Thursday, December 1, 2016

വിലയില്ലാതായ ഇന്ത്യൻരൂപയും വിമർശനങ്ങളും

 

ജോസഫ് പടന്നമാക്കൽ

നരേന്ദ്ര മോദി സർക്കാർ 2016 നവംബർ എട്ടാം തിയതി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മൂല്യങ്ങളില്ലാതാക്കിയത് ഇന്ത്യൻ സാമ്പത്തിക മേഖലകളിലെ സുപ്രധാനമായ ഒരു നയവും  ചരിത്രമുഹൂർത്തവുമായിരുന്നു. പണം പൂഴ്ത്തി വെപ്പുകാരും പണം കൈവശം വെച്ചിരിക്കുന്ന ഭീകരരും രാഷ്ട്രീയ ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയില്ല. അഴിമതികൾ നിറഞ്ഞ ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെ ശുദ്ധീകരിക്കാനുള്ള ധീരമായ ഒരു നീക്കം കൂടിയായിരുന്നു ഈ തീരുമാനം. നികുതി കൊടുക്കാതെ ബ്ളാക്ക് പണം സംഭരിച്ചുവെച്ചിരുന്നവർക്കെതിരായ ഒരു പ്രഹരവും. ഇന്ത്യയിലെ 86 ശതമാനം ജനങ്ങളും ക്രയവിക്രയം ചെയ്തിരുന്നത് പിൻവലിച്ച ആയിരം, അഞ്ഞൂറ് നോട്ടുകൾ മുഖേനയായിരുന്നു.  കറൻസികളുടെ മൂല്യം ഇല്ലാതാക്കിയ മോദിയുടെ നടപടികൾക്കെതിരെ ലോകമാകമാനമുള്ള മീഡിയാകൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ തന്നെ ഇന്ന് പരസ്പ്പരം രണ്ടു ചേരികളിലായി നിന്നുകൊണ്ട് വാക്‌യുദ്ധങ്ങൾ നടത്തുന്നത് നിത്യ സംഭവങ്ങളായും മാറി.

ഇന്ത്യയിലെ ഇന്നുള്ള ചർച്ചകളിൽ ഏറ്റവും അതിപ്രധാനമായ വിഷയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒരു സുപ്രഭാതത്തിൽ വിലയില്ലാതായിയെന്നുള്ളതാണ്. പക്ഷെ പലരും കറൻസി പിൻവലിക്കലിന്റെ പ്രയോജനം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ചിലർ ഇത് മുതലാക്കി രാഷ്ട്രീയ കൊയ്ത്തുകളും കൊയ്യാൻ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ സംസാരിച്ചാൽ വോട്ടു ബാങ്ക് ക്ലിപ്തപ്പെടുത്താമെന്നും കരുതുന്നു. ഇന്ന് ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥിതിയെയും കുറ്റപ്പെടുത്തുന്നു. എങ്കിലും ഒന്നറിയുക. ഇന്ത്യയ്ക്ക് സുദൃഢമായ ഒരു ഭരണവ്യവസ്ഥിതിയുണ്ട്. ഇവിടം സിറിയായിലും ഇറാക്കിലും പോലുള്ള വ്യവസ്ഥിതിയല്ല നിലവിലുള്ളതെന്നതിലും സന്തോഷിക്കുക.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ റദ്ദാക്കിയത് ആസൂത്രിതവും കൊള്ളയുമായിരുന്നുവെന്നു മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് രാജ്യസഭയിൽ ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു പ്രസ്താവിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന മൻമോഹൻസിംഗ് രാജ്യസഭയിൽ എന്നും നിശബ്ദത പാലിക്കുകയായിരുന്നു പതിവ്. മൻമോഹൻ സിംഗിനെപ്പോലുള്ള ലോകപ്രസിദ്ധനായ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായം കോൺഗ്രസിനും പ്രതിപക്ഷങ്ങൾക്കും ഒരു നേട്ടമായിരുന്നു. 'കറൻസികൾ റദ്ദാക്കിയ നയം  സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്‌മാരകവും പരാജവുമായി കണക്കാക്കാമെന്നും' മൻമോഹൻ സിംഗ് പറഞ്ഞപ്പോൾ പ്രതിപക്ഷങ്ങൾ ഒന്നടങ്കം സർക്കാരിനെതിരെ ഒന്നായി അണിനിരന്നു.

മൻമോഹൻ സിംഗ്‌ ഇതിനു മുമ്പുള്ള സർക്കാരുകളുടെ കാലങ്ങളിൽ നടന്ന കറൻസികൾ റദ്ദാക്കിയ കഥകൾ വിസ്മരിച്ചിരിക്കുന്നു. ഇന്ത്യയിൽ കറൻസികൾ റദ്ദാക്കിയ ചരിത്രം ആദ്യത്തേതല്ല. 1938-ൽ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പതിനായിരത്തിന്റെ നോട്ട്  1946-ൽ പിൻവലിച്ചു. പിന്നീട് 1954-ലും ആയിരത്തിന്റെ കറൻസി പുറത്തിറക്കുകയും അത് 1978-ൽ ജനതാ സർക്കാർ റദ്ദാക്കുകയുമുണ്ടായി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി 'അവരുടെ അവസരവാദ സേവകനായി 'സിംഗ്' സംസാരിക്കുകയായിരുന്നുവെന്നു  പ്രസിദ്ധ നിയമജ്ഞനായ 'രാം ജെത്മലാനി' സിംഗിനെതിരെ പ്രതികരിച്ചുകൊണ്ടു പറയുകയുണ്ടായി.  അമ്പത് ദിവസത്തെ കാത്തിരിപ്പിനുശേഷം പ്രശ്നങ്ങൾ നേരെയാകുമെന്ന മോദിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു 'ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം നാമെല്ലാം അന്ന് ജീവിച്ചിരിക്കില്ലെന്നും' മൻമോഹൻ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തിക ചിന്തകനായ 'കെയിൻസിന്റെ' ഗ്രന്ഥത്തിൽനിന്നുള്ള  ' ഉദ്ധരണി' പ്രസംഗമദ്ധ്യേ മൻമോഹൻസിംഗ്‌ ആവർത്തിക്കുകയായിരുന്നു. ഭാവിയിലെ കണക്കുകൂട്ടൽ തെറ്റിയതുകൊണ്ടായിരിക്കാം മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജൈത്രയാത്രയിലും പരാജയം സംഭവിച്ചതെന്ന് വിമർശനവുമുണ്ടായിരുന്നു.

എന്തിനാണ് കറൻസി പിൻവലിച്ചെതെന്നുള്ള ചോദ്യങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും കേൾക്കുന്നത്. ഇന്ത്യയിലെ ഭീകരരുടെയിടയിൽ കുന്നുകൂടിയ നോട്ടുകൾ ഉണ്ടെന്നും രാജ്യസുരക്ഷയ്ക്കുവേണ്ടിയാണ് അത്തരം ഒരു തീരുമാനമെടുത്തതെന്നും ഇന്ത്യൻ ധനകാര്യ വകുപ്പിൽനിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ നാടിന്റെ നാനാഭാഗത്തും കള്ളപ്പണവും വ്യാജകറൻസികളും അഴിമതിപ്പണവും കെട്ടുകളായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. രഹസ്യയറകളിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തിൽ ഒളിച്ചുവെച്ചിരിക്കുന്ന ഈ കറൻസികൾക്ക് നികുതിയും കൊടുക്കുന്നില്ല.   ഇന്ത്യയിലെ സാമ്പത്തികത്തിന്റെ കറപുരണ്ട ദുഷിച്ച പ്രവണതകളെ നിയന്ത്രിക്കാനും ഇതുകൊണ്ട് ഉപകരിക്കുന്നു. വിലപ്പെരുപ്പം മൂലം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം പരിതാപക സ്ഥിതിയിലാണ്. കറൻസികളുടെ പ്രവാഹം കുറയുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. നോട്ടു പിൻവലിച്ചതോടെ അതിന്റെ മെച്ചങ്ങൾ ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ദൃശ്യമാണ്. വിലപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത്‌ ദരിദ്രരരായവരെയായിരുന്നു. പൂഴ്ത്തിവെപ്പുമൂലം സർക്കാരിന് കിട്ടേണ്ടിയിരുന്ന ഭീമമായ നികുതിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ പണംകൊണ്ടുള്ള ക്രയവിക്രയങ്ങളും കുറയും. എല്ലാ അഴിമതിക്കാരും പിൻവാതിക്കൽക്കൂടി കറൻസികൾ രൊക്കം മേടിച്ചു ആവശ്യക്കാർക്ക് കാര്യങ്ങൾ സാധിച്ചുകൊടുത്തിരുന്നു. ശതകോടിക്കണക്കിനു അഴിമതിപ്പണം മന്ത്രിമാരുൾപ്പടെയുള്ളവരുടെ രഹസ്യസങ്കേതങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെ പ്രവാഹത്തിൽ എല്ലാ ജാതി മത രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവരുണ്ട്. പെട്ടികളുമായി പണം കൊടുത്തുള്ള  അഴിമതികളും സർക്കാർ കോൺട്രാക്റ്റർമാരുടെ കള്ളക്കളികളും ഉദ്യോഗസ്ഥ പ്രഭൃതികളുടെ കൈക്കൂലി മേടിച്ചുള്ള നിയമലംഘനങ്ങളും രാഷ്ട്രീയ നേതാക്കന്മാരുടെ പണക്കൊഴുപ്പും ഇനിയുള്ള കാലങ്ങളിൽ ബുദ്ധിമുട്ടായി തീരും. സർക്കാർ തുടങ്ങി വെച്ച ഈ യത്‌നംമൂലം ഒളിഞ്ഞിരിക്കുന്നവരായ പലരുടെയും വരുമാനം പുറത്തെടുക്കാനും സാധിക്കും. വരവിൽ കൂടുതൽ പണം സൂക്ഷിച്ചവർ അതനുസരിച്ചു സർക്കാരിന് കൃത്യമായി നികുതിയടക്കേണ്ടതായും വരും. ഇന്ത്യയിലെ ജനങ്ങളിൽ ഇന്ന് ഒരു ശതമാനം ജനങ്ങൾ മാത്രമേ നികുതി കൊടുക്കുന്നുള്ളൂവെന്നു സ്ഥിതിവിവരക്കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഭാരതത്തിന്റെ സാമ്പത്തികഘടനകൾ യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ കറൻസി പിൻവലിക്കേണ്ട ഒരു അവസ്ഥ വന്നാൽ ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കില്ല. കാരണം ജനങ്ങളിലധികവും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡുകളുമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ അറിവുകൾ ഭൂരിഭാഗം ജനതയ്ക്കുമുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ വിരളമായേ കാണുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ കഥകൾ തികച്ചും വ്യത്യസ്തമാണ്.  ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയിലെ നല്ലൊരു ജനവിഭാഗത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു പറയുന്നത് ആഡംബരമായിട്ടാണ് കണക്കാക്കുന്നത്. ഇന്നുള്ള സർക്കാർ ജനങ്ങളുടെ സാമ്പത്തികയിടപാടുകൾ വളരെ ലളിതമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾ കറൻസികളും നാണയത്തുട്ടുകളും മാത്രമേ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുള്ളൂ. ഡിജിറ്റൽ ലോകം ഭൂരിഭാഗം ജനതയ്ക്കും അജ്ഞാതമാണ്. ഇന്ത്യയിൽ 85 ശതമാനം ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്കായി ക്രയവിക്രയങ്ങൾ നടത്തുന്നത് രൊക്കം പണം കൊടുത്തുകൊണ്ടാണ്. സാധാരണക്കാരുടെ ദൈനദിന ജീവിതത്തിനു എന്നും കൈവശം പണം കൂടിയേ തീരൂ.

അപ്രതീക്ഷിതമായ സർക്കാരിന്റെ നോട്ടു പിൻവലിക്കൽ തീരുമാനം രാജ്യം മുഴുവൻ വിസ്മയകരമാക്കിയെങ്കിലും മോദി സർക്കാർ അധികാരം ലഭിച്ച നാളുകൾ മുതൽ ബ്ളാക്ക് പണം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അഴിമതിക്കാർ നിയമത്തിന്റെ പഴുതുകളിൽക്കൂടി രക്ഷപെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഭരണഘടന പരിഷ്‌ക്കാരങ്ങളിൽക്കൂടി സർക്കാർ നടത്തുന്നുണ്ട്. കള്ളപ്പണക്കാരെ നിരീക്ഷിക്കാനായി ഒരു സ്പെഷ്യൽ അന്വേഷണ കമ്മീഷനെ 2012-ൽ നിയമിച്ചിരുന്നു. 2016 ഡിസംബർ മുപ്പതുവരെയാണ് കറൻസി മാറാനും ബാങ്കിൽ ഡിപ്പോസിറ്റു ചെയ്യാനും പോസ്‌റ്റോഫീസുവഴി പണം മാറാനുമുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ഒരു യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ ധ്വരിത നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പുരോഗമനത്തിനുവേണ്ടി സാമ്പത്തിക പരിഷ്‌ക്കാരം ലക്ഷ്യം  വെച്ചുകൊ ണ്ടുള്ള സർക്കാരിന്റെ ഈ തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഗൗരവപൂർവം സ്വീകരിക്കാൻ  സാധിച്ചിട്ടില്ല. കറൻസികൾ പിൻവലിച്ചതുകൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കാരണം വമ്പിച്ച ലഹളകൾക്കു വരെ ഭീഷണികൾ മുഴങ്ങുന്നുണ്ട്. ദരിദ്രരായവരെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. അന്നന്നുള്ള അപ്പം കൊണ്ട് ജീവിക്കുന്ന അവർക്ക് ബാങ്ക് അക്കൗണ്ട് കാണില്ല. കൈകളിൽ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകൾ മാറാൻ മണിക്കൂറോളം ബാങ്കുകളുടെ മുമ്പിൽ ലൈൻ നിൽക്കണം. ജീവിതകാലം മുഴുവൻ പണിയെടുത്തു മിച്ചം വെച്ച അവരുടെ കൈകളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന നോട്ടുകൾ എന്ത് ചെയ്യണമെന്ന് അവർക്കറിയില്ല. എങ്കിലും ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കൂടുതൽ ഡിജിറ്റൽ ബാങ്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.  ഷോപ്പുകളിലും സൗകര്യപ്രദമായ കടകളിലും ജനങ്ങൾക്ക് പണം പിൻവലിക്കാൻ എ.ടി. എം മെഷീനുകൾ സ്ഥാപിച്ചു. റോഡ് സൈഡുകളിലും ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള അത്തരം സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്.

കറൻസി പിൻവലിച്ചതിനുശേഷം  പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരുടെയും ബാങ്കിൽ നിക്ഷേപമുള്ളവരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി അനേക ഗ്രാമങ്ങളിൽ ഡിജിറ്റൽ വഴി സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. അഹമ്മദ് ബാദിനു അറുപതു മൈൽ ദൂരമുള്ള 'അകോദര' എന്ന ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ പ്രദേശമായി തെരഞ്ഞെടുത്തു. അവിടെയുള്ള മുഴുവൻ ജനങ്ങളും പണം കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ സമ്പ്രദായത്തിൽക്കൂടിയാണ്. അകോദരായിലെ   1200 ഗ്രാമവാസികളും ഗോതമ്പ് പൊടി, പൊട്ടറ്റോ ചിപ്സുമുതൽ മൊബയിൽ ബാങ്കിൽ കൂടി പണം കൈകൈകാര്യം ചെയ്യുന്നു. നോട്ടുകളുടെ മൂല്യം ഇല്ലാതെയായതിൽ അവിടുത്തെ ഗ്രാമവാസികൾ ശ്രദ്ധിക്കുന്നേയില്ല. കാരണം, അവർക്ക് പേപ്പർ കറൻസിയുടെ ആവശ്യമധികമില്ല. ജനങ്ങളെ   ഇന്റർനെറ്റും മൊബയിലും ഉപയോഗിക്കാൻ റിസർവ് ബാങ്കും പ്രോത്സാഹിപ്പിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ കറൻസികൾ കൈകളിൽ സൂക്ഷിക്കുകയോ ബാങ്കിൽ 'ലൈൻ' നിൽക്കേണ്ട ആവശ്യമോ ഉണ്ടാവുകയില്ല. പണത്തിന്റെ പേരിലുള്ള മാനസിക സമ്മർദം അനുഭവിക്കേണ്ടിയും വരില്ല. പണത്തിന്റെ മൂല്യമില്ലാതാക്കി പുതിയ കറൻസി സംവിധാനം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു തിരിച്ചടിയായിരുന്നുവെന്നത് ശരിതന്നെ. അതുമൂലം ഇന്ത്യയ്ക്ക് പുതിയ ഒരു സാമ്പത്തിക  വ്യവസ്ഥയുടെ മാറ്റം തന്നെ വന്നു.  ഇന്ത്യ മൊത്തമുള്ള ജനങ്ങളെ ഡിജിറ്റൽ സംവിധാനത്തിന്റെ ആവശ്യകതയെ ബോധവാന്മാരാക്കി. ഡിജിറ്റൽ വഴി പണം കൈകാര്യം ചെയ്യാൻ കൂടുതൽ ജനങ്ങൾ തയാറാകുന്നു. കറൻസികൾ ഇല്ലാതെ ഇന്ത്യ മുഴുവൻ പരിപൂർണ്ണമായി ഡിജിറ്റൽ ലോകമാക്കണമെന്നാണ് മോദി സർക്കാരിന്റെ ലക്ഷ്യവും. അങ്ങനെ ബാങ്കുകളുടെ മുമ്പിൽ സമയം കളയാതെ ഡിജിറ്റലിന്റ ഗുണങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും പ്രാപ്യമാകും.

