Thursday, August 10, 2017

മ‌അ്ദനി പകപോക്കലിന്റെയും വ്യാജ അന്യായങ്ങളുടെയും ഇര



ജോസഫ് പടന്നമാക്കൽ

1947-ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനുശേഷം ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം വിദ്വെഷത്തോടെയും പ്രതികാരേച്ഛയോടെയും കഴിഞ്ഞിട്ടുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അവരുടെയിടയിൽ തന്നെ മത മൗലികത അടിസ്ഥാനമാക്കി തീവ്ര ഹിന്ദുക്കളും തീവ്ര മുസ്ലിമുകളുമായി രണ്ടു വിഭാഗക്കാരായി തിരിയുകയും ചെയ്തു. രണ്ടുകൂട്ടരും  ദേശസ്നേഹികളായി അവകാശപ്പെടുകയും ചെയ്യുന്നു. സെപ്റ്റംബർ പതിനൊന്നിലെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം മുസ്ലിം ജനതയെ ക്രൂരമായി പരിഹസിക്കുന്നതിൽ ലോകം മുഴുവനും തന്നെ ഇന്ന് ആനന്ദവും കണ്ടെത്തുന്നുണ്ട്. ഭാരതത്തിന്റെ സിന്ധുനദി തീരത്തുനിന്നും ഒരേ സംസ്‌കാരമായി ഒരേമണ്ണിൽ ജീവിച്ച ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽത്തമ്മിൽ കലഹിക്കലും നിത്യ സംഭവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

തീവ്രമായ മതപ്രഭാഷണങ്ങളുടെ പേരിൽ കഴിഞ്ഞ പതിനേഴു വർഷമായി പി.ഡി.പി നേതാവായ 'മ‌അ്ദനി' ജയിൽവാസം അനുഭവിക്കുന്നു. ഇപ്പോൾ ബാംഗ്ളൂരിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണയില്ലാതെ കഴിയുന്നു. ഇന്ത്യയിലെ അനേക സ്ഫോടന പരമ്പരകളുമായി അദ്ദേഹത്തിൻറെ പേരും ചേർക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പത്തുവർഷം കോയമ്പത്തൂർ സ്പോടനമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്നാട് ജയിലിലായിരുന്നു. അവിടെനിന്ന് 2007 ഓഗസ്റ്റ് ഒന്നിനു കുറ്റവിമുക്തനായി പുറത്തിറങ്ങിയ അദ്ദേഹത്തെ 2008 ജൂലൈ ഇരുപത്തിയഞ്ചാം തിയതി വീണ്ടും അറസ്റ്റ് ചെയ്തു. ഹിന്ദുമൗലിക വാദികളുടെ കൂടിയാലോചനയിൽ കേസ്സുകൾ കെട്ടിച്ചമച്ചെതെന്നാണ് ഭൂരിഭാഗം മുസ്ലിമുകളും നിഷ്പ്പക്ഷരായവരും ചിന്തിക്കുന്നത്.

1966 ജനുവരി പതിനെട്ടാം തിയതി കൊല്ലം ജില്ലയിലുള്ള മൈനാഗപ്പള്ളിയിൽ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാ ബീവിയുടെയും മകനായി 'അബ്ദുന്നാസർ മ‌അ്ദനി' ജനിച്ചു. അറബികോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം ഒരു മതപ്രഭാഷകനായി അറിയപ്പെടാൻ തുടങ്ങി. കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചു പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ആയിരക്കണക്കിന് അനുയായികളെ ലഭിച്ചിരുന്നു. 1992 ആഗസ്റ്റ് ആറാം തിയതി തീവ്രമായ മൗലിക മതപ്രഭാഷണങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ വധശ്രമം ഉണ്ടായി. കഷ്ടിച്ചു രക്ഷപ്പെടുകയും വലത്തുകാൽ നഷ്ടപ്പെടുകയും ചെയ്തു. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പേരിൽ അദ്ദേഹം വികാരാധീനമായി നാടെങ്ങും പ്രസംഗിക്കുമായിരുന്നു. അതിന്റെ പേരിൽ മ‌അ്ദനിയെ അറസ്റ്റു ചെയ്യുകയുമുണ്ടായി. പിന്നീട് സമുദായ പ്രവർത്തനങ്ങൾ ഉൾപ്പടെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങളും ആരംഭിച്ചു.

1990-ൽ അദ്ദേഹം ഇസ്ലാമിക സേവക സംഘം (ISS)എന്ന സാമുദായിക സംഘടന ആരംഭിച്ചു. 1993 ഏപ്രിൽ പതിനാലാം തിയതി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് (പി.ഡി.പി.) രൂപം നൽകി. അവർണ്ണർക്കുവേണ്ടിയും ദളിതരായ മുസ്ലിമുകൾക്കുവേണ്ടിയും പ്രവർത്തിക്കുകയെന്നതായിരുന്നു പാർട്ടിയുടെ നയം. മുസ്ലിമുകളുടെയിടയിൽ പി.ഡി.പി. അവഗണിക്കാൻ സാധിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയായി വളർന്നു. ബാബറി മസ്ജിദ് തകർത്ത നാളുകളിൽ പിഡിപി നിരോധിച്ചിരുന്നു. 'മ‌അ്ദനി'  ന്യുനപക്ഷങ്ങളുടെയും ദളിതരുടെയും പാർട്ടിയുണ്ടാക്കിയപ്പോൾ ഇന്ത്യൻ കോർപ്പറേറ്റുകളും സർക്കാരും മീഡിയാകളും 'മ‌അ്ദനി' യെ വിമർശിക്കാൻ തുടങ്ങി. 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് 'മ‌അ്ദനി' കേരളം മുഴുവൻ പദയാത്രകൾ സംഘടിപ്പിച്ചിരുന്നു. മുസ്ലിം ജനതയുടെ പ്രിയങ്കരനായ ഒരു നേതാവായും വളർന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയ വളർച്ച കോൺഗ്രസിനും ബി.ജെ.പി. യ്ക്കും ഒരു പോലെ ഭീഷണിയുമായിരുന്നു.

1990-വരെ 'മ‌അ്ദനി' ഭീകരപ്രവർത്തനങ്ങളുമായി ഒളിവു സങ്കേതങ്ങളിൽ ഒളിച്ചിരുന്നുവെന്നാണ് പ്രചരണം. അതുവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന മ‌അ്ദനി ബാബറി മസ്ജിദ് തല്ലി തകർത്തപ്പോൾ ഇടതുപക്ഷങ്ങളുടെ പിന്തുണയോടെ രംഗത്ത് വന്നുവെന്നാണ് ചിലരുടെ കിംവദന്തികൾ. വർഗീയത ഇളക്കി വിട്ടുകൊണ്ട് നാടിനെ ഇളക്കിയും മുസ്ലിമുകൾക്ക് ആയുധ പരിശീലനം നൽകിയും ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ പി.ഡി.പി. എന്ന സംഘടനയുണ്ടാക്കിയും മലമ്പ്രദേശത്ത് തീവ്രവാദികളെ വളർത്തിയെടുക്കാൻ പരിശീലനം നൽകിയും മ‌അ്ദനി പ്രവർത്തിച്ചിരുന്നുവെന്നു കുപ്രചരണങ്ങളുമുണ്ട്. ഒരു കാര്യം ചിന്തിക്കണം. മുസ്ലിം ന്യുനപക്ഷം മുഴുവനായും മ‌അ്ദനിക്ക് പിന്തുണ നല്കുന്നു. ഇയാൾ ഒരു തീവ്ര വാദിയായിരുന്നെങ്കിൽ രാജ്യത്തിലെ വലിയൊരു വിഭാഗം മുസ്ലിമുകൾ പിന്തുണ നല്കുമായിരുന്നോ? കേരളത്തിലെ ഇടതുപക്ഷങ്ങളും കോൺഗ്രസും വരെ മ‌അ്ദനിയുടെ വളർച്ചക്ക് കാരണമായിരുന്നു.

മുസ്ലിം സമുദായത്തെ പുനരുദ്ധരിക്കാൻ മ‌അ്ദനി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതുകൊണ്ട് ഹിന്ദുത്വ ശക്തികൾക്ക് മാത്രമല്ല ഭരിക്കുന്ന സർക്കാരുകൾക്കും അദ്ദേഹത്തോട് പ്രതികാര മനോഭാവമായിരുന്നു. സെപ്റ്റംബർ പതിനൊന്നിലെ സംഭവത്തിനുശേഷം ഇന്ത്യയിലെ മിക്ക സ്റ്റേറ്റുകളും ഹിന്ദു രാഷ്ട്രീയ സംഘടനകളും, മ‌അ്ദനിയെ ഒരു നോട്ടപ്പുള്ളിയായി കണ്ടിരുന്നു. മുസ്ലിമുകൾക്കു വേണ്ടി സംസാരിക്കുന്നതായിരുന്നു കാരണം. ഭീകരവാദം ചുമത്തിക്കൊണ്ടു മ‌അ്ദനിയേയും ഭാര്യ സൂഫിയായെയും വേട്ടയാടിക്കൊണ്ടിരുന്നു. 2009-ഡിസംബറിൽ തമിഴ്നാട് ബസിനെതിരെയുള്ള സമരത്തിൽ സൂഫിയായെ അറസ്റ്റു ചെയ്തു. ഇന്ത്യയിൽ എവിടെ ഭീകരാക്രമണം ഉണ്ടായാലും മ‌അ്ദനിയുടെ പേരായിരിക്കും ആദ്യം വരുക.

ആർ.എസ്.എസ് നെതിരായി ഒരു രാഷ്ട്രീയമറ സൃഷ്ടിക്കാനെ മ‌അ്ദനി ആഗ്രഹിച്ചിരുന്നുള്ളൂ. അച്യുതാനന്ദനെതിരെ പിണറായുമായി ഒരു ശക്തമായ കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പാർട്ടി ഇസ്‌ലാമിക ചിന്തകളുടെയും സാഹോദര്യത്തിന്റെയും മുസ്ലിം ദളിതരുടെ ക്ഷേമത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അച്യുതാനന്ദൻ മ‌അ്ദനിയും കമ്മ്യുണിസവുമായി കൂട്ടുകൂടുന്നതിൽ എതിർത്തിരുന്നു. ന്യുനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ള പാർട്ടികൾ കമ്മ്യുണിസത്തിനെതിരെന്നായിരുന്നു അച്ചുതാനന്ദൻ വിശ്വസിച്ചിരുന്നത്.

1998-ഫെബ്രുവരി പതിന്നാലാം തിയതി കോയമ്പത്തൂർ സ്ഫോടനക്കേസിൽ മ‌അ്ദനിയെ പ്രതിചേർത്ത് അറസ്റ്റു ചെയ്തു. ബോംബിങ്ങിൽ 58 പേർ മരിക്കുകയും 200 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നത് അന്നത്തെ ബിജെപി നേതാവായ എൽ.കെ. അഡ്‌വാനി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു മീറ്റിങ്ങിൽ പ്രസംഗിക്കാൻ വരുന്നതിനു മുമ്പായിരുന്നു. മ‌അ്ദനിയ്ക്കെതിരായി  പത്രങ്ങൾ അദ്ദേഹത്തിനെ ദുഷിപ്പിച്ചുകൊണ്ടുള്ള വാർത്തകളും കിംവദന്തികളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ജാമ്യം കിട്ടാത്ത വകുപ്പിൽ ദേശീയ സുരക്ഷിതയുടെ പേരിൽ ഒരു വർഷം ജയിലിൽ അടച്ചു. സുപ്രീം കോടതിയെ സമീപിച്ച് കേസിൽ നിന്ന് വിമുക്തമായെങ്കിലും കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെടുത്തി വീണ്ടും അദ്ദേഹത്തിനെതിരെ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇവിടെനിന്നും അദ്ദേഹത്തെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. അവിടെ അദ്ദേഹത്തിന് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ അനുഭവിക്കേണ്ടി വന്നു. ജാമ്യത്തിനായി നിരവധി തവണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗുരുതരമായ ആരോപണങ്ങൾ കാരണം ജാമ്യാപേക്ഷകൾ തള്ളിക്കളയുകയാണുണ്ടായത്. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവുമുണ്ടായിരുന്ന അദ്ദേഹത്തിന് ചീകിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. ഒമ്പതു വർഷത്തോളം നീണ്ടുനിന്ന വിചാരണ നടപടികൾക്കുശേഷം അദ്ദേഹത്തെ 2007 ഓഗസ്റ്റ് ഒന്നാം തിയതി കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു.

രാഷ്ട്രീയ ഉദ്ദേശമാണ് തന്നെ കോയമ്പത്തൂർ ജയിലിൽ അടച്ചതെന്ന് മ‌അ്ദനി പറയുമായിരുന്നു. അദ്ദേഹത്തിന് അതിനുശേഷം കേരളത്തിൽ നല്ല പിന്തുണ കിട്ടുവാൻ തുടങ്ങി. യുഡിഎഫ് മായി ധാരണ ഉണ്ടാക്കിയെങ്കിലും അത് വെറും നാമമാത്രമായിരുന്നു. 1998-മാർച്ചിൽ കോഴിക്കോട് മ‌അ്ദനി നടത്തിയ വിപ്ലവകരമായ ഒരു പ്രസംഗം അദ്ദേഹത്തെ കുഴപ്പത്തിലാക്കുകയുമുണ്ടായി. കോയമ്പത്തുർ ജയിലിൽ നിന്ന് വിടുതലായപ്പോൾ മറ്റെല്ലാവരെപ്പോലെ താൻ സ്വതന്ത്രനായെന്ന് മ‌അ്ദനി വിചാരിച്ചു. എന്നാൽ ഇന്ത്യൻ സർക്കാരുകൾ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടാൻ പദ്ധതിയിട്ടിരുന്നു. കോയമ്പത്തുർ ജയിലിലെ കഠിന തടവിനുശേഷം കർണ്ണാട കോടതി ബാംഗ്ളൂർ ബോംബ് സ്പോടനമായി ബന്ധപ്പെട്ടെന്നാരോപിച്ച്‌ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലഷ്കർ ഇ ടോയ്‌ബ പ്രവർത്തകനെന്നു സംശയിക്കുന്ന ടി.നാസറിനെ ഒന്നാം പ്രതിയാക്കിയും മ‌അ്ദനിയെ മുപ്പത്തിയൊന്നാം പ്രതിയാക്കിയും പോലീസ് കേസ് ചാർജ് ചെയ്തു. ആ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഇരുപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ടു പോലീസ് ഉദ്യോഗസ്ഥർ ബാംഗളൂരിൽനിന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റുമായി കേരളത്തിലെത്തിയിരുന്നു. ബാംഗളൂരിലുണ്ടായ ബോംബിങ്ങിൽ മദനി പങ്കാളിയെന്ന് ഗവണ്മെന്റ്  ആരോപിച്ചിരുന്നു. അഹമ്മദാബാദിലും സൂറത്തിലും ജയ്‌പ്പൂരിലും ഉണ്ടായ ബോംബിങ്ങിലും മദനിയുടെ പങ്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. കർണ്ണാടക കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം അദ്ദേഹത്തിന് നിഷേധിച്ചിരുന്നു. ഇന്ത്യ സർക്കാരും ഹിന്ദുത്വ ശക്തികളും മീഡിയാകളും ഒന്നുപോലെ അദ്ദേഹത്തിനെ കുടുക്കിൽ അകപ്പെടുത്താൻ ശ്രമിച്ചിരുന്നു. കാരണം മ‌അ്ദനിയും വിശ്വസിക്കുന്നത് ഇസ്‌ലാമിക മതവികാരത്തിൽ തന്നെയായിരുന്നു. മതവും രാഷ്ട്രീയവും ഒത്തു ചേർന്ന സങ്കരക്കളിയിൽ മ‌അ്ദനിയും തന്റെ ആശയങ്ങളെ കുരുതികഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല. തികച്ചും ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മത മൂലസിദ്ധാന്ത വാദികൾക്ക് ഒരു ഭീക്ഷണിയായിരുന്നു.

2011 ഫെബ്രുവരി പതിനൊന്നാംതിയതി കർണ്ണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. മറ്റു കുഴപ്പങ്ങൾ ഇല്ലാതിരിക്കാൻ മ‌അ്ദനി പോലീസിന് കീഴടങ്ങാനാണ് ആഗ്രഹിച്ചത്. ഹൈക്കോടതിയ്ക്ക് സംശായാസ്പദമായ തെളിവുകൾ മാത്രമേയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ജി.പ്രഭാകർ, കെ.ബി. റഫീഖ്, കെ.കെ. യോഗനന്ദ് എന്നിവരുടെ സാക്ഷിമൊഴികളുടെ വെളിച്ചത്തിലായിരുന്നു അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചത്. വലിയൊരു ഗുഢാലോചന ഈ കേസിന്റെ പിന്നിൽ കളിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം പരിപാലനയിലുണ്ടായിരുന്ന അനാഥപ്പിള്ളേരുടെ പ്രാർത്ഥന നടത്തിയ ശേഷം സ്ഥലത്തെ കോടതിയിൽ കീഴടങ്ങുമെന്ന് മ‌അ്ദനി അന്ന് റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. കോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പറഞ്ഞു. എട്ടു ദിവസത്തോളം കർണ്ണാടക പോലീസ് മ‌അ്ദനിയെ അറസ്റ്റ് ചെയ്യാൻ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാൻ സ്ഥലത്തെ പോലീസിന്റെ അനുവാദവും ആവശ്യമായിരുന്നു.

മ‌അ്ദനിയുടെ സ്വയം കീഴടങ്ങാമെന്ന തീരുമാനം കർണ്ണാടക പോലീസ് അംഗീകരിച്ചില്ല. കാരണം അവർ എട്ടുദിവസത്തിൽ കൂടുതൽ കൊല്ലത്ത് താമസിച്ചിരുന്നു. ഹൈക്കോടതിയുടെ ജാമ്യമില്ലാ വാറന്റിന്റെ അവസാന ദിവസവും ആയിരുന്നു. അവർക്ക് നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. എട്ടാം ദിവസം കൊല്ലത്തുള്ള മ‌അ്ദനിയുടെ വീട്ടിൽ നിന്ന് കർണ്ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്ന സമയം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. അനാഥശാലയിലെ കുഞ്ഞുങ്ങളും അന്തേവാസികളും സ്ത്രീകളും നിലവിളിച്ചു വാവിട്ടു കരയുന്നുണ്ടായിരുന്നു. മ‌അ്ദനിയെ തിരുവനന്തപുരത്തുനിന്നും ബാംഗളൂരിൽ വിമാനത്തിലാണ് കൊണ്ടുപോയത്. ആ സായാഹ്നത്തിൽ തന്നെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ അദ്ദേഹത്തെ ഹാജരാക്കിയിരുന്നു. കർണ്ണാടക സർക്കാരിനോ, ഇന്ത്യ സർക്കാരിനോ, കേരള സർക്കാരിനോ മ‌അ്ദനി എന്തു തെറ്റ് ചെയ്തുവെന്ന് ഒരു വിശകലനം ചെയ്യാൻ അറിയില്ലായിരുന്നു. സ്വന്തം മുസ്ലിം സഹോദരങ്ങളെ സംരക്ഷിക്കുന്ന ജോലി മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.

2010 ഒക്റ്റോബർ മുതൽ ബാംഗ്ളൂർ ജയിലിലായിരുന്ന അദ്ദേഹത്തിന് ഇതിനിടെ മൂന്നു പ്രാവശ്യം ജാമ്യം അനുവദിച്ചിരുന്നെങ്കിലും മകന്റെ കല്യാണത്തിൽ സംബന്ധിക്കാനും കേരളത്തിൽ വരാനും അദ്ദേഹത്തിനവസരം ലഭിച്ചത് ഇത്തവണ (2017 August 6-19 ) ജാമ്യം കിട്ടിയപ്പോൾ മാത്രമാണ്. ആരോഗ്യനില മോശമായപ്പോഴൊക്കെ പോലീസിന്റെ നിരീക്ഷണത്തിൽ ഹോസ്പിറ്റലിൽ ചീകത്സ നേടിയിട്ടുണ്ടായിരുന്നെങ്കിലും ഒരിക്കലും ബാംഗ്ളൂർ പട്ടണം വിട്ട് മറ്റുസ്ഥലങ്ങളിൽ സഞ്ചരിക്കാൻ അനുവാദം കൊടുത്തിരുന്നില്ല. ജാമ്യം കിട്ടുന്ന സമയങ്ങളിൽ ഭീമമായ ജാമ്യത്തുക നൽകണമായിരുന്നു. ജയിലിനു പുറത്ത് കേസിനാസ്പദമായ തെളിവുകൾ നശിപ്പിക്കുകയോ ഏതെങ്കിലും നിയമ ലംഘനമോ പാടില്ലായെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. നിയമ ലംഘനം നടത്തുന്നുവോയെന്ന് നിരീക്ഷണം നടത്താൻ സ്റ്റേറ്റ് സർക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യജാമ്യത്തിൽ മകളുടെ വിവാഹം പങ്കുകൊള്ളാനും അനുവദിച്ചിരുന്നു. എന്നാലും സ്വന്തം വീട്ടിൽ പോവാനോ രാഷ്ട്രീയ മീറ്റിംഗ്കളിൽ പങ്കുകൊള്ളാനോ അനുവദിച്ചിരുന്നില്ല.

ബാംഗ്ളൂരിൽ കേസുകൾ നീട്ടിക്കൊണ്ടു പോവുന്നതല്ലാതെ വേണ്ടത്ര വിചാരണ നൽകുന്നില്ല. അദ്ദേഹത്തിൻറെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മ‌അ്ദനി പുറത്തുവന്നാൽ രാജ്യത്ത് അപകടകരമായ അവസ്ഥ ഉണ്ടാവുമെന്ന് ആരോപിച്ച് കീഴ്‌ക്കോടതിയും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പോരാഞ്ഞു മീഡിയാകൾ പച്ചക്കള്ളങ്ങൾ നിറഞ്ഞ വാർത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മെഡിക്കൽ സഹായം കൊടുക്കാൻ കോടതി വിധിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തുള്ള കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ചീകത്സിക്കണമെന്നുള്ള ആവശ്യം കോടതി നിരസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചീകത്സ കൊടുക്കാനും ഭാര്യക്ക് മാത്രം സമീപത്തു നിൽക്കാമെന്നും കോടതി അനുവാദം കൊടുത്തിരുന്നു.

കർണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിനെതിരെ കള്ളസാക്ഷികളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു കേസ് മുഴുവൻ ആകെ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു. 'യോഗാനന്ദ എന്ന ബി.ജെ.പി. പ്രവർത്തകൻ മ‌അ്ദനിക്കേസിൽ തെളിവ് കൊടുക്കുകയും അയാൾ സാക്ഷിയായിരുന്ന വിവരം അയാൾക്കുപോലും അറിവില്ലായിരുന്നുവെന്ന് ടെഹെല്ക (Tehelka) എന്ന രാഷ്ട്രീയ മാഗസിൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 'അപരിചിതരായവരെ താൻ എസ്റ്റേറ്റിൽ കണ്ടെന്നും അവരിൽ തൊപ്പി വെച്ച ഒരാൾ ഉണ്ടായിരുന്നുവെന്നും ആ മനുഷ്യൻ മ‌അ്ദനിയായിരുന്നുവെന്നും അയാളെ താൻ ടെലിവിഷനിൽ കണ്ടിട്ടുണ്ടായിരുന്നുവെന്നും യോഗാനന്ദയുടെ പേരിൽ അയാളറിയാതെ പോലീസ് കള്ളസാക്ഷി പത്രം രചിച്ചിട്ടുണ്ടായിരുന്നു.

മ‌അ്ദനിയെ പിന്താങ്ങിക്കൊണ്ട് ഏതാനും ബിജെപി ക്കാരും ആർ.എസ്.എസ് പ്രവർത്തകരും 'മ‌അ്ദനി' ആ പ്രദേശത്ത് പോലുമില്ലായിരുന്നുവെന്നും തെളിവ് കൊടുത്തിട്ടുണ്ട്. ലെക്കേരി എസ്റ്റേറ്റിൽ 2008-ൽ അറസ്റ്റു ചെയ്ത തൊഴിലാളിയായിരുന്ന 'റഫീക്ക്' സാക്ഷി പത്രത്തിൽ ഒപ്പിട്ട സാഹചര്യം വിവരിച്ചതിങ്ങനെ, "എന്നെ അവർ ക്രൂരമായി മർദ്ദിച്ചു. ഇലക്ട്രിക്കൽ ഷോക്ക് തന്നു. മ‌അ്ദനിക്കെതിരെ തെളിവുകൾ നൽകാൻ ബലം പ്രയോഗിക്കുകയായിരുന്നു. ഭീകരതയ്ക്ക് തന്റെ പേരിലും കേസ് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കിൽ മ‌അ്ദനിയ്‌ക്കൊപ്പം സ്ഥിരമായി ജയിലിൽ ഇടുമെന്നും പിന്നീട് ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലെന്നും താക്കീത് തന്നു. തനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ജയിലിൽ കിടന്നാൽ എന്റെ കുടുംബം പട്ടിണിയാകും. അതുകൊണ്ടു താൻ മ‌അ്ദനിയ്ക്കെതിരെ കള്ളസാക്ഷിയിൽ ഒപ്പിട്ടു. അന്നുമുതൽ തന്റെ മനസ്സിൽ മനഃസാക്ഷിക്കെതിരായ തെറ്റുകൾ ആളിക്കത്തുകയായിരുന്നു." 'താൻ കാരണം ഒരു നിഷ്കളങ്കനായ മനുഷ്യൻ ജയിലിൽ കിടക്കുന്നു'വെന്നും റഫീക്ക് പറഞ്ഞു.

സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് മ‌അ്ദനിയെ പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങളിൽ എത്തിക്കുന്നത്. കട്ടവനെ പിടിക്കാൻ സാധിച്ചില്ലെങ്കിൽ കിട്ടിയവനെ പിടിക്കുകയെന്ന നയമാണ് പൊലീസിനുണ്ടായിരുന്നത്. ബാംഗളൂർ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഇരുപതു പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. അതിൽ 'നസീർ' എന്നയാളിനെയാണ് ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. നസീറിനെതിരെ സുരക്ഷിതാ പ്രവർത്തകർക്ക് ഗുഢമായ ആലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനെതിരായുള്ള കുറ്റാരോപണങ്ങൾ കെട്ടി ചമച്ചതായിരുന്നുവെന്നുമുള്ള' മ‌അ്ദനിയുടെ പ്രസ്താവന അദ്ദേഹത്തെ വീണ്ടും കുഴപ്പത്തിലാക്കി.

നിയമാനുസൃതമല്ലാതെ ജയിലിൽ കിടന്നു നരകിക്കുന്ന മ‌അ്ദനിക്ക് ജാമ്യം കിട്ടാനുള്ള പഴുതുകൾ തുറന്നു വരുമ്പോൾ സർക്കാരും ഇന്റലിജൻസ് വിഭാഗവും അതെല്ലാം ബ്ലോക്ക് ചെയ്യും. ജയിലിൽ കൂടുതൽ കഷ്ടപ്പാടുകളും കൊടുക്കും. ജയിലിൽനിന്ന് അദ്ദേഹം പുറത്താവുകയാണെങ്കിൽ കോൺഗ്രസിന്റെയോ ഹിന്ദുത്വ പാർട്ടികളുടെയോ വോട്ടു ബാങ്കുകളിൽ ഗണ്യമായ വ്യത്യാസം സംഭവിക്കുമെന്ന് ഒരു പക്ഷെ അവർ ഭയപ്പെടുന്നുണ്ടായിരിക്കാം. മ‌അ്ദനി പറഞ്ഞു, "ഞാൻ വളരെ പരിതാപകരമായ സ്ഥിതി വിശേഷത്തിലാണ്. നീതി എന്നിൽ നിന്നും വളരെയകലെ മാറി നിൽക്കുന്നു. എങ്കിലും ഞാൻ നിരാശനല്ല. ദുഖിതനുമല്ല. സർവശക്തനായ ദൈവം എന്നെത്തന്നെ ഇവിടെ ശുദ്ധികരിക്കുകയാണ്." അദ്ദേഹത്തിനെതിരെ പല സ്റ്റേറ്റുകളിൽ കേസുകൾ നിലവിലുള്ളതുകൊണ്ടു ഒരു ജയിലിൽനിന്ന് വിടുതൽ കിട്ടിയാലും പിന്നീട് മറ്റൊരു സ്റ്റേറ്റ് കുറ്റാരോപണമായി വീണ്ടും വരും.

മ‌അ്ദനിയുടെ രാഷ്ട്രീയ അഭിലാക്ഷമാണ് അദ്ദേഹത്തിന്റെ നാശത്തിനും ജയിൽ വാസത്തിനും കാരണമായത്. കോയമ്പത്തൂർ ജയിലിൽ നിന്ന് 2007 ആഗസ്റ്റിൽ ഒമ്പതു വർഷത്തിനു ശേഷം മോചനമായപ്പോൾ കേരളം മുഴുവൻ മ‌അ്ദനി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ കമ്യുണിസ്റ്റ്കാരുൾപ്പടെ ഒരു രാജകീയ സ്വീകരണമാണ് അദ്ദേഹത്തിന് നല്കയത്. അത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. ഒരു തീവ്ര മുസ്ലിം സംഘടനയുടെ വളർച്ചയായിട്ടാണ് കോൺഗ്രസ്സും ബിജെപി യും മ‌അ്ദനിയുടെ ഉയർച്ചയെ കണ്ടത്. എന്നാൽ രാഷ്ട്രീയമായ മ‌അ്ദനിയുടെ നേട്ടം അധികകാലം നീണ്ടുനിന്നില്ല. ബാംഗ്ളൂർ സ്ഫോടനത്തിൽ പ്രതിയായപ്പോൾ ഒപ്പം നിന്നവർ പോലും അദ്ദേഹത്തിൽനിന്നും അകന്നിരുന്നു.

പത്തു വർഷം കോയമ്പത്തുർ ജയിലിൽ ശാരീരികമായും മാനസികമായും പീഡനമേറ്റ ശേഷം കോടതി വെറുതെ വിട്ടയുടൻ വീണ്ടും മറ്റൊരു കേസുണ്ടാകണമെങ്കിൽ തീർച്ചയായും ഇതിൽ ഗൂഢാലോചന കാണുമെന്നു വേണം ചിന്തിക്കാൻ. ദീർഘകാലമായി ഇങ്ങനെ പീഡിപ്പിച്ചു നരകിപ്പിക്കുന്നതിനു പകരം കാശ്മീരിലെ 'അഫ്സൽ ഗുരു'വിനെപ്പോലെ വധമാണ് ഭേദമെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചിന്തിക്കാറുണ്ട്. മ‌അ്ദനി കൊല്ലപ്പെട്ടാലും ഒന്നും സംഭവിക്കില്ല. കാരണം മീഡിയാ മുഴുവൻ ഭരിക്കുന്ന സർക്കാരിനൊപ്പമാണ്. അവർ അദ്ദേഹത്തിൻറെ പതനം കൊട്ടിഘോഷിക്കുകയേയുള്ളൂ.

ജയിലറകളിൽ തളച്ചിട്ടിരിക്കുന്ന മ‌അ്ദനി തെറ്റുകാരനാണോ? തെറ്റുകാരനെങ്കിൽ നിയമത്തിന്റെ മുമ്പിൽ തീർച്ചയായും ശിക്ഷിക്കണം. തെറ്റുകാരനല്ലെങ്കിൽ അദ്ദേഹമെന്തിന് ഇത്രയും കാലം ജയിലിൽ കിടന്നു? വിചാരണ കൂടാതെ തന്നെ പതിനേഴിൽപ്പരം വർഷങ്ങളായി ഇന്നും അദ്ദേഹം ജയിലിലാണ്. കുറ്റാരോപണത്തിന്റെ പേരിൽ ഒരു മനുഷ്യനെ നീണ്ടകാലം ഇങ്ങനെ ശിക്ഷിക്കുന്നത് തികച്ചും മനുഷ്യത്വമില്ലായ്മയാണ്. ഇന്ത്യൻ നീതി പീഠത്തിന്റെ തന്നെ പരാജയമായി ഇതിനെ കണക്കാക്കണം. ഒരാളെ വിധിക്കേണ്ടത് ജനകീയ കോടതിയല്ല. അത് ഒരു പരിഷ്കൃതരാജ്യത്തിനും ഭൂഷണമല്ല. ഭീകരതയുടെ പേരിൽ ലോകം മുഴുവൻ മുസ്ലിം നാമധാരികൾക്ക് പീഡനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ പ്രസിഡണ്ടായിരുന്ന മഹാനായ അബ്ദുൾകലാമിനുവരെ അമേരിക്കൻ വിമാനത്താവളത്തിലെ അധികൃതർ ബുദ്ധിമുട്ടുകൾ കൊടുത്തു. മുസ്ലിം നാമം വഹിക്കുന്ന 'മ‌അ്ദനിയും' അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അതുതന്നെയാണ്.

മ‌അ്ദനിയുടെ മുൻകാല പ്രസംഗങ്ങൾ പലതും യൂട്യൂബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേശഭക്തി നിറഞ്ഞതാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ എല്ലാം തന്നെ. സ്വന്തം മതത്തെയും ഖുറാനെയും അമിതമായി സ്നേഹിക്കുന്നത് തെറ്റോ? പശുവിന്റെ പേരിൽ ആയിരക്കണക്കിന് മുസ്ലിമുകളെയും ദളിതരെയും വർഗീയവാദികൾ ഇന്ത്യ മുഴുവൻ കൂട്ടക്കൊല നടത്തുന്നുണ്ട്. അതിനെതിരെ പ്രതികരിക്കുന്നത് തെറ്റോ? ബാബറി മസ്ജിത് തകർത്തപ്പോൾ ഇന്ത്യയിലെ എല്ലാ മുസ്ലിമുകളെയും വേദനിപ്പിച്ചിരുന്നു. മ‌അ്ദനിയും അതിൽ വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തീവ്ര പ്രസംഗങ്ങൾ നടത്തിയെങ്കിൽ അതെങ്ങനെ ദേശദ്രോഹമാകും? മ‌അ്ദനിയെ ജയിലിൽ അടച്ചിരിക്കുന്നതിനെപ്പറ്റി പല ആരോപണങ്ങളും എതിരാളികൾ നടത്തുന്നുണ്ട്. ആരോപണങ്ങളല്ലാതെ തെളിവുകൾ നിരത്താൻ ആർക്കും സാധിക്കുന്നില്ല. അദ്ദേഹം ഏതെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കാനും സാധിക്കുന്നില്ല.

വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനൊപ്പം കള്ളക്കേസുകളും കള്ളസാക്ഷികളുമായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി അമ്പതിൽപ്പരം കേസുകൾ അദ്ദേഹത്തിനെതിരെയുണ്ട്. ഒരു കേസിൽ പോലും നീണ്ട ഈ വർഷക്കാലയളവിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ നിരത്തി ശിക്ഷിപ്പിക്കാൻ സാധിച്ചിട്ടില്ല. മ‌അ്ദനിക്ക് ലഷ്കര്‍-ഇ-തോയ്ബ, എല്‍.ഇ.ടി, പാക്ക് ചാര സംഘടന, ഐ.എസ്.എസ് എന്നിവകളുമായി ബന്ധം ഉണ്ടെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു കണ്ണിയുമായി യോജിപ്പിച്ചാൽ മാത്രം മതി അദ്ദേഹത്തെ ശിക്ഷിക്കാൻ. അതിനു സാധിക്കാത്ത കാലത്തോളം അത് വെറും ആരോപണങ്ങൾ മാത്രമാണ്. രാഷ്ട്രീയ പകപോക്കുകൾക്കായി ഇന്ന് ഇത്തരം ആരോപണങ്ങൾ ആർക്കും ആരുടെപേരിലും ചെയ്യാമെന്നുള്ള സ്ഥിതി വിശേഷമാണ് ഇന്ത്യയിലുള്ളത്. പണ്ട് ഒരുവൻ കമ്മ്യുണിസ്റ്റായാൽ നാടുമുഴുവൻ അവനെ നക്സൽബാരിയാക്കുമായിരുന്നു. മ‌അ്ദനിക്ക് നീതി ലഭിച്ചിട്ടില്ല. വിചാരണയില്ലാതെ നീണ്ടകാലം അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വത്തോടുള്ള അവഹേളനവുമാണ്.

അദ്ദേഹത്തെ അന്തർദേശീയ കുറ്റവാളിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പതിനേഴു വർഷങ്ങളായി ജയിലിൽ കിടക്കുന്ന അദ്ദേഹത്തിന് ഐ.എസ്.എസ് എന്ന ഭീകര സംഘടനയുമായി ബന്ധം, കോയമ്പത്തൂർ സ്ഫോടനം, അഹമ്മദ്ബാദ്, സൂറത്ത്, ജയ്പുർ സ്ഫോടന സൂത്രധാരകൻ, പാകിസ്ഥാൻ ഭീകര വാദികളുമായും ബന്ധം ഇങ്ങനെ ആരോപണങ്ങൾ ഒന്നിനു പുറകെ ഒന്നായി തൊടുത്തുവിടുന്നു. ഇതിൽ ഏതെങ്കിലും ഒരു കേസ് തെളിയിക്കാൻ പതിനേഴ് വർഷങ്ങൾ വേണോ? മദനി ഒരു മതപ്രഭാഷണത്തിൽ പറഞ്ഞു, "മുസ്ലിം പാക്കിസ്ഥാൻ വേറിട്ടുപോയതിൽ ദുഃഖം അനുഭവിക്കുന്നവർ ഇന്ത്യയിലെ മുസ്ലിമുകൾ തന്നെയാണ്. കാഷ്മീർ ഇന്ത്യയിൽ നിന്ന് വേറിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹോദരങ്ങൾ ഇന്ത്യൻ ഭൂമിയിൽ തന്നെ വേണം. നിങ്ങൾക്കു വേണമെങ്കിൽ ഞങ്ങൾ രാജ്യദ്രോഹികളെന്നു പറയാം. കാഷ്മീരിൽ കുഴപ്പം നടക്കുന്നുവെങ്കിൽ കുഴപ്പക്കാരെ അറസ്റ്റ് ചെയ്യണം."












Madani  with late Panakkad Syed Muhammed  Thangal

Saturday, August 5, 2017

അതിർത്തിയിലെ ഇന്ത്യ-ചൈന യുദ്ധഭീതികളും അപഗ്രഥനങ്ങളും






ജോസഫ് പടന്നമാക്കൽ

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന ഭൂപ്രദേശങ്ങളാണ് ചൈനയും ഭൂട്ടാനും സിക്കിമും.  കഴിഞ്ഞ ജൂണിൽ ചൈനീസ് പട്ടാളം അതിർത്തിയിൽ റോഡ് പണിയുന്നതിനെ ഹിമാലയ രാജ്യമായ ഭൂട്ടാൻ എതിർത്തിരുന്നു. അത് ഭൂട്ടാന്റെ പരമാധികാര പരിധിയിലുള്ള ഭൂപ്രദേശമെന്നായിരുന്നു വാദം.  ചൈനയുടെ ഈ അതിക്രമത്തെ തടയാൻ 'ഭൂട്ടാൻ' ഇന്ത്യയുടെ സഹായം അപേക്ഷിച്ചു. അതനുസരിച്ച് ഇന്ത്യൻ പട്ടാളം അവിടെ എത്തുകയും 2012-ൽ രൂപകൽപ്പന ചെയ്ത അതിർത്തി നിർണ്ണയം ചൈന ലംഘിച്ചെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാൽ ബെയ്‌ജിങ്ങിന്റെ കൈവശമുണ്ടായിരുന്ന കൊളോണിയൽ കാലത്തെ ബ്രിട്ടനും ചൈനയുമായുള്ള ഒരു ഉടമ്പടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഭൂട്ടാന്റെ അധീനതയിലുള്ള ആ ഭൂപ്രദേശത്തെ ചൈനയുടെ വകയെന്നു അവകാശമുന്നയിക്കുകയും ചെയ്തു. ഇന്ത്യൻ മിലിറ്ററിയും ഭൂട്ടാൻ പട്ടാളവും ഒന്നിച്ച് സൈനികാഭ്യാസം നൽകുന്ന പ്രദേശമായിരുന്നു അവിടം.

1962-നു ശേഷം ചൈനയും ഇന്ത്യയും നേർക്കുനേർ പോരാട്ടത്തിന് ഒരുമ്പെടുന്നത് ആദ്യമാണ്. അതിർത്തിയിൽ ആശങ്കകൾ നിലനിൽക്കുന്നതുകൊണ്ട് ഇരുരാജ്യങ്ങളും സൈന്യങ്ങളെ ശക്തമായി വിന്യസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു യുദ്ധത്തിനുള്ള സന്നാഹങ്ങളോടെ സൈനിക വ്യൂഹങ്ങളെ രണ്ടുകൂട്ടരുടെയും അതിർത്തികളിൽ വ്യാപിപ്പിക്കുന്നതും ആശങ്കകൾ  വർദ്ധിപ്പിക്കുന്നു.  ഇന്ത്യൻ ഭാഗത്തേയ്ക്ക് ചൈന അതിക്രമിച്ചു കയറുകയും ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർക്കുകയും ചെയ്തത് പ്രശ്നം രൂക്ഷമാകുന്നതിന് കാരണമായി. ബങ്കറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതെന്നും അത് ഇന്ത്യയുടേയോ ഭൂട്ടാന്റെതോ അല്ലെന്നും ചൈന അവകാശപ്പെട്ടു. 2012-ൽ ഇന്ത്യ ടോക്ലായിൽ നിർമ്മിച്ച രണ്ടു ബങ്കറുകളായിരുന്നു അത്. ചൈനീസ് ലിബറേഷൻ ആർമി ആ ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന സമയങ്ങളിലെല്ലാം ഇന്ത്യ നിരസിക്കുകയാണുണ്ടായത്. യുദ്ധ സമാനമായ അന്തരീക്ഷമാണ് ഇന്ന് അതിർത്തിയിലുള്ളത്. ഏതു നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാവുന്ന സ്ഥിതിവിശേഷം ചൈന ഇന്ത്യ അതിർത്തികളിൽ നെടുനീളെ സംജാതമായിരിക്കുന്നു.

വീണ്ടും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം  ചെറുക്കുകയായിരുന്നു. ഇതോടെ അതിർത്തിയിലെ സംഘർഷം മൂർച്ഛിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഇരുസൈന്യങ്ങളും മുഖാമുഖം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടുമിരിക്കുന്നു. പ്രശ്ന മേഖലകളിൽ ചൈനീസ് പട്ടാളം കയ്യേറുന്നതോടെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഇന്ത്യയും നിർബന്ധിതമായി.

ഇന്ത്യ ചൈന അതിർത്തികൾ രണ്ടു സ്ഥലങ്ങളിലായി നിലകൊള്ളുന്നു. വടക്കേ ഇന്ത്യയും പടിഞ്ഞാറേ ചൈനയും കൂടുന്ന അതിരുകളിലും  കിഴക്കേ ഇന്ത്യയും തെക്കേ ചൈനയും കൂടുന്ന അതിരുകളിലുമായിരിക്കും പ്രശ്നങ്ങളുണ്ടാകുന്നത്. 1962-ൽ ഈ രണ്ടു ഭൂവിഭാഗങ്ങളിലും ചൈന ആക്രമിച്ചിരുന്നു. ഏകദേശം ഒരു മാസം നീണ്ട ആ യുദ്ധത്തിൽ ചൈനയ്ക്ക് നേട്ടങ്ങളുണ്ടാവുകയും ചെയ്തു. 2013-ലും ജമ്മു കാശ്മീരിലെ ലഡാക്കിനു സമീപം ദുലാത്ത് ബാഗിൽ ചൈനീസ് സൈന്യം മുപ്പത് കിലോമീറ്ററോളം ഇന്ത്യൻ പ്രദേശത്തേയ്ക്ക് കുതിച്ചു കയറിയിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതുകൊണ്ടു ചൈനീസ് സംഘം പിന്മാറിയെങ്കിലും അന്നും സംഘർഷം മുപ്പത് ദിവസത്തോളം നീണ്ടു നിന്നിരുന്നു. ഈ മേഖല ചൈനയുടെ ഷിൻചിയാങ് പ്രവിശ്യയുടെ ഭാഗമെന്നായിരുന്നു അന്ന് ചൈനയുടെ അവകാശവാദം. സിക്കിമിലുള്ള നാഥുല ചുരം വഴി കൈലാസത്തിലേക്കുള്ള തീർത്ഥാടകരെ ചൈന തടഞ്ഞതു കാരണം അതുവഴിയുള്ള തീർത്ഥാടകരുടെ യാത്ര ഇന്ത്യ നിർത്തൽ ചെയ്തിരുന്നു.

ഇന്ന് ഭൂട്ടാൻ ഭരിക്കുന്ന രാജാവ് ജിഗ്മെ വാങ്‌ചക്ക് (Jigme Khesar Namgyel Wangchuck) ബിരുദമെടുത്തത് ഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ നിന്നാണ്. രാജാവ് ഒരു പരിസ്ഥിതി പ്രേമി കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഒരു ലക്ഷത്തിൽപ്പരം മരങ്ങൾ നട്ടുകൊണ്ടായിരുന്നു ജിഗ്മെ ആഘോഷിച്ചത്. ഭൂട്ടാനുമായി മുഴുവനായ ഒരു നയതന്ത്രം ചൈന വർഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്നു. രണ്ടു വൻ ശക്തികളുടെ നടുവിലുള്ള കെണിയിലാണ് ഭൂട്ടാൻ. ആയുധ മത്സരത്തിൽ ഏഷ്യയിൽ ആരു മുന്നിട്ടു നിൽക്കുമെന്ന പ്രേരണയാണ് ചൈനയെ നയിക്കുന്നത്. അമേരിക്കയും ഇന്ത്യയും ജപ്പാനും ഒത്തൊരുമിച്ചുള്ള നാവിക പരിശീലനവും ചൈനയെ വെറുപ്പിക്കുകയും പരിഭ്രാന്തമാക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ സബ്മറൈൻ ഇന്ത്യൻ സമുദ്രത്തിൽ വന്നതും ഈ മൂന്നു രാജ്യങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ടിബറ്റ് കാര്യത്തിൽ ദലൈലാമായേ പിന്തുണയ്ക്കുന്നതും ഇന്ത്യയുടെ കൈവശമുള്ള അരുണാചൽ പ്രദേശിൽ ദലൈലാമയെ സന്ദർശിക്കാൻ അനുവദിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽതട്ടിയിരുന്നു. ആ പ്രദേശം തങ്ങളുടെ അവകാശപരിധിയിലുള്ളതെന്നും ചൈന  വാദിക്കുന്നു.

1951-ൽ ചൈന ഹിമാലയൻ അതിർത്തിയിലുണ്ടായിരുന്ന രാജ്യമായ ടിബറ്റിനെ ആക്രമിച്ചു കീഴടക്കി. അന്ന് ടിബറ്റിലേയ്ക്ക് ചൈനീസ് പട്ടാളം നീങ്ങിയത് സിങ്കിയാങിൽ നിന്ന് കരക്കാഷ് നദിയുടെ തീരത്തുകൂടെയായിരുന്നു. ചൈനക്കാർ കടന്നുപോയ അന്നത്തെ യുദ്ധതന്ത്രമായ വഴികളിൽക്കൂടി മദ്ധ്യചൈനയിൽനിന്ന് നെടുനീളെ ഒരു റോഡ് നിർമ്മിച്ചിരുന്നു. ഭാവിയിൽ കൂടുതൽ മിലിട്ടറിയുടെ കാര്യക്ഷമത്തിനായി ഈ റോഡുനിർമ്മാണം ഉപകരിക്കുമെന്ന കണക്കുകൂട്ടലുകളും ചൈനയ്ക്കുണ്ടായിരുന്നു. ചൈനീസ് പട്ടാളം വളരെ രഹസ്യമായി തന്നെ ആ ഭൂപ്രദേശങ്ങൾ വാഹന ഗതാഗതാഗതത്തിനു അനുയോജ്യമുള്ളതാക്കി തീർത്തിരുന്നു. 1951-ൽ പണി തുടങ്ങിയ ഒരു റോഡ് ചൈന നിർമ്മിച്ചുവെന്ന വിവരം ഇന്ത്യ അറിഞ്ഞത് 1956-നു ശേഷമായിരുന്നു. അന്ന്  ഇന്ത്യയും ചൈനയുമായി നല്ല സൗഹാർദ്ദ ബന്ധമുള്ള കാലവുമായിരുന്നു.

 'ഇന്ത്യ ചൈന ഭായി ഭായി' എന്നു പറഞ്ഞു നടന്നിരുന്ന കാലത്ത് ഇന്ത്യയ്ക്ക്  ചൈനയെ എന്തുകാര്യത്തിനും അമിത വിശ്വസമുണ്ടായിരുന്നു. 1959-ൽ ടിബറ്റിൽ ആഭ്യന്തര വിപ്ലവം പൊട്ടി പുറപ്പെട്ടു. അതുമൂലം ദലൈലാമായും അനുയായികളും ടിബറ്റിൽ നിന്ന് പലായനം ചെയ്തു അതിർത്തി കടന്ന് ഇന്ത്യയിലെത്തി. ചൈനാക്കാർ ലഡാക്കിൽക്കൂടി നിർമ്മിച്ച റോഡ് ഇന്ത്യൻ അതിർത്തി ഭേദിച്ചായിരുന്നുവെന്ന കാര്യവും ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടു. അതുമൂലം ഇന്ത്യൻ പട്ടാളവും ചൈനീസ് പട്ടാളവും ലഡാക്കിലും ആസാമിന്റെ അതിർത്തി മേഖലകളിലും ഏറ്റു മുട്ടലുകൾ ആരംഭിച്ചു. ഇത് 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിലേക്ക് വഴി തെളിയിച്ചു.

