Sunday, October 16, 2016
ഫ്രാൻസിസ് മാർപാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും
ജോസഫ് പടന്നമാക്കൽ
യാഥാസ്ഥിതിക ലോകം ഫ്രാൻസിസ് മാർപാപ്പയുടെ വിവാദപരമായ അഭിപ്രായങ്ങളിൽ തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിൻറെ സ്വാഭിപ്രായങ്ങൾ അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും പറഞ്ഞുകൊണ്ട് മാർപാപ്പയ്ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്. മാർപാപ്പാമാരിൽ ബെനഡിക്റ്റ് പതിനാറാമനും ജോൺ പോൾ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങൾ പിന്തുടരുന്ന വൃദ്ധരായ കർദ്ദിനാൾ സംഘത്തെ മറികടന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ സങ്കുചിത മനഃസ്ഥിതിയുളളവർ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്.
ഒരു വിഭാഗം യാഥാസ്ഥിതികർ മാർപാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികൾ കേരളത്തിലെ സീറോ മലബാർ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാർപാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാർഥനകൾ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യൽ മീഡിയാകളിൽ വായിക്കാൻ സാധിക്കും. 1599-ലെ ഉദയംപേരൂർ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ കൂടുതലും നെസ്തോറിയന്മാരായിരുന്നു. അവരെ റോമ്മാസഭ പാഷണ്ഡികളായി കരുതിയിരുന്നു. നെസ്തോറിയൻ, ഓർത്തോഡോക്സ് വിശ്വാസങ്ങളിൽനിന്നും പൊട്ടിമുളച്ച സീറോ മലബാർ സഭ ധാർമ്മിക ബോധമില്ലാത്ത യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുംതോറും സഭയുടെ കാലത്തിനനുയോജ്യമായ നയങ്ങളുടെ രൂപീകരണം വളരെ സാവധാനമെന്നും കാണാം. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സങ്കുചിത മനോഭാവമുള്ളവർ സഭയുടെ ഭരണകാര്യങ്ങൾ വഹിക്കുന്നതുകൊണ്ട് സഭ പരിവർത്തന കാലഘട്ടത്തിൽക്കൂടി കടന്നുപോവുന്നുമില്ല.
ഫ്രാൻസിസ് മാർപാപ്പയുടെ വിവാദപരവും വിപ്ലവകരവുമായ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ആഗോള പത്രവാർത്തകളിൽ കാണപ്പെടാറുള്ളത്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള അദ്ദേഹത്തിൻറെ പ്രഖ്യാപനം സഭയുടെ പാരമ്പര്യ വിശ്വാസങ്ങൾക്കൊരു വെല്ലുവിളിയായിരുന്നു. നരകവും നരകത്തിന്റെ ഭാവനകളും മനുഷ്യന്റെ സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ഇത്തരം പ്രസ്താവനകൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ വത്തിക്കാൻ നിഷേധിക്കുകയാണ് പതിവ്. മാർപാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നു പറഞ്ഞ്, വത്തിക്കാൻ പ്രസ്താവനകളുമിറക്കും. മാർപാപ്പയെ സംബന്ധിച്ച അത്തരം വാർത്തകൾ സീറോ മലബാർ പോലുള്ള യാഥാസ്ഥിതിക ഉപാന്തര സഭകൾ അറിഞ്ഞ ഭാവം നടിക്കുകയുമില്ല. സർവ്വമത മൈത്രിക്കായി മാർപാപ്പാ ലോകത്തിലെ എല്ലാ മതാചാര്യന്മാരുമായി നല്ല സൗഹാർദബന്ധവും സ്ഥാപിക്കുന്നു.
വണക്കത്തിലൂടെയും പ്രാർത്ഥനയുടെ മനനത്തിലും വിനയഭാവത്തിലൂടെയും അത്മാവിന്റെ സത്തയിലും അന്വേഷണത്തിലും നാം മനസുനിറയെ തത്ത്വസംഹിതകൾ ആർജ്ജിച്ചിട്ടുണ്ട്. പലരും പുതിയ കാഴ്ചപ്പാടിൽ ഇത്തരം വിഷയങ്ങളെ അവലോകനവും ചെയ്യുന്നു. മനുഷ്യൻ ഭാവനകളിൽ സൃഷ്ടിച്ച നരകവും അവിടെ ആത്മാക്കൾ കഷ്ടപ്പെടുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും അംഗീകരിക്കാൻ സാധിക്കില്ലെന്നു മാർപാപ്പാ പറയുന്നു. ദൈവസ്നേഹത്തിലേക്കുള്ള ജൈത്രയാത്രയിൽ നരകമെന്ന ബാലിശമായ ചിന്തകൾ സഭയുടെ വിശ്വാസ സംഹിതകളിൽ എന്നുമുണ്ടായിരുന്നു. ഭയത്തിൽനിന്നും ദൈവസ്നേഹത്തെ വളർത്തുകയെന്നത് എക്കാലവുമായിരുന്ന അടവുകളുമായിരുന്നു. പ്രകൃതിയും ഈശ്വരനും അസ്തിത്വവുമടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ചിന്തിക്കുന്നവരുടെ മനോബോധത്തെപ്പോലും അടച്ചിടാനാണ് സഭയെന്നും ശ്രമിച്ചിട്ടുള്ളത്. ദൈവത്തെ ഒരു വിധികർത്താവായി കാണരുതെന്നും ദൈവം നമ്മുടെ സുഹൃത്തായും അനന്തമായ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉറവിടവുമായി കരുതണമെന്നു' മാർപാപ്പാ പറഞ്ഞു. 'ദൈവമെന്നു പറയുന്നത് മനുഷ്യനെ സ്നേഹംകൊണ്ട് പുണരുന്നവനാണ്. അല്ലാതെ വിധിക്കുന്നവനല്ല. ഏദൻ തോട്ടത്തിലെ ആദവും അവ്വായെയുംപറ്റി നാം വായിക്കുന്നത് വെറും അമാനുഷ്യക കഥാപാത്രങ്ങളായിട്ടാണ്. അവിടെ നാം നരകവും കാണുന്നു. പക്ഷെ അതെല്ലാം പഴങ്കാലത്തിലെ സാഹിത്യമയമായ ഭാവനകളിൽ വന്ന കൃതികളാണ്. 'അലഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് ഭാവനയിൽ മനുഷ്യൻ കണ്ടെത്തിയ ഒരു സങ്കേതമാണ് നരകമെന്നുള്ളത്. എല്ലാ ആത്മാക്കളും പരമാത്മാവായ ദൈവത്തിങ്കലെ സ്നേഹാരൂപിയിൽ അലിഞ്ഞു ചേരുമെന്നും മാർപാപ്പാ വിശ്വസിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ചിന്താഗതികളും പ്രസംഗങ്ങളും ആഗോള കത്തോലിക്കാ സഭയിൽ ഒരു വിപ്ലവ ചൈതന്യം തന്നെ സൃഷ്ടിക്കുന്നതായി കാണാം. "എല്ലാ മതങ്ങളും സത്യമെന്നും അപ്രകാരം വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളും സത്യമെന്നു" മാർപാപ്പാ അവകാശപ്പെടുന്നു. 'മറ്റെന്തു സത്യമാണുള്ളത്? കഴിഞ്ഞ കാലത്ത് സഭ മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റെന്നും പാപമെന്നും കഠിനമായ ഭാഷകളിൽ വിധിയെഴുതിയിരുന്നു. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ദൈവത്തിന്റെ മുമ്പിൽ വിധിക്കാനായി മനുഷ്യരായ നാം ആര്? സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ നമ്മുടെ കുഞ്ഞുങ്ങളെ നാം വിധിക്കാറില്ല. ഭ്രൂണഹത്യയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സ്വവർഗ രതിക്കാരും സ്ത്രീ പുരുഷ രതിക്കാരും നിറഞ്ഞ ബൃഹത്തായ ഒരു സഭയാണ് നമ്മുടേത്. യാഥാസ്ഥിതികരെയും പുരോഗമന വാദികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും കമ്മ്യൂണിസ്റ്റുകാരേയും നാം സഭയിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തിന്റെ അരൂപിയിൽ മനുഷ്യജാതിയെ ഒന്നായി കാണണം. നാം ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'
വ്യക്തിഗതമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല. പറയുന്ന വസ്തുതകൾ പത്രങ്ങളിൽ വന്നു കഴിയുമ്പോൾ അതിന്റെ പരിണിതഫലങ്ങൾ ലോകവ്യാപകമായി വ്യാപിക്കുകയും ചെയ്യും. ഉടൻതന്നെ യാഥാസ്ഥിതികനായ വത്തിക്കാന്റെ ഏതെങ്കിലും വക്താവ് മാർപാപ്പാ പറഞ്ഞതിനെ പത്രങ്ങൾ വളച്ചൊടിച്ചതാണെന്ന് ഒരു പ്രസ്താവനയും നടത്തും. ഇത്രമാത്രം സഭയുടെ മാമൂലുകൾക്കെതിരെ ഒരു ആദ്ധ്യാത്മിക നേതാവെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രസ്താവനകൾ നടത്തിയ ഒരു മാർപാപ്പാ ചരിത്രത്തിലുണ്ടാവുകയില്ല. അത്തരം പ്രസ്താവനകൾ ചിലരിൽ വിവാദങ്ങളായും മറ്റു ചിലരെ കുപിതരാക്കിക്കൊണ്ടുമിരുന്നു. പുരോഗമന ചിന്താഗതിക്കാരെ സന്തുഷ്ടരുമാക്കിയിരുന്നു.
മാധ്യമ ലോകം അദ്ദേഹത്തെ ഒരു ആദ്ധ്യാത്മിക നേതാവെന്നതിലുപരി പ്രസിദ്ധനായ (Celebrity) ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ടൈം മാഗസിൻ അദ്ദേഹത്തെ 2013 -ൽ മാൻ ഓഫ് ദി ഇയർ (Man of the year) എന്ന കീർത്തിയുടെ കിരീടമണിയിച്ചാദരിക്കുകയും ചെയ്തു. അനേകർക്ക് ഫ്രാൻസിസ് മാർപാപ്പാ ഒരു നവീകരണ വാദിയും സഭയുടെ പരിഷ്കർത്താവുമാണ്. വത്തിക്കാന്റെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരെ ഭയരഹിതനായി സംസാരിക്കുകയും ചെയ്യുന്നു. മാർപാപ്പായുടെ വാക്കുകൾ ചിലപ്പോൾ കലർപ്പും കലർത്തി ലോകമാധ്യമങ്ങൾ അമിതമായ പ്രചാരവും നടത്തുന്നുണ്ട്. ഗർഭഛിദ്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെയും പരീസ്ഥിതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു കഴിഞ്ഞു. കത്തോലിക്കാ ലോകത്തിൽ വലിയ ഒച്ചപ്പാടുകളുണ്ടാകുകയും ചെയ്തു.
മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ കൂടുതലായും സംസാരിച്ചുകൊണ്ടിരുന്നത് സഭയുടെ പാരമ്പര്യമായ വിശ്വാസങ്ങളെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും ഗർഭഛിദ്രങ്ങളെ സംബന്ധിച്ചുമായിരുന്നു. വിശ്വാസസത്യങ്ങൾക്കുപരി ഒരു മാർപാപ്പയും തെല്ലും പിന്തിരിയാൻ തയ്യാറുമല്ലായിരുന്നു. പൊറുക്കപ്പെടാൻ പാടില്ലാത്ത ഒരു പാപവും ഇല്ലെന്നും കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതൻ ഗർഭച്ഛിദ്രവും പൊറുക്കപ്പെടാൻ കഴിയുന്ന പാപമാണെന്നു കരുതണമെന്നും മാർപാപ്പാ പറഞ്ഞു. മാർപാപ്പാ ഏറ്റവും വലിയ പാപമായി കരുതുന്നത് പരിസ്ഥിതി മലിനീകരണമാണ്. മുമ്പുള്ള മാർപാപ്പമാർക്കെല്ലാം ആഡംബരത്തിൽ ജീവിക്കേണ്ട യൂറോപ്യൻ ചിന്താഗതികളായിരുന്നുണ്ടായിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചാത്തലം ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം ജനിച്ചു വളർന്നത് പാവപ്പെട്ട ഒരു രാജ്യമായ അർജന്റീനായിലായിരുന്നു. അദ്ദേഹത്തിൻറെ ചിന്തകൾ മുഴുവനും ബാല്യം മുതൽ വളർന്ന തന്റെ ദാരിദ്ര്യം നിറഞ്ഞ ലത്തീൻ രാജ്യങ്ങളായിരുന്നു. അവിടെയാണ് ലിബറേഷൻ ദൈവിക ശാസ്ത്രത്തിന്റെ ഉത്ഭവവും. ദരിദ്രരായവർക്കും സമൂഹത്തിൽ പീഡിപ്പിക്കപ്പെട്ടവർക്കുമായി ലിബറേഷൻ തീയോളജി ഉറച്ചു നിൽക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഊന്നൽ കൊടുക്കുന്നത്. കാരണം, പ്രകൃതിയുടെ നശീകരണത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവർ പാവങ്ങളായ ജനങ്ങളാണ്. ലൈംഗിക പീഡനം മൂലം തകരുന്ന സഭയെ രക്ഷിക്കാൻ പുരോഹിതരോട് യാതൊരു കാരുണ്യവുമില്ലാത്ത ശിക്ഷാനടപടികളാണ് ഫ്രാൻസിസ് മാർപാപ്പ തുടരുന്നത്. സഭയുടെ നയങ്ങളിൽ മാറ്റം വരുത്തി നൂതനമായ ചിന്താഗതികളോടെ ഭരിക്കുന്ന കാരണം അദ്ദേഹത്തിൻറെ ജീവനുതന്നെ അപകടകരമായ വെല്ലുവിളികളുമുണ്ട്.
2013-ൽ മാർപാപ്പ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഒരുവൻ സ്വവർഗാനുരാഗിയെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ നന്മയുള്ളവനെങ്കിൽ അവനെ വിധിക്കാൻ ഞാനാര്?' 2014-ൽ അദ്ദേഹം പറഞ്ഞു, 'സഭ സ്വവർഗാനുരാഗികളുടെ ജീവിത ബന്ധങ്ങളെ തുറന്ന മനസോടെ കാണണം. എങ്കിലും വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നും' കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം അദ്ദേഹം പറഞ്ഞു, 'കരുണയുടെ വർഷത്തിൽ ലോകമാകമാനമുള്ള പുരോഹിതർ ഗർഭച്ഛിദ്രമെന്ന പാപവും ക്ഷമിക്കാൻ തയാറാകണം. അവർക്ക് കൂദാശകൾ വിലക്കരുത്. 'ലോകത്തിന്റെ വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ചും മാർപാപ്പ കടുത്ത വിമർശകനാണ്. അദ്ദേഹം പറഞ്ഞു, 'ഒരു മനുഷ്യന്റെ വിഗ്രഹമെന്നു പറയുന്നത് പണമാണ്. ലോകത്തിലെ ധനതത്ത്വ ശാസ്ത്രജ്ഞരിൽ ചിലർ ചിന്തിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് തത്ത്വങ്ങളിൽക്കൂടി സാമ്പത്തിക വളർച്ചയെ കൈവരിക്കാമെന്നുള്ളതാണ്.' അസമത്വം ഇല്ലാതാക്കാനും ലോകത്തിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുമുള്ള പദ്ധതികൾക്ക് ആസൂത്രണം ചെയ്യാനും മാർപാപ്പ നിർദ്ദേശിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച് സാമൂഹിക നീതി നടപ്പാക്കണം. സ്വതന്ത്രമായ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു സമൂഹം മാത്രം സാമ്പത്തികശക്തി സമാഹരിക്കുന്നതും കാണാം. അവരുടെ വിജയകരമായ സാമ്പത്തികനേട്ടത്തിൽ നന്മയെന്ന വസ്തുത കാണില്ല. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർ പരിതാപകരമായി അധഃപതിക്കുന്നതായും കാണുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണ് സ്വതന്ത്ര സാമ്പത്തിക ശാസ്ത്രത്തിൽ കൂടുതലായും കാണപ്പെടുന്നത്.
പരിസ്ഥിതി നശിപ്പിക്കുന്ന പ്രധാന കാരണക്കാരായവരിൽ മാർപാപ്പാ വൻകിട കോർപ്പറേറ്റ് കമ്പനികളെയും ഊർജം ഉത്ഭാദിപ്പിക്കുന്ന കമ്പനികളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. അനിയന്ത്രിതമായ സാമ്പത്തിക വളർച്ച ധനതത്ത്വ ചിന്തകർ ഇഷ്ടപ്പെടുന്നു. എന്നാൽ അതോടൊപ്പം ഭൂമിയിലെ അതിരറ്റ ധാതുക്കളും ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് ഈ പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ അപകടമാക്കുന്നു. ഭൂമിയെ തന്നെ വരൾച്ച ബാധിച്ചതാക്കുന്നു. വനം നശീകരണവും വൻകിട കെട്ടിട നിർമ്മാണവും പാഴായ വസ്തുക്കൾ അശാസ്ത്രീയമായി വലിച്ചെറിയലും നദികളെ മലിനപ്പെടുത്തലും വഴി പരിസ്ഥിതിയെയും അവിടെ ദുർവിനിയോഗം ചെയ്യുകയാണ്.
അടുത്ത കാലത്തു വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള മാർപാപ്പായുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പുരോഹിതർ പള്ളികളിൽ ആശീർവദിക്കുന്ന വിവാഹങ്ങൾ പലതും ആത്മീയാരൂപിയില്ലാത്തതെന്നും മാർപാപ്പ പറഞ്ഞു. "വിവാഹത്തിന്റെ പരിപാവനത ഗൗനിക്കാതെയാണ് പലരും വിവാഹം കഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടായിരുന്ന വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാതെയാണ് അവർ വിവാഹം ചെയ്തത്. അവരുടെ വിവാഹമെന്ന കൂദാശയിൽ ദൈവത്തിന്റെ കൃപ ഉണ്ടോയെന്നും സംശയിക്കുന്നു. ഒരു പുരോഹിതൻ സ്വന്തം വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നുവോയെന്ന സംശയംപോലെ വിവാഹിതരിലും അത്തരം സംശയങ്ങൾ സാധാരണമാണ്. അവിടെ ദൈവം അവരുടെ ബലഹീനതകളെ കാണിച്ചുകൊടുക്കുകയാണെന്നും" മാർപാപ്പ പറഞ്ഞു.
