയും മക്കളുമുള്ളതായ ഐതിഹാസിക ചരിത്രങ്ങളും ഉണ്ട്. പാരമ്പര്യം അനുസരിച്ച് ആർത്തവ കാലങ്ങൾ കടന്നുപോകുന്ന സ്ത്രീകൾ ശബരി മലയിൽ സന്ദർശിക്കാൻ പാടില്ലാന്നുള്ളതാണ്. അത് വ്രതം എടുത്തിരിക്കുന്ന അയ്യപ്പ ഭക്തന്മാർക്ക് തടസങ്ങൾ ഉണ്ടാക്കുന്നുവെന്ന ന്യായങ്ങളും ഉന്നയിക്കുന്നു. ശബരിമല പ്രവേശനത്തിൽ പത്തു വയസിനും അമ്പതു വയസിനുമിടയിലുള്ളവർക്കുള്ള നിയന്ത്രണം പഴയ കാലങ്ങളിലുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഈ നിയമം പ്രാബല്യത്തിലാകാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. അതിന്റേതായ പ്രാഥമികമായ നടപടികൾ ഇനിയും നടപ്പാക്കേണ്ടതായുണ്ട്.

ഇന്ത്യയിലെ 'മതേതരത്വം' അമേരിക്കയിലെയോ യൂറോപ്പിലെയോ മതേതരത്വ ചിന്താഗതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മതേതരത്വത്തിന് നിരവധി നിർവചനങ്ങളുണ്ടെങ്കിലും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നുള്ള ഒരു ഭരണഘടനയാണ്, ഇന്ത്യയ്ക്കുള്ളത്. ഒരു മതത്തിന്റെ ആചാരങ്ങളിൽ രാജ്യം ഇടപെടരുതെന്നുമുണ്ട്. അതായത് മതത്തിന്റെ പാരമ്പര്യങ്ങളെ മാറ്റുവാനുള്ള അവകാശം മതേതരത്വത്തിൽ അടിസ്ഥാനമായ രാജ്യത്തിനില്ല. മതത്തിന്റെ മൗലിക സ്വാതന്ത്ര്യങ്ങളിൽ സർക്കാർ ഇടപെട്ടാൽ സർക്കാരിന് മതത്തിന്റെ മേൽ അധികാരമുണ്ടെന്നും വരും. എല്ലാ സമൂഹങ്ങളെയും മതങ്ങളെയും ഒന്നുപോലെ പരിഗണിക്കുകയെന്നതും മതേതരത്വത്തിന്റെ അടിസ്ഥാനതത്ത്വവും കൂടിയാണ്. സ്ത്രീകളുടെ ശബരിമലയിലുള്ള അമ്പല പ്രവേശനം സംബന്ധിച്ചുള്ള വിധിയെ ഒന്ന് ചിന്തിക്കുക. ഓരോ മതക്കാരും അവരുടെ സ്വാതന്ത്ര്യം അനുസരിച്ച് തങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കുന്നത് മനസിലാക്കാം. സ്ത്രീകളെ എന്തുകൊണ്ട് അമ്പലത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നും മനസിലാക്കാം. എന്നാൽ  അത് സ്ത്രീകളുടെ തുല്യതയെ, അവരുടെ സമത്വം സ്വാതന്ത്ര്യം എന്ന അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

