Saturday, August 1, 2015

അടിമത്തവും അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും



By ജോസഫ് പടന്നമാക്കൽ

കൊളോണിയൽ അമേരിക്കയുടെ കാലത്ത് കറുത്തവരായ ആഫ്രിക്കൻ അമേരിയ്ക്കരെ  അറ്റ്ലാന്റിക്ക് സമുദ്രത്തിൽക്കൂടിയുള്ള വാണിജ്യോത്ഭന്നങ്ങളിലൊന്നായി അന്നത്തെ വെളുത്ത വർഗക്കാരായവർ  കരുതിയിരുന്നു. കന്നുകാലികളെയും ആടുമാടുകളെയും  വില്ക്കുന്ന മാതിരി അടിമ വ്യാപാരത്തിൽക്കൂടി വിലപേശലുമുണ്ടായിരുന്നു. ആരോഗ്യമുള്ള അടിമകൾക്ക് കൂടുതൽ വിലയും നല്കണമായിരുന്നു.   അതിശൈത്യവും കഠിന കാലാവസ്ഥകളും സഹിച്ച് പാക്കപ്പൽ നിറയെ   തിക്കിനിറച്ചുകൊണ്ട്  അടിമകളെ  അമേരിക്കൻ തീരത്ത് കൊണ്ടു വന്നിരുന്നു. മാസങ്ങളോളമെടുക്കുന്ന   കപ്പലുകളുടെ യാത്രാ  ദൈർഘ്യവും  കാലാവസ്തയുടെ  മാറ്റങ്ങളും   കാരണം  മില്ല്യൻ കണക്കിന് ആഫ്രിക്കക്കാർക്ക്  ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

ദേശീയ റെഡ്‌ ഇന്ത്യൻ അമേരിക്കരെ അടിമകളായി ഉപയോഗിക്കാതെ ആഫ്രിക്കരെ അടിമകളായി കൊണ്ടുവന്നതും  ചരിത്രാന്വേഷകർക്ക് കൗതുകകരം തന്നെയാണ്. വേട്ടയാടി ജീവിച്ചിരുന്ന ദേശീയ റെഡ്‌ ഇന്ത്യൻസ് കൃഷിയിടങ്ങളിൽ പണിയാൻ സമർത്ഥരായിരുന്നില്ല. മാത്രമല്ല അവരുടെയിടയിൽ സാധാരണ കണ്ടുവന്നിരുന്ന ഒരു തരം മാറാ രോഗങ്ങളെ തടയാൻ യൂറോപ്യന്മാർക്ക് സാധിക്കുമായിരുന്നില്ല. പൊതുവേ  റെഡ് ഇന്ത്യൻസ് ആരോഗ്യമില്ലാത്ത ഒരു ജനതയായിരുന്നു. കാടും നാടും അവർക്ക് വശമായിരുന്നതു കൊണ്ട് യൂറോപ്യന്മാരുടെ കണ്ണുകൾ  വെട്ടിച്ച് അവർക്ക് എപ്പോൾ വേണമെങ്കിലും രക്ഷപെടാനും അറിയാമായിരുന്നു. അതേസമയം ആഫ്രിക്കർ ആരോഗ്യമുള്ളവരും ശക്തന്മാരുമായിരുന്നു. കൃഷിയിൽ നല്ല വൈഭവം ഉള്ളവരുമായിരുന്നു. അവരുടെ നിറം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട് അവർക്ക് അടിമവ്യവസ്ഥയിൽ നിന്നും രക്ഷപെടാൻ എളുപ്പവുമല്ലായിരുന്നു.

കൊളോണിയൽ  അമേരിക്കയിലെ അടിമകൾ യുദ്ധകാലങ്ങളിൽ  അമേരിക്കയുടെ റോഡുകൾ, റയിൽവേ, കെട്ടിട നിർമ്മാണ പണികൾക്കും    യുദ്ധങ്ങളുടെ മുന്നേറ്റങ്ങൾക്കും  സഹായിച്ചിരുന്നു.  സ്വതന്ത്രമാകുന്ന കോളനികളിൽ അടിമകളുടെ മോചനത്തിനായി  പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍  1863-ൽ നിയമം പാസാക്കുകയും ചെയ്തു. അടിമത്തം , രാജ്യ പുനരുദ്ധാരണം, പൌരാവകാശ സമരങ്ങൾ എന്നിങ്ങനെ അമേരിക്കയിലെ നൂറ്റാണ്ടുകളോളമുള്ള കറുത്തവരായവരുടെ  ചരിത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഘട്ടങ്ങളിലും ചരിത്രത്തിനു സാക്ഷിയായ   സംഭവപരമ്പരകളുടെ  കഥകളുമുണ്ട്.  ഹാരി ട്യൂബ്മാൻ പോലുള്ള സ്വാതന്ത്ര്യ ദാഹികൾ അനേകം അടിമകളെ മോചിപ്പിച്ച്  രക്ഷിച്ച ചരിത്രവും ഉണ്ട്. മേരി മാക് ലിയോഡു ബെത്യൂണ്‍ ,  ആന്റണി ഒവെർറ്റൊൻ മുതലായവർ കറുത്തവർക്കായി സ്കൂളുകളും പള്ളികളും പണികഴിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങളും ആരംഭിച്ചു. 1960- കളിൽ മാല്ക്കം എക്സ്, മാർട്ടിൻ ലൂതർ കിംഗ് മുതൽ പേർ പൌരാവകാശങ്ങൾക്കായുള്ള  സമരങ്ങളുമാരംഭിച്ചു.

പഴയ കാല അമേരിക്കൻ  ചരിത്രത്തിൽ ആഫ്രിക്കൻ അമേരിക്കരെ അഫ്രിക്കൻ,  കളേർഡ്, നീഗ്രോ, ബ്ലാക്ക്  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ആഫ്രിക്കൻ വംശാവലിയെ സംബന്ധിച്ച വ്യക്തമായ ഒരു ചരിത്രമില്ല. കഴിഞ്ഞ മുന്നൂറു വർഷങ്ങൾക്കുള്ളിൽ വിവിധ സംസ്ക്കാരങ്ങളും വർണ്ണ വർഗങ്ങളും തമ്മിൽ കറുത്തവരുമായി ഒത്തൊരുമിച്ചു ജീവിച്ച കാരണം അനേകർ സങ്കര വർണ്ണമായും അറിയപ്പെടുന്നു.  യൂറോപ്യന്മാരും റെഡ് ഇന്ത്യൻ അമേരിക്കരുമായ സങ്കര ജാതികളും ഈ രാജ്യത്തിന്റെ സംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്നുകഴിഞ്ഞു.

സ്പാനീഷുകാരും പൊർട്ടുഗീസുകാരുമൊത്താണ് ആദ്യമായി ആഫ്രിക്കക്കാർ അമേരിക്കൻ മണ്ണിൽ പ്രവേശിക്കാൻ തുടങ്ങിയത്. എ.ഡി. 1600-ൽ  ഏകദേശം സ്വതന്ത്രരായവരും അടിമകളായവരും  ഉൾപ്പടെ  275,000 ആഫ്രിക്കക്കാർ തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കാ, കരീബിയൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു.  1619-ൽ   ആഫ്രിക്കക്കാർ കൂട്ടത്തോടെ അമേരിക്കൻ  ഭൂപ്രദേശങ്ങളിൽ  വരാൻ തുടങ്ങി. ഒരു ഡച്ചു ക്യാപ്റ്റൻ ഏതാനും ആഫ്രിക്കരെ  അമേരിക്കയിലെ ജെയിംസ് ടൌണിൽ  വിറ്റതായി രേഖകളുണ്ട്.  വിസ്തൃതമായ ഭൂപ്രദേശങ്ങളും  തൊഴിലാളികളുടെ അപര്യാപ്തതയും ആദിമ  ആഫ്രിക്കരെ ഈ രാജ്യത്തിലേയ്ക്ക് ആകർഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടോടു കൂടി ഏകദേശം പതിമൂന്നു ലക്ഷം ആഫ്രിക്കർ ഈ പുതിയ ഭൂമിയിൽ ഉണ്ടായിരുന്നു. 1701 മുതൽ 1810 വരെ അവരുടെ എണ്ണം 60 ലക്ഷവുമായി. ഇംഗ്ലീഷ് കോളനിയിൽ നേരിട്ട് വന്നവരും അടിമകളായി വന്നവരും അടിമ വ്യാപാരത്തിൽക്കൂടി വന്നവരുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ വന്ന അടിമകളെ  കമ്പോളങ്ങളിൽ  ലേല കച്ചവടങ്ങളിൽക്കൂടി  വീണ്ടും  വില്പ്പന നടത്തി അമേരിക്കയിലെത്തിയവരുമുണ്ട്.

പതിനേഴാം  നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചെറുപ്പക്കാരായ യൂറോപ്യരെ  ചുരുങ്ങിയ കാലത്തെ വ്യവസ്ഥകളിൽ  കരാർ പണിക്കായി  പുതിയ ലോകമായ അമേരിക്കയിൽ കൊണ്ടുവരാറുണ്ടായിരുന്നു. തൊഴിലുടമ ജോലി വ്യവസ്ഥയിൽ യൂറോപ്പിൻ നാടുകളിൽ നിന്നും വേതനത്തിനുപുറമേ യാത്രാക്കൂലിയും വഹിക്കുമായിരുന്നു. ഏതാണ്ട് അതുപോലുള്ള വ്യവസ്ഥകളിലായിരുന്നു ആദ്യ ആഫ്രിക്കൻ തൊഴിലാളികളും അമേരിക്കയിൽ വന്നുകൊണ്ടിരുന്നത്. എന്നാൽ യൂറോപ്യന്മാർക്കുള്ള അത്തരം വ്യവസ്ഥകൾ പിന്നീട് ആഫ്രിക്കർക്ക്  നല്കിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ ആഫ്രിക്കരും   വെളുത്തവരും തമ്മിലുള്ള വിവേചനം ശക്തിയായിക്കൊണ്ടിരുന്നു.  അമേരിക്കയുടെ ചരിത്രത്തിലാദ്യമായി   മസ്സാച്യൂസ് സംസ്ഥാനം  1641-ൽ നിയമപരമായി അടിമത്വം  നടപ്പിലാക്കി.പിന്നീട് പതിമൂന്നു കോളനികളിലും അതാതു കാലങ്ങളിൽ അടിമത്വം നിയമത്തിൽക്കൂടി  വ്യാപിപ്പിക്കുകയായിരുന്നു.

ആഫ്രിക്കരായ കറുത്തവർ  അമേരിക്കയിൽ വന്ന കാലംമുതൽ മൂന്നര നൂറ്റാണ്ടോളം അവരിൽ അടിച്ചേൽപ്പിച്ച അടിമവ്യവസ്ഥിതി  തുടർന്നുകൊണ്ടിരുന്നു.   കൊളോണിയൽ സാമ്രാജ്യത്തിന്‌  ബ്രിട്ടീഷുകാരുടെ അധീനതയിൽനിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും അടിമത്ത വ്യവസ്ഥിതിയ്ക്ക് ഒരു പരിഹാരമുണ്ടായില്ല. ആദർശങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ  എല്ലാ മേഖലകളിലും   പൊന്തി വന്നിരുന്നെങ്കിലും 1885- വരെ അടിമത്ത വ്യവസ്ഥിതി ഈ രാജ്യത്തു നിലനിന്നിരുന്നു. കറുത്തവർക്കെതിരെ   ക്രൂരതയുടെ ചരിത്രം  അമേരിക്കയുടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ അദ്ധ്യായങ്ങളിൽ ഇന്നും  അവശേഷിക്കുന്നു.

അമേരിക്കൻ  വിപ്ലവത്തിനുമുമ്പ് 'അടിമത്തം ' അമേരിക്കയുടെ എല്ലാ കോളനികളിലും പ്രാബല്ല്യത്തിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആദർശങ്ങളിലും അടിമത്ത  വ്യവസ്ഥയിൽ ലാഭം കുറഞ്ഞതുകൊണ്ടും പതിനെട്ടാം നൂറ്റാണ്ടായപ്പോൾ 'അടിമത്തം '   അമേരിക്കയുടെ വടക്കേ സംസ്ഥാനങ്ങളിൽ ഇല്ലാതെയായി.  അതേ സമയം തെക്കുള്ള സംസ്ഥാനങ്ങളിൽ 'അടിമത്തം ' കൂടുതൽ ശക്തമാവുകയും ചെയ്തു. തെക്കുള്ളവർക്ക്   പുകയില, പഞ്ഞി കൃഷികൾക്കായി തൊഴിലാളികളെ ആവശ്യവുമായിരുന്നു. 1850-ൽ  ഏകദേശം 90 ശതമാനം കറുത്തവരായവർ  തെക്കേ സംസ്ഥാനങ്ങളിൽ തിങ്ങി പാർത്തിരുന്നു . അവരിൽ 95 ശതമാനവും അടിമകളായിരുന്നു.   തൊഴിലുടമകളുടെ കൃഷി സ്ഥലങ്ങളിൽ ജീവിതം കഠിനവുമായിരുന്നു. കറുത്തവരുടെ സാംസ്ക്കാരിക പാരമ്പര്യങ്ങൾക്ക്  തൊഴിലുടമകൾ യാതൊരു പ്രാധാന്യവും വിലയും കൽപ്പിച്ചിരുന്നില്ല. അടിമ മാർക്കറ്റിൽ ഭാര്യയേയും ഭർത്താവിനെയും വേർതിരിച്ചിരുന്നു. അമ്മമാരിൽ നിന്ന് പണിയാൻ ആരോഗ്യമുള്ള കുട്ടികളെ  തൊഴിലുടമ കൊണ്ടുപോവുകയോ വില്ക്കുകയോ ചെയ്യുമായിരുന്നു. കറുത്തവരുടെ കുടുംബവും  കുടുംബ സംവിധാനങ്ങളും നിശേഷം തൊഴിലുടമകൾ അങ്ങനെ  തകർത്തുകൊണ്ടിരുന്നു.

പഞ്ഞി, പുകയില  തോട്ടങ്ങളിൽ  അനേകം  തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. അവരെ നിയന്ത്രിക്കുന്ന കങ്കാണിമാരും തൊഴിൽ നല്കുന്നവരുടെ എജന്റമാരും അടിമകളെ നിർദ്ദയമായി   ഉപദ്രവിക്കുമായിരുന്നു. അടിമയുടമകളോ   തൊഴിലാളി ഏജന്റ്മാരോ ശിക്ഷാവിധി നടപ്പിലാക്കിയാൽ അതിനപ്പുറം തീർപ്പു കല്പ്പിക്കാൻ ഒരു നിയമ വ്യവസ്ഥിതിയുമുണ്ടായിരുന്നില്ല.  അടിമ പെണ്ണുങ്ങളെ  ദുരുപയോഗം ചെയ്യുകയോ ബലാത്സംഗം   നടത്തുകയോ ചെയ്താൽ കുറ്റകരമായി കരുതിയിരുന്നില്ല. വെളുത്തവർക്കെതിരെ കറുത്തവരുടെ തെളിവുകൾ കോടതികൾ അംഗികരിച്ചിരുന്നുമില്ല . കറുത്തവർക്ക് താമസിക്കാൻ നല്ല വീടോ,  ഭക്ഷണമോ, വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. തെക്കുള്ള അനേക സംസ്ഥാനങ്ങളിൽ കറുത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നത് നിയമ വിരുദ്ധമായിരുന്നു. അടിമകളെ നിയന്ത്രിക്കാനായുള്ള പ്രത്യേക നിയമ സംഹിതകളുമുണ്ടായിരുന്നു. അടിമകൾ എതിരഭിപ്രായങ്ങൾ പറയുന്നത് നിയമം മൂലം തടഞ്ഞിരുന്നു. കറുത്തവർക്ക് ആയുധങ്ങൾ കൈവശം വെയ്ക്കുവാൻ പാടില്ലായിരുന്നു. വെളുത്തവരുടെ അഭാവത്തിൽ കറുത്തവരായവർ കൂട്ടം കൂടി സമ്മേളിക്കാൻ അനുവദിച്ചിരുന്നില്ല.

