Saturday, September 7, 2019

യേശുവിന്റെ അമ്മയായ മേരിയും പേഗൻ ദേവതകളും


ജോസഫ് പടന്നമാക്കൽ

ഈ-മലയാളിയിൽ പ്രസിദ്ധീകരിച്ച ശ്രീ ആൻഡ്രുസിന്റെ "ഈശ എന്ന മറിയം; 8 നോമ്പും ഈശ ദേവതയും" എന്ന ലേഖനത്തെ ആധാരമാക്കിയുള്ള ഒരു പുനഃശ്ചിന്തനമാണ് ഇതിലെ ഉള്ളടക്കം. കത്തോലിക്ക സഭയിലും മറ്റു ഇതര ക്രിസ്ത്യൻ സഭകളിലും യേശുവിനൊപ്പം മേരിക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ദൈവമായ യേശുവിന് ജന്മം നല്കിയതുകൊണ്ടു മേരിയും ദേവമാതാവെന്നാണ് സങ്കല്പം. മേരിഭക്തി കത്തോലിക്ക സഭയിൽ പ്രാബല്യത്തിൽ വന്നത് നാലാം നൂറ്റാണ്ടിലോ കോൺസ്റ്റാന്റിൻ ചക്രവർത്തിയുടെ കാലംമുതലോ ആയിരിക്കാം. മേരിയുടെ ജീവിതവുമായി സ്പർശിക്കുന്ന സംഭവങ്ങൾ ബൈബിളിൽ വളരെ പരിമിതമായി മാത്രമേയുള്ളൂ. ബൈബിളിൽ മേരിയ്ക്ക് ദൈവതുല്യമായ സ്ഥാനമുണ്ടെന്നോ, മേരി സ്വർഗാരോഹണം നടത്തിയെന്നോ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും അവ്യക്തതകൾ നിറഞ്ഞ വചനങ്ങളുമുണ്ട്. മേരിയുടെ സ്വർഗാരോഹണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് പന്ത്രണ്ടാം പീയൂസ് മാർപാപ്പായായിരുന്നു. മാർപാപ്പയുടെ അപ്രമാദിത്യവരം പ്രയോഗിച്ചുള്ള ഈ തീരുമാനം ചാക്രികലേഖനം വഴി ലോകത്തെ  അറിയിക്കുകയും ചെയ്തു.


മാനവ ജാതിക്കായി ഒരു രക്ഷകൻ പിറക്കുമെന്നും മേരി അവന്റെ അമ്മയായിരിക്കുമെന്നും ലുക്കിന്റെ സുവിശേഷത്തിൽ വായിക്കാം. (ലൂക്കോസ് 1:46-49) തലമുറകൾ മേരിയെ പരിശുദ്ധയെന്നു വിളിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും യേശുവിന്റെ അമ്മയെന്നതിലുപരി ദൈവത്തിന്റെ അമ്മയായി മേരിയെ കത്തോലിക്ക സഭ കാണുന്നു. അവിടെയാണ് യഹോവാ സാക്ഷികളും ഇവാഞ്ചലിസ്റ്റുകളും കത്തോലിക്കരും തമ്മിലുള്ള പരസ്പ്പര ഭിന്നതകൾ ആരംഭിക്കുന്നത്.


മേരി ജനിച്ചത് യഹൂദ വംശത്തിൽ ദാവീദിന്റെ കുലത്തിലെന്നു  വചനം പറയുന്നു. (ലുക്ക് 3:23-31)  ദൈവിക ഭക്തിയിലും വിശ്വാസത്തിലും അവർ ദൈവത്തിന് പ്രിയപ്പെട്ടവളായിരുന്നുവെന്നും വായിക്കുന്നു. യേശുവിന്റെ അമ്മയാകാൻ ദൈവം മേരിയെ തിരഞ്ഞെടുത്തു.(ലുക്ക് 1:31, 35) ജോസഫിനും മേരിക്കും മറ്റു മക്കളുണ്ടായിരുന്നതായി ബൈബിളിൽ സൂചനകളുണ്ട്. (മാർക്ക്6:3.) മറിയവും ദൈവത്തിന്റെ ശിക്ഷ്യയെന്നു ബൈബിളിൽ സൂചനയുണ്ടെങ്കിലും ദൈവമാതാവെന്ന വ്യക്തമായ ഒരു വചനമില്ല. പിന്നെ എന്തുകൊണ്ട് മേരിയെ ദൈവമാതാവായി കരുതുന്നു?  ആദ്യനൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികൾക്കുള്ള പേഗൻ ബന്ധങ്ങളുമായി മേരിയുടെ ദൈവികത്വം വിശ്വാസത്തിൽ ചേർത്തതാകാം.


