Sunday, September 1, 2019

ഓണം മഹോത്സവം, പണ്ടും ഇന്നും



ജോസഫ് പടന്നമാക്കൽ

കേരളത്തനിമ നിറഞ്ഞ ഓണം ജാതിമത ഭേദമേന്യേ ലോകമാകമാനമുള്ള എല്ലാ മലയാളികളും ആഘോഷിക്കുന്നു. തിരക്കു പിടിച്ച മനുഷ്യന്റെ ജീവിതത്തിനിടയിൽ മനസിനും ഉന്മേഷം ആവശ്യമാണ്. വിവിധ തരത്തിലുള്ള വർണ്ണങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. ഓണം, വിഷു, മുതലായ ഐതിഹാസിക ആഘോഷങ്ങൾ മലയാളിയുടെ മാത്രം സ്വന്തമാണ്. ഓണം, പൂർവികരാൽ അവനു കൈമാറിയ സാംസ്ക്കാരികതയുടെ ഭാഗമാണ്. അത്തരം ആഘോഷങ്ങൾ ഒരു സമൂഹമൊന്നാകെ സന്തോഷമുളവാക്കുന്നു. മലയാളമാസം ആരംഭിക്കുന്ന ചിങ്ങത്തിലാണ് ഓണവും. ഇത് കേരളത്തിന്റെ വസന്തകാല ഉത്സവമാണ്. മഴക്കാലം കഴിയുമ്പോൾ എവിടെയും പൂക്കൾ പുഷ്പ്പിക്കുന്ന കാലം! കൊയ്ത്തുകാലവും. വസന്ത നാളുകളിൽ കൊയ്ത്തിന്റെ ഉത്സവലഹരിയിൽ ജനങ്ങൾക്ക് ആഘോഷിക്കണമെന്നുള്ള മോഹങ്ങളുമുണ്ടാവുന്നു.

പൗരാണിക കാലത്തു വാമൊഴിയായി നിലനിന്നിരുന്ന ഒരു ഇതിഹാസ കഥയുടെ അടിസ്ഥാനമാണ്  ഓണത്തിന്റെ  തുടക്കം. ഹൈന്ദവ ഇതിഹാസത്തിലുള്ള പ്രഹ്ലാദന്റെ കൊച്ചു പുത്രനായിരുന്നു 'ബലി'. ഐശ്വര്യപൂർണ്ണമായ, സമ്പത്തു കുന്നുകൂടിയിരുന്ന ഒരു രാജ്യമായിരുന്നു ബലിയുടേത്. അദ്ദേഹത്തിൻറെ പ്രജകൾ സർവ്വവിധ സുഖസമൃദ്ധിയിലും , സമാധാനത്തിലും കഴിഞ്ഞിരുന്നു. സമൃദ്ധി നിറഞ്ഞ ഒരു ദേശത്തിന്റെ ഉടമയായ ബലി ത്രിലോകങ്ങളിലും വിഖ്യാതനായിരുന്നു. അദ്ദേഹത്തിന്റ രാജ്യംപോലെ ത്രിലോകങ്ങൾ മുഴുവൻ ക്ഷേമരാഷ്ട്രം പടുത്തുയർത്തിന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിനായി രാജ്യവിസ്തൃതിയും ബലിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ബലിയുടെ രാജ്യവിസ്തൃതി മോഹത്തിലും ശക്തിയിലും സ്വർഗ്ഗലോകവും ഇന്ദിരനും ഭയപ്പെട്ടു. ഇന്ദിരന്റെ വാസസ്ഥലത്തുള്ള ദൈവങ്ങളെ ഓടിക്കുമെന്നും ആശങ്കപ്പെട്ടു. ഭയംപൂണ്ട ഇന്ദിരൻ ബലിയെ ഇല്ലാതാക്കാനായുള്ള പോംവഴിക്കായി ബ്രഹ്‌മാവുമായി കൂടിയാലോചന നടത്തി. എന്നാൽ ബലിയുടെ ശക്തിക്കുമുമ്പിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ബ്രഹ്‌മാവ്‌ പറഞ്ഞു. രാജ്യത്തിൽനിന്നും എത്രയുംവേഗം ദൈവങ്ങൾ സ്ഥലം വിടാനും ആവശ്യപ്പെട്ടു.