തെക്കോ വടക്കോ വസിച്ചിരുന്ന സ്വതന്ത്രരായ  കറുത്ത വർഗക്കാർ തെക്കുള്ള കറുത്ത വർഗക്കാർ അനുഭവിക്കുന്ന യാതനകളിൽ രോഷാകുലരായി ശബ്ദമുയർത്തുന്നുണ്ടായിരുന്നു. സാമൂഹിക സാമ്പത്തിക തലങ്ങളിലും വോട്ടിംഗ്, വിദ്യാഭ്യാസ മേഖലകളിലും കറുത്തവർക്കെതിരെയുള്ള അസമത്വങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1857-ലെ ഡ്രഡ്സ്കൊട്ടും സാൻഫോർഡും തമ്മിലുള്ള   കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ആഫ്രിക്കൻ അമേരിക്കർ സ്വതന്ത്രരാണെങ്കിലും  രാജ്യത്തിലെ പൌരന്മാർ അല്ലായിരുന്നു. പൌരാവകാശങ്ങൾക്ക് അവർ അർഹരുമായിരുന്നില്ല.

അടിമത്തത്തെ  ആഫ്രിക്കൻ അമേരിയ്ക്കർ  പ്രതിഷേധങ്ങളും വിമർശനങ്ങളും  വഴി  വിവിധ നിലകളിൽ പ്രതികരിച്ചിരുന്നു. കൂടാതെ പ്രോസർ, വെസ്സെ, ടേണർ തുടങ്ങിയ സാമൂഹിക പ്രവർത്തകർ അടിമത്തത്തിനെതിരെ ശബ്ദിക്കുകയും തന്മൂലം ആയിരക്കണക്കിന് അടിമകൾ  അടിമത്തത്തിൽ നിന്നും മോചിതരായി വടക്കേ അമേരിക്കയിലേയ്ക്കും കാനഡായിലേക്കും രക്ഷപ്പെടുകയുണ്ടായി. ചിലർ അവരുടെ   വ്യക്തിത്വവും പാരമ്പര്യവും നിലനിർത്തികൊണ്ട് വെളുത്തവരോട് ചെറുത്തു നിന്നു. ഭൂരിഭാഗം കറുത്തവരും ജീവിക്കാൻ മറ്റു മാർഗങ്ങൾ  കാണാതെ വെളുമ്പർക്ക് കീഴ്പ്പെട്ടു ജീവിച്ചു. വെളുത്തവർ കറുത്തവരെക്കാളും ഉന്നതരെന്ന ഒരു സാമൂഹിക കാഴ്ചപ്പാട് അക്കാലത്തുള്ള ജനങ്ങളുടെ മനസ്സിൽ വളർത്താൻ വെളുത്തവർക്കു  കഴിഞ്ഞു.

1955 ഡിസംബർ  ഒന്നുമുതൽ  1956 ഡിസംബർ  ഇരുപതുവരെയുള്ള ചരിത്രപ്രസിദ്ധമായ 'മോണ്ട്ഗോമറി ബസ് ബോയ്ക്കോട്ട്' സമരം കറുത്തവരുടെ സാമൂഹിക നവോദ്ധാനത്തിന്റെ വിജയ മുന്നേറ്റമായി കരുതുന്നു. മോണ്ട്ഗോമറി സിറ്റി നിയമം അനുസരിച്ച് പൊതുവാഹനങ്ങളിൽ വർണ്ണ വിവേചനം അനുവദിനീയമായിരുന്നു. ബസിലെ ഡ്രൈവർക്ക് നിയമം നടപ്പിലാക്കാൻ പോലീസ് ഒഫീസറിന്റെ  പോലുള്ള അധികാരവുമുണ്ടായിരുന്നു.   ബസിന്റെ മദ്ധ്യഭാഗത്തു നിന്ന് പുറകോട്ടുള്ള സീറ്റുകൾ കറുത്തവർക്കും  മുമ്പോട്ടുള്ള നിരയിലെ സീറ്റുകൾ വെളുത്തവർക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്.  ബസിന്റെ മുമ്പിലുള്ള സീറ്റുകൾ വെളുത്തവരെക്കൊണ്ട് നിറയുമ്പോൾ,വീണ്ടും വെളുത്തവരായ യാത്രക്കാർ  ബസിനുള്ളിൽ പ്രവേശിക്കുമ്പോൾ  കറുത്തവരുടെ നിരയിൽ മുമ്പിലിരിക്കുന്നവരോട്  സീറ്റ് മാറി  പുറകോട്ടു പോകാൻ ഡ്രൈവർ ആംഗ്യം കാണിക്കുമായിരുന്നു.  ആവശ്യമെങ്കിൽ കറുത്തവർ  വെളുത്തവർക്കുവേണ്ടി  സീറ്റൊഴിഞ്ഞു കൊടുക്കുകയും വേണമായിരുന്നു.  1955-ഡിസംബർ ഒന്നാതിയതി മോണ്ട്ഗോമാറിയിലെ ബസിൽ 'റോസാ പാർക്ക്' എന്നൊരു ജോലിക്കാരത്തി   ജോലി കഴിഞ്ഞു സഞ്ചരിക്കുകയായിരുന്നു.  അന്നവർക്ക് 39 വയസ് പ്രായം. കറുത്തവർക്കായി നിശ്ചയിച്ചിരുന്ന സീറ്റുകളിൽ മുമ്പിലത്തെ നിരയിലായിരുന്നു അവർ ഇരുന്നിരുന്നത്.   മുമ്പിലത്തെ സീറ്റിൽ ഇരുന്നുകൊണ്ട് 'റോസാ' യാത്ര തുടരുന്നവേളയിൽ യാത്രക്കാരെക്കൊണ്ട് ബസ് നിറയാൻ തുടങ്ങി. വെളുത്തവരായവർ ബസ്സിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു.  ഡ്രൈവർ ബസ് നിറുത്തിക്കൊണ്ട്  മുമ്പിലത്തെ നിരയിലുള്ള നാല്  യാത്രക്കാർ സീറ്റുകൾ വെളുത്ത യാത്രക്കാർക്കായി ഒഴിഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. മൂന്നു പേർ അനുസരിച്ചെങ്കിലും 'റോസാ' ഡ്രൈവറുടെ വാക്കുകളെ പുച്ഛിച്ചു തള്ളിക്കൊണ്ട് അതേ സീറ്റിൽ തന്നെയിരുന്നു. 'നിനക്ക് എന്തുകൊണ്ട് നിന്നുകൂടായെന്ന്' റോസായോട് ഡ്രൈവർ ചോദിച്ചപ്പോൾ 'തനിക്കതിന് സൌകര്യപ്പെടില്ലായെന്നു' മറുപടി കൊടുത്തു.   ഡ്രൈവർ പോലീസിനെ  വിളിക്കുകയും മോണ്ട്ഗോമറി സിറ്റിനിയമം തെറ്റിച്ചതിന് റോസായെ അറസ്റ്റു ചെയ്യുകയും ചെയ്തു. അന്നുതന്നെ ജാമ്യത്തിലും വിട്ടു.

'റോസായെ' അറസ്റ്റു ചെയ്ത  ദിവസം   'ഈ.ഡി. നിക്സണ്‍' എന്ന  സാമൂഹിക നേതാവിന്റെ നേതൃത്വത്തിൽ (ഹെഡ് ഓഫ് എൻ.എ.സി പി) മോണ്ട്ഗോമാറി  ബസുകളിൽ യാത്രക്കാരെ ഉപരോധിച്ചുകൊണ്ട് സമരങ്ങൾക്ക് തുടക്കമിട്ടു. സ്ഥലത്തെ പത്രങ്ങളിൽ പരസ്യങ്ങൾ കൊടുക്കുകയും എവിടെയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. വീടുകളിൽ നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. റോസായുടെ  കോടതിയിലെ വിസ്താരദിനമായ  1955 ഡിസംബർ അഞ്ചാംതിയതി തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കാനും കറുത്തവരായവർ ബസുകളിൽ അന്നേദിവസം യാത്ര ചെയ്യാതിരിക്കാനും  തീരുമാനമെടുത്തു. പുറത്തേയ്ക്ക് പോകാതെ വീടുകളിൽ തന്നെ കഴിയാനോ, ടാക്സിയെടുത്തു ജോലിക്ക് പോകാനോ ജോലിക്ക് നടന്നു പോകാനോ ആയിരുന്നു  തീരുമാനം. ഭൂരിഭാഗം ആഫ്രോ അമേരിക്കർ അന്ന് ബസ്സിൽ കയറിയില്ല. സംഘാടകർ സമരം വിജയപ്രദമാക്കുന്നതിന് നീണ്ടകാല ബസ് യാത്രാ ഉപരോധനത്തിനായും   തീരുമാനിച്ചു.

ഏതാനും നേതാക്കന്മാർ മോണ്ട്ഗോമറിയിലുള്ള മൌണ്ട് സിയോ ചർച്ചിൽ സമ്മേളിക്കുകയും ബോയ്ക്കോട്ടിനുള്ള ഭാവി പരിപാടികളെപ്പറ്റി പദ്ധതികളിടുകയും ചെയ്തു. അവർ മോണ്ട് ഗോമറിയിൽ '  സമരങ്ങൾക്കായി ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മാർട്ടിൻ ലൂതർ കിംഗ് ജൂണിയറിനെ സംഘടനയുടെ പ്രസിഡന്റായി  തെരഞ്ഞെടുക്കുകയും ചെയ്തു. സമൂഹത്തിലെ  അനീതിയ്ക്കെതിരെയുള്ള മാറ്റത്തിന് റോസായുടെ കേസ്  ഒരവസരമായും വിപ്ലവ കമ്മിറ്റി കരുതി.

റോസായെ വിസ്തരിക്കാനായി   അറ്റോർണി ഫ്രെഡ് ഗ്രെയുമായി കോടതിയിലെത്തിയ സമയം അവർക്കു പിന്തുണ നല്കാൻ  ആയിരക്കണക്കിന്  ജനം  അന്ന് കോടതി വളപ്പിലുണ്ടായിരുന്നു. മുപ്പതു മിനിറ്റിലെ വിസ്താര വേളയ്ക്കു ശേഷം  സ്ഥലത്തെ നിയമം തെറ്റിച്ചതിന് പത്തു ഡോളർ പിഴയും കോടതി ചെലവു നാലു ഡോളറും റോസാ കൊടുക്കേണ്ടി വന്നു. അന്നുമുതൽ കറുത്തവർ ബസ് ബോയ്ക്കോട്ട് പൂർണ്ണമായും ആരംഭിച്ചു.  ബസുകൾ യാത്രക്കാരില്ലാതെ പലപ്പോഴും കാലിയായി  ഓടിക്കേണ്ടി വന്നു. ചിലർ കാർ പൂൾ വഴി ജോലിക്ക് പോയിക്കൊണ്ടിരുന്നു. മറ്റു ചിലർ ആഫ്രിക്കൻ അമേരിക്കർ ഓടിക്കുന്ന വണ്ടികളിൽ യാത്ര ചെയ്തു. നാല്പ്പതിനായിരം ആഫ്രിക്കൻ അമേരിക്കർ നടന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നു. ചിലർ ദിവസം 20 മൈയിലുകൾ നടന്നും  പോകുമായിരുന്നു.

മോണ്ട്ഗോമറിയിലെ  ആഫ്രിക്കൻ അമേരിക്കരിൽ  ഭൂരിഭാഗം ജനങ്ങളും സമരത്തിൽ   പങ്കെടുത്തതുകൊണ്ട്  'ബസ് ബോയ്ക്കോട്ട്'  വിജയകരമായിരുന്നു. അനേക മാസങ്ങളോളം സമരം തുടർന്നുകൊണ്ടിരുന്നു.  സിറ്റി ട്രാൻസ്പോർട്ട് കമ്പനിയുടെ സാമ്പത്തിക നില തകരാനും തുടങ്ങി. ബോയ്ക്കോട്ട് പുരോഗമിക്കുംതോറും   വെളുത്തവരിൽ നിന്നും ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു.  കറുത്ത വർഗക്കാരുടെ പള്ളികൾ കത്തിച്ചു. മാർട്ടിൻ ലൂതർ കിംഗിന്റെയും ഈ.ഡി. നിക്സന്റെയും വീടുകൾ ബോംമ്പിട്ടു നശിപ്പിച്ചു.  കറുത്തവർ നടത്തി വന്നിരുന്ന ടാക്സി കമ്പനികളുടെ ഇൻഷുറൻസ് നിറുത്തൽ ചെയ്തു.  അനേക കറുത്തവരായവരെ കാരണങ്ങളില്ലാതെയും നിയമ  ലംഘനത്തിനും  അറസ്റ്റു ചെയ്തു.

വെളുത്തവരിൽനിന്നും  തുടർച്ചയായ ആക്രമണങ്ങളും ഉപദ്രവങ്ങളും തുടർന്നപ്പോൾ   ആഫ്രിക്കൻ അമേരിക്കൻ സമൂഹം നിയമപരമായ നടപടികൾക്കും തയ്യാറായി. പൊതു ഗതാഗതങ്ങളിൽ വർണ്ണ വിവേചനം അനീതിയാണെന്ന് കാണിച്ച് 'റോസായുടെ' അറ്റോർണി ഫ്രെഡ് ഗ്രേ വഴി 1956 ജൂണിൽ അലബാമ, നൊർത്തേണ്‍,   മോണ്ട് ഗമറി ഡിസ്ട്രിക്റ്റ് കോർട്ടിൽ   ഒരു കേസ് ഫയൽ ചെയ്തു.   കോടതി വർണ്ണ വിവേചന നിയമം (ജിം ക്രോ നിയമങ്ങൾ) ഭരണഘടനയ്ക്കെതിരെന്നു വിധി പ്രസ്താവിച്ചു. മോണ്ട് ഗോമറി സിറ്റിയിലെ അധികൃതർ കോടതിയുടെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. എന്നാൽ 1956 നവംബർ  പതിനാറാം തിയതി സുപ്രീം കോടതി കീഴ്കോടതിയുടെ വിധി ശരി വെക്കുകയാണുണ്ടായത്.

ട്രാൻസ്പോർട്ട് കമ്പനിയും സിറ്റിയിലെ ബിസിനസുകളും സാമ്പത്തിക നഷ്ടംമൂലം തകർന്നുകൊണ്ടിരുന്നു. കറുത്തവർക്കെതിരെ നിയമപരമായ നടപടികൾ തുടരുന്നതു മൂലം സിറ്റിയുടെ സാമ്പത്തിക ഭദ്രതയും മോശമായി തുടങ്ങി. പൊതു വാഹനങ്ങളിൽ  നിലവിലുള്ള വർണ്ണ വിവേചന വ്യവസ്ഥ ഇല്ലാതാക്കാൻ ചുമതലപ്പെട്ടവർ നിർബന്ധിതരായി. 1956 ഡിസംബർ ഇരുപത്തിയാറാം തിയതി ബോയ്ക്കോട്ട്   ഔദ്യോഗികമായി അവസാനിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ 381 ദിവസങ്ങൾ നീണ്ടു നിന്ന വിജയകരമായ ഈ സമരം  വർണ്ണ വിവേചന വ്യവസ്ഥയ്ക്കെതിരെയുള്ള   കറുത്തവരുടെ  ഒരു  ജനകീയ മുന്നേറ്റമായിരുന്നു.

