Wednesday, November 9, 2016

ലിബർട്ടി ബെല്ലും ചരിത്ര പശ്ചാത്തലവും




ജോസഫ് പടന്നമാക്കൽ


അമേരിക്കയുടെ പൗരാണിക സ്വത്തായ 'ലിബർട്ടി ബെൽ' (Liberty Bell) മാനവിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 1776 ജൂലൈ എട്ടാം തിയതി ഫിലാഡൽഫിയായിലെ സ്റ്റെറ്റുവക ഗോപുരവാതിൽക്കൽനിന്നും 'ലിബർട്ടിബെൽ' പതിമൂന്നു തവണകൾ സ്വാതന്ത്ര്യത്തിന്റെ മണിനാദങ്ങൾ മുഴക്കിയിരുന്നു. അന്ന് കൊളോണിയൽ സാമ്രാജ്യത്തിൽനിന്ന് പതിമൂന്നു കോളനികൾ വിമുക്തമായ ദിനവുമായിരുന്നു. ഇമ്പമേറിയ സ്വാതന്ത്ര്യത്തിന്റെ ആ മണിനാദം നഗരവാസികളുടെ കർണ്ണങ്ങളിൽ മുഴങ്ങി കേൾക്കാമായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരെ ഔദ്യോഗികമായി വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ദിനവും കൊണ്ടാടിയിരുന്നു. ആകാശം മുട്ടെ ശബ്ദതരംഗങ്ങൾ നിറഞ്ഞ മണിമുഴക്കത്തിനൊപ്പം കേണൽ ജോൺ നിക്‌സൺ അന്നേ ദിവസം തിങ്ങിക്കൂടിയ ജനത്തോടായി സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി പിറന്ന വാർത്തയും അറിയിച്ചു. ലിബർട്ടി ബെല്ലിലെ താളക്രമങ്ങളോടെയുള്ള മണിനാദം ഒരു ചരിത്ര മുഹൂർത്തവുമായി മാറി. നാനാ ദിക്കിൽ നിന്നും  തടിച്ചുകൂടിയ ജനം കേണലിന്റെ ഈ വിളംബരം കാതോർത്തു കേൾക്കുന്നുണ്ടായിരുന്നു. അമേരിക്കൻ ജനതയ്ക്ക് ലഭിച്ച 'ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്' (Decleration of Independence) എന്നറിയപ്പെടുന്ന ആദ്യത്തെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും അന്നായിരുന്നു.

'ലിബർട്ടി ബെൽ' സ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മകമായി അമേരിക്ക മുഴുവനായും അറിയപ്പെടുന്നു. അടിമത്വം അവസാനിപ്പിച്ചതിൻറെ അടയാളവുമായി കണക്കാക്കുന്നു. പൗരാണിക കൊത്തുപണികളാൽ തീർത്ത ലിബർട്ടി ബെൽ കാലങ്ങളെയും അതിജീവിച്ച് സ്വാതന്ത്ര്യ ദാഹികളിൽ അര്‍ത്ഥസൂചകമാം വിധം എന്നുമെന്നും ആവേശവും കൊള്ളിച്ചുകൊണ്ടിരിക്കുന്നു. 'സ്റ്റേറ്റ് ഹൌസ് ടൗവറി'ൽ (State House Tower) അക്കാലങ്ങളിൽ ബെൽ തൂക്കിയിട്ടിരുന്നെങ്കിലും ചരിത്രകാർ ആരും തന്നെ അത്‌ രേഖപ്പെടുത്തിയിട്ടില്ല. പെൻസിൽവേനിയായിലെ കോൺഗ്രസിലും അങ്ങനെയൊരു സംഭവത്തെ സൂചിപ്പിച്ചിട്ടുമില്ല. സ്വാതന്ത്ര്യം കിട്ടിയ വാർത്ത പൊതുജനങ്ങളിൽ എത്തിയതെങ്ങനെയെന്നും ചരിത്രകാർക്ക് അറിഞ്ഞു കൂടാ. കോൺഗ്രസിന്റെ ജേർണൽ അനുസരിച്ചു അമേരിക്കയുടെ സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ രണ്ടാം തിയതിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചത് ജൂലൈ നാലാം തിയതിയെന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിന്റെ ഡോക്കുമെന്റുകൾ ഒപ്പിട്ടത് വളരെ ദിവസങ്ങൾ കഴിഞ്ഞാണ്. സ്റ്റേറ്റ് ഹൌസ് കോർട്ടുയാർഡിൽ ആ വിളംബരം പൊതുജനങ്ങളുടെ അറിവിനായി ജൂലൈ എട്ടാം തിയതിക്ക് മുമ്പ് വായിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളം  ലിബർട്ടി ബെൽ നിരവധി ഐതിഹാസികമായ കഥകൾകൊണ്ട് ആവരണം ചെയ്തിരിക്കുകയായിരുന്നു. 1753-ൽ ഇൻഡിപെൻഡന്റ് ഹാൾ (Independence Hall) എന്നറിയപ്പെടുന്ന പെൻസിൽവേനിയായുടെ ടൗവ്വർ ഹൌസിനു മുകളിൽ 'ലിബർട്ടി ബെൽ' നാടിന്റെ നാനാഭാഗത്തും ശബ്ദം കേൾക്കത്തക്കവിധം പ്രതിഷ്ഠിച്ചിരുന്നു. 1852-ൽ ഈ 'ബെൽ' ടവ്വർഹൌസിൽനിന്നും വീണ്ടും താഴെയിറക്കി. അതിനുശേഷം ബെല്ലിൽ നിന്നും ഒരിക്കലും മണിനാദം മുഴങ്ങിയിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് 'ലിബർട്ടി ബെൽ' രൂപകൽപ്പന ചെയ്തതെന്നാണ് വിശ്വാസം. പെൻസിൽവേനിയാ അസംബ്ലിയുടെ നിർദ്ദേശമനുസരിച്ച് 1752-ലാണ് ലോഹമുരുക്കി ഈ ബെല്ല് വാർത്തെടുത്തത്. ഫിലാഡെൽഫിയായിലുള്ള ജനങ്ങളെ വിശേഷകാര്യങ്ങൾ അറിയിക്കാനും ആഘോഷങ്ങളിൽ പൗരന്മാരെ പങ്കെടുപ്പിക്കാനും പേരും പെരുമയുമുള്ളവരുടെ മരിച്ച വാർത്തകൾ ജനങ്ങളിൽ എത്തിക്കാനും ലിബർട്ടി ബെല്ലിലെ മണിയടികൾ ഉപകരിച്ചിരുന്നു. 

