Wednesday, November 16, 2016

ഗാന്ധിയുടെ തലയുള്ള വിലയില്ലാത്ത കറൻസികളും അനുകൂല-പ്രതികൂല വാദമുഖങ്ങളും




ജോസഫ് പടന്നമാക്കൽ

2016 നവംബർ എട്ടാംതീയതി ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേദ്ര മോദി  ഇന്ത്യയുടെ അഞ്ഞൂറും ആയിരവും  വിലയുള്ള കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത് അഭിനവ ഭാരതത്തിലെ സാമ്പത്തിക പരിവർത്തനങ്ങളുടെ പുത്തനായ ഒരു വെല്ലുവിളിയായിരുന്നു. നികുതി കൊടുക്കാതെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ രഹസ്യവിവരങ്ങൾ പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യവും  നോട്ടുകളുടെ മൂല്യമില്ലാതാക്കാനുള്ള   കാരണമായിരുന്നു. സർക്കാരിന്റെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള  വിപ്ലവകരമായ മാറ്റങ്ങൾ രാഷ്ട്രമാകെ പ്രതിഫലിച്ചിരിക്കുന്നതായി കാണാം. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും സാംസ്ക്കാരിക തലങ്ങളിലും ജനമദ്ധ്യങ്ങളുടെയിടയിലും ഒന്നുപോലെ മോദി സർക്കാരിന്റെ 'കറൻസി അസാധുവാക്കൽ'  സുപ്രധാന സംസാര വിഷയമായി മാറിക്കഴിഞ്ഞതും ഒരു സമകാലിക ചരിത്രം തന്നെ.

ഇന്ത്യയുടെ ചരിത്രത്തിൽ  കറന്‍സികള്‍ അസാധുവാക്കുന്നതു ആദ്യത്തെ സംഭവമല്ല. 1946 ജനുവരിയില്‍ ബ്രിട്ടീഷ് സർക്കാർ 10000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചിരുന്നു.  1978 ജനുവരി പതിനാറാം തിയതി അർദ്ധരാത്രിമുതൽ മൊറാർജി ദേശായി ഭരണകൂടം 1000, 5000, 10000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് തീരുമാനമെടുത്തിരുന്നു. എന്നാൽ 1946ല്‍ മാത്രമല്ല 1978ലും നോട്ടുകള്‍ റദ്ദാക്കിയത് സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നില്ല. അന്ന് ഭൂരിപക്ഷം പേരും ആ നോട്ടുകള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 1978ല്‍ 1000 രൂപ പോലും വലിയ മൂല്യമുള്ളതായിരുന്നു.

രൂപയുടെ കള്ള നോട്ടുകൾ ഗ്രാമങ്ങൾ മുതൽ ഇന്ത്യയുടെ അതിർത്തികൾ വരെ വ്യാപിച്ചു കിടപ്പുണ്ട്. കള്ളപ്പണം കൊണ്ട് തീവ്രവാദികൾ ആയുധങ്ങൾ സ്വരൂപിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ദുരവസ്ഥയാണ് രാജ്യം മുഴുവൻ നേരിടുന്നത്. ചാരവൃത്തി നടത്തുന്നതും കള്ളപ്പണം കൊണ്ടാണ്. മയക്കുമരുന്ന് കച്ചവടക്കാരും അമിത തോതിൽ കള്ളപ്പണം ഉപയോഗിക്കുന്നു. നിയമവിരുദ്ധമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന വ്യാജ ചരക്കുകൾക്കും പുതിയ സാമ്പത്തിക  പരിഷ്‌ക്കാരം തടസ്സമിടും.  അത്തരുണത്തിൽ മോദിയുടെ തീരുമാനം സുധീരമായിരുന്നുവെന്നു കണക്കാക്കണം.

