Tuesday, September 10, 2019

കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും



Image may contain: 2 people

 ജോസഫ്  പടന്നമാക്കൽ 

സിസ്റ്റർ ജെസ്മിയും സിസ്റ്റർ മേരി ചാണ്ടിയും സഭാവസ്ത്രം ഉപേക്ഷിച്ചശേഷം തങ്ങളുടെ  അനുഭവകഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതോടെ ഇരുളടഞ്ഞ കന്യാസ്ത്രി മഠങ്ങളിലെ നിരവധി രഹസ്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പോരാഞ്ഞ്, സിസ്റ്റർ ലൂസി കളപ്പുരയുടെ അടുത്ത കാലങ്ങളിലെ വെളിപ്പെടുത്തലുകളും മഠങ്ങളിൽ പുരോഹിതർ നടത്തുന്ന ലൈംഗിക അരാജകത്വങ്ങളും കേരളസഭയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യസ്ത്രീകൾ നടത്തിയ സമരത്തെ പിന്താങ്ങിയതിനാണ് ലുസിക്കെതിരെ നിയമ നടപടികൾ സഭാ നേതൃത്വം സ്വീകരിച്ചത്.

മേരി ചാണ്ടിയെന്ന മുന്‍ കന്യാസ്ത്രിയുടെ 'നന്മ നിറഞ്ഞവരേ സ്വസ്തി'യെന്ന ആത്മകഥാ ഗ്രന്ഥത്തിൽക്കൂടിയുള്ള വെളിപ്പെടുത്തലുകൾ സഭയുടെ ഉള്ളറ രഹസ്യങ്ങൾ വെളിച്ചത്തുവന്നിരിക്കുന്നു.  അരമനരഹസ്യങ്ങളും കോണ്‍വെ‍ന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു ഈ മുന്‍ കന്യാസ്ത്രിയുടെ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാകുന്നു. ഒരു കുട്ടി സ്കൂളിൽ പഠിക്കുമ്പോൾമുതൽ അവളെ  കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്കപ്രക്ഷാളനം (brain washing)നടത്തുവാൻ ആരംഭിക്കും. ലോകത്തിൽ ഏറ്റവും മഹത്തായ തൊഴിൽ സന്യസ്ഥജീവിതമെന്ന് അവളുടെ തലയിൽ അടിച്ചേല്‍പ്പിക്കും. പണ്ടു കാലങ്ങളിൽ വടക്കേ ഇന്ത്യയിൽ‍നിന്നും മിഷ്യനറി കന്യാസ്ത്രികൾ പള്ളികളിൽ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. കുട്ടികൾ അപ്രത്യക്ഷമായ ശേഷമാണ് മാതാപിതാക്കൾപോലും അറിയുന്നത്. ഇങ്ങനെ മാതാപിതാക്കളറിയാതെ മിഷ്യനറി കന്യാസ്ത്രികൾക്കൊപ്പം ഒളിച്ചുപോയ ആസാമിൽ ജോലിചെയ്തിരുന്ന എന്റെ ഒരു ആന്റി (Aunt) കന്യാസ്ത്രീയുടെ അനുഭവകഥകളും എനിക്കറിയാം.  അമ്പതുകൾക്കു മുമ്പു നടന്ന ഇത്തരം കഥകൾ ഇന്നു ജീവിച്ചിരിക്കുന്നവരുണ്ടെങ്കിൽ അവർ പറയും. മേരിചാണ്ടി പറഞ്ഞതുപോലെ 'മഠം മതിൽക്കെട്ടിനുള്ളിലെ  രഹസ്യങ്ങൾ പുറംലോകം അറിയണം. സാമൂഹിക പ്രവർത്തകർക്കുപോലും എത്തിനോക്കാൻ സാധിക്കാത്തവിധമുള്ള സംവിധാനങ്ങളാണ് അവർക്കുള്ളത്'.