1955 ഡിസംബർ മുതൽ 1968 ഏപ്രിൽ വരെയുള്ള  പതിമൂന്നു വർഷത്തെ  മാർട്ടിൻ ലൂതർ കിംഗിന്റെ നേതൃത്വം   കറുത്തവരുടെ പൌരാവകാശങ്ങൾക്കു വേണ്ടിയായിരുന്നു. അമേരിക്കൻ ചരിത്രത്തിലെ 350 വർഷങ്ങൾ കൊണ്ട് നേടാൻ സാധിക്കാതിരുന്ന   പൌരാവകാശങ്ങൾ  അദ്ദേഹത്തിന്റെ ഹൃസ്വമായ ജീവിതത്തിൽ  നേടാൻ സാധിച്ചു.  കറുത്തവർക്കും തുല്ല്യാവകാശം വേണമെന്നുള്ള  സമാധാന വിപ്ലവത്തിന് മാർട്ടിൻ ലൂതറിനാവേശം ലഭിച്ചത്  ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്നായിരുന്നു.  ക്രിസ്തുവും ക്രിസ്തീയ ചൈതന്യവും ആ മഹാനെ നയിച്ചുകൊണ്ടിരുന്നു. മറ്റുളളവർ അക്രമ പരമായ വിപ്ലവ മാർഗങ്ങൾ തുടർന്നപ്പോൾ അദ്ദേഹം ശക്തമായ ഭാഷയിൽക്കൂടി അക്രമത്തെ  എതിർത്തു. ദാരിദ്ര്യത്തിനെതിരെയും സ്ത്രീ അസമത്വത്തിനെതിരെയും ആഗോള സമാധാനത്തിനായും  സമരം ചെയ്തു. കറുത്തവരും വെളുത്തവരും തുല്യരാണെന്ന് ഉച്ചത്തിൽ പ്ലാറ്റ് ഫോറങ്ങളിൽ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്, (I have a dream) നോബൽ സമ്മാനം ലഭിച്ച ദിനത്തിലെ പ്രസംഗം, ബിർമിൻഗാം ജയിലിൽ നിന്നും അയച്ച കത്ത് എന്നീ വാക്കുവൈഭവങ്ങൾ  ഇംഗ്ലീഷ് ഭാഷയിൽ അതുല്യ സാഹിത്യ കണികങ്ങളായി കണക്കാക്കുന്നു. അദ്ദേഹത്തിൻറെ മഹനീയമായ ജീവിതത്തെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും  ഇന്ന് വെളുത്തവരെയും കറുത്തവരെയും ഒരുപോലെ സ്കൂളുകളിൽ പഠിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും  പണ്ഡിതരും ഒരുപോലെ   ആ മഹാനെപ്പറ്റി ഗവേഷണങ്ങൾ നടത്തി പ്രബന്ധങ്ങളും തയ്യാറാക്കുന്നു. അമേരിക്കൻ പ്രസിഡന്റല്ലാത്ത  ഒരാളെ ആദരിച്ചുകൊണ്ടുള്ള ഫെഡറൽ  അവധി  ദിനം ' മാർട്ടിൻ ലൂതർ കിംഗ്‌ 'ഡേ മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ പേരിൽ നൂറു കണക്കിന് പ്രതിമകളും റോഡുകളും പാർക്കുകളും പള്ളികളുമുണ്ട്. പതിമൂന്നു വർഷം മാത്രം  സമാധാനത്തിന്റെ സന്ദേശവുമായി   വിപ്ളവം  നയിച്ച  മാർട്ടിൻ ലൂതർ കിങ്ങിന്റെ  ജീവിതം 1968-ഏപ്രിൽ നാലാം തിയതി  ടെന്നസ്സിയിലെ മെമ്പീസിലുള്ള ലോറയിൻ  മോട്ടലിൽ നടന്ന വെടിവെപ്പിൽ   അവസാനിച്ചു. ഡോ. കിംഗ് വളർന്ന ജോർജിയായിലെ അറ്റ്ലാന്റായിൽ   നടന്ന കിംഗിന്റെ  സംസ്ക്കാര ചടങ്ങുകളിൽ  ദേശീയ തലത്തിലുള്ള ഉന്നതരായ നേതാക്കന്മാർ  പങ്കു കൊണ്ടിരുന്നു.

1970  മുതലാണ്  ആഫ്രോ  അമേരിക്കർ  ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്.  പ്രധാന നഗരങ്ങളിൽ മേയർമാരായും ഫോർച്യൂണ്‍  500 കമ്പനികളിലെ സി ഇ ഓ മാരായും ഉയർന്ന സ്ഥാനങ്ങളും അലങ്കരിക്കാൻ തുടങ്ങി. ഒടുവിൽ കിംഗിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടു കറുത്ത വർഗക്കാരനായ ഒബാമ അമേരിക്കയുടെ നാൽപ്പത്തി നാലാം  പ്രസിഡന്റായി വൈറ്റ് ഹൗസും കീഴടക്കി.  ഇന്ന് ആഫ്രിക്കൻ അമേരിക്കൻ ജനതയിൽ സമൂലമായ മാറ്റങ്ങളും പരിവർത്തനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ഒരു   ആഫ്രോ  അമേരിക്കനോട്  ആരും ബസിന്റെ പുറകിലിരിക്കാൻ പറയില്ല.  വോട്ടുചെയ്യാൻ വരുന്നവരെ  ഉപദ്രവിക്കാൻ ആരും തയ്യാറാവുകയില്ല. എങ്കിലും  നൂറ്റാണ്ടുകളിലെ അടിമത്ത്വ വ്യവസ്ഥിതി കറുത്ത വർഗക്കാരെ  സാമൂഹിക,വിദ്യാഭ്യാസ, സാമ്പത്തിക തലങ്ങളിൽ വളരെ പിന്നിലേക്ക് തള്ളിയെന്നുളത് ചരിത്ര സത്യമാണ്.

സ്വാതന്ത്ര്യം എന്തെന്നറിയാതെ മരിച്ചുപോയ അടിമകളായ അമ്മമാർ മടങ്ങി വരുകയാണെങ്കിൽ അവർ  പറയും, "മക്കളെ ഇരുളിനു  തുല്യമായ എന്റെ മുഖം നോക്കൂ.  സത്യത്തിന്റെ ദീപമായ  സൂര്യനെപ്പോലെ ഞാനിന്നു  പ്രകാശിക്കുന്നു. ഒരിക്കൽ ഞാനൊരു  കറുത്ത കുട്ടിയായിരുന്നു. ഞാൻ തന്നെയാണ് ചുവന്ന കടൽ. സാക്ഷാൽ കറുത്തമ്മ. കറുത്തവളായ ഞാൻ സ്വാതന്ത്ര്യത്തിനായി  സ്വപ്നങ്ങൾ പടുത്തുയർത്തി.വയലുകളിൽ പണിയെടുത്ത  സ്ത്രീയാണ് ഞാൻ. പഞ്ഞിക്കെട്ടുകളും ധാന്യ വിഭവങ്ങളും തലയിൽ ചുമന്നു കൊണ്ടുവന്നതും ഞാൻ തന്നെ. അടിമയായി ജോലി ചെയ്തവളും ഞാൻ തന്നെ.  പ്രതിഫലമായി അവരെന്നെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.  എന്റെ മക്കളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി വിറ്റു. ഭർത്താവിനെയും വിറ്റു. എനിക്ക്  സുരക്ഷിതം തന്നില്ല, സ്നേഹം തന്നില്ല. ബഹുമാനവും തന്നില്ല.  എന്നെ തട്ടിക്കൊണ്ടുപോയി  ചാരിത്ര്യം നശിപ്പിച്ചപ്പോൾ ക്രൂരതയുടെ  നിയമം എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു."



















DR.Martin Luthar King (Jr)





Rosa Park




Thursday, July 23, 2015

മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര


By ജോസഫ് പടന്നമാക്കൽ

ശ്രീ ചാക്കോ കളരിക്കൽ ‍ രചിച്ച  ഏതാനും  പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു തപാലില്‍ അയച്ചുതന്നിരുന്നു.  തികച്ചും, യാദൃശ്ചികമായി അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ വിസ്മയത്തോടെ തന്നെ  ഓരോ പുസ്തകത്തിന്റെയും താളുകളൊന്നു ‍ മറിച്ചു നോക്കി. പുരോഹിതാശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ‍ ആദ്യം ഞാൻ വിചാരിച്ചത്. ‍പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക വായിച്ചപ്പോൾ  പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി വിലയിരുത്താനും  പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ  ആശയ പുഷ്ടി നിറഞ്ഞ പുസ്തകങ്ങളെന്നു  മനസിലാക്കാനും സാധിച്ചു.


അല്മായർ  സഭയെയോ സഭാധികാരികളെയോ ‍ വിമര്‍ശിച്ചാല്‍  നിത്യനരകം കല്പ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്  ആദിമ കാലം മുതൽ  കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. നന്മ  തിന്മകളോ   ശരികളോ   തെറ്റുകളോ   ഗൗനിക്കാതെ   പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് സഭ എന്നും വിധിയെഴുതിയിരുന്നു.  സഭയുടെ ചട്ടക്കൂട്ടിൽ അടിമകളെപ്പോലെ കഴിയുന്ന അല്മായർ നാളിതുവരെ ‍ ഇതു വിശ്വസിച്ചിരുന്നു. സഭയെപ്പറ്റി ഗഹനമായി പഠിച്ചിട്ടില്ലാത്ത എന്റെയും ചിന്താഗതി ഏറെക്കുറെ അങ്ങനെയൊക്കെ  തന്നെയായിരുന്നു .


ദീര്‍ഘനാളുകളായുള്ള അമേരിക്കന്‍ ജീവിതം മൂലം മലയാള ഭാഷയുമായി ഞാൻ അകന്നുപോയിരുന്നു.  മലയാളാക്ഷരങ്ങള്‍ കൂട്ടി വായിക്കാനുള്ള ക്ഷമക്കുറവു മൂലം മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായിരുന്നു. എന്നാൽ  ശ്രീ ചാക്കോയുടെ വിപ്ലവാശയങ്ങള്‍ നിറഞ്ഞ   'മതാധിപത്യം കത്തോലിക്കാസഭയില്‍'  എന്ന ഗവേഷണ ഗ്രന്ഥം   കണ്ട മാത്രയിൽ തന്നെ ‍ എന്തെന്നില്ലാത്ത ആവേശത്തോടെ  ആദ്യപേജു മുതല്‍ തുടർച്ചയായി അവസാന പേജുവരെ  വായിച്ചു.  ഒരു സാധാരണ അല്മെനിയെപ്പോലെ ഉള്ളിലൊതുക്കി വെച്ചിരുന്ന എന്‍റെയുംകൂടി  ഒളിഞ്ഞിരുന്ന ആശയങ്ങളായിരുന്നു  അദ്ദേഹത്തന്റെ ഈ പുസ്തകത്തിൽ ‍ ‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ഇത്തരം  നവീകരണാശങ്ങളടങ്ങിയ   പുസ്തകങ്ങള്‍ സ്കൂളിലോ കോളേജിലോ പഠിക്കാൻ ‍ സാധിക്കില്ല.  ഗ്രന്ഥപ്പുരകൾ തേടിയാലും  കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. സ്വതന്ത്രമായ ആശയങ്ങള്‍  ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ക്ക് ഈ ഗ്രന്ഥം ആനന്ദവും  മനസ്സിന് കുളിര്‍മ്മയും നല്കും .  പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായുള്ള  പള്ളി ജീവിതം നയിക്കുന്ന  സഭാമക്കൾക്കും ‍‌ മാറ്റത്തിനെതിരെ  ചിന്തിക്കുന്ന ബുദ്ധിശൂന്യർക്കും  ഈ പുസ്തകം ബോറടിയുമായിരിക്കും.


പുരോഹിതരുടെ കൊള്ളരുതായ്മകള്‍  നിത്യ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചവനായ  ഞാന്‍  മനസ്സിനുള്ളിൽ ‍ അവർക്കെതിരായ ഒരു വിപ്ലവകാരിയായിരുന്നു.  ശ്രീ കളരിക്കൽ ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കാൻ ‍ ഭാഗ്യമുണ്ടായില്ല. ‍ അതുകൊണ്ട്  ഗഹനമായി ചിന്തിച്ചുകൊണ്ട്‌  അവർക്കെതിരെ ശബ്ദിക്കാനുള്ള കഴിവോ  ഉണ്ടായിരുന്നില്ല.  പുരോഹിതരെപ്പറ്റി പൊതുവേ  എനിക്ക് മതിപ്പും കുറവായിരുന്നു. എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കുവേണ്ടി  നല്ല പുരോഹിതർക്കായുള്ള  മുറവിളിയാണെന്ന് ഓരോ പേജുകളിലും പ്രതിഫലിക്കുന്നത് കാണാം.  പുരോഹിതരോ  മെത്രാന്മാരോ അദ്ദേഹത്തിൻറെ ഈ  പുസ്തകം ഒന്ന് വായിച്ചിരുന്നെങ്കിൽ ‍ യേശുവും പരിശുദ്ധമായ ഒരു സഭയുമായി കൂടുതൽ ഐക്യപ്പെടുമായിരുന്നു.  സഭയുടെ മതാധിപത്യത്തിനടിസ്ഥാനമായ ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു അന്വേഷണം  കൂടിയാണ്.


കഴിഞ്ഞ കാലങ്ങളില്‍ പള്ളിയോടും പുരോഹിതരോടും അകന്നുള്ള  ജീവിതമായിരുന്നതിനാൽ ചാക്കോച്ചന്റെ ഈ പുസ്തകം വായിക്കുന്നവരെ യേശുവിനെയും  അവിടുത്തെ  മഹനീയ  തത്വങ്ങളെയും  കാര്യമായി  ഞാൻ   ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് അദ്ദേഹത്തിന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്.  പുരോഹിതരോടുള്ള വെറുപ്പിന് ശമനവും വന്നു. സഭയുടെ നന്മക്കായി  നല്ല പുരോഹിതരെ തേടിയുള്ള  ചാക്കോച്ചന്‍റെ ചിന്താഗതികളുമായി  ഞാനും അലിഞ്ഞു ചെര്‍ന്നു.  എന്നിലെ ഒരു എഴുത്തുകാരൻ ജനിച്ചതും  അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകളിൽക്കൂടിയാണെന്നും അഭിമാന പൂർവ്വം ഞാനിന്നിവിടെ കുറിക്കട്ടെ.

സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണം നേടുകകൂടിയാണ്, ഈ  പുസ്തകം രചനയിൽക്കൂടി  ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത്‌.  അതിനായി  വൈദികാധികാരം വെട്ടിക്കുറക്കാനും നിർദ്ദേശിച്ചിരിക്കുന്നു.  ഗ്രന്ഥകാരന്‍റെ സ്വന്തം ജീവിതാനുഭവങ്ങളും അനുഭവപാഠങ്ങളും ‍  ഈ പുസ്തകത്തിൽ പകർന്നു വെച്ചിട്ടുണ്ട്. ലോകം മുഴുവന്‍  വൈദികരുടെ കൊള്ളരുതായ്മകൾമൂലം  അനേകർ സഭ വിട്ടുപോവുന്നു. ഒരിക്കല്‍ ഈ പുസ്തകം  വായിക്കുന്ന വായനക്കാരന്  ഞെട്ടിക്കുന്ന സത്യങ്ങള്‍ പലതും മനസിലാക്കാൻ സാധിക്കും.  സഭയുടെ അന്തസും പാരമ്പര്യവും കാത്തു സൂക്ഷിക്കാനായി   യേശു ചൈതന്യം നിറഞ്ഞ  ഒരു യുഗത്തിലേക്ക്   അവിടുത്തെ പ്രിയരായവർ കുതിച്ചു ചാട്ടത്തിനായും  മോഹിക്കും.

കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ വിമർക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളുമുണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോത്വാന  ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ  അടിച്ചമർത്തി അവരെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. സഭയുടെ ദുഷിച്ച പ്രവണതകളിൽനിന്നും മുക്തി നേടിക്കൊണ്ട് ചിന്താശീലരായവർ   നവീകരണ സഭകള്‍ക്കു തുടക്കമിട്ടു.  പിൽക്കാലങ്ങളിൽ സഭയ്ക്കേറ്റ  മുറിവുകളെയില്ലാതാക്കി സഭയെ പുനരുദ്ധരിക്കാൻ ‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ വൈദികരും ലോകമെമ്പാടും  ശ്രമിച്ചതും ചരിത്രമാണ്.


കുരിശുയുദ്ധങ്ങൾ  വഴി യൂറോപ്പു മുഴുവന്‍ രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചുകൊണ്ട്  ലോകം  മുഴുവന്‍  ദാരിദ്ര്യം നിറയ്ക്കുക സഭയുടെ നയമായിരുന്നു. മാര്‍ട്ടിന്‍ ലൂതറിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും.  സഭയുടെ നിശബ്ദതയിൽ  നാസിക്യാമ്പില്‍ നടന്ന നൂറായിരം കൂട്ടക്കൊലകളുടെയും ക്രൂരതയുടെയും  ചരിത്രങ്ങൾ  യഹൂദ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നതും കാണാം.


അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി മുദ്രകുത്തുന്ന ഒരു കീഴ്വഴക്കമാണ് സഭക്കുള്ളത്.  തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു സഭാ നേതാക്കള്‍ക്ക്  താല്പര്യം. അര്‍ഹമായ വിമര്‍ശനം സഭാ നേതൃത്വം  ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം സഭാ വിമര്‍ശന പുസ്തകങ്ങള്‍ വളരെ വിരളമായേ  ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസമാണ്. ഇതിനൊരു അപവാദമായി  സഭയെ വിമര്‍ശനങ്ങളിൽക്കൂടി  കൂടുതൽ അടുത്തറിയാൻ  ഒരു നല്ല പുസ്തകം ശ്രീ  ചാക്കോ കളരിക്കൽ ‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.


ഈ  പുസ്തകത്തിലുള്ള ‍ ഓരോ അദ്ധ്യായങ്ങളിലും  'സഭ' എന്ന ഏകാധിപത്യത്തെപ്പറ്റി  ഒരു ഗവേഷണ പരമ്പരപോലെയാണ് വിവരിച്ചിരിക്കുന്നത്. സഭയുടെ കുത്തഴിഞ്ഞ  നേതൃത്വം, അഴിമതികൾ,  പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങൾ  വായനക്കാരുടെ  ചിന്തകളെ ഉത്തേജിപ്പിക്കുന്നതാണ്.  ആദ്യ അദ്ധ്യായം സഭയിലെ സ്ത്രീ പുരുഷ വിവേചനത്തെപ്പറ്റി വിവരിച്ചിരിക്കുന്നു.  സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണ്. സെന്‍റ് പോള്‍ എഴുതിയ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിച്ചിരിക്കുന്നതു കാണാം.  പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോൾ വരെ സ്ത്രീയെ തരം താഴ്ത്തികാണിക്കുന്നുണ്ട്‌. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും ശാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍  സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും  ശ്രീ കളരിക്കൽ ‍ വിശ്വസിക്കുന്നു. പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍നിന്നും  സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനം അദ്ദേഹം   ഈ പുസ്തകത്തിൽ ഉടനീളം ആവർത്തിച്ചിട്ടുണ്ട്.   പൌര രാക്ഷ്ട്രീയത്തിലും  സാമൂഹിക ചിന്താഗതികളിലും  സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. സ്ത്രീയെ താഴ്ത്തി കെട്ടികൊണ്ടുള്ള ഈ പ്രതിഫലനങ്ങൾ  മനുവിയൻ  തത്ത്വങ്ങള്‍ മുതല്‍ സുവിശേഷകനായ  പോളിന്റെ വചനങ്ങള്‍വരെ കാണാം.  സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. അവൾക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍  എക്കാലവും വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.


സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ  ചാക്കോ കളരിക്കൽ ‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രീ ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു.  വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുന്ന ഈ പ്രവണതകൾ അവസാനിപ്പിച്ചുകൂടെ ? പരിവര്‍ത്തന  കാലഘട്ടത്തിൽകൂടി സഭയിലെ സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുവാനുള്ള പരിഹാര മാർഗങ്ങൾ  ഗ്രന്ഥകാരന്റെ ഭാഷയിൽ വായിച്ചാലെ വായനക്കാരന് അതിന്റെ കാര്യ ഗൌരവം മനസിലാവുകയുള്ളൂ.'ജ്ഞാന സ്നാനം വഴി സ്ത്രീയും പുരുഷനും ക്രിസ്തുവിൽ ഒന്നാണെന്നും പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയെന്നും   സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്നും  അദ്ദേഹം  സ്ത്രീകള്‍ക്ക് വേണ്ടി ശക്തിയായ ഭാഷയിൽ  വാദിക്കുന്നുണ്ട് .  സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ്‍  പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും  വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കരുതോയെന്നും  പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല  മാതൃത്വവും പെറ്റു  പെരുകുകയും മാത്രമെന്നായിരുന്നു  ജോണ്‍ പോൾ മാര്‍പാപ്പ വിശ്വസിച്ചിരുന്നത്.


'പോളിന്‍റെ വചനങ്ങൾ  തടസമാണെങ്കിലും  ‌ സഭയെ സംബന്ധിച്ച സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സ്ത്രീകൾക്ക്  സ്വാതന്ത്ര്യം നല്കുകയും   സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍  സ്ത്രീയെ അനുവദിക്കുകയും ചെയ്യണമെന്ന്  ഗ്രന്ഥകാരൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യാവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രം.'


'കത്തോലിക്കാസഭ' എന്ന അദ്ധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള  വിവരങ്ങള്‍ തന്മയത്വമായി  വിവരിച്ചിട്ടുണ്ട്.  ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് അദ്ദേഹത്തിൻറെ വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും  പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്. പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും. ആദ്യ നൂറ്റാണ്ടുകളുടെ തുടക്കത്തിൽത്തന്നെ  സഭയില്‍ തെറ്റായ വിശ്വാസങ്ങള്‍ ഉടലെടുത്തു.  പാഷണ്ഡികള്‍ ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കാനാരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിക്കേയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസിൽ  വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോറിയനിൽനിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്ത്വം. പുറത്താക്കപ്പെട്ട  മാനിക്കയിന്‍ മതക്കാരുടെ കുരിശിനുവേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാർസഭ മുഴക്കിക്കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.


എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായ ആദിമ സഭയിലെ കൂട്ടായ്മയുടെ സ്ഥാനത്ത്  സാമ്രാജ്യത്തിനുള്ളിലെ  സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രരുടെ സഭ, രാജകീയ വേഷങ്ങളണിഞ്ഞ പുരോഹിതരുടെയും  സമ്പത്തു മോഹിക്കുന്നവരുടെയും  സഭയായി മാറി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും  വിഷയ സംബന്ധമായ  ഗവേഷണങ്ങളും  ശ്രീ ചാക്കോ കളരിക്കൽ വിശദീകരിച്ചിട്ടുണ്ട്.  ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ്‍  ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ  മുതലായ പ്രസിദ്ധരായ മാർപ്പാപ്പാമാരെപ്പറ്റി  ഒരു ചരിത്ര ചിന്തകന്റെ വിക്ഷണത്തോടെ   നന്നായി അവലോകനവും  ചെയ്തിട്ടുണ്ട്.


മുക്കവന്‍റെ കസേരയില്‍ വെറും നാലുവര്‍ഷവും ഏഴുമാസവും ഇരുന്ന ജോണ്‍  ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ശ്രീ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ്‍  മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.


അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണ രൂപേണയുണ്ട്. 'അല്‍മായ' എന്ന വാക്കിനു പരിഹാസരൂപത്തില്‍ അടിമയെന്നാണ് ശ്രീ ചാക്കോ അർത്ഥം കല്പ്പിച്ചിരിക്കുന്നത്.  മൂന്നാം നൂറ്റാണ്ടുമുതല്‍ പുരോഹിതർ പറയുന്നത് എന്തും സത്യമാണെന്നു കരുതി  മൌനമായി ശ്രവിച്ചുകൊണ്ട്‌ അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. 'അല്മായര്‍' എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം  നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യവുമില്ല. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്‍സ്റ്റാന്റിൻ  ചക്രവർത്തിയുടെ  കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു.  അല്മായർക്കായുള്ള  ഈ അദ്ധ്യായത്തിൽ യുക്തിയും ചിന്താശക്തിയും  ഗ്രന്ഥകാരന്റെ ശക്തമായ ഗവേഷണ പാടവവും  നിറഞ്ഞിരിക്കുന്നു.


അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പരിത്യാഗത്തിൽ  പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളിൽ  ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു.  ആദ്യമസഭയില്‍  പുരോഹിതരുണ്ടായിരുന്നില്ല. പിന്നീട് . അല്‍മായരും കൂട്ടായ്മ മൂപ്പന്മാരും  ഒന്നുപോലെ ദൈവജനമായിരുന്നു.  ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. മൂന്നാംനൂറ്റാണ്ടില്‍ കൈവെയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടിലായി. കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ചുമതലയായി മാറ്റപ്പെട്ടു.


ചാക്കോ കളരിക്കലിന്റെ  ‍ അഭിപ്രായത്തിൽ  സുവിശേഷ ചൈതന്യത്തോടെ അല്മായര്‍ക്ക് പൂര്‍ണ്ണ  അവകാശങ്ങളോടെയും അധികാരത്തോടെയും  സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്.' സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ ചൈതന്യത്തിൽ പങ്കു ചേരണം.  ജാതി മത ഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ വിത്യാസമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നും  നിര്‍ദേശിക്കുന്നുണ്ട്.


1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തൻ കുർ‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല 'തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും  ശ്രീ കളരിക്കൽ ‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ. സഭയെ  ഭരിക്കുന്ന ‍  വൈദികര്‍ക്കും വൈദികപ്രമാണികള്‍ക്കും  കാലം ചെയ്ത അതേ അഭിഷിക്തരുടെ മനസ്ഥിതിയാണ് ഇന്നുമുള്ളത്.


ഉദയംപേരൂര്‍ സുനഹദോസുവരെ പുരോഹിത- അല്‍മായ അന്തരങ്ങള്‍  സഭയിയിലുണ്ടായിരുന്നില്ല. പോർട്ടുഗീസുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മേനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളിലും  നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു. അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയർത്തെഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. 'എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാനുണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദംവേണം.


അല്മെനിയുടെ പണം കൊണ്ട്  സഭയും പുരോഹിതരും സ്വത്തുക്കള്‍ സമ്പാദിക്കുന്നു.  ആ സ്വത്തുക്കളുടെമേല്‍ അല്മെനിക്ക് അവകാശമില്ലാത്ത  വ്യവസ്ഥയേയും  ശ്രീ ചാക്കോ  നിശിതമായി വിമർശിച്ചിട്ടുണ്ട്.  "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍ ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നുള്ള  "വത്തിക്കാന്‍റെ കുടുംബാസൂത്രണ‍ നയങ്ങളെ   ചാക്കോ ആരായുന്നതും  കാണാം. അല്മെനികള്‍ക്കു  വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോർട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെ മൊത്തം റോമിനു  വിറ്റതില്‍ ക്ഷമിക്കാൻ സാധിക്കില്ലന്നുള്ള  കാഴ്ചപ്പാടും ശ്രീ ചാക്കൊയ്ക്കുണ്ട്.  നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും  നന്നായിരിക്കുന്നു. സഭയെ വിമർശിക്കുന്നവര്‍, അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും  നര്‍മ്മരസത്തോടെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരന് വായനയിൽ ഉണർവും ഉന്മേഷവും നല്കും.


ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്." പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും  അദ്ദേഹം  പറയുന്നു.


സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു പേപ്പസ്സിയെന്ന അദ്ധ്യായം ‍  തുടരുന്നു.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, " The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.  ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി. ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു  പേപ്പസ്സി അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ അധികാരവും പത്രോസിന്‍റെ ആദ്ധ്യാത്മികപദവിയും ഒത്തു നിലനിര്‍ത്തിയിരുന്ന ഭൂമിയിലെ ഏക ഭരണകര്‍ത്താവായിരുന്നു മാര്‍പാപ്പ.


ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ ഒരു സാമ്രാജ്യം.  ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി നിലനിര്‍ത്തി. കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച  പാപപങ്കിലമായ കഥകള്‍ സഭയുടെ നിശബ്ദചരിത്രത്തില്‍ ശയിക്കുന്നു.


നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍  തന്മയത്വമായി 'പേപ്പസ്സി'യെന്ന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.


ഇന്നു കത്തോലിക്കാ മതത്തില്‍ ആദിമസഭയിലെ ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. തെറ്റാവരവും അധികാരവും ധനവും സഭയെ ആദിമസഭയില്‍നിന്നും ബഹുദൂരം മാറ്റി നിർത്തി.  സഭയില്‍ നിലകൊള്ളുന്നത് ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങൾകൊണ്ട്  വക്രീകരിക്കപ്പെട്ട  തത്ത്വങ്ങളുടെ സംഹിതകളാണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയിലുണ്ട്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്ത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാർപാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.


കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങൾ ‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നു.  ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയിലുണ്ടായിരുന്നില്ല. പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി ‍ സ്ഥാനംപിടിച്ചത്.


ജോണ്‍ പോള്‍ രണ്ടാമൻ  മാര്‍പാപ്പായെ  ശ്രീ ചാക്കോ വിശേഷിപ്പിച്ചതിങ്ങനെ,  " തെളിവില്ലാത്ത സ്വാഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാർദ  തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത സഞ്ചാരി ‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ വിശുദ്ധരിൽ ‍ വിശുദ്ധൻ എന്നിങ്ങനെ  സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."


പേപ്പസ്സി അദ്ധ്യായത്തില്‍ സഭാനന്മക്കായി  ചില  നിര്‍ദ്ദേശങ്ങള്‍  മുമ്പോട്ടു വെച്ചിട്ടുണ്ട്. "സഭ ക്രിസ്തുവിന്‍റെ ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ് ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നും  ശ്രീ ചാക്കോ കളരിക്കൽ കരുതുന്നു.  ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നാണ്  അദ്ദേഹത്തിന്‍റെ അഭിപ്രായം . സഭയെ  വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിക്കണം.  അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുത്." വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍ ഇങ്ങനെ " സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും." അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു". ഈ ചെറു അദ്ധ്യായത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള  വിവരങ്ങള്‍ കൌതുകകരവും വിജ്ഞാന പ്രദവുമാണ്.


അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായവുമുണ്ട്.   അവരിൽ   ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.  ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ചുരുക്കമായി വിവരിച്ചിട്ടുണ്ട്.  ചുരുങ്ങിയ കാലംകൊണ്ട് ജോണ്‍  ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി  ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി പ്രസ്താവിച്ചത് 'തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.' ജോണ്‍  പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തിൽ  ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു.   മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഈ മാർപ്പാപ്പ  ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ ചുരുക്കിമാത്രമേ പുസ്തകത്തിൽ  വിവരിച്ചിട്ടുള്ളൂ.


ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ചരിത്ര വായനക്കാർക്ക് താല്പര്യമുണ്ടാക്കും. അവരില്‍ കൊലയാളികളും  വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാർപ്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുകയും കൊലകള്‍ നടത്തുകയും ചെയ്തു.  സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും  നിരൂപണ വൈഭവത്തോടെ പുസ്തകം വായിച്ചുതന്നെ അറിയുക.