മേരിയെ യേശുവിന്റെ അമ്മയായി ആദ്യ ക്രിസ്ത്യാനികൾ കരുതിയെങ്കിലും ദൈവത്തിന്റെ അമ്മയായി കണ്ടിരുന്നില്ല. യേശുവിന്റെ നാമം ചീത്തയാക്കവിധം മേരിയെ ആരും മാനിക്കാറില്ല. മേരിയെ കത്തോലിക്കർ സ്ത്രീകൾക്ക് ഒരു മാതൃകയായും ദൈവത്തിനുവേണ്ടി അർപ്പിക്കപ്പെട്ട ഒരു ഭക്തയായും കാണുന്നു. പേഗൻ ദേവതകൾക്കൊന്നും ഈ സ്വഭാവ ഗുണങ്ങൾ കാണുന്നില്ല. മേരിയുടെ ജീവിതരീതി പേഗൻ ദൈവങ്ങളുടെ കഥകളിലെ ജീവിതരീതികളുമായി സാമ്യതകൾ കുറവാണ്.  ആദ്യകാലങ്ങളിൽ ' ക്രിസ്ത്യാനികളായവർ അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരായിരുന്നു. അവർ പുലർത്തി വന്നിരുന്ന വിശ്വാസത്തിൽനിന്നും വ്യതിചലിക്കാൻ സാധിക്കില്ലായിരുന്നു. സീസറിനെ ആരാധിക്കാൻ തയാറാകാഞ്ഞ കാരണം നിരവധി ക്രിസ്ത്യാനികൾ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട്. ആദ്യ ക്രിസ്ത്യാനികൾ 'ഗായ' 'സൈബെലെ' എന്നീ ദൈവങ്ങളെ ആരാധിച്ചിരുന്നില്ല.  യേശുവിലും മേരിയിലും വിശ്വസിച്ചതുകൊണ്ട് നിരവധി വിശ്വാസികളെ സിംഹക്കൂടുകളിൽ എറിഞ്ഞു കൊടുത്തിരുന്നു. ക്രിസ്ത്യാനികൾ പേഗൻ ദൈവങ്ങളെ ആരാധിക്കാത്തതായിരുന്നു കാരണം! പിശാചുക്കളായിട്ടാണ് പേഗൻ ദൈവങ്ങളെ ആദ്യകാലം മുതൽ കണ്ടിരുന്നത്. ഇന്നും മാമ്മോദീസ ചടങ്ങുകളിൽ പിശാചിനെ പരിത്യജിക്കുന്നതായി വിശ്വസിക്കുന്നു.


