Friday, December 16, 2016

അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും



ജോസഫ് പടന്നമാക്കൽ


അഞ്ചു വർഷങ്ങൾക്കു മുമ്പ് പാലായിൽ സത്യജ്വാലയുടെ പ്രകാശനകർമ്മത്തിനായി കെ.സി.ആർ. എം. സംഘടിപ്പിച്ച സമ്മേളന ഹാളിൽ ഞാനുമുണ്ടായിരുന്നു. അന്ന് വന്നെത്തിയ പ്രമുഖരായ വ്യക്തികളോടൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതും ഓർക്കുന്നു. ശ്രീ ജോസഫ് പുലിക്കുന്നേലായിരുന്നു സത്യജ്വാലയുടെ ഔപചാരികമായ പ്രകാശനകർമ്മം നിലവിളക്കു കൊളുത്തിക്കൊണ്ടു നിർവഹിച്ചത്. കേരള ക്രിസ്ത്യൻ സഭകളുടെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ശ്രീ പുലിക്കുന്നേൽ സാറുമൊത്തു കുറച്ചു സമയം ചെലവഴിക്കാൻ സാധിച്ചതും ജീവിതത്തിന്റെ അഭിമാനമുഹൂർത്തമായി തന്നെ കരുതുന്നു. അഞ്ചു വർഷമെന്നുള്ളത് ഒരു സഭയെ സംബന്ധിച്ച് അത്ര പ്രധാനമായ കാര്യമല്ല. പക്ഷെ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് സഭയുടെ ചീഞ്ഞളിഞ്ഞ ചരിത്ര സംഭവങ്ങളെ പച്ചയായി പുറത്തുകൊണ്ടുവരാൻ സത്യജ്വാല വഹിച്ച ധീരമായ പങ്കിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ലോകത്തിലെ മറ്റൊരു പത്രത്തിനും സാധിക്കാത്ത നേട്ടങ്ങളായിരുന്നു ശ്രീ ജോർജ് മൂലേച്ചാലിന്റെ നേതൃത്വത്തിലുള്ള സത്യജ്വാല കൈവരിച്ചതെന്നുള്ളതും സഭാമക്കൾക്ക് എന്നും അഭിമാനിക്കാവുന്നതാണ്. 

സത്യജ്വാലയുടെ തുടക്കത്തിനുമുമ്പുതന്നെ അല്മായ ശബ്ദത്തിലെ പ്രമുഖ എഴുത്തുകാരായ ശ്രീ ജോർജ് മൂലേച്ചാലിൽ, സാക്ക് നെടുങ്കനാൽ, റോഷൻ ഫ്രാൻസിസ്, ജോസഫ് മറ്റപ്പള്ളിൽ, ചാക്കോ കളരിക്കൽ, ജെയിസ് കോട്ടൂർ, ജോസ് ആന്റണി, പിപിലാദൻ, സാമുവൽ കൂടൽ എന്നിവരെ എഴുത്തിൽക്കൂടി പരിചയമുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലരെ നേരിട്ടു കണ്ടത് അന്നുകൂടിയ സമ്മേളനത്തിൽ വെച്ചായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ചിന്തകനാണ് സാക്ക്. വേദങ്ങളുടേയും ഉപനിഷത്തുക്കളുടെയും പാണ്ഡ്യത്യത്തോടെയാണ് ശ്രീ സാക്ക് നെടുങ്കനാൽ തന്റെ ലേഖനങ്ങൾ വായനക്കാർക്കായി കാഴ്ച വെക്കുന്നത്. അദ്ദേഹത്തിൻറെ ഓരോ ലേഖനങ്ങളും പ്രകൃതിയും ദൈവവുമായുള്ള സംവാദങ്ങളെന്നു തോന്നി പോവും. കൂടലും ജോസ് ആന്റണിയും പ്രസിദ്ധ കവികളാണ്. കൂടലിന്റെ ഉഗ്രശൈലിയുള്ള ചില കവിതകളും ലേഖനങ്ങളും ശരിക്കും പൗരാഹിത്യ ദുഷ്പ്രവണതകളുടെ മർമ്മത്തടിച്ചുകൊണ്ടുള്ളതാണ്. എന്റെ സുഹൃത്തായ ജയിംസ് കോട്ടൂരിന്റെ അത്യുജ്ജലങ്ങളായ ലേഖനങ്ങൾ നവീകരണ പ്രസ്ഥാനങ്ങൾക്ക് ജീവനും ഓജസ്സും നൽകിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവർ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നതും തികച്ചും അഭിനന്ദനീയമാണ്. ശ്രീ മറ്റപ്പള്ളി താത്ത്വികമായി എഴുതുമ്പോൾ ശ്രീ റോഷൻ ഫ്രാൻസിസ് അവതരിപ്പിക്കുന്ന ലേഖനങ്ങൾ സദാ ചിരിയും കളിയുമായിട്ടായിരിക്കും. അദ്ദേഹത്തിൻറെ നർമ്മരസങ്ങളായ ലേഖനങ്ങൾ സഹൃദയരെ ചിരിപ്പിക്കുന്നതിനൊപ്പം പൗരാഹിത്യ ലോകത്തെ വീർപ്പു മുട്ടിക്കുകയും ചെയ്യുന്നു. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന എഴുത്തിന്റെ വൈഭവമാണ് അദ്ദേഹത്തിനുള്ളത്.  

