Wednesday, September 4, 2013

ഭാരതത്തിലെ വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ

By ജോസഫ് പടന്നമാക്കൽ  

വേദങ്ങളും പുരാണങ്ങളും ഭാരതസ്ത്രീകൾക്ക് അത്യുത്തമമായ സ്ഥാനമാണ് നല്കിയിരിക്കുന്നത്. "സ്ത്രീയെ പൂജിച്ചാൽ ദൈവങ്ങൾ പ്രസാദിക്കുമെന്നും അവളെ അവഹേളിച്ചാൽ പുരുഷന്റെ പുണ്യകർമ്മാനുഷ്ഠാനങ്ങൾ പാഴായിപോകുമെന്നും" വേദങ്ങളിലുണ്ട്.  ഭാരതീയ ധർമ്മത്തിലുള്ള വേദശാസ്ത്രഗ്രന്ഥങ്ങളിൽ സ്ത്രീയെ പുകഴ്ത്തികൊണ്ടുള്ള  അനേക തത്ത്വസംഹിതകൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സ്ത്രീക്കെതിരെയുള്ള അതിക്രമകഥകളാണ് എന്നും വാർത്തകളിൽ മുഴങ്ങികേൾക്കുന്നത്. ബലാൽസംഗം, സ്ത്രീധനപീഡനം, കൊല, വധുവിനെ ചുട്ടുകരിക്കുക, മുതലായവ ഈ വേദഭൂമിയിലെ നിത്യസംഭവങ്ങളാണ്. ഇങ്ങനെ തിന്മകൾകൊണ്ട് സമൂഹമാകെ നിറഞ്ഞിരിക്കുകയാണ്. മനുഷ്യഹൃദയങ്ങൾക്ക് മാറ്റംവരാതെ ഇതിനൊരു ശ്വാശ്വതപരിഹാരം സാധ്യമല്ല.  കുറ്റം ചെയ്യുന്ന കള്ളനും കൊലപാതകിക്കും വ്യപിചാരിക്കും നിയമങ്ങൾ അറിയാം. എങ്കിലും കുറ്റങ്ങൾ അയാൾ ആവർത്തിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസില്ലാത്തതാണ് കാരണം. ഒരുവൻ   സ്ത്രീയെ ബഹുമാനിച്ചാൽ അവൻ അമ്മയെയും പെങ്ങളെയും മകളെയും ബഹുമാനിക്കുകയും  സ്നേഹിക്കുകയും ചെയ്യും. 

 

ഭാരതത്തിലുടനീളം കേൾക്കുന്ന കൂട്ടബലാത്സംഗത്തിന്റെ കഥകൾ ഇന്ന് ആഗോളതലങ്ങളിലും പ്രമുഖ വാർത്തകളിലൊന്നാണ്. ടെക്കനോളജി യുഗങ്ങളിലെ ആധുനികമുന്നേറ്റം ലൈംഗികപീഡന പരമ്പരകളുടെ വർദ്ധനവിനും കാരണമായിട്ടുണ്ട്.  എന്നും പുരുഷമേധാവിത്വത്തിനടിമയായി ജീവിച്ച സ്ത്രീ ഇന്ന് ഫാക്ട്റ്ററികളിലും പാടങ്ങളിലും വ്യവസായ ഓഫീസുകളിലും ജോലിചെയ്ത് പുരുഷനോടൊപ്പം കുടുംബം പുലർത്തുന്നു.  സ്ത്രീയെ പൊതുനിരത്തിൽ കണ്ടാൽ പുരുഷനടക്കമില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. സ്ത്രീയെ  ലൈംഗിക ഭോഗവസ്തുവായിട്ടാണ് കാമന്ധമായ ഒരു സമൂഹം വീക്ഷിക്കുന്നത്. അത് അവളുടെ സുരക്ഷിതത്വത്തിനും വെല്ലുവിളിയായി തീർന്നിരിക്കുന്നു. പുരുഷനെപ്പോലെ അവളെ സ്വതന്ത്രയായി തെരുവുകളിൽ സഞ്ചരിക്കാൻ അനുവദിക്കുകയില്ല. പൊതുവാഹനങ്ങളിലും നിരത്തുകളിൽക്കൂടിയും ഉപജീവനം തേടി സ്ത്രീകൾക്ക് ജോലിക്കായി പോവണം. അവരിൽ അമ്മമാരും വല്യമ്മമാരും ഉണ്ട്. മൃഗീയതയുടെ സിരോരക്തം ഒഴുകുന്ന ബലാത്സംഗ ഭീകരർക്ക്‌  സ്ത്രീ ആരെന്ന് തിരിച്ചറിയാനുള്ള കഴിവുമില്ല.