യേശുവിന്റെ ഇളയമ്മയായ എലിസബത്തിനെ മാതാവായ മേരി കാണാൻ ചെന്നപ്പോൾ എലിസബത്ത് സ്വയം തന്നെപ്പറ്റി 'താൻ ആരെന്ന്'  ചോദിക്കുന്നുണ്ട്. 'ദൈവമാതാവ് തന്നെ കാണാൻ വന്നിരിക്കുന്നുവെന്നും' എലിസബത്ത് പറയുന്നുണ്ട്. അതുകൊണ്ട് ദൈവമാതാവെന്നത് ബൈബിളധിഷ്ഠിതമെന്നും കത്തോലിക്കർ വിശ്വസിക്കുന്നു. (ലൂക്കോസ് 1:43). ബൈബിളിൽ 'മാഗി' അമ്മയായ മേരിയെയും കുഞ്ഞിനേയും കണ്ടമാത്രയിൽ മുട്ടുകുത്തി വന്ദിക്കുന്നു. അപ്പോൾ യേശു മേരിയുടെ കൈകളിലായിരുന്നു. ശിശുവായിരുന്നപ്പോൾ യേശുവിനെ ദൈവമായി കരുതിയിരുന്നില്ല. കത്തോലിക്കർ മേരിയുടെ മുമ്പിൽ മുട്ടുകുത്തുന്നതിനുള്ള കാരണവും അതു തന്നെയാണ്. സ്ത്രീയിലെ സത്യവും ധർമ്മവും തിരിച്ചറിയലും ഈ ആദരവുകളിൽ പ്രകടമായി കാണാം. കിഴക്കുനിന്നുള്ള ബുദ്ധിമാന്മാരായവർ വന്നപ്പോഴും മുട്ടുകുത്തിയപ്പോഴും യേശു മേരിയുടെ കൈകളിലായിരുന്നു. ഇതിന്റെ അർഥം മേരി ദൈവത്തിനു മുമ്പും ഉണ്ടായിരുന്നുവോ; എന്നാകുമോ? ദൈവമായ യേശു അനാദികാലം മുതലുണ്ടായിരുന്നു. ഇല്ലെങ്കിൽ സഭ അങ്ങനെ പഠിപ്പിക്കുന്നു! ആദ്യം വചനമായിരുന്നു. വചനം മാംസമായിയെന്നാണ് വിശ്വാസം. 'യേശു മരുഭൂമിയിലെ പാറയായിരുന്നു'. വചനകളിൽക്കൂടി യേശുവിന്റെ ദിവ്യത്വം വെളിപ്പെടുത്തുന്നു. ഒരു ചരിത്രകാരനെ സംബന്ധിച്ച് അവിശ്വസിനീയങ്ങളായ ഇത്തരം ജൽപ്പനങ്ങൾ ചരിത്രത്തിന്റെ ഭാഗമായി കാണാൻ സാധിക്കില്ല.


യേശുവിന്റെ 'അമ്മ ദൈവമാതാവെങ്കിൽ ദൈവികത്വം മുഴുവൻ മേരിയിലുണ്ടെങ്കിൽ എങ്ങനെ യേശു മനുഷ്യനായി ജനിച്ചുവെന്നാണ് ചിലരുടെ ചോദ്യം! യേശുവിന്റെ മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും വേർതിരിക്കാൻ സാധിക്കില്ലെന്നാണ് നെസ്തോറിയൻസുകളുടെ വിശ്വാസം. വെളിപാടിൽ പറയുന്നു, 'സ്വർഗത്തിൽ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്‌ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. അവൾ ഗർഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവൾ നിലവിളിച്ചു. സ്‌ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട്‌ മേയ്‌ക്കും. പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി." സഭ കന്യകാമറിയത്തിനു അങ്ങനെ ദൈവിക പ്രതിച്ഛായ നൽകുകയാണ്.