യുദ്ധത്തിൽ ഇന്ത്യയ്ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടാവുകയും ഇന്ത്യയുടെ വക 26000 ചതുരശ്ര മൈൽ വിസ്തൃതിയേറുന്ന സ്ഥലം ചൈന കൈവശപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്ന് ദിവസത്തെ 'ഇന്ത്യ ചൈന' യുദ്ധത്തിനു ശേഷം ചൈന ഏകപക്ഷീയമായി വെടി നിർത്തൽ ചെയ്യുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1962-ൽ ചൈനയുമായി ഒരു യുദ്ധം ചെയ്യാൻ ഇന്ത്യ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല. നെഹ്രുവിന്റെ നിരായുധികരണവും പഞ്ചശീലവും ഇന്ത്യയ്ക്ക് യുദ്ധത്തിൽ തോൽവി സംഭവിക്കാൻ കാരണമായി. കൂടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല പദ്ധതികളിൽ പരസ്പരം ഇരുരാജ്യങ്ങളും സമാധാന സഹവർത്തിത്വത്തിൽ കഴിയുമെന്ന വ്യവസ്ഥകളുമുണ്ടായിരുന്നു.

1962-ലെ ഇന്ത്യ ചൈന യുദ്ധം നെഹ്രുവിന്റെ നോട്ടക്കുറവു മൂലം സംഭവിച്ചതായിരുന്നു. സാമ്രാജ്യ കാലത്തുണ്ടായിരുന്ന അതിർത്തി നിർണ്ണയിച്ചിരുന്ന മാക്മോഹൻ രേഖ ചൈന അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ നിശബ്ദമായി അംഗീകരിക്കുന്നുവെന്ന ഒരു ധാരണയും ചൈനീസ് ഭരണകൂടത്തിനുണ്ടായി. ചൈനയെ ഇന്ത്യയ്‌ക്കെതിരെ ഒരു ആക്രമണത്തിന് പ്രേരിപ്പിച്ച കാരണവും അതായിരുന്നു. വാസ്തവത്തിൽ ചൈനയുടെ ആഭ്യന്തര പ്രശ്നമെന്ന നിലയിൽ ടിബറ്റിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും പിൽക്കാലത്തു ചൈന ആരോപിച്ച ചില രൂക്ഷവിമർശനങ്ങളിൽനിന്നും അവരുടെ ഈ ആശങ്ക പ്രകടമായിരുന്നു.

1954-ൽ ചൈനയും ഇന്ത്യയും ബലഹീന രാഷ്ട്രങ്ങളായിട്ടായിരുന്നു അമേരിക്ക കരുതിയിരുന്നത്. മാവോ സേതുങ്ങ് ഇന്ത്യയിൽ വന്നപ്പോൾ സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചു നിൽക്കണമെന്ന് നെഹ്‌റുവിനെ ഉത്ബോധിപ്പിച്ചിരുന്നു. രണ്ടു രാജ്യങ്ങളും സാമ്പത്തികമായി പിന്നോക്കമാണെങ്കിലും മനുഷ്യശക്തിയും മനുഷ്യാദ്ധ്വാനവും ലോകത്തിൽ ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ ഇന്ത്യയും ചൈനയുമെന്ന് നെഹ്‌റു അന്ന് മാവോയെ ബോധിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും യോജിച്ചു നിന്നാൽ പിന്നീട് ഏഷ്യയിൽ ഒരു ശക്തിയും ഈ രണ്ടു രാജ്യങ്ങൾക്കുമേലെ തലയുയർത്തില്ലെന്നും നേതാക്കന്മാർ അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും വർദ്ധിച്ചു വരുന്ന ബില്യൻ കണക്കിനുള്ള ജനസംഖ്യയെയും വിലയിരുത്തിയിരുന്നു.

ആറു പതിറ്റാണ്ടുകൾ കൂടി കഴിഞ്ഞപ്പോൾ ചൈനയും ഇന്ത്യയും ലോക ജനസംഖ്യയുടെ 36 ശതമാനം വസിക്കുന്ന രാജ്യങ്ങളെന്നും അറിയപ്പെട്ടു. ലോകത്തിൽ അതിവേഗം വളരുന്ന രണ്ടു സാമ്പത്തിക ശക്തികളുമായി രൂപം കൊള്ളുകയും ചെയ്തു. അടുത്ത കാലത്തെ റിപ്പോർട്ടിൽ സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യ, ചൈനയുടെ മുമ്പിലുമായിരുന്നു. ഇന്ത്യക്കാരും ചൈനാക്കാരും സഹോദരന്മാരെന്ന അർത്ഥമുള്ള 'ഹിന്ദി ചീനി ഭായി ഭായി' എന്ന നെഹ്‌റുവിന്റെ ഉദ്ധരണി പിന്നീട് വെറും പാഴ്‍വാക്കുകളായി മാറുകയും ചെയ്തു.

ചൈനയും ഇന്ത്യയും 1962-നു ശേഷം വീണ്ടും ഹിമാലയൻ രാജ്യമായ ഭൂട്ടാനിലെ അതിർത്തി പ്രദേശങ്ങളിൽ നേർക്കുനേരെ പടയൊരുക്കങ്ങളുമായി നിൽക്കുന്നു. ചൈനീസ് സ്റ്റേറ്റിന്റെ  'വാർത്താ മീഡിയ' ഇന്ത്യയും ചൈനയും തമ്മിലൊരു ഏറ്റുമുട്ടലുണ്ടായാൽ 1962 യുദ്ധത്തേക്കാളും നഷ്ടം ഭവിക്കുമെന്ന് ഇന്ത്യയ്ക്ക് താക്കിത് കൊടുക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ പ്രതിരോധമന്ത്രീ അരുൺ ജെയ്റ്റിലി ചൈനയുടെ ഈ അവകാശത്തിനു തക്ക മറുപടി കൊടുത്തു. '2017-ലെ ഇന്ത്യ 1962 ഇന്ത്യയേക്കാൾ വ്യത്യസ്തമെന്നും ഏഷ്യയുടെ നിയന്ത്രണം ചൈനയുടെ അധീനതയിലല്ലെന്നും ഓർമ്മിപ്പിച്ചു.

ചൈനയോട് കൂട്ടുപിടിച്ച് പാക്കിസ്ഥാനും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളിൽ അന്തർദേശീയ തലങ്ങളിൽ ഒച്ചപ്പാടുകളുണ്ടാവുമ്പോൾ ചൈന പാക്കിസ്ഥാനെയാണ് പിന്താങ്ങാറുള്ളത്. പാക്കിസ്ഥാന്റെ അധീനതയിലുള്ള കാശ്മീർ അതിർത്തിയിലും ബെയ്ജിങ്ങിന് റോഡുകൾ പണിയാനുള്ള പദ്ധതികളുണ്ട്. കാശ്മീർ പ്രശ്നത്തിൽ ചൈന പാക്കിസ്ഥാനെ എക്കാലവും പിന്താങ്ങിക്കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. അത് ഈ ഭൂഖണ്ഡത്തിൽ അസമാധാനം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ റോഡുകളും ഹൈവേകളും നിർമ്മിക്കുന്നത് ചൈനയുടെ കൊളോണിയൽ അഭിലാഷമെന്നും ഇന്ത്യ കരുതുന്നു. ഇന്ന് പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരിക ഘടനകളിലും ചൈനയുടെ സഹായം കൂടിയേതീരൂ.

ഇന്ത്യയുടെ ആഭ്യന്തര രംഗത്തും പ്രതിരോധ രംഗത്തും ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീക്ഷണികൾ  നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാൽപ്പതു വർഷങ്ങളായി ഇന്ത്യയുടേയും ചൈനയുടെയും അതിർത്തികളിൽ  ഒരു വെടി പോലും പൊട്ടിയില്ലെന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും ശ്രദ്ധേയമാണ്. വ്യാവസായിക മേഖലയിൽ ചൈന ഇന്ത്യയുടെ വലിയൊരു ബിസിനസ്സ് പങ്കാളിയുമാണ്. 165 ബില്യൺ ഡോളർ മൂലധനം ചൈന ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കാവശ്യമുള്ള   വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈന ആറാമതായി നിലകൊള്ളുന്നു. ചൈനീസ് വ്യവസായികൾ ഇന്ത്യയും ആയി വ്യവസായങ്ങൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക് ചൈന ഇന്ത്യയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറാവുകയില്ലെന്നും നിരീക്ഷകർ ചിന്തിക്കുന്നു. ഇന്ത്യ അമേരിക്കയുമായി നല്ല അടുപ്പത്തിലാവുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദി അമേരിക്കയും തെക്കേ വിയറ്റ്നാമും ജപ്പാനുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം ചൈനയെയും ചൈനയുടെ വളർച്ചയെയും   സംശയത്തോടെയാണ് നോക്കുന്നത്. എങ്കിലും ചൈനയുമായി ഒരു യുദ്ധം ഉണ്ടാവുകയാണെകിൽ അമേരിക്കയും പടിഞ്ഞാറേ രാജ്യങ്ങളും നിഷ്പക്ഷമായി നിൽക്കാനേ സാധ്യതയുള്ളൂ. ഭൂട്ടാൻ പ്രദേശത്തുനിന്ന് ഇന്ത്യയും ചൈനയും പട്ടാളത്തെ പിൻവലിക്കുകയെന്നതാണ് ആ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള മാർഗമെന്നും അന്തർദേശീയ നിരീക്ഷകർ വിലയിരുത്തുന്നുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിൽ രണ്ടാമതൊരു യുദ്ധത്തിലേക്ക് വഴുതാനുള്ള സാധ്യത കാരണം രാജ്യം വളരെയധികം ജാഗ്രതയോടെയാണ്‌ ചൈനയുടെ നീക്കങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. വലിയ തോതിലുള്ള ഒരു യുദ്ധത്തിന് രണ്ടു രാജ്യങ്ങളും തയ്യാറാവുകയില്ല. കാരണം ഇരുരാജ്യങ്ങൾക്കും അതു വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കും. എന്നിരിക്കലും ഇന്ത്യയുടെ പട്ടാളവും ആയുധങ്ങളും മിസൈലുകളും ചൈനയുടെ അതിർത്തിയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ഫ്രാൻസും ഇസ്രായേലും ഇന്ത്യയോടൊപ്പം ചൈനക്കെതിരായി പ്രവർത്തിക്കാനുള്ള സാധ്യതകളും ഏറെയാണ്. ചൈനയുമായി അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളുമായി ഇന്ത്യ ഇന്ന് നല്ല മൈത്രിയിലുമാണ്. തായ്‌വാനിലെയും സൗത്ത് കൊറിയായിലെയും മിലിട്ടറിയും ചൈനയിലെയും നോർത്ത് കോറിയായിലെയും പട്ടാളത്തെ നേരിടാൻ വളരെയധികം ജാഗ്രതയായി തന്നെ നിലകൊള്ളുന്നു.

സാമ്പത്തികമായി കുതിച്ചു കയറുന്ന ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ   ഇന്ന് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം മൂലം അതിഘോരമായി രണ്ടു രാജ്യങ്ങളും സാമ്പത്തികമായി തകരുകയും ചെയ്യും. അതുമൂലം  വലിയ തോതിലുള്ള ഒരു യുദ്ധത്തിൽനിന്നും ഇരു കൂട്ടരും പിന്മാറേണ്ടിയും വരും. യുദ്ധം തുടരുന്നുവെങ്കിൽ  അത് ഏഷ്യയിലെ ഏറ്റവും വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ഒരു യുദ്ധമായി മാറും.  ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾ ഇൻഡോ പെസിഫിക്ക് തീരത്ത് പൊലിഞ്ഞുപോകും. ആഗോള സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം തന്നെ ഒരു തിരിച്ചടിയുമാകാം. ആർക്കും ഇന്ത്യ ചൈന യുദ്ധത്തിൽ വിജയം അവകാശപ്പെടുവാനും സാധിക്കില്ല. രാജ്യം അരാജകത്വത്തിൽ വഴുതുമ്പോൾ ജനം പ്രതികരിക്കുകയും ചെയ്യും.   യുദ്ധത്തെ ജനങ്ങൾ എതിർക്കും. ചൈനയിലെ മീഡിയാകൾക്ക് ആ രാജ്യത്തിലെ നിയമം അനുസരിച്ച് പരിമിതമായേ പ്രതികരിക്കാനും വാർത്തകൾ കൊടുക്കാനും സാധിക്കുള്ളൂ. എന്നിരുന്നാലും വിദേശത്ത് താമസിക്കുന്ന ചൈനാക്കാർ യുദ്ധത്തിനെതിരെ പ്രതിക്ഷേധിക്കും. യുദ്ധം പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന് ഇരു രാജ്യങ്ങൾക്കും ബോധ്യവുമുണ്ട്.

ഒരു യുദ്ധം സംഭവിക്കുകയാണെങ്കിൽ ചൈനയുടെയും ഇന്ത്യയുടേയും സ്റ്റോക്ക് മാർക്കറ്റ് തകരും. അമേരിക്കൻ ഡോളറിന്റെയും സ്വർണത്തിന്റെയും വിലകൂടും. യൂറോപ്പിലും തായ്‌വാനിലും സൗത്ത് കൊറിയായിലും ഇസ്രായിലിലും യുദ്ധോപകരണങ്ങൾക്ക് മാർക്കറ്റ് കൂടുന്നതുകൊണ്ട് അവരുടെ ഷെയർ വില കൂടുകയും ചെയ്യും. അമേരിക്കയിലെയും ആസ്ട്രേലിയായിലെയും റിയൽ എസ്റ്റേറ്റുകളുടെ വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കും. വലിയ ഇൻവെസ്റ്റ്മെന്റ് ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പ്രവഹിക്കും. ഓയിൽവില അനയിന്ത്രിതമായി വർദ്ധിക്കും. പെട്ടെന്ന് താഴുകയും ചെയ്യും. യുദ്ധംമൂലം ഏഷ്യയിലെ വ്യവസായങ്ങൾ മുഴുവനായി മന്ദീഭവിക്കുന്നതിനും കാരണമാകും.

ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അമേരിക്കയും ജാഗരൂകമായിരിക്കേണ്ടതുണ്ട്. തായ്‌വാനെ ചൈന വൻകരയോട് ചേർക്കാൻ ചൈന ഉദ്യമിച്ചേക്കാം. വടക്കൻ കൊറിയാ തെക്കേ കൊറിയായെ ആക്രമിക്കാൻ ഒരുമ്പട്ടേക്കാം. ചൈനയുടെയും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സാറ്റലൈറ്റുകൾ വളരെ ശ്രദ്ധാപൂർവം അമേരിക്കയ്ക്ക് വീക്ഷിക്കേണ്ടി വരും. അമേരിക്കയുടെ കപ്പലുകൾ യാത്രകൾ ചെയ്യുന്ന വഴികളും സുരക്ഷിതമാവാൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തേണ്ടി വരും. ഇന്ത്യൻ നേവിയോടും ചൈനീസ് നേവിയോടും യാദൃശ്ചികമായി ഏറ്റുമുട്ടേണ്ട സ്ഥിതിവിശേഷങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുകയും വേണം. യുദ്ധമുണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ യുണൈറ്റഡ് നാഷൻസ് അസംബ്ലി സമ്മേളിക്കാം. റഷ്യയും അമേരിക്കയും നിഷ്പക്ഷമായിരിക്കും.  യുദ്ധത്തിൽ പങ്കാളിയെങ്കിൽ ചൈനയ്ക്ക് യൂഎന്നിൽ വോട്ടു ചെയ്യാൻ സാധിക്കില്ല. അതിനാൽ 'വീറ്റോ' അധികാരവും ഉണ്ടായിരിക്കില്ല. അമേരിക്ക ഒരു പക്ഷെ യുദ്ധത്തിൽ ഇടപെട്ടേക്കാം. തായ്‌വാനെ രക്ഷിക്കാൻ പുതിയതരം ആയുധങ്ങൾ അവർക്ക് കൊടുക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്യും.

രണ്ടു രാജ്യങ്ങളും ആദ്യം ന്യൂക്ലിയർ ആയുധം പ്രയോഗിക്കില്ലെന്നുള്ള നയമാണ് അവലംബിച്ചിരിക്കുന്നത്. ഇരു  രാജ്യങ്ങളിലും ഒന്നേകാൽ ബില്യൺ വീതം ജനസംഖ്യയുണ്ട്. അതുകൊണ്ടു ഒരു രാജ്യത്തെ പരിപൂർണ്ണമായി കീഴടക്കുക എന്നതും അസാധ്യമാണ്. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു രാജ്യങ്ങളിലും ഒരു തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. ഭൂപ്രകൃതി തടസമായതുകൊണ്ടു ഇരു രാജ്യങ്ങൾക്കും ആയുധങ്ങളെത്തിക്കാനും പ്രയാസമാകും. ഭൂമി ശാസ്‌ത്രപരമായി കരവഴിയുള്ള യുദ്ധം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും.  ചില താഴ്വരകളും കുന്നുകൾ കടക്കാനുള്ള ദുർഘട വഴികളുമുണ്ട്.യുദ്ധം കരവഴിയും ആകാശം വഴിയും സമുദ്രം വഴിയുമൊരുപോലെ സംഭവിക്കാം. ഇരുകൂട്ടരുടെയും വിമാനങ്ങൾ പരസ്പ്പരം മിസെയിലുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്യും.

സമുദ്രത്തിലെ യുദ്ധത്തിൽ ഇന്ത്യ മുമ്പിൽ നിൽക്കും. അത് ചൈനയുടെ സാമ്പത്തികം തകർക്കാൻ കാരണമാകും. യുദ്ധമുണ്ടായാൽ 1962-ലെ യുദ്ധമായിരിക്കില്ല. രണ്ടു രാജ്യങ്ങൾക്കും ശക്തമായ വൈമാനിക സേനയുണ്ട്. ചൈനീസ് എയർ ഫോഴ്സ് പഞ്ചാബിന്റെ മുകളിൽക്കൂടി പറന്ന് ഹിമാചൽ പ്രദേശും, ഉത്തർഖണ്ഡും, അരുണാചല പ്രദേശവും ആക്രമിക്കും. ഇന്ത്യയുടെ അതിർത്തിയിലെ പ്രദേശങ്ങളിൽ ചൈനയ്ക്ക് ശക്തിയേറിയ ബാലിസ്റ്റിക്ക് മിസൈലും ഉണ്ട്. അതിനെ പ്രതിരോധിക്കാൻ ഇന്ത്യ നന്നേ പാടുപെടേണ്ടി വരും.  യൂറോപ്പും മിഡിൽ ഈസ്റ്റും ആഫ്രിക്കയുമായുള്ള ചൈനയുടെ വ്യാവസായികകപ്പലുകളെ ഇന്ത്യയ്ക്ക് തടയാൻ സാധിക്കും. ഇന്ത്യ നടത്തുന്ന ബ്ലോക്കേടിനെ നേരിടാൻ ചൈനീസ് നേവി പ്രാപ്തമല്ല. ആയിരക്കണക്കിന് സ്‌ക്വയർ മൈലുകൾ വിസ്തൃതിയിൽ ഇന്ത്യ സമുദ്രം വ്യാപിച്ചു കിടക്കുന്നതുകൊണ്ട് നേവൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുണ്ടാകാം.

പ്രതിരോധത്തിന് ഇന്ത്യയുടെ എയർ ഫോഴ്സും ചൈനയുടെ എയർ ഫോഴ്‌സും തുല്യ ശക്തികളാണ്. ഇന്ത്യയുടെ മിഗ് 29, മിറാജ് 2000 യുദ്ധവിമാനങ്ങൾ ചൈനീസ് യുദ്ധ വിമാനങ്ങളെ നേരിടാൻ പ്രാപ്തവുമാണ്. പാക്കിസ്ഥാന്റെ അതിർത്തിയിലും ചൈനയുടെ അതിർത്തിയിലും ഒരേ സമയം യുദ്ധം ചെയ്യാനുള്ള വിമാനങ്ങൾ ഇന്ത്യയ്ക്കുണ്ട്.  ആകാശ്റേൻജ് മീഡിയം മിസൈലും രാജ്യത്തെ സുരക്ഷിതമാക്കുന്നു. ഇന്ത്യയുടെ എയർ ഫോഴ്സ് ശക്തമാണെങ്കിലും ചൈനയുടെ ബാലിസ്റ്റിക്ക് മിസൈലിനെ തടയാനുള്ള കഴിവുകൾ ഇന്ത്യയ്ക്കില്ല. വടക്കേ ഇന്ത്യ മുഴുവൻ ചൈനയുടെ മിസൈലുകൾ നാശങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ മിസൈലുകൾ ന്യുക്ലിയർ യുദ്ധങ്ങൾക്ക് പര്യാപ്തമെങ്കിലും പരമ്പരാഗതമായ ഒരു യുദ്ധത്തിന് യോജിച്ചതായിരിക്കില്ല.

പ്രകൃതി രമണീയത നിറഞ്ഞ സുന്ദരമായ ഒരു ഭൂമി നമുക്കു ചുറ്റുമുള്ളപ്പോൾ നാം എന്തിന് നാശത്തിന്റെ വിത്തു പാകുന്ന ഒരു യുദ്ധത്തെ തീറ്റിപോറ്റി വളർത്തണം. മാതാപിതാക്കൾ മൂന്നു വയസുള്ള ഒരു കുട്ടിയുടെ കൈകളിൽ കളിക്കാൻ കൊടുക്കുന്നതും കളിത്തോക്കാണ്. ആറു വയസുള്ളപ്പോൾ അവനെ ബോയ് സ്‌കൗട്ടിൽ ചേർക്കുന്നു. മാർച്ചു ചെയ്യുമ്പോൾ ആ കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. അവർ പട്ടാള വേഷം ധരിക്കുന്നു. ആയുധങ്ങൾ വഹിക്കുന്നു. പതിനെട്ടു വയസ്സാകുമ്പോൾ റിക്രൂട്ടർ സ്‌കൂളിൽ വരും. ഒരു പേനാ കൊണ്ട് ഒപ്പിടുവിക്കും. പിന്നീട് കൊല്ലും കൊലയുമായുള്ള ശോഭനമായ ഒരു ഭാവിയുടെ തുടക്കവും കുറിക്കും. മഞ്ഞു മലകളിലും ഇറാക്കിലും ഹിമാലയത്തിലും പീഠഭൂമികളിലും അവൻ പോരാടും. പിന്നീടുള്ള ജീവിതത്തിൽ വീര സാഹസികതയ്ക്കുള്ള പരമ ചക്രംപോലുള്ള മെഡലുകൾ വാരിക്കൂട്ടുന്നു. യുദ്ധക്കളത്തിൽ നിന്നും വീരമൃത്യുയടഞ്ഞ ശവശരീരങ്ങൾ രക്തക്കറകൾ നിറഞ്ഞ ദേശീയ പതാകയിൽ പൊതിഞ്ഞ് കേഴുന്ന മാതാപിതാക്കളുടെ മുമ്പിൽ രാഷ്ട്രം സമർപ്പിക്കുകയും നമിക്കുകയും ചെയ്യും. നശീകരണങ്ങളായ ന്യുക്ലിയറായുധങ്ങൾ  മനുഷ്യർ ശേഖരിക്കുന്നതെന്തിന്?യുദ്ധം നമുക്കു വേണ്ട. അത് മാനവ രാശിയെ നശിപ്പിക്കും. യുദ്ധമെന്നുള്ളത് രാഷ്ട്രീയക്കാരന്റെ ചട്ടുകമാണ്. നാം അതിനെ ത്യജിക്കണം.



