Sunday, July 9, 2017

ജി.എസ്.റ്റിയും ഒരു നിയമവും ഒരു രാഷ്ട്രവും ഒരു മാർക്കറ്റും




ജോസഫ് പടന്നമാക്കൽ

ഇന്ത്യയുടെ പാർലമെന്റും രാജ്യസഭയും പാസ്സാക്കിയ ജി.എസ്.റ്റി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് നിയമം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സാമ്പത്തിക പുനഃക്രമീകരണമായിരുന്നു.  2017 ജൂൺ മാസത്തിൽ ഇന്ത്യയുടെ പ്രസിഡന്റ് പ്രണാബ് മുക്കർജി ഈ ബിൽ ഒപ്പിട്ടതോടെ അത് ഇന്ത്യ മുഴുവനായി നടപ്പാവുകയും ചെയ്തു.  ജി.എസ്.റ്റി  ('ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്' )യെന്നത് പ്രത്യക്ഷമായ ഒരു നികുതിയല്ലാത്തതിനാൽ ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാനും പ്രയാസമായിരിക്കും. മലയാളത്തിൽ ജി.എസ്.റ്റി യ്ക്ക് പകരമായി ഒരു വാക്ക് പ്രയോഗിക്കാനും പ്രയാസമാണ്.  ഉപഭോക്താക്കളിൽ മാത്രം നികുതി ചുമത്തുന്ന ഏകീകൃത നിയമ സംഹിതയെ ജി.എസ്.റ്റി യെന്നു പറയുന്നു.  ഇന്ത്യ മുഴുവനായി ഒരു ഏകീകൃത നികുതി നയം നടപ്പാക്കുകയെന്ന ഉദ്ദേശ്യമാണ് ജി.എസ്.റ്റി അഥവാ ചരക്ക് സേവന നികുതി (Goods and ServiceTax) കൊണ്ട് ഉദ്ദേശിക്കുന്നത്.   തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം ഏറ്റവും വലിയ വിപ്ളവകരമായ സാമ്പത്തിക മാറ്റമായിട്ടാണ് ജി.എസ്.റ്റി.യെ വിലയിരുത്തിയിരിക്കുന്നത്.

ആഗസ്റ്റുമാസം ഇന്ത്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു മാസമാണ്. 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുത്തനായ ഒരു നവ ഭാരതത്തിനായി നാം മുന്നേറണമെന്ന് നെഹ്രുവിന്റെ പാതിരായ്ക്കുള്ള പ്രസംഗം പ്രസിദ്ധമായിരുന്നു. 1972 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. 1992 ആഗസ്റ്റ് പത്താം തിയതി ക്യുറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി ആഘോഷിച്ചു. 1997 ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യ സ്വതന്ത്രമായതിന്റെ ഗോൾഡൻ ജൂബിലിയും ആഘോഷിച്ചിരുന്നു. 2016 ആഗസ്റ്റ് മാസം  ഇന്ത്യയിലെ സാമ്പത്തിക ശാസ്ത്രത്തിന്റെ നാഴികക്കല്ലായ ജി.എസ്.റ്റി ബിൽ രാജ്യസഭയിലും പാസ്സായി.   ജി.എസ്.റ്റി ബിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവമായി മാറുകയും ചെയ്തു.

ഗുഡ്‌സ് ആൻഡ് സർവീസ് ടാക്സ് (GST) എന്നത് പരോക്ഷമായ  നികുതിയെന്നു പറയാം. പുതിയതായി പാസാക്കിയ ഈ നിയമം ഇന്ത്യ മുഴുവൻ ഇന്ന് ബാധകമാണ്. പല ഘട്ടങ്ങളായി കേന്ദ്ര സർക്കാരും സ്റ്റേറ്റ് സർക്കാരും പിരിച്ചിരുന്ന നികുതികളെ ഏകീകൃതമാക്കി  പിരിക്കുന്ന ഒരു സംവിധാനമാണ് ജി.എസ്.റ്റി.  2017-ൽ ഭരണഘടന ഭേദഗതി വരുത്തിയ നൂറ്റിയൊന്നാം വകുപ്പിലെ വ്യവസ്ഥയനുസരിച്ചാണ് ജി.എസ്.റ്റി പ്രാബല്യത്തിൽ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ  ഭരണാലയത്തിന്റെ  കീഴിലായിരിക്കും ജി.എസ്.റ്റി പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ എഴുപതു വർഷങ്ങൾക്കുള്ളിലുള്ള സർക്കാരിന്റെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായി ജി.എസ്.റ്റി യെ അറിയപ്പെടുന്നു. ഇന്ത്യയിലെ ജി.എസ്.റ്റി   നിരക്കുകൾ കണക്കാക്കുമ്പോൾ സിംഗപ്പൂർ പോലുള്ള വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു മുന്നും നാലും ഇരട്ടി നികുതി  ഇവിടെ നൽകേണ്ടതായുണ്ട്.

 ജി.എസ്.റ്റി  നിയമമനുസരിച്ച്  ഒരു വ്യവസായ ഫാക്റ്ററിയിൽ നിന്നും മൊത്ത വ്യാപാരിയിൽ നിന്നും ചില്ലറ വ്യാപാരിയിൽ നിന്നും കൈമറിഞ്ഞു വരുന്ന ക്രയവിക്രയ വസ്തുക്കൾ ഉപഭോക്താവ് വാങ്ങിക്കുമ്പോൾ മാത്രമാണ് നികുതി കൊടുക്കാൻ ബാധ്യസ്ഥരാകുന്നത്. ഇതിനെ പ്രത്യക്ഷമല്ലാത്ത നികുതിയെന്നു (Indirect tax) പറയും. ബിസിനസ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇൻ ഡയറക്റ്റ് ടാക്സ് (Indirect tax) എന്തെന്ന് വ്യക്തമായി അറിയാം. ആദായ നികുതി നേരിട്ട് നാം സർക്കാരിന് കൊടുക്കുമ്പോൾ അത് ഡയറക്റ്റ് ടാക്സെന്നും (Direct Tax)  വിൽപ്പന നികുതിയെ  ഇൻ ഡയറക്റ്റ് ടാക്സെന്നും (Indirect tax) പറയും. വിൽപ്പന നികുതി നാം നേരിട്ട് സർക്കാരിന് കൊടുക്കുന്നില്ല. അതിനുത്തരവാദിത്വം  ഉപഭോക്താക്കൾക്കു കച്ചവട സാധനങ്ങൾ വിൽക്കുന്നവർക്കാണ്.

ജി.എസ്.റ്റി നിയമമനുസരിച്ച് മാർക്കറ്റിലുള്ള കച്ചവട സാധനങ്ങൾക്ക് ഏകീകൃതമായ  നികുതി പിരിക്കണം. ആ നികുതി ഇന്ത്യ മുഴുവനും ഒരേ നിരക്കിലായിരിക്കണം. അതിന്റെയർത്ഥം ഇന്ത്യയുടെ  എല്ലാ സംസ്ഥാനങ്ങളിലും ഒരേ ജി.എസ്. റ്റി. നികുതിയായിരിക്കണമെന്നാണ്. മുമ്പ് അതാത് സ്റ്റേറ്റുകളുടെ യുക്തംപോലെ നികുതി നിരക്ക് നിശ്ചയിക്കാമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ  ജി.എസ്.റ്റി നിയമമനുസരിച്ച്   കേന്ദ്രം നികുതി പിരിക്കും. അതിനുശേഷം ഓരോ സംസ്ഥാനത്തിന്റെ നികുതി വീതം കേന്ദ്രം പങ്കു വെക്കുകയും ചെയ്യും. അതിനു പകരമായി സംസ്ഥാനങ്ങളോട് കേന്ദ്രം നികുതി പങ്കുവെക്കുന്നതിന്റെ ഫീസ് ചാർജ് ചെയ്യുകയും ചെയ്യും.

ഉൽപ്പാദകനും വിതരണം ചെയ്യുന്നവനും മദ്ധ്യത്തിലുള്ള നികുതിയായ അപ്രത്യക്ഷ നികുതിയുടെ (ഇൻഡയറക്റ്റ് ടാക്സ്‌) ഭാരം അവസാനം ഉപഭോക്താവിന്റെ ചുമതലയിലെത്തും . അതായത് ഒരു ഉൽപ്പന്നം മാർക്കറ്റിൽ വന്നു കഴിയുമ്പോൾ മാത്രമായിരിക്കും അതിന് നികുതി അടയാളപ്പെടുത്തുന്നത്. ഉദാഹരണമായി ഒരു കാറിനുള്ള ആഭ്യന്തര നികുതിയുൾപ്പടെ കാർ നിർമ്മിക്കുന്നവർ വിലയിടും.  അവസാനം അതിന്റെ ആഭ്യന്തര നികുതിയും വിലയുമുൾപ്പടെ കാർ വാങ്ങുന്ന ഉപഭോക്താവ് നൽകുകയും വേണം. ജി.എസ്‌.റ്റി യുടെ മറ്റൊരു വ്യാവസായിക പദമാണ് വാല്യൂ ആഡഡ് ടാക്സ് (Value added tax) എന്നത്. മാർക്കറ്റിൽ വരുന്ന ഉൽപ്പാദനത്തിന്റെ വിലയോടുകൂടി ഉൽപ്പാദകൻ മുതൽ മൊത്തവ്യാപാരി, ചില്ലറവ്യാപാരികൾ നൽകേണ്ട നികുതികളെ വാല്യൂ അഡഡ് ടാക്സ് (VAT) എന്നും പറയും.  ജി.എസ്.റ്റി വിഭാവന ചെയ്ത നിയമമനുസരിച്ച്  ഈ നികുതികൾ ഒരു ഉൽപ്പന്നത്തിനോട് കൂട്ടിയാണ് വിതരണക്കാർ ഉപഭോക്താക്കൾക്ക് കച്ചവട വസ്തുക്കൾ വിൽക്കുന്നത്.        

ഫാക്റ്ററികളിലേയ്ക്കായി ഉൽപ്പാദകർ അസംസ്കൃത സാധനങ്ങൾ  (Raw materials) വാങ്ങുന്നമുതൽ ഉപഭോക്താവ് വാങ്ങുന്ന വരെയുള്ള ക്രയവിക്രയ സാധനങ്ങളിൽ  ടാക്സ് ക്രെഡിറ്റുകളും (Tax Credit) ഉണ്ട്. ഉദാഹരണമായി അസംസ്കൃത സാധനങ്ങൾ മേടിക്കാനായി ഒരു കമ്പനി അമ്പതു ലക്ഷം രൂപ നികുതി കൊടുത്തുവെന്നു കരുതുക. അസംസ്കൃത സാധനങ്ങൾ കൊണ്ട് ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ  മാർക്കറ്റിൽ വരുമ്പോൾ ഉൽപ്പാദകൻ എഴുപതു ലക്ഷം രൂപാ കൂടി നികുതി അടയാളപ്പെടുത്തേണ്ടതായി വരും.  മൊത്തം 1.2 കോടി രൂപാ  നികുതി വരുന്നു. ഈ നികുതിയിൽ അമ്പതു ലക്ഷം രൂപ അസംസ്കൃത സാധനങ്ങളുടെ നികുതിയെന്നതിനാൽ  ആ തുക ഇളവ് (Tax Credit)നൽകുന്നു. അവസാനം ഉപഭോക്താവിന് എഴുപതുലക്ഷം രൂപായുടെ നികുതി ബാദ്ധ്യതയേ   ഉണ്ടായിരിക്കുള്ളൂ.

ഉല്പന്നങ്ങൾക്കുള്ള നികുതികൾ  വ്യത്യസ്ത നിരക്കുകളിലായിരിക്കും തീരുമാനിക്കുന്നത്. പെട്ടെന്ന് നാശമാകുന്ന കച്ചവട വസ്തുക്കൾക്ക് (Perishable Commodities) നികുതി കൂടുതൽ കാണാം. നികുതി നിരക്കുകൾ തീരുമാനിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ ആവശ്യകതകളും (Demand) പരിഗണിക്കും. വില കൂടിയ കാറുകൾ, പുകയില, ലഹരി പദാർത്ഥങ്ങൾ മുതലായവയ്ക്ക് 28 ശതമാനമായിരിക്കും നികുതി. ഇന്ത്യയിൽ ധാരാളം ജനം ഉപയോഗിക്കുന്ന ഒന്നാണ് പുകയില. അതിൽനിന്ന് സർക്കാരിന് നല്ലൊരു വരുമാനവുമുണ്ട്. കൂടാതെ അത് പെട്ടെന്ന് കേടാവുന്ന (Perishable commodity) ഒരു ക്രയവിക്രയ സാധനവുമാണ്. അതിനാൽ പുകയിലയുടെ വിലയും കൂടിയിരിക്കും. അതിനൊപ്പം നികുതിയും കൂട്ടും. സിഗരറ്റിന്റെ നികുതി നിശ്ചയിക്കുന്നതും  പെട്ടെന്ന് കേടുവരുന്ന  (Perishable commodity) വിൽപ്പനയ്ക്കായുള്ള ഒരു ഉൽപ്പന്നമെന്ന നിലയിലാണ്.

രണ്ടായിരമാണ്ടുമുതൽ ജി.എസ്.റ്റി നിയമം പ്രാബല്യമാക്കാനുള്ള  ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും  സാധിച്ചിരുന്നില്ല.  കോൺഗ്രസ്സ് പാർട്ടിയാണ് ഈ ബില്ലിന് ആദ്യം തുടക്കമിട്ടതെങ്കിലും സമയമായപ്പോൾ സഹകരിക്കാതെ അവർ സഭയിൽനിന്ന് ഒന്നടങ്കം മാറി നിന്നു. തൃണമൂൽ കോൺഗ്രസ്സും ഡിഎംകെയും കമ്മ്യുണിസ്റ്റ് പാർട്ടിയും ബില്ലിനെ അനുകൂലിച്ചില്ല. പുതിയ നികുതി നിയമം കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നായിരുന്നു വാദഗതി. നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്നും പ്രതിപക്ഷങ്ങൾ വാദിച്ചു. ആഡംബര വസ്തുക്കൾക്ക് വിലകുറഞ്ഞാൽ സാധാരണക്കാരെ സംബന്ധിച്ച് ഗുണപ്രദമാവില്ലെന്നു പ്രതിപക്ഷ ഭാഗത്തുനിന്നും വാദഗതികൾ ഉയർന്നിരുന്നു. കൂടാതെ  നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുകയും ചെയ്യാം. ഈ നിയമം മൂലം സാധാരണ ജനത്തിനും പാവങ്ങൾക്കും ബുദ്ധിമുട്ടുണ്ടാവാമെന്നും പ്രതിപക്ഷം വിശ്വസിച്ചിരുന്നു.

അടൽ ബിഹാരി വാജ്പയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജി.എസ്.റ്റി ബില്ലിനെപ്പറ്റി സമഗ്രമായ ചർച്ചകൾ വന്നിരുന്നു. ഏകീകൃത ടാക്സ് നിയമം നടപ്പാക്കാനായി  വാജ്പയി  ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയിലെ അംഗങ്ങളായി റിസർവ് ബാങ്ക് ഗവർണ്ണർമാരായ ഐ.ജി. പട്ടേൽ, ബിമൽ ജലാൽ, സി. രംഗരാജൻ എന്നിവരെ നിയമിക്കുകയും ചെയ്തു. വെസ്റ്റ്ബംഗാൾ ധനകാര്യ മന്ത്രി അസിം ദാസ് ഗുപ്തായുടെ കീഴിൽ ജി.എസ്.റ്റി യെന്ന  പേരിൽ ഒരു കരടുപ്രമാണം ഉണ്ടാക്കുകയും ചെയ്തു. അതുതന്നെയാണ് 2017- ൽ പാസാക്കിയ ജി.എസ്,റ്റി. 2005-ൽ പന്ത്രണ്ടാം ഫിനാൻസ് കമ്മീഷനിൽ ഏകീകൃത നിയമമായ ജി.എസ്.റ്റി യുടെ ആവശ്യകതയെപ്പറ്റിയും നിർദ്ദേശങ്ങളുണ്ടായിരുന്നു.

2004-ൽ ബി.ജെ.പി യുടെ നേതൃത്വമുള്ള എൻ.ഡി.എ സർക്കാർ രാജിവെച്ച ശേഷം 2006 -ൽ ധനകാര്യ മന്ത്രിയായ പി.ചിദംബരം ജി.എസ്‌.റ്റി നടപ്പാക്കാനായി ഒരു ശ്രമം നടത്തിയിരുന്നു. 2010 ഏപ്രിൽ മാസം ഇന്ത്യയൊന്നാകെ ഏകീകൃതമായ ഒരു ടാക്സ് നയം നടപ്പാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷങ്ങളിലുള്ളവരുടെ എതിർപ്പും  വെസ്റ്റ് ബംഗാളിലെ അസിം ദാസ്ഗുപ്തയുടെ  ജി.എസ്.റ്റി. കമ്മറ്റിയിൽ നിന്നുള്ള രാജിമൂലവും  അങ്ങനെയൊരു തീരുമാനം പ്രാവർത്തികമാക്കാൻ സാധിച്ചില്ല. എൺപതു ശതമാനത്തോളം അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്ന് ശ്രീ ദാസ് ഗുപ്ത സമ്മതിക്കുന്നുണ്ട്.

2014-ൽ എൻ.ഡി.എ സർക്കാർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഏഴു മാസ ഭരണത്തിനു ശേഷം ധനകാര്യമന്ത്രി അരുൺ ജാറ്റലി വീണ്ടും പാർലമെൻറിൽ ജി.എസ്.റ്റി ബിൽ അവതരിപ്പിച്ചു. ബി.ജെ.പി യ്ക്ക് ഭൂരിപക്ഷം  ഉണ്ടായിരുന്നതുകൊണ്ട് ബിൽ 2015 മെയ്മാസം ലോക സഭയ്ക്ക് പാസ്സാക്കാൻ സാധിച്ചു. 2016 ഏപ്രിൽ ഒന്നാംതീയതി നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. എങ്കിലും ജി.എസ്.റ്റി ബില്ലിൽ പ്രായോഗിക തടസങ്ങളുള്ളതുകൊണ്ടു രാജ്യസഭയുടെ തീരുമാനത്തിനു വിടണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കാരണം, ആ ബില്ലിനുള്ളിൽ പ്രതിപക്ഷങ്ങളുടെ നയങ്ങൾക്കെതിരായ വസ്തുതകളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. പാർലമെന്റിന്റെ രണ്ടു മണ്ഡലങ്ങളും നിയമം പാസാക്കിയെങ്കിലും  പ്രതിപക്ഷം നിയമം പാസാക്കാൻ സഹകരിക്കാതെ സഭ ബഹിഷ്‌ക്കരിക്കുകയാണുണ്ടായത്.

2016 ആഗസ്റ്റിൽ ഭേദഗതി വരുത്തിയ ജി.എസ്.റ്റി. ബിൽ രാജ്യസഭയിലും പാസ്സാക്കി.  2017 ജൂൺ മാസത്തിൽ  പ്രസിഡന്റ് പ്രണാബ് മുക്കർജി ഒപ്പിടുകയും ചെയ്തു. ജി.എസ്.റ്റി. നിയമങ്ങളെ പ്രാവർത്തികമാക്കാൻ ഇരുപത്തിയൊന്നംഗ കമ്മറ്റിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജമ്മു ആൻഡ് കാശ്മീർ ഒഴിച്ച് ഈ ബിൽ പ്രാവർത്തികമാവുകയും ചെയ്തു. സ്റ്റോക്കുകളും സെക്യൂരിറ്റികളും സംബന്ധിച്ച വാങ്ങൽ വിൽപ്പന കാര്യത്തിൽ ജി.എസ്.റ്റി. നിയമങ്ങൾ ബാധകമായിരിക്കില്ല. അത്തരം ക്രയവിക്രയങ്ങൾ പ്രത്യേകമായ സെക്യൂരിറ്റീസ് ആൻഡ് ട്രാൻസാക്ഷൻ  (Securities and Transactions) നിയമപ്രകാരമായിരിക്കും.