സർക്കാർ എല്ലാ മത സമൂഹങ്ങളോടും 'തുല്യത' എന്ന് പറഞ്ഞാൽ ഒന്നുകിൽ സ്റ്റേറ്റ് എല്ലാ മതങ്ങളുടെയും ആചാരങ്ങളിൽ തുല്യമായി ഇടപെടണം. ഇല്ലെങ്കിൽ സ്റ്റേറ്റ് ഇടപെടാതെ മതങ്ങൾ അവരുടെ ആചാരങ്ങൾ തുടരട്ടെയെന്ന് തീരുമാനിക്കണം. അങ്ങനെ മതവും സ്‌റ്റേറ്റും തമ്മിൽ തുല്യമായ സമദൂരം പാലിക്കേണ്ടതായുണ്ട്. കോടതി വിധിയെ മാനിച്ചാലും ഇല്ലെങ്കിലും ഈ വിധി പ്രത്യേകമായ ഒരു സ്ഥലത്തിലെ അമ്പലത്തിനുവേണ്ടിയെന്നതും പ്രത്യേകതയാണ്. ഭാരതമൊന്നാകെ അമ്പലങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയും ഇവിടെ പ്രകടമാകുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയിലെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് എല്ലാ മത വിഭാഗങ്ങൾക്കും ഉപ വിഭാഗങ്ങൾക്കും മത സ്ഥാപനങ്ങളും ധർമ്മസ്ഥാപനങ്ങളും സ്ഥാപിക്കാനുള്ള അവകാശങ്ങൾ ഉണ്ട്. മതപരമായ പ്രശ്നങ്ങൾ മതത്തിലുള്ളവർ തന്നെ കൈകാര്യം ചെയ്യേണ്ടതുമാണ്. എല്ലാ വിഭാഗങ്ങൾക്കും തങ്ങളുടെ മനഃസാക്ഷിയനുസരിച്ച് മതാചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യാം. മതം പ്രചരിപ്പിക്കുകയും ചെയ്യാം. സാമൂഹിക നന്മകളും പരിഷ്‌കാരങ്ങളും അതാത് മതത്തിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യാം. അങ്ങനെയെങ്കിൽ എല്ലാ ഹിന്ദുക്കൾക്കും സ്ത്രീ പുരുഷ ഭേദമെന്യേ അമ്പലങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കണം. അവിടെ സമത്വവും മതേതരത്വവും തമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് സമത്വമാണ് ആദ്യം പ്രാധാന്യം കല്പിക്കേണ്ടത്. അവിടെ സമത്വത്തെ വയസ്സിന്റെ പേരിലോ ആർത്തവത്തിന്റെ പേരിലോ വേർതിരിക്കാനുള്ളതല്ല.

ഇന്ത്യ മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ്. ഒരു നിയമം ഉണ്ടാക്കുമ്പോൾ രാജ്യത്തിന്റെ പൊതുവായ താല്പര്യമേറിയ ഒരു ഏകീകൃത നിയമത്തിനും പ്രാധാന്യം നൽകണം. ഇന്ത്യയിലെ മറ്റു  അമ്പലങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്നുള്ള സ്ഥിതിക്ക് ശബരിമലയിൽ  സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലായെന്നുള്ള ഒരു പ്രാദേശിക താൽപ്പര്യവും നീതികരിക്കാവുന്നതല്ല. അതുകൊണ്ടു സുപ്രീം കോടതി വിധി എന്തുകൊണ്ടും അഭിനന്ദനീയമാണ്. വിധി ന്യായത്തിൽ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും ഒരു പോലെ വിധിയെ ശരിവച്ചു. എന്നാൽ അഞ്ചുപേരിൽ ഒരാളായ സ്ത്രീ ജഡ്ജി 'മൽഹോത്ര' മാത്രം വിധിയെ എതിർത്തു വോട്ടു ചെയ്തു.