സന്യാസജീവിതം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മിയുടെ കഥ അവരുടെ ആത്മകഥയിലുണ്ട്. സമുദായത്തെ മുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേൻ' എന്ന തന്‍റെ പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി മാറി. യുവതിയായി വന്ന് സന്യാസിനിയായ സമയം വൈദികർ തങ്ങളുടെ കാമദാഹം തീർ‍ക്കുവാൻ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മുതിർന്ന  കന്യാസ്ത്രികൾ സ്വവർ‍ഗരതികൾക്കു ചെറു കന്യാസ്ത്രികളെ സമീപിച്ചാൽ  അവർ സമ്മതിച്ചില്ലെങ്കിൽ‍ അനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു. സിസ്റ്റര്‍ ജെസ്മി തുടരുന്നു. 'ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങൾ തീർക്കാൻ നല്ലവഴി ഇങ്ങനെയാണെന്നും' പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങൾ ഇനി മറ്റൊരാള്‍ക്കും വരരുതെന്നു അവർ ‍പറയുന്നു. പ്രിന്‍സിപ്പാളും കോളേജു പ്രൊഫസറായിട്ടും അവർ മേലാധികാരികളിൽനിന്നു മുപ്പത്തിരണ്ടുവര്‍ഷങ്ങളോളം പീഡനങ്ങൾ സഹിച്ചു. അവസാനം സഭയോടു വിടപറഞ്ഞു. സഭയിൽ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

കുടുംബപ്രശ്നങ്ങളും മാതാപിതാക്കളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപ്പെടുവാൻ പെണ്‍കുട്ടികൾ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. ജയിലഴികൾ പോലെ  പടുത്തുയർ‍ത്തിയ മഠം മതിൽക്കെട്ടിനുള്ളിൽ മരിച്ചുജീവിക്കുന്ന ഈ മനുഷ്യജീവിതങ്ങളെ തേടി ഒരു സാമൂഹ്യക സംഘടനയും രാഷ്ട്രീയ സംഘടനയും എത്താറില്ല. പരിഷ്കൃത ലോകത്തിൽ നല്ല വസ്ത്രങ്ങൾ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമായും  കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാൻ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഒരു ലോകമാണ് മഠം.

സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ കരിവാരി തേക്കാൻ ഫാദർ നോബിൾ  (father Noble Parackal) എന്ന പുരോഹിതൻ   മഠത്തിൽ ഘടിപ്പിച്ച രഹസ്യക്യാമറാകളും വിവാദ വിഷയങ്ങളായി തുടരുന്നു. ഒരു വൈദികനു ചേരുന്ന അന്തസുള്ള പ്രവർത്തിയല്ല ഫാദർ നോബിളിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഏതാനും ജേർണലിസ്റ്റുകൾ മഠത്തിൽ ലൂസിയെ സന്ദർശിച്ച ദൃശ്യങ്ങളാണ് ഇദ്ദേഹം സോഷ്യൽ മീഡിയാകൾ വഴി പ്രചരിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച ഫാദർ നോബിളിനെതിരെ ലൂസി നിയമ നടപടികളുമായി മുമ്പോട്ട് പോവുന്നു. മാന്യമായി ജീവിക്കുന്ന കന്യാസ്ത്രീകളെ തേജോവധം ചെയ്യാൻ സഭാനേതൃത്വം മടിക്കില്ലെന്നുള്ള തെളിവാണിത്. പീഡകരെ രക്ഷിക്കാൻ സഭ എത്ര പണം മുടക്കിയാണെങ്കിലും ഏതറ്റവും വരെ പോവുമെന്നു കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നു. കന്യാസ്ത്രി മഠങ്ങൾ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളുമായി ചില പുരോഹിതരുടെ അഴിഞ്ഞാട്ട ‍സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ഉദാഹരണം കന്യാസ്ത്രാലയങ്ങളിൽ പോയി രഹസ്യ ക്യാമറാകൾ വെച്ച് അവരുടെ സ്വകാര്യ ജീവിതം പകർത്തുന്ന വീഡിയോകളാണ്. ഒരു പുരോഹിതൻ എത്രമാത്രം വിലകുറഞ്ഞിരിക്കുന്നുവെന്നു ഇതിൽനിന്നും മനസിലാക്കണം.