വിശ്വാസികളുടെ വിവാഹം സംബന്ധിച്ച മാർപാപ്പായുടെ ഈ പ്രസ്താവന കത്തോലിക്കാ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. പിശാച് മാർപാപ്പായിൽ കുടികൊള്ളുന്നുവെന്നു യാഥാസ്ഥിതികരായ കത്തോലിക്കർ അദ്ദേഹത്തിനെതിരെ പ്രചാരണവും നടത്തുന്നു. 'നമ്മൾ കത്തോലിക്കരാണ്, സഭയുടെ നിയമമനുസരിച്ച് വിവാഹിതരായി. വിവാഹമെന്നത് മരണം വരെയുള്ള കൂദാശയെന്ന പ്രതിജ്ഞയ്ക്ക് വിപരീതമായിട്ടാണ് മാർപാപ്പായുടെ പ്രസ്താവനകളെന്നു' യാഥാസ്ഥിതിക ലോകം ചിന്തിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും നിയമാനുസൃതമല്ലെന്നുള്ള പ്രസ്താവന മൂലം വിവാഹിതരായവരിൽ അനേകർക്കു ആശയക്കുഴപ്പങ്ങളുണ്ടാകുന്നുമുണ്ട്. മാർപാപ്പായുടെ ഈ പ്രസ്താവന വിവാഹ ജീവിതം ഉപേക്ഷിക്കാൻ പലരെയും പ്രേരിപ്പിക്കുമെന്നുള്ള വിമർശനങ്ങൾ നാനാഭാഗത്തുനിന്നും പ്രതിഫലിക്കുന്നുമുണ്ട്. വിവാഹമെന്ന കൂദാശ സഭയുടെ നിയമത്തിനധീനമല്ലെങ്കിൽ ഒരു ജീവിതം മുഴുവൻ പുലർത്തേണ്ട പ്രതിജ്ഞാ ബദ്ധത ദമ്പതികൾക്ക് മനസിലാകുന്നില്ലെങ്കിൽ വൈദിക പട്ടവും കൂദാശകളും ശരിയോയെന്നും ചോദ്യങ്ങളുയരുന്നു. സഭയുടെ കാതലായ നിയമങ്ങളെ ഫ്രാൻസിസ് മാർപാപ്പ തെറ്റിക്കുന്നുവെന്നും എതിർപ്പുകാർ കരുതുന്നു.
കുടുംബങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വർഷം വത്തിക്കാൻ നടത്തിയ സിനഡിൽ സ്വവർഗ രതിക്കാർക്കും വിവാഹ മോചിതർക്കും പുനർവിവാഹം ചെയ്തവർക്കും കൂദാശകൾ സ്വീകരിക്കാമെന്നുള്ള ആശയങ്ങൾക്ക് കൂടുതൽ ശക്തി നേടിയിരുന്നു. ഈ വർഷം ഫ്രാൻസിസ് മാർപാപ്പാ എഴുതിയ ഒരു കുറിപ്പിൽ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും ചില സാഹചര്യങ്ങളിൽ കൂദാശകൾ സ്വീകരിക്കാമെന്നും കുറിച്ചുവെച്ചത് യാഥാസ്ഥിതിക ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ വത്തിക്കാന്റെ വക്താവ് അത്തരം മാർപാപ്പായുടെ കുറിപ്പിനെപ്പറ്റി നിരസിക്കുകയും ചെയ്തു. ഇന്ന് തീവ്ര മതവിശ്വാസികളായവർ 'ഫ്രാൻസിസ് മാർപാപ്പാ കത്തോലിക്കാ സഭയെ നയിക്കുവാൻ യോഗ്യനോയെന്നു ചോദ്യങ്ങളുയർത്തുന്നു. സഭയ്ക്ക് ജോർജ് ബെർഗോളി അറുതിയില്ലാത്ത ദോഷം വരുത്തിയെന്നും അതിൽനിന്നും സഭയിനി മോചനം നേടണമെങ്കിൽ പതിറ്റാണ്ടുകൾ വേണമെന്നും കുറ്റമാരോപിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ രാജി വെച്ചെങ്കിൽ മാത്രമേ നാശത്തിൽ നിന്നും മാർപാപ്പായുടെ തെറ്റായ ഉപദേശത്തിൽനിന്നും പേപ്പസിയെ രക്ഷപെടുത്താൻ സാധിക്കുള്ളൂവെന്നു യാഥാസ്ഥിതികർ പ്രചാരണം നടത്തുന്നു.
2016 മെയ്മാസത്തിൽ ഫ്രാൻസിന്റെ പത്രപ്രവർത്തകരുമായുള്ള പ്രസ് സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പാ തന്റെ മുൻഗാമികളുടെ അഭിപ്രായങ്ങൾക്കുപരിയായി രാഷ്ട്രങ്ങൾ മതേതരത്വത്തിൽ അടിയുറച്ചതായിരിക്കണമെന്നു പറയുകയുണ്ടായി. 'ഒരു രാഷ്ട്രമെന്നു പറയുന്നത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം. മതപുരോഹിതരുടെ നിയന്ത്രണമുള്ള രാഷ്ട്രങ്ങൾക്ക് അധഃപതനം സംഭവിക്കും.' അതേ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം ഇസ്‌ലാമിക വിശ്വസികളെയും ക്രിസ്ത്യാനികളെയും താരതമ്യപ്പെടുത്തി പറഞ്ഞു, 'ഇരുമതങ്ങളും ചരിത്രത്തിൽ അക്രമം നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ അയച്ചത് എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കാനായിരുന്നുവെന്നു മാത്യുവിന്റെ സുവിശേഷത്തിൽനിന്നും വ്യാഖ്യാനിക്കാൻ സാധിക്കും.' ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളായ അഭിപ്രായങ്ങളിൽക്കൂടി കുരിശു യുദ്ധങ്ങളിലെയും തെറ്റുകൾ മാർപാപ്പ പരോക്ഷമായി സമ്മതിക്കുകയാണെന്നും തോന്നിപ്പോവും.
ലാ റിപ്പബ്ലിക്കായെന്ന പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ മാർപാപ്പ പറയുകയുണ്ടായി, 'ഇന്ന് ലോകത്തിന്റെ ഏറ്റവും ദുഃഖകരമായ വസ്തുത യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതുപോലെ വൃദ്ധരായ ജനങ്ങളുടെ ഏകാന്തതയും.' അതേ സംഭാഷണത്തിൽ അദ്ദേഹം വീണ്ടും പറഞ്ഞു, 'മതപരിവർത്തനമെന്നുള്ളത് തികച്ചും യുക്തിരഹിതമാണ്. നിരർത്ഥകവുമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമെന്നതൊന്നില്ല. ദൈവം ഉണ്ട്. യേശുവിൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ പുനരുദ്ധാരണത്തിലും.'
2005 ജനുവരിയിൽ മനിലാ വിമാനത്താവളത്തിൽ വെച്ച് എട്ടാമതു ഗർഭിണിയായ ഒരു സാധുസ്ത്രീയെ കണ്ടുമുട്ടി അവരെ ശകാരിച്ചുകൊണ്ടു പറഞ്ഞു, 'യുവതിയായ സ്ത്രീയെ, നീ മുയലുകളെപ്പോലെ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. എന്തേ, നീ മറ്റുള്ള ഏഴു കുഞ്ഞുങ്ങളെയും അനാഥരാക്കുന്നുവോ? അത് ദൈവത്തിനു നിരക്കാത്തതാണ്. ദൈവത്തിന്റെ മുമ്പിൽ മാതാപിതാക്കൾക്ക് കടമകളും കർത്തവ്യങ്ങളുമാണ് വേണ്ടതെന്നും' മാർപാപ്പ ഓർമ്മപ്പെടുത്തി.
2015 മാർച്ചിൽ റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari)പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ മാർപാപ്പ പറഞ്ഞു, "ആരും നരകത്തിൽ പോകുന്നില്ല. എന്നാൽ ദൈവത്തെ നിഷേധിക്കുന്നവൻ ആത്മസംഹാരം ചെയ്യുന്നു. അവൻ നിശേഷം ഇല്ലാതാകുന്നു. നഷ്ടപ്പെട്ട ആത്മാവിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ആത്മാവിനെ ശിക്ഷിക്കുമോയെന്നായിരുന്നു ഉത്തരം. എങ്കിൽ എങ്ങനെയത് സംഭവിക്കും. മാർപാപ്പ തുടർന്നും പറഞ്ഞു, 'അങ്ങനെയൊരു ശിക്ഷയില്ല. ആത്മാവ് അതോടെ നശിക്കുകയാണ്. മറ്റുള്ളവരെല്ലാം പിതാവിനൊപ്പം സൗന്ദര്യം ദർശിക്കും. ലക്ഷ്യങ്ങളിലെത്തി പരമാനന്ദം പ്രാപിക്കും. ആത്മാവിൽ നിദ്രപ്രാപിച്ചവൻ പിതാവിനൊപ്പം ഔദ്യോഗിക വിരുന്നു സൽക്കാരത്തിൽ ഉണ്ടായിരിക്കില്ല. ഭൗതിക ശരീരം മരിച്ചതോടെ അവന്റെ യാത്രയും അവസാനിച്ചു.'
റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari) വാർത്താ ലേഖകരുമായുള്ള അഭിമുഖസംഭാഷണം തികച്ചും വിവാദപരമായിരുന്നു. വത്തിക്കാൻ അവരുമായുള്ള അഭിമുഖ സംഭാഷണം നിരാകരിക്കുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. വത്തിക്കാൻ പത്രത്തിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിച്ചുമില്ല. 'നരകത്തിൽ ആരും പോവുകയില്ല, ആരെയും വിധിക്കില്ല, എല്ലാവർക്കും നിത്യതയുണ്ടെന്ന' മാർപാപ്പയുടെ വാക്കുകൾ സുവിശേഷ വചനങ്ങൾക്ക് പൊരുത്തപ്പെടുന്നതല്ലായിരുന്നു.
Monday, October 10, 2016
സാമുവലിന്റെ സുവിശേഷം
ജോസഫ് പടന്നമാക്കൽ
ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും. ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി വിവരിച്ചിരിക്കുന്നു. ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ പുസ്തകം നെയ്തുണ്ടാക്കിയിരിക്കുന്നത്.
അനുഗ്രഹീതനായ ഒരു കലാകാരനും കവിയും സാഹിത്യകാരനുമാണ് ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു ഗായകനുംകൂടിയാണ്. ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു കേൾക്കാം.
മോശയ്ക്ക് പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന് വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്.
മനുഷ്യജാതിയുടെ ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും. ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ തന്റെ പ്രവാചക ദൗത്യം നിർവഹിക്കുന്നത്.
"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം"
'ഹേ അർജുനാ എവിടെ ധർമ്മാചരണത്തിന് ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു, ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി. നാമിന്നു കടന്നുപോവുന്നതു കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്. സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ ഹിന്ദുമതം ഒരു മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. വീണ്ടും സനാതനം പുണരാൻ സാമുവലെന്ന തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി ആഹ്വാനം ചെയ്യുന്നുണ്ട്.
ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട് അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന് സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.
ജീവന്റെ തുടിപ്പിൽ ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ ഒരുവൻ ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു. നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.
ദേവാലയങ്ങളിൽ പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ് അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ ലയിച്ചിരിക്കുന്നു. ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ രോഷം മുഴുവൻ തന്റെ സുവിശേഷമൊന്നാകെ പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.
ക്രിസ്ത്യൻ സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും ചെയ്യുന്നു. സാമുവൽ ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല. എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക് വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ലോകത്ത് അസമാധാനവുമുണ്ടാകും.'
സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ? പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു. ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ യാഥാർഥ്യമാവുന്നുമുണ്ട്.
വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ, ഫ്രാൻസീസ് മാർപ്പായുടെ വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി. ആർ. എം.സംഘടനയുടെ വിജയകരമായ പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ അടിച്ചേൽപ്പിക്കുന്നതറിയാൻ ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം. സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കും. അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും ഉത്തേജിപ്പിക്കാൻ ദീർഘായുസും നേരുന്നു. ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.
http://www.kalavedionline.com/index.php?news=3176&cat=lekhanam
Friday, October 7, 2016
ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും ഗർഭഛിന്ദ്ര നയങ്ങളും.
ജോസഫ് പടന്നമാക്കൽ
റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റിക് പാർട്ടിയിലും ഗർഭഛിദ്രം സംബന്ധിച്ചുള്ള പ്ലാറ്റഫോമുകളിലുയരുന്ന ആശയങ്ങളിൽ വലിയ അന്തരമുണ്ട്. ജനിക്കാത്ത കുഞ്ഞിനും ഈ ഭൂമിയിൽ ജീവിക്കാനും ഈ മണ്ണിലെ ശുദ്ധവായു ശ്വസിക്കാനും മൗലികമായ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു. നികുതി നല്കുന്നവന്റെ പണംകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നതിലും എതിർക്കുന്നു. ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘടനകളും സ്ഥാപനങ്ങളും അവരുടെ പ്രചരണങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഗർഭഛിദ്രം നടപ്പാക്കാനുള്ള നിയമനിർമ്മാണങ്ങളിലും എതിർപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്.
ഡെമോക്രാറ്റിക് പാർട്ടി അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ ഗർഭഛിദ്രത്തിന് എന്നും അനുകൂലികളായിരുന്നു. ഗർഭഛിദ്രം നടപ്പാക്കി നിയമപരിരക്ഷണം നൽകണമെന്നു പ്ലാറ്റ്‌ഫോമുകളിൽ ഡമോക്രാറ്റിക് പാർട്ടിയിലുള്ളവർ ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഗർഭച്ഛിദ്രത്തിനെതിരായ 'ഹൈഡ് അമൻഡ്മെന്റ്' മാറ്റി ഗർഭച്ഛിദ്രത്തിനനുകൂലമായി ഭേദഗതി ചെയ്യാനും ആവശ്യപ്പെടുന്നു. അതുപ്രകാരം ഗർഭച്ഛിദ്രത്തിനുതകുംവിധം ഫെഡറൽ ഫണ്ട് അനുവദിക്കാനും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനും നിർദ്ദേശിക്കുന്നുണ്ട്. ഹിലരിയുടെ പ്ലാറ്റ് ഫോമുകളിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള ഇത്തരം നയങ്ങൾ മുഴങ്ങി കേൾക്കാം.
ഭ്രൂണഹത്യയെയും, ഗർച്ഛിദ്രങ്ങളെയും അനുകൂലിക്കുന്നവർ ചിന്തിക്കുന്നതിങ്ങനെ, ' ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തിൽ എന്തും ചെയ്യുവാൻ എനിക്കവകാശമുണ്ട്. ഒരുവന്‍റെ സന്താനോത്ഭാതന കാര്യങ്ങളിൽ സ്വയം അനിയന്ത്രിതമായി തീരുമാനമെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.' ഭ്രൂണം എന്നുള്ളത് ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ ആരംഭിക്കുന്നതു എന്നാണെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് എപ്പോളെന്നു ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.' . ഹിലരിയും വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്ത 'റ്റിം കെയിനും' (Tim Kain) ഇത് ശരി വെയ്ക്കുന്നു.
'ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം.' അത്തരം സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നതിന് ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻ പാർട്ടികൾക്കും ഏക അഭിപ്രായമാണുള്ളത്.
ഭ്രൂണഹത്യയെ ഡൊണാൾഡ് ട്രംപ് അനുകൂലിക്കിന്നില്ല. അദ്ദേഹം അത്തരം തീരുമാനങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. ഭ്രൂണം അലസിപ്പിക്കാതെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജീവൻ നിലനിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന് ഒരിക്കലും അനുകൂലിയായിരുന്നില്ല. ഗർഭഛിദ്രത്തിനനുകൂലമായി വരുന്ന എല്ലാ ദേശീയ തീരുമാനങ്ങളെയും ട്രംപ് എതിർത്തുകൊണ്ടിരിക്കുന്നു. തനിക്ക് ഓരോ കുഞ്ഞുണ്ടായ സമയങ്ങളിലും അത് ദൈവത്തിന്റെ ദാനമായിട്ടു കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗർഭഛിന്ദ്രം സംബന്ധിച്ചുള്ള ഹിലരിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. 'റോ വേഴ്സസ് വേഡ്' എന്ന സുപ്രധാന കേസിലെ സുപ്രീം കോടതി തീരുമാനത്തിൽ ഹിലരി ക്ലിന്റൺ ഗർഭഛിന്ദ്രം നിയമമാക്കാൻ വോട്ടു ചെയ്തു. ഭൂമിയിലേയ്ക്ക് വരാത്ത ജനിക്കാൻ പോകുന്ന കുഞ്ഞിന് ഭരണഘടനാവകാശമില്ലെന്നുള്ള വാദഗതിയാണ് ഹിലരിയ്ക്കുള്ളത്. ജനിച്ചു ഭൂമിയിൽ വീണുകഴിഞ്ഞു മാത്രമേ പൗരാവകാശങ്ങൾ ഒരു കുഞ്ഞിന് നേടാൻ സാധിക്കുള്ളൂവെന്നും അവരുടെ വിവാദങ്ങളിലുണ്ട്. അതുവരെ കുട്ടിയെ വേണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയെ ഗർഭപാത്രത്തിൽ വഹിക്കുന്ന സ്ത്രീയെന്നാണ് ഹിലരിയുടെ അഭിപ്രായം.
വളർച്ച പ്രാപിച്ച ഗർഭ ശിശുവിനെ പുറത്തെടുത്തുള്ള ഗർഭഛിദ്രം പാടില്ലാന്നു സുപ്രീം കോടതിയുടെ 2007-ൽ നടന്ന ഒരു വിധിന്യായത്തിലുണ്ടായിരുന്നു. ഒമ്പതു ജഡ്ജിമാരിൽ അഞ്ചുപേരും അന്ന് ആ വിധി നടപ്പാക്കുന്നതിന് അനുകൂലിച്ചിരുന്നു. താൻ ഗർഭച്ഛിദ്രത്തെ എതിർക്കുന്നുവെന്നു 2000-മാണ്ടിൽ എഴുതിയ 'ദി അമേരിക്ക വി ഡിസർവെ'ന്ന (The America We Deserve)പുസ്തകത്തിൽ ട്രംപ് പറഞ്ഞിട്ടുണ്ട്. 2003 മുതൽ കിട്ടുന്ന അവസരങ്ങളിലെല്ലാം പാർഷ്യൽ അബോർഷൻ ബാൻ ആക്ടിനെ (Partial abortion ban act)എതിർത്തുകൊണ്ടുള്ള നയമായിരുന്നു ഹിലരി സ്വീകരിച്ചിരുന്നത്.
