Saturday, June 6, 2015

അമേരിക്കനായ ബോബി ജിൻഡാലും പൈതൃകത്വവും



By ജോസഫ് പടന്നമാക്കൽ
 പഞ്ചാബിൽനിന്നും കുടിയേറിയവരുടെ മകനായി ജനിച്ച 'ബോബി ജിൻഡാൽ' കുടിയേറ്റക്കാരുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്തോ അമേരിക്കൻ ഗവർണ്ണറായിരുന്നു. ലൂയിസിയാനയിലെ ബാറ്റൻ റോഗിൽ 1971 ജൂണ്‍ പത്താം തിയതി ജനിച്ചു. ജനനപേര് പിയൂസെന്നായിരുന്നു. പിന്നീട് ബോബിയെന്ന ഒമനപേര് അദ്ദേഹം തന്നെ മാറ്റിയെടുത്തതാണ്. ഹിന്ദുവായി ജനിച്ച അദ്ദേഹം കൗമാര പ്രായത്തിൽ കത്തോലിക്കാ മതം സ്വീകരിച്ചു. യുവാവായ അദ്ദേഹം മതം മാറിയശേഷം ബൌദ്ധിക വൈകാരിക തലങ്ങളിൽ അദ്ധ്യാത്മികതയെ സംബന്ധിച്ചും ക്രിസ്തീയ മൂല്യങ്ങളെ വിലയിരുത്തിയും ലേഖനങ്ങൾ തുടർച്ചയായി കത്തോലിക്കാ മാസികകളിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 1987-ൽ ബാറ്റൻ റോഗ് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ബ്രൌണ്‍  യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണേഴ് സഹിതം ബയോളജിയിൽ ബിരുദം നേടി. ഹാർവാർഡിലും യേൽ യൂണിവേഴ്സിറ്റിയിലും മെഡിക്കൽ നിയമ ബിരുദങ്ങൾക്ക് പ്രവേശനം കിട്ടിയെങ്കിലും അത് വേണ്ടെന്നു വെച്ച് റോഡ്സ്കോളർ ആയി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. ഓക്സ്ഫോർഡിൽ പഠിക്കുന്ന കാലങ്ങളിൽ ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നുള്ള ആഗ്രഹവും അദ്ദേഹത്തിൽ കടന്നുകൂടി. പിന്നീട് പൌരോഹിത്യം അദ്ദേഹത്തിന് യോജിച്ചതല്ലെന്നും മനസിലാക്കി. 

1997--ൽ ബോബി ജിൻഡാൽ 'സുപ്രിയയെ' വിവാഹം ചെയ്തു. ലൂയിസിയാനയിലെ 'മെറ്ററീ' എന്ന സ്ഥലത്താണ് അവർ ജനിച്ചത്‌. ബേറ്റൻ റോഗിലുള്ള ഹൈസ്കൂളിൽ ജിൻഡാളുമൊത്ത് ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ 1996- വരെ അവർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. അവരുടെ മാതാപിതാക്കൾ ഇൻഡ്യയിലാണ് ജനിച്ചത്. ആദ്യകാലങ്ങളിൽ ജിൻഡാളിന്റെ കൂട്ടുകാരിയാകാൻ അവർ വിസമ്മതിക്കുകയാണുണ്ടായത്. ഈ ദമ്പതികൾക്ക് 'സെലിയാ' എന്ന മകളും 'ഷോണ്‍', 'സ്ലേഡ്' എന്ന പേരുളള രണ്ടു ആണ്‍മക്കളുമുണ്ട്. 

ബോബി 'ജിൻഡാൽ' ലൂയിസിയാന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരിൽ അമ്പത്തിയഞ്ചാം ഗവർണ്ണരാണ്. ഒക്സോഫോർഡിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം 'മാക് കിൻസെ കമ്പനിയിൽ' പരിശീലനമാരഭിച്ചു. 1996-ൽ 'ഗവർണ്ണർ മർഫി' അദ്ദേഹത്തെ ലൂയിസിയാന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹോസ്പിറ്റല്സിന്റെ സെക്രട്ടറിയായി നിയമിച്ചു. 1999- ൽ ലൂയിസിയാന യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായും നിയമിതനായി. 2001-ൽ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തെ ഹെൽത്ത് ആൻഡ് ഹുമൻ സർവീസിൽ ടോം തോമ്സന്റെ പ്രധാന ഉപദേശകനായി നിയമിച്ചു. ജനനം കൊണ്ടും സംസ്ക്കാരം കൊണ്ടും വിശ്വാസം കൊണ്ടും തനി അമേരിക്കനെന്നു വിശ്വസിക്കുന്ന ജിൻഡാൽ യുവാവായിരുന്നപ്പോൾ തന്നെ ലൂയിസിയാന സംസ്ഥാനത്തിന്റെ ഗവർണ്ണറായി. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ഇൻഡോ അമേരിക്കൻ ഗവർണ്ണർ എന്ന നിലയിലും അറിയപ്പെടുന്നു. ഒബാമയുടെ  സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിന് വിവാദ വിമർശനങ്ങളിൽക്കൂടി ശക്തിയായി മറുപടി നല്കിയതും അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ ഒരു തുടക്കം മാത്രം. പബ്ലിക്ക് ഹെൽത്ത് വിഷയങ്ങളിൽ അതികായ വിദഗ്ദ്ധനും ബുദ്ധിമാനുമായ ഈ യാഥാസ്ഥിതികൻ അമേരിക്കയിലെ ദേശീയ റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടി ഉയർന്നുവന്ന ഒരു താരമാണ്. റേഡിയോ വാർത്തകൾ പ്രക്ഷോപണം ചെയ്യുന്ന 'റൂഷ് ലിംബൊ' ഒരിയ്ക്കലൊരു കമന്ററിയിൽ അദ്ദേഹത്തെ 'ഭാവിയിലെ റൊണാൾഡ് റേഗനെന്നു' വിശേഷിപ്പിക്കുകയും ചെയ്തു.

2003-ൽ ലൂയിസിയാനയിലെ ഡെമോക്റാറ്റ് ഗവർണ്ണറായിരുന്ന കാതലീൻ ബ്ലാങ്കോയുമായി ഗവർണ്ണർ സ്ഥാനത്ത് ജിൻഡാൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ലൂയിസിയാന ഗവർണ്ണറായി തെരഞ്ഞെടുത്ത സമയം അദ്ദേഹത്തിന് 37 വയസ്സ് പ്രായമാണുണ്ടായിരുന്നത്.   ആകാര ഭംഗിയിൽ ചെറിയ മനുഷ്യനായ അദ്ദേഹം   ഗവർണ്ണറായ സമയം ഇട്ടിരുന്ന പാന്റിന്റെ അരഭാഗം വലിപ്പം ഇരുപത്തിയെട്ടിഞ്ചായിരുന്നു. ചിലപ്പോൾ അളവൊത്ത പാന്റ് കിട്ടണമെങ്കിൽ കുട്ടികളുടെ ഡിപ്പാർട്ട് മെന്റിൽ പോകണമായിരുന്നു. പലപ്പോഴും പ്രശ്ന സങ്കീർണ്ണങ്ങളായ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നത് തന്റെ ശോഷിച്ച വിരലുകൾ ചൂണ്ടിക്കൊണ്ടായിരിക്കും. മാതാവ് രാജ് ഗുപ്താ ജിൻഡാലിനെപ്പോലെ ഇലകൾ പോലെ വിടർന്ന ചെവികളും വ്യതസ്തമായ മൂക്കും പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്. 

അമ്മ രാജ ഗുപ്താ ഒരു ബാങ്ക് മാനേജരിന്റെ മകളായിരുന്നു. 1970-ൽ അവർ ഇന്ത്യയിൽ നിന്നു ലൂയിസിയാന യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് സഹിതം ഡോക്റ്റെറെറ്റിന് പഠിക്കാൻ വന്നു. ആ സമയം ജനിച്ചിട്ടില്ലാത്ത ജിൻഡാലിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് അവർ മൂന്നു മാസം ഗർഭിണിയായിരുന്നു. പ്രേമിച്ചു വിവാഹിതരായ ഭർത്താവ് അമർ ജിൻഡാലിനെയും പിന്നീട് സ്പോണ്‍സർ ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നു. ഗവേഷണം നടത്തുന്ന യൂണിവെഴ്സിറ്റിയുടെ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു മുമ്പ് 'രാജ്' ഗർഭിണിയായതിനാൽ പ്രസവത്തിനുള്ള ചെലവുകൾ മുഴുവനായി സ്വയം വഹിക്കേണ്ടി വന്നു. എങ്കിലും ശമ്പളത്തോടുകൂടി യൂണിവെഴ്സിറ്റി ഒരു മാസത്തെ അവധി കൊടുത്തു.

ബനിയാ സമുദായത്തിൽപ്പെട്ട ഒരു കർഷകന്റെ ഒമ്പത് മക്കളിൽ ഒരു മകനായിരുന്നു അമർ. ആ കുടുംബത്തിൽ 'അമർ' മാത്രമേ മക്കളിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് പ്രൊഫസറായി നല്ല നിലയിൽ കഴിഞ്ഞിരുന്നതുകൊണ്ട് അമറിന് അമേരിക്കയിൽ കുടിയേറാൻ താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷം അമർ ജിൻഡാൽ കുടുംബം വടക്കേ ഇന്ത്യയിലെ സൗകര്യങ്ങളൊന്നുമില്ലാത്ത, വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു കുഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കൃഷിയായിരുന്നു അവരുടെ ഉപജീവന മാർഗം. ഒമ്പതു മക്കളുള്ള അമറിന്റെ മാതാപിതാക്കൾ വളരെയധികം പരിതാപകരമായിട്ടായിരുന്നു ജീവിച്ചിരുന്നത്. അടുപ്പിൽ തീ കത്തിക്കാൻ ഉണങ്ങിയ ചാണകമായിരുന്നു ഉപയോഗിച്ചിരുന്നത്. അമറിന്റെ അമ്മ അക്ഷരാഭ്യാസം ഇല്ലാത്ത സ്ത്രീയായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ അഞ്ചാം ക്ലാസ് വരെ പഠിച്ചു. അക്കാലത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ 'അമർ' ഡിഗ്രീയെടുത്തു. അദ്ദേഹത്തിൻറെ സഹപാഠിയുടെ സഹോദരി രാജിനെ വിവാഹം ചെയ്തു. രാജിന് മാസ്റ്റെഴ്സ് ഡിഗ്രീയുണ്ടായിരുന്നു. 

1971-ലെ കുടിയേറ്റക്കാരെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ ലൂയിസിയാന അവർക്ക് സ്വർഗതുല്യമായിരുന്നു. ഓയിലും ഗ്യാസും സുലഭമായുള്ള സ്ഥലം. കൂടാതെ തിങ്ങി നിറഞ്ഞിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളുമുണ്ടായിരുന്ന സംസ്ഥാനവുമായിരുന്നു. മക്കൾക്ക് പഠിക്കാൻ അനുയോജ്യമായ സ്കൂളുകളും ഒരു കുടിയേറ്റക്കാരനെ സംബന്ധിച്ച് പ്രാധാന്യവുമായിരുന്നു. പ്രധാന തുറമുഖങ്ങളും,റയിൽവേകളും സമീപ സ്ഥലങ്ങളിലുണ്ടായിരുന്നു. റയിൽവേയിൽ അമറിനു നല്ല ജോലിയും കിട്ടി. രാജ് ന്യൂക്ലീയർ ഫിസ്ക്സിൽ നിന്നും കമ്പ്യൂട്ടർ സയൻസ് മേഖലകളിൽ ജോലിയാരംഭിച്ചു. പിന്നീട് ലൂയിസിയാന സ്റ്റേറ്റ് അവരെ ആദ്യ ബാച്ചിലെ ഐ.റ്റി. ജോലിക്കാരിയായി തെരഞ്ഞെടുത്തു. സംസ്ഥാന ഗവർണ്ണറെന്ന നിലയിൽ സാങ്കേതികമായി പറഞ്ഞാൽ ബോബി ജിൻഡാൽ അവരുടെ ബോസും കൂടിയാണ്. 

ബോബിയുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനികളായിരുന്നു. ആദ്യകാലങ്ങളിൽ അവർക്ക് കാർ ഉണ്ടായിരുന്നില്ല. ജോലിക്കു പോകാനും മറ്റു ഉല്ലാസവേളകൾക്കായും എവിടെയും ബസ്സിൽ സഞ്ചരിക്കുമായിരുന്നു. ബസ് യാത്രയും കഴിഞ്ഞ് ക്ഷീണിതനാണെങ്കിലും രാത്രികാലങ്ങളിൽ അപ്പൻ മകന് പുസ്തകം വായിച്ചു കൊടുക്കുക പതിവുമായിരുന്നു. ചിലപ്പോൾ പാഠപുസ്തകം വായിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ ഉറങ്ങിപോവുന്ന അപ്പനെയും, ചിരിച്ചുകൊണ്ട് തന്റെ അപ്പൻ ഉറങ്ങിയ കാര്യം അമ്മയോട് റിപ്പോർട്ട് ചെയ്യുന്നതും ബോബി തന്റെ ഒർമ്മക്കുറിപ്പുകളിൽ കുറിച്ചിട്ടുണ്ട്.

മക്കൾക്ക്  ഏതെങ്കിലും വിഷയത്തിൽ 'എ' ഗ്രേഡെങ്കിൽ അദ്ദേഹം ദുഖിതനാവുമായിരുന്നു. എപ്പോഴും 'A ' പ്ലസ് വേണം. ബോബി ചെറുപ്പമായിരുന്നപ്പോൾ തന്നെ ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ബോബിയുടെ കുടുംബം മുഴുവൻ ഹിന്ദു യാഥാസ്ഥിതികരായിരുന്നു. പൂജകളും പ്രാർത്ഥനകളും എന്നും വീട്ടിൽ നിർബന്ധമായിരുന്നു. അടുത്ത് അമ്പലങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പൂജയിൽ സംബന്ധിക്കാൻ സുഹൃത്തുക്കളുടെ വീടുകളിൽ പോവുമായിരുന്നു.   വേദിക്ക് ശ്ലോകങ്ങളും പുരാണങ്ങളും ഭഗവത് ഗീതയും പൂജാ സമയങ്ങളിൽ വായിക്കും. അന്നത്തെ കുടിയേറ്റക്കാരായ മക്കളുടെ ജീവിതരീതികൾ ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. 

ബോബിയ്ക്ക് ഏഴു വയസുള്ളപ്പോൾ മുതൽ മാതാപിതാക്കൾക്കൊപ്പം മാറി മാറി ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏഴു വയസു വിത്യാസമുള്ള അനുജൻ നികേഷ് വാഷിംഗ്ടണിൽ അറ്റോർണിയാണ്. നികേഷ് പഠിച്ചത് 'യേൽ', 'ഡാർമൂത്തു' യൂണിവേഴ്സിറ്റികളിലായിരുന്നു. ബോബിയെപ്പോലെ അനുജന്റെ ഭാഷയ്ക്ക് തെക്കരുടെ ചുവയില്ല. ഗവർണ്ണരുടെ കുടുംബ സമ്മേളനങ്ങളിൽ ന്യൂസ് റിപ്പോർട്ടർമാർ മാതാപിതാക്കളെയോ നികെഷിനെയോ ഇന്റർവ്യൂ ചെയ്യാൻ ചെന്നാൽ അവർ ഒഴിഞ്ഞു മാറുകയാണ് പതിവ്. പരിചയക്കുറവുകൊണ്ട് ക്യാമറയുടെ മുമ്പിൽ അഭിമുഖ സംഭാഷണം നടത്താൻ അവരെന്നും മടി കാണിച്ചിരുന്നു.  

ബോബി, ബാറ്റൻറോഗ് മാഗ് നെറ്റ് ഹൈസ്കൂളിൽ പതിമൂന്നാം വയസിൽ ചേർന്നു. യുവാവായിരുന്നപ്പോൾ നിറവിത്യാസത്തിന്റെ പേരിൽ ആരും തന്നോട് സങ്കുചിത മനസ് പ്രകടിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മാഗ് നെറ്റ് ഹൈസ്കൂൾ പഠിക്കാൻ സമർത്ഥരായവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പഠനത്തിൽ മറ്റാരേക്കാളും അദ്ദേഹം എന്നും ഒന്നാമനായി തിളങ്ങിയിരുന്നു. തന്റെ  ഹൈന്ദവ വിശ്വാസത്തെ തനതായ പഠനത്തിൽനിന്നും ചോദ്യം ചെയ്യാൻ തുടങ്ങിയതും ഏതാണ്ട് ഇക്കാലത്തായിരുന്നു. ബോണ്‍ എഗൈൻ (Born again Christian) ക്രിസ്ത്യാനിയായ 'കെന്റ്' എന്ന ഒരു സുഹൃത്ത് ഒരിക്കൽ ഒരു ബൈബിൾ സമ്മാനിച്ച കാലം മുതലാണ് ക്രിസ്തീയ വിശ്വാസം അദ്ദേഹത്തിൽ മുളയെടുത്തത്. ഈ രണ്ടു കൂട്ടുകാരും തമ്മിൽ മതപരമായ കാര്യങ്ങളിൽ മണിക്കൂറോളം വിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഭഗവദ് ഗീതയും ബൈബിളും അഗാധമായി പഠിച്ചായിരുന്നു ബോബി ചർച്ചകളിൽ പങ്കു കൊണ്ടിരുന്നത്. 

അക്കാലത്തു 'കാത്തിയെന്ന' ഒരു കത്തോലിക്കാ പെണ്‍ക്കുട്ടിയുമായി 'ബോബി' ഇഷ്ടത്തിലായി. അവൾ സുവർണ്ണ തലമുടിയോടുകൂടിയ സുന്ദരിയും ആരെയും ആകർഷിക്കുന്നവളുമായിരുന്നു. ബോബി ജിൻഡാലിന്റെ കുറിപ്പുകളിൽ ഈ പ്രേമത്തിന്റെ കഥ വിവരിക്കുന്നുണ്ട്. ഒരിക്കൽ ഹൈസ്ക്കൂൾ ഡാൻസിനുശേഷം കാത്തിയുമൊന്നിച്ച് ലൂയിസിയാനയിലെ ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ പോവുകയും ഹോട്ടൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് ആദ്യമായി പ്രേമസല്ലാപത്തിൽ അവർ മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തു. കാത്തിയോടൊപ്പം അദ്ദേഹം കത്തോലിക്കാ പള്ളിയിൽ മിക്ക ദിവസങ്ങളിലും കുർബാന കാണാൻ പോകുമായിരുന്നു. പള്ളിയിൽ പോകാൻവേണ്ടി താൻ പാർട്ടിക്ക് പോവുകയാണെന്ന് അന്ന് മാതാപിതാക്കളോട് കള്ളം പറയുമായിരുന്നു. കത്തോലിക്കാ വിശ്വാസം അദ്ദേഹത്തിൽ ജ്വലിച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് അക്കാലങ്ങളിൽ 'ന്യൂ ഓക്സ്ഫോർഡ് റിവ്യൂ'പോലുള്ള മാസികകളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ ആ പ്രേമം അധിക കാലം നീണ്ടുനിന്നില്ല. രണ്ടു മത വിശ്വാസികളായ ഇരുകൂട്ടരുടെയും മാതാപിതാക്കൾ വിവരമറിഞ്ഞ് ബോബിയും കാത്തിയുമായുള്ള പ്രേമത്തെ തല്ലിതകർത്തു. വ്യത്യസ്തങ്ങളായ മത സാംസ്ക്കാരിക ചൂഴിയിൽ സ്വന്തം മാതാപിതാക്കളുടെ പ്രേരണയാൽ തന്റെ കൂട്ടുകാരിയുമായുള്ള അനുരാഗബന്ധം വേർപെട്ടു പോയതിൽ ബോബിയെന്നും ദുഖിതനായിരുന്നു. അതിനുശേഷം പല പെണ്‍കുട്ടികളും ബോബിയുടെ ജീവിതത്തിൽ കടന്നു വന്നെങ്കിലും മറ്റൊരു ബന്ധം സ്ഥാപിക്കാൻ അദ്ദേഹമെന്നും ഭയപ്പെട്ടിരുന്നു. 

ബോബി പറയുന്നു, "നാല്പ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് എന്റെ മാതാപിതാക്കൾ ഒന്നുമില്ലാത്തവരായി അമേരിക്കായെന്ന സ്വപ്ന ഭൂമിയിൽ വന്നെത്തി. സ്വതന്ത്രമായ ഈ രാജ്യത്ത് അവർ അവസരങ്ങൾ തേടി വന്നു. അന്നവരുടെ തീരുമാനം ശരിയായിരുന്നു. അടുത്ത തലമുറകൾ തങ്ങളുടെ മാതാപിതാക്കളെപ്പോലെ അവസരങ്ങൾ കുറവുള്ളവരല്ല. നമുക്കു ലഭിച്ചിരിക്കുന്ന ഭാഗ്യത്തിന്മേൽ കൂടുതൽ അവസരങ്ങൾക്കായി ഇനിയും നാം പോരാടണം." നിറഭേദങ്ങളിൽ മനുഷ്യരെ രണ്ടായി കാണുന്നതിലും അദ്ദേഹം വെറുക്കുന്നു. അത്തരം ചിന്താഗതിക്കാർക്കെതിരായും ബോബി ആഞ്ഞടിച്ചു പറയും, 'മനുഷ്യനെ നിറത്തിന്റെ പേരിൽ രണ്ടായി കാണുന്നത് നികൃഷ്ടമായ ഒന്നാണ്. വിചാരശൂന്യരായവർ അങ്ങനെ ചിന്തിക്കുന്നു. നാമെല്ലാം അമേരിക്കക്കാരെന്നു ചിന്തിക്കണം. മഹത്തായ ഈ രാജ്യത്ത് വർഗവിവേചനം അവസാനിപ്പിക്കാൻ സമയമായി. അക്കാര്യത്തിൽ അമേരിക്കാ വളരെയധികം പുരോഗതിയിലുമായി കഴിഞ്ഞിരിക്കുന്നു.'  

ഒബാമാ ഭരണകൂടത്തിനെതിരെ നിശിതമായി വിമർശിച്ചുകൊണ്ട് ബോബി പറഞ്ഞു, "ഒബാമയുടെ വിദേശനയം പരാജയമായിരുന്നു. രാജ്യം കടക്കെണിയിൽ മുങ്ങി കിടക്കുന്ന കാലഘട്ടത്തിൽ അമേരിക്കൻ യോദ്ധാക്കളെ സിറിയായിലും ഇറാക്കിലും പോരാടാൻ അയക്കരുതായിരുന്നു." അടുത്ത അമേരിക്കൻ പ്രസിഡൻഡ് പദവി സ്വപ്നം കണ്ടുകൊണ്ട് ന്യൂനപക്ഷങ്ങളുടെയും യുവജനങ്ങളുടെയും പിന്തുണയ്ക്കായി അദ്ദേഹം പ്രചരണം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളോടായി ബോബി പറയും, "രാഷ്ട്രീയ നേതാക്കന്മാർ നിലവിലുള്ള ഭരണകൂടത്തിൽ നിന്നും മാറ്റങ്ങൾ ആഗ്രഹിക്കുമ്പോൾ താൻ ആഗ്രഹിക്കുന്നത് ഒബാമാ കെയറിനെ ഇല്ലാതാക്കി പകരം മറ്റൊരു മെച്ചമായ ആരോഗ്യാ സുരക്ഷിതാ പദ്ധതി പുനസ്ഥാപിക്കുകയെന്നതാണ്. അമേരിക്കയുടെ പ്രതിരോധം ശക്തിപ്പെടുത്തണം. ഊർജത്തിൽ സ്വതന്ത്രമാവണം. ഇന്ന് നിലവിലുള്ള രീതികളിൽനിന്നും സമൂലമായ വിദ്യാഭ്യാസ പരിഷ്ക്കാരം നടപ്പാക്കണം." ഭാവി പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന ബോബി ജിൻഡാലിന്റെ നയപരിപാടികളിൽ മാറ്റത്തിനായുള്ള മുറവിളിയുമായി ബഹുവിധ പദ്ധതികളുമുണ്ട്.  