പഴയവീടുകൾ നാം പുതുക്കി പണിയുന്നുവെന്നു വിചാരിക്കുക. വീട് പുനരുദ്ധരിക്കുമ്പോൾ നിത്യം നാം ഉറങ്ങിക്കൊണ്ടിരുന്ന മുറിയിൽ നിന്നും സൗകര്യങ്ങളില്ലാത്ത മറ്റൊരു മുറിയിൽ ശയനം ചെയ്യേണ്ടി വന്നേക്കാം. പരുപരുത്ത തറകളിൽ ദിവസങ്ങളോളം കിടക്കേണ്ടി വന്നേക്കാം. സ്വന്തം ഭവനം നവീകരിക്കുമ്പോൾ ഇത്തരം ഒരു അസൗകര്യം ഉണ്ടായാൽ ക്ഷമയോടെ സഹിക്കാനുള്ള കഴിവുകൾ നമുക്കുണ്ട്. തന്റെ സഹോദരന്റെ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്, തനിക്കെന്തുകൊണ്ട് ഇല്ലായെന്ന് അപ്പോളാരും ആവലാതിപ്പെടാറില്ല. സഹോദരന്റെ വീടും ഒരിക്കൽ പുതുക്കി പണിയേണ്ടി വരുമെന്നും നമുക്കറിയാം. ഏതാണ്ട് അതേ സ്ഥിതിവിശേഷമാണ് നമ്മുടെ നാടിനുള്ളത്. അഴിമതിയും കരിഞ്ചന്തയും കള്ളപ്പണവും കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥിതി  കുത്തഴിഞ്ഞതായിരുന്നു. അതിനെ പുതുക്കി പണിയാൻ ഒരു അടിയന്തര സാഹചര്യത്തോടെ സർക്കാർ മെനകെട്ടിട്ടുണ്ടെങ്കിൽ രാജ്യനന്മയെ കരുതി സഹനം സഹിക്കാൻ  ഓരോ പൗരനും കടമയുണ്ട്. കുബേര ദരിദ്ര, വർഗ വർണ്ണ വ്യത്യാസം കൂടാതെ അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ട്.  അത്തരം അഭിപ്രായങ്ങൾ സ്വീകരിക്കുകയോ സ്വീകരിക്കാതെയിരിക്കുകയോ ചെയ്യാം.

കറൻസികൾ പിൻവലിക്കൽ ഇന്നല്ലെങ്കിൽ മറ്റൊരു ദിനം രാജ്യത്തിനു അത്യാവശ്യമായി നടപ്പാക്കേണ്ട ഒന്നായിരുന്നു. അക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മെച്ചമായി മറ്റാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇത്തരം രാജ്യ താല്പര്യത്തിനായുള്ള കാര്യങ്ങൾ പരമരഹസ്യമായി തന്നെ ചെയ്യേണ്ടതാണ്. രാജ്യത്തിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും, ധനികർക്കും അമ്പാനിമാർക്കും കറൻസി വിവരങ്ങൾ അറിയാമായിരുന്നുവെന്ന ആരോപണങ്ങൾക്കൊന്നും തെളിവുകളില്ല. അതുകൊണ്ടു അത്തരമുള്ള കുറ്റാരോപണങ്ങൾ അപ്രസക്തങ്ങളുമാണ്. അങ്ങനെയുള്ള  കാര്യങ്ങൾ സത്യമെങ്കിൽ തന്നെയും ഒരു മഹാരാജ്യത്തെ സംബന്ധിച്ചു തൽക്കാലം ഗൗനിക്കാതിരിക്കുകയായിരിക്കും നല്ലത്. മറ്റുള്ളവരെ ചിന്തിക്കുന്നതിനു പകരം സ്വയം സുരക്ഷിതരെന്ന് നോക്കുക. സമയാ സമയങ്ങളിൽ നാം നികുതി കൊടുത്തിട്ടുണ്ടെങ്കിൽ  തീർച്ചയായും നിയമത്തിന്റെ മുമ്പിൽ സുരക്ഷിതരാണ്. അടുത്ത വീട്ടിലെ നമ്മുടെ സഹോദരന്റെ ആഡംബര വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ആരെങ്കിലും നികുതി വെട്ടിച്ചു രക്ഷപെടുന്നുണ്ടെങ്കിൽ അവരെപ്പറ്റി നാം പ്രയാസപ്പെടേണ്ട കാര്യമില്ല. മോദിയുടെ പ്രയത്നങ്ങൾ വിജയകരമായാൽ ഒരിക്കൽ അവരും പണത്തിന്റെ സ്രോതസ് എവിടെയെന്നു ബോധ്യപ്പെടുത്തേണ്ടി വരും.

സർക്കാരിന്റെ ഈ തീരുമാനം ഒരു ദിവസംകൊണ്ടുണ്ടായതല്ല. 'ജൻ ധൻ യോജന' (Jan Dhan Yojna) പദ്ധതി പ്രകാരം എല്ലാ വിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാരിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അക്കൗണ്ട് തുടങ്ങിയവർക്കെല്ലാം നിർണ്ണായകമായ കറൻസി പിൻവലിക്കകൊണ്ട് കാര്യമായി ബുദ്ധിമുട്ടുകൾ ബാധിച്ചിട്ടില്ല.  2014 ആഗസ്റ്റ് എട്ടാംതീയതി ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പദ്ധതിയാണ് ജൻ ധൻ യോജന. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു.

സ്ഥാവര ജംഗമ സ്വത്തുക്കളുള്ളവർ ആ വിവരങ്ങൾ  ടാക്സധികാരികൾക്ക് പ്രത്യേക ഒരു ഫോം (Form)വഴി വെളിപ്പെടുത്താനും സർക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഭൂരിഭാഗം ജനങ്ങളും അത് കാര്യമായി എടുത്തില്ല. സർക്കാർ സ്വീകരിച്ച അടുത്ത നടപടി അത്തരക്കാരുടെ പണമിടപാടുകളെ വെളിച്ചത്തു കൊണ്ടുവരുകയെന്നതായിരുന്നു. അതിനായി ജനങ്ങൾക്ക് മാനസിക സമ്മർദമുണ്ടാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സർക്കാരിനു പിൻവലിക്കേണ്ടിയും വന്നു. സർക്കാരിന്റെ കറൻസി പരിഷ്‌കാര നടപടികളിൽ  സാധാരണക്കാർ സന്തോഷിക്കുകയാണ് വേണ്ടത്. ആത്മഹത്യയും മരണവുമെല്ലാം നോട്ടു പ്രശ്നമായി ബന്ധപ്പെട്ടതല്ല. അതെല്ലാം വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് എഴുതും. അടിയന്തിരമായ ഈ സാഹചര്യങ്ങളിൽ വികാരങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കാതെ സ്വയം ചിന്താശക്തിയെ പരിപോഷിപ്പിക്കുകയാണ് മെച്ചമായുള്ളത്. നോട്ടുപിൻവലിക്കൽ വഴി സാധാരണ ജനം സഹിക്കുന്നുണ്ടെന്ന വസ്തുത ശരിയാണ്. എന്നാൽ എത്രകാലം അഴിമതിയിൽ കുളിച്ചിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ നിജസ്ഥിതി കണ്ടു രാജ്യസ്നേഹമുള്ള ഒരു പൗരൻ നിശ്ശബ്ദനായിരിക്കും! ചൂഷകരെ സ്വന്തം കണ്ണുവെട്ടത്തു കണ്ടില്ലെന്നു നടിക്കാൻ എത്രകാലം അവനു സാധിക്കും?  രാജ്യത്തിലെ ജനങ്ങൾ നിർണ്ണായകമായ ഈ ഘട്ടത്തിൽ ഇതൊരു അടിയന്തിരാവസ്ഥപോലെ സർക്കാരിനോട് സഹകരിക്കുകയാണ് വേണ്ടത്.

ഹോസ്പിറ്റലുകൾ പഴയ നോട്ടുകൾ സ്വീകരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗർഭിണികളും വൃദ്ധ ജനങ്ങളും അംഗഭംഗം വന്നവരും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറുകളോളം ലൈൻ നിന്ന് കഷ്ടപ്പെടുന്നുവെന്നാണ് പരാതി. രാജ്യം അഭിമുഖീകരിക്കുന്ന നല്ലയൊരു കാര്യത്തെ സഹായിക്കാൻ ഉദാരമതികളായ വോളന്റീയേഴ്സ് രംഗത്തു വരേണ്ടതും അവരെ സഹായിക്കേണ്ടതും ആവശ്യമാണ്. രാജ്യനന്മയെ കരുതി ഇടയ്ക്കിടെ അവർക്ക് ഭക്ഷണവും കുടിക്കാനും കൊടുത്ത് ആശ്വസിപ്പിക്കാമായിരുന്നു. അത്തരക്കാർക്ക് ലൈൻ നിൽക്കാതെ ബാങ്കിങ്ങ് ഇടപാടുകൾ നടത്താൻ മുൻഗണനയുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നോട്ടുകൾ  റദ്ദുചെയ്തത് ഔദ്യോഗികമായി രാഷ്ട്രം നടപ്പിലാക്കി കഴിഞ്ഞു.  നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചേ മതിയാവൂ. ഇനി നമുക്ക് മറ്റൊരു നിവൃത്തിയില്ല. ആ സാഹചര്യത്തിൽ സർക്കാരിനോട് സഹകരിക്കുകയായിരിക്കും ഉത്തമം.

നിർണ്ണായകമായ സമയങ്ങളിൽ പരിഷ്‌ക്കരിച്ച രാജ്യങ്ങളിലെ ജനങ്ങൾ  പൊതു നന്മയെ കരുതി ഒന്നായി സർക്കാരിനൊപ്പം നിൽക്കും. സർക്കാരിന്റെ നിയമങ്ങളെ പാലിക്കും. നമുക്കനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങൾ ദുരുപയോഗപ്പെടുത്താനുള്ളതല്ല. മാർക്കറ്റിൽ ഇന്ന് അനധികൃതമായ കള്ളപ്പണത്തിന്റെ പ്രവാഹമാണ്. ബ്ളാക് പണവും കള്ളപ്പണവും നമ്മുടെ സാമ്പത്തിക ശാസ്ത്രത്തെ തകർക്കും. പ്രധാനമന്ത്രിയുടെ നയം മൂലം അത്തരക്കാരുടെ വീട്ടിലും രഹസ്യസ്ഥലങ്ങളിലും സൂക്ഷിച്ച പണത്തിനു ഒരു വിലയുമില്ലാതായി. അതുകൊണ്ടു സർക്കാരിനും രാജ്യത്തിനും ഗുണമുണ്ട്.  സൂക്ഷിച്ചിരിക്കുന്ന വിലയില്ലാത്ത പണത്തിനു പകരമായി പുതിയ കറൻസികൾ അച്ചടിക്കേണ്ടതായില്ല. സാമ്പത്തികം മെച്ചപ്പെടുന്നതുകൊണ്ടു നേട്ടങ്ങളേയുള്ളൂ. നഷ്ട്ടങ്ങളുടെ കണക്കു കുറവായിരിക്കും. സാധാരണക്കാർക്ക് നഷ്ടപ്പെടാനൊന്നുമില്ല. നികുതി കൊടുക്കാതെ പണം സൂക്ഷിച്ചുവെച്ചവർ മാത്രം മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചാൽ മതിയാകും.

ദേശീയ വരുമാനത്തിന്റെ  മുപ്പതു ശതമാനം ബ്ളാക്ക് മണിയെന്നാണ് വെപ്പ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദു ചെയ്തതിൽ പിന്നീട് ബാങ്കിൽ ഡിപ്പോസിറ്റുകൾ നിറഞ്ഞിരിക്കുന്നു. അതുമൂലം സർക്കാരിന് കൂടുതൽ നികുതി വരുമാനം കിട്ടും. നിക്ഷേപകർക്ക് പലിശ കുറയുമെങ്കിലും ബാങ്കുകൾക്ക് കുറഞ്ഞ പലിശയിൽ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പണം കടം കൊടുക്കാൻ സാധിക്കും. ഉൽപ്പാദന മേഖലയിൽ ആദ്യകാലങ്ങളിൽ ക്ഷീണം സംഭവിക്കുമെങ്കിൽ ഭാവിയിൽ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമെന്നും അങ്ങനെ ജി.ഡി.പി (Gross Domestic Product ) കുതിച്ചുപൊങ്ങുമെന്നും കണക്കുകൂട്ടലുകളുണ്ട്. രണ്ടു ശതമാനം ജി.ഡി.പി. കുറയുമെന്ന് മൻമോഹൻ പറഞ്ഞെങ്കിലും അതെല്ലാം താൽക്കാലികമെന്നു മാത്രമാണ് മറ്റു സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അനധികൃതമായ 'കറുത്ത പണം' തടയാൻ സാധിച്ചാൽ അത് മോദി സർക്കാരിന്റെ ചരിത്രപരമായ  നേട്ടവുമായിരിക്കും.






History of Demonetisation (1973)









1946 News





Tuesday, November 29, 2016

മാൽത്തൂസിയൻ സിദ്ധാന്തങ്ങളും ജനസംഖ്യാവിസ്ഫോടനങ്ങളും



ജോസഫ് പടന്നമാക്കൽ

ക്ലാസ്സിക്കൽ  ഇക്കണോമിസ്റ്റായ 'തോമസ് മാൽത്തസ്'  (Thomas R. Malthus) ജനസംഖ്യയുടെ വർദ്ധനയും അതിനനുപാതമായ ഭക്ഷ്യവിഭവങ്ങളും ആടിസ്ഥാനപ്പെടുത്തി 1798-ൽ ജനസാന്ദ്രതയുടെ മൗലിക തത്ത്വങ്ങളെന്ന (Principle of Population) ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തുണ്ടാകുന്ന മഹാദുരന്തങ്ങൾ ബന്ധപ്പെടുത്തികൊണ്ടുള്ള തോമസ് മാൽത്തസിന്റെ പ്രബന്ധം സാമ്പത്തിക വിദഗ്ദ്ധരുടെയിടയിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ക്ലാസിക്കൽ കൃതികളെ കാലഹരണപ്പെട്ടതെന്നു വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ ഇന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളെ പ്രകീർത്തിക്കുന്നതായി കാണാം. മാൽത്തൂസിയൻ തത്ത്വങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യപാഠം മുതൽ ഗവേഷണ വിദ്യാർത്ഥികൾക്കു വരെ എക്കാലവും പഠനവിഷയങ്ങളായിരുന്നു. ജനന മരണ നിയന്ത്രണങ്ങളുടെ അടിസ്ഥാന മൂലക്കല്ലും അദ്ദേഹം രചിച്ച പ്രബന്ധം തന്നെയെന്നതിലും സംശയമില്ല.