സാധാരണ ഗർഭചിന്ദ്രം രണ്ടു വിധത്തിലാണുള്ളത്. ഗർഭപാത്രത്തിൽ വളർച്ചപ്രാപിക്കാത്ത ഭ്രൂണം ഇല്ലാതാക്കുന്നതാണ് ആദ്യത്തെ രീതി. അത് ശിശു വെറും ഭ്രൂണമായിരിക്കുന്ന സമയത്തെ ചെയ്യാൻ സാധിക്കുള്ളൂ. രണ്ടാമത്തെരീതി ഗർഭത്തിൽ അഞ്ചാം മാസം മുതൽ ചെയ്യുന്നതാണ്. കുട്ടിയുടെ ശരീരവും കൈകാലുകളും രൂപം പ്രാപിച്ചശേഷം ഗർഭത്തിലുള്ള ശിശുവിന്റെ കാലുകൾ വലിച്ചെടുത്ത് ശിശുവിനെ ഇല്ലാതാക്കുന്ന രീതിയാണ്. ഇതിനെ പാർഷ്യൽ അബോർഷൻ (ഭാഗീക ഗർഭം അലസിപ്പിക്കൽ)എന്ന് പറയും. ഇത്തരം ഗർഭം അലസിപ്പിക്കൽ നിയമവിരുദ്ധമാണ്.
പാർഷ്യൽ ബർത്ത് അബോർഷൻ (Partial birth abortion) എന്നത് ഒരു രാഷ്ട്രീയ പദമാണ്. മെഡിക്കൽ നിഘണ്ടുവിൽ അങ്ങനെയൊരു പ്രയോഗം കാണില്ല. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിനു മുമ്പായുള്ള അഞ്ചാം മാസത്തിൽ അതായത് പകുതി പ്രായമുള്ള ഗർഭത്തിലുള്ള ശിശുവിനെ ഇല്ലാതെയാക്കുന്നതിനെയാണ് പാർഷ്യൽ അബോർഷനെന്നു പറയുന്നത്. രാഷ്ട്രീയ നയങ്ങളിൽ പ്രചാരണം ലഭിച്ച പാർഷ്യൽ അബോർഷനെ ഡൈലേഷൻ ആൻഡ് എക്സ്ട്രാക്ഷൻ ("dilation and extraction" and "D&X.") എന്നു മെഡിക്കൽ ലോകത്തിൽ അറിയപ്പെടുന്നു. നിലവിലുള്ള നിയമമനുസരിച്ചു ഗർഭം അലസിപ്പിക്കൽ സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ നടത്താറുള്ളൂ. സുപ്രീം കോടതിയുടെ നിർവചനത്തിൽ മാനസിക അസുഖമുള്ളവരും ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. അങ്ങനെയുള്ളവർക്കും കുഞ്ഞിനെ അബോർട്ടു ചെയ്യുന്നതിൽ നിയമം തടസ്സമാവില്ല.
2016-ൽ തെരഞ്ഞെടുക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന് സുപ്രീം കോടതിയിൽ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് ഗർഭഛിദ്രത്തിനെതിരായ പതിനൊന്നു ജഡ്ജിമാരുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതിയിൽ അത്രയും ഒഴിവുകൾ അടുത്ത നാലുവർഷത്തിനുള്ളിൽ വരുമെന്ന് കണക്കാക്കുന്നു. ഈ ജഡ്ജിമാരെല്ലാം ഗർഭത്തിൽ വളരുന്ന ശിശുക്കളുടെ ജീവനനുകൂലികളാണ്.
മതപരമായി ചിന്തിക്കുന്നവർ ഹിലരിയുടെയും ട്രമ്പിന്റെയും നയപരിപാടികൾ സൂക്ഷ്മമായി പഠിക്കേണ്ടതായുണ്ട്. ഗർഭഛിന്ദ്രത്തെ അനുകൂലിക്കുകയും നിയമപരമാക്കാൻ തീരുമാനമെടുക്കുന്നവരെയും മാത്രമേ സുപ്രീം കോടതി ജഡ്ജിമാരാക്കുകയുള്ളൂവെന്നു ഹിലരി പറഞ്ഞുകഴിഞ്ഞു. 'റോ വേഴ്സസ് വേഡ്' കേസിൽ നിയമം പ്രാബല്യത്തിലായുള്ള വിധിയുണ്ടായിരുന്നു. ആ തീരുമാനത്തെ മാനിക്കാതെ ഒരാളിനെയും ജഡ്ജിമാരായി നിയമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്ന ഇന്ത്യാന ഗവർണ്ണർ മൈക്ക് പെൻസ് (Mike Pence) ഗർഭഛിദ്രത്തിന് എതിരാണ്. ഭൂമിയിലേക്കുള്ള ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെ അദ്ദേഹം എതിർക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ജീവന് അനുകൂലമായുള്ള തീരുമാനങ്ങളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഗർഭച്ഛിദ്രത്തിനുള്ള പ്രമേയങ്ങൾ വന്നിരുന്ന കാലങ്ങളിൽ ശക്തിയായി എതിർക്കുമായിരുന്നു. ഗവർണ്ണർ എന്ന നിലയിൽ ജീവന് അനുകൂലമായ ശക്തിയേറിയ പ്രചരണങ്ങൾകാരണം ഗർഭത്തിലെ ജീവന്റെ നിലനിൽപ്പിനായുള്ള സമരനായകനായി അദ്ദേഹത്തെ അറിയപ്പെടുന്നു.
ഹിലരി ക്ലിന്റനൊപ്പം തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ 'റ്റിം കെയിൻ' ഭ്രൂണഹത്യക്ക് അനുകൂലമായ നയങ്ങൾ എന്നും പിന്തുടർന്നിരുന്നു. ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള കോൺഗ്രസ്സിലെ സുപ്രധാനമായ തീരുമാനങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ പിന്തുണയുണ്ടായിരുന്നു. ആവശ്യമില്ലാത്ത ഗർഭത്തിലെ ജീവൻ നിലനിർത്തുന്നതിനു (പ്രൊ ലൈഫിന്) അദ്ദേഹം അനുകൂലമല്ല. ഗർഭഛിന്ദ്രം എല്ലാ സ്റ്റേറ്റുകളിലും നിയമപരമായി നടപ്പാക്കാൻ സെനറ്ററെന്ന നിലയിൽ കോൺഗ്രസിൽ ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംസ്ഥാനം ഗർഭഛിദ്രം എതിർക്കുന്നുവെങ്കിൽ അവരുടെ നിലവിലുള്ള നിയമം അസാധുവാകുന്ന ഫെഡറൽ വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. (S.217)
അമേരിക്കയിൽ 56 ശതമാനം ജനങ്ങൾ ഗർഭച്ഛിന്ദ്രത്തെ അനുകൂലിക്കുമ്പോൾ 41 ശതമാനം ജനങ്ങൾ മാത്രമേ ഗർഭച്ഛിദ്രത്തെ പ്രതികൂലിക്കുന്നുള്ളൂ. ബലാൽ സംഗത്തിലോ നിഷിദ്ധ സംഗമത്തിൽ നിന്നോ, വ്യപിചാരത്തിൽ നിന്നോ, അമ്മയുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടങ്ങളിലോ ഗർഭഛിദ്രം നടത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കും അനുകൂലമായ നിലപാടാണുള്ളത്. പ്ലാൻഡ് പേരന്റ് ഹുഡ് (Planned parent hood) പോലുള്ള സംഘടനകൾ കുടുംബാസൂത്രണ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതും നിർത്തൽ ചെയ്യാൻ ആവശ്യപ്പെടുന്നു. അത്തരം സ്ഥാപനങ്ങളിൽ ഗർഭം അലസിപ്പിക്കൽ ക്ലിനിക്കുകളുമുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടു നിർത്തലാക്കണമെന്നും ട്രംപിന്റെ പ്രസംഗങ്ങളിൽ ശ്രവിക്കാം. കുടുംബാസൂത്രണത്തിന്റെ ഭാഗമായ ഗർഭനിരോധക ഗുളികകളും നിരോധക ഉറകളും മറ്റു ശാസ്ത്രീയ മാർഗങ്ങളും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാർ എതിർക്കുന്നുണ്ടെങ്കിലും അത് പാർട്ടിയുടെ നയമല്ല. സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലിൽ സ്ത്രീ സംഘടനകളിൽ നിന്നു പ്രതിഷേധ ശബ്ദങ്ങളും ഉയരുന്നുണ്ട്. ഗർഭഛിദ്രം അവകാശമായി കരുതി സ്ത്രീസംഘടനകൾ പ്രതിഷേധ റാലികളും സംഘടിപ്പിക്കാറുണ്ട്.
'ഗർഭത്തിൽ കിടക്കുന്ന അഞ്ചുമാസം പ്രായമായ ശിശുവിന് ജീവനുണ്ടെന്നും ആ ജീവനെ ഇല്ലാതാക്കുന്നത് ക്രൂരതയും തന്നിൽ വെറുപ്പുമുണ്ടാക്കുന്നുവെന്നും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസ് പ്ലാറ്റ്ഫോമുകൾ പങ്കിട്ടുകൊണ്ട് കൂടെ കൂടെ സംസാരിക്കാറുണ്ട്. ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമങ്ങൾ രാഷ്ട്രത്തിനു ശാപമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകുന്നു.
ഗർഭത്തിലുള്ള ശിശുക്കളെ കൊല്ലുകയെന്നത് സാമൂഹിക മാനദണ്ഡങ്ങളിൽ അങ്ങേയറ്റം നികൃഷ്ടമായിട്ടുള്ള ഒന്നാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞുമുതൽ ആരംഭിക്കേണ്ടതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കതയുള്ള മറ്റെന്താണുള്ളത്? നമ്മൾ വാർത്തകളിൽ 'ജിഷാ'യെന്ന ദളിതയുവതിയെ ക്രൂരമായി കൊന്ന കഥ വായിച്ചു. ഗോവിന്ദച്ചാമിയെന്നയാൾ സൗമ്യയായെന്ന പെൺകുട്ടിയെ അതിക്രൂരമാം വിധം പീഡിപ്പിച്ചു കൊന്നതും കേട്ടു. നിഷ്കളങ്കരായ നമ്മുടെ കുട്ടികൾ അമേരിക്കയിലെ കോളേജുകളിലും ക്യാമ്പസുകളിൽനിന്നും അപ്രത്യക്ഷരായി മൃഗീയമായി കൊല്ലപ്പെടുന്നു. തോക്കുകൾകൊണ്ട് വെർജീനിയ ടെക്കിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ മനസുകളിലും ദുഃഖം നിറഞ്ഞു. ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവർക്ക് അതേ ദുഃഖങ്ങൾ പേറിയുള്ള കാഴ്ചകൾ തന്നെയാണുള്ളത്. കൊലപാതകികൾക്കും ബലാത്സംഗക്കാർക്കും ജയിൽശിക്ഷയുണ്ട്. ചെറുതും വലുതുമായുള്ള ഏതു കൊലപാതകവും പൊറുക്കാൻ പാടില്ലാത്ത അനീതിയാണ്. അത് വയറ്റിൽ കിടക്കുന്ന ഗർഭത്തിലുള്ള കുഞ്ഞാണെങ്കിൽ പോലും അതേ നിയമത്തിനനുഷ്ഠിതമായിരിക്കണം. ഗർഭച്ഛിദ്രത്തിൽക്കൂടി മനുഷ്യൻ നിസ്സഹായവരായവരെ കൊല്ലുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം നൽകിയ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കാളും മറ്റൊരു നിഷ്കളങ്കത ഒരിടത്തുമില്ല.
തൊട്ടുള്ള അയൽവാസികളുടെ വീടുകളിൽ ഗർഭത്തിലുള്ള ശിശുക്കൾ കൊല്ലപ്പെട്ടാൽ ആരുമറിയില്ല. ആരും ശ്രദ്ധിക്കുകയുമില്ല. കൊല്ലപ്പെട്ട ആ കുഞ്ഞിന് സംസാരിക്കാൻ കൂട്ടുകാരില്ല. കുറ്റവാളികളുടെ ബലിയാടാകുന്ന ആ കുഞ്ഞിനുവേണ്ടി നീതിക്കായി വാദിക്കാൻ വക്കീലന്മാരുമില്ല. ഗർഭഛിദ്രം ഗർഭപാത്രത്തിലെ രഹസ്യമായ ഒരു കൊലയാണ്. ഗർഭച്ഛിദ്രത്തിൽക്കൂടി കൊലചെയ്യുന്നത് ശീതീകരിച്ച മുറികളിൽനിന്നുമാവാം. ജനിക്കാത്ത ആ കുഞ്ഞിന് നിലവിളിക്കാൻപോലും കഴിവില്ല. അതുകൊണ്ട് ആരും സഹായത്തിനായും രക്ഷിക്കാനായും എത്തില്ല. അഥവാ കരഞ്ഞാൽത്തന്നെ ആരും കേൾക്കാനും കാണില്ല. ആ കുഞ്ഞിന് ഓടാനൊരിടവുമില്ല. കുഞ്ഞിനെ പോറ്റിക്കൊണ്ടിരുന്ന സുരക്ഷിതമായിരുന്ന ആ അമ്മയുടെ ഗർഭപാത്രം ശ്മശാന ഭൂമിയിലെ ശവകുടീരംപോലെയാവുകയാണ്. പ്രായപൂർത്തിയായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളെ കൊല്ലുന്ന അത്യാധുനിക ഉപകരണങ്ങളുമായി വന്നെത്തുമ്പോൾ ആ കുഞ്ഞിന്റെ 'അമ്മ' അയാൾക്കായി കാലുകൾ വിടർത്തുകയും ഗർഭഛിദ്രം നടത്തുന്ന അയാളെക്കൊണ്ട് ഈ ഭീകര പ്രവർത്തി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. നിസ്സഹായത പൊട്ടിയുയരുന്ന ആ കുഞ്ഞിന് ജീവിക്കാനവസരമില്ല.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നീതിക്കായി മനുഷ്യൻ പോരാടുന്നതായി കാണാം. പ്രശ്നസങ്കീർണ്ണമായ ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയവസാനിപ്പിക്കണം. ഭവനരഹിതരെ പുനരധിവസിപ്പിക്കണം. മൂന്നാം ലോകത്തിലുള്ള മാരകമായ എയ്ഡ്സ് രോഗങ്ങളെ തടയണം. ലോകത്തിന്റെ ഭൗതിക വളർച്ചക്കായി ഈ സാമൂഹിക അനീതികൾക്കെല്ലാം പോരാടുക തന്നെ വേണം. എന്നാൽ നമ്മുടെ തലമുറയിലുള്ള ഗർഭച്ഛിദ്രത്തിനെതിരായുള്ള ഈ നിർണ്ണായക സമരം അതി ശ്രേഷ്ഠവും വിധിനിർണ്ണായകവുമാണ്. മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്‍റെ ചുമതലയാണെന്ന് ഗർഭഛിദ്രത്തിനെതിരായവർ ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല.
ജനിക്കാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്. മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും വ്യത്യസ്ത അവസ്ഥകളിലാണ് ഗർഭസ്ഥശിശുവിൽ കാണുന്നത്. അതുപോലെ ജനിച്ചുവീണ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല കാലഘട്ടങ്ങളിലായി പൂർണ്ണനായ മനുഷ്യനുമാകുന്നു.
മതങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തെ എതിർക്കുന്നവർ പറയുന്നു, 'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്‍റെ ഉദരത്തിൽ ജനിക്കുകയാണ്. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിലുള്ള കുഞ്ഞിനെ പിച്ചിക്കീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽസംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം? ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം.' മതങ്ങളുടെ ഇത്തരം മൗലിക ചിന്താഗതികൾ മുഴുവനായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും സ്വീകരിച്ചിട്ടില്ല. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സമയങ്ങളിൽ ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് ട്രമ്പിനും വൈസ് പ്രസിഡണ്ടിനുമുള്ളത്. മതം എതിർക്കുന്ന കുടുംബാസൂത്രണ രീതികളായ ഗർഭനിരോധക ഗുളികകൾക്കും നിരോധക ഉറകൾക്കും മറ്റു ശാസ്ത്രീയ മാർഗങ്ങൾക്കും ഇരു പാർട്ടികളും എതിരല്ല.
ഗർഭച്ഛിദ്ര ഫോട്ടോകൾ കണ്ടാൽ മനസിനാഘാതം ലഭിക്കാത്തവർ ആരും കാണില്ല. അത്തരം ഫോട്ടോകൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇഷ്ടപ്പെട്ടെന്നും വരില്ല. ജനിക്കാനിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മുറിഞ്ഞ കൈകാലുകളും ശരീരവും മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്. ഇത്തരം ഫോട്ടോകൾ കണ്ട് നിരാശരാവുന്നവർ എന്തുകൊണ്ട് ഗർഭച്ഛിന്ദ്രത്തിൽ അവരുടെ മനഃസാക്ഷിയെ ഉണർത്തുന്നില്ല. ഗർഭച്ഛിദ്രം മൂലം ജനിക്കാതിരുന്ന കുഞ്ഞുങ്ങളുടെ ഈ പടങ്ങൾ നാസിക്യാമ്പിലെ ക്രൂരമായ കൂട്ടക്കൊലകളെക്കാളും ഭീകരവും ഭയാനകവുമായി തോന്നും. ജനിക്കാനിരുന്ന ഈ കുഞ്ഞുങ്ങളെ ജീവിക്കാനുവദിക്കാതെ കഷണങ്ങളായി മുറിച്ചവരും അതിനുത്തരവാദികളായവരും മൃതരായ ആ കുഞ്ഞുങ്ങളുടെ ഘാതകരും കൂടിയെന്നുള്ള വസ്തുത അവരറിയുന്നില്ല. ബീജസങ്കലനം കഴിഞ്ഞുള്ള ഓരോ ആഴ്ചകളിലെയും ഗർഭത്തിൽ മൃതരാക്കിയ പടങ്ങൾ മനസിനെ മുറിവേൽപ്പിക്കുന്നതാണ്. എങ്കിലും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അത്തരം ഫോട്ടോകൾ ഉണർവും ബോധവൽക്കരണവും നൽകും.