സൈബർ ലോക ടെക്കനോളജിയിൽ അത്ഭുതങ്ങൾ കാഴ്ച്ചവെച്ച ഭരണാധികാരി, രാഷ്ട്രീയക്കാരനെക്കാളുപരി പ്രശ്നങ്ങളെ സ്വയം കൈകാര്യം ചെയ്യാൻ കഴിവുള്ള തന്ത്രജ്ഞൻ, സൌത്ത് ഏഷ്യാക്കാർക്കെല്ലാം അഭിമാനി, പൂർവിക പാരമ്പര്യത്തെ മറന്ന് 'അമേരിക്കനെന്നു മാത്രം ചിന്തിക്കുന്ന ദേശാഭിമാനി, കണ്ണാടിയിൽ നോക്കുമ്പോൾ സ്വയം വെളുമ്പനെന്ന തോന്നൽ, യാഥാസ്ഥിതികനായ ഉറച്ച ക്രിസ്ത്യൻ, കത്തോലിക്കാ തീവ്രവാദി എന്നീ നിലകളിൽ ജനം ജിൻഡാളിനെ വിലയിരുത്തുന്നു. 

ലൂയിസിയാനയിലെ ഗവർണ്ണറിനു വേണ്ടിയുള്ള മത്സര വേളയിൽ വാഗ്ദാനം ചെയ്ത ബില്ലുകൾ പലതും സംസ്ഥാനത്തിന്റെ നിയമ നിർമ്മാണക്കൾ പാസ്സാക്കി. നികുതിയിളവ്, ലൂയിസിയാന നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം, അവരുടെ പുനരധിവാസം, നശിച്ചു പോയ സംസ്ഥാനത്ത് ബിസിനസ് കോർപ്പറെറ്റ്, മൾട്ടി നാഷണൽ കമ്പനികളെ ആകർഷിക്കാനുള്ള പദ്ധതികൾ, പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് 'ഇൻകം ടാക്സ്' ഇളവ് എന്നിവകളെല്ലാം യുവ ഗവർണ്ണറായ ജിൻഡാളിന്റെ നേട്ടങ്ങളായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്ക് ആശ്ചര്യകരമായവിധം നേട്ടങ്ങൾ കൊയ്യുന്ന ഒരു മാതൃകാ ഭരണാധികാരിയായി ഈ യുവാവ് അറിയപ്പെടുകയും ചെയ്തു. 

അമേരിക്കൻ സംസ്ക്കാരത്തിലും അമേരിക്കൻ മൂല്യങ്ങളിലും ജനിച്ചു വളർന്ന ബോബി ജിൻഡാൽ തീർച്ചയായും അമേരിക്കയെ സ്നേഹിക്കണം. വൈവിദ്ധ്യങ്ങളായ രണ്ടു സംസ്ക്കാരങ്ങളുടെ നടുവിൽ ഒരു ഭരണാധികാരിക്ക് മനസിനെ വൃണപ്പെടുത്തിക്കൊണ്ട് ഭരിക്കാൻ സാധിക്കില്ല. അമേരിക്കൻ സംസ്ക്കാരത്തിൽ ഒരുവന്റെ രക്തമല്ല പ്രധാനം. പിറന്ന മണ്ണിന്റെ രക്തത്തിന്റെ പേരിൽ അമേരിക്കനെന്നു പറയാൻ ഈ മണ്ണിന്റെ ദേശീയ ഇന്ത്യൻസിനു (റെഡ് ഇന്ത്യൻസ്) മാത്രമേ  സാധിക്കുള്ളൂ. മറ്റെല്ലാവരും കുടിയേറ്റക്കാരായവരും അവരുടെ സന്തതി പരമ്പരകളുമാണ്. ഇവിടെ ജനിച്ചു വളർന്നവരുടെ രാജ്യവും സംസ്ക്കാരവും അവരുടെ മാതാപിതാക്കൾ ജനിച്ച സ്ഥലങ്ങളല്ല. പുതിയ തലമുറകളിൽനിന്നു ഭാരതീയനായി ജീവിക്കാൻ പ്രതീക്ഷിക്കുന്നതും ശരിയല്ല. നൂറു ശതമാനം അമേരിക്കനായി ഈ സുന്ദര സ്വപ്നഭൂമിയിൽ വളർന്ന ബോബി ജിൻഡാൽ അമേരിക്കനായി തന്നെ അഭിമാനം കൊള്ളുന്നു.   













Saturday, May 23, 2015

യോഗായും ഹൈന്ദവ ദർശനവും

By ജോസഫ് പടന്നമാക്കൽ


ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്. സിന്ധുനദി തടത്തിലെ സംസ്ക്കാരമെന്ന അർത്ഥത്തിൽ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന് വിദേശികളാണ് ആദ്യം വിളിച്ചത്. വൈദിക മതങ്ങളെ പ്രധാനമായും  ആറു ദാർശനീക  സ്കൂളുകളായി അറിയപ്പെടുന്നു.    സംഖ്യാ,യോഗാ, ന്യായാ, വൈശേഷികാ, മീമാംസ, വേദാന്താ എന്നിങ്ങനെ വേദിക്ക് പാരമ്പര്യ സിദ്ധാന്തങ്ങളായി  വൈദിക സ്കൂളുകളെ തരം തിരിച്ചിരിക്കുകയാണ്.  ബഹുമുഖങ്ങളായ  നദികൾ നാനാ ദിക്കുകളിൽനിന്നായി നോക്കെത്താത്ത സമുദ്രത്തിൽ പതിക്കുന്നപോലെ  ഏക ദൈവത്തെ പ്രാപിക്കാനായി പല മാർഗങ്ങളാണ്  ഹൈന്ദവ മതം വിഭാവന ചെയ്തിരിക്കുന്നത്.  അതിൽ 'യോഗാ' ഒരു വഴിയാണ്. ദൈവം നാനാ ജാതി മനുഷ്യരിലും ജീവജാലങ്ങളിലും കുടികൊള്ളുന്നുവെന്ന്  ഹൈന്ദവമതം വിശ്വസിക്കുന്നു. മതമോ ജാതിയോ, സ്ത്രീ പുരുഷ വ്യത്യാസമോയില്ലാതെ  ദൈവത്തിന്റെ ചൈതന്യം   എവിടെയും പ്രസരിക്കുന്നുവെന്നും ഓരോരുത്തരുടെയും കർമ്മഫലമനുസരിച്ച്  മോക്ഷം ലഭിക്കുന്നുവെന്നും പരമ സത്യത്തിൽ അലിഞ്ഞു ചേരുന്നുവെന്നും ഹൈന്ദവ മതം വിശ്വസിക്കുന്നു. നീതിയും സത്യവും  ധർമ്മവും  കൈകൊണ്ടവർ കർമ്മ ഫലങ്ങൾക്കനുസരണമായി പരബ്രഹ്മം പ്രാപിക്കുന്നതായി ഹൈന്ദവ മത സിദ്ധാന്തങ്ങളിൽ പറയുന്നു.  ഹൈന്ദവം  ആരെയും രക്ഷിക്കുന്നും  വിധിക്കുന്നുമില്ല. എന്നാൽ അദ്ധ്യാത്മികതയുടെ അളവു കോലുകൾ ജന്മജന്മാന്തരങ്ങളിൽക്കൂടി ഒരുവനെ മോക്ഷ പ്രാപ്തിയ്ക്ക് പ്രാപ്തനാക്കുന്നു. യോഗായെ വിലയിരുത്തേണ്ടത് വൈദികകാലം മുതൽ പാരമ്പര്യമായി നേടിയ ജ്ഞാന വിജ്ഞാന കോശത്തിലെ ഉള്ളടക്കമനുസരിച്ചായിരിക്കണം.


സംസ്കൃതത്തിലെ 'യുജു്' എന്ന പദത്തിൽനിന്നുമാണ്  'യോഗാ' എന്ന  വാക്കിന്റെ ഉത്ഭവം. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനർത്ഥം കല്പ്പിക്കാം.  ഇന്ദ്രിയങ്ങളെ  നിയന്ത്രിച്ച്  മനശക്തി  എങ്ങനെ പ്രാപിക്കാമെന്നു  ഹൈന്ദവ പുരാണങ്ങൾ  യോഗായെപ്പറ്റി  വർണ്ണിച്ചിരിക്കുന്നു. ക്രിസ്തുവിന് നൂറ്റാണ്ടുകൾക്കപ്പുറമെഴുതിയ ഭഗവത് ഗീതയിലും ഭഗവാൻ കൃഷ്ണൻ   നാലുതരം യോഗാകളെപ്പറ്റി പറയുന്നുണ്ട്.  ഭക്തി, ജ്ഞാനം, കർമ്മം, ധ്യാനം എന്നീ  യോഗാദികളെയാണ് ഭഗവദ് ഗീതയിൽ വിവരിച്ചിരിക്കുന്നത്.  ഹൈന്ദവ പുരാണങ്ങളിൽ ഈ നാല് സത്ഗുണങ്ങൾ മോക്ഷ പ്രാപ്തിക്ക് അത്യാവിശ്യമെന്നു കരുതുന്നു. യോഗാദികളിലെ നാലെണ്ണത്തിൽ  ഏറ്റവും അറിയപ്പെടുന്നത് 'ധ്യാന യോഗായാണ്.  മനസിനെ പുഷ്ടിപ്പെടുത്തി വിചാര വികാരങ്ങൾക്കതീതമായി മനസിനെ നിയന്ത്രിക്കുമ്പോൾ എകാഗ്ര ചിന്തയിൽ മാത്രം ലയിക്കുമ്പോൾ 'ധ്യാന'യോഗയാകും. ഏകാന്തതയിൽ ഒരു ഇരിപ്പിടത്തിലിരുന്ന് മനസിനെ പരിശുദ്ധമാക്കാനുള്ള പ്രായോഗിക പരിശീലനമാണ്  ധ്യാനയോഗകൊണ്ട് ഉദ്ദേശിക്കുന്നത്.  ശരീരമൊന്നാകെ  നിശ്ചലമാക്കിക്കൊണ്ട്  കഴുത്തും തലയും  നേരെ പിടിച്ച്,  അനങ്ങാതെ,  കണ്ണുകൾ  മാറ്റാതെ   ഒരേ  ദിശയിൽക്കൂടി  മൂക്കിനെ മാത്രം  ദൃഷ്ടി പതിപ്പിച്ചുകൊണ്ട് മനസിനെ  സമചിത്തമാക്കാൻ,ധ്യാനനിരതനാകാൻ    ഭഗവത് ഗീതയിൽ,   ആറാം അധ്യായത്തിൽ 12-13 ശ്ലോകത്തിൽ കൃഷണ ഭഗവാൻ പറയുന്നുണ്ട്‌.


നാല് ദിശകളിലായി യോഗായെ വിവരിക്കുന്നുവെങ്കിലും യോഗാദികൾ തമ്മിൽ പരസ്പ്പരം ബന്ധപ്പെട്ടതാണ്.   ഏതെങ്കിലുമൊന്നിൽ  മുഴുവനായി പഠിക്കുന്നവർ മറ്റു മൂന്നു യോഗ കർമ്മാദികളെയും പ്രായോഗിക തലത്തിൽ കൊണ്ടുവരേണ്ടതായുണ്ട്.   സ്വാമി ചിന്മയാനന്ദൻ പറഞ്ഞിരിക്കുന്നത് 'യോഗായിലെ നാലു സൂത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രാവിണ്യം നേടുന്നവൻ അതോടൊപ്പം മറ്റു മൂന്നു യോഗാ മാർഗങ്ങളും അറിഞ്ഞിരിക്കുമെന്നാണ്. ' ബുദ്ധിമാൻ യോഗാദികളിൽ പ്രാവീണ്യം നേടി  സ്വയം ആത്മത്തെ കണ്ടെത്തും.  നാം നമ്മെത്തന്നെ  സ്വയം മനസിലാക്കാനായി  യോഗായുടെ നാലു വഴികളും മനസിലാക്കണം.  ഏതു മാർഗങ്ങളിൽക്കൂടി സഞ്ചരിച്ചാലും യോഗായെന്നത്  ജീവിതകാലം മുഴുവൻ    അർപ്പിതമനോഭാവത്തോടെ  കൈവെടിയാതെ സംരക്ഷിക്കേണ്ട ഒന്നാണ്. യോഗായിൽ വിദ്യ നേടാൻ    ദൈവഭക്തിയും സ്ഥിരമായ സമ ചിത്തതയോടെയുള്ള പരിശീലനവും ആവശ്യമാണ്.


യോഗാ സൂത്രങ്ങളുടെ ആദ്യ രചയിതാവ് ബി.സി.  രണ്ടാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന 'പതാഞ്ചലി മുനി'യാണെന്ന് വിശ്വസിക്കുന്നു. പതാഞ്ചലി യോഗായിൽ 195 സൂത്രങ്ങളുണ്ട്. പതാഞ്ചലിയെന്ന മുനി ആരെന്നോ ഏതു കാലത്ത് ജീവിച്ചിരുന്നുവെന്നോ  കൃത്യമായ ഒരുത്തരം തരുവാൻ കഴിയില്ല. പതാഞ്ചലി മുനിയുടെ പേരിൽ അനേക സംസ്കൃത ഗ്രന്ഥങ്ങളും ആയുർവേദ ഗ്രന്ഥങ്ങളുമുണ്ട്.  കൂടാതെ സംസ്കൃത ഭാഷയെ നവീകരിച്ചുകൊണ്ട്  ഗ്രാമറു പുസ്തകവും എഴുതിയിട്ടുണ്ട്. പൗരാണിക കാലത്തിലെ മറ്റനേക പ്രസിദ്ധരായവരെപ്പോലെ  പതാഞ്ചലിയെ ചുറ്റിയും ഇതിഹാസ കഥകൾ രചിച്ചിരിക്കുന്നതു കാണാം . ആയിരം തലകളുള്ള അനന്ത സർപ്പ സ്വരൂപത്തിന്റെ മുകളിൽ വിഷ്ണു ഭഗവാൻ ഇരുന്നരുളുന്നപൊലെ  ഭൂമിയിലുള്ളവരെ യോഗാ പഠിപ്പിക്കാൻ സ്വർഗത്തിൽ നിന്ന് പതാഞ്ചലിയെന്ന  ദേവൻ ഒരു കുഞ്ഞു സർപ്പത്തിന്റെ രൂപത്തിൽ താഴേയ്ക്കു പതിച്ചുവെന്ന ഒരു കഥയുമുണ്ട്.  പതാഞ്ചലി എഴുതിയ ഗ്രന്ഥങ്ങൾ സ്വന്തമായി എഴുതിയതെന്നു വിശ്വസിക്കാൻ സാധിക്കില്ല.  ഗുരുക്കന്മാർ തങ്ങളുടെ രചനകൾ സ്വന്തം പേരിലെഴുതാൻ ആഗ്രഹിക്കാതെ പ്രസിദ്ധരായ പൂർവിക ഗുരുക്കന്മാരുടെ പേരുകളിൽ  എഴുതുക സാധാരണമായിരുന്നു.   പലരു കൂടി സഹകരണത്തോടെ ഗ്രന്ഥങ്ങൾ രചിക്കുന്ന സമയം പ്രസിദ്ധരായവരുടെ  പേരുകളിൽ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയെന്നതും കീഴ്വഴക്കമായിരിക്കാം.


ബി.സി.  600-ൽ എഴുതിയതെന്നു വിചാരിക്കുന്ന ശ്വേതവതാര ഉപനിഷത്തിൽ തീവ്രമായ യോഗായിൽ മുഴുകിയിരിക്കുന്നവരുടെ  പരാമർശനങ്ങളുണ്ട്.  ഉപനിഷത്ത്  പറയുന്നു,   "വായൂ, ഭൂമി, വെള്ളം, അഗ്നി, എന്നീ പദാർത്ഥങ്ങൾ  കൊണ്ട് ശരീരം സമ്പുഷ്ടമെങ്കിൽ ആ ശരീരം അഗ്നി പോലെ ജ്വലിക്കുന്ന  യോഗാകൊണ്ട് നിറഞ്ഞിരിക്കും. രോഗമോ, വാർദ്ധ്യക്യമോ മരണമോ ആ ശരീരത്തെ കീഴടക്കില്ല. ആരോഗ്യം, ഉണർവ്, പൂർണ്ണമായ ശബ്ദം, ശരീരത്തിൽ ദുർഗന്ധം വമിക്കാതിരിക്കുക, എന്നിവകൾ യോഗാ അനുഷ്ടിക്കുന്നവർക്ക്  ലഭ്യമാണ് . ഒരു കണ്ണാടി വൃത്തിയാക്കുന്നപോലെ  യോഗാസനങ്ങളിൽക്കൂടി മനസിനെ പവിത്രമാക്കി  ആത്മത്തെ കണ്ടെത്തുന്ന  യോഗി സ്വന്തം ശരീരത്തെ   നിയന്ത്രണാധീതമാക്കി ദുഖങ്ങളെയും   ഇല്ലാതാക്കും. "


വിവേകാനന്ദൻ യോഗാസനയെപ്പറ്റി പറഞ്ഞത് " സൌകര്യപ്രദമായ ഒരു ഇരുപ്പിടം ലഭിച്ചാലേ   ശ്വാസോച്ഛാസ വ്യായാമങ്ങൾ   പ്രായോഗിക തലങ്ങളിൽ ഫലപ്രദമാവുകയുള്ളൂ.  ശരീരത്തിന്റെ അസ്ഥിത്വം ഉണ്ടെന്നുള്ള അനുഭൂതികൾ നമ്മിൽ ഉണ്ടാവരുത്.   ആരംഭത്തിൽ യോഗാ  അഭ്യസിക്കുന്നവന്റെ ശരീരത്തിൽ   തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എന്നാൽ അറിയുക, സ്ഥായിയായ ശരീര ദർശനത്തെക്കാളുപരിയായി നമ്മുടെ മനസിനെ പരിവർത്തന വിധേയമാക്കുന്നുവെങ്കിൽ ശരീരത്തിൽ  ഇന്ദ്രീയാനുഭൂതികൾ ഇല്ലാത്തതായ  ഒരു സ്ഥിതിവിശേഷം വരും.  സ്വന്തം ശരീരത്തെ   നമ്മുടെ നിയന്ത്രണത്തിലാക്കി  കീഴ്പ്പെടുത്താൻ കഴിഞ്ഞാൽ, ഉറച്ച നിശ്ചലാവസ്തയിൽ ശരീരത്തെ പ്രതിഷ്ടിച്ചാൽ യോഗാഭ്യാസ വ്യായാമങ്ങൾ അടിയുറച്ചതായിരിക്കും. എന്നാൽ, ശരീരത്തിന് ബാഹ്യമായ തടസങ്ങളുണ്ടായാൽ  നാഡി വ്യൂഹങ്ങൾ തടസപ്പെടും. മനസും അസ്വസ്ഥമായിക്കൊണ്ടിരിക്കും."          


യോഗാ ഒരു വ്യായാമം മാത്രമെന്നും  മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയിൽ വിന്യസിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നുള്ള  തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്. ആരോഗ്യപരമായ അനേക ഗുണങ്ങൾ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിനു ലഭിക്കാറുണ്ട്. രക്ത സമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നു. വാത രോഗങ്ങള്ക്കും പുറം വേദനകൾക്കും ഗുണപ്രദമാകും. ശരീരത്തിൽ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത കാലത്തെ പഠനത്തിൽ യോഗാ കൊണ്ട് കുട്ടികളുടെ ക്ലാസ്സിലെ ഗ്രേഡ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.


ക്രമമായ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ആരോഗ്യാവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിലും യോഗായിലെ പരമമായ ലക്ഷ്യം അതല്ല.  ആധുനിക കാലത്തെ യോഗാ ഗുരുക്കളിൽ സുപ്രധാന രണ്ടു വ്യക്തികളാണ് ശ്രീ ബി .കെ.എസ്  അയ്യങ്കാരും പട്ടാബി ജോയിസും. അവരുടെ അഭിപ്രായത്തിൽ 'യോഗാസനമെന്നാൽ  വെറും വ്യായാമത്തിനായുള്ളതല്ല. എന്നാലത് ഊർജത്തിന്റെ ഘടകങ്ങളെ ആവഹിക്കാനുള്ളതാണ്.' ശരീരത്തിൽ ഊർജത്തെ സമതുലനാവസ്തയിൽ എങ്ങനെ സമാഹരിക്കാം?  ഊർജത്തിന്റെ  ഘടകങ്ങളെ നിയന്ത്രിക്കണം. മനസിന്റെ വ്യതിയാനങ്ങളെയും തടയണം. യോഗാദി ഗുണങ്ങളെ തിരിച്ചറിഞ്ഞ് അനുഭവസ്തമാക്കണം. നമ്മിൽ തന്നെ ഒരു സ്വയം ബോധവല്ക്കരണം ഉണ്ടാവുകയെന്നതാണ് യോഗായുടെ ലക്ഷ്യം .ശാരീരികമായ അഭ്യാസംകൊണ്ടു  മാത്രം യോഗായുടെ സത്ത ലഭിക്കില്ല. യോഗാഭ്യാസം ചെയ്തു കുറച്ചു വിയർത്തതുകൊണ്ടോ നീണ്ട ശ്വാസോച്ഛാസ പ്രക്രിയകൾ നടത്തിയതുകൊണ്ടോ പ്രയോജനം നേടില്ല.  യോഗായിൽ ശാരീരിക വ്യായമത്തെക്കാളും ആദ്ധ്യാത്മികതയാണ് പ്രാധാന്യം. സപ്ത നാഡികളെ നിയന്ത്രിച്ചുകൊണ്ട് മനസിനെ പരിപാവനമാക്കിയാലെ യോഗായുടെ ഗുണമേന്മ കണ്ടെത്താൻ സാധിക്കുള്ളൂ. എങ്കിൽ 'ഞാനെന്ന' സത്യത്തെ അനുഭവ സമ്പത്താക്കാൻ സാധിക്കുമെന്നു  പ്രസിദ്ധ യോഗാ ഗുരു നോയ്സ് പറയുന്നു.


യോഗാ അഭ്യസിക്കുന്ന ഒരുവന്  ശരിയായ  ഉൾകാഴ്ച ആവശ്യമാണ്.  ഗുരുവില്ലാത്ത യോഗാഭ്യാസങ്ങൾ തികച്ചും  നിരർത്ഥകവും യോഗായുടെ പരിപാവനമായ മൂല്യങ്ങളെ മനസിലാക്കാത്തതുമാണ്. അങ്ങനെയുള്ള യോഗാകൾ വെറും വ്യായാമം മാത്രമായിരിക്കും. മില്ല്യൻ കണക്കിന് ജനങ്ങൾ യോഗാസനങ്ങൾ അഭ്യസിക്കുന്നുണ്ടെങ്കിലും വാസ്തവത്തിൽ അത് ഈശ്വര ദർശനമില്ലാത്ത, യോഗായുടെ സത്തയില്ലാത്ത വെറും അഭ്യാസം മാത്രമെന്ന് ആധികാരികമായി യോഗാ കൈകാര്യം ചെയ്യുന്ന ഗുരുക്കൾ അഭിപ്രായപ്പെടുന്നു.