'തോമസ് മാൽത്തസ്' ബ്രിട്ടനിലെ 'സുറയ്' എന്ന സ്ഥലത്ത് 1766 ഫെബ്രുവരി പതിനാലാം തിയതി ജനിച്ചു.  ഒരു ധനിക ബ്രിട്ടീഷ് കുടുംബത്തിലെ ഏഴു മക്കളിൽ ആറാമനായിരുന്നു. 1791-ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. 1805-ൽ കേംബ്രിഡ്ജിൽ ചരിത്രത്തിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലും പ്രൊഫസറായി നിയമിതനായി. മരണംവരെ അദ്ധ്യാപക ജോലി തുടർന്നുകൊണ്ടിരുന്നു. 1819-ൽ അദ്ദേഹത്തെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി (fellow of the Royal Society) അംഗമായി തെരഞ്ഞെടുത്തു. രണ്ടു വർഷം കഴിഞ്ഞു പൊളിറ്റിക്കൽ ഇക്കണോമിക്സ് ക്ലബിലെ അംഗമായി. ആ ക്ലബിൽ അക്കാലത്തെ സുപ്രസിദ്ധ ക്ലാസ്സിക്കൽ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ് റിക്കാർഡോയും ജെയിംസ് മില്ലും അംഗങ്ങളായിരുന്നു. കൂടാതെ അദ്ദേഹം ആംഗ്ലിക്കൻ പുരോഹിതനുമായിരുന്നു.      

ഇരുനൂറു കൊല്ലം മുമ്പ് ജനസംഖ്യയെപ്പറ്റി എഴുതിയ മാൽത്തസിന്റെ  പ്രബന്ധം വിപ്ലവകരമോ, കാലത്തിനനുയോജ്യമോ എന്നത് ഇന്നും വിവാദപരമാണ്. 1798-ൽ ലോക ജനസംഖ്യ 90 മില്യനായിരുന്നത്  ഇന്ന് എട്ടു ബില്യൻ അടുത്തായി. അദ്ദേഹത്തിൻറെ അധരങ്ങൾ തടിച്ചതും  മുച്ചുണ്ടോടുകൂടിയ വൈകല്യങ്ങളുമുണ്ടായിരുന്നതിനാൽ  തന്റെ ഛായാ പടങ്ങൾ വരക്കാൻ ആരെയും അനുവദിക്കില്ലായിരുന്നു.   1833-ൽ മരിക്കുന്നതിന് ഒരു വർഷം മുമ്പ് സർജറി മുഖേന ചുണ്ടു ശരിയാക്കി. അന്നുമുതലുള്ള   ജീവിച്ചിരുന്ന കാലത്തെ പടങ്ങൾ വളരെ അപൂർവമായി മാത്രമേ സൂക്ഷിച്ചിട്ടുള്ളൂ.1834 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയെട്ടാം വയസിൽ അദ്ദേഹം മരണമടഞ്ഞു.

ജനസംഖ്യ വർദ്ധനവിന്റെയും അതനുസരിച്ചുള്ള ഭക്ഷ്യ വിതരണശേഷികളുടെയും തത്ത്വങ്ങൾ (Essay on the Principle of Population)അടങ്ങിയതാണ് മാൽത്തൂസിയൻ പ്രബന്ധം. ജനനനിരക്ക് ഗുണിതങ്ങളായി വർദ്ധിക്കുമ്പോൾ ഭക്ഷണവിഭവങ്ങൾ സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യാം. അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഭക്ഷ്യവിഭവങ്ങൾ ലോകത്തു വർദ്ധിക്കുന്നത് ഒരേ നിരയിലുള്ള ഗണിത സംഖ്യകളുടെ ശ്രണിയിലെന്നാണ്. ഉദാഹരണമായി 1 2 3 4 5 etc എന്നീ സംഖ്യകളുടെ തുടർച്ചയായ അക്കങ്ങൾ കണക്കാക്കാം. അതിനെ മാൽത്തസ് 'അരിത്തമറ്റിക്ക് പ്രോഗ്രഷൻ' (Arithametic Progression)  എന്നു വിളിച്ചു. അതേസമയം ഭക്ഷ്യവിളകളോടൊപ്പം ജനസംഖ്യ വർദ്ധിക്കുന്നത് ഗുണോത്തര ശ്രണികളായിട്ടായിരിക്കും.1, 2, 4, 8, 16 etc എന്നീ തുടർച്ചയായ ഗുണിത സംഖ്യകൾ അഥവാ ജോമട്രിക്കൽ പ്രോഗ്രഷൻ (Geometrical Progression) നിദര്‍ശനങ്ങളായി കണക്കാക്കാം.

ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തിൽ വർദ്ധിച്ചില്ലെങ്കിൽ ലോകത്തു മഹാദുരുന്തങ്ങളുണ്ടാകുമെന്നു മാൽത്തസ് പ്രവചിക്കുന്നു. ഗുണിത ശ്രണികളിൽ ജനസംഖ്യ  വർദ്ധിക്കുന്നതിനൊപ്പം ക്രമാനുസരണമായി ഭക്ഷ്യവിളകൾ വർദ്ധിച്ചില്ലെങ്കിൽ പഞ്ഞം,പട,വസന്ത, മാരക യുദ്ധങ്ങൾ, മഹാദുരന്തങ്ങൾ മുതലായവകൾ സംഭവിക്കുമെന്നും തന്മൂലം ജനസംഖ്യയുടെ വർദ്ധനവ് കുറയുമെന്നും മാൽത്തസ്‌ അനുമാനിച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ നിന്നും മനുഷ്യ ഗണങ്ങൾക്ക് സമയാസമയങ്ങളിൽ പരിരക്ഷയാവശ്യമെന്നും  അഭിപ്രായപ്പെട്ടിരുന്നു. അതിനായി ഭക്ഷ്യ വിഭവങ്ങളുടെ ഉൽപ്പാദനമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം അത്യന്താപേക്ഷിതമെന്നും അദ്ദേഹം കരുതിയിരുന്നു. സന്താനോൽപ്പാദനം തടയാനായി സ്വയം നിയന്ത്രണമോ, മറ്റുള്ളവരിൽനിന്നുമുള്ള പ്രേരണയോ നിയമം മൂലമോ ആവാമെന്നും മാൽത്തസ് വിശ്വസിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനസംഖ്യാ വർദ്ധനവിന്റെ ഒരു മഹാ വിസ്പോടനത്തെ മാൽത്തസ് പ്രവചിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ പ്രവചനങ്ങളൊന്നും ശരിയായി ഭവിച്ചില്ല. 1820 നു ശേഷം ജനസംഖ്യ അനേകമിരട്ടികൾ വർദ്ധിച്ചെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം പതിന്മടങ്ങ് വർദ്ധിക്കുകയാണുണ്ടായത്. നിയമമോ പ്രേരണയോയില്ലാതെ ഓരോ കുടുംബങ്ങളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും ആധുനിക മാൽത്തൂസിൻ ചിന്താഗതിക്കാർ ജനസംഖ്യയുടെ വർദ്ധനമൂലം വരുന്ന  മഹാദുരന്തത്തെ ഭാവിയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്തതായും കാണുന്നു.

ആധുനിക രീതികളിലുള്ള കൃഷിമൂലം ഭക്ഷ്യവിളകളുടെ ഉത്ഭാദനം പതിന്മടങ്ങു വർദ്ധിക്കുകയും   പടിഞ്ഞാറുള്ള ജനതയുടെ വിശപ്പിനെ വിസ്മയകരമാം വിധം ഇല്ലാതാക്കുകയും ചെയ്തു.  ഫോസ്സിലുകളിൽനിന്നും പുതിയതരം ഊർജവും കണ്ടുപിടിച്ചു. ട്രാക്റ്ററുകളും കൃഷിയിടങ്ങളിലിറക്കി. ഊർജത്തിന്റെ സഹായത്താൽ ഉൽപ്പാദന മേഖലകളിലെല്ലാം അത്യന്തമായ പുരോഗതികളുണ്ടായി. ഭൂമിയും പരിസ്ഥിതികളും കൂടുതൽ പഠന വിഷയങ്ങളാക്കി. മാൽത്തൂസിൻറെ കണക്കനുസരിച്ചുള്ള ജനസംഖ്യാ വർദ്ധനയ്ക്ക് തുല്യമായ ഭക്ഷ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം കണക്കുകൂട്ടിയതുപോലുള്ള ക്രമാധീതമായി ദുരന്തങ്ങൾ നിറഞ്ഞ മാറ്റങ്ങളൊന്നും സമൂഹത്തിനുണ്ടായില്ല. എന്നാൽ ജനസംഖ്യയനുസരിച്ചു ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വിഭവങ്ങൾ കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്തു.

വരുമാനമനുസരിച്ചുള്ള ജീവിതം ബൗദ്ധികതലങ്ങളിലുള്ള ഭൂരിഭാഗം ജനതയും തെരഞ്ഞെടുത്തു. അതനുസരിച്ചു ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. വ്യവസായികമായ ഒരു സമൂഹത്തിൽ കുഞ്ഞുങ്ങളെ വളർത്തുകയെന്നതും വളരെ ചെലവുള്ളതായി തീർന്നു. അത് 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'മെന്ന ആശയം പ്രബലമാകാനും കാരണമായി. പുരോഗമിച്ച രാഷ്ട്രങ്ങൾ അഭിവൃദ്ധി നേടിയതുമൂലം അവിടുത്തെ ജനങ്ങൾക്കാവശ്യമുള്ള വിഭവങ്ങളും ഉത്ഭാദനങ്ങളും വർദ്ധിച്ചു. തന്മൂലം രാജ്യങ്ങളുടെയും അവിടെയുള്ള ജനതയുടെയും ജീവിത നിലവാരം ഉയരുകയുണ്ടായി. സുരക്ഷിതമായ ആരോഗ്യപരിപാലനം മൂലം ശിശു മരണനിരക്കും കുറഞ്ഞു. കുഞ്ഞുങ്ങളെ വളർത്താനും അവരുടെ ചെലവുകൾക്കുമായി കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടുമിരുന്നു. ഒരു കാലത്ത് ഒരു കുടുംബം നിലനിർത്താൻ ബാലവേലകൾ ആവശ്യമായിരുന്നു. ആധുനികതയുടെ നേട്ടങ്ങളോടെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം ബാലവേലകൾ നിയമവിരുദ്ധമാക്കി. കുട്ടികളെ വളർത്തുക പ്രയാസമായതുകൊണ്ടും അവരുടെ ചെലവുകൾ അധികമായതുകൊണ്ടും മാതാപിതാക്കൾക്ക് സാമ്പത്തിക അവസരങ്ങളും കുറഞ്ഞു വന്നു. അതും ചെറിയ കുടുംബം ലക്ഷ്യമിട്ടുകൊണ്ടുള്ള സന്താന നിയന്ത്രണങ്ങൾക്കു കാരണവുമായി. ഒരു ചെറിയ വിഭാഗം മക്കൾ മാതാപിതാക്കളെ വയസു കാലത്തു നോക്കിയിരുന്നു. എങ്കിലും അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിൽ ക്ഷേമ നിധികളും സാമൂഹിക സുരക്ഷിതത്വവും നല്കുന്നതുകൊണ്ട്‌ ആരോഗ്യ പരിപാലനവും ആയുസിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.

ക്യാപിറ്റലിസം അഥവാ മുതലാളിത്ത തത്ത്വങ്ങളിലുള്ള ഒരു വ്യവസ്ഥിതി ഉൽപ്പാദന മേഖലകളെ കൂടുതൽ ഉൽപ്പാദനങ്ങൾക്കായി പരിപോഷിപ്പിക്കാറുണ്ട്. മാൽത്തൂസിൻ കാഴ്ചപ്പാടിൽ ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങൾ വളരെ ക്ലിപ്തമാണ്‌. ഭൂമിയും അതിന്റെ ഊർജവും വിഭവങ്ങളും ഭൂമിയിലേക്ക് വരുന്ന ഓരോ മനുഷ്യനും  ജീവിക്കാനാവശ്യമാണ്. എന്നാൽ മനുഷ്യന്റെ വിനിമയപരമായ മൂല്യങ്ങൾക്ക് സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു സാമ്പത്തിക കഴിവുകളും വരുമാനങ്ങളും ഉണ്ടാകണം. ഓരോ കുട്ടി ജനിക്കുമ്പോഴും ഉല്പന്നങ്ങൾക്കും വിഭവങ്ങൾക്കും ആവശ്യകത വരുകയും വാങ്ങാനുള്ളവർ കൂടുകയും ചെയ്യുന്നു. ഓരോരുത്തർക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ള പുതിയതായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മുടെ ജീവിത നിലവാരം ഉയരുന്നതുമൂലം ഇന്നു നിലവിലുള്ള വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുമുണ്ട്. ടെക്കനോളജിയുടെ സഹായത്തോടെ നാം നിത്യേന ഉപയോഗിക്കുന്നതായ വിഭവങ്ങൾ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ടാകുന്നു. അത്തരം ഉൽപ്പാദനങ്ങൾക്കായി കൂടുതൽ പാടവത്തോടെ അതിനുള്ള മാർഗങ്ങളും മനുഷ്യർ കണ്ടെത്തുന്നു. സ്വതന്ത്രമായ ഒരു സമൂഹത്തിൽക്കൂടി മൂലധനം വർദ്ധിക്കുന്നതുകൊണ്ടാണ് മാറ്റങ്ങളുടെതായ പുതിയ ലോകം എന്നും കാണപ്പെടുന്നത്. വ്യവസായികൾക്ക് ഉൽപ്പന്നം മെച്ചമാക്കാൻ വേണ്ടത്ര അറിവും ലഭിക്കുന്നു. മനുഷ്യന്റെ ജീവിത നിലവാരം അതുമൂലം ഉയരുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. അവിടെയെല്ലാം മാൽത്തൂസിയൻ തത്ത്വങ്ങൾ പരാജയപ്പെടുകയായിരുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളിൽ ചില അനുകൂല ചിന്താഗതികളും  ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഈ തത്ത്വങ്ങൾ മൃഗങ്ങൾക്ക് ബാധകമെന്നു ചാൾസ്  ഡാർവിൻ വിശ്വസിച്ചിരുന്നു. കാരണം, മൃഗങ്ങൾക്ക് സ്വയം സന്താന നിയന്ത്രണം നടത്താൻ സാധിക്കില്ല. അവരുടെ ഉൽപ്പാദനം സ്വന്തം ശരീരഘടനയനുസരിച്ചായിരിക്കും. പരിസ്ഥിതി അനുകൂലമല്ലെങ്കിൽ മൃഗങ്ങളുടെ ഉൽപ്പാദനം സാധ്യമല്ല. വനനശീകരണവും മൃഗങ്ങൾക്കായുള്ള  ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തതയും മനുഷ്യന്റെ വേട്ടയാടലും തുടർന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും മൃഗസംരക്ഷണം പ്രയാസമുള്ളതായി തീരുകയും ചെയ്യും. ഡാർവിനുമായി സഹകരിച്ചുകൊണ്ട് മാൽത്തസ് പ്രകൃതിയേയും ജീവജാലങ്ങളെയും വിലയിരുത്തി പഠിച്ചതു കാരണം 'ഡാർവിൻറെ പരിണാമ തത്ത്വങ്ങളും' അദ്ദേഹത്തെ ആകർഷിച്ചിരുന്നു.   അതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധനവിനെപ്പറ്റിയും ഗവേഷണങ്ങൾ നടത്തിയിരുന്നു. മാൽത്തസിനെ ഇക്കണോമിസ്റ്റുകൾ പലപ്പോഴും തെറ്റായ വിധത്തിൽ വിമർശിച്ചിരുന്നു. എങ്കിലും ഇരുപതാംനൂറ്റാണ്ടിൽ  സാമ്പത്തിക ശാസ്ത്രത്തിലെ 'കെയിനിസം  തത്ത്വങ്ങളുടെ 'ആവിർഭാവത്തോടെ മാൽത്തൂസിന്റെ കാഴ്ചപ്പാടുകൾ വീണ്ടും പ്രശസ്തങ്ങളായിത്തീർന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി മാൽത്തസ് ചില കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. ധര്‍മ്മാനുരൂപമായ സ്വയം നിയന്ത്രണം അതിലൊന്നായിരുന്നു. സ്ത്രീയെ കാണുമ്പോഴുള്ള വികാരാവേശത്തിൽ നിന്നും ആദ്യം മുതൽ മനുഷ്യൻ ആത്മനിയന്ത്രണം പാലിച്ചു ഒഴിഞ്ഞു നിൽക്കണം.  അതായത് ഒരു കുടുംബം നോക്കാൻ കഴിവുണ്ടാകുന്ന പക്ഷം വിവാഹിതരാകുക എന്ന തീരുമാനം പുരുഷനും സ്ത്രീയും കൈക്കൊള്ളണം. സന്താന നിയന്ത്രണങ്ങൾ വരുത്തി ചെറിയ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി കഴിയണം. മാൽത്തസ് വൈവാഹിക ജീവിതത്തിലെ ജനന നിയന്ത്രണത്തെ എതിർത്തിരുന്നു. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ തടയാൻ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല. വിവാഹം കഴിക്കാൻ ദീർഘിക്കുംതോറും നിയമാനുസൃതമല്ലാത്ത കുഞ്ഞുങ്ങളും പെരുകുമെന്ന കാര്യവും മാൽത്തസ് ചിന്തിച്ചിരുന്നു. എന്നാൽ നിയന്ത്രണാധീതമായ ജനസംഖ്യയെ കണക്കാക്കുമ്പോൾ അത്തരം പ്രശ്നങ്ങൾ അപ്രധാനമെന്നും  കണക്കു കൂട്ടിയിരുന്നു.