സത്യജ്വാല ആരംഭിക്കുന്നതിനു മുമ്പ് അതിന്റെ മുന്നോടിയായിരുന്ന കെ സി ആർ എം സംഘടനയുടെ ബ്ലോഗായ അല്മായ ശബ്ദത്തിലെ ഒരു എഴുത്തുകാരനായിരുന്നു ഈ ലേഖകൻ. ശ്രീ ചാക്കോ കളരിക്കലാണ് എന്നെ എഴുത്തിന്റെ ലോകത്തിൽ ഈ ബ്ലോഗിലേക്ക് എത്തിച്ചത്. അമേരിക്കൻ ജീവിതത്തിലെ എന്റെ തിരക്കുപിടിച്ച ജീവിതത്തിൽ മലയാളത്തിലെ ലേഖനങ്ങളൊക്കെ വായിക്കാൻ ചുരുക്കമായേ അവസരം ലഭിച്ചിരുന്നുള്ളൂ. ശ്രീ കളരിക്കൽ എഴുതിയ പുസ്തകങ്ങളാണ് വാസ്തവത്തിൽ എന്നെ സഭയുടെ നവോത്ഥാന ചിന്താഗതികളോടെയുളള എഴുത്തിന്റെ ലോകത്തിലെത്തിച്ചത്. കുത്തഴിഞ്ഞ ഒരു സഭയുടെ ചുരുളുകൾ അഴിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ പുസ്തകങ്ങളിലെ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങൾ തികച്ചും വിസ്മയകരമായിരുന്നു. സഭയുടെ പണ്ഡിതോചിതമായ ലേഖനങ്ങളാണ് ശ്രീ ചാക്കോ കളരിക്കൽ അല്മായശബ്ദത്തിനും സത്യജ്വാലയ്ക്കും കാഴ്ചവെച്ചുകൊണ്ടിരുന്നത്. സ്വതവേ പള്ളിയും പട്ടക്കാരനുമായി അകന്നു നിന്നിരുന്ന എന്നെ സംബന്ധിച്ചെടത്തോളം ആ പുസ്തകങ്ങൾ ചിന്തനീയവും എന്റെ ചിന്താഗതികളെ ശരിവെക്കുന്നതുമായിരുന്നു. അദ്ദേഹം വഴിയാണ് സഭയെ ആശയസമരങ്ങൾവഴി കിടുകിടാ വിറപ്പിക്കുന്ന അലക്സ് കണിയാംപറമ്പിൽ, ഇപ്പൻ, എന്നിവർ എഴുത്തിന്റെ ലോകത്തുണ്ടെന്നറിയുന്നത്. പ്രഗല്പ്പരായ മറ്റനേക സ്ഥിരമായി എഴുതുന്ന എഴുത്തുകാരും സത്യജ്വാലയ്ക്കുണ്ട്. ഓരോരുത്തരുടെയും സഹജമായ കഴിവുകളും ഓരോ ലേഖനങ്ങളിലും വ്യക്തമായിരുന്നു. സാമൂഹികമായ പ്രശ്നങ്ങളെ സംബന്ധിച്ച് ശ്രീ റജി ഞള്ളാനി എഴുതുമ്പോൾ ശ്രീമതി ഇന്ദുലേഖ സഭാ സ്വത്തുക്കളിൽ ഏകീകൃതമായ ഒരു നിയമത്തിന്റെ ആവശ്യകതയെപ്പറ്റിയും വായനക്കാരെ ബോധ്യമാക്കുന്നു. സത്യജ്വാലയിലെ വായനക്കാർ സ്വീകരിച്ച എല്ലാ ലേഖകരെയും എടുത്തുപറയണമെന്നുണ്ട്. വാസ്തവത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടതു സത്യജ്വാലയ്ക്ക് ജീവനും ഭക്ഷണവും നൽകിയ ഇതിലെ ഓരോ വായനക്കാരെയും എഴുത്തുകാരെയുമാണ്. 