കൂട്ട ബലാൽസംഗങ്ങളൂടെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്ത്രീ ഇന്ന് സുരക്ഷിതയല്ലായെന്ന് സ്ഥിതിവിവര കണക്കുകളിൽ പ്രാവിണ്യം നേടിയവർ അഭിപ്രായപ്പെടുന്നു. സ്ത്രീക്കെതിരെ നാട് മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന കൂട്ടബലാൽസംഗ വാർത്തകൾ ജനങ്ങളിലിന്ന് വിപ്ലവ കൊടുങ്കാറ്റുവരെ സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീയുടെ ജീവൻവെച്ചുള്ള പന്തുകളിയാണ് ഇന്ത്യയിൽ എവിടെയും. തന്മൂലം രാജ്യംതന്നെ അരാജകത്വമായി മാറുന്നു.
 

2012 ഡിസംബർ പന്ത്രണ്ടാം തീയതി ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ഒരു ബസിനുള്ളിൽവെച്ച് കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയെ മാനംകവർന്ന് അതിക്രൂരമാം രീതിയിൽ  ഒരുപറ്റം ചെറുപ്പക്കാർ ബലാല്സംഗം ചെയ്ത് പീഡിപ്പിച്ച വാർത്ത  ഭാരത മനസാക്ഷിയെതന്നെ മുറിവേൽപ്പിച്ചിരുന്നു.    ഏതാനും ദിവസങ്ങൾക്കുള്ളിൽ ലൈംഗീകദാഹികളുടെ ഇരയായ ആ കുട്ടി മരിച്ചുപോയി.  അവളുടെ മരണം ഡൽഹിയിൽ ഒരു ലഹളയിൽ അവസാനിച്ചു. പീഡനത്തിലെ കുറ്റക്കാരനായവരിൽ ഒരുവന് പ്രായപൂർത്തിയാകാഞ്ഞതിനാൽ സ്വഭാവരൂപീകരണത്തിനുള്ള ബാലപരിശീലനസ്കൂളിൽ മൂന്നുവർഷം ശിക്ഷ മാത്രമാണ് ലഭിച്ചത്.  അയാൾക്ക്‌ കൊടുത്ത ശിക്ഷയിൽ മരിച്ചുപോയ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ അതൃപ്തരായി അപ്പീലിന് പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ദുരഹമരണത്തിന് കാരണക്കാരായ പ്രായപൂർത്തി തികഞ്ഞ കുറ്റക്കാരുടെ വിധി നിർണ്ണയിച്ചിട്ടില്ല. മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അവരുടെമേൽ  ചുമത്തിയിരിക്കുന്നത്.

 

അറിയപ്പെടാത്ത സ്ത്രീ പീഡനങ്ങളുടെ ചരിത്രങ്ങൾ ഇന്ത്യാ ഒട്ടാകെയുണ്ട്. അവയിൽ ഏറെയും സ്വന്തം ഭവനങ്ങളോട് ചുറ്റിയായിരിക്കും. എന്നാൽ ഇന്ന് പൊതുനിരത്തുകളിൽ കൂട്ടബലാൽസംഗം ചെയ്യുകയെന്നുള്ളത്‌ ഇന്ത്യയിൽ  വർദ്ധിച്ചുവെന്നതാണ്‌ സത്യം. എങ്കിലും തലസ്ഥാന നഗരിയായ ഡൽഹിയിൽ നടന്ന ക്രൂരത ദൽഹിമുഴുവൻ ആശങ്കയുണ്ടാക്കി. ഭാരതത്തിനുതന്നെ വിദേശരാജ്യങ്ങളിൽ അപമാനം വരുത്തിവെച്ചു. ആയിരങ്ങൾ തെരുവിലിറങ്ങി സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതിക്ഷേധിച്ചു. സർക്കാരും ഇങ്ങനെയുള്ള ലൈംഗിക അഴിഞ്ഞാട്ടങ്ങൾ തടയുവാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ പെട്ടെന്ന് പരിഹരിക്കാൻ സ്പീഡ് കോടതികൾ സ്ഥാപിക്കാനും സ്ത്രീപീഡകർക്ക് ഇന്നുള്ള ശിക്ഷാകാലാവധി ഇരട്ടിയാക്കാനും അതിനുള്ള നിയമഭേദഗതികൾ വരുത്താനും തീരുമാനിച്ചു.