മതവിശ്വാസ ചിന്തകളിൽ കോടതി ഇടപെടാൻ പാടില്ലെന്നായിരുന്നു മൽഹോത്രയുടെ വാദം. സാമൂഹികമായ എന്തെങ്കിലും പൊതുവിപത്തുകളോ, ദോഷവശങ്ങളോ തിന്മയോ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം മതവിശ്വാസങ്ങളിൽ കോടതി ഇടപെടാവൂ എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടിരുന്നത്. ശബരിമലയിൽ ആരെയും പീഡിപ്പിക്കാത്ത ഒരു വിശ്വാസം നൂറ്റാണ്ടുകളായി അവിടെ ഹൈന്ദവ സമൂഹം കാത്തു സൂക്ഷിക്കുന്നു. അങ്ങനെയുള്ള ഒരു വിശ്വാസത്തെ കോടതി മാനിക്കണമെന്നും മൽഹോത്ര അഭ്യർഥിച്ചിരുന്നു. അത്തരം വിവാദമായ കാര്യങ്ങളിൽ വിശ്വാസി സമൂഹമാണ് തീരുമാനമെടുക്കേണ്ടതും കോടതിയല്ലെന്നുമുള്ള അവരുടെ വാദങ്ങൾ ഫുൾബെഞ്ച് ചെവികൊണ്ടില്ല. മതേതരത്വ ജനാധിപത്യ രാജ്യത്ത് മറ്റെല്ലാ സ്വാതന്ത്ര്യം പോലെ മതത്തിന്റെ യാഥാസ്ഥിതികത്വവും സംരക്ഷിക്കേണ്ടതായുണ്ട്. 'യാഥാസ്ഥികത്വം മറ്റുളളവരെ പീഡിപ്പിക്കാത്ത കാലത്തോളം, ഒരാളിന്റെ മൗലികാവകാശങ്ങൾ തടസപ്പെടാത്ത കാലത്തോളം അവരുടെ അഭിപ്രായങ്ങൾക്കും കോടതി വിലമതിക്കണമെന്നു' ജഡ്ജി മൽഹോത്ര ആവശ്യപ്പെട്ടിരുന്നു.

പഴങ്കാലങ്ങളിൽ സ്ത്രീകൾക്ക് ശബരിമലയിൽ എത്തിച്ചേരുക എളുപ്പമായിരുന്നില്ല. കാരണം, ശബരിമല നിലകൊണ്ടിരുന്നത് കൊടും വനത്തിലായിരുന്നു. വഴികൾ അപകടം പിടിച്ചതായിരുന്നു. വന്യമൃഗങ്ങൾ വനപ്രദേശങ്ങളിൽ ധാരാളം ഉണ്ടായിരുന്നു. ദിവസങ്ങൾ മല ചവുട്ടിയാൽ മാത്രമേ ശബരിമല ശാസ്താവിന്റെ സന്നിധാനത്ത് എത്തുമായിരുന്നുള്ളൂ. സ്വാഭാവികമായും സ്ത്രീകളെ ശബരിമലയിൽ പോവാൻ അക്കാലങ്ങളിൽ പുരുഷന്മാർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കൊള്ളക്കാർ സ്ത്രീകളെ തട്ടിക്കൊണ്ടു പോവുന്ന ചരിത്രമൊക്കെ ശബരിമല ഭാഗത്ത് ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ തീർത്ഥാടനത്തിന് കൊണ്ടുപോവുന്നത് അപകടകരമെന്നു തീർത്ഥാടകരും ചിന്തിക്കാൻ തുടങ്ങി. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ അവരുടെ സുരക്ഷിതത്വത്തിനായി ശബരിമലയിൽ പ്രവേശിക്കുന്നതിൽനിന്നും നിരോധിച്ചതുമാകാം. എന്നാൽ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളിലും യാത്രാ സൗകര്യങ്ങൾ ഉള്ളതുകൊണ്ടും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതിന്റെ പൊരുളും യുക്തിസഹജമല്ല.