Saturday, October 1, 2016
ബ്രിട്ടനിലെ പുതിയ മെത്രാച്ചനും കുഞ്ഞാടുകളും പിശാചുക്കളും

ജോസഫ് പടന്നമാക്കൽ
ബ്രിട്ടനിൽനിന്നും പുരോഹിതർ നടത്തുന്നതായ 'പ്രവാചക ശബ്ദമെന്ന' ഓൺലൈൻ പത്രത്തിൽ 'സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന തലക്കെട്ടിൽ നീണ്ടയൊരു ലേഖനമുണ്ടായിരുന്നു. ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനോ യോജിക്കാനോ കഴിയുന്നില്ല. സ്ഥലപരിമിതിമൂലം വിശദമായ ഒരു മറുപടിയെഴുതാനും പ്രയാസമാണ്. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ലേഖകൻ പിശാചുക്കളെ തേടുന്നതും. "പിശാചിന്റെ പ്രേരണയാൽ ഒരു കൂട്ടമാളുകൾ സോഷ്യൽ മീഡിയാവഴി ബിട്ടനിൽ പുതിയതായി രൂപീകരിക്കുന്ന രൂപതയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ലേഖകൻ അവർക്കെതിരായി ഉന്നയിച്ച വാദഗതികളെല്ലാം വെറും അർത്ഥശൂന്യങ്ങളും തമാശയായും മാത്രമേ യുക്തിയോടെ വായിക്കുന്നവർക്ക് തോന്നുകയുള്ളൂ.
സഭയുടെ നിയമങ്ങളനുസരിച്ച് സംശയങ്ങളോ സഭയെ വിമർശിക്കാനോ പാടില്ലാന്നുണ്ട്. അത്തരത്തിലാണ് ലേഖകൻ ചിന്തിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമെന്തെന്നറിയില്ല. ആഗോള സഭയിൽനിന്നും വ്യത്യസ്തമായി സീറോ മലബാർ സഭയെ പ്രത്യേകമായ സാരൂപ്യത്തോടെയാണല്ലോ സഭാ മാതാവെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള ആഗോള കത്തോലിക്കാ സഭയെ പരിഹസിക്കുന്ന ലേഖകന് സഭാ മക്കൾക്കു എത്ര അമ്മമാരുണ്ടെന്നു വ്യക്തമാക്കാമോ? കത്തോലിക്കാ സഭയെന്നു പറയുന്നത് ലോകത്തിന്റെ ഒരു ചെറിയ വട്ടത്തിൽ താമസിക്കുന്ന സീറോ മലബാർ സഭയോ? ബ്രിട്ടനിൽ മാർത്തോമ്മാ എത്തിയതായും അറിവില്ല. പിന്നെയെങ്ങനെ ബ്രിട്ടീഷ് ഇന്ത്യൻ പൗരന്മാരായി വളരുന്ന കുട്ടികൾ മാർത്തോമ്മായുടെ പാരമ്പര്യത്തിൽപ്പെട്ടവരാകും. വിഡ്ഢിത്തരമല്ലേ പുരോഹിതർ പ്രചരിപ്പിക്കുന്നത്. സീറോ മലബാർ സഭയെന്ന അമ്മയുടെ മക്കളായിരുന്നെങ്കിൽ, ഈ 'അമ്മ പ്രവാസി നാടുകളിൽ വരുന്നതിനുമുമ്പ് മക്കൾ വളർന്നത് രണ്ടാനമ്മയുടെ കൂടെയായിരുന്നോ? പുതിയ അമ്മയെ ബ്രിട്ടനിൽ കാണുമ്പോൾ പാലൂട്ടിയ ആഗോള സഭയിലെ അമ്മ വേശ്യയായിരുന്നുവെന്നു ഉച്ചത്തിൽ വിളിച്ചു കൂവണമായിരുന്നുവോ? അതു തന്നെയല്ലേ തന്റെ ലേഖനത്തിൽക്കൂടി ലേഖകൻ സ്ഥാപിച്ചിരിക്കുന്നതും.
സീറോ മലബാർ സഭയെ സത്യവിശ്വാസമെന്നു ലേഖകൻ കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നു.ഈ സഭയ്ക്ക് പുറത്തുള്ള ആഗോളസഭ അങ്ങനെയെങ്കിൽ അസത്യവിശ്വാസികളെന്നു കരുതണം. മാർപ്പാപ്പാ സംസാരിക്കുന്നതും അസത്യമാകണം. പുരോഹിതർ സത്യമെന്ന നിർവചനം എന്തെന്ന് ആദ്യം പഠിക്കേണ്ടിയിരിക്കുന്നു. ലേഖനം വായിച്ചാൽ വിശ്വാസത്തിനുതന്നെ ഒരു അളവുകോലുണ്ടെന്നു തോന്നിപ്പോവും. ചിലർക്ക് രാത്രിയും പകലും പ്രാർത്ഥിച്ചാലെ വിശ്വാസം വരൂ. കൂടാതെ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും നാടുമുഴുവൻ കൂടണം. മൈക്കിൽക്കൂടി ഉച്ചത്തിൽ പ്രാർത്ഥിക്കണം. അമ്പത്തി മൂന്നുമണി ജപം നൂറ്റിയമ്പത്തിമൂന്നുമണി ജപം എന്നിങ്ങനെ പ്രാർത്ഥനകളുടെ വ്യാപ്തി കൂടുന്നതനുസരിച്ചു വിശ്വാസത്തിന്റെ അളവുകോലും നീണ്ടുപോവുകയാണ്. 'നീ ഏകാന്തമായി പ്രാർത്ഥിക്കുകയെന്ന' ക്രിസ്തു വചനം തിരസ്ക്കരിച്ചുകൊണ്ടുള്ള ഒരു സത്യവിശ്വാസമാണ് ലേഖകന്റെ സത്യസഭയിലുള്ളത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത ചെണ്ടകൊട്ടും, മുത്തുക്കുട ആചാരവും, മെത്രാനെ എഴുന്നെള്ളിപ്പും വെടിക്കെട്ടുകളുമെല്ലാം സത്യവിശ്വസിയുടെ അവിഭാജ്യ ഘടകമാണ്. അയൽക്കാരന്റെ സ്വൈര്യ ജീവിതത്തെ തകർക്കലും സത്യവിശ്വാസം തന്നെ.
ബ്രിട്ടനിൽ രൂപതയുണ്ടാകുന്നതോടനുബന്ധിച്ചുള്ള തദ്ദേശവാസികളുടെ അഭിപ്രായപ്രകടനങ്ങളും ബ്ലോഗുകളും ലേഖകനിൽ നീരസമുണ്ടാക്കിയിരിക്കുന്നു. സഭയ്‌ക്കെതിരെ ആരോപണമുന്നയിച്ചുവെന്നാണ് ലേഖകൻ തന്റെ പേരുവെക്കാത്ത സ്വ.ലെ. ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. ഒരു പുരോഹിതന്റെ കൊള്ളരുതായ്മകളെയോ ലൈംഗിക കുറ്റങ്ങളെയോ ബ്രിട്ടനിലുള്ളവർ ഫേസ് ബുക്കിലോ ബ്ലോഗിലോ എഴുതിയിട്ടില്ല. പിന്നെ എന്ത് ആരോപണങ്ങളാണ് ലേഖകൻ കണ്ടതെന്നും വിശദീകരിക്കുന്നില്ല. എല്ലാവിധ ആർഭാടങ്ങളോടെ കരുണയുടെ വർഷത്തിൽ മെത്രാനെ എഴുന്നള്ളിക്കുന്നതിൽ അവിടെയുള്ളവർ പരിഹസിച്ചാൽ അവരെങ്ങനെ കുറ്റാരോപിതരാകും.
സഭാനേതൃത്വം പറയുന്നത് പഞ്ചപുച്ഛമടക്കിക്കൊണ്ടു സഭയെന്തു തെറ്റ് ചെയ്താലും നിശബ്ദരായിരിക്കണമെന്നാണ്. അത്തരം ചിന്താഗതികൾ പുരോഹിതർ മാറ്റിയെടുക്കേണ്ടതുമുണ്ട്. ഭൂമി പരന്നതെന്നു പുരോഹിതമതം പഠിപ്പിച്ചാൽ കാണാതെ വിശ്വസിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നേരിൽക്കണ്ട് ശാസ്ത്രീയമായി തെളിഞ്ഞാൽ മാത്രമേ യുക്തിയുള്ളവർ വിശ്വസിക്കുള്ളൂ. അതിനു അവിശ്വാസിയായ തോമസ് ചെയ്തതുപോലെ കർത്താവിന്റെ തിരുമുറിവുകളെ തൊട്ടു വിശ്വസിക്കുക തന്നെ വേണം.' കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെന്ന' മറ്റൊരു ആപ്ത വാക്യവും പുരോഹിതന്റെ സൗകാര്യത്തിനായി പുതിയ നിയമത്തിൽ ചേർത്തിട്ടുമുണ്ട്. ഇത്തരം തത്ത്വങ്ങളൊന്നും ചിന്തിക്കുന്ന പുത്തനായ തലമുറകളിൽ ചെലവാകില്ല.
'സീറോ മലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പോടെയാണ് ലേഖനം തുടങ്ങുന്നത്. പിശാചാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്നും ലേഖകൻ വിശ്വസിക്കുന്നു. ഏദൻ തോട്ടവും ആദവും അവ്വായും പഴം തിന്നാൻ പ്രേരിപ്പിച്ച പിശാചും വെറും സങ്കൽപ്പമെന്നു മാർപ്പാപ്പാവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകാശം മുട്ടിയുള്ള പള്ളികളെയും ആഡംബരമേറിയ മെത്രാന്റെ വേഷങ്ങളെയും സഞ്ചരിക്കുന്ന വിലകൂടിയ വാഹനങ്ങളെയും മാർപ്പാപ്പാ വിമർശിച്ച വിവരവും ലേഖകൻ പരിഗണിക്കുമെന്നു വിശ്വസിക്കുന്നു. കർദ്ദിനാൾമാരുടെ രാജകീയ ജീവിതത്തെയും മാർപ്പാപ്പാപ്പാ വിമർശിച്ചു കഴിഞ്ഞു. എല്ലാവിധ ആഡംബരങ്ങളെയും അദ്ദേഹം വെറുക്കുന്നു. ഇങ്ങനെയെല്ലാം വിമർശിക്കുന്ന മാർപ്പാപ്പായെ ഏതു പിശാചാണ് ബാധിച്ചതെന്നും അറിഞ്ഞുകൂടാ. മനസും ശരീരവുമൊക്കെയുണ്ടെങ്കിലേ ഒരാൾക്ക് മറ്റൊരാളെ പ്രേരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം പിശാചിനുമുണ്ടെന്നു യുക്തിരഹിതമായി ചിന്തിക്കുന്ന ലേഖകന്റെ ബുദ്ധിവൈഭവത്തെ ചോദ്യം ചെയ്യുന്നില്ല.
ബൈബിൾ വചനങ്ങൾ ലേഖനത്തിലുടനീളം കാണാം. "അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത്" (മത്തായി 4:3-8). പിശാച് യേശുവിനെ പരീക്ഷിച്ചതുപോലെ സീറോ മലബാർ സഭയെ പ്രശസ്തിയ്ക്കുവേണ്ടി ചിലർ ചെളിവാരിയെറിയുന്നു"വെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ദബുദ്ധി നിറഞ്ഞ ഇത്തരം തുറുപ്പുചീട്ട് കാണിച്ചു ബുദ്ധിയും വിവേകവുമുള്ളവരെ നേരെയാക്കാമെന്നും ലേഖകൻ കരുതുന്നുണ്ടാവാം. കുഞ്ഞായിരിക്കുമ്പോൾ ദൈവവും പിശാചും കുഞ്ഞുമനസുകളിൽ ചലനം സൃഷ്ടിക്കുമായിരുന്നു.. ഇത്തരം വചനങ്ങൾ പൊള്ളയായി വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇനി ബിഷപ്പ് സ്രാമ്പിക്കലും കൂട്ടരും ബ്രിട്ടനിലെ കുഞ്ഞാടുകളുടെയിടയിൽ പ്രവർത്തിക്കാൻ പോവുന്നത്. പിശാചിന്റെ ദൈവത്തിനെതിരായ യുദ്ധങ്ങൾ സ്വർഗ്ഗം വരെയുണ്ടായിരുന്നു. ഗബ്രിയേലിന്റെ നേതൃത്വത്തിലുള്ള മാലാഖമാർ ലൂസിഫറിനെയും മറ്റു പിശാചുക്കളെയും സ്വർഗ്ഗത്തിൽ നിന്നും അടിച്ചു പുറത്താക്കി. സീറോ മലബാർ സഭ വേരൂന്നിയതോടെ ബ്രിട്ടനിലെ വളർന്നുവരുന്ന കുട്ടികളും ഇത്തരം പൊട്ടക്കഥകൾ ഇനി വിശ്വസിക്കണം. അനേകായിരം സ്പോടനങ്ങളിലെ വെറുമൊരു പരമാണു ഗോളമാണ് ഭൂമിയെന്നുള്ള വസ്തുത പുരോഹിതരുടെയോ കുഞ്ഞാടുകളുടെയോ യുക്തിബോധത്തിലേയ്ക്ക് തറച്ചുകയറില്ല. മാർപാപ്പാവരെയും വിസ്പോടനങ്ങളെ വിലയിരുത്തി അടുത്ത നാളിൽ സംസാരിച്ചിരുന്നു. സ്പോടനങ്ങളെല്ലാം സംഭവിച്ചത് ദൈവത്തിന്റെ ശക്തിവിശേഷമാണെങ്കിൽത്തന്നെയും അവിടെ പുരോഹിതർ ഭാവന കാണുന്ന പിശാചിന്റെ ജോലി വ്യക്തമല്ല.
നൂറു കണക്കിന് ഡോളർ സിനിമാ താരങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളിൽ ചെലവാക്കുന്നവർ ആത്മീയ കാര്യങ്ങൾക്കായി ഇരുപത്തിയഞ്ചു ഡോളർ ചോദിച്ചതിന് ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നത് പിശാചിന്റെ പരീക്ഷണമാണെന്നാണ് ഈ പണ്ഡിതന്റെ അഭിപ്രായം. സീറോ മലബാർ സഭയുടെ വക്താവായ ഇദ്ദേഹം സഭയുടെ കഴിഞ്ഞകാല കഥകളൊക്കെ അവഗണിക്കുന്നുമുണ്ട്. ഒരു കല്യാണക്കുറി മേടിക്കാൻ ചെന്നാൽ ആയിരക്കണക്കിന് ഡോളർ കുടിശിഖയുണ്ടെന്നു പറഞ്ഞു ബില്ലുകളുമായി ചെല്ലും. അത്തരം കളികൾ ഇനിമേൽ നടക്കില്ലെന്ന് ഷിക്കാഗോ രൂപതാ മെത്രാൻ അങ്ങാടിയത്തിനു മനസിലായി. ഭീമമായ തുക നവദമ്പതികളിൽ നിന്നും വസൂലാക്കാൻ ശ്രമിച്ച ഷിക്കാഗോരൂപതയുടെ മെത്രാൻ ഒരു വക്കീൽ നോട്ടീസ് കിട്ടിയപാടെ വരന്റെ വീട്ടിൽ കുറിയെത്തിക്കുകയും ചെയ്തു. അതിനേക്കാളും വലിയ പിശാചുക്കളുടെ നാടാണ് ബ്രിട്ടനെന്ന വസ്തുത പുതിയ രൂപതയും മെത്രാനും ശിങ്കിടികളും മനസിലാക്കുന്നതും നന്നായിരിക്കും. എങ്കിൽ അത്തരം പിശാചുക്കളുടെ പരീക്ഷണങ്ങൾ ഒഴിവാക്കാം. ഒരുവൻ അദ്ധ്വാനിച്ച പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ധ്വാനിക്കുന്നവനു കൊടുക്കുകയല്ലേ നല്ലത്. അവിടെയുള്ള കുടുംബങ്ങൾ പണം മുടക്കി കലാപരിപാടികൾക്ക് പോവുന്നുവെങ്കിൽ ലേഖകനോ സഭയ്‌ക്കോ എന്താണ് നഷ്ടപ്പെടാൻ പോകുന്നത്. ഒരു കുടുംബവുമായുള്ള സ്വരുമ കലാമേളകളിൽ ലഭിക്കുന്നപോലെ ദേവാലയങ്ങളിൽ നിന്നും ലഭിക്കില്ല. പകരം അത്മീയ കച്ചവടക്കാർ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും പ്രാർഥനകളും ഉപവാസങ്ങളും വഴി കുഞ്ഞാടുകളെ കരുവാക്കി ഭ്രാന്തന്മാരുടെ ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വട്ടുപിടിച്ച ധ്യാനഗുരുക്കന്മാർ സീറോ മലബാർ പള്ളികളുടെ ഒത്താശയോടെ അമേരിക്കയിലും യൂറോപ്പിലും കറങ്ങി നടക്കുന്നുണ്ട്. എല്ലാവരുടെയും ഒരേ ലക്ഷ്യം, മാലാഖാമാരായ കുഞ്ഞാടുകളുടെ പോക്കറ്റിൽ നിന്നും പണം തട്ടിയെടുക്കൽ മാത്രം. അത് ചോദ്യം ചെയ്യുന്നവർ പിശാചുക്കളും. പുതിയതായി പള്ളിയിൽ ചാർജെടുക്കുന്ന വികാരിയുടെ ഫ്രിഡ്ജ് നിറക്കാൻ ബ്രിട്ടനിലെ വീട്ടമ്മമാരും ഇനി മത്സരം തുടങ്ങും.
