Tuesday, March 18, 2014

ചരിത്രം മറന്ന സ്വാതന്ത്ര്യ ഭടൻ ചെമ്പകരാമനും പോരാട്ടങ്ങളും


 By  ജോസഫ്  പടന്നമാക്കൽ
    
ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ചെമ്പക രാമൻപിള്ള   ചരിത്രത്തിന്റെ  ഇരുണ്ടതാളുകളിൽ  ഒളിഞ്ഞിരിക്കുന്ന  ഒരു ധീര ദേശാഭിമാനിയും ഭാരതത്തിന്റെ  ശബ്ദം   പുറംനാടുകളിൽ വ്യാപിപ്പിച്ച   മഹാനായ  വിപ്ലവകാരിയുമായിരുന്നു. ഇംഗ്ലീഷ്കാരുടെ ശതൃരാജ്യമായ ജർമ്മനിയുമായി കൂട്ടുകൂടിക്കൊണ്ട്   അവർക്കെതിരെ  പട്ടാളമുണ്ടാക്കി പടപൊരുതി വീരചരമം പ്രാപിച്ച ഈ സാഹസികനെ ചരിത്രം വേണ്ടവിധം ഗൗനിച്ചിട്ടില്ല. സത്യവും നീതിയും ചരിത്രത്തിൽ ഉണ്ടായിരിക്കണമെന്നില്ല. ചരിത്രം എന്നും ജയിക്കുന്നവരുടെ കൂടെയായിരിക്കും. പരാജിതരാകുന്ന മഹാന്മാരെ ചരിത്രതാളുകളിൽനിന്നും ഉന്മൂലനം ചെയ്യാറുമുണ്ട്.  ചെമ്പക രാമൻപിള്ളയും പരാജിതയായ ജർമ്മനിയിൽനിന്നും ഉയർന്നുവന്ന   ഒരു ദേശീയ നേതാവായിരുന്നു. നാസികളുടെ ക്രൂരമർദ്ദനത്തിനിരയായ അദ്ദേഹത്തെ പുകഴ്ത്താൻ ചരിത്രകാരോ കവികളോ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം രാഷ്ട്രം എന്തുകൊണ്ടോ ചെമ്പകരാമനെ മറന്നു.


ഭാരതത്തിന്റെ ' ജയ്‌ ഹിന്ദ്‌'  മുദ്രാവാക്യത്തിന്റെ പിതാവ്  ചെമ്പകരാമൻ പിള്ളയെന്നത് വളരെ ചുരുക്കം  ജനതയ്ക്കേ അറിയുള്ളൂ. ദേശീയഭക്തി പ്രകടിപ്പിക്കുന്നതിനും  പ്രസംഗത്തിൽ അഭിവാദനം  ചെയ്യുന്നതിനും  ഭാരതീയർ ആദരവോടെ   ജയ്‌ ഹിന്ദെന്നു   വിളിച്ചു പറയാറുണ്ട്‌.  ഇന്ത്യാ ജയിക്കട്ടെ, ഇന്ത്യാ നീണാൾ വാഴട്ടെ എന്നാണ്  വാക്കുകളുടെ  അർത്ഥം.  ഈ ദേശീയ അഭിവാദനത്തിന്റെ ഉപജ്ഞാതാവ്‌ ചെമ്പക രാമനാണെന്നത്  ഭൂരിഭാഗം തിരുവനന്തപുരം നിവാസികൾക്കുപോലും അറിയാമെന്നു തോന്നുന്നില്ല.  ഇത് പിന്നീട് സുഭാഷ്‌ ചന്ദ്രബോസിന്റെ  നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ ആർമിയുടെ കാഹള മുദ്രാവാക്യമായി മാറി. ഗാന്ധിജി വെടിയേറ്റ ദിവസം 'ആ ദീപം അണഞ്ഞു' വെന്ന  നെഹ്രുവിന്റെ രാഷ്ട്രത്തോടായ പ്രസംഗത്തിലും മുഴങ്ങി കേട്ടത് ഇന്ത്യാ ജയിക്കട്ടെ, 'ജയ്‌ ഹിന്ദെ'ന്ന  ഈ മുദ്രാവാക്യമായിരുന്നു.



'എംഡെൻ പിള്ള' യെന്ന മറുപേരിലും ചെമ്പക രാമൻപിള്ള അറിയപ്പെട്ടിരുന്നു.  കർമ്മനിരതനായിരുന്ന ഈ വീരയോദ്ധാവിന്റെ കഥ വിസ്മൃതിയിലായതു കാരണം അദ്ദേഹത്തെപ്പറ്റിയറിയാൻ ചരിത്രത്തിന്റെ താളുകളിൽ തേടിയാലും അധികമൊന്നും ലഭിക്കില്ല. പിൽക്കാല തലമുറകൾ അർഹമായ സ്ഥാനമാനങ്ങളോ കീർത്തിയോ അദ്ദേഹത്തിന് നല്കാതെ പോയത് ഒരു മലയാളിയായി   ജനിച്ചതുകൊണ്ടായിരിക്കാം. മലയാളനാടിനെ തമിഴകമാക്കി ചിലർ അദ്ദേഹത്തെ തമിഴനായി ചരിത്രമെഴുതിയിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും  സ്വാതന്ത്ര്യസമരത്തിൽ ചരിത്രം കുറിക്കുന്നതിനുമുമ്പ് മുൻനിരയിലെ ഒരു പോരാളിയായി ചെമ്പകരാമനുണ്ടായിരുന്നു.
  

1891 സെപ്റ്റംബർ പതിനഞ്ചാംതിയതി ചിന്നസ്വാമി പിള്ളയുടെയും നാഗമ്മാളിന്റെയും മകനായി പിള്ള തിരുവനന്തപുരത്ത് ജനിച്ചു. പൂർവികകുടുംബം തമിഴ്നാട്ടിൽനിന്ന് വന്ന വെള്ളാള സമുദായത്തിൽപ്പെട്ടവരായിരുന്നു. തിരുവനന്തപുരത്തുള്ള തൈക്കാട്ടിൽ പേരും പെരുമയുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്‌. അദ്ദേഹത്തിൻറെ പിതാവ് തിരുവിതാകൂർ രാജകീയഭരണത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതാൻ  പിള്ളയിൽ ആവേശമുണ്ടാക്കിയത്‌ ബാലഗംഗാധര തിലകന്റെ പ്രഭാഷണങ്ങളും തിലകൻ പ്രസിദ്ധീകരിച്ചിരുന്ന കേസരിപത്രവുമായിരുന്നു. തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്രാരംഭിക വിദ്യാഭ്യാസം ചെയ്തു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ സസ്യശാസ്ത്രജ്ഞനായ  ബ്രിട്ടീഷ്കാരൻ 'സർ വാല്ടർ സ്റ്റ്രിക്ക് ലാൻഡ്‌നെ' (Sir Walter Strickland, a British biologist) പരിചയപ്പെടാൻ ഇടയായി. സസ്യങ്ങളുടെ ഗവേഷണപഠനത്തിനായി അദ്ദേഹമന്ന് തിരുവനന്തപുരത്ത് സന്ദർശകനായിരുന്നു. പഠിക്കാൻ സമർത്ഥനും  പതിനഞ്ച് വയസുകാരനുമായ ചെമ്പകരാമൻ അദ്ദേഹത്തോടൊപ്പം യൂറോപ്പിൽ പോയി. തന്റെ കസ്യൻ പത്മനാഭനും കൂടെയുണ്ടായിരുന്നു. എന്നാൽ പകുതിവഴി കൊളംബോയിലെത്തിയപ്പോൾ പത്മനാഭൻ യൂറോപ്പുയാത്ര വേണ്ടെന്നുവെച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നു. അതിനുശേഷം രണ്ടുവർഷം ചെമ്പകരാമൻ കൊളംബോയിൽ താമസിച്ചെന്നും പറയുന്നു.  ഓസ്ട്രിയായിലെ ഒരു സ്കൂളിൽനിന്ന് ഹൈസ്കൂൾ പൂർത്തിയാക്കി.
  

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം ചെമ്പക രാമൻപിള്ള 'സൂറിച്ച്' കേന്ദ്രമാക്കി ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ഒരു സംഘടന (Pro -India Committee)രൂപികരിച്ചു. അദ്ദേഹം ആ സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അക്കാലത്ത് ബർലിനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായുള്ള  മറ്റനേക സംഘടനകളുമുണ്ടായിരുന്നു.അന്ന് വിദേശരാജ്യങ്ങളിൽ താമസമാക്കിയിരുന്ന വീരേന്ദ്രനാഥ് ചാതോപത്യയാ, മഹാത്മാഗാന്ധി, മൗലവി ബാർകാത്തുള്ള, ബീരേന്ദ്ര സർക്കാർ, ഭൂപേന്ദ്ര ഗുപ്ത, ചന്ദ്രകാന്ത് ചക്രവർത്തി, എം.പ്രഭാകർ, ഹെരംബലാൽ ഗുപ്താ എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു. 1914-ൽ പിള്ള ബർലിനിൽ താമസമാക്കികൊണ്ട്  ബർലിൻ ഇന്ത്യാസംഘടനയിൽ പ്രവർത്തനമാരംഭിച്ചു. അവിടെനിന്നും അദ്ദേഹം  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബർലിൻ സമരസംഘടനയെ യൂറോപ്പ് മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു വിപ്ലവമുന്നണിയുമായി യോജിപ്പിച്ചു. ആ മുന്നണിയിൽ അന്ന് ലാലാ ഹർ ദയാലുമുണ്ടായിരുന്നു. ഈ സംഘടന പിന്നീട് അംസ്റ്റാർഡാം, സ്റ്റൊക്ക്ഹോം മുതൽ യൂറോപ്പിന്റെ പ്രമുഖപട്ടണങ്ങളും അമേരിക്കയിലെ  വാഷിംഗ്‌ടൻ വരെയും  പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.


യൂറോപ്പിൽ ഇന്ത്യാ സ്വാതന്ത്ര്യത്തിനായി ചെമ്പകരാമൻ സമരമുന്നണിയിലായിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിൽ  ഭരണ സംവിധാനത്തിനായി പ്രാദേശികളടങ്ങിയ ഒരു സർക്കാർ രൂപീകരിച്ചിരുന്നു. ചെമ്പകരാമൻ ആ സർക്കാരിൽ വിദേശമന്ത്രിയായിരുന്നു. കാബൂളിൽനിന്ന് രാജാ മഹേന്ദ്രസിംഗ് പ്രസിഡന്റും മൗലാനാ ബാർഖത്തുള്ള പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യാ-ബ്രിട്ടീഷ് സർക്കാരിലെ ആദ്യത്തെ വിദേശമന്ത്രിയെന്ന ബഹുമതിയും അദ്ദേഹം നേടി.   