സൈക്കിളിൽ സഞ്ചരിച്ച ഒരു യുവതിയെ മധ്യപ്രദേശിൽ വെച്ചും ഒരു അമേരിക്കൻ യുവതിയെ വടക്കേഇന്ത്യയിൽ വെച്ചും  ഒരു പത്രപ്രവർത്തകയെ ബോംബെയിൽവെച്ചും ബലാൽസംഗം ചെയ്തത് വിദേശത്തുള്ള എല്ലാ വാർത്താമീഡിയാകളിലും പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനത്തിനുതന്നെ ക്ഷതം പറ്റത്തക്കവിധം വാർത്തകൾ പെരുപ്പിച്ചും കാണിക്കാറുണ്ട്.

 
ഇന്ത്യയിൽ നടക്കുന്ന ബലാൽസംഗ കേസുകൾ  ഭൂരിഭാഗം തെളിയാതെ പോകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. 90 ശതമാനം മാനഭംഗകേസുകളും ശ്രദ്ധിക്കാതെ പോവുന്നു. കുറ്റവാളികൾ  സ്വാധീനംകൊണ്ടും തെളിവിന്റെ അഭാവംകൊണ്ടും നിയമത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെടും. മന്ത്രിമക്കളും രാഷ്ട്രീയത്തിലെ പ്രമുഖരും സിനിമാ പ്രവർത്തനങ്ങളിൽ പ്രസിദ്ധരായവരും കുറ്റവാളികളുടെ മുൻനിരയിൽ ഉണ്ടെങ്കിലും അവരെയാരെയും കോടതികൾ ശിക്ഷിച്ചതായി കേട്ടിട്ടില്ല.

 

ബലാത്സംഗം, കുഞ്ഞുങ്ങളെ പീഡിപ്പിക്കൽ, വ്യപിചാരം എന്നീ ചൂടുള്ള നൂതന വൃത്താന്തങ്ങളിൽ അന്തർദേശീയ വാർത്തകൾ ആനന്ദം കണ്ടെത്തുന്നു. അതുപോലുള്ള വാർത്തകൾ തന്നെയാണ് ഇന്ത്യൻ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്‌. അപ്പൻ മകളെ ലൈംഗികമായി പീഡിപ്പിക്കുക, അപ്പൻ പിമ്പായി മകളെ കൂട്ടികൊടുക്കുക എന്നെല്ലാമുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകളും നാം കേട്ടു.  വടക്കേഇന്ത്യായിൽ ഒരു പെണ്‍കുട്ടി ഉദരത്തിൽ വളർന്നാൽ അതിനെ ഇല്ലാതാക്കും. ചില മാതാപിതാക്കൾ പെണ്‍കുഞ്ഞുങ്ങളെ വ്യപിചാരശാലക്ക്‌ വില്ക്കും. ഇതെല്ലാം ഇന്നും വർണ്ണവ്യവസ്ഥ പരിപാലിക്കുന്ന ജനതയുടെ മൃഗീയ സംസ്ക്കാരമാണ്. അധപതിച്ച സമൂഹത്തിന്റെ ഈ സംസ്ക്കാരംമൂലം പെണ്‍കുട്ടികളില്ലാത്ത അനേക ഗ്രാമങ്ങൾപോലും ഇന്ത്യയിൽ ഉണ്ട്. ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യത്തെ എങ്ങനെ ശാക്തിക ചേരികൾ ഉൾക്കൊള്ളും?