ഹൈന്ദവ തത്ത്വ സംഹിതകളിൽ ഗുരുവിന് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ഒരു ഗുരു തന്റെ ശിക്ഷ്യന്മാരെ പഠിപ്പിക്കേണ്ടത് പാരമ്പര്യത്തിനു വിധേയമായിട്ടായിരിക്കണം. മറിച്ചുള്ള ചിന്താഗതികളിൽ ഗുരുവിന് യുക്തമെന്നു തോന്നുന്ന പോലെ പഠിപ്പിച്ചാൽ അത്  'ഞാൻ' എന്ന  അഹം ഭാവം കൊണ്ടായിരിക്കാം.  തങ്ങളുടെ ഗുരുവിൽ നിന്ന് നേടിയ പാരമ്പര്യമായ    അറിവുകൾ   ശിക്ഷ്യഗണത്തിനു പകർന്നു കൊടുക്കുമ്പോഴാണ് യോഗായുടെ പരിശുദ്ധി ദൃശ്യമാകുന്നത്. പാശ്ചാത്യർ ഗുരുവെന്ന പദമുപയോഗിക്കുന്നത് ഹൈന്ദവ പാരമ്പര്യത്തിന്റെ പരിശുദ്ധിയില്ലാതെയാണ്. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി ജ്ഞാനം നല്കുന്നയാളാണ്  ഗുരു. ഗുരുവെന്നാൽ വെറുമൊരു അദ്ധ്യാപകൻ മാത്രമായിരിക്കില്ല.  ഗുരുക്കന്മാർ ശിക്ഷ്യഗണങ്ങളെ നയിക്കുന്നതോടൊപ്പം അവരുടെ  അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂർത്തികരിക്കാനും     തയ്യാറാവണം. ശിക്ഷ്യഗണങ്ങളുടെ ആദ്ധ്യാത്മികതയിലെ ഉൾക്കാഴ്ചകൾ ഉണർത്താൻ കഴിവുമുണ്ടായിരിക്കണം.  ഉപനിഷത്തുകൾ പറയുന്നു, 'ഗുരുവെന്നാൽ ദൈവമാണ്; ഗുരു തന്നെയാണ്,  ബ്രഹ്മാവും, വിഷ്ണുവും, പരമ ശിവനും. ആ ഗുരുവിനെ ഈശ്വരതുല്യമായി നമസ്ക്കരിച്ചു നിത്യവും വന്ദിക്കണം.   അദ്ദേഹം നമ്മുടെ കണ്മുമ്പിലുള്ള  പരബ്രഹ്മമാണ്. (വിഷ് വാസര തരം ) ഗുരു ശിക്ഷ്യ ബന്ധത്തിലും ഹൈന്ദവ പുരാണങ്ങൾ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്. ഹൈന്ദവ ഇതിഹാസ പുരാണമായ മഹാഭാരതം അതിനു തെളിവാണ്. ഗുരുവിനെ ആദരിക്കാനും സ്നേഹിക്കാനും ഭക്തി പ്രകടിപ്പിക്കാനും അർജുനനെ മാത്രമല്ല ദുര്യോദനനെയും പഠിപ്പിക്കുന്നുണ്ട്.


യോഗായുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ  ഗുരു പാരമ്പര്യത്തിൽ നിന്നും വരുന്ന ഒരു ഗുരുവിന്റെ കീഴിൽ  യോഗാ  അഭ്യസിക്കണമെന്നുമുണ്ട്. ഗുരുകുല വിദ്യാഭ്യാസ കാലയളവിൽ  ഗുരു തന്റെ ശിക്ഷ്യന്മാരുടെ വഴികാട്ടിയായിരുന്നു. യോഗാദികൾ  അഭ്യസിപ്പിക്കാൻ   പരിചയസമ്പന്നനായ ഒരു ഗുരു ആവശ്യമാണെന്നു   പഴം പുരാണങ്ങളും ഹതയോഗാ ടെക്സ്റ്റുകളും  വായനക്കാരെ ഓർമ്മിപ്പിക്കുന്നു.  ആധുനിക കാലത്ത് ഉപനിഷത്തുക്കൾ കല്പ്പിക്കുന്ന പ്രകാരം ഒരു ഗുരുവിനെ കണ്ടെത്തുകയെന്നതും എളുപ്പമല്ല. ഒന്നും രണ്ടും ആഴ്ചകൾ കൊണ്ട് യോഗാ പഠിപ്പിക്കുന്ന സ്കൂളുകളും ചിലർ നടത്തുന്നു. അവിടെ പഠിച്ചവർ യോഗാ അദ്ധ്യാപകരായി  മാറുന്നതും ഹൈന്ദവ ശാസ്ത്രങ്ങൾക്ക് വിരോധാഭാസമാണ്. അനേക വർഷങ്ങൾ അർപ്പിത മനോഭാവത്തോടെ യോഗാ പരിശീലിച്ചവർക്കു മാത്രമേ നല്ല ഗുരുവാകാൻ കഴിയുള്ളൂവെന്നു യോഗാഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.  പതാഞ്ചലി  യോഗാ  സൂത്രായിൽ (1-14) നിരന്തരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്. 'യോഗാ ഒരുവൻ  ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാലെ  സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂവെന്നു' 'പതാഞ്ചലി' വ്യക്തമാക്കിയിട്ടുണ്ട്. ആറു വർഷം തൊട്ടു പത്തു വർഷം വരെയെങ്കിലും, പരിശീലനക്കളരിയിൽ യോഗാ അഭ്യസിച്ചവർക്കേ  നല്ലൊരു യോഗാ ഗുരുവാകാൻ സാധിക്കൂ.  അഷ്ടാംഗ യോഗായിൽ ഗുരു പാരമ്പര്യം കർശനമായി   അനുശാസിക്കുന്നു.


യോഗായുടെ പ്രസിദ്ധരായ ഗുരുക്കന്മാർ യോഗാസനങ്ങൾ പഠിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്ക്കുന്നുണ്ടെങ്കിലും ഒരു രോഗിയ്ക്കോ  ശരീരത്തിൽ   തീവ്രമായ മുറിവുള്ളവനോ യോഗാ പരിശീലനം കൊണ്ട് നേട്ടങ്ങളുണ്ടാകാൻ പോവുന്നില്ല. യോഗാസനങ്ങൾ നല്ല  പരിജ്ഞാനമുള്ള ഗുരുവിൽ നിന്ന് പരിശീലിക്കണമെന്ന്  യോഗായെ   ആധികാരികമായി കൈകാര്യം ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു.  പരിജ്ഞാനമുള്ള ഗുരുക്കൾ  യോഗായുടെ പവിത്രീകരണത്തിന്  ആവശ്യവുമാണ്. 'പ്രാണായാമാ' പോലുള്ള ആസനങ്ങൾ പഠിക്കാൻ ശരീരത്തെ മുഴുവനായും സപ്ത നാഡികളെയും   പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതായുമുണ്ട്. എങ്കിലേ  ഉപബോധ മനസിനുള്ളിലെ ആത്മത്തെ ഉണർത്തി അനുഭവ സമ്പത്താക്കാൻ   സാധിക്കുകയുള്ളൂവെന്നു യോഗികൾ വിശ്വസിക്കുന്നു.   ലോകത്തിന്റെ  പ്രകാശമെന്നത്  ആത്മസത്തയെ കണ്ടെത്തുകയാണെന്നും പ്രസിദ്ധരായ യോഗാചാര്യന്മാർ  രേഖപ്പെടുത്തിയിട്ടുണ്ട്.
പാരമ്പര്യ യോഗാചിന്തകൾ പ്രായോഗിക ജീവിതത്തിൽ നടപ്പാക്കുക എളുപ്പമല്ല. കാരണം ഇന്നത്തെ യോഗാസംസ്ക്കാരം  പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. യോഗായെ തികച്ചും ഉത്ഭാദന മേഖല പോലെ വ്യവസായിവൽക്കരിച്ചിരിക്കുന്നതായും കാണാം.


മനുഷ്യർ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തോടെയും  ജീവിക്കാനുതകുന്ന യോഗായെന്ന ശാസ്ത്രത്തെ  വ്യവസായ സംരംഭമാക്കിയ വഴി  അതിന്റെ  പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.  ആധുനിക കാലത്തെ  വിവിധ സംസ്ക്കാരങ്ങളിൽ  കാണുന്ന യോഗാകൾ യോഗസൂത്രാദി ഗ്രന്ഥങ്ങളിൽ  വിവരിച്ചിട്ടുള്ളതല്ല.  വൈദിക കാലങ്ങളിലെ പൗരാണിക പുസ്തകങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുള്ളതുമല്ല. ഭക്തിയോ വിശ്വാസമോ അദ്ധ്യാത്മികതയോ വ്യാവസായിക യോഗായിൽ കാണില്ല. മായം ചേർത്ത് ഒപ്പിയെടുത്ത യോഗാക്കളരികളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും യോഗായുടെ പവിത്രതയെപ്പറ്റി വ്യക്തമായി മനസിലാക്കുന്നില്ല. ഇന്ന് അഭ്യസിപ്പിക്കുന്ന  ഭൂരിഭാഗം കളരികളിലെ യോഗാ  വെറും പാഴായ വ്യായാമം മാത്രമാണ്. യോഗായുടെ പുതിയ ഇനങ്ങൾ ആരംഭിക്കുകയും പ്രയോജന രഹിതങ്ങളായ  അത്തരം യോഗാകൾ താമസിയാതെ ഇല്ലാതാവുകയും ചെയ്യുന്നു. ലാഭേച്ഛയോടെയുള്ള   യോഗാ പാഠങ്ങൾ  ഭഗവത് ഗീതയുമായൊ ഉപനിഷത്തുക്കളുമായൊ   പൌരാണിക യോഗ സൂത്രാദികളുമായൊ യാതൊരു ബന്ധവും കാണില്ല. ആധുനിക കാലത്തെ വ്യാവസായിക യോഗാ പൂർവിക പിതാക്കന്മാരുടെ പാരമ്പര്യ യോഗായെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.  പരിശുദ്ധിയില്ലാത്ത കച്ചവട യോഗാ  ആദ്ധ്യാത്മിക വീഥിയിൽനിന്നും വഴുതി മാറി   പകരം  വ്യവസായിക മുതലാളിമാരുടെ  കുത്തകയായി മാറി.


ക്രിസ്തുവിനു മുമ്പു മുതൽ പരമ്പരാഗതമായി  കാത്തു സൂക്ഷിച്ച  യോഗായുടെ പവിത്രതയെ നശിപ്പിച്ചുകൊണ്ടുള്ള ആധുനിക യോഗാസന മുറകൾ മനുഷ്യ നന്മയ്ക്ക് ഗുണപ്രദമായിരിക്കില്ല. യോഗായുടെ പരിശുദ്ധി നിറഞ്ഞ  ഗുണങ്ങൾ ലഭിക്കണമെങ്കിൽ ദൈവിക വഴിയെ മാത്രം ചിന്തിക്കണമെന്ന് ഉപനിഷത്തുക്കൾ ഉരുവിടുന്നു.  സർവ്വ കർമ്മങ്ങളിലും സത്യം മുഴങ്ങി കേള്ക്കണം. വ്യവസായിക യോഗാകളിൽ പണത്തോടുള്ള ആസക്തി കാരണം സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻതൂക്കം നല്കുന്നു. അത്തരം യോഗാകൾ സമൂഹത്തിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ഹിന്ദുക്കളെ സംബന്ധിച്ച് യോഗാ ഒരു പാരമ്പര്യ സ്വത്താണ്. അതിന്റെയർത്ഥം യോഗായുടെ അവകാശം ഹിന്ദുക്കൾക്ക് മാത്രമെന്നല്ല. യോഗായെന്നുള്ളത് ഒരു മതത്തിന്റെയും രാജ്യത്തിന്റെയും കുത്തകയെന്നു കരുതാനും കഴിയില്ല. ഇത് സനാതന ധർമ്മത്തിൽ നിന്നും പരിവർത്തന വിധേയമായി വന്ന വിദ്യയാണ്. ജാതി മത വിഭാഗിയതകൾക്കതീതമായി  പൂർവിക തലമുറകളിൽ നിന്നും  അണയാതെ കാത്തു സൂക്ഷിച്ച പവിത്രമായ സനാതനത്വത്തിൽ ഓരോ ഭാരതിയനും തുല്ല്യയവകാശമാണുള്ളത്.


പണ്ടു കാലത്ത് രാജ പ്രഭുതികളും പുരോഹിതരും അമ്പല തമ്പുരാക്കന്മാരും യോഗായെ കുത്തകയായി കരുതിയിരുന്നു. പകരം,   യോഗായിന്ന്  വ്യവസായികളുടെയും കോർപ്പറെറ്റുകളുടെയും  നിയന്ത്രണത്തിലേക്ക്  വഴുതി മാറുന്നതും  കാണാം. ചില ക്രിസ്ത്യൻ ഗുരുക്കൾ പാരമ്പര്യ യോഗായെ   ക്രിസ്ത്യൻ യോഗായെന്നു പേരിട്ടു വിളിക്കാറുണ്ട്.  യോഗായെന്നുള്ളത് ജൂഡോ ക്രിസ്ത്യൻ വാക്കല്ല. റോമൻ കത്തോലിക്കാ സഭയുടെയോ  നവീകരണ സഭകളുടെയോ ഗ്രന്ഥങ്ങളിൽ  യോഗായെപ്പറ്റി പറഞ്ഞിട്ടില്ല.   യോഗായെന്ന  വാക്ക് 'കിംഗ് വേർഷൻ' ബൈബിളിലും ഇല്ല. 'യോഗാ'യെന്നുള്ളത് വേദിക്ക് സംസ്ക്കാരത്തിൽ കടന്നു കൂടിയ സംസ്കൃത വാക്കാണ്.


ക്രിസ്ത്യാനികൾ യോഗാ പഠിക്കാൻ ഒരുമ്പെടുന്നുവെങ്കിൽ വേദിക്ക് സംസ്ക്കാരത്തിന്റെ അടിത്തറയിലേക്ക് പോകുന്നുവെന്ന് മനസിലാക്കണം. മറിച്ചുള്ള ചിന്തകളിൽ യോഗാ അഭ്യസിക്കുന്നവർ മാർക്കറ്റിംഗ് ഗുരുക്കളുടെ മായം ചേർത്ത യോഗായാണ് പഠിച്ചതെന്നു   കരുതിയാൽ മതി.  പാശ്ചാത്യ ആദ്ധ്യാത്മികതയിൽ കാണാത്ത പലതും കിഴക്കിന്റെ ആത്മീയ മണ്ഡലങ്ങളിൽ ഒളിഞ്ഞു കിടക്കുന്നതു  കാണാം. ആത്മീയത തേടി കിഴക്കിന്റെ ഉപനിഷത്തുക്കൾ ചികയാൻ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർ ഭാരതത്തിൽ വന്നെത്താറുണ്ട്. കിഴക്കിന്റെ ആദ്ധ്യാത്മികതയിൽ ആരെയും നിത്യ നരകത്തിൽ തള്ളിവിടാറില്ല. പാപിയെന്ന് ആരെയും മുദ്ര കുത്തുകയോ, അവർക്കായി  പ്രാർത്ഥിക്കുകയോ ഇല്ല. എന്നാൽ യോഗായെന്നുള്ളത്  ദൈവവുമായി സല്ലപിക്കാനുള്ള ഒരു പ്രായോഗിക വഴിയാണ്. 'ഞാൻ വഴിയും സത്യവുമെന്ന് ' യേശു പറഞ്ഞതുപോലെ യോഗാദികളും  ഈശ്വരനിൽ ലയിക്കാൻ ഹൈന്ദവ വിശ്വാസത്തിലെ  മറ്റൊരു വഴിയാണ്. യേശു മാത്രമേ ദൈവത്തിങ്കലേയ്ക്കുള്ള വഴിയെന്നു ചിന്തിക്കുന്നവർക്ക്  യോഗായുടെ ആന്തരികാർത്ഥം മനസിലാക്കാൻ സാധിക്കില്ല. മത മൗലിക ക്രിസ്ത്യൻ ചിന്തകളിൽ ആദ്ധ്യാത്മികതയുടെ ഉത്തരം  വചനങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. മതപുരോഹിതരുടെ വാക്കുകളിൽ അടിമപ്പെട്ടും കിടക്കുന്നു. സത്യമായ യോഗായിലെ അഭ്യാസങ്ങൾ ക്രിസ്ത്യാനികളുടെ ചിന്തകളെയും സനാതന  തത്ത്വത്തിലേക്ക്  വഴി തിരിച്ചു വിടും. യോഗാ അഭ്യസിക്കുന്നവർ ക്രിസ്ത്യൻ പാരമ്പര്യം പരിത്യജിക്കണമെന്നില്ല.  യോഗായെ സ്വീകരിക്കുന്ന മൂലം ഭാരതീയ സംസ്ക്കാരത്തെ ഉൾക്കൊള്ളാനുള്ള   ആന്തരിക ജ്ഞാനം  ക്രിസ്ത്യാനികളിലും ഉണ്ടാവുകയാണ്. ഭാരതവും, രാജ്യത്തിലെ സ്നേഹമുള്ള  ജനങ്ങളും രാജാക്കന്മാരും എല്ലാക്കാലത്തും  വിദേശ സംസ്ക്കാരത്തെ സ്വീകരിച്ചിട്ടേയുള്ളൂ. പടിഞ്ഞാറേ സഹോദരരെ ആദരപൂർവമേ കണ്ടിട്ടുള്ളൂ. പകരം സംഭവിച്ചത് പടിഞ്ഞാറുള്ളവർ അമ്പലങ്ങളടിച്ചു തകർത്തു.  ഭാരത സംസ്ക്കാരത്തെ നശിപ്പിക്കാനെ പുറത്തുനിന്നുള്ളവർ ശ്രമിച്ചിട്ടുള്ളൂ. മതത്തിന്റെ പേരിൽ  കുടുംബങ്ങളെ തല്ലിപ്പിച്ച് പല വിഭാഗങ്ങളാക്കി. ഒരുവന്റെ യോഗായിലെക്കുള്ള വരവുവഴി വേദിക്ക് തത്ത്വങ്ങളിലേയ്ക്ക് എത്തുകയാണ്. യോഗാ, ഹിന്ദു മതത്തിന്റെ ഭാഗമായി തീർന്നെങ്കിൽ യോഗാ പരിശീലിക്കുന്നവർ ഹിന്ദുവാകണമെന്നില്ല. പക്ഷെ, ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നവർ യോഗായുടെ ആരംഭം സനാതന തത്ത്വങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്നു മനസിലാക്കുകയും ചെയ്യും.







Tuesday, May 12, 2015

ഐ.എസ്.ഐ.എസ് ഇബിലീസുകളും ഭീകരനാടും




By ജോസഫ് പടന്നമാക്കൽ

ഇസ്ലാം മതത്തിന്റെ രണ്ടു വിഭാഗങ്ങളായ സുന്നികളും ഷിയാകളും തമ്മിലുള്ള പരസ്പര മത്സരങ്ങളും  പോരാട്ടങ്ങളും പ്രവാചകന്റെ കാലശേഷം മുതൽ  തുടങ്ങിയതാണ്. ഷിയാകൾ ലോക മുസ്ലിം ജനസംഖ്യയുടെ പതിമൂന്നു ശതമാനത്തോളം വരും. ഇറാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ  ഷിയാകളും   പാക്കിസ്ഥാൻ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിൽ  സുന്നികളും ഭൂരിപക്ഷമായി  വസിക്കുന്നു. പ്രവാചകൻ  മുഹമ്മദ് നബിയുടെ  ചിന്തകൾക്കനുകൂലമായ  കാലിഫായ്ക്ക് വേണ്ടിയുള്ള മത്സരം മുസ്ലിം ലോകം മുഴുവൻ വ്യാപിച്ചിരുന്നു. അധികാരത്തിനുവേണ്ടി  മുസ്ലിമുകൾ രണ്ടു വിഭാഗങ്ങളായി  യുദ്ധങ്ങളും തുടങ്ങി. കർബാല യുദ്ധത്തിൽ 'ഹുസൈൻ  ഇബി ആലിയേയും' അദ്ദേഹത്തിൻറെ കുടുംബത്തെയും അന്നത്തെ  ഭരണാധികാരിയായ  ' കാലിഫാ ഉമയദ് യസിദി വധിച്ചതുമുതൽ ആദിമ ഇസ്ലാമിക ലോകം രണ്ടു ചേരികളായി പരസ്പരം പോരാട്ടം തുടങ്ങി. ഖുറാനെ വിശുദ്ധ ഗ്രന്ഥമായി രണ്ടു കൂട്ടരും സ്വീകരിച്ചുവെങ്കിലും മറ്റൊരു വിശുദ്ധ ഗ്രന്ഥമായ 'ഹാഡിത്തിന്റെ'  വിലയിരുത്തലിൽ രണ്ടു വിഭാഗങ്ങൾക്കും വ്യത്യസ്തങ്ങളായ  അഭിപ്രായങ്ങളാണുള്ളത്.  ഇന്നും ലോകം മുഴുവൻ  സുന്നികളും ഷിയാകളും  തമ്മിൽ  ആശയ സംഘട്ടനങ്ങളും മത്സരങ്ങളും അങ്കം വെട്ടുകളുമായി കഴിയുന്നു.  ഇറാക്കിലേയും സിറിയായിലെയും യുദ്ധങ്ങളും ഐ.എസ്.ഐ.എസ് സംഘടനയുടെ ആവീർഭാവവും  ഷിയാ-സുന്നി ദ്വന്ദ യുദ്ധങ്ങളുടെ പ്രതിഫലനങ്ങളാണ്.  പ്രവാചകൻ  നബിയുടെ ഭാര്യ ഐഷയുടെ പിതാവ് 'അബു ബേക്കർ'    പ്രവാചകന്റെ  പിന്തുടർച്ചക്കാരനെന്നു  സുന്നികൾ വിശ്വസിക്കുന്നു.  പ്രവാചകനു ലഭിച്ച ദൈവത്തിന്റെ വെളിപാടുകൊണ്ട് സ്വന്തം കസ്യനെയും മരുമകനെയും തുടർന്നുള്ള  കാലീഫാമാരായി പ്രവാചകൻ നേരിട്ട് തിരഞ്ഞെടുത്തുവെന്ന്  ഷിയാകളുടെ വിശ്വാസ പ്രമാണത്തിലും  പറയുന്നു.


അല്‍ ഖ്വയ്ദ  ഭീകരതയിൽനിന്നും രൂപംകൊണ്ട ഐ.എസ്.ഐ.എസ്. ന്റെ സമീപ കാലത്തെ വളർച്ച  അതിശീഘ്രമായിരുന്നു. ഇറാക്കിലും സിറിയായിലും വ്യാപിച്ചിരിക്കുന്ന ഇവരുടെ സംഘടനയുടെ ലക്ഷ്യം വർഷങ്ങളായുള്ള അമേരിക്കൻ ഇറാക്കി സൈന്യക കൂട്ടുകെട്ടിനെ തകർക്കുകയെന്നതാണ്. അനേക പാശ്ചാത്യ അമേരിക്കൻ പ്രതിഭകളെയും ജേർണലിസ്റ്റുകളെയും വധിച്ചതുവഴി ഈ ഭീകര സംഘടന ലോക മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുന്നു. ഒബാമ പറഞ്ഞതുപോലെ  "ഗ്രാമങ്ങളും പട്ടണങ്ങളും തകർത്തുകൊണ്ട്, നിരായുധരും നിഷ്കളങ്കരുമായ സ്ത്രീകളടക്കമുള്ള ജനതയെ വധിച്ചുകൊണ്ട് ഭീരുക്കളായ ഐ.എസ് .ഐ.എസ്  അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ഇവർ വരുത്തിവെച്ച  മുറിവുകൾ ഇന്നലെയുടെയും വർത്തമാന കാലത്തിന്റെയും നാളയുടെയും ഒരു ദൈവവും പൊറുക്കില്ല. ഓരോ ദിനവും കൊടും ഭീകരതയുടെ ചരിത്രം ആവർത്തിക്കുകയും ചെയ്യുന്നു."