ഇങ്ങനെ നൂറുനൂറായിരം വിവാദങ്ങളും സംവാദങ്ങളും  അടങ്ങിയ  ശ്രീ കളരിക്കൽ ചാക്കോ എഴുതിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടിറങ്ങുന്നവർക്കെ  ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരാൻ ‍ സാധിക്കുള്ളൂ. ഇതില്‍ ഗ്രന്ഥകാരനെ ‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന ഈ പുസ്തം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ശ്രീ ചാക്കോ ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചു കാണും.  വിജ്ഞാനപ്രദമായ  ഒരു പുസ്തകം  വായനക്കാർക്ക് കാഴ്ചവെച്ച അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ശ്രീ ചാക്കൊയ്ക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

Friday, July 17, 2015

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പറഞ്ഞിട്ടില്ലാത്ത കഥകളും ദുരൂഹതകളും


By ജോസഫ് പടന്നമാക്കൽ

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വീര പടനായകൻ, ജനഹൃദയങ്ങളെ കിടിലം കൊള്ളിച്ച വിപ്ലവകാരി, ബ്രിട്ടീഷ് ഭരണത്തെ ഭാരത മണ്ണിൽനിന്നും തുരത്താൻ പട പൊരുതിയ ധീര ദേശാഭിമാനി, എന്നീ നിലകളിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് കാലത്തിന്റെ ചുവരെഴുത്തിങ്കൽ നിത്യവും വെട്ടി തിളങ്ങിക്കൊണ്ടിരിക്കുന്നു. 'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരാമെന്ന്' സ്വാതന്ത്ര്യ ദാഹികളായവരെ കോരി തരിപ്പിച്ചുകൊണ്ട് ആ മഹാൻ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു പറയുമായിരുന്നു. ഗാന്ധിജി, നെഹ്റുജി എന്നീ മിതവാദികളുടെ ചിന്താഗതികൾക്കുപരിയായി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച തീവ്രവാദിയായിരുന്നു. 'ഭാരതത്തിനു ‌ വേണ്ടത് ഭാഗികമായ സ്വാതന്ത്ര്യമല്ല പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമെന്നു ബ്രിട്ടീഷ് സർക്കാരിനോട് ആ കർമ്മയോഗി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മിതവാദികളായ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വീക്ഷണങ്ങൾക്കുപരി വ്യത്യസ്തമായി ചിന്തിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങളിൽ അവരുടെ അതേ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുമുണ്ടായിരുന്നത്. ഐ.എൻ ഐ യുടെ മുന്നേറ്റം ബ്രിട്ടീഷ്കാർക്ക് ഇന്ത്യയിൽ ഭരണം മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നു. നേതാജി പടനായകനായ ഐ.എൻ ഐ പട്ടാളത്തിന്റെ വീര്യം ബ്രിട്ടീഷ് സർക്കാരിനെ ക്ഷയിപ്പിച്ചതുകൊണ്ടാണ് ക്ലമന്റ് ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം നല്കാൻ തീരുമാനിച്ചെതെന്ന സത്യം ചരിത്രത്തിനൊരിക്കലും മൂടിവെയ്ക്കാൻ സാധിക്കില്ല. 

സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും പതിനാലു മക്കളിൽ ഒമ്പതാമനായി കല്ക്കട്ടായിലുള്ള കട്ടക്കിൽ ജനിച്ചു. ജാനകിനാഥ ബോസ് കട്ടക്കിലെ പേരുകേട്ട ഒരു വക്കീലായിരുന്നു. ' റായ് ബഹാദൂർ' എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബംഗാൾ ലെജിസ്ലേറ്റിവ് കൌണ്സിൽ അംഗവുമായിരുന്നു. 

സുഭാഷ് ചന്ദ്രബോസ് ബുദ്ധിമാനും പഠിക്കാൻ അതി മിടുക്കനുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ തത്ത്വസംഹിതകളിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു. വിദ്യാർത്ഥിയായിരുന്നപ്പോഴും അമിതമായ ദേശഭക്തി അദ്ദേഹത്തിൽ ജ്വലിച്ചിരുന്നു. തന്റെ അധ്യാത്മിക ഗുരുവായി വിവേകാനന്ദനെ ഹൃദയത്തിൽ പ്രതിഷ്ടിച്ചിരുന്നു. ബോസ് യുവാവായിരുന്നപ്പോൾ തന്നെ ഭാരതീയ ജനതയെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യുന്നതിൽ കുപിതനായിരുന്നു. ഏതു വിധേനയും പ്രതികാരം ചെയ്യണമെന്ന ചിന്തകളുമായി പ്രവർത്തനങ്ങളാരംഭിച്ചു. പ്രസിഡൻസി കോളേജിൽ ബോസ് പഠിച്ചിരുന്ന കാലത്ത്   ഒരു ബ്രിട്ടീഷദ്ധ്യാപകനായ 'ഇ.എഫ് ഒട്ടൻ'  ഇന്ത്യാക്കാരെ അധിഷേപിച്ചു സംസാരിച്ചതിൽ കുപിതനായി അയാളെ ദേഹോപദ്രവം ചെയ്തു. അതുമൂലം അവിടുത്തെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ആ സംഭവത്തിൽ കല്ക്കട്ടാ യൂണിവേഴ്സിറ്റിയും അദ്ദേഹത്തെ ഡീബാർ ചെയ്തു. അന്നുമുതൽ ബോസ് ബ്രിട്ടീഷധികാരികളുടെയും നോട്ടപുള്ളിയായി ഒരു വിഘടനവാദിയായി അറിയപ്പെട്ടു. ബോസ് പിന്നീട് സ്കൊട്ടീഷ് ചർച്ച് കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബി.എ ഡിഗ്രീ നേടി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടുകയും ഐ.സി.എസ് (ഇന്ത്യൻ സിവിൽ സർവീസ്) പരീക്ഷ പാസാകുകയും ചെയ്തു. സ്വന്തം പിതാവിന്റെ ആഗ്രഹം അനുസരിച്ച് സർക്കാരിൽ ജോലിയിൽ പ്രവേശിച്ചു. ഒരു വിദേശ സർക്കാരിന്റെ കീഴിൽ ജോലി തുടരാൻ ആത്മാഭിമാനമുള്ള ബോസിന് സാധിക്കില്ലായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഉള്ള തൊഴിലുകൾ വാഗ്ദാനം ചെയ്തെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച് ബോസ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേരുകയാണുണ്ടായത്. 

സുഭാഷ് ചന്ദ്രബോസ് ജർമ്മനിയിൽ താമസിക്കുന്ന കാലത്ത് എമിലി ഷെങ്കിയെന്ന (Emilie Schenki) ഓസ്ട്രിയൻ കത്തോലിക്കാ വനിതയെ വിവാഹം ചെയ്തിരുന്നു. അവർക്ക് 'അനിതാ പഫ്' (Anita Schenkl Pfaff) എന്ന പേരുള്ള ഒരു മകൾ ജനിച്ചിരുന്നു. ഇന്നവർക്ക് 73 വയസ്സ് പ്രായമുണ്ട്. ധനതത്ത്വ ശാസ്ത്രജ്ഞയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. ആഗ്സ് ബെർഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്നു. അവർ രാഷ്ട്രീയ പ്രവർത്തകനും ജർമ്മൻ പാർലമെന്റ് മെമ്പറുമായിരുന്ന മാർട്ടിനെ വിവാഹം ചെയുതു. അവർക്ക് പീറ്റർ അരുണ്‍, തോമസ് കൃഷ്ണാ, മായാ കരീനാ എന്നിങ്ങനെ പേരുകളിൽ മൂന്നു മക്കളുണ്ട്. അനിതയുടെ പിതാവായ ബോസ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നതുകൊണ്ട് അനിത കുഞ്ഞായിരുന്നപ്പോൾ തന്നെ വീടുവിട്ടു പോയിരുന്നു. പിന്നീട് പിതാവില്ലാതെ അമ്മ എമിലി ഷെങ്കിയുടെ സംരക്ഷണയിൽ അവർ വളർന്നു."യുദ്ധത്തിൽ താൻ മരിച്ചു പോവുകയാണെങ്കിൽ തന്റെ കുഞ്ഞിനേയും ഭാര്യയേയും കുടുംബത്തിലേയ്ക്ക് സ്വീകരിക്കണമെന്നു"  ബോസ് തന്റെ സഹോദരൻ ശരദ് ബോസിന് എഴുതിയിട്ടുണ്ടായിരുന്നു. എമിലിയും മകളും ശരദ് ബോസിനെ 1948 ൽ വിയന്നായിൽ വെച്ചു കാണുകയും അവരെ ശരദ് ബോസ് കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.  

ബോസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മഹാത്മാ ഗാന്ധിജിയിൽ ആവേശഭരിതനായിരുന്നു. വെയില്സിലെ രാജകുമാരന്റെ പേരിലുള്ള ആഘോഷങ്ങളെ തടസപ്പെടുത്തിയതിൽ 1921-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. അദ്ദേഹം 1921-ൽ ഗാന്ധിജിയുമായി പരസ്പരം കണ്ടുമുട്ടി. ഭാരത ചരിത്രത്തിലേയ്ക്ക് രണ്ടു മഹാന്മാരുടെ കൂടികാഴ്ചയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ആരംഭിച്ചത് അന്നുമുതലാണ്. ബോസിന് ഗാന്ധിജിയെക്കാളും 28 വയസ് പ്രായക്കുറവുണ്ടായിരുന്നു. കേംബ്രിഡ്ജിൽ നിന്നും ഐ.സി.എസ്. നേടി സർവ്വവിധ സുഖ സൌകര്യങ്ങളോടെയും ജീവിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വെച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം അദ്ദേഹം ഒരു സാധാരണ കോണ്‍ഗ്രസ്കാരനായി പ്രവർത്തനം ആരംഭിച്ചു.   അക്കാലത്ത് ഗാന്ധിജിയുടെയും സി. ആർ.ദാസിന്റെയും പത്രങ്ങളിൽ വരുന്ന സ്വാതന്ത്ര്യ ദാഹത്തിനായുള്ള ലേഖനങ്ങളിലും ആകൃഷ്ടനായിരുന്നു. 

ഗാന്ധിജി 1915 മുതൽ ഇന്ത്യൻനാഷണൽ കോണ്‍ഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ കാലത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്നത് ഗോപാല കൃഷ്ണ ഗോഖലെയായിരുന്നു. വിപ്ലവ മാർഗങ്ങളില്ലാതെ സമാധാനപരമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടണമെന്നായിരുന്നു ഗോപാല കൃഷ്ണ ഗോഖലെയും കൂട്ടരും ചിന്തിച്ചിരുന്നത്. ഗോഖലയുടെ ഗ്രൂപ്പിൽ ഗാന്ധിജിയും പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആഹ്വാനങ്ങളിൽ ബോസും അക്കാലങ്ങളിൽ ആവേശഭരിതനായിരുന്നു. 

കോണ്‍ഗ്രസ്സിൽ ചേർന്ന ശേഷം ഒരു ദേശീയ നേതാവെന്ന നിലയിലുള്ള  ബോസിന്റെ വളർച്ച അതിവേഗമായിരുന്നു. സി.ആർ.ദാസിന്റെ ഇഷ്ടതോഴനായി അദ്ദേഹം കൽക്കട്ടായിൽ പ്രവർത്തനം ആരംഭിച്ചു. കൽക്കട്ടാ പട്ടണത്തിൽ അറിയപ്പെടുന്ന നേതാവായി ഉയർന്നു. യുവജന കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1927-ൽ ജയിൽ വാസം ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. ജവർലാൽ നെഹ്രുവുമായി സൗഹാർദ ബന്ധം സ്ഥാപിച്ചത് അക്കാലത്താണ്. ബ്രിട്ടീഷുകാരുടെ സിവിൽ സർവീസിനെ പരിഹസിച്ചുകൊണ്ട് നെഹ്റു പറഞ്ഞ അഭിപ്രായം ബോസിനെ ചിന്താവിഷ്ടനാക്കിയിരുന്നു. 'രാജ്യത്തിനപമാനകരമായ 'ഇന്ത്യൻ സിവിൽ സർവീസെന്ന' വാക്കിൽ നിന്നും 'ഇന്ത്യനോ', 'സിവിലോ' 'സേവനമോ'യെന്ന അർത്ഥം ധ്വനിക്കുന്നില്ലന്നുള്ളത്' പ്രസംഗ പീഠങ്ങളിൽ നെഹ്രുവിന്റെ ഒരു പല്ലവിയായിരുന്നു. നെഹ്രുവിന്റെ ഈ വാക്കുകൾ ബോസിനെ ഐ.സി.എസ് സേവനത്തിൽ നിന്നും വിരമിക്കാനും ഗാന്ധിയോടും കോണ്‍ഗ്രസിനോടുമൊത്തു പ്രവർത്തിക്കാനും പ്രേരിപ്പിച്ചു.    
ഗാന്ധിജിയും ബോസുമായി ആദ്യം അഭിപ്രായ വിത്യാസമുണ്ടായത് സൈമണ്‍ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയ്ക്ക് ഭാഗികമായ സ്വാതന്ത്ര്യം നല്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള സർക്കാരുമൊത്ത് ഇന്ത്യാക്കാർ ഭരണകാര്യങ്ങളിൽ ഇടപെടുകയെന്നതായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം. ഗാന്ധിയുടെ അന്നത്തെ നേതൃത്വം റിപ്പോർട്ടിനെ അംഗീകരിക്കാനുള്ള തീരുമാനമായിരുന്നു കൈകൊണ്ടത്. എന്നാൽ തീവ്രവാദിയായ ബോസിന്റെ ഗ്രൂപ്പ് ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ വ്യവസ്ഥകളിൽ ഒത്തുതീർപ്പിന് തയ്യാറായില്ല. ബോസിന്റെ ഈ തീരുമാനത്തിൽ ഗാന്ധിജിയെ കുപിതനാക്കിയിരുന്നു. അതിന്റെ പേരിൽ ഗാന്ധിജിയും ബോസും തമ്മിൽ വിവാദ പ്രസ്താവനകൾ നടത്താനും തുടങ്ങി. ആശയപരമായ പ്രസ്താവനകളല്ലാതെ ഇരുകൂട്ടരും വ്യക്തിപരമായി പഴിചാരിയിരുന്നില്ല. ബോസ് കൂടുതലായും തീവ്രവാദിയായ ബാലഗംഗാധര തിലകന്റെ അനുയായിയായിരുന്നെങ്കിൽ ഗാന്ധിജി മിതവാദിയായ ഗോപാലകൃഷണ ഗോഖലെയുടെ ആശയങ്ങളിൽ പിന്തുടർന്നിരുന്നു. അക്കാലങ്ങളിൽ നെഹ്രുവും ബോസും ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. അവർ രണ്ടുപേരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. അതേസമയം രാജാജിയും രാജേന്ദ്ര പ്രസാദും വല്ലഭായി പട്ടേലും വലതു പക്ഷ ചിന്താഗതിക്കാരും. കോണ്‍ഗ്രസ് അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുമായി മുമ്പോട്ട് നീങ്ങി. കോണ്‍ഗ്രസ്പ്രസിഡന്റ് സ്ഥാനം നെഹ്റു-ബോസ് ഗ്രൂപ്പിൽ നിന്നും മാത്രമായിരുന്നു നേടിയിരുന്നത്. വലതുപക്ഷ ചിന്താഗതിക്കാരായവർക്ക് നെഹ്റു-ബോസ് ഗ്രൂപ്പുകളുടെ ശക്തിയുടെ മുമ്പിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.    