നോട്ടുകളുടെ പിൻവലിക്കൽ മൂലം ഏറ്റവുമധികം  ബാധിച്ചിരിക്കുന്നത് അനധികൃതമായി 'ബ്ളാക്ക് മണി' പൂഴ്ത്തിവെച്ചിരിക്കുന്നവരെയാണ്. അവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം നികുതി കൊടുക്കാതെയോ നിയമപരമല്ലാതെയോ അല്ലെങ്കിൽ കൈക്കൂലി വഴിയോ സമ്പാദിച്ചതാകാം. എത്രമാത്രം ബ്ളാക്ക് മണിയുണ്ടെന്ന് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധരുടെയിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. 2007 ലെ വേൾഡ് ബാങ്കിലെ കണക്കിൻ പ്രകാരം ഇന്ത്യയിലെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 24 ശതമാനം കള്ളപ്പണമെന്നാണ് അനുമാനിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരുപയോഗമാക്കിയത് കള്ളപ്പണം മാറ്റി സ്വർണ്ണം പോലുള്ള സ്വത്തുക്കൾ കൈവശം വെക്കാതിരിക്കാൻ വേണ്ടിയും കൂടിയായിരുന്നു.

രാജ്യത്താകമാനമുള്ള സ്വർണ്ണക്കച്ചവടക്കാർ നവംബർ എട്ടാം തിയതി രാത്രി മുതൽ ഒമ്പതാം തിയതി വരെ കറൻസി മാറിക്കൊടുത്തുകൊണ്ടു സ്വർണ്ണം വിൽക്കുന്നുണ്ടായിരുന്നു.  സ്വർണ്ണക്കച്ചവടക്കാർ മോദിയുടെ കറൻസികൾ അസാധുവാക്കിയ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായി കാണാം. കറൻസി നോട്ടുകളേക്കാൾ ഇന്ന് ജനത്തിനു വിശ്വാസം സ്വർണ്ണത്തോടായിയെന്നുള്ളതാണ് വസ്തുത. അതുകൊണ്ടു സ്വർണ്ണത്തിന്റെ ഡിമാൻഡ് കൂടിയതായും കാണാം. ഇതുമൂലം അരാജകത്വം ആദ്യകാലങ്ങളിൽ രാജ്യത്തു സംഭവിക്കാം. എങ്കിലും പിന്നീട് കറൻസിയുടെ സ്ഥിരത വ്യവസായ വളർച്ചയെ സഹായിക്കുമെന്നതിൽ സംശയമില്ല.

അടുത്ത മൂന്നു നാലാഴ്ചകൾക്കുള്ളിൽ സാമ്പത്തിക തലങ്ങളുടെ ഉന്നമനം കണക്കാക്കി പുതിയ രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ മാർക്കറ്റിൽ ഇറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്ളാക്കുപണം കൈവശമുള്ളവർ പുതിയ കറൻസികൾ മാറാൻ ശ്രമിക്കും.  അവരുടെ കൈവശമുള്ള നിയമപരമല്ലാത്ത പഴയ പണം ബാങ്കിൽ വെളുപ്പിച്ച പണമാക്കാൻ  സാധിക്കില്ല. അനധികൃത പണം കൈവശമുണ്ടെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇൻകം ടാക്സ് വകുപ്പിൽ നിന്ന് ചോദ്യങ്ങൾ വരാം. കള്ളപ്പണം കണ്ടെടുക്കുകമൂലം സർക്കാരിന്റെ വരുമാനവും കൂടുമെന്ന കണക്കുകൂട്ടലുണ്ട്. അക്കൊണ്ടിൽ പെടാത്ത പണം ബാങ്കിൽ വന്നാലും കാലക്രമത്തിൽ നികുതി ചുമത്താൻ സാധിക്കും. പണം മാർക്കറ്റിൽ ക്രയവിക്രയം നടക്കാത്ത സ്ഥിതിക്ക് പണത്തിന്റെ മൂല്യം കുറയുന്നമൂലം താൽക്കാലികമായി വിലപ്പെരുപ്പവും തടയാൻ സാധിക്കും. സാമ്പത്തിക മാന്ദ്യവും അനുഭവപ്പെടാം.