ഫ്രാങ്കോയ്ക്കെതിരെ  കന്യാസ്ത്രികൾ നടത്തിയ സമരത്തെ അനുകൂലിച്ചതിന് സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സഭയിൽനിന്നു പുറത്തിറങ്ങിയാലും  ജീവിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാൽ എത്രയോ കന്യാസ്ത്രീകളെ വെറും കയ്യോടെ ഒരു ബാഗും കയ്യിൽ പിടിപ്പിച്ചുകൊണ്ടു ഇറക്കി വിട്ടിരിക്കുന്നു. യൗവനം മുഴുവനും ചൂഴ്‌ന്നെടുത്ത ശേഷം ഇനി മുമ്പോട്ട് പ്രയോജനമില്ലെന്ന് വരുമ്പോഴാണ് ഇത്തരം നീചപ്രവർത്തികൾ സഭയുടെ തലപ്പത്തിരിക്കുന്നവർ ചെയ്യുന്നത്. അവർക്ക് ജീവിക്കാൻ നഷ്ടപരിഹാരവും നൽകില്ല. നിരവധിപേർ തെരുവുകളിൽ അലഞ്ഞ ചരിത്രവുമുണ്ട്. സഭയിൽ തന്നെ നിരവധി സ്ഥാപനങ്ങളുണ്ട്. ഹോസ്പിറ്റലുകളും സ്‌കൂളുകളുമുണ്ട്. ഒരു ജോലി പോലും നൽകാതെയാണ് പാവങ്ങളായ കന്യാസ്ത്രീകളെ തെരുവുകളിലേക്ക് തള്ളുന്നത്. വാർദ്ധക്യത്തിൽ അവരെ അനാഥരാക്കുന്നത് സഭയുടെ ഒരു ക്രൂരത മാത്രം. ലൂസിയെയും ഒരു ആനുകൂല്യവും നൽകാതെയാണ് അവരെ സന്യസ്തതയിൽനിന്നും പുറത്താക്കിയത്.

വാസ്തവത്തിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായുള്ള കന്യാസ്ത്രി സമരം ഒരു മനുഷ്യാവകാശ സമരമായിരുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീ ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയാണ് സിസ്റ്റർ ലൂസി കളപ്പുര സമരം ചെയ്യുന്നത്. പണവും പദവിയുമുള്ള ഫ്രാങ്കോ എന്ന ബിഷപ്പിന്റെ പിന്നാലെ സഭയും ബിഷപ്പുമാരും പിന്തുണയുമായി പോയപ്പോൾ 'ലൂസി' ബലാത്സംഗത്തിനിരയും നിസ്സഹായയും പീഡിതയുമായ ഒരു കന്യാസ്ത്രീയുടെ കണ്ണുനീരിനൊപ്പം നിന്നു. സഭയെന്നും പീഡകന്റെ ഒപ്പം നിന്ന ചരിത്രമേയുള്ളൂ. ഒരു കന്യാസ്ത്രീയുടെ അഭിമാനത്തിനും മാനത്തിനും തെല്ലും വില നൽകാറുമില്ല.

മഠങ്ങളിൽ നടക്കുന്ന ഇരുളിന്റെ കഥകൾ അറിയാൻ ഒളിക്യാമറകളുടെ ആവശ്യമില്ല. അവിടെനിന്ന് പിരിഞ്ഞുപോയ അനുഭവസ്ഥർ തന്നെ അക്കാര്യം വ്യക്തമായി വിവരിക്കുന്നുണ്ട്.  കണ്ണൂർ 'മേലെ ചൊവ്വേ' സ്വദേശിനിയായ സിസ്റ്റർ  അനീറ്റായുടെ ചരിത്രം നിന്ദ്യവും ക്രൂരവുമായിരുന്നു. യുവ കന്യാസ്ത്രിയായ സിസ്റ്റർ  അനീറ്റായെ  പീഡിപ്പിക്കാൻ ഒരു പുരോഹിതൻ ഒരുമ്പെട്ടതുമൂലം നിഷ്കളങ്കയും നിർദോഷിയുമായ അവരുടെ സഭാവസ്ത്രം ഊരേണ്ടി വന്നു. അവർ സമ്മതിക്കാഞ്ഞമൂലം  വലിയ ഒച്ചപ്പാടുകൾക്കു കാരണമായി. അതിന്റെ പേരിൽ ആ കന്യാസ്ത്രി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അവരുടെ അദ്ധ്യാപിക ജോലി തെറിപ്പിച്ചതും അവരെ ഇറ്റലിയിൽ സ്ഥലം മാറ്റി  പീഡിപ്പിച്ചതും അർദ്ധ രാത്രിയിൽ ഇറ്റലിയിലെ തെരുവുകളിൽ ഇറക്കിവിട്ടതും അവിടെനിന്ന് മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിൽ എത്തിയതും സ്വന്തം മഠത്തിൽ മടങ്ങി വന്ന അവരെ വീണ്ടും പുറത്താക്കിയതും അവരുടെ പെട്ടികൾ മദർ സുപ്പീരിയറും കൂട്ടരും പുറത്തേക്ക് എറിഞ്ഞതും  സംഭവിച്ചിട്ട് ദീർഘനാളുകളായിട്ടില്ല. ഇങ്ങനെയുള്ള കഥകൾ നിരവധി സഭയുടെ ചരിത്രത്തിലുണ്ട്.