രാജ്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം അവകാശപ്പെട്ടുകൊണ്ട് 1927-ൽ ബോസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്   'പൂർണ്ണ സ്വരാജ്' പ്രമേയം പാസാക്കി. എന്നാൽ 1928-ൽ മിതവാദികൾ ആ പ്രമേയത്തെ പരാജയപ്പെടുത്തി. ഗാന്ധിജി നയതന്ത്രത്തിൽക്കൂടി 1929-ൽ നെഹ്രുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി.1930-ലെ 'ദണ്ഡി ഉപ്പു സത്യാഗ്രഹ' മാർച്ചിനെ ബോസും കൂട്ടരും അഭിനന്ദിച്ചിരുന്നു. നെപ്പോളിയൻ പാരീസിൽ നടത്തിയ മാർച്ചിനു തുല്യമായി ഉപമിച്ചുകൊണ്ടു ബോസ് പറഞ്ഞു, "ദണ്ഡി ഉപ്പു യാത്ര ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എന്നുമെന്നും മായാതെ ലിഖിതം ചെയ്യപ്പെടും." ചരിത്ര ഗവേഷകർക്ക് കൌതുകമാകത്തക്കവണ്ണം അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഉപ്പു സത്യാഗ്രഹത്തിൻറെ പേരിൽ പ്ലാറ്റ് ഫോറങ്ങളിൽ നെഹ്റു അക്കാലങ്ങളിൽ വളരെ വാചാലനായിരുന്നു. 1931-ൽ ബ്രിട്ടനിലെ രണ്ടാം വട്ട മേശ സമ്മേളനത്തിൽ ബ്രിട്ടനിലെ ജോർജ് രാജാവ് കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജിയെ ക്ഷണിച്ചിരുന്നു. സരോജിനി നായിഡുവുമായി ഒന്നിച്ചായിരുന്നു ഗാന്ധിജി ആ സമ്മേളനത്തിൽ അന്ന് പങ്കു ചേർന്നത്. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാതെ അംബേദ്ക്കറിന്റെ ആവശ്യങ്ങളും   ന്യൂന പക്ഷങ്ങളെപ്പറ്റിയുമാണ് ഗാന്ധിജി വട്ടമേശ സമ്മേളനത്തിൽ സംസാരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാൻ സാധിക്കാത്ത ഗാന്ധിജിയുടെ ഭീരുത്വത്തിൽ ബോസ് നിരാശനാവുകയും ചെയ്തു. 'വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാൻ ഗാന്ധിജി പരാജയപ്പെട്ടെന്നും അദ്ദേഹത്തിൻറെ പ്രധാന പ്രശ്നം  ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളാണെന്നും' പറഞ്ഞ് ബോസ് പ്ലാറ്റ് ഫോറങ്ങളിൽ ഗാന്ധിജിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സംഭവത്തിനു ശേഷം ബോസ് മാനസികമായി തകരുകയും സ്വയം സമാധാനം തേടി അനേക യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം അക്കാലത്ത് ഇറ്റലിയിൽ മുസോളിനിയേയും ജർമ്മനിയിൽ ഹിറ്റ്ലറെയും സന്ദർശിച്ചു. അക്കാലയളവിലായിരുന്നു അദ്ദേഹത്തിൻറെ ജർമ്മനിയിൽ വെച്ചുള്ള വിവാഹം നടന്നത്. ഗാരിബാൾഡിന്റെ ചിന്തകളിലും അദ്ദേഹം മുഴുകിയിരുന്നു. "ഞാൻ നിങ്ങൾക്ക്‌ പതിഫലമോ വാസസ്ഥലമോ ഭക്ഷണമോ വാഗ്ദാനം ചെയ്യുന്നില്ല. പകരം വിശപ്പും ദാഹവും നിർബന്ധിത കാൽ നടപ്പും, യുദ്ധവും, വീരമരണവും തരുന്നു." ഗാരിബാൾഡിന്റെ ഈ വാക്കുകൾ കടമെടുത്തുകൊണ്ടു ബോസ് ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അധരങ്ങൾ കൊണ്ട് മാത്രം ഉരിയാടാതെ പൂർണ്ണ ഹൃദയത്തോടെ രാജ്യത്തെ സ്നേഹിക്കുന്നവൻ എന്റെ പിന്നാലെ വരൂവെന്നു ബോസ് അനുയായിളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ മാറ്റൊലികളും   ഗാരിബാൾഡിന്റെ തത്ത്വചിന്തകളും നേതാജി ബോസിനെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1938-ൽ ഇന്ത്യയിൽ മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന് ഗാന്ധിജിയോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. എങ്കിലും ആശയപരമായി ഗാന്ധിജിയെ വിമർശിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയുടെ പഴഞ്ചനായ ചർക്കാ വ്യവസായമല്ല ഇന്ന് ഭാരതത്തിനു വേണ്ടത് മറിച്ചു യൂറോപ്പ്യൻ രീതിയിലുള്ള വ്യവസായവൽക്കരണമാണ് നാടിന്റെ പുരോഗതിക്കാവശ്യമെന്നും അദ്ദേഹം തന്റെ അനുയായികളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ആധുനിക വ്യവസായ വിപ്ലവത്തിൽക്കൂടി ഇന്ത്യാ ജീവിക്കണമെന്നും കാളവണ്ടി യുഗത്തിൽനിന്ന് മുക്തി നേടണമെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. ഫാസിസം തത്ത്വ ചിന്തകളിൽ ബോസ് മുഴുകിയിരുന്നെങ്കിലും സോഷ്യലിസമായിരുന്നു അദ്ദേഹം കൂടുതലും വിഭാവന ചെയ്തത്. വർഗീയതയും ഹൈന്ദവ മേധാവിത്വവുമില്ലാത്ത ഒരു ഭരണ സംവിധാനം ഭാവന ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളോടും മുസ്ലിമുകളോടും സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു. സത്യത്തിൽ അധിഷ്ടിതമായ ഒരു രാഷ്ട്രീയമാണ് അദ്ദേഹമാഗ്രഹിച്ചത്. 1939-ൽ കോണ്ഗ്രസ് പ്രസിഡന്റായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ബോസിന്റെ തീവ്രമായ ആശയങ്ങളിൽ ഗാന്ധിജി എതിർത്തുകൊണ്ടിരുന്നു. 1939-ൽ വ്യാവസായിക പ്രമുഖരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു കോണ്ഗ്രസ് കമ്മിറ്റി ബോസിന്റെ നേതൃത്വത്തിൽ   രൂപികരിക്കുകയും ചെയ്തു. അക്കാലത്തെല്ലാം ജവഹർലാൽ നെഹ്റു ബോസിന് പിന്തുണ നല്കുമായിരുന്നു. 

ഗാന്ധിജിയുടെ രക്തരഹിത സമാധാന തത്ത്വങ്ങളൊന്നും ബോസിനെ  ആകർഷിച്ചില്ല. രക്തരഹിത വിപ്ലവങ്ങൾ കൂടുതൽ രക്തം ചൊരിയാനിടയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ലക്ഷ്യബോധങ്ങളിലും കർമ്മ മണ്ഡലങ്ങളിലും ബ്രിട്ടീഷ്കാരോട് സഹകരിച്ചുള്ളതെന്നതിലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ബോസിന്റെ വിപ്ലവകരമായ അഭിപ്രായങ്ങളിൽ ഗാന്ധിജി അസന്തുഷ്ടനായിരുന്നു. അടുത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഗാന്ധിജി പട്ടാഭി സീതാ രാമായ്യായെ പ്രസിഡൻന്റ് സ്ഥാനാർത്ഥിയായി നോമിനേറ്റു ചെയ്തു. ഒരു മത്സരം ഉണ്ടാകാതിരിക്കാൻ ബോസിനോട് ആ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പിൻതിരിയാനും ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആവശ്യം ബോസ് നിരസിക്കുകയും കോണ്‍ഗ്രസിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ ബോസ് വിജയിക്കുകയും ചെയ്തു. പട്ടാഭിയുടെ പരാജയം ഗാന്ധിജി വ്യക്തിപരമായി കണക്കാക്കി ബോസിനെ വിമർശിക്കാനും തുടങ്ങി. ഗാന്ധിജിയിൽ നിരാശനായ ബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് എന്ന മറ്റൊരു സംഘടന രൂപികരിക്കുകയും ചെയ്തു. നെഹ്റു ബോസിനൊപ്പം നിൽക്കാതെ ഗാന്ധിജിയ്ക്കൊപ്പം നിന്നു. അതിനുശേഷം നെഹ്രുവും ബോസുമായുള്ള സൗഹാർദ്ദത്തിനും മങ്ങലേറ്റു.

രാഷ്ട്രീയത്തിൽ സംഭവ വികാസങ്ങൾ പലതും സംഭവിച്ചെങ്കിലും ബോസും നെഹ്രുവും തമ്മിൽ പരസ്പര ബഹുമാനത്തോടെ വ്യത്യസ്ത ചിന്താഗതികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. യുദ്ധകാലവസരങ്ങൾ മുതലാക്കി ബ്രിട്ടനെതിരെ ബോസ് പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധം കഴിയുമ്പോൾ ജയിച്ചാലും തോറ്റാലും ബ്രിട്ടൻ ക്ഷയിക്കുമെന്നും അങ്ങനെ ഇന്ത്യാ സ്വതന്ത്രമാകുമെന്നും ഗാന്ധിജി വിശ്വസിച്ചു. ബോസിന്റെ പദ്ധതിപ്രകാരമുള്ള ഒരു രക്തചൊരിച്ചിൽ ഇല്ലാതാക്കാൻ ഗാന്ധിജി ആഗ്രഹിച്ചു. ഇന്ത്യൻ പട്ടാളം ബ്രിട്ടീഷ്കാർക്കുവേണ്ടി യുദ്ധം ചെയ്യുന്നതിലും ബോസ് എതിർത്തു. ബ്രിട്ടീഷ്സർക്കാർ ബോസിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി. 1941 ജനുവരി പതിനേഴാം തിയതി വീട്ടു തടങ്കലിൽനിന്നും അദ്ദേഹം രക്ഷപ്പെട്ടു. പിന്നീടുള്ള ബോസിന്റെ കഥകളെല്ലാം ഊഹോപാഹങ്ങൾ നിറഞ്ഞ ചരിത്രമാണ്.

പുറംരാജ്യങ്ങളുടെ പിന്തുണ ലഭിക്കാനായി അദ്ദേഹം ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രണ്ടാം ലോക മഹായുദ്ധകാലങ്ങളിൽ സന്ദർശിക്കുകയും അവിടങ്ങളിൽനിന്നും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടുമിരുന്നു. ജവർഹാർലാൽ നെഹ്‌റു, സുഭാഷിന്റെ വിപ്ലവ ചിന്താഗതിയിൽ തികച്ചും വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. 'അന്യനാടുകളിൽ നിന്നും സുഭാഷ് ഇന്ത്യയിൽ പട്ടാളത്തെ കൊണ്ടുവന്നാൽ അവരെയെതിർത്ത് അവർക്കെതിരായി വാളെടുക്കുന്ന ആദ്യത്തെവൻ താനായിരിക്കുമെന്നു' നെഹ്റു അക്കാലങ്ങളിൽ പറയുമായിരുന്നു. 

നിറയെ ആൾക്കാരുമായി വന്ന ഒരു വിമാനാപകടത്തിൽ സുബാഷ് ചന്ദ്ര ബോസ് മരണപ്പെട്ടുവെന്നാണ് പൊതുവായ വിശ്വാസം. വിമാനം ഗ്രൗണ്ടിൽ താണപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യപന്തം പോലെ പുറത്തേക്ക് വരുന്ന ബോസിനെ കണ്ടതായി പറയപ്പെടുന്നു. കത്തിയ ശരീരത്തെ അടുത്തുള്ള ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ 1945 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹം മരണ മടഞ്ഞെന്നും പൊതുവായി വിശ്വസിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തിൻറെ ശരീരം ചാമ്പലാക്കുകയും ചാരം ടോക്കിയോയിൽ പ്രതിഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും ബോസ് ആ വിമാനാപകടത്തിൽ മരിച്ചിട്ടില്ലന്ന്' പലരും അവകാശപ്പെടുന്നു. ബോസ് തന്നെ മരണത്തിന്റെ കഥ ഉണ്ടാക്കിയതെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി ബംഗാളിലെ ഷൗൽമരി ആശ്രമത്തിൽ ഒരു സന്യാസിയായി ശിഷ്ടകാലം കഴിഞ്ഞുവെന്നും ധരിക്കുന്നു.
വിമാനാപകടത്തിനുശേഷം സോവിയറ്റ് യൂണിയനിൽ ബോസ് അഭയം തേടിയെന്നുള്ള കണകൂട്ടലുകളുമുണ്ട്. ഗാന്ധിയുടെയും നെഹ്രുവിന്റെയും സംസ്ക്കാര ചടങ്ങുകളിൽ ബോസ് സംബന്ധിച്ചിരുന്നുവെന്നും ഒരു വിശ്വാസവുമുണ്ട്. ഇന്ത്യയുടെ സോവിയറ്റ് നയപരിപാടികൾ മാറ്റിയാൽ ബോസിന്റെ സത്യം വെളിപ്പെടുത്തുമെന്ന് സോവിയറ്റ് യൂണിയൻ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയേയും ബ്ലാക്ക് മെയിൽ ചെയ്തതായും ഊഹങ്ങൾ ഉണ്ട്. ബോസിന്റെ തീരോധാനത്തിനുശേഷം ചൈനീസ് റെഡ് ആർമിയോടൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തിയെന്നു പറയുന്നു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന് മരണാനന്തര ബഹുമതിയായി രാഷ്ട്രത്തിന്റെ ഏറ്റവും വലിയ അംഗീകാരമായ ഭാരത രത്നം നല്കിയിരുന്നു. എങ്കിലും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ എതിർപ്പുമൂലം ആ ബഹുമതി രാഷ്ട്രം പിൻവലിക്കുകയാണുണ്ടായത്. മഹാത്മാ ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തിനു സേവനം ചെയ്ത അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഭാരത രത്നത്തെക്കാൾ ഉപരിയാണെന്ന് ബന്ധുക്കൾ വിലയിരുത്തി. വെസ്റ്റ് ബംഗാൾ നിയമസഭാ മന്ദിരത്തിനു മുമ്പിലായി അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇന്ത്യൻ പാർലമെന്റിന്റെ ഭിത്തിയിൽ ഒരു പടവും പ്രതിഷ്ടിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ബോസിന്റെ ജീവ ചരിത്രങ്ങളും സംഭവ വികാസങ്ങളും ചരിത്രകാരന്മാർ പ്രസിദ്ധീകരിക്കാൻ താല്പര്യം കാണിക്കുന്നതും ശ്രദ്ധേയമാണ്. ഈ ദേശീയ നേതാവിനെ സംബന്ധിച്ച് അനേക ഡോക്കുമെന്ററി ഫിലിമുകളും ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയുള്ള ഒളിഞ്ഞിരിക്കുന്ന ചരിത്രങ്ങൾ വെളിച്ചത്തു കൊണ്ടുവരാനുള്ള തീഷ്ണത പുതിയ രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കുന്നതായും കാണാം.

ബോസ് എവിടെയോ സുരക്ഷിതമായി ഉണ്ടെന്നും സമയമാകുമ്പോൾ വന്നെത്തുമെന്നും ബോസിന്റെ കുടുബാംഗങ്ങൾ അനേക തവണകൾ പൊതുജന മദ്ധ്യേ പ്രഖ്യാപിച്ചിരുന്നു. 1966-ൽ അദ്ദേഹത്തിൻറെ സഹോദരൻ സുരേഷ് ബോസ് ഒരു പ്രസ്കോണ്ഫ്രാൻസിൽ സുഭാഷ് ചന്ദ്രബോസ് അക്കൊല്ലം മാർച്ചിൽ വന്നെത്തുമെന്ന് പറയുകയുണ്ടായി. തായ്'വാനിലെ വിമാന അപകടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ നാളിതുവരെ മറ്റു യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നുള്ളതാണ് സത്യം. എന്നാൽ ബോസിനെപ്പറ്റിയുള്ള ദുർഗ്രാഹ്യങ്ങളായ കഥകൾ സമൂഹ മദ്ധ്യത്തിൽ ഇന്നും സജീവമാണ്. ജനങ്ങളുടെ ഊഹോപാഹങ്ങൾക്ക് ശമനം കിട്ടാൻ സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ ഭാഗത്തു നിന്നും അനേക അന്വേഷണ കമ്മീഷനുകളെ  നിയമിച്ചിട്ടുണ്ട്. വ്യക്തമായ ഒരുത്തരം കിട്ടാതെ ഊഹങ്ങൾ ഇന്നും സമൂഹ മധ്യത്തിൽ തുടരുന്നു.

