Thursday, November 3, 2016

വൈറ്റ്ഹൗസ് സ്വപ്നം കാണുന്ന സ്ളാവിക്ക് സുന്ദരി മെലനിയ, ഒരു അവലോകനം


ജോസഫ് പടന്നമാക്കൽ

അമേരിക്കയുടെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ അടുത്ത പ്രസിഡന്റ് ആരെന്നറിയാൻ ഇനി അവശേഷിച്ചിരിക്കുന്നത് ഏതാനും ദിവസങ്ങൾ മാത്രം. 2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ചരിത്രപരവും കൗതുകകരവുമെന്നതിൽ സംശയമില്ല. സ്ഥാനാർഥികളായ റൊണാൾഡ്‌ ട്രംപും ഹില്ലരി ക്ലിന്റനും പരസ്പരം കുറ്റാരോപണങ്ങളും പരിഹാസങ്ങളും ഈ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചെന്നുള്ളതും ഒരു സവിശേഷതയായിരുന്നു. ആര് ജയിക്കുമെന്നുള്ളത് പ്രവചനങ്ങൾക്കും അതീതമാണ്. അമേരിക്കയുടെ പാരമ്പര്യ ചരിത്രത്തിന്റെ ചുരുളുകൾ അഴിക്കുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സാധ്യത കുറവാണ്. കൂടാതെ ഈമെയിൽ വിവാദത്തിൽ ഹിലരി കുടുങ്ങിയും കിടക്കുന്നു. മറുവശത്ത് ലൈംഗിക അപവാദത്തിൽ മങ്ങലേറ്റ ട്രംപ് പ്രതിയോഗിയുടെ ഇമെയിൽ വിവാദത്തെ മുറുകെപ്പിടിച്ചു മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങളിൽ കൂടി നാം ദർശിക്കുന്നത്. ആരു ജയിക്കും ആരു തോക്കുമെന്നുള്ളതും പ്രവചനാതീതം. ഒരു വശത്തു എബ്രാഹം ലിങ്കൺ മുതൽ മഹനീയമായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി കുബേര ചക്രവർത്തി ട്രംപും മറുവശത്ത് പ്രഗൽപ്പയായ ഭരണാധികാരിയും അമേരിക്കയുടെ പ്രഥമ വനിതയുമായിരുന്ന ഹില്ലരി ക്ലിന്റണും നേർക്കു നേരെ പോരാടുമ്പോൾ ആർക്ക് വോട്ടു ചെയ്യണമെന്നുള്ള ചിന്താകുഴപ്പങ്ങളും വോട്ടർമാരിൽ വന്നു പെട്ടിട്ടുണ്ട്. ഇത്തരുണത്തിൽ നാം ഓർമ്മിക്കേണ്ട ഒരു സംഗതി ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ ഒപ്പം പ്രഥമ വനിത മെലനിയയും ട്രംപിനൊപ്പം വൈറ്റ് ഹൌസിന്റെ താക്കോൽ സൂക്ഷിപ്പുകാരിയാകും. പ്രസിഡന്റുമൊപ്പം കൈകോർത്തു പിടിച്ചു നടക്കേണ്ട അവർ ലോക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടും. പ്രസിഡന്റ് സ്ഥാനാർത്ഥി ട്രംപിന്റെ ഭാര്യയെന്ന നിലയിൽ മെലനിയയും ചരിത്രത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. അവരെപ്പറ്റി കൂടുതലായറിയാൻ ചരിത്രകുതുകികളായവർ തീവ്രമായ ഗവേഷണങ്ങളും ആരംഭിച്ചതായി കാണാം. 

ഒരു സാധാരണ വീട്ടിൽ ഗ്രാമീണ കന്യകയെപ്പോലെയാണ് അവർ വളർന്നത്. മെലനിയയ്‍ക്ക് ഇളയ ഒരു സഹോദരിയുമുണ്ട്. ആദ്യകാലങ്ങളിൽ അവർ മോഡലിംഗ് ജീവിതം നയിച്ചിരുന്നത്   മിലാനിലും പാരീസിലുമായിരുന്നു. പതിനാറാം വയസ്സിൽ അവർ മോഡലിംഗ് തുടങ്ങി. പതിനെട്ടാം വയസിൽ മിലാനിലുള്ള ഒരു ഏജൻസിയുമായി ഒപ്പിട്ടു. 1996-ൽ അവർ ന്യൂയോർക്കിൽ വന്നു. പ്രസിദ്ധ ഫോട്ടോഗ്രാഫറന്മാരുടെ കീഴിൽ സ്ഥിരമായ ജോലിയുമുണ്ടായിരുന്നു. പാട്രിക്ക് ഡിമാർക്കല്ലെർ, ഹെൽമട്ട് ന്യൂട്ടൺ എന്നീ ഫോട്ടോഗ്രാഫർമാരോടൊപ്പം പ്രവർത്തിച്ചു. ഹാർപെഴ്‌ ബസാർ, ബൾഗേറിയാ, (Harper's Bazaar, Bulgaria), വാനിറ്റി ഫെയർ ഇറ്റലി, (Vanity Fair,Italy), ജി ക്യു ആൻഡ് സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ് സ്വിം സ്യൂട്ട് ഇഷ്യു, (GQ and Sports Illustrated Swimsuit Issue) എന്നീ മാസികകളുടെ കവർ പേജുകളിൽ അവരുടെ ഫോട്ടോകൾ സ്ഥിരം വരുമായിരുന്നു.

മെലനിയയും ട്രംപും 1998--ൽ ന്യൂയോർക്കിൽ വെച്ച് ഒരു പാർട്ടിയിൽ യാദൃച്ഛികമായി കണ്ടുമുട്ടി. പിന്നീട് രണ്ടു വർഷം അവർ യുറോപ്പിലായിരുന്നു. 2004-ൽ ട്രംപ് അവരോടു വിവാഹാഭ്യർത്ഥന നടത്തി. 2005 ജനുവരിയിൽ അവർ തമ്മിൽ വിവാഹിതരായി. ട്രംപിന്റെ വക ഫ്ലോറിഡയിലെ 'മാർലാഗോ' ക്ലബിൽ വെച്ചായിരുന്നു വിവാഹം. രാത്രികാലങ്ങളിൽ സാധാരണ അനേക കോൺഫറൻസുകൾ നടത്തുന്ന ഹാളാണ് അത്. അവർ വ്യവസായ മൊഗുലിന്റെ മൂന്നാമത്തെ ഭാര്യയാണ്. ആദ്യം ട്രംപ് വിവാഹം കഴിച്ചിരുന്നത് 'ഐവാനാ'യെന്ന ചെക്കോസ്ലൊവോക്യൻ മോഡലിനെയായിരുന്നു. ആ വിവാഹം 1977 മുതൽ 1992 വരെ നിലനിന്നു. അദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ മരിയാ മാപ്പിൾസുമായുള്ള വിവാഹ ബന്ധം 1993 മുതൽ 1999 വരെയായിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റാവുകയാണെങ്കിൽ മെലനിയ അമേരിക്കയുടെ ചരിത്രത്തിൽ ഒരു കമ്യുണിസ്റ്റ് രാജ്യത്തു വളർന്ന ആദ്യത്തെ പ്രഥമ വനിതയായിരിക്കും. 

'മെലനിയ' എന്ന സ്ളാവിക്ക് സുന്ദരി ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അറിയപ്പെട്ടിരുന്നത് മെലനിയാ ക്നാവ്സ് എന്നായിരുന്നു. നിശബ്ദതയിലെ സുന്ദരിയെന്നാണ് അവരെ അറിയപ്പെട്ടിരുന്നത്. 1970 ഏപ്രിൽ ഇരുപത്തിയാറാം തിയതി സ്ലോവേനിയായിൽ ഒരു നദീതീര പ്രദേശമായ സേവനിക്കയിൽ അവർ ജനിച്ചു. അന്ന് ആ രാജ്യം കമ്മ്യൂണിസ്റ്റ് യൂഗോസ്ലോവിയായുടെ ഭാഗമായിരുന്നു. 2001-ൽ അവർക്ക് അമേരിക്കയിൽ സ്ഥിരം താമസിക്കാനുള്ള ഗ്രീൻ കാർഡും 2006-ൽ പൗരത്വവും ലഭിച്ചു. ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ അവർ ജോൺ ക്വിൻസി ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡമിനു ശേഷം പുറം രാജ്യത്തു ജനിച്ച രണ്ടാമത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരിക്കും. പ്രസിഡന്റ് ജോൺ ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡം ജനിച്ചത് ഇംഗ്ലണ്ടിലായിരുന്നു.   

ഭർത്താവിനെപ്പോലെ വാതോരാതെ വർത്തമാനം പറയുന്ന സ്വഭാവം മെലനിയക്കില്ല. മിതഭാഷിയായ അവർ കുറച്ചു മാത്രമേ സംസാരിക്കുള്ളൂ. സൈബർ പേജിലോ ട്വീറ്റിലോ സമയം കളയാറില്ല. 2016 മാർച്ച് 27-നു അവർ ഹാപ്പി ഈസ്റ്റർ എന്നെഴുതി വെറും രണ്ടു വാക്കിൽ ട്വീറ്റു ചെയ്തു. അതിനു മുമ്പ് 2015-ൽ അവരുടെ പോസ്റ്റ് ഹാപ്പി ജൂലൈ ഫോർത്ത് എന്നായിരുന്നു. അവർ അഞ്ചടി പതിനൊന്നിഞ്ചു പൊക്കമുള്ള സ്ളാവിയൻ സൗന്ദര്യ പട്ടം കിട്ടിയ ഒരു മോഡലായിരുന്നു. പൊക്കത്തിന്റെ കാര്യത്തിൽ അവരെക്കാൾ പൊക്കം കൂടിയ പ്രഥമ വനിതകൾ വൈറ്റ് ഹൌസിൽ താമസിച്ചിട്ടുണ്ട്. മിഷാൽ ഒബാമയ്ക്കും അവർക്കൊപ്പം പൊക്കമുണ്ട്. അതുപോലെ എലനോർ റൂസ്‌വെൽറ്റിനും അവരോടൊപ്പം പൊക്കമുണ്ടായിരുന്നു. ഔദ്യോഗികമായ സ്ഥാനങ്ങൾ ഒന്നും തന്നെ വഹിച്ചിട്ടില്ലെങ്കിലും ഭർത്താവുമായുള്ള യാത്രാവേളകളിൽ പ്രസിദ്ധരായ അനേകരായും സൗഹാർദ ബന്ധത്തിലേർപ്പെടാൻ സാധിച്ചിട്ടുണ്ട്. സ്ലോവേനിയ ഭാഷ കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും സെർബിയനും ജർമ്മനും നല്ലവണ്ണം സംസാരിക്കും.

മെലനിയ-ട്രംപ് ദമ്പതികൾക്ക് ഒരു കുട്ടിയും ട്രംപിന്റെ മുൻ ഭാര്യമാരിലുള്ള മറ്റു നാല് മക്കളുമുണ്ട്‌. അവരുടെ മകൻ 'ബാറൻ' സ്ലോവേനിയൻ ഭാഷ ഭംഗിയായി സംസാരിക്കും. പിതാവ് ഒരു കാർ കച്ചവടക്കാരനും 'അമ്മ ഫാഷൻ ഡിസൈനറുമായിരുന്നു.

സൗന്ദര്യപ്പട്ടം നേടിയ അവരുടെ പടങ്ങൾ വർഷങ്ങളായി പ്രമുഖ മാഗസിനുകളുടെ കവർപേജുകളിൽ വരാറുണ്ട്. വോഗ്, ഹാർപെഴ്‌സ് ബസാർ, ഓഷ്യൻ ഡ്രൈവ്, അവന്യൂ, ഇൻ സ്റ്റൈൽ, ന്യൂയോർക്ക് മാഗസിൻ മുതലായ പ്രസിദ്ധീകരണങ്ങളിലാണ് അവരുടെ മികവുറ്റ ശരീര ഭാഗങ്ങളോടെയുള്ള പടങ്ങൾ കൂടുതലായും പ്രസിദ്ധീകരിക്കാറുള്ളത്. ബ്രിട്ടീഷ് ജി ക്യു മാഗസിനിൽ ഡൈമൻഡ് ധരിച്ചുകൊണ്ടും കൈകളിൽ പിസ്റ്റൾ ചൂണ്ടിയും വിലങ്ങുമായി നിൽക്കുന്ന മാദക റാണിയെപ്പോലുള്ള ഫോട്ടോകൾ വിവാദപരമായിരുന്നു. യാഥാസ്ഥിതികനായ റ്റെഡ് ക്രൂസുമായി ഡൊണാൾഡ് ട്രംപ് അതിനെപ്രതി കടുത്ത വാക്കുകൾ കൊണ്ടുള്ള യുദ്ധവും നടത്തി. അത്തരം പടങ്ങൾ സദാചാര വിരുദ്ധമെന്ന് യാഥാസ്തിക ലോകത്തിനു തോന്നുമെങ്കിലും പരസ്യ വിപണികളിലും വ്യവസായിക ലോകത്തിനും അതൊരു പ്രശ്നമല്ല. അമേരിക്കയെ സംബന്ധിച്ച് അത്തരം പടങ്ങൾ നിയമവിരുദ്ധവുമല്ല. ഫാഷൻ ലോകത്തുനിന്നും അമേരിക്കയിൽ ഒരു പ്രഥമ വനിത ആദ്യമാണെങ്കിലും ഫ്രഞ്ച് പ്രഥമ വനിതയായിരുന്ന 'കാർലാ ബ്രൂണിയും' ഇതുപോലെ ശരീര ഭംഗി കാണിച്ചുകൊണ്ടുള്ള പടങ്ങളുമായി ഫാഷൻ ലോകത്തിൽ നിന്നും ഉയർന്നുവന്നതാണ്. അവരുടെ മോഡലിംഗ് കാലങ്ങളിലും നഗ്‌നമായ ഫോട്ടോകൾ ലോക മാഗസിനുകളിൽ നിറഞ്ഞു നിന്നിരുന്നു. 

നഗ്ന ഫോട്ടോകളെ സംബന്ധിച്ചും ട്രമ്പിനു വിശദീകരണമുണ്ട്. 'ഈ ഫോട്ടോകൾ മെലനിയയെ പരിചയപ്പെടുന്നതിനു മുമ്പുള്ളതാണ്. മെലനിയ പ്രൊഫഷണൽ നിലവാരങ്ങളിൽ അങ്ങേയറ്റം  ശോഭിച്ച വ്യക്തിപ്രഭാവം നിറഞ്ഞ ഒരു മോഡൽ ഗേളായിരുന്നു. യൂറോപ്പിൽ അത്തരം പടങ്ങൾ ഫാഷൻന്റെ ഭാഗങ്ങളാണ്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ അത് സാധാരണവുമാണ്. ഒരു രാജ്യത്തുള്ള സാംസ്‌ക്കാരികതയെ വ്യക്തിഹത്യയായി കാണുന്നതും ബാലിശ ചിന്താഗതിയാണ്.
മെലനിയ പ്രൊഫഷണലായി ഫാഷൻ ലോകത്ത് ഉയർന്നുവെങ്കിലും ഒരു കോളേജ് ഡിഗ്രി നേടാൻ അവർക്ക് കഴിഞ്ഞില്ല. സ്ലോവേനിയാ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ ആൻഡ് ഡിസൈനിങ്ങിൽ കോഴ്സുകൾ മുഴുവനും പൂർത്തിയാക്കിയിട്ടുണ്ട്. പിന്നീട് അവർ സ്കിൻ കെയർ (Skin Care) ബിസിനസിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. 2016 ജൂലൈയിൽ സി.എൻ.എൻ. ടെലിവിഷൻ റിപ്പോർട്ടർമാരുടെ അന്വേഷണത്തിലാണ് അവർ ആ യൂണിവേഴിസിറ്റിയിൽനിന്നും ഗ്രാഡുവേറ്റു ചെയ്തില്ലെന്ന് സ്ഥിതികരിച്ചത്. മെലനിയ ഒരിക്കലും അവരുടെ വിദ്യാഭ്യാസ യോഗ്യതകളെപ്പറ്റി ആരുമായും വെളിപ്പെടുത്തിയിരുന്നില്ല.    

