Thursday, March 6, 2014

വിശുദ്ധ നരകത്തിലെ ഗായത്രിയെന്ന കൊടുങ്കാറ്റ്


By  ജോസഫ്  പടന്നമാക്കൽ  



 

 

 
 
 
 
 

ഗെയ്ൽ ട്രെഡ് വെല്ലിന്റെ ‘ഹോളി ഹെൽ’ അഥവാ ‘വിശുദ്ധ നരകമെന്ന’ പുസ്തകം ഒരു സത്യാന്വേഷിയുടെ ആത്മകഥയാണ്.ചിരിയും പൊട്ടിച്ചിരിയും മാതാ അമൃതാനന്ദമയ മഠത്തിനുള്ളിലെ രാഷ്ട്രീയവും വളരെ യുക്തിയുക്തമായി ഗ്രന്ഥകാരി പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സമൃദ്ധിയുടെ നാട്ടിൽനിന്നുമാണ് ദാരിദ്ര്യവും പഞ്ഞവും പിടിച്ച രാജ്യത്തിലേക്ക് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ജീവിക്കാൻ വരുന്നതെന്നും ഓർക്കണം. ഇവിടെ ജനിച്ചുവളർന്ന പെണ്‍കുട്ടികൾക്കുപോലും വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കില്ല. ചുരുങ്ങിയ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്. അഭിമാനത്തെ പണയംവെച്ച് അടിമയായി ജോലിചെയ്തുകൊണ്ട് കപടതനിറഞ്ഞ ഒരു ആശ്രമത്തിൽ അവർ തന്റെ പാഴായ ജീവിതം തള്ളിനീക്കി. ഇത് തികച്ചും കിറുക്കല്ലാതെ മറ്റെന്തായിരുന്നുവെന്നും അറിയത്തില്ല. ഇരുപതുവർഷം പണിയെടുത്ത സ്ഥാപനത്തിൽനിന്ന് വിടപറയുമ്പോൾ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാൻ മറ്റുമാർഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.
 ‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തിൽ നിഷ്ഫലനാക്കാനും കഴിവുണ്ട്. സ്നേഹവും വാത്സല്യവും ദീനദയയുംകൊണ്ട് ആത്മീയപ്രസ്ഥാനങ്ങൾ ഇന്ന് കച്ചവടകേന്ദ്രങ്ങളായും കോർപ്പറേറ്റ് സ്ഥാപനങ്ങളായും മാറ്റപ്പെട്ടു. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെകൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ  നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആൾദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയർന്നുവന്ന ആൾദൈവമാണ് മാതാഅമൃതാനന്ദ. ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങൾ നമസ്കരിച്ച് ആയൂരാഗ്യ ദീർഘായുസ് നേടാൻ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകൾ നീളത്തിൽ നിരത്തുകളിൽ നിരന്നുനിൽക്കുന്നത് കാണാം. അമ്മയുടെ വാത്സല്യം തേടിയും ഒരു നോക്കുകാണാനും ആലിംഗനവും ഉമ്മയ്ക്കുമായും വഴിയരികിൽ ഉന്തുംതള്ളും നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു.
 
അമ്മയെന്ന അമൃതാനന്ദദേവി ഭൂമിയിൽവന്ന അപൂർവജന്മമായ കാളിയുടെ അവതാരമായി ആരാധകർ കരുതുന്നു. അറിവിന്റെ പൂർണ്ണതയിൽ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയിൽ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വൻകിട ആസ്തികളടങ്ങിയ ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു. വിദേശരാജ്യങ്ങളിൽ അമൃതാനന്ദമയി അനുഗ്രഹിച്ച വെള്ളിവളകൾ 800 ഡോളറുമുതലും വെള്ളികൊണ്ടുള്ള കിരീടം 5000 ഡോളറിനുമാണ് വിൽക്കുന്നത്. അമ്മയുടെ പ്രതിരൂപത്തിൽ തുന്നിയുണ്ടാക്കിയ അമ്മപ്പാവകൾ 45 ഡോളർമുതൽ 200 ഡോളർവരെ വിലയ്ക്ക് വിൽക്കുന്നു. അമ്മയില്ലാത്തപ്പോൾ ഏതോ പ്രപഞ്ചസംബന്ധിയായ അമ്മയുടെ ചൂട് ഈ 'പാവ ' നല്കുമെന്നും ഭക്തർ വിശ്വസിക്കുന്നു. അമ്മയുടെ അഭാവത്തിൽ പാവയെ ആലിംഗനം ചെയ്താലും അത്ഭുതപ്രഭയുടെ ഊർജം പാവയിൽനിന്നു പ്രവഹിക്കുമെന്നും ഭക്തർ അവകാശപ്പെടുന്നു. അമ്മയെ നേരിട്ട് ചുംബിക്കുന്നതുപൊലെ പാവ സ്നേഹത്തിന്റെ പരിമളം നൽകുമെന്നും കരുതുന്നു. "പാവ കൂടെയുള്ളപ്പോൾ അമ്മ ഹൃദയത്തിനുള്ളിൽ ക്ഷേത്രംപോലെയെന്നും സ്നേഹവും കരുണയും ഉള്ളുനിറയെ നല്കുന്ന അതേ അമ്മയാണ് ഈ പാവയെന്നും"അമ്മ ഭക്തർ പറയും. ഇതിനോടകം 40 മില്ല്യൻ ജനങ്ങളെ അവർ ആലിംഗനം ചെയ്തുകഴിഞ്ഞു. സ്വമനസാലെ വിദേശാശ്രമങ്ങളിൽ അമ്മയ്ക്ക് സേവനം ചെയ്യുന്നവരുണ്ട്. അവരുടെ സേവനത്തിനു പുറമേ 2000 ഡോളറും ആശ്രമത്തിനു നല്കണം. വന്നെത്തുന്ന വിമാനക്കൂലി വേറെയും കരുതണം. 
ഗായത്രിയെന്നറിയപ്പെട്ടിരുന്ന ഗെയ്ൽ ട്രെഡ് വെൽ  അമൃതാനന്ദശ്രമത്തിന്റെ മുൻസന്യാസിനിയായിരുന്നു. 'ഹോളി ഹെൽ'  അഥവാ 'വിശുദ്ധ നരകം'   എന്ന പേരിൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും പല സത്യങ്ങളും പുറത്തുവന്നു. ഗെയിലിന്റെ ആത്മകഥ വായിച്ചാൽ ഒരു ദുഖപുത്രിയുടെ ഹൃദയസ്പർശമായ നീണ്ടകഥപോലെ തോന്നും. തന്റെ  ജീവിതാനുഭവങ്ങളിൽക്കൂടി ഭാരത സംസ്ക്കാരത്തിന്റെയും  കേരളസംസ്ക്കാരത്തിന്റെയും തനിമയെ ഒപ്പിയെടുത്തിട്ടുണ്ട്. പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയിൽ വിവരിച്ചിരിക്കുന്നു. 
ഗെയ്ൽ  ഇരുപതു വർഷത്തോളം അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന പ്രധാന ശിഷ്യയായിരുന്നു. ആശ്രമത്തിലെ ദുരൂഹതനിറഞ്ഞ രഹസ്യങ്ങളും അവരുടെ അനുഭവ പീഡനകഥകളും ഈ പുസ്തകത്തിൽ ഉടനീളം വിവരിച്ചിട്ടുണ്ട്. അമ്മ ദൈവമായതിനാൽ നന്മതിന്മകളിൽനിന്ന് മുക്തിനേടാമെന്നും ഗായത്രിയായ ഗെയ്ൽ  അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രചരിപ്പിച്ചിരുന്നു. അമ്മയുടെ ശക്തിയാൽ മഴയില്ലാത്ത സ്ഥലങ്ങളിൽ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തിൽ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രിതന്നെ (ഗെയ്ൽ ) സമ്മതിച്ചിട്ടുണ്ട്. അധികംതാമസിയാതെ ലോകത്ത് ന്യൂക്ലിയർ യുദ്ധമുണ്ടാവുമെന്നും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ അകാലത്തിൽ മരിച്ചുപോവുമെന്നും 2012ൽ സിയാറ്റിൽവെച്ച് അമ്മയുടെ വക്താക്കൾ പ്രവചിച്ചിരുന്നു. പ്രാർഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാൻ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വൻസംഭാവനകൾ നല്കിക്കൊണ്ടിരുന്നു.
 
മാതാ അമൃതാനന്ദയുടെ (അമ്മ) ആത്മീയ സാമ്രാജ്യത്തിലെ കൊള്ളരുതായ്മകൾ വിളിച്ചുപറയുവാൻ അന്തേവാസികൾ ധൈര്യപ്പെടുകയില്ല. അവർക്കുനേരെ ജീവന് ഭീഷണികൾ മുഴക്കാനും ഒരു മാഫിയാ സംഘംതന്നെ ആശ്രമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അമ്മയെ ദൈവമായി കരുതുന്നതുകൊണ്ട് അമ്മയ്ക്കെതിരായി പ്രവർത്തിക്കുന്നവരുടെ കുടുംബത്തിന് ശാപം ലഭിക്കുമെന്ന അന്ധവിശ്വാസവുമുണ്ട്. ജീവകാരുണ്യത്തിനായി സംഭാവന കൊടുക്കുന്ന നിഷ്കളങ്കരായവർ ആശ്രമത്തിന്റെ മൂടിവെച്ച രഹസ്യങ്ങളെപ്പറ്റി അറിയുന്നില്ല. വിദേശത്തുനിന്നുപോലും വീടും ധനവും ഉപേക്ഷിച്ച് സകലതും ആശ്രമത്തിന് ദാനംചെയ്ത് ദരിദ്രജീവിതം നയിക്കുന്ന അന്തേവാസികളുമുണ്ട്. ആത്മീയതയെന്തെന്നറിയാതെ ദിനംപ്രതി അനേകർ ആശ്രമത്തിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം നശിപ്പിക്കുന്നുമുണ്ട്.
 