1701-ൽ 'വില്യം പെൻ' പെൻസിൽവേനിയായ്‍ക്ക് തനതായ ഒരു ഭരണഘടനയുണ്ടാക്കി. സാംസ്ക്കാരിക സാമൂഹിക പ്രവർത്തകനായിരുന്ന അദ്ദേഹം പെൻസിൽവേനിയായുടെ ഭരണ കർത്താക്കളിൽ ഒരാളായിരുന്നു. അന്നുണ്ടാക്കിയ നിയമ നിർമ്മാണങ്ങളുടെ സ്മരണ നിലനിർത്താൻ അതിന്റെ അമ്പതാം വാർഷികത്തിൽ, 1751-ൽ പെൻസിൽവേനിയാ അസംബ്ലി യോഗം ചേർന്ന് ചരിത്ര പ്രതീകമായ 'ലിബർട്ടി ബെൽ' ഓർഡർ ചെയ്തു. മനുഷ്യ സ്നേഹിയായ 'വില്യം പെൻ' എഴുതിയുണ്ടാക്കിയ ഭരണഘടന കറുത്തവരുടെയും സ്വദേശികളായ റെഡ് ഇന്ത്യൻ ജനതയുടെയും സാസ്‌കാരിക പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടും മനുഷ്യാവകാശങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ളതുമായിരുന്നു. ലോകം മുഴുവൻ ഉത്‌ഘോഷിക്കുന്ന സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മഹനീയ തത്വങ്ങളും ആ മഹാന്റെ ആശയ സംഹിതകളിൽ നിറഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങളുടെ സവിശേഷതകൾ ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹമുണ്ടാക്കിയ ഭരണഘടനയിൽ മതസ്വാതന്ത്ര്യം ഉയർത്തിയും കാണിച്ചിട്ടുണ്ട്. റെഡ് ഇന്ത്യൻസിനോടുള്ള മൃദുലമായ സമീപനവും ആ മനുഷ്യ സ്നേഹിയിൽ പ്രകടമായി കാണാമായിരുന്നു. പൗരാവകാശ നിയമങ്ങൾ ആദ്യമായി അമേരിക്കയിൽ വിഭാവന ചെയ്തതും അദ്ദേഹംതന്നെ.

പഴയ നിയമത്തിലെ ഉദ്ധൃതഭാഗങ്ങളും വില്യം പെന്റെ നിയമ സംഹിതകളിലുണ്ടായിരുന്നു. അന്ന് മുഴങ്ങിയ മണിനാദത്തോടൊപ്പം ലേവ്യായുടെ  ഇരുപത്തിയഞ്ചാം അദ്ധ്യായം പത്താം വാക്യവും സുവർണ്ണ ജൂബിലിയിൽ  വായിച്ചിരുന്നു. "അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. (ലേവ്യാ 25:10) അങ്ങനെ അമേരിക്കയുടെ നൂറ്റാണ്ടുകളുടെ  ചരിത്രം ആ നാദ സുന്ദരിക്ക് പറയാനുണ്ട്.