ചെമ്പക രാമൻപിള്ള യൂറോപ്പിൽ സ്കൂൾ വിദ്യാഭ്യാസാനന്തരം ടെക്കനിക്കൽ സ്കൂളിൽ പഠിച്ച് ഡിഗ്രികൾ നേടിയിരുന്നു. പഠിക്കുന്ന കാലഘട്ടങ്ങളിലും സ്വന്തം മാതൃരാജ്യത്തുനിന്നകന്ന് വിദൂരരാജ്യത്തു നിന്നുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ്കാർക്കെതിരെ പോരാടി.  സുഭാഷ് ചന്ദ്ര ബോസിന് ഉത്തേജനം ലഭിച്ചത് മഹാനായ പിള്ളയിൽ നിന്നായിരുന്നു. ജർമ്മനിയിൽ സ്ഥിര താമസമാക്കുന്നതിനുമുമ്പ് ഇറ്റലിയിലും സ്വിറ്റ്സർലണ്ടിലുമായി പഠനം പൂർത്തിയാക്കി. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യുമായിരുന്നു. ബർലിനിൽനിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി നേടിയശേഷം  എഞ്ചിനീയറിങ്ങിലും  ധനതത്ത്വ ശാസത്രത്തിലും  ഡോക്ട്രേറ്റ് ബിരുദങ്ങളും നേടിയിരുന്നു. ആ കാലഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്‌. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനും  ബ്രിട്ടീഷുകാരോട് പൊരുതാനും   ഒന്നാം ലോകമഹായുദ്ധം   അനുയോജ്യസമയമായി അദ്ദേഹം കരുതി. ബർലിനിൽ സ്വാതന്ത്ര്യദാഹികളായ ഇന്ത്യാക്കാരുടെ പാർട്ടിയുണ്ടാക്കിയശേഷം അദ്ദേഹം ലാലാ ഹര ദയാലിന്റെ നേതൃത്വത്തിലുള്ള 'ഗാദർ 'പാർട്ടി'യിൽ സജീവാംഗമായി. ഈ പാർട്ടിയുടെയും ലക്‌ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു. അക്കാലയളവിൽ അമേരിക്കയിലെ 'ഗാദർ പാർട്ടി'യും ഹിന്ദുമുന്നണിയും ജർമ്മൻ സർക്കാരും ഒരുമിച്ചുകൊണ്ട് ബ്രിട്ടനെതിരായി നീക്കങ്ങളും തുടങ്ങിയിരുന്നു. ചെമ്പകരാമന്റെ ബുദ്ധിശക്തിയും നേതൃവൈഭവവും സംഘടനാപ്രവർത്തനവും ജർമ്മൻ ഭരണാധികാരി കൈസറിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആ വിശ്വാസമായിരുന്നു അദ്ദേഹത്തെ ജർമ്മൻനേവിയെ നയിക്കാൻ നിയോഗിച്ചത്. 


അക്കാലത്ത് ജർമ്മൻകപ്പലായ 'എംഡന്റെ'  ഉപക്യാപ്റ്റനായി അദ്ദേഹത്തിന് നിയമനം കിട്ടി. ഒന്നാം ലോക മഹായുദ്ധത്തിൽ അനേക ബ്രിട്ടീഷ്കപ്പലുകളെ 'എംഡൻ' തകർത്തു. എങ്കിലും ബ്രിട്ടീഷ്കാർക്ക് അദ്ദേഹത്തെ പിടികൂടാൻ സാധിച്ചില്ല. മറ്റു മാർഗങ്ങൾ കാണാതെ ചെമ്പകരാമനെ പിടികൂടുന്നവർക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ്സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1914 സെപ്റ്റംബർ 22 ന്  മദ്രാസ് നഗരം ഇരുട്ടിലായിരിക്കവേ  'എംഡൻ കപ്പൽ' നഗരത്തിനെ ലക്ഷ്യമാക്കി വെടിവെച്ചു. അന്ന് സ്ഥലത്തുണ്ടായിരുന്ന ബ്രിട്ടീഷ്കാരടക്കം  ജനം  ജീവനുംകൊണ്ട് ഓടി. ബർമ്മാ ഓയിൽ കമ്പനി പാടെ തകർത്തു. അന്നുതന്നെ 4,25,000 ഗ്യാലൻ ഗ്യാസ് കത്തിപ്പോയി. മദ്രാസ് പട്ടണത്തിലും ഷെല്ലുകൾ വീണിരുന്നു. പിള്ളയടക്കമുള്ള അപ്രതീക്ഷിതമായ ഈ ജർമ്മൻ ആക്രമം ബ്രിട്ടീഷ്കാരെ തളർത്തിയിരുന്നു. അന്നുതന്നെ കപ്പൽ കൊച്ചിയിൽ എത്തി. കൊച്ചിയിൽനിന്നും  മലേറിയാ രോഗത്തിനുള്ള   മരുന്നുകൾ  മേടിച്ചു. ചില യഹൂദ കുടുംബങ്ങൾ   കപ്പലിൽനിന്ന് വന്നവരേയും പിള്ളയെയും സല്ക്കരിച്ചു. ഒരുപക്ഷെ പിള്ളയുടെ നയതന്ത്ര വിജയംകൊണ്ട് ജർമ്മൻ നാവികർ കൊച്ചിയെ ബോംബു ചെയ്യരുതെന്ന് തീരുമാനം എടുത്തിരിക്കാം. യുദ്ധത്തിൽ ബ്രിട്ടീഷ്കാർക്കെതിരെ ഫ്രാൻസിലെ ഇന്ത്യൻ പട്ടാളത്തിന് വീര്യം പകരാൻ  വിമാനത്തേൽ ലഘുലേഖകൾ വിതറിയിരുന്നു. പിള്ളയന്നു ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടാൻ വേണ്ട പ്രോത്സാഹനങ്ങളും നല്കിക്കൊണ്ടിരുന്നു. 

ബൌദ്ധിക പാടവങ്ങളോടെ  ജർമ്മൻ  കപ്പലിനെ നയിച്ച  കപ്പലിന്റെ ഉപക്യാപ്റ്റൻ ചെമ്പക രാമനെന്ന    ഈ സ്വാതന്ത്ര്യ പ്രേമിയെ  വലയിലാക്കാൻ ബ്രിട്ടീഷ് സർക്കാരിന് സാധിച്ചില്ല. ഇന്ത്യയുടെ ശതൃക്കളെ നശിപ്പിക്കാൻ അദ്ദേഹം രാഷ് ബിഹാരി ബോസും സുഭാഷ് ചന്ദ്രബോസും നയിക്കുന്ന മിലിറ്റന്റ് സംഘടനയിലും അംഗമായിരുന്നു. 1919-ൽ ഈ സംഘടനയ്ക്ക് മിലിട്ടറി നിയമങ്ങളും യൂണിഫോമും നല്കിയിരുന്നു. വിയന്നായിൽ സുഭാഷ്‌ ചന്ദ്രബോസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  അവിടെവച്ച് ബ്രിട്ടീഷ്കാരെ രാജ്യത്തിൽനിന്നും തുരത്തി സ്വാതന്ത്ര്യം നേടാനുള്ള പോംവഴികളും ആരാഞ്ഞിരുന്നു. അന്ന് ചെമ്പകരാമൻ കൊടുത്ത ഉപദേശങ്ങളാണ്‌ പില്ക്കാലത്ത് സുഭാഷ്ബോസിനെ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
യുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തോടെ വിപ്ലവകാരികളുടെ ആവേശത്തിലും  കോട്ടം സംഭവിച്ചു. ജർമ്മനി  ഇന്ത്യാ വിപ്ലവകാരികളെ  യുദ്ധകാലങ്ങളിൽ  സഹായിച്ചിരുന്നത് സ്വാർഥതമൂലമായിരുന്നു. യുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടപ്പോൾ വിപ്ലവകാരികളെ ഗൌനിക്കാതെയായി. ഇന്ത്യാക്കാർ ബ്രിട്ടീഷ് ചാരന്മാരെന്ന സംശയവുമുണ്ടായി. അങ്ങനെ വിപ്ലവകാരികളും ജർമ്മനിയുമായുള്ള ബന്ധത്തിനുലച്ചിൽ വന്നു.


1933-ൽ അഡോൾഫ് ഹിറ്റ്ലർ  ജർമ്മൻ ചാൻസലറായി അധികാരത്തിൽ വന്നു. യുദ്ധകാലശേഷം ചെമ്പകരാമൻ ജർമ്മനിയിൽ ഹിറ്റ്ലറിന്റെ നാഷണൽ പാർട്ടിയുടെ അംഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ചെമ്പകരാമൻ പിള്ള ഹിറ്റ്‌ലറുമായി ഒരു സൗഹാർദബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാൻ ആ ഏകാധിപതി സഹായിക്കുമെന്ന് പിള്ളയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ചെമ്പകരാമൻ പിള്ള ബ്രിട്ടീഷ്  രഹസ്യാന്വേഷകരുടെ  പിടികിട്ടേണ്ടും പുള്ളിയായിരുന്നു. 'അബ്ദുള്ള ബിൻ മൻസൂർ' എന്ന പേരിലായിരുന്നു അദ്ദേഹം ജർമ്മൻ സർക്കാരിനുവേണ്ടി ജോലി ചെയ്തിരുന്നത്.


"ഇന്ത്യാ ഭരിക്കേണ്ടത്  ബ്രിട്ടീഷുകാരാണ്; കറുത്ത വർഗക്കാരായ ഇന്ത്യാക്കാർ ആര്യന്മാരല്ല." എന്നായിരുന്നു ഹിറ്റ്ലറിന്റെ അന്നത്തെ ഇന്ത്യക്കെതിരായ പരാമർശം. ഇന്ത്യാക്കാർക്ക് സ്വയം രാജ്യം ഭരിക്കാൻ കഴിവില്ലെന്ന് ഹിറ്റ്ലർ വിശ്വസിച്ചിരുന്നു. ചെമ്പകരാമൻ പിള്ള അന്ന് ഹിറ്റ്ലറെ വിമർശിച്ചുകൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്തി. ഭാരതത്തെയും ഭാരതീയരെയും അപമാനിച്ചുള്ള പ്രസ്താവനയിൽ മാപ്പ് പറയാനും പിള്ള ഹിറ്റ്‌ലറിനോട് ആവശ്യപ്പെട്ടു. ഹിറ്റ്ലറിനെതിരായ പ്രസ്ഥാവനയിൽക്കൂടി  പിള്ള വലിയ വിലയും കൊടുക്കേണ്ടി വന്നു. അന്നുമുതൽ അദ്ദേഹം നാസികളുടെ നോട്ടപ്പുള്ളിയും വിരോധിയുമായി. ഇന്ത്യയെ  അവഹേളിച്ചശേഷം ഹിറ്റ്ലറും പിള്ളയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരുന്നു. കുപിതനായ ഹിറ്റ്‌ലറിന്റെ ഭരണകൂടം പിള്ളയുടെ വീടുൾപ്പടെയുള്ള സ്വത്തുക്കൾ പിടിച്ചെടുത്തു. ഈ സംഭവം പിള്ളയെ  വേദനപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. 