ഭീഷണിയെ നേരിടാനും ബലിയെ ഇല്ലാതാക്കാനും ദൈവങ്ങൾ ത്രിത്വ ദൈവമായ വിഷ്ണുവിനെ കണ്ടു. വിഷ്ണു കശ്യപ മുനിയുടെ മകനായി ജന്മമെടുത്തു. ജനിച്ചപ്പോഴേ കുരുടനായിരുന്ന ഈ ബാലനെ 'വാമനൻ' എന്നറിയപ്പെട്ടു. വാമനൻ വളർന്നപ്പോൾ ബലിയുടെ അടുത്ത് ഭിക്ഷ യാചിക്കാൻ ചെന്നു. ദാനശീലനായ ബലി  'ആഗ്രഹിക്കുന്നത് എന്തും തരാമെന്ന്' വാമനനോടു വാഗ്ദാനം ചെയ്തു. സത്യവും ധർമ്മവും ആദർശങ്ങളായി കൈക്കൊണ്ടിരുന്ന ബലിക്ക് വാമനനിലെ കൗശലം അറിയില്ലായിരുന്നു. വാമനൻ ആവശ്യപ്പട്ടത് മൂന്നു കാല്പ്പാദങ്ങൾ ഒതുങ്ങതക്ക സ്ഥലമായിരുന്നു. വാമനന്റെ ആവശ്യം പരിഗണിക്കുകയും മൂന്നു പാദങ്ങൾ സ്ഥലം നൽകാമെന്ന് ബലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇത് കേട്ടയുടനെ അസാധാരണമാം വിധം വാമനൻ വളരുകയും ചെയ്തു. രണ്ടു കാല്പ്പാദങ്ങൾ അളന്നപ്പോഴേ ബലിയുടെ രാജ്യം മുഴുവൻ വാമനന്റെ കാല്പ്പാദങ്ങൾക്കുള്ളിൽ അകപ്പെട്ടു. മൂന്നാമത്തെ കാലടികൾക്കായി സ്ഥലമുണ്ടായിരുന്നില്ല. നിസ്സഹായനായ 'ബലി' വാമനന് തന്റെ തല കുനിച്ചുകൊടുത്തു. മൂന്നാം പാദം തലയിൽ വെച്ചുകൊണ്ട് അളക്കാനും പറഞ്ഞു. തലയിൽ കാലുവെച്ച് ബലിയെ വാമനൻ പാതാളത്തിലേക്ക് താഴ്ത്തുകയും ചെയ്തു. പാതാളത്തിലേക്ക് തള്ളപ്പെടുന്നതിനുമുമ്പ് പ്രജാവത്സലനായ 'ബലി' തിരുവോണ നാളിൽ തന്റെ നഷ്ടപ്പെട്ട രാജ്യത്തിലെ ജനങ്ങളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വാമനൻ ബലിയുടെ ആഗ്രഹം പരിഗണിച്ചു. വർഷത്തിലൊരിക്കൽ ബലിക്ക് രാജ്യം സന്ദർശിക്കാനുള്ള അനുവാദവും കൊടുത്തു.

തിരുവാതിരക്കളിക്കും ഐതിഹ്യ കഥകളുണ്ട്. പാർവതി ശിവനെ ഭർത്താവായി ലഭിക്കാൻ കഠിന തപസ് ചെയ്യുന്നു. ഒരു ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവൻ, പാർവ്വതിക്കുമുമ്പാകെ പ്രത്യക്ഷപ്പെടുകയും ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. അവിവാഹതരായവരും കന്യകമാരും തിരുവാതിരക്കളിയിൽ ഏർപ്പെടുന്ന കാരണവും അത് തന്നെ.

സംഘ സാഹിത്യത്തിൽ ഓണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യനൂറ്റാണ്ടുകളിൽ രചിച്ചതെന്ന് വിശ്വസിക്കുന്ന 'മാങ്കുടി മരുതനാറിന്റെ' 'വില്ലടിച്ചാൽ പാട്ടിലും' ഓണത്തെ പ്രകീർത്തിക്കുന്നു. 'മധുരൈ കാഞ്ചിയിൽ' എന്ന ക്ലാസിക്കൽ എഴുത്തുകളിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യത്തിൽ 'പെരിയാശ്വർ' എഴുതിയ 'പതികാസിലും' 'പല്ലാഡ്‌സിലും' ഓണത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'അനന്തശയനം' വിഷ്ണുവിന്ന് പൂജാ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന കാര്യങ്ങളും വിവരിച്ചിരിക്കുന്നു. അന്നുള്ള ആഘോഷങ്ങളെപ്പറ്റിയും സ്ത്രീജനങ്ങളുടെ കൂത്താട്ടങ്ങളെപ്പറ്റിയും ഈ ക്ലാസിക്കൽ കൃതികളിൽ വിവരിച്ചിട്ടുണ്ട്. 'ബറോട്ടോലോമെന്നോ' എന്ന യാത്രികൻ ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ മലബാർ തീരത്തെ ഓണം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. "സെപ്റ്റംബർ മാസത്തിലെ ചന്ദ്രപ്രഭയുടെ തുടക്കത്തിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. മഴക്കാലം അവസാനിക്കുന്ന സമയം പ്രകൃതി മുഴുവൻ ഹരിതകമായിരിക്കും. വൃക്ഷങ്ങളിൽ ഇലകൾ തഴച്ചു വളരുന്ന കാലവും. നാടുമുഴുവൻ യൂറോപ്പിലെ വസന്തകാലത്തിന് സമാനമായിരുന്നു."('ബറോട്ടോലോമെന്നോ')