 (Jigme Khesar Namgyel Wangchuck)







Sunday, July 30, 2017

മാർട്ടിൻ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും






ജോസഫ് പടന്നമാക്കൽ

ജർമ്മൻ പുരോഹിതനായിരുന്ന 'മാർട്ടിൻ ലൂഥർ' നവീകരണ മതങ്ങളുടെ (പ്രൊട്ടസ്റ്റന്റ് ചർച്ച്) സ്ഥാപക പിതാവായി അറിയപ്പെടുന്നു.  ദൈവത്തിന്റെ ശിക്ഷ ഒഴിവാക്കാൻ പാപമോചനം പണം കൊടുത്ത് വാങ്ങിക്കാമെന്നുള്ള മാർപ്പാപ്പയുടെ ഉത്തരവിനെതിരെ വിവാദങ്ങളുണ്ടാക്കിയിരുന്നു.  അദ്ദേഹത്തിൻറെ  '95 വാദങ്ങളിൽ'ക്കൂടി (95 Thesis)മാർപ്പായ്ക്കെതിരെയും റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമനെതിരെയും വെല്ലുവിളികളുയർത്തിയിരുന്നു.  ബൈബിൾ മാത്രം ക്രിസ്തിയതയുടെ അടിസ്ഥാനമെന്ന് അനുയായികളെ പഠിപ്പിച്ചു. പുരോഹിതരുടെ തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന്  വിശ്വസിച്ചിരുന്നു.  അദ്ദേത്തിന്റെ  വാദപ്രസ്താവങ്ങളിൽ (95 Theses) കേന്ദ്രീകൃതമായ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ബൈബിൾ ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധികാരിക ഗ്രന്ഥമാണ്. രണ്ടാമത്തേത് രക്ഷയുടെ കവാടം വിശ്വാസത്തിൽക്കൂടിയാണ്, പ്രവർത്തികളിൽക്കൂടിയല്ല.  ചരിത്ര പ്രസിദ്ധമായ ലൂഥറിന്റെ '95 തീസിസ്' അവതരിപ്പിച്ചിട്ട് 2017 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി അഞ്ഞൂറു വർഷം തികയുന്നു.

ഇന്നു കാണുന്ന  ഭൂപടത്തിലുള്ള ആധുനിക ജർമ്മനിയുടെ ഭാഗമായ 'സാക്സോണിയിൽ (Saxony) ഐസ്‌ലെബൻ' (Eisleben)എന്ന സ്ഥലത്ത് 1483 നവംബർ പത്താംതീയതി 'മാർട്ടിൻ ലൂഥർ'  ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ധനികനായിരുന്നു.  മാതാപിതാക്കളായ 'ഹാൻസും മാർഗരേറ്റും' കൃഷി പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവരായിരുന്നു. എന്നാൽ ഹാൻസിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനന വ്യവസായവും ഉണ്ടായിരുന്നു. ഖനനം വളരെയധികം കഠിനമായ പ്രയത്നമാവശ്യമുള്ള വ്യവസായമെന്നു ഹാൻസിനറിയാമായിരുന്നു. അതുകൊണ്ടു മാർട്ടിനെ ഒരു നിയമജ്ഞൻ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484-ൽ ഹാൻസിന്റെ കുടുംബം മാൻസ്‌ഫീൽഡിൽ താമസം മാറ്റി. അവിടെ അദ്ദേഹം സമ്മിശ്ര ലോഹങ്ങൾ ഖനനം ചെയ്യുന്ന വ്യവസായം തുടർന്നുകൊണ്ടിരുന്നു.

മാർട്ടിൻ ലൂഥർ ഏഴാം വയസിൽ മാൻസ്‌ഫീൽഡിൽ(Mansfeld) ഒരു സ്‌കൂളിൽ ചേർന്നു. പതിന്നാലാം വയസിൽ മാഗ്‌ഡെബർഗ് (Magdeburg) എന്ന സ്ഥലത്തുള്ള സ്‌കൂളിൽ പഠനം തുടർന്നു. 1498-ൽ താൻ ജനിച്ച സ്ഥലമായ ഐസ്‌ലബെൻ (Eisleben) എന്ന സ്ഥലത്ത് വരുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതിക ശാസ്ത്രവും തത്ത്വ മീമാംസയും പഠിച്ചുകൊണ്ടുമിരുന്നു. 1501-ൽ ഇർഫർട് (Erfurt) യുണിവേസിറ്റിയിൽ ചേരുകയും ആർട്സിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.  1501-ൽ പിതാവിന്റെ ആഗ്രഹം അനുസരിച്ച് അദ്ദേഹം എർഫെർട് യുണിവേഴിസിറ്റിയിൽ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തിൽ കൂടുതൽ പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് തത്ത്വശാസ്ത്രത്തിൽ പഠനം തുടങ്ങി. പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ജ്ഞാന ദർശനങ്ങൾ ഉൾക്കൊണ്ടുള്ള പഠനമായിരുന്നു നടത്തിയിരുന്നത്. തത്ത്വശാസ്ത്രങ്ങളിൽ താൽപ്പര്യം കുറയുകയും തന്മൂലം  ഒരു സന്യാസിയാകാനുള്ള മോഹമുണ്ടാകുകയും ചെയ്തു.

1505 ജൂലൈയിൽ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടാകുന്ന ഒരു സംഭവമുണ്ടായി. ആകാശത്തിൽ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു പോയിരുന്നു. കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ 'അന്ന'യോട് അത്യന്തം ഭയത്തോടെ പ്രാർത്ഥിക്കാനും തുടങ്ങി. അന്നത്തെ ഭയത്തിന്റെ ആഘാതത്തിൽ വിലപിച്ചുകൊണ്ടു "എന്നെ രക്ഷിക്കൂ, ഞാനൊരു സന്യാസിയാകാമെന്ന്'  അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഇടിയും ഭീകര രൂപത്തിൽ വന്ന കൊടുങ്കാറ്റും പിന്നീട് ശാന്തമാവുകയും  അപകടത്തിൽനിന്ന് രക്ഷപെട്ടെന്നുള്ള ഒരു ആത്മബോധം അദ്ദേഹത്തിൻറെ ഉള്ളിൽ നിറയുകയും ചെയ്തു.

ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാർട്ടിന്റെ  പിതാവിന് ഒട്ടും യോജിക്കാൻ സാധിച്ചിരുന്നില്ല. മറ്റാരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ അദ്ദേഹം വിശുദ്ധയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കാനും തീരുമാനിച്ചു. അല്ലെങ്കിൽ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന് ഭയപ്പെട്ടിരുന്നു. സന്യാസ മഠത്തിലെ ജീവിതം ആത്മീയ തലത്തിൽ രക്ഷപ്പെടുത്തുമെന്നും ചിന്തിച്ചു. സന്യാസ ജീവിതം തുടങ്ങിയ ശേഷം ആദ്യത്തെ കുറെ വർഷങ്ങൾ മാർട്ടിനെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാലങ്ങളായിരുന്നു. കാരണം, അദ്ദേഹം തേടി വന്ന, അദ്ദേഹത്തിൻറെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവിൽ മാത്രം ധ്യാനിച്ച് ജീവിക്കാൻ ഉപദേശിച്ചു. അതനുസരിച്ച്  ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാന നിരതനായും പ്രാർത്ഥനകളും ഉപവാസങ്ങളുമായും സമയം ചെലവഴിച്ചിരുന്നു.

സ്വന്തം ജീവിതത്തിലെ പരാജയങ്ങളോടൊപ്പം സഭയ്ക്കുള്ളിൽ അഴിഞ്ഞാടുന്ന അഴിമതികളെപ്പറ്റിയും അദ്ദേഹം വ്യാകുലനായിരുന്നു. ബൈബിളിലെ വചനങ്ങൾക്കെതിരെ സഭയുടെ പ്രവർത്തനങ്ങളിലും അസന്തുഷ്ടനായിരുന്നു. ഇരുപത്തിയേഴാം വയസിൽ  റോമിൽ ഒരു കോൺഫെറൻസിൽ സംബന്ധിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അഗസ്റ്റിനിയൻ ആശ്രമത്തെ പ്രതിനിധികരിച്ച് അദ്ദേഹം 1510-ൽ റോമ്മാ സന്ദർശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസന്മാർഗികതകളിലും   അഴിമതികളിലും അദ്ദേഹം ഞെട്ടി പോയിരുന്നു. ശുദ്ധീകരണ സ്ഥലങ്ങളിലുള്ള ആത്മാക്കളെ പണം നൽകി മോചിപ്പിക്കുന്നതിനും  പാപമോചനത്തിനും പുരോഹിതർ പണം ഈടാക്കിയിരുന്നു.  റോമിൽ നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം 'വിറ്റൻബെർഗ് യൂണിവേഴ്സിറ്റിയിൽ' തന്റെ ആളിക്കത്തുന്ന രോഷം ശമിക്കാനും ആത്മീയത തേടാനും വീണ്ടും പഠനം ആരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിക്കുകയും യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു. ബൈബിൾ വചനങ്ങൾ നല്ലവണ്ണം ഹൃദ്യസ്ഥമാക്കിയ ശേഷം ക്രിസ്ത്യൻ തീയോളജിയിൽ അദ്ദേഹം ഒരു ജ്ഞാനിയായി അറിയപ്പെടുകയും ചെയ്തു.

"റോമ്മാക്കാർക്കെഴുതിയ വചനം 1:17 വാക്യപ്രകാരം "അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. 'നീതിമാൻ വിശ്വാസത്താൽ ജീവിക്കും' എന്നു എഴുതിയിരിക്കുന്നുവല്ലോ." ലൂഥറിനെ ഏറ്റവുമധികം വിവാദമാക്കിയ ഒരു വചനമാണിത്. ലൂഥർ പറഞ്ഞു, 'ദൈവത്തിന്റെ നീതിമാൻ എന്ന പദത്തെ ഞാൻ വെറുക്കുന്നു, എല്ലാ ഗുരുക്കളും എന്നെ അങ്ങനെ പഠിപ്പിക്കുന്നു. അതായത് ദൈവം നീതിമാനും അനീതി പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.' വിശ്വാസം കൊണ്ട് യുവാവായ ലൂഥറിനു ജീവിക്കാൻ സാധിച്ചിരുന്നില്ല. കാരണം അദ്ദേഹം നീതിമാനല്ലെന്നറിയാമായിരുന്നു. എങ്ങനെ നീതി ബോധത്തോടെ സ്വയം ജീവിതത്തെ പ്രകാശിപ്പിക്കാമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. നീതിമാനാകാനുള്ള മോഹങ്ങൾക്കും ധർമ്മസങ്കടങ്ങൾക്കും ചിന്താക്കുഴപ്പങ്ങൾക്കും വിശ്വാസത്തിലധിഷ്ടിതമായുള്ള പരിഹാരം തേടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, "ദൈവത്തിന്റെ കൃപയാൽ താൻ രാത്രിയും പകലും ഒരുപോലെ ധ്യാന നിരതനായിരുന്നു. നീതിമാനായ ദൈവത്തിൽക്കൂടി വിശ്വാസമെന്ന നീതിയാലേ ഞാൻ ജീവിക്കാൻ പഠിച്ചു. ഞാൻ വീണ്ടും ജനിച്ചതുപോലെ, സ്വർഗ്ഗവാതിൽ എനിക്കുമുമ്പാകെ തുറക്കപ്പെട്ടപോലെ അനുഭവങ്ങളുണ്ടായി."

1513-ൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ ബൈബിളിലെ ഗീതങ്ങൾ എന്ന അദ്ധ്യായം  (Psalm 22) അദ്ദേഹത്തെ ആകർഷിച്ചിരുന്നു. സ്വയം അദ്ദേഹത്തിൽ ദൈവത്തിന്റെ പ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതായുള്ള  തോന്നലുമുണ്ടായി. പോളിന്റെ സുവിശേഷത്തിലെ 'വിശ്വാസ'മെന്ന  സത്യമാണ് നീതിയുടെ ഉറവിടമെന്നതും മനസിലാക്കി.  ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളിൽ അടിമപ്പെടുന്നതുമല്ല രക്ഷയുടെ അദ്ധ്യാത്മികതയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.  സഭാനവീകരണത്തിന് അദ്ദേഹത്തിൻറെ മുമ്പിൽ ഒരു വഴി തുറന്നുകിട്ടിയതു ബൈബിളിലുള്ള ജ്ഞാനത്തിൽനിന്നുമായിരുന്നു. മനസ്സിൽ പൊന്തി വന്ന പുത്തനായ നവീകരണ ചിന്തകൾ അദ്ദേഹത്തിന്റെ ദൈവികമായ കാഴ്ചപ്പാടിനും ജീവിതത്തിനു തന്നെയും മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഒരു പുരോഹിതനെന്ന നിലയിൽ ലൂതറിന്റെ ജീവിതം മഹനീയവും ആദർശപൂർണ്ണവുമായിരുന്നു. സദാ സമയവും ധ്യാനനിമഗ്നനായും ഉപവാസം അനുഷ്ടിച്ചും ഒരു യോഗിയെപ്പോലെ കഠിന വ്രതങ്ങൾ പാലിച്ചും പുതപ്പു പുതക്കാതെ തണുപ്പ് സഹിച്ചും സ്വയം ശരീരത്തിൽ ചാട്ടകൊണ്ടടിച്ചും കഠിന വ്രതങ്ങൾ അനുഷ്ടിച്ചു വന്നു. 'സ്വന്തം ജീവിതത്തിലെ അനുഷ്ഠാനങ്ങളിൽക്കൂടി ആർക്കെങ്കിലും സ്വർഗം ലഭിക്കുമെങ്കിൽ അത് തനിക്കു മാത്രമായിരിക്കുമെന്നും' ലൂഥർ പറയുമായിരുന്നു. ഇതെല്ലാം ദൈവത്തിനുവേണ്ടി അദ്ദേഹം ചെയ്‌തെങ്കിലും മനസമാധാനം ഒരിക്കലും ലഭിച്ചിരുന്നില്ല. ദൈവത്തിന്റെ ശാപത്തെയും ദൈവശിക്ഷയെയും എന്നും ഭയപ്പെട്ടിരുന്നു. നിത്യ നരകശിക്ഷയും അദ്ദേഹത്തിൻറെ മനസിനെ അനിയന്ത്രിതമാക്കിയിരുന്നു.

ഒരു സന്യാസിയെന്ന നിലയിൽ ലൂതറിന്റെ  ജീവിതം നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സർവ്വ സുഖങ്ങളെയും ത്യജിച്ചുകൊണ്ടുള്ള കഠിനമായ അനുഷ്ഠാനങ്ങളും ആരംഭിച്ചു. കൂടെ കൂടെ കുമ്പസാരിക്കലും നടത്തുമായിരുന്നു.  എന്നിട്ടും ആത്മീയതയിൽ എവിടെയോ ശൂന്യത അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നു. അതൃപ്തി നിറഞ്ഞ മനസെവിടെയോ വ്യാപരിച്ചുകൊണ്ടിരുന്നു. സമ്മിശ്രങ്ങളായ ദുഃഖങ്ങളും അസമാധാനവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പാപബോധങ്ങളിൽ നിരാശനായിരുന്നു. ദുഃഖിതനായ അദ്ദേഹത്തെ മാനസികമായ നീർച്ചുഴിയിൽനിന്നും കരകയറ്റാൻ അദ്ദേഹത്തിൻറെ ആദ്ധ്യാത്മിക ഗുരു വേണ്ടവിധം സമയോചിതമായ ഉപദേശങ്ങൾ നൽകി സഹായിക്കുന്നുണ്ടായിരുന്നു. എന്നിട്ടും മനസിന്റെ സമനില കൈവരിക്കാൻ  സാധിച്ചിരുന്നില്ല.

1517-ൽ ലിയോ പത്താമൻ മാർപ്പാപ്പ 'സെന്റ് പീറ്റേഴ്സ് ബസിലിക്ക' പണിയാനായുള്ള ചെലവുകൾക്കായി വിശ്വസി സമൂഹത്തോട് പണം മേടിച്ചുകൊണ്ടുള്ള പാപമോചന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തിൽ മാർട്ടിൻ ലൂഥർ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.   'പാപപൊറുതിയ്ക്ക് വിശ്വസം മാത്രം പോരേ; അവിടെ സഭയ്ക്ക് എന്തിനു പണം കൊടുക്കണമെന്നുള്ള വാദങ്ങളുമായി മാർട്ടിൻ ലൂഥർ രംഗത്തുവന്നു. 'രക്ഷയുടെ കവാടത്തിനായി ക്രിസ്തുവിൽ വിശ്വസിക്കുക, അല്ലാതെ ധനം കൊടുത്താൽ മോക്ഷം ലഭിക്കില്ലെന്നും' അദ്ദേഹം വിശ്വസിച്ചു.

ലൂഥർ  സഭയ്‌ക്കെതിരെ 95 വാദങ്ങൾ  (95 Thesis) എഴുതിയുണ്ടാക്കുകയും പള്ളികളുടെ മുമ്പിൽ പതിപ്പിച്ചു പരസ്യപ്പെടുത്തുകയുമുണ്ടായി. കാര്യകാരണ സഹിതമുള്ള ലൂഥറിന്റെ 'വാദങ്ങൾ'   വിവാദങ്ങളായി ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും അത് അന്നുവരെ പുലർത്തി വന്നിരുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടുവാൻ കാരണമായി. പാപമോചന വ്യാപാരം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ലൂഥർ 'മൈൻസി'ലുള്ള ആർച്ച് ബിഷപ്പ് ആൽബർട്ട് ആള്ബറിച്ചിനു (Archbishop Albert Albrecht) ഒരു കത്തെഴുതിയിരുന്നു. ലൂഥർ തയ്യാറാക്കിയ '95 വാദങ്ങൾ'   രണ്ടാഴ്ചയ്ക്കുള്ളിൽ ജർമ്മനി മുഴുവനും രണ്ടുമാസത്തിനുള്ളിൽ യൂറോപ്പ് മുഴുവനും  വ്യാപിച്ചിരുന്നു.

1517-ൽ സർവ്വ വിശുദ്ധന്മാരുടെ തിരുന്നാൾ ആഘോഷിച്ചിരുന്ന ഒരു ദിനത്തിൽ 'ജൊഹാൻ റ്റെട്സൽ' (Johann Tetzel) എന്ന ഉപദേശി പാപമോചനം പണം മേടിച്ചു വിൽക്കുന്നതിൽ ലൂഥർ എതിർത്തു. ഇത് സഭയുടെ തീരുമാനമായിരുന്നു. ഒരു വ്യക്തിയോ വ്യക്തിയുടെ മരിച്ചുപോയവർക്കോ ഉള്ള പാപങ്ങൾ പണം കൊടുത്താൽ മാറുമെന്നായിരുന്നു പ്രചരണം. ഒരിക്കൽ ഭണ്‌ഡാരത്തിൽ പണം നിക്ഷേപിച്ചാൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാവ് സ്വർഗ്ഗത്തിലെത്തുമെന്നായിരുന്നു 'റ്റെട്സൽ' പഠിപ്പിച്ചിരുന്നത്. ലൂഥർ അത് തന്റെ '95 വാദങ്ങളിൽ'ക്കൂടി (95 Thesis) സഭയെ ചോദ്യം ചെയ്തു.

ലൂഥർ തൊടുത്തുവിട്ട ഈ അവഹേളനങ്ങൾ അവസാനിപ്പിക്കാൻ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1518- ഒക്ടോബറിൽ 'ഓഗ്സ്ബർഗിൽ' കർദ്ദിനാൾ തോമസ് ക്യാജേതൻ (Cardinal Thomas Cajetan) ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും മാർട്ടിൻ ലൂതറിന്റെ മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന '95 വാദങ്ങൾ'  പിൻവലിക്കാനും ആവശ്യപ്പെടുകയും ചെയ്തു.  പുറപ്പെടുവിച്ച 'വാദങ്ങൾ'  പിൻവലിക്കുകയില്ലെന്നും പിൻവലിക്കണമെങ്കിൽ ക്രിസ്തു വചനങ്ങൾ തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്നും  വാദിച്ചു. ലൂഥറിനെ സഭയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണികളും സഭാ നേതൃത്വം മുഴക്കിക്കൊണ്ടിരുന്നു.

1519-ൽ വിറ്റൻബെർഗിൽ മാർട്ടിൻ ലൂഥർ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങൾ നടത്തിയതിനു പുറമേ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വർഷം ജൂൺ-ജൂലൈ മാസത്തിൽ അദ്ദേഹം മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അത് മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമായിരുന്നു.  1519-ൽ ലെയ്‌പ്‌സിങ് (Leipzig) എന്ന സ്ഥലത്തു നടന്ന ഒരു പൊതുവിവാദത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. " കൈകളിൽ ബൈബിൾ പിടിച്ചുകൊണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു വിശ്വാസി, മാർപ്പായേക്കാളും ഉത്കൃഷ്ടവ്യക്തിയാണെന്നും" അദ്ദേഹം പറഞ്ഞു. 'എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ്. അതുകൊണ്ടു സഭ ഭരിക്കുന്നവർ ആവശ്യമേറിയ കാലോചിത പരിഷ്‌ക്കാരങ്ങൾ നടപ്പാക്കേണ്ടതാണെന്നും'അഭിപ്രായപ്പെട്ടു. 1520-ജൂൺ പതിനഞ്ചാം തിയതി ലൂഥറിന്റെ വിമർശനങ്ങളിൽ സഹികെട്ട മാർപ്പാപ്പ ലൂഥറിനെ മതത്തിൽനിന്ന് പുറത്താക്കുമെന്നുള്ള അന്ത്യശാസനം നൽകി. 1520 ഡിസംബർ പത്താംതീയതി മാര്‍പാപ്പയുടെ ഉത്തരവ്‌ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ  ലൂഥർ പരസ്യമായി കത്തിച്ചുകളഞ്ഞു.

റോമൻ ചക്രവർത്തി 'ചാൾസ് അഞ്ചാമൻ' രാജാവിന്റെ മുമ്പിൽ 1521-ൽ ലൂഥറുമായി ഒരു വിവാദം സംഘടിപ്പിച്ചിരുന്നു. ലൂതറിന്റെ കാഴ്ചപ്പാടുകളെ മടക്കിയെടുക്കാനുള്ള വിസ്താരമെന്ന് അദ്ദേഹത്തിന് മനസിലായി. 'വിശുദ്ധ വചനങ്ങളിൽ തെളിവുകൾ തരാത്തിടത്തോളം അല്ലെങ്കിൽ വ്യക്തമായ കാര്യ കാരണങ്ങൾ കൊണ്ട് ബോധ്യമാക്കാത്തടത്തോളം തന്റെ വിശ്വാസങ്ങൾ മാറ്റിപ്പറയുകയില്ലെന്നു' ലൂഥർ പ്രഖ്യാപിച്ചു. 'സ്വന്തം മനഃസാക്ഷിക്കെതിരെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും ഇതാണ് തന്റെ നിലപാട്, ദൈവം സഹായിക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു.

1521-ൽ മാർട്ടിൻ ലൂഥറിനെ ഔദ്യോഗികമായി റോമൻ കത്തോലിക്കാ സഭയിൽനിന്ന് പുറത്താക്കി. ലൂഥറിനെ സഭാ വിരോധിയും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. അക്കാലത്തെ രാജകീയ വിളംബരത്തിൽ ലൂഥർ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥർ അപ്രത്യക്ഷനാവുകയും വാർട്ട്ബർഗിലുള്ള ഒരു കെട്ടിടത്തിനുള്ളിൽ (Wartburg Castle)പത്തു മാസം ഒളിച്ചു താമസിക്കുകയും ചെയ്തു.  1522-ൽ അദ്ദേഹം വിറ്റൻബർഗിൽ എത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണ യജ്ഞങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിൽ ലൂഥർ കൂടുതലും തർക്കവിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പോലും ശത്രുക്കളായും മാറപ്പെട്ടു.

അറസ്റ്റിന്റെ ഭീക്ഷണിയുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന് 'ലൂതറ'നിസം സ്ഥാപിക്കാൻ സാധിച്ചു. ജർമ്മൻ രാജകുമാരനുൾപ്പടെ അനേകായിരം അനുയായികളെ ലഭിക്കുകയും ചെയ്തു.  1524-ൽ കാർഷിക വിപ്ലവം ഉണ്ടായപ്പോൾ ലൂഥർ കർഷകർക്കെതിരായ നിലപാടുകൾ എടുക്കുകയും ഭരണാധികാരികൾക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അത് ലൂഥറൻ സഭയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ആ കാലഘട്ടത്തിൽ ആയിരക്കണക്കിന് കർഷകർ കൊല്ലപ്പെട്ടെങ്കിലും ലൂതറിന്റെ സഭ വളർന്നുകൊണ്ടിരുന്നു.  രാജഭരണത്തോടൊപ്പം ലൂഥറും അനുയായികളും ഒത്തുചേർന്ന് കൃഷിക്കാരുടെ വിപ്ലവം അടിച്ചമർത്താൻ സഹായിക്കുകയും ചെയ്തു.  മറ്റുള്ള നവീകരണ വാദികളെയും പ്രത്യേകിച്ച് സ്വിസ് നവീകരണക്കാരനായ ഉൾറിച്ചു ശ്വിൻഗ്ലിയെയും (Ulrich Zwingli) ലൂഥർ വിമർശിക്കുമായിരുന്നു.