ഫിലാഡൽഫിയായിലുള്ള സ്റ്റേറ്റ് ഹൌസിനു വേണ്ടി വാങ്ങിയ ബെല്ലിനെ അന്ന് 'പെൻസിൽവേനിയാ അസംബ്ലി ബെല്ലെ'ന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിബർട്ടി ബെല്ലിൽ കൊത്തിവെച്ചിരിക്കുന്ന ഉദ്ധരണിയിൽ ഇന്നുള്ള പെൻസിൽവേനിയായുടെ സ്പെല്ലിങ്ങുമായി വ്യത്യസ്തമായി കാണുന്നു.  പെൻസിൽവേനിയായുടെ (Pensylvania) സ്‌പെല്ലിംഗ് അക്കാലത്ത് ആഗോളതലങ്ങളിൽ  അംഗീകരിക്കപ്പെട്ടിരുന്നില്ല. ഫിലാഡൽഫിയായിലെ ഇൻഡിപെൻഡൻസ് ഹാൾ (Independence Hall)സന്ദർശിക്കുന്നവർ അവിടെയുള്ള മാപ്പിൽ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയാൽ പെൻസിൽവേനിയായുടെ അന്നത്തെ സ്പെല്ലിംഗ് (Pensylvania) ഇന്നു നിലവിലുള്ള സ്പെല്ലിങ്ങുമായി (pennsylvania) വ്യത്യസ്തമായിരുന്നുവെന്നും കാണാം. ബെല്ലിന്റെ മദ്ധ്യഭാഗത്ത് പാസ് ആൻഡ് സ്റ്റോ ഫിലഡ എം ഡി സി സി എൽ 111 ("Pass and Stow / Philada / MDCCLIII." ) എന്നും ഇംഗ്ലീഷ് അക്ഷരത്തിൽ കൊത്തി വെച്ചിട്ടുണ്ട്. ലിബർട്ടി ബെൽ എന്നറിയപ്പെടുന്ന ഈ മണി കപ്പലിൽ ഒളിച്ചു കടത്തിയതെന്നുള്ള അർത്ഥമാവാമെന്നും അതിൽ കൊത്തിവെച്ച വാക്കുകളിൽ ധ്വാനിക്കുന്നുണ്ട്.

പെൻസിൽവേനിയായിലെ കൊളോണിയൽ ഏജന്റ്, സ്റ്റേറ്റ് ഹൌസിനുവേണ്ടി ഔദ്യോഗികമായ ഒരു 'ബെൽ' മേടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു ലണ്ടനിലെ റോബർട്ട് ചാൾസിന് 1751 നവംബർ ഒന്നാംതീയതി ഒരു കത്തയച്ചിരുന്നു. ഐസക്ക് നോറിസ്, തോമസ് ലീച്, എഡ്വേർഡ് വാർണർ എന്നിവർ അന്ന് ആ കത്തിൽ ഒപ്പിട്ടിരുന്നു.  വൈറ്റ് ചാപ്പൽ ഫൗണ്ടറിയിൽ നിന്നായിരുന്നു ബെൽ ഓർഡർ ചെയ്തത്. 1752 സെപ്റ്റംബർ ഒന്നാം തിയതി ബ്രിട്ടനിൽ നിന്നും കടൽതാണ്ടി ഭീമാകാരമായ ആ 'ബെൽ' ഫിലാഡൽഫിയായിലെത്തി. 1753 മാർച്ചു പത്താം തിയതിവരെ അത് ഒരു സ്ഥലത്തും തൂക്കിയിട്ടിരുന്നില്ല. 'മണിനാദം കേൾക്കുന്ന സമയങ്ങളിലെല്ലാം ഒരു പൊട്ടിയ മണിയുടെ അനുഭൂതിയാണ് തനിക്കുണ്ടാകുന്നതെന്നു' ഐസക്ക് നോറീസ് കോൺഗ്രസിനെഴുതിയ ഒരു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മണിയുടെ നിർമ്മാണത്തിൽ സംഭവിച്ച പാകപ്പിഴകൾ കാരണം പൊട്ടിയ ശബ്ദം മണിയിൽനിന്നും പുറപ്പെടുന്നുവെന്നു അന്നുള്ളവർ ചിന്തിച്ചിരുന്നു. അറ്റകുറ്റപ്പണികൾകൊണ്ട് മണിയുടെ വിചിത്രമായ ശബ്ദം പരിഹരിക്കാമെന്നും കണക്കാക്കിയിരുന്നു. മൂശാരിപ്പണി ചെയ്തിരുന്ന 'ജോൺ പാസ്', 'ജോൺ സ്റ്റോ' എന്ന രണ്ടു ഫിലാഡൽഫിയാക്കാർ ആ മണിയുടെ പൊട്ടിയ ഭാഗങ്ങൾ ഉരുക്കി നന്നാക്കിയിരുന്നു. അവർ ഏതാനും ഔൺസ് ചെമ്പുകളും ചേർത്ത് വിള്ളലേറ്റ ഭാഗം കൂട്ടിയോജിപ്പിച്ചു. മണി നന്നാക്കാനായി അന്നത്തെ തൊഴിൽക്കൂലി മുപ്പത്തിയാറു പൗണ്ടായിരുന്നു.