പൗരാണിക കാലങ്ങളിലെ രാജകൊട്ടാരങ്ങളിൽ തുടർച്ചയായി ഏഴു ദിവസം ആഘോഷങ്ങളുണ്ടായിരുന്നു. അമ്പലങ്ങളുടെ മുമ്പിൽ വിനോദപരമായ നിരവധി കളികളും ഉണ്ടായിരുന്നു. ഏഴാം ദിവസത്തിന്റെ അവസാന ദിവസം രാജാവും പട്ടാളക്കാരും പരിവാരങ്ങളും എഴുന്നള്ളിവന്നു ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. കവികൾ, സേനാധിപന്മാർ, രാജസദസിലുള്ളവർ എന്നിവരും രാജാവിനൊപ്പം ആഘോഷങ്ങളിലുണ്ടായിരുന്നു. ഓണം ആഘോഷിക്കുന്നതോടൊപ്പം അമ്പലങ്ങളിൽ നിരവധി പൂജകളും നടത്തിയിരുന്നു. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞൊരുങ്ങി ആബാലവൃദ്ധം ജനങ്ങൾ ഓണം ആഘോഷിച്ചിരുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളേക്കു വേണ്ടിയുമുള്ള പ്രാർത്ഥനകളോടെ ആഘോഷങ്ങൾക്കെല്ലാം തുടക്കമിട്ടിരുന്നു. പൂക്കൾ കൊണ്ട് വീടുകൾ അലങ്കരിച്ചിരുന്നു. വീടുകൾ ചാണകം കൊണ്ട് മെഴുകിയിരുന്നു. 'പശു'  ലക്ഷ്മി ദേവിയുടെ ഐശ്വര്യമായും ദിവ്യ മൃഗമായും കരുതിയിരുന്നു. വിനോദങ്ങളിൽ ഏർപ്പെടുന്ന നിരവധി കളികളും സാധാരണമായിരുന്നു. ഓണാമാരംഭിക്കുമ്പോൾ കൊയ്ത്തുകാലം കഴിഞ്ഞിരിക്കും. കൊയ്ത്ത് ആരംഭിക്കുന്നതും ചില ആചാര പൂജാദികളോടെയായിരുന്നു. പത്തു ദിവസങ്ങളിലുള്ള ഓണങ്ങളിലെ ശുഭോദർക്കമായ ഓരോ ദിനങ്ങളിലെയും ആഘോഷവേളകളിൽ വിഭവസമൃദ്ധമായ ചോറും കറികളും ഉണ്ടാക്കുന്നു. അന്നേദിവസങ്ങളിൽ ശർക്കരപാനീ കൊണ്ടുള്ള പായസവുമുണ്ടായിരിക്കും. ആദ്യം ഉണ്ടാക്കുന്ന ഭക്ഷണം കുടുംബ പ്രതിഷ്ഠയർപ്പിച്ചിരിക്കുന്ന ദേവന് സമർപ്പിക്കുന്നു. അതിനുശേഷം കുടുംബത്തിലുള്ളവർക്ക് ഭക്ഷണവും വിളമ്പുന്നു. അത്തം നാളിലാണ് പൂജാവിധികളും ആചാരക്രമങ്ങളും ആരംഭിക്കുന്നത്. അത്തം മലയാളമാസത്തിലെ ചിങ്ങത്തിലായിരിക്കും. ചില ആചാരങ്ങൾ കർക്കിടക മാസത്തിലെ അവസാനത്തെ ആഴ്ചകളിലുമായിരിക്കാം. അന്നേ ദിവസം സ്ത്രീകൾ മുറ്റം അടിച്ചു വൃത്തിയാക്കുന്നു. പൊട്ടിയ പാത്രങ്ങൾ, പഴയ കൊട്ടകൾ, പഴയ കറിച്ചട്ടികൾ, ഒടിഞ്ഞ ഉപകരണങ്ങൾ എന്നിവകൾ വീട്ടിൽനിന്നും മാറ്റി പര്യമ്പുറത്തോ ദൂരസ്ഥലങ്ങളിലോ നിക്ഷേപിക്കും.

