Monday, November 5, 2018

നോട്ടുനിരോധനം അനുഗ്രഹമോ വിനാശകാലേ വിപരീത ബുദ്ധിയോ !



ജോസഫ് പടന്നമാക്കൽ

2016 നവംബർ എട്ടാം തിയതി പ്രധാന മന്ത്രി 'നരേന്ദ്ര മോദി' അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യൻ രൂപാ നോട്ടുകൾ  പിൻവലിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തിയിട്ട് രണ്ടു വർഷം തികയുന്നു. അന്നു രാത്രി എട്ടുമണിക്കുള്ള  രാഷ്ട്രത്തോടായുള്ള  പ്രധാനമന്ത്രിയുടെ അറിയിപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു. പഴയ നോട്ടുകൾക്കു പകരം പുതിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാർക്കറ്റിൽ ഇറക്കുമെന്ന്  പ്രഖ്യാപിക്കുകയും ചെയ്തു.

കള്ളപ്പണം നിരോധിക്കുകയെന്നത് നോട്ടു നിരോധനത്തിന്റ ലക്ഷ്യമായിരുന്നു. അതുപോലെ ഭീകര പ്രവർത്തനങ്ങൾക്കും വ്യാജ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.  മുന്നറിയിപ്പ് കൂടാതെയുള്ള പ്രഖ്യാപനങ്ങളും കറൻസിയുടെ അപര്യാപ്തതയും മൂലം ഇന്ത്യയുടെ സാമ്പത്തിക നിലവാരം ആ വർഷം തകർന്നിരുന്നു. മാർക്കറ്റിൽ സാധനങ്ങൾ വിൽക്കാനും വാങ്ങിക്കാനും ബുദ്ധിമുട്ടായി തീർന്നു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നു മോദിക്കെതിരെ വിമർശനങ്ങളും ഉയർന്നു. പ്രതിക്ഷേധങ്ങളും സമരങ്ങളും കേസുകളും രാജ്യം മുഴുവൻ പടർന്നു പന്തലിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസം മുതൽ നോട്ടിന്റെ ക്ഷാമം മൂലം നീണ്ട മണിക്കൂറോളം പണത്തിനായി ജനങ്ങൾക്ക് ബാങ്കിന്റെ മുമ്പിൽ നിൽക്കേണ്ടി വന്നു. പണം മാറാനുള്ള തിക്കലിനും തിരക്കിലിനുമിടയിൽ അനേക മരണങ്ങളും സംഭവിച്ചു. കറൻസികളുടെ അഭാവതമൂലം പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരിൽ നിന്നും വ്യക്തികളിൽ നിന്നും ലോക രാഷ്ട്രങ്ങളിൽ നിന്നും നിശിതമായ വിമർശനങ്ങൾ മോദിക്ക് നേരിടേണ്ടിയും വന്നു.

നോട്ടു നിരോധനംകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളിൽ വന്നുഭവിച്ച മാറ്റങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൻപ്രകാരം പിൻവലിച്ച പഴയ നോട്ടുകളിൽ 99 ശതമാനം ട്രഷറിയിൽ മടങ്ങിയെത്തിയെന്നുള്ളതാണ്. അതിൽ അക്കൗണ്ടിൽ ഉൾപ്പെടുത്താത്ത കള്ളപ്പണവും ഉൾപ്പെടും. പണം മുഴുവനും ബാങ്കിൽ വന്നെങ്കിലും വന്നെത്തിയ പണം നിയമാനുസൃതമെന്നു കണക്കാക്കാനും സാധിക്കില്ല. ബാങ്കിൽ വന്ന പണത്തിന്റെ പ്രഭവ കേന്ദ്രമറിയാൻ ആദായ നികുതി വകുപ്പ് ശക്തമായ ഓഡിറ്റിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭീമമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് ശരിയായ വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരുകയെന്നുള്ളത് ഒരു ബ്രഹത്തായ ജോലിയാണ്. പ്രാവർത്തികമാക്കാനും എളുപ്പമല്ല. ഓഡിറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അധികാരം കൂടുന്നതുമൂലം നിഷ്കളങ്കരായ ജനങ്ങളെ പണത്തിന്റെ പ്രഭവ കേന്ദ്രമെവിടെയെന്നു ചോദിച്ച് പീഡിപ്പിക്കുന്നുമുണ്ട്. നോട്ടു നിരോധന കാലത്ത് കുറച്ചാളുകൾ കമ്മീഷൻ വ്യവസ്ഥയിൽ ബ്ലാക്ക്പ്പണം മാറ്റി എടുക്കുകയും ചെയ്തു. നോട്ടു നിരോധന ശേഷം 500 കോടി രൂപായുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഔദ്യോഗികമായി സ്ഥിതികരിച്ചിരിക്കുന്നു. അതിൽ 92 കോടി രൂപയുടെ ബ്ളാക്ക് പണം സൂക്ഷിച്ചിരുന്നത് രണ്ടായിരത്തിന്റെ നോട്ടുകളിലായിരുന്നു.