മനുഷ്യന്റെ ആയുസു കുറയുന്ന ഘട്ടങ്ങളിലും ജനസംഖ്യ കുറയുമെന്നും അദ്ദേഹം കണ്ടു. ദരിദ്രമായ അവസ്ഥയിലുള്ള ജീവിതവും ജോലിയുടെ സാഹചര്യങ്ങളും സുഖക്കേടിനെ നിയന്ത്രിക്കാനുള്ള കഴിവുകേടുകളും രോഗങ്ങളും യുദ്ധവും ക്ഷാമവും അതിനു കാരണങ്ങളാണ്. പിന്നീടുള്ള ചിന്തകരായ  എഴുത്തുകാർ അദ്ദേഹത്തിൻറെ ആശയങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരുവന്റെ ജീവിതത്തിലെ താമസിച്ചുള്ള വിവാഹങ്ങൾക്ക് സർക്കാരിന്റെ ഇടപെടലുകൾ ആവശ്യമെന്നും ചിലർ വാദിച്ചു. വിവാഹത്തിനുശേഷവും സന്താന നിയന്ത്രണം വേണമെന്നുള്ള നിഗമനത്തിൽ അനുകൂലികളും പ്രതികൂല ചിന്താഗതിക്കാരുമുണ്ടായിരുന്നു. മാൽത്തസിന്റെ അനുയായികളിൽ 'മാൽത്തൂസിൻ ലീഗെന്ന'   (Malthusian League) പ്രവർത്തകർ കൃത്രിമമായ ജനന നിയന്ത്രണത്തിനായി ശക്തിയായി വാദിക്കുന്നു. ഇത് മാൽത്തസ്  പറഞ്ഞ തത്ത്വങ്ങൾക്കും എതിരായിരുന്നു.

സ്വയം നിയന്ത്രണത്തിലൂടെ സന്താന നിയന്ത്രണമെന്ന മാൽത്തസിന്റെ കുടുംബാസൂത്രണം ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ പ്രജനന ശേഷിയെ മനഃപൂർവം നിയന്ത്രിക്കുന്നത് സഭ എക്കാലവും എതിർത്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടനകളുടെ നേതൃത്വത്തെയും കുടുംബാസൂത്രണം പോലുള്ള രാഷ്ട്രത്തിന്റെ തീരുമാനങ്ങളെയും സഭയ്ക്കൊരിക്കലും  ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നും വത്തിക്കാൻ ഭരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും യാഥാസ്ഥിതികരായ വത്തിക്കാന്റെ ഹൈറാർക്കിയാണ്. ഗർഭച്ഛിദ്രം, കൃത്രിമ ഗർഭനിരോധക ഉപാധികൾ  മുതാലായ ജനന നിയന്ത്രണ മാർഗങ്ങൾ സഭയ്ക്കുൾക്കൊള്ളുവാൻ സാധിക്കുന്നില്ല. അത്തരം സന്താന നിയന്ത്രണങ്ങളെല്ലാം സഭയുടെ ദൃഷ്ടിയിൽ പാപമാണ്. ഇവിടെ സഭയും മാൽത്തസിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്ന പ്രകൃതിനിയമങ്ങളിൽ വിശ്വസിക്കുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളെ ഏറ്റവുമധികം പ്രാവർത്തികമാക്കിയ രാജ്യം ചൈനയാണ്. ഭാരതവും ജനത്തെ നിയന്ത്രിക്കാനായി ഭീമമായ തുകകൾ ചെലവാക്കുന്നുണ്ട്. നാം രണ്ടെന്നുള്ള രണ്ടിൽ തുടങ്ങി ഭാരത കുടുംബാസൂത്രണത്തിൽ നാം ഒന്നെന്നുള്ള തീരുമാനങ്ങൾ വരെയായി. ഇപ്പോൾ നാം ഒന്ന് പിന്നെ മറ്റൊന്ന് എന്തിനെന്നും ചോദിക്കുന്ന സ്വാർഥമതികളുടെ ലോകം വരെയായി, സന്താന നിയന്ത്രണത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. 'അരിത്തമറ്റിക്ക് പ്രോഗ്രഷനും' 'ജോമട്രിക്ക് പ്രോഗ്രഷനും' പ്രകാരം  ജനസംഖ്യ കൂടുകയും ഭൂമിയുടെ വിഭവങ്ങൾ കുറയുകയും ചെയ്യുമെന്ന് ചൈനയും ഇന്ത്യയും പോലുള്ള ജനപ്പെരുപ്പമുള്ള രാജ്യങ്ങൾ     ഭയപ്പെട്ടിരുന്നു. വിഭവങ്ങൾ ഇല്ലാതെ എണ്ണം കൂടിയാൽ ഭക്ഷ്യദൗർലഭ്യം മൂലം മനുഷ്യർ കൂട്ടത്തോടെ ചാകും. പഞ്ഞം, പട, വസന്ത, യുദ്ധം മുതലായ മഹാദുരന്തങ്ങൾ സംഭവിക്കുമെന്ന  മാൽത്തസിന്റെ ഭയാനക തത്ത്വങ്ങളും ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

മാൽത്തൂസിയൻ തത്ത്വങ്ങൾ തെറ്റെന്ന് ഇക്കണോമിസ്റ്റുകൾ വിവിധ കാഴ്ചപ്പാടുകളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നു. അമേരിക്കയിൽ അമിത ഭക്ഷണം മൂലം എഴുപതു ശതമാനം ജനങ്ങളും തടിച്ചു കൊഴുത്തിരിക്കുന്നു. ചൈനയിൽ പന്ത്രണ്ടു ശതമാനം ജനങ്ങളും അമിത ഭാരമുള്ള ശരീരം വഹിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇന്ത്യയിൽ പത്തു ശതമാനം ജനങ്ങൾ ഭക്ഷണത്തിന്റെ ക്രമീകരണമില്ലാത്തതിനാൽ പ്രമേഹ  രോഗികളായി കാണപ്പെടുന്നു. ആരോഗ്യപരമല്ലാത്തതും അമിത  ഭക്ഷണവും കഴിക്കുന്നതു കാരണം വിചിത്രങ്ങളായ രോഗങ്ങളും സാധാരണമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ തെരുവുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ കൂമ്പാരം തന്നെ കാണാം. വർദ്ധിച്ചു വരുന്ന ജനതയെക്കാൾ ഭക്ഷണ വിഭവങ്ങൾ ഇന്ന് ലോകത്തുണ്ട്. ജനസംഖ്യ കുറയ്‌ക്കുന്ന പദ്ധതികളുമായി രാജ്യങ്ങൾ മുമ്പോട്ടു പോകുന്നുവെങ്കിൽ അമിതമായി കുന്നുകൂടിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താക്കൾ ഇല്ലാതാകും. മാൽത്തസിന്റെ തത്ത്വങ്ങൾ നാം തെറ്റാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അമിത ഭക്ഷണംമൂലം സംഭവിക്കുന്ന 'ഡയബെറ്റിസ്', 'ഹൈപ്പർ ടെൻഷൻ' മുതലായ രോഗങ്ങൾ മരണനിരക്ക് കൂട്ടുകയും  അദ്ദേഹത്തിൻറെ ചിന്തകൾ ബലവത്താകുകയും ചെയ്യുന്നു.  മാൽത്തസിന്റെ തത്ത്വങ്ങൾക്കെതിരായ പ്രകൃതിവിരുദ്ധമായ ഭക്ഷ്യയുൽപ്പാദനങ്ങളാണ്  അതിനു കാരണമെന്നുള്ളതും ഇവിടെ വ്യക്തമാണ്.

ആധുനിക നരവംശ ശാസ്ത്രത്തിന്റെ നിഗമനപ്രകാരം മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ച വിധേയമായ വിവിധതരം പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്‍ഷികസംസ്‌കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയായിരുന്നു. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി മാറി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല.   അതിന്റെ ഫലമായി പ്രാകൃത മനുഷ്യർ വേട്ടയാടി ജീവിച്ചിരുന്നു. കാറ്റും മഴയും പ്രകൃതിയുമായി മല്ലിട്ടു ജീവിച്ചിരുന്ന ഗുഹായുഗ മനുഷ്യൻ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടാനും പഠിച്ചു. നിത്യേന മാംസഭുക്കായ മനുഷ്യന് കാട്ടിലെ മൃഗങ്ങൾ പോരാതെ വന്നു. മൃഗങ്ങളുടെ എണ്ണത്തിലും സാരമായ കുറവുകൾ സംഭവിക്കാനും തുടങ്ങി. ഇരകൾക്ക് ക്ഷാമം വന്നപ്പോൾ ആഹാരത്തിന്റെ കുറവ് കാരണം മനുഷ്യരുടെ എണ്ണവും കുറയാൻ തുടങ്ങി. ശിശുമരണവും കാരണമായിരുന്നു. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം തിട്ടപ്പെടുത്തുന്നതും പ്രകൃതിനിയമം ആയിരുന്നു. മാൽതസിന്റെ കണക്കുകൂട്ടലും ഈ പ്രകൃതി നിയമം അനുസരിച്ചായിരുന്നു. പക്ഷെ മനുഷ്യനെന്നും ബുദ്ധി ശക്തിയാലും ചിന്താശക്തിയാലും ജീവിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ തേടിയുള്ള ജൈത്രയാത്ര അവൻ ആരംഭിച്ചു. വനങ്ങൾ വെട്ടിത്തെളിച്ചും കൃഷിയിടങ്ങൾ ഉണ്ടാക്കിയും അവൻ ഭക്ഷണത്തിനായുള്ള കൃഷി തുടങ്ങി. പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും നട്ടു വളർത്തി. വേട്ടക്കാരനായ മനുഷ്യൻ ഇരകളുടെ എണ്ണമനുസരിച്ചു തൃപ്തിയാവാതെ കൂടുതൽ ജനതയ്ക്കായുള്ള ഭക്ഷണ വിഭവങ്ങളും കണ്ടെത്താൻ തുടങ്ങി. അവിടെയവൻ മാൽത്തസിന്റെ തത്ത്വമായ പ്രകൃതി നിയമം ലംഘിക്കുകയായിരുന്നു. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും മാൽത്തസിന്റ ഗുണിതങ്ങളും സമതുലിതങ്ങളുമല്ലെന്നു തെളിയിച്ചതോടുകൂടി അദ്ദേഹത്തിൻറെ തത്ത്വങ്ങൾ ശരിയായ കണക്കുകൂട്ടലുകളോടെയല്ലെന്നും വ്യക്തമായി. പ്രകൃതി നിയമത്തിനു വിരുദ്ധമായി കാർഷിക സംസ്ക്കാരത്തിന്റെ നവോദ്ധാന ചിന്തകളും അവിടെനിന്നു രൂപം പ്രാപിച്ചു.

നാം വസിക്കുന്ന ഈ ഭൂമി സസ്യങ്ങളുടെ ഭൂയിഷ്‌ഠതയ്‌ക്കായി ജൈവവളങ്ങൾ നിറഞ്ഞതാണ്. രാസവളങ്ങളൊന്നും മാൽത്തൂസിന്റെ കാലത്തു കണ്ടുപിടിച്ചിരുന്നില്ല. ജൈവ വളങ്ങളുടെ വീര്യം കുറയുമ്പോൾ ഭക്ഷ്യവിളകൾ താനേ കുറയുമെന്ന ഒരു ധാരണയുമുണ്ടായിരുന്നു. ജനങ്ങളുടെ എണ്ണം അനുസരിച്ചു ഭക്ഷ്യവിളകൾ കുറയുമെന്നും അതുമൂലം രൂക്ഷമായ ക്ഷാമം ഉണ്ടാകുമെന്നും മാൽത്തസിന്റെ കണക്കുകൂട്ടലുകൾ അന്നത്തെ സമൂഹവും വിശ്വസിച്ചിരുന്നു. വാസ്തവത്തിൽ മാൽത്തസ് പറഞ്ഞത് ഒരു പ്രകൃതി നിയമമായിരുന്നു. പക്ഷെ അദ്ദേഹം പ്രവചിച്ചത് സംഭവിച്ചില്ല. പ്രകൃതി നിശ്ചയം പോലെ നടന്നിരുന്നെങ്കിൽ മാൽത്തസിന്റെ തത്ത്വങ്ങൾ ശരിയാകുമായിരുന്നു. വളർന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ കഴിവുകളെയും ബുദ്ധിവൈഭവത്തെയും മാൽത്തസിനു ചിന്തിക്കാൻ സാധിച്ചില്ല. മനുഷ്യൻ മണ്ണിനാവശ്യമായ പുതിയ രാസവളങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു. പത്തും പതിനഞ്ചും മേനി വിളയുന്ന 'വിത്ത്' വിളകളും കൃഷിസ്ഥലങ്ങളിലിറക്കി. ഹരിതക വിപ്ലവങ്ങളും ധവളവിപ്ലവങ്ങളും മാൽത്തസ്സിന്റെ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. ജനസംഖ്യയുടെ അനുമാനത്തേക്കാൾ ഇരട്ടിയും പത്തിരട്ടിയും ഭക്ഷ്യവിളകളും നാണ്യവിളകളും മനുഷ്യനു നേടാൻ സാധിച്ചു. അവിടെ മാൽത്തസിന്റെ തത്ത്വങ്ങൾ അർത്ഥമില്ലാതെയായി.

മാൽത്തസിനെ കൂടാതെ ഇതുപോലെ അദ്ദേഹത്തെ അനുകരിച്ച മറ്റനേക ചിന്തകരും സാമ്പത്തിക ശാസ്ത്രങ്ങളുടെ ചുരുളകൾ അഴിക്കുകയും അഭിപ്രായങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ലോകം ഭക്ഷ്യക്ഷാമത്തിൽ മുങ്ങിക്കുളിക്കുമെന്നും മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും  ഭൂമിയുടെ  ഭൂരിഭാഗവും വരൾച്ചയനുഭവപ്പെടുമെന്നും മനുഷ്യന്റെ ആയുർദൈർഘ്യം കുറയുമെന്നും ജനങ്ങൾ മരിച്ചുവീഴുമെന്നും ജനസംഖ്യ കുറയുമെന്നൊക്കെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലന്നുള്ളതാണ് സത്യം. മനുഷ്യന്റെ ബുദ്ധിവൈഭവത്താലും കഠിന പ്രയത്നങ്ങൾകൊണ്ടും ആ പ്രവചനങ്ങളെയെല്ലാം നിഷ്ക്രിയങ്ങളാക്കി .  ലോകരാഷ്ട്രങ്ങളിൽ പൊതുവേ ജനസംഖ്യക്കനുപാതമായി ഭക്ഷ്യോത്ഭാദനം അനേക മടങ്ങുകൾ വർദ്ധിച്ചു.   ഇൻഡ്യ ഇന്ന് ഒന്നേകാൽ ബില്യൻ ജനങ്ങളെ  തീറ്റിപോറ്റിയശേഷം രാജ്യത്തുൽപ്പാദിപ്പിക്കുന്ന ധാന്യവിളകൾ വലിയ തോതിൽ പുറംലോകത്തേയ്ക്ക് കയറ്റുമതിയും ചെയ്യുന്നു. അവിടെയെല്ലാം മാൽത്തസിന്റെ തത്ത്വങ്ങൾക്ക് പ്രസക്തിയില്ലാതെയാവുകയായിരുന്നു.







Proving Thomas Malthus wrong.  