മണിപൂരുകാരി ലക്ഷ്മി ബായിയെ ചെമ്പകരാമൻ 1931-ൽ വിവാഹം ചെയ്തിരുന്നു. അവർ പരസ്പരം കണ്ടുമുട്ടിയതും ബർലിനിൽ വെച്ചായിരുന്നു. ലക്ഷ്മിയും ചെമ്പകരാമൻ പിള്ളയുമൊത്തുള്ള ജീവിതം ഹൃസ്വവും മാതൃകാപരവുമായിരുന്നു. സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഭർത്താവിന്റെ ശ്രമങ്ങൾക്ക് അവർ എല്ലാവിധ ധാർമ്മികപിന്തുണയും നല്കിയിരുന്നു. എന്നാൽ വിധി പിള്ളയെ മാരകമായ ഏതോ രോഗത്തിലെത്തിച്ചു. പതിയെ പതിയെ ജീവൻ കാർന്നുതിന്നുന്ന വിഷം അദ്ദേഹത്തിന്റെയുള്ളിൽ ചെന്നിരുന്നു. ചീകത്സക്കായി ഇറ്റലിയിൽ പോയെങ്കിലും രോഗം ഭേദമാകാതെ ജർമ്മനിയിൽ മടങ്ങിവന്നു. 1934 മെയ് ഇരുപത്തിനാലാം തിയതി ചെമ്പകരാമൻപിള്ള അകാലചരമം പ്രാപിച്ചു. നാസികളുടെയും ഹിറ്റ്ലറിന്റെയും അപ്രീതി സമ്പാദിച്ച ചെമ്പകരാമന്റെ മരണത്തിൽ ദുരൂഹതയുണ്ട്. ഹിറ്റ്‌ലറിന്റെ നിർദേശമനുസരിച്ച് നാസികൾ അദ്ദേഹത്തെ വിഷംകൊടുത്തു കൊന്നുവെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിന് അന്ന് 42 വയസ് പ്രായം. 



പിള്ളയുടെ മരണശേഷം നാസികൾ അദ്ദേഹത്തിന്റെ ഭാര്യക്ക് നിരന്തരം  പീഡനങ്ങളും കൊടുത്തിരുന്നു. 
മരിച്ചുകഴിഞ്ഞാൽ തന്റെ ഭൌതികാവിശിഷ്ടമടങ്ങിയ ചാരം ജനിച്ചനാട്ടിൽ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.  തന്റെ ചിതാഭസ്മം കന്യാകുമാരിയിലും തിരുവനന്തപുരം കരമനപ്പുഴയിലും ലയിപ്പിക്കണമെന്നുള്ള   ആഗ്രഹപ്രകാരം  അദ്ദേഹത്തിൻറെ  വിധവയായ ഭാര്യ ചാരം ഭദ്രമായി സൂക്ഷിച്ചിരുന്നു. പിള്ളയുടെ ആഗ്രഹം സഫലമാക്കാൻ പിന്നീട് 33 വർഷങ്ങൾ  വേണ്ടി വന്നു. 1966-ൽ അദ്ദേഹത്തിൻറെ ഡയറിയും രഹസ്യ ഡോക്കുമെന്റും ചിതാഭസ്മവുമായി അദ്ദേഹത്തിൻറെ  വിധവയായ ഭാര്യ ലക്ഷ്മി ബായി ബോംബെയിലെത്തി. അവിടെനിന്നും ഇന്ത്യൻനേവി ആഘോഷസഹിതം  ചിതാഭസ്മം 1966 സെപ്റ്റംബർ പതിനാറാംതിയതി കൊച്ചിയിലെത്തിച്ചു. ഐ.എൻ. ഐ (INI) ഡൽഹിയെന്നുള്ള കൂറ്റൻകപ്പലിൽ സ്വതന്ത്ര ഇൻഡ്യയുടെ പതാക അന്ന് പാറിപറക്കുന്നുണ്ടായിരുന്നു. 



ചിതാഭസ്മവുമായി കൊച്ചിയിലെത്തിയ ലക്ഷ്മിബായിയുടെ വാക്കുകൾ  ഹൃദയസ്പർശമായിരുന്നു.
" അവർ പറഞ്ഞു, നാളിതുവരെയായി  ജർമ്മനിയിലുള്ള എന്റെ ഭവനത്തിൽ ഭർത്താവിന്റെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിനു‌വേണ്ടി ബലിയർപ്പിച്ച ഒരു ധീരയോദ്ധാവിന് അർഹമായ ബഹുമാനവും ആദരവും വെണമെന്നുള്ള  ചിന്തകളും എന്നെ അലട്ടിയിരുന്നു. സ്വതന്ത്രഇന്ത്യയുടെ പതാക പാറിപറക്കുന്ന ശക്തമായ ഒരു കപ്പലിലെ താനിനി സ്വന്തംരാജ്യത്തിലേക്ക് മടങ്ങിപോവുള്ളൂവെന്ന് അദ്ദേഹത്തിന് പ്രതിജ്ഞയുണ്ടായിരുന്നു. വിധി അദ്ദേഹത്തിന്റെ ജീവൻ  കവർന്നെടുത്തു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത മുറിവേറ്റ ഒരു പട്ടാളക്കാരനെപ്പോലെയാണ് അദ്ദേഹം മരിച്ചത്.  ഇന്ത്യയെ അപമാനിച്ചതിന് എന്റെ ഭർത്താവ് ഹിറ്റലറിനെ വെല്ലുവിളിച്ചു സംസാരിച്ച ധീരനായ ഏക ഭാരതീയനായിരുന്നു. തന്മൂലം ഞങ്ങളുടെ ജീവിതം ദുരിതവും കഠിനവും യാതനകൾ നിറഞ്ഞതുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടുൾപ്പടെ സർവ്വതും നശിച്ചുപോയിരുന്നു. ഇന്ന് ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കാണ്. സ്വാതന്ത്ര്യത്തിനായി  ഒരായുസ് മുഴുവനും ത്യാഗങ്ങളിൽക്കൂടി  കർമ്മനിരതനായി ജീവിച്ച ഈ മഹാന്റെ ചിതാഭസ്മം ഇന്ത്യൻ നേവിയുടെ പാറിപറക്കുന്ന ദേശീയപതാകയുമായി പടുകൂറ്റൻ കപ്പലിൽ കൊച്ചിയിൽ കൊണ്ടുവന്നതും  മഹത്തായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി  അദ്ദേഹത്തിൻറെ ചിതാഭസ്മം ഞാൻ സൂക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ സ്വപ്നഭൂമിക്കു വേണ്ടി പടപൊരുതിയ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ലഭിച്ചില്ല. അതിനുശേഷം ഏകയായ ജീവിതം ഞാൻ നയിച്ചു. എന്നോടു കൂടിയുണ്ടായിരുന്ന ഡോ. പിള്ളയുടെ ചിതാഭസ്മത്തിന് അർഹമായ ബഹുമതി കിട്ടിയതിൽ കൃതജ്ഞതയോടെ ഞാൻ രാഷ്ട്രത്തെ സ്മരിക്കുന്നു. രാജ്യം സ്വതന്ത്രയാകുമ്പോൾ അത് നേടിയെടുത്തവരെ മറക്കുവാൻ സാധിക്കുകയില്ല. മഹാനായ ഡോ. പിള്ള സ്വാതന്ത്ര്യത്തിനുവേണ്ടി  ദാഹിക്കുന്ന രാജ്യങ്ങളുടെയെല്ലാം  ജ്വലിക്കുന്ന  ദീപവുമായിരുന്നു."


ഡോ.ചെമ്പക രാമൻപിള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ടുകൊണ്ട് ബ്രിട്ടീഷ്സാമ്രാജ്യത്തോട് പൊരുതിയ ധീരനായ ഒരു പ്രവാസി മലയാളിയായിരുന്നു.  അദ്ദേഹം ജീവനെ പണയപ്പെടുത്തി നാസി ജർമ്മനിയോടും പൊരുതി. ആ യോദ്ധാവിന് അർഹമായ ഒരു സ്ഥാനം രാജ്യം നല്കിയില്ലെന്നതും ഒരു സത്യമാണ്. എന്നും  പ്രവാസികളെ തഴഞ്ഞുകൊണ്ടുള്ള നയമായിരുന്നു  ഭാരതസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമുണ്ടായിരുന്നത്. ബ്രിട്ടീഷ്സർക്കാരിനു സ്വയം കീഴടങ്ങിക്കൊണ്ട്   തന്നെ  ജയിൽ വിമുക്തനാക്കാൻ  കേണപേക്ഷിച്ച 'സവർക്കറിന്റെ' പടവും ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലുണ്ട്. അവിടെയും ഈ ധീരദേശാഭിമാനിയുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടില്ല. എങ്കിലും മാതൃഭൂമിയുടെ ബലിപീഠത്തിങ്കൽ ആ ദീപം അണയാതെയുണ്ട്.



ഭയരഹിതമായ ഒരു മനസിന്റെ ഉടമയായിരുന്ന  ചെമ്പകരാമൻ നാസിപ്പടയുടെ ചലിക്കുന്ന ഭീരങ്കിപോലും ഭയപ്പെടാതെ തലയുയർത്തിനിന്നു.   മുമ്പോട്ടു കുതിക്കുന്ന മനസുകൾ സ്വർഗത്തോളം സ്വാതന്ത്ര്യം മോഹിക്കും. സത്യവും ധർമ്മവും  നിറഞ്ഞ തെളിമയാർന്ന ജല നിരപ്പില്ക്കൂടി സഞ്ചരിക്കുന്നവൻ അധികാരപടയുടെ   വരണ്ട മണലാരണ്യങ്ങളിൽക്കൂടി സഞ്ചരിച്ചാലും നീതിക്കായി  അവൻ പട  പൊരുതിക്കൊണ്ടിരിക്കും. വഞ്ചിഭൂമി  ജന്മം നല്കിയ   ചെമ്പകരാമൻ എന്ന  ഭാരത  യോദ്ധാവിന്റെ ചരിത്രവും അതു തന്നെയായിരുന്നു.  പ്രിയ ഭാരതാംബികയെ  അവിടുത്തെ മഹാനായ ഈ പുത്രൻ മറക്കപ്പെട്ടെങ്കിലും  ജനകോടികൾക്ക് 'ജയ ഹിന്ദ്‌' എന്ന പവിത്ര വാക്കുകളുടെ ഉറവിടമറിയില്ലെങ്കിലും  ഭാരത ഭൂമിയിലെവിടെയും  'ജയ ഹിന്ദ്'  വാക്കുകൾ ഉച്ചത്തിലുച്ചത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്.  ഇന്ത്യാ നീണാൾ വാഴുന്ന കാലത്തോളം ' ജയ  ഹിന്ദ്‌' വാക്കുകളുടെ  പിതാവായ ചെമ്പകരാമനും  ഈ  പവിത്രഭൂമിയിൽ  പൂജിതനായിരിക്കും. അറബിക്കടലിന്റെ തീരത്തുനിന്നും ബ്രിട്ടീഷുകാർക്കെതിരെ ഭീരങ്കി വെടിയുടെ  ധീരശബ്ദം മുഴക്കിയ  ആ മുറിവേറ്റ  പടയാളി  ഓരോ  ഭാരതിയന്റെയും അഭിമാനവും കൂടിയാണ്. 