കൊള്ളക്കാരുടെ ആക്രമണം മൂലം പന്തളം രാജാവുൾപ്പടെ പ്രാദേശിക രാജാക്കന്മാർക്കും രാജ്യത്തിന്റെ സുരക്ഷ വഹിക്കാൻ സാധിക്കാതെ വന്നു. പുരുഷന്മാരെ ഒറ്റക്ക് കാട്ടിൽ വിടാൻ വിസമ്മതിച്ച സ്ത്രീകളെ വിശ്വസിപ്പിക്കാൻ ഇങ്ങനെയൊരു 'ആർത്തവ കഥ' പിന്നീട് സൃഷ്ടിക്കേണ്ടി വന്നു. സ്ത്രീകൾ ഇല്ലാതെ പുരുഷന്മാർ യാത്ര ചെയ്‌താൽ അവരുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്ന സ്ഥിതി വിശേഷവും വന്നു. കറുത്ത വസ്ത്രങ്ങൾ മാത്രം ലളിതമായി ധരിച്ചിരുന്നതുകൊണ്ടു ധനികനും ദരിദ്രനും തമ്മിൽ തിരിച്ചറിയാനും ബുദ്ധിമുട്ടായിരുന്നു. ഇന്ന് പോലീസ് വേണ്ടത്ര സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്ന കാലത്ത് എന്തുകൊണ്ട് സ്ത്രീകൾക്ക് പോയിക്കൂടായെന്നാണ് അടുത്ത ചോദ്യം. കാരണം, ഓരോ വർഷവും ശബരിമല ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജനത്തിരക്കുമൂലം ശ്വാസം വിടാൻ പോലും അവിടെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഭാര്യയും കുടുംബവും മക്കളുമായി പോവുമ്പോൾ യാത്ര അത്ര സുഗമമായിരിക്കില്ല. സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരായ അയ്യപ്പന്മാരെ വ്രതം അനുഷ്‌ഠിക്കുന്നതിലും അവരുടെ സുരക്ഷിതമായ യാത്രയിലും സഹകരിക്കുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരോടൊപ്പം യാത്ര ചെയ്യാതെ ശാസ്താവിൽ മനസുകൊണ്ട് സഹകരിക്കുകയാണ്. അയ്യപ്പൻ നിലയ്ക്കൽ മലമുകളിലല്ല മറിച്ച് ഓരോരുത്തരുടെ ഹൃദയങ്ങളിലാണ് വസിക്കുന്നതെന്നും സ്ത്രീകൾ ചിന്തിക്കുന്നു. അല്ലെങ്കിൽ പരമ്പരാഗതമായി കാത്തുസൂക്ഷിച്ച  അവരുടെ ചിന്തകൾക്ക് മാറ്റങ്ങളുൾക്കൊള്ളാൻ അവർ തയ്യാറുമല്ല.

ഹൈന്ദവ മതത്തിലെ വിശ്വാസങ്ങളിലേറെയും മനുഷ്യ ചിന്തകൾക്കതീതമായ വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞതാണ്. ദൈവങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു ചരിത്രമോ ഐതിഹാസികമോ ഇല്ല. അതുപോലെ അയ്യപ്പനെ സംബന്ധിച്ചും ഓരോ പ്രദേശ വാസികൾക്ക് അനുകൂലമായ രീതിയിൽ കഥകളും പ്രചരിച്ചിട്ടുണ്ട്. ആര്യ ദൈവമായ വിഷ്ണുവിൽനിന്നും ദ്രാവിഡ ദൈവമായ ശിവനിൽ നിന്നും ജനിച്ചതുകൊണ്ടാണ് അയ്യപ്പനെ 'ഹരി ഹര' പുത്രനെന്നു പറയുന്നത്. ഈ രണ്ടു ദൈവങ്ങളും പുരുഷ ദൈവങ്ങളാണ്. ഈ കഥകൾ കൂടാതെ ദക്ഷിണ ഭാരതത്തിലുള്ളവർ അയ്യപ്പനെ ഇന്ത്യയിൽ ആര്യന്മാർ വരുന്നതിനുമുമ്പുള്ള ദൈവമായും വിശ്വസിക്കുന്നു. ആര്യന്മാരുടെ കുടിയേറ്റതോടെ ദ്രാവിഡ വിശ്വാസങ്ങളിലുണ്ടായിരുന്ന പല ദൈവങ്ങളും ആര്യൻ സംസ്ക്കാരത്തിൽ ലയിക്കുകയായിരുന്നു.  ശിവനും വിഷ്ണുവുമായുള്ള ആ സംയോജനം പിന്നീടുള്ള കാലഘട്ടത്തിന്റെ സൃഷ്ടിയുമാകാം.