1525-ൽ അദ്ദേഹം കാതറീനാ വോൺ ബോറ (Katharina von Bora) എന്ന കന്യാസ്ത്രിയായിരുന്ന സ്ത്രീയെ വിവാഹം ചെയ്തു. അവരെ കോൺവെന്റിൽ നിന്നും പുറത്താക്കിയ കാരണം വൈറ്റൻബർഗിൽ അഭയാർത്ഥിയായി കഴിയുകയായിരുന്നു. അന്നുമുതൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതർക്കും വിവാഹം കഴിക്കാമെന്നുള്ള കീഴ്വഴക്കം കുറിച്ചു. കാലക്രമത്തിൽ ലൂഥർ-കാതറീനാ ദമ്പതികൾക്ക് ആറു മക്കൾ ജനിക്കുകയും ചെയ്തു.

ലൂഥറിനെ സംബന്ധിച്ച് സഭയെന്നാൽ അപ്പോസ്തോലിക പാരമ്പര്യമെന്ന അർത്ഥമാകുന്നില്ല. പകരം അത് അദ്ദേഹത്തിൻറെ ചിന്തയിൽ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു.   നിത്യരക്ഷയെന്നു പറയുന്നത് കൂദാശകൾ വഴിയല്ല പകരം വിശ്വാസത്തിൽക്കൂടിയെന്നും അദ്ദേഹത്തിൻറെ പ്രമാണമായിരുന്നു. 'സാമൂഹിക ജീവിയായ മനുഷ്യനിൽ നന്മകളുടെ സ്പുരണങ്ങൾ പൊട്ടിത്തെറിക്കണം, അതായത് ദൈവത്തെ അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ദൈവശാസ്ത്രം വിഡ്ഢികൾ പഠിപ്പിക്കുന്നു. വിനയവും ശാലീനതയും ദൈവത്തിന്റെ കൃപകൊണ്ട് നേടിയെടുക്കണം.'

ഒരാളിന്റെ നന്മതിന്മകളുടെ അടിസ്ഥാനത്തിലല്ല നിത്യരക്ഷയെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. നിത്യ രക്ഷ ദൈവത്തിന്റെ ദാനമാണ്. നിത്യമായി രക്ഷപെടാൻ പൂർണ്ണ ഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കണമെന്നും  വിശ്വസിച്ചിരുന്നു. പാപമോചനത്തിനായി പള്ളിയ്ക്ക് സംഭാവനകൾ കൊടുക്കുന്ന കീഴ്വഴക്കത്തെ  എതിർത്തിരുന്നു. ജർമ്മൻ ദേശീയ വാദിയായിരുന്ന അദ്ദേഹം ബൈബിളിനെ ലത്തീൻ ഭാഷയിൽ നിന്നും സ്വന്തം മാതൃഭാഷയായ ജർമ്മനിയിലേയ്ക്കും തർജ്ജിമ ചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിൾ രചിച്ചപ്പോഴും ലൂതറിന്റെ ജർമ്മൻ ബൈബിളിനെ സ്വാധീനിച്ചിരുന്നു. ലൂഥർ രചിച്ച കീർത്തനങ്ങൾ പിന്നീട് പൊതു സമൂഹാരാധനയ്ക്ക് പ്രയോജനപ്പെട്ടിരുന്നു.

അദ്ദേഹം ഏഴു കൂദാശകളിൽ നിന്ന് സഭയ്ക്കുള്ളത് രണ്ടു കൂദാശകളായി ചുരുക്കി. മാമ്മോദീസ്സായും ദിവ്യ അത്താഴവും മാത്രം കൂദാശകളായി അംഗീകരിച്ചു.  'സഭയുടെ നിയമങ്ങളിൽ നിന്ന് വിശ്വാസികൾ ഇനിമേൽ സ്വതന്ത്രരെന്നും' പ്രഖ്യാപിച്ചു. 'എങ്കിലും അയൽക്കാരനെ സ്നേഹിക്കാൻ കടപ്പെട്ടിരിക്കുമെന്നും' ലൂഥർ പറഞ്ഞു.

അവസാന കാലം ലൂഥറിന്റെ ഭാഷാശൈലികൾ വ്യത്യസ്തവും വേദനാജനകവുമായിരുന്നു. ലൂഥർ പ്രായം കൂടുംതോറും കൂടുതൽ കലഹപ്രിയനായും കാണപ്പെട്ടു. യഹൂദരും പോപ്പും അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര ശത്രുക്കളായിരുന്നു. അവർക്കെതിരായ വാക്കുകൾകൊണ്ടുള്ള ശരങ്ങൾ അച്ചടിഭാഷയ്ക്ക് യോഗ്യമായിരുന്നില്ല.  യഹൂദരെ രൂക്ഷമായി വിമർശിക്കുകയും ശത്രുതാ മനോഭാവം പുലർത്തുകയും ചെയ്തിരുന്നു. യഹൂദരുടെ വീടുകൾ നശിപ്പിക്കാനും അവരുടെ സിനഗോഗുകൾ കത്തിക്കാനും അവരുടെ സ്വത്തുക്കൾ കണ്ടെടുക്കാനും സ്വാതന്ത്ര്യത്തെ ഹനിക്കാനും ആഹ്വാനം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ ലൂഥറിന്റ യഹൂദ വിരോധത്തെ മുതലാക്കുകയും ചെയ്തു.

മാർട്ടിൻ ലൂഥർ രോഗിയായി കഴിഞ്ഞപ്പോഴും സാധാരണ ആരോഗ്യമുള്ളവരെപ്പോലെ  ജീവിതത്തെ ക്രമീകരിച്ചിരുന്നു. ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തെ രോഗിയാക്കിയത്. ആശ്രമത്തിൽ ശരിയായി ഭക്ഷണം കഴിക്കാതെയും നീണ്ട രാത്രികളും പകലുകളുമില്ലാതെയുള്ള മാനസിക ജോലികളും പിന്നീടുളള കാലങ്ങളിൽ സുലഭമായ ഭക്ഷണവും ആർഭാട ജീവിതവും ലൈംഗികതയും അദ്ദേഹത്തെ രോഗിയാക്കിയെന്ന് വേണം കരുതാൻ. വാർട്ട്ബർഗിൽ (Wartburg) നിന്ന് മാറി ദൂരെയുള്ള സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന നാളുകളിൽ ലൂഥറിനു വയറ്റിൽ വേദന കഠിനമായി ഉണ്ടാകുമായിരുന്നു. 'ദൈവം  വയറ്റു വേദന കൊണ്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന്' 1521-ലുള്ള അദ്ദേഹത്തിൻറെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ഉറക്കമില്ലാതെയും സമാധാനമില്ലാതെയുമുള്ള ജീവിതമായിരുന്നു അന്ത്യനാളുകളിലുണ്ടായിരുന്നത്. 1526-ൽ കിഡ്നിയ്ക്ക് തകരാറു വരുകയും കഠിനമായ വേദന സഹിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരെ വിശ്വാസം ഇല്ലായിരുന്നു. നൈരാശ്യവും മാനസിക വിഭ്രാന്തിയും അദ്ദേഹത്തെ ബാധിച്ചിരുന്നു.

1546 ഫെബ്രുവരി പതിനെട്ടാം തിയതി മാർട്ടിൻ ലൂഥർ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന  നവീകരണക്കാരായ കാൽവിൻ, ശ്വിൻഗ്ലി, ക്‌നോക്സ്, ക്രാന്മർ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനക്കാരെല്ലാം അദ്ദേഹത്തിൽനിന്ന്  ആവേശഭരിതരായിരുന്നു. ഏതു ലൈബ്രറിയിൽ പോയാലും മാർട്ടിൻ ലൂതറിന്റെ പുസ്തകങ്ങൾ ഷെൽവുകളിൽ നിറഞ്ഞിരിക്കുന്നതായി കാണാം. അദ്ദേഹം പറഞ്ഞ ഒരു  ഉദ്ധരണി ഇങ്ങനെ, "എന്റെ കൈകൾ നിറയെ നിധികളുണ്ടായിരുന്നു...എനിക്കതെല്ലാം നഷ്ടപ്പെട്ടു...ദൈവത്തിന്റെ കരങ്ങളിൽ എന്തെല്ലാം നിക്ഷേപിച്ചുവോ അത് മാത്രം ബാക്കി നിൽക്കുന്നു... ലോകം നാളെ കഷണം കഷണങ്ങളായി പൊട്ടി ചിതറിയാലും ഞാൻ എന്റെ വാഗ്‌ദാനഭൂമിയിൽ ആപ്പിൾ മരങ്ങൾ നട്ടുകൊണ്ടിരിക്കും."



Katharina von Bora






Roman Emperor Charls 5 

Monday, July 24, 2017

രാഷ്‌ട്രപതി പ്രണബ് മുഖർജിയും രാഷ്ട്രീയ സംഭവ വിവരണങ്ങളും



ജോസഫ് പടന്നമാക്കൽ

2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി പ്രണബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാം പ്രസിഡന്റായി അവരോധിക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആചാര്യനും അനുഭവ സമ്പന്നനുമായ അദ്ദേഹം  വിദേശം, ധനകാര്യം, വ്യവസായം, പ്രതിരോധം വകുപ്പുകളിൽ കേന്ദ്ര മന്ത്രിയായി തനതായ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ കർമ്മോന്മുഖനായി പ്രശസ്തിയുടെ കൊടുമുടികൾ നേടിക്കൊണ്ടായിരുന്നു അദ്ദേഹം തന്റെ രാഷ്ട്രീയ ജൈത്രയാത്രകൾ നയിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവായിരുന്ന 'മുഖർജി' പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരിൽ പ്രമുഖനായിരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലുള്ള  പ്രവർത്തകനായി നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾ അദ്ദേഹം സേവനം ചെയ്തു. വെസ്റ്റ് ബംഗാളിൽ ഒരു കുഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഇന്ത്യൻ പ്രസിഡന്റ് പദം വരെയുള്ള നേട്ടങ്ങൾ ഒരു ജൈത്ര യാത്ര തന്നെയായിരുന്നു. അഞ്ചു വർഷത്തേയ്ക്ക് തിരഞ്ഞെടുത്ത പ്രസിഡന്റ് മുഖർജി, കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്നതും പ്രതിപക്ഷ പാർട്ടി ഭരണം ഏറ്റെടുക്കുന്നതും ദൃക്‌സാക്ഷിയായിരുന്നു. രണ്ടുപ്രാവശ്യം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള മത്സരാർത്ഥിയായിരുന്നു. 2004-ലും 2009-ലും അദ്ദേഹത്തെ ലോകസഭയിൽ തിരഞ്ഞെടുത്തിരുന്നു.

പ്രണബ് മുഖർജി 1935 ഡിസംബർ പതിനൊന്നാം തിയതി വെസ്റ്റ് ബംഗാളിലെ ബിർബും ഡിസ്ട്രിക്റ്റിൽ 'മിരതി' എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റേത് ബ്രാഹ്മണ കുടുംബമായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായ ശ്രീ കാമദാ കിങ്കർ മുക്കർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനായി പട പൊരുതിയിരുന്ന സ്വന്തം പിതാവിൽ ആവേശഭരിതനായിട്ടായിരുന്നു വളർന്നത്. അദ്ദേഹത്തിൻറെ പിതാവും കോൺഗ്രസിലെ നീണ്ടകാല പ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്  പിതാവ് അനേക തവണകൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

സൂരിയിലുള്ള സൂരി വിദ്യാസാഗർ കോളേജിൽ നിന്ന് ചരിത്രവും രാഷ്ട്രീയ മീമാംസയും ഐച്ഛിക വിഷയങ്ങളായി എടുത്ത് എം എ ബിരുദങ്ങൾ നേടിയിരുന്നു. കൽക്കട്ടാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി. ബിരുദവും ലഭിച്ചു.പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിവിഷനിൽ അപ്പർ ഡിവിഷൻ ക്ലർക്കായി കൽക്കട്ടായിൽ അദ്ദേഹം ഉദ്യോഗമാരംഭിച്ചു.1963-ൽ വിജയ നാഗർ കോളേജിൽ രാഷ്ട്രീയ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. പിന്നീട് 'ദേശാർ ഡാക്' (Motherland) എന്ന പത്രത്തിൽ പത്രാധിപരായും ജോലി ചെയ്തു. സ്വന്തം പിതാവിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് പിന്നീട് രാഷ്ട്രീയ ജീവിതമാരംഭിച്ചു.

1957 ജൂലൈ പതിമൂന്നാം തിയതി പ്രണബ് മുഖർജി 'സുവ്‌റ' മുക്കർജിയെ വിവാഹം ചെയ്തു. പത്തു വയസുവരെ 'സുവ്‌റ' വളർന്നത് ബംഗ്ളാദേശിലായിരുന്നു. ഈ ദമ്പതികൾക്ക് രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. മകൻ 'അഭിജിത് മുക്കർജി' പാർലമെന്റ് അംഗമാണ്. മകൾ 'ഷർമിസ്ത' ഇന്ത്യൻ നാഷണൽ പ്രവർത്തകയും 'കഥക്' നർത്തകിയുമാണ്. മുഖർജി ജനിച്ചു വളർന്ന സ്വന്തം ഗ്രാമമായ മീരതിയിൽ ദുർഗ പൂജകളിൽ പങ്കുകൊള്ളാറുണ്ട്. നാലു ദിവസങ്ങളോളം ദുർഗ്ഗപൂജയുടെ ആചാരങ്ങളിൽ സംബന്ധിക്കുന്നു. ജനിച്ചു വളർന്ന ഗ്രാമത്തിലെ ജനങ്ങളുമായി ഇടപെഴുകാനുള്ള അവസരമായി ദുർഗ്ഗപൂജയെ അദ്ദേഹം കാണുന്നു. 2015 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിൻറെ ഭാര്യ 'സുഹ്‌റ' ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരിക്കുമ്പോൾ അവർക്ക് 74 വയസുണ്ടായിരുന്നു

1969-ൽ കോൺഗ്രസ്സ് ടിക്കറ്റിൽ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ രാജ്യസഭയിൽ നോമിനേറ്റ് ചെയ്ത കാലം മുതൽ രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. അവിടെനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീമാചാര്യനായി വളർന്ന്‌ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ഔദ്യോഗിക പദവികൾ അലങ്കരിച്ചു. മഹാനായ ഒരു പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം രാഷ്ട്രപതി  ഭവനിൽനിന്നും പടിയിറങ്ങിയത്. ആദ്യകാലങ്ങൾ മുതൽ ഇന്ദിരാഗാന്ധി മരിക്കുംവരെ മുഖർജി ഇന്ദിരയുടെ ആരാധകനായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് അദ്ദേഹം അമൂല്യങ്ങളായ സേവനങ്ങൾ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ ഇന്ദിരാ ഗാന്ധിയുടെ ക്യാബിനറ്റിൽ വ്യവസായ സഹമന്ത്രിയായി നിയമിതനായി. 1975–77 കാലങ്ങളിൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.

ഭരണഘടനയെക്കാൾ ഉപരിയായി അടിയന്തിരാവസ്ഥ കാലത്ത് ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം മുഖർജിയുടെ പേരിലുമുണ്ടായിരുന്നു. 1977-ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടപ്പോൾ പുതിയ ജനതാ പാർട്ടി നിയമിച്ച ഷാ കമ്മീഷൻ മുഖർജിയെ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. വീണ്ടും മുഖർജി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തവിധം തിളങ്ങുന്ന ഒരു നേതാവായി ഉയർന്നു വന്നു. 1979-ൽ രാജ്യസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഡെപ്യുട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ രാജ്യസഭയുടെ നേതാവായും നിയമിച്ചു. 1982 മുതൽ 1984 വരെ ഇന്ത്യയുടെ ധനകാര്യ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തു.

ധനകാര്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻറെ ദീർഘവീക്ഷണങ്ങൾ രാജ്യതാല്പര്യങ്ങൾക്ക്  എക്കാലവും പ്രയോജനപ്രദമായിരുന്നു. സാമ്പത്തികമായുള്ള പരിഷ്‌ക്കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. അതുമൂലം ഐ.എം.എഫ്-നു അടയ്ക്കാനുള്ള അവസാന ഇൻസ്റ്റാൾമെന്റ് വരെ ഇന്ത്യയ്ക്ക് കുടിശിഖയില്ലാതെ കൃത്യമായി അടയ്ക്കാൻ സാധിച്ചു. സാമ്പത്തിക മേഖലകളിൽ ഇന്ത്യയുടെ മൊത്തവരുമാനവും വർദ്ധിച്ചു. സാമ്പത്തിക വളർച്ചയുടെ പേരിൽ ഇന്ദിരാ ഗാന്ധിക്ക് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണ്ണറായി നിയമിക്കാനുള്ള ഓർഡർ ഒപ്പിട്ടതും മുഖർജിയായിരുന്നു. മന്ത്രി സഭയിലെ ഏറ്റവും സീനിയർ അംഗമെന്ന നിലയിൽ പ്രധാന മന്ത്രിയുടെ അഭാവത്തിൽ ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. സാമൂഹിക പദ്ധതികൾക്കായി അനേക ഫണ്ടുകളും മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. ഗ്രാമീണ പദ്ധതികൾക്കും ഫണ്ടുകൾ നൽകി ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായും പ്രവർത്തിച്ചിരുന്നു.

1984-ൽ ഇന്ദിരാ ഗാന്ധി കൊലചെയ്യപ്പെട്ട ശേഷം അവരുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധിയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നൽകിയതിൽ അസ്വസ്ഥനായ മുഖർജി കോൺഗ്രസ്സ് വിട്ടിരുന്നു. പരിചയ സമ്പന്നനല്ലാത്ത ഒരാളിനെ പ്രധാനമന്ത്രിയാക്കിയതിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. അതിനു ശേഷം പാർട്ടിയിൽനിന്നു വേറിട്ട് സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. യാതൊരു പരിചയവുമില്ലാത്ത രാജീവ് ഗാന്ധി ആ സ്ഥാനത്തിന് അർഹനല്ലെന്നായിരുന്നു മുഖർജിയുടെ വാദം. പ്രധാനമന്ത്രിയാകാനുള്ള അധികാര വടംവലിയിൽ മുഖർജിയുടെ കോൺഗ്രസിലെ സ്ഥാനമാനങ്ങൾ തെറിച്ചിരുന്നു. 'രാഷ്ട്രീയ സമാജ്‌വാദി' എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപീകരിച്ചു.

രാജീവ് ഗാന്ധിയുമായുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ 1989-ൽ അദ്ദേഹത്തിൻറെ പാർട്ടി കോൺഗ്രസിൽ ലയിച്ചു.1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ നരസിംഹ റാവു പ്രധാന മന്ത്രിയായി. അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവി വീണ്ടും ഉയർച്ചയിലേയ്ക്ക് കുതിച്ചു. 1991 -ൽ അദ്ദേഹത്തെ പ്ലാനിംഗ് കമ്മീഷന്റെ തലവനായി നിയമിച്ചു. 1995 മുതൽ1996 വരെ അദ്ദേഹം റാവു മന്ത്രി സഭയിലെ ക്യാബിനറ്റ് റാങ്കോടെയുള്ള വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യയുടെ സുപ്രധാനങ്ങളായ അനേക പോസ്റ്റുകൾ കൈകാര്യം ചെയ്തിരുന്നു. 1998-ൽ മുഖർജി കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്നവനായ രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ  സോണിയാ ഗാന്ധിയെ കോൺഗ്രസിന്റെ പ്രസിഡന്റാക്കാൻ നിർദ്ദേശിച്ചു. 2004-ൽ കോൺഗ്രസ്സ് ഐക്യ പാർട്ടികൾ അധികാരത്തിൽ വന്നപ്പോൾ മുഖർജിയെ പാർലിയമെന്റിൽ സാമാജികനായി തിരഞ്ഞെടുത്തിരുന്നു. അന്നുമുതൽ മൻമോഹൻ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരിൽ രണ്ടാമനായി ഭരണ നിർവഹണങ്ങളിൽ ഏർപ്പെട്ടിരുന്നു.

2004 മുതൽ 2006 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി ചുമതലകൾ വഹിച്ചിരുന്നു.  ഒരിക്കൽക്കൂടി 2006 മുതൽ 2009 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും കർത്തവ്യങ്ങൾ നിർവഹിച്ചു. പിന്നീട് 2009 മുതൽ 2012 വരെ ധനകാര്യ മന്ത്രിയായും സേവനം ചെയ്തു. 2009, 2010, 2011 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 2004 മുതൽ തുടർച്ചയായി 2012 വരെ ഇന്ത്യൻ പാർലമെന്റിന്റെ നേതാവുകൂടിയായിരുന്നു. നയതന്ത്ര രംഗങ്ങളിലും വിദേശകാര്യങ്ങളിലും അദ്ദേഹം പരിചയ സമ്പന്നമായ വ്യക്തിപ്രഭ പ്രകടിപ്പിച്ചിട്ടുണ്ട്.  ഐ.എം എഫ്. ന്റെ ബോർഡ് ഗവർണ്ണർമാരിൽ ഒരാളായിരുന്നു. കൂടാതെ വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ്  ബാങ്ക്, ആഫ്രിക്കൻ ഡെവലപ്പ്മെന്റ് എന്നീ ബാങ്കുകളുടെ ഭരണ സമിതികളിലും പ്രവർത്തിച്ചിരുന്നു. 1982,1983,1984 എന്നീ വർഷങ്ങളിൽ കോമൺ വെൽത്ത് ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് പ്രതിനിധികളെ നയിച്ചിരുന്നത് മുഖർജിയായിരുന്നു.

2012 ജൂണിൽ പ്രണബ് മുഖർജിയെ ഇന്ത്യൻ പ്രസിഡന്റായി യു.പി.എ സർക്കാർ നോമിനേറ്റ് ചെയ്തു. പ്രസിഡന്റായി മത്സരിക്കാൻ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെച്ചു. പി.എ.സംഗമയെ പരാജയപ്പെടുത്തിക്കൊണ്ടു 2012 ജൂലൈ ഇരുപത്തിയഞ്ചാം തിയതി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. 2013 -ൽ ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്ന അനേക നിയമങ്ങളിലും ഉടമ്പടികളിലും ഒപ്പു വെച്ചു.

ഒരു ഇന്ത്യൻ പ്രസിഡണ്ടിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നതും അദ്ദേഹത്തിൻറെ കാലത്തായിരുന്നു. ഒരു ഫയൽ പോലും  അവിടെ കെട്ടി കിടന്നിട്ടില്ല. എല്ലാ ഫയലുകളും അതാത് സമയത്തുതന്നെ പരിശോധിച്ച് കൃത്യമായി തീരുമാനങ്ങൾ എടുത്തിരുന്നു. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി സമഗ്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. എന്ത് തീരുമാനം എടുത്താലും ഭരണഘടനയുടെ നിയമത്തിനുള്ളിൽ മാത്രമേ കൈകാര്യം ചെയ്തിരുന്നുള്ളൂ. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ഭരണഘടനയ്ക്ക് യോജിച്ചതല്ലെങ്കിൽ അദ്ദേഹം ഗൗനിക്കുമായിരുന്നില്ല. അക്കാര്യത്തിൽ ആരെയും വകവെക്കാത്ത ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നും വിട്ടുവീഴ്ചയില്ലാതെ ഭരണപരമായ കാര്യങ്ങളിൽ ധീരമായ തീരുമാനങ്ങൾ എടുക്കുമായിരുന്നു. എങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തെ ഒരു പിതാവിന്റെ സ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞു പുകഴ്ത്തുകയും ചെയ്തു.

ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൻറെ മാനസിക നേതാവായിരുന്നെങ്കിലും നെഹ്‌റുവിനെ അദ്ദേഹം ആരാധ്യനായും കണ്ടിരുന്നു. അദ്ദേഹത്തിന്റെ  ഓഫീസ് വളരെ കൃത്യനിഷ്ഠയോടെയും ഇന്ത്യയുടെ മറ്റേത് പസിഡണ്ടുമാരുടെ കാലത്തേക്കാളും ഉത്തരവാദിത്വങ്ങളോടെയും ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നു. രാഷ്ട്രീയത്തിലായാലും സാമൂഹിക തലങ്ങളിലായാലും എന്തുതന്നെ പ്രശ്നങ്ങളായാലും അതിനെല്ലാം പരിഹാരം കാണുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുകളുണ്ടായിരുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ കുത്തഴിഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലും എന്നും നേതൃത്വം കൊടുത്തിരുന്നു.