Charls Darwin








EMalayalee:

malayalam Daily News

Joychan Puthukkulam 

Kalavedi Online 


Wednesday, November 23, 2016

ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാർഗ ചിന്തകളും, ഒരു പഠനം



ജോസഫ് പടന്നമാക്കൽ

സ്‌കോട്ടിഷ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവുമായ 'ആഡം സ്മിത്തി'നെപ്പറ്റി ധനതത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ  (Economics) പഠിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഇക്കണോമിക്സിന്റെ പ്രാരംഭ പാഠമായി ആഡം സ്മിത്ത് തത്ത്വങ്ങൾ സ്‌കൂൾ തലങ്ങൾ മുതൽ സർവകലാശാല വരെ പഠിപ്പിക്കുന്നു. ഇന്നും ആയിരക്കണക്കിന് ഗവേഷണ വിദ്യാർത്ഥികൾ സ്മിത്തിന്റെ തത്ത്വങ്ങളെ വിലയിരുത്താറുണ്ട്. അദ്ദേഹത്തിൻറെ 'വെല്ത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന സാമ്പത്തിക ശാസ്ത്രം മുതലാളിത്ത വ്യവസ്ഥിതിയുടെ (Capitalism) ബൈബിളായി അറിയപ്പെടുന്നു. രാഷ്ട്ര ചിന്താഗതികൾക്കനസ്യൂതമായി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളുടെ ശാസ്ത്രമായി ആഡം സ്മിത്തിന്റെ ഈ കൃതിയെ ഇക്കണോമിക്സ് വിദ്യാർത്ഥികൾ വിലമതിക്കുന്നു.    

ആഡം സ്മിത്ത് ജനിച്ച ദിവസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാർഗരറ്റ് ഡഗ്ലസായിരുന്നു അമ്മ. സ്മിത്ത് ജനിക്കുന്നതിനു ആറുമാസം മുമ്പ് പിതാവ് മരിച്ചുപോയിരുന്നു. 1723 ജൂൺ അഞ്ചാം തിയതി സ്കോട്ട്ലൻഡിലുള്ള കിർക്ക്യാൽഡി എന്ന സ്ഥലത്തു അദ്ദേഹത്തെ മാമ്മോദിസാ മുക്കിയതായി പള്ളിയുടെ രജിസ്റ്ററിലുണ്ട്. അവിടെ ബർഗ് സ്‌കൂളിൽ നിന്നും ലാറ്റിനും കണക്കും ചരിത്രവും പഠിച്ചു. പതിനാലാം വയസിൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ പഠനമാരംഭിച്ചു. 1740-ൽ ഉന്നത പഠനത്തിനായി ഓക്സ്ഫോർഡിൽ ചേർന്നു. 1748 മുതൽ ആഡംസ്മിത്ത് തുടർച്ചയായി എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അക്കാലത്തു ആഗോള പ്രസിദ്ധരായ തത്ത്വചിന്തകരും സാമ്പത്തിക വിദഗ്ദ്ധരുമായി സഹവർത്തിത്വമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഉറ്റമിത്രമായ തത്ത്വചിന്തകൻ ഡേവിഡ് ഹ്യൂമിനെയും അക്കാലങ്ങളിലാണ് കണ്ടുമുട്ടിയത്. ഹ്യുമുമായുള്ള സൗഹാർദബന്ധം മൂലം 1751-ൽ സ്മിത്ത് ഗ്ലാസ്‌ഗോ യൂണിവേഴ്‌സ്‌സിറ്റിയുടെ ഫാക്കൽറ്റി മെമ്പറായി നിയമിതനാകാൻ കാരണമായി.

1759-ൽ സദാചാര തത്ത്വങ്ങളടങ്ങിയ 'ദി തീയറി ഓഫ് മോറൽ സെന്റിമെന്റ്സ്' (The theory of Moral Sentiments) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണശേഷം യൂറോപ്പ് മുഴുവൻ പ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അനേക രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. ആ കാലഘട്ടങ്ങളിലാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ, ഫ്രഞ്ച് ധനതത്ത്വ ശാസ്ത്രജ്ഞൻ ടർഗോട്ട് എന്നിവരായി സൗഹാർദ ബന്ധത്തിലായത്. ബെഞ്ചമിൻ ഫ്രാങ്കലിൻ അമേരിക്കയുടെ ആദ്യകാല രാഷ്ട്രശില്പികളിൽ ഒരാളും രാഷ്ട്രീയ തത്ത്വ ചിന്തകനും ശാസ്ത്രജ്ഞനും വൈദുതി കണ്ടുപിടിച്ചയാളുമായിരുന്നു.  

ഫ്രാൻസിൽ കുറച്ചുകാലം സ്മിത്ത് പഠിപ്പിച്ച ശേഷം 1776-ൽ ലണ്ടനിൽ താമസമാക്കി. അവിടെനിന്നാണ് ലോകപ്രസിദ്ധമായ 'വെൽത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന ഗ്രന്ഥം എഴുതിയത്. അദ്ദേഹത്തിൻറെ വെൽത്ത് ഓഫ് നാഷനിൽക്കൂടിയുള്ള വിപ്ലവകരമായ ആശയങ്ങൾ അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക ചിന്താഗതികൾക്ക് പുത്തനായ മാറ്റങ്ങൾ വരുത്തിയിരുന്നു. അത് രാഷ്ട്രങ്ങളുടെ സാമ്പത്തികപരമായ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമായിരുന്നു. ഒരു രാഷ്ട്രത്തിനാവശ്യമായ സാമ്പത്തിക പഠനത്തിന്റെ ആദ്യത്തെ ഗ്രന്ഥമായും സ്മിത്തിന്റെ ധനതത്ത്വ ശാസ്ത്ര ഗ്രന്ഥത്തെ കരുതുന്നു.  സ്മിത്തിന്റെ കാലഘട്ടത്തിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക മാനദണ്ഡം നിശ്ചയിച്ചിരുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും നിക്ഷേപത്തിന്റെ അളവു തൂക്കത്തിലായിരുന്നു. ഏതൊരു രാഷ്ട്രത്തിന്റെയും മൂലധനം നിശ്ചയിക്കുന്നത് അത്തരം അളവുകോലു കൊണ്ടല്ലെന്നു സ്മിത്ത് ന്യായികരിച്ചു. അതിനെപ്പറ്റി തുടർച്ചയായി പ്രബന്ധങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം നിശ്ചയിക്കുന്നത് രാഷ്ട്രത്തിന്റെ മൊത്തം മൂലധനത്തോടൊപ്പം ഉൽപ്പാദനവും വാണിജ്യവും വ്യവസായവും ഉൾപ്പെടുത്തണമെന്നും അതനുസരിച്ചു നിലവിലുള്ള സാമ്പത്തിക അളവുകോലുകൾക്കു മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്മിത്തിന്റെ ഈ തത്ത്വമാണ് പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ 'ജി.ഡി.പി.' അഥവാ 'ഗ്രോസ് നാഷണൽ പ്രോഡക്റ്റ്' എന്നെല്ലാം അറിയപ്പെടാൻ തുടങ്ങിയത്.

'വെൽത്ത് ഓഫ് നാഷൻസ്' പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് യൂറോപ്പിൽ വ്യവസായിക വാണിജ്യപരമായ വിഷയങ്ങളിൽ സർക്കാരുകൾ തമ്മിൽ പ്രത്യേകമായ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. വാണിജ്യ കാര്യങ്ങളിൽ രാജ്യങ്ങളുടെ താല്പര്യങ്ങളനുസരിച്ചു നിയന്ത്രണങ്ങളുമുണ്ടായിരുന്നു. സാമ്പത്തിക തലങ്ങളിൽ രാഷ്ട്രങ്ങൾ തമ്മിൽ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇറക്കുമതി, കയറ്റുമതി നികുതികൾ നടപ്പാക്കിയിരുന്നു. സാധനങ്ങൾക്ക് നിശ്ചിതമായ ഒരു വിലയും കല്പിച്ചിരുന്നു. കുത്തക വ്യാപാരം (Monopoly) വ്യവസായ മാനദണ്ഡങ്ങളായിരുന്നു. തൊഴിലാളികൾക്ക് ജോലി സമയം ക്ലിപ്തപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ കര്‍ത്തൃത്വമുള്ള 'വെൽത്ത് ഓഫ് നാഷൻസ്' കുത്തക വ്യാപാര വ്യവസായങ്ങളുടെ മാറ്റങ്ങളുടേതായ ഒരു വെല്ലുവിളിയുമായിരുന്നു. 

'ലെയ്‌സെ ഫെയർ'  ക്യാപിറ്റലിസത്തിന്റെയും (Laissez Faire Capitalism) പിതാവ് ആഡം സ്മിത്താണ്. 'ലെയ്‌സെ ഫെയർ ' എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. 'സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന കാര്യങ്ങളിൽ 'സർക്കാർ' ഉപഭോക്താക്കളെ അവരുടെ തീരുമാനത്തിന് വിടൂ'വെന്നാണ് അതിന്റെ അർത്ഥം. ഈ തത്ത്വം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും (economy) സർക്കാരിനെയും രണ്ടു തട്ടിൽ നിർത്തുന്നു. 'അമിതമായുള്ള സർക്കാരിന്റെ അധികാരങ്ങളുപയോഗിച്ചു സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആദ്യത്തേതും രണ്ടാമത്തേത് സാമൂഹിക മനോഭാവത്തോടെയും സഹകരണ മനോഭാവത്തോടെയുമുള്ള സർക്കാരിന്റെ വ്യവസായിക തീരുമാനങ്ങളുമായിരുന്നു. 'ലെയ്‌സെ ഫെയർ ക്യാപിറ്റലിസത്തിൽ' ഈ രണ്ടു തീരുമാനങ്ങളും സ്വീകാര്യമല്ല. സർക്കാരിന്റെ യാതൊരു നിയന്ത്രണവും ഈ തത്ത്വമനുസരിച്ചുള്ള ചിന്തയിൽ അനുവദനീയവുമല്ല. സർക്കാരിന്റെ ഇടപെടൽ ഇല്ലാതെ പരിപൂർണ്ണമായും മുതലാളിത്ത വ്യവസ്ഥയിലുള്ള കോർപ്പറേറ്റ് സംവിധാനങ്ങളെയാണ് 'ലെയ്‌സെ ഫെയർ' ചിന്തകൾകൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളുടെയും ഭരണപരമായ പ്രവർത്തനങ്ങൾക്ക് പൗരജനങ്ങളിൽനിന്നും നികുതി ചുമത്താറുണ്ട്. എന്നാൽ ഓരോ രാജ്യത്തും നികുതി പിരിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും. നികുതി പിരിക്കുന്നതും ചില സാമ്പത്തിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാകാതെ നികുതി ഈടാക്കുന്നതു ലളിതമായിരിക്കണമെന്നുണ്ട്. 'ആഡം സ്മിത്ത്' വിഭാവന ചെയ്ത തത്ത്വസംഹിതകൾ സ്വകാര്യ മേഖലകൾക്ക് പരമാവധി പ്രയോജനപ്പെടുന്നതായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് സർക്കാരിന്റെ നിയന്ത്രണത്തെക്കാൾ സ്വകാര്യമേഖലയാണ് കാര്യക്ഷമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സർക്കാരിന്റെ ജോലി ആഭ്യന്തര പരിപാലനവും ക്രമ സമാധാനവും വിദേശികളുടെ ആക്രമത്തിൽനിന്നും രാജ്യത്തെ പരിപാലിക്കുകയെന്നതുമാണ്. ജനങ്ങളിൽ നികുതി ഭാരം ചുമത്തുമ്പോൾ തുല്യമായ പ്രയോജനം സർക്കാരിൽനിന്നും ജനങ്ങൾക്കു ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നിയമം. നികുതിയടയ്‌ക്കേണ്ട സമയം, നികുതി തുകകൾ മുതലായ സമ്പൂർണ്ണ വിവരങ്ങൾ നികുതി ദായകന് നൽകണമെന്നും നിർദ്ദേശിക്കുന്നു. നികുതി ദായകന്റെ സമയ സൗകര്യങ്ങൾ അനുസരിച്ചു നികുതി ചുമത്തണമെന്നും സ്മിത്ത് അനുശാസിക്കുന്നുണ്ട്. പിരിക്കുന്ന നികുതി പരമാവധി ഖജനാവിൽ എത്തുന്നവിധം നികുതി പിരിവുകൾ ലളിതവും ചെലവുകൾ കുറഞ്ഞുമിരിക്കണമെന്നുള്ളതാണ് സ്മിത്തിന്റെ മറ്റൊരു കാനോനിക നിയമം. 

തൊഴിലാളികളുടെ വൈദഗ്‌ദ്ധ്യമനുസരിച്ചുള്ള തൊഴിൽ വിഭജനവും (Division of labor) അദ്ദേഹത്തിൻറെ നിർദേശങ്ങളിൽ ഒന്നാണ്. അത്തരം തൊഴിൽ വിഭജനം ഉൽപ്പാദനത്തിന്റെ മേന്മ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കരുതി. മാർക്കറ്റിലിറക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തോടൊപ്പം മേന്മയുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ആവിഷ്‌ക്കരിക്കാനും സ്മിത്തിന്റെ തത്ത്വങ്ങൾ പിൽക്കാലങ്ങളിൽ സഹായകമായി തീർന്നു. അദ്ദേഹത്തിൻറെ വിപ്ലവകരമായ ആശയങ്ങൾ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അത് വ്യവസായ വിപ്ലവത്തിന് ഒരു ചൂണ്ടുപലകയുമായിരുന്നു. സ്വതന്ത്രമായ മാർക്കറ്റിങ് ധനതത്ത്വ ശാസ്ത്രത്തിന്റെ തുടക്കത്തിനും മുതലാളിത്ത വ്യവസ്ഥിതിയ്ക്ക് അടിത്തറയിടാനും കാരണങ്ങളുമായിരുന്നു. സമൂഹത്തിനു ഗുണപ്രദമായ വൈദഗ്ദ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിൻറെ തത്ത്വങ്ങൾ വഴിയൊരുക്കി. കാലത്തിനനുസരിച്ചു രാഷ്ട്രങ്ങളുടെ സാമ്പത്തിക നിലവാരം ഉയർന്നപ്പോൾ സ്മിത്തിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടുകയും ചെയ്തു.  

'ഇൻവിസിബിൾ ഹാൻഡ്' (Invisible hand) എന്നു പറഞ്ഞാൽ, സ്വതന്ത്ര മാർക്കറ്റുകളെ വിജയത്തിലേക്ക് നയിക്കുന്ന കാണപ്പെടാൻ സാധിക്കാത്ത ശക്തികളെന്നാണ്. കച്ചവട വസ്തുക്കളുടെ ഡിമാൻഡും സപ്ലൈയും അജ്ഞാത കരങ്ങളുടെ സഹായത്തോടെ സമതുലിതാവസ്ഥയിൽ എത്തിക്കുന്നു. 'വെൽത്ത് ഓഫ് നാഷനിൽ' ആഡം സ്മിത്താണ് ഈ തത്ത്വം ആദ്യമായി ആവിഷ്ക്കരിച്ചത്. സാമ്പത്തിക വളർച്ച സ്വതന്ത്ര മാർക്കറ്റിൽ ഫലവത്താകുന്നത് ഉൽപ്പാദകരും ഉപഭോക്താക്കളും ഒരുപോലെ സ്വയം ഉയർച്ചയ്‌ക്കായി സ്വാർഥതാല്പര്യങ്ങൾ പ്രകടമാക്കുമ്പോഴാണ്. സർക്കാർ, ഉൽപ്പാദന മേഖലയിലുള്ളവരെയും ഉപഭോക്താക്കളെയും വ്യവസായിക താല്പര്യങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമ്പോൾ സാമ്പത്തിക ശാസ്ത്രം പുരോഗമിക്കും. സർക്കാരിന്റെ ഇടപെടൽ വ്യവസായ താൽപര്യങ്ങളിൽ ഉണ്ടാവരുത്. വാങ്ങലിലും വില്പനകളിലുമുള്ള അധികാരം ഉപഭോക്താക്കൾക്ക് മാത്രം. ജനങ്ങളെ സ്വതന്ത്രമായി ബിസിനസ് നടത്താൻ അനുവദിച്ചാൽ സ്വാർത്ഥമതികളായ ബിസിനസുകാർ മാർക്കറ്റിൽ വരുകയും പരസ്പരം ബിസിനസിൽ മത്സരിയ്ക്കുകയും ചെയ്യും. അത് മാർക്കറ്റിനെ വിജയത്തിലേക്ക് നയിക്കുകയും ഇൻവിസിബിൾ ഹാൻഡിന്റെ സഹായത്താൽ നല്ല ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വരുകയും ചെയ്യും. സ്വതന്ത്രമായ മാർക്കറ്റിൽ സർക്കാർ യാതൊരു നിയന്ത്രണവും അവരുടെമേൽ അടിച്ചേൽപ്പിക്കുന്നില്ലെങ്കിൽ ഉൽപ്പന്നങ്ങൾ വില കുറച്ചു നൽകുമെങ്കിൽ ഉപഭോക്താക്കൾ അവരിൽ നിന്നും സാധനങ്ങൾ മേടിക്കും. അതുമൂലം ഉൽപ്പാദകരും വ്യവസായികളും ഉൽപ്പന്നങ്ങൾക്ക് വില കുറയ്‌ക്കേണ്ടി വരും. മത്സരിക്കുന്ന മറ്റു ബിസിനസുകാരേക്കാളും നിലവാരമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ഏതെങ്കിലും സാധനങ്ങൾക്ക് ഡിമാൻഡ് ഉണ്ടാകുമ്പോൾ അത് മാർക്കറ്റിൽ അതിവേഗം ചെലവാകും. അങ്ങനെ വാങ്ങുന്നവരും വിൽപ്പനക്കാരും ഒരുപോലെ സന്തുഷ്ടരാവുകയും ചെയ്യും. വില്പനക്കാരന് ന്യായമായ വിലയും കിട്ടും. വാങ്ങിക്കുന്നവനു ഗുണനിലവാരമുള്ള സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാവുകയും ചെയ്യുന്നു.അത് ഇൻവിസിബിൾ ഹാൻഡിന്റെ പ്രവർത്തന മൂല്യങ്ങളായി കരുതുന്നു. 