ശ്രീ ജോർജ് മൂലേച്ചാലിന്റെ പ്രൗഢഗംഭീര്യവും ഹൃദ്യവും വ്യത്യസ്ത വിഷയങ്ങളിലുമുള്ള എഡിറ്റോറിയലുകൾ സത്യജ്വാലയിലെ ഓരോ പതിപ്പുകളിലും അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഓരോ ലേഖനവും കേരളത്തിലെ ഏതു സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെക്കാൾ മികവുറ്റതുമാണ്. സഭയെയും പൗരാഹിത്യത്തെയും വിമർശിക്കുന്ന കാരണം സാഹിത്യ ലോകത്തുനിന്നും അർഹമായ അങ്ങനെയൊരു അംഗീകാരത്തിനായി അദ്ദേഹത്തിനു ഇനിയും കാത്തിരിക്കണം. പാകതയും പക്വതയും നിറഞ്ഞ ഒരു വ്യക്തിത്വം ജോർജിനുണ്ട്. അദ്ദേഹം സത്യജ്വാലയിലെഴുതുന്ന മിക്ക ലേഖനങ്ങളിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചിരിക്കുന്നതും കാര്യകാരണ സഹിതം സഭയോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നതും കാണാം. അവതരിപ്പിക്കുന്ന വിഷയങ്ങളിൽ പുരോഹിതലോകം അഭിപ്രായങ്ങൾ പറയാതെ നിശബ്ദരായിരിക്കുന്നത് അവർക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ്. ജീർണ്ണിച്ച സഭയെ നന്നാക്കുക എളുപ്പമല്ലെന്ന് പുരോഹിതർക്കും അറിയാം. അതിനുള്ള അവരുടെ തന്ത്രം ബുദ്ധിജീവികളുടെ നാവടപ്പിക്കുകയെന്നതാണ്. ജോർജിന്റെ ഈടുറ്റ ലേഖനങ്ങൾ സഭയെ സംബന്ധിച്ചുള്ള വിഷയങ്ങളുടെ ആധികാരികതയേയും വ്യക്തമാക്കുന്നു. ഞാറക്കൽ സംഭവത്തിൽ പള്ളി കളിച്ച കളികളൊന്നും മറക്കാൻ പറ്റില്ല. ദളിതന്റെ ശവത്തെ കുത്താൻ ഇനിമേൽ കോടതി അനുവദിക്കില്ല. ഇതിനോടകം പല കോടതി വിധികൾ അനുകൂലമായി വന്നതും അല്മായ മുന്നേറ്റത്തിന്റെ നേട്ടങ്ങളായിരുന്നു. അവരോടൊപ്പം പൊരുതാൻ ജോർജും സത്യജ്വാലയും എന്നുമുണ്ടായിരുന്നു.   

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കേരള സഭയിലും ആഗോള സഭയിലും മാറ്റങ്ങൾ വളരെയേറെ സംഭവിച്ചിട്ടുണ്ട്. യാഥാസ്ഥിതികനായ ബെനഡിക്റ്റ് മാർപ്പാപ്പാ സ്ഥാനത്യാഗം ചെയ്തതും സഭയിൽ വിപ്ലവ കൊടുങ്കാറ്റ് വാഗ്ദാനം ചെയ്ത ഫ്രാൻസീസ് മാർപ്പാപ്പ പത്രോസിന്റെ സിംഹാസനത്തിൽ സ്ഥാനാരോഹിതനായതും ഈ കാലഘട്ടത്തിലായിരുന്നു. ആഗോള സഭയിലെ പുരോഹിത ലൈംഗിക പീഡനങ്ങളുടെയും പ്രകൃതി വിരുദ്ധതയുടെയും വെളിച്ചത്തിൽ അതിനു ബലിയാടായവർക്ക് ബില്യൺ കണക്കിന് ഡോളറായിരുന്നു സഭയ്ക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്. പാപ്പരായിക്കൊണ്ടിരുന്ന ഒരു സഭയെ പിടിച്ചു നിർത്താൻ ബെനഡിക്റ്റ് മാർപ്പാപ്പാ പരാജയപ്പെട്ടിരുന്നതുകൊണ്ടാണ് അദ്ദേഹം രാജിവെക്കാൻ കാരണമെന്നും പറയുന്നു. കേരളത്തിലെ മാധ്യമങ്ങൾ പറയാൻ മടിച്ചിരുന്ന ഇത്തരം ചൂടുള്ള വാർത്തകൾ യഥാസമയം സത്യജ്വാല പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. പള്ളിയോടും പട്ടക്കാരോടും ചുറ്റിപ്പറ്റിയിരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്തരം വൈകാരികമായ വാർത്തകൾ പ്രസിദ്ധികരിച്ചാൽ അവരുടെ നിലനില്പിനും പ്രശ്നങ്ങൾ വരും. അടുത്തയിടെ ക്രിസ്തുവിന്റെ സ്ഥാനത്ത് മാറിടം കാണിച്ചുകൊണ്ടുള്ള ഒരു സ്ത്രീയുടെയും ശിക്ഷ്യഗണങ്ങളുടെയും അന്ത്യത്താഴത്തിന്റെ പടം മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. വാസ്തവത്തിൽ ആ ചിത്രം ഏതോ കലാകാരൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ വരച്ചതായിരുന്നു. ക്രൈസ്തവ ലോകം മുഴുവൻ അതിനെതിരെ പ്രതികരിച്ചിരിക്കുന്നത് മനോരമയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സത്യജ്വാലയെ സംബന്ധിച്ച് സ്വതന്ത്ര പത്രമെന്ന നിലയിൽ ആശയ സമരങ്ങൾ നടത്തുന്നതുകൊണ്ടു ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. ധീരമായിതന്നെ അതിലെ പ്രവർത്തകർ പത്രധർമ്മമെന്ന ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു.      