അദ്ദേഹത്തിൻറെ ഭരണകാലത്തിൽ രാഷ്ട്രപതി ഭവൻ നവീകരിക്കാനും അതിന്റെ പൂർവകാല ഗാംഭീര്യം വീണ്ടെടുക്കാനും സാധിച്ചു. പൊതു ജനങ്ങൾക്കും ഉപകാരപ്രദമാകത്തക്ക വണ്ണം ഒരു മ്യൂസിയവും സ്ഥാപിച്ചു. രാഷ്ട്രപതി ഭവനിലെ പൗരാണിക കാലം മുതലുണ്ടായിരുന്ന പഴയ കലാരൂപങ്ങൾ മുഴുവനായും നവീകരിച്ചു. അങ്ങനെ അതിന്റെ പഴങ്കാല മഹിമ പുനഃസ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ കലാകാരന്മാർക്കും എഴുത്തുകാർക്കും ഗവേഷകർക്കും സർവ്വവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. അവരെ പ്രസിഡന്റ് ഹൌസിൽ താമസിപ്പിച്ചുകൊണ്ട് സാമൂഹിക പ്രശ്നങ്ങളെ ബോധവൽക്കരിക്കുന്ന ക്ലാസ്സുകളും കൊടുത്തിരുന്നു. കലാമൂല്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. 'അമിതാവ് ഘോഷ്' എന്ന എഴുത്തുകാരൻ മുതൽ 'സുബോധ് ഗുപ്ത', 'ഭാർതിഘർ' മുതലായ കലാകാരന്മാരും രാഷ്‌ട്രപതി ഭവനിൽ താമസിച്ചിരുന്നു. രാഷ്ട്രപതിഭവനെ ജനകീയമാക്കിയ ക്രെഡിറ്റ് അദ്ദേഹത്തിനുണ്ട്. രാഷ്ട്രപതി ഭവനിലെ താമസക്കാർക്കായി വായനശാലകളും തുടങ്ങി. ലക്ഷക്കണക്കിന് സന്ദർശകർക്ക് രാഷ്ട്രപതി ഭവനും മുഗൾ ഗാർഡനും സന്ദർശിക്കാൻ അവസരങ്ങൾ നൽകിയത് അദ്ദേഹമാണ്. 340-ൽപ്പരം മുറികളുള്ള രാഷ്ട്രപതി ഭവനിലെ ഉപയോഗിക്കാത്ത മുറികൾ അദ്ദേഹം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.

ദയാഹർജി കേസുകൾ ഏറ്റവുമധികം തള്ളിക്കളയുന്ന രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കഠിന ശിക്ഷകൾ വേണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. തൂക്കിക്കൊലയ്ക്ക് വിധിക്കുന്നവർക്ക് ദയാഹർജി പരിഗണിക്കാൻ പലപ്പോഴും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. തന്റെ പദവി ഒഴിയുംമുമ്പ് കുറ്റക്കാരായി വിധിക്കപ്പെട്ട അഞ്ചുപേരുടെ ദയാഹര്‍ജികള്‍കൂടി തള്ളിക്കളഞ്ഞിരുന്നു. നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേരുടെയും 22വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ രണ്ടുപേരുടെയും ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. ആഭ്യന്തര മന്ത്രിയാലയത്തിൽ നിന്ന് ശക്തമായ ശുപാർശയുണ്ടായിട്ടും  അദ്ദേഹം ദയാഹർജി സ്വീകരിച്ചില്ല. പാർലമെന്റ് ആക്രമിച്ച അപ്സൽ ഗുരുവിന്റെയും മുബൈ ഭീകര ആക്രമണ കേസ് പ്രതി അജ്മല് കസബിന്റെയും ദയാ ഹർജികൾ ഉൾപ്പടെ മുപ്പതിൽപ്പരം ഹർജികളാണ് അദ്ദേഹം തള്ളി കളഞ്ഞത്.

ഇന്ത്യയുടെ പ്രസിഡന്റെന്ന നിലയിൽ ഇരുന്നൂറിൽപ്പരം ഉദ്യോഗസ്ഥർ രാഷ്ട്രപതി ഭവനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ വലിയൊരു ബംഗാളാവാണ് രാഷ്ട്രപതി ഭവനം. ഇനി അബുദുൾക്കലാം 2015-ൽ മരിക്കുന്നവരെ താമസിച്ച ചെറു ഭവനത്തിലേക്ക് താമസം മാറ്റേണ്ടതായുണ്ട്. അതോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തണം. ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് കാറും ഉപേക്ഷിക്കണം. നിലവിലുള്ള ആർഭാടങ്ങളെല്ലാം വെട്ടിക്കുറയ്ക്കണം. ചെല്ലുന്നേടത്തെല്ലാം പട്ടു പരവതാനികൾ വിരിച്ചെന്നിരിക്കില്ല. രാഷ്ട്രത്തലവന്മാരോടൊപ്പം സീറ്റുകളുണ്ടായിരിക്കില്ല.

ഇന്ത്യയുടെ വിരമിച്ച പ്രസിഡന്റെന്ന നിലയിലും ചില ആനുകൂല്യങ്ങൾ തുടർന്നും കിട്ടും.  1951-ൽ പാസ്സാക്കിയ നിയമമനുസരിച്ച് വിരമിച്ച ഇന്ത്യൻ പ്രസിഡണ്ടുമാർക്ക് വാടകയില്ലാതെയുള്ള വീടുകൾ നല്കണമെന്നുണ്ട്. കൂടാതെ താമസിക്കുന്ന വീട്ടിൽ മേശ, കസേര, കിടക്കകൾ, മറ്റു വീട്ടുപകരണങ്ങൾ മുതലായവകൾ സജ്ജീകരിച്ചിരിക്കണം. ടെലഫോണുകൾ, മോട്ടോർ കാർ, ഇന്റർനെറ്റ്, എന്നിവകളും സൗജന്യമായി നൽകണം. വീടിന്റെ മരാമത്ത് പണികളും സർക്കാർ ചെലവിൽ നടത്തി കൊടുക്കണം. സെക്രട്ടറിമാരുടെ ശമ്പളവും സർക്കാർ നൽകണം. മുൻകാല പ്രസിഡണ്ടെന്ന നിലയിൽ പ്രൈവറ്റ് സെക്രട്ടറി, സഹായിയായി മറ്റൊരു സെക്രട്ടറി, വ്യക്തിപരമായ ഒരു സഹായി, രണ്ടു പ്യൂൺമാർ എന്നിവർ അടങ്ങിയ സ്റ്റാഫ് ഉണ്ടായിരിക്കും. അറുപതിനായിരം രൂപ വരെ ഒരു വർഷം ഓഫിസ് ചെലവുകളും അനുവദിച്ചിട്ടുണ്ട്. സൗജന്യമായ മെഡിക്കൽ ചെലവുകളും ചീകത്സകളും ലഭിക്കും. ഇന്ത്യയിൽ എവിടെയും വിമാനത്തിലും ട്രെയിനിലും, കപ്പലിലും യാത്ര ചെയ്യുമ്പോൾ യാത്രക്കൊപ്പം മറ്റൊരാളെയും ഒന്നാം ക്ലാസ് ടിക്കറ്റിൽ കൊണ്ടുപോവാം. പ്രസിഡന്റായിരുന്നപ്പോഴുള്ള ശമ്പളത്തിന്റെ പകുതി കിട്ടും. മുൻകാല പ്രസിഡണ്ടിന്റെ അലവൻസ് മാസം എഴുപത്തി അയ്യായിരം രൂപയായിരിക്കും. 2008 വരെ പ്രസിഡണ്ടിന്റെ ശമ്പളം അമ്പതിനായിരം ആയിരുന്നത് മാസം ഒന്നര ലക്ഷമാക്കിയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അടിയുറച്ച ഒരു രാഷ്ട്രീയക്കാരനായിട്ടും യാതൊരു പക്ഷാപാതവുമില്ലാതെ ഭരണഘടനയനുസരിച്ചു മാത്രം രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നു. അഞ്ചു വർഷം പൂർത്തിയാക്കി രാഷ്ട്രപതിഭവനിൽ നിന്നും അദ്ദേഹം പടിയിറങ്ങി. ജനാധിപത്യത്തോടും ഭരണഘടനയോടും കൂറു പുലർത്തിയിരുന്ന നീതിമാനായ ഒരു ഭരണാധികാരിയായിട്ടായിരിക്കും ഭാവി തലമുറകൾ അദ്ദേഹത്തിൻറെ രാഷ്ട്രപതി കാലങ്ങളെ വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്രപതിയെന്ന നിലയിലും കറയില്ലാത്ത സംശുദ്ധമായ ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. യു.പി.എ സർക്കാർ പല കാലഘട്ടങ്ങളിലും അഴിമതിയാരോപണങ്ങളിൽ ആടിയുലഞ്ഞപ്പോഴും ധനകാര്യ മന്ത്രിയെന്ന നിലയിൽ ശുദ്ധമായ ഒരു രാഷ്ട്രീയ അന്തസ്സ് അദ്ദേഹം പുലർത്തിയിരുന്നു. തന്റെ രാഷ്ട്രീയ കക്ഷി ഭരിക്കുന്ന യു.പി.എ സർക്കാരിന്റെ കാലങ്ങളിലും വ്യത്യസ്തമായ പ്രത്യേയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എൻ.ഡി.എ സർക്കാർ ഭരിച്ചപ്പോഴും അദ്ദേഹത്തിന്റ നീതിപൂർവമായ കാര്യ നിർവഹണങ്ങൾക്കും   ശൈലികൾക്കും യാതൊരു മാറ്റങ്ങളും വന്നിട്ടുണ്ടായിരുന്നില്ല. അനാവശ്യമായി പ്രതിപക്ഷങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തുമ്പോൾ സ്വന്തം പാർട്ടിയാണെങ്കിലും അവരെ കർശനമായി ശാസിച്ചിരുന്നു.

പ്രണബ് മുഖർജി വിജ്ഞാനപ്രദങ്ങളായ അനേക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.നല്ലയൊരു വാഗ്മിയും എഴുത്തുകാരനുമാണ്.1987-ലെ ഓഫ് ദി ട്രാക്ക് (Off the Track’), 1992-ൽ രചിച്ച സാഗ ഓഫ് സ്ട്രഗിൾ ആൻഡ് സാക്രിഫൈസ് (‘Saga of Struggle and Sacrifice’ 1992), ദി ഡ്രമാറ്റിക്ക് ഡീക്കേഡ് (The Dramatic Decade) ചലഞ്ചസ് ബിഫോർ ദി നേഷൻ (‘Challenges before the Nation’) ദി ഡേയ്‌സ് ഓഫ് ഇന്ദിര ഗാന്ധി യീയേഴ്സ്‌ (The Days Of Indira Gandhi years’ (2014) ഏന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽപ്പെട്ടതാണ്.

പ്രസിഡന്റ് പദം ഒഴിയുന്നതിനു മുമ്പ് പ്രണാം മുഖർജിയുടെ പ്രസംഗം ആരെയും വൈകാരികമായി ചിന്തിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു, "ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി പദം ഞാൻ ഒഴിയും. എനിക്കുള്ള എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളും അന്ന് അവസാനിക്കും. അതിനു ശേഷം ഈ രാജ്യത്തിലെ കോടാനുകോടി ജനങ്ങളോടൊപ്പം ഞാനും ഒരു സാധാരണ പൗരനായിരിക്കും." തന്റെ ജീവിതത്തിലെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണം അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങളും സഹകരണവും എന്നുമുണ്ടായിരുന്ന കാര്യവും മുഖർജി വിടവാങ്ങൽ പ്രസംഗത്തിൽ അനുസ്മരിച്ചു.

നോട്ടുനിരോധനം നടത്തിയപ്പോൾ അത് ജനങ്ങളെ സാരമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖർജി  മുന്നറിയിപ്പു കൊടുത്തിരുന്നു. ദളിതരുടെ പേരിലുള്ള ആക്രമങ്ങളിലും ഗോഹിത്യയിൽ നടന്ന മനുഷ്യക്കുരുതിയിലും അതൃപ്തനായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അവർ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. പല വേദികളിലും ഇരുവരും പരസ്പ്പരം പുകഴ്ത്തി സംസാരിക്കാറുണ്ടായിരുന്നു. പ്രധാന മന്ത്രിയായി ചുമതലയെടുത്ത നാളുമുതൽ മോദിജി അദ്ദേഹത്തെ തന്റെ ഗുരു സ്ഥാനത്തു കണ്ടിരുന്നു. ഭരണപരമായ കാര്യങ്ങളിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്ന കാര്യവും മോദിജി അനുസ്മരിച്ചു. സജീവ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചശേഷം പ്രസിഡന്റ് പദവിയിൽ വന്നെത്തി വീണ്ടും വിരമിക്കുന്ന അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോവാൻ സാധ്യതയില്ല. എങ്കിലും നാഥനില്ലാത്ത അധപധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിൻറെ നേതൃത്വം കൂടുതൽ ഊർജം നൽകുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

'സ്വയം നീതികരണത്തെക്കാളും സ്വയം തെറ്റുകൾ തിരുത്തുകയെന്ന ഇന്ദിര ഗാന്ധിയുടെ ആപ്ത വാക്യം' പാർലമെന്റ് നൽകിയ യാത്രയയപ്പു വേളയിൽ മുഖർജി  ഓർമ്മിപ്പിക്കുകയും ചെയ്തു.  വർത്തമാന കാലത്തിലെ അസമത്വങ്ങളും പകപോക്കലുകളും അഴിമതികളും കുതികാൽ വെട്ടുകളും  നടമാടുന്ന രാഷ്ട്രീയ ചരിത്രത്തിൽ പാകതയും സത്യസന്ധതയും കർമ്മ നിരതനുമായിരുന്ന ഒരു പ്രസിഡന്റാണ് രാഷ്ട്രപതി ഭവനിൽ നിന്നും പടിയിറങ്ങിയത്. പക്ഷാപാത രഹിതവും കർമ്മോന്മുഖവുമായ ഒരു ജീവിതം നയിച്ച പ്രണബ് മുഖർജിയെന്ന രാഷ്ട്രപതി കോടാനുകോടി ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു. കളങ്കമറ്റ ഒരു നേതാവെന്ന നിലയിൽ ചരിത്രത്തിൽ അതുല്യ സ്ഥാനവും കൈവരിച്ചു കഴിഞ്ഞു.


















Wednesday, July 19, 2017

അന്തഃകരണ സന്ദേശങ്ങളും അനുഭവങ്ങളും പാളീച്ചകളും




ജോസഫ് പടന്നമാക്കൽ

മനഃശാസ്ത്രത്തിൽ ആസക്തിയുള്ളർ   അന്യരുടെ മനസിലുള്ള ചിന്താഗതികൾ (Telepathy) ശാസ്ത്രേതര വിഷയങ്ങളായി  അവതരിപ്പിക്കാറുണ്ട്.  മറ്റുള്ളവരുടെ മനസിനെ ഒപ്പിയെടുക്കുകയെന്നതാണ് അതിൽ നിന്നും അർത്ഥമാക്കുന്നത്. മനഃശാസ്ത്ര വിഷയകമായ ഈ പദത്തെ പരഹൃദയ ജ്ഞാനമെന്നും പറയാം. ശാസ്ത്രീയമായി ടെലിപ്പതിയുടെ (Telepathy) വാസ്‌തവികതയെപ്പറ്റി ഒരു സ്ഥിതികരണമുണ്ടായിട്ടില്ല. ഇന്ദ്രിയ സഹായമില്ലാതെ അപരന്റെ  മനോഗതം  സ്വമനസിലേയ്ക്ക് ആവഹിച്ചുകൊണ്ടുള്ള അനുഭവങ്ങളെപ്പറ്റി  പലരും സംസാരിക്കാറുണ്ട്. മുഖത്തു നോക്കി മനസിനെ പഠിച്ചു ലക്ഷണം പറയുന്നവരുമുണ്ട്. പക്ഷെ എത്രമാത്രം അതിൽ ശക്തിയടങ്ങിയിട്ടുണ്ടെന്നും വ്യക്തമല്ല.  പ്രായോഗിക  അനുഭവങ്ങൾ  പലരും പറയാറുണ്ടെങ്കിലും ശാസ്ത്രത്തിനു പുറത്തുള്ള വിഷയമായതുകൊണ്ട് ഒരു ആധികാരികത കല്പിക്കാനും സാധിക്കില്ല.

കുടുംബജീവിതത്തിന്റെ കണ്ണികളാണ് മക്കൾ. കുടുംബമെന്ന സ്നേഹബന്ധം  മുറിയാതെ  സൂക്ഷിക്കുന്നതും മക്കളാണ്. സ്നേഹത്തിലധിഷ്ഠിതമായ ഒരു സഹവർത്തിത്വം മാതാപിതാക്കളും മക്കളും തമ്മിൽ അവിടെ  നിലനിൽക്കുന്നു.  ഈ അടുത്തൊരു ദിവസം മക്കളെപ്പറ്റിയും അവരുടെ വളർന്ന കാലങ്ങളെപ്പറ്റിയും ഓർത്തുകൊണ്ടിരിക്കുകയായിരുന്നു. മക്കളുടെ  ബാല്യവും   മകന്റെ കുസൃതിയും മകളോടുള്ള വാത്സല്യവും  രാവിലെ എഴുന്നേൽപ്പിച്ച് സ്‌കൂളിൽ കൊണ്ടുപോവുന്നതും തിരിച്ചു കൊണ്ടുവരുന്നതും   ഓർത്തുപോയി.   സൈബർ ലോകത്തിലെ ലേഖനങ്ങൾ വായിച്ചും കമ്പ്യുട്ടറിൽ ബ്രൗസ് ചെയ്തും ചിന്തകളിലാണ്ട ഞാൻ  രാത്രി ഏറെയായെന്നും  അറിഞ്ഞില്ല.   എന്റെ മനസ്സ് എവിടെയൊക്കെയോ കാടു കേറുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകളിലുള്ള അമേരിക്കൻ ജീവിതവും വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ ദിനങ്ങളും ഇക്കാലങ്ങളിലുണ്ടായ ദുഃഖങ്ങളും സന്തോഷങ്ങളും  ഒരു മായപോലെ അന്തഃകരണത്തിൽ ഉദിച്ചും അസ്തമിച്ചും  കടന്നുപോയി. ലോകത്ത് ഏതൊരു പിതാവും വിചാരിക്കുന്നപോലെ ഒപ്പം മക്കളുടെ ചില വിജയ കഥകളും ഓർമ്മകളിൽക്കൂടി മുളച്ചു വന്നു.  എനിക്ക് നേടാൻ കഴിയാഞ്ഞ നേട്ടങ്ങൾ മക്കളിൽ ദർശിച്ചപ്പോൾ സ്വയം അഭിമാനവുമുണ്ടായി. അനുഭൂതികൾ ആത്മമന്ത്രങ്ങളായി  മനസ്സിൽ ജ്വലിച്ചുകൊണ്ടിരുന്നു.

നീണ്ടകാലമുള്ള അമേരിക്കൻ ജീവിതത്തെപ്പറ്റിയും ചിന്തിച്ചു. വിവാഹവും വിവാഹശേഷം അമേരിക്കയിൽ വന്നതും ഇച്ചായൻ എന്റെ യാത്രയിൽ ദുഃഖിതനായിക്കൊണ്ട് കൊച്ചിൻ വിമാനത്താവളത്തിൽ എനിയ്ക്ക് ബൈ പറയുന്നതും ഡൽഹിയിൽ നിന്നുമുള്ള  ജമ്പോജെറ്റ് യാത്രകളും ജെ.എഫ്.കെ യിൽ ഭാര്യയുടെ കാത്തിരിപ്പും  എല്ലാമെല്ലാമുള്ള ഓർമ്മകൾ ഏകാന്തമായ മനസ്സിൽ കാടുകയറിക്കൊണ്ടിരുന്നു. ഉയർച്ചയിലും താഴ്ച്ചയിലുമുള്ള  കുടുംബ ജീവിതവും ജീവിതവുമായുള്ള മല്ലിടീലും  ഇന്നലെയുടെ സ്വപ്നങ്ങളായും മനസ്സിൽ ചെക്കേറി. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായും മാറി. സുചിന്തകളുമായി എന്റെ മനസെവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ഞാൻ ബഹുവിധങ്ങളായ ചിന്തകളിലാണ്ടിരിക്കേ എന്റെ മകൾ ജിജി അടുത്ത മുറിയിൽനിന്നും കുശല വർത്തമാനം പറയാൻ എന്റെയടുത്തെത്തി. ഭർതൃ ഗ്രഹത്തിൽനിന്നും അനേകമാസങ്ങൾക്കുശേഷം  ഇവിടെ വന്ന അവൾക്ക് ഒരുപാടൊരുപാട് കഥകൾ എന്നോട് പറയാനുണ്ടായിരുന്നു.   അതുവരെയവൾ യാത്രയിലായിരുന്ന അവളുടെ ഭർത്താവ് എബിയുമായി ടെലിഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറു ചിരിയോടെ വന്നെത്തിയ അവളോട് മകൻ ജിജോയെപ്പറ്റി സംസാരിക്കാനാണ് അന്നെനിക്ക് തോന്നിയത്. ജിജോയും എന്റെ മരുമകൻ എബിയും മറ്റു പത്തു സുഹൃത്തുക്കളുമായി അവരുടെ ഒരു സുഹൃത്തിന്റെ ജന്മദിനമാഘോഷിക്കാൻ തെക്കേ അമേരിക്കയിൽ കോസ്റ്ററിക്കയെന്ന രാജ്യത്തേയ്ക്ക് വിമാനയാത്ര ചെയ്യുകയായിരുന്നു.

 ഒരിക്കലും അന്വേഷിക്കാത്ത മകനെപ്പറ്റി മകളോട് പതിവില്ലാതെ ഞാൻ ചോദിച്ചു, "എങ്ങനെയുണ്ട് ജിജോയും എബിയുമായുള്ള വിമാനയാത്ര. ജിജോ ഒരു ഡോക്ടറെന്ന നിലയിൽ രോഗികളെ പരിചരിക്കാനും അവന്റെ തൊഴിലിലും വളരെ മിടുക്കനാണല്ലേ"? എന്റെ ചോദ്യത്തിനുത്തരമായി !അവളൊരു ചെറിയ ചിരിയോടെ "അതെന്താ ഡാഡി അങ്ങനെ അവന്റെ ജോലിക്കാര്യത്തെപ്പറ്റി ചോദിച്ചത്." എന്ന് ആരാഞ്ഞു. 'ഡാഡിയൊരിക്കലും അവനെപ്പറ്റി ചോദിച്ചിട്ടില്ലാത്ത കാര്യവും 'അവൾ ഓർമ്മിപ്പിച്ചു. അതിനുശേഷം അവളും  എബിയുമായുള്ള സംഭാഷണം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ' എന്നും  ചോദിച്ചു. അവളുടെ ചോദ്യത്തിന്റെ അന്തരാർത്ഥം എന്തെന്നും എനിക്ക് മനസിലായില്ല. അതുവരെ മകളും മരുമകനുമായി എന്തോ നീണ്ട ടെലിഫോൺ സംഭാഷണമായിരുന്നുവെന്നു മനസിലായെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

അവളെന്നോട് പറഞ്ഞു, "ജിജോയെപ്പറ്റി ഇന്നത്തെ അവന്റെ യാത്രയിലുണ്ടായ സന്തോഷകരമായ ഒരു വാർത്ത പറയാനാഗ്രഹിക്കുന്നു." അവൾ തുടർന്നു, 'ഇന്നത്തെ വിമാനയാത്രയിൽ അവൻ  അപൂർവമായ ഒരു സമരിയാക്കാരന്റെ കർത്തവ്യം ചെയ്തു. യാത്രയ്ക്കിടയിൽ വിമാനത്തിൽ ഒരു സ്ത്രീ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു. വളരെ ഗുരുതരമായ നിലയിലായിരുന്നു അവർ. അമിതമായി ആ സ്ത്രീ ഛർദ്ദിക്കുകയും ചെയ്തു. അപകടകരമായ അവസ്ഥയിൽ ജീവനുമായി ഏറ്റുമുട്ടുന്ന അവരുടെ ജീവൻ രക്ഷിക്കാനായി ജിജോ ഓടിയെത്തി. വിമാനം ക്യുബയിൽ അടിയന്തിരമായി ഇറക്കാനും തീരുമാനിച്ചിരുന്നു. തക്ക സമയത്ത് ഒരു ഡോക്ടർ ചെയ്യേണ്ട എല്ലാ പരിചരണങ്ങളും അവർക്ക് അവൻ നൽകി.' അതിനുള്ള ഉപകരണങ്ങളും മെഡിസിനുമെല്ലാം എയർ ഹോസ്റ്റസ് തത്സമയം തന്നെ കൊണ്ടുവന്നെത്തിക്കുകയും ചെയ്തു.