മെലനിയ 2010-ൽ ടൈംപീസ് ആൻഡ് ഫാഷൻ ജ്യുവലറിയെന്ന പേരിൽ ഒരു ബിസിനസ് നടത്തിയിരുന്നു. 2010 ഫെബ്രുവരിയിൽ ഹോം ഷോപ്പിംഗ് നെറ്റ് വർക്കായി തുടങ്ങിയ ഈ ബിസിനസിൽ ഡൊണാൾഡായിരുന്നു ആദ്യത്തെ അവരുടെ പറ്റുപടിക്കാരൻ. നാൽപ്പത്തിയഞ്ച് മിനിറ്റുകൊണ്ട് മെലനിയായുടെ വില്പനയ്ക്കു വെച്ചിരുന്ന ഉൽപ്പന്നങ്ങൾ മുഴുവനായി  വിറ്റഴിഞ്ഞുവെന്നുള്ളതു അവരെ സംബന്ധിച്ചു വിസ്മയകരമായിരുന്നു. 2013-ൽ അവർ സ്കിൻ കെയർ (Skin care) സംബന്ധിച്ച ബിസിനസും തുടങ്ങി. മെലനിയ കാവിയർ കോംപ്ലെക്സ്‌ സി 6 ("Melania™ Caviar Complexe C6.) എന്ന പേരിൽ ആ സ്ഥാപനം പ്രവർത്തിച്ചു. അവരുടെ മകൻ 'ബാറൺ' എന്നും കിടക്കുന്നതിനുമുമ്പ് കുളി കഴിഞ്ഞശേഷം ഈ സ്കിൻ ഓയിന്റ്മെന് പെരട്ടുന്നുവെന്നു ഡെയിലി മാൾ (Daily Mall) പത്രത്തോടായി അവർ പറഞ്ഞു. അനേക ടെലിവിഷൻ കൊമേഴ്ഷ്യലിൽ മെലനിയ പങ്കു ചേരാറുണ്ട്. ബാർബറാ വാൾട്ടേർഴ്‌സിനൊപ്പം അവർ കോ ഹോസ്റ്റായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ അവരുടെ ഭർത്താവിന്റെ അപ്രന്റിക്സ് (Apprentice) ഷോകളിലും സജീവമായിരുന്നു. 

2005-ൽ ന്യൂയോർക്ക് പോസ്റ്റിന്റെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന പാലോ സമ്പോളിയുമായി മെലനിയായ്‍ക്ക് ഒരു അഭിമുഖ സംഭാഷണമുണ്ടായിരുന്നു. അതിൽ 'പാലോ' പറഞ്ഞിരിക്കുന്നു, 'അവർ അസാധാരണമായി മാത്രമേ വീടു വിട്ടു പുറത്തു പോകാറുള്ളൂ. ക്ലബിലും ബാറിലും ഒരിക്കലും പോയിട്ടില്ല. ഡൊണാൾഡിനെ കണ്ടുമുട്ടുന്നതിനു മുമ്പ് അവർ ആരുമായും മൈത്രിബന്ധം പുലർത്തിയിരുന്നില്ല. അതിനുമുമ്പ് ഒരു പുരുഷനുമായും ഡേറ്റും ചെയ്തിട്ടില്ല. സിനിമയ്ക്കും ജിംനേഷ്യത്തിലും പോവുന്ന സമയം തനിയെ മാത്രമേ പോവുമായിരുന്നുള്ളൂ. ക്യാമൽ സിഗരറ്റിൻറെ മോഡലായി അവർ ടൈംസ് സ്‌കൊയറിൽ പോയിരുന്നു. എങ്കിലും എല്ലാ സമയവും വീട്ടിൽ തന്നെ വീട്ടുകാര്യങ്ങളും നോക്കി ജീവിക്കാനാണ് അവർക്കിഷ്ടം. അവർ ഒരിക്കലും പാർട്ടിമേളകളിൽ താല്പര്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നില്ല. 

ഫാഷൻ ഷോകളിലും മറ്റും അവർ ശരീര ഭാഗങ്ങൾ കാണിച്ചുകൊണ്ട് മത്സര രംഗത്തും പരസ്യ വിപണികളിലും പ്രവർത്തിച്ചിരുന്നെങ്കിലും സ്വകാര്യ ജീവിതത്തിൽ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അവർക്കുള്ളത്. 1999-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് മത്സരത്തിനായി ശ്രമിച്ചിരുന്നു. അന്ന് ഡൊണാൾഡ് അവരുടെ കൂട്ടുകാരൻ മാത്രമായിരുന്നു. അവർ ന്യൂയോർക്ക് ടൈംസുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു, "ഞാൻ പാരമ്പര്യത്തിൽ വിശ്വസിക്കുന്ന ഒരു സ്ത്രീയാണ്. എന്നും അങ്ങനെതന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കയുടെ പ്രഥമ വനിതകളായിരുന്ന 'ബെറ്റി ഫോർഡിനെപ്പോലെയും' 'ജാക്കി കെന്നഡിയെപ്പോലെയും' ഒരു കുടുംബിനിയായി ജീവിക്കാനാണ് താൻ താൽപര്യപ്പെടുന്നത്." അവർ ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ സ്വർണ്ണ ബിക്കിനിയിട്ടും മോഡലിംഗ് ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രൈവറ്റ് ജെറ്റിലായിരുന്നു അന്ന് ആ പടമെടുത്തത്.

ആദ്യം ഡൊണാൾഡിനെ കണ്ടപ്പോൾ അവർക്ക് പ്രേമമൊന്നും തോന്നിയില്ലായെന്നു പറയുന്നു. 1998-ൽ ന്യൂയോർക്കിലെ കിറ്റ് കാറ്റ് ക്ലബിൽ വെച്ചാണ് ഒരു ഫാഷൻ ഷോയിൽ ഡൊണാൾഡ് തന്റെ ഭാവിവധുവായ മെലനിയെ കണ്ടുമുട്ടിയത്. ഡൊണാൾഡ് ആദ്യം അവരുടെ ടെലിഫോൺ നമ്പർ ചോദിച്ചപ്പോൾ മെലനിയാ നിരസിക്കുകയാണുണ്ടായതെന്നു ന്യൂയോർക്ക് പോസ്റ്റിന്റെ എഡിറ്റർ 'മോൾനാർ' പറയുന്നു. പകരം അവർ ഡൊണാൾഡിന്റെ നമ്പർ മേടിച്ചു. ഏതാനും ദിവസങ്ങൾക്കകം മെലനിയാ ഡൊണാൾഡിനെ ടെലിഫോണിൽ വിളിക്കുകയുമുണ്ടായി.

ഡൊണാൾഡ്‌മായി വിവാഹത്തിനു മുമ്പ് ഇരുവരുടെയും ഭാവിയിലെ സ്വത്തവകാശങ്ങളുടെ പേരിലുള്ള ഒരു ഉടമ്പടി 2005-ൽ മെലാനിയാ ഒപ്പു വെച്ചിരുന്നു. ഡൊണാൾഡ് പറഞ്ഞതുപോലെ അത്തരം ഒരു ഉടമ്പടി (prenuptial agreement) സന്തോഷപൂർവമാണ് അവർ ഒപ്പുവെച്ചത്. ബന്ധം വേർപെടേണ്ടി വന്നാലും ഡൊണാൾഡിന്റെ സ്വത്തുക്കളൊന്നും ആഗ്രഹിക്കാതെ പൂർണ്ണ സമ്മതോടെ ആ ഉടമ്പടിയിൽ ഒപ്പുവെച്ചതും അവരുടെ മഹത്വം അവിടെ പ്രകടമാക്കുന്നു. ആഘോഷ പൂർവമായിരുന്ന ആ വിവാഹ ചടങ്ങിൽ ക്ലിന്റണും ഹിലരിയും അന്നു സംബന്ധിച്ചിരുന്നു.
കഴിഞ്ഞ ജൂലയ് മാസത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഭാര്യയെന്ന നിലയിൽ റിപ്പബ്ലിക്കൻ കൺവൻഷനിൽ അവർക്ക് ഒരു പ്രസംഗം ചെയ്യേണ്ടതായി വന്നു. അവർ ചെയ്ത പ്രസംഗത്തിന്റെ തുടർച്ചയിൽ ഏതാനും ഭാഗങ്ങൾ മിഷാൽ ഒബാമയുടെ എട്ടുവർഷം മുമ്പു നടത്തിയ പ്രസംഗത്തിന്റെ കോപ്പിയായതും വിവാദമായി. മിഷാൽ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഉത്തരവാദിത്വം ട്രംപിന്റെ സ്റ്റാഫ്‌ റിപ്പോർട്ടറായ
മെറീഡിത് മക്ലവർ (Meredith McIver)ഏറ്റെടുത്തു. അവർ മിഷാലിന്റെ പ്രസംഗത്തിന്റെ ഭാഗം അവിചാരിതമായി ചേർത്തതെന്നും പറഞ്ഞു. അവരുടെ വിവരണം ഇങ്ങനെ 'മെലനിയായുടെ  പ്രസംഗം തയ്യാറാക്കുന്ന ജോലിയിലുള്ള സംഭാഷണമദ്ധ്യേ മെലനിയാ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് മിഷാൽ ഒബാമയെന്നു പറഞ്ഞു. മിഷാൽ ഒബാമയുടെ ചില ഉദ്ധരണികൾ അവർ ടെലഫോണിൽക്കൂടി പറഞ്ഞു തരുകയും ചെയ്തു. അവർ ടെലിഫോണിൽ പറഞ്ഞതുപോലെ പ്രസംഗവും തയ്യാറാക്കി. അതിൽ പൂർണ്ണമായും മെലനിയയെ കുറ്റപ്പെടുത്തേണ്ടന്നും മക്ലവർ പ്രതികരിച്ചിരുന്നു.

അമേരിക്കയുടെ പ്രഥമ വനിതയാകാൻ സാധ്യതയുള്ള അവരുടെ പ്രൊഫൈൽ ഒരു റിപ്പോർട്ടറായ ജൂലിയാ ലോഫേ (Julia Ioffe) തയ്യാറാക്കിയപ്പോൾ അവർക്ക് രഹസ്യമായ ഒരു സഹോദരനുണ്ടെന്നു കണ്ടെത്തിയിരുന്നു. മെലനിയയുടെ പിതാവ് വിക്റ്റർ ക്നാവ് കഠിനാദ്ധ്വാനിയും പാരമ്പര്യത്തിൽ വിശ്വസിക്കുന്നയാളുമായി വിശേഷിക്കപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് മെലനിയയുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു പുത്രനുണ്ടായിരുന്ന കാര്യം അതീവ രഹസ്യമായിരുന്നു. കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന കാര്യമായതുകൊണ്ടു അങ്ങനെയൊരു മകനെപ്പറ്റി കുടുംബം മറ്റുള്ളവരിൽനിന്നും ഒളിച്ചു വെച്ചിരുന്നു. വിവാഹത്തിന് പുറത്തുള്ള ആ മകന്റെ പേര് 'ഡെന്നിസ് സിജൽജാക്സ്' (Denis Cigelnjak's) എന്നായിരുന്നു. മകനാണെന്നു കോടതിവഴി തെളിഞ്ഞതിനാൽ ആ കുട്ടിയ്ക്കുള്ള ചെലവുകൾ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കലും ആ പിതാവിന് ഡെന്നിസ് തന്റെ മകനെന്നു അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. ആ മകന് ഇപ്പോൾ അമ്പത് വയസു പ്രായമുണ്ട്. അയാൾ കുടുംബത്തിന്റെ സ്വദേശമായ സ്ലോവേനിയായിൽ തന്നെ താമസിക്കുന്നു. അങ്ങനെയൊരു സഹോദരനെപ്പറ്റി മെലനിയയ്‍ക്ക് വർഷങ്ങളായി അറിയാമായിരുന്നുവെന്നു സമ്മതിക്കുകയും ചെയ്തു.  

ഡൊണാൾഡ് ട്രംപ് ലൈംഗികപരമായ അശ്ളീല പദങ്ങൾ ഉപയോഗിക്കുന്ന വീഡിയോ കണ്ടപ്പോൾ മെലനിയയിൽ വിസ്മയമുളവാക്കി. അവർ അതിൽ ട്രംപിനെ ന്യായികരിക്കുകയാണുണ്ടായത്. ട്രംപ് തന്റെ സ്വകാര്യ ജീവിതത്തിൽ ഒരിക്കലും അസഭ്യ വാക്കുകൾ പുലമ്പുന്ന സ്വഭാവക്കാരനല്ലെന്നും പറഞ്ഞു. എൻ.ബി.സി ഹോസ്റ്റ് 'ബില്ലി ബുഷ്' പ്രേരിപ്പിച്ചതുകൊണ്ടാണ് ഒരു ദുർബല നിമിഷത്തിൽ ട്രംപ് സമനില തെറ്റി അശ്ളീല പദങ്ങൾ ഉപയോഗിച്ചതെന്ന് മെലനിയാ സ്വന്തം ഭർത്താവിനെ ന്യായികരിച്ചുകൊണ്ടു പറയുന്നുമുണ്ട്. അവർ ഭർത്താവിനോടായി പറഞ്ഞു, "ഡൊണാൾഡ്, നിങ്ങൾ ഉപയോഗിച്ച ആ ഭാഷ തികച്ചും പാകതയുള്ള ഒരാളിന്റെയല്ലായിരുന്നു. അത് അംഗീകരിക്കാൻ എനിക്കു സാധിക്കില്ല. ഞാൻ അറിയുന്ന ഡൊണാൾഡ് എന്ന മനുഷ്യനെയല്ല ആ വീഡിയോയിൽ കണ്ടത്. നിങ്ങളുടെ വൈകൃതമായ ആ സംസാരം എന്നെ സംബന്ധിച്ച് വിസ്മയകരമായിരുന്നു." പാകതയില്ലാത്ത ആ വർത്തമാനത്തിൽ ഡൊണാൾഡ് തന്നോട് ക്ഷമ ചോദിച്ചുവെന്നും മെലനിയ പറഞ്ഞു. വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന ആ സംഭാഷണം തന്നെ സംബന്ധിച്ച് അതൊരു പ്രശ്നമല്ലെന്നും അവർ  കൂട്ടിച്ചേർത്തു. വായിൽ നിന്നും വരുന്ന വാക്കാലുള്ള പ്രവർത്തനങ്ങൾ ഒരു ലൈംഗിക പീഡനമല്ലെന്നും അവർ വിശ്വസിക്കുന്നു. കുറ്റവാളികൾ മെക്സിക്കോ ബോർഡർ കടക്കുന്നതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടായിരുന്നു. 'അദ്ദേഹം മെക്സിക്കക്കാരെ അവഹേളിച്ചതല്ലെന്നും നിയമപരമായല്ലാതെ അനധികൃതമായി കുടിയേറുന്നവരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും' സ്ഥാപിച്ചുകൊണ്ട് മെലനിയ ഭർത്താവിനെ ന്യായികരിച്ചു.
ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ ഗൗരവപൂർവം കാര്യക്ഷമമായി പ്രവർത്തിക്കാൻ മെലനിയ ഭർത്താവിനെ ഉപദേശിക്കാറുണ്ട്. അരിസോണയിലെ ഒരു റാലിയിൽ ഡൊണാൾഡ് ട്രംപ്  ജനക്കൂട്ടത്തോടായി പറഞ്ഞു, "എന്റെ ഭാര്യയും മൂത്ത മകൾ ഐവാൻകായും എന്റെ പെരുമാറ്റ രീതിയെ അംഗീകരിക്കാറില്ല. ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയെപ്പോലെ പെരുമാറാൻ കൂടെക്കൂടെ  അവരെന്നെ ഓർമ്മിപ്പിക്കുന്നു." ഭർത്താവിന് രാഷ്ട്രീയ ഉപദേശം കൊടുക്കുമ്പോൾ മെലനിയാ ഒരിക്കലും ലജ്ജിക്കാറില്ല. അവർ സി എൻ എൻ പ്രതിനിധിയോടു പറഞ്ഞു, "എന്റെ അഭിപ്രായങ്ങൾ ഞാൻ അദ്ദേഹത്തോട് തുറന്നുപറയും. ഒന്നല്ല, അനേക പ്രാവിശ്യങ്ങൾ. അദ്ദേഹം പറയുന്നതെല്ലാം ഞാൻ സമ്മതിക്കില്ല. എനിയ്ക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റെ വ്യക്തിത്വത്തെ അദ്ദേഹം എന്നും മാനിക്കാറുണ്ട്. ഞാനും ഡൊണാൾഡും തമ്മിലുള്ള ബന്ധത്തിലും അതൊരു പ്രധാന ഘടകമാണ്."

ഡൊണാൾഡിന്റെ തനി പകർപ്പുപോലെയാണ് അവർ മകനെ വളർത്തുന്നത്. ലിറ്റിൽ ഡൊണാൾഡെന്നാണ് സ്നേഹപൂർവ്വം മകനെ വിളിക്കാറുള്ളത്. പത്തു വയസുള്ള 'ബാറൺ' എപ്പോഴും സ്യൂട്ടും ടൈയും ധരിക്കാൻ ഇഷ്ടപ്പെടുന്നു. അപ്പനുമൊത്ത് ഗോൾഫ് കളിക്കാൻ പോവും. അപ്പനെപ്പോലെ തന്നെ ചുറ്റുമുള്ളവരെ ഭരിക്കാനും ശ്രമിക്കുന്നു. അവനെ നോക്കുന്ന നാനിയെയും വീട്ടു ജോലിക്കാരെയും അപ്പൻ പറയുന്നപോലെ ഫയർ ചെയ്തെന്നു പറയും. ചെറുക്കന്റെ ആജ്ഞ ഒരു തമാശപോലെ അവർ അനുസരിക്കും. വീണ്ടും അവരെ മടക്കി വിളിക്കും. ഇതാണ് അവന്റെ ഹോബി. അപ്പൻ എപ്പോഴും ബിസിനസ് സംബന്ധമായി തിരക്കിലായതുകൊണ്ടു കൂടുതൽ സമയവും അമ്മയോടൊപ്പമാണ് മകൻ സമയം ചെലവഴിക്കുന്നത്. മെലനിയ പറയുന്നു, "അവനു തങ്ങളുടെ രണ്ടുപേരുടെയും മുഖഛായ ഉണ്ടെങ്കിലും വ്യക്തിത്വം മുഴുവൻ അപ്പന്റേതാണ്. അതുകൊണ്ടാണ് ഞാൻ അവനെ ലിറ്റിൽ ഡൊണാൾഡെന്നു വിളിക്കുന്നത്."  'അവൻ നല്ല ഉറച്ച മനസുള്ളവനും കാര്യപ്രാപ്തിയുള്ളവനുമാണെന്നു' അവന്റെ അദ്ധ്യാപകരും പറയുന്നു.