നോട്ടു നിരോധനത്തിനു മുമ്പ് 'കള്ളപ്പണം' എന്നുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ നിരോധന ശേഷം കള്ളപ്പണവാർത്തകൾ വളരെ വിരളമായി മാത്രമേ കേൾക്കുന്നുള്ളൂ. കറൻസികൾ മുഴുവൻ ബാങ്കിൽ എത്തി കഴിഞ്ഞപ്പോൾ വീണ്ടും വാദങ്ങൾ കള്ളപ്പണത്തിന്റെ പേരിലായി.  നോട്ടു നിരോധനത്തിന്റെ ഫലം ഉടൻ തന്നെ ലഭിക്കണമെന്നാണ് രാഷ്ട്രീയ പ്രതിയോഗികളും അവർക്ക് കൂട്ടുനിൽക്കുന്നവരും ആഗ്രഹിക്കുന്നത്. ഫലം  ലഭിക്കാത്തതിലും കുറ്റാരോപണങ്ങൾ മുഴുവൻ മോദിയുടെ നേർക്കായി. നോട്ടു നിരോധനത്തിന്റെ ഫലം കാണുന്നതിന് കാത്തിരിക്കാനും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. 99 ശതമാനവും പണം മടക്കി വന്നതിനാൽ അവിടെ ബ്ളാക്ക് മണി ഇല്ലെന്ന് പൊതുവേ പ്രതികരിക്കുകയുമുണ്ടായി. ബ്ളാക്ക് മണി ഇല്ലെങ്കിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്.   നാട്ടിൽ കള്ളപ്പണം നിറഞ്ഞിരിക്കുന്നുവെന്നു ശബ്ദം ഉണ്ടാക്കിയവർ തന്നെയാണ് ഇന്ന് കള്ളപ്പണം ഇല്ലെന്നു പറഞ്ഞു സമരപന്തലിൽ മുമ്പിൽ നിന്നുകൊണ്ട് മുറവിളികൂട്ടുന്നതെന്നും പരിഗണിക്കണം.

ഏതു നല്ല പ്രസ്ഥാനങ്ങൾക്കും എന്തുതന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ടെങ്കിലും വിമർശനങ്ങൾ സാധാരണമാണ്. എന്തായാലും സർക്കാർ  കള്ളപ്പണക്കാരെ തേടി ഒരു ശ്രമം നടത്തി. അതിൽ പാകപ്പിഴകൾ കാണാം. ആദായനികുതിക്കാരെ ബോധിപ്പിക്കാത്ത വരുമാനം മുഴുവനായും ബ്ളാക്ക് മണിയായി കരുതുന്നു. നികുതി കൊടുക്കാത്ത ബിസിനസ് വരുമാനം, സർക്കാർ ഓഫീസുകളിലെ കൈക്കൂലി, രാഷ്ട്രീയക്കാരുടെ അധികാരമുപയോഗിച്ചുള്ള കോഴപ്പണം, സ്റ്റോക്ക് മാർക്കറ്റിൽ നിയമപരമല്ലാതെ നേടിയ പണം, ഇതെല്ലാം ബ്ലാക്ക് മണി ലിസ്റ്റിൽപ്പെടും.

നോട്ടുനിരോധനം വിജയപ്രദമോയെന്നുള്ള ചോദ്യം ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും ഉയർന്നു വരാറുണ്ട്. ചിലർ അത് പൂർണ്ണമായ പരാജയമെന്ന് വിധി എഴുതിയിരിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭൂരിഭാഗം ജനങ്ങൾക്കുമുള്ളത്. ഒരു പരിധി വരെ വിജയമെന്നും പറയാം.  ഒരു മാവിൽനിന്ന് മാങ്ങാപ്പഴം ഒറ്റ രാത്രികൊണ്ട് ലഭിക്കില്ല. അതുപോലെയാണ് സാമ്പത്തിക പുരോഗനവും. വ്യവസായവൽക്കരണത്തിന്റെയും നോട്ടു നിരോധനത്തിന്റെയും പുരോഗതി ദൃശ്യമാകണമെങ്കിൽ കൂടുതൽ കാലം കാത്തിരിക്കേണ്ടിയിരിക്കുന്നു.  വിജയം എങ്ങനെയെന്ന് വിലയിരുത്താൻ നോട്ടു നിരോധനത്തിന്റെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നുള്ള വസ്തുതയും മനസിലാക്കേണ്ടതുണ്ട്.

നോട്ടുനിരോധനം കൊണ്ടുള്ള നേട്ടങ്ങൾ:

1. നോട്ടു നിരോധനം കൊണ്ട് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചുവെന്നുള്ളത് ശരി തന്നെ.  പൊതുജനത്തിന് അസൗകര്യങ്ങൾ ഉണ്ടാക്കിയെങ്കിലും ഇന്ത്യയുടെ സ്റ്റോക്കു മാർക്കറ്റിനെ ബാധിച്ചിട്ടില്ല. അതിനുശേഷം സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് വർദ്ധിച്ചിട്ടേയുള്ളൂ.

2.അത്യാവശ്യ സാധനങ്ങളുടെ വിലപ്പെരുപ്പം കുറഞ്ഞു. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലകൾ കുത്തനെ താഴോട്ടു കുതിച്ചു. നോട്ടു നിരോധനത്തിന് ഒരു മാസത്തിനുള്ളിൽ തന്നെ  വിലക്കുറവുകൾ അനുഭവപ്പെട്ടിരുന്നു.