2015 ആഗസ്റ്റ് പതിനഞ്ചാം തിയതിയിലെ  സ്വാതന്ത്ര്യ പുലരിയിൽ രാഷ്ട്രം നേതാജിയുടെ ശബ്ദം ശ്രവിച്ചിട്ട്, അല്ലെങ്കിൽ നേതാജി ജീവിക്കുന്നുവെന്ന തെളിവുകൾ തേടിയുള്ള അന്വേഷണത്തിൽ, ഇന്നേയ്ക്ക് 70 വർഷമാകുന്നു. ബ്രിട്ടീഷ് ഭരണം ഇന്നില്ലെങ്കിലും അഴിമതി നിറഞ്ഞ പുതിയ വില്ലന്മാരുടെ ഭരണകൂടങ്ങൾ ഭാരതാംബികയെ കാർന്നു കഴിഞ്ഞു. ആർക്കും ആ മഹാനെ കണ്ടുപിടിക്കാൻ സാധിക്കാതെ ഇന്നും പുസ്തക താളുകളിൽ കുഴിച്ചിട്ടിരിക്കുകയാണ്. തോക്കു ചൂണ്ടേണ്ടത് 
നമ്മെ തന്നെയാണ്; തിന്മ നിറഞ്ഞ കൊളോണിയൽ ഭരണത്തിനെതിരെയല്ല. രാഷ്ട്രത്തിനുവേണ്ടി ആത്മാഹൂതി ചെയ്ത ധീരന്മാരുടെരക്തം ഇന്ത്യയിലെ ചരിത്രത്തിലെ താളുകളിൽ മാത്രമായി അവശേഷിക്കുന്നു.  














Anita (daughter) Emile (Wife) 


Thursday, July 2, 2015

യേശുവും ക്രിസ്തുവും വിവാദ ചിന്തകളും



By ജോസഫ് പടന്നമാക്കൽ
'ജീസസ്' അഥവാ 'യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യിൽ നിന്നും ഗ്രീക്ക് തർജിമയിൽക്കൂടി  ലോപിച്ചു വന്നതാണ്. ഒരു വാക്കിനെ വിദേശ ഭാഷകളിലേയ്ക്ക്  തർജിമ ചെയ്യുമ്പോൾ അതാത് ഭാഷകളുടെ ഘടനയും സ്വരവും വ്യഞ്ജനവുമനുസരിച്ച് മാറ്റങ്ങൾ  വരുത്താറുണ്ട്. ഉദാഹരണമായി 'ജീസസ്' എന്ന നാമത്തെ മലയാളത്തിൽ തർജിമ ചെയ്തവർ യേശുവെന്നും ഈശോയെന്നുമായി മാറ്റിയെഴുതി. മരിയാ,  മറിയാ  നാമങ്ങൾ  'മേരിയുമായി. ഗ്രീക്കിൽ  യേശുവിനെ സംബോധന ചെയ്തിരുന്നത്  'ജോഷുവാ ബെൻ ജോസഫെന്നായിരുന്നു.   മലയാളത്തിലാകുമ്പോൾ യൗസേപ്പിന്റെ പുത്രനായ യേശുവെന്നാകും. ഗബ്രിയേൽ മാലാഖ മേരിയ്ക്ക്  പ്രത്യക്ഷയായി സദ് വാർത്തയറിച്ചത് "മേരി നിനക്കു  ജനിക്കാൻ പോകുന്ന കുഞ്ഞിനെ 'ജോഷുവാ'യെന്നു വിളിക്കണം" എന്നായിരുന്നു. ഹീബ്രു ഭാഷയിൽ ജോഷുവാ പിന്നീട് 'യെഷുവാ' യായി അറിയപ്പെട്ടു.അങ്ങനെ 'യേശു' എന്ന നാമം  ജനിക്കാൻ പോകുന്ന ഉണ്ണിയ്ക്ക് ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ നല്കിയതാണ്. യേശുവിൽ ദൈവികത്വം കല്പ്പിച്ചപ്പോൾ ആ പേര് 'ക്രിസ്തുവായി ' രൂപാന്തരീകരണപ്പെട്ടു.


'ക്രിസ്തു' എന്ന വാക്ക് യേശുവിന്റെ മരണ ശേഷം ആദികാല ക്രിസ്ത്യൻ സഭകളിൽ ഉത്ഭവിച്ചതാണ്. ഗ്രീക്കിൽ 'ക്രിസ്റ്റോസ് ' എന്നു പറയും.  ഹീബ്രുവാക്കിൽ നിന്ന് തർജിമ ചെയ്തതാണ്.'അഭിഷിക്തനെന്നാണ് വാക്കിന്റെ ധ്വനിയിലുള്ളത്. ഭൂമിയിൽ സ്വർഗരാജ്യം സ്ഥാപിക്കാൻ ദൈവത്താൽ അഭിഷിക്തനായ ഒരു രക്ഷകന്റെ  വരവിനെ യഹൂദ  ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. വരാൻ പോകുന്നവൻ ഇസ്രായേലിന്റെ രക്ഷയ്ക്കായി നിലവിലുള്ള  അടിമത്ത ചങ്ങലകൾ  ഭേദിച്ചുകൊണ്ട്  വന്നെത്തുന്ന രക്ഷകനായിരിക്കും.' മിശിഹാ'    എന്ന വാക്കും 'ദൈവത്താൽ അഭിഷിക്തനായ രക്ഷകനെന്ന'  വാക്കും   ഒന്നു തന്നെയാണ്.  'ക്രിസ്റ്റോസ്' എന്ന ആംഗ്ലിക്കൻ ഗ്രീക്ക് വാക്കിന് ഹീബ്രു മിശിയാ, ഇസ്രായിലിന്റെ രാജാവ്, പാത്രിയാക്കീസ് മാരുടെയും വാഴ്ത്തപ്പെട്ടവരുടെയും രാജാധി രാജൻ, യഹൂദ വിപ്ലവകാരികളുടെ സൈന്യാധിപൻ, ജീസസ്, മിശിയാ എന്നിങ്ങനെ അർത്ഥങ്ങൾ കല്പ്പിച്ചിരിക്കുന്നു.  ഇതിൽ നിന്നെല്ലാം ഉദ്ദേശിക്കുന്നത് ഇസ്രായിലിനെ  രക്ഷിക്കാൻ ദൈവം അയച്ചിരിക്കുന്ന യഹൂദ ജനത പ്രതീക്ഷിക്കുന്ന  രക്ഷകനെന്നാണ്. രക്ഷകനായവനെ യഹൂദരുടെ രാജാവെന്നും അറിയപ്പെടുന്നു. യഹൂദരുടെ രാജാവ് യേശുവായിരിക്കുമെന്നും  ചിലർ വിശ്വസിച്ചിരുന്നു. എന്നാൽ യേശു ആ പദവി അംഗികരിച്ചില്ല.  'എന്റെ രാജ്യം ഇവിടമല്ല, ഞാൻ ഭൂമിയിലെ രാജാവല്ലെന്നും' യേശു പറഞ്ഞു.


ക്രിസ്തുവെന്നാൽ ഒരു വ്യക്തിയുടെ പ്രത്യേകമായ പേരല്ല. ഒരു ഓഫീസിനു തുല്യമായി ഗൗനിക്കുകയായിരിക്കും കൂടുതൽ യുക്തി. രക്ഷകനായ ക്രിസ്തുവിന്റെ ഓഫീസ് എന്ന് ചിന്തിക്കാം. ഒരു മെയറിന്റെ ഓഫീസെന്നു പറയുന്നപോലെയുള്ള   ഒരു നാമമാണ് ക്രിസ്തുവെന്നുള്ളതും.  അത് ഔദ്യോഗികമായി കല്പ്പിച്ചിരിക്കുന്ന  ദിവ്യത്വം നിറഞ്ഞ ഒരു നാമമാണ്. ക്രിസ്തുവായ യേശുവെന്നു  പറഞ്ഞാൽ  ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോഡിയെന്നു പറയുന്നതുപോലെ തന്നെ കണക്കാക്കണം. നാം ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പറ്റി പറയുമ്പോൾ   അദ്ദേഹത്തിന്റെ പദവിയെന്തെന്നും അങ്ങനെ വിളിക്കുന്ന ലക്ഷ്യമെന്തെന്നും ആരെപ്പറ്റി സംസാരിക്കുന്നുവെന്നും മനസിലാക്കുന്നു. അതുപോലെ ക്രിസ്തുവിനെപ്പറ്റി പറയുമ്പോൾ സൃഷ്ടി കർമ്മങ്ങൾ മുതൽ അനാദിയായവനും  ലോകത്തിന്റെ രക്ഷകനായി പിറന്നവനും മുപ്പത്തിമൂന്നാം വയസ്സിൽ  മനുഷ്യ ദൌത്യം പൂർത്തിയാക്കി പിതാവിങ്കൽ എത്തിയവനെന്നും തുടങ്ങിയ തത്ത്വ ശാസ്ത്രങ്ങൾ വിഷയാവതരണങ്ങളായി വിളമ്പേണ്ടി വരും. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ക്രിസ്തുവിനെ വിളിക്കുന്ന മറ്റു പേരുകൾ രക്ഷകൻ, വാഴ്ത്തപ്പെട്ടവൻ, മിശിഹായെന്നൊക്കെയാകാം.  യേശുവും ജോഷുവായും രക്ഷകനും ഒന്നുതന്നെയാണ്.


യേശുവെന്നത്  അവിടുത്തെ മാതാപിതാക്കൾ വിളിച്ചിരുന്ന ഓമന പേരായിരുന്നു. ചിലർ  ക്രിസ്തുവെന്ന  പേര് അവിടുത്തെ കുടുംബ പേരായും  കരുതുന്നു.  അവിടുത്തെ മാതാപിതാക്കൾ മേരി, ജോസഫ് കൃസ്തുവായിരുന്നില്ല.   രക്ഷകനെന്നർത്ഥത്തിൽ ക്രിസ്തുവെന്ന നാമം യേശുവിന്റെ പേരിന്റെ കൂടെ പിന്നീട് ചേർത്തതാണ്.   ലോകത്തിന്റെ രക്ഷയ്ക്കായി രാജാധി രാജനായി അവസാന നാളുകളിൽ യേശു ക്രിസ്തു വരുമെന്ന വിശ്വാസം ക്രിസ്ത്യൻ ജനത പുലർത്തുന്നു.   അവന്റെ മരണവും ഉയർപ്പും പാപികളുടെ രക്ഷയ്ക്കായിരുന്നു. ക്രിസ്തു അല്ലെങ്കിൽ മിശിഹാ, അല്ലെങ്കിൽ രക്ഷകന്റെ ഓഫീസ് പരിപൂർണ്ണമായും അവന്റെ നിയന്ത്രണത്തിലാണ്.  രാജാക്കന്മാരുടെ കാലത്ത് ജനം അവരെ പ്രകീർത്തിച്ചുകൊണ്ടു  പാടുമായിരുന്നു. 'പൊന്നു  തമ്പുരാൻ നീണാൾ വാഴട്ടെ എന്നെല്ലാം ജനം ആർത്തട്ടഹസിച്ച് രാജാവിനെ പ്രകീർത്തിക്കുമായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ നാമം മഹത്വപ്പെടട്ടെ, യേശുവിന്റെ നാമം മഹത്വപ്പെടട്ടെ എന്നെല്ലാം പ്രാർത്ഥനകളിൽ  നാം ആലപിക്കാറുണ്ട്. അങ്ങനെ ക്രിസ്തുവെന്ന നാമം ഒരു രാജാവിനെപ്പോലെ  യേശുവിന്റെ പേരിനോടുകൂടി ചേർക്കപ്പെട്ടു.  അവിടുത്തെ നാമം ഉരുവിട്ടുകൊണ്ട് യേശു ക്രിസ്തുവെന്നു സർവ്വരാലും വാഴ്ത്തപ്പെടാനും തുടങ്ങി.


യേശു ഒരു യഹൂദനായിരുന്നു.  ത്രിത്വത്തിലെ രണ്ടാമത്തെ പുത്രൻ തമ്പുരാനെന്ന്  ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. പൊതുവേ ക്രിസ്ത്യാനികൾ യേശുവിനെയും കൃസ്തുവിനെയും ഒന്നായി കാണുന്നു. എന്നാൽ യഹൂദർക്ക് യേശു ഒരു റാബി മാത്രം. ഹൈന്ദവ ശ്രേഷ്ഠന്മാരും  യേശുവിനെ ഒരു ഗുരുവായി ബഹുമാനിക്കുന്നു.  ക്രിസ്ത്യാനികളിൽ  ഭൂരി വിഭാഗങ്ങളും  ബൈബിൾ ദൈവവാക്യമായി കണക്കാക്കി വചനത്തിലധിഷ്ടിതമായി വിശ്വസിക്കുന്നു. എന്നാൽ  വിശുദ്ധ വചനങ്ങൾ മനുഷ്യന്റെ ഭാവനകളെന്നു അക്രൈസ്തവരായവർ  കരുതുന്നു. യേശു മാത്രമേ വഴിയും സത്യവുമെന്നും യേശുവിൽക്കൂടി മാത്രമേ സ്വർഗം ലഭിക്കൂവെന്നും അനേകമനേക ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസവുമാണ്. യഹൂദർ ക്രിസ്ത്യൻ വിശ്വാസത്തിനു ഘടകവിരുദ്ധമായി നന്മ ചെയ്യുന്നവർക്ക് സ്വർഗമെന്നു വിശ്വസിക്കുന്നു. നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് കർമ്മ മാർഗേണ ജീവിക്കുന്നവൻ അത്യന്ത സത്യമായ പരമാത്മാവിൽ ലയിക്കുന്നുവെന്നു ഹൈന്ദവത്വവും പഠിപ്പിക്കുന്നു .


ക്രിസ്തുവെന്നു പറഞ്ഞാൽ വിശ്വസിക്കുന്നവരുടെ പൂർണ്ണനായ ദൈവമാണ്. അവൻ സൃഷ്ടിക്കു മുമ്പും ഉണ്ടായിരുന്നു. എന്നാൽ യേശു മനുഷ്യനാണ്. ജീവന്റെ വഴിയായി അവൻ ഭൂമിയിൽ വന്നു. അങ്ങനെ ദൈവത്തിന്റെ പ്രതിരൂപത്തിൽ പൂർണ്ണത നിറഞ്ഞ മനുഷ്യനായി അവൻ ജന്മമെടുത്തു. അവൻ ക്രിസ്തുവിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത മനുഷ്യനായിരുന്നു. അവനിൽ പാപമില്ലായിരുന്നുവെന്ന് ക്രിസ്ത്യൻ വേദങ്ങൾ മുഴുവനും ഉരുവിടുന്നു. ക്രിസ്തു  സൃഷ്ടികൾക്കും മുമ്പുണ്ടായിരുന്ന അനാദിയായവൻ, ആദിയും അന്തവുമില്ലാത്തവൻ എന്നിങ്ങനെ  ദൈവ ശാസ്ത്രജ്ഞരുടെ ഭാവനകളനുസരിച്ച് അർത്ഥം കൽപ്പിച്ചേക്കാം. എന്നാൽ യേശു മനുഷ്യനാണ്. ദൈവിക തത്ത്വങ്ങളെ അത്യഗാധമായി  ഹൃദ്യസ്തമാക്കിയ ദിവ്യാത്മാവും പരമ ഗുരുവുമായിരുന്നു.  മനുഷ്യനായി ദൈവത്തിന്റെ പ്രഭാകിരണങ്ങൾ ചൊരിഞ്ഞ് മാനവരാശിയ്ക്കു വേണ്ടി  മാതൃകയായി ജീവിച്ചു. യേശു ക്രിസ്തു എല്ലാ ദൈവഗുണങ്ങളുമുള്ള ആദ്യത്തെ മനുഷ്യനായിരുന്നു .  ക്രിസ്തുവിന്റെ  അതേപോലെ, മനുഷ്യനായ യേശുവിനെയും വാർത്തെടുത്തുവെന്ന്   വേദപണ്ഡിതർ   അഭിപ്രായപ്പെടുന്നു.