ഡൊണാൾഡിനു തന്റെ ഭാര്യയെപ്പറ്റി പറയുമ്പോൾ ആയിരം നാവുകളാണുള്ളത്. അദ്ദേഹം മെലനിയയെപ്പറ്റി കൂടെക്കൂടെ പറയാറുള്ളത് "അവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ട നല്ലയൊരു അമ്മയെന്നാണ്. ഞങ്ങളുടെ മകൻ ബാറനെ മെലനിയ ജീവനു തുല്യമായി സ്നേഹിക്കുന്നു." അതുപോലെ ഡൊണാൾഡിന്റെ മറ്റു മക്കളെയും അവർക്കു ജീവനാണ്. മക്കളെല്ലാവരുടെയും   ഏതാവശ്യത്തിനും മെലനിയ അവരോടൊപ്പമുണ്ട്. ഡൊണാൾഡ് പറയുന്നു, "മെലനിയ ഇനിമേൽ ഭാവിയിൽ എഴുതാൻ പോവുന്ന ചരിത്രത്തിലെ അവിസ്മരണീയമായ പ്രഥമ വനിതയായിരിക്കും. അവൾ അടുത്ത ജാക്വ്‌ലിൻ കെന്നഡിയായിരിക്കും." ജാക്വലിൻ കെന്നഡിയുടെ ജീവചരിത്രമെഴുതിയ 'പമേല കീ'  ഡെയിലി മെയിലിനോട് പറഞ്ഞു, 'അവർ ജെ എഫ് കെ യുടെ പ്രസിദ്ധിയേറിയ ജാക്കിയെപ്പോലെ തന്നെയാണ്. സുന്ദരിയും മിടുക്കിയും കാര്യപ്രാപ്തിയുള്ളവരുമാണ്. അവർക്ക് അവരുടേതായ അഭിപ്രായങ്ങളുമുണ്ട്. ബെറ്റി ഫോർഡിനെപ്പോലെയോ ജാക്വിലിനെപ്പോലെയോ കുലീനത്വമുള്ള പ്രഥമ വനിതയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു.'

'ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജയിച്ചാലും വിജയിക്കുന്നത് മെലനിയാ ആയിരിക്കും.' ഇത് പറഞ്ഞത് ഡെയിലി ടെലഗ്രാഫിന്റെ റിപ്പോർട്ടർ 'സെലിയാ വാൽഡൺ (Celia Walden) ആണ്. മെലനിയ തന്റെ സ്വപ്ന ഭൂമിയായ അമേരിക്കയിൽ രണ്ടു പതിറ്റാണ്ടോളം ജീവിച്ചു. ഭാവിയിലും എന്തുതന്നെ സംഭവിച്ചാലും ഈ രാജ്യത്തിന്റെ മഹത്വത്തിനുവേണ്ടി പ്രവർത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നതും. എന്നും തനിക്കു സൗഭാഗ്യങ്ങൾ നൽകിയ ഈ രാജ്യത്തിനു നല്ലതു ഭവിക്കണമെന്നുള്ളതാണ് അവരുടെ അഭിലാക്ഷവും. ഒന്നുകിൽ അവരുടെ ഭർത്താവു ഡൊണാൾഡ് ചരിത്രം ഭേദിച്ചുള്ള പ്രസിഡന്റ് അല്ലെങ്കിൽ അവർക്കും അവരുടെ ഭർത്താവിനും പൊതു ജീവിതത്തിലെ വലിയ പരാജയവും സംഭവിക്കാം. രണ്ടാണെങ്കിലും മെലനിയ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.


  







http://www.kalavedionline.com/index.php?cat=Special&news=3495
http://emalayalee.com/varthaFull.php?newsId=132170

JP News

http://www.malayalamdailynews.com/?p=254425




Friday, October 28, 2016

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും


ജോസഫ് പടന്നമാക്കൽ

അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാർട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാർട്ടിയെ ആദ്യകാലങ്ങളിൽ ജെഫേഴ്‌സൺ റിപ്പബ്ലിക്കൻ  പാർട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824-ൽ തോമസ് ജെഫേഴ്‌സൻ ഈ പാർട്ടിയ്‌ക്ക് രൂപകൽപ്പന നൽകിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാർട്ടിയിൽ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാർട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നൽകാൻ കാരണമായി. പാർട്ടിയുടെ തുടക്ക കാലങ്ങളിൽ ഡമോക്രറ്റുകൾ അടിമത്വത്തിനു അനുകൂലികളായിരുന്നു. കഴുതയെ അടയാളമായി പാർട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.

യാഥാർഥ്യബോധമുൾക്കൊണ്ടുകൊണ്ട് ചിന്തിക്കുകയാണെങ്കിൽ ഡെമോക്രറ്റ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ താത്ത്വികമായി വലിയ വ്യത്യാസമില്ലെന്നു കാണാം. രണ്ടു പാർട്ടികളും പരസ്പര ചേരികളായി നിന്നുകൊണ്ട് അധികാരത്തിനായി വടംവലി കൂടുന്നു.  ഒരിക്കൽ പ്രസിഡണ്ടായി തെരഞ്ഞെടുത്താൽ വീണ്ടും തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കും. ഈ രാഷ്ട്രീയ പാർട്ടികൾ  വോട്ടു ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ തിന്മ കുറവുള്ളതാർക്കാണോ അവർക്കു വോട്ടു രേഖപ്പെടുത്തുകയായിരിക്കും യുക്തി. ജനങ്ങളുടെ പ്രശ്നപരിഹാരത്തെക്കാൾ പാർട്ടിക്കുവേണ്ടിയുള്ള ഫണ്ട് ശേഖരിക്കാനാണ് രണ്ടു പാർട്ടികളും താൽപ്പര്യപ്പെടുന്നത്. കക്ഷിഭേദമേന്യേ നേതാക്കന്മാർ സ്വന്തം താല്പര്യം സംരക്ഷിക്കാനും നിലകൊള്ളുന്നു. ധനികരായവരുടെ ഭീമമായ ഡൊണേഷനും പ്രതീക്ഷിക്കും. ജനങ്ങൾക്കുവേണ്ടി ഭരിക്കാൻ ഒരു നേതാവും ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും പാർട്ടിക്ക് ഇടതുപക്ഷ ചിന്താഗതിയുണ്ടോയെന്നു നിർണ്ണയിക്കാനും സാധിക്കില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസം, തുല്യ ജോലിക്ക് തുല്യ വേതനം, എല്ലാവർക്കും വേണ്ടിയുള്ള മുതലാളിത്വ വ്യവസ്ഥകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ പരിഗണിച്ചാൽ രണ്ടു പാർട്ടികളും ഇടതുപക്ഷ ചിന്താഗതിക്കാരല്ലെന്നു മനസിലാക്കാം. പാർട്ടികളുടെ ആശയങ്ങൾ കാലത്തിനനുസരിച്ചു മാറുകയും ചെയ്യും. ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയുടെ വടക്കുള്ളവരും പടിഞ്ഞാറുള്ളവരും റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തിരുന്നു. തെക്കുള്ളവരും കുടിയേറ്റക്കാരും ഡെമോക്രറ്റുകളെയായിരുന്നു പിന്തുണച്ചിരുന്നത്.  പിന്നീട്  ഡെമോക്രറ്റ് പാർട്ടി ബ്ലൂകോളർ ജോലിക്കാരുടെ മേൽ ആധിപത്യം സ്ഥാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി വെള്ളക്കാരുടെമേലും പ്രബലരായി. 1960-കളിൽ ഡെമോക്രറ്റുകൾ കറുത്തവരുടെ പിന്തുണ മുഴുവൻ നേടുകയും തെക്കുള്ള വെളുത്തവരുടെ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെടുന്നതിനു മുമ്പുതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രമാരംഭിച്ചിരുന്നു.  അതുകൊണ്ടാണ് ജി. ഓ. പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടിയെന്ന് റിപ്പബ്ലിക്കൻ പാർട്ടിയെ പറയുന്നത്. അടിമത്വം അവസാനിപ്പിക്കുകയെന്നത് ഈ പാർട്ടിയുടെ ലക്ഷ്യമായിരുന്നു. 1860-ൽ എബ്രഹാം ലിങ്കൺ പ്രസിഡണ്ടായ നാൾ മുതലാണ് റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മഹത്വം വന്നത്. 1874-ൽ ഈ പാർട്ടിയെ നിയന്ത്രിച്ചിരുന്നവർ ആനയെ പാർട്ടിചിഹ്നമായി സ്വീകരിച്ചിരുന്നു.

ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വോട്ടു ബാങ്കിനായി ഇരു പാർട്ടികളും നികുതിയിളവുകളെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. അത്തരം നികുതിയിൽ വരുന്ന മാറ്റങ്ങൾക്ക് വ്യത്യസ്തങ്ങളായ നിലപാടുകളാണ് രണ്ടു പാർട്ടികൾക്കുമുള്ളത്. മിഡിൽ ക്ലാസ്സിനും താണ വരുമാനക്കാർക്കും ഉദാരമായ നികുതിയിളവ് നൽകണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വൻകിട കോർപ്പറേഷനും ധനികരായ വ്യക്തികൾക്കും തുല്യമായിത്തന്നെ നികുതിയിളവ് നൽകണമെന്നു വാദിക്കുന്നു. വരുമാനത്തിന്റെ അടിസ്ഥാനം കൽപ്പിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ തുല്യമായ നികുതിയിളവ് നൽകാനാണ് റിപ്പബ്ലിക്കൻ പാർട്ടി ചിന്തിക്കാറുള്ളത്.

സാമൂഹികമായ മാറ്റങ്ങളിലും ഡമോക്രറ്റുകളും റിപ്പബ്ലിക്കൻ പാർട്ടികളും തമ്മിൽ വലിയ അന്തരമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടികൾക്ക് കൂടുതലും യാഥാസ്ഥിക മനസ്സാണുള്ളത്. ഇവരെ വലതുപക്ഷ ചിന്താഗതിക്കാരെന്നു പറയാമോയെന്നറിയില്ല. റിപ്പബ്ലിക്കൻ പാർട്ടി സ്വവർഗ വിവാഹങ്ങളെ എതിർക്കുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങൾക്കു മാത്രം പ്രോത്സാഹനം നൽകുന്നു. ഗർഭച്ഛിദ്രത്തെ എതിർക്കുന്നു. തോക്കുകൾ സ്വന്തം ആക്കുന്നതിലും അതിന്റെ നിയന്ത്രണവും പാലിക്കുന്നു. തികച്ചും യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ കൂടുതലായുമുള്ളത്.

ജോലിസ്ഥലങ്ങളിൽ കുറഞ്ഞ വേതനം (minimum wage) വർദ്ധിപ്പിക്കുന്ന ചർച്ചകളിൽ പൊതുവെ റിപ്പബ്ലിക്കന്മാർ എതിർക്കുകയാണ് പതിവ്. ബിസിനസുകാരുടെ ബാധ്യത കൂടുകയും അതുമൂലം ബിസിനസുകളും കോർപ്പറേഷനുകളും ആദായമില്ലാതെയോ നഷ്ടത്തിലോടുകയോ ചെയ്യുമെന്നും ബിസിനസുകൾ നിർത്തലാക്കേണ്ടി വരുമെന്നും റിപ്പബ്ലിക്കന്മാർ വാദിക്കുന്നു. മിനിമം വേജ് വർദ്ധനയുണ്ടായില്ലെങ്കിൽ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ അവസരമുണ്ടാകുമെന്നും കരുതുന്നു.  ബിസിനസുകളും കോർപ്പറേഷനുകളും ലാഭത്തിൽ കൊണ്ടുവരാനും സാധിക്കും. വിലപ്പെരുപ്പം തടയാനും ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വില കുറച്ചു വിൽക്കാനും സാധിക്കും. റിപ്പബ്ലിക്കൻ പാർട്ടി പൊതുവെ  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. കമ്പനികളുടെയും വ്യവസായങ്ങളുടെയും ചെലവുകൾ കുറയ്ക്കാനുള്ള സാഹചര്യങ്ങൾ പ്രദാനം ചെയ്യുകയും ബിസിനസ്സുകൾ ആദായകരമാക്കാനുള്ള പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. അതേ സമയം ഡെമോക്രറ്റുകൾ മിനിമം വേതനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ സാധാരണക്കാരുടെ കൈവശവും വരുമാനം വർദ്ധിക്കുകവഴി ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കാനുള്ള വിഭവശേഷിയുമുണ്ടാകും. കമ്പനികളിൽ ജോലിക്കാരെ പിരിച്ചുവിടാതെ ജോലിസ്ഥിരതയും സംരക്ഷണവും ശ്രദ്ധിക്കുന്നു. ഡെമോക്രറ്റുകൾ ആരോഗ്യ സുരക്ഷാപദ്ധതികളിൽ (Health care) കൂടുതൽ പ്രാധാന്യം കൽപ്പിക്കുകയും സർക്കാരിന്റെ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ഒബാമയുടെ അഫോർഡബിൾ ഹെൽത്ത് പ്ലാൻ (Affordable Health Plan)അതിലൊന്നാണ്. അതനുസരിച്ചു ആരോഗ്യ സുരക്ഷാ പദ്ധതി എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.  എന്നാൽ റിപ്പബ്ലിക്കൻകാർ ചിന്തിക്കുന്നത് ഒബാമയുടെ സുരക്ഷതാപദ്ധതികൾ ഉപഭോക്താക്കൾക്ക് കാര്യമായി ഗുണപ്രദമാകില്ലന്നാണ്. സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തവിധം വലിയ പ്രീമിയവും കോ പേയ്മെന്റും ആരോഗ്യ സുരക്ഷിതാ പദ്ധതികൾക്ക്(Health Insurance)  നൽകണം.