ഓണം ഇരുപത്തിയെട്ട് ദിവസങ്ങളെന്ന സങ്കൽപ്പമുണ്ടെങ്കിലും നാലഞ്ചു ദിവസങ്ങളിൽ കൂടുതൽ ഭൂരിഭാഗം ജനങ്ങളും ആഘോഷിക്കാറില്ല. തിരുവോണ ദിവസം മഹാബലി ഓരോ വീടുകളും സന്ദർശിക്കുമെന്ന സങ്കൽപ്പമാണ് നിലവിലുള്ളത്. ഓണത്തിന്റെ തലേദിവസത്തെ നാളിന് ഉത്രാടം എന്ന് പറയുന്നു. ഈ ദിവസം മുതലാണ് ഔദ്യോഗികമായി ഓണം ആഘോഷിക്കാറുള്ളത്. ഉത്രാടത്തെ ഒന്നാം ഓണം എന്നും പറയാറുണ്ട്. ഉത്രാടം ദിനങ്ങളിൽ സദ്യ ഒരുക്കാൻ സ്ത്രീകൾ വളരെ തിരക്കിലായിരിക്കും. നാലു ദിവസത്തെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് വഹിക്കേണ്ടതായുണ്ട്. അപ്പോഴെല്ലാം സ്ത്രീകൾ കൂട്ടമായി നാടൻ പാട്ടുകളും പാടുന്നു. “ഓണപ്പഴമൊഴി അത്തംപത്തോണം, അത്തം കറുത്താലോണം, വെളുക്കും അത്തത്തിനു നട്ടാല്‍ പത്തായം പുതുതുവേണം! ഉത്രാടം ഉച്ചതിരിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം” എന്നിങ്ങനെ നാടൻ പാട്ടുകളുടെ ഒരു പ്രളയം തന്നെ ഓണാഘോഷങ്ങളോടനുബന്ധിച്ചുണ്ട്.

സാര്‍വ്വകാലീനമായ ഓണപ്പാട്ടുകൾ പെണ്ണുങ്ങളും ആണുങ്ങളുമൊത്തുകൂടി കൂട്ടമായി പാടും. പാട്ടിന്റെ ചുരുക്കമിങ്ങനെ, "സമൃദ്ധിയുടെതായ ലോകമേ ഓടിയെത്തിയാലും! ഇല്ലായ്മകളുടെ ലോകം ഇനിമേൽ കാണില്ല. പഞ്ഞവും ദാരിദ്ര്യവും ഇല്ലാതാകണം. സുഭിക്ഷിതമായി ഭക്ഷണം നമുക്കുവേണം. അവിടുത്തെ പാദങ്ങൾ സ്പർശിച്ചുകൊണ്ട് പ്രജാവത്സലനായ മഹാബലി ചക്രവർത്തി വരാൻ സമയമായി. ബലി നമ്മോടൊപ്പമുണ്ടാകും." ഓണം വരുമ്പോൾ രോഗവിമുക്തി നേടുമെന്നും വിശ്വസിക്കുന്നവരുണ്ട്. സമാധാനവും ഐശ്യര്യവും പ്രദാനം ചെയ്യാനായും  പ്രാർത്ഥിക്കുന്നു. "മാവേലി നാടു വാണീടും കാലം! മാനുഷരെല്ലാരുമൊന്നുപോലെ" എന്നു തുടങ്ങുന്ന ഓണപ്പാട്ട് താത്ത്വികവും കാലത്തെ അതിഭേദിക്കുന്നതുമാണ്. സമത്വസുന്ദരമായ ഇന്നലെയുടെ സൂചനയാണ് ഈ നാടൻ പാട്ടിൽ നിറഞ്ഞിരിക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെ സന്തോഷകരമായി ജീവിച്ചിരുന്നു. ആർക്കും യാതൊരുവിധ കഷ്ടതകളോ രോഗങ്ങളോ വ്യാധികളോ ഇല്ലായിരുന്നു. ബാല മരണങ്ങൾ രാജ്യത്ത് കേൾപ്പാൻ പോലുമില്ലായിരുന്നു. ധാന്യവിഭവങ്ങൾകൊണ്ട് പത്തായങ്ങൾ നിറഞ്ഞിരുന്നു. കൃഷിയിടങ്ങളിൽ നെല്ലും ഗോതമ്പും സമ്രുദ്ധമായി വിളയുമായിരുന്നു. നൂറുമേനി വിളവ് വർദ്ധനവുകളുണ്ടായിരുന്നു. ദുഷ്ടജനങ്ങൾ രാജ്യത്തുണ്ടായിരുന്നില്ല. ലോകം മുഴുവൻ നല്ല ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരും ഒരുപോലെ സമത്വം പാലിച്ചിരുന്നു. വജ്രവും സ്വർണ്ണ ആഭരണങ്ങളും സർവ്വ ജനങ്ങളുടെയും കഴുത്തു നിറയെ ഉണ്ടായിരുന്നു. കള്ളവും ചതിയും രാജ്യത്തുണ്ടായിരുന്നില്ല. അളവുകളിലും തൂക്കങ്ങളിലും പറ്റിക്കലുണ്ടായിരുന്നില്ല. ഹരിതകപ്പച്ച നിറഞ്ഞ ഭൂപ്രദേശങ്ങളും കൃഷിഭൂമികൾ നിറയെ വിളവുകളും മാവേലി നാട്ടിലെ പ്രത്യേകതകളായിരുന്നു.