ഇന്ത്യൻ പാർലമെന്റ് ജി.എസ്.റ്റി ബിൽ അവതരിപ്പിച്ച സമയം വ്യവസായിക രംഗത്തെ വമ്പന്മാരായ വിശിഷ്ടാഥിതികളും സന്നിഹിതരായിരുന്നു. ഇന്ത്യയുടെ വൻ വ്യവസായിയായ രതൻ ടാറ്റായും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധാരണക്കാരെയും പാവങ്ങളെയും ബുദ്ധിമുട്ടിലാക്കുമെന്ന അഭിപ്രായത്തിൽ പ്രതിപക്ഷങ്ങൾ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിക്ഷേധിച്ചിരുന്നു. പാർലമെന്റിൽ നടത്തിയ ചർച്ചകൾ കാര്യഗൗരവത്തോടെ  രാജ്യത്തുള്ള ജനങ്ങൾ മാദ്ധ്യമങ്ങളിൽക്കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഓരോ ക്രയവിക്രയ വസ്തുക്കൾക്കും ജി.എസ്.റ്റി നിയമം പല നിരക്കുകളിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്‌റ്റേറ്റും ഫെഡറലും രണ്ടായി ചാർജ് ചെയ്തിരുന്ന സോപ്പിന്റെ നികുതി പതിനെട്ടു ശതമാനമായും വാഷിംഗ് ഡിറ്റർജെൻസ് നികുതി 28 ശതമാനമായും  ഏകീകൃത നികുതിയിൽ തീരുമാനിച്ചു. നൂറു രൂപയിൽ താഴെയുള്ള സിനിമാ ടിക്കറ്റിന്റെ നികുതി പതിനെട്ടു ശതമാനമായും നൂറു രൂപയിൽ കൂടുതൽ വിലയുള്ള ടിക്കറ്റിന് 28 ശതമാനമായും  നികുതി നിശ്ചയിച്ചിരിക്കുന്നു.  കേന്ദ്ര എക്സൈസ് ഡ്യൂട്ടി, വ്യവസായ നികുതി, വസ്തുക്കൾക്ക് വില കൂടുമ്പോൾ അധിക നികുതി, ഭക്ഷണ പദാർത്ഥങ്ങൾക്കുള്ള നികുതി, വിൽപ്പന നികുതി, ലോക്കൽ വെഹിക്കിൾ രെജിസ്ട്രേഷൻ നികുതി, വിനോദം, കലാ പ്രകടനം നികുതി, ആഡംബര നികുതി, പരസ്യങ്ങൾക്കുള്ള നികുതി, സേവന നികുതി, കസ്റ്റംസ് നികുതി എന്നിങ്ങനെയുള്ള നികുതികളെല്ലാം  ജി.എസ്‌.റ്റി. യുടെ നിയന്ത്രണത്തിൽ വരും.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിൽ പഴയ നിയമങ്ങൾ തന്നെ പിന്തുടരും. ജി.എസ്.റ്റി നിയമങ്ങൾ  ബാധകമായിരിക്കില്ല. വിൽപ്പനകളിലും വാങ്ങലുകളിലും ബാർട്ടർ സമ്പ്രാദായങ്ങളിലും പണയം ഇടപാടുകളിലും ഉപഭോക്താക്കളിൽ നിന്ന് നികുതി ഈടാക്കുന്നത് ജി.എസ്.റ്റി നിയമമനുസരിച്ചായിരിക്കും. രണ്ടു സ്റ്റേറ്റുകൾ തമ്മിലുള്ള ടാക്സ് ഉണ്ടെങ്കിൽ ഐ.ജി.എസ്.റ്റി അനുസരിച്ച് (ഇന്റഗ്രേറ്റഡ് ടാക്സ് സിസ്റ്റം) നികുതി കൊടുക്കണം.

ജി.എസ്.റ്റി യുടെ ആവിർഭാവത്തോടെ കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയിരിക്കുന്ന പതിനഞ്ചു തരം നികുതികൾ ഏകീകൃതമായ ഒരേ നിയമത്തിന്റെ കീഴിൽ വരുമെന്നുള്ളതാണ്  പ്രത്യേകത. ഒരു ഉൽപ്പന്നം  ഫാക്റ്ററികളിൽ നിന്നും പുറത്തിറങ്ങിയാൽ ഘട്ടം ഘട്ടങ്ങളായുള്ള പ്രത്യേക തരം നികുതികൾ പാടില്ലാന്നും ഒരു ഉൽപ്പന്നത്തിന് നികുതി ഒരു പ്രാവശ്യം മാത്രമേ ചുമത്താവൂയെന്നും ജി.എസ്‌.റ്റി. നിയമം എഴുതപ്പെട്ടിരിക്കുന്നു. അതനുസരിച്ച് ഉൽപ്പന്നങ്ങൾക്കു വിലയിടിവുണ്ടാവുകയും സാധാരണക്കാർക്ക് പ്രയോജനപ്പെടുകയും ചെയ്യും.  ജി.എസ്.റ്റി നിയമം നടപ്പാക്കുന്ന പ്രാരംഭ ഘട്ടങ്ങളിൽ ബുദ്ധിമുട്ടുകൾ സംഭവിക്കുമെങ്കിലും കാലക്രമേണ വിലപ്പെരുപ്പം തടയാൻ സാധിക്കുമെന്നു ജി.എസ്.റ്റി ബില്ലിന് രൂപകൽപ്പന നൽകിയവർ ചിന്തിക്കുന്നു.  എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കിലുള്ള നികുതി വരുന്നത് സംസ്ഥാനങ്ങൾക്കും ഉപഭോക്താക്കൾക്കും വാണിജ്യത്തിനും വ്യവസായത്തിനും ഗുണപ്രദമായിരിക്കും. ജി.എസ്.റ്റി യുടെ പ്രയോജനം ഉടൻ നേടിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.

രാജ്യത്തുണ്ടാക്കിയ ഉത്‌പാദിതവസ്‌തുക്കൾക്കെല്ലാം  ഒരേ നികുതിയായതിനാൽ  വിലവിത്യാസം സംഭവിക്കില്ല. നേരിട്ടുള്ള സംസ്ഥാന നികുതി  സാധ്യമല്ലാതാകും. ഉൽപ്പാദന മേഖലയിലുള്ള കമ്പനികൾക്ക് ഉൽപ്പന്നങ്ങളുടെ മേൽ രാജ്യത്ത് വ്യത്യസ്ത വിലകളും ചുമത്താൻ കഴിയില്ല. വിനോദ നികുതി, ലോട്ടറി നികുതി, തുടങ്ങിയവ ഇല്ലാതാകും. ജി.എസ്‌.റ്റി നിലവില്‍വന്നാലും ആദായ നികുതി, കസ്റ്റംസ് തീരുവ, പെട്രോളിയം ഉത്പന്നങ്ങളുടെ ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ടാക്സ്,മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്മേലുള്ള നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട, തൊഴില്‍, വിനോദ നികുതികള്‍ തുടങ്ങിയവ തുടരും. ജിഎസ്‌ടി വരുന്നതോടെ വിമാന ടിക്കറ്റ്, ബാങ്കിങ് സേവനങ്ങള്‍, മദ്യം, സിഗററ്റ്, മൊബൈല്‍ഫോണ്‍ ബില്ല്, തുണിത്തരങ്ങള്‍, ബ്രാന്‍ഡഡ് ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കൂടും. എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്‌യുവി, കാര്‍ ബാറ്ററി, പെയിന്റ്, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കു വില കുറയും.

ജി.എസ്.റ്റി യ്ക്ക് ദോഷകരങ്ങളായ  വശങ്ങളുമുണ്ട്. നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിന്റെ കുത്തകയായി മാറും. സംസ്ഥാനങ്ങളിലുള്ള വ്യവസായങ്ങളുടെ മേൽ കേന്ദ്രത്തിനു സ്വാധീനം വർദ്ധിക്കാൻ കാരണമാകുന്നു. സ്റ്റേറ്റിന് കൊടുക്കേണ്ട നികുതിയുടെ വീതം എത്രമാത്രമെന്നു കേന്ദ്രം നിശ്ചയിക്കുന്നു. അതുകൊണ്ടു സ്റ്റേറ്റിന്റെ അധികാരത്തെ കേന്ദ്രത്തിന് ചോദ്യം ചെയ്യാനും കഴിയുന്നു.  സ്റ്റേറ്റുമായി സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും യോജിച്ചു പോവാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. സംസ്ഥാനങ്ങൾക്ക് വരുമാനവും കുറയാം. ഉൽപ്പാദനം കൂടുമ്പോൾ ഉപഭോക്താക്കൾ കുറയും. അതുമൂലം സ്റ്റേറ്റിന് നഷ്ടവുമുണ്ടാകാം. കേന്ദ്രം നഷ്ടപരിഹാരം കൊടുക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും പ്രത്യേകമായ ഒരു നിയമം എഴുതിയുണ്ടാക്കിയിട്ടില്ല. സ്റ്റേറ്റിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ കേന്ദ്രം ഒന്നോ രണ്ടോ ശതമാനം നികുതി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അത്തരമുള്ള സാഹചര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഒരു ഒത്തുതീർപ്പിനും പ്രയാസമായിരിക്കും. അസംസ്കൃത സാധനങ്ങൾ വാങ്ങുന്ന വഴി ഉൽപ്പാദകന് കൊടുക്കേണ്ട ടാക്സ് ക്രെഡിറ്റ് ബാധിക്കുന്നത് ഉപഭോക്താവിനെയായിരിക്കും. വലിയ വില കൊടുത്ത് ഉപഭോക്താക്കൾക്കാവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കേണ്ടി വരും.

ജി.എസ്.റ്റി നിയമം നിലവിൽ വന്നതോടെ അത്യാവശ്യമായ സാധനങ്ങളുടെ പലതിന്റേയും വില കൂടിയിരുന്നു. ഭക്ഷണം, ഹോട്ടൽ ചാർജ്, സിനിമാ ടിക്കറ്റുകൾ എന്നിവകൾക്ക് വില വർദ്ധിച്ചു. അതുമൂലം വ്യാവസായിക സമൂഹത്തിൽ നിന്നും തന്നെ പ്രതിക്ഷേധങ്ങളും ഉയർന്നിട്ടുണ്ട്. ദൈനം ദിനം മേടിക്കുന്ന സാധനങ്ങൾക്കെല്ലാം വില കൂടിയെന്നതാണ് വാസ്തവം. തമിഴ്‌നാട്ടിലെ 1100 തീയേറ്ററുകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജി.എസ്.റ്റി മൂലം ചില സംസ്ഥാനങ്ങൾക്ക്‌ വരുമാന നഷ്ടം ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ‍ ഉൽപ്പാദന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങളെയാണ് ജി.എസ്.റ്റി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് വരുന്ന നഷ്ടം കേന്ദ്രം നികത്തുമെന്നാണ് വ്യവസ്ഥ. പക്ഷെ അതിനായി പ്രത്യേക നിയമം ഒന്നും പാസ്സാക്കിയിട്ടില്ല. ഒന്നാമത്തെ വർഷം നൂറു ശതമാനവും രണ്ടാമത്തെ വർഷം എഴുപത്തിയഞ്ച് ശതമാനവും മൂന്നാമത്തെ വർഷം അമ്പത് ശതമാനവും തുകയായിരിക്കും കേന്ദ്രത്തിന്റെ വിഹിതമായി നൽകുക.

വൻകിട ഉൽപ്പാദകർക്കും വ്യാപാരികൾക്കും നേട്ടങ്ങൾ ഉള്ളതുകൊണ്ട് എതിർപ്പുകൾ കാണുന്നുമുണ്ട്.വിൽപ്പന നികുതി പിരിവിൽ സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തതിലും പ്രതിക്ഷേധങ്ങളുയരുന്നു.  ഉല്‍പാദന മേഖലകളിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.റ്റി നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം. ഉൽപ്പാദന മേഖലകളിലും കൂടുതൽ ഫാക്ടറികൾ ഉള്ള സംസ്ഥാനങ്ങളെയുമാണ് ഇത് ബാധിക്കുന്നത്.  ഉൽപ്പാദകന്റെ മേൽ നികുതി ചുമത്താൻ സാധിക്കാത്തതാണ് കാരണം. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയും വിതരണക്കാർക്ക് വരുമാനം കൂടുകയും ചെയ്യും. കേരളത്തെ സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്ന സാധനങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നതുകൊണ്ട് നേട്ടമാണ് ഉണ്ടാവുന്നത്. കേരളം കൂടുതലും ഒരു വിതരണ മേഖലയുടെ സംസ്ഥാനമാണ്.

ജി.എസ്.റ്റി നിയമമായതു മൂലം ദോഷവശങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക മേഖലകളിൽ  വൻ നേട്ടങ്ങളുണ്ടാകുമെന്നു  വിദഗ്ദ്ധർ പ്രവചിച്ചിട്ടുണ്ട്. വ്യവസായങ്ങൾ തമ്മിൽ മത്സരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഉൽപ്പന്നങ്ങളുടെ മേന്മ കൂടും. സർക്കാരിനു നികുതി നൽകുന്ന ചുമതല ഉപഭോക്താക്കളിൽ വന്നുചേരുന്നതിനാൽ ഉൽപ്പാദന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യം അനുഭവപ്പെടും. സർക്കാരിൽ നിന്നുമുള്ള ഓഡിറ്റുകൾ ഭയപ്പെടേണ്ടതുമില്ല. എല്ലാ സ്റ്റേറ്റുകളിലും ഏകീകൃത നിയമം എന്നതും നേട്ടമാണ്. ബിസിനസിൽ മത്സരമുണ്ടാവുമ്പോൾ ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാൻ നോക്കും. സ്റ്റേറ്റിന് വരുമാനം കൂട്ടാനും ബിസിനസ് മത്സരങ്ങൾക്കുമായി ഒന്നും രണ്ടും ശതമാനം കേന്ദ്ര വീതത്തിൽ നിന്നും കിട്ടുന്ന നികുതി കുറയ്ക്കാനും സാധിക്കും. അങ്ങനെ വിലപ്പെരുപ്പം തടയാനും കഴിയുന്നു. സംസ്ഥാനങ്ങൾ തമ്മിലും ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുന്നു. ഏകീകൃത നികുതി എല്ലാ സ്റ്റേറ്റിലും തുല്യമായുള്ളതുകൊണ്ട് വ്യവസായ വളർച്ചയ്ക്കും കാരണമാകും. സാമ്പത്തികമായി ഇന്ത്യ ഒന്നാണെന്നുള്ള കാഴ്ചപ്പാടും കാണുവാൻ സാധിക്കും.നികുതിയുടെ മേൽ മറ്റൊരു നികുതിയുണ്ടായിരിക്കില്ല. ഒരിക്കൽ മാത്രമേ പരോക്ഷമായ നികുതി ഉപഭോക്താക്കളിൽ ചുമത്തുകയുള്ളൂ. നികുതി നിയമങ്ങൾ മനസിലാക്കാനും എളുപ്പമായിരിക്കും. കൂടുതൽ ജനങ്ങൾ നികുതി കൊടുക്കാൻ ഉത്തരവാദിത്വമുള്ളവരായിരിക്കും. നഷ്ടം വരുന്ന സമയങ്ങളിൽ സർക്കാരിന് നികുതി നിരക്ക് കുറയ്ക്കാനും സാധിക്കും. രാജ്യത്തുള്ള ചെക്ക്‌പോസ്റ്റുകളിൽ ചരക്കുവണ്ടികൾക്ക് എവിടെവേണമെങ്കിലും നികുതി കൊടുക്കാതെ സഞ്ചരിക്കാം.

പുതിയതായി രാജ്യത്ത് നിലവിൽ വന്ന നിയമം ശക്തിയായി പ്രാബല്യമാകുന്നതോടെ നികുതി വെട്ടിപ്പ് ഗണ്യമായി കുറയും.  ഉൽപ്പാദന ചെലവ് കുറയുമ്പോൾ ചരക്കുകളുടെ വിലയും കുറയും. ആഗോള വ്യവസായിക മത്സരത്തിൽ കയറ്റുമതി വർദ്ധിക്കുകയും ചെയ്യും.  ജി.ഡി.പി വർദ്ധിക്കും. സംസ്ഥാന നികുതികൾ ഇല്ലാതാകുന്നതോടെ സാധനങ്ങൾക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.  ചരക്ക് സേവന നികുതി (ജി.എസ്.റ്റി) രാജ്യത്ത് നടപ്പാക്കിയാൽ രാജ്യത്തിന്റെ മൊത്തം വരുമാനം (ജിഡിപി) ഒരു ശതമാനം വർദ്ധിക്കുമെന്നും കണക്കാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക തലങ്ങളിൽ അത് ഒരു വൻ വളർച്ചക്കും കാരണമാകും. ഒരു നികുതി ഒരു രാഷ്ട്രം ഒരു മാർക്കറ്റ് എന്നാണ് ജി.എസ്.റ്റി യുടെ തത്ത്വം മുദ്രണം ചെയ്തിരിക്കുന്നത്. സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകശക്തികളിൽ ഒന്നാകാനുള്ള സ്വപ്നവും സഫലീകരിച്ചുകൊണ്ടിരിക്കുന്നു.



-------------------------------------











Sunday, July 2, 2017

അൺഎയ്ഡഡ് സ്‌കൂളുകളും അദ്ധ്യാപകരെ ചൂഷണം ചെയ്യലും




ജോസഫ് പടന്നമാക്കൽ

കോടതികളെ ധിക്കരിച്ചും നിലവിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തിയുമാണ് കേരളത്തിലുള്ള ഭൂരിഭാഗം അൺ എയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ സഹായമില്ലാതെ വ്യാവസായികമായി  നടത്തുന്ന ഇത്തരം സ്‌കൂളുകൾ കൂടുതലും ക്രിസ്ത്യൻ മാനേജുമെന്റുകളുടെ അധീനതയിലാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും നാടിന്റെ സാമ്പത്തിക ഞെരുക്കങ്ങളും കുട്ടികളെ നല്ല നിലവാരമുള്ള സ്‌കൂളുകളിൽ പഠിപ്പിക്കണമെന്നുള്ള മാതാപിതാക്കളുടെ തീക്ഷ്ണമായ ആഗ്രഹങ്ങളും മുതലെടുത്തുകൊണ്ടാണ് വ്യാവസായിവൽക്കരിക്കപ്പെട്ട കേരളത്തിലെ സ്‌കൂളുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് മാതൃകയിൽ നടത്തി വരുന്ന ഇത്തരം സ്ഥാപനങ്ങൾ‌  സേവനത്തിനുപരി ലാഭം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു. പഠിച്ചു പാസ്സായി ഒന്നാം ക്ലാസ്സോടെ ഉന്നത ബിരുദമെടുത്തവനും ജോലി ലഭിക്കണമെങ്കിൽ കോടികൾ കോഴയും കൊടുക്കണം. സർക്കാർ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ് സ്‌കൂളുകളിൽ വലിയ തുകകൾ കൊടുത്തു തൊഴിൽ നേടാൻ നിവൃത്തിയില്ലാത്തവരുടെ സങ്കേതങ്ങളാണ് കേരളത്തിലെ അൺ എയ്ഡഡ് സ്‌കൂളുകൾ.

സാക്ഷരകേരളം വിദ്യാഭ്യാസ നിലവാരങ്ങളിൽ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളെക്കാളും വളരെയധികം മുമ്പിലെങ്കിലും സാമൂഹിക ചുറ്റുപാടുകളെ പ്രതികരിക്കുന്നതിലും സാമാന്യ വിജ്ഞാനത്തിന്റെ കാര്യത്തിലും വളരെയധികം പുറകോട്ടെന്നു കാണാൻ സാധിക്കും. ടീവിയിലും അച്ചടി പത്രങ്ങളിലും പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്തകൾക്കും ചർച്ചകൾക്കും മാത്രം വലിയ പ്രാധാന്യം കൽപ്പിക്കുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങളൊന്നും അവർക്ക് വാർത്തയല്ല. നേഴ്‌സുമാരുടെ സമരങ്ങളെപ്പറ്റിയോ അദ്ധ്യാപകരുടെ ദയനീയ സ്ഥിതിഗതികളെ സംബന്ധിച്ചോ കുത്തക ഹോസ്പിറ്റൽ, വിദ്യാഭ്യാസ കച്ചവടക്കാരുടെ ചൂഷണങ്ങളെ സംബന്ധിച്ചോ അവർക്ക് അറിയേണ്ട ആവശ്യമില്ല. സാംസ്ക്കാരിക കേരളമേ! നീ എങ്ങോട്ട്, താഴോട്ടോ മുകളിലോട്ടോയെന്നും ചോദിച്ചു പോവുന്നു!

1990-കളിലാണ് ഇന്ത്യ ഉദാരവൽക്കരണ പദ്ധതികൾ ആവിഷ്ക്കരിച്ചത്. ആഗോളവൽക്കരണവും  സ്വകാര്യവൽക്കരണവും ഭാരതത്തിലാകമാനം തുടക്കമിട്ടിരുന്നു. പൊതുമേഖലകളിലെ സങ്കീർണ്ണങ്ങളായ സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞുകൊണ്ടിരുന്നു. സ്വകാര്യവൽക്കരണത്തിനു മുൻതൂക്കം നൽകിക്കൊണ്ട് പുത്തനായ ഒരു സാമ്പത്തിക യുഗം ഇന്ത്യ നടപ്പാക്കിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കുത്തകയായിരുന്നത് സ്വകാര്യ വ്യക്തികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും നിയന്ത്രണത്തിൽ വന്നു.  വ്യക്തികളും കമ്പനികളും അൺ എയ്ഡഡ് സ്‌കൂളുകളിൽ മുതൽ നിക്ഷേപങ്ങൾ  തുടങ്ങി. അത്തരം സ്‌കൂളുകൾ സ്വാശ്രയ സ്‌കൂളുകളായി അറിയപ്പെട്ടിരുന്നു.