 

ഒരു സ്ത്രീക്ക് സ്വന്തം രാജ്യത്ത് സ്വന്തം വീട്ടിൽനിന്നും ലൈംഗികപീഡകരെ ഭയന്ന് പുറത്തേക്കിറങ്ങുവാൻ സാധിക്കില്ലായെങ്കിൽ ഏതുസമയവും പുരുഷൻ ആക്രമിക്കുമെന്ന ഭയവുമായി ജീവിക്കുന്നുവെങ്കിൽ രാജ്യത്ത് സമൂലമായ ഒരു മാറ്റത്തിന്റെ ആവശ്യമുണ്ട്. ഒരു സ്ത്രീ ജോലി ചെയ്യുന്നതോ പുറത്തുപൊവുന്നതോ  പ്രശ്നമല്ല.  പുരുഷൻ മനുഷ്യത്വത്തിൽ സ്ത്രീക്ക് ബഹുമാനം കല്പ്പിക്കാത്തതാണ് പ്രശ്നം. പുരുഷൻ എങ്ങനെയാണ് ലോകത്ത് വന്നതെന്ന് ചിന്തിക്കുന്ന കാലം വരണം. അവൻ തന്റെ സ്വന്തം മാതാവിനെ ബഹുമാനിക്കാൻ പഠിക്കണം. മാതാപിതാക്കൾ പരസ്പര ബഹുമാനത്തോടെ ജീവിച്ചാലും മക്കൾക്ക്‌ മാതൃകയാകും. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ഇത്തരം ക്രൂരകൃത്യങ്ങൾക്ക് ചിലരെ പ്രേരിപ്പിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. എന്നാൽ കോടാനുകോടി ദരിദ്രരായ ജനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നുണ്ടെന്നും  മനസിലാക്കണം.  അവരുടെയിടയിൽ ഇത്തരം പൈശാചിക നീചപ്രവർത്തികൾ സംഭവിക്കുന്നില്ല. ദൽഹിയിലും ബോംബയിലും കൂട്ടബലാൽസംഗത്തിനായി നടക്കുന്ന തെരുവിന്റെ സന്തതികളായ സാമൂഹ്യദ്രോഹികളുണ്ട്. ജോലിയോ വിദ്യാഭ്യാസമോ ഇക്കൂട്ടർക്ക് കാണുകയില്ല. ഇങ്ങനെയുള്ള മൃഗീയമനുഷ്യരുടെ പുരുഷത്വം നശിപ്പിക്കാനുള്ള നിർദേശങ്ങളുമുണ്ട്.

 
ഒരു അമേരിക്കൻ ചാനലിനുമുമ്പാകെ ഒരു സ്ത്രീ പറയുന്നത് ശ്രദ്ധിച്ചു. "കഴിഞ്ഞ കുറെക്കാലമായി ഇന്ത്യാ സന്ദർശിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ കുത്തഴിഞ്ഞ നിയമങ്ങളുള്ള ഒരു നാട്ടിലേക്ക് ഞാനില്ല. ഒരു ഡയിംപോലും ആ രാജ്യത്ത് ഞാൻ ചിലവാക്കില്ല. ബലാൽസംഗത്തിന് ബലിയാടാകുന്നവർക്ക് ആ രാജ്യത്ത് നീതിലഭിക്കുക എളുപ്പമല്ല".  ഇങ്ങനെയെല്ലാം ഇന്ത്യയെ താറടിക്കുന്ന മാധ്യമങ്ങൾ ബലാൽസംഗത്തിന്റെ ജ്വരങ്ങൾ ലോകം മുഴുവനുമുണ്ടെന്നുള്ള സത്യം മനസിലാക്കുന്നില്ല.
 