ഓണത്തിന്റെ തുടക്കത്തിൽ അത്തപ്പൂവിടിൽ ഒരു ചടങ്ങാണ്. അതിനായി പ്രത്യേകമായ കളങ്ങളും സൃഷ്ടിക്കും. കളത്തിന്റെ നടുഭാഗത്തായി മഹാബലിയുടെ പ്രതീകമായ ഓണത്തപ്പനെയും പ്രതിഷ്ഠിക്കും. അത്തം ദിനത്തിൽ പൂജാദി കർമ്മങ്ങളും മറ്റു ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നു. മഹാബലിയെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഒരുക്കമാണിത്. പ്രഭാതമാവുമ്പോൾ ബാലികാ ബാലന്മാർ അടുത്തുള്ള കുറ്റികാടുകളിലോ പൂന്തോട്ടങ്ങളിലോ പൂക്കൾ ശേഖരിക്കാനായി പോവും. നിരവധി നിറമുള്ള പുഷ്പ്പങ്ങൾ കുട്ടികൾ ശേഖരിച്ചുകൊണ്ടു വരും. വെന്തിപ്പൂ, ചെമ്പരത്തിപ്പൂ, മുല്ലപ്പൂ, ദമയന്തിപ്പൂ എന്നിങ്ങനെ പൂക്കളുകൾകൊണ്ടുള്ള കളങ്ങളുണ്ടാക്കുന്നു. കന്യകമാർ പൂക്കൾക്കളങ്ങൾ നിർമ്മിക്കാൻ നേതൃത്വം കൊടുക്കും.

ഉത്രാടം രാത്രിയിൽ കേരളമൊന്നാകെ പാട്ടുകളും കൂത്തുകളുമായി ആഘോഷങ്ങളിലായിരിക്കും. തിരുവോണമാണ്‌ ഏറ്റവും പ്രധാനപ്പെട്ട പവിത്രമായ ദിനം. അന്നേദിവസം, തന്റെ നഷ്ടപ്പെട്ട സാമ്രാജ്യം സന്ദർശിക്കാൻ മഹാബലി വന്നെത്തുമെന്നാണ് വിശ്വാസം. തിരുവോണ ദിവസം എല്ലാവരും അതിരാവിലെ എഴുന്നേൽക്കുന്നു. കുട്ടികൾ പതിവുപോലെ ഓണത്തപ്പന് ചാർത്താനായി പൂക്കൾ പറിക്കാനായി പുറപ്പെടും. സ്ത്രീകൾ ഓണസദ്യ തയ്യാറാക്കാനുള്ള ബദ്ധപ്പാടിലുമായിരിക്കും. പുരുഷന്മാരും സ്ത്രീകളെ സഹായിക്കാനുണ്ടാകും. അല്ലെങ്കിൽ, ഓണത്തപ്പനുള്ള അലങ്കാരങ്ങളിൽ സഹായിച്ചുകൊണ്ടിരിക്കും. പൂക്കൾ നിറച്ച കളത്തിൽ  ഓണത്തപ്പനെ മദ്ധ്യഭാഗത്ത് പ്രതിഷ്ഠിക്കും. തേങ്ങാ, നെല്മണികൾ, ഗോതമ്പ് വിത്തുകൾ, ചോറ്, അരി കൊണ്ടുണ്ടാക്കിയ പൂവട മുതലായവകൾ ഓണത്തപ്പന്റെ മുമ്പിൽ കാഴ്ച്ച വെക്കുന്നു. പിന്നീട് പൂവട ആഘോഷത്തിലുള്ളവർ പങ്കിട്ടു കഴിക്കും. പൂജ കഴിയുന്നതുവരെ ഓണത്തപ്പനു മുമ്പിൽ നിലവിളക്ക് കത്തിയിരിക്കും. പൂജ കഴിഞ്ഞാലുടൻ കുടുംബനാഥൻ എല്ലാവർക്കും പുത്തൻ പുടവകൾ വിതരണം ചെയ്യുന്നു. പുത്തൻ പുടവകളെ 'ഓണപ്പുടവ' എന്ന് പറയുന്നു. മരിച്ച വീടുകളാണെങ്കിൽ പുത്തൻ വേഷങ്ങൾ അണിയാറില്ല.