1753 മാർച്ചു ഇരുപത്തിയൊമ്പതാം തിയതി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം ഈ 'ബെൽ' ബെൽഫ്രിഡിൽ സ്ഥാപിച്ചു. ആവശ്യത്തിലധികം ചെമ്പു (copper) കേടുപാടുകൾ നികത്താനായി മണിയിൽ ചേർത്തതുമൂലം മണിയടിയിലെ ശബ്ദവ്യത്യാസങ്ങൾക്കു കോട്ടം തട്ടാൻ കാരണമായി. പട്ടണം മുഴുവൻ അതൊരു സംസാരവിഷയവും ജനങ്ങളുടെ പരിഹാസവുമായി മാറിയിരുന്നു. റോബർട്ട് ചാൾസിന്റെ ഏജന്റ് ഐസക് നോറിസിനെ ജനം മണിയടിയിൽനിന്നും വരുന്ന ശബ്ദത്തിന്റെ പോരായ്മകളിൽ കുറ്റപ്പെടുത്തുകയുമുണ്ടായി. ബെല്ലിൽനിന്നും പുറപ്പെടുവിച്ചിരുന്ന മണിനാദത്തിൽ ആരും സന്തുഷ്ടരായിരുന്നില്ല. പിന്നീട് ബെല്ല് വലിച്ചുകൊണ്ടു പോയി വീണ്ടും നന്നാക്കാൻ ശ്രമിച്ചു. കേടായ ഭാഗങ്ങൾ പൊട്ടിച്ച് ഉടച്ചു വാർത്തു.1753 ജൂൺ പതിനൊന്നാം തിയതി നന്നാക്കിയ പുതിയ ബെല്ല് 2080 പൗണ്ടുള്ളതായി 'ന്യൂയോർക്ക് മെർക്കുറി' റിപ്പോർട്ട് ചെയ്തിരുന്നു. അത് സ്റ്റേറ്റ് ഹൌസിന്റെ മുകളിൽ ഉയർത്തി പ്രതിഷ്ഠിക്കുകയും ചെയ്തു. 

പെൻസിൽവേനിയായുടെ അസംബ്ലി കൂടുന്ന സമയങ്ങളിലും ഭരണസംവിധാനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നേരിടുമ്പോഴും ജനങ്ങളെ ബോധവാന്മാരാക്കുവാനും അറിയിക്കാനും കൂട്ടമണിയടി അക്കാലങ്ങളിലെ പതിവായിരുന്നു.  കൊളോണിയൽ ഭരണകാലങ്ങളിലെ പ്രശ്ന പരിഹാരങ്ങൾക്കായി ബെഞ്ചമിൻ ഫ്രാങ്കലിനെ ഇംഗ്ലണ്ടിൽ അയച്ചപ്പോഴും മണിയടിച്ചു. 1761-ൽ ജോർജ് മൂന്നാമൻ രാജാവ് കിരീടം ധരിച്ചപ്പോഴും ലിബർട്ടി ബെല്ലിൽ നിന്ന് കൂട്ട മണി മുഴങ്ങിയിരുന്നു. 1764-ൽ ഷുഗർ ആക്റ്റും 1765 സ്റ്റാമ്പ് ആക്റ്റും പാസാക്കിയ   പ്രാവർത്തികമായ സമയങ്ങളിലും ബെല്ലിൽനിന്നു മണിനാദങ്ങൾ മുഴങ്ങിയിരുന്നു. 1776-ജൂലൈ നാലാം തിയതിയിലെ കൊളോണിയൽ സാമ്രാജ്യത്തിൽനിന്നുള്ള സ്വാതന്ത്ര്യ വിളംബരം ഈ ബെല്ലിൽ നിന്നും പുറപ്പെട്ട മണിയടിയോടെയായിരുന്നുവെന്നതും ചരിത്രമാണ്. അന്നുമുതലാണ് ഈ ബെല്ലിനു 'ലിബർട്ടി ബെൽ' എന്ന പേര് ലഭിച്ചത്.