സ്മിത്ത്, സ്വതന്ത്രമായ ക്രയവിക്രയ സാമ്പത്തിക ശാസ്ത്രത്തിനു പിന്തുണ നൽകിയിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങളെ  എതിർത്തിരുന്നു. 'ലെയ്‌സെ ഫെയർ' സാമ്പത്തിക തത്ത്വങ്ങൾക്ക് പിന്തുണ നൽകി. വ്യാവസായിക വാണിഭത്തിനുതകുംവിധം വില്പനക്കാർക്കും വാങ്ങുന്നവർക്കും എല്ലാവിധ സാമ്പത്തികയിടപാടുകളിലും സർക്കാരിന്റെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം കൽപ്പിച്ചു. അതുമൂലം കുത്തക വ്യവസായങ്ങൾ അവസാനിച്ച് വാണിജ്യ മത്സരങ്ങൾക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു. വാണിജ്യപരമായ ഉപഭോക്ത സാധനങ്ങൾക്കു പരിപൂർണ്ണമായ വില കുറക്കാൻ കഴിയുകയും ചെയ്തു. കച്ചവട വാണിജ്യ സാധനങ്ങൾക്ക് വിലക്കുറവുണ്ടായതുമൂലം ഉപഭോക്താക്കൾക്ക് കൂടുതൽ വിഭവങ്ങൾ വാങ്ങി കൂട്ടാനും സാധിച്ചു. ഉൽപ്പാദന മേഖലകളിൽ ശക്തരായവർക്കും വൻകിട കോർപ്പറേറ്റു സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾ ലാഭത്തിൽ തുടരാനും കഴിഞ്ഞു. വ്യവസായ മത്സരം മൂലം സാധനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുകയും നല്ല ഉപഭോക്ത വസ്തുക്കൾ മാത്രം മാർക്കറ്റിൽ ചെലവാക്കാൻ സാധിക്കുകയുമുണ്ടായി. അത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരവുമായിരുന്നു. 

സ്മിത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ 'ആൽഫ്രഡ്‌ മാർഷൽ' എന്ന വിശ്വവിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞൻ വിമർശിച്ചിരുന്നു. ധനം പോലെ മനുഷ്യരും തുല്യരെന്നും കച്ചവട വസ്തുക്കൾ (Commodities) പോലെ ഒരുവന്റെ സേവനവും തുല്യമെന്നും അവിടെ ധനത്തെപ്പറ്റി മാത്രമുള്ള ശാസ്ത്രത്തോടൊപ്പം തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും കണക്കാക്കണമെന്നു മാർഷൽ വിശദീകരിക്കുന്നു. സ്മിത്തിന്റെ ഇൻവിസിബിൾ ഹാൻഡെന്ന (invisible hand) തത്ത്വങ്ങൾ പ്രായോഗികമാകണമെങ്കിൽ ഉൽപ്പാദനവും ഉപഭോഗവും ഒരുപോലെ സ്വതന്ത്രമായ ക്രയവിക്രയങ്ങളുള്ള ധനതത്വശാസ്ത്രമായിരിക്കണം. കുത്തക വ്യാപാരത്തിൽ (monopoly) ഇൻവിസിബിൾ ഹാൻഡ് പരാജയപ്പെടും. 

സ്മിത്തിന്റെ കൃതികൾ പൗരാണിക സാമ്പത്തിക ശാസ്ത്രം കൂടാതെ സന്മാർഗത്തിന്റെ അടിത്തറയായും കരുതുന്നു. അദ്ദേഹമെഴുതിയ 'സന്മാർഗ ശാസ്ത്രത്തിൽ' (The theory of moral sentiments) എങ്ങനെ നാം സന്മാർഗനിരതരാകാമെന്നു വിവരിച്ചിട്ടുണ്ട്. അതുപോലെ വ്യക്തിപരമായ നിലയിലും സാമൂഹിക തലങ്ങളിലും വൈകാരിക നിലയിൽ സന്മാർഗം എങ്ങനെ നടപ്പാക്കണമെന്നും വിശദീകരിച്ചിരിക്കുന്നു. സന്മാർഗത്തിനു വിപരീതമായ ശക്തിവിശേഷങ്ങളെ ഗവേഷണ കാഴ്ചപ്പാടോടെ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. സന്മാർഗമെന്ന വൈകാരിക ചിന്തകൾ ഒരുവനിൽ പ്രത്യക്ഷമായോ പരോക്ഷമായോ സംജാതമാകുന്നത് മറ്റുള്ളവരോട് കരുണയുണ്ടാകുമ്പോഴാണെന്ന് അദ്ദേഹം തീർപ്പു കല്പിച്ചിരിക്കുന്നു. ആത്മപ്രശംസകൾ ഒരുവൻ ആഗ്രഹിക്കുന്നതൊപ്പം മറ്റുള്ളവരെ പ്രശംസിക്കാനും തയാറാകണം. പ്രശംസിക്കുമ്പോൾ അവർ പ്രശംസകൾക്ക് അർഹരുമായിരിക്കണം. പരസ്പരം കുറ്റാരോപണങ്ങളും പഴിചാരലും സന്മാർഗ ശാസ്ത്രത്തിനു വിലങ്ങുതടികളാണ്. അത്തരം മറ്റുള്ളവരെ ചെറുതാക്കുന്ന പ്രവണതകളും ഇല്ലാതാകണം. മനുഷ്യരെല്ലാം പൊതുവെ സ്വാർത്ഥ തല്പരരാണ്. ഈ താല്പര്യത്തിന്റെ പേരിൽ സമ്പത്തും സൗഭാഗ്യവും തേടി നാം പുറപ്പെടും. അങ്ങനെ സന്മാർഗ ശാസ്ത്രത്തെ അദ്ദേഹം സാമ്പത്തിക ശാസ്ത്രമായി ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. സന്മാർഗനിരതമായ ഒരു ശാസ്ത്രത്തിൽ  അഹംബോധവും അഹങ്കാരവും ഒരു വിലങ്ങുതടിയാണ്. സമൂഹത്തിന്റെ നന്മ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ നമ്മെ സന്മാർഗനിരതരാക്കണം.

സമൂഹത്തിന്റെ നന്മയുടെ ലക്ഷ്യത്തിനായും നിലനിൽപ്പിനായും സ്മിത്ത് ദൈവത്തിന്റെ ശക്തിവിശേഷങ്ങളിലും കാരുണ്യത്തിലും വിശ്വസിച്ചിരുന്നു. നമ്മുടെ സന്മാർഗമെന്നു പറയുന്നത് ദൈവികവും ജന്മസിദ്ധവുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ ചൈതന്യം ഒരു ഘടികാരംപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയിലും പരസ്പര യോജിപ്പോടെ പ്രവർത്തിക്കാനുള്ള സവിശേഷതകളുണ്ട്. ദൈവം രൂപം നൽകപ്പെട്ട നന്മയുടെ വശങ്ങൾ ഓരോ വ്യക്തിയിലുമുണ്ട്. അതിനെ മനോഹരമായിട്ടാണ് ദൈവം വാർത്തെടുത്തിരിക്കുന്നത്. സന്മാർഗശാസ്ത്രം ഒരുവനിൽ കുടികൊള്ളണമെങ്കിൽ ദൈവികമായ ശക്തിവിശേഷം അവനിലുണ്ടായിരിക്കണമെന്നും സ്മിത്ത് വിശ്വസിച്ചിരുന്നു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ചരാചരങ്ങളും അതിലെ സവിശേഷതകളും ദൈവികമെന്നും അവകളെല്ലാം ഒരുവനെ സന്മാർഗത്തിൽ നയിക്കുന്നുവെന്നും സ്മിത്തിന്റെ ഭാവനകളിലുണ്ടായിരുന്നു. 

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമേരിക്കയിലുള്ള കോളനി വാഴ്ചക്കാലത്ത് സ്മിത്തിന്റെ സാമ്പത്തിക തത്ത്വങ്ങൾ അക്കാലത്തെ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. 'വെല്ത്ത് ഓഫ് നാഷൻസ്‌' രാഷ്ട്രീയ നയരൂപീകരണത്തിനു സഹായകവുമായിരുന്നു. 'വെൽത്ത് ഓഫ് നാഷനിനിൽ നിന്നും കൊളോണിയൽ വ്യവസ്ഥിതിയെപ്പറ്റിയും സ്മിത്തിന്റെ നിർദ്ദേശങ്ങളെപ്പറ്റിയും വ്യക്തമായി മനസിലാക്കാൻ സാധിക്കില്ല. പുസ്തകത്തിലെ കോളിനികളെപ്പറ്റിയുള്ള അദ്ധ്യായത്തിൽ അമേരിക്കയുടെ പതിമൂന്നു കോളനികളുടെ പ്രശ്നങ്ങളെ വിലയിരുത്തുന്നുണ്ട്. കോളനികളുടെ പ്രശ്നങ്ങളും അവിടെയുള്ള സംഘർഷങ്ങളും അവസാനിപ്പിക്കാൻ സ്മിത്ത് രണ്ടു തരത്തിലുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നു. സൗഹാർദ്ദപരമായ നിലപാടിൽ കോളനികൾക്ക് പരിപൂർണ്ണമായ സ്വാതന്ത്ര്യം കൊടുക്കുകയെന്നതു ആദ്യത്തെ നിർദ്ദേശമായിരുന്നു. അങ്ങനെയൊരു തീരുമാനം ബ്രിട്ടന്റെ രാജകീയ സർക്കാർ സ്വീകരിക്കുമെങ്കിൽ കോളനികളുമായി സുദൃഢവും സ്വതന്ത്രവുമായ വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുമെന്നു സ്മിത്ത് വിശ്വസിച്ചിരുന്നു. കൂടാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ബ്രിട്ടന്റെ പട്ടാളവും കൊളോണിയൽ പട്ടാളവും പരസ്പ്പരം സഹകരിക്കാനും സാധിക്കും. സ്മിത്തിന്റെ രണ്ടാമത്തെ നിർദേശം, 'പരമാധികാരമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ഫെഡറൽ സംവിധാനം കോളനികളുടെമേൽ സൃഷ്ടിക്കുകയെന്നതായിരുന്നു.' അത്തരത്തിലുള്ള സംവിധാനം ബ്രിട്ടീഷ് സാമ്രാജ്യവുമായി പരസ്പര ധാരണയ്ക്ക് വഴി തെളിയിക്കുകയും ബ്രിട്ടീഷ് മോഡലിൽ അമേരിക്കയിൽ ഒരു പാർലമെന്ററി സംവിധാനം നടപ്പാക്കാൻ സാധിക്കുകയും ചെയ്യുമെന്നു സ്മിത്ത് ചിന്തിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ കോളനികൾക്ക് സ്വതന്ത്രമായ വ്യവസായങ്ങൾ ആരംഭിക്കാനും സാധിക്കുമായിരുന്നു.  

സ്മിത്തിന്റെ മതപരമായ കാഴ്ചപ്പാടുകളെപ്പറ്റിയും ചിന്തകരുടെയിടയിൽ ചർച്ചകൾ നടക്കാറുണ്ട്. അദ്ദേഹത്തിൻറെ  പിതാവ് സ്കോട്ട്ലാൻഡ് ചർച്ചിന്റെ സഭയിലെ ക്രിസ്ത്യാനിയായി ജീവിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായുള്ള പ്രവർത്തന മേഖലകൾ കണ്ടെത്താനായി സ്മിത്ത് ഇംഗ്ലണ്ടിൽ പോയിയെന്നും പറയുന്നു. ഏകദൈവത്തിൽ വിശ്വസിക്കാതെ അദ്ദേഹത്തെ ദ്വയിത ചിന്തകനെന്നും അറിയപ്പെടുന്നു. പ്രപഞ്ച ശക്തിയും പ്രകൃതിയും വിശ്വസിച്ചിരുന്ന അസ്തികനായും ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റു ചിലർ അദ്ദേഹം വ്യക്തിഗത ദൈവത്തിൽ വിശ്വസിച്ചിരുന്നുവെന്നും കരുതുന്നു. 

ചില ചിന്തകർ സ്മിത്തിന്റെ സാമൂഹിക, സാമ്പത്തിക തത്ത്വചിന്തകൾ ദൈവശാസ്ത്രങ്ങൾക്ക് സമാനമായും ചിത്രീകരിച്ചിരിക്കുന്നതു കാണാം. പ്രകൃതിയും ദൈവവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ തത്ത്വചിന്തകളെന്നു മറ്റുചില ചിന്താഗതിക്കാർ വാദിക്കുന്നു. അക്കാലത്തെ പ്രസിദ്ധനും നാസ്തികനുമായിരുന്ന ചിന്തകൻ 'ഹ്യൂം' അദ്ദേഹത്തിൻറെ ഉറ്റ മിത്രവുമായിരുന്നു. 1777-ൽ ഹ്യൂം മരിച്ചു. മതവും ദൈവവുമില്ലാത്ത, ഒരിക്കലും വിശ്വസിച്ചിരുന്നില്ലാത്ത 'ഹ്യൂം' മരണസമയത്തും ദൈവത്തെ നിഷേധിച്ചിരുന്നു. ഹ്യൂമിന്റെ മരണസമയത്തുപോലുമുള്ള ധൈര്യത്തെ സ്മിത്ത് പുകഴ്ത്തുന്നുണ്ട്. അവസാന ശ്വാസത്തിലും മതത്തിൽ ഹ്യൂം വിശ്വസം പുലർത്തിയിരുന്നില്ല. 

സ്മിത്തിന്റെ കാലത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽനിന്നുള്ള അറിവുകളല്ലാതെ അദ്ദേഹത്തിൻറെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആധുനിക ലോകത്തിനു ലഭ്യമല്ല. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അദ്ദേഹം രചിച്ച മാനുസ്ക്രിപ്റ്റുകളും അഭിപ്രായങ്ങളും മരണത്തിനു മുമ്പ് നശിപ്പിച്ചു കളഞ്ഞിരുന്നു. 'മനസ്' മറ്റെങ്ങോ ചഞ്ചലിക്കുന്ന ഒരാളായിരുന്നു സ്മിത്തെന്നു അദ്ദേഹത്തിൻറെ സമകാലീകർ പറയുമായിരുന്നു. പ്രത്യേക തരം നടത്തവും സംസാര രീതികളും, സൗമ്യ മനോഭാവവും അദ്ദേഹത്തിൻറെ സവിശേഷതകളായിരുന്നു. ചെറുപ്പകാലം മുതൽ സ്വയം വർത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. മതിമറന്നു ചിരിച്ചുകൊണ്ട് അദൃശ്യമായ കൂട്ടുകാരോട് അവർ  സമീപത്തുണ്ടെന്നു കരുതി ഭ്രാന്തനെപ്പോലെ സംസാരിക്കുമായിരുന്നു. 'സ്മിത്ത്' വിവാഹിതനായിരുന്നില്ല. അമ്മയുമായി മരിക്കുംവരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം മരിക്കുന്നതിനു ആറു വർഷം മുമ്പ് തന്റെ 'അമ്മ മരിച്ചുപോയിരുന്നു. 1787-ൽ സ്മിത്ത് ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ റെക്ടറായി നിയമിതനായി. അതിനു മൂന്നു വർഷത്തിനുശേഷം 1790-ൽ അറുപത്തിയേഴാം വയസിൽ അദ്ദേഹം നിര്യാതനായി. 'അനിശ്ചിതത്വത്തിന്റെ നഗരവീഥികളിൽക്കൂടി എനിക്കെന്നും അസ്‌പഷ്ടതയുടെ താഴ്വരയിലേക്ക് ഏകനായി സഞ്ചരിക്കണമായിരുന്നു'വെന്ന സ്മിത്തിന്റെ ഉദ്ധരണി അന്ന് പൂർത്തികരിക്കുകയായിരുന്നു. 