അയ്യപ്പന് ഒരു മുസ്ലിം സഹോദരനായ വാവരെ കൂട്ടുകിട്ടിയതാണ് മറ്റൊരു കഥ. അയ്യപ്പൻറെ ഭൂമിയിലുള്ള വാസത്തിൽ ശത്രുസംഹാരം നടത്തണമെന്ന ദൗത്യമുണ്ടായിരുന്നു.  ലോകത്തിൽ നടമാടിയിരിക്കുന്ന തിന്മകളെ നശിപ്പിച്ചു നന്മയെ പുനഃപ്രതിഷ്ഠിക്കാൻ അയ്യപ്പനെ സഹായിച്ചിരുന്നത് 'വാവരെന്ന' ഒരു മുസ്ലിം ധീരയോദ്ധാവായിരുന്നു. ഈ ഐതിഹ്യ കഥ ഹിന്ദു മതത്തെയും ഇസ്‌ലാം മതത്തെയും ആത്മീയമായി അടുപ്പിക്കുകയും ചെയ്യുന്നു.  ശബരിമല അമ്പലത്തിലുള്ള ശാസ്താവിനെ കാണുന്നതിനുമുമ്പ് അയ്യപ്പഭക്തർ വാവരമ്പലത്തിൽ കൂത്തുകളും ശരണം വിളികളും നടത്തുന്നു. അവിടെ  കുളത്തിൽ നിന്ന് അയ്യപ്പഭക്തർ വിശുദ്ധ ജലം ശേഖരിക്കുകയും ചെയ്യുന്നു.  ഒരു മുസ്ലിം സഹോദരൻ അയ്യപ്പന്മാരുടെ നെറ്റിത്തടത്തിൽ ചന്ദനവും പൂശി കൊടുക്കും. ഇങ്ങനെ ഹൈന്ദവ മുസ്ലിം ഐക്യമത്യത്തോടെയുള്ള ഒരു ആചാരം ആധുനിക ഇന്ത്യയിൽ തന്നെ അത്യ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

അയ്യപ്പൻറെ ബ്രഹ്മചര്യമെന്ന കഥകൾക്കപ്പുറം മറ്റൊരു കഥയും കൂടി പ്രചാരത്തിലുണ്ട്. ദേവനായ അയ്യപ്പനെ വിവാഹം കഴിക്കാൻ  ദേവിയായ മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നുള്ളതാണ് കഥ. പുതിയതായി ഒരു കന്നി ഭക്തൻ അയ്യപ്പ സന്നിധാനത്തിൽ വരാത്ത കാലത്ത് മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കുമെന്നുള്ള വാഗ്ദാനവും ഉണ്ട്. അങ്ങനെ നാളിതു വരെ സംഭവിച്ചിട്ടുമില്ല. ഓരോ വർഷവും കന്നി ഭക്തരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം അയ്യപ്പൻ നിത്യ ബ്രഹ്മചാരിയായി ശബരിമലയിൽ സ്ഥിര പ്രതിഷ്ഠ നേടി ഭക്ത ജനങ്ങളുടെ ആചരണങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഒരു കാലത്ത് മനുഷ്യർക്ക് എത്തുവാൻ പ്രയാസമേറിയ ശബരിമലപ്രദേശത്ത് ബുദ്ധന്റേയോ അല്ലെങ്കിൽ ശാസ്താവിന്റെയോ പ്രതിഷ്ഠയുണ്ടായിരുന്നിരിക്കണം. കാലത്തിന്റെ പ്രയാണത്തിൽ സന്യാസികൾക്കും ഭക്തജനങ്ങൾക്കും പിന്നീട് വനനിബിഢമായ ആ ഭൂപ്രദേശം പ്രാധാന്യമുള്ളതായി തീർന്നിരിക്കാം.   ബ്രാഹ്മണരുടെ സ്വാധീനം മൂലം ഈ പ്രദേശങ്ങൾ ബ്രാഹ്മണാധീനതയിൽ വന്നെത്തി. അവിടെനിന്നും ബുദ്ധമതം കാലക്രമേണ ഇല്ലാതായി. ബുദ്ധം ശരണം, സംഘം ശരണം സ്വാമി ശരണം എന്നീ ശരണം വിളികൾ യാദൃശ്ചികമായി വന്നതാകില്ല. കാലക്രമേണ ബുദ്ധ മതം ഹിന്ദു മതത്തിൽ ലയിക്കുകയായിരുന്നു. എന്നിരുന്നാലും ശാസ്താവിനെ ആരാധിക്കുന്നത് തുടർന്നുകൊണ്ടിരുന്നു.   ശാസ്താവിന് പന്തളം രാജാവിന്റെ സൈന്യാധിപനായിരുന്ന അയ്യപ്പൻ ഉൾപ്പടെ ധാരാളം ഭക്തരും ഉണ്ടായിരിക്കാം. കൊള്ളക്കാരിൽ നിന്നും ശാസ്താവിന്റെ സ്മാരകം സംരക്ഷിച്ചശേഷം അവിടവും പരിസരങ്ങളും നിലനിർത്താൻ അയ്യപ്പൻ ഒരു സന്യാസിയായി അവിടെ വസിച്ചിരുന്നിരിക്കാം. അന്നത്തെ കാലത്ത് പ്രസിദ്ധനായ അദ്ദേഹം പിന്നീട് ദൈവമായി അറിയപ്പെടാനും തുടങ്ങി. ബ്രാഹ്മണരുടെ അധീനതയിൽ ശബരിമല വന്നതോടെ കെട്ടുകഥകളും ഓരോന്നായി സ്ഥാനം പിടിച്ചു.