സഭ ദൈവികമെന്നും സഭയെ വിമർശിക്കരുതെന്നുമാണ് ക്രൈസ്തവ സഭകൾ ഒന്നാകെ പഠിപ്പിക്കുന്നത്.  പോരാഞ്ഞു പാപ്പായ്ക്ക് തെറ്റാവരമുണ്ടെന്നും സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവെന്നുമാണ് സഭാ നേതൃത്വം അല്മായരെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരം ബാലിശമായ വിശ്വസങ്ങൾ സഭയുടെ കഴിഞ്ഞ കാലഘട്ടങ്ങളിൽ ചെലവാകുമായിരുന്നു. പഴയ കാലങ്ങളിൽ കൃഷിയും തൂമ്പായുമായി നടന്നിരുന്ന കേരളത്തിലെ സീറോ മലബാർ ജനത പൊതുവെ വിദ്യാഭ്യാസം കുറവുള്ളവരായിരുന്നു. നിഷ്കളങ്കരും മണ്ണിനോട് പടവെട്ടിയും ജീവിച്ചിരുന്ന അവർ പുരോഹിതർ എന്തുപറഞ്ഞാലും ശരിയെന്നു വിശ്വസിക്കുമായിരുന്നു. അന്ധവിശ്വാസങ്ങൾ പുരോഹിത വർഗം അവരുടെയും അവരുടെ കുഞ്ഞുങ്ങളുടെമേലും അടിച്ചേൽപ്പിച്ചിട്ടുണ്ടായിരുന്നു. വളരുന്ന തലമുറകളെ ബൗദ്ധികമായി മസ്‌തിഷ്‌ക്ക പ്രഷാളനം ചെയ്തിരുന്നു. ഇടവകയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിനു തീർപ്പു കല്പിക്കുന്നതും ഇടവക വികാരി. അയാൾക്ക് മജിസ്‌ട്രേറ്റിനു തുല്യമായ പദവികളുണ്ടെന്നായിരുന്നു ജനം തെറ്റിദ്ധരിച്ചിരുന്നത്. ആ പാരമ്പര്യം നൂറ്റാണ്ടുകളായി മാറ്റങ്ങളില്ലാതെ തുടർന്നു കൊണ്ടിരുന്നു. പക്ഷെ കാലം മാറിയ കാര്യം പൗരാഹിത്യം ചിന്തിക്കുന്നില്ല. പുരോഹിതരെക്കാളും മെച്ചമുള്ള പുത്തനായ തലമുറകൾ ബൗദ്ധിക ലോകം കീഴടക്കിയത് അവർക്കൊരു വെല്ലുവിളിയായിരുന്നു. എങ്കിലും അധികാരത്തിന്റെ കടിഞ്ഞാൺ പുരോഹിതരുടെ കൈകളിൽത്തന്നെയുള്ളതുകൊണ്ട് അവർ ഇന്നും സമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ചൂഷകർക്കെതിരായ ഒരു പരിചയായി സത്യജ്വാല പടപൊരുതുന്നതിന്റെ ഫലങ്ങൾ കാണാനും തുടങ്ങിയിട്ടുണ്ട്. കാലത്തിനനുയോജ്യമായി പുരോഗമനം ആഗ്രഹിക്കുന്ന പുരോഹിതർക്ക് ഈ മാഗസിൻ ഒരു വഴികാട്ടിയുമാണ്. പഴഞ്ചൻ കാനോനിക നിയമങ്ങൾ നമ്മെ പ്രാകൃത യുഗത്തിലേക്ക് നയിക്കുമെന്നും മനസിലാക്കണം.  