Adam Smith Institute 



Emalayalee:
Malayalam Daily News
Kalavedi Online
JP News

Wednesday, November 16, 2016

ഗാന്ധിയുടെ തലയുള്ള വിലയില്ലാത്ത കറൻസികളും അനുകൂല-പ്രതികൂല വാദമുഖങ്ങളും




ജോസഫ് പടന്നമാക്കൽ

2016 നവംബർ എട്ടാംതീയതി ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേദ്ര മോദി  ഇന്ത്യയുടെ അഞ്ഞൂറും ആയിരവും  വിലയുള്ള കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത് അഭിനവ ഭാരതത്തിലെ സാമ്പത്തിക പരിവർത്തനങ്ങളുടെ പുത്തനായ ഒരു വെല്ലുവിളിയായിരുന്നു. നികുതി കൊടുക്കാതെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ രഹസ്യവിവരങ്ങൾ പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യവും  നോട്ടുകളുടെ മൂല്യമില്ലാതാക്കാനുള്ള   കാരണമായിരുന്നു. സർക്കാരിന്റെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള  വിപ്ലവകരമായ മാറ്റങ്ങൾ രാഷ്ട്രമാകെ പ്രതിഫലിച്ചിരിക്കുന്നതായി കാണാം. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും സാംസ്ക്കാരിക തലങ്ങളിലും ജനമദ്ധ്യങ്ങളുടെയിടയിലും ഒന്നുപോലെ മോദി സർക്കാരിന്റെ 'കറൻസി അസാധുവാക്കൽ'  സുപ്രധാന സംസാര വിഷയമായി മാറിക്കഴിഞ്ഞതും ഒരു സമകാലിക ചരിത്രം തന്നെ.

ഇന്ത്യയുടെ ചരിത്രത്തിൽ  കറന്‍സികള്‍ അസാധുവാക്കുന്നതു ആദ്യത്തെ സംഭവമല്ല. 1946 ജനുവരിയില്‍ ബ്രിട്ടീഷ് സർക്കാർ 10000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചിരുന്നു.  1978 ജനുവരി പതിനാറാം തിയതി അർദ്ധരാത്രിമുതൽ മൊറാർജി ദേശായി ഭരണകൂടം 1000, 5000, 10000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് തീരുമാനമെടുത്തിരുന്നു. എന്നാൽ 1946ല്‍ മാത്രമല്ല 1978ലും നോട്ടുകള്‍ റദ്ദാക്കിയത് സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നില്ല. അന്ന് ഭൂരിപക്ഷം പേരും ആ നോട്ടുകള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. 1978ല്‍ 1000 രൂപ പോലും വലിയ മൂല്യമുള്ളതായിരുന്നു.

രൂപയുടെ കള്ള നോട്ടുകൾ ഗ്രാമങ്ങൾ മുതൽ ഇന്ത്യയുടെ അതിർത്തികൾ വരെ വ്യാപിച്ചു കിടപ്പുണ്ട്. കള്ളപ്പണം കൊണ്ട് തീവ്രവാദികൾ ആയുധങ്ങൾ സ്വരൂപിച്ച് ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ദുരവസ്ഥയാണ് രാജ്യം മുഴുവൻ നേരിടുന്നത്. ചാരവൃത്തി നടത്തുന്നതും കള്ളപ്പണം കൊണ്ടാണ്. മയക്കുമരുന്ന് കച്ചവടക്കാരും അമിത തോതിൽ കള്ളപ്പണം ഉപയോഗിക്കുന്നു. നിയമവിരുദ്ധമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന വ്യാജ ചരക്കുകൾക്കും പുതിയ സാമ്പത്തിക  പരിഷ്‌ക്കാരം തടസ്സമിടും.  അത്തരുണത്തിൽ മോദിയുടെ തീരുമാനം സുധീരമായിരുന്നുവെന്നു കണക്കാക്കണം.

നോട്ടുകളുടെ പിൻവലിക്കൽ മൂലം ഏറ്റവുമധികം  ബാധിച്ചിരിക്കുന്നത് അനധികൃതമായി 'ബ്ളാക്ക് മണി' പൂഴ്ത്തിവെച്ചിരിക്കുന്നവരെയാണ്. അവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന പണം നികുതി കൊടുക്കാതെയോ നിയമപരമല്ലാതെയോ അല്ലെങ്കിൽ കൈക്കൂലി വഴിയോ സമ്പാദിച്ചതാകാം. എത്രമാത്രം ബ്ളാക്ക് മണിയുണ്ടെന്ന് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധരുടെയിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. 2007 ലെ വേൾഡ് ബാങ്കിലെ കണക്കിൻ പ്രകാരം ഇന്ത്യയിലെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 24 ശതമാനം കള്ളപ്പണമെന്നാണ് അനുമാനിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരുപയോഗമാക്കിയത് കള്ളപ്പണം മാറ്റി സ്വർണ്ണം പോലുള്ള സ്വത്തുക്കൾ കൈവശം വെക്കാതിരിക്കാൻ വേണ്ടിയും കൂടിയായിരുന്നു.

രാജ്യത്താകമാനമുള്ള സ്വർണ്ണക്കച്ചവടക്കാർ നവംബർ എട്ടാം തിയതി രാത്രി മുതൽ ഒമ്പതാം തിയതി വരെ കറൻസി മാറിക്കൊടുത്തുകൊണ്ടു സ്വർണ്ണം വിൽക്കുന്നുണ്ടായിരുന്നു.  സ്വർണ്ണക്കച്ചവടക്കാർ മോദിയുടെ കറൻസികൾ അസാധുവാക്കിയ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായി കാണാം. കറൻസി നോട്ടുകളേക്കാൾ ഇന്ന് ജനത്തിനു വിശ്വാസം സ്വർണ്ണത്തോടായിയെന്നുള്ളതാണ് വസ്തുത. അതുകൊണ്ടു സ്വർണ്ണത്തിന്റെ ഡിമാൻഡ് കൂടിയതായും കാണാം. ഇതുമൂലം അരാജകത്വം ആദ്യകാലങ്ങളിൽ രാജ്യത്തു സംഭവിക്കാം. എങ്കിലും പിന്നീട് കറൻസിയുടെ സ്ഥിരത വ്യവസായ വളർച്ചയെ സഹായിക്കുമെന്നതിൽ സംശയമില്ല.

അടുത്ത മൂന്നു നാലാഴ്ചകൾക്കുള്ളിൽ സാമ്പത്തിക തലങ്ങളുടെ ഉന്നമനം കണക്കാക്കി പുതിയ രണ്ടായിരത്തിന്റെയും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ മാർക്കറ്റിൽ ഇറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ബ്ളാക്കുപണം കൈവശമുള്ളവർ പുതിയ കറൻസികൾ മാറാൻ ശ്രമിക്കും.  അവരുടെ കൈവശമുള്ള നിയമപരമല്ലാത്ത പഴയ പണം ബാങ്കിൽ വെളുപ്പിച്ച പണമാക്കാൻ  സാധിക്കില്ല. അനധികൃത പണം കൈവശമുണ്ടെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇൻകം ടാക്സ് വകുപ്പിൽ നിന്ന് ചോദ്യങ്ങൾ വരാം. കള്ളപ്പണം കണ്ടെടുക്കുകമൂലം സർക്കാരിന്റെ വരുമാനവും കൂടുമെന്ന കണക്കുകൂട്ടലുണ്ട്. അക്കൊണ്ടിൽ പെടാത്ത പണം ബാങ്കിൽ വന്നാലും കാലക്രമത്തിൽ നികുതി ചുമത്താൻ സാധിക്കും. പണം മാർക്കറ്റിൽ ക്രയവിക്രയം നടക്കാത്ത സ്ഥിതിക്ക് പണത്തിന്റെ മൂല്യം കുറയുന്നമൂലം താൽക്കാലികമായി വിലപ്പെരുപ്പവും തടയാൻ സാധിക്കും. സാമ്പത്തിക മാന്ദ്യവും അനുഭവപ്പെടാം.

വസ്തുക്കൾ കച്ചവടം നടത്തുന്നവരെയും റീയൽ എസ്റ്റേറ്റ് ബിസിനസുകാരെയും കറൻസി പിൻവലിച്ചത് ബാധിക്കുന്നു. സ്ഥലങ്ങളോ കെട്ടിടങ്ങളോ മേടിക്കുമ്പോൾ പലരും ബാങ്കിലെ അക്കൗണ്ടിൽ കൂടിയല്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സഹിതമുള്ള പണം രൊക്കം കൊടുക്കുകയാണ് പതിവ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആയിരം അഞ്ഞൂറു നോട്ടുകൾ നിയമ വിരുദ്ധമായതിനാൽ ബാങ്കിലിടാനോ, മാർക്കറ്റിൽ പണം ഉപയോഗിക്കാനോ സാധിക്കാതെ വരുന്നു. അതുമൂലം റീയൽ എസ്റ്റേറ്റിന്റെ വിലയും ഇടിയും. അങ്ങനെയുള്ള സ്ഥിതിവിശേഷത്തിൽ സാധാരണക്കാർക്ക് റീയൽ എസ്റ്റേറ്റ് കൈവശമാക്കാൻ എളുപ്പവുമാകുന്നു. പണത്തിന്റെ മൂല്യം സുസ്ഥിരമാകുമ്പോൾ കാലക്രമത്തിൽ റീയൽ എസ്റ്റേറ്റിന്റെ മാർക്കറ്റ് കൂടുകയും ചെയ്യും.നിയമപരമല്ലാത്ത കെട്ടിട നിർമ്മാണക്കാരെയും റിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നവരെയും മോദിയുടെ ഈ തീരുമാനം ബാധിച്ചേക്കാം. വിലപ്പെരുപ്പത്തിനെ തടയിട്ടുകൊണ്ട് സാധനങ്ങൾക്ക് വിലയിടിയുവാനും സാധ്യതയേറുന്നു. നാണ്യ മൂല്യങ്ങളുടെ വിലയും കുറയും. അടുത്ത ആറേഴു മാസങ്ങൾക്കുള്ളിൽ  കെട്ടിട നിർമ്മാണ സാമഗ്രികൾക്കു വില കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കണക്കു കൂട്ടുന്നു.

അടുത്ത കാലത്തെ ഒരു പഠനത്തിൽ നിന്നും ഇന്ത്യയിൽ മുപ്പതു ലക്ഷം കോടി രൂപ ബ്ളാക്ക് മണിയുണ്ടെന്നു കണക്കായിരിക്കുന്നു. അത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ (Gross National Product) ഇരുപതു ശതമാനത്തോളം വരും. സർക്കാരിന്റെ ഔദ്യോഗികമായ ഈ തീരുമാനത്തിൽ പണം പൂഴ്ത്തി വെക്കുന്നവർ ഒന്നുകിൽ പണം ബാങ്കിൽ നിക്ഷേപിച്ചു വരുമാനമായി കണക്കാക്കണം. അല്ലെങ്കിൽ വിലയില്ലാത്ത അവരുടെ പണം സ്വന്തം വീട്ടിൽ തന്നെ ഒളിച്ചു വെക്കണം. ബാങ്കിൽ നിക്ഷേപിച്ചാൽ ആ പണം വരുമാനമായി പരസ്യമാക്കേണ്ടിയും വരും. ബാങ്കിൽ വന്ന വരുമാനം എങ്ങനെയുണ്ടായിയെന്നും ചോദ്യം വരും. നികുതിയിൽ ഉൾപ്പെടുത്താത്ത പണമാണെങ്കിൽ മുപ്പതു ശതമാനം നികുതിയ്ക്കു പുറമെ പിഴയും അടക്കേണ്ടി വരും. മൊത്തം വെളിപ്പെടുത്തുന്ന പണത്തിന്റെ അറുപതു ശതമാനം നികുതിയും കൊടുക്കണം. 2002 മുതൽ 2011 വരെ ബില്ല്യൻ കണക്കിന് അനധികൃത ഫണ്ടുകൾ വിദേശത്തുനിന്നും ഇന്ത്യയിൽ ഒഴുകിയതായി സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നു.  ഇന്ത്യയിലെ ഭീകരർ കൂടുതലായും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്   ഉപയോഗിക്കുന്നത്. അതിർത്തിയിലുള്ള ശത്രുക്കളും ഇന്ത്യയുടെ നാണയമൂല്യം കുറയ്ക്കാൻ കള്ളനോട്ടുകൾ വിതരണം ചെയ്യാറുണ്ട്. വർഷങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ മൊത്തം കറൻസികളിൽ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ   ഏകദേശം 86 ശതമാനത്തോളം  ക്രയവിക്രയങ്ങൾക്കായി മാർക്കറ്റിലുണ്ടായിരുന്നു. നോട്ടുകൾ  അസാധുവാക്കിയതുമൂലം ബാങ്കുകളുടെ ഡിപ്പോസിറ്റ് വർദ്ധിക്കാൻ കാരണമാകുന്നു. നിയമപരമായി സമ്പാദിച്ച പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ടു വരുകയില്ല. അതിന്റെ കാലാവധി 2016 ഡിസംബർ മുപ്പത്തിയൊന്നാം തിയതിവരെയായിരിക്കും. ബിസിനസുകാർക്ക് നിയമപരമായ പണം ധാരാളം കൈവശം കാണും. അങ്ങനെ അസാധാരണമായി ബാങ്കുകളുടെ ഡിപ്പോസിറ്റുകൾ വർദ്ധിക്കുന്നു. അതുമൂലം ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കായി പണം വായ്പയായി നൽകാനും സാധിക്കുന്നു. എ. റ്റി.എം കാർഡിൽ ഒരു പ്രാവിശ്യം രണ്ടായിരം രൂപാ മാത്രം പിൻവലിക്കാം. ഒരു ദിവസം പതിനായിരം രൂപയും, ആഴ്ചയിൽ ഇരുപതിനായിരം രൂപയും പിൻവലിക്കാമെന്നുള്ള സംവിധാനമാണ് എ. റ്റി.എമ്മിലുള്ളത്.  ചുരുക്കി പറഞ്ഞാൽ ക്രെഡിറ്റ് കാർഡിന്റെ പരിധിയേക്കാൾ  ജനത്തിനു രൊക്കം പണം കൊടുത്തുകൊണ്ടുള്ള ഇടപാടുകൾ ദൈനംദിന ജീവിതത്തിൽ ആവശ്യമാണ്.


കറൻസികൾ അസാധുവാക്കിയതുമൂലം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് കുഴൽപ്പണം, ബ്ലേഡ് പലിശക്കാർ, നിയമവിധേയമല്ലാത്ത ബാങ്കുകൾ നടത്തുന്നവർ,ഹവാല മാഫിയക്കാർ,റീയൽ എസ്റ്റേറ്റ് മാഫിയാക്കാർ എന്നിവരെയാണ്. അഴിമതിക്കാരെയും കപട ചൂഷകരായ രാഷ്ട്രീയക്കാരെയും കള്ളപ്പണം ക്രയവിക്രയം നടത്തുന്നവരെയും സർക്കാരിന്റെ ഈ തീരുമാനം കുഴപ്പത്തിലാക്കും.  സഹകരണബാങ്കുകൾ, നികുതി വെട്ടിച്ച കള്ളപ്പണക്കാർ എന്നിവരും രക്ഷപെടാനുളള പഴുതുകൾ തേടിക്കൊണ്ടിരിക്കുന്നു. അധോ ലോകത്തിന്റെയും ഭീകരവാദികളുടെയും പണത്തിന്റെ  സ്രോതസുകൾക്കു പാളീച്ചകൾ സംഭവിക്കാം.