ഇരുപത് വർഷത്തോളം ഗായത്രി (ഗെയ്ൽ) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളർച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. ചുറ്റും ആയിരക്കണക്കിന് ഭക്തരുള്ള ആ സ്ഥാപനത്തിൽനിന്നും രക്ഷപ്പെടുക സാദ്ധ്യമായിരുന്നില്ല. അങ്ങനെ ഒരു ശ്രമം നടത്തിയാൽ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു. കാലിഫോർണിയായിൽ 'അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന ഗായത്രി സകലരെയും കണ്ണുവെട്ടിച്ച് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സന്യാസിനി ജീവിതത്തിൽനിന്നും ഓടി രക്ഷപെടുകയാണുണ്ടായത്.   
 സ്വന്തം നാടായ ആസ്ട്രേലിയായിൽ പ്രതീക്ഷകളില്ലാത്ത നിരാശനിറഞ്ഞ ജീവിതമായിരുന്നു കുട്ടിക്കാലത്ത് ഗെയിലിന് ഉണ്ടായിരുന്നത്.  മാതാപിതാക്കളുമൊത്തുള്ള ജീവിതം സന്തുഷ്ടമായിരുന്നില്ല. "സ്വന്തം ഭവനംപോലെ മറ്റൊരിടമില്ലെന്നുള്ള" ആപ്തവാക്യവും ഗെയിലിന്റെ ജീവിത സാഹചര്യങ്ങളിൽ സഫലമായിരുന്നില്ല. മക്കളും മാതാപിതാക്കളും തമ്മിൽ പരസ്പര സ്നേഹത്തോടെയുള്ള ഒരു അന്തരീക്ഷത്തിലായിരുന്നില്ല അവർ വളർന്നത്‌. ബാല്യകാലം സംഘർഷം നിറഞ്ഞതായിരുന്നു. സ്നേഹവും സന്തോഷവും ആ ഭവനത്തിലുണ്ടായിരുന്നില്ല.സ്വന്തം അമ്മ  സ്നേഹത്തോടെ എന്നെങ്കിലും ആലിംഗനം ചെയ്തതായിപ്പോലും അവർക്കോർമ്മയില്ല. അവിവാഹിതയായ ഒരു സ്ത്രീയിൽനിന്നായിരുന്നു സ്വന്തം അമ്മ ജനിച്ചത്‌. അക്കാലത്ത് കുടുംബത്തിന് അങ്ങനെയൊരു കുഞ്ഞ് കളങ്കമായിരുന്നു. തന്മൂലം സമൂഹം മുഴുവൻ അവരെ പരിഹസിച്ചിരുന്നു. അങ്ങനെ വിദ്വേഷം നിറഞ്ഞ ഒരു അമ്മയിൽനിന്നാണ് ഗെയിലിന്റെ അമ്മ വളർന്നത്‌. ചരിത്രം ഗെയിലിന്റെ വളർച്ചയിലും  ആവർത്തിക്കപ്പെട്ടു. പഠിക്കാനോ ഡിഗ്രിയെടുക്കാനോ ബാല്യത്തിൽ താല്പര്യമുണ്ടായിരുന്നില്ല. മറ്റുള്ള പെണ്‍ക്കുട്ടികളുമായി അയൽവീടുകളിൽ കറങ്ങിനടക്കാനും സ്വിമ്മിംഗ്പൂളിൽ നീന്താനും പാർക്കിൽ സിഗരെറ്റ് വലിക്കാനും കളിക്കാനുമായിരുന്നു സമയം ചിലവഴിച്ചിരുന്നത്. പിന്നീട് മാതാപിതാക്കൾ പരസ്പരം വേർപെട്ട് വിവാഹമോചിതരായി.
കുഞ്ഞായിരുന്നപ്പോൾ മുതൽ ഗെയിലിന്  മാന്ത്രിക വിഷയങ്ങളെയും പ്രകൃത്യാതി സംബന്ധമായ അത്ഭുതശക്തികളെയും പഠിക്കാൻ  താൽപര്യമുണ്ടായിരുന്നു. ഇന്ത്യയിൽ ഒരു സുഹൃത്തുമൊത്ത് വന്നസമയം ഭാവി പ്രവചിക്കുന്നവരെയും അത്ഭുത സിദ്ധിയുള്ളവരെയും കണ്ടെത്തുവാൻ അവർ ആഗ്രഹിച്ചു. ലോകം മുഴുവൻ കൂട്ടുകാരുമൊത്ത് കറങ്ങാൻവന്ന അന്നത്തെ പത്തൊൻപത് വയസുകാരി ഗെയിലിന്  ഇന്ത്യയിൽ വന്നപ്പോൾ തിരികെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോവാൻ തോന്നിയില്ല. അതിന്റെ പേരില് അന്ന് ഒപ്പം സഞ്ചരിച്ച കൂട്ടുകാരെ വേർപിരിയേണ്ടിയും വന്നു.
1978 മാർച്ചുമാസത്തിൽ ഒരു വിനോദ യാത്രക്കാരിയായി ഗെയിൽ കല്ക്കട്ടായിലെത്തി. ഒപ്പം ഒരു കൂട്ടുകാരനുമുണ്ടായിരുന്നു. യാത്രയിൽ പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതിലുള്ള ആകാംഷയോടൊപ്പം ഇന്ത്യയുടെ കടുത്ത ദാരിദ്ര്യവും യാചകരും കുഷ്ഠരോഗികളും മാറാരോഗങ്ങളും കളവുകളും നേരിൽ കണ്ടതുമൂലം പരിഭ്രമവും  ഉണ്ടായിരുന്നു. ഇങ്ങനെ അനേക നിഷേധചിന്താഗതികൾ മനസ്സിലെത്തിയെങ്കിലും പത്തൊമ്പത് വയസുകാരിയായ ഗെയിലിന് ഭാരതത്തോട് അഗാധമായ സ്നേഹമുണ്ടായി. മറ്റനേക രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും ഇവിടംമാത്രം മനസ്സിൽതട്ടിയ സ്വന്തം വീടുപോലെ ആ പെണ്‍കുട്ടിക്ക് അന്ന് തോന്നിയിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹത്തുക്കളുടെയും നാടായ ഭാരതത്തെപ്പറ്റി പഠിക്കാനുള്ള ജിജ്ഞാസയുമുണ്ടായിരുന്നു. ഭാരതീയരുടെ ലളിതവും സന്തുഷ്ടവുമായ ജീവിതം അവരെ ഈ നാടിന്റെ വളർത്തുമകളാകാനും പ്രേരിപ്പിച്ചു. എന്നാൽ ഗെയിലിന്റെ കൂട്ടുകാരന് ഏതാനും ദിവസം സ്ഥലങ്ങൾ കാണുന്നതൊഴിച്ച് കൂടുതൽ ദിവസം ഇന്ത്യയിൽ താമസിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. അടുത്ത യാത്രയ്ക്ക് യൂറോപ്പും ഇംഗ്ലണ്ടുമായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്.  
തമിഴ്നാട്ടിലെ തിരുവണ്ണാ മലയിലുള്ള രമണാശ്രമത്തിലാണ് അവർ ആദ്യം വന്നത്. ആശ്രമത്തിലെ ലളിതമായ ജീവിതത്തിൽ ആകൃഷ്ടയായിക്കൊണ്ട്  ജീവിതത്തിന്റെ അർഥവും ദൈവത്തെ അറിയാനുള്ള ആഗ്രവും  അന്നവർക്കുണ്ടായി. ഋഷികളുടെയും ദേവന്മാരുടെയും ഗുരുക്കളുടെയും നാടായ ഭാരതത്തിൽനിന്ന് സന്തോഷവും സമാധാനവും ലഭിക്കുമെന്ന് ഗെയിൽ ചിന്തിച്ചു. ഭാരതീയ രീതിയിലുള്ള കൂക്കിങ്ങും പച്ചക്കറികൾക്ക് വിലപേശാനും അന്നവർ പഠിച്ചു. ദേവിയുടെയും പരമശിവന്റെയും ബിംബങ്ങൾ വഴിയോരങ്ങളിൽ എഴുന്നള്ളിയ്ക്കുമ്പോഴുള്ള  പ്രാർഥനകളും ദേവിസ്തോത്രങ്ങളും മനസിനെ ആകർഷിച്ചിരുന്നു.  ദേവീവിഗ്രഹങ്ങളെ സ്വീകരിക്കാൻ വഴിയോരങ്ങളിൽ വിളക്കുകൾ കത്തിക്കുന്നതും അവരിൽ ആത്മീയ ചൈതന്യമുണ്ടാക്കി. അവിടെനിന്ന് ഒരു സുഹൃത്തുമായി സുധാമണിയെന്ന അമ്മയുടെ ഭവനത്തിൽ എത്തിയ നാൾമുതൽ അമ്മയെ ഗുരുവായി സ്വീകരിച്ച് ഗായത്രിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു.
 