3. നികുതി വെട്ടിപ്പുകാരുടെ കള്ളത്തരങ്ങൾക്ക് കുറവുണ്ടായി. സർക്കാരിന്റ നികുതിയിൽ നിന്നുള്ള വരുമാനം വളരെയധികം വർദ്ധിച്ചു. മുമ്പ്, സർക്കാരിന് നികുതി ശേഖരിക്കുന്നതിനുള്ള സംവിധാനം വളരെയധികം മോശമായിരുന്നു. നോട്ടു നിരോധനം വന്നതിൽ പിന്നീട് ബാങ്കിൽ വന്ന പണത്തിനെല്ലാം സർക്കാരിന് നികുതി ചുമത്താൻ സാധിച്ചു.

4. അതിവേഗം ഇന്ത്യ  ഡിജിറ്റൽ സിസ്റ്റത്തിലേക്ക് കുതിച്ചു ചാടി. പണം കൈവശം വെക്കാതെ 'ക്യാഷ്‌ലെസ്സ്' എന്ന സംവിധാനം പുരോഗമിക്കുവാനും നോട്ടു നിരോധനം കാരണമായി. ഇന്ന് ഗ്രാമത്തിലും പട്ടണത്തിലും കറൻസി നോട്ടുകളില്ലാതെ  ക്രയവിക്രയങ്ങൾ സാധ്യമാകുന്നു. ഗ്രോസറി വാങ്ങിക്കാൻ പോലും ഉപഭോക്താക്കൾ ബാങ്കുവഴി ക്രയവിക്രയങ്ങൾ നടത്തുന്നു. കറൻസികൾ കൈവശം വെക്കാതെ പണമിടപാടുകൾ നടത്താൻ  ഭൂരിഭാഗം ചെറുപ്പക്കാരുടെ കൈവശവും സ്മാർട്ട് ഫോണുകളും കാണാം. ഡിജിറ്റൽ സാമ്പത്തിക പരിഷ്ക്കരണം കൂടുതൽ ജനങ്ങളെ ബാങ്കുകളിൽ സേവിങ്ങ് ചെയ്യുന്നതിനും പ്രേരിപ്പിക്കുന്നു. പുതിയ സാമ്പത്തിക സർവ്വേ അനുസരിച്ച് ഡിജിറ്റൽ എക്കണോമി കാരണം  2.8 ലക്ഷം കോടി രൂപ നോട്ടുകൾ ക്രയ വിക്രയ മാർക്കറ്റിൽ കുറഞ്ഞുവെന്നുള്ളതാണ്.

5.ബാങ്കുകളിൽ കണക്കില്ലാതെ ഡിപ്പോസിറ്റുകൾ കുന്നുകൂടി. അതുകൊണ്ട് ബാങ്കുകൾ കടം കൊടുക്കുന്നവർക്കുള്ള പലിശനിരക്കും കുറച്ചു. ബാങ്കുകൾ ചെറുകിട കച്ചവടക്കാർക്ക് കുറഞ്ഞ പലിശക്ക്  പണം കടം കൊടുക്കാൻ തുടങ്ങി. ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് വില പത്തു മുതൽ പതിനഞ്ചു ശതമാനം വരെ താണിരുന്നു. കൂടാതെ ബാങ്കുകളുടെ പലിശ  കുറഞ്ഞതോടെ വസ്തുവകകൾ സാധാരണക്കാർക്കു വാങ്ങിക്കാനും സാധിച്ചു.

6. നോട്ടു നിരോധനം ഹവാല ഇടപാടുകാർക്ക് ഒരു തിരിച്ചടിയായിരുന്നു. ഹവാല എന്നാൽ ബാങ്കുകളുടെ സഹായമില്ലാതെ പണം വിദേശപ്പണമാക്കുന്ന ഒരു ഏജൻസിയാണ്. ലോകം മുഴുവനുള്ള ഈ കമ്പനി മിഡിൽ ഈസ്റ്റ് കേന്ദ്രമാക്കി ഇന്ത്യ, ആഫ്രിക്കാ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരികൾ ചൈനയിൽനിന്നും സാധനങ്ങൾ ഇറക്കിക്കൊണ്ടിരുന്നു. അവർ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി കൊടുത്തിരുന്നില്ല. വിൽപ്പനക്കാരൻ ഹോങ്കോങ്ങ് ബാങ്ക് വഴി പണം ഇടപാടുകൾ നടത്തിയിരുന്നതു കൊണ്ട് ഇറക്കുമതിയിൽനിന്നുള്ള നികുതി വരുമാനം സർക്കാരിന് ലഭിക്കുമായിരുന്നില്ല. ഹവാലവഴി നികുതി കൊടുക്കാതിരിക്കാനുള്ള സംവിധാനം ഇന്ത്യയിലെ കമ്പനിയും ഹോങ്കോങ് കമ്പനിയും തമ്മിലുണ്ടായിരുന്നു. നോട്ടു നിരോധനശേഷം നികുതി വെട്ടിച്ചുകൊണ്ടുള്ള ഹവാല ഇടപാടുകാർക്ക് ശക്തമായ ഓഡിറ്റിങ്ങിനെയും നേരിടേണ്ടി വന്നു.