'ഐ.എസ്.ഐ എസ്' (ISIS)   അഥവാ 'ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്കി ആൻഡ് ലെവന്റ്' ഇന്ന്  ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഭീകര സംഘടനയായി മാറിയിരിക്കുന്നു.  ഇറാക്കി യുദ്ധത്തിന്റെ ആരംഭകാലത്ത് സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപകൻ 'അബു മുസ്താബ്  സർക്കാവി'യാണ്. ലോകവാർത്തകളിൽ  നിറഞ്ഞിരിക്കുന്ന  ഈ ഭീകര സംഘടന ആഗോള സമാധാനത്തിന് ഭീക്ഷണിയായി തുടരുന്നു.    ഇസ്ലാമിക്ക് തത്ത്വങ്ങളിലധിഷ്ടിതമായ  കാലിഫെറ്റ് സാമ്രാജ്യം പടുത്തുയർത്തുകയെന്നതാണ് ഇവരുടെ പരമമായ ലക്ഷ്യം.  ആഗോളാതിർത്തികൾ കണക്കാക്കാതെ സിറിയായുടെ മെഡിറ്ററെനിയൻ  തീരങ്ങൾ മുതൽ തെക്ക് ബാഗ്ദാദ് വരെ നൂറു കണക്കിന്  ചതുരശ്ര മൈലുകൾ വിസ്തൃതമായ ഭൂമികൾ  'ഐ.എസ് .ഐ എസിന്റെ '  അധീനതയിലായി. ഷാരിയാ നിയമങ്ങൾ നടപ്പാക്കാൻ 'ഐ.എസ്.ഐ. എസ്'  ആഗ്രഹിക്കുന്നു. ഓയിൽ ഉത്ഭാദനം, കള്ളക്കടത്ത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ട്  പോകൽ, മോഷ്ടിച്ച കലാ വസ്തുക്കൾ വിൽക്കുക, പരസ്യമായുള്ള അതിക്രൂരവും കഠിനവുമായ  പിടിച്ചു പറികൾ എന്നിവകളാണ് ഐ.എസ്.ഐ. എസിന്റെ പ്രധാന വരുമാന മാർഗം. സദാം ഹുസയിന്റെ കാലത്തുണ്ടായിരുന്ന പട്ടാളത്തിലുണ്ടായിരുന്നവർ  ഇന്ന് ഐ.എസ്.ഐ.എസിന്റെ ഭാഗമായി തീർന്നു.   ഇവരുടെ നേതാവായ 'അബു ബേക്കർ അല്-ബാഗ്ദാദി', ബാഗ്ദാദ് യൂണി വെഴ്സിറ്റിയിൽ നിന്നും ഇസ്ലാമിക്ക് സ്റ്റഡീസിൽ  ഡോക്റ്ററെറ്റ്  ബിരുദം നേടിയിട്ടുണ്ട്. അല്‍ ഖ്വയ്ദായിൽ  ബാഗ്ദാദി  ചേരുന്നതിനു മുമ്പ് ഇറാക്കിന്റെ തെക്കു ഭാഗത്തുള്ള പ്രോവിനസുകളിൽ രാജ്യം പിടിച്ചെടുക്കാനുള്ള  ഒരു ഭീകര സംഘടനയുണ്ടാക്കിയിരുന്നു.


ഐ എസ് ഐ എസ് ന്റെ ആശയ സംഘടനം 2004 മുതൽ ഇറാക്കിലെ അബു മുസാബ് അൽ- സർക്കാവി നയിച്ച സമരം മുതൽ കാണാം.  അൽ-സർക്കാവി അതിനായി അല്‍ ഖ്വയ്ദാ
 സ്ഥാപകൻ ഒസാമാ ബിൻ ലാദനുമായി ഉടമ്പടിയുണ്ടാക്കി.   രണ്ടു നദി തടങ്ങളിലെ രാജ്യങ്ങൾ തമ്മിലുള്ള സംഘടനയെന്നർത്ഥത്തിൽ ടാൻസിം അല്‍ ഖ്വയ്ദാ  ഫിബിലാദ് അല് രഫിദയ്  (Tanzim Al Qaeda fi Bilad al-Rafidayn) എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഇറാക്കിലെ അല്‍ ഖ്വയ്ദായെന്നാണ് പൊതുവെ ഈ സംഘടനയെ അറിയപ്പെട്ടിരുന്നത്.


തത്ത്വത്തിൽ ഇറാക്കി അല്‍ ഖ്വയ്ദാ പ്രവാചകന്റെ  കാലത്തുണ്ടായിരുന്നവരുടെയും അവരുടെ പിൻഗാമികളുടെയും ആശയങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്.   ഇസ്ലാമിക്ക് സ്റ്റേറ്റ്  അഥവാ കാലിഫൈറ്റ്  ആശയങ്ങൾ പ്രവാചകന്റെ കാലത്ത് നടപ്പിലായിരുന്ന നിയമങ്ങളായിരുന്നു. ഏക ദൈവത്തിൽ മാത്രമുള്ള വിശ്വാസത്തിന് പ്രാധാന്യം നല്കുന്നു. ദൈവം മാത്രം സൃഷ്ടികർത്താവെന്നും മറ്റുള്ള വിശ്വാസികളെ അവിശ്വാസികളായും (കാഫിർ)  കരുതിയിരുന്നു. ഖുറാനു  പുറമേ അക്കാലത്തെ ആചാര നിയമങ്ങളടങ്ങിയ സുന്നായും വേദ ഗ്രന്ഥങ്ങളായി അംഗീകരിച്ചു. അതിലെ സാരാംശങ്ങൾ അക്ഷരാർത്ഥത്തിൽ കണക്കാക്കുകയും ചെയ്യുന്നു. ഒരു പ്രവാചകൻ, ഏക ദൈവം, ദൈവം പല പേരുകളിൽ അറിയപ്പെടുന്നുവെന്ന തത്വമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ബിംബാരാധാനക്കാർക്കെതിരെ   ഈ സംഘടന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
\

ഭീകര സംഘടനകൾ പൊതുവെ ക്ലിപ്തമല്ലാത്ത  നയപരിപാടികൾ  അനുവർത്തിക്കുന്നവരായിരിക്കും. അല്‍ ഖ്വയ്ദായിലെ സുന്നി ഭീകരതയിൽ നിന്നാണ് ഈ സംഘടന ഉദയം ചെയ്തത്. പ്രത്യേകിച്ച് ഇറാക്കി അല്‍ ഖ്വയ്ദായിൽനിന്ന് വേർപെട്ടവർ വ്യക്തമായ ലക്ഷ്യമില്ലാതെ യോജിക്കുകയായിരുന്നു. ഇറാക്കിലെ അമേരിക്കൻ ആക്രമണശേഷം അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ അനേക സ്പോടന പരമ്പരകളും ബോംബുകളും മനുഷ്യരെ തട്ടിക്കൊണ്ടു പോവലും തല വെട്ടൽ പ്രസ്ഥാനവും തുടർന്നുകൊണ്ടിരുന്നു. 2006-ൽ ഇറാക്കി അല്‍ ഖ്വയ്ദാ സ്ഥാപിച്ച അബു മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിൽ  ഷിയാ ഭൂരിഭാഗത്തിനെതിരെ വിഭാഗീയ വർഗീയ യുദ്ധമാരംഭിച്ചു. 2006-ൽ തന്നെ അമേരിക്കൻ ബോംബിൽ  അബു മൂസ്സാബ് അൽ സർക്കാവി  കൊല്ലപ്പെട്ടു.  2006 ജൂണ്‍  മാസത്തിൽ അബൂ അയൂബ് അൽ മസറി  ഇറാക്കി അല്‍ ഖ്വയ്ദായുടെ നേതൃത്വം ഏറ്റെടുത്തു. 2006-ഒക്ടോബർ മാസം അബു അയൂബ് അൽ മസാറി യുടെ നേതൃത്വത്തിൽ പുതിയ സംഘടനയായ ഐ.എസ്.ഐ.  സ്ഥാപിച്ചു. അബു ഒമർ അൽ ബാഗ്ദാദിയെ നേതാവായി തെരഞ്ഞെടുത്തു. അബു ഒമർ ബാഗ്ദാദിയും അബു അയൂബ് അൽ മസാറിയും കൊല്ലപ്പെട്ടു. 2006-ൽ അമേരിക്കയുടെ യുദ്ധവിമാനത്തിൽ നിന്നും പതിച്ച ബോംബിൽ   അൽ സർക്കാവി കൊല്ലപ്പെട്ടശേഷം സംഘടനയുടെ നേതൃത്വം പരിചയ സമ്പന്നനായ ഭീകരൻ അബു ബേക്കർ അൽ ബാഗ്ദാദി ഏറ്റെടുത്തു. ഒരിയ്ക്കൽ അയാൾ അമേരിക്കൻ കസ്റ്റഡിയിലായിരുന്നു.


2011-ൽ  സിറിയായിൽ വിപ്ലവമുണ്ടായപ്പോൾ അല്‍ ഖ്വയ്ദാ സിറിയൻ അതിർത്തിയിലേക്ക് നീങ്ങുകയും അവരുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 2013-ൽ  ഐ.എസ്.ഐ സിറിയാ അല്‍ ഖ്വയ്ദായുമായി യോജിച്ചു.  2013-ൽ സിറിയായിലെ വിപ്ലവകാരികളെയും അണിനിരത്തി  ഐ.സി.ഐ.എസ് സ്ഥാപിച്ചു. അന്നുതൊട്ട് ഗ്രൂപ്പിനെ ഐ എസ് ഐ ആൻഡ് ലെവന്റ്റ് (ഐ എസ്.ഐഎസ്) എന്നറിയപ്പെടാൻ തുടങ്ങി. 2014-ൽ അൽ -ബാഗ്ദാദി ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ  കാലിഫയായി സ്വയം പ്രഖ്യാപിച്ചു.


2014- മെയ് മാസത്തിൽ ഐ.എസ്.ഐ.എസ്. 140 സ്കൂൾ കുട്ടികളെ തട്ടിയെടുത്തു. സിറിയായിൽ ഇസ്ലാമിക വിപ്ലവ തത്ത്വങ്ങൾ ബലമായി പഠിപ്പിച്ചു.  2014 മുതൽ തുടങ്ങിയ  യുദ്ധക്കെടുതിയിൽ വീടും നാടും വിട്ട് പലായനം ചെയ്ത ഒരു മില്ല്യൻ ഇറാക്കി ജനത ഭവനരഹിതരായി അഭയാർത്ഥി  ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. 2014- ജൂണ്‍ ഒമ്പതാം തിയതി   ഐ എസ് ഐ എസ്  മൊസൂൾ എയർപോർട്ട്  പിടിച്ചെടുത്തു. ടീവി. സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും അവരുടെ അധീനതയിലായി. ജയിലിൽ കിടന്ന ആയിരം തടവുകാരെ മോചിപ്പിച്ചു. മൊസൂളിന്റെ നിയന്ത്രണം മുഴുവൻ കൈക്കലാക്കി മുന്നേറിക്കൊണ്ടിരുന്നു.  2014 ജൂണ്‍ ഇരുപത്തിയൊന്നാം തിയതി  'തികൃത്' പട്ടണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. സിറിയായുടെ അതിർത്തിയിലുള്ള 'അല്ക്കൊയാം' പട്ടണവും   'അൽ  ഒമാർ'  എന്ന സിറിയൻ ഓയിൽ ഫീൽഡും  പിടിച്ചെടുത്തു.  75000 ബാറൽ ഓയിൽ ദിവസേന അവിടെ ഉത്ഭാദിപ്പിക്കുന്നു. പിന്നീട് 'ജോനാസ്' വിശുദ്ധ ഗോപുരം തകർത്തു. ഇറാക്കി ടൌണ്‍  'സിഞ്ചാർ' തകർത്തുകൊണ്ട് നൂറു കണക്കിന് യാസിദി സ്ത്രീകളെയും പുരുഷന്മാരെയും കൊന്നു. .


അല്‍ ഖ്വയ്ദാ പരാജയപ്പെട്ടടത്തെല്ലാം  ഐ എസ് ഐ എസ്  നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. സിറിയായിലും ഇറാക്കിലും  ഇസ്ലാമിക്ക് കാലിഫൈറ്റ് സാമ്രാജ്യമാണ് ഐ എസ് ഐ എസ്  തീവ്ര മതവാദികൾ  വിഭാവന ചെയ്യുന്നത്. അബു ബേക്കർ അൽ- ബാഗ്ദാദി,  ഐ എസ് ഐ എസിൻറെ  നേതാവും കാലിഫ് ഇബ്രാഹിമായും അറിയപ്പെടുന്നു.  ബാഗ്ദാദിയുടെ  ആദർശങ്ങളും  നയപരിപാടികളുമാണ്  ഈ തീവ്ര സംഘടനയിൽ നടപ്പാക്കിയിരിക്കുന്നത്. സ്വന്തം സംഘടനയെ നയിക്കാനുള്ള  അസാമാന്യമായ കഴിവും ബാഗ്ദാദിയ്ക്കുണ്ട്. അല്‍ ഖ്വയ്ദായിൽ  മുമ്പ് അംഗങ്ങളായിരുന്നവർ  ഇന്ന് ഐ. എസ്. ഐ.എസ്. തീവ്ര മുന്നേറ്റത്തിൽ പ്രവർത്തിക്കുന്നു.  സലാഫി ജിഹാദികൾ  അല്‍ ഖ്വയ്ദായ്ക്ക്  പകരമായി അതേ യാഥാസ്ഥിതിക മത ചിന്തകളോടെയാണ് പോരാടുന്നത്.   ഇവർ വിജയിച്ചാൽ   രാജ്യങ്ങളുടെ  രാഷ്ട്രീയ ഭൂമിശാസ്ത്രം തന്നെ മാറ്റപ്പെടേണ്ടി വരും.


ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളിന്റെ പതനവും മറ്റു സുന്നി  മതവിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കലും പിന്നീടുള്ള കൂട്ടക്കൊലകളും വാഷിംഗ്ണ്ടനെയും  ബാഗ്ദാദിനെയും ഒരു പോലെ ഞെട്ടിച്ചിരുന്നു. ഐ എസ്  ഐ എസിന്റെ  മുന്നേറ്റം   പാശ്ചാത്യ രാജ്യങ്ങളെയും  അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു.    ആഗോള സമാധാനത്തിനു വെല്ലുവിളിയായി  ശക്തി പ്രാപിച്ച ഐ. എസ്. ഐ. എസ്  ഭീകര സംഘടനയെ തടഞ്ഞു നിർത്തേണ്ടത്  രാജ്യങ്ങളുടെ  ആവശ്യമായും വന്നു. ഐ. എസ് ഐ. എസിന്റെ  മുന്നേറ്റത്തിനെതിരെ   ഇറാക്കി പട്ടാളത്തിന് ആത്മബലം കൊടുക്കാൻ അമേരിക്കാ മുന്നൂറു പട്ടാളക്കാരെക്കൂടി ഇറാക്കിലയച്ച്   സൈന്യബലം എണ്ണൂറാക്കി.


അമേരിക്കയുടെയും പാശ്ചാത്യ ലോകങ്ങളുടെയും കണക്കുകൂട്ടലിൽ ഐ.സി.ഐ.എസിന് 30000 ഭീകരരുണ്ടെന്നു കരുതുന്നു. കൂടാതെ ദേശീയ തലങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലും വസിക്കുന്ന അനേക ജനങ്ങൾ അവർക്ക് പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. വിദേശത്തുനിന്നും   അനേകമാളുകൾ  പിന്തുണയുമായി ഐ.എസ്.ഐ. എസ്സിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 90 രാജ്യങ്ങളിൽ നിന്നായി 20000 യോദ്ധാക്കൾ  ഇറാക്ക് സിറിയാ മേഖലകളിൽ   ഐ.എസ് ഐ എസിലുണ്ട്. പാശ്ചാത്യ നാടുകളിൽ നിന്ന് 3400 പേരും അമേരിക്കയിൽ നിന്ന് 150 പേരും ഐ.എസ്.ഐ.എസ് സംഘടനയിൽ യുദ്ധ മേഖലകളിൽ   പ്രവർത്തിക്കുന്നു.


ഐ.എസ് ഐ.എസ്  മിലിറ്റന്റ് നേതാവ് അൽ -ബാഗ്ദാദി  അമേരിക്കയെ ഭീക്ഷണിപ്പെടുത്തുന്നുവെങ്കിലും  ബാഗ്ദാദിയുടെ  ലക്ഷ്യം ഇറാക്ക് സിറിയാ മേഖലകളിൽ ദേശീയ ഭരണാധികാരം പിടിച്ചെടുക്കുകയെന്നതാണ്.  ഇറാക്കിലും സിറിയായിലും പ്രവർത്തിക്കുന്ന വിദേശ മിലിറ്റന്റ്  കൂടുതൽ പേരും യുദ്ധ തന്ത്രങ്ങൾ പഠിച്ചവരാണ്. ആധുനിക ആയുധങ്ങൾ സമാഹരിച്ചുകൊണ്ട്  വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഭരിക്കുന്ന സർക്കാരിനെ വിപുലമായ തോതിൽ  ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്.  


കഴിഞ്ഞ വർഷം   2014-ൽ ഐ.എസ്.ഐ. എസ് . യുദ്ധമുന്നണിയിൽ തുടർച്ചയായി വിജയങ്ങൾ  നേടിയിരുന്നു. ഇറാക്കി പട്ടാളത്തിൽ കൂടുതലായുള്ളത് സുന്നി മുസ്ലിമുകളടങ്ങിയ പട്ടാളമാണ്. ഐ.സി.ഐ. എസിനെതിരെ  യുദ്ധം ചെയ്യുവാനുള്ള മനോവീര്യം സ്വന്തം സമുദായത്തിലുള്ള ഇറാക്കി സുന്നി പട്ടാളത്തിനില്ലായിരുന്നു. ഐ.സി.എസ് നേടിയ നേട്ടങ്ങൾ കൂടുതലും സുന്നി മുസ്ലിമുകൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇറാക്കി പട്ടാളം    സ്ഥലവാസികളുടെ സഹകരണമില്ലായ്മ മൂലം അങ്ങനെയുള്ള പ്രദേശങ്ങളിൽ കാര്യമായി പ്രതിരോധിച്ചില്ലായിരുന്നു.   തന്മൂലം സുന്നി പ്രദേശങ്ങളിൽ ഐ എസ്  ഐ എസിന്  അധികാരം സ്ഥാപിക്കാൻ സാധിച്ചു.


2014 സെപ്റ്റംബർ മുതൽ അമേരിക്കാ സിറിയായിൽ ബോംബിംഗ് ശക്തമാക്കാൻ തുടങ്ങി. ദിനംപ്രതി തുടർച്ചയായി ഭീകരർക്കെതിരെ ബോംബിട്ടുകൊണ്ടിരിക്കുന്നു.  ഐ. എസ്. ഐ.എസിന്റെ  ശക്തി കേന്ദ്രങ്ങൾ പ്രതിരോധിക്കാൻ സാധിക്കാതെ 2015 ഫെബ്രുവരി മുതൽ അവർക്ക് ഇറാക്കിന്റെമേൽ സ്വാധീനം കുറഞ്ഞു വരുന്നതായി അമേരിക്കൻ വക്താക്കൾ കണക്കാക്കുന്നു. 2015 ജനുവരിയിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ പങ്കു ചേർന്നത് അല്‍ ഖ്വയ്ദാ ഗ്രൂപ്പായിരുന്നെങ്കിലും ഐ.എസ് ഐ .എസിലെ ഒരു ഭീകരനും അക്കൂടെയുണ്ടായിരുന്നു. പാരീസ് സംഭവത്തിനു ശേഷം  ഐ.എസ് ഐ .എസിനെ  പിന്തുണയ്ക്കുന്ന  ഒരു ഒഹായോക്കാരനെ അമേരിക്കാ അറസ്റ്റു ചെയ്തു. യൂ എസിലെ പ്രധാന നഗരങ്ങളിൽ അയാൾക്ക് ബോംബിടാൻ പദ്ധതികളുണ്ടായിരുന്നു. സിറിയായിലേക്കും ഇറാക്കിലേക്കും യാത്ര ചെയ്യുന്ന പാശ്ചാത്യ അമേരിക്കൻ പൌരന്മാരിൽ അനേക ഐ.എസ് ഐ അനുഭാവികളുള്ളതും ആശങ്കയ്ക്ക് കാരണമാകുന്നു. വിദേശത്ത് വിമാനം പറപ്പിക്കലും ബോംബു സ്പോടനത്തിലും  യുദ്ധ പ്രാവിണ്യം നേടിയവർ ഐ എസ് ഐ യോടൊപ്പം പ്രവർത്തിക്കുന്നത് പടിഞ്ഞാറൻ  രാജ്യങ്ങളെയും അമേരിക്കയേയും നോട്ടമിട്ടുകൊണ്ടെന്നും ഐ എസ് ഐ യെ വിലയിരുത്തുന്നവർ ഭയപ്പെടുന്നു.


ക്രിസ്ത്യാനികൾ ഉൾപ്പടെ ന്യൂന പക്ഷങ്ങളോട് ഐ  എസ്.ഐ.എസ്   വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്.  ന്യൂനപക്ഷങ്ങളിൽപ്പെട്ട നൂറു കണക്കിന് ജനങ്ങൾ  മൃഗീയമായി കൊല്ലപ്പെട്ടു. അക്കൂടെ എണ്ണം തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധം കൃസ് ത്യാനികളും യെസിദികളുമുണ്ട്. സിർജാർ മലയിടുക്കുകളിൽ 40000 ത്തിൽപ്പരം  മനുഷ്യർ കുറച്ചു ഭക്ഷണവും കഴിച്ച് കുടുങ്ങി കിടന്നിരുന്നു. അവരുടെ സ്ത്രീകളെ അടിമകളായി വിൽക്കുകയും ബലാൽ സംഘത്തിനിരയാക്കുകയും  ചെയ്തു. 2014 ആഗസ്റ്റിൽ കുർഡീസ്  പട്ടാളം അവരെ  രക്ഷപ്പെടുത്തി. നൂറ്റാണ്ടുകളായി അതാതു പ്രദേശങ്ങളിൽ സ്വന്തം ഭവനങ്ങളിൽ താമസിച്ചിരുന്നവരായ ഇവർ അഭയാർത്ഥികളായി മറ്റു പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നു. ഷിയാകളെ കൂടാതെ മത തീക്ഷ്ണതയോടെ ജീവിക്കാത്ത സ്വന്തം സമുദായം സുന്നികളെയും ഐ.എസ്. ഐ.എസ്  പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പൌരാണികവും വിശുദ്ധവുമായ പല പള്ളികളും ഭൂപ്രദേശങ്ങളും അവർ നശിപ്പിച്ചു. അവിശ്വാസികളായ സ്ത്രീകളെ അടിമകളാക്കി ബലാൽ സംഘം ചെയ്യാനും  ലൈംഗികമായി പീഡിപ്പിക്കാനും ഐ.സി.ഐ. എസ് ലഘു ലേഖകൾ വിതരണം ചെയ്തുകൊണ്ടുമിരിക്കുന്നു.


2012 നവംബറിൽ അമേരിക്കൻ  വാർത്താ ലേഖകനായ 'ജെയിംസ് ഫോളിയെ'  ഗ്ലോബൽ പോസ്റ്റിനുവേണ്ടി വാർത്തകൾ റിപ്പൊർട്ട്  ചെയ്യുന്ന സമയം 'ഐ.എസ്.ഐ.എസ്' ഭീകരർ തട്ടിക്കൊണ്ടുപോയി. തടവുകാരനായി ബന്ധിച്ച് പിന്നീട്   വീഡിയോ ക്യാമറയുടെ മുമ്പിൽ ലോകം കാണത്തക്ക വിധം വധിക്കുകയും ചെയ്തു. 2013 ജനുവരിവരെ ഫോളിയെ തട്ടിക്കൊണ്ടു പോയ വിവരം രഹസ്യാന്വേഷണ വകുപ്പ് അതീവ രഹസ്യമായി വെച്ചിരുന്നു. ഫോളിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചിരുന്നു. അമേരിക്കൻ രഹസ്യവിഭാഗം ഫോളിയെ കണ്ടുപിടിക്കാൻ എല്ലാ വഴികളും ശ്രമിച്ചിട്ടും സാധിച്ചില്ല. 2014 ആഗസ്റ്റിൽ അമേരിക്കാ ബോംബിട്ടു  കഴിഞ്ഞാണ് ക്യാമറായുടെ മുമ്പിൽ വെച്ച് ഭീകരർ  ഫോളിയെ വധിച്ചത്. പണം കൊണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഐ.എസ് ഐ.എസ്.  ഗൌരവപൂർവം അത് പരിഗണിച്ചില്ല.