ജനാധിപത്യ വ്യവസ്ഥിതിയുള്ള ഇന്ത്യയിൽ ഇത്തരം സാമൂഹിക ദ്രോഹികൾക്കെതിരെ പ്രകടനവും  പ്രതിഷേധവും നടക്കുന്നതുകൊണ്ട് വാർത്തകൾ ലോകശ്രദ്ധയിൽപ്പെടുന്നു. അമേരിക്കയിൽ മോണ്ടാനയിൽ 47 വയസുള്ള ഒരു അദ്ധ്യാപകൻ 14 വയസുള്ള ഒരു കുട്ടിയെ ബലാൽസംഗം ചെയ്തു. നിരാശയായ ആ കുട്ടി ഉടൻ ആത്മഹത്യ ചെയ്തു. അയാൾക്ക്‌ കിട്ടിയ ശിക്ഷയോ വെറും 30 ദിവസം മാത്രം. അയാൾ ആ കുട്ടിയെ കൊന്നില്ലെന്നായിരുന്നു വിധിന്യായം. കുട്ടിയുടെ ആത്മഹത്യക്ക് ഇയാളല്ലേ,  പൂർണ്ണഉത്തരവാദി?  ഇങ്ങനെയുള്ള നൂറുനൂറ് സംഭവങ്ങൾ കണ്ണടച്ചുകൊണ്ടാണ് അമേരിക്കൻ റ്റീവികൾ ഇന്ത്യയെ പ്രതിക്കൂട്ടിൽ കയറ്റാറുള്ളത്. സ്വന്തം രാജ്യത്തിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിച്ചിട്ട് വിദേശരാജ്യത്തിലേക്ക് കൈചൂണ്ടുകയല്ലേ ഏത് രാജ്യത്തിനും നല്ലത്.  

 

ദിനംപ്രതി കണ്ണുനീരിന്റെ കഥകളുമായി ഓടിവരുന്ന സ്ത്രീയുടെ ദുഖത്തിന് അധികാരലോകം പരിഹാരം കണ്ടേതീരൂ. ബലാൽസംഗത്തിനിരയായ അവളുടെ മനസും ചാരിത്രവും അവിടെ തകരുകയാണ്. അവൾക്ക്  നഷ്ടപ്പെട്ട മാനത്തിനും മനസിടിഞ്ഞതിനും അർഹമായ നഷ്ടപരിഹാരം പുരുഷനിൽനിന്ന് നേടാൻ ഇന്നുള്ള നിയമങ്ങൾ അപര്യാപ്തമാണ്. അതിനായി നിയമപാലകരും സർക്കാരും ജനവും ഒത്തുചേർന്ന് പുരുഷൻറെ മസ്ക്കുലിൻ ശക്തിയെ തകർക്കണം. ബലാല്ക്കാരത്തിനു തുനിഞ്ഞ പുരുഷനെ കുടുക്കത്തക്ക നിയമങ്ങളിൽക്കൂടി സ്ത്രീയെ ശക്തിപ്പെടുത്തണം. അവനിലെ മസ്ക്കുലിനെന്ന അഹങ്കാരത്തെ ഇല്ലാതാക്കണം. ഒരു സ്ത്രീ ബലാൽസംഗത്തിനിരയായാൽ സമൂഹമൊന്നാകെ കുറ്റപ്പെടുത്തുന്നത് സ്ത്രീയെയായിരിക്കും. മതവും യാഥാസ്ഥിതികരും അവളുടെ വസ്ത്രധാരണരീതിയെ പരിഹസിക്കും. എന്തേ,  അവളുടെതായ താൽപര്യമനുസരിച്ച് മാന്യമായി വസ്ത്രധാരണം ചെയ്യുവാൻ അവൾക്ക് അവകാശമില്ലേ? പുരുഷനെപ്പോലെ ബുദ്ധിയും വിവേകവുമുള്ള അവൾക്കും സ്വതന്ത്രമായി  പൊതുനിരത്തിൽക്കൂടി സഞ്ചരിക്കാനവകാശമില്ലേ?  മൃഗങ്ങൾക്ക് സമാനമായ പുരുഷന്റെ വികാരഭ്രാന്തിനെ എന്തുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല? ഇങ്ങനെയുള്ള വാദങ്ങളിൽ യുക്തിയെവിടെ? ഭാരതത്തിന്റെ ഉൾനാടുകളിലുള്ള സ്ത്രീകൾ ദേഹത്തുമുഴുവൻ മുഖമുൾപ്പടെ വസ്ത്രം ധരിക്കുന്നവരാണ്. ഏന്നിട്ടും ഭൂമിയുടമകളും ഫ്യൂഡൽപ്രഭുക്കളും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നു. രാഷ്ട്രീയക്കാരും സമൂഹവും സ്ത്രീയുടെ മാനവും അവകാശങ്ങളും സംരക്ഷിക്കാൻ താല്പര്യം കാണിക്കാറില്ലെന്നുള്ളതും നീതികരിക്കാൻ സാധിക്കാത്ത വസ്തുതകളാണ്.  

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...