7. നോട്ടു നിരോധനശേഷം കറൻസിയെ ആശ്രയിക്കാതെയുള്ള ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും സംവിധാനങ്ങൾ നാട് മുഴുവൻ പ്രചരിച്ചു. ക്രെഡിറ്റ് കാർഡ് വ്യാപകമായതോടെ ജനം കൂടുതൽ സാധനങ്ങൾ വാങ്ങാൻ തുടങ്ങി. അതുമൂലം പൊതുജനത്തിനു  കടമായി വാങ്ങുവാനുള്ള ക്രെഡിറ്റ് കാർഡ് സംവിധാനവും മെച്ചപ്പെട്ടു. കൂടുതൽ വാങ്ങുംതോറും ഉപഭോഗ്ദ്ധ വസ്തുക്കളുടെ ഡിമാൻഡും വർദ്ധിക്കുകയാണ്. ഇങ്ങനെ ഡിമാൻഡ് വർദ്ധിക്കുംതോറും മാർക്കറ്റിൽ ആവശ്യ സാധനങ്ങളുടെ വരവും തുടങ്ങും. അത് ഉത്ഭാദന മേഖല വർധിക്കും. കൂടുതൽ ഉത്ഭാദിപ്പിക്കുമ്പോൾ ലാഭവും ഉണ്ടാകും. തൊഴിൽമേഖലകളിൽ തൊഴിലും വർദ്ധിക്കും. സാവധാനം ദേശീയ വരുമാന നിരക്ക് (ജിഡിപി) വർദ്ധിക്കാൻ അത് കാരണമാവുകയും ചെയ്യും.

8.നോട്ടു നിരോധനത്തിനുശേഷം ഒരു വർഷത്തിനുള്ളിൽത്തന്നെ 3.2 കോടിയിൽ നിന്ന് 5.29 കോടിയോളം ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 17.1 ശതമാനം അധിക നികുതിയും ലഭിച്ചു. പണം മുഴുവൻ ബാങ്കിൽ വന്നതുകൊണ്ട് നിക്ഷേപിച്ചിരിക്കുന്ന പണം കൃത്യമായ കണക്കിൽപ്പെട്ടതും നോട്ടു നിരോധനത്തിന്റെ നേട്ടവുമായിരുന്നു.

9.ആദ്യത്തെ വർഷം ജിഡിപി വളർച്ച രണ്ടിനും മൂന്നിനുമിടക്ക് താണുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ വളർച്ചയാണ് കണ്ടത്. നോട്ടു നിരോധനത്തിനു ശേഷം താണുപോയ ഇന്ത്യൻ ദേശീയ വരുമാനം (ജിഡിപി) 2018-ൽ അവലോകനം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതികൾ ഉണരാൻ തുടങ്ങിയെന്നും മനസിലാക്കാം. മുമ്പുള്ള വർഷത്തേക്കാളും 2.3 ശതമാനം അധിക 'ജിഡിപി' വർദ്ധനയാണ് ഈ വർഷം അവസാനം പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ജിഡിപിയുടെ ഈ വർഷത്തെ വളർച്ച ചരിത്രപരമായിരിക്കും.

10. നോട്ടു നിരോധനം കൊണ്ട് കയറ്റുമതിയിലും ഇറക്കുമതിയിലും അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും ഇല്ലാതായി. 2018ലെ മൂന്നാം ക്വാർട്ടറിൽ 13.6 ശതമാനം കയറ്റുമതി ഉത്‌പന്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്.  അതുപോലെ ഇറക്കുമതി 13.1 ശതമാനം കുറയുകയും ചെയ്തു.

11. നോട്ടുനിരോധനത്തിന്റെ അനന്തരഫലമായി ബ്ലാക്ക് മണിയുള്ള പതിനെട്ടുലക്ഷം അക്കൗണ്ടുകൾ കണ്ടെടുത്തു. അവരുടെമേൽ നിയമപരമായ നടപടികൾ തുടരുന്നു. പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തവരിൽ 2.89 ലക്ഷം കോടികൾ രൂപ ഇന്ന് അന്വേഷണത്തിലാണ്. 4,73,003 ബാങ്ക് അക്കൗണ്ടുകൾ സംശയത്തിന്റെ നിഴലിൽ പോവുന്നു. അവരുടെമേൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു. കണക്കിൽപ്പെടാത്ത വരുമാനത്തിൽ 29213 കോടി രൂപായുടെ കണക്കുകൾ കണ്ടുപിടിച്ചു. 16000 കോടി ബ്ളാക്ക് പണം നോട്ടു നിരോധനത്തിനു ശേഷം പുറത്തേയ്‌ക്കെടുത്തിട്ടില്ല.