ഭാരതീയാചാരങ്ങളിൽ  വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ മലിനമായ വസ്തുക്കൾ കൈകാര്യം ചെയ്യാനും ടോയിലറ്റിൽ ഉപയൊഗിക്കാനുമെന്ന് ഗെയിൽ എഴുതിയ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ആർത്തവകാലങ്ങളിൽ ആശ്രമത്തിന് പുറത്തുള്ള പട്ടിക്കൂടുപോലുള്ള ഒരു കുടിലിൽ കിടത്തി ഭക്ഷണം കിട്ടാതെ നരകിച്ച കാര്യവും വർണ്ണിക്കുന്നുണ്ട്. ഒരിക്കൽ ഭക്ഷണം കിട്ടാൻവേണ്ടി പട്ടി ഈ കൂട്ടിലുണ്ടെന്നു വിളിച്ചുപറയുകയും ചെയ്തു. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവർക്ക്' ആർത്തവം' ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആർത്തവകാലങ്ങളിൽ അമ്മയ്ക്കെന്നും വീടിനുള്ളിൽ കഴിയാമായിരുന്നു. അത്തരം അമ്മയുടെ കാപട്യ പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകൾസഹിതം ഗെയിൽ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ആദികാലങ്ങളിൽ സുധാമണിയമ്മ കാളിദേവതയുടെ ഭാവമായി മാറുന്ന സമയം ഗായത്രിയെന്ന പേരു സ്വീകരിച്ച ഈ വിദേശവനിത അന്ന് ഭയപ്പെട്ടിരുന്നു. കാളിയുടെ ഭീകരരൂപമായി ഭക്തരുടെയിടയിൽ തുള്ളും. കാളിയായി രൂപാന്തരം പ്രാപിക്കുന്ന വേളയിൽ സ്ത്രീകൾ സമീപത്ത് നിൽക്കാൻ പാടില്ല. ഡാൻസും പാട്ടും വാളുകൊണ്ടുള്ള ശബ്ദകോലാഹലങ്ങളും ഒരു ഭീഭത്സസ്ത്രീയെപ്പോലെ നടത്തുമ്പോൾ അവർ യഥാർഥ ദേവിയായും ഭക്തജനം കരുതിയിരുന്നു. സ്ത്രീകളിൽ ആവേശിച്ചിരിക്കുന്ന പിശാചുക്കളെയും മോചിപ്പിക്കും. കൃഷണ കിരീടവും അണിഞ്ഞ് വളകളുമിട്ട് സുധാമണി (അമ്മ) ഒരു വെളിച്ചപ്പാടിനെപ്പോലെ ദേഹം മുഴുവൻ തുള്ളി വിറപ്പിക്കുന്ന വേളയിൽ കൂട്ടമണികളടിക്കും. അവരുടെ പാദങ്ങളിൽ പുരുഷന്മാർ നമസ്ക്കരിച്ച് നേർച്ചകാഴ്ചകളും അർപ്പിക്കും. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്ന് ആശ്രമത്തിലകപ്പെട്ട ഗെയിലിനു മനസിലാക്കാൻ കാലങ്ങൾ വേണ്ടിവന്നു.
 
നിസാര കാര്യങ്ങൾക്കുപോലും ഗെയിലിനും  ആശ്രമത്തിലെ സ്ത്രീജനങ്ങൾക്കും അമ്മയുടെ പീഡനങ്ങൾ  സാധാരണമായിരുന്നു. അവർ കടിക്കുകയും അള്ളുകയും തലമുടി തലയിൽനിന്ന് പറിച്ചെടുക്കുകയും ചെയ്യും. അടി, കിടത്തിയിട്ട് തൊഴി, പിച്ച്, മുഖത്തിനിട്ട് തുപ്പൽ നിത്യ സംഭവങ്ങളായിരുന്നു.എങ്കിലും‌ ഗുരുവായ അമ്മയ്ക്ക്‌ പാദസേവ ചെയ്യുകയെന്നത് സ്വന്തം കർമ്മമായി ഗായത്രി കരുതിയിരുന്നു. സന്യാസിനിയായി വ്രതമെടുത്തതും അങ്ങനെയായിരുന്നു. മണിക്കൂറുകൾ കാല്‌ തടവികൊടുത്താലും നിസാരകാര്യത്തിന് അവർ ആശ്രമവാസികളായ സ്ത്രീകളെ തൊഴിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുമായിരുന്നു. പുരുഷന്മാരോട് പ്രത്യേക വാത്സല്യവും  മമതയുമുണ്ടായിരുന്നു. അമ്മയുടെ അടിയുടെ ശക്തിയിൽ പലരുടെയും മുഖം കരുവാളിച്ചും രക്തംവാർന്നും കാണുന്നത് പതിവായിരുന്നു. ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നാലും ഗുരുവിനെ പൂജിക്കണമെന്ന ഉപനിഷത്തിലെ വാക്യം ഗായത്രി (ഗെയിൽ) പാലിച്ചിരുന്നു. 
 
"ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നിൽക്കുന്നപോലെ ഒരു ശിഷ്യൻ ഗുരുവിൽ സ്വയം സമർപ്പിതമാകണമെന്ന്” ഉപനിഷത്തുകൾ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കിൽ അവൾക്ക് നിത്യമായ പ്രകാശം ലഭിക്കും." ഗായത്രിയുടെ (ഗെയിൽ)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂർണ്ണമായി  കീഴടങ്ങിയതുവഴി ഗുരുവിൽനിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവർ നേടിയിരുന്നു.  പടിഞ്ഞാറുള്ളവർക്ക് ഈ തത്ത്വചിന്തകൾ അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. വിശ്വാസം ദൃഡമാക്കാൻ ഗുരുക്കന്മാർ നൽകുന്ന ക്രൂരമായ ശിക്ഷകളും ഹൈന്ദവകഥകളിൽ ഉണ്ട്. ഗുരുവിന്റെ ആജ്ഞപ്രകാരം കൈവിരലുകൾ മുറിക്കുന്നതും ശിഷ്യൻ ഉമ്മിത്തീയിൽ വെന്തുരുകാൻ കൽപ്പിക്കുന്നതുമായ കഥകൾ വായിക്കാൻ സാധിക്കും. അമ്മയെ സേവിക്കവഴി ദൈവദർശനം ലഭിക്കുമെന്നും ഗായത്രി (ഗെയിൽ) വിശ്വസിച്ചു. "അമ്മ പറയുന്നത് മാത്രം കേൾക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാൻ പ്രാപ്തരാകുക, അമ്മയിൽ വിശ്വസിക്കുക,  വാക്കുകൾക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക, മനസ്സിൽ മുഴങ്ങുന്ന ശബ്ദമാണ് എന്നും സത്യമായിട്ടുള്ളത് “എന്നിങ്ങനെയുള്ള തത്ത്വചിന്തകളിൽ ഗായത്രിയായ ഗെയിൽ വിശ്വസിച്ചിരുന്നു. 
ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകൾക്ക് ഗായത്രി (ഗെയിൽ) ദൃക്സാക്ഷിയാവുന്ന കഥകളും പുസ്തകത്തിൽ അനേക തവണകൾ ആവർത്തിച്ചിട്ടുണ്ട്. പുരുഷബീജങ്ങൾ അടങ്ങിയ ടവ്വലുകളും അമ്മയുടെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും തന്മയത്വമായി വിവരിച്ചിട്ടുണ്ട്. ഭക്തരിൽനിന്ന് ലഭിക്കുന്ന പണവും സ്വർണ്ണവും അമ്മയുടെ ബന്ധുക്കൾക്ക് കൈമാറുന്നതായ കുറ്റാരൊപണവുമുണ്ട്. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങൾ വലിയവീടുകളിൽ സമ്പന്നരായി ജീവിക്കുന്നു. ആശ്രമത്തിലെ അധാർമ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി (ഗെയിൽ) അസ്വസ്ഥയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാൻ വന്നവർ കാണുന്നത് സ്വാമിമാർ ഉപയോഗിച്ചുകളഞ്ഞ ഗർഭനിരോധക ഉറകളായിരുന്നു. ബാലു, റാവൂ എന്നീ രണ്ട് സ്വാമിമാർ അമ്മയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നതായും ഗെയിലിന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. മറ്റുള്ളവർ ഉറങ്ങികിടക്കുന്ന സമയം ഇവർ കൈവശമുള്ള താക്കോലുകൊണ്ട് അനാശാസ്യത്തിനായി അമ്മയുടെ മുറിതുറക്കുന്നത് ഗായത്രിയെന്ന ഗെയിൽ  പലപ്പോഴും കണ്ടിട്ടുള്ളതായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 
അമ്മയുടെ പ്രിയശിഷ്യനും അമ്മയ്ക്ക് ലൈംഗികതയിൽ ആഹ്ലാദം കൊടുത്തുകൊണ്ടിരുന്നവനുമായ ബാലുസ്വാമിയിൽനിന്നും ഗായത്രിയ്ക്ക് (ഗെയിൽ) അസഹ്യമായ ശല്യമുണ്ടായിരുന്നു. പലവട്ടവും ബലമായി ഗായത്രിയെ (ഗെയിൽ) കീഴ്പ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.ചിലപ്പൊൾ കീഴടക്കുകയും ചെയ്യും. അയാൾ  ലൈംഗിക വികാരജീവിയായ ഒരു മാനസിക രോഗിയായായിരുന്നു. അയാളുടെ ഉരുക്കുള്ള മസിലുകൾ ഗായത്രിയെ (ഗെയിൽ) ബലാല്ക്കാരമായി കീഴ്പ്പെടുത്തിയിട്ടുണ്ടെന്ന് ആത്മകഥയിലുണ്ട്. ഗെയിലെന്ന ഗായത്രിയ്ക്ക് സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകൾക്കായി ശല്യം ചെയ്യാൻവന്നു. "എന്നെ വെറുതെ വിടൂ,  അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കൂവെന്ന്" യാചിച്ചിട്ടും അലറിയിട്ടും അയാൾ കൂട്ടാക്കിയില്ല. "നിന്നെ ഞാൻ സ്നേഹിക്കുന്നൂ" വെന്ന് പറഞ്ഞ് അയാൾ വികാരമടക്കാൻ ഗായത്രിയെ (ഗെയിൽ) പ്രേരിപ്പിക്കാൻ ശ്രമിച്ചു. "നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താൻ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാൻ കഴിയുമെന്ന്"  അവർ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ വാക്കുകൾ അയാൾ ചെവികൊണ്ടില്ല. മനസും ശരീരവും അർപ്പിക്കാതെ ഗായത്രിയെ (ഗെയിൽ) അന്നും അയാൾ കീഴ്പ്പെടുത്തി കാര്യം സാധിച്ചു. ബാലുവിൽനിന്നുള്ള പീഡനവും ആശ്രമമുപേക്ഷിക്കാൻ അന്നവരെ പ്രേരിപ്പിച്ചിരുന്നു.   
അമ്മയുടെ പീഡനങ്ങളിലും ആശ്രമത്തിലെ അഴിമതികളിലും ബാലുവിന്റെ  ലൈംഗികാക്രമങ്ങളിലും മനംനൊന്ത് ഗായത്രി (ഗെയിൽ) അവിടെനിന്ന് രക്ഷപെടാൻ ആഗ്രഹിച്ചിരുന്നു. ആശ്രമം വിട്ടാൽ ജീവിക്കാൻ കൈവശം പണമോ, തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, സഹായിക്കാൻ സുഹൃത്തുക്കളോ അവർക്കുണ്ടായിരുന്നില്ല. കഴിഞ്ഞ 22 വർഷങ്ങളായി അമ്മയുടെ നിഴലിൽ ജീവിച്ചകാരണം ജനിച്ചനാട്ടിലുള്ള ജീവിതരീതികളും കുടുംബബന്ധങ്ങൾ നഷ്ടപ്പെട്ടെന്നുള്ള ചിന്തകളും  അലട്ടിയിരുന്നു. ഏകയായി ഇരിക്കുമ്പോൾ ഗായത്രി (ഗെയിൽ) സ്വയം ചോദിക്കുമായിരുന്നു,  " ദൈവം തന്ന  ചിന്തിക്കാനുള്ള കഴിവും ബുദ്ധിവൈഭവംകൊണ്ട് നമ്മെത്തന്നെ നയിക്കരുതോ?  ആശ്രമത്തിലെ മക്കളെന്നും നിസഹായരായിട്ട് അമ്മയുടെ സഹായത്തിൽമാത്രം ജീവിക്കാനും ആഗ്രഹിക്കുന്നു. കൂട്ടിനകത്തടച്ച മിണ്ടാപ്രാണിയായി തന്റെ ആശ്രമജീവിതത്തെ ഗായത്രി കണ്ടു. ചുറ്റുമുള്ള ലോകത്തെ വെറുക്കാനും തുടങ്ങി. അമ്മയുടെ നിത്യേനയുള്ള കുറ്റാരോപണങ്ങളിലും സഹികെട്ടിരുന്നു. എങ്കിലും മലരണിക്കാടുകൾ തിങ്ങിനിറഞ്ഞ കേരളനാടും തഴച്ചുവളരുന്ന നെല്പ്പാടങ്ങളും പൂക്കളും പച്ചയാർന്ന വൃക്ഷലതാതികളും തെങ്ങിൻ തോട്ടങ്ങളും തെളിമയാർന്ന നദികളും അരുവികളും അവരുടെ മനസിന്‌ ഉണ്മ നല്കിയിരുന്നു.
 
ഭാരതീയാചാരങ്ങളിലും ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ഗുരുശിഷ്യ തത്ത്വങ്ങളെ അമ്മ എത്രമാത്രം ദുരുപയോഗം ചെയ്തെന്നും ഗായത്രി (ഗെയിൽ)  മനസിലാക്കി. ഹൈന്ദവത്വത്തിന്റെ സത്തയെന്തെന്ന് നന്നായി തിരിച്ചറിഞ്ഞു.  ഉപനിഷത്തിൽ ഗുരുവിനെ അന്ധമായി അനുസരിക്കണമെന്ന് പറയുന്നില്ല. ഒരു ആയുസിന്റെ ഇമ്പമേറിയ യുവത്വം ഗുരുവായ അമ്മയുടെ കാൽക്കൽ സമർപ്പിച്ചിട്ടും ഗായത്രിയെന്ന അമ്മയുടെ മകൾ ഗെയിൽ  ദൈവത്തെ കണ്ടില്ല. അവസാനം അവർ അവരെത്തന്നെ കണ്ടെത്തി. തിരിച്ചറിഞ്ഞപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അന്നവർക്ക്  വലിയ വിലയും കൊടുക്കേണ്ടിവന്നു
 




 





 

 


Monday, February 24, 2014

പുസ്തകത്തെപ്പറ്റി ഒരു അവലോകനം


 

ജന്മം തന്ന   സഭയോടുള്ള   സ്നേഹമാണ് ഒരു  പുസ്തകം  രചിക്കാൻ   എന്നെ പ്രേരിപ്പിച്ചത്.  ബാല്യത്തിലെ ചില അനുഭവങ്ങളും  നൊമ്പരിപ്പിക്കുന്ന സത്യങ്ങളും ബലിപീഠങ്ങളെ തേടിയുള്ള  ഈ അന്വേഷണത്തിലുണ്ട്. കേരളമുൾപ്പടെ  ആഗോളതലങ്ങളിൽ  പണാപഹരണത്തിലും  ലൈംഗികപീഡനങ്ങളിലും   കുറ്റാരോപിതരായ  പുരോഹിതർക്കെതിരെ   എന്റെ തൂലിക   ചലിച്ചെങ്കിൽ   വായനക്കാർ  സദയം ക്ഷമിക്കുമെന്നും കരുതുന്നു. കത്തോലിക്കസ്കൂളുകളിൽ പഠിച്ചും  പഠിപ്പിച്ചുള്ളറിവും  പുരോഹിതരുമായുള്ള കഴിഞ്ഞകാല സമ്പർക്കവും ഈ   ഗ്രന്ഥം  രചിക്കുന്നതിന് എനിക്ക് സഹായകമായി.

നഷ്ടപ്പെട്ടുപോയ സഭയുടെ  ആദിമ ചൈതന്യം വീണ്ടെടുക്കണമെന്ന  ചിന്തയും എന്റെ മനസ്സിൽ ഒളിഞ്ഞിരുപ്പുണ്ട്.  'ക്രിസ്തുവില്ലാത്ത   ബലിപീഠങ്ങൾ' എന്ന  ഈ കൃതിയിൽ  സാമൂഹിക സാംസ്ക്കാരിക ചരിത്രപരമായ സഭയുടെ വിഷയങ്ങളും ചില  മൗലികസത്യങ്ങളുമാണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.  ഏതാനും   ലേഖനങ്ങളിൽ  എന്റെ ജീവിതാനുഭവങ്ങളുടെ പ്രതിഫലനങ്ങളുമുണ്ട്.  ‘ചാൾസ് ഡിക്കൻസ്’ കുഞ്ഞായിരുന്നപ്പോൾ  ഒരു ഷൂ ഫാക്റ്ററിയിൽ  ജോലിചെയ്തിരുന്നു. സാമൂഹിക അനീതികളുടെയും  കാപട്യത്തിന്റെയും  അധാർമ്മികലോകത്ത്   ബാലനായിരുന്നപ്പോൾ  സഹിക്കേണ്ടിവന്ന പീഡനങ്ങൾ   അദ്ദേഹത്തിൻറെ കൃതികളിൽ   തെളിഞ്ഞുനിന്നിരുന്നു.  അതുപോലെ  ‘ മാർക്ക് റ്റ്വൈൻ’   എന്ന എഴുത്തുകാരൻ  മിസ്സിസ്സിപ്പിനദിയുടെ തീരത്ത്‌ ബാല്യകാലം കഴിച്ചു കൂട്ടി. അദ്ദേഹത്തിന്റെ പ്രധാന കൃതികളിലെല്ലാം  നദിയും അതിനു ചുറ്റുമുള്ള ജീവിത സത്യങ്ങളും  പ്രതിഫലിപ്പിച്ചിരുന്നു.  