അയ്യപ്പന്റെ ചരിത്ര ഗീതങ്ങൾ അവലോകനം ചെയ്യുന്നുവെങ്കിൽ മൂന്നു തരം സംസ്‌കാരങ്ങളുടെ ഒരു ഒത്തു ചേരൽ അവിടെ ദൃശ്യമാകുന്നു. ആദ്യത്തേത് ആര്യന്മാർക്കു മുമ്പുള്ള ഒരു ചരിത്രവും രണ്ടാമത് ആര്യന്മാർ വന്ന ശേഷമുള്ള ഒരു സംസ്ക്കാരവും ചരിത്ര താളുകളിൽനിന്നും മനസിലാക്കാം.   ശിവനും വിഷ്ണുവുമായുള്ള സംയോജന കഥ അതിനു ഉദാഹരണമാണ്. മൂന്നാമത് ആര്യൻ ദ്രാവിഡ സംസ്ക്കാരവും ഹിന്ദു മതവും ഇസ്‌ലാമുമായുള്ള ഐക്യദാർഢ്യവും വഴി മറ്റൊരു സംസ്ക്കാരത്തിന്റെ ഒത്തുചേരലും കാണാം. ശബരിമല ശാസ്താവിൽക്കൂടി ഒരു ഇസ്‌ലാമിക സംസ്ക്കാരത്തിന്റെ അവ്യക്തതകളും വായിച്ചറിയാൻ കഴിയും. അതേ സമയം യാഥാസ്ഥിതികർ ആർത്തവമുള്ള സ്ത്രീകളെ അയ്യപ്പ സന്നിധാനത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയുമില്ല.