വസ്തുക്കൾ കച്ചവടം നടത്തുന്നവരെയും റീയൽ എസ്റ്റേറ്റ് ബിസിനസുകാരെയും കറൻസി പിൻവലിച്ചത് ബാധിക്കുന്നു. സ്ഥലങ്ങളോ കെട്ടിടങ്ങളോ മേടിക്കുമ്പോൾ പലരും ബാങ്കിലെ അക്കൗണ്ടിൽ കൂടിയല്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സഹിതമുള്ള പണം രൊക്കം കൊടുക്കുകയാണ് പതിവ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആയിരം അഞ്ഞൂറു നോട്ടുകൾ നിയമ വിരുദ്ധമായതിനാൽ ബാങ്കിലിടാനോ, മാർക്കറ്റിൽ പണം ഉപയോഗിക്കാനോ സാധിക്കാതെ വരുന്നു. അതുമൂലം റീയൽ എസ്റ്റേറ്റിന്റെ വിലയും ഇടിയും. അങ്ങനെയുള്ള സ്ഥിതിവിശേഷത്തിൽ സാധാരണക്കാർക്ക് റീയൽ എസ്റ്റേറ്റ് കൈവശമാക്കാൻ എളുപ്പവുമാകുന്നു. പണത്തിന്റെ മൂല്യം സുസ്ഥിരമാകുമ്പോൾ കാലക്രമത്തിൽ റീയൽ എസ്റ്റേറ്റിന്റെ മാർക്കറ്റ് കൂടുകയും ചെയ്യും.നിയമപരമല്ലാത്ത കെട്ടിട നിർമ്മാണക്കാരെയും റിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നവരെയും മോദിയുടെ ഈ തീരുമാനം ബാധിച്ചേക്കാം. വിലപ്പെരുപ്പത്തിനെ തടയിട്ടുകൊണ്ട് സാധനങ്ങൾക്ക് വിലയിടിയുവാനും സാധ്യതയേറുന്നു. നാണ്യ മൂല്യങ്ങളുടെ വിലയും കുറയും. അടുത്ത ആറേഴു മാസങ്ങൾക്കുള്ളിൽ  കെട്ടിട നിർമ്മാണ സാമഗ്രികൾക്കു വില കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കണക്കു കൂട്ടുന്നു.

അടുത്ത കാലത്തെ ഒരു പഠനത്തിൽ നിന്നും ഇന്ത്യയിൽ മുപ്പതു ലക്ഷം കോടി രൂപ ബ്ളാക്ക് മണിയുണ്ടെന്നു കണക്കായിരിക്കുന്നു. അത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ (Gross National Product) ഇരുപതു ശതമാനത്തോളം വരും. സർക്കാരിന്റെ ഔദ്യോഗികമായ ഈ തീരുമാനത്തിൽ പണം പൂഴ്ത്തി വെക്കുന്നവർ ഒന്നുകിൽ പണം ബാങ്കിൽ നിക്ഷേപിച്ചു വരുമാനമായി കണക്കാക്കണം. അല്ലെങ്കിൽ വിലയില്ലാത്ത അവരുടെ പണം സ്വന്തം വീട്ടിൽ തന്നെ ഒളിച്ചു വെക്കണം. ബാങ്കിൽ നിക്ഷേപിച്ചാൽ ആ പണം വരുമാനമായി പരസ്യമാക്കേണ്ടിയും വരും. ബാങ്കിൽ വന്ന വരുമാനം എങ്ങനെയുണ്ടായിയെന്നും ചോദ്യം വരും. നികുതിയിൽ ഉൾപ്പെടുത്താത്ത പണമാണെങ്കിൽ മുപ്പതു ശതമാനം നികുതിയ്ക്കു പുറമെ പിഴയും അടക്കേണ്ടി വരും. മൊത്തം വെളിപ്പെടുത്തുന്ന പണത്തിന്റെ അറുപതു ശതമാനം നികുതിയും കൊടുക്കണം. 