അൺ എയ്ഡഡ് സ്‌കൂളുകൾ രണ്ടു തരമാണുള്ളത്. ആദ്യത്തേത് സർക്കാർ അംഗീകരിച്ചതും രണ്ടാമത്തേത് സർക്കാർ അംഗീകരിക്കാത്ത സ്‌കൂളുകളും. അംഗീകരിച്ച സ്‌കൂളുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സിലബസ് തയ്യാറാക്കുന്നത് സർക്കാർ ഏജൻസികളായ സി.ബി.എസ്.ഇ.യോ(CBSE) ഐ.സി.എസ്.ഇ.യോ (ICSE) ആയിരിക്കും. രണ്ടാമത്തെ തരം സ്ഥാപനങ്ങളിൽ സർക്കാരിന് എതിരുണ്ടായിരിക്കില്ല. അവർക്ക് കുട്ടികളെ ഏഴാം ക്ലാസ് വരെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കുള്ളൂ.  സി.ബി.എസ്.ഇ. എന്നാൽ  പൂർണ്ണ രൂപം സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്നും  ഐ.സി. എസ്.ഇ, ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്നും പറയും.

സ്‌കൂളിനോടനുബന്ധിച്ചുള്ള ചെലവുകൾ കുട്ടികളിൽനിന്നുള്ള ഫീസുകൊണ്ടും രക്ഷാകർത്താക്കളിൽനിന്നുള്ള ക്യാപിറ്റേഷൻ ഫീസുകൊണ്ടുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം സ്‌കൂളുകളെ ലാഭം മോഹിച്ചു കച്ചവടങ്ങൾ നടത്തുന്ന വിദ്യാഭ്യാസ കോർപ്പറേറ്റ് സ്ഥാപനങ്ങളായി കരുതണം. മെച്ചമായ വിദ്യാഭ്യാസവും യോഗ്യതകളും വിദ്യാർഥികൾക്ക് നൽകുകയെന്നതാണ് ഇവരുടെ ഉൽപ്പന്നം. വിദ്യാഭ്യാസം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിൽ അനുവദിച്ചതോടെ ഇത് ലാഭകരമായ ബിസിനസെന്നു കണ്ട്, പണം നിക്ഷേപിക്കാൻ ധാരാളം വ്യക്തികൾ മുമ്പോട്ട് വന്നു. അങ്ങനെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി അൺ എയ്ഡഡ് സ്‌കൂളുകൾ നാടിന്റെ നാനാഭാഗത്തും വളർന്നു.

സ്‌കൂൾക്കച്ചവടം ആദായകരമായതുകൊണ്ടാണ് കേരളത്തിൽ ഉടനീളം കൂണുപോലെ ഇത്തരം സ്‌കൂളുകൾ മുളച്ചു പൊങ്ങിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമ പ്രദേശത്തിൽ തട്ടുകട തുടങ്ങാൻ പോലും ലൈസൻസ് വേണം. എന്നാൽ ഈ പള്ളിക്കൂടം മുതലാളികൾക്ക് പ്രത്യേകം ലൈസൻസ് ആവശ്യമില്ല. പണവും സ്വാധീനവുമുള്ളതുകൊണ്ടു മാറി മാറി വരുന്ന സർക്കാരുകളെയും ഇവർ വിലയ്ക്ക് മേടിച്ചിരിക്കുകയാണ്. മികച്ച ലാഭരീതിയിൽ തന്നെ ഏകദേശം പതിമൂവായിരം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

ഒരു ലക്ഷത്തിൽപ്പരം അദ്ധ്യാപകർ ഇന്ന് അൺ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഏറിയ പങ്കും നാലായിരമോ അയ്യായിരമോ രൂപാ കൈപ്പറ്റി മാനേജുമെന്റ് നൽകുന്ന തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്നു. കേരളത്തിൽ പണി എടുക്കുന്ന അന്യദേശ തൊഴിലാളികൾക്ക് 800 രൂപ ദിവസക്കൂലി ലഭിക്കുന്നു. അൺ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരേക്കാൾ മാന്യത കല്പിച്ചിട്ടുമുണ്ട്. ബിരുദാനന്തര ബിരുദങ്ങളുള്ള ഒരു അദ്ധ്യാപകന്റെ ദിവസക്കൂലി നിശ്ചയിച്ചാൽ ഇരുന്നൂറു രൂപയിൽ താഴെയായിരിക്കാം. ഈ തുക കൊണ്ട് കുടുംബം പോറ്റണം. മക്കളെയും വളർത്തണം. പൂർവിക സ്വത്തില്ലെങ്കിൽ അവരുടെ മക്കൾക്ക് പ്രൈവറ്റ് സ്‌കൂളിൽ പഠിക്കാൻ സ്വപ്നംപോലും കാണാൻ സാധിക്കില്ല. 

വാസ്തവത്തിൽ ഇന്ന് അൺ എയ്ഡഡ്  സ്‌കൂളിലെ അദ്ധ്യാപക ജോലിയെന്നാൽ അടിമപ്പണിയ്ക്ക് തുല്യമാണ്. പലപ്പോഴും നിർദ്ദയവും ക്രൂരവുമായി യാതൊരു മാനുഷിക പരിഗണനയും നൽകാതെ ഇവരോട് സ്‌കൂൾ അധികൃതർ പെരുമാറുന്നു. അദ്ധ്യാപകരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരിൽ പി.എച്ച്.ഡി ക്കാർവരെ നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്യുന്നു. അദ്ധ്യാപകരുടെ തൊഴിലില്ലായ്മയെ സ്‌കൂൾ അധികൃതർ പരമാവധി ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷങ്ങളാണ് കേരളം മുഴുവനായി കണ്ടുവരുന്നത്. പത്തു മുതൽ പതിനഞ്ചു വരെ വർഷം ജോലി ചെയ്തവർക്കുപോലും അയ്യായിരം രൂപയിൽ കൂടുതൽ ശമ്പളം നൽകില്ല.

സ്‌കൂളിൽ രാവിലെ കുട്ടികളെ പഠിപ്പിക്കാൻ ചെന്നാൽ പിന്നീട് ഇവർക്ക് വിശ്രമമെന്നത് ഒന്നില്ല. എത്ര ക്ഷീണിതരെങ്കിലും അഞ്ചു മിനിറ്റുപോലും വിശ്രമിക്കാൻ അനുവദിക്കില്ല. ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയം കസേരയിലിരിക്കാൻ പോലും പാടില്ല. സ്‌കൂൾ ബസിൽ കുട്ടികളുമൊത്ത് സഞ്ചരിക്കുന്ന സമയത്തുപോലും ഇവർക്ക് ബസിൽ നിന്നുകൊള്ളണമെന്നുള്ളതാണ് നിയമം. പ്രസവ ശുശ്രുഷാസമയങ്ങളിലുള്ള അവധി പോലും നൽകില്ല. അദ്ധ്യാപകർ തമ്മിൽ ഓഫിസ് മുറിയിൽ പോലും സംസാരിക്കാൻ അനുവദിക്കില്ല. അത്രയ്ക്ക് പുരാതന കാലത്തുള്ള ബാർബേറിയൻ നിയമങ്ങളാണ് അധികൃതർ അദ്ധ്യാപകരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജഡ്ജി രാമചന്ദ്രൻ നായരുടെയും ജഡ്ജി സി.കെ. അബ്ദുൽ റഹിമിന്റെയും വിധിയനുസരിച്ച് 'സി.ബി.എസ്ഇ.'/'ഐ.സി.എസ്.ഇ' (CBSE /ICSE) സ്‌കൂളുകളിൽ വിദ്യാഭ്യാസ നിയമപ്രകാരം സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കു  തുല്യം ശമ്പളം കൊടുക്കണമെന്നുള്ളതാണ്. അദ്ധ്യാപകർക്കും സ്‌കൂളിലെ മറ്റു അദ്ധ്യാപകേതര ജോലിക്കാർക്കും നീതി പൂർവം ശമ്പളം കൊടുക്കാനും കോടതി ഉപദേശിച്ചു.അത് സർക്കാരും മാനേജുമെന്റും ഒത്തൊരുമിച്ചു നടപ്പാക്കുകയും വേണം. 'സി.ബി.എസ്.ഇ'/'ഐ.സി.എസ്ഇ' (CBSE/ICSE) സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം മാത്രമേ കൊടുക്കുന്നുള്ളൂവെന്നു കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും വിധിന്യായത്തിൽ ഉണ്ടായിരുന്നു. 

തൊഴിൽ ചെയ്യുന്നവരായ അവർക്ക് ബാങ്ക് മുഖേന ശമ്പളം നൽകണമെന്നാണ് സി.ബി.എസ്.ഇ നിബന്ധന. പ്രൈമറി സ്‌കൂളിൽ പഠിപ്പിക്കുന്നവർക്ക് പതിനായിരം രൂപയും ഹൈസ്ക്കൂളിൽ പതിനയ്യായിരം രൂപയും പ്ലസ് ടൂവിൽ ഇരുപതിനായിരം രൂപയും നല്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഏതാനും വർഷങ്ങൾക്കു മുമ്പുള്ള ഈ വിധിക്കു ശേഷം ജീവിത നിലവാരം വളരെയധികം ഉയരുകയും ചെയ്തു. വർഷം തോറും വിലപ്പെരുപ്പമനുസരിച്ചുള്ള അലവൻസും നൽകണമെന്ന് കോടതി വിധിയിലുണ്ടായിരുന്നു. 1996-ലെ ഡൽഹി കോടതി വിധിയനുസരിച്ചും അൺ എയ്ഡഡ് സ്‌കൂളിൽ അദ്ധ്യാപകർക്ക് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകർക്കു ലഭിക്കുന്ന തുല്യമായ ശമ്പളം കൊടുക്കണമെന്നുള്ളതായിരുന്നു. അവർക്ക് പ്രസവാവധിയും വെക്കേഷൻ ശമ്പളവും കൊടുക്കണമെന്നും വിധിന്യായത്തിലുണ്ട്.

ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന മിനിമം ശമ്പളം അദ്ധ്യാപകരുടെ അക്കൗണ്ടിൽ, നിക്ഷേപിക്കുന്നുണ്ടെങ്കിലും സ്‌കൂൾ അധികൃതർ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ പകുതി തുക തിരികെ മേടിക്കും. അല്ലാത്ത പക്ഷം അദ്ധ്യാപകർക്ക് ജോലി സ്‌കൂളിൽ കാണില്ല. ഏതു നിമിഷവും പിരിച്ചുവിടുമെന്നുള്ള ഭീഷണിയുടെ മുൾമുനയിലാണ് ഓരോ അദ്ധ്യാപകരും അൺ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യുന്നത്. യാതൊരു കാരണവുമില്ലാതെ അദ്ധ്യാപകരെ പിരിച്ചുവിടീൽ കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തൃശൂർ രൂപതകളിൽ നിത്യ സംഭവങ്ങളാണ്. കാഞ്ഞിരപ്പള്ളിയിലുള്ള   സെന്റ്.ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ തന്നെ  അയ്യായിരം കുട്ടികൾ പഠിക്കുന്നുണ്ട്. തുച്ഛമായ ശമ്പളത്തിൽ അവിടെ അദ്ധ്യാപകരും അദ്ധ്യാപകരല്ലാത്തവരുമായി ഇരുന്നൂറ്റിയമ്പതോളം പേർ തൊഴിൽ ചെയ്യുന്നവരായുമുണ്ട്. യാതൊരു സ്വാന്തന്ത്ര്യവുമില്ലാതെ പോലീസ് ചിട്ടയിലാണ് അവിടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും ജീവിതം. ഹൈറേഞ്ചിലും മലകളുടെ അടിവാരങ്ങളിലും താമസിക്കുന്ന രക്ഷകർത്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള സ്‌കൂളിന്റെ മഹത്വം നിറഞ്ഞ പരസ്യങ്ങൾ ദീപികയിലും മനോരമയിലും പേജുകൾ കണക്കെ സാധാരണമാണ്.  

പ്രോവിഡന്റ് ഫണ്ടുപോലുള്ള (PFA) എല്ലാ ആനുകൂല്യങ്ങളും അദ്ധ്യാപകർക്കു നൽകണമെന്നാണ് ചട്ടം. മാസം തോറും അടക്കേണ്ട പി.എഫ്.എ ഫണ്ട് മാനേജുമെന്റ് പകുതിയും അദ്ധ്യാപകർ പകുതിയും ബാങ്കിൽ നിക്ഷേപിക്കണമെന്നുണ്ട്. ഇതിൽ മാനേജ്മെന്റ് അടക്കേണ്ട തുകയും അദ്ധ്യാപകർ അടക്കേണ്ട തുകയും അദ്ധ്യാപകരുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും ഈടാക്കും. പ്രോവിഡന്റ് ഫണ്ടിൽ എത്ര തുക അടക്കുന്നുണ്ടെന്ന വിവരവും അദ്ധ്യാപകർക്ക് നൽകാറില്ല. യഥാസമയം അടയ്ക്കുന്നുണ്ടോയെന്നും ആർക്കും നിശ്ചയമില്ല. ജോലിയിൽനിന്ന് വിരമിക്കുമ്പോൾ കിട്ടാനുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുമോയെന്നുള്ള ആശങ്കയിലുമാണ്.

അടിമപ്പണിക്ക് സമാനമായ തൊഴിൽ വ്യവസ്ഥകളാണ് ഓരോ സ്‌കൂളിലുമുള്ളത്. തൊഴിൽ പീഡനങ്ങളും തൊഴിൽ ചൂഷണങ്ങളും പുരോഹിതരുൾപ്പടെയുള്ള മാനേജുമെന്റുകൾ തുടർന്നുകൊണ്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ തൊഴിൽ ദാദാവിന് അദ്ധ്യാപകരെ ഏതു സമയത്തും പിരിച്ചുവിടാം. ഇവർക്കു വേണ്ടി ശബ്ദിക്കാൻ ഒരു സംഘടനയും നിലവിലില്ല. അദ്ധ്യാപകർ സംഘടിക്കാൻ മാനേജമെന്റ് സമ്മതിക്കില്ല. മാനേജുമെന്റിനു അതൃപ്തിയായി ആരെങ്കിലും സംസാരിച്ചാൽ ശമ്പളം തടയുകയോ ജോലിയിൽ നിന്ന് പിരിച്ചു വിടുകയോ ചെയ്യും. പെൻഷനും തടയും. നീതിന്യായത്തിനു പോലും സ്വാധീനം ചെലുത്താൻ സാധിക്കാത്ത അധികാരമാണ് ഇവർ അദ്ധ്യാപകരുടെ മേൽ ദുരുപയോഗം ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭയിൽ കേരളസർക്കാരിന്റെ തൊഴിൽ വകുപ്പ് അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർക്കായി ഒരു തൊഴിൽ നിയമം കൊണ്ടുവന്നിരുന്നു. തത്ത്വത്തിൽ നിയമസഭ അംഗീകരിച്ചതുമാണ്. എന്നാൽ മാനേജുമെന്റിന്റെ സ്വാധീനം കൊണ്ട് ആ നിയമം മരവിപ്പിച്ചു. ഇവർക്കു വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയോ സാമൂഹിക സംഘടനകളോ ഇല്ലെന്നുള്ളതാണ് പ്രത്യേകത. പരസ്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന പത്ര മുതലാളിമാരും മറ്റു വാർത്താ മാദ്ധ്യമങ്ങളും അദ്ധ്യാപകരുടെ ഇരുണ്ട ജീവിതത്തെ പൊതുമദ്ധ്യേ അവതരിപ്പിക്കാൻ തയ്യാറാവുകയില്ല. പണത്തിന്റെ മീതെ പരുന്തും പറക്കില്ലായെന്ന പോലെ പണമുള്ള മുതലാളിമാരുടെ പക്ഷമേ മാദ്ധ്യമങ്ങളും സോഷ്യൽ സംഘടനകളും മതമേലാദ്ധ്യക്ഷന്മാരും സർക്കാരും നിൽക്കുകയുള്ളൂ. അഴിമതി രാഷ്ട്രീയം ഉള്ളടത്തോളം കാലം ഈ ചൂഷിത വർഗം നിസ്സഹായരായവരെ മുതലെടുത്തുകൊണ്ടിരിക്കും.

മതവും പള്ളിയുമായി നടക്കുന്നവരിൽ ഭൂരിഭാഗംപേരും  വിവരങ്ങൾ തേടുന്നത് മതത്തിന്റെ സ്വാധീന വലയങ്ങളിൽ പ്രചരിക്കുന്ന മാദ്ധ്യമങ്ങളിൽ നിന്നായിരിക്കും. വിവര സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സഭയുമായി അടുത്തു ജീവിക്കുന്നവർക്ക് അറിയില്ല. സി.ബി.എസ്.ഇ സിലബസ്സിൽ സ്‌കൂളിൽ പഠിക്കുകയെന്നാൽ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ നേടാമെന്നുള്ള തെറ്റിധാരണകളും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ വ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നതു ഏതോ അഭിമാനം നേടുമെന്ന മിഥ്യാഭിമാനവും മാതാപിതാക്കളുടെയിടയിലും കുട്ടികളുടെ മനസിലുമുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാവണമെങ്കിൽ അത്തരം സ്‌കൂളുകളിൽ പഠിച്ചാൽ മാതമേ ശരിയാവുള്ളൂവെന്ന ധാരണയാണ് പൊതുവെ കേരളസമൂഹത്തിലുള്ളത്. വ്യാവസായിക ചിന്തകൾ മാത്രം ലക്‌ഷ്യം വെച്ച് നടത്തുന്ന സ്ഥാപനങ്ങൾ കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായും കാണാം.

രക്ഷകർത്താക്കൾക്ക് സി.ബി.എസ്‌.ഇ സ്‌കൂളുകൾ മാത്രം മതി. അത്രയ്ക്ക് പരസ്യങ്ങളും പള്ളിയിലെങ്കിൽ പുരോഹിതരുടെ പ്രചരണങ്ങളും ശക്തമായി തന്നെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ദളിതരിൽനിന്നും ദരിദ്രരിൽനിന്നും വേറിട്ടുകൊണ്ടു മക്കളിൽ മത വർഗീയതയും വിദ്വെഷവും കുത്തിനിറച്ചുകൊണ്ടുള്ള വിദ്യാഭ്യാസം നൽകുകയും ചെയ്യാം. ഏതാനും വർഷം മുമ്പ് ചങ്ങനാശേരി അതിരൂപതയുടെ ബിഷപ്പായിരുന്ന ബിഷപ്പ് ജോസഫ് പവ്വത്ത് 'ക്രിസ്ത്യാനികളായവർ കത്തോലിക്കാ സ്‌കൂളിൽ മാത്രമേ പഠിക്കാവൂയെന്ന്' ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. എന്ത് അസംബന്ധം പറഞ്ഞാലും ബിഷപ്പുമാർ പറയുന്നത് ദൈവ വാക്യമായി കരുതുന്നു. അതോടൊപ്പം രക്ഷകർത്താക്കളുടെയിടയിൽ സർക്കാർ സ്‌കൂളുകളെപ്പറ്റി പുച്ഛമായ ഒരു മനോഭാവം  വിദ്യാഭ്യാസ മുതലാളിമാർ വരുത്തി വെച്ചിട്ടുണ്ട്.

സി.ബി.എസ്.ഇ സ്‌കൂളിൽ മക്കളെ വിടുവാൻ ഭൂരിഭാഗം മാതാപിതാക്കൾക്കും താങ്ങാവുന്നതിൽ കൂടുതൽ ചെലവുകളും വഹിക്കണം. ശരാശരി ഒന്നാം ക്ലാസ്സിൽ ചേരുന്ന ഒരു കുട്ടി കൊടുക്കുന്ന പ്രവേശന ഫീസ് ഇരുപതിനായിരം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ്. കൂടാതെ ഒരു വർഷം ഫീസ് മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ചാർജ് ചെയ്യാം. ടെക്സ്റ്റ് ബുക്ക് രണ്ടായിരം മുതൽ അയ്യായിരം വരെയാകും. പുറമെ വില കുറച്ചു ബുക്കുകൾ കിട്ടുമെങ്കിലും മേടിക്കാൻ സ്‌കൂളുകാർ സമ്മതിക്കില്ല. കുട, ബാഗ്, വാട്ടർ ബോട്ടിൽ, ബോക്സ് മുതലായവകൾക്ക് ആയിരം രൂപാ മുതൽ രണ്ടായിരം രൂപ വരെ ചെലവുകൾ പ്രതീക്ഷിക്കാം. യൂണിഫോം, സ്‌കൂൾ ബസ് എന്നീ ചെലവുകൾക്കായി അയ്യായിരം രൂപയും കരുതണം. ഒരു കുട്ടി ഹൈസ്‌കൂൾ കഴിയുമ്പോഴേ മാതാപിതാക്കൾ സാമ്പത്തികമായി തകർന്നിരിക്കും. അതിനിടെ ഒരു പള്ളിയിൽ പുതിയ വികാരി വന്നാൽ പള്ളിയും പള്ളി മേട പുതുക്കി പണിയലും തുടങ്ങും. മക്കൾ  അതേ  സ്‌കൂളിൽ പഠിക്കുന്നതുകൊണ്ടു ലക്ഷങ്ങളുമായുള്ള സംഭാവനക്കായി രക്ഷകർത്താക്കളെ പിഴിയുകയും ചെയ്യും. കൂടുതൽ ദാരിദ്ര്യം സൃഷ്ടിച്ചാൽ മാത്രമേ സഭ വളരുകയുള്ളൂ. അമിത ഫീസ് കുട്ടികളിൽ നിന്നും ഈടാക്കിയും അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം കൊടുത്തും വിദ്യാഭ്യാസ കച്ചവടക്കാർ വളർന്നു കൊണ്ടിരിക്കും.

സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള സ്‌കൂളുകളിൽ പ്രവേശനം മോഹിച്ചു തിക്കും തിരക്കും തുടങ്ങിയതിൽ പിന്നീട് സർക്കാർ സ്‌കൂളിൽ കുട്ടികൾ വളരെ കുറവായി തുടങ്ങി. സർക്കാർ സ്‌കൂളുകൾ പ്രൈവറ്റ് സ്‌കൂളുകളെക്കാൾ വിദ്യാഭ്യാസ നിലവാരത്തിൽ മെച്ചമായിരിക്കെ തന്നെയാണ് പ്രൈവറ്റ് സ്‌കൂളുകളിൽ രക്ഷകർത്താക്കൾ  തങ്ങളുടെ മക്കളുടെ അഡ്മിഷനായുള്ള ഇടിച്ചു തള്ളലെന്നുമോർക്കണം. സർക്കാർ സ്‌കൂളിൽ ഒന്നുമുതൽ പത്തുവരെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അവിടെ ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിൽ പുസ്തകത്തിനു വില കൊടുക്കേണ്ട. കുട്ടികൾ നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാകും. യാതൊരു വിധ ഫീസും അവിടെയില്ല. ഒരു കുട്ടിയ്ക്ക് ഒരു വർഷം അഞ്ഞൂറ് രൂപയിൽ കൂടുതൽ ചെലവ് വരില്ല. അത് അൺഎയ്‌ഡഡ്‌  സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഷൂസ് മേടിക്കുന്ന ചെലവുകൾ മാത്രമേ വരുകയുള്ളൂ.

സി.ബി.എസ്.ഇ. സിലബസിൽ പഠിച്ചുവരുന്നവർ പ്ലസ് വൺ ക്ലാസ്സിൽ വരുമ്പോൾ ഉന്നത വിജയം നേടുമെന്നാണ് ഭൂരിഭാഗം രക്ഷകർത്താക്കൾ ചിന്തിക്കുന്നത്. അത് തെറ്റായ ധാരണയാണ്. സർക്കാർ സിലബസിൽ പഠിച്ചു വന്ന കുട്ടികൾ ഇംഗ്ളീഷ് മാത്രം സംസാരിച്ചു നടക്കുന്ന അഹങ്കാരികളായ കുട്ടികളെ കാണുമ്പോൾ ആദ്യമൊക്കെ അവർക്ക് അപകർഷത ബോധമുണ്ടാകാം.  കൂടുതൽ ലോക വിവരവും അറിവുമുള്ളത് മാതൃഭാഷയിൽ പഠിച്ചു വന്നവർക്കെന്നും കാണാം. പരീക്ഷകൾ വന്നു കഴിയുമ്പോൾ കേരള സിലബസ്സിൽ പഠിച്ചുവന്നവർക്കാണ് കോളേജുകളിൽ മെച്ചമായ മാർക്കുകൾ കിട്ടുന്നത്. കേരളത്തിൽ കൂടുതൽ പ്രൊഫഷണൽ കോഴ്‌സിൽ പോവുന്നവരും പരീക്ഷകളിൽ തിളങ്ങുന്ന വിജയം കൈവരിക്കുന്നവരും സർക്കാർ സ്‌കൂളിൽ പഠിച്ച കുട്ടികളെന്നും കാണാം. ഒട്ടുമിക്ക എൻട്രൻസ് പരീക്ഷകളിലും മിടുക്കന്മാരായി കാണുന്നതും സർക്കാർ സ്‌കൂളിൽ പഠിച്ചവർ തന്നെയെന്നു സർവ്വേഫലങ്ങളിൽ വ്യക്തമാക്കുന്നു.

ഭൂരിഭാഗം രക്ഷകർത്താക്കളും പത്രങ്ങളിൽ വലിയ പേജിൽ ചേർത്തിരിക്കുന്ന പരസ്യങ്ങളിലെ വിശ്വസിക്കുകയുള്ളു. വിദ്യാഭ്യാസ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ ചിന്തകരുടെ അഭിപ്രായങ്ങൾ ചെവികൊള്ളുകയില്ല. അനുഭവസ്ഥരായ കോളേജ് അദ്ധ്യാപകരിൽ നിന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായം ചോദിച്ചിട്ട് കുട്ടിയെ സി.ബി.എസ്.ഇ സ്‌കൂളിൽ ചേർക്കണമോയെന്നും ചിന്തിക്കേണ്ടതാണ്. സർക്കാരിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന പുതിയ മന്ത്രിസഭാതീരുമാനം   കുട്ടികൾക്ക് ഗുണമേ ചെയ്യുകയുള്ളൂ. സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും മറ്റു കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും വരുമെന്നാണ് മറ്റൊരു വാദഗതി. ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവ് മറ്റു സ്റ്റേറ്റുകളിലും വിദേശത്തും ജോലി ലഭിക്കാൻ ബുദ്ധിമുട്ടാവുമെന്നും വിചാരിക്കുന്നു. ആ പ്രശ്‍നം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ചവർക്കുമുണ്ട്. കേരളത്തിൽനിന്നും എത്ര കേമപ്പെട്ട സ്‌കൂളിൽ പഠിച്ചു വന്നവരെങ്കിലും അവർ പറയുന്ന വാക്കുകളുടെ ഉച്ഛാരണമോ ഭാഷാ ശൈലിയോ സായിപ്പിന് മനസിലാക്കാനും പ്രയാസമാണ്. മലയാളം മീഡിയായിലും ഇംഗ്ലീഷ് നല്ലവണ്ണം പഠിക്കുന്നുണ്ട്. 

ചെറിയ ക്ളാസുകളിൽ നിശ്ചിതമായ ഒരു സിലബസ്സില്ല. സി.ബി.എസ്.ഇ എന്ന് പറയുമെങ്കിലും സി.ബി.എസ്.ഇ. സിലബസനുസരിച്ചു പഠിക്കുന്നത് ഒമ്പതിലും പത്തിലും മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന കമ്പനികളിൽ നിന്ന് സ്‌കൂളുകൾ പുസ്തകങ്ങൾ ഓർഡർ ചെയ്യും. ബുക്കിന്റെ മൂന്നിരട്ടി മാർക്കു ചെയ്ത വില കൊടുത്ത് കുട്ടികൾ പുസ്തകങ്ങൾ വാങ്ങണം. കുട്ടികൾക്ക് പുസ്തകം വിൽക്കുന്നതിൽകൂടി സ്‌കൂളുകൾ  ലാഭം കൊയ്യുകയും ചെയ്യുന്നു. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണമെന്നും സ്‌കൂൾ അധികൃതർ നിർബന്ധവും വെക്കും. കൂടാതെ നോട്ടുബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ എന്നിങ്ങനെ ആയിരക്കണക്കിന് രൂപ സ്‌കൂളുകാർ രക്ഷാകർത്താക്കളോട് പിഴിഞ്ഞുകൊണ്ടിരിക്കും. വിനോദ യാത്ര, സ്‌കൂൾ ബസ് എന്നിങ്ങനെ മാസം തോറും ഒരു വലിയ തുക സ്‌കൂളിന് കൊടുത്തുകൊണ്ടിരിക്കണം. ഇത്തരം കൊള്ള ലാഭമെടുക്കുന്ന സ്‌കൂളുകൾ അദ്ധ്യാപകർക്ക് കൊടുക്കുന്നത് തുച്ഛമായ ശമ്പളവുമായിരിക്കും.

പഠിക്കുന്ന പുസ്തകങ്ങളുടെ നിലവാരം മെച്ചമായതും സർക്കാർ സ്‌കൂളിലെ സിലബസുകളായിരിക്കും. ഒന്നു  മുതൽ പത്തു വരെ പുസ്തകങ്ങൾ തയ്യാറാക്കുന്നത് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് (SCERT)ആണ്. അടുത്ത കാലത്ത് വിദേശ ഏജൻസി നടത്തിയ സർവേയിൽ കേരള സർക്കാരിൽ നിർദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ടെന്നും വിലയിരുത്തിയിരുന്നു. നിഷ്പക്ഷമായി ഒരു വിദ്യാഭ്യാസ ചിന്തകൻ പ്രൈവറ്റ് സ്‌കൂളിലെയും സർക്കാർ സ്‌കൂളിലേയും സിലബസ് പരിശോധിച്ചാൽ സർക്കാർ സ്‌കൂളിൽ കൂടുതൽ മെച്ചമായ വിദ്യാഭ്യാസം നേടുന്നുവെന്നു കാണാം.  ഇന്നുള്ള പ്രശസ്തരിലും പ്രമുഖരിലും കൂടുതൽ പേരും സ്വന്തം ഭാഷയിൽ ആദ്യം പരിജ്ഞാനം നേടി ഉയർന്നു വന്നവരാണ്.

പ്രൈവറ്റ് കുത്തക മുതലാളിമാരുടെ സ്‌കൂളുകളുടെ എണ്ണം കേരളമങ്ങോളമിങ്ങോളം കൂടുന്നതൊപ്പം സർക്കാർ സ്‌കൂളുകളും കുട്ടികളില്ലാതെ അടച്ചുപൂട്ടേണ്ടി വരുന്നു. തന്മൂലം വിരമിക്കുന്ന അദ്ധ്യാപകരുടെ സ്ഥാനത്ത് പകരം സർക്കാർ അദ്ധ്യാപകരെ നിയമിക്കുന്നുമില്ല. കഴിഞ്ഞ വർഷം തന്നെ പതിനായിരക്കണക്കിന് അദ്ധ്യാപകർ സർക്കാരിൽനിന്നും സേവനകാലം കഴിഞ്ഞു വിരമിച്ചിരുന്നു. സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിക്കാൻ ലഭിക്കാത്തതു കൊണ്ട് പുതിയതായി അദ്ധ്യാപക നിയമനം നടക്കുന്നുമില്ല. ഇങ്ങനെ തൊഴിൽ തേടുന്ന അദ്ധ്യാപകരുടെയിടയിൽ തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്നതുമൂലം കുത്തക സ്‌കൂൾ മുതലാളിമാർ അദ്ധ്യാപകരെ ചൂഷണം ചെയ്യാൻ കാരണമാകുന്നു. ഒരു പ്രായം കഴിഞ്ഞാൽ മറ്റൊരു തൊഴിൽ അവർക്ക് ലഭിക്കുകയുമില്ല. പണമുള്ളവർക്കെല്ലാം  കോഴകൊടുത്ത് സർക്കാർ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ്‌സ്‌കൂളിൽ നിയമനവും ലഭിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ബി.എഡും എം.എഡും നല്ല ഗ്രേഡോടെ പാസായ യുവതി യുവാക്കൾ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിയമനത്തിനായി ശ്രമിക്കുന്നത്. അതോടെ ഭാവി കരുപിടിപ്പിക്കണമെന്നുള്ള അവരുടെ സ്വപ്നങ്ങൾ തകരുകയും ചെയ്യും. 


St.Antony's Public School, Kanjirappally











Tuesday, June 27, 2017

ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും





ജോസഫ് പടന്നമാക്കൽ

"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍".  ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ വള്ളത്തോൾ നാരായണ മേനോന്റെ ഈ കവിതയിൽക്കൂടി ഭാരതം ബഹിരാകാശം കീഴടക്കിയ നേട്ടങ്ങളോടെ യാഥാർഥ്യമാവുകയാണ്.  ജമദഗനി മഹർഷിയുടെ മകനായ പരിശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടായതെന്നാണ് ഐതിഹ്യം. രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കിയ കേരളത്തിന്റെ മണ്ണിൽനിന്നു ഭാരതം തൊടുത്തുവിട്ട ആദ്യത്തെ റോക്കറ്റുയർന്നതും അഭിമാനകരമാണ്. പരിവർത്തനാത്മകമായ  കാലഘട്ടങ്ങളിൽ ക്കൂടി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയതും ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നു.

1962-ൽ ഇന്ത്യ  സർക്കാർ  ബഹിരാകാശ പദ്ധതികൾക്കായി തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമപ്രദേശം തിരഞ്ഞെടുത്തിരുന്നു. ഭൂമദ്ധ്യരേഖയോട് ചേർന്ന ഈ പ്രദേശങ്ങൾ റോക്കറ്റ് വിക്ഷേപങ്ങൾക്കും പരീക്ഷണങ്ങൾക്കും അനുയോജ്യമായതെന്നും വിലയിരുത്തി.  എന്നാൽ ആ ഭൂപ്രദേശം സർക്കാരിന്റെ അധീനതയിൽ വരുത്തുകയെന്നത് എളുപ്പമായിരുന്നില്ല. ഏകദേശം അഞ്ഞൂറോളം ദരിദ്രരായ മത്സ്യത്തൊഴിലാളികൾ ആ പ്രദേശങ്ങളിൽ  തിങ്ങി പാർത്തിരുന്നതുകൊണ്ടു അവരെ ഒഴിപ്പിക്കുക പ്രയാസമായിരുന്നു. കൂടാതെ അവിടെ മത്സ്യത്തൊഴിലാളികൾ ആരാധന നടത്തിയിരുന്ന സെന്റ് മേരി മഗ്ദലീനയുടെ നാമത്തിൽ ഒരു പള്ളിയുമുണ്ടായിരുന്നു. പള്ളിയും പള്ളിയ്ക്കു ചുറ്റും താമസിച്ചിരുന്നവരുടെ  സ്ഥലങ്ങളും  പരിസരങ്ങളും നൂറു ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന് കൈമാറാൻ ഡിസ്ട്രിക്റ്റ് കളക്റ്ററിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ അത്തരം ഒരു ആവശ്യം  ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും അറിയാമായിരുന്നു.

ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തയുടൻ ഡോ. വിക്രം സാരാഭായും ഏതാനും ശാസ്ത്രജ്ഞരുമൊത്ത് തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമം  സന്ദർശിച്ചിരുന്നു. അക്കൂടെ ഡോ അബ്ദുൾകലാമും അവരോടൊപ്പമുണ്ടായിരുന്നു.   പള്ളിയും അവിടെയുള്ള കുടുംബങ്ങളുടെ സ്ഥലങ്ങളും സർക്കാരുവകയാക്കാൻ   ബിഷപ്പ്  ഡോ. പീറ്റർ ബെർണാഡ് പെരേരായോട്‌  അവർ സംസാരിച്ചു. ബിഷപ്പ് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ പിറ്റേ ആഴ്ചയിലുള്ള കുർബാനയിൽ അവരോടു സംബന്ധിക്കാനും ഇടവകക്കാരോട് സംസാരിച്ചു തീരുമാനം പറയാമെന്നും പറഞ്ഞു. കുർബാന സമയത്ത് ശാസ്ത്രജ്ഞരുടെ മിഷ്യൻ ഉദ്ദേശ്യങ്ങൾ ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെടുകയും അവരുടെ അനുവാദം അപേക്ഷിക്കുകയും ചെയ്തു. പള്ളിയും പരിസരവും ശാസ്ത്ര ഗവേഷണത്തിനായി വിട്ടു കൊടുക്കുന്ന കാര്യവും ജനങ്ങളെ അറിയിച്ചു. ബിഷപ്പിന്റെ സൗഹാർദ്ദ സംഭാഷണത്താലും  പ്രേരണയാലും ജനങ്ങളാരും മറുത്തു  പരാതി പറഞ്ഞില്ല.

കെ.മാധവൻ നായരായിരുന്നു അക്കാലത്തെ തിരുവനന്തപുരം കളക്‌ടർ. പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മാധവൻ നായർ സ്നേഹപൂർവ്വം ഭൂമി സർക്കാരിന് കൈമാറുന്ന കാര്യം ബിഷപ്പ് പെരേരായോടു ആവശ്യപ്പെടുകയായിരുന്നു.  സ്റ്റേറ്റിന് ലഭിക്കാൻ പോവുന്ന ഗുണങ്ങളെപ്പറ്റിയും ബിഷപ്പിനെ മനസിലാക്കി. ബിഷപ്പ് അന്നുമുതൽ ഇടവകക്കാരെയും ഈ പ്രോജെക്റ്റിനു സമീപം താമസിച്ചിരുന്നവരെയും സർക്കാരിന്റെ ഈ നല്ല പദ്ധതികളെപ്പറ്റി ബോധവാന്മാരാക്കി കൊണ്ടിരുന്നു. അവരുടെ സ്ഥലങ്ങൾ വിട്ടുകൊടുക്കാനും ആവശ്യപ്പെട്ടു. പകരം സർക്കാർ ഭൂമിയും വീടും മറ്റൊരു സ്ഥലത്ത് വാഗ്ദാനം ചെയ്തിരുന്നു.

സമീപ പ്രദേശമായ പള്ളിത്തുറയിൽ  വീടുകൾ  തയ്യാറായിക്കഴിഞ്ഞപ്പോൾ ജനങ്ങൾ സർക്കാരിന് സ്ഥലം കൈമാറി പുതിയ സ്ഥലങ്ങളിലേക്ക് താമസമാക്കി.  ബിഷപ്പും അവരോടൊപ്പം ജനങ്ങളെ പുനരധിവസിപ്പിക്കാൻ നേതൃത്വം കൊടുത്തിരുന്നു. പള്ളിത്തുറയിൽ മറ്റൊരു പള്ളി പണി തീർത്ത് കഴിഞ്ഞപ്പോൾ പള്ളിയും വിട്ടു കൊടുത്തു. സെന്റ് മേരിസ് മഗ്ദലനാ പള്ളിയും സമീപ പ്രദേശങ്ങളും ബഹിരാകാശ ഓഫീസുകളായി മാറ്റപ്പെടുകയും ചെയ്തു. പള്ളി നിലനിർത്തുകയും പിന്നീട് അത് മ്യുസിയമാക്കുകയും ചെയ്തു.  ഇന്ത്യയുടെ ബഹിരാകാശ പുരോഗമനങ്ങളുടെ ചരിത്രമെല്ലാം ഇന്ന് പള്ളിയ്ക്കകത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സന്ദർശകർ അവിടെ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ നാനാ ഭാഗത്തുനിന്നും സ്‌കൂൾ കുട്ടികളും കോളേജ് കുട്ടികളും അവിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ ആ പള്ളിയിൽ ആരാധന നടത്താറുണ്ട്. നവംബർ മാസം 'മരിച്ചുപോയവർക്കായുള്ള ദിനം ' (All souls day) ആ പള്ളിയിൽ ഇന്നും ആഘോഷിക്കുന്നു. അവിടെയുള്ള പഴയ സെമിത്തെരിയിൽ പള്ളിക്കു പുറകിലുള്ള സ്ഥലത്ത് മരിച്ചവർക്കായി പ്രാർത്ഥന ചെല്ലാൻ ഭക്തജനങ്ങൾ തടിച്ചു കൂടാറുണ്ട്.

തിരുവനന്തപുരത്തിനു സമീപമുള്ള മുരുക്കുമ്പുഴ എന്ന സ്ഥലത്ത് ബിഷപ്പ് പീറ്റർ ബെർണാർഡ് പെരേര 1917 ജൂൺ ഇരുപത്തിയൊന്നാം തിയതി ജനിച്ചു. 1944 മാർച്ച് ഇരുപത്തിനാലാം തിയതി അദ്ദേഹം പുരോഹിതനായി പട്ടമേറ്റു. നെടുമങ്ങാട് താലൂക്കിലുള്ള ചുള്ളിമണൂരിൽ സേക്രഡ് ഹാർട്ട് പള്ളിയിൽ ആദ്യം സഹവികാരിയായും പിന്നീട് അവിടെ വികാരിയായും സേവനം ചെയ്തു. തിരുവനന്തപുരത്ത് സഹായമെത്രാനായി നിയമിതനായി. 1966 ഒക്ടോബർ ഇരുപത്തിനാലാം തിയതി ബിഷപ്പ് വിൻസെന്റ് ഡെരേരെ രാജി വെച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപതയുടെ ദേശീയനായ ആദ്യത്തെ ബിഷപ്പെന്ന ബഹുമതിയും നേടി.  തിരുവനന്തപുരം പ്രധാനമായും ഒരു മിഷ്യനറി രൂപതയായിരുന്നു. അതുകൊണ്ടു പാവങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. തുമ്പയിൽ റോക്കറ്റ് സ്റ്റേഷൻ  വന്നപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. അവരെല്ലാം പാവപ്പെട്ട കുടിലിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു.പതിനെട്ടേക്കർ ഭൂമിയിൽ മുന്നൂറോളം പേർക്ക് വീട് വെച്ചുകൊടുക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഡോ. അബ്ദുൾകലാം അദ്ദേഹത്തിൻറെ പുസ്തകത്തിൽ ബിഷപ്പ് പെരേരായെപ്പറ്റി  വിവരിച്ചിട്ടുണ്ട്. കലാം എഴുതി, "റവ. ബിഷപ്പ് ഡോ. പീറ്റർ ബെർണാഡ് പെരേരാ മഹത്തായ ഒരു പ്രസ്ഥാനത്തിനായി നടത്തിയ ശ്രമങ്ങൾക്കു നന്ദിയുണ്ട്. വിശാലഹൃദയനായ ബിഷപ്പിന്റെ ശ്രമംമൂലം പള്ളിയും പരിസരങ്ങളും ബഹിരാകാശ ഉദ്യമങ്ങൾക്കായി ലഭിക്കുകയും ചെയ്തു. ഇടവകക്കാർക്ക് പുതിയ പള്ളിയും പുതിയ വീടുകളും വെച്ചു കൊടുത്തു. പുതിയ ഗ്രാമവും പള്ളിയും നൂറു ദിവസം കൊണ്ട് നിർമ്മിക്കാൻ സാധിച്ചു. ബിഷപ്പ് താമസിച്ചിരുന്ന ഭവനം ഓഫീസാക്കി. പള്ളിയ്ക്കകം  ജോലിക്കാർക്കായുള്ള വർക്ക് ഷോപ്പുമാക്കി. കന്നുകാലികളെ വളർത്തിയ സ്ഥലങ്ങൾ സ്റ്റോറേജ് മുറികളുമാക്കി. ലാബറട്ടറികളും അവിടെ സ്ഥാപിച്ചു. അനുവദിച്ചിരിക്കുന്ന ചെറിയ ഫണ്ടുകൊണ്ട് യുവാക്കന്മാരായ ശാസ്ത്രജ്ഞർ ആദ്യത്തെ റോക്കറ്റ് അസംബിൾ ചെയ്യാനും തുടങ്ങി." യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് റോക്കറ്റിനുവേണ്ട സാധന സാമഗ്രികളും മറ്റും  ചുമട്ടു തൊഴിലാളികൾ കാൽനടയായും സൈക്കിളിലും എത്തിച്ചിരുന്നു.