സഭാവസ്ത്രം നഷ്ടപ്പെട്ട മേരി സെബാസ്റ്റിന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു. "ആദ്ധ്യാത്മികമായ ജീവിതം നയിക്കാന്‍, ദൈവത്തെ സ്‌നേഹിക്കാന്‍, സമൂഹത്തെ സേവിക്കാന്‍ ഞാനൊരു സന്യാസിനിയായി. എന്റെ പ്രതീക്ഷകള്‍ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളില്‍ നിത്യവും ഞാന്‍ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതില്‍ക്കെട്ടിനുള്ളില്‍ എന്റെ ജീവിതം അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സഹിക്കാവുന്നതിലും ഞാന്‍ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി ഇവരോടൊത്തുള്ള അടിമപ്പാളയത്തില്‍ എനിക്കിനി ജീവിക്കാന്‍ കഴിയില്ല. ലോകത്തിന്റെ മുമ്പില്‍ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കില്‍ അവര്‍ നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട് ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തെറ്റുകാരിയല്ല. സത്യം നിങ്ങള്‍ മനസിലാക്കണം.' ഇത് പറഞ്ഞത് പാലായില്‍ ചേര്‍പ്പുങ്കല്‍ കര്‍മ്മീലിത്താ മഠത്തില്‍നിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ മേരി സെബാസ്റ്റ്യനായിരുന്നു. (റെഫ്:
https://www.emalayalee.com/varthaFull.php?newsId=127001)

സിസ്റ്റര്‍ അഭയ എന്ന കൊച്ചു പെണ്‍കുട്ടി ഇരുളിന്‍റെ കഥയിലെ നായികയാണ്. രണ്ടുപുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റിനുള്ളില്‍ ‍തള്ളിയ അഭയ എന്ന ചെറുകന്യാസ്ത്രി പുണ്യവതിയാവണോ? സ്വയം പഞ്ചമുറിവുകളുണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന ഒരു സ്വര്‍ഗത്തിലേക്ക് അഭയയെ പ്രതിഷ്ടിക്കണമോ? എന്തിന്? ഒരുവിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റിനുള്ളില്‍ തള്ളികാണും. അല്ലെങ്കിൽ, ‍മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്നു രണ്ടു കാപാലിക പുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച സെഫിയുടെ ചെരവകൊണ്ടുള്ള അടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്കു മാത്രം. ഇങ്ങനെ  നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയായെ എന്തിനു വാഴിക്കണം? കൊട്ടൂരും പുതുക്കയും സെഫിയും അള്‍ത്താരയിലെ രൂപകൂട്ടിലൊരിക്കൽ വിശുദ്ധരായി കാണും. യേശു വിഭാവനം ചെയ്ത സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്കുമുമ്പിൽ സ്ത്രോത്ര ഗീതങ്ങള്‍ പാടുന്നതും അഭയാ  ശ്രവിക്കും. മാലാഖകൊച്ചായി അവൾ ‍നിത്യതയില്‍ വസിക്കുമ്പോൾ ‍അനീതിയുടെ ലോകത്തിലെ അള്‍ത്താരക്കൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കുവേണ്ടി ഈഭൂമിയില്‍ ഇന്നും ആയിരങ്ങൾ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌. ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരറ്റശേഷം അവരും ഭൂമിയിൽ ഇന്നില്ലാതായി. ഇന്ന് അനേകായിരം ജനങ്ങളുടെ ഹൃദയങ്ങളിൽ നിത്യതയുടെ ശാലിനിയായി അഭയ കുടികൊള്ളുന്നു. ആത്മാവിൽ അവൾ എന്നും ലോകത്തിന്‍റെ വിശുദ്ധതന്നെ.