എന്റെ ബാല്യകാലത്ത്‌   ഒരു കത്തോലിക്കാ പുലയ സ്ത്രീയുടെ  ശവ സംസ്ക്കാര ചടങ്ങ് നിഷേധിച്ച   പുരോഹിതന്റെ അഹന്തയും എന്നെ  വേദനിപ്പിച്ചിരുന്നു.  എന്നും പള്ളിയിൽ കുർബാനകളിൽ മുടങ്ങാതെ പങ്കുകൊണ്ടിരുന്ന   അവരുടെ കുടുംബം താമസിച്ചിരുന്നത്  ഞങ്ങളുടെ പുരയിടത്തിലായിരുന്നു.  ഭർത്താവ് ദുർനടപ്പുകാരനെന്നു പറഞ്ഞ് പള്ളിപ്പറമ്പിൽ  ശവം  മറവുചെയ്യാൻ പുരോഹിതൻ സമ്മതിച്ചില്ല. എട്ടു ദിവസത്തിൽപ്പരം  മൃതദേഹം ആ കുടിലിനുമുമ്പിൽ കിടത്തിയിട്ടും ദുർഗന്ധം വമിച്ചിട്ടും പുരോഹിതന്റെ മനസലിഞ്ഞില്ല.  ഒടുവിൽ ഞങ്ങളുടെ കുടുംബവക പുരയിടത്തിൽ  ശവം മറവുചെയ്തതും  എന്റെ  ഒർമ്മയിലുണ്ട്. അന്നും ഇന്നും ദളിതരോട്  സഭ നീതി പുലർത്തിയിട്ടില്ല.  ദളിതരോടുള്ള സഭയുടെ നയം ക്രിസ്ത്യൻ മാനവികതയുടെ  ഒരു കളങ്കവുമാണ്.  അത്തരം ദളിതചിന്തകളടങ്ങിയ  എന്റെ ലേഖനം   ഈ പുസ്തകത്തിന് വെളിച്ചം നല്കുന്നു. 

വേദങ്ങളെയും   ഉപനിഷത്തുക്കളെയും   അടിസ്ഥാനമാക്കിയുള്ള  ലേഖനങ്ങളും  പരീസ്ഥിതിയെ സംബന്ധിച്ച  ഗാഡ്ഗിൽ കസ്തൂരി റിപ്പോർട്ടും   ഈ  ഗ്രന്ഥത്തിലുണ്ട്. ക്രിസ്ത്യൻ വേദഗ്രന്ഥങ്ങളിൽ മാത്രമല്ല സർവ്വ  മതങ്ങളുടെ പൌരാണികകൃതികളിലും   ദൈവത്തിന്റെ ചൈതന്യം ജ്വലിക്കുന്നുണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നു. ദൈവം കത്തോലിക്കർക്ക് മാത്രമല്ലെന്നുള്ള  ഫ്രാൻസീസ് മാർപാപ്പയുടെ വാക്കുകളും  എന്നെ വികാരാധീനമാക്കിയിരുന്നു.  പ്രകൃതിയേയും മണ്ണിനെയും ചൂഷണം ചെയ്യുന്ന   വനം കൊള്ളക്കാരെയും മണൽ മാഫിയാകളെയും സഭ സഹായിക്കുന്നതും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.  

മുൻ സുപ്രീം കോടതി ജഡ്ജി  ശ്രീ കൃഷ്ണയ്യർ കൊണ്ടുവന്ന  ചർച്ച് ആക്റ്റ്നെ സംബന്ധിച്ച  ലേഖനം  സഭയുടെ അവകാശികൾ  വിശ്വാസസമൂഹമാണെന്നുള്ള  സത്യം   അംഗീകരിക്കണമെന്നുള്ള തത്ത്വത്തിൽ എഴുതിയതാണ്.  സഭാ പൌരന്മാർ  നയിക്കുന്ന  ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഒരു സഭയാണ് എന്റെ സ്വപ്നം. അതിനായി പൗരാഹിത്യ സ്വേച്ഛാധിപത്യത്തിൽ അടിമപ്പെട്ടുപോയ സഭയെ മോചിപ്പിക്കണം.  തികച്ചും ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിച്ചുകൊണ്ടുള്ള  ചർച്ച് ആക്റ്റ് നാളിതുവരെയായി പ്രാബല്യത്തിൽ  വന്നില്ലായെന്നതും ഖേദകരമാണ്.

 'കുർബാനയിലെ അപ്പം' സംബന്ധിച്ചുള്ള വിവാദപരമായ ഒരു ലേഖനത്തോടൊപ്പം  സഭയുടെ കാഴ്ചപ്പാടുകളും തത്ത്വങ്ങളുമടങ്ങിയ  മറ്റൊരു ലേഖനവും ഇതിലുണ്ട്.  സഭയുടെ വിശ്വാസങ്ങളെയോ  ദൈവശാസ്ത്രങ്ങളെയോ   ഞാൻ എതിർക്കുന്നില്ല. എന്നാൽ പൌരോഹിത്യ  യാഥാസ്ഥിതിക  മനോഭാവത്തോട്  യോജിക്കാനും  സാധിക്കുന്നില്ല. 'ക്രിസ്തുവില്ലാത്ത ബലിപീഠം' എന്ന  പുസ്തകത്തിലെ   അഭിപ്രായങ്ങളിൽ  പലർക്കും  വിയോജിപ്പുണ്ടാകാം. എങ്കിലും   നന്മതിന്മകളെ  വേർതിരിച്ച്  സ്വീകാര്യമായതിനെ   വായനക്കാർ അംഗീകരിക്കുമെന്ന ശുഭാപ്തി വിശ്വാസവും എനിയ്ക്കുണ്ട്.  ക്രിസ്തു വസിക്കുന്നത്  ഹൃദയമായ ദേവാലയത്തിലെന്ന് കണ്ടെത്തിയാൽ  പിന്നീടൊരിക്കലും ബലിപീഠങ്ങൾ തേടിയലയേണ്ടി വരില്ല. സർവ്വോപരി   ഫ്രാൻസീസ് മാർപാപ്പായുടെ  വിപ്ലവകരമായ സന്ദേശങ്ങൾ  ലോകത്തിന് ശാന്തിയും സമാധാനവും ക്രിസ്തുവിൽ  പ്രതീക്ഷകളും നല്കുന്നു. 

 

Saturday, February 15, 2014

മതത്തിന്റെ ധാർമ്മികതയും നാസ്തിക ചിന്തകളും




by ജോസഫ്  പടന്നമാക്കൽ 


 യുഗയുഗങ്ങളായി മനുഷ്യർ ദൈവത്തെത്തേടി അലയുന്നു. ബെത് ലേഹമിലും മെക്കയിലും ഹിമാലയസാനുക്കളിലും തീർഥാടനകേന്ദ്രങ്ങളിലും ദൈവനാമത്തിന്റെ മഹത്വം വാഴ്ത്തപ്പെടുന്നു.   യുക്തിയുക്തമായി ദൈവത്തിന്റെ അസ്തിത്വത്തെ പ്രാമാണ്യകരിക്കാറുമുണ്ട്‌. അതൊന്നും യുക്തിവാദികളുടെ സങ്കൽപ്പത്തിൽ വാസ്തവികമല്ല. കണ്ണുകൊണ്ട് നിരീക്ഷിച്ചാൽ മാത്രമേ സത്യമെന്തെന്ന് അവർ വിശ്വസിക്കുകയുള്ളൂ.പ്രാകൃതമനുഷ്യരുടെ ദൈവവും ആധുനിക ശാസ്ത്ര യുഗത്തിൽ ജീവിക്കുന്നവരുടെ ദൈവവും തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലുള്ള ദൈവസങ്കല്പ്പങ്ങളാണെന്ന് കാണാം. ജീവിത സാഹചര്യങ്ങളുടെയും മൂല്യബോധങ്ങളുടെയും ചലനങ്ങളനുസരിച്ച് മനുഷ്യന്റെ ദൈവസങ്കല്പ്പത്തിനും മാറ്റങ്ങൾ വരാം. നാം വസിക്കുന്ന ഈ കൊച്ചുലോകത്തിന് അതീതമായ ഒരു ശക്തി, ബഹുവർണ്ണങ്ങളായ ദൈവങ്ങൾ,   ഏകദൈവമായ ശക്തി ഇങ്ങനെ സമയകാല വികസനങ്ങളനുസരിച്ച് ദൈവത്തെപ്പറ്റിയുള്ള ഭാവനകളും സങ്കൽപ്പങ്ങളും മാറിമാറി വന്നു. ഇടിയും പ്രകൃതി ക്ഷോപവും കാളിയും ദൈവങ്ങളായി വിചാരിച്ച് പൂജാസമ്പ്രാദയവും തുടങ്ങി. അങ്ങനെ ദൈവമെന്നുള്ളത് മനുഷ്യൻ വികസിപ്പിച്ചെടുത്തതാണ്. അതിനൊപ്പം ഭാവനകളിൽ ആത്മാവും വികസിച്ചു. 