ആചാരങ്ങളിൽ പങ്കെടുക്കുന്നവർ കുളി ജപങ്ങൾ ആദ്യം നടത്തണം. പുത്തൻ വസ്തങ്ങൾ അണിഞ്ഞുകൊണ്ടു പൂക്കളത്തിന്റെ മദ്ധ്യേ ഓണത്തപ്പനു സമീപമായി തരുണീമണികൾ നിരനിരയായി നിൽക്കുന്നു. ഓണത്തപ്പനാണ് മഹാബലിയെന്ന സങ്കൽപ്പ ദേവൻ. ഓണത്തപ്പനെ ആചരിക്കലും 'പൂക്കൾ' കളത്തിൽ നിരത്തലും പത്തു ദിവസങ്ങളോളം തുടരുന്നു. തിരുവോണം നാളുകൾവരെ ആഘോഷങ്ങളുണ്ടാവും. ഓരോ സുപ്രഭാതത്തിലും ഉണങ്ങിയ പൂക്കൾ പെറുക്കി മാറ്റിയ ശേഷം പുത്തൻ പൂക്കൾ കളത്തിൽ വിതറുന്നു. ഉണങ്ങിയ പൂക്കളെ കാലുകൊണ്ട്‌ ചവുട്ടരുതെന്ന ഒരു വിശ്വാസമുണ്ട്. അത്തരം പൂക്കൾ വെള്ളത്തിൽ ഒഴുക്കുകയോ പുരപ്പുറത്തിടുകയോ ചെയ്യും. ഓണാഘോഷങ്ങൾ കുട്ടികൾക്കും ആഹ്ലാദം നിറഞ്ഞ ദിവസങ്ങളായിരിക്കും. അവർ വീടായ വീടുകൾ സന്ദർശിക്കുകയും ഓരോ വീട്ടിലും നിരത്തിയിരിക്കുന്ന കളത്തിലെ പൂക്കളുകൾ കണ്ടു ആഹ്ലാദിക്കുകയും അവിടെയുള്ള വീട്ടുകാരെ അഭിനന്ദിക്കുകയും ചെയ്യും. അതുമൂലം 'പൂക്കളം' നിർമ്മിക്കാനും അത്' മനോഹരമാക്കാനുമുള്ള ഒരു മത്സരം തന്നെ കുട്ടികളുടെയിടയിൽ കാണാം.

ഓണത്തിന്റെ നാളിൽ കുടുംബ നാഥൻ 'ഓണത്തപ്പന്' ചുറ്റുമായി പൂജാ കർമ്മങ്ങൾ നടത്തുന്നു. ചന്ദനവും പൂക്കളും പൂജകൾക്കായി ഉപയോഗിക്കുന്നു. പൂജയ്ക്കുശേഷം പ്രസാദവും നൽകപ്പെടുന്നു. ഊഞ്ഞാലാട്ടവും അതിനോടനുബന്ധിച്ചുള്ള നാടൻ പാട്ടുകളും പന്തുകളികളും ഓണത്തെ ഭംഗിയാക്കുന്നു. ഓണത്തപ്പനു ചുറ്റും നിറമുള്ള വൈദ്യുതി വിളക്കുകളും പ്രകാശിപ്പിച്ചിരിക്കും.

'അച്ചിങ്ങ, പീച്ചിങ്ങ, കുമ്പളഞ്ഞ, ചേന, കാച്ചിൽ' മുതലായ വിഭവങ്ങൾ കൊണ്ട് നിരവധി കറികൾ ഉണ്ടാക്കുന്നു. പലതരം പച്ചക്കറികൾ ചേർത്തുള്ള സാമ്പാറുകൾക്ക് പ്രത്യേക തരം രുചിയുണ്ടായിരിക്കും. വാഴയിലകളിലാണ് സദ്യ വിളമ്പാറുള്ളത്. ചോറ്, പപ്പടം, ഉപ്പേരി,പുളിശേരി, തോരൻ കറികൾ, ഉരുളക്കിഴങ്ങ് പൊരിച്ചത്, പിക്കിളുകൾ, വാഴപ്പഴം, തുടങ്ങിയ നിരവധി വിഭവങ്ങൾ ഓണസദ്യയ്ക്ക് വിളമ്പാൻ ഒരുക്കും. മാംസാഹാരം പൂർണ്ണമായും അനുവദനീയമല്ല.