അഭയാക്കേസു നടക്കുമ്പോഴോ ഇപ്പോൾ കുറ്റവാളിയായി ജയിലിൽ കിടക്കുന്ന റോബിൻ എന്ന പുരോഹിതൻ കൗമാരക്കാരത്തിയെ ഗർഭിണിയാക്കിയപ്പോഴോ, ഗർഭം ആ കുട്ടിയുടെ അപ്പന്റെ ചുമലിൽ റോബിൻ ചുമത്തിയപ്പോഴോ പ്രതിഷേധ ശബ്ദങ്ങളുമായി ഒരു കന്യാസ്ത്രീയും സമരരംഗത്തിറങ്ങിയില്ല. മാതൃഭുമി പത്രം സിസ്റ്റർ ലുസിക്കനുകൂലമായി ഒരു വാർത്ത പ്രസിദ്ധീകരിച്ചുവെന്നു പറഞ്ഞു നൂറുകണക്കിന് സന്യസ്തരെയാണ് തെരുവിലെറക്കിയിരിക്കുന്നത്. മനസില്ലാ മനസോടെയാണ്, കന്യാസ്ത്രികൾ പുരോഹിതരുടെ നേതൃത്വത്തിൽ തെരുവിൽ പ്രകടനങ്ങൾ നടത്തിയതെന്നും വ്യക്തമാണ്. ഇങ്ങനെ അനീതിയിലും അധർമ്മത്തിലും സഞ്ചരിക്കുന്ന സഭയെ നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന് ലൂസി തൊടുത്തുവിട്ട ഈ സമരം ജനകീയ വികാരങ്ങളെ ഉണർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

അമേരിക്കയിലും യൂറോപ്പിലും പള്ളികളും മഠങ്ങളും പൂട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ കോൺവെന്റുകളിലെ ശരാശരി കന്യാസ്ത്രീകളുടെ പ്രായം 70 നു മുകളില്ലെന്നാണ് കണക്ക്. ആ നാടുകളിൽ കന്യാസ്ത്രി  ജീവിതം ഉപേക്ഷിച്ചാലും സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കും. എന്നാൽ നിത്യ അടിമയായി വൃത വാഗ്ദാനം ചെയ്ത ഇന്ത്യയിലെ കന്യാസ്ത്രികൾക്ക് സഭയിൽനിന്നു പുറത്താക്കപ്പെടേണ്ട സാഹചര്യം വന്നാൽ പിന്നീട് ഭാവിയിൽ ജീവിക്കാനുള്ള അവസരങ്ങളും അവിടെ അവസാനിക്കുന്നു.

ചില കത്തോലിക്കാ പരമാധികാര രാഷ്ട്രങ്ങളിൽ ‍ഇന്നും കന്യാസ്ത്രീകളുടെ ക്രൂരമായ വ്രതാനുഷ്ഠാനങ്ങൾ സഭയുടെ അനുഗ്രഹത്തോടെ നടക്കുന്നുവെന്നാണ് സത്യം. യുവതികളെ കാല്‍വരിയിലെ യേശുവിന്‍റെ പീഡനഭാഗമായി പീഡിപ്പിക്കൽ സഭയുടെ വിശ്വാസത്തിന്‍റെ ഒരു ഭാഗമാണ്. സന്യാസിനിവ്രതം എടുക്കുന്ന യുവതികളെ ആത്മീയനിയന്ത്രണം നേടുവാന്‍ മൂന്നു ദിവസം പച്ചവെള്ളം കൊടുക്കാതെ ഇരുണ്ട മുറിയിൽ പൂട്ടിയിടും. പ്രാര്‍ഥനയുമായി അവർ അവിടെ കഴിഞ്ഞുകൊള്ളണം. ശവശരീരങ്ങള്‍ക്കു നടുവിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളിൽ കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരംവളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ വ്രതം അനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ മാംസത്തിൽ, ‍മെറ്റല്‍വെച്ച ചാട്ടവാറിനു ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങളെ ഊരി അടിക്കുവാനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രീകളുമുണ്ട്. ഇവര്‍ക്കു ശബ്ദിക്കാനോ ചിരിക്കാനോ, കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാൽ, കഠിനശിക്ഷകളേറെയും.