ഡോ.വിക്രം സാരാഭായിയെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്നു. അദ്ദേഹം പഠനം കഴിഞ്ഞയുടൻ ഇന്ത്യയുടെ സമഗ്രമായ ഈ പദ്ധതികൾക്കായുള്ള ഗവേഷണങ്ങളിൽ തന്റെ സമയം മുഴുവൻ ചെലവഴിച്ചിരുന്നു. 1960-ൽ നെഹ്രുസർക്കാർ ബഹിരാകാശ ഗവേഷണങ്ങൾക്കായുള്ള പദ്ധതികൾക്കു തുടക്കമിട്ടു.  1961-ൽ സർക്കാർ ആണവോർജ്ജനത്തെപ്പറ്റി പഠിക്കാൻ ഒരു ഗവേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഡോ. വിക്രം സാരാഭായിയാണ് അന്തരീക്ഷത്തിലെ വായു മണ്ഡലങ്ങളെ ഗവേഷണം ചെയ്യാനായി തിരുവനന്തപുരത്തുളള തുമ്പ റോക്കറ്റ് കേന്ദ്രം റ്റി.ഇ.ആർ.എൽ.എസ് (TERLS) സ്ഥാപിച്ചത്. റ്റി.ഇ.ആർ.എൽ.എസിന്റെ പൂർണ്ണരൂപം തുമ്പ എക്യുറ്റോറിയൽ റോക്കറ്റ് ലോച്ചിങ് സ്റ്റേഷനെന്നാണ്.1962-ൽ ശൂന്യാകാശ പ്രവർത്തനത്തിനായി ഇൻകോസ്പാർ (INCOSPAR)) എന്ന സംഘടന രൂപം കൊണ്ടു. 1963-നവംബറിൽ തുമ്പയിൽനിന്നും ആദ്യത്തെ റോക്കറ്റുയർന്നു. അതിനുശേഷമുള്ള കാലഘട്ടങ്ങൾ മുഴുവൻ തിരുവന്തപുരവും തുമ്പയും പരിസരങ്ങളും വിക്രം സാരാഭായുടെ കർമ്മ മണ്ഡലങ്ങളായിരുന്നു.

1969-ൽ ഐ.എസ്.ആർ.ഒ സ്ഥാപിച്ചു. അന്നുമുതൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്പേസ് ടെക്‌നോളജി വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.  അതിനു ശേഷം   അഭിമാനിക്കത്തക്ക ചരിത്രപരമായ അനേക നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യവും വഹിച്ചു. അന്നുമുതലുള്ള എല്ലാ കാലങ്ങളും ഐ. എസ്. ആർ. ഒ ഇന്ത്യയിലെ സാധാരണക്കാരായ ജനത്തെയും ഉൾപ്പെടുത്തി ഗവേഷണങ്ങൾ  തുടർന്നുകൊണ്ടിരുന്നു. അങ്ങനെ വളർന്ന് 'ഐ.എസ്.ആർ.ഒ ' ലോകത്തിലെ ആറു വലിയ സ്‌പേസ് ഏജൻസികളിൽ ഒന്നായി തീർന്നു. കാലാവസ്ഥ നിർണ്ണയങ്ങൾ, ഭൂമി ശാസ്ത്ര വിവരങ്ങൾ, ചാർട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ,  നാവിക വിദ്യ, വ്യോമയാനം, എന്നിവകളിലും  വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകൾ വിപുലപ്പെടുത്തുന്നതിലും മറ്റേതൊരു ലോക രാഷ്ട്രത്തെക്കാളും ഐ.എസ്.ആർ. ഓ. അതീവ മത്സരത്തോടെ പ്രവർത്തിക്കുന്നു. ഡോ. അബ്ദുൽ കലാം, മാധവൻ നായർ, കസ്തുരി രംഗൻ, യു ആർ റാവു എന്നിവരുമായുള്ള സഹവർത്തിത്വം വിക്രം സാരാഭായിക്ക് ബഹിരാകാശ ശ്രമങ്ങൾക്കായി ബലവും ആവേശവും നൽകിയിരുന്നു.

1969-ൽ, ബഹിരാകാശ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ പ്രത്യേകമായ ഒരു വകുപ്പു സൃഷ്ടിക്കുകയും വകുപ്പിലുള്ളവർ  ചുമതലയെടുക്കുകയും ചെയ്തു. തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് അമേരിക്കയും ഫ്രഞ്ചും നിർമ്മിതമായ റോക്കറ്റുകളായിരുന്നു. കാലാവസ്ഥകളെ പഠിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദ്യേശ്യം. പിന്നീട് ബ്രിട്ടന്റെയും റക്ഷ്യയുടെയും റോക്കറ്റുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ തുടങ്ങി. പ്രാരംഭം മുതൽ തദ്ദേശീയമായ റോക്കറ്റുകൾ വാർത്തെടുക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. അധികം താമസിയാതെ ഇന്ത്യയുടെ ലക്ഷ്യബോധം സഫലമാവുകയും ചെയ്തു. രോഹിണി കുടുംബത്തിൽപ്പെട്ട സൗണ്ടിങ്ങ് റോക്കറ്റുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ  സ്വായത്തമാക്കുകയും ചെയ്തു.

1975 മുതൽ സെമി സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഐ.എസ്.ആർ.ഓ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. 1975 ഏപ്രിൽ പത്തൊമ്പതാം തിയതി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനമായ 'ആര്യഭട്ട' വിജയകരമായി വിക്ഷേപിച്ചു. 1979-ൽ ഭൗമിക തലങ്ങളെ വീക്ഷിക്കാനായി 'ഭാസ്ക്കര ഒന്ന്' എന്ന ഉപഗ്രഹം അയച്ച് ബഹിരാകാശത്തെ കീഴടക്കി. 1980 -ൽ ഇന്ത്യയുടെ മാത്രം തനതായ ടെക്നൊളജിയോടു കൂടിയ 'രോഹിണി ഒന്ന്' (SLV1) എന്ന ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് അയച്ചു. ആന്ധ്രായിലുള്ള ശ്രീഹരിക്കോട്ട ദ്വീപിൽ നിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ശൂന്യാകാശത്തിലേയ്ക്ക് കുതിച്ചുയർന്നത്. അതിനുശേഷം അയച്ച 'രോഹിണി രണ്ടും' വിജയകരമായിരുന്നു. 1983-ൽ അയച്ച രോഹിണി മൂന്നും വിജയകരമായി തന്നെ ഭ്രമണപദത്തിലെത്തിച്ചു. അതുമൂലം ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളിൽ ടെലിവിഷൻ പരിപാടികൾ എത്തിക്കാൻ സാധിച്ചു. 1985 ആയപ്പോൾ അത് തൊണ്ണൂറു ശതമാനം ജനങ്ങളിലേക്കും വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പടങ്ങൾ ലഭിക്കാനും കൊടുങ്കാറ്റ്, ഇടിമിന്നൽ, പേമാരികളുടെ മുന്നറിയിപ്പുകൾ നേടാനും ടെലിവിഷൻ, റേഡിയോ മുതലായവകൾക്കുള്ള സന്ദേശങ്ങളെത്തിക്കാനുമായി   പ്രാപ്തിയേറിയ ഉപഗ്രഹങ്ങളുടെ നിർമ്മാണങ്ങളും ആരംഭിച്ചു. ഏകദേശം അഞ്ഞൂറിൽപ്പരം ടെലിവിഷൻ സ്റ്റേഷനുകൾക്കും നൂറ്റിയറുപതു റേഡിയോ സ്റ്റേഷനുകൾക്കും ആവശ്യമുള്ള വിവരങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

1984- ഏപ്രിൽ രണ്ടാംതീയതി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി 'രാകേഷ് ശർമ്മ' ബഹിരാകാശത്തിൽ എട്ടു ദിവസം കറങ്ങി ഇന്ത്യയ്ക്കുവേണ്ടിയുള്ള ദൗത്യം നിർവഹിച്ചു. മുപ്പത്തിയഞ്ചു വയസുള്ള എയർ ഫോഴ്സ് പൈലറ്റ് രണ്ടു റഷ്യൻ സഞ്ചാരികൾക്കൊപ്പം റഷ്യൻ നിർമ്മിതമായ 'സോയൂസ് റ്റി പതിനൊന്ന്' എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു സഞ്ചരിച്ചത്. ബഹിരാകാശത്തിലായിരുന്ന സമയം 'ശർമ്മ' ഇന്ത്യയുടെ വടക്കും പ്രദേശങ്ങളിലെ കാഴ്ചകൾ കാണത്തക്ക വിധം കളർ ഫോട്ടോകൾ എടുത്തിരുന്നു. ഹിമാലയ പ്രദേശങ്ങളിൽ നിന്നും ഹൈഡ്രോ ഇലക്ട്രിക്ക് ഊർജം സമാഹരിക്കുന്ന ലക്ഷ്യമായിരുന്നു ഈ യാത്രയിലുണ്ടായിരുന്നത്. അദ്ദേഹം ലോകത്തിലെ നൂറ്റി മുപ്പത്തിയഞ്ചാം ബഹിരാകാശ സഞ്ചാരിയായിരുന്നു. ബഹിരാകാശത്തിൽ സഞ്ചരിക്കുന്നതിനുമുമ്പ് ശർമ്മായ്ക്ക് 'പൂജ്യം ഗ്രാവിറ്റിയിൽ' ജീവിക്കാനുള്ള വ്യായാമങ്ങൾ 'വിങ്ങ് കമാണ്ടർ രാവിഷ് മൽഹോത്ര' നൽകിയിരുന്നു. യോഗയും പരിശീലിപ്പിച്ചിരുന്നു. ബഹിരാകാശ പദ്ധതികൾക്കായി സോവിയറ്റ് യൂണിയനെയായിരുന്നു ഇന്ത്യ  കൂടുതലായും ആശ്രയിച്ചിരുന്നത്. 1987 മുതൽ 1992 വരെ വിക്ഷേപിച്ചിരുന്ന റോക്കറ്റുകൾ പലതും പരാജയപ്പെട്ടിരുന്നു.

1992-ൽ ഇൻസാറ്റ് രണ്ട് ജിയോ സ്റ്റേഷനറിയെന്ന  (INSAT-2 geostationary) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇൻസാറ്റ് സീരിയിലുള്ള റോക്കറ്റുകൾക്ക് പലതരം ലക്ഷ്യങ്ങളുണ്ടായിരുന്നു. ടെലികമ്മ്യുണിക്കേഷൻസ്, ടെലിവിഷൻ, കാലാവസ്ഥ പഠനം, മുതലായവകൾ ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. ഇരുപത്തി നാലു മണിക്കൂറും കാലാവസ്ഥയെ നിരീക്ഷിക്കുകയും കാറ്റ്, പേമാരി എന്നീ പ്രകൃതി ദുരന്തങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയുമെന്നത് ഈ ഉപഗ്രഹങ്ങൾ വഴി സാധിച്ചിരുന്നു. ഏഷ്യയിലെയും പെസിഫിക്ക് തീരത്തിലെയും ഏറ്റവും വലിയ വാര്‍ത്താവിനിമയമാര്‍ഗ്ഗമായി ഇൻസാറ്റ് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നു.

2008 ഒക്ടോബർ ഒന്നാംതീയതി മനുഷ്യരില്ലാതെയുള്ള 'ചന്ദ്രയാൻ' ഉപഗ്രഹം ഐ.എസ്.ആർ.ഒ യുടെ കീഴിൽ തൊടുത്തു വിട്ടു. ഏകദേശം 312 ദിവസങ്ങളോളം അത് ഭ്രമണപദത്തിൽ കറങ്ങിയിരുന്നു. ചന്ദ്രനിലേക്ക് അയച്ച ഈ ഉപഗ്രഹം ഇന്ത്യയുടെ ആദ്യത്തെ മിഷ്യനായിരുന്നു. അതിനു മുമ്പ് അന്തർദേശീയ തലത്തിൽ ആറു സ്പേസ് സംഘടനകളെ ഇത്തരം ഒരു ദൗത്യത്തിന് ശ്രമിച്ചിട്ടുള്ളൂ. ചന്ദ്രന്റെ ഭൂതലത്തെപ്പറ്റി പഠിക്കാനും രാസ പദാർത്ഥങ്ങൾ കണ്ടെത്തി ഗവേഷണങ്ങൾ  നടത്തുകയെന്നതുമായിരുന്നു ഈ മിഷ്യന്റെ ലക്‌ഷ്യം. ഐ.എസ്.ആർ.ഒ യ്ക്ക് അന്ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പായി ചന്ദ്രയാനു ഇന്ത്യയുടെ പതാക ചന്ദ്രനിൽ നാട്ടുവാൻ സാധിച്ചുവെന്നുള്ളതും നേട്ടമായിരുന്നു.

നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യൻ ബഹിരാകാശ സംരംഭം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. എന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്ന് പൂർണ്ണമായി പറയുന്നു. കാർഗിൽ യുദ്ധത്തിൽ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഇന്ത്യൻ പട്ടാളത്തിന് അക്കാലങ്ങളിൽ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഇവയുടെ സ്ഥാനം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 36000 കിലോമീറ്റർ അകലെയായിരിക്കും. ഏഴു ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്രവർത്തനങ്ങൾക്കായി രണ്ടു ഉപഗ്രഹങ്ങൾ ഭൂമിയിൽ കാത്തിരിക്കുന്നുണ്ടാകും.  ഇന്ത്യയ്ക്ക് വെളിയിലായി 1500 കി. മീ. വരെയുള്ള പ്രദേശങ്ങളിലെ വിവരങ്ങൾ  ഉപഗ്രഹം ശേഖരിച്ചു നൽകുന്നു. ഐ.ആർ.എൻ.എസ്.എസ് (IRNSS) ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയിൽ നടന്നു. പ്രകൃതി ക്ഷോപങ്ങളും മറ്റു കെടുതികളും ഉണ്ടാവുമ്പോൾ ഈ ഉപഗ്രഹം സമയാ സമയങ്ങളിൽ വിവരങ്ങൾ ഭൂമിയിൽ എത്തിച്ചുകൊണ്ടിരിക്കും. രക്ഷാ പ്രവർത്തനങ്ങൾക്കും സഹായകമാകും. ഡ്രൈവർമാർക്ക് വഴി കണ്ടുപിടിക്കാനും എളുപ്പമാകും. ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം ഐ.ആർ.എൻ.എൻ.എസ് 1ബി (IRNNS 1B) ഏപ്രിൽ നാലിന്നു പി.എസ്.എൽ.വി 24 (PSLV 24) ഉപയോഗിച്ച് ഭ്രമണ പഥത്തിൽ എത്തിച്ചു വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ പതിനയ്യായിരം കിലോമീറ്ററോളം ഈ നാവിഗേഷൻ കവർ ചെയ്യുന്നുണ്ട്. ലോകത്തിലെ നാവിഗേഷൻ സിസ്റ്റമുള്ള അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

2014-ൽ ഐ.എസ്.ആർ.ഒ രൂപകൽപ്പന ചെയ്ത 'മംഗലായൻ' ഉപഗ്രഹം ചൊവ്വാ ഗ്രഹത്തിൽ വിജയകരമായി വിക്ഷേപിച്ചതും ആദ്യത്തെ പ്രാവിശ്യം  ദൗത്യം വിജയിച്ചതും ഇന്ത്യയുടെ നേട്ടമായിരുന്നു. മറ്റുള്ള രാജ്യങ്ങൾ ഒന്നിൽ കൂടുതൽ പ്രാവശ്യം ശ്രമിച്ചതിൽ പിന്നീടായിരുന്നു അവരുടെ ചൊവ്വ ദൗത്യങ്ങളിൽ വിജയം കണ്ടിരുന്നത്. ചുവന്ന ഗ്രഹമായ ചൊവ്വയിൽ ഉപഗ്രഹമെത്തിച്ച നാല് രാജ്യങ്ങളിൽ ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടു. മറ്റു മൂന്നു സ്പേസ് സംഘടനകൾ നാസയും സോവിയറ്റ് സ്പേസ് പ്രോഗ്രാമും യൂറോപ്യൻ സ്‌പേസ് പ്രോഗ്രാമുമായിരുന്നു.  450 കോടി രൂപയായിരുന്നു ചൊവ്വയിലേക്കുള്ള ഈ ദൗത്യത്തിന്റെ ചിലവ്. ഇത് ഇന്നുവരെയുള്ള മിഷ്യനുകളിൽ ഏറ്റവും ചെലവ് കുറഞ്ഞതാണ്. 'മംഗലായൻ' ഉപഗ്രഹ മിഷ്യന്റെ ലക്ഷ്യം ഗോളങ്ങളുടെ ബാഹ്യതലങ്ങളുടെ ഗവേഷണങ്ങളെന്നതായിരുന്നു.

2014-ൽ ഐ.എസ്.ആർ. ഓ യുടെ നിയന്ത്രണത്തിൽ  'ജി.എസ്.എൽ.വി- എം.കെ. 3' (GSLV-MK3) എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപത്തോടെ രാജ്യത്തിന്റെ അഭിമാനം ഇന്ത്യ  അന്തർദേശീയ തലങ്ങളിൽ ഉയർത്തി കാട്ടിയിരുന്നു. മൂന്നു ബഹിരാകാശ സഞ്ചാരികളെ ഈ വാഹനത്തിന് ഭ്രമണപദത്തിലെത്തിക്കാൻ കഴിവുണ്ടായിരുന്നു. നാലു ടൺ വരെ വഹിക്കാൻ കഴിവുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തിൽ എത്തിക്കാൻ വാഹനത്തിനു കഴിവുണ്ട്. ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻകാല റോക്കറ്റ് ആയ പി.എസ്.എൽ.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എൽ.വി.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വാഹനം വിക്ഷേപിച്ചത്. ഇന്ത്യയുടെ പാരമ്പര്യമായ ബഹിരാകാശ വാഹനം പി.എസ്.എല്‍.വി ആണെങ്കിലും പുതിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 'ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ' രാജ്യത്തിന്റെ ഭാവി വിക്ഷേപണങ്ങള്‍ക്ക് കൂടുതൽ ശക്തി നൽകുന്നുവെന്നു കരുതപ്പെടുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള വാഹനമാണ്  മാര്‍ക്ക് ത്രീ.

2015-ൽ ഐ.എസ്.ആർ.ഒ 1440 കിലോഗ്രാം ഭാരത്തോടെ ഒരു വ്യാവസായിക സാറ്റലൈറ്റ് ഭ്രമണപദത്തിലയച്ചു. അക്കൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളും ഈ മിഷ്യന്റെ ഭാഗമായി അയച്ചിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 28 (പി.എസ്‌.എൽ, വി 28) എന്ന് ആ വാഹനത്തെ അറിയുന്നു. ഭൂമിയെ നിരീക്ഷിക്കാനായി അതിനൊപ്പം 447 കിലോഗ്രാമുള്ള മൂന്നു സാറ്റലൈറ്റുകളും ഉണ്ടായിരുന്നു. ഐ.എസ്.ആർ.ഓ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി. ഒരു തവണ മാത്രമേ ഈ വാഹനം ഉപയോഗിക്കാൻ കഴിയുള്ളു. ഇതിനു ചെലവുകൾ വളരെ കൂടുതലാണ്. ഈ വാഹനം വികസിപ്പിച്ചെടുക്കുന്നതിനു മുമ്പായി സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വാഹനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു. പി.എസ.എൽ വി യ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിലെത്തിക്കാൻ സാധിക്കും.

റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ (Reusable launch vehicle)  അഥവാ പുനരുപയോഗ വിക്ഷേപണ വാഹനം വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ചതാണ്. ഇതിന്റെ മുടക്ക് 95 കോടി രൂപയാണ്. ഉപഗ്രഹങ്ങളുടെ ചെലവുകൾ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. 2016 മെയ്മാസത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആർ.ഓ നേടിയ ഒരു പൊന്‍തൂവലായിരുന്നു ആർ.എൽ.വി അഥവാ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിൾ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വാഹനം വിക്ഷേപണത്തിൽ വിജയം കണ്ടതോടെ ഇന്ത്യയെ ബഹിരാകാശ ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്തു. ഉപഗ്രഹത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുപയോഗ വിക്ഷേപണ വാഹനമായ ആര്‍.എല്‍.വി ഇൻഡ്യ വികസിപ്പിച്ചത്.  കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. ചെറിയ രൂപത്തിലുള്ള വിമാനമാണ് പരീക്ഷിച്ചത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സ്ഥലത്തുനിന്നും എഴുപതു കിലോമീറ്റർ ദൂരത്തിൽ വിക്ഷേപിച്ച് തിരിച്ചു വാഹനം ബംഗാൾ ഉൾക്കടലിൽ ഇറക്കുകയാണുണ്ടായത്. വിമാനം മുകളിലേക്ക് ഉയരുമ്പോഴും താഴുമ്പോഴുമുള്ള അനുകൂല, പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തുകയെന്നതായിരുന്നു  പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചത്. വാഹനം ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിച്ചു. പൈലറ്റില്ലാതെയുള്ള  പുനരുപയോഗ വാഹനം പൂർണ്ണമായും  ഭൂമിയിൽ നിന്നും ബഹിരാകാശ മിഷ്യൻ നിയന്ത്രിച്ചിരുന്നു.

1969-നു ശേഷം ഐ.എസ്.ആർ.ഒ നേടിയ ബഹിരാകാശ നേട്ടങ്ങൾ സാമ്പത്തിക പുരോഗതികൾ കൈവരിച്ച രാജ്യങ്ങളെപ്പോലെ തന്നെ മെച്ചപ്പെട്ടതും മത്സര സ്വരൂപമായതുമായിരുന്നു. ദേശീയ പുരോഗതിയ്ക്ക് ശൂന്യാകാശ ഗവേഷണങ്ങൾ പ്രയോജനപ്പെടുകയും ചെയ്തു. ശൂന്യാകാശം കീഴടക്കിയതിനുപരി ആഗോളതലത്തിലെ സാമ്പത്തിക നേട്ടങ്ങൾ നേടിയ രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും ഇന്ന് തലയുയർത്തി നിൽക്കുന്നു. 2017-ലെ ബഹിരാകാശ മിഷ്യനിൽ തന്നെ പി.എസ്.എൽ.വി-സി 37 എന്ന വാഹനത്തിൽ   104 സാറ്റലൈറ്റുകൾ ഒന്നിച്ചു വിക്ഷേപിച്ചത് ലോക റെക്കോർഡായിരുന്നു. അതിനുമുമ്പ് 2014-ൽ റഷ്യയുടെ റോക്കറ്റിലയച്ച 37 സാറ്റലൈറ്റുകളായിരുന്നു റെക്കോർഡ്. ആന്ധ്രായിലുള്ള ശ്രീ ഹരിക്കോട്ട സ്പേസ് പോർട്ടിൽ നിന്നാണ് പി.എസ്.എൽ.വി-സി 37 വിക്ഷേപിച്ചത്. അതിൽ 101 എണ്ണം വിദേശ രാജ്യങ്ങൾക്കു വേണ്ടിയായിരുന്നു.

ഇന്ത്യ  ഓരോ വർഷവും ബഹിരാകാശ പ്രവർത്തനത്തിനായി ബഡ്ജറ്റിൽ കൂടുതൽ പണം ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നു. ദേശാഭിമാനമാണ് അതിനു കാരണം. ബഹിരാകാശ ദൗത്യത്തിനുശേഷം റോക്കറ്റ് സാധാരണ കത്തി നശിക്കുകയാണ് പതിവ്. എന്നാൽ അത് വീണ്ടും ഭൂമിയിൽ തിരിച്ചിറക്കി ഉപയോഗപ്രദമാക്കാമെന്നും ഇന്ത്യയുടെ സ്പേസ് മിഷ്യൻ തെളിയിച്ചു. ഭാവിയിൽ ചന്ദ്രനിലേക്ക് റോക്കറ്റെത്തിച്ചു പരിശോധന നടത്തിയശേഷം അതേ വാഹനം പരീക്ഷണ വസ്തുക്കളുമായി മടക്കികൊണ്ടുവരുന്ന പദ്ധതികളുമുണ്ട്. കൂടാതെ ചൊവ്വയിലേക്കും വീനസിലേക്കും അന്തരീക്ഷ പഠനത്തിനായി ശൂന്യാകാശ വാഹനങ്ങൾ അയക്കാൻ ഐ.എസ്.ആർ.ഒ പരിപാടികളിടുന്നു.





1963-ൽ റോക്കറ്റ് വിക്ഷേപിക്കാനുള്ള സാധന സാമഗ്രികൾ സൈക്കിളിലും എത്തിച്ചിരുന്നു.   










Thursday, June 22, 2017

ബൈബിൾ പുതിയ നിയമത്തിലെ പൊരുത്തക്കേടുകൾ


ജോസഫ് പടന്നമാക്കൽ 

ബൈബിൾ ആദ്യമെഴുതിയത് ഏതു ഭാഷയിലെന്ന് പണ്ഡിതരുടെയിടയിൽ അഭിപ്രായവിത്യാസങ്ങളുണ്ട്. യേശുവിന്റെ കാലത്ത് ഇസ്രായേലിൽ യഹൂദർ സംസാരിച്ചിരുന്നത് ആറാമിക്ക് ഭാഷയായിരുന്നു . ആദ്യകാല രചനകളിൽ പുതിയ നിയമത്തിലെ സുവിശേഷങ്ങളിലും അറാമിക്ക് വാക്കുകളുണ്ടായിരുന്നു. പുതിയ നിയമം ആദ്യം എഴുതിയത് ഹീബ്രുവിലോ അറാമിക്കിലോ ഗ്രീക്കിലോ ഭാഷകളിലാകാം.  അനേകമാളുകൾ പുതിയ നിയമം എഴുതിയത് ഹീബ്രുവിലെന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ സുവിശേഷം എഴുതിയ കാലത്ത് ഹീബ്രുവിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. ഗ്രീസിനെ റോമാ ആക്രമിച്ചു കീഴടക്കിയിരുന്നു. അങ്ങനെ ഗ്രീക്ക് സംസ്ക്കാരം റോമ്മാക്കാരെയും സ്വാധീനിച്ചു കാണും.   ഗ്രീക്കിലുള്ള സുവിശേഷം സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലുമായിരുന്നു. എന്നിരുന്നാലും ഓരോ കാലത്തിലുമുള്ള ബൈബിൾ വിവർത്തനങ്ങളിൽ തെറ്റുകളും ആശയ വിത്യാസങ്ങളും വന്നുകൂടിയിട്ടുണ്ട്. സുവിശേഷങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ വചനങ്ങൾ കാണാം. പൗരാണിക കാലങ്ങൾ മുതൽ വിവിധ ഭാഷകളിൽനിന്നും തർജ്ജിമ ചെയ്തപ്പോൾ തെറ്റുകൾ സംഭവിച്ചതാകാം. അങ്ങനെയുള്ള ഏതാനും വചനങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ ലേഖനത്തിലുള്ളത്.

സ്നാപക യോഹന്നാനെ യഹൂദർ ഏലിയായെന്നു തെറ്റിദ്ധരിച്ചിരുന്നു. പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലും യോഹന്നാന്റെ സുവിശേഷത്തിലുമുള്ള വചനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മാർ ഏലിയാ പഴയ നിയമത്തിലെ ഒരു പ്രവാചകനായിരുന്നു.  (രാജാക്കന്മാർ 2:11–13) അരാമിക്ക് ഭാഷയിൽ 'മാർ' എന്നാൽ ഗുരു, പ്രഭുവെന്നല്ലാം അർത്ഥമുണ്ട്. ഈ പ്രവാചകൻ ദൈവവുമായി ആത്മീയകാര്യങ്ങളിൽ സദാ മുഴുകിയിരുന്നു.

"എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു." (മത്തായി  II: 14, 17:10-13)

ഏലിയാ വന്നുവെന്നാണ് മത്തായിയുടെ സുവിഷത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ വ്യത്യസ്തമായ രീതിയിൽ സ്നാപകയോഹന്നാനെപ്പറ്റി വിവരിച്ചിരിക്കുന്നു. സ്നാപകനോട് നീ ആരെന്നു യഹൂദർ ചോദിക്കുന്നു.

"പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു."(യോഹന്നാൻ 1:19-21)

"എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല" എന്നു ഉത്തരം പറഞ്ഞു. ഇങ്ങനെ സുവിശേഷകർ തമ്മിലുള്ള ബന്ധമില്ലാത്ത വചനങ്ങൾ ബൈബിളിൽ നിരവധിയാണ്.

ദാവീദിന്റെ സിംഹാസനം യേശു അലങ്കരിക്കുമോ? ലൂക്കോസിന്റെ സുവിശേഷത്തിൽ  അലങ്കരിക്കുമെന്നും മത്തായിയുടെ വചനത്തിൽ ഇല്ലായെന്നും ഉത്തരം കിട്ടും.

"അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും" (ലൂക്കോസ് 1:32)

ദാവീദിന്റെ പിൻഗാമികളിൽ ദൈവകോപം ലഭിച്ച തലമുറകളുമുണ്ട്.   അവൻ 'ജെഹോയകിംന്റെ' പിന്തുടർച്ചക്കാരനെന്നു മത്തായിയുടെ  സുവിശേഷത്തിൽ പറയുന്നു.  ജെഹോയകിനെ ദൈവം ശപിച്ചിട്ടുമുണ്ട്.

"അതുകൊണ്ടു യെഹൂദാരാജാവായ ജെഹോയകിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും."(ജെറൂമിയ36:30)

അങ്ങനെയെങ്കിൽ അവന്റെ പിൻഗാമികൾ ആരും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കില്ല. അത്തരമൊരു ദൈവത്തിന്റെ ശാപത്തിന്മേൽ യേശു എങ്ങനെ ദാവീദിന്റെ സിംഹാസനം അലങ്കരിക്കും?

യേശു ജെറുസലേം ദേവാലയത്തിൽ കഴുതപ്പുറത്ത് സഞ്ചരിച്ചുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. യേശുവിനൊപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമോ അതോ രണ്ടു മൃഗമോയെന്നും ചോദ്യചിന്ഹമാണ്. യേശു ജെറുസലേം ദേവാലയത്തിൽ പോയപ്പോൾ ഒപ്പം സഞ്ചരിച്ചത് ഒരു മൃഗം മാത്രമായിരുന്നുവെന്ന് മർക്കോസും രണ്ടു മൃഗങ്ങളുണ്ടായിരുന്നുവെന്ന് മത്തായിയും പറയുന്നു.

"അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു." (മർക്കോസ്‌ 11:7; cf ).

"കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു."(മത്തായി 21:7).

സുവിഷങ്ങൾ വായിക്കുന്ന ഒരാൾക്ക് ഇവരിൽ  മാർക്കോസോ, മത്തായിയോ ആരാണ് ശരിയെന്നുള്ളതും അവ്യക്തമാണ്. ലൂക്കോസിന്റെ സുവിശേഷത്തിലും ഒരു കഴുതയെപ്പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ.

നസ്റായേൽക്കാരൻ യേശു സാക്ഷാൽ ക്രിസ്തുവെന്ന വിവരം പീറ്റർ അറിഞ്ഞതും എങ്ങനെയെന്ന കാര്യത്തിലും വിവാദങ്ങളുണ്ട്. സുവിശേഷങ്ങളിൽ അവ്യക്തത കാണുന്നു. യേശു, ക്രിസ്തുവാണെന്നു പീറ്ററിനു വിവരം ലഭിച്ചതു  സ്വർഗത്തിൽ നിന്നെന്ന്, മത്തായിയുടെ സുവിശേഷവും അതേസമയം അവന്റെ സഹോദരൻ ആൻഡ്രു പറഞ്ഞെന്നു  യോഹന്നാന്റെ സുവിശേഷവും  പറയുന്നു.വചനങ്ങൾ പരസ്പ്പരവിരുദ്ധങ്ങളുമാണ്.

"യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു." (മത്തായി 16:17)

 "യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു." (യോഹന്നാൻ 1:40-41)

സൈമൺ പീറ്ററെയും ആൻഡ്രുവിനെയും യേശു എവിടെ വെച്ച് കണ്ടുമുട്ടി?ഗലീലിയാ സമുദ്ര തീരത്ത് കണ്ടുമുട്ടിയെന്നു മത്തായിയുടെ വചനത്തിലും അങ്ങനെയല്ല ജോർദാൻ നദി തീരത്തെന്നു യോഹന്നാന്റെ വചനത്തിലും പറയുന്നു.

"അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിത്തക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു: എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു" (മത്തായി 4:18-22)

"ഇതു യോർദ്ദന്നക്കാരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു. യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു."(യോഹന്നാൻ 1:28,40,)

യേശു ജൈറസിനെ കണ്ടുമുട്ടിയപ്പോൾ ജൈറസിന്റെ മകൾ മരിച്ചിരുന്നുവോ? ജൈറസിന്റെ മകൾ മരിച്ചിരുന്നു. മത്തായുടെ സുവിഷത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതേ സമയം മാർക്കോസിന്റെ സുവിശേഷത്തിൽ യേശു അവരെ കണ്ടുമുട്ടുന്ന സമയം മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു.

"അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു."(മത്തായി 9-18)

"പള്ളി പ്രമാണികളിൽ ജൈയീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു: എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു."(മാർക്കോസ് 5-23)

യേശുവിന്റെ ശിക്ഷ്യന്മാരോട് അവരുടെ യാത്രാ വേളകളിൽ സഹായത്തിനു എന്തെല്ലാം കരുതണമെന്നുള്ള കാര്യം വചനത്തിൽ വ്യത്യസ്തമായി കാണുന്നു. ലൂക്കിന്റെ സുവിശേഷത്തിൽ വഴിക്കു വടി എടുക്കരുതെന്നും മാർക്കോസിന്റെ സുവിശേഷത്തിൽ വടി മാത്രം എടുക്കാമെന്നും  പറയുന്നു. ചെരുപ്പിന്റെ കാര്യം ലൂക്കിന്റെ സുവിശേഷത്തിൽ സൂചിപ്പിക്കുന്നില്ല.

"വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു." (ലൂക്കാ 9:3)

"അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;" (മാർക്കോസ് 6:8)


യേശുവിന്റെ വിസ്താരവേളയിൽ 'ഹേറോദോസ്' യേശുവിനെ  സ്നാപക യോഹാന്നാൻ എന്ന് തെറ്റി ധരിക്കുന്നുണ്ടോ? മാത്യുവിന്റെ സുവിശേഷത്തിൽ ഹേറോദോസ് യേശുവിനെ സ്നാപക യോഹന്നാനായി തെറ്റി ധരിക്കുന്നുണ്ട്. മാർക്കും അങ്ങനെ തന്നെ രേഖപ്പെടുത്തുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ വ്യത്യസ്തയും കാണുന്നു.

ഹേറോദോസ് പറയുന്നു, "യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു." (ലൂക്കോസ് 9:9)

ഈ വചനം മത്തായിയുടെ സുവിശേഷത്തിൽ മറ്റൊരു വിധത്തിൽ എഴുതപ്പെട്ടിരിക്കുന്നു.

"ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു: അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. (മത്തായി 14:2; മാർക്കോസ് 6:16)

സ്നാപക യോഹന്നാൻ സ്നാനത്തിനു മുമ്പ് യേശുവിനെ തിരിച്ചറിഞ്ഞിരുന്നുവോ? മത്തായിയുടെ സുവിശേഷത്തിൽ തിരിച്ചറിഞ്ഞിരുന്നു.

 "അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു." (മത്തായി 3:13-14)

യോഹന്നാന്റെ സുവിഷത്തിൽ സ്നാപക യോഹന്നാൻ യേശുവിനെ തിരിച്ചറിയുന്നില്ല.

"ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു."(യോഹന്നാൻ 1:32,33)

സ്നാപക യോഹന്നാൻ യേശുവിന്റെ സ്നാനം കഴിഞ്ഞു യേശുവിനെ തിരിച്ചറിഞ്ഞുവോ? മത്തായിയുടെ സുവിശേഷത്തിൽ, സ്നാപക യോഹന്നാൻ ജയിലിൽ കിടക്കുമ്പോൾ യേശുവിനെ അറിയുന്നുവെന്നു പറയുന്നു. അതെ സമയം യേശുവിനു സ്നാനം കൊടുക്കുമ്പോൾ സ്നാപക യോഹന്നാൻ തിരിച്ചറിയുന്നതായി സുവിശേഷകനായ യോഹന്നാന്റെ സുവിശേഷത്തിലുമുണ്ട്.

"യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു; (മത്തായി 11:2)

"യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു."(യോഹന്നാൻ 1:32, 33)

യേശു ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ അന്നേ ദിവസംതന്നെ യേശു ദേവാല ശുദ്ധീകരണം നടത്തിയെന്നും അതല്ലാ നേരം വൈകിയതുകൊണ്ടു അവൻ മടങ്ങിപോയിയെന്നും ശുദ്ധീകരണം നടത്തിയത് പിറ്റേ ദിവസമെന്നും വചനങ്ങളിൽ വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നതും വായിക്കാം.

"യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു: (Matthew 21:12)

"അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു; അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; (മാർക്കോസ് I1:1-17)

അത്തി മരത്തെ ശപിച്ചെന്നു സുവിശേഷം പറയുന്നു. അത്തിമരം ഉടൻ ഉണങ്ങി പോയിയെന്നും അതല്ലാ ഉണങ്ങി നിൽക്കുന്നത് കണ്ടത് പിറ്റേദിവസമെന്നു ശിക്ഷ്യന്മാർ സാക്ഷിപ്പെടുത്തുന്നതും വായിക്കുന്നു.

"അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (മത്തായി 21:19)

"അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു." (മാർക്കോസ് II:20)

ജൂദാസ് യേശുവിനെ ഒറ്റു കൊടുക്കാൻ ഉമ്മ വെച്ചുവോ? ഉമ്മ വെച്ചെന്നും വചനമുണ്ട്. എന്നാൽ യൂദാസിന് ഉമ്മ വെക്കാൻ യേശുവിന്റെ സമീപമെത്താൻ സാധിച്ചില്ലെന്നും വചനത്തിലുണ്ട്.

"അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: “സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു. (മത്തായി 26:48-50)

"അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു. അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു. യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു." (യോഹന്നാൻ 18:3-12) ഈ വചനത്തിൽ യൂദായുടെ ചുംബനമില്ലാതെ തന്നെ പടയാളികൾ യേശുവിനെ തിരിച്ചറിയുന്നുണ്ട്.

പീറ്റർ യേശുവിനെ തള്ളി പറയുന്നതിനെപ്പറ്റി എന്താണ് പറഞ്ഞത്? സുവിശേഷകരുടെ വചനങ്ങൾ വ്യത്യസ്തമായി പറയുന്നു.

"നീ മൂന്നു പ്രാവിശ്യം എന്നെ തള്ളി പറയുന്നത് വരെ കോഴി കൂവില്ല" (യോഹാന്നാൻ13-38)."കോഴി രണ്ടു പ്രാവിശ്യം കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളി പറയും."(മർക്കോസ് 13-30) "കോഴി ഒരു പ്രാവശ്യം കൂവുമ്പോൾ നിന്റെ മൂന്ന് തള്ളിപറയൽ പൂർത്തികരിക്കില്ല."(മാർക്കോസ്  14-72)

യേശു കുരിശു സ്വയം ചുമന്നുവോ? യോഹന്നാന്റെ സുവിശേഷത്തിൽ സ്വയം ചുമന്നുവെന്നും മത്തായിയുടെ സുവിശേഷത്തിൽ സഹായി ഉണ്ടായിരുന്നുവെന്നും വചനം പറയുന്നു.

"അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ കുരിശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി." (യോഹന്നാൻ 19:17)

"അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. (മത്തായി 27:31-32)

യേശു എന്തെങ്കിലും ശിക്ഷ്യന്മാരോട് രഹസ്യമായി പറഞ്ഞുവോ? യേശു കൂടുതലും പരസ്യ പ്രഭാഷണങ്ങൾ നടത്തിയിരുന്നുവെന്നും രഹസ്യങ്ങൾ ഇല്ലായിരുന്നുവെന്നും യോഹന്നാന്റെ സുവിശേഷത്തിൽ പറയുമ്പോൾ മാർക്കോസിന്റെ സുവിശേഷത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം ശിക്ഷ്യന്മാർക്കു മാത്രമുള്ള രഹസ്യമെന്നും പറയുന്നു.

"അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; (യോഹന്നാൻ  18:20)

"തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും. പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല." (മാർക്കോസ് 4:34).

സുവിശേഷങ്ങളിൽ രണ്ടു കള്ളന്മാരെ കർത്താവിന്റെ ഇടത്തും വലത്തുമായി ക്രൂശിച്ചെന്നു  പറയുന്നു. ഇവരിൽ രണ്ടു കള്ളന്മാരും യേശുവിനെ പരിഹസിച്ചുവെന്നും ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂവെന്നും എഴുതിയിരിക്കുന്നു.

"നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു."(മാർക്കോസ് 15:32)

 "യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു." (ലൂക്കോസ് 23:43) ഇവിടെ യേശുവിനെ ഒരു കള്ളൻ മാത്രമേ പരിഹസിച്ചുള്ളൂ. മറ്റേ കള്ളൻ ന്യായികരിക്കുകയായിരുന്നു.


കുരിശു മരണത്തിനു ശേഷം ഉടൻതന്നെ യേശു സ്വർഗത്തിൽ പോയിയെന്നും ഇല്ലെന്നുമുള്ള വചനങ്ങളുണ്ട്.

“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” (ലൂക്കോസ് 23:43)

"മേരി മഗ്ദലനായോട് രണ്ടു ദിവസത്തിനു ശേഷം യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു." (യോഹന്നാൻ 20:17)

"ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു." (യോഹന്നാൻ 20:29)

പോളിന്റെ സുവിശേഷ കർമ്മയാത്ര അശരീരി കേട്ട സ്ഥലത്തു നിന്നും തുടങ്ങാൻ കൽപ്പനയുണ്ടായിരുന്നുവെന്നും അതല്ല നീ ചെയ്യേണ്ടത് വിധിച്ചിരിക്കുന്നതെല്ലാം ദമാസ്‌ക്കസിലെന്നും വചനങ്ങൾ പറയുന്നു.

"എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 26:16-18)

 "കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു."(അപ്പോസ്തോലിക പ്രവർത്തികൾ 9:7;22:10)

"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34) 

പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ വചനമാണിത്. ലോകത്തിൽ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്നുള്ള  ഈ ആലങ്കാരിക വചനത്തെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണങ്ങൾ ക്രിസ്ത്യൻ വിരോധികളായ ചില തീവ്ര സംഘടനകൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട്. തലയോട്ടികൾ കഴുത്തിലിട്ടുകൊണ്ട് വാളും പിടിച്ചുകൊണ്ടുള്ള രക്തം വമിക്കുന്ന നാക്കു നീട്ടികൊണ്ടുള്ള ദേവതകളെ വരെ ആലങ്കാരികമായി അത്തരക്കാർക്ക് വർണ്ണിക്കാമെങ്കിൽ യേശുവിന്റെ വാളിനെ അക്ഷരാർത്ഥത്തിൽ കാണാതെ ഉൾക്കൊള്ളാനും അവർക്ക് കഴിയേണ്ടതാണ്. 

ലോകത്ത് സമാധാനം സ്ഥാപിക്കുവാൻ ഞാൻ വന്നിരിക്കുന്നതെന്ന് നിങ്ങൾ കരുതരുത്, വാളാണ് കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്. വാളെന്ന പ്രയോഗം വേദനയെന്ന അർത്ഥത്തിൽ മറ്റു വചനങ്ങളിലും കാണാം. 

Luke 2:34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
2:35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.

സ്വന്തം അമ്മയുടെ ഹൃദയത്തില്‍ വേദനയുടെ വാള്‍ കുത്തിയിട്ടാണ് യേശു മരിച്ചത്. അതുപോലെ ശിഷ്യന്മാർക്കും സുവിശേഷം പ്രചരിപ്പിക്കാൻ വലിയ വാളുകളായ വേദനകൾ സമ്മാനിച്ചിട്ടാണ് യേശു പോയത്. യേശു വചനം സ്വീകരിക്ക വഴി സത്യത്തിന്റെ പേരില്‍ അപ്പനും മകനും ഭിന്നിക്കുമെന്നും കുടുംബത്തിൽ അന്തച്ചിന്ദ്രമുണ്ടാകുമെന്നും യേശു പ്രവചിക്കുകയായിരുന്നു. എന്നാൽ പോലും സത്യത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും യേശു വചനത്തിൽനിന്നും മനസിലാക്കാം. 

"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34)

യേശുവിന്റെ വരവോട് കൂടി യഹൂദ സമൂഹത്തില്‍ വിശ്വാസത്തില്‍ രണ്ട് വിഭാഗമായി മാറിയിരുന്നു. വാളും അതു തന്നെയാണ് ചെയ്യുന്നത്, യേശുവിനോടുള്ള വിശ്വാസം പല കുടും‌ബത്തിലും കലഹത്തിനു കാരണമായിട്ടുണ്ടാ‍കണം. എന്നെ കണ്ടെത്തിയവന്‍ എന്റെ പിതാവിനേയും കാണുന്നു എന്നും ചിന്തിക്കാം. അല്ലാതെ വാളെടുത്ത് സ്വന്തം കുടും‌ബത്തിനെതിരായി യുദ്ധം ചെയ്യാന്‍ സമാധാനപ്രിയനായ യേശു പറഞ്ഞെന്നും വിശ്വസിക്കാൻ പ്രയാസമാണ്. സ്വന്തം ശിക്ഷ്യനായ പത്രോസിനോടുപോലും വാളുറയിലിടാനാണ് യേശു കൽപ്പിച്ചത്. വാളെടുക്കുന്നവൻ വാളാൽ മരിക്കപ്പെടുമെന്നും യേശു പറഞ്ഞു.  


Wednesday, June 21, 2017

കേരളത്തിലെ നഴ്സുമാരും അവരുടെ ശപിക്കപ്പെട്ട ജീവിതവും

ജോസഫ് പടന്നമാക്കൽ


നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്നു. തൂവെള്ള വേഷത്തിൽ ആതുര സേവന ശുശ്രുഷയിൽ മുഴുകിയിരിക്കുന്ന അവരുടെ ജീവിതം വാസ്തവത്തിൽ ശപിക്കപ്പെട്ടതാണെന്നും  തോന്നിപ്പോവും. അത്രയ്ക്ക് ദുരിതങ്ങളാണ് കേരളത്തിലെ നഴ്‌സുമാർ അനുഭവിക്കുന്നത്. പ്രൈവറ്റ് ഹോസ്പ്പിറ്റലിലും കോർപ്പറേഷനിലും ജോലിചെയ്യുന്ന ഓരോ നഴ്സിന്റെയും ജീവിതം അടിമപ്പാളയങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുല്യമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടു വികാരനിർവീര്യമായ നയങ്ങളാണ് നിസ്സഹായരായ നഴ്സ്   സമൂഹങ്ങളുടെ മേൽ കോർപ്പറേറ്റുകളും പ്രൈവറ്റ് മാനേജുമെന്റുകളും അനുവർത്തിച്ചു വരുന്നത്. ക്രൂരവും നിന്ദ്യവുമായ അവരുടെ കരളലിയിക്കുന്ന കഥകൾ കേൾക്കുമ്പോൾ തൊഴിൽ ദാതാക്കളായ കോർപ്പറേറ്റുകളെ മനുഷ്യാവകാശ കോടതികളുടെ മുമ്പിൽ വിസ്തരിക്കേണ്ടതെന്നും തോന്നിപ്പോവും. കോർപ്പറേറ്റ് മാനേജുമെന്റുകളുടെ കൈകളിൽ അമ്മാനമാടുന്ന കേരളത്തിലെ ഭരണകൂടങ്ങൾ മാറി മാറി വന്നിട്ടും നഴ്‌സുമാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അവരെ എക്കാലവും ചൂഷണം ചെയ്യുകയെന്ന നയമാണ് എല്ലാ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളും നടപ്പിലാക്കിയിരിക്കുന്നത്.

കേരളമാകെ നഴ്‌സുമാർ സമരപരിപാടികളുമായി ആസൂത്രണം ചെയ്യവേ അതിനെതിരെ പ്രതികരണങ്ങളുമായി മാനേജുമെന്റുകൾ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂർ രൂപതയിലുള്ള എല്ലാ ഇടവകകളിലും അവർക്കെതിരെ  ഇടയ ലേഖനങ്ങളിറക്കി. സമരങ്ങൾ അടിച്ചമർത്താൻ പള്ളി ഗുണ്ടകൾ സമ്മേളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് ഇടയന്മാർ കുഞ്ഞാടുകളോടായി സമരത്തിനെതിരായും സമരത്തെ പിന്തുണക്കരുതെന്നും സമരം അന്യായമെന്നുമുള്ള വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഹോസ്പിറ്റൽ നടത്തുന്ന ബൂർഷാ മുതലാളിമാരിൽ നല്ലൊരു ശതമാനം ഇത്തരം പുരോഹിതരെന്നും കാണാം. അവർ കൊടുക്കുന്ന തുച്ഛമായ വേതനം കൊണ്ട് പാവപ്പെട്ട നഴ്‌സുമാർ തൃപ്തിപ്പെട്ടു കൊള്ളണമെന്നുള്ള മനോഭാവമാണ് അവർക്കുള്ളത്. നഴ്‌സുമാരുടെ രക്തം വിയർപ്പാക്കിയ പണത്തിന്റെ മീതെ ആഡംബര കാറുകളിലും അരമനകളിലും വസിക്കുന്ന ഈ പുരോഹിതർക്കും ബിഷപ്പുമാർക്കും അവരുടെ കണ്ണുനീരിന്റെ വിലയറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നടക്കുന്ന ഇടയന്മാർക്ക് പാവപ്പെട്ടവരുടെ കഥകളറിയേണ്ട ആവശ്യവുമില്ല.

നഴ്‌സുമാർ ചെയ്യുന്നത് ന്യായമായ ഒരു സമരമാണ്. സുപ്രീം കോടതി കൽപ്പിച്ചിട്ടുള്ള  വിധിയുടെ അടിസ്ഥാനത്തിലുള്ള വേതനം വേണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ. അതിനു കുർബാന മദ്ധ്യേ നഴ്‌സുമാരുടെ തലയ്ക്കു പിടിച്ചനുഗ്രഹിക്കലും അവരുടെ കുടുംബത്തിൽ വിളിക്കലും സമരത്തിൽനിന്നും പിന്തിരിയാനുള്ള പ്രേരണകളും തൃശൂർ രൂപതയിലുള്ള അധാർമ്മികരായ പുരോഹിതർ ആരംഭിച്ചു കഴിഞ്ഞു. ഇവർ മേടിക്കുന്ന കുർബാനപ്പണത്തിനു മാത്രം ഒരു നഴ്സ് രണ്ടു ദിവസം ജോലിചെയ്യണം. പിന്നീട് കല്യാണം, ശവമടക്ക് മുതലായവകൾക്കെല്ലാം ഫീസ് കൂട്ടികൊണ്ടുമിരിക്കും. പിരിവുകൾക്കും സംഭാവനകൾക്കൊന്നും  കുറവും വരുത്തില്ല.

കേരളത്തിലുടനീളം അടുത്തകാലത്തായി പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നഴ്‌സുമാരുടെ സമരങ്ങൾ സാധാരണമായി കഴിഞ്ഞിരിക്കുന്നു. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നിഷേധിക്കുന്നതിനൊപ്പം  പ്രൈവറ്റ് മാനേജുമെന്റുകൾ തൊഴിൽ നിയമങ്ങളും തൊഴിൽ ചെയ്യുന്നവർക്ക് കൊടുക്കേണ്ട അവകാശങ്ങളും ലംഘിക്കാറുണ്ട്. അങ്ങേയറ്റം ചൂഷണം മാനദണ്ഡമായി പുലർത്തുന്ന ഹോസ്പ്പിറ്റലുകളാണ് കൂടുതലും നിലവിലുള്ളത്.   സമരം ചെയ്‌താൽ അടിച്ചമർത്തുകയും ചെയ്ത കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2011-ൽ അമൃതാ മെഡിക്കൽ കോളേജിൽ നടന്ന സമരത്തെ ഹോസ്പിറ്റൽ മാനേജുമെന്റും അവരുടെ ഗുണ്ടാകളും ഒത്തുചേർന്ന് അടിച്ചമർത്തിയിരുന്നു. അന്ന് അനേക നഴ്‌സുമാരെ മൃഗീയമായി തല്ലി ചതക്കുകയും സമരം നിർവീര്യം ആക്കുകയും ചെയ്തു. പരസ്യങ്ങൾ കൊതിച്ചുനടക്കുന്ന ഭൂരിഭാഗം മാദ്ധ്യമങ്ങളും കോർപ്പറേറ്റുകൾക്കൊപ്പമേ നിൽകുകയുള്ളൂ. അവിടെയും ഭൂമിയിലെ ഈ മാലാഖാമാർക്ക് നീതി കല്പിക്കാറില്ല.

കണ്ണുനീരിൽ കുതിർന്ന കഥകളാണ് ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നഴ്‌സുമാർക്ക് പറയാനുള്ളത്. അവകാശങ്ങൾ നേടിയെടുക്കാൻ തെരുവുകളിലും വഴിയോരങ്ങളിലും പദയാത്രകൾ നടത്തിയും മുദ്രാ വാക്യങ്ങൾ വിളിച്ചും നഴ്‌സുമാർ  2013-ൽ സമരം നടത്തിയിരുന്നു.സമരങ്ങളുടെ ഫലമായി അവകാശങ്ങളിൽ പലതും നേടാൻ കഴിഞ്ഞിരുന്നു. പക്ഷെ അതെല്ലാം വെറും വ്യവസ്ഥകളായി കാറ്റിൽ പറത്തിയെന്നുള്ളതായിരുന്നു വാസ്തവം. തെരുവിൽ കിടന്ന് ആൾദൈവങ്ങളുടെയും പുരോഹിതരുടെയും ഗുണ്ടാകളുടെ മർദ്ദനമേറ്റു നടത്തിയ അവകാശ സമരമായിരുന്നു അത്. അന്നത്തെ മാനേജുമെന്റിൽ നിന്നുള്ള വാഗ്ദാനങ്ങൾ ഒന്നുപോലും നഴ്‌സുമാർക്ക് ലഭിച്ചില്ല. അന്ന് നിയമ വ്യവസ്ഥകൾ മുമ്പോട്ട് വെച്ച സർക്കാരോ ഉത്തരവാദിത്വപ്പെട്ട ആരുമോ നഴ്‌സുമാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ നടപ്പാക്കാനും ശ്രമിക്കുന്നില്ല. സ്വന്തം നിലനിൽപ്പിനായി പൊറുതി മുട്ടുമ്പോൾ ആരോടും പരിഭവപ്പെടാതെ നഴ്‌സുമാർ തുച്ഛമായ ശമ്പളത്തിൽ അവരുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു. കുടുംബം, മക്കൾ അവരുടെ വിദ്യാഭ്യാസമെല്ലാം മാനേജുമെന്റ് വെച്ചുനീട്ടുന്ന തുച്ഛമായ ശമ്പളത്തിൽ നിർവഹിക്കേണ്ടതായുമുണ്ട്.

അന്നുണ്ടായ നഴ്‌സുമാരുടെ സമരങ്ങൾക്കുശേഷം പുതിയൊരു സമരമുഖം തുടരാൻ അവർ മടിക്കുന്നു. പലർക്കും ഭീഷണികളും മാനേജുമെന്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം മാനസികമായ അസ്വസ്ഥകളുമുണ്ടാക്കിയിരുന്നു. ഇറാക്കിൽ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരുടെ കണ്ണുനീരിന്റെ കഥകളും അതിലുൾപ്പെടുന്നു. ഇനിയൊരു സമരത്തിന് മുമ്പോട്ടിറങ്ങുവാനുള്ള ആത്മധൈര്യവും അന്നു സമരങ്ങളുടെ മുന്നണിയിൽ നിന്നിരുന്ന നഴ്‌സുമാർക്ക് ഉണ്ടായിരിക്കില്ല. അത് മുതലാക്കി മാനേജ്‌മെന്റ് അവരെ  ചൂഷണം ചെയ്തുകൊണ്ടിരുന്നു.

2013-ൽ നടപ്പാക്കിയ ഉടമ്പടി പ്രകാരം ആറു മണിക്കൂർ ജോലിയും ഒരു നഴ്‌സിന് കൊടുക്കേണ്ട ശരാശരി ശമ്പളവും നിശ്ചയിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരായ പ്രൈവറ്റ് മാനേജുമെന്റുകൾ പിന്നീട് പുറകോട്ടു മാറുകയായിരുന്നു. ചോദിക്കാനാളില്ലാതെ മാനേജുമെന്റുകൾ ജേതാക്കളായി രോഗികളിൽ നിന്നും വമ്പിച്ച ഫീസും ഈടാക്കി ഭീമമായ ആദായം കൊയ്തുകൊണ്ടിരിക്കുന്നു.  പാവങ്ങളായ രോഗികൾക്ക് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ചീകിത്സ നേടാൻപോലും സാധിക്കില്ല. ഒരു കൂലിവേലക്കാരനു ലഭിക്കുന്ന വേതനം പോലും പ്രൊഫഷണൽ ജോലി ചെയ്യുന്ന നഴ്സ്‌മാർക്ക് ലഭിക്കുന്നില്ല. കൂടാതെ ഓരോ ഹോസ്പ്പിറ്റലിലും തൊഴിൽ ചെയ്തു ജീവിക്കുന്ന ഈ കുട്ടികളെ ചൂഷണം ചെയ്യുന്ന ഞെട്ടിക്കുന്ന കഥകളും ദിനംപ്രതി വർത്തമാനകാല സംഭവങ്ങളാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും നഴ്സ്‌മാർ അവരുടെ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.

ഹോസ്പ്പിറ്റലുകളിൽ എട്ടു മണിക്കൂർ ജോലിയെന്നാണ് സാധാരണ നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പന്ത്രണ്ടും അതിൽ കൂടുതലും മണിക്കൂറുകൾ ജോലി ചെയ്യേണ്ട സ്‌ഥിതിവിശേഷമാണ് നഴ്‌സുമാർക്കുള്ളത്. അധിക ജോലിക്ക് തുച്ഛമായ കൈനീട്ടം കൊടുത്തെങ്കിലായി. മെഡിക്കൽ ഇൻഷുറൻസും തൊഴിൽ ചെയ്യുന്നവർക്ക് നൽകാറില്ല. പകർച്ച വ്യാധിയുള്ള അസുഖമുള്ളവരെ ശുശ്രുഷിക്കുന്ന മൂലം പലരും രോഗ ബാധിതരാകുകയും ചെയ്യുന്നു. ചീകത്സിക്കാനുള്ള പണവും സ്വന്തമായി കരുതണം.

നഴ്‌സുമാർക്ക് മാസം രണ്ടായിരം രൂപായിൽ താഴെ ശമ്പളം കൊടുക്കുന്ന ഹോസ്പ്പിറ്റലുകളുമുണ്ട്. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് ആർക്കും അത്രയും തുച്ഛമായ ശമ്പളംകൊണ്ട് ജീവിക്കാൻ സാധിക്കില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തിന്റെ നാലിലൊന്നു പോലും ഭൂരിഭാഗം ഹോസ്പ്പിറ്റലുകളും നഴ്‌സുമാർക്ക് നൽകാറില്ല. ഒരു രോഗിയ്ക്ക് ബില്ല് കൊടുക്കുമ്പോൾ നഴ്‌സിങ്ങ്  ഫീസായി ഒരു ദിവസം രണ്ടായിരം രൂപായ്ക്കു മേൽ രോഗികളെ ഹോസ്പ്പിറ്റലുകൾ  ചാർജ് ചെയ്യാറുണ്ട്. അതിന്റെ ഒരു ദശാംശം പോലും ഒരു നഴ്‌സിന് നൽകാറില്ല.

ഭൂരിഭാഗം നഴ്സുമാരും പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ ജോലിയ്ക്ക് കയറുന്നത് കോൺട്രാക്ട്  വ്യവസ്ഥയിലായിരിക്കും. അതിനുള്ളിൽ ജോലിയിൽനിന്നും പിരിഞ്ഞു പോകാതിരിക്കാനായി അവർക്ക് ബോണ്ടിൽ ഒപ്പിടേണ്ടതായും ഉണ്ട്. ഇടയ്ക്ക് ജോലി നിർത്തേണ്ടി വന്നാൽ ബോണ്ട് പ്രകാരം അമ്പതിനായിരം രൂപയോ അതിൽ കൂടുതലോ മാനേജ്‌മെന്റിന് കൊടുക്കേണ്ടി വരുന്നു. തൊഴിൽ പ്രാവീണ്യമില്ലാത്ത നഴ്‌സസിനെ നിയമിച്ചുകൊണ്ട് പരിചയ സമ്പന്നരായ നഴ്‌സുമാരുടെ ശമ്പളവും മാനേജ്‌മെന്റ് വെട്ടികുറയ്ക്കാറുണ്ട്. അങ്ങനെ രോഗികളുടെ ചീകത്സകളിലും നഴ്‌സുമാരുടെ സേവനങ്ങളിലും ദുരിതമുണ്ടാക്കുന്നു.