സോഷ്യൽ മീഡിയാകൾ കാരണം പുരോഹിതരാകാനും കന്യാസ്ത്രികളാകാനും യുവതികളും യുവാക്കളും മടിക്കുന്നുവെന്നു കർദ്ദിനാൾ ആലഞ്ചേരിപറയുകയുണ്ടായി. ഇപ്പോൾ പ്രവാചക ശബ്ദത്തിലെ ലേഖകനും അതുതന്നെ പറയുന്നു. സഭയുടെ കൊള്ളരുതായ്മകൾ പച്ചയായി വിളിച്ചുപറയുന്ന സോഷ്യൽ മീഡിയാകളെ പ്രതിക്കൂട്ടിൽ കയറ്റാൻ ലേഖകൻ ശ്രമിക്കുകയാണ്. എന്നിട്ടും പുരോഹിതരുടെയിടയിലുള്ള കൊള്ളയ്ക്കും കള്ളത്തരത്തിനും കുറവില്ലതാനും. ഇവർ കാണിക്കുന്ന അനീതികൾ കണ്ടാലും കേട്ടാലും നിശബ്ദരായിരുന്നുകൊള്ളണം. ബ്ലോഗുകളും വീഡിയോകളും പിശാചിന്റെ പ്രവർത്തനങ്ങളെന്നാണ് പുരോഹിതർ അല്മെനികളെ പഠിപ്പിക്കുന്നത്. എങ്കിലേ അല്മെനിയുടെ അജ്ഞതയിൽനിന്നും മുതലെടുക്കാൻ അവർക്കു കഴിയുകയുള്ളൂ.
ശാസ്ത്രീയ നേട്ടങ്ങളെ എന്നും പഴിചാരുന്ന ഒരു പ്രവണതയാണ് സഭയ്ക്കുള്ളത്. ചരിത്രത്തിലാദ്യമായി ഒരു മാർപ്പാപ്പാ ശാസ്ത്രത്തോടു കൂടുതൽ യോജിക്കാൻ തുടങ്ങി. എങ്കിലും സീറോ മലബാറിലെ മെത്രാന്മാരും പുരോഹിതരും നൂറ്റാണ്ടുകൾ പിന്നെയും പുറകോട്ടു പോകാനാണഗ്രഹിക്കുന്നത്. അല്മെനികളുമായി നേരിട്ടു പ്രശ്നങ്ങളെ ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ മീഡിയാ. പക്ഷെ സോഷ്യൽ മീഡിയായെ പിശാചായി കാണുന്ന ഇവരുടെ അജ്ഞതയെ പുച്ഛിച്ചു തള്ളുകയേ പറ്റുകയുള്ളൂ. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും കമ്പ്യൂട്ടർ എന്തെന്നോ ഒരു ഇമെയിലിന്റെ പ്രസക്തിയോ അറിയില്ല. ഇവർക്കെതിരായി സംസാരിക്കുന്ന മാധ്യമങ്ങളെയും പിശാചുക്കളായി കാണുന്നു. ഇത്തരം ബൗദ്ധികചിന്താഗതികളിൽ പുറകോട്ടു ചിന്തിക്കുന്ന യാഥാസ്ഥിതികരായവരാണ് കുഞ്ഞാടുകളുടെ അദ്ധ്യാത്മിക പരിപാലനത്തിനായി ബ്രിട്ടനിലെത്തിയിരിക്കുന്നത്. അവിടെ വളരുന്ന കുഞ്ഞുങ്ങളിൽ കലർത്താൻ പോവുന്ന ആത്മീയ വിഷത്തെപ്പറ്റി തികച്ചും അജ്ഞരായി ജീവിക്കുന്നവർക്ക് മനസിലാവുകയുമില്ല.അവർക്കു പള്ളിയും പട്ടക്കാരും മാത്രം മതി.
സഭയെ വിമർശിക്കുന്നത് പിശാചിന്റെ പ്രവർത്തിയെന്നുള്ള ലേഖകന്റെ വാദം തികച്ചും ബാലിശമാണ്. അടുത്തകാലത്തായി പിശാചിന്റെ പ്രവർത്തനം മൂലം ബലഹീനർ കൂടുതൽ ശക്തിയേറുന്നതും ശ്രദ്ധേയമാകുന്നു. സമീപകാലങ്ങളിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ ബലഹീനരുടെ ശക്തിവിശേഷം മനസിലാക്കാൻ സാധിക്കും. ഈ പിശാചുക്കൾ സഭയുടെ പല കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരാൻ തുടങ്ങി. ഇറ്റലിയിൽ നിന്നും നടുപാതിരായ്ക്ക് മഠത്തിൽ നിന്നും ഇറക്കിവിട്ട അനീറ്റയെന്ന യുവകന്യാസ്ത്രിക്ക് അവരുടെ കന്യകാത്വത്തിനു വിലയായി പത്തു ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. അവരെ ലൈംഗിക കാര്യങ്ങൾക്കായി ഒരു പുരോഹിതൻ പ്രേരിപ്പിച്ചപ്പോൾ അതിനു വഴങ്ങാത്ത പ്രതികാരമായിരുന്നു യുവതിയായ ആ കന്യാസ്ത്രീയെ മഠത്തിൽ നിന്നും പുറത്താക്കാൻ കാരണമായത്. അതിനുത്തരവാദിയായ പുരോഹിതൻ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു. പാലായിലെ ചേർപ്പുങ്കൽ കന്യാസ്ത്രിയെ പീഡിപ്പിച്ച കഥ കേരളത്തിലെ മുഖ്യ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയാകളിലെയും വാർത്തയായിരുന്നു. നാളിതുവരെയുള്ള സഭാ ചരിത്രത്തെ മറികടന്ന് അവർക്കും അഞ്ചുലക്ഷം രൂപാ കൊടുക്കേണ്ടി വന്നു. സോഷ്യൽ മീഡിയാകൾ രൂക്ഷമായ വിമർശനങ്ങൾ അന്നൊക്കെ തൊടുത്തു വിട്ടില്ലായിരുന്നെങ്കിൽ വെറും കയ്യോടെ ഈ കന്യാസ്ത്രിക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കുമായിരുന്നു.
"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15). ഈ വചനപ്രകാരം പുതിയതായി ഒരു പുതിയ ദേശത്തുവരുന്ന സ്രാമ്പിക്കൽ മെത്രാനെ സ്വീകരിക്കണമെന്ന സാരോപദേശവുമുണ്ട്. അദ്ദേഹം സാക്ഷാൽ തോമ്മാശ്ലീഹായുടെ പിൻഗാമിയെന്ന അവകാശവാദവും ലേഖനത്തിൽ നിന്നും മനസിലാക്കാം.
മത്തായിയുടെ വചനംകൊണ്ടു വിശ്വാസികളെ പേടിപ്പിക്കുകയാണ്. കൂന്തൻ തൊപ്പിയും അംശവടി പിടിച്ചും വിലയേറിയ കുപ്പായവുമിട്ടും ആഡംബര കാറുകളിൽ സഞ്ചരിച്ചും നടക്കുന്ന ഈ അഭിഷിക്തരെ ക്രിസ്തു വിളിച്ചിരുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെന്നായിരുന്നു. മുത്തുക്കുട പിടിക്കാനോ, വെഞ്ചാമരംകൊണ്ട് വീശാനൊ, യേശുവിനാരുമുണ്ടായിരുന്നില്ല. ആർഭാടമേറിയ കൊട്ടാരമോ എഴുന്നള്ളിക്കാൻ കുഞ്ഞാടുകളോ സേവകരോ യേശുവിനില്ലായിരുന്നു. തൊഴുത്തിൽ പിറന്നു ജീവിച്ച ആശാരി ചെറുക്കൻ എന്നും ദരിദ്രനും ദരിദ്രരോടപ്പവുമായിരുന്നു.അവന്റെ ശിക്ഷ്യന്മാരെ ആരും പിതാവെന്ന് വിളിച്ചില്ല. മത്തായിയുടെ സുവിശേഷ വചനത്തിലെപ്പോലെ ആരെയും പിതാവെന്ന് വിളിക്കരുതെന്ന് അവൻ പഠിപ്പിച്ചിരുന്നു.
ഒരു മെത്രാനെന്നയാൾ ശ്ലീഹന്മാരുടെ പിൻഗാമികളാണുപോലും. "എൻറെ നാമം പ്രസംഗിക്കുമ്പോൾ നിങ്ങളോടു വസ്ത്രം ചോദിക്കുന്നവർക്ക് പുറംകുപ്പായവും ഊരിക്കൊടുക്കാനാണ് യേശു പറഞ്ഞത്. അവിടുത്തെ ശിഷ്യരുടെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കോതമംഗലം രൂപതയുടെ മെത്രാൻ തൊടുപുഴയിലെ കൈവെട്ടുകേസിൽ ഇരയായ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ തല പാത്രത്തിലിട്ട് പൂജിക്കുന്നുണ്ടാകാം. കാഞ്ഞിരപ്പള്ളി ശ്ലീഹാ തട്ടിപ്പു വീരപരാക്രമങ്ങൾ ഉപേക്ഷിച്ച് മോനിക്കായുടെ കണ്ണുനീർ എന്നാണോ ഒപ്പുന്നതെന്നും അറിഞ്ഞുകൂടാ. തൃശൂരുള്ള ഒരു മെത്രാൻ പള്ളിപിടിച്ചെടുക്കലും പ്രതിക്ഷേധിക്കുന്നവരെ ഗുണ്ടകളെക്കൊണ്ടു തല്ലിച്ചും സ്ലൈഹിക ദൗത്യം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഇടുക്കിയിലെ മെത്രാൻ, ജ്വാലിയൻവാലാ മെത്രാൻ, മകളെ ദത്തെടുത്ത കൊച്ചിയിലെ പുറത്താക്കപ്പെട്ട തട്ടിൽ മെത്രാൻ, കൊലക്കേസിൽ പ്രതിയായ കോയമ്പത്തൂർ മെത്രാൻ അങ്ങനെ ശ്ലീഹന്മാരുടെ കൈവെപ്പു കർമ്മം കിട്ടിയ മെത്രാന്മാരുടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ഇടുക്കി മെത്രാന് മലയാളത്തിൽ പച്ചത്തെറി വിളിക്കാനുമറിയാം. മറ്റൊരു തൃശൂരുള്ള ശ്ലീഹായ്ക്ക് പ്രേമിക്കാനും സഭാവസ്ത്രമൂരിയ ജസ്മിക്ക് പ്രേമലേഖനങ്ങൾ അയക്കാനുമറിയാമായിരുന്നു.
മെത്രാൻ അധിവസിക്കുന്ന 'രൂപത'യെന്നാൽ എന്തെന്ന് ലേഖകൻ നിർവചിച്ചിട്ടുണ്ട്. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക് വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25)." ഇതിനിടയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഇടയ്ക്കു കയറി വീണതു ലേഖകൻ വിസ്മരിക്കുന്നു. ചക്രവർത്തിയുടെ കാലം മുതൽ മെത്രാനെ രാജകിരീടങ്ങളും അണിയിച്ചു. സ്വർഗ്ഗത്തിനിടയിൽ ശുദ്ധീകരണ സ്ഥലമെന്ന മറ്റൊരു ലോകവുമുണ്ടാക്കി. അത് വിറ്റു മണിഗോപുരങ്ങളും സൗധങ്ങളും വത്തിക്കാൻ കൊട്ടാരവുംവരെ പടുത്തുയർത്തി. അനേകായിരം വിധവകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടു ഇവർ യേശുവിനെ വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ദളിതൻ മരിച്ചാൽ അവന്റെ കുടീരം സെമിത്തേരിക്കു പുറത്ത്. ലക്ഷങ്ങളും കോടികളും വരെ ശവക്കല്ലറയ്ക്ക് വിലപറയുന്നു. ദരിദ്രന്റെ ശവത്തെ പള്ളിപ്പറമ്പിലെ കുഴിമാടങ്ങളിലടക്കാതെ കഴുകനെപ്പോലെ ശവത്തെയും കുത്തും.
ഒരമ്മയുടെ ശവം പള്ളിപ്പറമ്പിൽ അടക്കാൻ വിസമ്മതിച്ച പുരോഹിതനെ വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സംസ്ക്കാര കർമ്മങ്ങൾ നടത്തി അമ്മയുടെ ശവം ദഹിപ്പിച്ചതും സീറോ മലബാർ പുരോഹിതർ നട്ടു വളർത്തിയ ഒരു സംസ്ക്കാരത്തിന്റെ പ്രതിഫലനമായിരുന്നു. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കാവൽക്കാരായ മെത്രാൻ പ്രഭുക്കളുടെ അധികാരം ആ ചെറുപ്പക്കാരന്റെ മുമ്പിൽ അന്ന് തീയായി ചാമ്പലായി തീർന്നു, ഷിജു. ഉഴുവ സെന്റ് അന്നാസ് കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്നു. അന്തരിച്ച എം. പി. ലീലാമ്മ ടീച്ചറുടെ മകന്‍. അമ്മയുടെ മൃതദേഹം വെച്ച് വിലപേശാന്‍ വന്ന വികാരിയുടെ മുന്നില്‍ പൊരുതിക്കൊണ്ടു പുരോഹിത വെല്ലുവിളിക്കുത്തരം കൊടുത്തു. . ഈ കഥയൊക്കെ ലേഖകൻ മനസിലാക്കുന്നതും നന്നായിരിക്കും. അതിനുശേഷം ബ്രിട്ടനിൽ വളരുന്ന കുട്ടികളെ സംസ്ക്കാര സാമ്പന്നരുമാക്കാം.
"മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണെന്നാണ്" സഭയുടെ പ്രമാണം. ഇവിടെ വിശ്വാസമെന്നുപറഞ്ഞാൽ അല്മായനുമാത്രം. പുരോഹിതനു ബാധകമല്ല. ഇങ്ങനെ ലേഖകന്റെ കുഞ്ഞാടുകളോടുള്ള ഉപദേശവും കേൾക്കാൻ സുഖം തന്നെ. ബ്രിട്ടനിൽ കുഞ്ഞാടുകൾക്കു ലഭിച്ച സൗഭാഗ്യത്തിനുള്ള കാരണം ദൈവത്തിന്റെ അനുഗ്രഹമെന്നു അവിടെയുള്ള പുരോഹിതർ കുഞ്ഞാടുകളെ ധരിപ്പിക്കാൻ തുടങ്ങി. ദൈവത്തിന്റെ വീതം പത്തു ശതമാനം തരൂവെന്നു അവകാശപ്പെട്ടുള്ള ഇടയലേഖനവും തയ്യാറായിക്കാണും. ശൈശവ ദിശയിൽ മാത്രം പ്രവർത്തിക്കുന്ന ബ്രിട്ടനിൽ മെത്രാസന മന്ദിരം പണിയണം. അതിനിനി പിരിവെടുക്കണം. സായിപ്പിനെ മറികടന്ന് ഉയരത്തിലുള്ള കത്തീഡ്രലുകൾ പണിയണം. ഇത്തരം മെത്രാന്റെ ഭാവികാര്യങ്ങളൊന്നും ലേഖനത്തിൽ വിശദീകരിച്ചിട്ടില്ല.
അമേരിക്കൻ പള്ളികളിൽ പൊയ്ക്കൊണ്ടിരുന്ന ആദ്യകാല മലയാളികളുടെ കുടുംബ ബന്ധങ്ങൾ തകർന്നുവെന്നും അവരുടെ മക്കളുടെ വിവാഹ ജീവിതം ദുരിതപൂർണ്ണമായതുകൊണ്ട് പല മാതാപിതാക്കളും കണ്ണുനീരു കുടിക്കുന്നുവെന്നുമാണ് മറ്റൊരു കണ്ടുപിടുത്തം. അമേരിക്കയിലും സീറോ മലബാർ പള്ളികളിൽ തകൃതിയായിത്തന്നെ കുരിശുയുദ്ധങ്ങളുണ്ട്. ഇറാക്കിലെ കൊലപാതികളെ തൂക്കിയിരുന്ന മാനിക്കേയിൻ കുരിശ്, കുരിശിൽ താമരയെന്നൊക്കെ പേരിലാണ് ഇവിടെ തല്ലുപിടുത്തമുള്ളത്. കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കാൻ കേരളത്തിൽനിന്നും വിദഗ്ദ്ധരായ അനേക പുരോഹിതരെയും ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കൻ പള്ളികളിൽ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കുഞ്ഞാടുകളെ സേവിക്കാൻ നാട്ടിൽനിന്നും ഒരു കൂട്ടം പുരോഹിതരെ ഈ നാട്ടിലെത്തിച്ചത്. അവരിൽ പലരും ഇന്നാട്ടിൽനിന്നു സ്ത്രീകളെ കണ്ടുമുട്ടി വിവാഹിതരുമായി. ചിലർ അമേരിക്കൻ മണ്ണിൽതന്നെ സ്ഥിരതാമസമാക്കി. ഒരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ വികാരി നാട്ടിൽ ആ സ്ത്രീയുമായി ജീവിക്കുന്നു. സമാധാനമായി ജീവിച്ചിരുന്ന പല കുടുംബങ്ങളെയും കൂട്ടിയടുപ്പിച്ചു അസമാധാനം സൃഷ്ടിക്കാൻ നാടൻ പുരോഹിതർ വിരുതരാണ്. ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി ഇടവക ഭരിക്കുകയെന്നതാണ് നയവും. കുർബാനപ്പണം അമ്പതും നൂറും ഡോളർ ഓരോരുത്തരിൽനിന്നും കൈപ്പറ്റും. നാട്ടിലുള്ള പാവപ്പെട്ട പുരോഹിതർക്ക് ചെറിയൊരു തുക കൊടുത്ത് ബാക്കിയുള്ള പണം ഇവർ പോക്കറ്റിലുമിടും. ഒരു വികാരിയ്‌ക്കെതിരെ മറ്റൊരു വികാരി പാരവെക്കാനും മിടുക്കനാണ്. ഇങ്ങനെ പോകുന്നു അമേരിക്കയിലെ വാഴ്ത്തപ്പെട്ട ക്രിസ്തു ശിക്ഷ്യരായവരുടെ കഥകൾ.