ജെയിംസ് ഫോളിയുടെ വധത്തിനു ശേഷം സ്റ്റീവൻ സോട്ട്  ലോവ് (Steven Sot Loft) എന്ന വാർത്താ ലേഖകനെയും ക്യാമറയുടെ മുമ്പിൽ വെച്ചു വധിച്ചു.  സോട്ട്  ലോവ്  ടൈം മാഗസിന്റെ റിപ്പോർട്ടറായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. 2013-ൽ അദ്ദേഹം അപ്രത്യക്ഷ്യനായി.  സോട്ട്  ലോവിന്റെ അമ്മ 'ഷെർലി' ഐ.എസ്.ഐ. എസ് നേതാവ് അൽ ബാഗ്ദാദിയോട്  മകനെ കൊല്ലല്ലേയെന്നു കേണപേക്ഷിച്ചിട്ടും കരുണയുണ്ടായില്ല. സോട്ട് ലോവിനെ വധിച്ച വീഡിയോ കാണിച്ച ശേഷം മുട്ടു കുത്തി നില്ക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെ വധിക്കുന്ന രംഗമാണ് കാണിക്കുന്നത്. " ഒരു ഭീകരൻ അക്രോശിക്കുന്നത് കേൾക്കാം 'തിന്മയുടെ രാജ്യമായ അമേരിക്കയുമൊത്തു പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കും ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ശത്രുക്കൾക്കുമുള്ള അനുഭവ പാഠമാണിതെന്ന് അറിയുക ; ഞങ്ങളുടെ ജനങ്ങളെ വെറുതെ വിടൂ!' ഭീകരരുടെ വാക്കുകൾക്ക് വിലകൊടുക്കാതെ അമേരിക്കൻബോംബിംഗ്   തുടർന്നുകൊണ്ടിരുന്നു.  മറ്റു പാശ്ചാത്യ റിപ്പോർട്ടർമാരെയും ക്യാമറായുടെ മുമ്പിൽ ഐ.എസ്.ഐ.എസ്  വധിക്കുന്ന രംഗം കാണിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് പൌരൻ ഡേവിഡ് ഹേൻസ്, അലൻ ഹെന്നിംഗ്, അമേരിക്കക്കാരൻ പീറ്റർ കാസിംഗ് എന്നിവർ ക്യാമറയുടെ മുമ്പിൽ മരണപ്പെട്ടവരാണ്. 2015 ആരംഭത്തിൽ തടവിലാക്കപ്പെട്ട രണ്ടു ജപ്പാൻ പൌരന്മാരെയും  വധിക്കുന്ന രംഗം വീഡിയോയിലുണ്ടായിരുന്നു. ഒരു ജോർദാനിയൻ പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന രംഗവും കാണിക്കുന്നുണ്ട്.


26 വയസുള്ള അമേരിക്കൻ യുവതി കെയ്ലോ മുള്ളറും ഭീകരരുടെ കൈകളിൽ മരണമടഞ്ഞു.  അവരെങ്ങനെ മരിച്ചെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൌസിൽ നിന്നും ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി  അറിയിക്കുകയുണ്ടായി. ആതുര സേവനത്തിൽ ആകൃഷ്ടയായി മുള്ളർ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പാവങ്ങളുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു.  ദുഖിതരും കഷ്ടപ്പെടുന്നവരുമൊത്ത് സഹവസിച്ച് പ്രവർത്തിക്കുകയെന്നത് അവരുടെ ജീവിത ലക്ഷ്യമായിരുന്നു. 'താൻ വളർന്നത് സുഭിഷിതമായ ഒരു രാജ്യത്തായിരുന്നെന്നും അതിനുള്ള അവസരം ജനിച്ചപ്പോൾമുതൽ  ലഭിച്ചെന്നും ദൈവം തന്ന  ഈ സൌഭാഗ്യത്തിന്മേൽ മറ്റുള്ളവരെ സഹായിച്ചും പരോപകാര പ്രവർത്തികൾ ചെയ്തും ജീവിതം ധന്യമാക്കുകയെന്നത്  തന്റെ  നിയൊഗമാണെന്നും  താൻ ജീവിക്കുന്ന കാലത്തോളം ചുറ്റുമുള്ളവരെ സ്നേഹിച്ചും തന്നാലാവുന്ന വിധം സഹായിച്ചും   മറ്റുള്ളവർക്കുവേണ്ടി  ജീവിക്കുകയെന്നത്   തന്റെ ജീവിത ലക്ഷ്യമാണെന്നും ' മുള്ളർ കൂടെ കൂടെ പറയുമായിരുന്നു.


ഐ.എസ്.ഐ.എസ്  വക്താക്കൾ സംസാരിക്കുന്നത് മനുഷ്യത്വമില്ലാത്ത ഫ്ലാറ്റ് ഫോറങ്ങളിൽ നിന്നാണ്. കിരാതയുഗത്തിൽ നടപ്പിലായിരുന്ന മൃഗീയമായ വഴികൾ  അവർ തിരഞ്ഞെടുത്തിരിക്കുന്നു. 'ക്രിസ്ത്യാനികൾ മതം മാറുകയോ 'ജിസിയാ'  നല്കുകയോ ഭവനങ്ങൾ ഉപേക്ഷിക്കുകയോ സ്വയം മരിക്കാൻ തയ്യാറാവുകയോ ചെയ്യുകയെന്ന്  ഐ.എസ്.ഐ യുടെ  ആഹ്വാനവുമുണ്ട്. 'ജിസിയാ'യെന്നാൽ  ആദിമ ഇസ്ലാമിക ഭരണ സംവിധാനത്തിൽ  ക്രിസ്ത്യാനികളുടെ സുരക്ഷിതത്വത്തിനും പള്ളികൾ സംരക്ഷിക്കുന്നതിനും  വേണ്ടി ശേഖരിച്ചിരുന്ന ഫണ്ടായിരുന്നു. മൊസൂളിലെ 1800 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തല്ലി തകർത്തത്  വേദനാ ജനകവും  ഖുറാനിലെ ഓരോ വചന തത്ത്വങ്ങൾക്കു  വിപരീതവുമാണ്. ഖുറാൻ 22:41 വാക്യത്തിൽ 'മുസ്ലിമുകൾ ക്രിസ്ത്യാനികളുടെ പള്ളികളെ നാശനഷ്ടങ്ങളുണ്ടാകാതെ സംരക്ഷിക്കണമെന്ന്' പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക ലോകമോ പ്രവാചകനോ ഇത്തരം മൃഗീയമായ  മനുഷ്യവേട്ടകളെ  അംഗീകരിക്കില്ല. വാസ്തവത്തിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാക്ക്  ആൻഡ് സിറിയായെന്ന ഈ ഭീകര സംഘടന ലോകമാകമാനമുള്ള ഒന്നര ബില്ലിയൻ മുസ്ലിമുകൾക്ക് അപമാനകരമാണ്. കൃത്യമായി പറഞ്ഞാൽ ഇവരെ വെറിപിടിച്ച  മനുഷ്യത്വം നശിച്ച കാട്ടാള മ്ലേച്ഛന്മാരെന്നു വിളിക്കാം.  










Friday, April 24, 2015

ശ്രീ ജോസഫ് പുലിക്കുന്നേലും ചിന്തകളും ഭാരതവല്ക്കരണവും

By ജോസഫ് പടന്നമാക്കൽ


ഭാരതീയ ക്രിസ്ത്യൻ സഭകളെ വൈദേശിക സംസ്ക്കാരത്തിൽ നിന്നും മോചിപ്പിക്കണമെന്നുളള  മുറവിളിയുമായി ആർ.എസ് എസ്. പോലുള്ള സംഘടനകൾ സമീപകാല രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതു കാണാം. കർദ്ദിനാൾ  ജോസഫ് പാറേക്കാട്ടിലിനു  സഭയെ ഭാരതീവൽക്കരിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്സ്റ്റാന്റിനാചാരങ്ങളെ  മതം മാറിയ  ഒരു പുതു ക്രിസ്ത്യാനിയ്ക്കും  സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്തവനായ  ഒരാൾ മതം സ്വീകരിക്കുമ്പോൾ മതം മാറ്റത്തോടൊപ്പം   മനസാക്ഷിക്കെതിരെ അന്നുവരെ പുലർത്തിയിരുന്ന സംസ്ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങൾക്കതീതമായ മറ്റൊരു  സംസ്ക്കാരത്തെ മതം മാറുന്നയാൾ  സ്വീകരിക്കാൻ  നിർബന്ധിതവുമാവുന്നു. വിദേശചിന്തകൾ, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങൾ മുതലാവകൾ മതം മാറുന്നവന് അന്യമായിരിക്കും. ഭാരതീയനായി  ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്   മതം മാറ്റം വാദികൾ ചോദ്യം ചെയ്യുന്നത്. സഭയെ വിമർശിക്കാൻ പാടില്ലായെന്ന സഭയുടെ അറിവില്ലായ്മയെ ഇന്ന് ബൌദ്ധിക തലങ്ങളിലുള്ളവർ പുച്ഛിച്ച്  തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ് പുലിക്കുന്നേൽ കേരള നവീകരണ ചരിത്രത്തിൽ ആധുനിക കേരളം കണ്ടതിൽ വെച്ച്  ഉജ്ജ്വലനായൊരു  വ്യക്തി പ്രഭാവമാണ്. അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളിൽ കോഴിക്കോടുള്ള ദേവഗിരി  സെന്റ് ജോസഫ്സ് കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും   എം.പി. പോളിനെയുംപ്പോലെ  കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളിൽ മനം നൊന്ത് അദ്ദേഹത്തിനും ജോലിയിൽനിന്നു പിരിയേണ്ടി വന്നു.  1975-ൽ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ  ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങൾകൊണ്ട്  നിറഞ്ഞതാണ്.  ഭാരതീയ ക്രൈസ്ത ചൈതന്യം എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങൾ  ഈ മാസികയ്ക്ക് മാറ്റു കൂട്ടുന്നു.  ശ്രീ പുലിക്കുന്നേൽ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്.

നവീകരണാശയങ്ങളുമായി പ്രവർത്തന  ശൈലിയുള്ള 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്'  എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേൽ  സ്ഥാപിച്ചതാണ്.   ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്. അധികാരം മുഴുവൻ സ്വന്തം കൈകളിൽ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താൻ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാൻ ലോകത്തിന് ഇൻസ്റ്റിറ്റ്യൂട്ട്   ഒരു വെല്ലുവിളി തന്നെയാണ്.
ശ്രീ പുലിക്കുന്നേൽ പറയുന്നു ,  "അല്മായർക്ക് യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂർണ്ണമായും പൌരാഹിത്യ മേല്ക്കോയ്മയും ഏകാധിപത്യവുമാണ് സഭയിലുള്ളത്. ആദ്ധ്യാത്മികതയിൽ ഭാരത ക്രിസ്ത്യാനികളെ സംബന്ധിച്ച്  പൌരാണികമായ ഒരു പാരമ്പര്യം  ഉണ്ട്. കൃസ്തുമതത്തിന്റെ ആരംഭം മുതൽ സഭയ്ക്ക് ദൈവിക വീക്ഷണങ്ങളോടെയുള്ള  ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈവസ്തവമായ വസ്തുതകളെ  വെളിച്ചത്തു കൊണ്ടുവരുകയെന്നത് സ്ഥാപനത്തിന്റെ  പരമമായ ലക്ഷ്യമാണ്."

കൃസ്തുവിന്റെ ആശയങ്ങളെ  വക്രീകരിച്ച് ക്രിസ്തുവിനെതിരെയാണ് സഭ പ്രവർത്തിക്കുന്നത്. ഒരിക്കൽ ബൈബിളും ദൈവശാസ്ത്രവും പുരോഹിതർക്കു മാത്രമുള്ളതായിരുന്നു.  ഹൈന്ദവ തത്ത്വങ്ങളിൽ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികൾ പഴഞ്ചൻ ഗുഹകളിൽ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്ത്യൻ സമൂഹങ്ങളിൽ അതേ ബ്രാഹ്മണീസ ചിന്താഗതികൾ പിന്തുടരുന്നതായി കാണാം. 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' (IIOC) എന്നസ്ഥാപനം തുടങ്ങിയ കാലത്ത് ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താൻ പുരോഹിതർ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവർ  അദ്ദേഹത്തിന് എന്നും പിന്തുണ നല്കിയിരുന്നു. എപ്പിസ്ക്കോപ്പൽ സഭകളിലെ ചിന്തകരായവരും  ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്   പൌരാഹിത്യ മേധാവിത്വത്തെ എതിർത്തുകൊണ്ട് തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്തു.

ക്രിസ്തുവിനെ അറിയുകയും ക്രിസ്തു മാർഗത്തിലെ സത്യം കണ്ടെത്തുകയും   ചൈതന്യം ഉള്ക്കൊള്ളുകയും ചെയ്യുകയെന്ന  ദൌത്യമാണ് ഈ സ്ഥാപനം വിഭാവന ചെയ്തിരിക്കുന്നത്.  അതിനായി ക്രിസ്ത്യാനികൾ ഇന്നുള്ള അവസ്തയിൽനിന്നും ബൌദ്ധിക തലങ്ങളിൽ ഉയരേണ്ടതായുമുണ്ട്. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തിൽ സഭയെന്നാൽ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത് അല്മായരാൽ നിർമ്മിതമാണ്. കാര്യ പ്രസക്തമായ സഭയുടെ ചർച്ചകളിൽ പങ്കെടുക്കേണ്ടത് സഭാ മക്കളാണ്. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്, "ദേശീയ തലത്തിൽ സർവ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചർച്ചകളിൽ പങ്കു കൊള്ളിപ്പിക്കണം;  സഭയിലെ  99.1 ശതമാനവും അംഗങ്ങളുടെ  അഭിപ്രായങ്ങൾ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി  കണക്കാക്കാൻ   സാധിക്കുന്നു. കഴിയുമെങ്കിൽ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചർച്ചയിൽ പങ്കു കൊള്ളാൻ അല്മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്. "   പുരോഹിതർ മാത്രം ഉൾക്കൊള്ളുന്ന   ഔദ്യോഗിക തീരുമാനങ്ങൾ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്. പ്രകൃതിരമണീയമായ ഭരണങ്ങാനമടുത്ത്  പത്തേക്കർ വിസ്തൃതമായ പുരയിടത്തിൽ നിലകൊള്ളുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് പുസ്തകങ്ങൾ  സമാഹരിച്ച ഒരു ലൈബ്രറിയും  പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്.

ശ്രീ  ജോസഫ്  പുലിക്കുന്നേൽ   'സഭയും ഭാരതവൽക്കരണവും' എന്ന  വിഷയത്തെപ്പറ്റി  ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌  താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ''ഹൈന്ദവ കേരളം' വെബ്സൈറ്റിൽ  ശ്രീ പ്രതീപ്  കൃഷ്ണൻ  വിശദമായ ഒരു ലേഖനം ഇംഗ്ലീഷിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമത സംസ്ക്കാരം ക്രിസ്തുമതത്തോളം പഴക്കമുണ്ട്. യൂറോപ്പിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഭാരത മണ്ണിൽ ക്രിസ്തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ  സംസ്ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്തുമത സംസ്ക്കാരവും അലിഞ്ഞു  ചേർന്നിരുന്നു. മത പരിവർത്തന കോളനികൾക്ക് തുടക്കമിട്ടത് പോർട്ടുഗീസ്കാരായിരുന്നു. 1655-ലെ  ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്ത്യാനികളായവർ പോർട്ടുഗീസുകാരുടെ കീഴിൽ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തു. ഒരു പക്ഷെ കൂനൻ കുരിശു സത്യം പാശ്ചാത്യർക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റാൻ പോർട്ടുഗീസുകാർ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്ത്യാനികൾ ശബ്ദമുയർത്തിയത്. ക്രിസ്ത്യാനികളുടെ പോർട്ടുഗീസുകാർക്കെതിരെയുള്ള സമര പ്രഖ്യാപനം  പോർട്ടുഗീസുകാർ  കേരളം വിടാൻ കാരണമായി.

ദേശീയ ക്രിസ്ത്യാനികളുടെയിടയിൽ പ്രാബല്യത്തിലിരുന്നത് 'തോമസ് നിയമങ്ങളായിരുന്നു. തോമസ് നിയമങ്ങളനുസരിച്ച് സഭ സ്വതന്ത്രമായിരുന്നു.  സഭയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനായി  മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.  സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാൻ യാതൊരു അവകാശങ്ങളും പുരോഹിതർക്കുണ്ടായിരുന്നില്ല.

പോർട്ടുഗീസുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചു. കേരള നസ്രാണികൾ അതിനെ എതിർത്തിരുന്നു. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് സഭയുടെ ഭൌതിക കാര്യങ്ങളിൽ ബിഷപ്പുമാർക്ക് യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല.   ഇന്നുള്ള ബിഷപ്പുമാർ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങൾ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു.   ദേശീയപരമായ ഏതാശയങ്ങൾക്കും ബിഷപ്പുമാർ എതിരാണ്. കാരണം  മാർപ്പാപ്പാ അനുവദിച്ച  ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു   അവർക്കറിയാം. മാർപ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളിൽമേൽ മാർപ്പായ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലായെന്നേ'  വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

"മാധ്യമങ്ങൾ, പുരോഹിതരെ  സഭയുടെ നേതാക്കന്മാരായി വാർത്തെടുക്കുന്നു.  'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതർക്ക് സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്തവത്തിൽ അവർ ക്രിസ്ത്യൻ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ  വെറും കൂട്ടാളികൾ മാത്രമാണ്. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ് സഭയ്ക്കുള്ളത്.   ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികൾ തിരഞ്ഞെടുത്തവരല്ല. അവർക്ക് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേതൃത്വം ചമഞ്ഞ് ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാർപ്പാപ്പാ റോമിൽ നിന്ന് ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവർ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത് എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ  സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ   പൊതുജനങ്ങൾക്കും   സർക്കാരുകൾക്കുപോലും  യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ  പിൻഗാമിയായ മാർപ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്. ക്രിസ്തുവിന് ഭൗതികമായ സ്വത്തുക്കൾ യാതോന്നുമില്ലായിരുന്നു. അവൻ   ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു.  രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പിൽ നടക്കാൻ പരവതാനികൾ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതൽ സഭ രാജകീയമായി  റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീർന്നു. ആത്മീയതയെക്കാളുപരി   സഭയുടെ പ്രവർത്തനങ്ങൾ ഭൌതിക മണ്ഡലങ്ങളിലേയ്ക്ക് തിരിഞ്ഞു.  യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം  രാജ്യ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ് ഔദ്യോഗികമായി മാർപ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്. പടിഞ്ഞാറ് പേപ്പസ്സി  ഒരു രാജ്യമായി ഉയർന്നു.   പോപ്പ് ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങൾ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതൽ 1870 വരെ മാർപ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ് ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്. ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസികൾക്ക് സംസാരിക്കാൻ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങൾ നടത്താൻ ഓരോ രൂപതകൾക്കും ഭീമമായ തുകകൾ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്. കാനോൻ നിയമപ്രകാരം  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ബിഷപ്പുമാർ  സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്.  നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് രാജാവിനോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ബിഷപ്പുമാർ റോമ്മിലെ മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. വാസ്തവത്തിൽ ഇതൊരു ദേശദ്രോഹം കൂടിയാണ്.

ബിഷപ്പുമാർ മാർപ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയിൽ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിർക്കും.  ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്   ഇതുപോലെ  ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്  ഇന്ത്യൻ ദേശീയതയെ എതിർത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട  സഭയിലെ ഓരോ രൂപതയ്ക്കും  ആകാശം മുട്ടെയുള്ള പള്ളികൾ കൂടാതെ സ്കൂളുകളും ഹോസ്പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കണക്കില്ലാത്ത കോടി കണക്കിന് വാർഷിക വരുമാനവുമുണ്ട്. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിൻമേൽ സുരക്ഷിതവുമാണ്.  കാനോൻ നിയമം അനുസരിച്ച് ബിഷപ്പ് സഭയെ ഭരിക്കുന്നു.  അധികാര വികീന്ദ്രികരണമില്ലാതെ സർവ്വതും ബിഷപ്പിൽ നിഷിപ്തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാർപ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്. വിശ്വാസികൾ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളിൽ ബിഷപ്പുമാർക്ക് ക്രിസ്തു സഭകളിൽ യാതൊരു ഭൌതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങൾ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവൽക്കരിക്കുകയെന്നാൽ  സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ചും  നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സഭയിൽ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്മൃതിപോലെ കാനോൻ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്.   അല്മായർ സഭയ്ക്കുള്ളിൽ  ചണ്ഡാലന്മാർക്കു തുല്യവും.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്. അതേ സമയം പുരോഹിതർക്ക് ബന്ധപ്പെട്ട കുറ്റ വാളികളെ മറച്ചുവെച്ചുകൊണ്ട്  സർക്കാരിനെ  ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും.  ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറിൽ വായിക്കാറുണ്ട്. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാർക്ക് വടക്കേന്ത്യയിൽ എവിടെയെങ്കിലും ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടാൽ ക്രിസ്ത്യൻ മത പീഡനമെന്നു പറഞ്ഞ് പരേഡ് നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളിൽ നിന്നും ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവർക്ക് പണം ശേഖരിക്കാൻ പാലാ ബിഷപ്പ് ലോകത്തുള്ളവർക്കെല്ലാം ഈമെയിൽ അയച്ചു. മലയോരങ്ങളിലും  സഹ്യന്റെ താഴ്വരകളിലും  സുനാമി വരുക അസംഭാവ്യമാണ്. ഇങ്ങനെ സഭാധികാരികൾ നുണ പറഞ്ഞ് പടിഞ്ഞാറൻ രാജ്യങ്ങളെ പറ്റിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും  ഇന്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവർക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി  വരാറില്ല. ഒരു കുളിമുറിയ്ക്കകത്തു കന്യാസ്ത്രി മരിച്ചു കിടന്നു. വിഷം വയറ്റിൽ കണ്ടെങ്കിൽ വായിൽ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽക്കൂടി വിഷം കൊടുത്തുവെന്ന് ഇത് വ്യക്തമായ തെളിവാണ്.  അന്വേഷണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ  പോലീസ് ഉദ്യോഗസ്ഥർ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്. പോട്ടയിൽ ദുരൂഹ സാഹചര്യങ്ങളിൽ അനേകർ മരിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മരണങ്ങളിൽ പുരോഹിതർക്ക് കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്തു സഭകളും രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരിൽ നിന്നും ഒരു വിമോചന മുന്നണിയാണ് ഇന്ന് കാലത്തിന്റെ ആവശ്യം.  സമൂഹത്തിന്റെ ഭീമമായ സ്വത്ത് പുരോഹിത കൈവശമാണ്. സഭയുടെ സ്വത്തുക്കൾ പ്രിവിപെഴ്സെന്ന വിധം  അവരുടെയിഷ്ടത്തിനനുസരിച്ച് ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വൻ സ്വത്തുക്കൾ  കൈകാര്യം ചെയ്തു കൊണ്ട്  അവർ രാഷ്ട്രീയത്തിലേയ്ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും   ബ്ലായ്ക്ക് മെയിൽ ചെയ്യുന്നു. ചില രാഷ്ട്രീയക്കാർ അവരോടൊത്ത് നൃത്തം ചെയ്യുന്നു. ക്രിസ്ത്യാനിറ്റിയെന്നു പറഞ്ഞാൽ തികച്ചും ചർച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി.  ക്രിസ്ത്യൻ പുരോഹിതർ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്  ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളിൽ ആദ്ധ്യാത്മികത എവിടെയാണ് നിഴലിച്ചിരിക്കുന്നത്? കപടഭക്തരെയെന്ന് യേശു ക്രിസ്തു ഇവരെയാണ് വിളിച്ചത്. അന്ധൻ അന്ധനെ നയിക്കുന്നു. ക്രിസ്തു  ഇനി  വരുകയാണെങ്കിൽ സഭയുടെ കപടതയ്ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ പള്ളിയിൽ പോവുന്നവർ ചുരുക്കം. ദേവാലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്ത്ത് മൂന്നാം ലോകത്തിലാണ് കാണുന്നത്. ഒരിക്കൽ യൂറോപ്പിൽ കത്തോലിക്കാ സഭ വൻശക്തിയായിരുന്നു.  സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് മാർപ്പാപ്പായ്ക്ക് യൂറോപ്പ്യൻ  രാജ്യങ്ങളിൽ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്  സഭയിലെണ്ണം കൂട്ടാൻ  സഭയുടെ പ്രവർത്തനങ്ങൾ മൂന്നാം ലോകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.  അവർക്ക് സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്. അവരാഗ്രഹിക്കുന്നത് മത കൊളോണീലിസമാണ്.