നോട്ടു നിരോധനം കൊണ്ടുള്ള കോട്ടങ്ങൾ :

1-കോടിക്കണക്കിന് നിക്ഷേപകരുള്ള ബാങ്കുകളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല. അതുപോലെ കൂടുതൽ പേരെ അതിനായി ജോലിയിൽ പ്രവേശിപ്പിച്ചു വമ്പിച്ച സാമ്പത്തിക ഭാരം താങ്ങാനും സർക്കാരിന് ബുദ്ധിമുട്ടാണ്. നിലവിലുള്ള ഒളിഞ്ഞുകിടക്കുന്ന ബ്ളാക്ക് മണിയുടെ പത്തു ശതമാനമെങ്കിലും കണ്ടെത്താൻ ഇനിയും വർഷങ്ങൾ തന്നെ എടുത്തേക്കാം. അവിടെയും ഇവിടെയും ചില വ്യക്തികളുടെ പണത്തിന്റെ ഒഴുക്കുകളെ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടേക്കാം. എന്നാൽ അവരുടെ സംഖ്യ ഒരു ശതമാനം പോലുമില്ല.

2-ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രത്തിൽ വിൽപ്പനയും വാങ്ങലും പരിപൂർണ്ണമായും നടന്നിരുന്നത് രൊക്കം പണം കൊടുത്തുള്ള ഇടപാടുകളിൽക്കൂടിയായിരുന്നു. നോട്ടുനിരോധനത്തിനു മുമ്പ് 85 ശതമാനം അഞ്ഞൂറും ആയിരം രൂപാ നോട്ടുകൾ ക്രയവിക്രയത്തിലുണ്ടായിരുന്നു. അതായത് 14.2 ലക്ഷം കോടി രൂപ മൂല്ല്യമുളള നോട്ടുകൾ  വിൽപ്പന വാങ്ങലുകൾക്കായി  കറങ്ങിക്കൊണ്ടിരുന്നു. നോട്ടുനിരോധനത്തിൽക്കൂടി കറൻസി ക്രയവിക്രയങ്ങൾ പെട്ടെന്ന് ഇടിഞ്ഞു പോയി. അതോടൊപ്പം ഇന്ത്യയുടെ മൊത്തം വരുമാനമെന്നു വിശേഷിപ്പിക്കുന്ന ജിഡിപിയും   താണുപോയി.

3.സർക്കാർ മൂന്നുലക്ഷം കോടി രൂപയുടെ കള്ളപ്പണം (Black Money) പിടിക്കാമെന്നു വ്യാമോഹിച്ചു. എന്നാൽ അതിന്റെ ഒരു ശതമാനം അടുത്തുമാത്രമേ കള്ളപ്പണം കണ്ടെത്താൻ സാധിച്ചുള്ളൂ. രാഷ്ട്രീയ പാർട്ടി നേതാക്കന്മാർക്ക് അവരുടെ വരുമാന സ്രോതസ്സിന്റെ വിവരങ്ങൾ അറിയിക്കേണ്ടിയിരുന്നില്ല.  കറൻസി നിരോധിച്ച ശേഷം ഇന്ത്യയിൽ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്ന കറൻസികളിൽ മുഴുവൻ തന്നെ ബാങ്കുകളിൽ ഡിപ്പോസിറ്റായി തിരിച്ചെത്തുകയും ചെയ്തു. ഇതിൽ നിന്നും കള്ളപ്പണം  ഇല്ലാതായിയെന്ന് കരുതാൻ സാധിക്കില്ല. കള്ളപ്പണം പണമായിട്ടു തന്നെയല്ല സ്വർണ്ണമായിട്ടും സ്ഥലമായിട്ടും നികുതികൊടുക്കാതെ സൂക്ഷിക്കുന്നു. 'കള്ളപ്പണം' കറൻസികളിൽ സൂക്ഷിച്ചിരുന്നുവെന്ന്  ചിന്തിച്ചാൽ തന്നെയും പണം മുഴുവൻ കമ്മീഷൻ വ്യവസ്ഥകളിൽ പല പേരുകളിലായിരുന്നു നോട്ടുനിരോധന വേളകളിൽ ഡിപ്പോസിറ്റ് ചെയ്തുകൊണ്ടിരുന്നത്. അതേ പണം തന്നെ നികുതി വെട്ടിച്ച് മാർക്കറ്റിൽ വരുകയും ചെയ്യും. അങ്ങനെ കള്ളപ്പണത്തെ നേരിടാമെന്നുള്ള ഫലം നോട്ടു നിരോധനം കൊണ്ട് ലഭിച്ചില്ല. കള്ളപ്പണക്കാരിൽ നിന്ന് വളരെ കുറച്ചു പണം മാത്രമേ പിടിച്ചെടുക്കാൻ സാധിച്ചുള്ളൂ.

4.നോട്ടു നിരോധനം കൊണ്ട് അഞ്ചു ലക്ഷത്തി എഴുപതിനായിരം കോടി രൂപ (Rs.570,000 crores) ദേശീയ വരുമാന വളർച്ചയിൽ നഷ്ടം വന്നുവെന്ന് കണക്കുകൾ പറയുന്നു. നിരോധനത്തിനുമുമ്പ് ദേശീയ വരുമാനം 7.9 ആയിരുന്നത് 2017 ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ അത് 5.7 ആയി കുറഞ്ഞു.