സീറോ മലബാർ പള്ളികളുടെ അഭാവത്തിൽ അമേരിക്കൻ മലയാളി പിള്ളേർ വഴിപിഴച്ചു പോവുമെന്ന ലേഖകന്റെ വാദം വിചിത്രം തന്നെ. കുട്ടികൾ വളർന്നു കഴിയുമ്പോൾ അവർ സീറോ മലബാർ പള്ളികളിൽ പോകില്ലന്നുള്ളതാണ് മറ്റൊരു സത്യം. നാട്ടിൽനിന്നും വന്ന ഇംഗ്ലീഷറിയാൻ പാടില്ലാത്ത പുരോഹിതരുടെ ഭാഷ കുട്ടികൾക്ക് പ്രശ്നമാണ്. മാർത്തോമ്മായുടെ പൊട്ടക്കഥയൊന്നും ബ്രിട്ടനിലും അമേരിക്കയിലും വളരുന്ന പിള്ളേർക്കറിയാൻ താൽപ്പര്യവും കാണില്ല. സീറോ മലബാർ പള്ളികളിൽ സ്ഥിരം പൊയ്ക്കോണ്ടിരുന്ന മാതാപിതാക്കളുടെ മക്കൾ പലരും മയക്കു മരുന്നിന്റെ അടിമകളുമായി. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവർ ചുരുക്കവും. സീറോ മലബാർ രൂപതയും പള്ളികളും തീയേറ്ററുകളാകാനും അധിക കാലം വേണ്ടിവരില്ല. ഒരു തലമുറയുടെ പ്രയത്നം പാഴായി പോയ ചരിത്രവും വരുംകാലതലമുറകൾക്ക് രചിക്കുകയും ചെയ്യാം.
http://www.kalavedionline.com/index.php?cat=Special&news=2983
പ്രവാചക ശബ്ദം : http://pravachakasabdam.com/index.php/site/news/2696
Sunday, September 25, 2016
ഫാ.ഐവാൻസ്: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻ
ജോസഫ് പടന്നമാക്കൽ
ഫാദർ ജോസഫ് ഐവാൻസ് ഓ.സി.ഡി, 9-18-2016-ൽ ഇന്ത്യാനയിലുള്ള ആൽബെർറ്റിൻ ഭവനത്തിൽവെച്ച് മരണമടഞ്ഞ വാർത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാർദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തിൽക്കൂടിയാണ് തുടക്കമിട്ടത്. 1961-ൽ കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്സ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന് പ്രസിദ്ധരായ സുകുമാർ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരൻ, ജോസഫ് പുലിക്കുന്നേൽ, പ്രൊഫ. ഷെപ്പേർഡ് എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു. കരിപ്പാപ്പറമ്പിൽ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിൻസിപ്പാളായി ചുമതലകൾ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചൻ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയിൽ എന്റെ പഠനം തുടങ്ങാൻ കാരണമായതും അന്ന് പ്രിൻസിപ്പളായിരുന്ന തിയോഡോഷ്യസച്ചൻ തന്നെയായിരുന്നു.
ഫാദർ ജോസഫ് ഐവാൻസ്, മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബി.എ, യും എം.എ, യും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജിൽ ലെക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകൾ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂർത്തിയാക്കാനും സാധിച്ചു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും എഡിറ്റർ കൂടിയായിരുന്നു.
ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976-ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയിൽ വിവിധ പള്ളികളിൽ പാസ്റ്ററും അദ്ധ്യാപകനുമായി പ്രവർത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആൽബെർറ്റിൻ (Albertine Sisters in Hammond)കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുർബാന ചൊല്ലിയും കുമ്പസാരങ്ങൾ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയിൽ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതൻ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.
അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേർപാട് അത്യന്തം വേദനാ ജനകമായിരുന്നു. ആ ദുഃഖ വാർത്ത അറിഞ്ഞതുമുതൽ ഞാനെന്റെ പൂർവ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വർത്തമാനം പറയുന്ന ഐവാൻസച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങൾ തൊടുത്തുവിട്ടാൽ നാട്ടിലെ കൊച്ചുഗ്രാമം മുതൽ അന്തമില്ലാത്ത മഹാസമുദ്രങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകൾവരെയും വിഞ്ജാനകോശങ്ങൾ നിരത്തി വെക്കുമായിരുന്നു. അന്തർദേശീയ സംഭവ വികാസങ്ങൾ, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങൾ, മതതത്ത്വ സംഹിതകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഐവാൻസച്ചൻ പറയുമ്പോൾ കേട്ടുനിൽക്കുന്നവർ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.
ഞാൻ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് പുസ്തകമായ 'റ്റേൽ ഓഫ് ബൗണ്ടി' (Tale of Bounty) യെന്ന ക്ലാസ്സിക്കൽ ചരിത്ര നോവൽ പഠിപ്പിച്ചിരുന്നത് ഐവാൻസച്ചനായിരുന്നു. അദ്ദേഹത്തിൻറെ സ്പീഡിലുള്ള വായനയും വർത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാർത്ഥികളുടെയിടയിൽ അറിയപ്പെട്ടിരുന്നത്. കോളേജിൽ അദ്ധ്യാപകരും വിദ്യാർഥികളും തമ്മിൽ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഐവാൻസച്ചൻ അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികൾ സംസാരിക്കാൻ ചുറ്റും കൂടും. പൊതുവഴികളിൽക്കൂടി പതിയെ നടക്കാൻ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാൽ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിർത്തി വർത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവിൽ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികൾക്കും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീർഘമായ ജീവിതത്തിൽ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാൻസച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകൾ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളിൽ ഞങ്ങൾ തമ്മിൽ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാർദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.
എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തിൽ എനിക്കന്നു മനസിലായ വിഷയം അച്ചൻ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രിൽ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തിൽ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിൻഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാൻ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂർണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളിൽ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയിൽ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റൻ ഫ്ലെക്‌ച്ചർ ക്രിസ്ത്യൻ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പൽ യാത്ര പൂർത്തിയാക്കിയിരുന്നു. ടാഹിട്ടിയിൽ അഞ്ചുമാസം താമസിച്ച നാളുകളിൽ അവിടെയുള്ള പോളിനേഷ്യൻ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവർ ലൈംഗിക ബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. നാവികരുടെയിടയിൽ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാൽ അവരെ വിസ്തരിക്കുമെന്ന ഭയത്താൽ ക്രിസ്ത്യനും പാർട്ടിയും ആ ദ്വീപിൽ ഒളിച്ചു താമസിച്ചു. 1790-ൽ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടിൽ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരിൽ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയിൽ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താൻ സാധിച്ചില്ല. ലഹളക്കാരിൽ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാർട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന 'ജോൺ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളിൽപ്പെട്ടവർ ഇന്നും ആ ദ്വീപിൽ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്‌ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകൾ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാർ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.
അക്കാലത്ത് ഹൈസ്‌കൂൾ പതിനൊന്നു വർഷവും പ്രീയൂണിവേഴ്‌സിറ്റി ഒരു വർഷവുമായ സ്‌കൂൾ-കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്. . ശാസ്ത്ര വിഷയങ്ങൾ ഹൈസ്‌കൂളിൽ മലയാളത്തിൽ പഠിച്ചതുകൊണ്ടു അദ്ധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയൻസ് മുഴുവൻ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സർക്കാർ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌സിറ്റിയെന്നു വേളൂർ കൃഷ്ണൻ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓർക്കുന്നു. കാരണം കൃഷ്ണൻ കുട്ടി പ്രീയൂണിവേഴ്സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാർത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ കോളേജ് അന്ന് ഡീറ്റൻഷനും നൽകുമായിരുന്നു. ക്ലാസ്സിൽ കയറാതെ ഹാജർ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാർക്കുകൾ കുറവായതിനാലും എന്നെയും അക്കൊല്ലം പബ്ലിക്ക് പരീക്ഷക്കിരുത്താൻ കോളേജനുവദിച്ചില്ല. നിരാശനായ ഞാൻ അക്കാലങ്ങളിൽ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കൽ എന്റെ ഹോസ്റ്റൽ പരിസരത്തുള്ള കോളേജ് ക്യാമ്പസിൽവെച്ച് ഐവാൻസച്ചനെ കണ്ടുമുട്ടിയതും ഓർക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓർക്കുന്നു. 'എന്റെ പഠനത്തിലുള്ള ബലഹീനതകൾ മനസ്സിലാക്കിയിരുന്നെങ്കിൽ പ്രയാസമുള്ള സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകി ഡീറ്റെൻഷൻ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചൻ പറഞ്ഞതോർക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകൾ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങൾ പിന്നീടുള്ള എന്റെ പഠന ജീവിതത്തിൽ കൂടുതൽ ആത്മധൈര്യം നല്കുകയും ചെയ്തു.
വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂർത്തിയാക്കി ഞാൻ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ട് വീട്ടിൽനിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയൽക്കാരും ചോദിക്കുമായിരുന്നു. ചിലർ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാൻസച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓർക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയിൽ ഒരു വർഷംകൂടി പ്രീ യൂണിവേഴ്സിറ്റി ആവർത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റവനായി അവിടെ പഠിക്കാൻ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജിൽ ചേർന്ന് ഞാൻ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി പ്രൈവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജിൽ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജിൽ കോളേജദ്ധ്യാപകർക്കായുള്ള ഒരു കോഴ്സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇൻസ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ്' സ്‌കൂളിൽ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ ലോഡ്ജിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഐവാൻസച്ചൻ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.ഏ. ഹോണേഴ്‌സ് ഡിഗ്രിയുള്ളവർ കേരളാ യൂണിയവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പ്രൊഫസറായി പ്രൊമോഷൻ വേണമെങ്കിൽ ഈ ഡിപ്ലോമയും പൂർത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയിൽ എഡിറ്റോറിയൽ ജോലിയും ചെയ്തുകൊണ്ട് ഐവാൻസച്ചൻ ദീപികയുടെ കെട്ടിടത്തിൽ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളിൽ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസിൽ സന്ദർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാൻ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിൻറെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവർ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാൻസച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവർ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഏറ്റവും സമർഥനായ വിദ്യാർത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസർമാരെക്കാൾ അദ്ദേഹത്തിന് അറിവുണ്ടെന്നും അവർ പറയുമായിരുന്നു.
കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ, എൽത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജിൽ കൊമേഴ്‌സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാൻസച്ചൻ ദേവഗിരി കോളേജിലെ പ്രിൻസിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥൻ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോൾ ഞാൻ അഭിമാനിയായിരുന്നു. ഒരിക്കൽ എന്റെ അന്നത്തെ ബോസായിരുന്ന ഫാദർ റൂപ്പർട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാൻസച്ചൻ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വർഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചൻ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓർത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വർത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോർക്കുന്നു. ദേവഗിരിയിലേക്ക് വരുവാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിൻറെ ക്ഷണം ഫലവത്താക്കാൻ എനിയ്ക്കൊരിക്കലും സാധിച്ചില്ല.
ഞാൻ വിവാഹിതനായ ശേഷം ഭാര്യാവീട്ടിൽ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സൽക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിൻറെ അപ്പനും അമ്മയുമെല്ലാം ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടിൽ പോയപ്പോൾ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക് ഐവാൻസച്ചന്റെ പുത്തൻ കുർബാനയുടെ ഒരു പടം ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാൻസച്ചന്റെ അമ്മവീട്ടിൽ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.
1976ൽ നാട്ടിൽനിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയർ പോർട്ടിൽ ഞാൻ നിൽക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദർ റൂപ്പർട്ടിനെയും ഫാദർ ഐവാൻസിനെയും തേവര പ്രിൻസിപ്പാളായിരുന്ന ഫാദർ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാർ തമ്മിൽ കണ്ടുമുട്ടിയതിൽ ഐവാൻസച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൽനിന്നാണ് ഞാൻ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ഒരു കുടുംബ ബന്ധവും അന്നുമുതൽ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിച്ചു. അദ്ദേഹമൊത്തു ന്യുയോർക്കിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതും ഓർക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളിൽ അദ്ദേഹത്തോടൊപ്പം പോയി.
ന്യൂയോർക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലിൽ ഒരു പള്ളിയിൽ അന്നു പാസ്റ്ററായിരുന്ന ഫാദർ വെമ്പാല നൽകിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാൻസച്ചൻ സ്വന്തമാക്കിയിരുന്നു. അച്ചന് ഡ്രൈവിങ്ങ് ലൈസൻസോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയിൽ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയിൽ പുതിയ ഡ്രൈവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറിൽ യാത്രയാകാനും മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും കടലിനുമിടയിലായ ഞാൻ ഒടുവിൽ കാർ ഷിക്കാഗോയിലേയ്ക്ക് ഡ്രൈവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചൻ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു. അച്ചനും ഞാനുമൊത്തുള്ള നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വർത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോർക്കിലെ 'ബിഗ് ആപ്പിൾ' മുതൽ ഓരോ സ്റേറ്റിന്റെയും ചരിത്രങ്ങൾ പോകുന്ന വഴി അച്ചൻ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനർനിർമ്മിച്ച കഥയൊക്കെ അന്ന് ആദ്യം കേൾക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ വിക്ടർ എന്റെപേര്ക്ക് പ്ലെയിൻ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.
ആ യാത്രയ്ക്ക് ശേഷം അച്ചൻ വർഷത്തിൽ ഒന്നും രണ്ടു തവണകൾ എന്റെ വീട്ടിൽ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങൾ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കൻ ജീവിതകാലം മുഴുവൻ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവൻ ഡ്രൈവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിൻറെ വിനോദമായിരുന്നു. ഞാനും ഗേരിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ സൽക്കാരങ്ങളിലും പങ്കു ചേർന്നിട്ടുണ്ട്.
ഐവാൻസച്ചനെ സ്നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളിൽ മണിനാദം മുഴങ്ങുമ്പോൾ താൻ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ സ്നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകർക്ക് മാർഗ്ഗദീപമായിരുന്ന ഈ പുരോഹിതൻ ഒരു കൈത്തിരിപോലെ എന്നുമവർക്കായി പ്രകാശിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിയ്ക്കും അവരുടെ ജീവിതത്തിൽ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ ആ തത്വം ഐവാൻസച്ചനിൽ ഞാൻ കാണുന്നു. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകൾ പറയാൻ കാണും. സ്വന്തം ശിക്ഷ്യഗണങ്ങൾ ഒരു അദ്ധ്യാപകനെ സ്നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതിൽകൂടുതൽ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തിൽ ഐവാൻസച്ചൻ ഭാഗ്യവാനാണ്. സ്നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുള്ളൂ. പറയാൻ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.
കഠോപനിഷത് മൂന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാൻ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്‌കൃഷ്‌ട മാതൃക പ്രദാനം ചെയ്യുന്ന ഗുരുക്കന്മാരെ പ്രാപിച്ച് അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വിൽപ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാർത്ഥത്തിൽ ഐവാൻസച്ചൻ ഉപനിഷത്തിൽ സംസ്കൃത ശ്ലോകങ്ങളിൽ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും.
EMalayalee: http://emalayalee.com/varthaFull.php?newsId=129839
Malayalam Daily News: http://www.malayalamdailynews.com/?p=243135
Joychan Puthukkulam
Kalavedi: http://www.kalavedionline.com/index.php?news=2888&cat=Special
Wednesday, September 14, 2016
മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും

ജോസഫ് പടന്നമാക്കൽ
ഭഗവാൻ ശ്രീ രജനീഷ് (ഓഷോ) ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും
അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാദപരമായ അദ്ദേഹത്തിൻറെ പ്രസ്താവനകൾ അനേകരെ പ്രകോപനം കൊള്ളിപ്പിച്ചിരുന്നു. സ്വർഗ്ഗമോ നരകമോയെന്ന മതതത്ത്വങ്ങളെയും വ്യക്തിഗത ദൈവത്തെയും തിരസ്ക്കരിച്ചിരുന്ന ഒരു അജ്ഞയതാവാദിയുമായിരുന്നു. ഭൂമിയെ തന്നെ സ്വർഗ്ഗമാക്കി ആഡംബരത്തിൽ കഴിയുകയെന്ന തത്ത്വചിന്തകളായിരുന്നു അദ്ദേഹം അനുയായികൾക്ക് നൽകിയിരുന്നത്. ലൈംഗിക വിഷയങ്ങൾ തുറന്നടിച്ചിരുന്നതുകൊണ്ട് 'സെക്സ് ഗുരു'വെന്നും അറിയപ്പെട്ടിരുന്നു. അറുപതു ഭാഷകളിലായി ഇരുന്നൂറിൽപ്പരം പ്രസാധകർ അദ്ദേഹത്തിൻറെ ദർശനങ്ങളടങ്ങിയ കൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാന്മാരെയും മഹതികളെയും വിമർശിച്ചുകൊണ്ടുള്ള ഓഷോയുടെ പ്രസ്താവനകൾ പലപ്പോഴും അസ്വസ്തകളുണ്ടാക്കുന്നതായിരുന്നു. ഒരു വ്യക്തിയെ കണ്ണുമടച്ചു ആരാധിക്കുന്നവരുടെ ചിന്തകളെയുണർത്താൻ തന്റെ വിവാദപരമായ അഭിപ്രായങ്ങൾ സഹായിക്കുമെന്ന് ഓഷോ വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങൾ അദ്ദേഹമെന്നും ഇഷ്ടപ്പെട്ടിരുന്നു. ഓഷോയുടെ ഭാഷയിൽ ഗാന്ധിജി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. ഹിറ്റ്ലർ ലോകമറിയപ്പെട്ട ഏറ്റവും വിഡ്ഢിയായ രാജ്യതന്ത്രജ്ഞനും. പോപ്പിനെ ജയിലിൽ അടയ്ക്കണമെന്നും മദർ തെരേസാ പോയി കായലിൽ ചാടണമെന്നും പറയുമായിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും വ്യക്തിപൂജ നടത്തുന്നവരുടെയും സ്വൈരക്കേടിൽ സന്തോഷം കണ്ടെത്തുകയെന്നത് അദ്ദേഹത്തിൻറെ സവിശേഷാവൈകൃതമായിരുന്നു. ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത് ഓഷോയുടെ മദർ തെരേസായെപ്പറ്റിയുള്ള വിമർശനങ്ങളും വിലയിരുത്തലുകളുമാണ്.
തെരേസായുടെ സേവനങ്ങളും പ്രവർത്തനങ്ങളും അനാഥക്കുട്ടികളെ പരിചരിക്കലും അതുവഴി മതപരിവർത്തനം നടത്തലും ഓഷോയെ ചൊടിപ്പിച്ചിരുന്നു. അവസരങ്ങൾ കിട്ടുന്ന സമയത്തെല്ലാം മദർ തെരേസായെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രത ഓഷോയിലെന്നും പ്രകടമായിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള മദർ തെരേസായുടെ പ്രവർത്തനങ്ങളെല്ലാം കപട തന്ത്രങ്ങളായിട്ടാണ് അദ്ദേഹം ദർശിച്ചിരുന്നത്. ശക്തമായ രാഷ്ട്രീയ മതസംഘടകളുടെ കൂട്ടായ ഒരു പിൻബലം അവരുടെ പ്രവർത്തനങ്ങളെ ദൃഢതരമാക്കിയിരുന്നു. മദർ തെരേസായ്ക്ക് നോബൽ സമ്മാനം നൽകിയതിൽ ഏറ്റവുമധികം വിമർശിച്ചതും ഓഷോയായിരുന്നു. കപടത നിറഞ്ഞ സ്ത്രീയെന്നാണ് മദർ തെരേസായെ അദ്ദേഹം വിശേഷിപ്പിച്ചത്. വിമർശനങ്ങൾ പലപ്പോഴും മദർ തെരേസായെ അസ്വസ്ഥയുമാക്കിയിരുന്നു.