 ഓണം വരുമ്പോൾ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പ്പരം സമ്മാനങ്ങളും കൈമാറാറുണ്ട്. ഓണം ദിവസം കുടുംബത്തിലുള്ളവർ എത്ര ദൂരെയാണെങ്കിലും ഒത്തുചേരണമെന്നാണ് മാമൂൽ. കെട്ടിച്ചുവിട്ട പെൺമക്കളും കുട്ടികൾ സഹിതം തറവാട്ടിലെത്തുന്നു. അവർ തറവാട്ടു കാരണവർക്ക് പുത്തൻ വസ്ത്രം, പുകയില മുതലായ സമ്മാനങ്ങളും കൊടുക്കുന്നു. പുതിയതായി വിവാഹം ചെയ്തവർ മാതാപിതാക്കൾക്ക് സമ്മാനങ്ങളും നൽകുന്നു. സമ്മാനങ്ങൾ കൊടുക്കുന്നത് മഹാബലിക്കെന്നാണ്, പൊതുവെയുള്ള വിശ്വാസം. കുടുംബത്തിൽനിന്നും മാറി താമസിച്ച മക്കൾ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൈമാറുന്നു. അതുപോലെ മാതാപിതാക്കൾ പെണ്മക്കളെ കെട്ടിച്ച വീട്ടിൽ പച്ചക്കറികൾ, വാഴക്കുല, ചേന മുതലായ കൃഷിവിഭവങ്ങൾ കൊണ്ടുപോയി കൊടുക്കും. കുടുംബത്തിലെ മൂത്തയാൾ പുത്തൻ വസ്ത്രങ്ങൾ മറ്റു അംഗങ്ങൾക്കും വിതരണം ചെയ്യും. പഴയ കാലങ്ങളിൽ കുടിയാന്മാരും വേലക്കാരും അവരുടെ മുതലാളിക്ക് ഓണക്കാഴ്ചകൾ നൽകുമായിരുന്നു.

ഓണസദ്യ കഴിഞ്ഞാൽ പിന്നീട് ഉച്ചക്കുശേഷം ഓരോരുത്തരും തങ്ങളുടെ അഭിരുചിക്കനുസരണമായ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നു. വീടിനകത്തും പുറത്തും കളിക്കുന്ന നിരവധി വിനോദങ്ങളുണ്ട്. പ്രായമായവർ ചീട്ടുകളികളിൽ തല്പരരായിരിക്കും. ചെസ് കളികളിലും വ്യാപൃതരാകുന്നു. യുവാക്കളും ബാല ജനങ്ങളും പന്തുകളികൾ, ബോക്സിങ്, കിളികളി, കുട്ടിയും കോലും, കരടികളി, ഓണത്തല്ല് എന്നീ വിനോദങ്ങളിൽ ഏർപ്പെടും. സ്ത്രീ ജനങ്ങൾ തിരുവാതിരക്കളി, വട്ടുകളി, നായാട്ട്, തുമ്പികളി എന്നീ കളികളിൽ താല്പര്യപ്പെടുന്നു. ഊഞ്ഞാലാട്ടവും പാട്ടുപാടലും സ്ത്രീകൾക്ക് ഹരമാണ്. ചകിരി പിരിച്ച കയറുകൾ മരത്തിൽ കെട്ടി ആദ്യകാലങ്ങളിൽ ഊഞ്ഞാലാടിയിരുന്നു. കുടുംബത്തിലെ മുതിർന്നവർ ഊഞ്ഞാലുകൾ മരങ്ങളുടെ ശിഖരങ്ങളിൽ കെട്ടികൊടുത്തിരുന്നു. പിന്നീട്, ഊഞ്ഞാൽ ചരടുകൾ ചണം കൊണ്ട് കെട്ടാൻ തുടങ്ങി. ഇന്ന്, ഊഞ്ഞാലുകൾ മാർക്കറ്റിൽനിന്നും മേടിക്കുന്നു.