2002 മുതൽ 2011 വരെ ബില്ല്യൻ കണക്കിന് അനധികൃത ഫണ്ടുകൾ വിദേശത്തുനിന്നും ഇന്ത്യയിൽ ഒഴുകിയതായി സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നു.  ഇന്ത്യയിലെ ഭീകരർ കൂടുതലായും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്   ഉപയോഗിക്കുന്നത്. അതിർത്തിയിലുള്ള ശത്രുക്കളും ഇന്ത്യയുടെ നാണയമൂല്യം കുറയ്ക്കാൻ കള്ളനോട്ടുകൾ വിതരണം ചെയ്യാറുണ്ട്. വർഷങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ മൊത്തം കറൻസികളിൽ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ   ഏകദേശം 86 ശതമാനത്തോളം  ക്രയവിക്രയങ്ങൾക്കായി മാർക്കറ്റിലുണ്ടായിരുന്നു. നോട്ടുകൾ  അസാധുവാക്കിയതുമൂലം ബാങ്കുകളുടെ ഡിപ്പോസിറ്റ് വർദ്ധിക്കാൻ കാരണമാകുന്നു. നിയമപരമായി സമ്പാദിച്ച പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ടു വരുകയില്ല. അതിന്റെ കാലാവധി 2016 ഡിസംബർ മുപ്പത്തിയൊന്നാം തിയതിവരെയായിരിക്കും. ബിസിനസുകാർക്ക് നിയമപരമായ പണം ധാരാളം കൈവശം കാണും. അങ്ങനെ അസാധാരണമായി ബാങ്കുകളുടെ ഡിപ്പോസിറ്റുകൾ വർദ്ധിക്കുന്നു. അതുമൂലം ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കായി പണം വായ്പയായി നൽകാനും സാധിക്കുന്നു. എ. റ്റി.എം കാർഡിൽ ഒരു പ്രാവിശ്യം രണ്ടായിരം രൂപാ മാത്രം പിൻവലിക്കാം. ഒരു ദിവസം പതിനായിരം രൂപയും, ആഴ്ചയിൽ ഇരുപതിനായിരം രൂപയും പിൻവലിക്കാമെന്നുള്ള സംവിധാനമാണ് എ. റ്റി.എമ്മിലുള്ളത്.  ചുരുക്കി പറഞ്ഞാൽ ക്രെഡിറ്റ് കാർഡിന്റെ പരിധിയേക്കാൾ  ജനത്തിനു രൊക്കം പണം കൊടുത്തുകൊണ്ടുള്ള ഇടപാടുകൾ ദൈനംദിന ജീവിതത്തിൽ ആവശ്യമാണ്.