ചരിത്രാതീത കാലംമുതൽ മതവും പുരോഹിതരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും മനുഷ്യരെ വിഭജിക്കാനുള്ള ഗൂഢതന്ത്രങ്ങളിലായിരുന്നു. ഒരു മതത്തിനുള്ളിൽനിന്ന് പുരോഹിതർ മനുഷ്യനെയും മനുഷ്യനെയും തമ്മിൽ പരസ്പ്പരം വേർതിരിക്കുമ്പോൾ മതത്തിനു വെളിയിൽനിന്ന് മനുഷ്യരെ വിഭജിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ പ്രവർത്തനങ്ങളാകെയും മനുഷ്യത്വത്തിനെതിരെയായിരിക്കും. അവർ ചെയ്യുന്ന നീചമായ പ്രവർത്തികളെപ്പറ്റി അവരറിയുന്നില്ല. അവരുടെ ഉദ്ദേശങ്ങളും ലക്ഷ്യബോധങ്ങളും മറ്റുള്ളവർക്കു മനസിലാവുകയുമില്ല.
ഓസോയെഴുതി, "കഴിഞ്ഞ ദിവസം എനിയ്ക്ക് മദർ തെരസായിൽ നിന്നും ഒരു കത്തു ലഭിച്ചിരുന്നു. കത്തിലെ അവരുടെ ആത്മാർത്ഥതയെപ്പറ്റി എന്തെങ്കിലും പറയാൻ ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ അവർ കത്തെഴുതിയത് തികച്ചും ബോധപൂർവമല്ലായിരുന്നു. കത്തിൽ പറഞ്ഞിരിക്കുന്നതിങ്ങനെ, 'നിങ്ങൾ എന്നെ വൈകൃതങ്ങളായ പേരുകൾ ചൊല്ലിയുള്ള വിശേഷണങ്ങളോടെ ചെയ്ത പ്രസംഗത്തിന്റെ കോപ്പി ഇതോടൊപ്പം അയക്കുന്നു. വിഷയം നോബൽ സമ്മാനമാണ്. നിങ്ങളങ്ങനെ എന്നെപ്പറ്റി പ്രസംഗിച്ചതിൽ ഖേദമുണ്ട്. നിങ്ങൾ നൽകിയ നാമവിശേഷണങ്ങളിൽ അകമഴിഞ്ഞ സ്നേഹത്തോടെ ഞാൻ ക്ഷമിക്കുന്നു. ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ.'
മദർ തെരാസായുടെ ഈ കത്ത് ഓഷോ ഒരു തമാശരൂപത്തിലെടുക്കുകയായിരുന്നു. അവർക്കു തന്നെപ്പറ്റി ഖേദമെന്തിനെന്നും താൻ അവരെപ്പറ്റി വിശേഷിപ്പിച്ച പദങ്ങളുടെ അർത്ഥമെന്തെന്നു പോലും അവർക്ക് മനസിലായില്ലെന്നും സുബോധമുണ്ടായിരുന്നെങ്കിൽ താനുപയോഗിച്ച നാമവിശേഷങ്ങളിൽ അവർ അവരെപ്പറ്റി ഖേദിക്കുമായിരുന്നുവെന്നും ഓഷോയുടെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ കബളിപ്പിക്കുന്ന സ്ത്രീ , ഇല്ലാത്ത വൈദഗ്‌ദ്യം ഭാവിക്കുന്നവർ, കപടത നിറഞ്ഞവർ, എന്നീ പദങ്ങൾകൊണ്ടായിരുന്നു ഓഷോ മദർ തെരേസായെ വിശേഷിപ്പിച്ചത്.
'കബളിപ്പിക്കലെന്ന' വിശേഷണത്തിൽ ഒരുവൻ അല്ലെങ്കിൽ ഒരുവൾ മറ്റുള്ളവരെ കബളിപ്പിക്കുകയെന്ന അർത്ഥം മാത്രമല്ല മറിച്ച് അവർ സ്വയം കബളിപ്പിക്കപ്പെടുകകൂടിയാണ്. കബളിപ്പിക്കൽ ആദ്യം തുടങ്ങുന്നത് സ്വയം മനഃസാക്ഷിയിൽനിന്നുമായിരിക്കും. മറ്റുള്ളവരെ ചതിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്വയം ചതിക്കുന്നു. ഒരിക്കൽ സ്വയം നിങ്ങളെത്തന്നെ ചതിച്ചാൽ നിങ്ങൾ സ്വയം ചതിക്കുകയാണെന്നുള്ള വസ്തുതകളും മനസിലാക്കില്ല. നീ നിന്നെത്തന്നെ തിരുത്തണമെങ്കിൽ നിനക്കെതിരെ പുറത്തുനിന്നുമുള്ള ശക്തമായ ബാഹ്യപ്രതികരണമുണ്ടാവണം. 'കബളിപ്പിക്കൽ' നിന്നോടും അപരനോടും ഒരുപോലെ അനീതി പ്രവർത്തിക്കുകയാണ്. നിന്നെയും അപരനേയും ഒരുപോലെ മുറിവേൽപ്പിക്കുന്നുവെന്ന വസ്തുത നീ മനസിലാക്കില്ല. ഇത് ഇരുവശത്തും മൂർച്ചയേറിയ ഇരുതല വാളിനു തുല്യമാണ്.
അതെ, മദർ തെരേസ കബളിപ്പിക്കലെന്ന പൈശാചികാർത്ഥത്തിൽ അവരൊരു ഇരുതല വാളുപോലെയുള്ള സ്ത്രീയായിരുന്നു. ആദ്യം അവർ സ്വയം കബളിക്കപ്പെട്ടു. കാരണം സുദൃഢമായ തീരുമാനങ്ങൾ അവർ കൈക്കൊള്ളുന്നതിനു മുമ്പ് ഒരിക്കലും മനസിനെ ഏകാഗ്രമാക്കിക്കൊണ്ടു ധ്യാനിച്ചിരുന്നില്ല. സന്യാസിനിയെന്നു കരുതുന്ന അവർക്ക് ധ്യാനമെന്തെന്നു അറിയില്ല. ഇതാണ് മൗലികമായി അവർ സ്വയം കബളിപ്പിക്കപ്പെടുന്നുവെന്ന വാക്കിന്റെ അർത്ഥംകൊണ്ട് ഉദ്ദേശിച്ചത്. അവർ സാധുക്കളെ, അനാഥരെ, വിധവകളെ, വൃദ്ധരായവരെ, സേവിച്ചിരുന്നു. അവരെയെല്ലാം നല്ല ഉദ്ദേശത്തോടെയായിരിക്കാം സഹായിച്ചത്. അവരുടെ തീരുമാനങ്ങൾ ഒരിക്കലും ചീത്തയായിരുന്നുവെന്നു പറയുന്നില്ല. എന്നാൽ അവരുടെ ഉദ്ദേശശുദ്ധി എത്രമാത്രം പരിശുദ്ധമായിരുന്നുവെന്നും ചോദ്യചിന്ഹമാണ്. സമൂഹത്തിനു ഗുണത്തേക്കാളും ദോഷങ്ങളും വലിച്ചുനീട്ടുന്നു.
സുഗന്ധം പരത്തുന്ന പൂക്കൾ പുഷ്പ്പിക്കാനള്ള സദുദ്ദേശത്തോടെ നാം വിത്തുകൾ വിതറുന്നു. എന്നാൽ അതിൽ നിന്നും മുള്ളുകൾ മാത്രം നിറഞ്ഞ ചെടികളുണ്ടാകുന്നു. നല്ല ഉദ്ദേശത്തോടെയാണ് ചെടികൾ നട്ടത്. അതിനായി നാം കഠിനമായി പ്രവർത്തിച്ചു. എങ്കിലും ആ വിത്തിൽ നിന്നും പുറപ്പടുവിച്ച ഫലങ്ങൾ നമ്മുടെ മനസിന്റെ ശാന്തത ഭഞ്‌ജിക്കുകയാണുണ്ടായത്. നമ്മൾ ആഗ്രഹിക്കാത്തതും നമുക്കവിടെ ലഭിക്കുന്നു.
അവർ ദരിദ്രരെ സേവിക്കുകയായിരുന്നു. എങ്കിലും ദാരിദ്ര്യത്തെ സ്നേഹിച്ചു. നൂറ്റാണ്ടുകളായി ദരിദ്രർക്ക് സേവനം ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ദാരിദ്ര്യം ലോകത്തുനിന്നും ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ദരിദ്രരെ സേവനം ചെയ്താലും ദാരിദ്ര്യം ലോകത്തുനിന്ന് നീക്കാൻ സാധിക്കില്ല. വാസ്തവത്തിൽ ലോകം മുഴുവൻ തന്നെ ദരിദ്രരെ സഹായിക്കുന്ന വ്യവസ്ഥിതികളുണ്ട്. ദരിദ്രരായ ജനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചെ മതിയാവൂ. ഒരു സമൂഹത്തിനു അവരെ പരിപൂർണ്ണമായി തിരസ്ക്കരിക്കാൻ സാധിക്കില്ല. അങ്ങനെ വന്നാൽ തിരസ്‌ക്കിരിക്കുന്ന സമൂഹത്തെ രക്തപങ്കിലമായ വിപ്ലവങ്ങളിൽക്കൂടി ദുരിതമനുഭവിക്കുന്ന ജനത പ്രതികാരം ചെയ്യും. സമൂഹം തിരസ്ക്കരിക്കപ്പെടുന്നവർ ക്രൂരന്മാരും കൊള്ളക്കാരും കൊലപാതകികളുമാകും. മാതൃകാപരമായ ഒരു സമൂഹം അവരെയും അവരുടെ കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വിധവകളെയും സഹായിക്കുന്നുണ്ടെന്ന ബോധ്യം അവരിലുണ്ടാകണം. നല്ലയൊരു സമൂഹത്തിന്റെ നിർവചനവും അതാണ്.
ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമാണ് മിഷ്യനറി സ്ഥാപനങ്ങൾക്കു പൊതുവെ പണം നൽകുന്നത്. മദർ തെരേസായുടെ മിഷ്യനെ മിഷ്യനറിസ് ഓഫ് ചാരിറ്റിയെന്നറിയപ്പെടുന്നു. ഇവരുടെ മഹത്തായ പ്രസ്ഥാനത്തിന് എവിടെനിന്ന് പണം വന്നുകൊണ്ടിരുന്നു അല്ലെങ്കിൽ അതിന്റെ ശരിയായ കണക്കും കാര്യങ്ങളുമെവിടെയെന്നു ആർക്കുമറിഞ്ഞുകൂടാ. ഏഴായിരം ദരിദ്രർക്ക് ദിനംപ്രതി അവർ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. 1974-ൽ പോപ്പ് പോൾ ആറാമൻ അവർക്കൊരു കാഡിലാക്കുകാറ് സമ്മാനിച്ചു. ഉടൻ തന്നെ അവർ ആ കാർ വിറ്റു. മദർ തെരാസായ്ക്കു വേണ്ടിയായതുകൊണ്ടു കാറിനു അമിത വിലയും കിട്ടി. സാധുക്കൾക്ക് പണവും ലഭിച്ചെന്നു അനുമാനിക്കുന്നു. എല്ലാവരും അവരുടെ പ്രവർത്തിയിൽ അഭിനന്ദിച്ചു. എന്നാൽ ചോദ്യം വരുന്നത് എവിടെനിന്നു ആ കാർ ആദ്യം വന്നുവെന്നാണ്. പോപ്പിനു കിട്ടിയ ദാനം അദ്ദേഹം ഉപയോഗിച്ചില്ല. അദ്ദേഹം ഒരു അത്ഭുതവും കാണിച്ചില്ല. ആരെങ്കിലും ധനികർ അദ്ദേഹത്തിനു കാറ് ദാനം ചെയ്തു കാണും. ലോകത്തിൽ മറ്റാരേക്കാളും ധനം മാർപ്പാപ്പായ്ക്കുണ്ട്. എന്നാൽ ഒരു ശതമാനം പോലും കാഡിലാക്ക് വിറ്റ പണത്തിന്റെ വീതം മിഷ്യനറീസ് ഓഫ് ചാരിറ്റി വഴി ദരിദ്രർക്ക് പോയിട്ടില്ല. ഇത്തരം ഏജൻസീകൾ മുതലാളിമാരെ സഹായിക്കും. ദരിദ്രരെ സഹായിക്കില്ല. പുറമെ നോക്കിയാൽ അവർ ദരിദ്രരെ സഹായിക്കുന്നുവെന്നു തോന്നും. എന്നാൽ അടിസ്ഥാനപരമായി പരോക്ഷമായി അവർ സഹായിക്കുന്നത് ധനികരെയാണ്. ഇതൊരു നല്ല സമൂഹമെന്ന തോന്നൽ പാവങ്ങളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. സമൂഹം ചീത്തയല്ലന്നും അതുകൊണ്ടു സമൂഹത്തിനെതിരെ വിപ്ലവം ഉണ്ടാക്കുന്നില്ലായെന്ന ചിന്താഗതിയും അവരിലുണ്ടാകും. ഈ മിഷ്യനറികൾ ദരിദ്രർക്ക് പ്രതീക്ഷകൾ നൽകുന്നു. മിഷ്യനറികൾ അവിടെയില്ലെങ്കിൽ ദരിദ്രർ പ്രതീക്ഷകളില്ലാത്ത ഒരു ജീവിതം നയിക്കണമെന്ന തോന്നലുമുണ്ടാക്കും. പ്രതീക്ഷയില്ലെങ്കിൽ വിപ്ലവങ്ങൾ പൊട്ടിപുറപ്പെടാം. അതിക്രമങ്ങളുമുണ്ടാകാം.
'നോബൽ' എന്ന മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായിരുന്നുവെന്നു പറയാം. ഒന്നാം ലോക മഹായുദ്ധത്തിൽ ശത്രുസംഹാരങ്ങൾക്കായി ഉപയോഗിച്ചത് അയാളുടെ കണ്ടുപിടുത്തത്തിലെ ആയുധങ്ങൾ കൊണ്ടായിരുന്നു. അയാളന്നു ഏറ്റവും കൂടുതൽ മാരകങ്ങളായ ആയുധങ്ങൾ ഉത്ഭാദിപ്പിക്കുന്ന മനുഷ്യനായിരുന്നു. യുദ്ധോപകരണങ്ങളിൽ നിന്നും കണക്കില്ലാത്ത ധനവുമുണ്ടാക്കി. ഓരോ വർഷവും നോബൽ കമ്മിറ്റിയുടെ താല്പര്യമനുസരിച്ചു ഡസൻ കണക്കിനു നോബൽ സമ്മാനം വിതരണം ചെയ്യുന്നു. എത്രമാത്രം ധനം ആ മനുഷ്യനുണ്ടായിരുന്നുവെന്നതും ചിന്തിക്കാൻപോലും സാധിക്കില്ല. എവിടെനിന്നു ആ ധനം അയാൾ നേടിയെന്നും ഓർക്കുക. ഇത്രമാത്രം ആയിരമായിരം ജനങ്ങളുടെ രക്തത്തിൽ കുളിച്ചുണ്ടാക്കിയ പണ സമാഹാരത്തെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങളിലും കാണില്ല. മനുഷ്യന്റെ രക്തക്കറകൾ കട്ടകെട്ടിയിരിക്കുന്ന നോബൽ സമ്മാനം മിഷ്യനറിസ് ഓഫ് ചാരിറ്റിയിലും ഉപയോഗിക്കുന്നു. ആ പണം ക്രൂര ലോകത്തിലെ കൂട്ടക്കൊലകളിൽ നിന്നും സമാഹരിച്ചതാണ്. അത് തെരേസായുടെ ഭവനത്തിലെ ഏതാനും അനാഥർക്കും ദരിദ്രരെ ഊട്ടാനും പ്രയോജനപ്പെടുത്തുന്നു.
മദർ തെരേസായ്ക്ക് നോബൽ സമ്മാനം നിരസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ മുമ്പിൽ അവർ ബഹുമാനിതയാകാൻ ആഗ്രഹിച്ചു. നോബൽ സമ്മാനം അവരെ ലോകത്തിലെ ഒരു മഹതിയായി ഉയർത്തി. 'ജീൻ പോൾ സാറ്റർ' മദർ തെരേസായെക്കാളും മതവിശ്വാസിയാണ്. അദ്ദേഹം \നോബൽ സമ്മാനം നിരസിച്ചു. നോബൽ സമ്മാനത്തിൽ നിന്നും ലഭിക്കുന്ന ആദരവും രക്തത്തിന്റെ വിലയിൽ നിന്ന് കിട്ടിയ പണവും വേണ്ടെന്നു പറഞ്ഞു. ഭ്രാന്തു പിടിച്ച സമൂഹത്തിൽനിന്നും യാതൊരു ബഹുമാനവും തനികാവശ്യമില്ലെന്നും പറഞ്ഞു. ഈ മനുഷ്യന്റെ മതത്തെയല്ലേ നാം ബഹുമാനിക്കേണ്ടത്! മദർ തെരേസായെക്കാളും അദ്ധ്യാത്മകമായി അദ്ദേഹം എത്രയോ ഉയരങ്ങളിലുള്ള പടികളിലാണെന്നും മനസിലാക്കണം.