'മേരി' ദേവ മാതാവെന്ന സങ്കൽപ്പത്തിനു സുവിശേഷത്തിലെ വചനങ്ങൾ ഉദ്ധരിക്കാറുണ്ട്. ലുക്കിന്റെയും മാർക്കിന്റെയും സുവിശേഷത്തിൽ (മാർക്കോസ് 1:1; ലൂക്കോസ് 1:32.) മേരിയെ ദൈവ മാതാവെന്നു വിശേഷിപ്പിക്കുന്നു. ദൈവ പുത്രനെ പ്രസവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ദൈവമെന്ന മായാ പ്രപഞ്ചവും ശക്തിയും ഒരു സ്ത്രീയുടെ ഉദരത്തിൽ ജനിച്ചുവെന്നും വിശ്വസിക്കണം. അത്തരം ദൈവമെന്ന സങ്കല്പം എങ്ങനെ  നമ്മുടെ സാമാന്യ ബുദ്ധിയിൽ ഒതുങ്ങുന്നുവെന്നും അറിയില്ല. ഒരു ഗർഭ പാത്രത്തിനുള്ളിൽ സങ്കല്പങ്ങൾക്കും മീതെയുള്ള ദൈവിക പ്രപഞ്ചാദികൾ സർവ്വതും അടങ്ങിയിരിക്കുന്നു. സമുദ്രത്തിനുള്ളിലെ ജലകണം പോലും ദൈവത്തിന്റെ മായാവിലാസത്തിലെ കണ്ണികളായിട്ടാണ് ദൈവശാസ്ത്രജ്ഞമാർ കുറിച്ചുവെച്ചിരിക്കുന്നത്. അണ്ഡകടാഹങ്ങളെ മുഴുവൻ സൃഷ്ടിച്ച ആ സൃഷ്ടിദൈവം കേവലം ഒരു സ്ത്രീയുടെ ഉദരത്തിൽ പിറന്നുവെന്നു കരുതാനും നമ്മുടെ ചിന്തകൾ അശക്തങ്ങളാണ്. യേശു പൂർണ്ണ ദൈവമായി നാം വിശ്വസിക്കുന്നു. വിചിത്രങ്ങളായ കഥകളെ ചരിത്ര സത്യങ്ങളായി മാറ്റപ്പെടുവാൻ വ്യക്തമായ തെളിവുകളൊന്നും നമ്മുടെ ഗ്രന്ഥപ്പുരകളിൽ കാണില്ല. തെളിവുകൾക്കായി നാം പഴം പുരാണങ്ങളെയും ബൈബിളിലെ പഴയ നിയമം പുതിയ നിയമം പുസ്തകങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു. ബൈബിൾ ഒരു ചരിത്രകൃതിയോ എന്ന വിവാദത്തിൽ ചരിത്രകാർ എന്നും ആശയസംഘട്ടനത്തിലാണ്‌. ബൈബിളിന്റെ ആധികാരികതയെപ്പറ്റി ചരിത്രത്തിലേക്ക് എത്തിനോക്കുന്നവർ പരസ്പരവിരുദ്ധങ്ങളായി അഭിപ്രായപ്പെടുന്നു.


താൻ ദൈവമാണെന്നു യേശു പറഞ്ഞതായി ബൈബിളിലില്ല. മേരി, ദൈവത്തിന്റെ മാതാവെന്നു  യേശുവിന്റെ മലയിലെ പ്രസംഗങ്ങളിലും സൂചിപ്പിച്ചിട്ടില്ല. ദൈവത്തിന്റെ സ്ഥാനത്ത് മേരിയെ വന്ദിക്കണമെന്നും പറഞ്ഞിട്ടില്ല. കത്തോലിക്ക സഭയുടെ പ്രാർത്ഥനകളിൽ മേരിയെ സ്വർഗ്ഗ രാജ്ഞി എന്നും വിളിച്ച് പ്രാർത്ഥിക്കാറുണ്ട്. ബൈബിളിൽ മേരിയെന്ന സ്വർഗരാജ്ഞിയെപ്പറ്റി വ്യക്തമായി പറയാത്ത സ്ഥിതിക്ക് അത്തരം പ്രാർത്ഥന പേഗൻ മതങ്ങളിലെ സ്ത്രീ ദൈവങ്ങളോടുള്ള  പ്രാർത്ഥനകളായി കരുതണം.