സഭയുടെ പേരും പറഞ്ഞ് ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്കിയിട്ടുള്ളതാണ്. എന്നാൽ പുരോഹിതരും കന്യാസ്ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ  മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കർക്കും സ്കൂളുകളിലെ  ഭരണപരമായ അവകാശങ്ങളിൽ യാതൊരു പങ്കും നല്കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരിൽ മാത്രം നിക്ഷിപ്തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്ത നിയമങ്ങൾക്കെതിരാണ്. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച് പുരോഹിതർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം  സംരക്ഷിക്കേണ്ടതാണ്.നൂറു വർഷത്തിൽപ്പരമായ  കോളേജു ചരിത്രത്തിലും പ്രിൻസിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതർക്കു മാത്രം.  ബിൻലാദൻ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും  ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കി ഭരണം നടത്താൻ സാധിക്കും. വിദേശസംസ്ക്കാരം ഉൾപ്പെട്ട ഒരു സംസ്ക്കാരം ന്യൂനപക്ഷ സംസ്ക്കാരമാകുന്നതെങ്ങനെ?  ന്യൂനപക്ഷ സംസ്ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ   സംസ്ക്കാരം നിലനിർത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്ക്കാരം നശിപ്പിക്കുന്നവർക്കാകരുത്.    

കഴിഞ്ഞകാലങ്ങളിൽ  കൊളോണിയൽ അധികാരികളും മിഷ്യനറിമാരും  ഭാരതത്തിൽ മതം മാറ്റത്തിന് ശ്രമിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുക്കളിൽ നിന്നും കാര്യമായ മതം മാറ്റം ക്രിസ്ത്യാനികൾക്ക്  സാധിച്ചില്ല. വിവിധ സഭകൾ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്  മത പരിവർത്തനം  ചെയ്തത്. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതിൽ അവർ താൽപര്യം കാണിച്ചില്ല. അവർ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാൽ സംസാരിച്ചത്  യേശുവിനെപ്പറ്റിയല്ലായിരുന്നു.  യൂറോപ്പിൽ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്തുവില്ലായിരുന്നു.  

സെമറ്റിക്ക് മതങ്ങളും ഇന്ത്യൻ മതങ്ങളും തമ്മിൽ വലിയ വിത്യാസമുണ്ട്. പൌരാണിക സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക  ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യർ അളന്നിരുന്നത്  ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തിൽ പൊതുവായി ഇന്ന് മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്. യഹൂദ, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുൾപ്പെട്ട സെമറ്റിക്ക് മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക് മതങ്ങളിൽ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത് കാണാം. പല കാരണങ്ങളാൽ സ്ത്രീകളെ അടിച്ചു താഴ്ത്തുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും സ്ത്രീകൾക്ക്  സമത്വം കൽപ്പിക്കാത്തത് അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമൻ നിയമങ്ങൾ ക്രിസ്ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യൻ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളിൽ ഷാരിയാത്ത്  നിയമങ്ങളാണ് നടപ്പിലുള്ളത്.

ഭാരതീയ ആര്യ  ദ്രാവിഡ സംസ്ക്കാരത്തിലെ  ദേവി ദൈവങ്ങൾ കിഴക്കിന്റെ തത്ത്വങ്ങളാണ്. ദേവതകൾ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളർന്നിട്ടില്ല. ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവം പകുതി സ്ത്രീയും പകുതി പുരുഷനുമായി കാണാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള   തത്ത്വങ്ങൾ ഭാരതത്തിലെ ഋഷിമാരുടെ  ബൌദ്ധിക തലങ്ങളിൽനിന്നും പൊന്തി വന്ന ആശയങ്ങളാണ്. 'പരമാത്മാവെന്ന സങ്കല്പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക ആവശ്യങ്ങളിൽനിന്നും  ഉടലെടുത്തതാണ്. കിഴക്കിന്റെ മതങ്ങളിൽ ദേവതകൾ ദൈവത്തിനു തുല്യവുമാണ്. മനുഷ്യ സംസ്ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട് സൈബറനിക്ക്  യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തിൽ ശക്തിമാൻ   ശ്രേഷ്ഠനെന്നതു മാറി  ബൌദ്ധിക തലങ്ങളിലേക്ക് ശ്രേഷ്ഠത കല്പ്പിക്കാൻ തുടങ്ങി. ആധുനിക സമൂഹങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ലോകം തന്നെ ഇന്ന് അർദ്ധനാരീശ്വര  തത്ത്വത്തിലേയ്ക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ് കൃഷ്ണൻ, ഹൈന്ദവ  കേരളം.






Monday, April 13, 2015

ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ഒരു അവലോകനം



By ജോസഫ് പടന്നമാക്കൽ

മാർത്തോമ്മ സഭയുടെ  തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ഫീലിപ്പോസ് ക്രിസോസ്റ്റം  നാനാജാതി മതസ്ഥരടങ്ങുന്ന ഒരു ജനതയുടെ  പ്രിയങ്കരനും സഭയുടെ   ആത്മീയ നേതാവും  പൈതൃകമായ  പാരമ്പര്യത്തിലെ അപൂർവ്വ  വ്യക്തിത്വത്തിന്റെ ഉടമയുമാണ്.  ഒരു മുത്തച്ഛന്റെ സ്നേഹ വാത്സല്യങ്ങളോടെ   നീണ്ട കാലം സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത ശേഷം സഭയുടെ ഔദ്യോഗിക സ്ഥാന മാനങ്ങളിൽ നിന്നും സ്വയം സ്ഥാന ത്യാഗം ചെയ്യുകയാണുണ്ടായത്. സദാ പ്രസന്ന ഭാവത്തോടെ ജനങ്ങളുടെ മുമ്പിൽ വരുന്ന ഈ വലിയ  ആത്മീയ ആചാര്യന്  നർമ്മ ഭാവനകളോടെ  മറ്റുള്ളവരെ അസാമാന്യമായി ചിരിപ്പിക്കാനുള്ള കഴിവുമുണ്ട്. അത്   ജന്മസിദ്ധവുമാണ്. ഓരോ ഫലിതത്തിലും ആത്മാവിനു കുളിർമ്മ നല്കുന്ന ആത്മീയ മൂല്യങ്ങളും നിറഞ്ഞിരിക്കും. അസാധാരണമായ ഈ വ്യക്തി പ്രഭയെ  ജാതി മത ഭേദ മേന്യേ ആകമാന ജനം സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.


ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്താ (ഫിലിഫ്  ഉമ്മൻ) 1918 ഏപ്രിൽ 27 ന്  ജനിച്ചു.  അദ്ദേഹത്തിനു 97 വയസ് തികയുന്നു. 67 വർഷത്തോളം സഭയുടെ മെത്രാൻ പദവി അലങ്കരിച്ചു. അത് ഭാരത മെത്രാന്മാരുടെയിടയിൽ ഏറ്റവും നീണ്ട ഒരു കാലഘട്ടമാണ്. അജപാലകനായി ഭാരത ക്രിസ്ത്യൻ സഭകളിൽ മറ്റാരെക്കാളും  ദീർഘകാലം സഭയെ സേവിച്ചുവെന്നുള്ള   വ്യക്തിമുദ്രയും അദ്ദേഹത്തിനുണ്ട്.  ക്രിസോസ്റ്റം തിരുമേനി അല്ലെങ്കിൽ വലിയ തിരുമേനിയെന്ന് അജഗണങ്ങൾ   സംബോധന ചെയ്യുന്നു.  അദ്ദേഹത്തിന്റെ പിതാവ്  കെ.ഇ . ഉമ്മൻ കുമ്പനാട്ട് പള്ളിയിലെ വികാരിയായിരുന്നു.  അമ്മ ശോശാമ്മ കാർത്തികപ്പള്ളി  നടുക്കേൽ വീട്ടിൽ അംഗമായിരുന്നു. ഇരവിപൂരിലും കോഴഞ്ചേരിയിലും സ്കൂൾ വിദ്യാഭ്യാസം നടത്തി. ആലുവാ യൂണിയൻ  ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദമെടുത്തു. ചെറുപ്പകാലത്ത് സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലമായിരുന്നു. അക്കാലത്ത് സാമൂഹിക പരമായ പല പ്രസ്ഥാനങ്ങളിലും   ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടിരുന്നു.   ഇത്തരം സേവനങ്ങൾ അദ്ദേഹത്തെ സുവിശേഷ ജോലികളിൽ പ്രവർത്തിക്കാൻ കാരണമാക്കി.


1944 ജനുവരിയിൽ  മാർത്തോമ്മാ സഭയുടെ ഡീക്കനായും  പിന്നീട് അതേ വർഷം ജൂണിൽ കശീശായായും വാഴിച്ചു.  1953 ൽ റമ്പാച്ചനുമായി. 1953-ൽ  യൂഹന്നാൻ മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തിന് എപ്പിസ്ക്കൊപ്പൽ സ്ഥാനം കൊടുത്തു. 1954ൽ ബ്രിട്ടനിലെ കാൻബെറിയിലുള്ള സെന്റ്. അഗസ്റ്റിൻ കോളേജിൽ ദൈവ ശാസ്ത്രം പഠിച്ച് ബിരുദം നേടി. 1999-ൽ അലക്സാണ്ടർ മാർ മെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്തപ്പോൾ അദ്ദേഹത്തെ സഭയുടെ ഏറ്റവും ഉന്നത പദവിയായ  വലിയ മെത്രാപ്പോലീത്തായായി വാഴിച്ചു.


മാർ  ക്രിസോസ്റ്റം   ഹൃദയശുദ്ധി നിറഞ്ഞ, കപടതയറിയാത്ത   തുറന്നൊരു  പുസ്തകം പോലെയാണ്. ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ മഹനീയ വ്യക്തി പ്രഭാവമുള്ള ആദ്ധ്യാത്മിക ഗുരുവെന്നു പറഞ്ഞാലും അധികമാവില്ല. കുഞ്ഞുങ്ങളുടെ മനസുള്ള അദ്ദേഹത്തിൽ  ജ്വലിക്കുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണ്.  കാലത്തിനനുയോജ്യമായി സഭയെ നവീകരിക്കണമെന്ന സ്വപ്നമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ കാല ചിന്തകളെ താലോലിച്ചു കൊണ്ടുള്ള  സ്തുതിപാഠകരല്ല  സഭയ്ക്കാവിശ്യം മറിച്ച് തെറ്റുകളെ തിരുത്തി സഭയുടെ പരിശുദ്ധി വീണ്ടെടുക്കാൻ, നേരായ വഴിയെ നയിക്കാൻ  കഴിവും പ്രാപ്തിയുമുള്ള നേതൃത്വമാണ് സഭയ്ക്കാവശ്യമെന്നും  വിശ്വസിക്കുന്നു.


കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റിയും ചരിത്ര പശ്ചാത്തലത്തെപ്പറ്റിയും  ക്രിസോസ്റ്റത്തിനു പലതും പറയാനുണ്ട്.  ചരിത്രകാരുടെ കാഴ്ചപ്പാടിൽ എബ്രാഹം മൽപ്പാനു  രണ്ടു തരത്തിലുള്ള താല്പര്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മിഷിനറിമാരോടൊത്തുള്ള സഭാ പ്രവർത്തനമായിരുന്നു. രണ്ടാമത് അതിൽനിന്നും വ്യത്യസ്തമായി  മിഷിനറി  പ്രവർത്തനങ്ങളിൽ ഇടപെടാതെ  സ്വതന്ത്രമായ ഒരു സഭയായിരുന്നു. എന്നാൽ,  മിഷിനറിമാരിൽനിന്നും വേറിട്ട് സ്വതന്ത്രമായ ഒരു സഭയാണ് അന്നത്തെ നവീകരണ മാർത്തോമ്മാ സഭ തിരഞ്ഞെടുത്തത്.  വാസ്തവത്തിൽ ദളിതരോടുള്ള  വെറുപ്പുപോലെ  സഭയിലെ അംഗങ്ങൾക്ക്  മിഷിനറിമാരോടുണ്ടായിരുന്നില്ല.   സ്വാതന്ത്ര്യത്തെ  മാനിച്ചതു കൊണ്ടല്ല;  ദളിതരായവരെ സഭാകാര്യങ്ങളിൽ പങ്കുകൊള്ളിക്കാതെ ഒഴിവാക്കണമെന്ന ചിന്ത സഭയ്ക്കുണ്ടായിരുന്നുവെന്നും  ചിലർ  അനുമാനിക്കുന്നു.  'സഭയെ വിമർശിക്കുന്നതു  അംഗികരിക്കുന്നില്ലെങ്കിലും  അങ്ങനെയുള്ള അന്നത്തെ തീരുമാനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നു  ഗഹനമായി ചിന്തിക്കണമെന്നും' മാർ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ  സഭാ മക്കളോട്പറയുകയുണ്ടായി.


സുദീർഘമായ  സഭാ ഭരണത്തിന് വിരാമം കൽപ്പിച്ച്  തന്റെ സ്ഥാനമാനങ്ങളെല്ലാം പിൻഗാമിയെ എൽപ്പിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു, " സഭയെ നയിക്കാൻ താനിന്നും ശക്തനാണ്.  പക്ഷെ,  കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനമാണ് സഭയ്ക്കുള്ളത്. താൻ സഭയുടെ തലവനായി ആദ്യം ചുമതലയെടുത്ത നാളുകളിൽ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു കറിയാച്ചനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സഭയുടെ നന്മയ്ക്കായുള്ള സുപ്രധാന തീരുമാനങ്ങളിൽ ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല.  ഇന്നത്തെ സ്ഥിതി  അതല്ല. കറിയാച്ചന്മാരെക്കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു.  ദൈവ കൃപയും അരൂപിയും പഴയ കാല തീരുമാനങ്ങൾക്കൊപ്പം  സഭയിലുണ്ടായിരുന്നു. കാലം മാറി. കറിയാച്ചന്മാരുടെ  എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. തീരുമാനങ്ങൾ നടപ്പാക്കാൻ നൂറു കണക്കിന് കറിയാച്ചന്മാരുണ്ടായി." സ്വന്തം സഭയുടെ ഭാവിയിൽ ഈ ഋഷിവര്യൻ അസ്വസ്ഥനാണ്. സമാധാനവും സഹവർത്തിത്വവും  ഉൾക്കൊണ്ട  യേശു വിഭാവന ചെയ്ത സഭ അദ്ദേഹം മോഹിക്കുന്നു.   ഗ്രാമീണ ജനതകളുടെ ഹൃദയ സ്പന്ദനങ്ങൾ ആരും തിരിച്ചറിയുന്നില്ല. അവരുടെ അഭിപ്രായങ്ങൾ സഭ  ശ്രവിക്കാത്തതും  വില  കല്പ്പിക്കാത്തതും  ഈ അഭിവന്ദ്യ മെത്രാപ്പോലീത്തയെ  വേദനിപ്പിക്കുന്നുമുണ്ട്.


'സഭയിന്ന്  തത്ത്വങ്ങളെ ബലികഴിക്കുന്നുവെന്നും കള്ളം  മാത്രം പറയുന്ന ഒരു നേതൃത്വമാണ് സഭയെ നിയന്ത്രിക്കുന്നതെന്നും' മെത്രാപ്പോലീത്താ അടുത്തയിട കുറ്റപ്പെടുത്തുകയുണ്ടായി . താൻ സ്ഥാന മാനങ്ങളെ ഉപേക്ഷിച്ചത് കള്ളം പറയാൻ ബുദ്ധി മുട്ടായതുകൊണ്ടെന്നും അദ്ദേഹത്തെ അഭിമുഖ സംഭാഷണം നടത്തിയവരോട് പറയുകയുണ്ടായി. സത്യം മാത്രം കൈമുതലായുള്ള ഗ്രാമ വാസികളുടെ ഇടയിൽ സേവനമാണ് ശേഷിച്ച കാലം അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ  പരിശുദ്ധമായ സ്നേഹവും വാത്സല്യവും അദ്ദേഹത്തെ കൂടുതൽ കാലം ജീവിക്കാനും പ്രേരിപ്പിക്കുന്നു.


'മെത്രാപ്പോലീത്തായും കള്ളം പറയില്ലേയെന്നു' ആരോ അദ്ദേഹത്തോട് ചോദിച്ചു. ' ആരാണ് ഈ സത്യവാൻ'?    'ബാലനായിരുന്ന സമയം  താനും ഒരു കൊച്ചു കള്ളനായിരുന്നുവെന്നു' പറഞ്ഞു. കുസൃതി ചെറുക്കനും കള്ളന്മാരുടെ രാജാവുമായിരുന്നു. കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.സ്വന്തം അപ്പനോടും അമ്മയോടും ദൈവത്തോടുപോലും കള്ളം പറയുമായിരുന്നു.  മാരാമണ്‍  കണ്‍വൻഷൻ വരുമ്പോൾ അമ്മ നേർച്ചയിടാൻ ഒരണ (10 പൈസ) തരുമായിരുന്നു.  അമ്മേ  കപ്പലണ്ടി മുട്ടായി മേടിക്കാൻ ഒരണ കൂടി തരൂവെന്നു പറഞ്ഞാൽ 'അമ്മ' കേൾക്കില്ല, തരില്ല.  ഈ കൊച്ചു കള്ളൻ അരയണ ദൈവത്തിനു കൊടുക്കും. ദൈവത്തിന്റെ ബാക്കി അരയണ  കട്ട്  കപ്പലണ്ടി മുട്ടായി മേടിക്കുമായിരുന്നു.' കുരുത്തം കെട്ട  ഈ കൊച്ചുതെമ്മാടിയാണ് പിന്നീട്  മാർത്തോമ്മ സഭയുടെ അത്യുന്നത  പീഠം  അലങ്കരിച്ച് അജഗണങ്ങളെ  നയിച്ചതെന്നു  കേൾക്കുമ്പോൾ വിസ്മയം തോന്നും. 'ദൈവത്തിനെന്തിനാണ്,  പണമെന്ന്  ഇന്നും ഈ ആത്മീയ വിപ്ലവകാരി ചോദിക്കാറുണ്ട്.  ദൈവത്തിന്റെ പണം കട്ടവനേയെന്നു ആരെങ്കിലും പരിഹസിച്ചാൽ  കുസൃതി മാറാത്ത മായാത്ത  പുഞ്ചിരിയുമായി ഈ മുത്തച്ഛൻ മെത്രാപ്പോലീത്താ പറയും, 'മോനെ,  മനസറിഞ്ഞുകൊണ്ട്  ദൈവത്തിനു നാം പണം കൊടുക്കുന്നു. അവിടുന്നു  പണം ചോദിക്കുമോ?


യുവാവായിരുന്നപ്പോൾ തമിഴ്നാട്ടിലെ ഷോലാർ പേട്ടയിലെ റയിൽവേ  സ്റ്റേഷനിൽ പോർട്ടറായും ജോലി ചെയ്തു. അദ്ധ്വാനിച്ചും വിയർത്തും ഭക്ഷിച്ചാൽ അതിന് പ്രത്യേക രുചിയുണ്ടെന്നും പറയും. പെട്ടിക്കൂലിയുണ്ടാക്കാൻ ട്രെയിൻ വരുന്നത് കാത്തിരിക്കും.  ഒരിയ്ക്കൽ  പ്ലാറ്റ് ഫോമിൽ നില്ക്കവേ  പെട്ടി ചുമക്കാൻ പോർട്ടറെ നോക്കി  തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ ചുറ്റും നോക്കുന്നതു  കണ്ടു. ഈ പോർട്ടറു ചെറുക്കൻ അടുത്തു ചെന്നപ്പോൾ 'കൂലി എത്ര വേണമെന്ന്' തൊപ്പിക്കാരൻ  സാറ് ചോദിച്ചു. അങ്ങയുടെ ജോലിയിൽ  അര മണിക്കൂറുകൊണ്ട്   അങ്ങേയ്ക്കെന്തു ലഭിക്കുന്നുവോ  ആ  വേതനം തരൂവെന്നു ഈ  ചെക്കൻ മറുപടി പറഞ്ഞു. ഏതായാലും തൊപ്പിക്കാരനായ  യാത്രക്കാരൻ ആദ്യം നെറ്റി ചുളിച്ചെങ്കിലും  മറുപടി  നന്നേ ഇഷ്ടപ്പെടുകയും 'പെട്ടി' ചെക്കനെക്കൊണ്ട് ചുമപ്പിക്കുകയും ചെയ്തു. ചോദിക്കാതെ തന്നെ അധിക കൂലി കൊടുത്തപ്പോൾ അത് തിരിച്ചു കൊടുത്തുകൊണ്ട് 'സാറേ എനിയ്ക്ക് ജോലിക്കുള്ള കൂലി മതിയെന്നു' പറഞ്ഞു,  പെട്ടി ചുമന്ന യുവാവിനെ  യാത്രക്കാരൻ  അഭിനന്ദിക്കുകയും ചെയ്തു. കാലം മാറിയപ്പോൾ മനുഷ്യർ  ഗുണ്ടായിസം കളിച്ച്  നോക്കുകൂലിയെന്നു പറഞ്ഞും യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുന്നു.  പീഡിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഈ വന്ദ്യ പുരോഹിതനെ അവർ മാതൃകയാക്കിയിരുന്നെങ്കിൽ  നമ്മുടെ നാട് എത്ര മനോഹരമാകുമായിരുന്നു.


 യുവാവായിരുന്ന  കാലങ്ങളിൽ മെത്രാപ്പോലീത്താ  രണ്ടു പെണ്‍ കുട്ടികളെ  പ്രേമിച്ച കാര്യവും പറയും. ക്രിസോസ്റ്റം  പറയുന്നു, 'സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെവളോട് മൊട്ടിട്ട പ്രേമമായിരുന്നു. ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചിരുന്നു. ഈ പ്രേമം ഞങ്ങളാരോടും പുറത്തു പറഞ്ഞില്ല. അവൾ അവളുടെ വഴിയെ പോയി.'   ഒരിക്കൽ കുർബാന വേളയിൽ കണ്ണുകളുടെ ചിമ്മലുകൾ  കൊണ്ട് അവളെ നോക്കിയ കാര്യവും ഫലിത പ്രിയനായ  മെത്രാപ്പോലീത്തായ്ക്ക് തുറന്നു പറയാനും മടിയില്ല. ഒരു ദളിത യുവതിയോട് പ്രേമമുണ്ടായിരുന്ന  കഥയും പറയും. അവളന്നു  വീട്ടു ജോലി ചെയ്യാൻ വരുന്ന ജോലിക്കാരിയായിരുന്നു. 'യുവത്വത്തിന്റെ ലഹരിയിൽ തിളച്ചുവന്ന  ആ  പ്രേമത്തിന്റെ വില്ലന്മാർ തന്റെ മാതാപിതാക്കളും സഹോദരരുമായിരുന്നുവെന്നു' മെത്രാപ്പോലീത്താ  ഇന്നും  പറയും. അക്കാലത്ത്  സ്നേഹിക്കുകയെന്നത് സാമൂഹിക  മാമൂലുകളുടെ കാഴ്ച്ചപ്പാടിൽ  കുറ്റകരമായിരുന്നു. ജാതി വ്യവസ്ഥതിയുടെ സങ്കീർണ്ണതയിൽ  ഒരു ദളിത പെണ്ണിനെ വിവാഹം കഴിച്ചാൽ സ്വന്തം കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമായിരുന്നു.   പ്രേമത്തിന്റെ പേരിൽ ഒരു കൊടുംകാറ്റുതന്നെ  അന്ന് ആ വീട്ടിൽ ഉണ്ടായി. മനുഷ്യൻ മനുഷ്യനെ രണ്ടായി കാണുന്ന കാലവും. അതുകൊണ്ട് അഴകപ്പനെന്ന ദളിതന്റെ മകളെ  വിവാഹം കഴിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.  മാതാപിതാക്കളുടെയും  കൂടപ്പിറപ്പായ ഒരു സഹോദരന്റെയും  ശക്തിയായ പ്രേരണ അവരുടെ പ്രേമത്തെ തകർത്തു കളഞ്ഞു.  ഈ കഥ പറയുമ്പോഴും ആ വന്ദ്യ വയോധികന്റെ തിളക്കമാർന്ന കണ്ണുകൾക്ക്   ഒരു പ്രത്യേകതയും കാണാം.