5. ഇന്ത്യ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു രാജ്യമാണ്. കൃഷിക്കുള്ള വിത്തുകൾ, വളം, കൃഷിയിറക്കുന്ന പണി ചെലവുകൾ, കൃഷിയുപകരണങ്ങൾ എന്നിവ രൊക്കം പണം കൊടുത്താണ് വാങ്ങിയിരുന്നത്. ആ വർഷം പണത്തിന്റെ അഭാവം കൊണ്ട് അനേകർക്ക് കൃഷിയും ഇറക്കാൻ സാധിക്കാതെ വന്നു. ചെറുകിട ബാങ്കുകൾ കൃഷിക്കുള്ള കടമായ പണം കൃഷിക്കാരനു സമയത്ത് നൽകിയതുമില്ല. അതുകൊണ്ട് ആ വർഷം കൃഷിയും  പരാജയമായിരുന്നു. അതുപോലെ കൃഷിക്കാർക്കു ബാങ്കിൽ നിന്നും എടുത്ത പണം തിരിച്ചടക്കാൻ സാധിക്കാതെ വന്നു.

6. നോട്ടു നിരോധനം മൂലം കെട്ടിടങ്ങൾ പകുതി പണി കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വാങ്ങുന്നവർ ഇല്ലാത്തതായിരുന്നു കാരണം.

7. പുതിയ കറൻസി മാർക്കറ്റിലിറക്കാൻ കാലതാമസം വന്നതും പൊതു ജനത്തിന്റെ ക്ഷമ നശിച്ചിരുന്നു. ദിവസക്കൂലിക്കാർക്ക് കൂലി കൊടുക്കാൻ സാധിക്കാത്തതിനാൽ ചെറുകിട ബിസിനസുകൾ പലതും നിർത്തൽ ചെയ്യേണ്ടി വന്നു.

8.പുതിയ 2000 രൂപ കറൻസി നോട്ടുകൊണ്ടു പോയാൽ ആർക്കും ചില്ലറ മടക്കി കൊടുക്കാൻ സാധിക്കില്ലായിരുന്നു. പച്ചക്കറികൾ, പാല്, റൊട്ടി, എന്നിവകൾ മാർക്കറ്റിൽനിന്നു വാങ്ങിക്കാനും  ബുദ്ധിമുട്ടായി തീർന്നു. ബസ്സിൽ സഞ്ചരിക്കുമ്പോഴും ബസ്സുകൂലി കൊടുക്കാനും ബാക്കി ചില്ലറ വാങ്ങിക്കാനും ബുദ്ധിമുട്ടായിരുന്നു. മാർക്കറ്റിൽ നൂറു രൂപായുടെ നോട്ടുകൾ അധികമില്ലായിരുന്നു. നോട്ടുനിരോധന ശേഷം 500 ന്റെ നോട്ടുകൾ മാർക്കറ്റിൽ വന്നത് വളരെ താമസിച്ചാണ്.

9.പുതിയ നോട്ടുകൾ അച്ചടിക്കുന്നതിന് ഭീമമായ തുകകൾ വഹിക്കേണ്ടി വന്നു. അതുപോലെ പഴയ കറൻസികൾ പിൻവലിക്കാനും മാനേജ് ചെയ്യാനുമുള്ള ചെലവുകളും സർക്കാരിന്റെ വമ്പിച്ച ബാധ്യതയുമായിരുന്നു.

10.പുതിയതായി ഇറക്കിയ '2000' ത്തിന്റെ നോട്ടുകൾ ബ്ളാക്ക് മണി വ്യാപിക്കാൻ കാരണമാകുന്നു. കറൻസിയുടെ മൂല്യം ഇരട്ടിയുള്ളതിനാൽ പണം ഒളിച്ചുവെക്കാൻ അധികം സ്ഥലം ആവശ്യമില്ല.

11. നോട്ടു നിരോധനത്തിന്റെ പിറ്റേദിവസം ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റ് ആറു ശതമാനത്തോളം  താണിരുന്നു.

12. കറൻസിയുടെ അഭാവം സാമ്പത്തിക തലങ്ങളൊന്നാകെ ആഞ്ഞടിച്ചിരുന്നു. ബാങ്കിൽ പണം മാറാനുള്ള തിക്കും തിരക്കിൽ അനേക മരണങ്ങൾക്കും ഇടയായി. പുതിയ നോട്ടുകൾ ലഭിക്കാൻ വേണ്ടി ലക്ഷക്കണക്കിന് ജനം ബാങ്കിന്റ മുമ്പിൽ നീണ്ട ലൈനുകളായി മണിക്കൂറോളം നിന്നു. കറൻസി മാറാൻ അവർ ബാങ്കിന്റെ മുമ്പിലെത്തുമ്പോഴേക്കും ബാങ്കിൽ പുതിയ കറൻസി മാറിക്കൊടുക്കാൻ പണമില്ലാത്ത അവസ്ഥയും വരുമായിരുന്നു. വീണ്ടും അടുത്ത ദിവസം ബാങ്കിൽ ലൈൻ നിൽക്കേണ്ട ഗതികേടും വരുമായിരുന്നു.

13. നോട്ടു നിരോധനം കൊണ്ടുള്ള പ്രയോജനങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും ഭീകര പ്രവർത്തനങ്ങൾക്ക് ഒരു ശമനവും വന്നില്ല. വാസ്തവത്തിൽ നിരോധനശേഷമുള്ള വർഷം  ഭീകരപ്രവർത്തനം വർദ്ധിക്കുകയാണുണ്ടായത്.