'സ്വർഗരാജ്‌ഞി' എന്ന മഹനീയ നാമം കത്തോലിക്ക സഭയിൽ കടന്നുകൂടിയത് 'ഇഷ്ടാർ' എന്ന ബാബിലോണിയൻ സ്ത്രീ ദൈവത്തിൽ നിന്നാകാം! ആദ്യകാല ക്രിസ്ത്യാനികൾ മേരിയെ ആരാധിച്ചിരുന്നതായി രേഖകളിലൊന്നിലും വ്യക്തമല്ല. സഭാ പണ്ഡിതർ ബാബിലോണിയൻ ദേവിയായ 'ഇഷ്ടാറിനെ' നിരസിച്ചിരുന്നതായും എഴുതിയിട്ടുണ്ട്. ദൈവം അനാദിയെന്നാണ് ബൈബിളിലും പറഞ്ഞിരിക്കുന്നത്. 'അവനു ആദിയും അന്തവും ഇല്ലായിരുന്നു." ആദിയും അന്തവും ഇല്ലാത്ത ഒരു ദൈവത്തിന് എങ്ങനെ ഒരു അമ്മയുണ്ടാകുമെന്നതും ചോദ്യമാണ്. ദൈവത്തെ ഒരു മനുഷ്യ സ്ത്രീയുടെ ഉദരത്തിൽ വഹിക്കാൻ സാധിക്കുമോ? സ്വർഗവും സപ്ത ലോകങ്ങളും നരകവും നിയന്ത്രിക്കുന്ന സൃഷ്ടാവായ ദൈവത്തെ എങ്ങനെ ഒരു സ്ത്രീയുടെ ഉദരത്തിൽ താങ്ങാൻ സാധിക്കും? നാലാം നൂറ്റാണ്ടു മുതലാണ് മേരിഭക്തി കാണപ്പെടുന്നത്.


കത്തോലിക്ക മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടിരുന്നു. അക്കാലഘട്ടത്തിൽ പേഗൻ മതവിശ്വാസികൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേർന്നു. അങ്ങനെ ക്രിസ്ത്യാനികളിലും പേഗൻ ചിന്താഗതികൾ കടന്നുകൂടി. വചനത്തിൽ എഴുതി ചേർക്കാത്ത ബാവ, പുത്രൻ, റൂഹാ കുദിശ' എന്ന ത്രൈദേവിക ത്രിത്വം സഭയിൽ നടപ്പിലാക്കി. എ.ഡി. 431-ൽ എഫേസൂസ്‌ സൂനഹദോസ് മേരിയെ ദൈവമാതാവായി അംഗീകരിച്ചു. കത്തോലിക്ക സഭയിൽ പേഗൻ ചിന്താഗതികൾ വളർന്നതോടെ നിത്യ കന്യകയുടെ അടയാളങ്ങളും പടങ്ങളും സഭ സ്വീകരിക്കാൻ തുടങ്ങി. പേഗൻ ദേവി നരകസർപ്പത്തെ ചവിട്ടുന്ന രൂപങ്ങൾ മേരിയിലും രൂപകൽപ്പന ചെയ്തു. മേരിയും സർപ്പത്തെ ചവുട്ടിക്കൊണ്ടുള്ള ദേവിയായി പ്രത്യക്ഷപ്പെട്ടു. ചിലർ റോമ്മാക്കാരുടെ 'ഡയാന ദേവതയെ' മേരിയായി കണ്ടു. പേഗനീസത്തിലെ ഐസിസ് ദേവതയും മേരിയായി രൂപാന്തരപ്പെട്ടു.


എ.ഡി 432-ൽ പോപ്പ് സിസ്റ്റസ് മൂന്നാമൻ ദൈവമാതാവിന്റെ പേരിൽ ആദ്യമായി പള്ളി പണിതു. റോമൻ ദേവതയായ 'ലുസിനാ'യുടെ അമ്പലം നിലനിന്നിരുന്ന സ്ഥലത്താണ് ദേവമാതാവിന്റ പള്ളി പണിതത്. ക്രിസ്തുമതം നടപ്പായതോടെ 'ലുസിന ദേവത' പൂർണ്ണമായി മേരിയായി മാറ്റപ്പെട്ടു.
അന്നുമുതൽ! കന്യകാ മേരി പേഗൻ ദേവതയോ എന്നത് വിവാദ വിഷയങ്ങളായി തുടരുന്നു.