പാരമ്പര്യത്തിൽനിന്നും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ പുരോഹിത ലോകം അല്മായരെ എക്കാലവും അടിമപ്പാളയത്തിൽ തള്ളാനാഗ്രഹിക്കുന്നു. അതിനുദാഹരണമാണ് ഇടുക്കിയിലെ ബിഷപ്പായ ആനിക്കുഴിക്കാട്ടിലെ ചില പ്രസ്താവനകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഒരുവൻ വിദ്യ നേടുന്നതിലും പ്രധാനം വിവാഹം കഴിക്കുകയെന്നുള്ളതാണ്. നിയന്ത്രണമില്ലാതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും ബിഷപ്പ് ഇടയലേഖനമിറക്കിയിരുന്നു. ഒരുവന്റെ 'കുടുംബം' എന്ന മൗലികാവകാശത്തിനെതിരായ ഇടയലേഖനം കേരള സുറിയാനിസഭയുടെ പൊതു അജണ്ടായിലുള്ളതാണ്. കർദ്ദിനാൾ ആലഞ്ചേരി ഇക്കാര്യം അനേക തവണകൾ ആവർത്തിച്ചിട്ടുണ്ടായിരുന്നു. അതിനു മറ്റു മെത്രാന്മാർ ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെ ബലിയാടാക്കിയെന്നു മാത്രം. സഭയെന്നും ദരിദ്രരെ സൃഷ്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ദരിദ്രരുണ്ടെങ്കിലേ സഭ വളരുകയുള്ളൂ. ദരിദ്രരില്ലാത്ത ഒരു ലോകം വന്നാൽ ഇവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വിദേശസഹായം നിലയ്ക്കും. അനാഥാലയങ്ങളുടെ  പ്രവർത്തനങ്ങളില്ലാതെയാകും. ഭക്ഷണവും പാർപ്പിടവുമില്ലാതെ കുട്ടികൾ തെരുവുകളിൽ അലഞ്ഞുനടന്നാലും ഇവർക്കതൊരു പ്രശ്നമല്ല. ഇങ്ങനെ അജ്ഞതയിലേയ്ക്ക് നയിക്കുന്ന സഭയെ മനസിലാക്കാൻ സത്യജ്വാലപോലുള്ള പത്രമാധ്യമങ്ങൾ ഇനിയും പൊരുതേണ്ടിയിരിക്കുന്നു. പുരോഹിതരുടെ സോഷ്യൽ മീഡിയാകളിള്ള പരിജ്ഞാനക്കുറവും സഭയുടെ മാറ്റങ്ങൾക്ക് തടസമാകുന്നു. 

ഒരു കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി മാതാപിതാക്കളും മുതിർന്ന മക്കളും തമ്മിൽ പരസ്പരം ചർച്ചകൾ ചെയ്യാറുണ്ട്. കുടുംബപ്രശ്നങ്ങൾ ആരോഗ്യപരമായി പരിഹരിക്കാറുമുണ്ട്. സഭയെന്നു പറയുന്നത് ദൈവമക്കളുടെ വലിയ കുടുംബമായിട്ടാണ് കരുതുന്നത്. പക്ഷെ സഭയ്ക്ക് ഒരു വിമർശനവും സ്വീകരിക്കാൻ സാധിക്കില്ല. അതിലെ വികാരിയും മെത്രാനും പറയുന്നത് ദൈവവാക്യമായി കരുതണമെന്നു സഭാധികാരികൾ ആഗ്രഹിക്കുന്നു.  സഭാ മക്കളെ ചൂഷണം ചെയ്തുകൊണ്ട് ആഡംബരത്തിൽ ജീവിക്കുന്ന കാഴ്ചകളാണ് ഇന്ന് ആകമാന സഭകളിൽ കാണുന്നത്. അവരെന്തു പറഞ്ഞാലും സഭാമക്കൾ വായും പൊത്തി ശ്രവിച്ചുകൊള്ളണം. എന്നാൽ സൈബർ ലോകത്തിന്റെ വളർച്ചയുടെയും അത്മായാശബ്ദം ബ്ലോഗുകളുടെയും സത്യജ്വാല മാസികയുടെയും ആവിർഭാവത്തോടെ മെത്രാനും പുരോഹിതരും സമൂഹത്തിന്റെ ഇത്തിക്കണ്ണികളെന്നും ചൂഷകരെന്നും സാമാന്യജനം മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. തലമുറകളായി വിശ്വാസികളിൽ നിന്നും സ്വരൂപിച്ച സഭാസ്വത്തുക്കളുടെ മേലുള്ള പുരോഹിതരുടെ പരമാധികാരം നഷ്ടപ്പെടുമോയെന്ന തോന്നലും അവരെ പരവശരാക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യജ്വാലയെ അഭിഷിക്തർക്ക് രുചിക്കാൻ സാധിക്കാതെ പോവുന്നത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സഭാമക്കൾ മുമ്പോട്ട് വരുന്നില്ലെങ്കിൽ സഭയുടെ ആത്മീയത വീണ്ടെടുക്കാൻ സാധിക്കുന്നതെങ്ങനെയെന്നും ചിന്തിക്കണം. തെറ്റിനെ തെറ്റായി കാണാൻ കഴിയാതെ അന്ധത പിടിച്ച പുരോഹിത ലോകം ലോകമാകമാനമുള്ള സഭാവിശ്വാസികളെ അന്ധകാരത്തിൽ നയിക്കാനാണ് ശ്രമിക്കുന്നത്. അഭിഷിക്തലോകത്തിന്റെ കുഞ്ഞാടുകളോടുള്ള പെരുമാറ്റം അൽപ്പനർത്ഥം കിട്ടിയതുപോലെയാണ്. നട്ടുച്ചക്കും ഇവരെ മുത്തുക്കുടകളും വെടിക്കെട്ടും ചെണ്ടകൊട്ടുകളുമായി എഴുന്നള്ളിപ്പിച്ചു നടത്തുന്ന കാഴ്ച ബോധവും വിവരവുമുള്ള ഒരു പരിഷ്കൃത ലോകത്തിന് അപമാനകരമാണ്. അത്തരം വൈകൃതങ്ങളായ ആചാരങ്ങൾ സത്യജ്വാല പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാണിച്ചാലും പുച്ഛത്തോടെയേ പുരോഹിത ലോകം ചെവികൊള്ളുകയുള്ളൂ. അഭിഷിക്തരുടെ തിമിരം നിറഞ്ഞ കാഴ്ചപ്പാടിനെ ഇല്ലാതാക്കി അവരെ നേരായ വഴിയേ നയിക്കാനായി ഒരു സർജിക്കൽ മാറ്റം ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളോളം അതിനായി സത്യജ്വാല ശബ്ദം മുഴക്കിയെന്നുള്ളതും ഇവിടെ പ്രസ്താവ്യമാണ്.