പച്ചക്കറിക്കടക്കാരും ഗ്രാമത്തിലുള്ള ഗ്രോസറിക്കടക്കാരും പാലും പഴവർഗങ്ങൾ വിൽക്കുന്നവരും കറൻസികളുടെ അഭാവം മൂലം നിത്യോപയോഗ സാധനങ്ങൾ ചെലവാക്കാൻ ബുദ്ധിമുട്ടുന്നു. അത്തരം ബിസിനസുകാർക്ക് അഞ്ഞൂറ് രൂപയും ആയിരം നോട്ടുകളും നിരസിക്കുക ബുദ്ധിമുട്ടാകും. സർക്കാർ ഹോസ്പിറ്റലുകൾ ഈ നോട്ടുകൾ വാങ്ങുമെങ്കിലും മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ടി വരും. അത്തരം ക്രയവിക്രയങ്ങൾ അസാധ്യവുമാകുന്നു. എൺപതു ശതമാനം ഹോസ്പിറ്റലുകളും പ്രൈവറ്റ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. നേഴ്‌സിങ് ഹോമുകളും സ്വകാര്യ മേഖലകളുടെ നിയന്ത്രണത്തിലാണ്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ തീവ്ര പരിചരണത്തിലുള്ളവരും സർജറി പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കായി മനുഷ്യ ജീവനെ രക്ഷിക്കുന്നവരും കറൻസികളുടെ അപര്യാക്തതമൂലം പണമെങ്ങനെ കൊടുക്കുമെന്നതും പ്രശ്നമാകും. ഇന്ത്യയിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയും കറൻസികളുടെ അസാധു ബുദ്ധിമുട്ടിലാക്കും. അവരെങ്ങനെ ബാങ്കിൽനിന്ന് പണം മേടിക്കുന്നതെന്ന കാര്യവും  സർക്കാർ ഭാഗത്തുനിന്നും കേട്ടില്ല.  രൂപാ കിട്ടാൻ എല്ലാ യാത്രക്കാർക്കും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറോളം ലൈൻ നിൽക്കണം.

ഇന്ത്യയിൽ പത്തു ശതമാനം ജനതയ്ക്കു മാത്രമേ ഏ.റ്റി.എം ഉപയോഗിക്കാൻ അറിയുള്ളൂ. അതുകൊണ്ടു ബാങ്കിന്റെ മുമ്പിൽ എന്നും നീണ്ട ലൈൻ തന്നെ കാണും. ചില ബിസിനസ്സ് സ്ഥാപനങ്ങളിൽ കടത്തിൽ കച്ചവടങ്ങൾ നടത്താറുണ്ട്. കടമായി സാധനങ്ങൾ മേടിച്ചവർക്കു കറൻസിയുടെ അഭാവം മൂലം പണം മടക്കി കൊടുക്കാനും ബുദ്ധിമുട്ടാവുന്നു.  ചില പിതാക്കന്മാർക്ക് ഒഴിച്ചു കൂടാനാവാത്തവിധം അടിയന്തിരമായി പെണ്മക്കളുടെ കല്യാണാവശ്യത്തിനു പണം പിൻവലിക്കേണ്ടതായി വരും. സ്ത്രീധനം നിയമവിരുദ്ധമായതുകൊണ്ട് അക്കൗണ്ടിൽക്കൂടി കൊടുക്കാൻ സാധിക്കുകയുമില്ല. അതുമൂലം നിശ്ചയിച്ചിരിക്കുന്ന കല്യാണങ്ങൾ വരെ മുടങ്ങാനും സാധ്യതകളുണ്ട്.

ബാങ്കുകളിൽ പണം ഒഴുകുന്നതോടെ വായ്പ്പക്കാർക്കുള്ള പലിശ നിരക്ക് കുറയും. വിലപ്പെരുപ്പം തടയുന്നതുകൊണ്ടു  സമ്പദ് വ്യവസ്ഥയും വർദ്ധിക്കും. ബാങ്കുകളിലേക്കുള്ള പണമൊഴുക്ക്, പണം നിക്ഷേപിക്കുന്നവരെ സംബന്ധിച്ചടത്തോളം അനുകൂലമായിരിക്കില്ല. ബാങ്കുകളിൽ പലിശ കുറയും. അതുമൂലം കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ പണം നിക്ഷേപിക്കേണ്ടി വരും.

കള്ളപ്പണത്തെ നേരിടാനുള്ള മോദി സര്‍ക്കാറിന്റെ ഈ നീക്കം സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചുവെന്നുള്ളതാണ് വാസ്തവം. കള്ളപ്പണത്തിൽ മുഴുകിയിരിക്കുന്നവർ കൂടുതലും പണമിടപാടുകൾ  വിദേശ ബാങ്കുകൾ വഴിയാണ് നടത്തുന്നത്. വിദേശത്തു നടക്കുന്ന ബാങ്കിംഗ് ഇടപാടുകളിൽ സർക്കാരിന് കാര്യമായിയൊന്നും നടപടികളെടുക്കാനും സാധിക്കില്ല.

പഴയ നോട്ടുകൾ പിൻവലിക്കുന്നതുമൂലം പുതിയതു വരുന്നവരെ പണത്തിന്റെ  ക്രയവിക്രയങ്ങൾ കുറയും. ആഡംബര സാധനങ്ങൾ മേടിക്കാനും പ്രയാസം വരും. ടെക്കനോളജിയുടെ അറിവുകേടുമൂലം ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കാറില്ല. രാജ്യത്തു കൂടുതലും രൊക്കം പണം കൊടുത്തുള്ള ബിസിനസുകളാണ് നടക്കാറുള്ളത്. ക്രെഡിറ്റ് കാർഡുകൾ രാജ്യമാകമാനം വ്യാപകമായി പ്രചരിച്ചിട്ടുമില്ല. ഇന്ത്യയിലെ ജനങ്ങളിൽ 86 ശതമാനവും കൈവശമുള്ള പണം കൊടുത്താണ് സാധാരണ ഇടപാടുകൾ നടത്താറുള്ളത്.

വില കൂടിയ നോട്ടുകൾ പിൻവലിച്ചുകൊണ്ടു അതെ വിലയുള്ള നോട്ടുകൾ പുറത്തിറക്കുന്നത് സാമ്പത്തിക അരാജകത്വങ്ങൾക്ക് പരിഹാരമാണെന്നാണ് വെപ്പ്. എന്നാൽ ഇത് ഗ്രാമീണ ജനതയുടെ നിത്യ ജീവിതത്തെ ബാധിക്കുന്നു. ഇൻഡ്യ മൊത്തമായി ഏകദേശം പത്തു ലക്ഷം ബാങ്കുകൾ ഉണ്ട്. ലക്ഷകണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിനകാര്യങ്ങളിൽ കറൻസി ക്രയവിക്രയങ്ങൾ അനേക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഗ്രാമീണ വാസികൾക്ക് ബാങ്കിങ്ങ് എന്നത് എന്തെന്നുപോലും അറിയില്ല. അങ്ങനെയുള്ള വിദ്യാഹീനരായ ജനങ്ങൾക്ക് കറൻസി പിൻവലിക്കൽ ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു. ടെക്കനോളജി ക്രയവിക്രയങ്ങളിൽക്കൂടി ഇന്ത്യ മുഴുവൻ പണം കൈമാറ്റ പ്രക്രിയകൾ നടപ്പാക്കാൻ ഇനിയും കാലങ്ങളെടുത്തേക്കാം. ചുരുക്കത്തിൽ ഗ്രാമത്തിൽ വസിക്കുന്നവരുടെ കൈവശമുള്ള 500, 1000 നോട്ടുകൾ മാറാൻ, കൂടാതെ അവരുടെ വരുമാന സ്രോതസുകൾ ബോധ്യപ്പെടുത്താൻ നന്നേ ബുദ്ധിമുട്ടേണ്ടി വരും.ഇന്ത്യ മുഴുവനും ബാങ്കുകളുടെ പ്രവർത്തന ശൃങ്കലകളുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വളരെ വിരളമായേ  ബാങ്കിങ്ങ് സൗകര്യങ്ങളുള്ളൂ. പഴയ നോട്ടുകൾ മാറാനുള്ള  സൗകര്യങ്ങൾ ഗ്രാമങ്ങളിൽ കുറവാണ്. ഇന്ത്യയിലെ 27 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ അഞ്ചു കിലോമീറ്ററിനുള്ളിൽ ബാങ്കുകളുടെ പ്രവർത്തനങ്ങളുള്ളൂ.

മുമ്പുണ്ടായിരുന്ന കാലങ്ങളിൽ നോട്ടുകൾ പിൻവലിച്ചപ്പോൾ ധനികരെയും, കള്ളക്കടത്തുകാരെയും മാത്രം ബാധിച്ചിരുന്നു. എന്നാൽ ഇന്ന് 500 / 1000 നോട്ടുകൾ പിൻവലിച്ച വഴി ഇന്ത്യയിലുള്ള എല്ലാ ജനങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങൾ ചെലുത്തുകയും ചെയ്തു. ഗ്രോസറി സ്റ്റോർ നടത്തുന്നവരെയും ചായ വാലാക്കാരെയും തൊഴിലാളികളെയും മൊത്തം ബാധിച്ചിരിക്കുന്നു. പലരും ബിസിനസ്സ് തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലുമാണ്. ബാങ്കിൽ പണം നിക്ഷേപിക്കാൻ മണിക്കൂറുകളോളം ലൈനിൽ നിന്നു കഷ്ടപ്പെടണം. നികുതി വെട്ടിപ്പുകാരെയും വിദേശത്തു പണം നിക്ഷേപിച്ചവരെയും പിടികൂടാൻ എളുപ്പവുമല്ല. 'ബ്ളാക്ക് പണ'ത്തിന്റെ വലിയ ഒരു പങ്ക് സ്വർണ്ണമായും വിദേശപ്പണമായും പൂഴ്ത്തി വെച്ചിരിക്കുന്നു. സ്വിസ് ബാങ്കിലും പനാമ ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന പണം വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കില്ല. പൊളിറ്റിക്കൽ പാർട്ടികളുടെ നിയമപരമല്ലാത്ത തെരഞ്ഞെടുപ്പ് ഫണ്ടുകളും പ്രശ്നങ്ങളാണ്.

റിസേർവ് ബാങ്ക് ഗവർണറായിരുന്ന 'രഘു റാം രാജൻ' പറഞ്ഞത് "സർക്കാർ ബ്ളാക്ക് പണം കണ്ടെത്താൻ അതീവ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, അങ്ങനെയുള്ള ഭീക്ഷണികൾ നേരിടുന്നുവെങ്കിൽ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ഒരു നടപടി മാത്രം ഗുണപ്രദമാവില്ല. നാണയത്തിന്റെ മൂല്യം കുറയ്ക്കാനും നാണയമില്ലാതാക്കാനും മറ്റു മാർഗങ്ങളുണ്ട്. ഒരു ദിവസംകൊണ്ടു ബ്ളാക്ക് പണം ഇല്ലാതാക്കാൻ സാധ്യമല്ല. സ്വർണ്ണം പൂഴ്ത്തി വെക്കുന്നവരെ കണ്ടുപിടിക്കാനും എളുപ്പമല്ല."  ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വരുമാനമുള്ളവരെ കണ്ടെത്തുകയെന്നതാണ് പ്രധാനമായുള്ളത്. അവർ നികുതി കൊടുക്കുന്ന കാര്യം മാത്രം അന്വേഷിച്ചാൽ പോരാ. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്നറിയാൻ ടെക്കനോളജിയുടെ സഹായത്തോടെ നികുതി പിരിക്കുന്ന പുതിയ സംവിധാനമാണ് ഏർപ്പെടുത്തേണ്ടത്. രൊക്കം പണം നൽകി ക്രയവിക്രയങ്ങൾ നടത്തുന്നതിനേക്കാളുപരി രാജ്യം മുഴുവൻ പണപരമായ ഇടപാടുകൾക്കായി ഇലക്ട്രോ സംവിധാനങ്ങൾ ഏർപ്പെടുത്തണം. 'ബ്ളാക്ക് മണിയെ' ചൊല്ലിയാണ് മിക്ക രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലും വിവാദങ്ങൾ സൃഷ്ട്ടിക്കാറുള്ളത്. 'പണം പൂഴ്ത്തി വെയ്പ്പൽ' ഇല്ലാതാക്കുമെന്ന്  പല രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പു കാലങ്ങളിലുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം.

സർക്കാരിന്റെ കറൻസി അസാധുവാക്കിയ ഈ സാഹചര്യങ്ങളിൽ മറ്റൊരു പുതിയ  തീരുമാനമാകുംവരെ പൊതുജനങ്ങൾ തിരക്ക് കൂട്ടാതിരിക്കുകയായിരിക്കും നല്ലത്. 2016 ഡിസംബർ മുപ്പതു വരെ രൂപാ മാറ്റാനോ ഡിപ്പോസിറ്റ് ചെയ്യാനോ സാവകാശമുണ്ട്. 2017 മാർച്ചു വരെ പഴയ നോട്ടുകൾ റിസർവ് ബാങ്കിൽ മാറ്റാനും സാധിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ നോട്ടിഫിക്കേഷനും ഇതിനിടയിൽ പുറപ്പെടുവിക്കാതിരിക്കില്ല. അതുകൊണ്ടു കുറച്ചു ദിവസങ്ങൾകൂടി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത്. നീണ്ട ലൈനുകളുടെ തിരക്കുകൾ  ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും. ബാങ്കിലെ പണമിടപാടുകൾ സുഗമമാവുകയും ചെയ്യും.

ഇൻഡ്യയാകമാനം കള്ളപ്പണത്തിന്റെ പ്രവാഹം തടയാൻ സാധിക്കാത്ത വിധം അസാധ്യമായതുകൊണ്ടാണ് മോദി സർക്കാർ ഇത്തരം ഒരു തീരുമാനത്തിന് മുതിർന്നത്. കോടികൾ ചെലവാക്കി ബോളിവുഡ് സിനിമകൾ നിർമ്മിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു. ആഡംബര വിവാഹാഘോഷങ്ങൾ, വില്ലാകൾ, മത വർഗീയ രാഷ്ട്രീയ നേതാക്കന്മാരുടെ കണക്കില്ലാത്ത ആസ്തികൾ മുതലായവകൾ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയായി കരുതുന്നു. സത്യത്തിൽ ഇതൊന്നും രാജ്യപുരോഗതിയായി കണക്കാക്കാൻ സാധിക്കില്ല. ഭൂരിഭാഗം ജനങ്ങളും അസമാധാനത്തോടെ കഴിയുമ്പോൾ കള്ളപ്പണക്കാരും അഴിമതിക്കാരും സുഭിക്ഷിതമായി കഴിയുന്നതും സമാധാനത്തിനു തന്നെ തടസമാണ്. ഇന്ത്യ മൊത്തമായി അഴിമതിയിൽ കുളിച്ചിരുന്ന കാര്യങ്ങൾ സാധാരണക്കാരിൽ ഭൂരിഭാഗവും ജനങ്ങൾ അറിഞ്ഞിരുന്നുമില്ല. മോദിയുടെ കറൻസി പിൻവലിച്ചുകൊണ്ടുള്ള തീരുമാനം രാഷ്ട്രത്തെ മൊത്തമായി അമ്പരപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ  കറുത്തു കൊഴുത്ത സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും മോചനം നേടി വെളുത്ത സാമ്പത്തിക മേഖലകളിലേക്കുള്ള ഈ കുതിച്ചുചാട്ടം സ്വാതന്ത്ര്യത്തിനു ശേഷമുള്ള സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. ബ്രിട്ടീഷുകാർ ഇൻഡ്യാ വിട്ടതിൽ പിന്നീട് സാമ്പത്തിക തലങ്ങളിൽ കാര്യമായ പ്രരിവർത്തനങ്ങളൊന്നും ഉണ്ടായില്ല. അഴിമതികൾ നിറഞ്ഞ ഭരണകൂടങ്ങൾ മാറി മാറി വന്നു. ഏകാധിപത്യ വ്യവസ്ഥയിലുള്ള ഒരു ധനതത്ത്വ ശാസ്ത്രത്തിൽ രാഷ്ട്രത്തിന്റെ സ്വത്തുക്കളിൽ ഏറിയ പങ്കും ഒരു വിഭാഗം ജനങ്ങളിൽ മാത്രം നിഷിപ്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുധീരമായ ഈ തീരുമാനത്തെ രാഷ്ട്രം ഒന്നടങ്കം അനുമോദിക്കുന്നുണ്ട്. വിലപ്പെരുപ്പം തടയാനും ബാങ്കുകളുടെ മൂലധനം വർദ്ധിക്കാനും പലിശ നിരക്ക് കുറയ്ക്കാനും തരളിതമായ ഒരു സാമ്പത്തിക പുഷ്പീകരണത്തിനും മോദിജിയുടെ ഈ തീരുമാനം സഹായകമാണ്. രാജ്യത്തിലെ മൂന്നു ശതമാനം ജനങ്ങളാണ് ഇന്ന് നികുതി കൊടുക്കുന്നത്. രൂപായുടെ മൂല്യം കുറച്ചുള്ള ഈ പദ്ധതി വിജയിച്ചാൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുമെന്നതിൽ സംശയമില്ല.






New Currency 

OLD Note

Prime Minister Modi's Mother 






കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...