ഡെമോക്രറ്റുകൾ സാധാരണക്കാർക്കും ഇടത്തരക്കാർക്കുമായി കൂടുതൽ സാമ്പത്തിക സഹായ ക്ഷേമ പരിപാടികൾ നടപ്പാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നു. തൊഴിലില്ലായ്മ വേതനം, ഫുഡ് സ്റ്റാമ്പ്, മെഡിക്കെയിഡ്, ദുർബലരായവർക്കുള്ള സഹായം മുതലാവകൾ ഡെമോക്രറ്റ് അനുകൂലിക്കുന്നു. ജനങ്ങളിൽ നിന്ന് സംഭരിക്കുന്ന നികുതി കൂടുതലും അത്തരം ക്ഷേമകാര്യങ്ങളിൽ വിനിയോഗിക്കാനുള്ള നയങ്ങളാണ് ഡമോക്രറ്റുകൾക്കുള്ളത്. റിപ്പബ്ലിക്കൻസും ഈ സാമൂഹിക പദ്ധതികൾ  അംഗീകരിക്കുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ ഫണ്ട് കുറക്കുകയും കൂടുതൽ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ക്ഷേമ പദ്ധതികൾ മാനേജ് ചെയ്യാൻ പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുകയും സർക്കാരിന്റെ ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിദേശ നയങ്ങളിലും നയരൂപീകരണങ്ങളിലും  രണ്ടു പാർട്ടികളും സമദൂരം പാലിക്കുന്നതായി കാണാം. വിദേശ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  അവിടെ അമേരിക്കയുടെ പട്ടാളയിടപെടൽ ആവശ്യമായി വരുകയാണെങ്കിൽ ഡെമോക്രറ്റുകൾ പൊതുവെ പ്രശ്നമുള്ള സ്ഥലത്തേയ്ക്ക് മാത്രമേ പട്ടാളത്തെ അയക്കാൻ താല്പര്യപ്പെടുകയുള്ളൂ. ചുരുങ്ങിയ പട്ടാളശക്തിയെ മാത്രമേ പ്രശ്ന സങ്കീർണ്ണമായ പ്രദേശത്തേയ്ക്ക് അയക്കാറുള്ളൂ. എന്നാൽ റിപ്പബ്ലിക്കൻ ചരിത്രം അങ്ങനെയല്ല. ആ രാജ്യത്തിന്റെ ഭരിക്കുന്ന ഏകാധിപതിയെ പുറത്താക്കാൻ വലിയ സൈന്യവ്യൂഹത്തിനെ പ്രശ്നങ്ങളുള്ള രാജ്യത്തിലേക്ക് അയക്കും. ഇറാഖിലെയും ലിബിയായിലെയും ചരിത്ര സംഭവങ്ങൾ അതിനുദാഹരണങ്ങളാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ഏകാധിപതികൾ സ്വന്തം ജനതയ്ക്കും അയൽരാജ്യങ്ങൾക്കും ഭീക്ഷണിയുമായിരിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ വിദേശ രാജ്യങ്ങളിൽ സഹായം എത്തിക്കാൻ രണ്ടു പാർട്ടികൾക്കും താല്പര്യമാണ്. എന്നാൽ ആ സഹായം ആർക്ക്, എങ്ങനെയെന്നുള്ള തീരുമാനങ്ങളിൽ പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും ഊർജത്തെപ്പറ്റിയുമുള്ള വിഷയങ്ങളിൽ ഇരുപാർട്ടികളും തുറന്ന സംവാദങ്ങളും ഏറ്റുമുട്ടലുകളും നടത്താറുണ്ട്. ഓയിലുകളും പെട്രോളിയം ഉൽപ്പന്നങ്ങളും കൽക്കരിയും അമേരിക്കൻ മണ്ണിൽനിന്നു ഖനനം ചെയ്യുന്നതിൽ ഡെമോക്രറ്റുകൾക്കു താല്പര്യമില്ല. ഫോസ്സിലുകളും മറ്റു ദ്രവവസ്തുക്കളും കൈകാര്യം ചെയ്യുന്ന മൂലം ഈ ഭൂമിയും പരിസ്ഥിതിയും പാടെ നശിക്കാനിടയാകുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പരിസ്ഥിതി ഒരു പ്രശ്നമല്ല. ഊർജം സ്വയം സമാഹരിക്കുന്നതിൽക്കൂടി സാമ്പത്തികം കൈവരിക്കണമെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അമേരിക്കൻ മണ്ണിൽനിന്നും ഊർജം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. അതുമൂലം പെട്രോൾ ഉൽപ്പന്നങ്ങൾ അമേരിക്കൻ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കുകയും ചെയ്യും. പരിസ്ഥിതി വാദികളുടെ വൈകാരികതയെ അവർ കണക്കാക്കുന്നുമില്ല. ഊർജ്ജത്തിനു പകരമായി സോളാർ എനർജിയും മറ്റും ഉൽപ്പാദിപ്പിക്കാൻ ഡെമോക്രറ്റുകൾ പദ്ധതികളിടുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി അത് പ്രായോഗികമല്ലെന്ന് വാദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ നയങ്ങളെ സംബന്ധിച്ച് ഇരു പാർട്ടികളും പുരോഗമനപരമായ പരിവർത്തനങ്ങൾ വേണമെന്നുള്ള അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു. ആശയ വൈരുദ്ധ്യങ്ങൾ റിപ്പബ്ലിക്കരിലും ഡെമോക്രറ്റിലും ഒരുപോലെ പ്രകടമാണെന്നു മാത്രം. പാരമ്പര്യത്തെ മുറുകെ പിടിച്ചുള്ള യാഥാസ്ഥിതിക ചിന്താഗതികളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. അതിൽ മതപഠനവും ഉൾപ്പെടും. സ്‌കൂൾ തലങ്ങളിലും കോളേജ് തലങ്ങളിലും കൂടുതൽ വിഷയങ്ങളിൽ പ്രാവീണ്യം നേടാനും വിദ്യാർഥികളുടെ തൊഴിലധിഷ്ഠിതമായ പ്രായോഗിക പദ്ധതികൾ നടപ്പാക്കാനുമാണ് റിപ്പബ്ലിക്കൻ പാർട്ടി ആഗ്രഹിക്കുന്നത്. പഠിക്കുന്ന വിഷയങ്ങൾ കൂടാതെ മാനസിക വികസനത്തിനായുള്ള കൂടുതൽ പ്രോഗ്രാമുകളും വിദ്യാഭ്യാസ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും റിപ്പബ്ലിക്കർ ചിന്തിക്കുന്നു.  അതിനായി കൂടുതൽ മണിക്കൂറുകൾ വിദ്യാർഥികൾ സ്‌കൂളുകളിൽ ചെലവാക്കേണ്ടി വരും. വിദ്യാഭ്യാസപരമായ വായ്പ്പകളും ഗ്രാന്റും നൽകുന്നതിലും രണ്ടു പാർട്ടികളിലും  അഭിപ്രായ ഭിന്നതകളുണ്ട്.  ഡെമോക്രറ്റ് പാർട്ടി സർക്കാരിന്റെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ വായ്‌പ്പയും ഗ്രാന്റും നൽകാനാഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻപാർട്ടി അത്തരം സാമ്പത്തിക കാര്യങ്ങൾ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ താല്പര്യപ്പെടുന്നു.

കുറ്റകൃത്യങ്ങളിൽ വ്യാപൃതരാവുന്നവരെ കഠിനമായി ശിക്ഷിക്കണമെന്ന മനോഭാവമാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. മയക്കു മരുന്ന് ബിസിനസുമായി മുഴുകിയിരിക്കുന്നവർക്ക്,  കഠിനമായ ശിക്ഷയും നൽകണമെന്നു വാദിക്കുന്നു. തൂക്കിക്കൊലയ്ക്കും അനുകൂലമാണ്. ഡെമോക്രറ്റുകൾ അക്കാര്യത്തിൽ കൂടുതൽ വിശാലമനസ്ക്കതയോടെ ചിന്തിക്കുന്നവരാണ്. മയക്കുമരുന്നിനടിമപ്പെടുന്നവർ രാജ്യത്തിനു അപകടകാരികളല്ലെന്നുള്ള വാദമാണ് ഡെമോക്രറ്റിനുള്ളത്. അവരെ പുനരധിവസിപ്പിക്കുകയോ ചെറിയ ശിക്ഷകൾ നൽകി മാതൃകാപരമായി ജീവിക്കാൻ സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ വേണമെന്ന് ഡെമോക്രറ്റുകൾ ആഗ്രഹിക്കുന്നു. അതിനായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളുമുണ്ട്.  വധശിക്ഷയെ പൂർണ്ണമായും എതിർക്കുകയും ചെയ്യുന്നു.

ഹില്ലരി ക്ലിന്റണും ഡൊണാൾഡ് ട്രമ്പുമായുള്ള രണ്ടാമത്തെ ഡിബേറ്റിൽ ഹില്ലരിയുടെ ഇമെയിൽ (email) വിവാദം ചർച്ചകളിൽ വന്നിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടാവുകയാണെങ്കിൽ ഇമെയിൽ ആരോപണങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും അതിനായി അന്വേഷിക്കാൻ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നുമുള്ള ട്രമ്പിന്റെ ഭീക്ഷണികളും ഡിബേറ്റിനെ ചൂടുള്ളതാക്കുകയും അത് വ്യക്തിപരമായ ആക്രമങ്ങളിലേയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഔദ്യോഗിക കാര്യങ്ങളിലെ എഴുത്തുകുത്തുകൾ സർക്കാരിന്റെ ഈമെയിൽ സെർവറിൽക്കൂടി കൈകാര്യം ചെയ്യേണ്ടത് ഹിലരി തന്റെ സ്വകാര്യ ഈമെയിലിൽക്കൂടി നിർവഹിച്ചത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ക്രിമിനൽ കുറ്റങ്ങളിലേയ്ക്കുവരെ വഴിയൊരുക്കുന്ന സങ്കീർണ്ണമായ പ്രശ്നമായി തീരുകയും ചെയ്തു. ഇമെയിൽ വിവാദമെന്നുള്ളത് സാധാരണക്കാർക്ക് മനസിലാക്കുക പ്രയാസമാണ്. അതൊരു കുറ്റാരോപണമാകുന്നതെങ്ങനെയെന്നും ചിന്താ വിഷയമാകാം. സാധാരണ പോസ്റ്റ് ഓഫീസുകളിൽ എഴുത്തു കുത്തുകൾ വരുന്നപോലെ തന്നെയാണ് കംപ്യൂട്ടറുകളിലുള്ള ഡിജിറ്റൽ മെയിലുകളുടെ പ്രവർത്തനവും. സെർവറുകളിൽ വരുന്ന മെയിലുകൾ സോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ പോസ്റ്റ് മാസ്റ്ററും കാണും. അയാളുടെ ജോലി പോസ്റ്റാഫിസിനു തുല്യം തന്നെയാണ്. സഹായിക്കാൻ സഹായികളും കാണും. അവർ ഇമെയിൽ നിയന്ത്രിക്കാൻ പ്രഗത്ഭരുമായിരിക്കണം. ഹിലരിയ്ക്ക് സ്വന്തം പേരിന്റെകൂടെ 'കോം' അഡ്രസ് ഉൾപ്പെടുത്തി സ്വകാര്യമായ ഈമെയിൽ സെർവറുണ്ടായിരുന്നു. വരുന്ന ഇമെയിലുകളും പോവുന്ന ഇമെയിലുകളും കൈകാര്യം ചെയ്യാൻ ജോലിക്കാരുമുണ്ടായിരുന്നു. സ്വകാര്യ ഇമെയിൽ സെർവറായതുകൊണ്ടു ആവശ്യമായ സുരക്ഷിതാ സംവിധാനം ഉണ്ടായിരുന്നുവോയെന്നും വ്യക്തമല്ല. ഹിലരി, സ്റ്റേറ്റിന്റെ സെക്രട്ടറിയെന്ന നിലയിൽ ഈ ജോലി പരിചയമുള്ള ഫെഡറൽ ഗവണ്മെന്റ് ജോലിക്കാരായിരുന്നു മാനേജ് ചെയ്യേണ്ടിയിരുന്നത്. സ്റ്റേറ്റിന്റെ കമ്പ്യൂട്ടർ സെർവറിൽക്കൂടി ഇമെയിലുകൾ വരുകയും പോവുന്നതിനും പകരം ആ ജോലി നിർവഹിച്ചിരുന്നത് ഹിലരിയുടെ കമ്പ്യൂട്ടറിലുള്ള സ്വന്തം സെർവറായിരുന്നു.

ഹിലരിയ്ക്കു സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇമെയിൽ അഡ്രസ് ലഭിച്ചപ്പോൾ അവരുടെ സ്റ്റാഫ് അത് ഉപയോഗിക്കുകയുണ്ടായില്ല. പകരം സ്വകാര്യ സെർവറിൽ വരുന്ന കത്തിടപാടുകൾ കൈകാര്യം ചെയ്തിരുന്നു. സർക്കാരിനു വരുന്ന ഔദ്യോഗിക ഇമെയിലുകൾ മുഴുവൻ റീഡയറക്റ്റ് (Re-direct)ചെയ്ത് സ്വന്തം ഇമെയിൽ സെർവറിൽ എത്തുമായിരുന്നു. ഇമെയിലുകൾ കൈകാര്യം ചെയ്യാൻ പാർട്ട് ടൈം ജോലിക്കാരുമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഹിലരി പ്രൈവറ്റ് സെർവർ ഉപയോഗിച്ചതെന്ന് തർക്കവിഷയമാണ്. ആർക്കും വ്യക്തമായ ഒരു ഉത്തരം നൽകാനും സാധിക്കുന്നില്ല.  അവർക്ക് സ്റ്റേറ്റിന്റെ വകയും സ്വന്തമായുള്ളതുമായ രണ്ടു ടെലഫോൺ ഒരേ സമയം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകളും കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഫോണിൽ സ്റ്റേറ്റിനോടനുബന്ധിച്ചുള്ള ഇമെയിലുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഹിലരി ക്ലിന്റന്റെ ഫോണിൽ പ്രൈവറ്റായ ഇമെയിലും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ  ഇമെയിലും ഒന്നിച്ചായപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായി.  ക്ലിന്റന്റെ സ്വകാര്യ ഈമെയിൽ സെർവർ സ്റ്റേറ്റിന്റെ ഇമെയിൽ സെർവറിനെപ്പോലെ   സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടു ശത്രു രാജ്യങ്ങളിലെ ചാരന്മാർ സ്വകാര്യ സെർവറിൽനിന്നു രഹസ്യങ്ങൾ ചോർന്നുവോയെന്നും സംശയങ്ങൾ നിഴലിക്കുന്നുണ്ട്.ഹിലരി ക്ലിന്റന്റെ സ്വകാര്യ സെർവർ ആരെങ്കിലും ഹായ്ക്ക് ചെയ്തുവോയെന്നും തെളിവുകളില്ല. എന്നാൽ ഹാക്ക് ചെയ്യുന്നവർ ഇമെയിൽ പോകുന്ന വഴികൾ മറച്ചുവെയ്ക്കുന്നതിനും സമർത്ഥരാണ്. ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും എഫ്. ബി.ഐ വിചാരിക്കുന്നു. 2016 ജൂലൈയിൽ എഫ്. ബി. ഐ നടത്തിയ അന്വേഷണത്തിൽ 81 ഇമെയിലുകൾ അതി രഹസ്യങ്ങളായതു കണ്ടു. പക്ഷെ ആ ഇമെയിലുകൾ ദേശീയ സുരക്ഷിതത്വത്തിനു ഭീക്ഷണിയായിരുന്നുവോയെന്ന് വ്യക്തമല്ല. ക്ലിന്റന്റെ ഭാഗത്തുനിന്നും അസാധാരണമായ വീഴ്ചവരുത്തലും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് എഫ്. ബി. ഐ ചൂണ്ടി കാണിച്ചിരുന്നു.

എഫ്. ബി. ഐ അന്വേഷണം തുടങ്ങിയപ്പോൾ ക്ലിന്റന്റെ സ്വകാര്യ കമ്പ്യൂട്ടർ സെർവറിൽനിന്നും ഇമെയിലുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു. ക്ലിന്റൺ ഫൗണ്ടേഷനു ലഭിച്ച ഡൊണേഷനിൽ തിരിമറികളുണ്ടെന്നും അതു പുറംലോകം അറിയാതിരിക്കാനാണ് ഇമെയിലുകൾ സെർവറിൽ നിന്നും നീക്കം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.

ട്രംപിനെപ്പറ്റിയുള്ള അധിക്ഷേപങ്ങളിൽ  മുഖ്യമായുള്ളത് ലൈംഗികപരമായിട്ടുള്ളതാണ്. വാഷിംഗ്ടൺ പോസ്റ്റ് ഒരു വീഡിയോ പുറത്തിറക്കിയ സമയം മുതലാണ് ട്രംപ് ലൈംഗിക അപവാദങ്ങളുമായി പ്രശ്നങ്ങളിൽ അകപ്പെട്ടത്. അതിലുള്ള സംഭാഷണങ്ങളാണ് അദ്ദേഹത്തെ ലൈംഗിക കുരുക്കിൽ അകപ്പെടുത്തിയത്. ട്രംപിന്റെ സംഭാഷണം തികച്ചും ലൈംഗികത നിറഞ്ഞതും ജുഗുപ്സാവഹവുമായിരുന്നു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള വാക്കുകളും സംഭാഷണത്തിലുണ്ടായിരുന്നു. ഇതിൽ കുപിതരായ റിപ്പബ്ലിക്കിലെ നേതാക്കൾ പലരും ട്രംപിനുള്ള പിന്തുണ പിൻവലിച്ചു. ഈ സംഭാഷണം രഹസ്യമായ മുറിയിൽ വെച്ചായിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം മുഴുവൻ അലയടിച്ചിരുന്നു. ഇരുപതും മുപ്പതും വർഷങ്ങളോളം രഹസ്യയറകളിൽ സൂക്ഷിച്ചുവെച്ചശേഷം പുറത്തുവിട്ട ഈ ആരോപണങ്ങൾ ട്രംപിന്റെ വ്യക്തിജീവിതത്തെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ബാധിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഡിബേറ്റിൽ ആൻഡേഴ്സൺ കൂപ്പറോട് (CNN host Anderson Cooper) ട്രംപ് ഒരു സ്ത്രീകളെയും പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞു. ഉടൻതന്നെ ന്യുയോർക്ക് ടൈംസ് ട്രംപ് പീഡിപ്പിച്ച രണ്ടു സ്ത്രീകളുടെ കഥകളുമായി പത്രറിപ്പോർട്ട് ചെയ്തു. ഒരു സംഭവം 1980-ലും മറ്റേ സംഭവം 2005-ലുമായിരുന്നു. ഇതെല്ലാം പ്രതിയോഗികൾക്ക് ലൈംഗികതയുടെ പേരിൽ ബ്ളാക്ക് മെയിലു ചെയ്യാനും ട്രംപിന്റെ വിജയസാദ്ധ്യതകൾക്ക് മങ്ങലേൽപ്പിക്കാനും സാധിച്ചു. പത്രവാർത്തകൾ മുഴുവൻ തന്നെ ട്രംപിന് അനുകൂലമല്ല. അദ്ദേഹത്തെപ്പറ്റിയുള്ള ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതങ്ങളെന്നു പറഞ്ഞുകൊണ്ട് ആരോപണങ്ങളെല്ലാം റിപ്പബ്ലിക്കൻ പാർട്ടി തള്ളിക്കളഞ്ഞു. വർഷങ്ങൾക്കു മുമ്പ് ട്രംപിന്റെ ആദ്യ ഭാര്യയായ ഐവാനെയും വൈവാഹിക ബന്ധത്തിൽ പീഡിപ്പിച്ചിരുന്നുവെന്നു ആരോപണം ഉണ്ടായിരുന്നു. ഇങ്ങനെ അപവാദങ്ങളുടെ നീണ്ട ഒരു കഥ തന്നെ ട്രംപിനുണ്ട്. ഇതെല്ലാം രാഷ്ട്രീയ ബ്ളാക്ക് മെയിലോ സത്യങ്ങളോയെന്നു നാളിതുവരെ തെളിഞ്ഞിട്ടില്ല. ആരോപണങ്ങൾ സ്ഥിതികരിക്കാൻ ഒരു ഡോക്കുമെന്റും ഹാജരാക്കിയിട്ടുമില്ല.