Emdon


brought Pillai's ashes to Cochin on September 16, 1966.
ഡോ. ചെമ്പകരാമന്റെ ചെന്നയിലെ പ്രതിമ  

Sunday, March 16, 2014

സത്യ ജ്വാല, (March 2014)

പാലായിൽനിന്നും പ്രസിദ്ധീകരിക്കുന്ന മാസിക 

കേരളത്തിലെ സഭാനവീകരണത്തിനായി പ്രയത്നിക്കുന്ന പുലിക്കുന്നേൽസാർ മുതൽ പ്രസിദ്ധ എഴുത്തുകാർ അണിനിരന്നിരിക്കുന്ന മനോഹരമായ ഈ മാസിക പാലായിൽനിന്ന് പ്രസിദ്ധീകരിക്കുന്നു. പേജ് 29-ൽ ലേഖനം, 'മാർപ്പാപ്പയെ ധിക്കരിച്ച് പ്രത്യക്ഷ രാഷ്ട്രീയവുമായി കേരള മെത്രാന്മാർ' By ജോസഫ് പടന്നമാക്കൽ .

സത്യ ജ്വാല, (March 2014)

http://1drv.ms/OjNiKQ

Monday, March 10, 2014

വിശുദ്ധ നരകത്തിലെ അമ്മയും മകളും കിംവദന്തികളും

 
 
 

Mathaa Amruthanandamai
 
 
By  ജോസഫ് പടന്നമാക്കൽ 
ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച സുധാമണി,   'അമ്മ' യെന്ന പേരിൽ രണ്ടു വ്യാഴവട്ടക്കാലം  കൊണ്ട് ലക്ഷോപലക്ഷം  ഭക്തജനങ്ങളുടെ ആശ്ചര്യദേവിയായി മാറി. ആസ്ട്രേലിയായിൽനിന്ന് വന്ന യുവതിയായിരുന്ന ഗെയിൽ ട്രെഡ് വെൽ  ഭൌതികസുഖങ്ങളിലെ സകല ഇച്ഛാശക്തിയും ത്യജിച്ച്   ഗായത്രിയെന്ന പേര് സ്വീകരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം  ജീവിതമാരംഭിച്ചു.   അമ്മയ്ക്ക് മനസും  ജീവിതവും സമർപ്പിച്ചുകൊണ്ട്  20 വർഷം ആശ്രമത്തിലെ ചുമതലകളിൽ ഏർപ്പെട്ട് ജീവിച്ചു.  അതിനുശേഷം  അമ്മയിൽനിന്നും മോചനം നേടുവാനുള്ള  പോരാട്ടങ്ങളുടെ കഥ ഗെയ്ൽ ട്രെഡവെൽ എഴുതിയ   'ഹോളി ഹെൽ’ അഥവാ ‘വിശുദ്ധ നരക'മെന്ന അത്മകഥയിൽ വിവരിച്ചിരിക്കുന്നു.   ആശ്രമജീവിതവും ആദ്ധ്യാത്മീകവും  സ്നേഹവും പ്രേമവും  ചിരിയും കണ്ണുനീരും സാമൂഹിക രാഷ്ട്രീയവും ഗ്രന്ഥകാരി യുക്തിയുക്തമായി പുസ്തകത്തിൽ  മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗെയ്ൽ  ഒറ്റയ്ക്ക് പരിചിതമല്ലാത്ത ഒരു രാജ്യത്ത് അമ്മയുടെ ആശ്രമത്തിൽ ജീവിക്കാൻ വന്നത് ഭാരതീയ സനാതനത്തെയും ഈശ്വരനെയും തേടിയായിരുന്നു.  ഈ നാട്ടിൽ വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ   ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും സ്വന്തം കാലിൽ നിൽക്കാൻ  സാധിക്കില്ല. ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്.  ഇരുപതുവർഷം പണിയെടുത്ത ആശ്രമത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.


‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാ അമൃതാനന്ദ ('അമ്മ'). ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയെന്ന അമൃതാനന്ദ ദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു.


സാമൂഹിക  രാഷ്ട്രീയ മണ്ഡലങ്ങളിലെയും   സിനിമാ ലോകത്തിലെയും പ്രശസ്തരായവർ  അമ്മഭക്തരാണെങ്കിലും ബൌദ്ധിക ലോകത്തിൽ അനേകർ അമ്മയ്ക്കെതിരായവരുമുണ്ട്. ബുദ്ധിജീവികളിൽനിന്നും  ഇതിനുമുമ്പും അമൃതാനന്ദമയിക്ക്  വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്.   ഏതാനും വർഷംമുമ്പ്  എ .കെ.ആന്റണി അമ്മയെ ആലിംഗനം ചെയ്തപ്പോൾ മരിച്ചുപോയ സ്വന്തം അമ്മയുടെ അനുഭൂതിയുണ്ടായിയെന്നു  പറഞ്ഞു. ഞങ്ങൾ ഇതിനെ ഞരമ്പുരോഗമെന്ന്  പറയുമെന്ന് സുകുമാർ അഴിക്കോടും പറഞ്ഞു. അതുപോലെ സിനിമാതാരം മോഹൻ ലാൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യർ എന്നിവരും   അമ്മയിൽനിന്ന് ഈശ്വരചൈതന്യം ലഭിച്ചവരെന്ന് അവകാശപ്പെടുന്നു.


കേരളയുക്തിവാദി നേതാവായ ശ്രീനി പട്ടത്താനം 1985-ൽ  മാതാ അമൃതാനന്ദമയിയുടെ വിശുദ്ധകഥകളും അത്ഭുതങ്ങളും വ്യാജങ്ങളെന്നു   വിമർശിച്ച് ഒരു പുസ്തകം ഏഴുതിയിരുന്നു.   മഠത്തിനുള്ളിൽ ഉണ്ടാവുന്ന സംശയകരമായ മരണങ്ങളെയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002- ൽ ദേശാഭിമാനി പത്രം   അത് ആവർത്തിച്ചെഴുതിയപ്പോൾ  മഠത്തിന്റെ പ്രതിക്ഷേധാഗ്നിയിൽ റിപ്പൊർട്ട് പിൻവലിച്ച് മാപ്പ് പറയേണ്ടി വന്നു. വിവാദപരമായ ആ പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്  ക്രിമിനൽ നടപടികളും ശ്രീ പട്ടത്താനത്തിനെതിരായി ഉണ്ടായി.  അതുപോലെ നോവലിസ്റ്റ് പോൾ സക്കറിയ, സുകുമാർ അഴിക്കോട് എന്നിവരും മഠത്തിന്റെ അമിത വരുമാനത്തിന്റെയും വിദേശ പണത്തിന്റെയും   വരവിനെ  അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ടവരാണ്. 



'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ ഗെയ്ൽ ട്രെഡവെൽ   ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും അവിടെ വസിക്കുന്ന സ്വാമിമാരെപ്പറ്റിയും   കുറ്റാരോപണങ്ങളുടെ  അനേക കഥകൾ പുറത്തു വന്നു.  ആത്മകഥാ രൂപത്തിൽ എഴുതിയ ഗെയിലിന്റെ പുസ്തകം വായിച്ചാൽ  ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു.  ആരോപണങ്ങളുടെമേൽ വിവാദപരമായി   ലോകമെമ്പാടും നടക്കുന്ന ചർച്ചകളിൽ ആശ്രമാധികാരികളുടെ നിസഹകരണം മൂലം സത്യമേത് അസത്യമേതെന്ന് വായനക്കാർക്ക് തിരിച്ചറിയുവാനും പ്രയാസമാണ്. ഒരു തുറന്ന ചർച്ചക്കോ നിയമപരമായ തെളിവുകൾ ശേഖരിക്കാനോ ആശ്രമാധികാരികൾ തയാറായിട്ടില്ല.. 


ആശ്രമത്തിലെ രഹസ്യങ്ങളും ദുരൂഹതനിറഞ്ഞ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ വായിക്കാം.  നന്മതിന്മകളിൽനിന്ന് മുക്തിനേടാൻ  അവതാര മൂർത്തിയായ അമ്മയിൽ  സ്വയം അർപ്പിക്കൂവെന്ന് സ്വാമിനിയായിരുന്ന ഗായത്രി (ഗെയ്ൽ)  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രസംഗിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രി പിൽക്കാല ജീവിതത്തിൽ  (ഗെയ്ൽ) സമ്മതിച്ചിട്ടുണ്ട്. അധികം താമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച്  അമ്മ   പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.


ആശ്രമത്തിലെ സാമൂഹികാചാരങ്ങളുമായും ചിട്ടകളുമായും ഒത്തുപോകാൻ ആദികാലങ്ങളിൽ ഗായത്രിക്ക്(ഗെയ്ൽ) നന്നേ പാടുപെടേണ്ടി വന്നു. വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്നുള്ള  ക്രമരീതികളും പടിഞ്ഞാറൻ പെണ്ണിന് അന്ന് പുതുമയായിരുന്നു.  ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള ഒരു കുടിലിൽ കിടക്കണമായിരുന്നു.  ഒരിക്കൽ ഭക്ഷണം കിട്ടാതെ വന്നപ്പോൾ  പട്ടി ഈ കൂട്ടിലുണ്ടെന്നു ഗായത്രി  ഉറക്കെ  വിളിച്ചു പറയുന്നതും സരസമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം   പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ അമ്മയുടെ കാപട്യത്തെ ആത്മകഥയില്ക്കൂടി വെളിപ്പെടുത്തുന്നുമുണ്ട്.   


ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്” ഉപനിഷത്തുകൾ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും."  ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക “എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രി(ഗെയിൽ) വിശ്വസിച്ചിരുന്നു."


ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ)  ദൃക്സാക്ഷിയാവുന്ന കഥകളും ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഒരിക്കൽ  ബാലുവും  അമ്മയുമായുള്ള രഹസ്യരതിയിലെ പുരുഷബീജങ്ങളടങ്ങിയ ടവ്വൽ  അമ്മയുടെ മുറിയിൽ നിന്ന് ഗായത്രി (ഗെയിൽ) കണ്ടെത്തി. അന്ന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാലു രക്ഷപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറിയിരുന്നതായും ഗായത്രി (ഗെയിൽ)ആരോപിക്കുന്നു. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നതും ചൂണ്ടികാണിക്കുന്നു.  ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി  (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലുവും  മറ്റൊരു സ്വാമി  റാവുവും  അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്ന തെളിവുകളുമുണ്ട്.   മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട്   അമ്മയുടെ മുറിതുറക്കുന്നത് ഗായത്രി (ഗെയിൽ) കണ്ടിട്ടുണ്ട്.ഒരു വിദേശ യാത്രയിൽ   അമ്മ താമസിച്ചിരുന്ന മുറിയിൽനിന്നും  ബാലുവും അമ്മയുമായി രതി ക്രിയകൾ നടത്തുന്നത്  ഗായത്രി മറ്റൊരു മുറിയിൽ നിന്ന് കാണുന്നതും ആത്മകഥയിലുണ്ട്. 