കറൻസികൾ അസാധുവാക്കിയതുമൂലം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കുഴൽപ്പണം, ബ്ലേഡ് പലിശക്കാർ, നിയമവിധേയമല്ലാത്ത ബാങ്കുകൾ നടത്തുന്നവർ,ഹവാല മാഫിയക്കാർ,റീയൽ എസ്റ്റേറ്റ് മാഫിയാക്കാർ എന്നിവരെയാണ്. അഴിമതിക്കാരെയും കപട ചൂഷകരായ രാഷ്ട്രീയക്കാരെയും കള്ളപ്പണം ക്രയവിക്രയം നടത്തുന്നവരെയും സർക്കാരിന്റെ ഈ തീരുമാനം കുഴപ്പത്തിലാക്കും.  സഹകരണബാങ്കുകൾ, നികുതി വെട്ടിച്ച കള്ളപ്പണക്കാർ എന്നിവരും രക്ഷപെടാനുളള പഴുതുകൾ തേടിക്കൊണ്ടിരിക്കുന്നു. അധോ ലോകത്തിന്റെയും ഭീകരവാദികളുടെയും പണത്തിന്റെ  സ്രോതസുകൾക്കു പാളീച്ചകൾ സംഭവിക്കാം.

പച്ചക്കറിക്കടക്കാരും ഗ്രാമത്തിലുള്ള ഗ്രോസറിക്കടക്കാരും പാലും പഴവർഗങ്ങൾ വിൽക്കുന്നവരും കറൻസികളുടെ അഭാവം മൂലം നിത്യോപയോഗ സാധനങ്ങൾ ചെലവാക്കാൻ ബുദ്ധിമുട്ടുന്നു. അത്തരം ബിസിനസുകാർക്ക് അഞ്ഞൂറ് രൂപയും ആയിരം നോട്ടുകളും നിരസിക്കുക ബുദ്ധിമുട്ടാകും. സർക്കാർ ഹോസ്പിറ്റലുകൾ ഈ നോട്ടുകൾ വാങ്ങുമെങ്കിലും മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ടി വരും. അത്തരം ക്രയവിക്രയങ്ങൾ അസാധ്യവുമാകുന്നു. എൺപതു ശതമാനം ഹോസ്പിറ്റലുകളും പ്രൈവറ്റ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സിങ് ഹോമുകളും സ്വകാര്യ മേഖലകളുടെ നിയന്ത്രണത്തിലാണ്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ തീവ്ര പരിചരണത്തിലുള്ളവരും സർജറി പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കായി മനുഷ്യ ജീവനെ രക്ഷിക്കുന്നവരും കറൻസികളുടെ അപര്യാക്തതമൂലം പണമെങ്ങനെ കൊടുക്കുമെന്നതും പ്രശ്നമാകും. ഇന്ത്യയിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയും കറൻസികളുടെ അസാധു ബുദ്ധിമുട്ടിലാക്കും. അവരെങ്ങനെ ബാങ്കിൽനിന്ന് പണം മേടിക്കുന്നതെന്ന കാര്യവും  സർക്കാർ ഭാഗത്തുനിന്നും കേട്ടില്ല.  രൂപാ കിട്ടാൻ എല്ലാ യാത്രക്കാർക്കും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറോളം ലൈൻ നിൽക്കണം.

ഇന്ത്യയിൽ പത്തു ശതമാനം ജനതയ്ക്കു മാത്രമേ ഏ.റ്റി.എം ഉപയോഗിക്കാൻ അറിയുള്ളൂ. അതുകൊണ്ടു ബാങ്കിന്റെ മുമ്പിൽ എന്നും നീണ്ട ലൈൻ തന്നെ കാണും. ചില ബിസിനസ്സ് സ്ഥാപനങ്ങളിൽ കടത്തിൽ കച്ചവടങ്ങൾ നടത്താറുണ്ട്. കടമായി സാധനങ്ങൾ മേടിച്ചവർക്കു കറൻസിയുടെ അഭാവം മൂലം പണം മടക്കി കൊടുക്കാനും ബുദ്ധിമുട്ടാവുന്നു.  ചില പിതാക്കന്മാർക്ക് ഒഴിച്ചു കൂടാനാവാത്തവിധം അടിയന്തിരമായി പെണ്മക്കളുടെ കല്യാണാവശ്യത്തിനു പണം പിൻവലിക്കേണ്ടതായി വരും. സ്ത്രീധനം നിയമവിരുദ്ധമായതുകൊണ്ട് അക്കൗണ്ടിൽക്കൂടി കൊടുക്കാൻ സാധിക്കുകയുമില്ല. അതുമൂലം നിശ്ചയിച്ചിരിക്കുന്ന കല്യാണങ്ങൾ വരെ മുടങ്ങാനും സാധ്യതകളുണ്ട്.

ബാങ്കുകളിൽ പണം ഒഴുകുന്നതോടെ വായ്പ്പക്കാർക്കുള്ള പലിശ നിരക്ക് കുറയും. വിലപ്പെരുപ്പം തടയുന്നതുകൊണ്ടു  സമ്പദ് വ്യവസ്ഥയും വർദ്ധിക്കും. ബാങ്കുകളിലേക്കുള്ള പണമൊഴുക്ക്, പണം നിക്ഷേപിക്കുന്നവരെ സംബന്ധിച്ചടത്തോളം അനുകൂലമായിരിക്കില്ല. ബാങ്കുകളിൽ പലിശ കുറയും. അതുമൂലം കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ പണം നിക്ഷേപിക്കേണ്ടി വരും.

കള്ളപ്പണത്തെ നേരിടാനുള്ള മോദി സര്‍ക്കാറിന്റെ ഈ നീക്കം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചുവെന്നുള്ളതാണ് വാസ്തവം. കള്ളപ്പണത്തിൽ മുഴുകിയിരിക്കുന്നവർ കൂടുതലും പണമിടപാടുകൾ  വിദേശ ബാങ്കുകൾ വഴിയാണ് നടത്തുന്നത്. വിദേശത്തു നടക്കുന്ന ബാങ്കിംഗ് ഇടപാടുകളിൽ സർക്കാരിന് കാര്യമായിയൊന്നും നടപടികളെടുക്കാനും സാധിക്കില്ല.