ട്രംപ് സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റ് വിഷയങ്ങളെപ്പറ്റി പഠിപ്പിക്കാൻ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിയിരുന്നു. റീയൽ എസ്റ്റേറ്റിൽ എങ്ങനെ ലാഭമുണ്ടാക്കാമെന്ന രഹസ്യങ്ങളടങ്ങിയ കോഴ്‌സുകൾ പഠിപ്പിക്കുമെന്നും വാഗ്ദാനങ്ങളിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം കബളിപ്പിക്കലായിരുന്നുവെന്നു അവിടെ പഠിച്ച വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. 35000 ഡോളറായിരുന്നു ഒരാളിന്റെ ഫീസ്. യൂണിവേഴ്സിറ്റിയെ സംബന്ധിച്ചുള്ള മറ്റു അഴിമതികളും പുറത്തുവന്നു. അത് സർക്കാരിന്റെ നിബന്ധനങ്ങൾ അനുസരിച്ചു രജിസ്റ്റർ ചെയ്ത യൂണിവേഴ്‌സിറ്റിയായിരുന്നില്ല. ലൈസൻസില്ലാത്ത സ്‌കൂളായതുകൊണ്ടു യൂണിവേഴ്‌സിറ്റിയുടെ പേര് പിന്നീട് 'ട്രമ്പ് എന്റർപ്രെന്യൂർ ഇനിഷ്യയെറ്റിവ് ലൈസൻസ്' (“Trump Entrepreneur Initiative,”) എന്നാക്കി.  2010 -ൽ സ്‌കൂൾ നിർത്തൽ ചെയ്തു. വിദ്യാർത്ഥികൾ ട്യൂഷൻ ഫീ മടക്കികിട്ടാനായി യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2016-ൽ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് മത്സരം ബഹുജനധാർമ്മിക രോഷമുണര്‍ത്തുന്ന പ്രവൃത്തികളുടെയും മാനഹാനികളുടെയും അപകീർത്തിപ്പെടുത്തലുകളുടെയും തെരഞ്ഞെടുപ്പ് വർഷമായിരുന്നു. ദുഷിച്ച പ്രചരണങ്ങളോടുകൂടിയ ഈ തെരഞ്ഞടുപ്പ് 1884-നു ശേഷം ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. 1884 -ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ബ്ലായിന്റെ (James blaine) ബിസിനസിലെ അഴിമതികളും പ്രസിഡണ്ടായി വിജയിച്ച ഡെമോക്രറ്റിക് സ്ഥാനാർഥി ഗ്രോവർ ക്ളീവുലന്ഡിന്റെ (Grover Cleveland) അവിഹിത ബന്ധത്തിലുള്ള കുട്ടിയെപ്പറ്റിയും അന്നത്തെ തെരഞ്ഞെടുപ്പു വേളകളിലുള്ള ചർച്ചാ വിഷയങ്ങളായിരുന്നു. നമുക്കാവശ്യമായുള്ളത് ജനങ്ങളുടെ മനസിനെ ഉൾക്കൊള്ളാനും താല്പര്യങ്ങൾ സംരക്ഷിക്കാനും തീരുമാനങ്ങളെടുക്കാൻ കഴിവുള്ളതുമായ ഒരു പ്രസിഡണ്ടിനെയാണ്. ഉചിതമായ അത്തരം തീരുമാനങ്ങൾ സമയകാലധിഷ്ഠിതമനുസരിച്ച് യാഥാസ്ഥിതികമോ ലിബറലോ ആയിരിക്കാം. വോട്ടു ചെയ്യുന്നവർ ആരുടേയും വൈകാരികമായ നയപരിപാടികളല്ല ഉൾക്കൊള്ളേണ്ടത്. നാം അവരുടെ വേതാള വാഗ്ദാനങ്ങൾ ശ്രവിക്കേണ്ടയാവശ്യവുമില്ല.

FBI Director James Comey  about Clinton email server

Oil price-bargaining
Ivanka-First wife
CNN host Anderson Cooper
Emalayalee

Malayalam Daily News

JP News

Kalavedi Online

TrueMax

Saturday, October 22, 2016

യൂണിഫോം സിവിൽ കോഡ് അഥവാ ഏകീകൃത സിവിൽ നിയമം, ഒരു പരിചിന്തനം



ജോസഫ് പടന്നമാക്കൽ


ഇന്ത്യയുടെ ജനസംഖ്യയിൽ എൺപത് ശതമാനം ഹിന്ദുക്കളും പതിനാലു ശതമാനം മുസ്ലിമുകളും രണ്ടു ശതമാനം ക്രിസ്ത്യാനികളും ഏതാണ്ട് അത്രയും സിക്കുകാരും രണ്ടു ശതമാനം മറ്റു മതങ്ങളും ഉൾപ്പെടുന്നു.  മതങ്ങൾക്കെല്ലാം തുല്യമായ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കണമെന്നുള്ളത് ബിജെപി സർക്കാരിന്റെ ഒരു അജണ്ടയായിരുന്നു.  ഒരുരാഷ്ട്രം, ഒരു ജനത, ഒരു നിയമം   കൈവരിക്കാൻ സാമൂഹിക സാംസ്ക്കാരിക വാദികളെയും പ്രേരിപ്പിക്കുന്നു. രാഷ്ട്രത്തിന് ഇന്നാവശ്യമുള്ള ഏകീകൃത നിയമ നിർമ്മാണത്തിൽ മഹത്തായ ആശയങ്ങൾ നിറഞ്ഞിരിക്കുന്നുവെങ്കിലും പ്രായാഗികതലത്തിൽ അത്തരമൊരു നിയമം നടപ്പാക്കുക എളുപ്പമല്ല. മതവും മത തീവ്രതയും രാഷ്ട്രീയവുമാണ് വിലങ്ങുതടികൾ. സ്വാതന്ത്ര്യം കിട്ടിയ നാളുമുതൽ മാറി മാറി വന്ന സർക്കാരുകൾ,  മതമാമൂലുകളെ അടിസ്ഥാനമാക്കിയുള്ള  നിയമങ്ങളെ ഇല്ലാതാക്കി സർവ്വർക്കും പ്രയോജനപ്രദമായ നിയമം നടപ്പാക്കുന്നതിന് ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം രാഷ്ട്രീയവും മതവും ഒന്നായി ഏകീകൃത സിവിൽ നിയമത്തെ എതിർക്കുകയാണുണ്ടായത്.

കൊളോണിയൽ കാലത്ത് ബ്രിട്ടീഷ്കാർ മതങ്ങളുടെ നിഷ്ടൂരമായ ആചാരങ്ങളെ ഇല്ലാതാക്കാൻ പലവിധ സാമൂഹിക പരിഷ്‌കാരങ്ങളും നടത്തിയിട്ടുണ്ട്. ബംഗാളിലെ ഗവർണറായിരുന്ന വില്യം ബെനറ്റിൻക് (William Bentinck) ഹൈന്ദവരുടെയിടയിലുണ്ടായിരുന്ന 'സതി' നിർത്തലാക്കി. അതുവരെ വിധവയായ സ്ത്രീ ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യണമായിരുന്നു. 1829-ൽ ബംഗാളിൽ സതി നിരോധ നിയമം പാസാക്കി. പിന്നീട് ആ നിയമം ഇംഗ്ലീഷ്കാർ വസിക്കുന്ന ഭൂവിഭാഗങ്ങളിൽ മുഴുവനായി വ്യാപിപ്പിച്ചു. 

രാജ്യത്തു ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഹിന്ദുക്കൾക്കും വ്യത്യസ്‌തങ്ങളായുള്ള  സിവിൽ നിയമങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഹിന്ദുക്കളുടെ സിവിൽ നിയമങ്ങളാണ് കൂടുതൽ നീതിയും മനുഷ്യത്വപരവുമായിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഹൈന്ദവർക്കു വേണ്ടിയുള്ള പരിഷ്‌ക്കരിച്ച സിവിൽ നിയമങ്ങൾ നടപ്പാക്കാൻ കാരണമായത് അംബേദ്ക്കറായിരുന്നുവെന്നതും സ്മരണീയമാണ്. ക്രൈസ്തവർക്കും ഇസ്‌ലാമികൾക്കുമായുള്ള മറ്റു രണ്ടു നിയമങ്ങളും മതങ്ങളുടെ മൗലിക വിശ്വാസത്തിൽ എഴുതപ്പെട്ടതായിരുന്നു. ഇന്ത്യാ മൊത്തമായുള്ള ഏകീകൃത നിയമത്തിന്റെ അഭാവത്തിൽ മതങ്ങൾ അവരുടെ നിയമങ്ങൾ കാലാന്തരത്തിൽ പരിഷ്‌ക്കരിക്കുമെന്നു രാഷ്ട്രശില്പികൾ കരുതിയിരുന്നു. എന്നാൽ കഴിഞ്ഞ എഴുപതു വർഷങ്ങൾ കാത്തിരുന്നിട്ടും മതം തികച്ചും പരിവർത്തന വിധേയമാകാതെ പാരമ്പര്യ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു. ''ഇന്ത്യാ ലോ മിഷ്യൻ' പരിഷ്ക്കരണങ്ങൾക്കായി നിലകൊള്ളുന്നുവെങ്കിലും വിവാഹ മോചന കാര്യങ്ങളിലോ ജീവനാംശ കാര്യങ്ങളിലോ യാതൊരു പുരോഗതിയും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡിൽ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിക്ക് മുസ്ലിം ബോർഡിന് സമുദായ സാമൂഹിക പുരോഗമനത്തിനായുള്ള തീരുമാനങ്ങളെടുക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. 

വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തുക്കൾ, സ്ത്രീകൾക്കും തുല്യവകാശങ്ങൾ മുതലായ സാമൂഹിക മാറ്റങ്ങൾക്കായി ബില്ല് നിർമ്മിക്കാനുള്ള സാധ്യതകൾ തേടി സർക്കാർ ഒരു നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അത്തരമൊരു തീരുമാനം കാരണം വിവിധ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഭാരതത്തിൽ ഓരോ സമുദായത്തിനും പൗരനിയമങ്ങൾ വ്യത്യസ്തമായ രീതികളിലാണുള്ളത്. പാരമ്പര്യ സ്വത്തു വിഭജനകാര്യങ്ങളിലും വിവാഹം, വിവാഹമോചനത്തിലും ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിനും, ക്രിസ്ത്യാനിക്കും പാഴ്സിക്കും മറ്റു നിയമങ്ങളുമാണുള്ളത്. ഏകീകൃത സിവിൽ നിയമമെന്നാൽ നിലവിലുള്ള മതങ്ങളും ജാതികളും വേർതിരിച്ചുള്ള നിയമങ്ങൾ റദ്ദ് ചെയ്ത് രാജ്യത്തിനു പൊതുവായ ഒരു നിയമം സൃഷ്ടിക്കുകയെന്നതാണ്.

ഏകീകൃത സിവിൽ നിയമങ്ങൾ ഭാരതമാകെയും നടപ്പാക്കണമെന്ന ശ്രമങ്ങൾ കൊളോണിയൽ കാലം മുതൽ തുടങ്ങിയതാണ്. അവർ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും മതങ്ങളുടെ  എതിർപ്പുകൾ മൂലം അത്തരം സാമൂഹിക പരിഷ്‌ക്കാരങ്ങളൊന്നും നടപ്പാക്കാൻ സാധിച്ചില്ല. വലിയൊരു ജനസമൂഹത്തിന്റെ തീവ്ര ചിന്തകളെയും പ്രശ്നങ്ങളെയും പേടിച്ചു മതപരമായ കാര്യങ്ങളിൽ അവർ ഇടപെട്ടിരുന്നില്ല. ഒരേ മതത്തിലുള്ളവരുടെ വ്യക്തിഗത കാര്യങ്ങൾ അതാത് സ്ഥലത്തെ കോടതികൾ കൈകാര്യം ചെയ്തിരുന്നു. ഹിന്ദുക്കളുടെ കേസുകളാണെങ്കിലും വിവിധ സ്ഥലങ്ങളിൽ ജാതി തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളുണ്ടായിരുന്നു. 1937-ൽ ബ്രിട്ടീഷ് സർക്കാർ  ഷാരിയാ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിമുകൾക്ക് പ്രത്യേകമായ നിയമങ്ങൾ പാസാക്കി.

ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്ന വേളകളിൽ ഓരോ മതങ്ങളുടെയും വ്യക്തിഗത നിയമങ്ങളെ സൂക്ഷ്മമായി പഠിച്ചു വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകളുണ്ടായിരുന്നു. ഏകീകൃത നിയമം ഭാരതത്തിനു മൊത്തമായ ഐക്യബോധമുണ്ടാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ലഘുകരിക്കുമെന്നും അന്നുള്ളവരുടെയിടയിലും വാദങ്ങളുണ്ടായിരുന്നു. എന്നാൽ പുരോഗമനപരമായ മൂല്യങ്ങളെക്കാൾ എതിർപ്പുകാരായിരുന്നു കൂടുതലായുണ്ടായിരുന്നത്. ഒരോ മതങ്ങളുടെയും മൂല്യങ്ങളും സാംസ്ക്കാരികതയും അതുമൂലം നശിക്കാനിട വരുമെന്നും മതന്യൂന പക്ഷങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമാവുമെന്നും ബില്ലിനെ എതിർത്തവർ വാദിച്ചു. ഏകീകൃത സിവിൽ നിയമങ്ങൾക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതുമൂലം അത്തരമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി. ഹൈന്ദവർക്ക് മാത്രമായി ബില്ലുകൾ ഉണ്ടാക്കിയപ്പോൾ ബില്ലിനെതിരായി രാജ്യവ്യാപകമായ പ്രക്ഷോപണങ്ങൾ ഉണ്ടായിരുന്നു.

ഏകീകൃത പൗരാവകാശ നിയമങ്ങളുടെ ലക്ഷ്യം മതങ്ങൾ അനുശാസിക്കുന്ന വ്യക്തിഗത നിയമങ്ങളെ മാറ്റി മനുഷ്യത്വപരമായ നിയമങ്ങൾ പ്രാബല്യമാക്കുക എന്നുള്ളതാണ്. അത്തരം ഒരു നിയമ ഭേദഗതിയെ ഭാരതീയ ജനതാ പാർട്ടിയും കമ്യൂണിസ്റ്റുകാരും പിന്താങ്ങുമ്പോൾ കോൺഗ്രസ്സും ആൾ ഇന്ത്യ മുസ്ലിം ബോർഡും എതിർക്കുന്നത് കാണാം. ഹിന്ദു മതത്തെ സംബന്ധിച്ച് വിവാഹമോചനം അനുവദനീയമല്ല. സ്ത്രീകൾക്ക് തുല്യ സ്വത്തുക്കൾ നൽകുന്നതു സംബന്ധിച്ചും തർക്കങ്ങളുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയെ തകർക്കുമെന്നും തീവ്ര ചിന്താഗതിക്കാർ വാദിച്ചു. ഹൈന്ദവ മതത്തെ മാത്രം പരിഷ്കരിക്കുന്ന നിയമങ്ങളും നീതിയല്ലെന്നു ചർച്ചകളിലുണ്ടായിരുന്നു. ഹിന്ദുക്കളിൽ ഐക്യമത്യം ഉണ്ടാക്കാൻ അത്തരം നിയമം ആവശ്യമെന്നായിരുന്നു നെഹ്രുവിന്റെ ചിന്താഗതി. ദേശീയ ഐക്യമത്യത്തിനു അത് ഉതകുമെന്നും നെഹ്‌റു മനസിലാക്കി. നെഹ്‌റു നിയമങ്ങളെ തന്നെ നാലായി വിഭജിച്ചു. വിവാഹം, വിവാഹ മോചനം പാരമ്പര്യ സ്വത്തു വിഭജനം, കുട്ടികളെ ദത്തെടുക്കുമ്പോൾ ഹിന്ദുക്കൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്നിവകൾ തരം തിരിച്ചു നിയമങ്ങൾ പാസാക്കി. 1950-ൽ ഹൈന്ദവ പരിഷ്‌കാര നിയമങ്ങൾ അധികം പ്രതിഷേധങ്ങളില്ലാതെ പാസാക്കാനും സാധിച്ചു.