സന്മാർഗ ജീവിതമെന്നത് ദൈവത്തെയനുസരിച്ച് ജീവിക്കുകയെന്ന ഗുണവിശേഷമെങ്കിൽ അത്തരം സന്മാർഗികത മതവിശ്വാസികൾക്കേ കാണുകയുള്ളൂ. കാരണം നിരീശ്വരവാദികൾ ദൈവത്തെ അനുസരിക്കാറില്ല. എന്നാൽ സമൂഹത്തിന്റെ കെട്ടുറപ്പിന് സ്വീകാര്യമായ വസ്തുതകളെയാണ്  അവർ സന്മാർഗികതയായി കണക്കാക്കുന്നത്. മനുഷ്യനെന്ന് പറയുന്നത് ഒരു സാമൂഹിക  ജീവിയാണ്. പരസ്പരം സഹവർത്തിത  മനോഭാവം അവന്റെ നിലനില്പ്പിനും ആവശ്യമാണ്. ഭൂരിഭാഗം ദൈവവിശ്വാസമില്ലാത്തവർ പ്രകൃതിയേയും സൗന്ദര്യത്തേയും ദർശിക്കുന്നതായി കാണുന്നു. അവനിൽ സ്നേഹവും വികാരങ്ങളും ഉണ്ട്. അത് പ്രകൃതി അനുഗ്രഹിച്ച് നൽകുന്ന കഴിവാണ്. അസന്മാർഗികളായ നിരീശ്വരവാദികളും കണ്ടേക്കാം. എന്നാൽ അതേ അളവിൽ ദൈവവും വിശ്വാസവുമായി പുലർത്തുന്നവരിലും അസന്മാർഗികത കാണാം. 1992-ൽ അനേകരെ കൊന്ന കുറ്റവാളിയായ 'ജെഫെരി ദാമർ' അമേരിക്കയിലെ വിസ്കോണ്‍സിനിൽ കോടതിമുമ്പാകെ പറഞ്ഞതും ശ്രദ്ധേയമാണ്. അയാൾ  പറഞ്ഞു,"ഞാൻ വിശ്വസിക്കുന്നവനായ ഒരുവനുണ്ട്. യേശു പാപികൾക്കായി ഈ ലോകത്ത് വന്നു. സകലതും ക്ഷമിക്കുന്നവനായ യേശു നിത്യമായ മുക്തി എനിക്കു തരുമെന്ന് ഉറപ്പുണ്ട്.” ഇതിൽനിന്നും വ്യക്തമാകുന്നത് സന്മാർഗികത മതവിശ്വാസികളുടെ കുത്തകയല്ലന്നല്ലേ?


അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി, മതവിശ്വാസവുമായി അനുബന്ധിച്ച് ഒരു സർവ്വേ  ബോണ്‍ എഗയിൻ ക്രിസ്ത്യാനികളിൽ (Born again Christians) നടത്തുകയുണ്ടായി. ക്രിസ്തീയസമൂഹത്തിൽ ചേരുന്നതിനുമുമ്പ് പുതിയ വിശ്വാസം സ്വീകരിച്ച ഇവരിൽ നാലുശതമാനം മദ്യത്തിന് അടിമകളായിരുന്നു. മദ്യം പാടില്ലായെന്ന് അനുശാസിക്കുന്ന പുതിയ മതം സ്വീകരിച്ചുകഴിഞ്ഞ് കുടിയന്മാരുടെ എണ്ണം പന്ത്രണ്ട് ശതമാനമായി. മതത്തിൽ ചേരുന്നതിനുമുമ്പ് അഞ്ചു ശതമാനം മയക്കുമരുന്നിനടിമയായവർ ഒമ്പത് ശതമാനമായി വർദ്ധിച്ചു. മതം മാറുന്നതിനുമുമ്പ് രണ്ടുശതമാനം അസന്മാർഗികമായ ലൈംഗികത നടത്തിയവരുടെ എണ്ണം അഞ്ചു ശതമാനമായി. ഇവരിൽ കൂടുതൽപേരും കൗമാരപ്രായത്തിൽ മതം മാറിയവരാണ്. അപകടം പിടിച്ച യുവത്വകാലഘട്ടങ്ങളിലാണ് വഴിപിഴച്ച ജീവിതത്തിൽക്കൂടി ലൈംഗികതയിലും ഊർജത നേടുന്നത്. മുകളിൽ പറഞ്ഞ സർവ്വേയിലെ  തെളിവുകളുടെ ബലത്തിൽ ഇതില്നിന്നും മനസിലാക്കേണ്ടത് ക്രിസ്തുമതത്തിന് ഒരാളിന്റെ സന്മാർഗനിലവാരം മെച്ചമാക്കാൻ സാധിക്കുകയില്ലന്നല്ലേ?  


നാസ്തികർക്ക് ധാർമ്മികതയില്ലെന്ന്  ഈശ്വരനിരതരായവർ  പ്രചരിപ്പിക്കുന്നത് കാണാം. അത് ശരിയല്ല. മതത്തിൽ വിശ്വസിക്കുന്നവരെപ്പോലെ നാസ്തികരും തുല്യമായി ധാർമ്മികതയിൽ വിശ്വസിക്കുന്നുണ്ട്. എങ്കിൽ നാസ്തികരുടെ എഴുതപ്പെട്ട ധാർമ്മികനിയമങ്ങൾ എന്തെല്ലാമെന്നും അടുത്ത ചോദ്യം ഉദിച്ചേക്കാം. മതം കല്പ്പിക്കുന്നപോലെ കർശനമായ നിയമസംഹിതകളിലുള്ള ഒരു പുസ്തകത്തിൽ നാസ്തികൻ വിശ്വസിക്കുന്നില്ല. മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ അതേ ധാർമ്മികതയാണ് നാസ്തികനും പിന്തുടരുന്നത്. മനുഷ്യരുണ്ടാക്കുന്ന ധാർമ്മിക നിയമങ്ങളിൽ അവർ വിശ്വസിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ദൈവം മനുഷ്യനായി ജനിച്ചുതരുന്ന വചനങ്ങളോ ദൈവം മുഖേന പ്രവാചകർ കൽപ്പിക്കുന്ന നിയമങ്ങളോ നാസ്തികൻ വിശ്വസിക്കില്ല. നാസ്തികരായവർ ഭൂരിഭാഗവും അവിശ്വാസികളായത് മതം അവർക്ക് അനുയോജ്യമല്ലെന്ന് ബോദ്ധ്യമായതുകൊണ്ടാണ്. ഒന്നിൽക്കൂടുതൽ മതങ്ങളെ അഗാധമായി പഠിച്ചശേഷമായിരിക്കും സാധാരണഗതിയിൽ നാസ്തികർ തീരുമാനം എടുക്കാറുള്ളത്. മതവിശ്വാസങ്ങളെ തള്ളിക്കളയുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചശേഷമായിരിക്കും. 
 


 മതം മനുഷ്യജീവിതത്തിൽ പലപ്പോഴും ഉപദ്രവം ചെയ്യും. മനുഷ്യജാതിയ്ക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകളും വരുത്തും. മതവിശ്വാസം പുലർത്തുന്നത് കൂടാതെ സമ്പാദ്യത്തിലെ പങ്ക് പള്ളിപണികൾക്കും കൊടുക്കണം. പ്രാർത്ഥന കൂടാതെ അത്ഭുത രോഗശമന വിശ്വാസത്തിലും പണം നിക്ഷേപിക്കണം. പുരോഹിതൻ സുഖപ്പെടുത്തുമെന്നു പറഞ്ഞ് പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളും നിഷേധിക്കും. രക്തദാനവും സ്വീകരിക്കില്ല. മതം കുടുംബാസൂത്രണ പദ്ധതികളെ എതിർക്കുന്നു. മൂന്നാം ലോകത്തിലെ ജനസംഖ്യ കൂടിയാലും മതത്തിന് പ്രശ്നമല്ല. ഗർഭനിരോധന ഉറകൾ വില്ക്കുന്നതുമൂലം എയിഡ്സ് പോലുള്ള മാരകരോഗം പടരുന്നത് മതത്തിന് പ്രശ്നമല്ല. ദൈവവിശ്വാസമില്ലാത്തവരെ കൊല്ലാനും മതഭീകരർ മടിക്കില്ല. മറ്റുള്ള മതത്തിൽനിന്ന് വിവാഹം ചെയ്താലും തീയിട്ട് നശിപ്പിക്കുന്ന ചരിത്രങ്ങളും മതവാദികൾക്കുണ്ട്. മതനിന്ദനവും ചില രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്. മരണശിക്ഷവരെ നല്കും. മതത്തിന്റെ പേരിൽ നടന്ന യുദ്ധങ്ങൾക്ക് കണക്കില്ല. മതത്തിനുവേണ്ടിയുള്ള മൗലികവാദികളുടെ രക്ത ചൊരിച്ചിലുകൾക്ക് മതം നീതികരണവും നല്കും. കുരിശുയുദ്ധങ്ങളിലും ഹിന്ദു മുസ്ലിം ലഹളകളിലും മതത്തിന്റെ പേരിൽ പതിനായിരങ്ങളുടെ രക്തമൊഴുക്കി. ഈ രക്തപ്പുഴകളെല്ലാം ധാർമ്മികതയെന്നും വിശുദ്ധയുദ്ധമെന്നും അറിയപ്പെട്ടു.