സത്യജ്വാലയിൽ അവതരിപ്പിക്കുന്ന പ്രശ്നങ്ങൾക്കുത്തരം നൽകാനും പ്രതികരിക്കാനും ഒറ്റയൊരു പുരോഹിതനും മുമ്പോട്ട് വരുന്നതു കണ്ടിട്ടില്ല. അതിലെ ഓരോ ലേഖനങ്ങളും സത്യങ്ങളാണെന്നു പുരോഹിതർക്കറിയാം. അവരുടെ സ്ഥാപനങ്ങളിലുള്ള കോഴയും കള്ളത്തരവും അഴിമതികളും തുടരേണ്ടതുകൊണ്ട് ഇങ്ങനെയുള്ള ഒരു മാസികയെ സ്വീകരിക്കാനും കഴിയില്ല. പഴയകാലങ്ങളിൽ പുരോഹിത ലോകത്തുള്ള ഭൂരിഭാഗം പേരും മാതാപിതാക്കളുടെ നേർച്ചക്കോഴികളായി സേവനമാരംഭിച്ചവരായിരുന്നു. അക്കാലങ്ങളിൽ പുരോഹിതർക്ക് അമിതമായ ബഹുമാനവും വിശ്വാസികളിൽനിന്നു ലഭിച്ചിരുന്നു. അതുമൂലം അറിവും പാകതയുമില്ലാത്ത പഴയ തലമുറകളെ ചൂഷണം ചെയ്യാനും തുടങ്ങി. പള്ളിപ്പണിക്കെന്നു പറഞ്ഞാൽ പഴയ കാരണവന്മാർ പുരയിടങ്ങൾ പോലും വിൽക്കാൻ തയ്യാറായിരുന്നു. കൃഷിയിടങ്ങൾ പണയംവെപ്പിച്ചും ദരിദ്രന്റെ കന്നുകാലികളെയും ആടുമാടുകളെവരെയും വില്പ്പിച്ചും പുരോഹിതവർഗം പള്ളിമേടകളും കത്തീഡ്രലുകളും അളവില്ലാത്ത ഭൂസ്വത്തുമുണ്ടാക്കി. കൊട്ടാരസദൃശ്യമായ അരമനകളും പണിതു. അതുമൂലം സഭ കൊഴുത്തു. ദരിദ്രൻ കൂടുതൽ ദരിദ്രനായി. കൃഷിപാടങ്ങളും പുരയിടങ്ങളും സഭയുടെ അധീനതയിലുമായി. സഭ സ്വരൂപിച്ച സ്വത്തുക്കൾ ചോദ്യം ചെയ്യാൻ പോലും അതുണ്ടാക്കികൊടുത്ത സഭാമക്കൾക്ക് അവകാശമില്ല. ഹിന്ദു, മുസ്ലിം സ്ഥാവരസ്വത്തുക്കളിൽ സർക്കാരിന് നിയന്ത്രണമുള്ളപ്പോൾ ക്രിസ്ത്യൻ സ്വത്തുക്കളുടെ മേൽ സഭാധികാരികൾക്കു മാത്രമേ മേല്‍നോട്ടം വഹിക്കാൻ സാധിക്കുള്ളൂ. സത്യജ്വാലയിലെ ബൗദ്ധികതലങ്ങളിലുള്ള എഴുത്തുകാർ ഈ വിഷയങ്ങളെ സംബന്ധിച്ച് പലപ്പോഴായി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പരേതനായ ജസ്റ്റീസ് കൃഷ്ണയ്യരുടെ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള സർക്കാരിലവതരിപ്പിച്ച ബില്ലുകൾ നാളിതുവരെയായി പരിഗണനയിൽപ്പോലും എടുത്തിട്ടില്ല. ക്രിസ്ത്യാനികൾക്കു മാത്രമായ സഭാസ്വത്തുക്കളുടെ നിയന്ത്രണത്തിലുള്ള നിയമവിവേചനത്തിൽ സത്യജ്വാലയുടെ പോരാട്ടം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. 