ചരിത്ര കുതുകികളായവർ മേരിയെ പേഗൻ ദൈവമായി ചിത്രീകരിക്കുമ്പോൾ അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള സഭയുടെ ചിന്താഗതികളും ന്യായീകരണങ്ങളും ചിന്തനീയമാണ്. പേഗൻ സ്ത്രീ ദൈവങ്ങളെ കന്യകമാരായും ദൈവമായും മാനിക്കുന്നുണ്ടെങ്കിലും ഈ ദൈവങ്ങൾക്ക് കത്തോലിക്കർ മാനിക്കുന്ന മേരിയുമായി വലിയ ബന്ധങ്ങളൊന്നും കാണുന്നില്ല. പ്രാകൃതവും അധാർമ്മികവുമായ ആചാരരീതികൾ പേഗൻ ദേവതകൾക്ക് അർപ്പിക്കപ്പെട്ടിരുന്നു. 'ഗായ' എന്ന പേഗൻ സ്ത്രീദൈവത്തെ ഭൂമി ദേവിയായി ആരാധിച്ചിരുന്നു. ഈ ദേവി തികച്ചും മേരിയുമായി വ്യത്യസ്തയാണ്. മേരിയെ ഭൂമിദേവിക്ക് തുല്യമായി ആരാധിക്കാറില്ല. അതുപോലെ വിവാഹ ജീവിതത്തിനുപരിയായി രതി വിനോദത്തിനുവേണ്ടിയും പേഗൻ ദൈവങ്ങളെ ആരാധിച്ചിരുന്നു. അത്തരം ലൗകികാനന്ദത്തിനുവേണ്ടിയുള്ള സംതൃപ്തിക്കായി മേരിയെ ആരും വന്ദിക്കാറില്ല.


'അമ്മയും കുഞ്ഞും' രൂപങ്ങളും പ്രതിമകളും പേഗൻ ദൈവങ്ങളിലും കാണാം. അമ്മയായ മേരി ശിശുവായ യേശുവിനെ എടുക്കുന്ന രൂപങ്ങൾ പേഗൻ മതങ്ങളുടെ കോപ്പികളെന്ന  ആരോപണവുമുണ്ട്. പേഗൻ ദേവതകൾ കുഞ്ഞുങ്ങളെ എടുക്കുന്ന ഇത്തരം പ്രതിബിംബങ്ങളുണ്ടെന്നുള്ളത് ശരിതന്നെ! ലോകചരിത്രം തുടങ്ങിയ കാലം മുതൽ മാതൃത്വം എല്ലാ സംസ്ക്കാരങ്ങളിലുമുണ്ടായിരുന്നു.  ലോകമതങ്ങൾ എല്ലാം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും രൂപങ്ങൾ  ചിത്രീകരിച്ചിട്ടുണ്ട്. പേഗൻ മതങ്ങളിലുണ്ടായിരുന്ന കുരിശുകളും ഭാവനകളനുസരിച്ച് നിർമ്മിക്കുകയും വരച്ചിട്ടുമുണ്ട്. കത്തോലിക്കരും ' ശിശുവായ യേശുവിനെ മാതാവായ മേരി തോളിൽ എടുക്കുന്ന രൂപങ്ങൾ  വരക്കുകയും പ്രതിമകൾക്ക്  രൂപകൽപ്പനയും ചെയ്യുന്നു. അത് കലാകാരന്മാരുടെ ഭാവനയ്ക്കനുസരിച്ചുള്ള സൃഷ്ടികളാണ്. സാംസ്ക്കാരിക മൂല്യങ്ങളിൽ നിറഞ്ഞിരുന്ന മാതൃത്വത്തിന്റെ അടയാളമായിരുന്നുവെന്നും മനസിലാക്കണം. ലോകത്തുള്ള എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ എടുക്കുന്നു. കുഞ്ഞായിരുന്ന യേശുവിനെ മേരിയും തോളിലേറ്റി. അത് പേഗൻ ദൈവങ്ങളുടെ തുടർച്ചയായി കരുതാൻ സാധിക്കില്ല. ഒരു കലാകാരൻ നിർമ്മിക്കുന്ന 'അമ്മയും കുഞ്ഞുമായ' ചിത്രങ്ങളെ ആർക്കുവേണമെങ്കിലും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സാരിയുടുത്തുള്ള മേരിയുടെ ചിത്രങ്ങളും മാർക്കറ്റിലുണ്ട്. അത്തരം നിരീക്ഷണങ്ങൾ ചരിത്ര ഗവേഷണങ്ങളുമായി കൂട്ടിക്കുഴക്കാൻ സാധിക്കില്ല.