അയ്യപ്പ സന്നിധാനത്ത് പോവുന്നതിനു മുമ്പ് അയ്യപ്പന്മാർ 41 ദിവസം നിർബന്ധമായും വ്രതം എടുത്തിരിക്കണമെന്നുണ്ട്. ഭാര്യയുമായിപ്പോലും സംഭോഗത്തിൽ ഏർപ്പെടാൻ പാടില്ല. മാംസ മത്സ്യാദികൾ ഭക്ഷിക്കാൻ അനുവദനീയമല്ല. കറുത്ത മുണ്ടു ധരിക്കണം. ഷർട്ടിടാനോ ഷേവ് ചെയ്യാനോ എരിവ് പുളി കൂട്ടിയുള്ള ഭക്ഷണം കഴിക്കാനോ ചെരിപ്പിടാനോ പാടില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കുകയോ ശബരിമലയിൽ പോവുന്ന മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണമോ കഴിക്കാൻ പാടുള്ളൂ. കുളി കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിക്കണം. കസേരയിൽ ഇരിക്കാതെ നിലത്തു മാത്രമേ ഇരിക്കാൻ പാടുള്ളൂ. കലാപരമായ പരിപാടികളിലോ സ്പോർട്സിലോ പങ്കെടുക്കുന്നതും നിയന്ത്രിച്ചിരിക്കുന്നു. ഹരിനാമ കീർത്തനങ്ങളും ആത്മീയ ഗീതങ്ങളും പാടിക്കൊണ്ടിരിക്കണം. വാസ്തവത്തിൽ ആധുനിക കാലത്ത് ഈ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ എത്രപേർ ശബരി മലയ്ക്ക് പോവുന്നുണ്ടെന്നുള്ള വസ്തുത അറിയില്ല. സ്ത്രീയുടെ ആർത്തവം നികൃഷ്ടമായി കാണുന്നതിൽനിന്നും മാത്രം മാറ്റങ്ങൾ വന്നിട്ടില്ല. പുരുഷന്മാർക്ക് സംഭവിക്കുന്ന ലൈംഗികതയുടെ പ്രകൃതി പ്രക്രീയകൾക്ക് പ്രശ്നവുമില്ല.

എല്ലാ പാരമ്പര്യങ്ങളും മനുഷ്യനുണ്ടാക്കിയതും മാറ്റപ്പെടാവുന്നതുമാണ്. എങ്കിലും തലമുറകളായി നിലനിൽക്കുന്ന ഒരു പാരമ്പര്യത്തിന് ധൃതഗതിയിൽ മാറ്റങ്ങൾ വരുത്തുകയെന്നതും എളുപ്പമല്ല. അതിനു സമയവും കാലവും എടുക്കും. 1930-ൽ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലാന്നുള്ള വ്യവസ്ഥിതികൾക്ക് മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമം വന്നെങ്കിലും മാറ്റങ്ങൾ ഉൾക്കൊള്ളാൻ വീണ്ടും കാലങ്ങൾ തന്നെ വേണ്ടിവന്നു. 1940 വരെ സ്ത്രീകൾ മാറിടം മറയ്ക്കാതെ നഗ്‌നമായ മേനിയോടെ അമ്പലത്തിൽ പ്രവേശിക്കണമായിരുന്നു.  അതെല്ലാം അന്നുള്ള സാമൂഹിക കടപ്പാടുകളായി മനുഷ്യർ ചിന്തിച്ചിരുന്നു.  പഴയ കാലത്തുള്ള അത്തരം സംസ്ക്കാരങ്ങളിൽക്കൂടി പുറകോട്ടു ചിന്തിക്കാൻ ഇന്നുള്ള സ്ത്രീകൾക്ക് സാധിക്കില്ല. അങ്ങനെ പാരമ്പര്യമനുസരിച്ച് മാറ്റങ്ങളും കാലക്രമേണയുണ്ടായി. അതുപോലെ സ്ത്രീകൾക്ക് ആർത്തവം അശുദ്ധമല്ലെന്നുള്ള ചിന്തകൾക്കായി കാലങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. നാളത്തെ സ്ത്രീകൾ ഇന്നത്തെ ആർത്തവം വരുന്ന സ്ത്രീകളെ ബാർബേറിയൻ കാലഘട്ടങ്ങളോടും സാമ്യപ്പെടുത്തിയേക്കാം.




 Dharmasastha with his two wives (Raja Ravi Varmma Picture)

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...