അങ്ങനെയൊരു അവസരം ഒരു ഡോക്ടറുടെ ജീവിതത്തിൽ വളരെ വിരളമായി മാത്രം ലഭിക്കുന്നതും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിരുന്നു. അഭിമാനിക്കത്തക്കവണ്ണം ഒരു ഡോക്ടറെന്ന നിലയിൽ അത് !അവന്റെ തൊഴിലിനൊരു പൊൻതൂവലായിരുന്നു. അവനാൽ കഴിയുന്ന വിധം രോഗിണിയായ ആ സ്ത്രീയ്ക്ക് പരിചരണം കൊടുത്തതുകൊണ്ടു മരണകരമായ അവസ്ഥയിൽ നിന്നും അവർ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. സാധാരണ സ്ഥിതിയിലാവുകയും ചെയ്തു. വിമാനത്തിലുള്ള മറ്റു സഹയാത്രക്കാരുടെയിടയിലും വിമാനത്തിന്റെ ജോലിക്കാരുടെയിടയിലും ഒരു ഹീറോയാവുകയും ചെയ്തു. അടിയന്തിരമായി ക്യൂബയിലിറക്കാൻ തീരുമാനിച്ച വിമാനം പിന്നീട് ആ രാജ്യത്തു ലാൻഡ് ചെയ്യേണ്ടന്ന് വെച്ചു. മകൾ ഇക്കഥ പറയുമ്പോൾ അത് സംഭവിച്ചിട്ടു ഒരു മണിക്കൂറേയായിരുന്നുള്ളൂ.

അവന്റെ തൊഴിലിനെപ്പറ്റി  അവിചാരിതമായി ഞാൻ മകളോട് ചോദിച്ചതുകൊണ്ടാണ് വിമാനത്തിൽ നടന്ന കഥ അവൾ വിവരിച്ചത്. അത്തരം ഒരു സാഹചര്യത്തിൽ എന്തുകൊണ്ട്  അങ്ങനെയൊരു ചോദ്യം ചോദിച്ചുവെന്നും എന്നിൽ വിസ്മയമുളവാക്കിയിരുന്നു. മകനുമായുള്ള മാനസിക അടുപ്പമോ 'ടെലിപ്പതിയോ' എന്തായിരുന്നു അതിന് കാരണമെന്നും വ്യക്തമല്ല. മകൾക്കും അതൊരു അതിശയമായിരുന്നു.'

 ഒരു നിമിഷം ഞാൻ എന്നെപ്പറ്റി ചിന്തിച്ചു. യാദൃശ്ചികമായ ഒരു സംഭവം, വിമാനത്തേൽ ഒരു സമരിയാക്കാരനെപ്പോലെ അവൻ ജീവനുമായി മല്ലിടുന്ന ഒരു സ്ത്രീയെ സഹായിക്കുന്നു; എത്രയെത്ര പുണ്യനദി താണ്ടിയാലും ദേവാലയങ്ങൾ സന്ദർശിച്ചാലും അത്തരം പുണ്യകർമ്മത്തോളം എത്തില്ലായെന്നും ഓർത്തു.  വികാരാധീനമായ ഒരു മുഹൂർത്തത്തിൽ അവനെപ്പറ്റി അങ്ങനെ  ഓർക്കാൻ കാരണമെന്താണ്? അവന്റെ തൊഴിലിൽ അവൻ മിടുക്കനല്ലേയെന്ന് ചോദിക്കുവാനുണ്ടായ വൈകാരിക മനസ് എങ്ങനെയുണ്ടായി? സ്വയം എന്നോട് ചോദിക്കുന്ന ആ 'ടെലിപ്പതി'എന്നത് സത്യമോ മിഥ്യയോ?  ഇത്തരം മാനസിക സ്പർശനങ്ങൾ കൂടുതലും അനുഭവപ്പെട്ടിട്ടുള്ളത് മക്കളുമായും എന്നെ സ്‌നേഹിക്കുന്നവരിൽ നിന്നുമാണ്. അതിന്റെ സത്യസ്ഥിതി അവിശ്വസിനീയമാണെങ്കിലും അനുഭവിച്ചറിയുമ്പോൾ മനസിനുള്ളിൽ സ്പന്ദനവുമുണ്ടാക്കാറുണ്ട്.

ജിജോ യൂറോപ്പിൽ നിന്ന് എം.ഡി. ബിരുദവും അമേരിക്കയിൽ നിന്ന് ഓസ്റ്റിയപ്പതിയിൽ രണ്ടാമതൊരു മെഡിക്കൽ ബിരുദവും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. എമർജൻസി വിഷയങ്ങളെപ്പറ്റി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ  ലോങ്ങ് ഐലൻഡിൽ ഒരു യുണിവേസിറ്റി മെഡിക്കൽ ഹോസ്പിറ്റലിൽ  എമർജൻസിയിൽ ജോലി  ചെയ്യുന്നു. ലോകത്ത് എവിടെയും സഞ്ചരിക്കാവുന്ന ഒരു ടിക്കറ്റും എയർ ലൈൻ പാരിതോഷികമായി അവനു അയച്ചുകൊടുത്തു. ഒപ്പം അവനെ അനുമോദിച്ചുകൊണ്ടുള്ള എയർ ലൈന്റെ ഒരു കത്തുമുണ്ടായിരുന്നു. ഡോക്ടറാകാൻ പഠിക്കുന്ന കാലങ്ങൾ മുതൽ ആവശ്യത്തിനുതകുന്ന സമരിയാക്കാരനെപ്പോലെ ഒരാളിന്റെയെങ്കിലും ജീവിതം രക്ഷിക്കാനുള്ള അവസരം കിട്ടണമെന്ന് അവൻ എന്നും ആഗ്രഹിച്ചിരുന്നുവെന്നും ഒരു വെബ്‌സന്ദേശത്തിൽ  കുറിച്ചുവെച്ചിട്ടുണ്ട്.


പൊഴിഞ്ഞുപോയ കഴിഞ്ഞകാലങ്ങളിലെ ചില അനുഭവങ്ങൾ എന്റെ ചിന്തകളെ ഇന്ന് അലട്ടിക്കൊണ്ടിരുന്നു. മനസ്സിൽ കയറിവന്നത് എന്റെ മകളുടെ കൗമാരം തീരുന്നതിനു മുമ്പുള്ള ഒരു സംഭവമായിരുന്നു. അനുഭവങ്ങളും പാളീച്ചകളുമായി ദുഃഖത്തിലാണ്ട അന്നത്തെ കഥ ഞാൻ ഇവിടെ കുറിക്കുന്നു.

ഓടിച്ചാടി, ഡാൻസും കളിച്ചു, തുള്ളിച്ചാടി, പ്രസംഗകലകളും പാട്ടും നൃത്തവുമായും അമേരിക്ക മുഴുവൻ മത്സര രംഗത്തുണ്ടായിരുന്ന എന്റെ മകൾ ഭേദമാകാത്ത 'മൾട്ടിപ്പിൾ സ്‌കോളറോസിസ്'  (Multiple sclerosis)എന്ന മാറാ രോഗത്തിനടിമപ്പെട്ടപ്പോൾ എനിക്കുണ്ടായിരുന്ന ആത്മവീര്യം തകർന്നുപോയിരുന്നു. ലക്ഷത്തിൽപ്പരം ജനങ്ങളിൽ ഒരാൾക്ക് വരുന്ന രോഗമാണിത്. ഇന്ത്യക്കാരിൽ വളരെ അപൂർവമായേ ഈ രോഗം കാണുള്ളൂ. സാധാരണ അമേരിക്കയിൽ വെളുത്തവർക്ക് മാത്രം കണ്ടുവരുന്ന രോഗവും. ഇംഗ്ലീഷിൽ 'ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ' എന്ന് പറയും.

അന്നവൾക്ക് പതിനെട്ട് വയസ്സ്. ഇന്ത്യയിൽ ആദ്യവർഷം എം.ബി.ബി.എസ്സിന് പഠിച്ചുകൊണ്ടിരിക്കുന്നു.  അവൾക്ക് കൂടെക്കൂടെ കൈകാലുകൾ തളരുന്ന കാരണങ്ങൾ 'മൾട്ടിപ്പിൾ സ്‌കോളറോസിസ്' എന്ന അസാധാരണ രോഗമെന്ന് ഡോക്ടർമാർ കണ്ടുപിടിച്ച ദിനം; ലോകം തന്നെ എനിക്കുമുമ്പിൽ അന്ധകാരമെന്നു തോന്നിപോയിരുന്നു.

ഞാൻ ന്യുയോർക്ക് ലൈബ്രറിയിലെ ഒരു ഓഫിസ് മുറിയിലിരുന്ന്  ജോലിചെയ്തുകൊണ്ടിരുന്ന  സമയത്തായിരുന്നു അവളുടെ അസുഖത്തെപ്പറ്റിയുള്ള വിവരമറിഞ്ഞത്. ഓഫീസിലിരുന്ന് അറിയാതെ  വാ പൊട്ടികരയുന്നതും മറ്റു സഹപ്രവർത്തകർ ഓടിവന്നു സമാശ്വാസ വാക്കുകൾ പറയുന്നതും ഓർമ്മകളിൽക്കൂടി കടന്നു വരുന്നുണ്ടായിരുന്നു. വീട്ടിൽ ഞാൻ വന്നെത്തിയപ്പോൾ രോഗമുണ്ടെന്നറിഞ്ഞിട്ടും കൂസലില്ലാതെ കണ്ണാടിയുടെ മുമ്പിൽ അവൾ  ഡാൻസ് ചെയ്തു കൊണ്ടിരിക്കുന്നു. "എന്നെ കണ്ടയുടൻ പറഞ്ഞു, "ഡാഡി വിഷമിക്കേണ്ട, എന്റെ നൃത്തത്തിന്റെ കാലടികൾ നോക്കൂ! അധികമാളുകൾക്ക് ഇങ്ങനെ സ്റ്റെപ്പുകൾ വെക്കാൻ സാധിക്കില്ല. എത്രകാലം എനിക്കിതു സാധിക്കുമെന്നും അറിയില്ല." ഉള്ളിലടക്കിയ ദുഃഖങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിസ്സഹായനെപ്പോലെ അവൾ പറഞ്ഞത് ഞാൻ കേട്ടുകൊണ്ടിരുന്നു.

അന്ധമായ വിശ്വാസവും പ്രാർത്ഥനകളുമായി നടക്കുന്ന ചില ബന്ധുജനങ്ങളും സുഹൃത്തുക്കളും  ഇങ്ങനെയെല്ലാം എനിക്ക് സംഭവിക്കുന്നത് പ്രാർത്ഥനയുടെ കുറവുകൊണ്ടെന്നും ഉപദേശിച്ചു. ഒരു വിധത്തിൽ ആലോചിച്ചപ്പോൾ ശരിയെന്നും തോന്നി. ദൈവത്തിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിലും മതപ്രഭാഷകരും പാസ്റ്റർമാരും പറയുന്നതും അവരുടെ രോഗ സൗഖ്യങ്ങളും അമാനുഷിക പ്രവർത്തികളും തട്ടിപ്പ് തന്നെയെന്ന് വിശ്വസിച്ചിരുന്നു. മനസിനെ സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ, ഉത്തരം കാണാൻ സാധിക്കാതെ അക്കാലങ്ങളിൽ ചിലരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. കാരണം, ഞാൻ തന്നെ അസ്വഭാവികമായും ചഞ്ചലിക്കുന്ന മനസോടുകൂടിയും  എന്തുചെയ്യണമെന്നറിയാതെ അലയുന്ന സമയവുമായിരുന്നു.

പിന്നീടുള്ള നാളുകളിൽ മനസുനിറയെ ഭക്തി മൂത്തു നടക്കുന്ന കാലങ്ങളായിരുന്നു. ആത്മീയത തേടി കുറച്ചു മാസങ്ങൾ ദേശാടനങ്ങളും തുടങ്ങി. പോട്ടയിലെ ധ്യാനം രണ്ടു പ്രാവശ്യം കൂടി. ഭ്രാന്തന്മാരുടെ ഒരു ലോകത്തിൽ അങ്ങനെ വന്നുപെടുകയും ചെയ്തു. രാത്രിയും പകലുമില്ലാതെയുള്ള ശബ്ദതരംഗങ്ങളും വാദ്യാഘോഷങ്ങളും പാട്ടും കൊട്ടും സാക്ഷ്യം പറച്ചിലും നിറഞ്ഞ പ്രാർത്ഥനകളിൽ പങ്കുചേർന്ന എനിക്കും ഭ്രാന്തു പിടിച്ചോയെന്നു തോന്നിപ്പോവുമായിരുന്നു. പോട്ടയിലെ ധ്യാനം കൂടിയ ശേഷം എന്നിലെ ഭ്രാന്തനായ ഒരു മനുഷ്യനെയാണ് ഞാൻ സ്വയം കണ്ടത്. ജോലി ചെയ്യാനുള്ള താൽപ്പര്യം കുറഞ്ഞു. സർവ്വതും ദൈവമയം. ആരെക്കണ്ടാലും ദൈവ വിഷയം മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ.

അനുഭവങ്ങളും പാളീച്ചകളും

ജോസഫ് പടന്നമാക്കൽ

വിശ്വാസികളുടെ കാഴ്ചപ്പാടിൽ പോട്ടയിലെ ധ്യാനഗുരു പനയ്ക്കലച്ചൻ ഏതോ സ്വർഗത്തിൽ നിന്നിറങ്ങി വന്ന ദൈവദൂതനെന്നാണ്. പോട്ടയ്ക്കുള്ളിലെ ദേവഗീതങ്ങളും ചെണ്ടമേളങ്ങളും തുടരെയുള്ള പ്രസംഗങ്ങളും ഇടവിടാതെയുള്ള പ്രാർത്ഥനകളും ഏതു ബലഹീനനെയും മാനസികമായി അടിമപ്പെടുത്തുമായിരുന്നു. അവിടുത്തെ ഉപദേശിമാർ പറയുന്നത് സത്യമെന്നു ഞാനും വിശ്വസിച്ചു. തത്തമ്മപോലെ വർഷങ്ങളായി ഉരുവിടുന്ന അവരുടെ പ്രസംഗങ്ങൾ ആരെയും മയക്കുകയും ചെയ്യും. ഒരു അരവിന്ദാക്ഷമേനൊന്റെ വേദങ്ങളിലുണ്ടെന്നുപറഞ്ഞുള്ള പ്രജാപതിയുടെ പൊട്ടക്കഥയും കേൾക്കാം. ബൈബിൾ നിത്യം വായിക്കണമെന്നുള്ള സാരോപദേശവും ലഭിച്ചു. അങ്ങനെ രാത്രിയും പകലും ഒരുപോലെ ഉറങ്ങാതെ ബൈബിൾ വായിക്കുകയെന്ന വരവും എനിക്ക് ലഭിച്ചു.

എന്തോ 'ഒരു സൈക്കോപാത്ത്',(Psychopath) മനസിലാഞ്ഞടിച്ചതു കാരണം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോഴും വേദവചനങ്ങൾ പഠിക്കാനുള്ള അതീവ തീഷ്ണതയുമുണ്ടാകുമായിരുന്നു. ഭക്തന്മാർ അതിനെ ദൈവത്തിന്റെ വരപ്രസാദമെന്നു പറയും. ചിലർക്ക് കറുപ്പ് തിന്നുന്ന ശീലം പോലെ ബൈബിളിലെ വചനങ്ങളും എനിക്കന്ന് കറുപ്പുപോലെയായി തീർന്നു. പ്രപഞ്ചം മുഴുവനായും ശാസ്ത്രവും സർവ്വവിജ്ഞാനവും ആ കൊച്ചുപുസ്തകത്തിലുണ്ടെന്നും ഓർത്തുപോയി.

അതീവ ദുഃഖം വരുമ്പോൾ ബൈബിൾ തുറന്നു നോക്കും. അപ്പോഴെല്ലാം ദുഃഖങ്ങൾക്ക് പരിഹാരമായുള്ള വചനങ്ങൾ തേടും. ഒരു മനുഷ്യനെ സ്വാന്തനപ്പെടുത്താനുള്ള എല്ലാം വചനങ്ങളിലുണ്ടെന്നുള്ള തോന്നലുകളും മനസിനെ ആവരണം ചെയ്തിരുന്നു. അങ്ങനെ ഏതോ ഒരു തരം വചന ഭ്രാന്ത് എന്നെ മുഴുവനായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അതേ, പോട്ടയിലെ ഭ്രാന്തന്മാരുടെ ലോകത്തിൽ നിന്നും എനിക്കേതോ പ്രാർത്ഥനാ ഭ്രാന്ത് കിട്ടിയെന്നതായിരുന്നു സത്യം. അവരുടെ ഭാഷയിലുള്ള കൃപ നിറഞ്ഞ ദൈവം അനുഗ്രഹീതമോ ശാപമോയെന്ന് വ്യക്തമല്ലായിരുന്നു.

അന്നുവരെ ഒരു ഉറച്ച മനസിന്റെ ഉടമയായിരുന്ന ഞാനും പുരോഹിതരുടെ ഉപദേശപ്രകാരം സർവ്വ ദുഃഖങ്ങളും ദൈവത്തിനർപ്പിക്കുന്ന ഒരു ചഞ്ചല ഹൃദയനായി തീർന്നു. ദൈവം ബലഹീനന്റെ കൂടെയെന്നുള്ള സത്യവും അതൊരു ഭാവനാതീതമെന്നതും കണ്ണുതുറന്നു നോക്കിയപ്പോഴാണ് മനസിലായത്. സ്വർഗം വേണമെങ്കിൽ അത്യുന്നതങ്ങളിലുള്ള ദൈവത്തെ വാഴ്ത്തിക്കൊണ്ടിരിക്കണം.

ബൈബിൾ വായനയുടെ തീവ്രതയിൽ അക്കാലങ്ങളിൽ ഒരു സംഭവമുണ്ടായി. എന്റെ മകന് അന്ന് വയസ്സ് പതിനാറ്. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലുമായിരുന്നു. വണ്ടിയോടിക്കാനുള്ള ലൈസൻസ് കിട്ടി അവൻ ആദ്യമായി കാറും കൊണ്ട് സ്വയം ഡ്രൈവ് ചെയ്ത് സ്‌കൂളിൽ പോയി. സ്‌കൂളിൽനിന്നും മടങ്ങി വരുംവഴി അവന്റെ വണ്ടിയും മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ച് വലിയൊരു അപകടമുണ്ടായി. കാർ നിശേഷം നശിച്ചിരുന്നു. അവനു ഒരു പോറലുപോലും ഏൽക്കാതിരുന്നത് അതിശയമായിരുന്നു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് എന്റെ ബൈബിൾ വായനയുടെ ശക്തികാരണം അന്നുണ്ടായ അപകടത്തിൽ അവനൊന്നും സംഭവിച്ചില്ലായെന്ന് അന്ന് പലരുടെയും സംസാര വിഷയമായിരുന്നു. ബൈബിൾ കൊട്ടിഘോഷിക്കുന്നവരും ഇതേ അഭിപ്രായങ്ങൾ തട്ടി വിട്ടുകൊണ്ടിരുന്നു.

പോട്ടയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ കുടിലുകളെല്ലാം കൊട്ടാരങ്ങളാകുമെന്നും ഓല മേഞ്ഞ വീടുകളെല്ലാം ഓടിട്ടതാകുമെന്നും ഓർത്തുപോയി. ഒന്നും സംഭവിച്ചില്ല. ഒരു കൾട്ട് ലോകത്തുനിന്നും വിമുക്തമായതുപോലെയും തോന്നി.

ഇതിനിടയിൽ എന്റെ വായനയിൽക്കൂടി കിട്ടിയ വചനത്തിന്റെ ശക്തി പരീക്ഷിക്കാനും ഒരു അവസരം കിട്ടി. എരുമേലിയിൽ മരണാസന്നനായ ഒരു ബന്ധു പുല്ലുകാട്ട് അപ്പീസാറിന്റെ വീട്ടിൽപോവുകയും  അദ്ദേഹത്തിൻറെ കിടക്കറയ്ക്ക് സമീപം ഞാൻ പ്രാർത്ഥിക്കുകയും ബൈബിൾ തുറന്ന് ഉച്ചത്തിൽ വായിക്കുകയും ചെയ്തു. കൂടെ ബാബുക്കുട്ടിയുടെ മകൾ മിനിയും എന്നോടൊപ്പം പ്രാർത്ഥിക്കാനുണ്ടായിരുന്നു. അങ്ങനെ എന്റെ പ്രാർത്ഥനകളിൽക്കൂടി അനുഗ്രഹീതനായ അപ്പിസാറിനെ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്വർഗം തേടിയുള്ള യാത്രയിലേക്ക് നിത്യമായി പറഞ്ഞുവിടുകയും ചെയ്തു.

ബൈബിൾ വായനകളും പ്രാർത്ഥനകളും ഏതാനും മാസങ്ങൾ മാത്രമേ മനസ്സിൽ കുടിയിരുന്നുള്ളൂ. പിന്നീട് എനിക്കുകിട്ടിയ വരദാനമായ ആത്മീയ ചൈതന്യം എന്നിൽനിന്ന് നിശേഷം നശിച്ചു പോവുകയും ചെയ്തു. എങ്കിലും ഒരു തീർത്ഥാടകനെപ്പോലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന സ്വഭാവവും വന്നു കൂടി. അങ്ങനെ കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയിലും പ്രാർത്ഥിക്കാൻ  പോവുമായിരുന്നു. നീറുന്ന മനസോടെ അലഞ്ഞിരുന്ന ഞാൻ ഒരു തീർത്ഥാടകനെപ്പോലെ  വേളാങ്കണ്ണിയിലും ലൂർദ്ദിലും പോവുകയും ചെയ്‌തു.

എന്റെ ഹൃദയത്തിൽ ഞാൻ നമിക്കുന്ന ഒരേ ഒരു ദേവാലയമേയുള്ളൂ. അത് പൂർവികരാൽ പണിതീർത്ത അക്കരയമ്മ വസിക്കുന്ന പഴയപള്ളി മാത്രം. നമുക്കു മുമ്പേ ജനിച്ച മുത്തച്ഛനപ്പൂപ്പന്മാരുടെ കാലം തൊട്ടുള്ള ചൈതന്യം ആ പുണ്യ ദേവാലയത്തിൽ കുടികൊള്ളുന്നുണ്ട്. 'അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവരുമെ നിങ്ങൾ എന്റെ പക്കലേയ്ക്ക് വരുവിനെന്ന' തിരുവചനം അവിടെ സാക്ഷാൽക്കരിക്കുന്നു. നിലയ്ക്കൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ  വന്നെത്തിയ ആദ്യപിതാക്കന്മാരുടെ വിയർപ്പുഫലമാണ് ആ ദേവാലയം.

അനുഭവങ്ങളും പാളീച്ചകളും-4

ജോസഫ് പടന്നമാക്കൽ


ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയോ പ്രപഞ്ച ശക്തികളെപ്പറ്റിയോ ഒന്നും ഒരു വിവരണം തരാൻ  എനിക്ക് സാധിക്കില്ല. പ്രകൃതിയുടെ എല്ലാ അംശങ്ങളിലും ഈശ്വരന്റെ ചൈതന്യം കുടികൊള്ളുന്നു. വേദപുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്നത് പ്രാപഞ്ചിക നിയമങ്ങളെപ്പറ്റിയാണ്. പ്രാചീന മതങ്ങളായ വേദമതങ്ങളും പേഗനീസവും കൂട്ടി കലർത്തിയ സമ്മിശ്രതങ്ങളാണ് യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമിക മതങ്ങൾ. ഹൈന്ദവർ ഈശ്വരനെത്തേടി പുണ്യനദിയായ ഗംഗയിലും കാശിയിലും തിരുപ്പതിയിലുമെല്ലാം യാത്ര ചെയ്യുന്നു. മുസ്ലിമുകൾ മെക്കയിലും ക്രിസ്ത്യാനികൾ ജെറുസലേമിലും ലൂർദിലും ഫാത്തിമായിലും തീർത്ഥാടനം നടത്താറുണ്ട്. ഏഴു മില്യൻ ജനങ്ങളാണ് ഒരു വർഷം ലൂർദിൽ  വന്നെത്തുന്നത്. ഒരു ഗ്രാമീണ കന്യകയായ 'ബെർണാഡിറ്റെന്ന' കുട്ടിയ്ക്ക് മേരിയുടെ മായാരൂപം പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വസിച്ചു വരുന്നത്.

വേളാങ്കണ്ണിയിലും ലൂർദിലും എന്നെ ആകർഷിച്ചത് അവിടുത്തെ പ്രകൃതി രമണീയതയായിരുന്നു. വേളാങ്കണ്ണിയിലെ മേരിയുടെ ദേവാലയം അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ലൂർദിലെ ദേവാലയം മലകളാലും ചുറ്റപ്പെട്ടിരിക്കുന്നു. തെളിമയാർന്ന ശുദ്ധജലം നിറഞ്ഞ ഒരു തടാകവും മലകൾക്ക് ചുറ്റും കാണാം. സഹ്യന്റെ താഴ്വരയിൽ ചിറ്റാറിന്റെ തീരത്തുള്ള പാർശ്വ വശങ്ങളിൽ അക്കരപ്പള്ളിയും സ്ഥിതിചെയ്യുന്നു. എന്റെ ചെറുപ്പകാലത്ത് ചിറ്റാറിൽക്കൂടി തെളിമയാർന്ന ശുദ്ധജലം മാത്രമേ ഒഴുകിയിരുന്നുള്ളൂ. ഇന്നവിടം പ്ലാസ്റ്റിക്കും ചപ്പുചവറുകളും കൊണ്ട് നിറച്ചിരിക്കുന്നു. അനശ്വരനായ ഈശ്വരൻ അവിടെനിന്നും ഓടിയൊളിച്ചുവെന്നും തോന്നിപ്പോവും.  