പതിനാലാം നൂറ്റാണ്ടുമുതൽ യൂറോപ്പിലും അമേരിക്കയിലുമുള്ള കന്യാസ്ത്രി മഠങ്ങളിലും ക്രൂരതകളുടെയും പീഡനങ്ങളുടെയും ചരിത്രമുണ്ടായിരുന്നു. എന്നാൽ ആ രാജ്യങ്ങളിലെല്ലാം പിന്നീടുള്ള കാലങ്ങളിൽ നിയമംമൂലം അതിനെല്ലാം പരിഹാരങ്ങൾ കണ്ടെത്തി. മഠങ്ങളിൽ നടന്നിരുന്ന അടിമത്വങ്ങളെ നിരോധിക്കുകയും ചെയ്തു. ഇരുളടഞ്ഞ പഴയകാല മഠം കഥകൾ അവിടങ്ങളിൽ ചരിത്രമായി അവശേഷിച്ചിരിക്കുന്നു. കൗമാരപ്രായത്തിൽ ഒരു കന്യാസ്ത്രീയാകണമെന്നുള്ള മോഹവുമായി മാതാപിതാക്കളെയും ഉപേക്ഷിച്ച് മഠം ജീവിതം നയിച്ച പാവം ഒരു യൂറോപ്യൻ കന്യാസ്ത്രീയായ സിസ്റ്റർ ഷാർലറ്റ്ക്ലെറുടെ (Sister Charlotte Keckler) ഹൃദയസ്പർശമായ യാഥാർഥ്യങ്ങൾ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നു. അവരുടെ ജീവിതം കരളലിയിക്കുന്ന കഥകൾകൊണ്ട് നിറഞ്ഞതായിരുന്നു.

1920-ൽ സന്യാസിനിയായിരുന്ന സിസ്റ്റര്‍ ഷാർലറ്റ്ക്ലെർ (Sister Charlotte Keckler) എന്ന യൂറോപ്യന്‍ കന്യാസ്ത്രീയുടെ ജീവിതകഥയിൽ കോണ്‍വെന്റിലെ ക്രൂരപീഡനങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറെ ആദിശതകങ്ങളിൽ ഒരു സാധാരണ കുടുംബത്തിൽ ഇവര്‍ വളര്‍‍ന്നു. ഏഴു വയസുള്ളപ്പോള്‍മുതല്‍ കന്യാസ്ത്രീയാകുവാന്‍ ഇടവകവികാരിയും കന്യാസ്ത്രീകളും ഇവരെ നിരന്തരം പ്രേരണ ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോൾ അഗാധമായ ദൈവസ്നേഹത്തിൽ അന്നു കുട്ടിയായിരുന്ന ഇവർ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തിൽ, ‍മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മറ്റു സഹകന്യാസ്ത്രീകള്‍ക്കൊപ്പം ആയിരക്കണക്കിനു മൈലുകള്‍ ‍അകലെയുള്ള  കോണ്‍വെന്റിലേക്ക് അവൾ ‍യാത്രയായി. തന്നെ സ്നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യ-അവസാന രാത്രിയുമായിരുന്നു അത്.

അവളുടെ കഥ തുടരുന്നു. യേശുവിനുവേണ്ടി വൃതം എടുക്കുവാൻ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂർ കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്‍റെ മണവാട്ടിയായി മാതാപിതാക്കൾക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്നേഹിക്കുവാൻ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന് അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു. അവൾ അന്നു ശവപ്പെട്ടിക്കുള്ളില്‍, കിടന്നപ്പോൾ ഭൂതകാലത്തെ അവളുടെ കുട്ടിക്കാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും ഇനി ഒരിക്കലും അതു ധരിക്കുവാൻ പാടില്ലാത്ത നിസ്സഹായ അവസ്ഥയെപറ്റിയും ‍ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം, ചൂടുള്ള ബെഡിൽ ‍തണുപ്പുകാലങ്ങളിൽ ‍കിടക്കുമ്പോഴുള്ള സുഖം എല്ലാം ഓര്‍മ്മയിൽ കുന്നുകയറി. ദൈവത്തിന്‍റെ മണവാട്ടിയാകണമെങ്കിൽ ഈ കഠിനപരീക്ഷകൾ കടന്നുപോവണമായിരുന്നു. ഇങ്ങനെ ക്രൂരതയുടെയും പീഡനങ്ങളുടെയും കഥകൾ ‍ഈ സഹോദരിയുടെ ആത്മകഥയിൽ ഉടനീളം കാണാം. അവൾക്ക്  ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തു. മുടി മേടിക്കുവാൻ കച്ചവടക്കാർ വരുമായിരുന്നു. ഇതും കന്യാസ്ത്രീകളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂർ‍ണ്ണമായി ഷേവ് ചെയ്യുമ്പോൾ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്‍റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതൻ സ്പർ‍ശിക്കുന്നത് പാപം അല്ല. പരിശുദ്ധാത്മാവ്, കന്യകാ മറിയത്തിൽ ഗർ‍ഭം വിതച്ച്‌  യേശു ഉണ്ടായി. പുരോഹിതർ പരിശുദ്ധാത്മാക്കളുടെ രൂപത്തില്‍ വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രീകൾ അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങൾ മഠം അധികാരികൾ നല്‍കുന്നതായും ആത്മകഥയിലുണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാൻ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്. അമര്‍ത്തിപ്പിടിച്ച വികാരമോഹങ്ങളുമായി ജീവിക്കുന്നത് ദൈവദാനമെന്നു സഭാപിതാക്കന്മാർ ഇവരെ പഠിപ്പിക്കുന്നു. സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങൾ അപക്വമായ ജനം ചെവികൊള്ളുന്നു. മാതാപിതാക്കൾ ഇവരെ വീണ്ടും സ്വീകരിക്കില്ല. അതുകൊണ്ട് അനുസരണ വ്രതം, ദാരിദ്ര വ്രതം എന്ന പേരിൽ നിത്യം അടിമകളായി ഇവർക്ക് ജീവിക്കണം.