ആരാണ് സത്യമായ ക്രിസ്ത്യാനി, അല്ലെങ്കിൽ വിശ്വാസി?  അനേക മതങ്ങളുണ്ടെങ്കിലും  ഏതാണ് സത്യമതമെന്ന് തിരിച്ചറിയാനും സാധിക്കില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് മതങ്ങൾ തമ്മിൽ പരസ്‌പരം മത്സരമാണ്. അങ്ങനെ മല്ലടിക്കുമ്പോൾ മതങ്ങളിലെ ധാർമ്മിക ചിന്തകളെവിടെയെന്നും ചിന്തിച്ചുപോവും. മതത്തിന്റെ പേരിൽ തമ്മിൽതമ്മിൽ കൊലകൾവരെ നടത്തും. അങ്ങനെയെങ്കിൽ ഒരു അന്വേഷിക്ക് സത്യമതം അല്ലെങ്കിൽ അധാർമ്മിക മതം ഏതെന്നും തിരിച്ചറിയാൻ കഴിയില്ല. തങ്ങളുടേത് മാത്രം സത്യമെന്ന് പറഞ്ഞ് നവീകരണസഭകളും കത്തോലിക്കരും തമ്മിൽ മത്സരത്തിലാണ്. ആ സാഹചര്യങ്ങളിലാണ് നാസ്തികൻ തന്റെ അനുഭവജ്ഞാനത്തിലൂടെ പ്രായോഗികമായി ചിന്തിക്കുന്നത്. ക്രിസ്തുമതം പരസ്പരവിരുദ്ധമായ തത്ത്വമൂല്യങ്ങളുള്ള മതമെന്നും നാസ്തികൻ ചിന്തിക്കും. അക്കൂടെ അധാർമ്മികമായി ജീവിക്കുന്ന ക്രിസ്ത്യാനികളെയും കാണാം. ചിലർ സ്വാർഥതാൽപര്യത്തിന്‌ മതവചനങ്ങളെ തെറ്റായും വ്യാഖ്യാനിക്കാറുണ്ട്‌. ബൈബിൾ ധാർമ്മിക നിയമങ്ങൾ മാത്രമുള്ള പുസ്തകമെങ്കിൽ വഴിപിഴച്ച ക്രിസ്ത്യാനിയ്ക്ക് സ്വന്തം താല്പര്യം സംരക്ഷിക്കാൻ ബൈബിളിനെ അവന്റെ യുക്തിയിൽ കൊണ്ടുവരാൻ സാധിക്കും. വിശുദ്ധ ബൈബിൾ ദൈവവചനമെങ്കിൽ എന്തുകൊണ്ട് മനസിലാകുന്ന ഭാഷയിൽ രചിച്ചില്ല. സ്വന്തം വിശ്വാസംതന്നെ ദൈവനിശ്ചയത്തിന്  എതിരെന്ന് എങ്ങനെ നാം മനസിലാക്കും?  ബൈബിളിനെ ഏതു വിധത്തിൽ വ്യാഖ്യാനിക്കുന്നവനും ക്രിസ്ത്യാനി തന്നെ. യേശുവിൽ വിശ്വസിക്കുന്നവൻ കൊലയും പിടിച്ചുപറിയും നടത്തിയാലും അയാൾ ക്രിസ്ത്യാനി തന്നെ. ബൈബിളിലെ വചനം അവന്റെ ന്യായികരണത്തിലും മൂർച്ച കൂട്ടും
. 

 മതങ്ങൾക്കുള്ളതുപോലെ നാസ്തിക വിശ്വാസത്തിന് പ്രത്യേകമായ ഗ്രന്ഥങ്ങളോ നിയമ സംഹിതകളോയില്ല.എങ്കിലും സ്വീകാര്യമായ ചില ചിട്ടകൾ നാസ്തികനിൽ കാണാം. നാസ്തികരും ആശയങ്ങൾ പ്രചരിപ്പിക്കാറുണ്ട്. മതത്തിലെ നിയമങ്ങളെ അന്ധമായി അനുകരിക്കുന്നവരെക്കാളും നാസ്തികർ ധാർമികനിലവാരം പുലർത്തുന്നുണ്ട്. ജീവിതം അർത്ഥ പൂർണ്ണമാകണമെങ്കിൽ സ്വയം കണ്ടെത്തണമെന്ന്  ചിന്തിക്കുന്നു. നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സത്യത്തെ കണ്ടെത്തുക,സത്യമേതെന്ന് മനസിലായി ഉചിതമായത് തെരഞ്ഞെടുക്കുക,  നമുക്കുള്ളതുകൊണ്ട് ജീവിതം ആസ്വദിക്കുക, നമ്മെ സ്വയം ആത്മബോധം ഉള്ളവരാക്കുക, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം യുക്തമെന്നുള്ളത് കണ്ടെത്തുക, എന്നെല്ലാം നാസ്തികന്റെ എഴുതപ്പെടാത്ത നിയമങ്ങളാണ്. ഒന്നിനെ സത്യമാക്കാൻ അന്ധമായി വിശ്വസിക്കരുതെന്നും എന്തുവിശ്വാസമെങ്കിലും ചോദ്യം ചെയ്യണമെന്നും നാസ്തിക ഡയറിയിലുണ്ട്.


ലക്ഷ്യമില്ലാതെ അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബസിന്റെ കപ്പൽ സമുദ്രത്തിൽ അലഞ്ഞിരുന്ന സമയം അദ്ദേഹത്തിൻറെ കൂടെയുള്ളവരുടെ ക്ഷമ നശിച്ചിരുന്നു. ശേഖരിച്ചിരുന്ന ഭഷണവിഭവങ്ങളും തീർന്നിരുന്നു. ഒരു സമയത്ത് സഹയാത്രികർ കൊളംബസിന്റെ നേരെ തോക്കുയർത്തി. അവരുടെ വിശപ്പും ദാഹവും അക്ഷമയും സകല ധാർമ്മികതയേയും കാറ്റിൽ പറത്തിയിരുന്നു. ധാർമ്മികമായ ചിന്താഗതി ജീവജാലങ്ങളിൽ മനുഷ്യനുമാത്രമേ ജന്മസഹജമായി ലഭിച്ചിരിക്കുന്നതെന്ന് സെമറ്റിക്ക് മതങ്ങൾ വിശ്വസിക്കുന്നു. അത് സത്യമല്ല. മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും സഹജമായ വികാരങ്ങളുണ്ട്. കാട്ടിൽ ഗർജിച്ചുനടക്കുന്ന സിംഹം അതിന്റെ ഇരയെ പിടിക്കുന്നത്‌ വിശക്കുമ്പോഴാണ്‌. സിംഹത്തിന് വയറു നിറഞ്ഞിരിക്കുന്നെങ്കിൽ  അതൊരു ജീവിയേയും കൊല്ലാൻ മെനക്കെടില്ല. മാൻപേടകൾ  സിംഹത്തിനു ചുറ്റും കളിച്ചുനടക്കുന്നത് ഡിസ്ക്കവറി ചാനലിലും നാഷണൽ ജിയോ ഗ്രാഫിക്ക് മാസികകളിലും കാണാം. ‘നായ’ തമ്മിൽ കടി കൂടുമ്പോൾ ഒരു നായ് വാലും ചുരുട്ടി കീഴടങ്ങിയാൽ മറ്റേ നായ് പിന്നെ ഉപദ്രവിക്കില്ല. തള്ളക്കോഴി പരുന്തുകൾ വരുമ്പോൾ പിള്ളക്കോഴികളെ ചിറകിനുള്ളിൽ കാത്തുസൂക്ഷിക്കുന്നത് കാണാം. പക്ഷികൾ കൂടുവെയ്ക്കുന്നു. കുഞ്ഞുങ്ങൾക്ക് തീറ്റികൊടുക്കുന്നു. മനോഹരമായ കലാവിരുതുകളും പക്ഷികൂട്ടിന്മേൽ കാണാം. കൂടുതൽ സുരക്ഷിതത്വം തേടി തള്ളപ്പൂച്ച കുഞ്ഞുങ്ങളെയും കടിച്ചുതൂക്കി മറ്റൊരു താവളത്തിലെത്തിക്കുന്നു.   ഇതിൽ നിന്നെല്ലാം ധാർമ്മികതയുടെ അംശം മൃഗങ്ങളിലുണ്ടെന്നും ജന്മസിദ്ധമായ ഗുണമാണെന്നും സ്പഷ്ടമാണ്. ഇതിനെ ധാർമ്മികതയെന്ന് വിളിക്കാമോയെന്നറിയില്ല. 


മനുഷ്യന് കുറച്ചുകൂടി വിശാലമായ ധാർമ്മിക ബോധമുണ്ട്. അത് മനുഷ്യൻ വളർന്നുവന്ന സാഹചര്യങ്ങളിൽ പതിയെ പതിയെ  വികസിച്ചുവന്നതാണ്. ആദിമഗോത്രത്തിൽ കണ്ടിരുന്ന ധാർമ്മികതയല്ല കുറച്ചുകൂടി വികസിച്ച സമൂഹത്തിൽ കണ്ടിരുന്നത്‌. ഓരോ ഗോത്രത്തലവന്മാരും തങ്ങളുടെ ഗോത്രങ്ങളെ മാത്രം സംരക്ഷിക്കുന്നതായി പഴയനിയമത്തിൽ വായിക്കാം. ഗോത്രത്തിൽ പുറത്തുള്ളവരെയും സഹായിക്കുകയെന്ന ധാർമ്മികത വന്നത് മനുഷ്യന്റെ മനസ് വികസിച്ച ശേഷമാണ്. അന്യന്റെ ഭാര്യ, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നൊക്കെ എല്ലാ മതങ്ങളുടെയും പ്രത്യേകതയായിരുന്നു. ആദിമമനുഷ്യനിൽ അങ്ങനെ ഒരു അടിസ്ഥാന തത്ത്വം ഉണ്ടായിരുന്നില്ല. സമൂഹത്തിന്റെ വികസനഘട്ടത്തിലാണ് സ്വത്ത് സമ്പാദികയെന്നുള്ള ആശയം മനുഷ്യനിൽ ഉണ്ടായത്. 