മദർ തെരേസായെപ്പോലുള്ളവർ കബളിപ്പിക്കൽവഴി സമൂഹത്തിനെ ഉദ്ധരിക്കുന്നു. സമൂഹത്തിന്റെ ചെളിപുരണ്ട ചക്രങ്ങൾ ശുദ്ധമാക്കുകയാണ് അവരുടെ തൊഴിലെന്നു അനുമാനിക്കുന്നു. മാനുഷികമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട യേശുവിനെപ്പോലുള്ളവർക്ക് നോബൽ സമ്മാനം ലഭിക്കില്ല. സോക്രട്ടീസിനെപ്പോലുള്ളവർക്കും ലഭിക്കില്ല. യേശുവിനോ സോക്രട്ടീസിനോ നോബൽ സമ്മാനം ലഭിക്കില്ലെങ്കിൽ അവരാണ് വാസ്തവത്തിൽ സത്യത്തിന്റേതായ മതം സൂക്ഷിക്കുന്നവർ. സത്യം നിലനിർത്താനായി ജാഗ്രതയായി ഉണർന്നരിക്കുന്നവരും ആ മഹത് വ്യക്തികളാണ്. ആ സ്ഥാനത്തു മദർ തെരേസാ അവരുടെ പിൻഗാമിയാകുന്നതെങ്ങനെ? എങ്കിൽ ആരാണ് മദർ തെരേസാ? സത്യമായ മതത്തിൽ വിശ്വസിക്കുന്നവൻ ഒരു വിപ്ലവകാരിയായിരിക്കും. സമൂഹം അവരെ നിഷേധിക്കും. വെറുക്കും. യേശുവിനെ ഒരു കുറ്റവാളിയെപ്പോലെ കരുതി. എന്നാൽ മദർ തെരേസായെ വിശുദ്ധയായി ബഹുമാനിക്കുന്നു. തെരേസാ ശരിയെങ്കിൽ യേശു കുറ്റവാളിയാണ്. യേശു സത്യമെങ്കിൽ മദർ തെരേസ ഒരു കബളിപ്പിക്കൽ സ്ത്രീയായിരുന്നു. കപട പണ്ഡിതരെ ലോകം എന്നും പുകഴ്ത്തുന്നു. കാരണം അവരെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ട്. അവർ സമൂഹത്തിന്റെ ബഹുമാനവും കാംഷിക്കുന്നു. ചെറിയ ഇരയിട്ടു വലിയ മത്സ്യത്തെ പിടിക്കുന്നു.
കപടത (hypocrites) നിറഞ്ഞ മദർ തെരാസാ വ്യത്യസ്തങ്ങളായ രണ്ടുതരം വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നുവെന്നും ഓഷോ ഉദാഹരിച്ചിരിക്കുന്നു. അവർക്ക് അകമേയുള്ള തത്ത്വങ്ങൾ ഒന്നും പുറമെയുള്ള തത്ത്വങ്ങൾ മറ്റൊന്നുമായിരുന്നു. ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ഒരു കുട്ടിയെ ദത്തെടുക്കാൻ വന്നപ്പോൾ അവർക്കു കുട്ടിയെ കൊടുക്കാൻ സാധിച്ചില്ലെന്നു മദർ തെരേസാ എഴുതിയിരിക്കുന്നു. കാരണം അവരുടെ അനാഥാലയത്തിൽ അന്നു കുട്ടികളില്ലായിരുന്നുവെന്നു അവർ പറയുന്നു. ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചുവെന്നു പറഞ്ഞാണ് അവർ നോബൽ സമ്മാനം നേടിയത്. അന്ന് അവരുടെ നിയന്ത്രണത്തിൽ കുട്ടികളില്ലായിരുന്നെങ്കിൽ അവിടെ ജോലി ചെയ്യുന്ന എഴുനൂറു കന്യാസ്ത്രീകളുടെ തൊഴിലെന്തായിരുന്നു? ആരെയാണ് അവർ പരിപാലിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നതിനു വന്നപ്പോൾ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നവരെ അവർക്ക് അനാഥക്കുട്ടികളുണ്ടായിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം മതമറിഞ്ഞപ്പോൾ അവർക്ക് കുട്ടികളെ കൊടുക്കാനില്ലാതെയുമായി. രണ്ടു തരത്തിലുള്ള വ്യക്തിഗതമായ കപട മുഖം അവിടെ തെളിഞ്ഞു നിൽക്കുന്നു. പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടല്ലായെന്ന ന്യായവും. ഇത് കപടതയല്ലെങ്കിൽ പിന്നെ എന്ത് വിളിക്കും?
ഈ അനാഥക്കുട്ടികളെ വളർത്തിയത് റോമൻ കത്തോലിക്കാ വിശ്വാസത്തിലാണ്, വ്യത്യസ്ത മതങ്ങൾ ഇനിമേൽ പഠിപ്പിച്ചാൽ അവരിൽ മാനസിക കൺഫ്യൂഷൻ ഉണ്ടാകുമെന്നും അവർ ചിന്തിക്കുന്നു. നിങ്ങൾ പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടാണ് കുട്ടിയെ തരാൻ സാധിക്കില്ലാന്നും പറയാമായിരുന്നു. ദമ്പതികളിൽ ഭർത്താവ് യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു. കുട്ടിയെ തരില്ലാന്നു ഉത്തരം കേട്ടപ്പോൾ അവർ ഞെട്ടിപോയി. കുട്ടിയെ ലഭിക്കുമെന്ന ഉദ്ദേശത്തിൽ അവർ ബഹുദൂരം യാത്ര ചെയ്തു വന്നവരായിരുന്നു. അന്നവർ കത്തോലിക്കരെന്നു എഴുതിയിരുന്നെങ്കിൽ കുട്ടിയെ ഉടൻതന്നെ നൽകുമായിരുന്നു. അടിസ്ഥാനപരമായി ആ കുട്ടികൾ ഹിന്ദുക്കളാണ്. കത്തോലിക്കാ മതത്തിൽനിന്നും മറ്റൊരു മതത്തിൽ പോയാൽ അവരുടെ മാനസിക വളർച്ചയാണ് ഉദ്ദേശിക്കുന്നെങ്കിൽ അവരെ ഹൈന്ദവ മതത്തിൽ തന്നെ വളർത്തണമായിരുന്നു. പക്ഷെ അവരെ കത്തോലിക്കാ അന്തരീക്ഷത്തിൽ വളർത്തുന്നു. ഹിന്ദു കുട്ടികൾ കത്തോലിക്കരായി വളർന്നാൽ മാനസിക അവസ്ഥയ്ക്ക് കുറവും വരില്ല. അങ്ങനത്തെ ചിന്താഗതിയായിരുന്നെങ്കിൽ അവർ ഹിന്ദുക്കുട്ടികളെ കത്തോലിക്കരായി മതം മാറ്റരുതായിരുന്നു.
പാർലമെന്റിൽ മതപരിവർത്തനം പാടില്ലായെന്ന ഒരു ബില്ല് അവതരിപ്പിച്ചു. ഒരാളെ മറ്റൊരു മതത്തിൽ നിർബന്ധപൂർവം മതപരിവർത്തനം ചെയ്‌താൽ ശിക്ഷാർഹമെന്നായിരുന്നു ബില്ലിന്റെ സാരം. സ്വതന്ത്രമായ മനസോടെ ഒരാൾക്ക് മതം മാറാം. എന്നാൽ പിടിയരി കൊടുത്തും പ്രലോഭിപ്പിച്ചും മതം മാറ്റുന്നതിനെതിരെയായിരുന്നു നിയമ നിർമ്മാണംകൊണ്ടുദ്ദേശിച്ചത്. ആ ബില്ലിനെ ആദ്യം എതിർത്ത വ്യക്തി മദർ തെരേസായായിരുന്നു. ബില്ല് പാസാക്കരുതെന്നു അന്നവർ പ്രധാനമന്ത്രിക്ക് കത്തെഴുതി. അത് തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഞങ്ങൾക്ക് രക്ഷിക്കാൻ അവർ കത്തോലിക്കരായാൽ മാത്രമേ സാധിക്കുള്ളൂവെന്നും അറിയിച്ചു. അവർ അതിന്റെ പേരിൽ രാജ്യം മുഴുവൻ ഒച്ചപ്പാടുണ്ടാക്കി. രാഷ്ട്രീയക്കാർ വോട്ടു ബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു ബില്ലവതരണം അക്കൊല്ലം വേണ്ടെന്നു വെച്ചു. ഒരാളെ മതം മാറ്റുന്നത് അവരുടെ മാനസിക തലങ്ങളിൽ പ്രശ്നമുണ്ടാക്കുമെന്ന് മദർ തെരേസ വിശ്വസിക്കുന്നു. എങ്കിൽ അവർ മത പരിവർത്തനത്തിനു എതിരായിരിക്കണം. എന്നാൽ മദർ തെരേസ രണ്ടു വിധത്തിൽ സംസാരിച്ചുകൊണ്ടു നന്മയുടെ വ്യാജവേഷം ധരിക്കുന്നു. ഒരു കാര്യം പറയും മറ്റൊന്ന് പ്രവർത്തിക്കും. അതായിരുന്നു അവരിലുണ്ടായിരുന്ന മറ്റൊരു കപടത.
ഓഷോ മദർ തെരേസായെ 'സ്റ്റുപ്പിഡ്', 'ഇഡിയോട്ടിക്ക്' മുതലായ പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുമ്പോൾ അത് സംസ്ക്കാരത്തിന്റെ അതിരു കടന്നില്ലേയെന്നു തോന്നിപ്പോവും. എങ്കിലും ആ വിശേഷണ പദങ്ങളെയെല്ലാം ഓഷോ താത്ത്വികമായി ന്യായികരിക്കുന്നുണ്ട്. 'അളവറ്റ സ്നേഹത്തോടെ നിങ്ങളോടു ക്ഷമിക്കുന്നു'വെന്നു മദർ തെരേസാ ഓഷോയ്‌ക്കെഴുതിയ കത്തിലുണ്ടായിരുന്നു. തെരേസായുടെ ഈ വാക്കുകൾ ഓഷോ പരിഹാസരൂപേണയാണ് കണക്കിലെടുത്തത്. 'സ്നേഹമെന്നുള്ളത് അളക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു കിലോ രണ്ടു കിലോ സ്നേഹമെന്നു ആർക്കും പറയാൻ സാധിക്കില്ല. പിന്നെ അവർ ക്ഷമിച്ചെന്നു പറയുന്നു. ക്ഷമിച്ചെങ്കിൽ അവരെ കുപിതയാക്കിയിരിക്കണം. കോപം ശമിക്കാൻ അവർക്കു ധ്യാനം ആവശ്യമായിരുന്നു. ക്ഷമിക്കാൻ താൻ അവരോടു കുമ്പസാരിക്കാൻ പോയില്ല. പിന്നെ എന്തിനു ക്ഷമിക്കണമെന്നും' ഓഷൊ ചോദിക്കുന്നു. "തന്നോടല്ല ക്ഷമിക്കേണ്ടത്. ആരെങ്കിലും ക്ഷമിക്കണമെങ്കിൽ അവരോടു സ്വയം ക്ഷമിക്കണമെന്നാണ്" ഓഷോ എഴുതിയിരിക്കുന്നത്.
അനാഥരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് 'ഗർഭഛിന്ദ്രം എന്ന പാപം ഒഴിവാക്കാനെന്നു മദർ തെരേസ എഴുതി. അവർ ഗർഭചിന്ദ്രത്തെ എതിർക്കുന്നു. ഓഷോയുടെ അഭിപ്രായത്തിൽ 'ഇവിടെ അവരാണ് മഹാപാപം ചെയ്യുന്നത്. 'ഗർഭഛിന്ദ്രം' ഓഷോയുടെ വീക്ഷണത്തിൽ പാപമല്ലായിരുന്നു. ജനസംഖ്യ ക്രമാധീതമായി വർദ്ധിച്ചിരിക്കുന്ന ഒരു രാജ്യത്തു ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗർഭഛിന്ദ്രം അനിവാര്യമാണ്. ഗർഭഛിന്ദ്രം നന്മയെ പ്രദാനം ചെയ്യുന്നു. അതു പാപമെങ്കിൽ അതിനുത്തരവാദികൾ പോളക്ക് മാർപ്പാപ്പയും മദർ തെരെസായുമാണ്. കാരണം അവർ ഗർഭനിരോധകത്തിനും ഗർഭഗുളികകൾക്കും എല്ലാവിധ ജനന നിയന്ത്രണത്തിനും എതിരാണ്. ഇത്തരം ആൾക്കാരാണ് ഗർഭഛിന്ദ്രത്തിനു കാരണക്കാരും കുറ്റവാളികളും.
ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന ലോകത്ത് ദാരിദ്ര്യവും വിശപ്പും നിറഞ്ഞൊഴുകുമ്പോൾ ഗർഭനിരോധകവും ഗർഭഗുളികകളും ഉപയോഗിക്കാൻ പാടില്ലാന്നുള്ള മതകൽപ്പനകളും തെരേസായുടെ ചിന്താഗതികളും ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഗർഭനിരോധക ഗുളികകൾ ആധുനിക ശാസ്ത്രം മനുഷ്യത്വത്തിന് നൽകിയ സംഭാവനയാണ്. ജനസംഖ്യ കുറച്ചുകൊണ്ട് വിഭവങ്ങൾ ശാസ്ത്രീയമായി സമാഹരിച്ചു വിതരണം ചെയ്‌താൽ ഈ ലോകത്തെ തന്നെ സ്വർഗമാക്കാൻ സാധിക്കും. എന്നാൽ ആ സ്വർഗത്തിൽ അനാഥർ കാണില്ല. എങ്കിൽ മദർ തെരേസായ്ക്കും മിഷ്യനറിസ് ഓഫ് ചാരിറ്റിയ്ക്കും കൂട്ടർക്കും എന്തു സംഭവിക്കുമായിരുന്നു. ആ സ്വർഗത്തിൽ പിന്നീട് മാർപ്പാപ്പാ പറയുന്നതു ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല. മരണശേഷമുള്ള ഒരു സ്വർഗത്തെപ്പറ്റി ആരാണ് പിന്നീട് ചിന്തിക്കാൻ പോവുന്നത്. സ്വർഗം ഇവിടെത്തന്നെ പണിയുന്നുവെങ്കിൽ മതത്തിന്റെ സ്വപ്നത്തിലെ ഒരു സ്വർഗം മറ്റൊരു സ്ഥലത്തു പണിയേണ്ട ആവശ്യമുണ്ടോ?
ദാരിദ്ര്യത്തെ നശിപ്പിക്കണം. ദരിദ്രരെ സേവിക്കുന്നവരെയല്ല വേണ്ടത്. പതിനായിരക്കണക്കിന് ജനം ദരിദ്രരെ സേവിക്കുന്നവരായുണ്ട്. എന്നാൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള ആധുനിക ടെക്കനോളജികളുണ്ട്. ആരോടെങ്കിലും ക്ഷമിക്കണമെങ്കിൽ മദർ തെരേസായോടും പോപ്പിനോടുമാണ് വേണ്ടതെന്നും ഓഷോ പറയുന്നു. ഗർഭനിരോധക യജ്ഞം തടയുന്ന വഴി അവർ കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കണമെങ്കിൽ ബൗദ്ധികമായി നാം ഉയർന്ന നിലവാരവും പുലർത്തണം.
"ഞാൻ താങ്കളോട് ക്ഷമിക്കുന്നു. നിങ്ങളിൽ സഹതാപമുണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്ന" മദർ തെരാസായുടെ വാക്കുകളെ നിസാരമായി ഓഷോ തള്ളിക്കളഞ്ഞു. 'താനൊരു വ്യക്തിഗത ദൈവത്തെ വിശ്വസിക്കുന്നില്ല. ഒരു വ്യക്തിയായ ദൈവം എനിക്കില്ല. പിന്നെ ആരാണ് എന്നെ അനുഗ്രഹിക്കുന്നത്? ആർക്കെങ്കിലും സാധിക്കുമോ? ദൈവമെന്നു പറയുന്നത് നാം സ്വയം കണ്ടെടുക്കലാണ്. പ്രത്യക്ഷീകരണമാണ്. ആരെങ്കിലും അത് യാദൃച്ഛികമായി കണ്ടുമുട്ടുന്നതല്ല. അത് നമ്മുടെ ഉപബോധമനസിനെ പരിശുദ്ധമാക്കുന്നതാണ്. ഞാനൊരു നാസ്തികനല്ല. എന്നാൽ ഏക ദൈവ വിശ്വാസിയുമല്ല. ദൈവമെന്നത് എന്നെ സംബന്ധിച്ച് വ്യക്തിയല്ല. എന്നാൽ എന്നിൽ ദൈവത്തിന്റെ സാമീപ്യമുണ്ട്. കഠിനമായ ധ്യാനത്തിൽക്കൂടി ലഭ്യമാകുന്ന ഒന്നാണ് ആ സാമിപ്യം.' "സ്നേഹം കൊണ്ട് നിന്റെ ഹൃദയം നിറയ്‌ക്കൂ' വെന്ന മദറിന്റെ വാക്കുകളും ഓഷോ പുച്ഛിച്ചു തള്ളി. അദ്ദേഹം പറഞ്ഞു, "എന്റെ ഹൃദയം പൂർണ്ണമായും സ്നേഹം നിറഞ്ഞിരിക്കുകയാണ്. മറ്റൊരാളിന്റെ സ്നേഹത്തെ ഇനി എന്റെ ഹൃദയത്തിൽ ആവഹിക്കാൻ ഇടമില്ല. മറ്റുള്ളവരുടെ സ്നേഹം എന്റെ ഹൃദയത്തിൽ ഞാനെന്തിന് പ്രതിഷ്ഠിക്കണം. കടം മേടിച്ചു കിട്ടുന്ന സ്നേഹം സ്നേഹമേയല്ല. ഓരോരുത്തരുടെയും ഹൃദയത്തിനു അതിന്റേതായ പരിമളമുണ്ട്. ഇത്തരം സ്നേഹ പ്രകടനങ്ങൾ വെറും മതമൗലിക ചിന്തകളാണ്. മദർ തെരേസ വെറും സാധാരണ നിലവാരം പുലർത്തുന്ന പമ്പര വിഡ്‌ഡികളിൽ ഒരാൾ മാത്രമെന്നും" ഓഷോ വിശേഷിപ്പിച്ചു.
Cover Photo: EMalayalee :http://emalayalee.com/varthaFull.php?newsId=129131
Malayalam Daily News: http://www.malayalamdailynews.com/?p=240036
Kalavedi: http://www.kalavedionline.com/index.php?cat=Special&news=2712
Subscribe to:
Posts (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
By ജോസഫ് പടന്നമാക്കൽ http://www.malayalamdailynews.com/?p=51839 പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ...
-
ജോസഫ് പ ടന്നമാക്കൽ ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...

