ബാലുസ്വാമി എന്നും അമ്മയുടെ പ്രിയശിഷ്യനായിരുന്നു. കാമ ഭ്രാന്തു മൂത്ത് സെക്സിനായി  ഗായത്രിയെ(ഗെയിൽ) സമീപിക്കുമായിരുന്നു. അത് അവർക്ക്   അസഹ്യമായ ശല്യമായിരുന്നു.  അനേക തവണകൾ  ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാളുടെ ഉരുക്കുള്ള മസിലുകളെ  തടയാൻ  ഗായത്രിക്ക്(ഗെയിൽ) സാധിച്ചിരുന്നില്ല.   സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ)  പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ (ഗെയിൽ)വാക്കുകൾ അയാൾ ചെവികൊണ്ടില്ല. ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു.



ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന  കുസുമമെന്ന  ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഗായത്രി സകലരെയും കണ്ണുവെട്ടിച്ച്  സന്യാസിനി ജീവിതത്തിൽനിന്നും ഓടിരക്ഷപെട്ട  കഥ അവരുടെ 'വിശുദ്ധ നരകമെന്ന' ആത്മകഥയിൽ  വിവരിച്ചിട്ടുണ്ട്.   കുസുമം എന്നു വിളിക്കുന്ന ഗ്രെച്ചൻ മാക് ഗ്രെഗർ ( Gretchen McGregor )  ഗെയിലിനെ ആശ്രമത്തിൽനിന്ന് രക്ഷപെടുവാൻ സഹായിച്ചുവെന്നത്   നുണയാണെന്ന് പറഞ്ഞ്  നിഷേധിച്ചുകൊണ്ട്  പത്രക്കുറിപ്പുമിറക്കി.  ആദികാലം മുതൽ ഗെയിലുമായി അടുപ്പിത്തിലായിരുന്ന  ഇവർ  ഗെയിലിന്റെ വ്യക്തിപരമായ സ്വഭാവ ദൂഷ്യത്തെയും വിവരിച്ചിട്ടുണ്ട്.  ആസ്ട്രേലിയായിൽ  അന്നത്തെ കാലത്തെ ചെറുപ്പക്കാരികളുടെയും ഗെയിലിന്റെയും   വിനോദമായിരുന്ന ഒരു മത്സരക്കളിയുടെ കഥ ഗെയിൽ  തന്നോട് പറഞ്ഞത് കുസുമം  വിവരിക്കുന്നുണ്ട് . 'പുലിവാലിൽ പിടിക്കുക' യെന്ന് ഈ ഗെയിം അറിയപ്പെട്ടിരുന്നു.  'പട്ടണത്തിൽ പോയി പുരുഷന്മാരെ വശീകരിച്ച് രാത്രികാലങ്ങളിൽ അവരൊന്നിച്ച് ശയിക്കുകയും  ഏറ്റവും കൂടുതൽ  ആ ആഴ്ചയിൽ പുരുഷന്മാരുമായി ശയിക്കുന്നവരെ   ജേതാവായി പ്രഖ്യാപിക്കുന്നതുമായ '  ഗെയിമായിരുന്നു അത്. ആ ഗെയിമിൽ 'ഗെയിൽ' സജീവമായി പങ്കെടുത്തിരുന്നു. ഇത്തരക്കാരി ഒരു പെണ്ണ് ആശ്രമജീവിതം എങ്ങനെ തെരഞ്ഞെടുത്തുവെന്നും അന്ന് കുസുമത്തിന് വിസ്മയമുണ്ടാക്കിയിരുന്നു.  1999 ൽ  സാൻറാമോണിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കവേ  കുസുമവുമായി ഗെയിൽ അന്ന് ചിരകാല സൌഹാർദം  പുതുക്കിയിരുന്നു. ആശ്രമജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞതല്ലാതെ പുസ്തകത്തിൽ കാണുന്ന കുറ്റാരോപണങ്ങളോ   അമ്മയ്ക്കെതിരായി യാതൊരു പരാതിയോ  സ്വന്തം ആശ്രമ ജീവിതത്തിലെ കഷ്ടപ്പാടുകളോ ലൈംഗിക അഴിമതികളോ  ഗെയിൽ സംസാരിച്ചില്ലെന്നും കുസുമം എഴുതിയിട്ടുണ്ട്.  സാൻറാമോണിൽ  ധ്യാനം നടക്കുന്ന വേളയിൽ  കുസുമത്തിനു  ഒരു പ്രാവിശ്യം  ടൌണിൽ പോകേണ്ടി വന്നു. ഗെയിലിന്റെ സുഹൃത്തിന് ഗെയിൽ തന്നുവിട്ട ഒരു ബ്ലാങ്കറ്റ് പോവുന്ന വഴിയിൽ കൊണ്ടുപോയി കൊടുത്തുവെന്നല്ലാതെ ഗെയിൽ രക്ഷപ്പെടാൻ കുസുമം യാതൊരു സഹായവും ചെയ്തില്ലെന്ന് പറയുന്നു. " ആശ്രമത്തിൽനിന്ന് ഓടിപ്പോവാൻ ‍ അവർ  പങ്കാളിയെന്നുള്ള പുസ്തകത്തിലെ പരാമർശം തികച്ചും കള്ളമെന്നും"  കുസുമം കുറ്റപ്പെടുത്തിയിട്ടുണ്ട്.  രക്ഷപെടാൻ ഗെയിലിന്റെ ലാബ്ടോപ്പും തുണികളും ബുക്കുകളും ബാഗുകളും  എടുത്തുകൊണ്ടു പോകാൻ സഹായിച്ചുവെന്നത് ശുദ്ധ അസത്യമാണെന്നും കുസുമം ആരോപിച്ചിരിക്കുന്നു.


മീറായെന്ന  പടിഞ്ഞാറൻ മുൻ ആശ്രമ വാസിക്കും ഗെയിലിനെപ്പറ്റി കഥകൾ പറയാനുണ്ട്.  അമ്മയില്ലാത്ത സമയം ഒരു ഏകാധിപതിയെപ്പോലെ  ഗെയിൽ മറ്റുള്ളവരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്നാണ് ആരോപണം.അവർ ഇങ്ങനെ എഴുതിയിരിക്കുന്നു,  "  ദുഷിച്ച തെറി വാക്കുകൾ ഗെയിലിന്റെ പതിവായ ആശ്രമശൈലിയായിരുന്നു. ഒരിക്കൽ പട്ടിയെന്ന് വിളിച്ചതിൽ മറുത്തു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു. ഗെയിലിന്റെ അടിയും ഇടിയും തൊഴിയും അന്നേ ദിവസം സഹിക്കേണ്ടിവന്നു. തലമുടിയ്ക്ക് പിടിച്ച് നിലത്തുകൂടി ഇഴക്കാനും മടിച്ചില്ല.   കൂടാതെ ആശ്രമത്തിൽ അനേക ശിക്ഷണ നടപടികളും തന്നു. തീവ്രമായ അസുഖം ബാധിച്ചു കിടക്കുന്ന സമയവും  തന്നെ അസഭ്യവാക്കുകളിൽ പരിഹസിക്കുന്നതും അവരുടെ വിനോദമായിരുന്നു.  മറ്റൊരു സന്യാസിനി ലക്ഷ്മിയേയും  അതിക്രൂരമായി  ഉപദ്രവിക്കുമായിരുന്നു.   അവരുടെ മുഖത്തിനിട്ടടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും നിത്യസംഭവങ്ങളായിരുന്നു.  ഒരിക്കൽ ലക്ഷ്മിയുടെ ദേഹത്ത് ചൂടുളള തേപ്പുപെട്ടി എറിയുകയും അന്ന് മുഖത്തുനിന്ന്  രക്തം വാർന്നുപോവുന്നതു കണ്ടതായും മീറാ എഴുതിയിരിക്കുന്നു."


ലക്ഷ്മിക്കും ഗെയിലിനെപ്പറ്റി കഥ പറയാനുണ്ട്. ഹോളണ്ടുകാരത്തിയായ ലക്ഷ്മി കഴിഞ്ഞ 30 വർഷമായി  അമ്മയെ സേവിച്ചുകൊണ്ട് ഇപ്പോഴും  ആശ്രമത്തിൽ കഴിയുന്നു. ഗെയിലിന്റെ മൃഗീയമായ പെരുമാറ്റങ്ങളെ ലക്ഷ്മി വിവരീക്കുന്നുണ്ട്. "1981ല്‍ ഗെയില്‍ ആദ്യമായി അമ്മയെ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിപോലും ഉണ്ടായിരുന്നില്ല. അന്ന്  എല്ലാവർക്കും  താമസിക്കാനുള്ളയിടം അമ്മയുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ  ചുമതലകളും ഗെയിലിനെ ഏല്പിച്ചു. അന്നുമുതല്‍, ആശ്രമം വിട്ടുപോകുന്നവരെ ഒരു രാജ്ഞിയെപ്പോലെയാണ് അവർ   ജീവിച്ചത്.‍  എപ്പോഴും   അവരെ അനുസരിച്ചിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ കൂടെ നിറുത്തിയിരുന്നു.  അനിയന്ത്രിത കോപവും  ആക്രമണവും ലക്ഷ്മിയുടെ മേൽ പതിവായിരുന്നു. ഗെയിൽ അമ്മയുടെ ഒരു അമേരിക്കൻ  ഭക്തനുമായി പ്രേമത്തിലായിരുന്നു. അമ്മ ഭക്തനായ ആ ബ്രഹ്മചാരിയെ അമ്മയിൽ നിന്നകത്തുവാൻ ഗെയിൽ ശ്രമിച്ചു. വിജയിച്ചില്ല. അമ്മ ആ പ്രേമബന്ധം തകർത്തുവെന്നുള്ള  തെറ്റിധാരണ ഗെയിലിനെ അമ്മയോടുള്ള പകയും  വിരോധിയുമാക്കി.  സ്വീഡനിൽ വെച്ച് അമ്മയെ ഒരു വള്ളത്തിൽ കയറ്റി കൊല്ലാൻ ശ്രമിച്ചതും ലക്ഷ്മിയുടെ ലേഖനത്തിലുണ്ട്. മറ്റൊരു പ്രാവശ്യം കൂണിൽ വിഷം കലർത്തി അമ്മയെ വധിക്കാൻ ശ്രമിച്ച കാര്യവും ലക്ഷ്മി വിവരിച്ചിരിക്കുന്നു. 


മഠത്തിനു വിദേശത്തു ബാങ്ക് അക്കൗണ്ടുകള്‍ ഒന്നുമില്ലന്ന് അമൃതാനന്ദശ്രമം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള  സ്ഥാപനങ്ങൾ ആ രാജ്യങ്ങളിലെ നിയമം അനുസരിച്ച് അതാതു  ട്രസ്റ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.  അവിടങ്ങളിലെ  ട്രസ്റ്റികളിൽ അമൃതാനന്ദമയിയുടെ  പേരില്ല.  കരുതല്‍ പണം നാനൂറു കോടി ഡോളറെന്നുള്ളതും പൊലിപ്പിച്ച വാർത്തകളാണ്. നൂറു മില്ല്യന്‍ ഡോളര്‍ പോലുമില്ല. ഇരുപത്തഞ്ചു വര്‍ഷമായി നിയമാനുസൃതം മാറ്റിവച്ച കുറച്ചു തുകയുണ്ട്.  ഭാവിയില്‍ എന്തെങ്കിലും വലിയ പ്രകൃതിദുരന്തമോ മറ്റോ സംഭവിച്ചാല്‍ സേവനത്തിനായി ഉപയോഗിക്കാന്‍ കൂടിയാണ്  ഈ കരുതൽ ധനമെന്നും മഠം വ്യക്തമാക്കി.