പുരുഷന്മാരായ നഴ്സ്‌മാർക്ക് ജോലിയവസരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നൽകാറില്ല. കാരണം സ്ത്രീ നഴ്‌സുമാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്. അവരെ കൂടുതൽ ചൂഷണം ചെയ്തുകൊണ്ട് കുറഞ്ഞ ശമ്പളം കൊടുത്ത് തൃപ്തിപ്പെടുത്താൻ സാധിക്കും. നിസാര കാര്യത്തിനുപോലും നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച്  ശിക്ഷിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ശമ്പളം ഇല്ലാതെ ഡബിൾ ഡ്യൂട്ടിയ്ക്കും നിർബന്ധിക്കും. കൂടാതെ മാനേജുമെന്റിൽ നിന്നും മാനസിക പീഡനം അമിതമായുണ്ടായിരിക്കും.

മൂന്നും നാലും ലക്ഷം രൂപാ മുടക്കിയാണ് പ്രൈവറ്റ് സ്‌കൂളുകളിലും മറ്റുള്ള സംസ്ഥാനങ്ങളിൽ   പോയും നഴ്സ്‌മാർ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. പഠനം കഴിയുമ്പോൾ അവരുടെമേൽ അമിതമായ ഒരു കടബാധ്യതയുമുണ്ടായിരിക്കും. ബാങ്ക് കടങ്ങൾ സമയാ സമയങ്ങളിൽ തിരിച്ചടക്കേണ്ടിയും വരുന്നു. തുച്ഛമായ ശമ്പളം കാരണം ബാങ്ക് കടങ്ങൾ പലർക്കും മടക്കി അടയ്ക്കാൻ സാധിക്കാതെയും വരുന്നു. ഈ ചെറിയ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യംമൂലം അവർ വലിയ പട്ടണങ്ങളിലെ ഹോസ്പ്പിറ്റലുകളിൽ ജോലി തേടുന്നു. അതുമൂലം കൂടുതൽ ചിലവുകളും പലിശ സഹിതം ബാങ്കിലെ കടം വീട്ടാൻ സാധിക്കാതെയും വരുന്നു.

നഴ്‌സസിന് കുറഞ്ഞ വേതനം കൊടുക്കുന്നതിനുപുറമെ തൊഴിൽ പാരിതോഷികമോ, തൊഴിൽദാദാവിൽനിന്നുള്ള ബോണസുകളോ പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റിവിറ്റിയോ നൽകാറില്ല. തൊഴിലിന്റെ മാനദണ്ഡമായ നഴ്‌സുമാരുടെ തൊഴിലിനെ മാനേജുമെന്റിലുള്ളവരും ഡോക്ടർമാരും ബഹുമാനിക്കുകയുമില്ല. ചിലപ്പോൾ രോഗികളിൽനിന്നുപോലും അവഗണനകൾ ലഭിക്കാറുണ്ട്. അവരുടെ തൊഴിലിനെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും പതിവാണ്. നിസാര തെറ്റുകൾക്ക് പോലും കുറ്റപ്പെടുത്തലുകളുമുണ്ടാവും. പ്രശ്നങ്ങളുമായി നഴ്‌സുമാർ സർക്കാരിന്റെ തൊഴിൽ ഡിപ്പാർട്മെന്റിൽ പരാതി കൊടുത്താലും അർഹമായ പരിഗണനകളും നൽകാറില്ല. അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശക്തമായ തൊഴിൽ സംഘടനകളുമില്ല. എന്ത് അനീതികളൂം ഉയർന്ന സ്ഥാനത്തു നിന്നുണ്ടായാലും സഹിച്ചുകൊണ്ടിരിക്കണം. പലപ്പോഴും മനുഷ്യത്വത്തിന്റെ പരിഗണന പോലും നൽകാറില്ല.

സമരങ്ങളോ മറ്റു പ്രതിക്ഷേധങ്ങളോ നഴ്‌സുമാർ നടത്തുമ്പോൾ മാനേജ്‌മെന്റ് അവരെ ഭീക്ഷണിപ്പെടുത്താറുണ്ട്. നിയമപരമായ നടപടികൾ നടത്തുമെന്നും ഭീക്ഷണിപ്പെടുത്തും. വിദ്യാർത്ഥികളായ നഴ്സുമാരെ പകരം ജോലിക്കായി വെക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലും നഴ്‌സസ് പിന്തിരിയാതെ ശക്തിയായി തന്നെ സമരം തുടരാറുണ്. അതുമൂലം രോഗികൾക്കും ശരിയായ പരിചരണം ലഭിക്കാതെ പോവുന്നു. മാനേജ്‌മെന്റ് അവരുടെ ലാഭം കൊയ്യുന്നതിനെപ്പറ്റി പ്രയാസപ്പെടുവാൻ തുടങ്ങും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം നഴ്‌സസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജുമെന്റ് തയ്യാറാവാറുണ്ട്. ഐക്യമത്യത്തോടെയുള്ള സമരം കാരണം വിജയങ്ങളും ഉണ്ടാകാറുണ്ട്. സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റിയും അവർ ആകുലരാകും. 'അപ്പോളോ ഹോസ്പ്പിറ്റലിൽ' സമരം ഉണ്ടായപ്പോൾ അവരുടെ സ്റ്റോക്കിന്റെ വിലയിടിയുകയും സമരം അവസാനിച്ചപ്പോൾ സ്റ്റോക്ക് മാർക്കറ്റിന്റെ പഴയ നിലവാരത്തിൽ നിന്നും ആറു ശതമാനം വർദ്ധിക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുത്തവരുടെ  ഐക്യമത്യവും ശക്തി പ്രകടനവും കാരണം മാനേജുമെന്റിനു അന്ന് സമരക്കാരുടെ ആവശ്യങ്ങൾ സമ്മതിക്കേണ്ടി വന്നു.

ഉപഭോക്താക്കളെ ആകർഷിക്കാൻ മാർക്കറ്റിങ്ങ് പരസ്യങ്ങൾ എല്ലാ കോർപ്പറേഷനുകളും  ഹോസ്പ്പിറ്റലുകളും നൽകുന്നത് കാണാം. ഹോസ്പ്പിറ്റലുകൾ സേവനമല്ല വെറും വ്യവസായങ്ങളായി അധഃപതിച്ചുവെന്നുള്ളതാണ് വാസ്തവം. വലിയ ഹോസ്പ്പിറ്റലുകൾ പത്രങ്ങളിൽ വൻപരസ്യങ്ങൾ കൊടുക്കാറുണ്ട്. പേരുകേട്ട സിനിമാ താരങ്ങളെ വെച്ചുള്ള സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പരസ്യങ്ങളായിരിക്കും കൂടുതലും. രോഗികളും ഡോക്ടർമാരും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒപ്പം പുഞ്ചിരിക്കുന്ന നഴ്സുമാരും പത്ര പരസ്യങ്ങളിൽ കാണാം. എന്നാൽ ആ പടത്തിന്റെ പുറകിൽ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതേ സമയം നിഷ്കളങ്കരായ നഴ്‌സസിന് കൊടുക്കുന്ന ശമ്പളം വളരെ തുച്ഛവുമാണ്. ഭീമമായ ലാഭവീതം ഹോസ്പ്പിറ്റൽ മുതലാളിമാർ കൊയ്യുകയും ചെയ്യും.

ദിനം പ്രതി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്നു. വിലപ്പെരുപ്പം വന്നാലും  നഴ്‌സുമാരുടെ വേതനത്തിന് മാറ്റം വരില്ല. രോഗം വന്നാൽ പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ പോകുന്നുവെങ്കിൽ സമ്പാദ്യം പൂജ്യമാവുകയും ചെയ്യും. സർക്കാർ ഹോസ്പ്പിറ്റലുകളിലെ സേവനങ്ങൾ വളരെ പരിമിതമായതുകൊണ്ടാണ് പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ആശ്രയിക്കുന്നത്.  വാസ്തവത്തിൽ   പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യാറുള്ളത്. താമസിക്കാനായി ഒരു ദിവസത്തിലേക്കുള്ള സാധാരണ മുറിക്കുപോലും വാടകയായി അയ്യായിരം രൂപയിൽ കൂടുതൽ ചാർജ് ചെയ്യും.

തൊഴിൽ നിയമം അനുസരിച്ചു നഴ്‌സുമാർക്ക് ആറുമണിക്കൂർ ജോലി ചെയ്‌താൽ മതി. എന്നാൽ സത്യത്തിൽ എല്ലാ ഹോസ്‌പ്പിറ്റലുകളിലും അവർക്ക് നിർബന്ധമായി പന്ത്രണ്ടു മണിക്കൂറുകൾ ജോലി ചെയ്യേണ്ടതായുണ്ട്. ഡോക്ടർമാർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും വിശ്രമമുണ്ട്. നഴ്‌സുമാർ ഒരിക്കലും വിശ്രമിക്കാൻ പാടില്ല. വിശ്രമിച്ചാൽ മുകളിലുള്ള അധികാരികളുടെ ശകാരവർഷങ്ങളും ഉണ്ടാകും. രാത്രി മുഴുവൻ ഉറക്കമിളച്ചു രോഗികൾക്കൊപ്പമുണ്ടാകണം. രോഗികളുടെ മലമൂത്രങ്ങളും എടുക്കണം. അവരെ കുളിപ്പിക്കണം. അവരുടെ വസ്ത്രങ്ങൾ മാറ്റികൊടുക്കണം. ഭക്ഷണം സ്പൂണുകൊണ്ട് വായിൽ കൊടുക്കണം. ചെറിയ തെറ്റുകൾ കണ്ടാലും നഴ്‌സുകളുടെ തൊഴിൽ റിക്കോർഡുകളിൽ കറുത്ത വര വീഴുകയും ചെയ്യും. ഇഷ്ടപ്പെടാത്ത ഒരു രോഗി നഴ്‌സിനെപ്പറ്റി പരാതി പറഞ്ഞാലും മതി അവരുടെ തൊഴിലിനെ ബാധിക്കാൻ. ചെയ്യുന്ന ജോലിക്ക് തുല്യമായ വേതനവും നൽകില്ല. ഇവരുടെ ദയനീയ അവസ്ഥകളെ അന്വേഷിക്കാൻ ഒരു സർക്കാരും  തയ്യാറാവുകയുമില്ല. മാനേജമെന്റിനു സർക്കാരുകളുമായി പിടിപാടുകൾ ഉള്ളതുകൊണ്ട് എല്ലാ പ്രശ്നങ്ങളും സർക്കാരിന്റെ ചുവപ്പുനാടയിൽ ഒതുങ്ങിക്കൊള്ളുകയും ചെയ്യും. മാലാഖമാരെന്നു സുന്ദര പദങ്ങളിൽ അവർ അറിയപ്പെടുന്നുവെങ്കിലും ഒരു അടിമയെപ്പോലെ അവർ ഹോസ്‌പ്പിറ്റലുകളിൽ ജോലി ചെയ്യണമെന്നുള്ളതാണ് സത്യം. അവർക്കുവേണ്ടി ശബ്ദിക്കാൻ ഒരു മനുഷ്യാവകാശ കമ്മീഷനും നാളിതുവരെ മുമ്പോട്ട് വന്നിട്ടില്ല.

ഗർഭിണികളായ നഴ്സുമാരും രാത്രിയും പകലുമില്ലാതെ ജോലി ചെയ്യണം. മറ്റെല്ലാ തൊഴിൽ മേഖലകളിലും ശക്തമായ യൂണിയനുകളുണ്ട്. അവകാശങ്ങൾ കാലാകാലമായി അവർ നേടിയെടുക്കുകയും ചെയ്യും. പക്ഷെ ജീവിക്കാൻ മല്ലിടുന്ന ഇവർക്കുവേണ്ടി വാദിക്കാൻ ആരുമില്ല. മാറി മാറി വന്നിരുന്ന  സർക്കാരുകളും നഴ്‌സുമാരുടെ ശബ്ദം ശ്രവിക്കാൻ തയ്യാറായിട്ടില്ല. ഇവരുടെ കണ്ണുനീരിന്റെ കഥകൾ ഉത്തരവാദിത്വപ്പെട്ടവർക്ക്  അറിയുകയും വേണ്ട.

ഓരോ വർഷവും സർക്കാർ, ആരോഗ്യ പരിപാലനത്തിനായുള്ള വ്യവസായങ്ങൾക്ക് നികുതിയിളവുകൾ നൽകാറുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നികുതി കൊടുക്കേണ്ടതില്ല. മരുന്നുകൾക്കും ഇറക്കുമതിയിൽ നികുതിയില്ല. പക്ഷെ അത്തരം ഇളവുകളെല്ലാം വൻകിട കമ്പനികൾക്കെ ഉപകാരപ്രദമാവുകയുള്ളൂ. സാധാരണക്കാർക്ക് വൻകിട വ്യവസായങ്ങൾക്ക് നൽകുന്ന നികുതിയിളവുകൾ കൊണ്ട് യാതൊരു ഗുണവുമില്ല. ആനുകൂല്യങ്ങൾ   ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർക്കായി നൽകാൻ സർക്കാരുകൾ തയ്യാറാവുകയുമില്ല.

നഴ്‌സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പരിഷ്‌ക്കാരങ്ങൾ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇന്ത്യ മുഴുവനായുള്ള ഏകീകൃത ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല. അമിതലാഭം കൊയ്യുന്ന പ്രൈവറ്റ് ഹോസ്പ്പിറ്റലുകൾ ദേശവൽക്കരിക്കുകയാണെങ്കിൽ ആരോഗ്യ മേഖലകൾ കൂടുതൽ സുരക്ഷിതവും സാധാരണക്കാർക്ക് ഗുണപ്രദവുമായിരിക്കും. പ്രൈവറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നുവെങ്കിൽ നഴ്‌സുമാരുടെ ജീവിതനിലവാരവും ഉയർത്താൻ സാധിക്കും. രാജ്യത്തിലെ സാധാരണക്കാർക്കും ആരോഗ്യപരമായ പരിപാലനം ലഭിക്കാനും അത് സാഹചര്യം ഒരുക്കുകയും ചെയ്യും.

തൊഴിൽ നിയമങ്ങൾ എല്ലാ നഴ്‌സുകൾക്കും ബാധകമാക്കണം. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണം. നഴ്‌സുമാരുടെ സ്‌കൂൾ സർട്ടിഫിക്കറ്റുകളും പരിശീലന സർട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്ന സ്ഥാപനങ്ങളെയും ഹോസ്പിറ്റലുകളെയും നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കണം. ജോലിയിൽ നിന്ന് രാജി വെക്കേണ്ടി വരുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ തടയാൻ ഒരു തൊഴിലുടമയ്ക്ക് അവകാശമില്ല. ഡോക്ടർമാരുടെയും മാനേജമെന്റിയും പീഡനം അവസാനിപ്പിക്കണം. നഴ്‌സിന്റെ തൊഴിലും ഡോക്ടറിന്റെ തൊഴിലിനെപ്പോലെതന്നെ അന്തസുള്ളതെന്നും മനസിലാക്കണം. അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ഒരു നഴ്‌സിംഗ്‌ തൊഴിലിനു അർഹമായ അന്തസ് കല്പിച്ചിട്ടുണ്ട്. നഴ്‌സസിന്റെ താൽക്കാലിക കോൺട്രാക്ട് ജോലി അവസാനിപ്പിച്ച് അവർക്ക് ജോലിയിൽ സ്ഥിരത നൽകണം. നിയമനങ്ങളിലും മറ്റും നടക്കുന്ന അഴിമതികളും ബ്യുറോക്രസിയും അവസാനിപ്പിക്കണം.

ദേശീയ നിലവാരത്തിൽ എല്ലാ നഴ്സുമാരും സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്ക് ചൂഷണമാണ് ഇന്ത്യയിലുള്ള എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും അവരോടു ചെയ്യുന്നത്.  നഴ്‌സസിനും തൊഴിൽ നിയമം അനുസരിച്ചുള്ള ശമ്പളം പ്രാബല്യത്തിൽ വരുത്തണം. സുപ്രീം കോടതി വിധിച്ചിരിക്കുന്ന ശമ്പള പരിഷ്‌ക്കാരവും നടപ്പിൽ വരുത്തണം. ജീവിത നിലവാരമനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണവും വേണം. അതനുസരിച്ചുള്ള ശമ്പള വർദ്ധനവും കാലാകാലങ്ങളിൽ ആവശ്യവുമാണ്. ഹോസ്പ്പിറ്റലുകൾ ഉണ്ടാക്കുന്ന അമിത ലാഭത്തിന്റെ വീതം തൊഴിൽ ചെയ്യുന്നവർക്കും കൊടുക്കേണ്ട വ്യവസ്ഥയുമുണ്ടാക്കണം. എട്ടു മണിക്കൂർ ജോലി കൂടാതെ പ്രവർത്തന സമയം കൂട്ടിയാൽ അതിനുള്ള അർഹമായ വേതനവും നൽകണം. വർഷത്തിൽ അവധിയും ജോലി ചെയ്യാനുള്ള നല്ല സാഹചര്യങ്ങളും സൃഷ്ടിക്കണം. ശുശ്രുഷകൾക്കായി നഴ്‌സും രോഗികളും തമ്മിലുള്ള എണ്ണങ്ങളുടെ അനുപാതവും നിശ്ചയിക്കണം. ഹോസ്പ്പിറ്റൽ മാനേജമെന്റ് എല്ലാ നഴ്‌സുകൾക്കും ശമ്പളം കൂടാതെ ഹെൽത്ത് ഇൻഷുറൻസും നൽകണം.

പ്രൈവറ്റ് ഹോസ്പ്പിറ്റലുകളിൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കൃത രാജ്യങ്ങളിൽ കാണുന്നപോലെ ഒരു ഏകീകൃത സിവിൽ നയം ഭാരതത്തിൽ നടപ്പാക്കിയിട്ടില്ല. ഹോസ്പ്പിറ്റലുകൾ പ്രൈവറ്റ് നിയന്ത്രണങ്ങളിൽനിന്നും വേർതിരിച്ച്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ വരുത്തേണ്ട ഒരു സംവിധാനവും നടപ്പാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നഴ്‌സുമാരുടെ മീതെ ചൂഷണം തുടർന്നുകൊണ്ടിരിക്കും. ദേശീയ അടിസ്ഥാനത്തിൽ പ്രൈവറ്റ് ഹോസ്പ്പിറ്റലുകളെ ദേശവൽക്കരിക്കേണ്ട ആവശ്യവും വന്നു ചേരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കോർപ്പറേറ്റുകൾ നേടുന്ന അമിതലാഭം സർക്കാരിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ സാധിക്കുമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയിൽ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം ചൂഷകരായ കോർപ്പറേറ്റ് വ്യവസായികളെ മൂക്കു കയറിടുന്ന പ്രത്യേക നിയമസംഹിതകളും സ്വാഗതാർഹമായിരിക്കും.

എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരെന്നു വിളിക്കുന്നത്? ഒരു കുഞ്ഞു ജനിക്കുമ്പോഴും ഒരാൾ മരിക്കുമ്പോഴും ഒരു നഴ്സ് മാലാഖയുടെ രൂപത്തിലാണ് അവിടെ നിൽക്കുന്നത്. അഭിമാനത്തോടെയാണ് നിത്യം വേദനിക്കുന്ന രോഗികളുടെ സമീപത്ത് അവരെത്തുന്നത്. ഇന്നേ ദിവസം ആരുടെ ജീവിതമാണ് തനിക്കു രക്ഷിക്കാനുള്ളതെന്നും ചിന്തിക്കും. താൻ മൂലം ഇന്നും ആരോ അവർക്കുവേണ്ടി കാത്തിരിക്കുന്നു. അവർമൂലം ഇന്നും ഒരാൾ ജീവിച്ചിരിക്കുന്നു. രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ വിങ്ങിപ്പൊട്ടി കരയും. മരണത്തിന്റെ വിളി വരുമ്പോൾ നിസഹായയായി അവർ മരിക്കുന്നവരെ നോക്കി നിൽക്കും. ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിന്റെ ആദ്യ ശ്വാസവും  പരിചരിക്കുന്ന നഴ്‌സിനെ നോക്കിയായിരിക്കും. ഒരു പക്ഷെ ജീവിതം അവസാനിക്കുന്ന വൃദ്ധനായ ഒരു മനുഷ്യൻ കണ്ണടയ്ക്കുന്നതും അവരെ നോക്കിയായിരിക്കും. മരിക്കാൻ പോവുന്ന അയാളുടെ കണ്ണുനീരും ഒപ്പിക്കൊടുക്കും. വേദനകളിലും അവർ സഹായിക്കും. കൈകളിൽ പിടിച്ചുകൊണ്ടു ശക്തി നൽകും. ഉറച്ച ഒരു മനസിന്റെ ഉടമയാണവർ. കാരണം അവർ ഒരു നഴ്സാണ്.








https://www.facebook.com/gulan.engandiyoor/videos/808892365913726/

http://www.greenkeralanews.com/nurselife-strike-harasment-private-hospital/

http://www.kalavedionline.com/index.php?cat=Special&news=6802

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...