'സദാ സമയവും  ദൈവമേയെന്നു വിളിച്ച് ദൈവത്തെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നതെന്നും'   മെത്രാപ്പോലീത്താ  ചോദിക്കുന്നു. 'നമുക്കാവശ്യമുള്ളത് എന്തെന്ന് ദൈവത്തിനറിയാം. തുടർച്ചയായി ദൈവത്തെ വിളിച്ച്  മുറവിളി കൂട്ടുന്ന സമയം കർമ്മ നിരതനാവൂയെന്ന്' ഈ ആചാര്യൻ സഭാ മക്കളെ ഉപദേശിയ്ക്കുന്നു.  'കടമകൾ പൂർത്തിയാക്കൂയെന്നു പറഞ്ഞാൽ സർവ്വതിനും  ദൈവത്തോടായി പ്രാർത്ഥിക്കുന്ന ജനത്തിന് മനസിലാവില്ലെന്നും' അദ്ദേഹം പറയുന്നു.  'കറിയാച്ചന്മാരുടെ ഒഴുക്കു കാരണം   മെത്രാപ്പോലീത്തായെ ആരും ശ്രദ്ധിക്കുകയുമില്ല.  സഭ ശരിയായ ദിശയിലല്ല  പോവുന്നതെന്നും കറിയാച്ചന്മാർക്ക് മനസിലാവുമില്ല. അധികാര ഭ്രാന്തു പിടിച്ചവരാൽ സഭ നിറഞ്ഞിരിക്കുന്നു.'


ക്രിസോസ്റ്റം   മെത്രാപ്പോലീത്ത പറഞ്ഞ  ഒരുപമ  ചിന്തനീയവും രസാവഹവുമായിരിക്കുന്നു.  'പണ്ടു കാലങ്ങളിൽ തിരുവനന്തപുരത്തു പോവുന്നവർ അവിടുത്തെ നിരവധി കാഴ്ചകൾ കാണുമായിരുന്നു. രാജകീയ വീഥികൾ, കാഴ്ച ബംഗ്ലാവ്, കവടിയാർ, കനകക്കുന്നു കൊട്ടാരങ്ങൾ, പത്മാനാഭ ക്ഷേത്രം, ആറാട്ടുത്സവം   അങ്ങനെയങ്ങനെ  പലതും പോവുന്നവരുടെ ദൃഷ്ടിയിൽ ഹരമായിരുന്നു. എന്നാൽ നമ്മുടെ മഹാനായ മോനിച്ചൻ പോയപ്പോൾ വരിക്ക പ്ലാവും അതിലെ ചക്കകളും അതിൽ ചാരിയിരിക്കുന്ന എണിയുമേ  കണ്ടുള്ളൂ. മറ്റൊന്നും മോനിച്ചന് കാണേണ്ടാ. അറിയേണ്ടാ. എല്ലാ കറിയാച്ചന്മാരും ഇതേ സ്വഭാവ ഗുണങ്ങളുള്ളവരാണ്. അവരെല്ലാം കണ്ടില്ലാന്നു നടിക്കുന്ന ഏതോ നേത്ര രോഗം ബാധിച്ചവരെപ്പോലെയാണ്.  ലോകത്തിന്റെ മാറ്റങ്ങളും കാഴ്ചപ്പാടുകളും  ഗ്രഹിക്കാതെ, ഗൗനിക്കാതെ യാഥാസ്ഥിതിക ലോകത്ത് ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്നു.'


2008-ൽ  ഫീലിപ്പോസ് മാർ ക്രിസോസ്റ്റം   വലിയ മെത്രാപ്പോലീത്തായ്ക്ക്  90 വയസ് തികഞ്ഞതിന്റെ സ്മാരകമായി  ജാതി മത ഭേദ മേന്യേ 1500 ദരിദ്ര കുടുംബങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതിയാരംഭിച്ചു.  നവതി പ്രോജക്റ്റെന്ന പേരിൽ  ഈ സാമൂഹിക പ്രസ്ഥാനത്തെ അറിയപ്പെടുന്നു. ഓരോ വീടിന്റെയും നിർമ്മാണ ചെലവ് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയായിരുന്നു. സഭയിലെ അംഗങ്ങൾ ഉദാരമായി സംഭാവന ചെയ്യുകയും  പ്രോജക്റ്റ് വിജയ പ്രദമാക്കുകയും ചെയ്തു. മത സൗഹാർദത്തിന്റെ പ്രതീകമായി ഇന്ന് നവതി പ്രൊജക്റ്റ്  നിലകൊള്ളുന്നു.


മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലോ ഒരു പ്രത്യേക ജാതിയിലോ  ഒതുങ്ങി നില്ക്കുന്നതല്ല റെവ. മാർ  ക്രിസോസ്റ്റം    മെത്രാപ്പോലീത്തായുടെ  ലോകം. അദ്ദേഹത്തിൻറെ അജഗണങ്ങളിൽ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ  വിത്യാസമില്ല.  അമൃതപുരിയിൽ സുധാമണിയമ്മയുടെ ആശ്രമത്തിൽ പോയി അവിടുത്തെ ഭജനയിൽ പങ്കുകൊണ്ടതും അതിനൊരു ഉദാഹരണമാണ്. സുധാമണിയമ്മയെ  ക്രിസോസ്റ്റം    മെത്രാപൊലീത്ത അഭിനന്ദിക്കുകയും ചെയ്തു. 'ആശ്രമത്തിലെ ഈ അമ്മയ്ക്ക് ലോകം മുഴുവൻ ഒറ്റ കുടുംബമായി കാണാൻ സാധിച്ചുവെന്നും' മാർ ക്രിസോസ്റ്റം  പറഞ്ഞു. പരസ്‌പരം യുദ്ധം ചെയ്യുന്ന ഒരു ലോകത്തെപ്പറ്റി പത്രങ്ങളിൽ നാം വായിക്കുമ്പോൾ ജാതി മത ഭേദമില്ലാതെ ഈ ആശ്രമ വളപ്പിൽ ജനം തടിച്ചു കൂടുന്നതും  മെത്രാപ്പോലീത്തായെ ആകർഷിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ ജനതകളെ ഉദ്ധരിക്കുന്ന പദ്ധതികളിലും  ബൃഹത്തായ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളിലും  കർമ്മ നിരതയായി പ്രവർത്തിക്കുന്ന  സുധാമണിയമ്മയെ  വിലമതിക്കുകയും ചെയ്തു.  സുനാമി വന്നപ്പോൾ  ഭവനരഹിതരായവർക്ക്   ആയിരക്കണക്കിന് വീടുകൾ വെച്ചു കൊടുത്തതും ആലപ്പാട് പഞ്ചായത്തിൽ ആശ്രമം വക പാലം തീർത്തതും പരോപാകാര പ്രവർത്തികളായി  കാണാനുള്ള സഹൃദയ മനസ് മെത്രാപ്പോലീത്തായ്ക്കുണ്ടായിരുന്നു. ആശ്രമങ്ങളിലെ ഭജനകളിൽ  ഒരു ബിഷപ്പ്  സംബന്ധിക്കുകയെന്നതും അദ്ദേഹത്തിൻറെ വിശാല മനസ്ക്കതയെ കാണിക്കുന്നു.


മെത്രാപ്പോലിത്തൻ ക്രിസോസ്റ്റനെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളുമായി  ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകൾ ഇനിയും നിറയാനിരിക്കുന്നു.  അദ്ദേഹവുമായി ആത്മാർത്ഥമായി  ഇടപെടുന്നവർക്ക്  തങ്ങളുടെ വീക്ഷണ ചിന്താഗതിയിലും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും   ദൈവ ശാസ്ത്രത്തിലും മാറ്റങ്ങൾ  സംഭവിച്ചു പോകും.  ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ഭജനയിലൊ ഉത്സവങ്ങളിലോ ഓണത്തിനോ സംബന്ധിച്ചാൽ സഭയിൽ നിന്ന് വിലക്ക് കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. കുംബമേളയും ഗംഗാ സ്നാനവും ത്രിവേണി സംഗമവും ക്രിസ്ത്യാനികൾക്ക് നിഷിദ്ധങ്ങളാണ്.


ഒരു പുരോഹിതന്റെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി.  ക്രിസോസ്റ്റത്തെപ്പറ്റിയുള്ള  പരാമർശനമാണ്  അതിലുള്ളത്. അന്ന് ആ പുരോഹിതനു കൽക്കട്ടായിൽ മിഷനറി പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ടായി. അതിനായി അനേക ആശ്രമങ്ങൾ സന്ദർശിച്ചു.  ഹിന്ദു പണ്ഡിതരുമായി വാദ വിവാദങ്ങളിൽ ഏർപ്പെട്ട്  ഹൈന്ദവതത്ത്വങ്ങളെപ്പറ്റി പഠിക്കണമെന്നും ആഗ്രഹിച്ചു.  ഒടുവിൽ 'സത്നാ ആശ്രമത്തിൽ' ചേരാനുള്ള  അനുവാദം സഭയോട് ചോദിച്ചു. അത്തരം ഒരു തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ കല്ക്കട്ടായിലെ ഈ പുരോഹിതന്റെ ഇടവക  സന്ദർശിച്ചിരുന്നു.  മിഷനറിയാകാനുള്ള തന്റെ ആഗ്രഹത്തിനെതിരെ മെത്രാപ്പോലീത്താ കടും പിടുത്തം പിടിക്കുമെന്നാണ് ഓർത്തത്.  തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ക്രിസോസ്റ്റം മെത്രാപോലീത്താ  അർത്ഥവത്തായി  പുഞ്ചിരിച്ചുകൊണ്ട് മൗനാനുവാദം നൽകുകയാണുണ്ടായത്. അതിനായി 'പ്രയാഗിൽ' പോവണമെന്നറിയച്ചപ്പോൾ  ക്രിസോസ്റ്റത്തിനും കൂടെ പോവണമായിരുന്നു. പുരോഹിത വേഷത്തിൽ രണ്ടു പേരെ കണ്ടാൽ മറ്റുള്ള സന്യാസിമാർ എന്തു വിചാരിക്കുമെന്നുള്ള ചിന്തകളും അലട്ടിയിരുന്നു. അത്യാഹ്ലാദത്തോടെ  കുംബമേളയിൽ ക്രിസോസ്റ്റം   സംബന്ധിച്ചതും പുരോഹിതനിൽ അതിശയമുണ്ടാക്കി. മെത്രാപ്പോലീത്ത  അന്നവിടെ കണ്ട  ഓരോ സന്യാസിമാരോടും  ഹലോ പറഞ്ഞു. മേളയിൽനിന്നു  ഗീതയും പുരാണങ്ങളും മറ്റു വിശുദ്ധ പുസ്തകങ്ങളും വാങ്ങിച്ചു. ചില സ്വാമിമാരുടെ പ്രസാദവും മധുര വിഭവങ്ങളും ബഹുമാന പൂർവ്വം വാങ്ങി ഭക്ഷിച്ചു.  കൂടെയുണ്ടായിരുന്ന പുരോഹിതൻ പ്രസാദം മേടിക്കാൻ മടി കാണിച്ചപ്പോൾ ക്രിസോസ്റ്റം  തല കുലുക്കി കണ്ണുകാണിച്ച് മേടിക്കാൻ പറഞ്ഞു. പ്രസാദം കളയാൻ തുടങ്ങിയപ്പോൾ 'ഇതു നല്ല രുചിയുള്ളതാണ്, കഴിക്കാൻ' ആവശ്യപ്പെട്ടു. ഭക്ഷണ വസ്തുക്കൾ അവിശുദ്ധങ്ങളായി ദൈവം കൽപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. അന്നുമുതൽ കൂടെ നടന്ന  പുരോഹിതന്റെ മനസ്സിലുണ്ടായിരുന്ന സങ്കുചിത ചിന്താഗതികൾക്ക് മാറ്റം വന്നുവെന്നും ആ കുറിപ്പിലുണ്ട്.


യാഥാസ്ഥിതിക  ലോകത്തെ ഇത്രമാത്രം വെല്ലു വിളിച്ച മറ്റൊരു മെത്രാൻ ഭാരത സഭകളിൽ ഉണ്ടായിരിക്കില്ല.തൊണ്ണൂറ്റിയേഴാം  പിറന്നാളിന്റെ കൈത്തിരിയുമായി എത്തുന്നവരോട് ഈ അജപാലകന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിങ്ങനെ,  എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം ,  അസുഖം വരുമ്പോൾ ചീകത്സിക്കാനുള്ള സൌകര്യങ്ങൾ, ആശുപത്രികൾ, ഇത്രയും കാര്യങ്ങൾ  സ്വപ്നം കാണുന്നു.   ഇത് മാർ ക്രിസോസ്റ്റമെന്ന, വിശ്വാസത്തിന്റെ പാത താണ്ടിയ ഒരു നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഏതു സമുദായത്തിനും സ്വീകാര്യനായ ഒരു വ്യക്തി ആരെന്നു ചോദിച്ചാൽ അത് മാർത്തോമ്മാ സഭയുടെ പുണ്യാചാര്യനായ ക്രിസോസ്റ്റം വലിയ തിരുമേനി മാത്രമെന്നാണ്  ഉത്തരം.  

1952 Photo of Chrysostom  




Tuesday, April 7, 2015

ശ്രീ പി.സി.ചാക്കോ പടന്നമാക്കൽ, എന്റെ ഓർമ്മക്കുറിപ്പുകൾ

   
ക്ലാസിക്കൽ നോവൽ  രചയിതാക്കളിൽ പ്രസിദ്ധനായിരുന്ന   ശ്രീ പി.സി.ചാക്കോ, പടന്നമാക്കലിനെപ്പറ്റിയുള്ള ഓർമ്മകൾ ഞാനിവിടെ കുറിക്കട്ടെ.  ജീവിച്ചിരുന്ന കാലങ്ങളിൽ അദ്ദേഹം എന്നും  പ്രിയപ്പെട്ട എന്റെയൊരു അമ്മാവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പ്‌  കുടുംബചരിത്രത്തിൽ എന്റേതായ ശൈലിയിൽ  ഞാൻ എഴുതിയിട്ടുണ്ട്. അക്കാലത്തെ  ഫാഷൻ ലോകത്തിനനുയോജ്യമായി  വേഷങ്ങൾ  ധരിച്ച് പൊതുസദസുകളിൽ കാണപ്പെട്ടിരുന്ന അദ്ദേഹം ഏവരുടെയും പ്രിയങ്കരനും സമകാലികരാൽ ആദരണീയനുമായിരുന്നു. കാഞ്ഞിരപ്പള്ളി കുന്നുഭാഗത്തുള്ള സർക്കാർ ആശുപത്രിയ്ക്കു സമീപം കെ.കെ. റോഡിനഭിമുഖമായി കാണുന്ന മൂന്ന് പോർട്ടിക്കോകളോടു കൂടിയ വീട്ടിലായിരുന്നു അദ്ദേഹത്തിൻറെ  അന്ത്യനാളുകളിൽ കഴിച്ചു കൂട്ടിയിരുന്നത്.  അന്നത്തെ പ്രധാന സുഹൃത്തുക്കൾ കാഞ്ഞിരപ്പള്ളിയിലെ പൂവഞ്ചി തോമ്മാച്ചനും കരിപ്പാപറമ്പിൽ മൈക്കിൾ വക്കീലും പറമ്പിൽ തോമ്മാച്ചനും, കിഴക്കെമുറിയിൽ ചെറിയാൻ സാറും മടുക്കക്കുഴി മാണിക്കുട്ടി വൈദ്യനുമായിരുന്നു. മരിക്കുന്നസമയം കാഞ്ഞിരപ്പള്ളി ഫൊറോനായുടെ ട്രസ്റ്റിയും  കൂടാതെ  കോളേജിന്റെ മാനേജ്മെന്റ് കമ്മറ്റിയിലെ ചുമതലകളും വഹിച്ചിരുന്നു.


എന്റെ ബാല്യകാല  ചിന്തകളിലേയ്ക്ക്  പിന്തിരിഞ്ഞു നോക്കുമ്പോൾ  ഞാനന്ന്   ഭാഗ്യവാനായിരുന്നുവെന്ന് പലപ്പോഴും ഓർത്തു പോയിട്ടുണ്ട്.  കുഞ്ഞൂഞ്ഞു പാപ്പൻ, കുട്ടിച്ചായൻ, ഇഞ്ചിക്കാല പേരമ്മ, മറിയേളമ്മ  എന്നിവരെല്ലാം  ജീവിച്ചിരുന്ന കാലങ്ങളിൽ എന്നോട്  പ്രത്യേകമായ വാത്സല്യം പുലർത്തിയിരുന്നു. ഒരു അമ്മായിമാരും  അമ്മാവന്മാരും വിദ്യോഷത്തോടെയോ സ്നേഹമില്ലാതെയോ ഒരിയ്ക്കലും പെരുമാറിയിട്ടില്ല.   ഓരോരുത്തരെയും പ്രത്യേകമായി  വിലയിരുത്തി പറയാനും   കഥകളേറെയുണ്ട്. എന്റെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള വസ്തുതകൾ  ഓർമ്മകളുടെ സുവർണ്ണ കൂടാരത്തിൽ ഇന്നും സുരക്ഷിതമായി തന്നെ സൂക്ഷിച്ചിരിക്കുന്നു. ഓളങ്ങളും താളങ്ങളും ഇടിനാദങ്ങളും മിന്നലുകളും ഘോര ഘോര രാത്രികളും കടന്ന് ഞാനും ഇന്ന് വാർദ്ധക്യത്തിന്റെ ചെങ്കോൽ കൈകളിൽ പിടിക്കാൻ തുടങ്ങി. അപ്പോഴാണ് പഴങ്കാല ഓർമ്മകൾ എന്റെ മനസ്സിൽ വീണ്ടും  കൂടു കെട്ടാൻ തുടങ്ങിയത്.


തൊടുപുഴ   മാർത്തോമ്മായുടെയും  മറ്റനേക എസ്റ്റെറ്റുകളുടെയും  ചുമതലയോടെ കുട്ടിച്ചായൻ (പി.സി.ചാക്കോ)  സൂപ്രണ്ടട്, ഡയറരക്റ്റർ   എന്നീ നിലകളിൽ ചുമതലകൾ വഹിച്ചിരുന്ന  കാലത്ത്  അദ്ദേഹത്തിനു സഞ്ചരിക്കാൻ  ആധുനിക രീതിയിലുള്ള  പുത്തനായ  ഒരു പോണ്ടിയാക്ക് കാറുമുണ്ടായിരുന്നു. ഓടിക്കാൻ സ്ഥിരം ഒരു ഡ്രൈവറും.  കാറിൽ അദ്ദേഹം സഞ്ചരിക്കുമ്പോൾ  ദൈവം പോലെയോ ഒരു വി.ഐ.പി. പോകുന്നപോലെയോ  ജനം നാലു വശത്തൂനിന്നും ഉപചാര പൂർവ്വം നോക്കി നിൽക്കുന്നതും ഓർക്കുന്നുണ്ട്.' യേമ്മാൻ' എന്നായിരുന്നു അന്നത്തെ റൈറ്റർമാർ തൊട്ടു  തോട്ടം തൊഴിലാളികൾ വരെ ഈ ഇച്ചായനെ  സംബോധന ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം പോണ്ടിയാക്ക് കാറിൽ ഞാനും സഞ്ചരിക്കുമ്പോൾ കയ്യിൽ ഒന്നുമില്ലാത്ത എന്നെയും ജനം ഒരു കുട്ടി പണക്കാരനെപ്പോലെ ആദരിച്ചിരുന്നതും ഓർക്കുന്നു. ചില ദളിതരായ തൊഴിലാളികൾ  തമ്പുരാൻ കുട്ടിയെന്നു വിളിയ്ക്കുമ്പോൾ ഞാനും ഞെളിഞ്ഞിരുന്നു. അത്തരം അപരിഷ്കൃത വിളികൾ കാലത്തിന്റെ മുന്നോട്ടത്തിൽ കേരള മണ്ണിൽനിന്നും  തുടച്ചു മാറ്റിയതിലും അഭിമാനവുമുണ്ട്.  ചാതുർവർണ്യത്തിൽ  അവരുടേതല്ലാത്ത കുറ്റങ്ങൾകൊണ്ട്  അടിച്ചമർത്തപ്പെട്ട  ഒരു   ജനതയുടെ വറ്റാത്ത കണ്ണുനീരും ആ പ്രദേശങ്ങളിൽ ഇന്നും  തളം കെട്ടി നിൽക്കുന്നുണ്ടാവാം.


ഓർമ്മയിൽ  ആദ്യമായിട്ട്  ആശുപത്രി പടിക്കൽ ഇച്ചായനെപ്പറ്റി  ഞാൻ കേൾക്കുന്നത് എന്റെ അമ്മച്ചിയിൽ നിന്നായിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള  ഒർമ്മകൾതുടങ്ങുന്നതും കാഞ്ഞിരപ്പള്ളിയിൽ കടമപ്പുഴപ്പാലത്തിനു സമീപമുള്ള വീട്ടിൽ എന്റെ ഇച്ചായനും അമ്മച്ചിയുമൊത്തു  താമസിക്കുന്ന കാലങ്ങളിലായിരുന്നു.  അന്നെനിയ്ക്ക് നാലിനും അഞ്ചിനുമിടയിൽ പ്രായം. കുന്നുംഭാഗത്തു സർക്കാർ ആശുപത്രിയ്ക്കു  സമീപമുള്ള വിസ്തൃതമായ പുരയിടത്തോടുകൂടിയ മൂന്നു പോർട്ടിക്കോ സഹിതമുള്ള  തറവാട്ടു വീട്ടിൽ അന്ന്  പി.സി. ചാക്കോ കുടുംബസഹിതം താമസിച്ചിരുന്നു. ഇച്ചായന്റെ ചേട്ടനായ അദ്ദേഹത്തെയും   ഇച്ചായനെന്നു  ഞാനും വിളിച്ചിരുന്നു. തിരിച്ചറിയാൻ പേരിന്റെ കൂടെ 'ആശുപത്രിപ്പടിക്കൽ ഇച്ചായൻ' എന്നും ചേർത്തിരുന്നു. എന്റെ അന്തരിച്ച ചേട്ടൻ ചാക്കൊച്ചൻ   സമയം  ചിലവഴിച്ചിരുന്നത് സ്ഥിരം ആശുപത്രി പടിക്കൽ വീട്ടിലായിരുന്നു . അവിടുത്തെ തോമ്മാച്ചൻ മുതലുള്ള കസ്യൻസ്  എന്റെ ചേട്ടൻ  ചാക്കോച്ചന്റെ   ബെസ്റ്റ് ബഡീസായിരുന്നു. ഇളയമക്കളായ  കസ്യൻസ്  ജോർജുകുട്ടിയും  ചാണ്ടിക്കുഞ്ഞും എന്റെ കളിക്കൂട്ടുകാരും. നാലും അഞ്ചും വയസുള്ള  അവരുടെ  സമപ്രായക്കാരനായ ഞാൻ  കാൽപ്പാദം വരെയുള്ള  ഷർട്ടിട്ടു അവരോടൊപ്പം കളിക്കുന്നതും ഓർമ്മിക്കുന്നുണ്ട്.


എന്റെ അമ്മച്ചിയുടെ കൈകളിൽ പിടിച്ച് ആശുപത്രി പടിക്കൽ പുളിമാക്കൽ ഉണ്ടായിരുന്ന വീട്ടിൽ നിന്നും  ഒരു ഇടവഴിയിൽക്കൂടി നടന്നുപോവുന്നതും  ഇന്നലെകളിലെ കഥകളായി  മനസ്സിൽ  അവശേഷിക്കുന്നു.  കാലത്തിന്റെ പുരോഗതിയിൽ ആ വഴികൾ  ഇന്ന് താറിട്ട പെരുവഴികളായി മാറിക്കഴിഞ്ഞു.  ഒരു ചെട്ടിയുടെ കടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞുള്ള  കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിൽക്കൂടി   മടുക്കക്കുഴി കുഞ്ഞെപ്പു ചേട്ടന്റെയും മാണിക്കുട്ടി വൈദ്യന്റെയും  വെളുത്ത ചൊവോന്റെയും പടന്നമാക്കൽ  കുഞ്ഞാക്കൊ പാപ്പന്റെയും വീടുകൾ കടന്ന് ഇച്ചായന്റെ കുന്നു ഭാഗത്തുള്ള ഭവനത്തിൽ അന്ന് എത്തിയിരുന്നതും  ഓർക്കുന്നു.