ഇവിടെ ഒരു ചോദ്യം ഉയരുന്നു, ആരാണ് കള്ളം പറയുന്നത്,ഗായത്രിയോ (Gail) മഠമോ? ഗായത്രിയാണ് കള്ളം പറയുന്നെങ്കിൽ അവരുടെ ഉദ്ദെശ്യം പ്രേമം തട്ടി തെറിപ്പിച്ചതിലുള്ള അമ്മയോടുള്ള പകയോ ഒരു വലിയ ആത്മീയപ്രസ്ഥാനത്തെ തകർത്ത് ധനം നേടാനോ ആയിരിക്കാം. നോബൽ സമ്മാനത്തിനുതന്നെ അർഹമായിക്കൊണ്ട് പ്രസിദ്ധീയിലേക്ക് കുതിക്കുന്ന അമൃതാനന്ദമയിയെ തേജോവധം ചെയ്യാൻ ആഗോള തല്പ്പരകക്ഷികളുടെ കൂട്ടായ്മയുംഉണ്ടാകാം. ആശ്രമത്തിനെതിരായി അസൂയ പൂണ്ട മതവൈരികളും ഇതിന് പുറകിൽ പ്രവർത്തിക്കുന്നുണ്ടാകാം. ഗായത്രി ശരിയും മഠം തെറ്റുമെങ്കിൽ ദരിദ്രരരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നുവെന്ന മാതാ അമൃതാനന്ദയുടെ  വാക്കുകൾക്ക് എന്ത് ആത്മാർഥതയാണുള്ളത്?  വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിയമപരമായ  നടപടികൾ എടുത്താൽ  തെറ്റിനെയില്ലാതാക്കുവാൻ സാധിക്കുമോ? ആത്മീയ വ്യക്തിത്വമെന്നയപ്പെടുന്ന അമൃതായുടെത് വ്യാജവ്യക്തിത്വമെന്നും വരും. പുസ്തകത്തിലെ വിവാദങ്ങളനുസരിച്ച് ആശ്രമത്തിന് ഭൌതിക സ്വത്തുക്കളോടാണ് ആസക്തിയെന്നും  തെളിയും. ആശ്രമത്തിനും ആത്മീയ വ്യക്തിത്വങ്ങൾക്കുമെതിരായുള്ള ഗെയിലിന്റെ കുറ്റപ്പെടുത്തലുകളിൽ  അമൃതാനന്ദമയി  ഇതുവരെ പ്രതികരിച്ചില്ല.  നിഷേധിച്ചിട്ടുമില്ല.

കേസുകളും എതിരാളികളുടെ നാവടയ്ക്കുന്ന തന്ത്രങ്ങളുമാണ് മഠം എന്നും ആവിഷ്ക്കരിച്ചിരുന്നത്.  ആരോപണം ഉന്നയിക്കുന്നവർക്കെതിരെ ആത്മീയത്തിലെ ഉന്നതർ കുപ്രചരണങ്ങളും നടത്തുന്നുവെന്ന് ഗെയ്ൽ തന്റെ ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരുണത്തിൽ പ്രസിദ്ധ വാർത്താ ലേഖകനായ ശ്രീ ജോണ് ബ്രിട്ടാസിന്റെ വാക്കുകൾ പ്രസക്തമാണ്. "കേസ് നൽകുകയോ ബ്ലായ്ക് മെയിൽ തന്ത്രമോ ഉപയോഗിക്കുകയോ ചെയ്യാതെ അവർക്ക് മുന്നോട്ട് വന്ന് ഗെയിലിനെ വെല്ലു വിളിക്കാവുന്നതാണ്. ഗെയിലിന്റെ അഭിമുഖത്തിന് മുമ്പോ ശേഷമോ അമൃതാനന്ദമയിയുടെയോ അമൃതസ്വരൂപാനന്ദയുടെയോ (ബാലു) അഭിമുഖം നല്കാൻ തയാറായിരുന്നു."  ആശ്രമം ഇതുവരെയും അങ്ങനെയൊരു അഭിമുഖത്തിന് തയാറാവാത്തതും  ഗെയിലിന്റെ ആരോപണങ്ങൾക്ക് ശക്തി നല്കുന്നു.


സത്യം മാത്രം ജയിക്കന്നു;മറ്റൊന്നും (അസത്യം ) ഒരിക്കലും ജയിക്കില്ല. സത്യമാകുന്ന വഴിയിലൂടെയാണ്  മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും പൂർത്തികരിച്ച്  പരമസത്യത്തെയും പ്രാപിക്കുന്നു. 'സത്യമേവ ജയതേ ' സത്യം മാത്രം ജയിക്കുന്നു. ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യമായ മുണ്ടകാ ഉപനിഷത്തിലെ ഒരു മന്ത്രമാണിത്.





Laksmi
 
Meera
Amrita Svaroopananda  (Balu)
 


Kusumam

 

Matha Amruthanandamai
 
Gail Treadwell (Gayathri)
 





Matha Amruthanandamai
 
Malayalam Daily News:
http://www.malayalamdailynews.com/?p=78614




 

Thursday, March 6, 2014

വിശുദ്ധ നരകത്തിലെ ഗായത്രിയെന്ന കൊടുങ്കാറ്റ്


By  ജോസഫ്  പടന്നമാക്കൽ  



 

 

 
 
 
 
 

ഗെയ്ൽ ട്രെഡ് വെല്ലിന്റെ ‘ഹോളി ഹെൽ’ അഥവാ ‘വിശുദ്ധ നരകമെന്ന’ പുസ്തകം ഒരു സത്യാന്വേഷിയുടെ ആത്മകഥയാണ്.ചിരിയും പൊട്ടിച്ചിരിയും മാതാ അമൃതാനന്ദമയ മഠത്തിനുള്ളിലെ രാഷ്ട്രീയവും വളരെ യുക്തിയുക്തമായി ഗ്രന്ഥകാരി പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സമൃദ്ധിയുടെ നാട്ടിൽനിന്നുമാണ് ദാരിദ്ര്യവും പഞ്ഞവും പിടിച്ച രാജ്യത്തിലേക്ക് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ജീവിക്കാൻ വരുന്നതെന്നും ഓർക്കണം. ഇവിടെ ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കില്ല. ചുരുങ്ങിയ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്. അഭിമാനത്തെ പണയംവെച്ച് അടിമയായി ജോലിചെയ്തുകൊണ്ട് കപടതനിറഞ്ഞ ഒരു ആശ്രമത്തിൽ അവർ തന്റെ പാഴായ ജീവിതം തള്ളിനീക്കി. ഇത് തികച്ചും കിറുക്കല്ലാതെ മറ്റെന്തായിരുന്നുവെന്നും അറിയത്തില്ല. ഇരുപതുവർഷം പണിയെടുത്ത സ്ഥാപനത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.
 ‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. സ്നേഹവും വാത്സല്യവും ദീനദയയുംകൊണ്ട് ആത്മീയപ്രസ്ഥാനങ്ങൾ ഇന്ന് കച്ചവടകേന്ദ്രങ്ങളായും കോർപ്പറേറ്റ് സ്ഥാപനങ്ങളായും മാറ്റപ്പെട്ടു. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാഅമൃതാനന്ദ. ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയുടെ വാത്സല്യം തേടിയും ഒരു നോക്കുകാണാനും ആലിംഗനവും ഉമ്മയ്ക്കുമായും വഴിയരികിൽ ഉന്തുംതള്ളും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു.
 
അമ്മയെന്ന അമൃതാനന്ദദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു. വിദേശരാജ്യങ്ങളിൽ അമൃതാനന്ദമയി അനുഗ്രഹിച്ച വെള്ളിവളകൾ 800 ഡോളറുമുതലും വെള്ളികൊണ്ടുള്ള കിരീടം 5000 ഡോളറിനുമാണ് വിൽക്കുന്നത്. അമ്മയുടെ പ്രതിരൂപത്തിൽ തുന്നിയുണ്ടാക്കിയ അമ്മപ്പാവകൾ 45 ഡോളർമുതൽ 200 ഡോളർവരെ വിലയ്ക്ക് വിൽക്കുന്നു. അമ്മയില്ലാത്തപ്പോൾ ഏതോ പ്രപഞ്ചസംബന്ധിയായ അമ്മയുടെ ചൂട് ഈ 'പാവ ' നല്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അമ്മയുടെ അഭാവത്തിൽ പാവയെ ആലിംഗനം ചെയ്താലും അത്ഭുതപ്രഭയുടെ ഊർജം പാവയിൽനിന്നു പ്രവഹിക്കുമെന്നും ഭക്തർ അവകാശപ്പെടുന്നു. അമ്മയെ നേരിട്ട് ചുംബിക്കുന്നതുപൊലെ പാവ സ്നേഹത്തിന്റെ പരിമളം നൽകുമെന്നും കരുതുന്നു. "പാവ കൂടെയുള്ളപ്പോൾ അമ്മ ഹൃദയത്തിനുള്ളിൽ ക്ഷേത്രംപോലെയെന്നും സ്നേഹവും കരുണയും ഉള്ളുനിറയെ നല്കുന്ന അതേ അമ്മയാണ് ഈ പാവയെന്നും"അമ്മ ഭക്തർ പറയും. ഇതിനോടകം 40 മില്ല്യൻ ജനങ്ങളെ അവർ ആലിംഗനം ചെയ്തുകഴിഞ്ഞു. സ്വമനസാലെ വിദേശാശ്രമങ്ങളിൽ അമ്മയ്ക്ക് സേവനം ചെയ്യുന്നവരുണ്ട്. അവരുടെ സേവനത്തിനു പുറമേ 2000 ഡോളറും ആശ്രമത്തിനു നല്കണം. വന്നെത്തുന്ന വിമാനക്കൂലി വേറെയും കരുതണം. 
ഗായത്രിയെന്നറിയപ്പെട്ടിരുന്ന ഗെയ്ൽ ട്രെഡ് വെൽ  അമൃതാനന്ദശ്രമത്തിന്റെ മുൻസന്യാസിനിയായിരുന്നു. 'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും പല സത്യങ്ങളും പുറത്തുവന്നു. ഗെയിലിന്റെ ആത്മകഥ വായിച്ചാൽ ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി ഭാരത സംസ്ക്കാരത്തിന്റെയും  കേരളസംസ്ക്കാരത്തിന്റെയും തനിമയെ ഒപ്പിയെടുത്തിട്ടുണ്ട്. പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു. 
ഗെയ്ൽ  ഇരുപതു വർഷത്തോളം അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന പ്രധാന ശിഷ്യയായിരുന്നു. ആശ്രമത്തിലെ ദുരൂഹതനിറഞ്ഞ രഹസ്യങ്ങളും അവരുടെ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ ഉടനീളം വിവരിച്ചിട്ടുണ്ട്. അമ്മ ദൈവമായതിനാൽ നന്മതിന്മകളിൽനിന്ന് മുക്തിനേടാമെന്നും ഗായത്രിയായ ഗെയ്ൽ  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രചരിപ്പിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രിതന്നെ (ഗെയ്ൽ ) സമ്മതിച്ചിട്ടുണ്ട്. അധികംതാമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച് അമ്മയുടെ വക്താക്കൾ പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.
 