ലിബർട്ടി ബെല്ലിൽ നിന്നുള്ള തുടർച്ചയായുള്ള മണിമുഴക്കങ്ങൾ സമീപ വാസികൾക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നു കാണിച്ച് ഒരു കൂട്ട ഹർജി സമർപ്പിച്ചിരുന്നു. ജനങ്ങളുടെ പരാതികളെ അധികൃതർ പരിഗണിച്ചിരുന്നില്ല. 1775-ലെ ലെക്സിങ്ങ്ടൺ, കോൺകോർഡ് (the Battle of Lexington and Concord in 1775) യുദ്ധങ്ങൾവരെ മണിയടികൾ തുടർന്നുകൊണ്ടിരുന്നു. ഗോപുരം അക്കാലങ്ങളിൽ ജീർണ്ണിച്ച അവസ്ഥയിലായിരുന്നതിനാലും അറ്റകുറ്റപ്പണികൾ ഉണ്ടായിരുന്നതുകൊണ്ടും ഈ കഥകളൊക്കെ സത്യങ്ങളായിരുന്നുവോയെന്നും നിശ്ചയമില്ല. ചരിത്രകാരുടെയിടയിൽ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്.     

1777-ഒക്ടോബറിൽ ബ്രിട്ടീഷുകാർ ഫിലാഡൽഫിയ ആക്രമിച്ചു കയ്യടക്കി. അതിനു ഏതാനും ആഴ്ചകൾക്കു മുമ്പ് 'ലിബർട്ടി ബെൽ' ഉൾപ്പടെ പട്ടണത്തിലുള്ള ബെല്ലുകൾ മുഴുവനും നീക്കം ചെയ്തിരുന്നു. പട്ടണത്തിൽ ആ ബെൽ ഉണ്ടായിരുന്നെങ്കിൽ അവർ അത് തകർക്കുമായിരുന്നുവെന്നും മനസിലാക്കിയിരുന്നു. ബെല്ലിലുള്ള 'മെറ്റൽ' പട്ടാളധികൃതർ പീരങ്കിയ്ക്ക് ഉപയോഗിക്കുമായിരുന്നുവെന്നും അറിയാമായിരുന്നു. പെൻസിൽവേനിയായിലുള്ള അലൻടൗണിൽ സയോൺ റീഫോംഡ് ചർച്ചിന്റെ (Zion Reformed Church - Liberty Bell Shrine) അടിഭാഗത്തായി ഈ ബെല്ല് ഒളിച്ചുവെച്ചിരുന്നു. അവിടെയും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി സന്ദർശകർ നിത്യം എത്താറുണ്ട്. 

1790 മുതൽ 1800 വരെ സുപ്രധാന തീരുമാങ്ങളുണ്ടാകുന്ന വേളകളിലും പുതിയ സംഭവവികാസങ്ങളിലും ബെൽ ഉപയോഗിച്ചുകൊണ്ടിരുന്നു. അന്ന് ഫിലാഡെൽഫിയായായിരുന്നു ക്യാപിറ്റൽ. ഓരോ നിയമ നിർമ്മാണങ്ങൾ ഉണ്ടാകുമ്പോഴും ജനങ്ങൾ സ്റ്റേറ്റ് ഹൌസിലേക്ക് വോട്ടു ചെയ്യുമ്പോഴും ജോർജ് വാഷിംഗ്‌ടൺന്റെ ജന്മ ദിവസവും ജൂലൈ നാലാം തിയതിയും ബെല്ലിലെ മണിനാദം മുഴങ്ങിക്കൊണ്ടിരുന്നുവെന്നും ചരിത്രത്തിന്റെ അനുമാനങ്ങളിലുണ്ട്.  

1839-ൽ അടിമത്വ വിരുദ്ധ പോരാളികൾ ലിബർട്ടി ബെല്ലിനു ചുറ്റും സമ്മേളിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി വിപ്ലവങ്ങൾ സംഘടിപ്പിച്ചവരും പ്രവർത്തിച്ചവരും അക്കാലങ്ങളിൽ ബെല്ലിന്റെ പടങ്ങൾ വഹിച്ചിരുന്നു. അടിമകളെ സ്വതന്ത്രമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട് അതേ ബെൽ തന്നെ നാനാവിധമായ സ്വാതന്ത്ര്യ മോഹങ്ങൾക്കായും നിലകൊണ്ടിരുന്നു. 1835 ജൂലൈ എട്ടാം തിയതി ജോൺ മാർഷൽ എന്ന ജഡ്ജി മരിച്ച വിവരം മണിയടിച്ചറിയിച്ചപ്പോഴായിരുന്നു മണി പിളർന്നതെന്നും പറയപ്പെടുന്നു. എന്നാൽ പൊട്ടിയത് മണിയുടെ ഉള്ളിൽ നിന്നായിരുന്നതിനാൽ ആർക്കും വിള്ളൽ ഭാഗം കാണാൻ സാധിച്ചിരുന്നില്ല. അകത്തുണ്ടായ വിടവ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ വലുതായി തീർന്നിരുന്നു. ഒടുവിൽ ശബ്ദം തന്നെ ഇല്ലാതെയായി. റിപ്പയർ ചെയ്ത ശേഷം ബെൽ 1846 വരെ ഉപയോഗിക്കുന്നുണ്ടായിരുന്നു.  