പഴയ നോട്ടുകൾ പിൻവലിക്കുന്നതുമൂലം പുതിയതു വരുന്നവരെ പണത്തിന്റെ  ക്രയവിക്രയങ്ങൾ കുറയും. ആഡംബര സാധനങ്ങൾ മേടിക്കാനും പ്രയാസം വരും. ടെക്കനോളജിയുടെ അറിവുകേടുമൂലം ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കാറില്ല. രാജ്യത്തു കൂടുതലും രൊക്കം പണം കൊടുത്തുള്ള ബിസിനസുകളാണ് നടക്കാറുള്ളത്. ക്രെഡിറ്റ് കാർഡുകൾ രാജ്യമാകമാനം വ്യാപകമായി പ്രചരിച്ചിട്ടുമില്ല. ഇന്ത്യയിലെ ജനങ്ങളിൽ 86 ശതമാനവും കൈവശമുള്ള പണം കൊടുത്താണ് സാധാരണ ഇടപാടുകൾ നടത്താറുള്ളത്.

വില കൂടിയ നോട്ടുകൾ പിൻവലിച്ചുകൊണ്ടു അതെ വിലയുള്ള നോട്ടുകൾ പുറത്തിറക്കുന്നത് സാമ്പത്തിക അരാജകത്വങ്ങൾക്ക് പരിഹാരമാണെന്നാണ് വെപ്പ്. എന്നാൽ ഇത് ഗ്രാമീണ ജനതയുടെ നിത്യ ജീവിതത്തെ ബാധിക്കുന്നു. ഇൻഡ്യ മൊത്തമായി ഏകദേശം പത്തു ലക്ഷം ബാങ്കുകൾ ഉണ്ട്. ലക്ഷകണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിനകാര്യങ്ങളിൽ കറൻസി ക്രയവിക്രയങ്ങൾ അനേക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗ്രാമീണ വാസികൾക്ക് ബാങ്കിങ്ങ് എന്നത് എന്തെന്നുപോലും അറിയില്ല. അങ്ങനെയുള്ള വിദ്യാഹീനരായ ജനങ്ങൾക്ക് കറൻസി പിൻവലിക്കൽ ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു. ടെക്കനോളജി ക്രയവിക്രയങ്ങളിൽക്കൂടി ഇന്ത്യ മുഴുവൻ പണം കൈമാറ്റ പ്രക്രിയകൾ നടപ്പാക്കാൻ ഇനിയും കാലങ്ങളെടുത്തേക്കാം. ചുരുക്കത്തിൽ ഗ്രാമത്തിൽ വസിക്കുന്നവരുടെ കൈവശമുള്ള 500, 1000 നോട്ടുകൾ മാറാൻ, കൂടാതെ അവരുടെ വരുമാന സ്രോതസുകൾ ബോധ്യപ്പെടുത്താൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും.ഇന്ത്യ മുഴുവനും ബാങ്കുകളുടെ പ്രവർത്തന ശൃങ്കലകളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വളരെ വിരളമായേ  ബാങ്കിങ്ങ് സൗകര്യങ്ങളുള്ളൂ. പഴയ നോട്ടുകൾ മാറാനുള്ള  സൗകര്യങ്ങൾ ഗ്രാമങ്ങളിൽ കുറവാണ്. ഇന്ത്യയിലെ 27 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ അഞ്ചു കിലോമീറ്ററിനുള്ളിൽ ബാങ്കുകളുടെ പ്രവർത്തനങ്ങളുള്ളൂ.