മാതാ അമൃതാനന്ദയുടെ (അമ്മ) ആത്മീയ സാമ്രാജ്യത്തിലെ കൊള്ളരുതായ്മകൾ വിളിച്ചുപറയുവാൻ അന്തേവാസികൾ ധൈര്യപ്പെടുകയില്ല. അവർക്കുനേരെ ജീവന് ഭീഷണികൾ മുഴക്കാനും ഒരു മാഫിയാ സംഘംതന്നെ ആശ്രമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അമ്മയെ ദൈവമായി കരുതുന്നതുകൊണ്ട് അമ്മയ്ക്കെതിരായി പ്രവർത്തിക്കുന്നവരുടെ കുടുംബത്തിന് ശാപം ലഭിക്കുമെന്ന അന്ധവിശ്വാസവുമുണ്ട്. ജീവകാരുണ്യത്തിനായി സംഭാവന കൊടുക്കുന്ന നിഷ്കളങ്കരായവർ ആശ്രമത്തിന്റെ മൂടിവെച്ച രഹസ്യങ്ങളെപ്പറ്റി അറിയുന്നില്ല. വിദേശത്തുനിന്നുപോലും വീടും ധനവും ഉപേക്ഷിച്ച് സകലതും ആശ്രമത്തിന് ദാനംചെയ്ത് ദരിദ്രജീവിതം നയിക്കുന്ന അന്തേവാസികളുമുണ്ട്. ആത്മീയതയെന്തെന്നറിയാതെ ദിനംപ്രതി അനേകർ ആശ്രമത്തിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം നശിപ്പിക്കുന്നുമുണ്ട്.
 
ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. ചുറ്റും ആയിരക്കണക്കിന് ഭക്തരുള്ള ആ സ്ഥാപനത്തിൽനിന്നും രക്ഷപ്പെടുക സാദ്ധ്യമായിരുന്നില്ല. അങ്ങനെ ഒരു ശ്രമം നടത്തിയാൽ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന ഗായത്രി സകലരെയും കണ്ണുവെട്ടിച്ച് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സന്യാസിനി ജീവിതത്തിൽനിന്നും ഓടി രക്ഷപെടുകയാണുണ്ടായത്.   
 സ്വന്തം നാടായ ആസ്ട്രേലിയായിൽ പ്രതീക്ഷകളില്ലാത്ത നിരാശനിറഞ്ഞ ജീവിതമായിരുന്നു കുട്ടിക്കാലത്ത് ഗെയിലിന് ഉണ്ടായിരുന്നത്.  മാതാപിതാക്കളുമൊത്തുള്ള ജീവിതം സന്തുഷ്ടമായിരുന്നില്ല. "സ്വന്തം ഭവനംപോലെ മറ്റൊരിടമില്ലെന്നുള്ള" ആപ്തവാക്യവും ഗെയിലിന്റെ ജീവിത സാഹചര്യങ്ങളിൽ സഫലമായിരുന്നില്ല. മക്കളും മാതാപിതാക്കളും തമ്മിൽ പരസ്പര സ്നേഹത്തോടെയുള്ള ഒരു അന്തരീക്ഷത്തിലായിരുന്നില്ല അവർ വളർന്നത്‌. ബാല്യകാലം സംഘർഷം നിറഞ്ഞതായിരുന്നു. സ്നേഹവും സന്തോഷവും ആ ഭവനത്തിലുണ്ടായിരുന്നില്ല.സ്വന്തം അമ്മ  സ്നേഹത്തോടെ എന്നെങ്കിലും ആലിംഗനം ചെയ്തതായിപ്പോലും അവർക്കോർമ്മയില്ല. അവിവാഹിതയായ ഒരു സ്ത്രീയിൽനിന്നായിരുന്നു സ്വന്തം അമ്മ ജനിച്ചത്‌. അക്കാലത്ത് കുടുംബത്തിന് അങ്ങനെയൊരു കുഞ്ഞ് കളങ്കമായിരുന്നു. തന്മൂലം സമൂഹം മുഴുവൻ അവരെ പരിഹസിച്ചിരുന്നു. അങ്ങനെ വിദ്വേഷം നിറഞ്ഞ ഒരു അമ്മയിൽനിന്നാണ് ഗെയിലിന്റെ അമ്മ വളർന്നത്‌. ചരിത്രം ഗെയിലിന്റെ വളർച്ചയിലും  ആവർത്തിക്കപ്പെട്ടു. പഠിക്കാനോ ഡിഗ്രിയെടുക്കാനോ ബാല്യത്തിൽ താല്പര്യമുണ്ടായിരുന്നില്ല. മറ്റുള്ള പെണ്‍ക്കുട്ടികളുമായി അയൽവീടുകളിൽ കറങ്ങിനടക്കാനും സ്വിമ്മിംഗ്പൂളിൽ നീന്താനും പാർക്കിൽ സിഗരെറ്റ് വലിക്കാനും കളിക്കാനുമായിരുന്നു സമയം ചിലവഴിച്ചിരുന്നത്. പിന്നീട് മാതാപിതാക്കൾ പരസ്പരം വേർപെട്ട് വിവാഹമോചിതരായി.
കുഞ്ഞായിരുന്നപ്പോൾ മുതൽ ഗെയിലിന്  മാന്ത്രിക വിഷയങ്ങളെയും പ്രകൃത്യാതി സംബന്ധമായ അത്ഭുതശക്തികളെയും പഠിക്കാൻ  താൽപര്യമുണ്ടായിരുന്നു. ഇന്ത്യയിൽ ഒരു സുഹൃത്തുമൊത്ത് വന്നസമയം ഭാവി പ്രവചിക്കുന്നവരെയും അത്ഭുത സിദ്ധിയുള്ളവരെയും കണ്ടെത്തുവാൻ അവർ ആഗ്രഹിച്ചു. ലോകം മുഴുവൻ കൂട്ടുകാരുമൊത്ത് കറങ്ങാൻവന്ന അന്നത്തെ പത്തൊൻപത് വയസുകാരി ഗെയിലിന്  ഇന്ത്യയിൽ വന്നപ്പോൾ തിരികെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോവാൻ തോന്നിയില്ല. അതിന്റെ പേരില് അന്ന് ഒപ്പം സഞ്ചരിച്ച കൂട്ടുകാരെ വേർപിരിയേണ്ടിയും വന്നു.
1978 മാർച്ചുമാസത്തിൽ ഒരു വിനോദ യാത്രക്കാരിയായി ഗെയിൽ കല്ക്കട്ടായിലെത്തി. ഒപ്പം ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. യാത്രയിൽ പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിലുള്ള ആകാംഷയോടൊപ്പം ഇന്ത്യയുടെ കടുത്ത ദാരിദ്ര്യവും യാചകരും കുഷ്ഠരോഗികളും മാറാരോഗങ്ങളും കളവുകളും നേരിൽ കണ്ടതുമൂലം പരിഭ്രമവും  ഉണ്ടായിരുന്നു. ഇങ്ങനെ അനേക നിഷേധചിന്താഗതികൾ മനസ്സിലെത്തിയെങ്കിലും പത്തൊമ്പത് വയസുകാരിയായ ഗെയിലിന് ഭാരതത്തോട് അഗാധമായ സ്നേഹമുണ്ടായി. മറ്റനേക രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും ഇവിടംമാത്രം മനസ്സിൽതട്ടിയ സ്വന്തം വീടുപോലെ ആ പെണ്‍കുട്ടിക്ക് അന്ന് തോന്നിയിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹത്തുക്കളുടെയും നാടായ ഭാരതത്തെപ്പറ്റി പഠിക്കാനുള്ള ജിജ്ഞാസയുമുണ്ടായിരുന്നു. ഭാരതീയരുടെ ലളിതവും സന്തുഷ്ടവുമായ ജീവിതം അവരെ ഈ നാടിന്റെ വളർത്തുമകളാകാനും പ്രേരിപ്പിച്ചു. എന്നാൽ ഗെയിലിന്റെ കൂട്ടുകാരന് ഏതാനും ദിവസം സ്ഥലങ്ങൾ കാണുന്നതൊഴിച്ച് കൂടുതൽ ദിവസം ഇന്ത്യയിൽ താമസിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. അടുത്ത യാത്രയ്ക്ക് യൂറോപ്പും ഇംഗ്ലണ്ടുമായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്.  
തമിഴ്നാട്ടിലെ തിരുവണ്ണാ മലയിലുള്ള രമണാശ്രമത്തിലാണ് അവർ ആദ്യം വന്നത്. ആശ്രമത്തിലെ ലളിതമായ ജീവിതത്തിൽ ആകൃഷ്ടയായിക്കൊണ്ട്  ജീവിതത്തിന്റെ അർഥവും ദൈവത്തെ അറിയാനുള്ള ആഗ്രവും  അന്നവർക്കുണ്ടായി. ഋഷികളുടെയും ദേവന്മാരുടെയും ഗുരുക്കളുടെയും നാടായ ഭാരതത്തിൽനിന്ന് സന്തോഷവും സമാധാനവും ലഭിക്കുമെന്ന് ഗെയിൽ ചിന്തിച്ചു. ഭാരതീയ രീതിയിലുള്ള കൂക്കിങ്ങും പച്ചക്കറികൾക്ക് വിലപേശാനും അന്നവർ പഠിച്ചു. ദേവിയുടെയും പരമശിവന്റെയും ബിംബങ്ങൾ വഴിയോരങ്ങളിൽ എഴുന്നള്ളിയ്ക്കുമ്പോഴുള്ള  പ്രാർഥനകളും ദേവിസ്തോത്രങ്ങളും മനസിനെ ആകർഷിച്ചിരുന്നു.  ദേവീവിഗ്രഹങ്ങളെ സ്വീകരിക്കാൻ വഴിയോരങ്ങളിൽ വിളക്കുകൾ കത്തിക്കുന്നതും അവരിൽ ആത്മീയ ചൈതന്യമുണ്ടാക്കി. അവിടെനിന്ന് ഒരു സുഹൃത്തുമായി സുധാമണിയെന്ന അമ്മയുടെ ഭവനത്തിൽ എത്തിയ നാൾമുതൽ അമ്മയെ ഗുരുവായി സ്വീകരിച്ച് ഗായത്രിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു.
 