1985-ലെ 'ഷാ ബാനോ' കേസിന്റെ സുപ്രീം കോടതി വിധി മുസ്ലിം വ്യക്തിഗത നിയമത്തിനെതിരായിരുന്നു. കേസിൽ സുപ്രീം കോടതിയുടെ തീരുമാനം യാഥാസ്ഥികരായ മുസ്ലിമുകളിൽ വലിയ ഒച്ചപ്പാടുകളുമുണ്ടാക്കി. ഇന്ത്യാ മുഴുവനായി ഏകീകൃത നിയമത്തിന്റെ ആവശ്യകതയും അന്നത്തെ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചു കുട്ടികളുടെ തള്ളയായ 'ഷാബാനോ'യെന്ന മുസ്ലിം സ്ത്രീയെ അവരുടെ ഭർത്താവ് ഇസ്‌ലാമിക ആചാരപ്രകാരം മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലി ഉപേക്ഷിക്കുകയുണ്ടായി. ഇസ്‌ലാമിക നിയമം അനുസരിച്ചു അവർ വീണ്ടും വിവാഹം കഴിച്ചില്ലെങ്കിൽ മൂന്നു മാസം വരെ  ജീവനാംശം കൊടുക്കാനെ അവരുടെ ഭർത്താവായിരുന്നയാൾക്ക് ബാദ്ധ്യതയുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിലെ ഹാഡിത്ത് നിയമമനുസരിച്ച് അയാൾ കോടതിയിൽ അങ്ങനെയുള്ള വാദങ്ങളുന്നയിച്ചു. കേസ് സുപ്രീം കോടതിയിൽവരെ പരിഗണനയിലുമെത്തി. അവർക്ക് ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞതിനാൽ അവരുടെ പുനർവിവാഹം വരെയോ മരിക്കുന്നവരെയോ ജീവനാംശം കൊടുക്കാൻ ഇന്ത്യൻ പീനൽ കോഡ് 125 വകുപ്പുപ്രകാരം വിധിയുണ്ടായി. നിയമം ഏവർക്കും ഒരുപോലെ ബാധകമെന്ന സുപ്രിം കോടതിയുടെ തീരുമാനത്തിൽ മുസ്ലിം വ്യക്തിഗത  നിയമത്തിനു തിരിച്ചടിയും  കോടതിയിൽ വിലയില്ലാതെയുമായി. മത മൗലികവാദികളായ മുസ്ലിമുകൾ ഈ വിധി മതത്തിനെതിരായ വിധിയായി കരുതിയും ഇസ്‌ലാമിക നിയമത്തെ പരിഗണിക്കാത്തതിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. മുസ്ലിമുകളിൽനിന്നും വന്ന എതിർപ്പുകാരണം കോൺഗ്രസ്സ് സർക്കാർ 1986-ൽ സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച പുതിയ വകുപ്പ് പാർലമെന്റിൽ പാസാക്കുകയും  സുപ്രീം കോടതി വിധി അസാധുവാക്കുകയും ചെയ്തു. ഈ നിയമം അനുസരിച്ചു വിവാഹ മോചനം നേടിയ സ്ത്രീക്ക് മൂന്നു മാസം ചെലവിന് കൊടുത്താൽ മതിയാകും. 
മുസ്ലിം സമുദായവും ഷിയാ ബോർഡും ഈ വിധി അസാധുവാക്കിയതിൽ സർക്കാരിനെ അഭിനന്ദിക്കുകയും പുതിയ നിയമത്തിനു പിന്തുണ നൽകുകയുമുണ്ടായി. ഇന്ത്യാ ഒരു മതേതരത്വ രാജ്യമെന്ന നിലയിൽ മതത്തിന്റെയടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി ഖേദകരമായിട്ടാണ് സുപ്രീം കോടതി കണ്ടത്. മതത്തെ അകറ്റി നിർത്തുന്നതിനു പകരം ഈ നിയമം മൂലം ദേശീയ കാഴ്ചപ്പാട് തന്നെ അർത്ഥമില്ലാത്തതെന്നും വിലയിരുത്തി. ഇന്ത്യാ ഒന്നാണെന്നുള്ള ആദർശങ്ങൾക്കും വിലയില്ലാതെയായി. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു നിയമ ഭേദഗതി സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ സാധിക്കുമെങ്കിലും വോട്ടു ബാങ്കുകൾ പ്രതീക്ഷിച്ച് സംസ്ഥാനങ്ങൾ തയ്യാറാകാത്തതിലും കോടതി കുറ്റപ്പെടുത്തി.
മുസ്ലിമുകളിൽ ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കളെക്കാളും ബുദ്ധമതക്കാരെക്കാളും ആദിവാസികളെക്കാളും ബഹുഭാര്യത്വം അവരുടെയിടയിൽ കുറവെന്നും കാണാം. ഇന്ത്യയുടെ സെൻസസ് കണക്കുകൾ ഇത് വ്യക്തമാക്കുന്നുമുണ്ട്. മുസ്ലിം സമുദായത്തിൽ നിയമപരമായി ബഹു ഭാര്യത്വം അനുവദനീയമായതുകൊണ്ട് അനേകം പേർ ഇസ്ളാം മതം സ്വീകരിക്കാനും താത്പര്യപ്പെടുന്നു. ക്രിസ്ത്യാനികളിൽ മതപരമായ വിവാഹമോചനം എളുപ്പമല്ലാത്തതിനാൽ കോടതിവഴിയേ സാധിക്കുകയുള്ളൂ. അതിനായി ഭരണഘടനയിൽ പ്രത്യേക ചട്ടങ്ങൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്.
ഹിന്ദു നിയമം അനുസരിച്ച് ഒരു അമ്മയ്ക്ക് മക്കൾക്കൊപ്പം സ്വത്തുക്കളിൽ തുല്യവകാശമുണ്ട്. മരിച്ചുപോയ മകന്റെ സ്വത്തുക്കളിൽ അവകാശം മകന്റെ വിധവയ്ക്കായിരിക്കും. എന്നാൽ വിവാഹിതയായ മകൾ മരിക്കുകയാണെങ്കിൽ അവരുടെ മക്കൾക്കൊപ്പം അമ്മയ്ക്കും അവകാശം ലഭിക്കും. ഇങ്ങനെ മതങ്ങൾ തമ്മിലുള്ള വ്യക്തിഗതങ്ങളായ നിയമങ്ങളുടെ അന്തരം കാരണമാണ് ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യം വരുന്നത്. സ്ത്രീകൾക്ക് വിവാഹത്തിലും, വിവാഹമോചനത്തിലും, പാരമ്പര്യ സ്വത്തുക്കളിലും എല്ലാ മതങ്ങളിലും വിവേചനമാണുള്ളത്. 
ഇന്ത്യയെ സംബന്ധിച്ച് വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ജാതികളുടെയും മദ്ധ്യേ ഏകീകൃതമായ ഒരു നിയമം നടപ്പാക്കുക എളുപ്പമല്ല. 1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ചാണെങ്കിലും ഹിന്ദുവിന്റെ നിർവചനത്തിൽ വരുന്ന എല്ലാ ജാതികളുടെയും നിലവിലുള്ള ആചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തണം. മുസ്ലിമുകളെ സംബന്ധിച്ച് നീണ്ട ആചാരങ്ങൾ ഇല്ലെങ്കിലും ഷിയാകളുടെയും സുന്നികളുടെയും ഇടയിലുള്ള ആചാരങ്ങളിൽ വലിയ അന്തരമുണ്ട്. ഏകീകൃത നിയമം നടപ്പാക്കുന്നതിന് പ്രശ്നക്കാരായി മുമ്പിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരാണ്. ഏകീകൃത സിവിൽ കോഡുകൾ സംബന്ധിച്ച് ബി.ജെപി.യ്ക്കും കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും അവരുടേതായ നയങ്ങളുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും നിയമം എന്തെന്നുപോലും അറിയത്തില്ല. അത്തരക്കാരാണ് രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പ്രകടനങ്ങൾ നടത്തുന്നതും.    

ഏകീകൃത സിവിൽ കോഡിനെപ്പറ്റി പലർക്കും തെറ്റായ ധാരണകളുമുണ്ട്. ന്യൂന പക്ഷങ്ങളുടെ ഇടയിൽ ഇതേസംബന്ധിച്ചു ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് കാണാം. ഹിന്ദുക്കൾക്ക് മാത്രം ഈ നിയമം പ്രയോജനപ്പെടുന്നുവെന്നുള്ള മിഥ്യാധാരണകളും അജ്ഞരായ ജനത്തെ വഴിതെറ്റിക്കുന്നു. ഒരു പക്ഷെ സിവിൽ കോഡ് നിയമങ്ങൾ ഒറ്റയടിക്ക് നടപ്പിലായാൽ ദേശീയ തലങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം. സമുദായ മൈത്രിക്ക് കോട്ടം സംഭവിച്ചേക്കാം. പടിപടിയായുള്ള  ചെറിയ പരിഷ്‌ക്കാരങ്ങളിൽക്കൂടി യുക്തിപൂർവം നിയമം നടപ്പാക്കുകയായിരിക്കും നല്ലത്. നിയമങ്ങൾ ആധുനിക കാലത്തിനനുയോജ്യമായ വിധം മാറ്റങ്ങൾ വരുത്താനും ശ്രമിക്കാം. മതങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായിരിക്കണം ലക്‌ഷ്യം. അങ്ങനെ ഏകീകൃത നിയമങ്ങൾ പൂർണ്ണമായും പിന്നീടുള്ള കാലഘട്ടത്തിൽ നടപ്പാക്കാനും സാധിക്കും. ഇന്ത്യാ ഒരു മതേതര രാഷ്ട്രമെന്ന നിലയ്ക്ക് എന്തുകൊണ്ട് ഓരോ മതങ്ങൾക്കും വ്യത്യസ്ത നിയമങ്ങൾ എന്നതും ചർച്ചാ വിഷയമാണ്. രാഷ്ട്രീയക്കാരുടെ തെരുവുകളിലെ പ്രസംഗങ്ങളിൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമെങ്കിലും നിയമത്തിന്റെ പേജുകളിൽ മതമാണ് നിറഞ്ഞിരിക്കുന്നത്. നമുക്കൊരു ഏകീകൃത നിയമം രാജ്യത്തു നടപ്പാക്കാൻ സാധിക്കാതെ പോയത് മതഭ്രാന്തന്മാർ ഈ നാടിനെ ഭരിക്കുന്നതുകൊണ്ടായിരുന്നു. അവർ വെറുപ്പിന്റെ പ്രസംഗങ്ങളിൽക്കൂടി രാജ്യത്താകമാനം രക്തച്ചൊരിച്ചിലുകളുടെ വിപ്ലവങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

രാജ്യത്തുടനീളമുള്ള മുസ്ലിം വനിതാ സംഘടനകൾ ഇന്ന് നിലവിലുള്ള ഇസ്‌ലാമിന്റെ വ്യക്തിഗത നിയമങ്ങൾ സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന് കരുതുന്നു. തുല്യാവകാശങ്ങൾക്കായി പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. ഒരു കാരണവും കൂടാതെ ഒരു മുസ്ലിം പുരുഷന് മൂന്നു പ്രാവിശ്യം തലാക്ക് ചൊല്ലി സ്ത്രീയെ വിവാഹ ജീവിതത്തിൽ നിന്നും പുറത്താക്കാം. അതേസമയം സ്ത്രീയ്ക്ക് പുരുഷനെ ഒഴിവാക്കണമെങ്കിൽ, അയാൾ എത്ര വെറികെട്ടവനാണെങ്കിലും കോടതിയുടെ സഹായവും വേണം. വിവാഹ മോചനം ലഭിക്കണമെങ്കിൽ അവർക്ക് വർഷങ്ങളോളം കോടതിയിൽ പട പൊരുതുകയും വേണം. ഭർത്താവിന്റെ ക്രൂരതയും വ്യപിചാരവുമെല്ലാം തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കേണ്ടിയും വരും. ഒരു സ്ത്രീയ്ക്ക് വിവാഹ മോചനം കോടതിവഴി നേടാൻ ദീർഘകാലവും ആവശ്യത്തിനുള്ള തെളിവുകളും ഹാജരാക്കേണ്ടപ്പോൾ പുരുഷന് യാതൊരു ചെലവുകളുമില്ലാതെ സ്ത്രീയിൽ നിന്നും വിവാഹമോചനം നേടാൻ സാധിക്കുന്നു. പുരുഷന് ഒരേ സമയം നാലു ഭാര്യമാരെ വിവാഹം കഴിക്കാം. സ്ത്രീയ്ക്ക് ഒരു ഭർത്താവേ പാടുള്ളൂ. ടെക്കനോളജിയുടെ വളർച്ചയോടെ ഒരു മുസ്ലിം മനുഷ്യന് നിമിഷങ്ങൾക്കുള്ളിൽ ഭാര്യയെ വിവാഹ മോചനം നടത്താം. പോസ്റ്റൽ വഴിയും, ഫോൺ, എസ്.എം.എസ്. മൊബയിൽ വഴിയും വിവാഹ മോചിതരാവുന്നുണ്ട്. ഇങ്ങനെ മനുഷ്യത്വ രഹിതമായ വിവാഹ മോചന രീതികൾ ഇസ്‌ലാമിക്ക് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ വരെയും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്നും ഇസ്‌ലാമികളുടെയിടയിൽ അത്തരം ആചാരം തുടരുന്നു.

ക്രിസ്ത്യാനികൾക്കുള്ള നിയമം 1872- ൽ പാസാക്കിയ ക്രിസ്ത്യൻ നിയമവ്യവസ്ഥയനുസരിച്ചായിരിക്കും. എന്നാൽ ഗോവയിൽ എല്ലാ മതങ്ങൾക്കും തുല്യമായ ഏകീകൃത പൊതു നിയമങ്ങളുണ്ട്. വിവാഹ മോചനം സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് 1869-ൽ പാസാക്കിയ ക്രിസ്തീയ വിവാഹമോചന നിയമം ബാധകമായിരിക്കും. ആ നിയമം ഗോവയിൽ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഏകീകൃത നിയമം  ക്രിസ്ത്യാനികൾക്കും ബാധകമാക്കി. അവിടെ 1954-ലെ സിവിൽ നിയമപ്രകാരം മതത്തിനു വെളിയിലും സിവിൽ വിവാഹം അനുവദിച്ചിട്ടുണ്ട്. 

സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് പൊതുവായി കത്തോലിക്കസഭ എതിർത്തിരിക്കുകയാണ്. സഭയ്ക്ക് ആത്മീയ കാര്യങ്ങൾ പരിഗണിക്കാൻ കാനോൻ നിയമങ്ങളുണ്ട്; വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, മുതലായവകൾ കൈകാര്യം ചെയ്യുന്നത് സഭയുടെ കോടതികളാണെന്നാണ്' വരാനിരിക്കുന്ന ഈ നിയമത്തിനെതിരെ കാത്തലിക് സെക്യൂലർ ഫോം ജനറൽ സെക്രട്ടറിയായ ശ്രീ ജോസഫ് ഡിയാസ് പ്രതികരിച്ചിരിക്കുന്നത്. ഭൂരിപക്ഷ താല്പര്യത്തിനായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ശ്രമിക്കുന്നതെന്നു കർദ്ദിനാൾ ക്ളീമിയസ് ബസിലിയോസും (Baselios Cleemis Thottunkal) ആരോപണമുന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ അധീനതയിലുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനും മത നേതൃത്വങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ പ്രയത്നിക്കുന്നതെന്നു പറഞ്ഞു കുറ്റപ്പെടുത്തി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ക്രിസ്ത്യാനികൾ ഈ നിയമത്തിനെതിരാണെന്നു തറപ്പിച്ചു പറയുകയും ചെയ്തു. 

സ്വത്തവകാശത്തിന്റെ പേരിൽ ട്രാവൻകൂർ സർക്കാർ 1916-ലും കൊച്ചി സർക്കാർ 1921-ലും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ പാസാക്കിയിരുന്നു. വിവാഹിതരാകാത്ത സ്ത്രീ ജനങ്ങൾക്കു പുരുഷന്മാർക്കുള്ള സ്വത്തിന്റെ പകുതി അവകാശമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ വിവാഹിതരായാൽ പൂർവിക സ്വത്തിന്മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. 'മേരി റോയി' എന്ന വിധവയായ സ്ത്രീയെ കുടുംബത്തിന്റെ സ്വത്തുക്കൾ ഒന്നും കൊടുക്കാതെ അവരുടെ സഹോദരൻ വീട്ടിൽ നിന്നും പുറത്താക്കി. അയാൾക്കെതിരായി മേരി റോയി കേസ് ഫയൽ ചെയ്യുകയും കോടതി അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. രാജഭരണം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറും കൊച്ചിയും സ്റ്റേറ്റുകൾ ഇന്ത്യൻ യൂണിയനിൽ ലയിച്ചതുകൊണ്ടു രാജനിയമങ്ങൾ അസാധുവെന്നായിരുന്നു വിധി. ഇന്ത്യാ നിയമങ്ങളനുസരിച്ചു ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികളെപ്പോലെ സ്വത്തുക്കളുടെ തുല്യമായ വീതം മേരി റോയിക്ക് നൽകാൻ വിധിയുമുണ്ടായി. ഇതനുസരിച്ചു ക്രിസ്ത്യൻ സ്ത്രീകൾക്കും സ്വത്തിന്റെ അവകാശം ലഭിക്കാൻ തുടങ്ങി. 