അറേബ്യയായിൽ നാലാം നൂറ്റാണ്ടിൽ മേരിയെ ആരാധിച്ചിരുന്ന ഒരു 'മേരി കൾട്ട്' നിലവിലുണ്ടായിരുന്നു. അവരുടെ 'മേരി' പേഗൻ ദൈവങ്ങൾക്ക് സമാനമായിരുന്നു.  'കോളിരിത്യൻസ്‌' എന്ന പേരിൽ ഈ മതതീവ്ര വർഗത്തെ അറിയപ്പെട്ടിരുന്നു. അതിൽ  പ്രവർത്തിച്ചിരുന്നവർ കൂടുതലും സ്ത്രീകളായിരുന്നു . അവർ കന്യാമേരിക്ക് വിശേഷ ദിവസങ്ങളിൽ കേക്കുകൾ അർപ്പിക്കുമായിരുന്നു.  മേരിയെ കണ്ടിരുന്നത് പേഗൻ ദൈവങ്ങളുടെ അവതാരമായിട്ടായിരുന്നു. എന്നാൽ കോളിരിത്യൻസ്‌ കത്തോലിക്കരല്ലായിരുന്നു. മതപരമോ താത്ത്വികമോ ആയ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായത്തോടെ ജീവിക്കുന്ന ഒരു വർഗമായിരുന്നു അവർ. ഈ മതക്കാർ മറ്റു പല മതാചാരങ്ങളെ സ്വന്തം മതത്തിൽ പകർത്തിയിരുന്നു. കത്തോലിക്കാ മതം അവരെ മത നിന്ദകരായിട്ടായിരുന്നു ഗൗനിച്ചിരുന്നത്. കത്തോലിക്കരുടെപോലെ മേരിയുടെ രൂപവും അവർ പിന്തുടർന്നു. പേഗൻ ദൈവങ്ങൾക്ക് അർപ്പിക്കുന്നപോലെ അവർക്കും ചില ആചാരങ്ങളുമുണ്ടായിരുന്നു. പരസ്പ്പര വിരുദ്ധ ആശയങ്ങളോടെയുള്ള ഈ മതത്തെ  ഒരിക്കലും കത്തോലിക്കാ സഭ അംഗീകരിച്ചിരുന്നില്ല. സെയിന്റ് എപ്പിഫനിയൂസ് അവരെ സഭയുടെ ശത്രുക്കളായി കണ്ടു പുച്ഛിക്കുന്നുമുണ്ട്.
   