ഭാരതീയാചാരങ്ങളിൽ  വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ മലിനമായ വസ്തുക്കൾ കൈകാര്യം ചെയ്യാനും ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്ന് ഗെയിൽ എഴുതിയ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള പട്ടിക്കൂടുപോലുള്ള ഒരു കുടിലിൽ കിടത്തി ഭക്ഷണം കിട്ടാതെ നരകിച്ച കാര്യവും വർണ്ണിക്കുന്നുണ്ട്. ഒരിക്കൽ ഭക്ഷണം കിട്ടാൻവേണ്ടി പട്ടി ഈ കൂട്ടിലുണ്ടെന്നു വിളിച്ചുപറയുകയും ചെയ്തു. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം അമ്മയുടെ കാപട്യ പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ആദികാലങ്ങളിൽ സുധാമണിയമ്മ കാളിദേവതയുടെ ഭാവമായി മാറുന്ന സമയം ഗായത്രിയെന്ന പേരു സ്വീകരിച്ച ഈ വിദേശവനിത അന്ന് ഭയപ്പെട്ടിരുന്നു. കാളിയുടെ ഭീകരരൂപമായി ഭക്തരുടെയിടയിൽ തുള്ളും. കാളിയായി രൂപാന്തരം പ്രാപിക്കുന്ന വേളയിൽ സ്ത്രീകൾ സമീപത്ത് നിൽക്കാൻ പാടില്ല. ഡാൻസും പാട്ടും വാളുകൊണ്ടുള്ള ശബ്ദകോലാഹലങ്ങളും ഒരു ഭീഭത്സസ്ത്രീയെപ്പോലെ നടത്തുമ്പോൾ അവർ യഥാർഥ ദേവിയായും ഭക്തജനം കരുതിയിരുന്നു. സ്ത്രീകളിൽ ആവേശിച്ചിരിക്കുന്ന പിശാചുക്കളെയും മോചിപ്പിക്കും. കൃഷണ കിരീടവും അണിഞ്ഞ് വളകളുമിട്ട് സുധാമണി (അമ്മ) ഒരു വെളിച്ചപ്പാടിനെപ്പോലെ ദേഹം മുഴുവൻ തുള്ളി വിറപ്പിക്കുന്ന വേളയിൽ കൂട്ടമണികളടിക്കും. അവരുടെ പാദങ്ങളിൽ പുരുഷന്മാർ നമസ്ക്കരിച്ച് നേർച്ചകാഴ്ചകളും അർപ്പിക്കും. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്ന് ആശ്രമത്തിലകപ്പെട്ട ഗെയിലിനു മനസിലാക്കാൻ കാലങ്ങൾ വേണ്ടിവന്നു.
 
നിസാര കാര്യങ്ങൾക്കുപോലും ഗെയിലിനും  ആശ്രമത്തിലെ സ്ത്രീജനങ്ങൾക്കും അമ്മയുടെ പീഡനങ്ങൾ  സാധാരണമായിരുന്നു. അവർ കടിക്കുകയും അള്ളുകയും തലമുടി തലയിൽനിന്ന് പറിച്ചെടുക്കുകയും ചെയ്യും. അടി, കിടത്തിയിട്ട് തൊഴി, പിച്ച്, മുഖത്തിനിട്ട് തുപ്പൽ നിത്യ സംഭവങ്ങളായിരുന്നു.എങ്കിലും‌ ഗുരുവായ അമ്മയ്ക്ക്‌ പാദസേവ ചെയ്യുകയെന്നത് സ്വന്തം കർമ്മമായി ഗായത്രി കരുതിയിരുന്നു. സന്യാസിനിയായി വ്രതമെടുത്തതും അങ്ങനെയായിരുന്നു. മണിക്കൂറുകൾ കാല്‌ തടവികൊടുത്താലും നിസാരകാര്യത്തിന് അവർ ആശ്രമവാസികളായ സ്ത്രീകളെ തൊഴിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുമായിരുന്നു. പുരുഷന്മാരോട് പ്രത്യേക വാത്സല്യവും  മമതയുമുണ്ടായിരുന്നു. അമ്മയുടെ അടിയുടെ ശക്തിയിൽ പലരുടെയും മുഖം കരുവാളിച്ചും രക്തംവാർന്നും കാണുന്നത് പതിവായിരുന്നു. ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നാലും ഗുരുവിനെ പൂജിക്കണമെന്ന ഉപനിഷത്തിലെ വാക്യം ഗായത്രി (ഗെയിൽ) പാലിച്ചിരുന്നു. 
 
"ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്” ഉപനിഷത്തുകൾ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും." ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു.  പടിഞ്ഞാറുള്ളവർക്ക് ഈ തത്ത്വചിന്തകൾ അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. വിശ്വാസം ദൃഡമാക്കാൻ ഗുരുക്കന്മാർ നൽകുന്ന ക്രൂരമായ ശിക്ഷകളും ഹൈന്ദവകഥകളിൽ ഉണ്ട്. ഗുരുവിന്റെ ആജ്ഞപ്രകാരം കൈവിരലുകൾ മുറിക്കുന്നതും ശിഷ്യൻ ഉമ്മിത്തീയിൽ വെന്തുരുകാൻ കൽപ്പിക്കുന്നതുമായ കഥകൾ വായിക്കാൻ സാധിക്കും. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക, മനസ്സിൽ മുഴങ്ങുന്ന ശബ്ദമാണ് എന്നും സത്യമായിട്ടുള്ളത് “എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രിയായ ഗെയിൽ വിശ്വസിച്ചിരുന്നു. 
ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ) ദൃക്സാക്ഷിയാവുന്ന കഥകളും പുസ്തകത്തിൽ അനേക തവണകൾ ആവർത്തിച്ചിട്ടുണ്ട്. പുരുഷബീജങ്ങൾ അടങ്ങിയ ടവ്വലുകളും അമ്മയുടെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും തന്മയത്വമായി വിവരിച്ചിട്ടുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറുന്നതായ കുറ്റാരൊപണവുമുണ്ട്. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നു. ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലു, റാവൂ എന്നീ രണ്ട് സ്വാമിമാർ അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നതായും ഗെയിലിന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട് അനാശാസ്യത്തിനായി അമ്മയുടെ മുറിതുറക്കുന്നത് ഗായത്രിയെന്ന ഗെയിൽ  പലപ്പോഴും കണ്ടിട്ടുള്ളതായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 
അമ്മയുടെ പ്രിയശിഷ്യനും അമ്മയ്ക്ക് ലൈംഗികതയിൽ ആഹ്ലാദം കൊടുത്തുകൊണ്ടിരുന്നവനുമായ ബാലുസ്വാമിയിൽനിന്നും ഗായത്രിയ്ക്ക് (ഗെയിൽ) അസഹ്യമായ ശല്യമുണ്ടായിരുന്നു. പലവട്ടവും ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാൾ  ലൈംഗിക വികാരജീവിയായ ഒരു മാനസിക രോഗിയായായിരുന്നു. അയാളുടെ ഉരുക്കുള്ള മസിലുകൾ ഗായത്രിയെ (ഗെയിൽ) ബലാല്ക്കാരമായി കീഴ്പ്പെടുത്തിയിട്ടുണ്ടെന്ന് ആത്മകഥയിലുണ്ട്. ഗെയിലെന്ന ഗായത്രിയ്ക്ക് സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ) പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ വാക്കുകൾ അയാൾ ചെവികൊണ്ടില്ല. മനസും ശരീരവും അർപ്പിക്കാതെ ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു. ബാലുവിൽനിന്നുള്ള പീഡനവും ആശ്രമമുപേക്ഷിക്കാൻ അന്നവരെ പ്രേരിപ്പിച്ചിരുന്നു.   
അമ്മയുടെ പീഡനങ്ങളിലും ആശ്രമത്തിലെ അഴിമതികളിലും ബാലുവിന്റെ  ലൈംഗികാക്രമങ്ങളിലും മനംനൊന്ത് ഗായത്രി (ഗെയിൽ) അവിടെനിന്ന് രക്ഷപെടാൻ ആഗ്രഹിച്ചിരുന്നു. ആശ്രമം വിട്ടാൽ ജീവിക്കാൻ കൈവശം പണമോ, തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, സഹായിക്കാൻ സുഹൃത്തുക്കളോ അവർക്കുണ്ടായിരുന്നില്ല. കഴിഞ്ഞ 22 വർഷങ്ങളായി അമ്മയുടെ നിഴലിൽ ജീവിച്ചകാരണം ജനിച്ചനാട്ടിലുള്ള ജീവിതരീതികളും കുടുംബബന്ധങ്ങൾ നഷ്ടപ്പെട്ടെന്നുള്ള ചിന്തകളും  അലട്ടിയിരുന്നു. ഏകയായി ഇരിക്കുമ്പോൾ ഗായത്രി (ഗെയിൽ) സ്വയം ചോദിക്കുമായിരുന്നു,  " ദൈവം തന്ന  ചിന്തിക്കാനുള്ള കഴിവും ബുദ്ധിവൈഭവംകൊണ്ട് നമ്മെത്തന്നെ നയിക്കരുതോ?  ആശ്രമത്തിലെ മക്കളെന്നും നിസഹായരായിട്ട് അമ്മയുടെ സഹായത്തിൽമാത്രം ജീവിക്കാനും ആഗ്രഹിക്കുന്നു. കൂട്ടിനകത്തടച്ച മിണ്ടാപ്രാണിയായി തന്റെ ആശ്രമജീവിതത്തെ ഗായത്രി കണ്ടു. ചുറ്റുമുള്ള ലോകത്തെ വെറുക്കാനും തുടങ്ങി. അമ്മയുടെ നിത്യേനയുള്ള കുറ്റാരോപണങ്ങളിലും സഹികെട്ടിരുന്നു. എങ്കിലും മലരണിക്കാടുകൾ തിങ്ങിനിറഞ്ഞ കേരളനാടും തഴച്ചുവളരുന്ന നെല്പ്പാടങ്ങളും പൂക്കളും പച്ചയാർന്ന വൃക്ഷലതാതികളും തെങ്ങിൻ തോട്ടങ്ങളും തെളിമയാർന്ന നദികളും അരുവികളും അവരുടെ മനസിന്‌ ഉണ്മ നല്കിയിരുന്നു.
 
ഭാരതീയാചാരങ്ങളിലും ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ഗുരുശിഷ്യ തത്ത്വങ്ങളെ അമ്മ എത്രമാത്രം ദുരുപയോഗം ചെയ്തെന്നും ഗായത്രി (ഗെയിൽ)  മനസിലാക്കി. ഹൈന്ദവത്വത്തിന്റെ സത്തയെന്തെന്ന് നന്നായി തിരിച്ചറിഞ്ഞു.  ഉപനിഷത്തിൽ ഗുരുവിനെ അന്ധമായി അനുസരിക്കണമെന്ന് പറയുന്നില്ല. ഒരു ആയുസിന്റെ ഇമ്പമേറിയ യുവത്വം ഗുരുവായ അമ്മയുടെ കാൽക്കൽ സമർപ്പിച്ചിട്ടും ഗായത്രിയെന്ന അമ്മയുടെ മകൾ ഗെയിൽ  ദൈവത്തെ കണ്ടില്ല. അവസാനം അവർ അവരെത്തന്നെ കണ്ടെത്തി. തിരിച്ചറിഞ്ഞപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അന്നവർക്ക്  വലിയ വിലയും കൊടുക്കേണ്ടിവന്നു
 




 





 

 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...