മുമ്പുണ്ടായിരുന്ന കാലങ്ങളിൽ നോട്ടുകൾ പിൻവലിച്ചപ്പോൾ ധനികരെയും, കള്ളക്കടത്തുകാരെയും മാത്രം ബാധിച്ചിരുന്നു. എന്നാൽ ഇന്ന് 500 / 1000 നോട്ടുകൾ പിൻവലിച്ച വഴി ഇന്ത്യയിലുള്ള എല്ലാ ജനങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങൾ ചെലുത്തുകയും ചെയ്തു. ഗ്രോസറി സ്റ്റോർ നടത്തുന്നവരെയും ചായ വാലാക്കാരെയും തൊഴിലാളികളെയും മൊത്തം ബാധിച്ചിരിക്കുന്നു. പലരും ബിസിനസ്സ് തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലുമാണ്. ബാങ്കിൽ പണം നിക്ഷേപിക്കാൻ മണിക്കൂറുകളോളം ലൈനിൽ നിന്നു കഷ്ടപ്പെടണം. നികുതി വെട്ടിപ്പുകാരെയും വിദേശത്തു പണം നിക്ഷേപിച്ചവരെയും പിടികൂടാൻ എളുപ്പവുമല്ല. 'ബ്ളാക്ക് പണ'ത്തിന്റെ വലിയ ഒരു പങ്ക് സ്വർണ്ണമായും വിദേശപ്പണമായും പൂഴ്ത്തി വെച്ചിരിക്കുന്നു. സ്വിസ് ബാങ്കിലും പനാമ ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന പണം വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കില്ല. പൊളിറ്റിക്കൽ പാർട്ടികളുടെ നിയമപരമല്ലാത്ത തെരഞ്ഞെടുപ്പ് ഫണ്ടുകളും പ്രശ്നങ്ങളാണ്.

റിസേർവ് ബാങ്ക് ഗവർണറായിരുന്ന 'രഘു റാം രാജൻ' പറഞ്ഞത് "സർക്കാർ ബ്ളാക്ക് പണം കണ്ടെത്താൻ അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ള ഭീക്ഷണികൾ നേരിടുന്നുവെങ്കിൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ഒരു നടപടി മാത്രം ഗുണപ്രദമാവില്ല. നാണയത്തിന്റെ മൂല്യം കുറയ്ക്കാനും നാണയമില്ലാതാക്കാനും മറ്റു മാർഗങ്ങളുണ്ട്. ഒരു ദിവസംകൊണ്ടു ബ്ളാക്ക് പണം ഇല്ലാതാക്കാൻ സാധ്യമല്ല. സ്വർണ്ണം പൂഴ്ത്തി വെക്കുന്നവരെ കണ്ടുപിടിക്കാനും എളുപ്പമല്ല."  ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വരുമാനമുള്ളവരെ കണ്ടെത്തുകയെന്നതാണ് പ്രധാനമായുള്ളത്. അവർ നികുതി കൊടുക്കുന്ന കാര്യം മാത്രം അന്വേഷിച്ചാൽ പോരാ. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്നറിയാൻ ടെക്കനോളജിയുടെ സഹായത്തോടെ നികുതി പിരിക്കുന്ന പുതിയ സംവിധാനമാണ് ഏർപ്പെടുത്തേണ്ടത്. രൊക്കം പണം നൽകി ക്രയവിക്രയങ്ങൾ നടത്തുന്നതിനേക്കാളുപരി രാജ്യം മുഴുവൻ പണപരമായ ഇടപാടുകൾക്കായി ഇലക്ട്രോ സംവിധാനങ്ങൾ ഏർപ്പെടുത്തണം. 'ബ്ളാക്ക് മണിയെ' ചൊല്ലിയാണ് മിക്ക രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലും വിവാദങ്ങൾ സൃഷ്ട്ടിക്കാറുള്ളത്. 'പണം പൂഴ്ത്തി വെയ്പ്പൽ' ഇല്ലാതാക്കുമെന്ന്  പല രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പു കാലങ്ങളിലുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

സർക്കാരിന്റെ കറൻസി അസാധുവാക്കിയ ഈ സാഹചര്യങ്ങളിൽ മറ്റൊരു പുതിയ  തീരുമാനമാകുംവരെ പൊതുജനങ്ങൾ തിരക്ക് കൂട്ടാതിരിക്കുകയായിരിക്കും നല്ലത്. 2016 ഡിസംബർ മുപ്പതു വരെ രൂപാ മാറ്റാനോ ഡിപ്പോസിറ്റ് ചെയ്യാനോ സാവകാശമുണ്ട്. 2017 മാർച്ചു വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിൽ മാറ്റാനും സാധിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ നോട്ടിഫിക്കേഷനും ഇതിനിടയിൽ പുറപ്പെടുവിക്കാതിരിക്കില്ല. അതുകൊണ്ടു കുറച്ചു ദിവസങ്ങൾകൂടി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത്. നീണ്ട ലൈനുകളുടെ തിരക്കുകൾ  ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. ബാങ്കിലെ പണമിടപാടുകൾ സുഗമമാവുകയും ചെയ്യും.