പ്രാർത്ഥനകളിൽ   നാം ക്രിസ്തുവെന്ന നാമവും അവന്റെ രാജ്യം വരണമെയെന്നും  ഉരുവിടാറുണ്ട്.  അവിടെ യേശുവിൻറെ ദൈവികത്വത്തെ തിരിച്ചറിയാനുള്ള ഒരു ശ്രമമാണ്. ക്രിസ്തുവിനെ ദൈവമായി ഉപബോധമനസ്സിൽ ആവഹിച്ചാലെ ദൈവികമായ  ആ സത്ത മറ്റുള്ളവർക്ക് പങ്കു വെക്കാൻ സാധിക്കുള്ളൂവെന്ന വിശ്വാസം ക്രിസ്ത്യൻ ദൈവിക ശാസ്ത്രത്തിൽ തെളിഞ്ഞിരിക്കുന്നു. അതിന് പ്രാർത്ഥന ഒരു ഉപാധിയായി ക്രിസ്ത്യാനികൾ കരുതുന്നു. പിശാച് യേശുവിനെ പരീക്ഷിക്കാൻ  വന്നപ്പോൾ 'നരക പിശാചേ  നീ എന്നിൽ നിന്നും അകന്നു പോവൂ'യെന്നു പറഞ്ഞ് യേശു അവിടെനിന്നും പിശാചിനെ ആട്ടിയോടിച്ചതായി  വചനത്തിൽ വായിക്കുന്നുണ്ട്. ക്രിസ്ത്യൻ സഭകൾ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ നാമത്തിലോ മിശിഹായുടെ നാമത്തിലോ രക്ഷകന്റെ നാമത്തിലോ  പ്രാർത്ഥന നാം ഉരുവിടാറില്ല.  പിശാചിന്റെ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കണമേയെന്നു പ്രാർത്ഥിക്കുന്നതും യേശുവിനോടാണ്.


ക്രിസ്ത്യൻ വിശ്വാസത്തിനു പുറത്തുള്ളവരും യുക്തിവാദികളും യേശുവിന്റെ ദൈവികത്വത്തെ ചോദ്യം ചെയ്യാറുണ്ട്. ദൈവവും യേശുവും തമ്മിലുള്ള ബന്ധം തിമോത്തി, അദ്ധ്യായം ഒന്ന്, രണ്ടു മുതൽ അഞ്ചുവരെയുള്ള വചനത്തിൽ  വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ദൈവം ഒന്നേയുള്ളൂ, മനുഷ്യനായ യേശു  ക്രിസ്തു ദൈവത്തിനും മനുഷ്യനുമിടയ്ക്ക് നിലകൊള്ളുന്നു. ദൈവം ഒന്നേയുള്ള സ്ഥിതിയ്ക്ക് യേശു ദൈവമാകാൻ അസാധ്യമാണ്. പിതാവ് ദൈവമെങ്കിൽ യേശുവും ദൈവമെങ്കിൽ ദൈവങ്ങൾ രണ്ടെന്നു ചിന്തിക്കേണ്ടി വരും. കോറിന്തോസ് 1,8:6 വാക്യത്തിൽ ഒരു ദൈവം, അത് പിതാവാകുന്നു. അപ്പോൾ പിതാവ് മാത്രം ദൈവമെങ്കിൽ രണ്ടാമത് ഒരു പുത്രൻ ദൈവം അസാധ്യമാണ്. ത്രിത്വം തെറ്റായ ഒരു ദൈവ ശാസ്ത്രമായി കണക്കാക്കണം. പഴയ നിയമത്തിലും യഹോവാ മാത്രം ദൈവമെന്നു ചിത്രീകരിക്കുന്നു.  ഒരേ ദൈവം കൂടാതെ ദൈവത്തിനും മനുഷ്യനുമിടയിലുള്ള   മദ്ധ്യവർത്തിയെ  മനുഷ്യനായ ജീസസ് ക്രൈസ്റ്റെന്നു വിളിക്കുന്നു. ആ വാക്ക് യേശുവും ദൈവവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു.


യേശു  പാപ രഹിതനെന്നു സങ്കല്പ്പിക്കുന്നുണ്ടെങ്കിലും ബലഹീനതകൾ അവിടുത്തെ  ജീവിതത്തിലും പ്രകടമായിരുന്നു. അവിടുന്ന്  ദൈവത്തിനും മനുഷ്യനുമിടയിലുള്ള  മദ്ധ്യസ്ഥനായ സ്ഥിതിയ്ക്ക് മനുഷ്യനായ എല്ലാ ബലഹീനതകളും മദ്ധ്യസ്തനിൽ പ്രകടമായിരിക്കും. യേശുവിൽ  പൂർണ്ണ ദൈവത്വം ഉണ്ടെങ്കിൽ   ആ ബലഹീനത അവിടുത്തുങ്കൽ  കാണരുതായിരുന്നു.  അപൂർണ്ണനായ യേശുവെന്ന ദൈവം  പൂർണ്ണത നിറഞ്ഞ ദൈവത്തിന്റെയിടയിൽ  പ്രവർത്തിക്കുന്നുവെന്നു പറയുന്നതും യുക്തി രഹിതമാണ്.  ദൈവം ആദിയും അന്തവും ഇല്ലാത്തതെന്ന് സങ്കൽപ്പിക്കുന്നു. പുത്രനെന്നു പറയുമ്പോൾ പിതാവായിരിക്കും പ്രായം കൂടിയതും ആദ്യമില്ലാത്തതും. ഇതിൽനിന്നും പുത്രനെന്ന സങ്കൽപ്പത്തിൽ പുത്രന് ആദിയുണ്ടെന്നും വരുന്നു. പിതാവില്ലാതെ പുത്രൻ എങ്ങനെ വചനമാകും ?


ജയിംസ് ഒന്നാം അദ്ധ്യായം പതിമൂന്നാം വാക്യത്തിൽ പറയുന്നു, ദൈവം വികാര വിചാരങ്ങൾക്ക് അടിമപ്പെടില്ല. ഹീബ്രു നാലാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ 'ക്രിസ്തുവായ യേശു സർവ്വ വിധ ചിന്തകൾക്കും വികാരങ്ങൾക്കും അടിമപ്പെട്ടവനായിരുന്നുവെന്നും പറയുന്നുണ്ട്.'  അതുപോലെ തിമോത്തി ആറാം അദ്ധ്യായത്തിൽ പതിനാറാം വാക്യത്തിൽ ദൈവം മരിക്കില്ല, അവിടുന്ന് നിത്യനെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ യേശുവായ ക്രിസ്തു മരിച്ചു. പാതാളത്തിലായിരുന്നു. മൂന്നാം ദിവസം ഉയർത്തു. അപ്പോസ്തോലിക പ്രവർത്തികൾ ഒന്നാം അദ്ധ്യായം ഏഴാം വാക്യമനുസരിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവ് ദൈവത്തിനു മാത്രമേ അറിയുള്ളൂവെന്നു പറയുന്നു.   മത്തായി 24:36 വാക്യത്തിൽ  ' ക്രിസ്തു അവസാന നാളുകളിൽ വീണ്ടും ലോകത്തിനെ വിധിക്കാനായി  വരുമെന്നു' പറഞ്ഞിട്ടുണ്ട്. എന്നാണ് വരുന്നതെന്ന സമയകാലങ്ങൾ  അവിടുത്തേയ്ക്ക് നിശ്ചയമില്ലായിരുന്നുവെന്നും ' വചനം സാക്ഷിപ്പെടുത്തുന്നു. തിമോത്തി ആറാം അദ്ധ്യായം പതിനാറാം വാക്യത്തിൽ പറയുന്നു,'ദൈവത്തെ മനുഷ്യന് കാണാൻ കഴിയില്ല.' എന്നാൽ മനുഷ്യർ യേശുവിനെ കണ്ടു. ശിക്ഷ്യന്മാർ ഒന്നിച്ചു നടന്നു. മരിച്ചു കഴിഞ്ഞ് ഉയർത്തെഴുന്നേറ്റ  യേശുവിനെ ശിക്ഷ്യരും മഗ്ദാലനായും കണ്ടു. യേശു ദൈവമാണെങ്കിൽ  കാണപ്പെടാത്ത ആത്മാവായ യേശുവിനെ മറ്റുളളവർ ദർശിച്ചെങ്കിൽ  അത് യേശുവിന്റെ ദൈവികത്വത്തെപ്പറ്റിയുള്ള ഒരു ചോദ്യം ചെയ്യലാണ്.


ഒരുവൻ  വികാരങ്ങൾക്കടിമപ്പെടുമ്പോൾ പാപം ചെയ്യാനോ ദൈവത്തെയനുസരിക്കാനോ ഒരുമ്പെടുന്നു.   ക്രൂരകൃത്യങ്ങൾ ചെയ്യാൻ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നവൻ ദൈവത്തെ നിഷേധിക്കാനും ശ്രമിക്കും. മനുഷ്യനായി ജനിച്ചപ്പോൾ ക്രിസ്തുവിന്റെ മുമ്പിലും ആ പോരായ്മകൾ ഉണ്ടായിരുന്നു. എങ്കിലും ദൈവത്തെ അനുസരിച്ചുള്ള ജീവിതമായിരുന്നു യേശു നയിച്ചത്. ഒരിക്കലും പാപം ചെയ്തില്ലായിരുന്നെങ്കിലും പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നു. ദൈവത്തിന് പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന് ചിന്തിക്കാൻപോലും സാധിക്കില്ല.  യേശു പിതാവിന്റെ അധികാരത്തിൻ കീഴിലായിരുന്നു. സൃഷ്ടി കർമ്മങ്ങൾ ഉൾപ്പടെയുള്ള അധികാരം യേശുവിനും ലഭിക്കേണ്ടതായിരുന്നു. പിതാവിന് കീഴ്പ്പെട്ടിരുന്ന യേശുവിന് അങ്ങനെയൊരു അധികാരം ഉണ്ടായിരുന്നില്ല.  പുത്രനിൽ സൃഷ്ടി കർമ്മങ്ങൾ നടത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടുമില്ല.


യേശുവെന്നു   പറയുമ്പോൾ ഭൂമിയിലെ  അവൻറെ പേരായിരുന്നു.   അവന്റെ മുഴുവനായ പേര് ജീസസ് ബെൻ യൂസഫ് (ജോസഫിന്റെ പുത്രനായ ജീസസ്) എന്നായിരുന്നു. മുസ്ലിമുകൾ അവനെ ഇസാ ഇബിൻ മരിയം (മറിയത്തിന്റെ പുത്രനായ ജീസസ്)  എന്നു വിളിച്ചു. യേശു ഒരുവന്റെ ആത്മാവിലധിഷ്ടിതമായ വ്യക്തിപരമായ സുഹൃത്തായിരിക്കാം.  എന്നാൽ ക്രിസ്തു മാനവ ജാതിയുടെ രക്ഷകനായി ജനിച്ചു. ക്രിസ്ത്യാനികൾ യേശുവിനെ മനുഷ്യരൂപത്തിലുള്ള ദൈവമായി കണക്കാക്കുന്നു. ഇസ്ലാമിൽ യേശുവിനെ 'ഈസാ'യെന്നാണ്  തർജിമ ചെയ്തിരിക്കുന്നത്. യേശുവിനെ ദൈവത്തിന്റെ പ്രവാചകനും മിശിയായുമായി ഇസ്ലാമിക മതവും  ആദരിക്കുന്നു. ഇസ്ലാമിക മതത്തിൽ യേശു ദൈവത്തിങ്കൽ നിന്നും വചനങ്ങൾ കൊണ്ടുവന്നുവെന്നും കന്യകയിൽ നിന്ന് ജനിച്ചുവെന്നും ദൈവ പുത്രനല്ലെന്നും കുരിശുമരണം പ്രാപിച്ചില്ലെന്നും വിശ്വസിക്കുന്നു. ഖുറാനിൽ പറഞ്ഞിരിക്കുന്നത് യേശു കുരിശു മരണം പ്രാപിച്ചില്ലെന്നും   യേശുവിനെ ദൈവം സ്വർഗത്തിലെയ്ക്ക്   ഉയർപ്പിച്ചുവെന്നുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസത്തെ യഹൂദർ പരിപൂർണ്ണമായും എതിർക്കുന്നു. യേശു രക്ഷകന്റെ  ദൗത്യം പൂർത്തികരിച്ചില്ലെന്നു യഹൂദ ഗ്രന്ഥമായ തനക്കായിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


പണ്ഡിതലോകം ഭൂരിഭാഗം പേരും ചരിത്രപുരുഷനായ യേശുവിന്റെ ജീവിതം  സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം അന്വേഷിക്കുന്നവർക്ക്   'മാർക്കിന്റെയും' 'മാത്യൂവിന്റെയും' 'ലൂക്കിന്റെയും' സുവിശേഷങ്ങൾ സാക്ഷ്യങ്ങളായി കരുതാം. ചരിത്രത്തിലെ യേശു ഗലീലിയനായിരുന്നുവെന്നും, യഹൂദ റാബിയായിരുന്നുവെന്നും  മലയോരങ്ങളിലും കടലോരങ്ങളിലും ശിക്ഷ്യഗണങ്ങളോട്  പ്രസംഗിച്ചുവെന്നും സ്നാപക യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചുവെന്നും റോമൻ അധികാരികളുടെയും  പൊന്തിയോസ് പീലാത്തോസ്സിന്റെയും ആജ്ഞയാൽ കുരിശു മരണം പ്രാപിച്ചെന്നും സുവിശേഷങ്ങൾ വിവരിക്കുന്നു. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവിനാൽ  മറിയത്തിൽ ജീസസിന് ജന്മം നല്കിയെന്നും  കന്യകയിൽ നിന്നും ജനിച്ചുവെന്നും അത്ഭുതങ്ങൾ കാണിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും  കുരിശു മരണം പ്രാപിച്ചുവെന്നും മൂന്നാം നാൾ ഉയർത്തുവെന്നും സ്വർഗാരോഹണം ചെയ്തെന്നും മനുഷ്യരുടെ രക്ഷകനായി വീണ്ടും വരുമെന്നും വിശ്വസിക്കുന്നു. ഭൂരിഭാഗം ക്രിസ്ത്യാനികളും യേശുവിനെ ദൈവത്തിന്റെ അവതാരമായും  ത്രിത്വ ത്തിൽ രണ്ടാമനായും ദൈവ പുത്രനായും വിശ്വസിക്കുന്നു.  ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലർ  ത്രിത്വത്തെ എതിർക്കുകയും ചെയ്യുന്നു. ത്രിത്വം വചനത്തിലധിഷ്ടിതമല്ലെന്നും  പേഗനീസ മത വിഭാഗങ്ങളുടെ തുടർച്ചയെന്നും  ത്രിത്വത്തെ എതിർക്കുന്ന മതവിഭാഗങ്ങൾ വാദിക്കുന്നു.














കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...