ലൂർദിലേയ്ക്ക് യാത്രയാകുന്നതിന് മുമ്പ് ഞാൻ പഴയപള്ളിയിലും വേളാങ്കണ്ണിയിലും പോയിരുന്നു. വേളാങ്കണ്ണിയിലെ കടൽത്തീരത്തുകൂടെ പ്രഭാതം മുതൽ മണിക്കൂറോളം നടന്നു. സൂര്യോദയവും സൂര്യാസ്തമയവും അവിടെനിന്ന് വീക്ഷിച്ചിരുന്നു. ദേവാലയത്തിനുള്ളിലെ ഭക്തജനങ്ങളുടെ കൂട്ടം കൂടിയുള്ള തേങ്ങാ ഉടയ്ക്കലുകളും കണ്ടു. കഴുതപ്പുറത്തു വന്ന യേശുവിന്റ ചാട്ടവാറിനുള്ള അടി ദേവാലയം അശുദ്ധരാക്കുന്ന അത്തരക്കാർക്കും നൽകേണ്ടിയിരുന്നുവെന്നു തോന്നിപ്പോയി.

'പൈറനീസ്' മലയിടുക്കുകളുടെ താഴ്വരകളിലാണ് ലൂർദെന്ന കൊച്ചു പട്ടണം സ്ഥിതി ചെയ്യുന്നത്. ദൈവം സർവ്വവ്യാപിയെന്നു ചിന്തിക്കുന്നവർക്ക് പൊട്ടക്കിണറ്റിലും തട്ടിൻ പുറത്തും ദൈവമുണ്ട്. എന്നിരുന്നാലും മനസ് ക്ഷീണിതമാകുമ്പോൾ ഇത്തരം പുണ്യസ്ഥലങ്ങൾ ഒരു ആത്മ സംതൃപ്തിയും നൽകിയേക്കാം. അപ്രതീക്ഷിതമായി ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം.

യേശു, ശിക്ഷ്യന്മാരുമൊത്ത് നടന്നത് നദികളുടെ തീരത്തും മലമുകളിൽക്കൂടിയും കുഷ്ഠരോഗികളുടെ ഇടയിലും ദരിദ്രരുടെ കുടിലുകളിലുമായിരുന്നു. കൂന്തൻ തൊപ്പികൾ തലയിൽ വെച്ചും അംശവടികൾ പിടിച്ചും ആർഭാടമേറിയ കുപ്പായങ്ങളണിഞ്ഞുമായിരുന്നില്ല ശിക്ഷ്യമാർ യേശുവിനൊപ്പം സഞ്ചരിച്ചിരുന്നത്! മണിമാളികകളോ വിലകൂടിയ കാറുകളോ അവർക്കുണ്ടായിരുന്നില്ല. ഷോപ്പിംഗ് കോമ്പ്ലെക്സുകളും ഫൈവ് സ്റ്റാർ ഹോസ്‌പിറ്റലുകളും മുക്കവക്കുടിലുകളിൽ ജനിച്ച യേശു ശിക്ഷ്യന്മാർക്കുണ്ടായിരുന്നില്ല. അന്ന് ആടുകൾക്ക് പിന്നാലെ ഇടയന്മാർ നടന്നിരുന്നു. മുന്നാലെ നടക്കുന്ന ഇന്നത്തെ ഇടയന്മാർക്ക് ആടുകളുടെ മാംസവും ഭക്ഷിക്കണം.
.
ലൂർദ്ദ് യാത്രയ്ക്ക് ശേഷം മകളുടെ സ്‌പൈനൽ കോഡിലുണ്ടായിരുന്ന അതിഗുരുതരമായ മൾട്ടിപ്പിൾ സ്‌കോളറോസിസ് (Multiple Sclerosis) ഭേദമായി. തലച്ചോറിലെ രോഗത്തിന് മാറ്റമുണ്ടായിരുന്നില്ല. അവളെ ചീകത്സിക്കുന്ന ന്യൂറോളജി സ്പെഷ്യലിസ്റ്റായ 'ഡോക്ടർ ഹോൾസ്റ്റയിൻ' അവളുടെ സ്‌പൈനൽ കോഡിൽ ബാധിച്ചിരുന്ന രോഗവിമുക്തിയെപ്പറ്റി കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു ദിവ്യാനുഭൂതി സംഭവിച്ചത് എന്റെ ശക്തമായ മനസോ അതോ മനസ്സ് ദിവ്യതയിൽ അലിഞ്ഞതോ ഏതെന്നു എനിക്ക് മനസിലാകുന്നില്ല. എന്തായാലും ഭേദമാകാത്ത അവളുടെ സ്‌പൈനൽ കോഡിലെ രോഗം പിന്നീട് വന്നിട്ടില്ല. അത് സംഭവിച്ചു. അല്ലായിരുന്നെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾ തളർന്നു പോവുമായിരുന്നു. എങ്കിലും  തലച്ചോറിലെ മൾട്ടിപ്പിൾ സ്‌കോളറോസിസ് ഇന്നും അവളെ അലട്ടുന്നുണ്ട്. ജീവിതകാലം മുഴുവൻ വിലകൂടിയ മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാൽ സാധാരണ ജീവിതം തുടരാൻ സാധിക്കും. ഞാനൊരു യുക്തിവാദിയെന്നു പറയാനും കഴിയുന്നില്ല. ഇത് അത്ഭുതമായിരുന്നുവോയെന്നു സ്ഥിതികരിക്കാനും സാധിക്കുന്നില്ല.

ഒരിക്കൽ ഒരു വെന്തിക്കോസുകാരൻ പാസ്റ്ററോട് ലൂർദിലെ യാത്രയ്ക്കുശേഷം എനിക്കുണ്ടായ ഈ അനുഭവ സാക്ഷ്യത്തെപ്പറ്റി വിവരിച്ചു. പിശാചിന്റെ പ്രവർത്തനമാണ് അവിടെ നടക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. എങ്കിൽ ഇന്നുമുതൽ എന്റെ ദൈവം ആ പിശാചാണെന്നും ഞാൻ തർക്കുത്തരവും കൊടുത്തു. അയാളുടെ കീശയിൽ രോഗശാന്തിയുടെ പേരിൽ പണമെത്താഞ്ഞതിലുള്ള മനോവിഷമവും  പ്രകടമായിരുന്നു. ദൈവത്തെ വിറ്റു കാശാക്കുന്ന ഇവർക്കെല്ലാം ആഫ്രിക്കാ വേണ്ട സമൃദ്ധിയുടെ രാജ്യങ്ങളായ അമേരിക്കാ, കാനഡ പോലുള്ള രാജ്യങ്ങളിലെ ആത്മ്മാക്കളെ രക്ഷിച്ചാൽ മതി.

ചെറുപ്പം മുതലേ അക്കരയമ്മയെ എനിക്കിഷ്ടമാണ്. ആ 'അമ്മ കാഞ്ഞിരപ്പള്ളി മുഴുവനായ ഒരു ജനതയുടെ അമ്മകൂടിയാണ്. ഈ ആവേശം എനിയ്ക്കു പകർന്നു കിട്ടിയത് വല്യ കുഞ്ഞിൽ നിന്നും പിന്നീട് എന്റെ ഇച്ചായനിൽ നിന്നുമായിരുന്നു. പള്ളിയിൽ ഒരിക്കലും പോകാതിരുന്ന എന്റെ ഇച്ചായൻ ആരും കാണാതെ അക്കരപ്പള്ളിയിൽ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇച്ചായന്റെ മക്കളും കൊച്ചുമക്കളും ജീവിതത്തിന്റെ വിവിധ തുറകളിൽ അല്ലലില്ലാതെ ജീവിക്കുന്ന കാരണങ്ങളും ആ വലിയ മനുഷ്യന്റെ നന്മകൾ നിറഞ്ഞ മനസായിരുന്നുവെന്നതിലും സംശയമില്ല. (തുടരും)



അനുഭവങ്ങളും പാളീച്ചകളും-5

ജോസഫ് പടന്നമാക്കൽ                                

എന്റെ മകൾ ജിജി അവളുടെ എം.ബി.ബി.എസും ഹൌസ് സർജൻസിയും കഴിഞ്ഞശേഷം കൂട്ടുകാരുമൊത്ത് സുനാമിയുണ്ടായതറിയാതെ വേളാങ്കണ്ണിയ്ക്ക് യാത്ര തിരിച്ചിരുന്നു. പഠിച്ചിരുന്ന കോളേജിൽ നിന്നും ബാംഗ്ളൂർ എത്താൻ ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ടായിരുന്നു. അവിടെനിന്നും വേളാങ്കണ്ണിക്കുള്ള ടുറിസ്റ്റ് ബസ്സിൽ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. അസുഖത്തിന്റെ പേരിൽ അവൾക്ക് അവിടെയുള്ള പള്ളിയിൽ ഒരു നേർച്ചയുണ്ടായിരുന്നു.

അന്ന് ഞാൻ അമേരിക്കയിലായിരുന്നു. 2004 ഡിസംബർ ഇരുപത്തിയാറാം തിയതി ഉറങ്ങിക്കിടന്നിരുന്ന ഞാൻ അവൾ ബാംഗ്‌ളുർക്ക് സഞ്ചരിച്ച കാർ ഒരു ആടിനെ മുട്ടുന്നതായി സ്വപ്നം കണ്ടു. പെട്ടെന്നു ഞെട്ടിയുണർന്നു ഇന്റർനെറ്റിൽ വാർത്ത നോക്കിയപ്പോൾ വേളാങ്കണ്ണി പള്ളിയിൽ വെള്ളം കയറി കിടക്കുകയാണെന്നും ഏതാനും പേർ ഒഴുകി പോയെന്നും വായിച്ചു. രാത്രി മുഴുവൻ ബാങ്കളൂരിൽ ടെലിഫോണിൽ വിളിച്ചിട്ടും കണക്ഷൻ കിട്ടുന്നില്ലായിരുന്നു. ഒടുവിൽ നീണ്ട കാത്തിരിപ്പിനുശേഷം അവളുടെ ടെലിഫോൺ വന്നപ്പോഴാണ് എനിക്ക് സമാധാനം വന്നത്. അന്നെനിക്കുണ്ടായ സന്തോഷത്തിനും ഒരതിരില്ലായിരുന്നു.

എന്റെ സ്വപ്നകാര്യം അവളോട് പറഞ്ഞപ്പോൾ അതിൽ സത്യമുണ്ടെന്നും പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും വേളാങ്കണ്ണിയിൽ പോവുന്ന ബസ്സിൽ വന്നെത്താൻ ഒന്നര മണിക്കൂർ കോളേജിൽ നിന്നും കാറിൽ യാത്ര ചെയ്യണമായിരുന്നു. പക്ഷെ അവിടെയെത്തുംമുമ്പ് അവളും സുഹൃത്തുക്കളും സഞ്ചരിച്ച പുത്തൻ കാറ്‌ വഴിക്ക് നാലുപ്രാവശ്യം കേടായി. ഇടയ്ക്ക് ടയറും പൊട്ടി. അതിനുശേഷം എന്റെ സ്വപ്നത്തിൽ കണ്ടതുപോലെ കാർ ഒരു ആട്ടിൻ പറ്റത്തിന്മേൽ മുട്ടി നിറുത്തേണ്ടി വന്നു. "സ്വപ്നം ചിലർക്ക് ചിലകാലം ഒത്തിടുമെന്ന" ബാല്യത്തിൽ പഠിച്ച പദ്യവും ഓർമ്മ വന്നു. മണിക്കൂറുകൾക്കുശേഷം ബാംഗ്ളൂരിൽ അവരുടെ വാഹനം എത്തിയപ്പോൾ വേളാങ്കണ്ണി ബസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. യാത്ര മുടങ്ങുകയും ചെയ്തു. അന്ന് വേളാങ്കണ്ണിയ്ക്ക് പോയിരുന്നെങ്കിൽ ഒരു പക്ഷെ സുനാമി ദുരന്തങ്ങളിൽ അവളും സുഹൃത്തുക്കളും അകപ്പെടുമായിരുന്നു.

2004- ഡിസംബർ ഇരുപത്തിയാറാം തിയതി സുമാത്ര, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഭീകരമായ കൊടുങ്കാറ്റും സമുദ്രത്തിലെ തിരമാലകളുടെ ആർത്തിരമ്പലുകളുമുണ്ടായി. ഇന്ത്യൻ പ്ളേറ്റും ബർമ്മാ പ്ളേറ്റും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ഭൂമി കുലുക്കത്തിന്റെ ഫലമായി തിരമാലകൾ ഇന്ത്യ വരെ ആഞ്ഞടിച്ചിരുന്നു. പതിനാലു രാജ്യങ്ങളിലായി ഏകദേശം മൂന്നു ലക്ഷത്തിനടുത്ത് ജനം അന്ന് കൊല്ലപ്പെട്ടു. ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുകയാണെങ്കിൽ പ്രകൃതി ദുരന്തം കൊണ്ട് ഏറ്റവുമധികം ജനം കൊല്ലപ്പെട്ട ദിനവുമായിരുന്നു അന്ന്. ഇന്തോനേഷ്യയിലായിരുന്നു കൂടുതൽ ജനം കൊല്ലപ്പെട്ടത്. ഇന്ത്യയിലും ശ്രീ ലങ്കയിലും, തായ്‌ലണ്ടിലും സുനാമി അനേകായിരങ്ങളുടെ ജീവനെ അപഹരിച്ചു. വേളാങ്കണ്ണിയുടെ പരിസരങ്ങളും വെള്ളത്തിനടിയിൽ മുങ്ങിയിരുന്നു. അനേകർ വെള്ളത്തിലൊഴുകി പോവുകയും ചെയ്തു. ഒരു തീർത്ഥാടക ബസ് മുഴുവനായും അപ്രത്യക്ഷമാവുകയും ചെയ്തു. സുനാമി ദുരന്തം മൂലം വേളാങ്കണ്ണി പള്ളിയോടുള്ള വിശ്വാസം അനേകർക്ക് നഷ്ടപ്പെടുകയുമുണ്ടായി.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാലു വിറ്റുകൊണ്ടിരുന്ന ഒരു ഹിന്ദുച്ചെറുക്കന് വേളാങ്കണ്ണിയിലുള്ള ഒരു കുളക്കരയിൽവെച്ച് ഒരു സ്ത്രീയും കുഞ്ഞും പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു  ആൽമരത്തിന്റെ താഴെ അവൻ വിശ്രമിക്കുകയായിരുന്നു. ആ സ്ത്രീ തന്റെ കുഞ്ഞിനു കുടിക്കാൻ കുറച്ചു പാലു തരാമോയെന്നു ആ ചെറുക്കനോട് ചോദിച്ചു. അവൻ സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിനു പാൽ കൊടുക്കുകയും ചെയ്തു. പാൽ മേടിക്കുന്ന വീട്ടുടമസ്ഥനോട് ആവശ്യത്തിനു പാൽ നൽകാൻ സാധിക്കാഞ്ഞതിൽ അവൻ ക്ഷമാപണവും നടത്തി.

പാൽ മേടിക്കുന്ന മനുഷ്യൻ പാത്രം നോക്കിയപ്പോൾ പാൽപാത്രം നിറയേ പാലുണ്ടായിരുന്നു. എന്തോ അത്ഭുതം നടന്നുവെന്നും അയാൾക്ക് ബോദ്ധ്യമായി. ആ മനുഷ്യനും ഒരു ഹിന്ദുവായിരുന്നു. സ്ത്രീ പ്രത്യക്ഷപ്പെട്ട കുളത്തിന്റെ കരയിൽ മരത്തിന്റെ ചുവട്ടിൽ ബാലനുമൊത്ത് അയാൾ വന്നു. കുളത്തിന്റെ കരയിൽ എത്തിയയുടൻ തേജസ്സാർന്ന ഒരു സ്ത്രീ അവരുടെ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടത് അമ്മയായ മേരി മാതാവെന്നറിഞ്ഞപ്പോൾ സ്ഥലത്തുള്ള കത്തോലിക്കരായവർ ഹര്‍ഷോന്‍മത്തരായി തീർന്നിരുന്നു. മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തിൻകരയ്ക്ക് 'മാതാകുളം' എന്ന് പേരും നൽകി.
 
ഏതാനും വർഷങ്ങൾക്കുശേഷം മോരും വെള്ളം വിറ്റുകൊണ്ടിരുന്ന കാലിനു സ്വാധീനമില്ലാത്ത ഒരു ബാലന് അതേസ്ഥലത്തുതന്നെ സ്ത്രീ തന്റെ കുഞ്ഞുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. മോരു വിറ്റുകൊണ്ടിരുന്ന ആ ചെറുക്കന് കാലിനു സ്വാധീനമുണ്ടായിരുന്നില്ല. ദാഹിക്കുന്ന തന്റെ കുഞ്ഞിനു  കുടിക്കാൻ മോരുംവെള്ളം സ്ത്രീ ആവശ്യപ്പെട്ടു. അവൻ ആ കുഞ്ഞിനു കുടിക്കാൻ മോരുംവെള്ളം നൽകി. ഈ ദർശനത്തിന്റെ വിവരം നാഗപ്പട്ടണത്തുള്ള ഒരു ധനികനെ അറിയിക്കാനും സ്ത്രീ ആവശ്യപ്പെട്ടു.

ഉടൻ തന്നെ അവന്റെ കാലു സുഖപ്പെടുകയും അവൻ ഓടി മാതാവ് പ്രത്യക്ഷപ്പെട്ട വിവരം ധനികനെ അറിയിക്കുകയും ചെയ്തു. ബാലനു സംഭവിച്ച അത്ഭുതം മനസിലാക്കാതെ ധനികനായ ഈ മനുഷ്യന് തലേരാത്രി അവിടെ ഒരു പള്ളി പണിയണമെന്ന സ്വപ്നവുമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് അത്ഭുതം നടന്ന സ്ഥലത്ത് എത്തുകയും മാതാവ് അവർക്ക് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. അവിടെ ഒരു പള്ളി പണിയണമെന്നും ആവശ്യപ്പെട്ടു. 'ആരോഗ്യ മാതാവിന്റെ' നാമത്തിൽ പള്ളി പണിയുകയും ചെയ്തു.

വീണ്ടും വർഷങ്ങൾക്കു ശേഷം കൊടുങ്കാറ്റിൽപ്പെട്ട്, തകർന്ന ഒരു പോർട്ടുഗീസ് കപ്പൽ  വേളാങ്കണ്ണിയിലെത്തി. അതിലുണ്ടായിരുന്ന പോർട്ടുഗീസ് നാവികർ കപ്പലപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപെട്ടിരുന്നു. 'അമ്മ വേളാങ്കണ്ണി മാതാവ് അവരെ രക്ഷിച്ചുവെന്നു നാവികർ വിശ്വസിക്കുകയും ചെയ്തു. അതിനു നന്ദി സൂചകമായി നാവികർ ഉറപ്പുള്ള ഒരു ദേവാലയം അവിടെ പണികഴിപ്പിക്കുകയും അതിനുശേഷം അവർ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തു. (തുടരും)

എന്റെ അമ്മച്ചി മരിച്ച ദിവസം ഓർമ്മിക്കുന്നു. സുപ്രഭാതത്തിൽ ഉണരുന്ന സമയം അമ്മച്ചി എന്റെ സ്വപ്നത്തിൽ വന്നു ഇങ്ങനെ പറഞ്ഞു, 'ജോസുകുട്ടി ഞാൻ മരിച്ചു.' "ഇപ്പോൾ എന്റെ ശവം മറവു ചെയ്തു." അമ്മച്ചി വീണ്ടും പറഞ്ഞു, ഞാൻ മരിക്കുമ്പോൾ എന്റെ മക്കളിൽ  ബാബുക്കുട്ടി മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ".  അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടത് ഒരു മാലാഖ രൂപത്തിലായിരുന്നു. തൂവെള്ള ചട്ടയും കച്ചമുറിയും ധരിച്ചു  കണ്ടത് അമ്മച്ചിയുടെ ചെറുപ്പകാലത്തിലെ ഒരു യുവതിയുടെ രൂപത്തിലായിരുന്നു. ദൈവികമായ ഒരു പ്രഭയോടെയായിരുന്നു അമ്മച്ചി വന്നത്. സുവർണ്ണ പ്രകാശമായി മുകളിലേയ്ക്ക് പോയി അപ്രത്യക്ഷമാകുന്നതും സ്വപ്‍ന രൂപത്തിൽ കണ്ടു. കണ്ണു തുറന്നപ്പോഴേ എന്റെ സ്വപ്നങ്ങൾ ഭാര്യയുമായി പങ്കിടുകയും ഉടൻതന്നെ അമ്മച്ചി മരിച്ചുവെന്ന് നാട്ടിൽ നിന്ന് ടെലഫോൺ വരുകയും ചെയ്തു.

മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ കൃഷ്ണയ്യർ പരേതാത്മാക്കളോട് സംസാരിച്ചിരുന്നുവെന്ന്  (Séance) അവകാശപ്പെട്ടിരുന്നു. 1973 മുതൽ അദ്ദേഹം തന്റെ ഭാര്യയുടെ മരണശേഷം പരേതയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് തറപ്പിച്ചു പറയുമായിരുന്നു.   മരണമെന്നത് ഒരു താൽക്കാലിക വിടവാങ്ങലെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. മരിച്ചുപോയ തന്റെ ഭാര്യയുമായുള്ള സംസാരത്തിന്റെ ശാസ്ത്രീയതയെ ലക്ഷ്യമാക്കി ഒരു പുസ്തകംതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്. അങ്ങനെയുള്ള മാനസികാനുഭവ സാക്ഷ്യങ്ങൾക്ക് 'ടെലിപ്പതി'യെന്നു പറയാൻ കഴിയില്ല. കാരണം അദ്ദേഹം സംസാരിച്ചുവെന്ന് അവകാശപ്പെട്ടിരുന്നത് പരേതാത്മാക്കളോടായിരുന്നു. ജീവിക്കുന്നവരുടെ മനസുകളെ അളന്നുകൊണ്ടായിരുന്നില്ല. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോയെന്ന യാഥാർഥ്യം മതത്തിന്റെ ചട്ടക്കൂട്ടിൽ കഴിയുന്നവർക്കേ ഗ്രഹിക്കാൻ കഴിയുള്ളൂ. അത്തരം കാര്യങ്ങൾ യുക്തിചിന്തകളിൽ ഒതുങ്ങുന്നതല്ല.

ജീവിതത്തിൽ കടന്നുപോയിട്ടുളള അനുഭവങ്ങൾ വേറെയുമുണ്ട്. നാം സ്നേഹിക്കുന്നവർ തമ്മിൽ 'ടെലിപ്പതി'യിൽക്കൂടി സന്ദേശങ്ങൾ നല്കുന്നുണ്ടോയെന്നും തോന്നിപ്പോവുന്നു. ഇത്തരം സംഭവങ്ങളുടെ നടുവിൽ സ്നേഹിക്കുന്നവരെ ഓർക്കാൻ കാരണമെന്താണെന്നും അറിയില്ല. മനസിലുണ്ടാകുന്ന വികാരങ്ങൾ മറ്റുള്ളവരുടെ മനസുമായി ഒപ്പിയെടുക്കുമ്പോൾ രണ്ടു മനസുകൾ തമ്മിൽ അവിടെ കൂട്ടി മുട്ടുന്നുവോ? മനസുകൾ തമ്മിൽ ആശയ വിനിമയം നടത്തുന്നുണ്ടോ? യുക്തിയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും മനസ്സിൽ അവശേഷിക്കുന്നുണ്ട്. ഒരു പുരുഷനെന്ന നിലയിൽ എന്നോടാരെങ്കിലും കരഞ്ഞിട്ടുണ്ടോയെന്നു ചോദിച്ചാൽ പൊട്ടിക്കരഞ്ഞ ദിനങ്ങളുമുണ്ടായിട്ടുണ്ട്. മനസിനെ തളർത്തിയിട്ടും തളരാതെ സ്വയം ഊർജം സമാഹരിച്ചുകൊണ്ടു വീണ്ടും ഉണർന്നെഴുന്നേറ്റിട്ടുമുണ്ട്. അതാണ് ഞാൻ, ഞാനും എന്റെ കുടുംബ ബന്ധങ്ങളും സ്നേഹത്തിന്റെ കണ്ണിയിൽ നിത്യവും ബന്ധിതമാണ്.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...