ഇൻഡ്യയാകമാനം കള്ളപ്പണത്തിന്റെ പ്രവാഹം തടയാൻ സാധിക്കാത്ത വിധം അസാധ്യമായതുകൊണ്ടാണ് മോദി സർക്കാർ ഇത്തരം ഒരു തീരുമാനത്തിന് മുതിർന്നത്. കോടികൾ ചെലവാക്കി ബോളിവുഡ് സിനിമകൾ നിർമ്മിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു. ആഡംബര വിവാഹാഘോഷങ്ങൾ, വില്ലാകൾ, മത വർഗീയ രാഷ്ട്രീയ നേതാക്കന്മാരുടെ കണക്കില്ലാത്ത ആസ്തികൾ മുതലായവകൾ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയായി കരുതുന്നു. സത്യത്തിൽ ഇതൊന്നും രാജ്യപുരോഗതിയായി കണക്കാക്കാൻ സാധിക്കില്ല. ഭൂരിഭാഗം ജനങ്ങളും അസമാധാനത്തോടെ കഴിയുമ്പോൾ കള്ളപ്പണക്കാരും അഴിമതിക്കാരും സുഭിക്ഷിതമായി കഴിയുന്നതും സമാധാനത്തിനു തന്നെ തടസമാണ്. ഇന്ത്യ മൊത്തമായി അഴിമതിയിൽ കുളിച്ചിരുന്ന കാര്യങ്ങൾ സാധാരണക്കാരിൽ ഭൂരിഭാഗവും ജനങ്ങൾ അറിഞ്ഞിരുന്നുമില്ല. മോദിയുടെ കറൻസി പിൻവലിച്ചുകൊണ്ടുള്ള തീരുമാനം രാഷ്ട്രത്തെ മൊത്തമായി അമ്പരപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ  കറുത്തു കൊഴുത്ത സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും മോചനം നേടി വെളുത്ത സാമ്പത്തിക മേഖലകളിലേക്കുള്ള ഈ കുതിച്ചുചാട്ടം സ്വാതന്ത്ര്യത്തിനു ശേഷമുള്ള സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. ബ്രിട്ടീഷുകാർ ഇൻഡ്യാ വിട്ടതിൽ പിന്നീട് സാമ്പത്തിക തലങ്ങളിൽ കാര്യമായ പ്രരിവർത്തനങ്ങളൊന്നും ഉണ്ടായില്ല. അഴിമതികൾ നിറഞ്ഞ ഭരണകൂടങ്ങൾ മാറി മാറി വന്നു. ഏകാധിപത്യ വ്യവസ്ഥയിലുള്ള ഒരു ധനതത്ത്വ ശാസ്ത്രത്തിൽ രാഷ്ട്രത്തിന്റെ സ്വത്തുക്കളിൽ ഏറിയ പങ്കും ഒരു വിഭാഗം ജനങ്ങളിൽ മാത്രം നിഷിപ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുധീരമായ ഈ തീരുമാനത്തെ രാഷ്ട്രം ഒന്നടങ്കം അനുമോദിക്കുന്നുണ്ട്. വിലപ്പെരുപ്പം തടയാനും ബാങ്കുകളുടെ മൂലധനം വർദ്ധിക്കാനും പലിശ നിരക്ക് കുറയ്ക്കാനും തരളിതമായ ഒരു സാമ്പത്തിക പുഷ്പീകരണത്തിനും മോദിജിയുടെ ഈ തീരുമാനം സഹായകമാണ്. രാജ്യത്തിലെ മൂന്നു ശതമാനം ജനങ്ങളാണ് ഇന്ന് നികുതി കൊടുക്കുന്നത്. രൂപായുടെ മൂല്യം കുറച്ചുള്ള ഈ പദ്ധതി വിജയിച്ചാൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുമെന്നതിൽ സംശയമില്ല.






New Currency 

OLD Note

Prime Minister Modi's Mother 






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...