ലിബർട്ടി ബെല്ലിനു ആദ്യമായി വിള്ളലുണ്ടായ കൃത്യമായ ഒരു ദിനം എന്നെന്നുള്ളത് വ്യക്തമല്ല. അതിൽ ചരിത്രകാരുടെയിടയിൽ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ബെല്ലിലുള്ള നേരിയ പിളർപ്പ് കൂടുതൽ വിടരാതിരിക്കാൻ അതാത് കാലങ്ങളിൽ നന്നാക്കിയതായും രേഖകളിലുണ്ട്. 1846-ൽ ജോർജ് വാഷിംഗ്‌ടൻറെ ജന്മദിനത്തിൽ ബെല്ലിന്മേൽ പിളർപ്പുണ്ടായതിനുശേഷം പിന്നീടൊരിക്കലും മണിയടിക്കാതെയുമായി. 1846-ഫെബ്രുവരി 26ൽ ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ജേർണലിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. 

ഐതിഹാസിക കഥകൾ ലിബർട്ടി ബെല്ലുമായി ബന്ധിച്ചുള്ളതിനാൽ ശരിയായ ഒരു കാഴ്ചപ്പാടിൽ അതിന്റെ ചരിത്രം കുറിക്കാനും പ്രയാസമാണ്. 1847-ൽ 'ജോർജ് ലിപ്പാഡ്' ഈ ബെല്ലിനെ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു നോവലെഴുതിയിട്ടുണ്ട്. ഒരിയ്ക്കൽ കുതിരയെ തീറ്റിപ്പോറ്റിയും പരിപാലിച്ചുകൊണ്ടുമിരുന്ന ഒരാൾ സ്റ്റേറ്റ് ഹൌസിലെ ബെല്ലടിയ്ക്കാൻ ചുമതലപ്പെട്ട അവിടെ കാത്തിരുന്ന വൃദ്ധനായ ഒരു മനുഷ്യനോട് 'കൊളോണിയൽ സാമ്രാജ്യത്തിന്റെ കിരാത ഭരണത്തിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചുവെന്ന്' ഉച്ചത്തിൽ പ്രഖ്യാപിക്കാൻ പറഞ്ഞു. അങ്ങനെ പറയാൻ അയാൾക്കു മനസ്സുവന്നില്ല. കുതിരക്കാരന്റെ വാക്കു കേട്ട് കേൾക്കാത്ത മട്ടിൽ അയാൾ നിശബ്ദനായി മടിച്ചു നിന്നു. പെട്ടെന്ന് മണിനാദം മുഴക്കിക്കൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ കൊച്ചുപുത്രൻ വാതിൽക്കൽ പ്രത്യക്ഷപ്പെടുകയും 'എന്റെ വല്യപ്പച്ചാ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞുകൊണ്ട് ഉച്ചത്തിൽ വിളിച്ചുപറയൂ, ഒപ്പം കൂട്ടമണിയുമടിക്കൂ! ലോകം ഉണർന്ന് അതുകേട്ടു ശ്രവിക്കട്ടെയെന്നും' അവൻ പറഞ്ഞു. കൊച്ചുമകന്റെ വാക്കുകൾ കേട്ട് വൃദ്ധൻ മണിയടിച്ചു. ദേശം മുഴുവനും സ്വാതന്ത്ര്യത്തിന്റെ ആ മോഹന സ്വപ്നങ്ങളിൽ ലയിച്ചു. പിന്നീട് സംഭവിക്കാത്ത ആ കഥ ചുറ്റുമുള്ള ജനത്തിന്റെ ഭാവനയിലാവുകയും ചെയ്തു. ലിബർട്ടി ബെൽ അന്നുമുതൽ 'ഡിക്ലറേഷൻ ഓഫ് ഇന്ഡിപെന്ഡെന്സിന്റെ' (Declaration of Independence) ചിഹ്നവിജ്ഞാന നിഘണ്ടുവിലെഴുതി ചേർക്കുകയുമുണ്ടായി. 1847-ൽ നോവലിൽ എഴുതപ്പെട്ട വൃദ്ധന്റെ ഈ കഥ ഭാവനയിൽ കുരുത്തതെന്നും സത്യമല്ലെന്നും ചരിത്രകാർ വിശ്വസിക്കുന്നു. എന്താണെങ്കിലും ഡിക്ലറേഷൻ ഓഫ് ഇന്ഡിപെന്ഡെൻസിനെ (Declaration of Independence) സംബന്ധിച്ചുള്ള ഈ ഐതിഹാസിക കഥ വളരെയധികം പ്രസിദ്ധമാണ്.