എന്റെ  അമ്മച്ചിയും  എന്റെ  ഇച്ചായനും തമ്മിൽ വഴക്കടിക്കുമ്പോൾ എന്നെ കയ്യേൽ പിടിച്ചു അമ്മച്ചി കുന്നുംഭാഗത്തുള്ള  വീട്ടിൽ  ഓടുന്നതും ഓർക്കുന്നുണ്ട്.   വാശിയുടെ കാര്യത്തിൽ പടിഞ്ഞാറുകാരത്തി  അമ്മച്ചി ഒട്ടും പുറകിലല്ലായിരുന്നു. വഴക്കു കഴിഞ്ഞു  ഇച്ചായന്റെ ദ്വേഷ്യം പോയാലും  ഏതാനും ദിവസങ്ങൾ കഴിഞ്ഞാലും  അമ്മച്ചിടെ വാശി പോവില്ലായിരുന്നു. ഒരാഴ്ചയിൽ കൂടുതൽ അമ്മച്ചി അവരുടെ വീട്ടിൽ  താമസിക്കും.  ഇച്ചായൻ പല പ്രാവിശ്യം ജോലിക്കാരെ വിട്ടു വിളിപ്പിച്ചാലും പോവില്ല. അവിടുത്തെ ജന്നാൽ പടികളിൽ നിന്ന്  എന്തൊക്കെയോ പറഞ്ഞ് അവരെ അമ്മച്ചി മടക്കിയയക്കുമായിരുന്നു. ഒടുവിൽ 'പെണ്ണമ്മേ  നീ പുളിമാക്കൽ പോ, അയൽവക്കക്കാർ  പെണ്ണമ്മ പെണങ്ങി വന്നതെന്ന് ചോദിക്കുന്നുവെന്ന് "ആശുപത്രി പടിക്കൽ ഇച്ചായൻ പറഞ്ഞാലെ   എന്റെ അമ്മച്ചി അനുസരിച്ചിരുന്നുള്ളൂ.  എന്റെ ഇച്ചായനു  തോറ്റു കൊടുത്തുവെന്ന  മിഥ്യാഭിമാനത്തോടെ മടങ്ങി വരുന്ന അമ്മച്ചിയോട് അന്നേ ദിവസം ഇച്ചായൻ  വഴക്കുണ്ടാക്കുമായിരുന്നില്ല.


കുട്ടിച്ചായനെ എന്റെ കസ്യൻസിൽ ചിലർ പേരപ്പനെന്നു വിളിച്ചിരുന്നു. ആ വിളി അദ്ദേഹത്തിന്   ഇഷ്ടപ്പെടുമായിരുന്നില്ല. ഇച്ചായനെന്നു വിളിക്കുന്നതായിരുന്നു ഇഷ്ടം. എന്റെ ഇച്ചായനും അതേ സ്വഭാവം തന്നെയായിരുന്നു. അങ്ങനെയാരെങ്കിലും വിളിച്ചാൽ ചുറ്റുപാടുകൾ നോക്കാതെ മലയാളത്തിലെ ആദ്യത്തെ അക്ഷരം മുതലുള്ള അറിയാവുന്ന സരസ്വതി പുരാണം ഞങ്ങളുടെ ഇച്ചായൻ ഉരുവിടുന്നത് കേൾക്കാമായിരുന്നു. കുട്ടിച്ചായനു സമൂഹത്തിൽ ഉയർന്നവരുമായി മാത്രം ബന്ധങ്ങളുണ്ടായിരുന്നതിനാൽ ഇത്തരം നീരസങ്ങളായ കാര്യങ്ങളിൽ പ്രതികരിക്കില്ലായിരുന്നു. എങ്കിലും മനസ്സിൽ സൂക്ഷിക്കുമായിരുന്നു.


ഇന്നുള്ളവരിൽ ചിലർ കൊച്ചാണെന്നറിയിക്കാൻ ഇളയത്തുങ്ങളെയും ചേച്ചി, ചേട്ടനെന്നു വിളിക്കുന്നത്‌ കാണാം. അമേരിക്കൻ ഐക്യനാടുകളിൽ എത്ര പ്രായം കൂടിയവരെയും പേരാണ് വിളിക്കാറുള്ളത്‌. അങ്കിളെന്നു വിളിച്ചാൽപ്പോലും സായിപ്പ് ചൂടാകും. അതുപോലെ ഞങ്ങളുടെ തലമുറയും ഇച്ചായന്റെ തലമുറയും പ്രായം കൂടിയവരെയും പേരുമാത്രം വിളിച്ചിരുന്നു. ഞങ്ങൾ സഹോദരങ്ങളും കസ്യൻസ് തമ്മിലും പ്രായവിത്യാസം ഉണ്ടെങ്കിലും ചേട്ടാ,ചേച്ചി കൂട്ടി ഒരു വിളിയില്ലായിരുന്നു. പതിനേഴു വയസു മൂപ്പുകൂടുതലുള്ള ചേട്ടൻ ഇച്ചായനെ എന്റെ ഇച്ചായൻ ഒരു പേരും വിളിക്കുന്നത് കേട്ടിട്ടില്ല. ചെറുപ്പകാലത്ത് എന്റെ ഇച്ചായനും അദ്ദേഹത്തെ കുട്ടിയെന്ന് വിളിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. പത്തു വയസ്മൂപ്പുള്ള കുഞ്ഞൂഞ്ഞു പാപ്പനെ കുഞ്ഞൂഞ്ഞെന്നും എട്ടുവയസു മൂപ്പുകൂടുതലുള്ള ഒരു പെങ്ങളെ പെണ്ണെന്നും ഞങ്ങളുടെ ഇച്ചായൻ വിളിച്ചിരുന്നു. ബന്ധമില്ലാത്തവരെ ചേട്ടാ, ചേടത്തിയെന്നൊക്കെ വിളിച്ചിരുന്നെങ്കിലും പുലയ ജാതികളെ പേരു മാത്രമേ അക്കാലത്തു വിളിച്ചിരുന്നുള്ളൂ. പ്രായം കൂടിയ പുലയരെ മുതുക്കനെന്നും പേരിന്റെ വാലായി ചേർത്തു വിളിച്ചിരുന്നു.


തൊടുപുഴ മാർത്തോമ്മാ എസ്റ്റേറ്റിൽനിന്നും ഒരിക്കൽ ഈ ഇച്ചായനുമൊത്ത് 'പോണ്ടിയാക്ക്' കാറിൽ ഒപ്പം സഞ്ചരിക്കുന്നതും ഓർമ്മ വരുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലവും. ഇപ്പോൾ  കാണുന്ന പാലാപാലം ഉത്ഘാടന വേളയായതുകൊണ്ട് പാലത്തിനു അഭിമുഖമായ രണ്ടു കരകളും ജനപ്രളയമായിരുന്നതും  ഓർക്കുന്നുണ്ട്. പാലം ഉത്ഘാടകൻ തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്നു. പോലീസ്, നിരത്തിൽക്കൂടി നടന്ന് ജനങ്ങളെ നിയന്ത്രിക്കുന്നുമുണ്ടായിരുന്നു. അപ്പോഴാണ് പാലാ പാലത്തിനു സമീപമെത്തിയ അന്നത്തെ കമ്പനിവക 'പോണ്ടിയാക്ക്' കാറ് പൊതു ശ്രദ്ധയിൽപ്പെട്ടത്. 'പോണ്ടിയാക്ക്' അക്കാലത്തെ പുതിയ മോഡൽ കാറായിരുന്നതും കാഴ്ചക്കാർക്ക്‌ ഒരു ഹരമായിരുന്നു. ഒരു പോലീസുദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ സഞ്ചരിച്ച കാറ് രാജപ്രമുഖന്റെ രാജകീയ കാറിനു തൊട്ടു പിന്നാലെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന എന്റെ ഇച്ചായനു ഏതോ കാര്യം നേടിയപോലെ കാഞ്ഞിരപ്പള്ളിയിലെ നാട്ടുകാരോടും ഈ കഥകൾ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. രാജാവിന്റെ ആൾക്കാരും അന്നത്തെ പ്രമുഖ വ്യക്തികളും കാറിനടുത്തു വന്ന് അഭിനന്ദിക്കുന്നുമുണ്ടായിരുന്നു. ഞാനും ഏതോ സ്വപ്ന ലോകത്തിൽ അന്നത്തെ വിദേശനിർമ്മിതമായ കാറിൽ ഇരുന്ന് അഭിമാനിച്ചിരുന്നു. സാധാരണക്കാരന്റെ മകനായ ഞാൻ ഒരു കുബേര കുമാരനെന്നും തോന്നിപ്പോയി. മന്ത്രിമാരുടെ അക്കാലത്തെ കാറുകൾ കണ്ടാൽ തകരപ്പാട്ട പോലിരിക്കുമായിരുന്നു.


മാർത്തോമ്മാ എസ്റ്റേറ്റിലെ അവധിക്കാല ദിനങ്ങളിൽ   കസ്യൻസുമൊത്തു കൂടുന്ന വേളകളിൽ അവിടെയെന്നും ഒരു ഉത്സവം തന്നെയായിരുന്നു. കളിയും ചിരിയും ഓട്ടവും കായിക മത്സരങ്ങളും അന്നത്തെ പകലുകൾക്ക് അഴകും നല്കിയിരുന്നു. കൊച്ചുവെളുപ്പാൻ കാലത്ത് മാമ്പഴം പെറുക്കാൻ പോവുകയെന്നത് എന്റെ ഹോബിയും. കുട്ട നിറയെ മാമ്പഴം കൊണ്ടുവരുമായിരുന്നു. എന്നെ കാണുമ്പോഴെല്ലാം അന്നത്തെ മാമ്പഴക്കഥ അവിടുത്തെ ഇച്ചായൻ മരിക്കുന്നവരെ ഓർമ്മിപ്പിക്കുമായിരുന്നു.


തോട്ടം തൊഴിലാളികൾ കുറ്റം കാണിക്കുമ്പോൾ അവരെ  ഈ ഇച്ചായൻ ശകാരിക്കുന്നതു വെളുപ്പാൻ കാലത്തെ  കാഴ്ചയായിരുന്നു. താമസിച്ചു വരുന്ന തൊഴിലാളികളെ ചൂരൽ വടികൾകൊണ്ട് കങ്കാണിമാർ അടിക്കുകയും ചെയ്തിരുന്നു. പത്തും പതിനഞ്ചും തൊഴിലാളികൾ നിശബ്ദമായി മുട്ടു വിറച്ചുകൊണ്ടായിരുന്നു ഇച്ചായന്റെ ശകാരങ്ങളെ ശ്രദ്ധിച്ച് ബംഗ്ലാവിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്നത്. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞ വ്യത്യസ്തങ്ങളായ ഒരു കാലഘട്ടത്തെ ഞാനിവിടെ ചിത്രികരിച്ചെന്നു മാത്രം. എന്നാൽ സ്ഥിതിഗതികൾ ഇന്നാകെ മാറിപ്പോയിരിക്കുന്നു.  


ആശുപത്രി പടിക്കൽ ഇച്ചായൻ മുഖേനയാണ് എന്റെ അമ്മച്ചിയുടെയും ഇച്ചായന്റെയും വിവാഹം നടന്നതെന്നും കേട്ടിട്ടുണ്ട്. അമ്മച്ചിടെ ആങ്ങളയായ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനും (പി.സി.ചാക്കോ) ആദ്യകാലങ്ങളിൽ ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹത്തിനു മുമ്പ് നന്നേ ചെറുപ്പമായിരുന്ന കാലത്ത് ഒരിയ്ക്കൽ തോമ്മാച്ചൻ ഇച്ചായനും കുട്ടിച്ചായനുമൊത്ത് എന്റെ അമ്മച്ചി ആലപ്പുഴ ചങ്ങനാശേരി വഴിയുള്ള ബോട്ടിൽ യാത്ര ചെയ്തിരുന്നതായും അമ്മച്ചിയില്നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയാണ് എന്റെ അമ്മച്ചിയെ കുട്ടിച്ചായൻ ആദ്യമായി കണ്ടത്. അമ്മച്ചിയെ ഞങ്ങളുടെ ഇച്ചായനുവേണ്ടി കല്യാണം ആലോചിക്കുകയും ചെയ്തു. കുട്ടിച്ചായന്റെയും തോമ്മാച്ചൻ ഇച്ചായന്റെയും 'ബോസ്'  ഒരു ബ്രിട്ടീഷ് സായിപ്പായിരുന്നു. സായിപ്പും കുട്ടിച്ചായനും ഒന്നിച്ചു നടന്നാൽ രണ്ടുപേരും സായിപ്പെന്നേ  പറയുമായിരുന്നുള്ളൂവെന്ന് ഞങ്ങളുടെ  അമ്മച്ചി  പറയുമായിരുന്നു.


ഇച്ചായൻ എഴുതിയ 'കുബേരവൃത്തം' എന്ന മലയാളത്തിലെ ക്ലാസ്സിക്കൽ നോവൽ പഴയ തലമുറകളുടെ ഒരു സംസാര വിഷയമായിരുന്നു. പള്ളിയേയും പണക്കാരെയും ഒരുപോലെ വെറുപ്പിച്ച നോവലുമായിരുന്നു. വാസ്തവത്തിൽ പള്ളിയ്ക്കെതിരായി ഒന്നുംതന്നെ ആ നോവലിൽ ഉണ്ടായിരുന്നില്ല. പണക്കാർ പള്ളിയെ കൂട്ടുപിടിക്കാൻ കാരണമുണ്ടാക്കി നോവലിനെതെരെ അതിലെ ചില വാചകങ്ങൾ ആയുധങ്ങളാക്കി പ്രചാരണങ്ങൾ നടത്തിയിരുന്നു. അന്നത്തെ വികാരിയച്ചനെ പരിഹസിച്ചുള്ള ഒരു പ്രസംഗം മാത്രംഅതിലുണ്ട്.


പള്ളിയുടെ ശവക്കോട്ടയിൽ സാമ്പത്തികാടിസ്ഥാനത്തിൽ ഒന്നുതോട്ടു നാലുവരെയുള്ള ശവക്കല്ലറകളും   പാവങ്ങൾക്കുള്ള നിരയും സഭയ്ക്ക് കൊള്ളരുതാത്തവർക്കുള്ള തെമ്മാടിക്കുഴിയും നോവലിൽ വർണ്ണിച്ചിട്ടുണ്ട്. കുഴിമാടങ്ങളുടെ വില നിശ്ചയിച്ചിരുന്നത് നിരകളുടെ നമ്പർ അനുസരിച്ചായിരുന്നു. ഒന്നാം നിരയിലുള്ള കുഴിമാടങ്ങൾക്കു കൂടുതൽ തുകയും നിശ്ചയിച്ചിരുന്നു. ശവക്കോട്ട വിപുലീകരിച്ചപ്പോൾ കുട്ടിച്ചായന്റെ കല്ലറ പണക്കാർ അന്തിവിശ്രമം കൊള്ളുന്ന ഒന്നാംനിര കല്ലറകളുടെ മുകളിലായതും വിരോധാഭാസമായിരുന്നു. പുരുഷന്മാർ മുമ്പിലും സ്ത്രീകൾ പുറകിലുമിരുന്നായിരുന്നു പള്ളിയിൽ കുർബാന കണ്ടിരുന്നത്‌. ഇത് സ്ത്രീ വിവേചനമായി കണ്ട് സ്ത്രീകൾ പള്ളിക്കുള്ളിൽ വലത്തുഭാഗത്തും പുരുഷന്മാർ ഇടത്തുഭാഗത്തും നിന്ന് കുർബാന കാണണമെന്ന നിർദേശവും നോവലിൽ വിവരിച്ചിട്ടുണ്ട്. അതിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി പള്ളിയിൽ സ്ത്രീകൾ ഇടത്തും വലത്തുമായി കുർബാന കാണുന്ന രീതി പ്രാവർത്തികമായതും ഒരു ദീർഘദർശിയുടെ കാഴ്ചപ്പാടായി കുബേരാവൃത്തം നോവൽ വായിക്കുന്നവർക്ക് തോന്നിപ്പോവും.


ആദ്യമിറക്കിയ പുസ്തകത്തിന്റെ കോപ്പികൾ മുഴുവൻ പണക്കാർ  മാർക്കറ്റിൽ നിന്നു വാങ്ങി   നശിപ്പിച്ചു കളഞ്ഞിരുന്നു.  പള്ളിവഴിയും സർക്കാർ വഴിയും പുസ്തകം നിരോധിക്കാൻ ശ്രമിച്ചിരുന്നു. അക്കാലത്തെ വലിയ വീട്ടിലെ കൊച്ചമ്മമാരുടെയും  അടുക്കള രഹസ്യങ്ങളെപ്പറ്റിയും പുസ്തകത്തിൽ സരസമായി വിവരിച്ചിട്ടുണ്ട്.  കുബേര വൃത്തത്തിലെ  മലയാളഭാഷ ഇന്നുള്ളവർക്ക് മനസിലാക്കാനും ബുദ്ധിമുട്ടാണ്.  ഭാഷയ്ക്കും  സമൂലമായ മാറ്റം  സംഭവിച്ചിരിക്കുന്നു. അമിതമായ വർണ്ണനകൾ നിറഞ്ഞ ഈ പുസ്തകം ഇന്നു വായിക്കുന്നവർക്കു ബോറടിയായിരിക്കും.  


കുട്ടിച്ചായന്റെ  വീട്ടിൽ ദിവസവും   പ്രാർത്ഥനയും അമ്പത്തുമൂന്നു മണി ജപമാലയും ചൊല്ലുമായിരുന്നു.  .  അന്നത്തെ കാലത്തും  കാറിലെ പള്ളിയിൽ പോകുവായിരുന്നുള്ളൂ. അവരോടൊപ്പം എന്നെയും പള്ളിയിൽ കൊണ്ടുപോയിട്ടുണ്ട്.  ഒരിയ്ക്കൽ  ശബ്ദമുണ്ടാക്കിക്കൊണ്ട്  വീടിനു ചുറ്റും  നടന്ന  എന്നെ കുട്ടിച്ചായൻ  തുറിച്ചു നോക്കുന്നതും ഓർക്കുന്നു. ഞാനും തിരിച്ചു തുറിച്ചു നോക്കിയപ്പോൾ ആ വലിയ ഗൌരവക്കാരന്റെ മുഖത്ത് പുഞ്ചിരി വിതറിയതും  ഓർമ്മിക്കുന്നു. എന്റെ  പ്രതികരണമേറ്റ  കുട്ടിച്ചായൻ  കാഞ്ഞിരപ്പള്ളിയിൽ വന്നപ്പോൾ എന്റെ ഇച്ചായനോട്  ഈ കഥ പറഞ്ഞതും ഓർക്കുന്നു.


കുട്ടിച്ചായന്റെ  നടപ്പും ഭാവവും കണ്ട്  ഒരിക്കൽ  മുമ്പിൽ ചെന്ന് " ഇച്ചായൻ വലിയ മുതലാളിയാ അല്ലെയെന്നു"   ഞാൻ  ചോദിച്ചു, "അതെന്താടാ നീ അങ്ങനെ പറഞ്ഞന്നായി" അദ്ദേഹത്തിൻറെ മറു ചോദ്യം. "നിങ്ങൾക്ക് വലിയ ബംഗ്ലാവ്, പാലു തരുന്ന മൂന്നാല് പശുക്കൾ, വീടിനു ചുറ്റും കോഴികൾ, പ്രാവിൻ കൂട് ഇതൊക്കെ ഞാൻ കൊല്ലംകുളം കുട്ടിയച്ചന്റെ വീട്ടിലെ കണ്ടിട്ടുള്ളൂവെന്നു മറുപടി പറഞ്ഞു. " നിനക്കു പണക്കാരനാകണമെങ്കിൽ കോഴികളെ  പിടിച്ചുകൊണ്ടു  പൊയ്ക്കൊള്ളാൻ ഇച്ചായൻ ചിരിച്ചു കൊണ്ടു  മറുപടി പറഞ്ഞു.   എല്ലാവർക്കും  എന്നെ കളിയാക്കാൻ  പിന്നീടതൊരു  വിഷയവുമായിരുന്നു.


അവസാന കാലങ്ങളിൽ അദ്ദേഹമൊത്തു ഏതാനും മാസങ്ങൾ ഞാൻ ചിലവഴിച്ചതും ഓർക്കുന്നു. കുടുംബ ഭാഗവുടമ്പടികൾ കഴിഞ്ഞ് മക്കൾക്കു സ്വത്തുക്കൾ പങ്കുവെച്ചു കൊടുത്തെങ്കിലും കാഞ്ഞിരപ്പള്ളിയിലെ പുരയിടവും മലബാറിലെ ചില പുരയിടങ്ങളും വീതം വെക്കാനുള്ള മരണപത്രം എന്നെക്കൊണ്ടായിരുന്നു എഴുതിച്ചിരുന്നത്.കൈകൾക്ക് വിറകൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് എഴുതാൻ ബുദ്ധിമുട്ടായിരുന്നു. എന്നെ കൂടെയിരുത്തി മരണപത്രത്തിലെ ഉള്ളടക്കം പറഞ്ഞ് എഴുതിക്കുമായിരുന്നു. പ്രസിദ്ധനായ ഒരു എഴുത്തുകാരന്റെ മുമ്പിൽ മലയാളം അക്ഷരങ്ങൾ പെറുക്കി എഴുതുവാനും എനിക്കന്നു പേടിയായിരുന്നു. എങ്കിലും അക്ഷര തെറ്റുകൾ അദ്ദേഹം വായിച്ചു തിരുത്തുമായിരുന്നു. "നിന്നെ പഠിപ്പിച്ച മലയാളം അദ്ധ്യാപകൻ ആരെന്നും"  ചോദിക്കും. മുതിർന്നവനായ എന്നിലെ ചെറുപ്പകാല കുസൃതികൾ അന്ന് അസ്തമിച്ചിരുന്നു. കുടുംബചരിത്രം എഴുതണമെന്നും അദ്ദേഹത്തിന് വലിയ മോഹമുണ്ടായിരുന്നു. ആ ആഗ്രഹം പില്ക്കാലത്ത് ഞാനാണ് പൂർത്തികരിച്ചത്.


വടക്കേ ഇന്ത്യയിൽ ഞാൻ പഠിക്കുന്ന കാലത്ത് അവധിയ്ക്ക് വന്നപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ടതും ഓർക്കുന്നു. മരിക്കുന്ന സമയം ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അദ്ദേഹത്തിൻറെ മരണം ഒരു ഞെട്ടൽ തന്നെയായിരുന്നു.  എന്റെ  ഇച്ചായനു തുല്യമായി ഞാൻ സ്നേഹിച്ചിരുന്ന ആ വലിയ മനുഷ്യന്റെ മരണം അന്നെന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു.  അലിഗഡ് യൂണിവേഴ്സിറ്റിയിൽ  ക്ലാസുമുറികളിൽ  ഇരിക്കുമ്പോഴും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു.  കോമേഴ്സിൽ ഞാനൊരു  മാസ്റ്റർ ബിരുദം എടുക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതും ഈ ഇച്ചായനായിരുന്നു.  അതിനുവേണ്ടി എന്റെ ഇച്ചായനെ അദ്ദേഹം  പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.  അക്കാലത്ത് മാസ്റ്റർ ബിരുദം നേടിയവർ കുടുംബത്തിൽ ആരുമുണ്ടായിരുന്നില്ല. ആ ക്രെഡിറ്റ് പിന്നീട് എനിയ്ക്ക് ലഭിക്കുകയും ചെയ്തു.   

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...