14. നോട്ടു നിരോധനംകൊണ്ട് എൺപതു ശതമാനം ബ്ളാക്ക് മണി ഇല്ലാതായി എന്ന് വിശ്വസിക്കുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ അത് വെറും അനുമാനം മാത്രമെന്നും വാസ്തവം അങ്ങനെയല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

നോട്ടു നിരോധനം വിജയമെന്നോ പരാജയമെന്നോ ചോദിക്കേണ്ടത് നോട്ടു മാറാൻ നിന്ന അപകടം സംഭവിച്ചു മരിച്ചുപോയവരുടെ പ്രിയപ്പെട്ടവരോടാണ്. ഉത്ഭാദനമേഖലകളിലും വ്യവസായ മേഖലകളിലും തൊഴിൽ നഷ്ടപ്പെട്ടവരോടും ബിസിനസ്സ് നഷ്ടപ്പെട്ടവരോടും ചോദിച്ചാൽ നോട്ടു നിരോധനത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ലഭിക്കും. ഇന്ത്യയിലെ പ്രതിപക്ഷകക്ഷികൾ ഒന്നാകെ നോട്ടു നിരോധനത്തിനെതിരായിരുന്നു. അവർ അതിനെ ഡ്രാക്കോണിയൻ നിയമമെന്ന് പറഞ്ഞിരുന്നു. അക്കൂടെ അനേകരുടെ   നിരവധി കഷ്ടപ്പാടുകളുമുണ്ട്. ദരിദ്രരായ ജനങ്ങളുടെ വിലാപവുമുണ്ട്. എ ടി എം മെഷീൻ പണമില്ലാതെ പലയിടത്തും നിർത്തൽ ചെയ്തു. നീണ്ട കാല നേട്ടങ്ങൾക്കു വേണ്ടി ഇത് താൽക്കാലിക ബുദ്ധിമുട്ടുകളെന്നുമുള്ള സ്വാന്തന വാക്കുകൾ സർക്കാർ കൂടെക്കൂടെ ആവർത്തിക്കുമായിരുന്നു.


വ്യാജ കടലാസ്സിൽ അച്ചടിച്ച കറൻസികൾ രാജ്യം മുഴുവൻ പടർന്നു പിടിച്ചതും കള്ളപ്പണവും അഴിമതിപ്പണവും നോട്ടുനിരോധത്തിനു കാരണങ്ങളായിരുന്നു.  ഏകദേശം 63 മില്യൺ വ്യാജ നോട്ടുകൾ ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. സാമാന്യ ചിന്താഗതിയിൽ ബ്രഹത്തായ ഒരു രാജ്യത്ത് ഇത്രയും ചെറിയ ഒരു തുക ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് ഒരു ഭീക്ഷണിയല്ലായിരിക്കാം. എന്നാൽ ആ പണം ഭീകരർ കൈകാര്യം ചെയ്യുമ്പോൾ രാജ്യത്തിന് ഭീക്ഷണി തന്നെയാണ്. അയൽരാജ്യമായ പാകിസ്ഥാനും ഇന്ത്യൻ കറൻസികൾ അടിച്ച് അതിർത്തികളിൽ വിതരണം ചെയ്തിരുന്നു. അത് നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്തിരുന്നു. സാധാരണ വ്യാജ കറൻസികൾക്ക് തെറ്റുകൾ കാണാം. എന്നാൽ നമ്മുടെ അയൽവക്ക രാജ്യം അച്ചടിക്കുന്ന ഇന്ത്യൻ കറൻസിക്ക് തെറ്റുകളൊന്നുമുണ്ടായിരുന്നില്ല.

നോട്ടു നിരോധനം കൊണ്ട് അതിന് പരിഹാരം കാണാൻ സാധിക്കുമോ? വാസ്തവത്തിൽ ശത്രു രാജ്യത്തിന്റെ അത്തരം പ്രവർത്തനം തടയാൻ എളുപ്പമല്ല. ഇന്ത്യയും നമ്മുടെ അയൽ രാജ്യങ്ങളും കറൻസിക്കുള്ള പേപ്പറുകൾ മേടിക്കുന്നത് ഒരേ സ്ഥലത്തുനിന്നു തന്നെയാണ്. ഇന്ന് നമ്മുടെ അയൽ രാജ്യം പുതിയ കറൻസിയും കോപ്പി ചെയ്തേക്കാം. എന്നാൽ പൂർണ്ണമായ ഒരു കറൻസി അവർക്കിനി പ്രിൻറ് ചെയ്യാൻ സാധിക്കില്ല. പുതിയ കറൻസിയിൽ ധാരാളം സുരക്ഷിതമായ രഹസ്യ അടയാളങ്ങളും സംവിധാനങ്ങളുമുണ്ട്. ദേശീയ താല്പര്യത്തിനെതിരെ പുതിയ കറൻസിയുമായി കമ്പോളത്തിൽ വരുന്നവരെ പിടികൂടുകയും ചെയ്യാം. ഇത്തരത്തിൽ ഭീകരരെ ഭാവിയിൽ നിയന്ത്രിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളുമുണ്ടായിരുന്നു.

നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ അഴിമതിക്കാരാകുമ്പോൾ അഴിമതികളെ  നിയന്ത്രിക്കാൻ പിന്നെ ആർക്കാണ് സാധിക്കുന്നത്? പണത്തിനോടുള്ള അത്യാഗ്രഹം മനുഷ്യ സഹജമാണ്. സദാചാരം വാതോരാതെ പ്രസംഗിക്കാനുള്ള കഴിവുകൾ പലർക്കുമുണ്ട്. എന്നിട്ടു അഴിമതിയും കൈക്കൂലിയും മറച്ചു വെക്കും. ബ്ളാക്ക് മണിയ്ക്കെതിരെ നിയമവ്യവസ്ഥകൾ കർശനമാക്കേണ്ടതുണ്ട്. സമൂഹത്തിൽ രണ്ടു തരക്കാരായുള്ള അഴിമതിക്കാരാണ് പ്രധാനമായുള്ളത്. ആദ്യത്തെത് കാർക്കശ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി, രണ്ടാമത്തേത് രാഷ്ട്രീയക്കാരുടെ അഴിമതി. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതികളാണ് ഭീകരം. നിയമം സംരക്ഷിക്കേണ്ടവർ തന്നെ അഴിമതിയ്ക്ക് വിധേയരാകുമ്പോൾ  അവർ രാഷ്ട്രത്തിനു തന്നെ അപകടകാരികളാകുന്നു. ഇത്തരം അഴിമതികൾ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴേക്കിടയിലുള്ളവർ വരെ കാണാൻ സാധിക്കും.

താണ വരുമാനമുള്ള മൂന്നാം തരം ഉദ്യോഗസ്‌ഥർ വരെ ഇന്ന് വലിയ ബംഗ്ളാവുകളിൽ താമസിക്കുന്നു. ചെലവ് വഹിക്കാൻ കഷ്ടിച്ച് വരുമാനമുള്ളവർപോലും ആഡംബര വസ്തുക്കളും സ്വർണ്ണവും കൂമ്പാരം കൂട്ടിയിരിക്കുന്നതു കാണാം. ഒരു ഉദ്യോഗസ്ഥന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് ഇത്രമാത്രം ആഡംബരത്തോടെ ജീവിക്കാൻ സാധിക്കില്ല. അധികാരം ഉപയോഗിച്ച് സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്നുള്ളത്. ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടു പിടിച്ച് കർശനമായ ശിക്ഷകളും നൽകേണ്ടതായുണ്ട്. അധികാരം ദുർവിനിയോഗം  ചെയ്യുന്നത് ചെറിയ കുറ്റമല്ല. അവരുടെ വസ്തുവകകളും പിടിച്ചെടുക്കണം. രാഷ്ട്രത്തെയാണ് ഈ ക്രിമിനലുകൾ ചതിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പണം ആവശ്യമാണ്. ആ പണം നിയമപരമോ അല്ലാതെയോ വരാം. ഇത്തരം പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പു പരിഷ്‌ക്കാരവും ആവശ്യമാണ്.  പൂഴ്ത്തിവെയ്പുകാർ മൂലം വിലപ്പെരുപ്പമുണ്ടാകുന്നു. അവരെ നിയന്ത്രിച്ചാൽ സാധനങ്ങൾക്ക് വിലക്കുറവുണ്ടാകും. ഉത്ഭാദനം വർധിപ്പിച്ചാൽ സപ്ലൈയും വർദ്ധിക്കും. അങ്ങനെ വിലപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സാധിക്കും.

രണ്ടു വർഷത്തിനുശേഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതി പൂർവ്വ സ്ഥിതിയിൽ വരുകയും നോട്ടു നിരോധനം സംബന്ധിച്ചുള്ള എതിർപ്പുകൾക്ക് ശമനം വരുകയുമുണ്ടായിട്ടുണ്ട്.  അഴിമതികളിൽ നിന്നും സ്വതന്ത്രമാകണമെന്നുള്ള ഉദ്ദേശ്യത്തോടെ തുടങ്ങി വെച്ച നോട്ടു നിരോധനത്തിന് ഫലങ്ങൾ കാണാൻ തുടങ്ങി. അഴിമതികൾ ഇല്ലാത്ത ജനവിഭാഗങ്ങൾ പൊതുവെ നോട്ടു നിരോധനത്തെ സ്വാഗതം ചെയ്‌തിരുന്നു. അക്കൗണ്ടിൽകൂടിയല്ലാതെ   പണം സൂക്ഷിക്കുന്നതും ഇന്ന് ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതുമൂലം നികുതിദായകരിൽനിന്ന്  അധിക നികുതി പിരിക്കാൻ സാധിക്കുന്നു. കൂടുതൽ ലഭിക്കുന്ന നികുതി ജനങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുകയും ചെയ്യും. കള്ളപ്പണം കൊണ്ട് ഭാരതത്തിൽ പ്രവർത്തിച്ചിരുന്ന ഭീകര സംഘടകൾക്ക് ഒരു പരിധിവരെ തടസങ്ങളുണ്ടാക്കാനും സാധിച്ചു.












No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...