1856-ൽ ലിബർട്ടി ബെൽ അമേരിക്കയുടെ അടിമത്വം അവസാനിപ്പിച്ച സുദിനത്തിന്റെ പ്രതീകമായി അംഗീകരിച്ചു. അതിനുമുമ്പ് ആ ബെല്ലിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ 'ലിബർട്ടിബെൽ' അറിയപ്പെട്ടിരുന്നത് സ്റ്റേറ്റ് ഹൌസ്‌ ബെല്ല'ന്നായിരുന്നു. ലിബർട്ടി ബെല്ലിലുള്ള ആ വലിയ വിള്ളൽ കറുത്തവരായ ഒരു ജനതയുടെ ഉണങ്ങാത്ത മുറിവുകളാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. ആ വിടവുകളെ സ്വാതന്ത്ര്യത്തിന്റെ സ്പോടനമായും കറുത്ത ജനത കണക്കാക്കുന്നു.      

ഓരോ അമ്പത് വർഷം കഴിയുമ്പോഴും അടിമകളെയും ജയിലിൽ കഴിയുന്നവരെയും മോചിപ്പിക്കണമെന്നുള്ള ബൈബിളിലെ വചനം അടിമത്വം അവസാനിപ്പിക്കുന്നവർ മനസിലാക്കിയിരുന്നു. വില്യം ല്യൂയിഡ് ഗാരിസന്റെ (William Lloyd Garrison's) 'ബെൽ' എന്ന കവിതയിൽ "ലിബർട്ടി ബെൽ" സ്വാതന്ത്ര്യത്തിന്റെ ഒരു നിയോഗംപോലെ പ്രതിഫലിക്കുന്നത് കാണാം. "ഇത് നിന്നെ സംബന്ധിച്ച് ഒരു സുവർണ്ണ ജയന്തിയാണ്. സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന ഓരോ മനുഷ്യരിലും ആ ജയന്തിയുടെ സുവർണ്ണ രേഖ കുടികൊള്ളും. അവരുടെ കുടുംബങ്ങളും സ്വാതന്ത്ര്യത്തിന്റെ രുചിയനുഭവിക്കും." ഒരു പക്ഷെ ഒരു കവിയുടെ ഹൃദയത്തിൽ നിന്നും ലിബർട്ടി ബെല്ലിനെപ്പറ്റി, അതിന്റെ ആന്തരാർത്ഥത്തെപ്പറ്റി ഒഴുകി വന്ന ആദ്യത്തെ രൂപകൽപ്പനയുമാകാം. 

അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യമൊന്നാകെ ഐക്യമത്യത്തിന്റെ പ്രതീകമായി ഒരു ചിഹ്നം തെരയുന്നുണ്ടായിരുന്നു. 'അമേരിക്കൻ പതാക ഒരു അടയാളമായിരുന്നു. 'ലിബർട്ടി ബെൽ' മറ്റൊന്നും. യുദ്ധത്തിന്റെ മുറിവുകളുണങ്ങാനും സഹായിക്കാനും അന്നുള്ള ജനത 'ലിബർട്ടി ബെൽ' രാജ്യം മുഴുവൻ പ്രദർശിപ്പിച്ചിരുന്നു. 1880 മുതൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ലിബർട്ടി ബെല്ലുമായി സ്വാതന്ത്ര്യ പ്രവർത്തകരായ ജനത രാജ്യത്താകമാനം സഞ്ചരിക്കുകയുമുണ്ടായി. അനേകായിരങ്ങൾ അതുമൂലം ദേശാഭിമാനഭരിതരായി ഒരു നവയുഗത്തിനായി പ്രവർത്തിക്കാനും തുടങ്ങി. 

1915-ൽ സ്ത്രീകളുടെ സംഘടനയായ സഫറാഗ് മുന്നേറ്റത്തിനായി ലിബർട്ടി ബെല്ലിന്റെ ഒരു മാതൃകയുണ്ടാക്കിയിരുന്നു. തങ്ങളുടെ വോട്ടവകാശത്തിനായി സ്ത്രീകൾ അതുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു. 1920- സെപ്റ്റംബർ ഇരുപത്തിയഞ്ചാം തിയതി അത് ഇൻഡിപെൻഡൻസ് ഹാളിൽ (Independence Hall) കൊണ്ടുവരുകയും പൗരസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. പിന്നീട് സ്ത്രീകൾക്കും തുല്യാവകാശമായി പൗരനിയമങ്ങൾ മാറ്റുകയുണ്ടായി. അതിന്റെ ആഘോഷങ്ങൾ നാടാകെ കൊണ്ടാടിയതു ലിബർട്ടി ബെല്ലിനെ പ്രതീകാത്മകമായി കണക്കാക്കിക്കൊണ്ടായിരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾ നാളിതുവരെയുള്ള കാലങ്ങളിലെല്ലാം ലിബർട്ടി ബെല്ലിന്റെ മുമ്പിൽ വന്നു ശബ്ദം മുഴക്കിയിട്ടുണ്ട്.   