കഴിഞ്ഞ അഞ്ചുകൊല്ലങ്ങളും പുരോഹിതരുടെ കപട വേഷങ്ങളുടെ ഒന്നൊന്നായുളള കെട്ടുകളഴിക്കാൻ സത്യജ്വാലയ്ക്ക് സാധിച്ചിട്ടുണ്ട്. ഫേസ് ബുക്ക് നിറയെ ഇന്ന് ഇവർക്കെതിരെ വലിയൊരു ജനസമൂഹം പ്രതികരിക്കുന്നതും കാണാം. ഒരു മെത്രാന് വിഡ്ഢിത്തരം നിറഞ്ഞ ഇടയലേഖനംപോലും പള്ളികളിലവതരിപ്പിക്കാൻ പേടിയായി തുടങ്ങിയിരിക്കുന്നു. ദളിതന്റെ ശവം മറവു ചെയ്യാൻ വിസമ്മതിച്ച പുരോഹിതനും മോനിക്കായുടെ വസ്തുവകകൾ തട്ടിയെടുത്ത ബിഷപ്പും, തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയും അതിനു കാരണക്കാരായ കോതമംഗലം രൂപതയും ബിഷപ്പും കൊവേന്തക്കാരുടെ പള്ളികൾ തട്ടിയെടുക്കുന്ന തൃശൂർ ബിഷപ്പ് ആൻഡ്രുസ് താഴത്തും ജ്വാലിയൻവാലാ വിപ്ലവം മലയോരത്തുണ്ടാക്കുമെന്നു പ്രഖ്യാപിച്ച ബിഷപ്പും ഓരോ കാലത്ത് സത്യജ്വാലയുടെ ചൂടുള്ള വാർത്തകളിലുണ്ടായിരുന്നു. കൊക്കനും എഡ്വിനും പുതൃക്കയും തോമസ് കോട്ടൂരും സെഫിയും വാർത്തകളിൽ അതാതുകാലങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഇവരിൽ ആർക്കാണ് 'മാൻ ഓഫ് ദി ഇയർ' അവാർഡ് നൽകേണ്ടതെന്ന് വായനക്കാരാണ് നിശ്ചയിക്കേണ്ടത്.ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ച  'അനിത'യെന്ന യുവ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് മഠത്തിൽനിന്നു പുറത്താക്കിയപ്പോൾ അവർക്കു നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നതും അങ്ങനെ സഭയിൽ മാറ്റത്തിന്റേതായ കാറ്റു വീശുന്നുവെന്നുള്ളതും ആശ്വാസകരമാണ്. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ പുരോഹിതൻ ഇന്നും സഭയിൽ മാന്യനായി നടക്കുന്നു. അത്തരം സാംസ്‌കാരികമായി അധഃപതിച്ച പുരോഹിത പുംഗവന്മാരെ താലോലിക്കാൻ ഫാദർ തേലെക്കാടനെപ്പോലുള്ളവർ സഭയുടെ തലപ്പത്തുണ്ട്.

പാറകൾ പൊട്ടിച്ചും വനങ്ങൾ നശിപ്പിച്ചും മലകളിടിച്ചും കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതും മണൽ വാരിയും ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിച്ചും മലയോരങ്ങളിൽ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രകൃതി നശീകരണങ്ങളെപ്പറ്റി പ്രതികരിച്ചുകൊണ്ടുള്ള ലേഖനങ്ങളും സത്യജ്വാല പ്രസിദ്ധീകരിച്ചിരുന്നു. നന്മയുടെ പ്രതീകങ്ങളായ നല്ല പുരോഹിതരും സത്യജ്വാലയുടെ പേജുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 'കിഡ്‌നി' ദാനം ചെയ്ത ബിഷപ്പ് മുരിക്കനെയും ഫാദർ ചിറമേലിനേയും   ആദരിച്ചുകൊണ്ടുള്ള ലേഖനങ്ങളുമുണ്ടായിരുന്നു. സമൂഹത്തിൽ അധഃകൃതരായ ദളിത കൃസ്ത്യാനികളുടെ പ്രശ്നങ്ങളും ദളിത ബിഷപ്പിനെ തട്ടിക്കൊണ്ടു പോയപ്പോഴുള്ള സഭയുടെ മൗനവും ക്നനായക്കാരുടെ ശുദ്ധരക്ത വാദമെന്ന അസംബന്ധവും സംബന്ധിച്ചുള്ള വാർത്തകൾ വളരെയധികം ഗൗരവത്തോടെയാണ് ഈ മാസിക കൈകാര്യം ചെയ്തത്. 