ഗോത്രങ്ങൾ കൂട്ടമായി കൃഷിചെയ്ത് വികസിച്ചുകഴിഞ്ഞപ്പോൾ ഗോത്രങ്ങൾ തമ്മിൽ ഐക്യം വന്നു. മിച്ചമുള്ള ധാന്യങ്ങൾ മറ്റുഗോത്രങ്ങൾക്ക് കൈമാറുവാനും തുടങ്ങി. അവിടെയാണ് അന്യന്റെ മുതൽ കക്കരുത്, അന്യന്റെ സ്വത്ത് ആഗ്രഹിക്കരുതെന്നുള്ള ധാർമ്മിക തത്ത്വങ്ങൾ ഉടലെടുത്തത്. അതുകൊണ്ട് പത്തു പ്രമാണങ്ങളിൽ കാണുന്നപോലെ ഇതൊന്നും ദൈവികമായ മൂല്യങ്ങളല്ല. മനുഷ്യന്റെ വികസനഫലമായി മനുഷ്യൻ തന്നെ കണ്ടെത്തിയ മൂല്യങ്ങളാണ്‌. അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും കക്കരുതെന്നുമുള്ള ധാർമ്മികമൂല്യങ്ങൾ മനുഷ്യന്റെയിടയിൽ സാർവ്വത്രികമായി. അല്ലാതെ മോസസിന് ദൈവം കൊടുത്തതല്ല. ഓരോ രാജ്യത്തിലും ധാർമ്മിക മൂല്യങ്ങളിൽ വ്യത്യസ്തമായ നിയമങ്ങൾ കാണാം. സെമറ്റിക്ക് മതങ്ങളിൽ അടിമയോട് സ്നേഹത്തോടെ പെരുമാറാൻ പറയുന്നുണ്ട്. എന്നാൽ  അടിമത്തം  തെറ്റാണെന്ന്‌ അവരുടെ മതഗ്രന്ഥങ്ങളിൽ ഇല്ല. അടിമത്തം ഇല്ലാതാക്കിയത് മനുഷ്യൻ വികസിപ്പിച്ച ഒരു സാമൂഹികചിന്തയാണ്. ആ കാലഘട്ടത്തിന്റെ മൂല്യവും നാം അവിടെ കാണുന്നു. എല്ലാ മതപ്രവാചകരും അവതരിപ്പിച്ചത് അതാതുകാലത്തെ മൂല്യങ്ങളായിരുന്നു.


ശാസ്ത്രത്തിന്റെ പുരോഗതിയിലും കാലഘട്ടങ്ങളുടെ പരിവർത്തനങ്ങളിലും മനുഷ്യന്റെ മനസുകൾക്ക് മാറ്റം വരും. പഴയ തലമുറകൾ ചിന്തിച്ചിരുന്ന മാമൂലുകൾക്കു മാറ്റം വന്നത് അതിനുള്ള തെളിവുകളാണ്. കീഴ്ജാതിയും ഉയർന്ന ജാതിയും തമ്മിലുള്ള വേർതിരുവുകളിൽ വിടവുകൾ കുറഞ്ഞത് മതത്തിന്റെ നിർദ്ദേശം കൊണ്ടല്ല മറിച്ച് മനുഷ്യന്റെ സാമൂഹിക കാഴ്ചപ്പാടിൽ വന്ന വ്യത്യാസം കൊണ്ടാണ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ മനുഷ്യനും ചിന്തകൾക്കും വ്യതിയാനങ്ങൾ വരും. ഹൈന്ദവരുടെ കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് ന്യൂക്ലിയർ കുടുംബങ്ങൾ പടുത്തുയർത്തി. അന്ന് പ്രായത്തിൽ കൂടിയവരെയും സ്വന്തം അമ്മാവന്മാരെയും ബഹുമാനിക്കുകയെന്ന ചട്ടങ്ങൾ പാലിക്കണമായിരുന്നു. ഇന്ന് മുതിർന്നവരെ ആരാധിക്കുക, ബഹുമാനിക്കുകയെന്ന വ്യവസ്ഥിതി അടിച്ചേൽപ്പിക്കാൻ ചെന്നാൽ നടക്കില്ല. ഇതെല്ലാം നവോഥാന ചിന്തകളിലെ ധാർമ്മിക നേട്ടങ്ങളായിരുന്നു. മാറ്റങ്ങൾക്ക് മതം തടസം നിന്നിട്ടേയുള്ളൂ.


അമേരിക്കയിൽ കുറ്റവാളികളുടെയിടയിൽ നടത്തിയ ഒരു സർവ്വേയിൽ 92 ശതമാനം മതവിശ്വാസികളായി കാണുന്നു. വിശ്വാസംകൊണ്ട് അവരാരും നന്മയുള്ളവരായി കണ്ടില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നോർവേ, സ്വീഡൻ, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങൾ മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളാണ്. അവിടെയുള്ളവർ പള്ളിയിൽ പോവും. പക്ഷെ കൃസ്തു ഉയർത്തുവെന്നു പറഞ്ഞാൽ ചിരിക്കും. കന്യക പുരുഷനില്ലാതെ ഗർഭം ധരിച്ചെന്നു പറഞ്ഞാലും അവർ ചിരിക്കും. 80 ശതമാനം വിശ്വാസമില്ലാത്ത ജനതയാണവിടെയുള്ളത്. പള്ളിയും ആചാരങ്ങളും സാമൂഹിക ജീവിതത്തിന്റെ ഭാഗമെന്നുമാത്രം  കരുതുന്നു. എന്നാൽ ഇന്ന് ലോകത്തിൽ ഏറ്റവും സാമൂഹിക സുരക്ഷിതത്വമുള്ളത് മത വിശ്വാസമില്ലാത്ത ഈ രാജ്യങ്ങളിലാണ്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആ രാജ്യങ്ങളിൽ വിരളമായേ നടക്കാറുള്ളൂ. വിശ്വാസവും നന്മതിന്മകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നുള്ളത് ഈ രാജ്യങ്ങൾ തെളിവാണ്.


ചുരുക്കത്തിൽ ധാർമ്മികതയെന്നുള്ളത്  മതത്തിന്റെ കുത്തകയല്ല. മതത്തിൽ വിശ്വസിക്കുന്നവർ ധാർമ്മികമൂല്യങ്ങൾ  മതത്തിൽനിന്ന് നേടുന്നതുമല്ല.  നാമെല്ലാം  അടിമത്തത്തെ എതിർക്കുകയും  സ്ത്രീകൾക്ക് സ്വാതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്യുന്നു. അതെല്ലാം  സ്വയം നേടിയ ധാർമ്മിക ബോധമാണ്. ധർമ്മാധർമ്മവിവേചനപരമായ  ഈ മൂല്യങ്ങൾ പ്രധാന മതങ്ങളെല്ലാം  ആവിർഭവിച്ചശേഷം  നടപ്പിലാക്കിയതാണ്. അത്തരം സാന്മാർഗ്ഗിക വ്യാഖ്യാനങ്ങൾക്ക് ഏതാനും നൂറ്റാണ്ടുകളുടെ ചരിത്രമേയുള്ളൂ. നമുക്കു ചുറ്റുമുള്ള   നാം ജീവിക്കുന്ന  ജീവിത സാഹചര്യങ്ങളിൽനിന്നും   ധർമ്മാചാര  ഗുണപാഠങ്ങൾ പഠിച്ചെടുക്കുന്നു.  നല്ല നല്ല നോവലുകളും പത്രങ്ങളും മാസികകളും മാതാപിതാക്കളുടെ ഉപദേശങ്ങളും ധാർമ്മികതയിലേക്കുള്ള  വഴികളാണ്.  മതത്തിന്റെ സ്വാധീനം   വളരെ പരിമിതമായേയുള്ളൂ.  മതവിശ്വാസിയുടെ  ധാർമ്മികതയും   നാസ്തികന്റെ ധാർമ്മികതയും  ഒരേ പ്രഭവകേന്ദ്രത്തിൽനിന്നും ഉത്ഭവിക്കുന്നു. അമേരിക്കയിൽ പതിനഞ്ചു ‌ ശതമാനമടുത്ത് നാസ്തികരുണ്ട്. മറ്റു  പല  ന്യൂനപക്ഷമതങ്ങളേക്കാൾ  എണ്ണത്തിൽ ഏറെയുണ്ടെങ്കിലും  ഇവർക്ക് രാഷ്ട്രീയ ലോബിയില്ല.  യഹൂദരെപ്പോലെ ശക്തി  പ്രാപിക്കാനൊ, രാഷ്ട്രീയ പങ്കാളിത്തമോ നേടാൻ സാധിച്ചിട്ടില്ല.  

EMalayalee.com
http://www.emalayalee.com/varthaFull.php?newsId=73179



 

 

 

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...