മുസ്ലിം സമൂഹത്തിൽ ഏകീകൃത സിവിൽ നിയമത്തിനെതിരെ തീവ്രമായ ചർച്ചകളുണ്ടെങ്കിലും  ക്രിസ്ത്യൻ സമൂഹം അത്തരം ഒരു നിയമത്തെ കാര്യമായി ഗൗനിക്കുന്നില്ല. ബഹുഭാര്യത്വം ക്രിസ്ത്യൻ സഭയിൽ അനുവദനീയമല്ല. വിവാഹ മോചനം സഭ അസാധാരണ സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുന്നതു കൊണ്ട് വിവാഹമോചനങ്ങൾക്കായി കോടതികളെ ആശ്രയിക്കാം. ഇസ്ലാം മതത്തിലെപ്പോലെ 'തലാക്ക്' ചൊല്ലി സ്ത്രീയെ പുറത്താക്കാൻ സാധിക്കില്ല. രണ്ടു കൂട്ടരുടെയും ഉഭയസമ്മത പ്രകാരം സ്വത്തുക്കളിലും വിവാഹമോചനത്തിനും തീരുമാനങ്ങളെടുക്കാൻ കോടതി വഴികളിൽ സാധിക്കും. പാരമ്പര്യ സ്വത്തുക്കളിലും ഒരു കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെപ്പോലെ  സ്ത്രീയ്ക്കും തുല്യാവകാശമുണ്ട്. ഏകീകൃത നിയമം കൊണ്ട് ഇന്നുള്ള നിയമത്തിനെക്കാളും വ്യത്യസ്തമായതു സംഭവിച്ചെങ്കിൽ മാത്രമേ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമാവുന്നുള്ളൂ.

ഏകീകൃത നിയമത്തിൽ സ്ത്രീകൾക്ക് നീതി കിട്ടുമെങ്കിലും മാറ്റങ്ങൾക്കായുള്ള ശ്രമങ്ങൾ വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഇത്തരം ഒരു നിയമത്തിനായി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് സമുദായ പരിഷ്ക്കർത്താക്കളെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷെ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾക്ക് മുതിർന്നാൽ തന്നെ മതനിയമങ്ങൾ അവിടെ തടസമാകും. ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയിൽ പരിഷ്‌ക്കാരങ്ങൾ വരുത്തണമെങ്കിൽ സ്ത്രീ ശക്തികരണം ആവശ്യമാണ്. അതിനുള്ള ബോധവൽക്കരണവും സ്ത്രീകളിലുണ്ടാവണം. അഫ്‍ഗാനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങൾ പോലെ ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾക്ക് മതം വിദ്യാഭ്യാസം നിഷേധിക്കാത്തത് ഒരു ആശ്വാസമാണ്. അതിന് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായ 'സർ സെയ്ദ്' പോലുള്ള മഹാന്മാരോട് കടപ്പെട്ടിരിക്കുന്നു. 

















Sunday, October 16, 2016

ഫ്രാൻസിസ് മാർപാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും



ജോസഫ് പടന്നമാക്കൽ

യാഥാസ്ഥിതിക ലോകം ഫ്രാൻസിസ്  മാർപാപ്പയുടെ   വിവാദപരമായ അഭിപ്രായങ്ങളിൽ  തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിൻറെ സ്വാഭിപ്രായങ്ങൾ  അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും  പറഞ്ഞുകൊണ്ട് മാർപാപ്പയ്ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്.  മാർപാപ്പാമാരിൽ ബെനഡിക്റ്റ് പതിനാറാമനും ജോൺ പോൾ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങൾ പിന്തുടരുന്ന വൃദ്ധരായ കർദ്ദിനാൾ സംഘത്തെ മറികടന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ  സങ്കുചിത  മനഃസ്ഥിതിയുളളവർ   ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്.

ഒരു വിഭാഗം യാഥാസ്ഥിതികർ   മാർപാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികൾ കേരളത്തിലെ സീറോ മലബാർ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാർപാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാർഥനകൾ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യൽ മീഡിയാകളിൽ വായിക്കാൻ സാധിക്കും. 1599-ലെ ഉദയംപേരൂർ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ കൂടുതലും നെസ്തോറിയന്മാരായിരുന്നു. അവരെ റോമ്മാസഭ പാഷണ്ഡികളായി കരുതിയിരുന്നു. നെസ്തോറിയൻ, ഓർത്തോഡോക്സ് വിശ്വാസങ്ങളിൽനിന്നും  പൊട്ടിമുളച്ച സീറോ മലബാർ സഭ ധാർമ്മിക ബോധമില്ലാത്ത യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്രം പുരോഗമിക്കുംതോറും സഭയുടെ കാലത്തിനനുയോജ്യമായ നയങ്ങളുടെ രൂപീകരണം വളരെ സാവധാനമെന്നും കാണാം. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സങ്കുചിത മനോഭാവമുള്ളവർ സഭയുടെ ഭരണകാര്യങ്ങൾ വഹിക്കുന്നതുകൊണ്ട് സഭ പരിവർത്തന കാലഘട്ടത്തിൽക്കൂടി  കടന്നുപോവുന്നുമില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ വിവാദപരവും വിപ്ലവകരവുമായ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ആഗോള പത്രവാർത്തകളിൽ കാണപ്പെടാറുള്ളത്. എല്ലാ മതങ്ങളും ഒന്നാണെന്നുള്ള  അദ്ദേഹത്തിൻറെ പ്രഖ്യാപനം സഭയുടെ പാരമ്പര്യ വിശ്വാസങ്ങൾക്കൊരു വെല്ലുവിളിയായിരുന്നു.  നരകവും നരകത്തിന്റെ ഭാവനകളും മനുഷ്യന്റെ സങ്കൽപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദപരമായ ഇത്തരം പ്രസ്താവനകൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ വത്തിക്കാൻ നിഷേധിക്കുകയാണ് പതിവ്. മാർപാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നു പറഞ്ഞ്, വത്തിക്കാൻ  പ്രസ്താവനകളുമിറക്കും.  മാർപാപ്പയെ സംബന്ധിച്ച  അത്തരം  വാർത്തകൾ സീറോ മലബാർ പോലുള്ള യാഥാസ്ഥിതിക ഉപാന്തര സഭകൾ അറിഞ്ഞ ഭാവം നടിക്കുകയുമില്ല. സർവ്വമത മൈത്രിക്കായി മാർപാപ്പാ ലോകത്തിലെ എല്ലാ മതാചാര്യന്മാരുമായി നല്ല സൗഹാർദബന്ധവും സ്ഥാപിക്കുന്നു.

വണക്കത്തിലൂടെയും പ്രാർത്ഥനയുടെ മനനത്തിലും വിനയഭാവത്തിലൂടെയും അത്മാവിന്റെ സത്തയിലും അന്വേഷണത്തിലും നാം മനസുനിറയെ തത്ത്വസംഹിതകൾ ആർജ്ജിച്ചിട്ടുണ്ട്. പലരും പുതിയ കാഴ്ചപ്പാടിൽ ഇത്തരം വിഷയങ്ങളെ അവലോകനവും ചെയ്യുന്നു. മനുഷ്യൻ ഭാവനകളിൽ സൃഷ്ടിച്ച   നരകവും അവിടെ ആത്മാക്കൾ കഷ്ടപ്പെടുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളും അംഗീകരിക്കാൻ സാധിക്കില്ലെന്നു മാർപാപ്പാ പറയുന്നു. ദൈവസ്നേഹത്തിലേക്കുള്ള ജൈത്രയാത്രയിൽ നരകമെന്ന ബാലിശമായ ചിന്തകൾ സഭയുടെ വിശ്വാസ സംഹിതകളിൽ എന്നുമുണ്ടായിരുന്നു. ഭയത്തിൽനിന്നും ദൈവസ്നേഹത്തെ വളർത്തുകയെന്നത് എക്കാലവുമായിരുന്ന അടവുകളുമായിരുന്നു.  പ്രകൃതിയും ഈശ്വരനും അസ്തിത്വവുമടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ചിന്തിക്കുന്നവരുടെ മനോബോധത്തെപ്പോലും അടച്ചിടാനാണ് സഭയെന്നും ശ്രമിച്ചിട്ടുള്ളത്. ദൈവത്തെ ഒരു വിധികർത്താവായി കാണരുതെന്നും ദൈവം നമ്മുടെ സുഹൃത്തായും അനന്തമായ  സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉറവിടവുമായി കരുതണമെന്നു' മാർപാപ്പാ പറഞ്ഞു. 'ദൈവമെന്നു പറയുന്നത് മനുഷ്യനെ സ്നേഹംകൊണ്ട് പുണരുന്നവനാണ്. അല്ലാതെ വിധിക്കുന്നവനല്ല. ഏദൻ തോട്ടത്തിലെ ആദവും അവ്വായെയുംപറ്റി നാം വായിക്കുന്നത് വെറും അമാനുഷ്യക കഥാപാത്രങ്ങളായിട്ടാണ്. അവിടെ നാം നരകവും കാണുന്നു. പക്ഷെ അതെല്ലാം പഴങ്കാലത്തിലെ സാഹിത്യമയമായ ഭാവനകളിൽ വന്ന കൃതികളാണ്. 'അലഞ്ഞു നടക്കുന്ന ആത്മാക്കൾക്ക് ഭാവനയിൽ മനുഷ്യൻ കണ്ടെത്തിയ ഒരു സങ്കേതമാണ് നരകമെന്നുള്ളത്. എല്ലാ ആത്മാക്കളും പരമാത്മാവായ ദൈവത്തിങ്കലെ സ്നേഹാരൂപിയിൽ അലിഞ്ഞു ചേരുമെന്നും മാർപാപ്പാ വിശ്വസിക്കുന്നു.

ഫ്രാൻസിസ്  മാർപാപ്പയുടെ  ചിന്താഗതികളും പ്രസംഗങ്ങളും ആഗോള കത്തോലിക്കാ സഭയിൽ ഒരു വിപ്ലവ ചൈതന്യം തന്നെ സൃഷ്ടിക്കുന്നതായി കാണാം. "എല്ലാ മതങ്ങളും സത്യമെന്നും അപ്രകാരം  വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളും സത്യമെന്നു" മാർപാപ്പാ  അവകാശപ്പെടുന്നു.  'മറ്റെന്തു സത്യമാണുള്ളത്? കഴിഞ്ഞ കാലത്ത് സഭ മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റെന്നും പാപമെന്നും കഠിനമായ ഭാഷകളിൽ വിധിയെഴുതിയിരുന്നു. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ദൈവത്തിന്റെ മുമ്പിൽ വിധിക്കാനായി മനുഷ്യരായ നാം ആര്? സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ നമ്മുടെ കുഞ്ഞുങ്ങളെ നാം വിധിക്കാറില്ല. ഭ്രൂണഹത്യയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സ്വവർഗ രതിക്കാരും സ്ത്രീ പുരുഷ രതിക്കാരും നിറഞ്ഞ ബൃഹത്തായ ഒരു സഭയാണ് നമ്മുടേത്. യാഥാസ്ഥിതികരെയും പുരോഗമന വാദികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും കമ്മ്യൂണിസ്റ്റുകാരേയും നാം സഭയിലേക്ക് സ്വാഗതം ചെയ്തു. സ്നേഹത്തിന്റെ അരൂപിയിൽ മനുഷ്യജാതിയെ ഒന്നായി കാണണം. നാം  ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.'

വ്യക്തിഗതമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും അമാന്തം  കാണിച്ചിട്ടില്ല. പറയുന്ന വസ്തുതകൾ പത്രങ്ങളിൽ വന്നു കഴിയുമ്പോൾ അതിന്റെ പരിണിതഫലങ്ങൾ ലോകവ്യാപകമായി വ്യാപിക്കുകയും ചെയ്യും. ഉടൻതന്നെ യാഥാസ്ഥിതികനായ വത്തിക്കാന്റെ ഏതെങ്കിലും വക്താവ്  മാർപാപ്പാ  പറഞ്ഞതിനെ പത്രങ്ങൾ വളച്ചൊടിച്ചതാണെന്ന് ഒരു പ്രസ്താവനയും നടത്തും. ഇത്രമാത്രം സഭയുടെ മാമൂലുകൾക്കെതിരെ ഒരു ആദ്ധ്യാത്മിക നേതാവെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രസ്താവനകൾ നടത്തിയ ഒരു മാർപാപ്പാ ചരിത്രത്തിലുണ്ടാവുകയില്ല. അത്തരം പ്രസ്താവനകൾ ചിലരിൽ വിവാദങ്ങളായും മറ്റു ചിലരെ കുപിതരാക്കിക്കൊണ്ടുമിരുന്നു. പുരോഗമന ചിന്താഗതിക്കാരെ സന്തുഷ്ടരുമാക്കിയിരുന്നു.

മാധ്യമ ലോകം അദ്ദേഹത്തെ ഒരു ആദ്ധ്യാത്മിക നേതാവെന്നതിലുപരി പ്രസിദ്ധനായ (Celebrity) ഒരു വ്യക്തിയായി ചിത്രീകരിക്കുന്നു. ടൈം മാഗസിൻ അദ്ദേഹത്തെ 2013 -ൽ മാൻ ഓഫ് ദി ഇയർ (Man of the year) എന്ന കീർത്തിയുടെ കിരീടമണിയിച്ചാദരിക്കുകയും ചെയ്തു. അനേകർക്ക് ഫ്രാൻസിസ്  മാർപാപ്പാ ഒരു നവീകരണ വാദിയും സഭയുടെ പരിഷ്കർത്താവുമാണ്. വത്തിക്കാന്റെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരെ ഭയരഹിതനായി  സംസാരിക്കുകയും ചെയ്യുന്നു. മാർപാപ്പായുടെ വാക്കുകൾ ചിലപ്പോൾ കലർപ്പും കലർത്തി ലോകമാധ്യമങ്ങൾ അമിതമായ പ്രചാരവും നടത്തുന്നുണ്ട്. ഗർഭഛിദ്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെയും പരീസ്ഥിതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു കഴിഞ്ഞു. കത്തോലിക്കാ ലോകത്തിൽ വലിയ ഒച്ചപ്പാടുകളുണ്ടാകുകയും ചെയ്തു.

മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ കൂടുതലായും സംസാരിച്ചുകൊണ്ടിരുന്നത് സഭയുടെ പാരമ്പര്യമായ വിശ്വാസങ്ങളെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും ഗർഭഛിദ്രങ്ങളെ സംബന്ധിച്ചുമായിരുന്നു. വിശ്വാസസത്യങ്ങൾക്കുപരി ഒരു മാർപാപ്പയും   തെല്ലും പിന്തിരിയാൻ തയ്യാറുമല്ലായിരുന്നു. പൊറുക്കപ്പെടാൻ പാടില്ലാത്ത ഒരു പാപവും ഇല്ലെന്നും കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതൻ ഗർഭച്ഛിദ്രവും പൊറുക്കപ്പെടാൻ കഴിയുന്ന പാപമാണെന്നു കരുതണമെന്നും  മാർപാപ്പാ  പറഞ്ഞു.  മാർപാപ്പാ ഏറ്റവും വലിയ പാപമായി കരുതുന്നത് പരിസ്ഥിതി മലിനീകരണമാണ്. മുമ്പുള്ള മാർപാപ്പമാർക്കെല്ലാം ആഡംബരത്തിൽ ജീവിക്കേണ്ട യൂറോപ്യൻ ചിന്താഗതികളായിരുന്നുണ്ടായിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ പശ്ചാത്തലം ചിന്തിക്കുകയാണെങ്കിൽ അദ്ദേഹം ജനിച്ചു വളർന്നത് പാവപ്പെട്ട ഒരു രാജ്യമായ അർജന്റീനായിലായിരുന്നു. അദ്ദേഹത്തിൻറെ ചിന്തകൾ മുഴുവനും ബാല്യം മുതൽ വളർന്ന തന്റെ ദാരിദ്ര്യം നിറഞ്ഞ ലത്തീൻ രാജ്യങ്ങളായിരുന്നു. അവിടെയാണ് ലിബറേഷൻ ദൈവിക ശാസ്ത്രത്തിന്റെ ഉത്ഭവവും. ദരിദ്രരായവർക്കും സമൂഹത്തിൽ പീഡിപ്പിക്കപ്പെട്ടവർക്കുമായി ലിബറേഷൻ തീയോളജി ഉറച്ചു നിൽക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഊന്നൽ കൊടുക്കുന്നത്. കാരണം, പ്രകൃതിയുടെ നശീകരണത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവർ പാവങ്ങളായ ജനങ്ങളാണ്. ലൈംഗിക പീഡനം മൂലം തകരുന്ന സഭയെ രക്ഷിക്കാൻ പുരോഹിതരോട് യാതൊരു കാരുണ്യവുമില്ലാത്ത ശിക്ഷാനടപടികളാണ് ഫ്രാൻസിസ് മാർപാപ്പ തുടരുന്നത്. സഭയുടെ നയങ്ങളിൽ മാറ്റം വരുത്തി നൂതനമായ ചിന്താഗതികളോടെ ഭരിക്കുന്ന കാരണം അദ്ദേഹത്തിൻറെ ജീവനുതന്നെ അപകടകരമായ വെല്ലുവിളികളുമുണ്ട്.