2003-ഒക്ടോബറിൽ 'ലിബർട്ടി ബെൽ സെന്റർ' (Liberty bell center) തുറന്നു. 24 മണിക്കൂറും ഏതു സമയത്തും സന്ദർശകർക്ക് 'ബെൽ' കാണുവാൻ സാധിക്കുന്നു. വർഷത്തിലൊരിക്കൽ ജൂലൈ നാലാം തിയതി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് ഒപ്പിട്ടവരുടെ പിന്തലമുറക്കാർ പതിമൂന്നു തവണകൾ ബെല്ലിനെ സ്പർശിച്ചു ആദരിക്കാറുണ്ട്. ആ സമയം പതിമൂന്നു കോളനികളെ ഓർമ്മിക്കാൻ ഒപ്പം മറ്റു ബെല്ലുകൾ പതിമൂന്നു തവണകൾ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും അടിച്ചുകൊണ്ടിരിക്കും. മാർട്ടിൻ ലൂതർ കിംഗിന്റെ ഓർമ്മ ദിവസവും ബെല്ലിൽ സ്പർശിച്ചുകൊണ്ട് ആദരവ്‌ പ്രകടിപ്പിക്കാറുണ്ട്. 1986-ൽ മാർട്ടിൻ ലൂഥർ കിംഗിന്റെ ഭാര്യ കൊറേട്ടാ സ്‌കോട്ട് കിംഗിന്റെ (Coretta Scott King) അഭ്യർത്ഥന പ്രകാരമാണ് അങ്ങനെയൊരു ആചാരം കറുത്തവരായ സ്വാതന്ത്ര്യ ദാഹികളിൽ ആരംഭിച്ചത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് വിദേശികളും അമേരിക്കക്കാരും 'ലിബർട്ടി ബെൽ' കാണാനായി ദിനംപ്രതി സന്ദർശിക്കാറുണ്ട്. ഈ സ്മാരക ചിഹ്നം ലക്ഷോപലക്ഷം ജനങ്ങളുടെ മനസിനെ തലമുറകളായി താലോലിച്ചുകൊണ്ടിരിക്കുന്നു. ലോകമാകമാനമുള്ള സ്വാതന്ത്ര്യ ദാഹികളുടെ പ്രതീകമായി, മനുഷ്യ മനസുകളിൽ വികാര രൂപങ്ങളായി, തലമുറകൾക്കു സാക്ഷിയായി ഈ ചിഹ്നരൂപം ഇന്നും നിലകൊള്ളുന്നു. മാർട്ടിൻ ലൂതർ കിംഗിന്റെ സ്വപ്നവും തുടങ്ങുന്നത് ഇവിടെനിന്നാണ്. സ്വാതന്ത്ര്യത്തിന്റെ ആ നാദം ഫിലാഡെൽഫിയാ മുതൽ ന്യൂഹാംപ്‌ഷെയർ, ന്യൂയോർക്ക്, കാലിഫോർണിയാ, ജോർജ്ജിയാ, ടെന്നസി, മിസിസിപ്പി എന്നിവിടങ്ങളിലെ കുന്നിൻമുകളിലും മഞ്ഞുമലകളിലും പാറമേടകളിലും നാടിന്റെ നാനാഭാഗങ്ങളിലും കൊളോറാഡോയിലെ റോക്കി പർവതനിരകളിലും ഒരുപോലെ മുഴങ്ങിക്കേട്ടിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ മണിനാദം മുഴങ്ങുമ്പോൾ സ്വപ്നഭൂമിയായ അമേരിക്കയുടെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള കറുത്തവരും വെളുത്തവരുമായ ദൈവത്തിന്റെ എല്ലാ മക്കളും യഹൂദരും കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ കൈകോർത്തുകൊണ്ടു നീഗ്രോയുടെ പഴങ്കാല സ്തുതിഗീതങ്ങൾ 'ഒടുക്കമിതാ നാം സ്വതന്ത്രരായി, ദൈവത്തെ സ്തുതിക്കൂ'വെന്നു ആലപിക്കാൻ പറഞ്ഞതും മാർട്ടിൻ ലൂഥർ കിംഗായിരുന്നു. 
Legendary civil rights leader Dorothy Height



Presidend Truman 



William Penn


Independence Hall
Coretta Scott King

Zion Reformed Church - Liberty Bell Shrine

JPL News
kalavedionline
EMalayalee
Malayalam Daily News

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...