ക്രിസ്തുമതത്തെ പേഗൻ മതങ്ങളോട് ഉപമിക്കുന്നതോടൊപ്പം ഹൈന്ദവ മതങ്ങളുമായും സാദൃശ്യപ്പെടുത്താറുണ്ട്. പള്ളി മണികളും അമ്പലമണികളും മനുഷ്യമനസുകൾക്ക് ഊർജം പ്രദാനം ചെയ്യുന്നു. ക്രൈസ്തവരും ഹിന്ദുക്കളും പൂജാ സമയങ്ങളിൽ വിളക്കുകൾ കത്തിക്കുന്നു. ഹൈന്ദവർ എണ്ണയൊഴിച്ചു വിളക്കുകൾ കത്തിക്കുമ്പോൾ ക്രൈസ്തവർ മെഴുകുതിരികൾ ദൈവസന്നിധിയിൽ കത്തിക്കുന്നു. എണ്ണയൊഴിച്ചു വിളക്കുകൾ കത്തിച്ചിരുന്നതായി ബൈബിളിൽ എഴുതപ്പെട്ടിണ്ട്. ഹിന്ദുമതത്തിൽ ത്രിമൂർത്തികളുടെ സ്ഥാനത്ത് ക്രൈസ്തവത്വത്തിൽ ത്രിത്വമായി മാറുന്നു. ബ്രഹ്മാവും വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങൾ. ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം ത്രിത്വത്തിൽ ബാവായും പുത്രനും റുഹാകുദീസായുമായി മാറുന്നു. പഴയ നിയമത്തിൽ ദൈവം മോശയോട് വിശുദ്ധ വേദിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നിന്റെ ചെരിപ്പുകൾ നീക്കം ചെയ്യാൻ പറയുന്നുണ്ട്. അമ്പലത്തിൽ പ്രവേശക്കുന്നതിനു മുമ്പ് ഹിന്ദുക്കൾ ചെരുപ്പുകൾ കാലിൽ നിന്നും നീക്കം ചെയ്യുന്നു. ക്രിസ്ത്യാനികൾ ചെരിപ്പുകൾ ഊരുന്ന ആചാരം പാലിക്കുന്നില്ലെങ്കിലും പ്രധാന അൾത്താരകളിൽ ചെരിപ്പിട്ടു കയറാറില്ല. എങ്കിലും പുരോഹിതർ അൾത്താരയിലും ചെരിപ്പിട്ടു ബലിയർപ്പിക്കുന്നു.


കൃഷ്‌ണൻ ജനിച്ചപ്പോഴും യേശു ജനിച്ചപ്പോഴും കുഞ്ഞുങ്ങളെ വധിക്കുന്നതായ കഥകളുണ്ട്.  മൂന്നു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ വധിക്കാൻ രാജാവ് കൽപ്പന പുറപ്പെടുവിക്കുന്നതായും കാണാം. മലമുകളിൽ പ്രാർത്ഥിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും താല്പര്യപ്പെടുന്നു. ശിവൻ വസിക്കുന്ന കൈലാസ പർവതം ഹിന്ദുക്കൾക്ക് പുണ്യസ്ഥലമാണ്. മോക്ഷവും അദ്ധ്യാത്മികതയും തേടി യോഗികൾ അവിടേക്ക് പോകാറുണ്ട്. ഒലിവു മലമുകളിൽ യേശു ക്രിസ്തുവും പ്രാർത്ഥിച്ചിരുന്നു. മോശയ്ക്ക് പത്തു കൽപ്പനകൾ ദൈവം കൊടുത്തതും സീനായ് പർവത നിരകളിൽ വെച്ചായിരുന്നു. മലമുകളിൽ അമ്പലങ്ങളും പള്ളികളും പണിയുന്നു. ദൈവത്തിനു പുത്രന്മാർ രണ്ടു മതങ്ങളിലുമുണ്ട്. ഗണേശനും മുരുകനും ശിവന്റെ പുത്രന്മാരായിരുന്നു. രണ്ടു മക്കളും ദൈവങ്ങളും. കൃഷ്ണൻ വാളുമേന്തി വെള്ള നിറമുള്ള കുതിരപ്പുറത്ത് 'കൽക്കി' അവതാരമായി പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് ഹിന്ദുക്കൾക്കുള്ളത്. യേശു വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു. അന്ത്യ നാളുകളിൽ വിധിയാളനായി വെള്ളക്കുതിരപ്പുറത്ത് വാളുമേന്തി വരുമെന്നുള്ള പ്രതീക്ഷയിൽ ക്രിസ്ത്യാനികളും അദ്ധ്യാത്മികതയിൽ മുഴുകി ജീവിക്കുന്നു. ഹൈന്ദവ സഹോദരങ്ങൾ ക്രിസ്തുമതത്തോട് സഹിഷ്ണത എക്കാലവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്രിസ്ത്യാനികൾ ഹൈന്ദവരിൽ നിന്നും അവരുടെ ആചാരങ്ങളിൽ നിന്നും എന്നും വേറിട്ട് ജീവിക്കാനും ആഗ്രഹിച്ചിരുന്നു.

Also please read: https://www.emalayalee.com/varthaFull.php?newsId=194313

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...