ഇത്രയേറെ മതില്‍ക്കെട്ടുകൾ ‍ചുറ്റും ഉണ്ടായിട്ടും കന്യാസ്ത്രികൾ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളൻ കപ്പലിൽ എപ്പോഴും കാണും. കാമവികാരങ്ങൾ അടക്കി പിടിച്ചിരിക്കുന്ന വൈദികക്കള്ളന്മാർ അവരെ സംരക്ഷിക്കുവാനും ‍കാണും. കന്യാസ്ത്രികൾ ഗർഭിണിയായാൽ ഗർഭം അലസിപ്പിക്കാൻ സഭാവക സംവിധാനങ്ങളും അതിനായുള്ള മെഡിക്കൽ സൗകര്യങ്ങളുമുണ്ട്. സിസ്റ്റർ മേരിചാണ്ടിയുടെ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. ഗർ‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങൾ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളിൽ പ്രത്യേകസ്ഥലങ്ങൾ ഉണ്ട്. ഗർ‍ഭത്തിനുത്തരവാദികൾ ചെറുപ്പക്കാർ മാത്രമാണെന്നും കരുതരുത്. അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങൾ ഉണ്ട്. കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്പൊറുതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചൻ അണിയിച്ചതു കൈവിരലിൽ ഉണ്ട്. പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിൻ‍റെ ഉടയവൻ? മറ്റാരുമല്ല, ക്രിസ്തുവിൻ‍റെ വികാരി, ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങൾ ക്രിസ്തു കൊടുത്തിട്ടുണ്ടത്രെ! ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്. അവർ, ചിലപ്പോൾ ആകാശപ്പറവകളായി തെരുവിലും.

ഒരു അല്മായസ്ത്രീ പീഡിതയാവുകയാണെങ്കിൽ പുറംലോകം അറിഞ്ഞേക്കാം. എന്നാൽ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളിൽ ഒരുപെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാൽ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളിൽനിന്നുള്ള പെണ്‍ക്കുട്ടികളുടെ മാനംപോയാലും ഈ  പുരോഹിതവര്‍ഗം എന്നും മാന്യന്മാര്‍ തന്നെ. കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്കു വികാരിയച്ചൻ, മദര്‍സുപ്പിരിയർമുതൽ പേരുടെ തുണിയും പാത്രവും കഴുകണം. പാവപ്പെട്ട കന്യാസ്ത്രികള്‍ക്കു മഠം കക്കൂസുകളും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികളനുസരിച്ചും ഈ സഹോദരികളെ പലതട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. നൂറു കണക്കിനു സാമൂഹിക പ്രവര്‍ത്തകരെ ‍മറ്റു മേഖലകളിൽ കാണാം. എന്നാൽ ഇങ്ങനെ ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹിക പ്രശ്നങ്ങൾ ആരു ശ്രവിക്കുന്നു?

Indian nuns protest media coverage of dismissed sister



Sr.Mary Chandi 
Jesmi.jpg

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...