2013-ൽ മാർപാപ്പ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഒരുവൻ സ്വവർഗാനുരാഗിയെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ നന്മയുള്ളവനെങ്കിൽ അവനെ വിധിക്കാൻ ഞാനാര്?' 2014-ൽ അദ്ദേഹം പറഞ്ഞു, 'സഭ സ്വവർഗാനുരാഗികളുടെ ജീവിത ബന്ധങ്ങളെ  തുറന്ന മനസോടെ കാണണം. എങ്കിലും വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതെന്നും' കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം അദ്ദേഹം പറഞ്ഞു, 'കരുണയുടെ വർഷത്തിൽ ലോകമാകമാനമുള്ള പുരോഹിതർ ഗർഭച്ഛിദ്രമെന്ന പാപവും ക്ഷമിക്കാൻ തയാറാകണം. അവർക്ക് കൂദാശകൾ വിലക്കരുത്. 'ലോകത്തിന്റെ വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ചും മാർപാപ്പ കടുത്ത വിമർശകനാണ്. അദ്ദേഹം പറഞ്ഞു, 'ഒരു മനുഷ്യന്റെ വിഗ്രഹമെന്നു പറയുന്നത് പണമാണ്. ലോകത്തിലെ ധനതത്ത്വ ശാസ്ത്രജ്ഞരിൽ ചിലർ ചിന്തിക്കുന്നത് സ്വതന്ത്രമായ മാർക്കറ്റ് തത്ത്വങ്ങളിൽക്കൂടി സാമ്പത്തിക വളർച്ചയെ കൈവരിക്കാമെന്നുള്ളതാണ്.'  അസമത്വം ഇല്ലാതാക്കാനും ലോകത്തിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുമുള്ള പദ്ധതികൾക്ക് ആസൂത്രണം ചെയ്യാനും മാർപാപ്പ നിർദ്ദേശിക്കുന്നു.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച് സാമൂഹിക നീതി നടപ്പാക്കണം. സ്വതന്ത്രമായ സാമ്പത്തിക മുന്നേറ്റത്തിൽ ഒരു സമൂഹം മാത്രം സാമ്പത്തികശക്തി സമാഹരിക്കുന്നതും കാണാം. അവരുടെ വിജയകരമായ സാമ്പത്തികനേട്ടത്തിൽ നന്മയെന്ന വസ്തുത കാണില്ല. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർ പരിതാപകരമായി അധഃപതിക്കുന്നതായും കാണുന്നു. ധനികരായവർ ദരിദ്രരെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയാണ് സ്വതന്ത്ര സാമ്പത്തിക ശാസ്ത്രത്തിൽ  കൂടുതലായും കാണപ്പെടുന്നത്.

പരിസ്ഥിതി നശിപ്പിക്കുന്ന പ്രധാന കാരണക്കാരായവരിൽ മാർപാപ്പാ വൻകിട കോർപ്പറേറ്റ് കമ്പനികളെയും ഊർജം ഉത്ഭാദിപ്പിക്കുന്ന കമ്പനികളെയും രാഷ്ട്രീയക്കാരെയും ഒരുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. അനിയന്ത്രിതമായ സാമ്പത്തിക വളർച്ച ധനതത്ത്വ ചിന്തകർ ഇഷ്ടപ്പെടുന്നു. എന്നാൽ അതോടൊപ്പം ഭൂമിയിലെ അതിരറ്റ ധാതുക്കളും ഉത്പ്പന്നങ്ങളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് ഈ പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ അപകടമാക്കുന്നു. ഭൂമിയെ തന്നെ വരൾച്ച ബാധിച്ചതാക്കുന്നു. വനം നശീകരണവും വൻകിട കെട്ടിട നിർമ്മാണവും പാഴായ വസ്തുക്കൾ അശാസ്ത്രീയമായി വലിച്ചെറിയലും നദികളെ മലിനപ്പെടുത്തലും വഴി പരിസ്ഥിതിയെയും അവിടെ ദുർവിനിയോഗം  ചെയ്യുകയാണ്.

അടുത്ത കാലത്തു വിവാഹമെന്ന കൂദാശയെ സംബന്ധിച്ചുള്ള മാർപാപ്പായുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. പുരോഹിതർ പള്ളികളിൽ ആശീർവദിക്കുന്ന വിവാഹങ്ങൾ പലതും ആത്മീയാരൂപിയില്ലാത്തതെന്നും മാർപാപ്പ പറഞ്ഞു. "വിവാഹത്തിന്റെ പരിപാവനത ഗൗനിക്കാതെയാണ് പലരും വിവാഹം കഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടായിരുന്ന വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മനസ്സിലാക്കാതെയാണ് അവർ വിവാഹം ചെയ്തത്. അവരുടെ വിവാഹമെന്ന കൂദാശയിൽ ദൈവത്തിന്റെ കൃപ ഉണ്ടോയെന്നും സംശയിക്കുന്നു. ഒരു പുരോഹിതൻ സ്വന്തം വിശ്വാസത്തെ കാത്തു സൂക്ഷിക്കുന്നുവോയെന്ന സംശയംപോലെ വിവാഹിതരിലും അത്തരം സംശയങ്ങൾ സാധാരണമാണ്. അവിടെ ദൈവം അവരുടെ ബലഹീനതകളെ കാണിച്ചുകൊടുക്കുകയാണെന്നും" മാർപാപ്പ പറഞ്ഞു.

 വിശ്വാസികളുടെ വിവാഹം സംബന്ധിച്ച  മാർപാപ്പായുടെ ഈ പ്രസ്താവന കത്തോലിക്കാ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.  പിശാച് മാർപാപ്പായിൽ കുടികൊള്ളുന്നുവെന്നു യാഥാസ്ഥിതികരായ കത്തോലിക്കർ അദ്ദേഹത്തിനെതിരെ പ്രചാരണവും  നടത്തുന്നു. 'നമ്മൾ കത്തോലിക്കരാണ്, സഭയുടെ നിയമമനുസരിച്ച് വിവാഹിതരായി. വിവാഹമെന്നത് മരണം വരെയുള്ള കൂദാശയെന്ന പ്രതിജ്ഞയ്ക്ക് വിപരീതമായിട്ടാണ് മാർപാപ്പായുടെ പ്രസ്താവനകളെന്നു' യാഥാസ്ഥിതിക ലോകം ചിന്തിക്കുന്നു. ഭൂരിഭാഗം വിവാഹങ്ങളും നിയമാനുസൃതമല്ലെന്നുള്ള പ്രസ്താവന മൂലം വിവാഹിതരായവരിൽ അനേകർക്കു ആശയക്കുഴപ്പങ്ങളുണ്ടാകുന്നുമുണ്ട്.  മാർപാപ്പായുടെ ഈ പ്രസ്താവന വിവാഹ ജീവിതം ഉപേക്ഷിക്കാൻ പലരെയും പ്രേരിപ്പിക്കുമെന്നുള്ള വിമർശനങ്ങൾ നാനാഭാഗത്തുനിന്നും പ്രതിഫലിക്കുന്നുമുണ്ട്. വിവാഹമെന്ന കൂദാശ സഭയുടെ നിയമത്തിനധീനമല്ലെങ്കിൽ  ഒരു ജീവിതം മുഴുവൻ പുലർത്തേണ്ട പ്രതിജ്ഞാ ബദ്ധത ദമ്പതികൾക്ക് മനസിലാകുന്നില്ലെങ്കിൽ വൈദിക പട്ടവും കൂദാശകളും ശരിയോയെന്നും ചോദ്യങ്ങളുയരുന്നു. സഭയുടെ കാതലായ നിയമങ്ങളെ ഫ്രാൻസിസ് മാർപാപ്പ തെറ്റിക്കുന്നുവെന്നും എതിർപ്പുകാർ കരുതുന്നു.

കുടുംബങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വർഷം വത്തിക്കാൻ നടത്തിയ സിനഡിൽ സ്വവർഗ രതിക്കാർക്കും വിവാഹ മോചിതർക്കും പുനർവിവാഹം ചെയ്തവർക്കും കൂദാശകൾ സ്വീകരിക്കാമെന്നുള്ള ആശയങ്ങൾക്ക് കൂടുതൽ ശക്തി നേടിയിരുന്നു. ഈ വർഷം ഫ്രാൻസിസ് മാർപാപ്പാ എഴുതിയ ഒരു കുറിപ്പിൽ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും ചില സാഹചര്യങ്ങളിൽ കൂദാശകൾ സ്വീകരിക്കാമെന്നും കുറിച്ചുവെച്ചത് യാഥാസ്ഥിതിക ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ വത്തിക്കാന്റെ വക്താവ് അത്തരം മാർപാപ്പായുടെ കുറിപ്പിനെപ്പറ്റി നിരസിക്കുകയും ചെയ്തു.  ഇന്ന് തീവ്ര മതവിശ്വാസികളായവർ 'ഫ്രാൻസിസ് മാർപാപ്പാ കത്തോലിക്കാ സഭയെ നയിക്കുവാൻ യോഗ്യനോയെന്നു ചോദ്യങ്ങളുയർത്തുന്നു. സഭയ്ക്ക്  ജോർജ് ബെർഗോളി അറുതിയില്ലാത്ത ദോഷം വരുത്തിയെന്നും അതിൽനിന്നും സഭയിനി മോചനം നേടണമെങ്കിൽ പതിറ്റാണ്ടുകൾ വേണമെന്നും കുറ്റമാരോപിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ രാജി വെച്ചെങ്കിൽ മാത്രമേ നാശത്തിൽ നിന്നും മാർപാപ്പായുടെ തെറ്റായ ഉപദേശത്തിൽനിന്നും പേപ്പസിയെ രക്ഷപെടുത്താൻ സാധിക്കുള്ളൂവെന്നു യാഥാസ്ഥിതികർ പ്രചാരണം  നടത്തുന്നു.

2016 മെയ്മാസത്തിൽ ഫ്രാൻസിന്റെ പത്രപ്രവർത്തകരുമായുള്ള പ്രസ് സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പാ തന്റെ മുൻഗാമികളുടെ അഭിപ്രായങ്ങൾക്കുപരിയായി രാഷ്ട്രങ്ങൾ മതേതരത്വത്തിൽ അടിയുറച്ചതായിരിക്കണമെന്നു പറയുകയുണ്ടായി. 'ഒരു രാഷ്ട്രമെന്നു പറയുന്നത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം. മതപുരോഹിതരുടെ നിയന്ത്രണമുള്ള രാഷ്ട്രങ്ങൾക്ക്  അധഃപതനം സംഭവിക്കും.' അതേ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം ഇസ്‌ലാമിക വിശ്വസികളെയും ക്രിസ്ത്യാനികളെയും താരതമ്യപ്പെടുത്തി പറഞ്ഞു, 'ഇരുമതങ്ങളും ചരിത്രത്തിൽ അക്രമം നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. യേശു തന്റെ ശിഷ്യന്മാരെ അയച്ചത് എല്ലാ രാഷ്ട്രങ്ങളെയും കീഴടക്കാനായിരുന്നുവെന്നു മാത്യുവിന്റെ സുവിശേഷത്തിൽനിന്നും  വ്യാഖ്യാനിക്കാൻ സാധിക്കും.' ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളായ അഭിപ്രായങ്ങളിൽക്കൂടി കുരിശു യുദ്ധങ്ങളിലെയും തെറ്റുകൾ മാർപാപ്പ പരോക്ഷമായി സമ്മതിക്കുകയാണെന്നും തോന്നിപ്പോവും.

ലാ റിപ്പബ്ലിക്കായെന്ന പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ  മാർപാപ്പ പറയുകയുണ്ടായി, 'ഇന്ന് ലോകത്തിന്റെ ഏറ്റവും ദുഃഖകരമായ വസ്തുത യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതുപോലെ വൃദ്ധരായ ജനങ്ങളുടെ ഏകാന്തതയും.' അതേ സംഭാഷണത്തിൽ അദ്ദേഹം വീണ്ടും പറഞ്ഞു, 'മതപരിവർത്തനമെന്നുള്ളത് തികച്ചും യുക്തിരഹിതമാണ്‌. നിരർത്ഥകവുമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമെന്നതൊന്നില്ല. ദൈവം ഉണ്ട്. യേശുവിൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ പുനരുദ്ധാരണത്തിലും.'

2005 ജനുവരിയിൽ മനിലാ വിമാനത്താവളത്തിൽ വെച്ച് എട്ടാമതു ഗർഭിണിയായ ഒരു സാധുസ്ത്രീയെ കണ്ടുമുട്ടി അവരെ ശകാരിച്ചുകൊണ്ടു പറഞ്ഞു, 'യുവതിയായ സ്ത്രീയെ, നീ മുയലുകളെപ്പോലെ  കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. എന്തേ, നീ മറ്റുള്ള ഏഴു കുഞ്ഞുങ്ങളെയും അനാഥരാക്കുന്നുവോ? അത് ദൈവത്തിനു നിരക്കാത്തതാണ്. ദൈവത്തിന്റെ മുമ്പിൽ മാതാപിതാക്കൾക്ക് കടമകളും കർത്തവ്യങ്ങളുമാണ് വേണ്ടതെന്നും' മാർപാപ്പ ഓർമ്മപ്പെടുത്തി.

2015 മാർച്ചിൽ റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari)പത്രത്തിനുള്ള അഭിമുഖ സംഭാഷണത്തിൽ മാർപാപ്പ പറഞ്ഞു, "ആരും നരകത്തിൽ പോകുന്നില്ല. എന്നാൽ ദൈവത്തെ നിഷേധിക്കുന്നവൻ ആത്മസംഹാരം ചെയ്യുന്നു. അവൻ നിശേഷം ഇല്ലാതാകുന്നു. നഷ്ടപ്പെട്ട ആത്മാവിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ആത്മാവിനെ ശിക്ഷിക്കുമോയെന്നായിരുന്നു ഉത്തരം. എങ്കിൽ എങ്ങനെയത് സംഭവിക്കും. മാർപാപ്പ തുടർന്നും പറഞ്ഞു, 'അങ്ങനെയൊരു ശിക്ഷയില്ല. ആത്മാവ് അതോടെ നശിക്കുകയാണ്. മറ്റുള്ളവരെല്ലാം പിതാവിനൊപ്പം സൗന്ദര്യം ദർശിക്കും. ലക്ഷ്യങ്ങളിലെത്തി പരമാനന്ദം പ്രാപിക്കും. ആത്മാവിൽ നിദ്രപ്രാപിച്ചവൻ പിതാവിനൊപ്പം ഔദ്യോഗിക വിരുന്നു സൽക്കാരത്തിൽ ഉണ്ടായിരിക്കില്ല. ഭൗതിക ശരീരം മരിച്ചതോടെ അവന്റെ യാത്രയും അവസാനിച്ചു.'

റിപ്പബ്ലിക്കാ സ്കൽഫാരി (Repubblica's Scalfari) വാർത്താ ലേഖകരുമായുള്ള അഭിമുഖസംഭാഷണം തികച്ചും വിവാദപരമായിരുന്നു. വത്തിക്കാൻ അവരുമായുള്ള അഭിമുഖ സംഭാഷണം നിരാകരിക്കുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. വത്തിക്കാൻ പത്രത്തിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിച്ചുമില്ല. 'നരകത്തിൽ ആരും പോവുകയില്ല, ആരെയും വിധിക്കില്ല, എല്ലാവർക്കും  നിത്യതയുണ്ടെന്ന' മാർപാപ്പയുടെ വാക്കുകൾ സുവിശേഷ വചനങ്ങൾക്ക് പൊരുത്തപ്പെടുന്നതല്ലായിരുന്നു.

Monday, October 10, 2016

സാമുവലിന്റെ സുവിശേഷം



ജോസഫ് പടന്നമാക്കൽ
ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും.  ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി വിവരിച്ചിരിക്കുന്നു.  ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ  ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ പുസ്തകം  നെയ്തുണ്ടാക്കിയിരിക്കുന്നത്.

അനുഗ്രഹീതനായ ഒരു കലാകാരനും കവിയും സാഹിത്യകാരനുമാണ്‌ ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു ഗായകനുംകൂടിയാണ്.  ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു  കേൾക്കാം.    

മോശയ്ക്ക് പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന് വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്.

മനുഷ്യജാതിയുടെ ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും. ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ  തന്റെ പ്രവാചക ദൗത്യം നിർവഹിക്കുന്നത്.

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം"

'ഹേ അർജുനാ എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു, ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി.  നാമിന്നു കടന്നുപോവുന്നതു കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്. സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ  ഹിന്ദുമതം ഒരു മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. വീണ്ടും സനാതനം പുണരാൻ സാമുവലെന്ന  തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട് അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന് സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

ജീവന്റെ തുടിപ്പിൽ  ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ   വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ  ഒരുവൻ  ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു. നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ദേവാലയങ്ങളിൽ പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ് അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ ലയിച്ചിരിക്കുന്നു.  ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ  രോഷം മുഴുവൻ തന്റെ സുവിശേഷമൊന്നാകെ  പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.

ക്രിസ്ത്യൻ സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും  പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും ചെയ്യുന്നു. സാമുവൽ  ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല.  എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക് വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ലോകത്ത് അസമാധാനവുമുണ്ടാകും.'

സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ? പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു. ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ യാഥാർഥ്യമാവുന്നുമുണ്ട്.

 വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ,  ഫ്രാൻസീസ് മാർപ്പായുടെ വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി. ആർ. എം.സംഘടനയുടെ  വിജയകരമായ  പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ അടിച്ചേൽപ്പിക്കുന്നതറിയാൻ  ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം. സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കും.   അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും  ഉത്തേജിപ്പിക്കാൻ  ദീർഘായുസും നേരുന്നു.  ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.

http://www.kalavedionline.com/index.php?news=3176&cat=lekhanam

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...