ആലപ്പുഴ, കോട്ടയം, എന്നീ മേഖലകളിലുള്ള വള്ളംകളി മത്സരങ്ങൾ കേരളീയ ജനതയുടെ മനസുപതിയുന്ന വിനോദങ്ങളാണ്. നിരവധി അലംകൃതമായ പ്രസിദ്ധ വള്ളങ്ങളിൽ നാടൻ പാട്ടുകളും പാടി തുഴഞ്ഞുപോവുന്ന മത്സരങ്ങൾ കാണികളിൽ ഇമ്പമുണ്ടാക്കുന്നു. പുലിയുടെ വേഷം കെട്ടിയുള്ള കളികളും ഓണക്കാലത്ത് കൗതുകകരമാണ്. നല്ല ശരീര ഭംഗിയും മെയ് വഴക്കവുമുള്ള ചെറുപ്പക്കാരാണ് സാധാരണ പുലിയുടെ വേഷം കെട്ടാറുള്ളത്. ചില പ്രദേശങ്ങളിൽ ഈ വിനോദത്തെ കടുവകളി എന്നും പറയുന്നു. മറ്റൊരു വിനോദം കൈകൊട്ടിക്കളിയാണ്. സ്ത്രീകൾക്ക് മാത്രമുള്ള നൃത്ത കലയാണ് തിരുവാതിരക്കളി. ഓണാഘോഷം സംബന്ധിച്ചു തിരുവിതാതിരക്കളി അമ്പലങ്ങളിലും അരങ്ങേറാറുണ്ട്. തിരുവാതിരക്കളി മതപരമായ അനുഷ്ഠാനമായും മറ്റു സാംസ്ക്കാരിക വേളകളിലും  അവതരിപ്പിക്കാറുണ്ട്. അമ്പലങ്ങളിൽ ശിവനെയും പാർവ്വതിയെയും സ്തുതിച്ചുകൊണ്ട് സ്ത്രീകൾ പാടുന്നു. ഈ നൃത്തത്തോടനുബന്ധിച്ചാണ് കൈകൊട്ടി കളിയും. വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടക്കാനും സ്ത്രീകൾ തിരുവാതിരാക്കളിയിൽ പങ്കു ചേരുന്നു.

കാലം മാറിയപ്പോൾ ഓണവും പാശ്ചാത്യ സംസ്ക്കാരത്തോടൊപ്പം അലിഞ്ഞുചേർന്നു. തിരുവാതിര കളിക്കാൻ പോലും ആൾക്കാരില്ലെന്നായി. 'കുരവ' ഇടാനും ആർക്കും അറിഞ്ഞുകൂടാത്ത സ്ഥിതിവിശേഷം വന്നു. തിരുവാതിര ദിവസം വീടുകളുടെ തിണ്ണകൾ 'ചാണകം' കൊണ്ട് മെഴുകി 'അത്തപ്പൂ' ഇടുന്ന പതിവുണ്ടായിരുന്നു. കാലം എല്ലാത്തിനും മാറ്റങ്ങൾ വരുത്തി. ചാണകത്തറകൾ ഇല്ലാതായി. മക്കളും മക്കളുടെ മക്കളുമായുള്ള ആഘോഷങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഊഞ്ഞാലിൽ കയറി പറക്കുന്ന കാഴ്ചകളൊന്നും ഇന്നത്തെ ഓണത്തിലില്ല. കുട്ടികൾ പറിച്ചുകൊണ്ടു വരുന്ന പുഷ്പ്പങ്ങളുടെ സ്ഥാനത്ത് ഇന്ന് പുഷ്പ്പങ്ങൾ മാർക്കറ്റിൽ നിന്നും വിലകൊടുത്തു മേടിക്കുന്നു. പഴങ്കാലങ്ങളിൽ, തുമ്പയിലയും തുളസിപ്പൂവുമെല്ലാം ചാർത്തി വിളക്കുകൾ കത്തിക്കുന്നത് വളരെ ആദരവോടെയായിരുന്നു. ദേഹം നല്ലവണ്ണം വെള്ളം കൊണ്ട് ശുദ്ധമാക്കിയിരുന്നു. അതിന്റെ സ്ഥാനത്ത് ഇന്ന് കുളിയും നനയുമില്ലാതെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലാണ് പുതിയ തലമുറകൾക്ക് താൽപ്പര്യം. കേരളത്തിന്റെ തനിമയാർന്ന നാലുകെട്ട് ഭവനങ്ങൾ എല്ലാം ഓർമ്മയായിക്കൊണ്ടിരിക്കുന്നു. നാടൻ പൂക്കളും പറിച്ച് മുത്തശിമാരോടൊപ്പം പൂക്കൾ കെട്ടിയിരുന്ന  കാലവും നമുക്കുണ്ടായിരുന്നു. ഏട്ടനും അനിയത്തിയും മറ്റു കുടുംബാംഗങ്ങളും ഒത്തുചേരുന്ന കാലങ്ങൾ. എല്ലാം ഇന്ന് ഓർമ്മയിൽ! ഓണസദ്യ ഇന്ന് റെഡി മെയിഡായി ഹോട്ടലുകാർ പാകപ്പെടുത്തുന്നു. പഴയ കാലത്തെ പരസ്പര സഹകരണവും സ്നേഹവും ഇല്ലാതായി. വീണ്ടും ഒരു ഓണം വരുമ്പോൾ നാം തിരിഞ്ഞു നോക്കുന്നതു പണ്ടുള്ള മുത്തശിമാരുടെ കാലത്തെ ഓണത്തെപ്പറ്റിയായിരിക്കും. മുതിർന്നവർ കഴിഞ്ഞകാല ഓണങ്ങളുടെ മധുരസ്മരണകളും അയവിറക്കുന്നുണ്ടാവാം!





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...