ക്രിസ്തുവിന്റെ കാലം മുതൽ അന്ന് കൂട്ടായ്മയായിരുന്ന സഭയിലും പരസ്പ്പരം വിമർശനങ്ങൾ അനുവദിച്ചിരുന്നു. യേശുനാഥൻ ജീവിച്ചിരുന്നപ്പോഴും അപ്പോസ്തോലന്മാർക്കെതിരെയും സ്വന്തം ജനത്തിൽനിന്നും പുറം ജാതികളിൽ നിന്നും വിമർശനങ്ങൾ സാധാരണമായിരുന്നു. അപ്പോസ്തോല പദവിയില്ലാഞ്ഞ 'പോൾ'പോലും യഹൂദ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന പീറ്ററിനെ ശകാരിക്കുന്നതായി പുതിയ നിയമത്തിൽ വായിക്കാം. സുവിശേഷപ്രകാരം ജീവിക്കാത്ത പുരോഹിതരെ വിമർശിക്കാൻ സഭാമക്കൾക്ക് അധികാരമുണ്ട്. പീറ്റർ1, നാലാം അദ്ധ്യായം പതിനേഴാം വാക്യം പറയുന്നു, 'ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (1 Pet 4:17). ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്ത പൗരാഹിത്യത്തോടുള്ള ചോദ്യമാണിത്. ഓരോ കാലഘട്ടത്തിലും പ്രവാചകർ അവരുടെ പട്ടണത്തിലുള്ള ജനങ്ങൾക്കെതിരെയും രാഷ്ട്രത്തിനെതിരെയും മതത്തിനെതിരെയും വിമർശിക്കുന്നുണ്ടായിരുന്നു. ഇസ്രായിലിലെ അവിശ്വാസികളെപ്പോലെ ജീവിക്കരുതെന്നു ബോധ്യപ്പെടുത്താനായിരുന്നു പ്രവാചക ശ്രമം. അതേ ജോലികൾ മാത്രമേ പ്രവാചക ശബ്ദമായി സത്യജ്വാലയിലും പ്രതിഫലിക്കുന്നുള്ളു.

യേശുവിന്റെ വചനങ്ങളെ ധിക്കരിക്കുന്ന ഒരു പൗരാഹിത്യത്തെ വെറുക്കുന്ന കാലഘട്ടത്തിൽ സഭയുടെ നന്മയെ ഉത്തേജിപ്പിക്കാനാണ് സത്യജ്വാല ശ്രമിക്കുന്നത്. പക്ഷെ അതുൾക്കൊള്ളാൻ പൗരാഹിത്യത്തിനും അതിലെ അഭിഷിക്തർക്കും സാധിക്കാത്തത് അവർ യേശു പഠിപ്പിച്ച തത്ത്വങ്ങളിൽനിന്നും വളരെയധികം അകന്നു പോയതുകൊണ്ടാണ്. അവർ ദൈവത്തെ അറിയാത്തതുകൊണ്ടും തെറ്റായ വിശ്വാസപ്രമാണങ്ങൾ സഭാമക്കളെ പഠിപ്പിക്കുന്നതുകൊണ്ടുമാണ്. സത്യമെന്തെന്നു തിരിച്ചറിയാൻ അവർക്കൊട്ടു സാധിക്കുന്നുമില്ല. സത്യജ്വാല പോലുള്ള പത്രമാധ്യമങ്ങൾ അവരെ ഉപദേശിച്ചാൽ വ്യക്തി വൈരാഗ്യമായി കരുതുകയും ചെയ്യും. എങ്കിലും സത്യജ്വാല പ്രകാശിപ്പിച്ച ആശയങ്ങൾ ഇന്ന് ആഗോളവൽക്കരണമായതും സഭയെ ഭയപ്പെടുത്തുന്നുണ്ട്.

സഭയെ വിമർശിച്ചാൽ സഭാ പൗരന്മാരുടെയിടയിലെ ഐക്യം തകരുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അത് സത്യമല്ല. സഭയിൽ അത് ഐക്യമത്യം ഉണ്ടാവുകയേയുള്ളൂ. വിമർശനങ്ങൾ ശത്രുതാ മനോഭാവത്തിലെങ്കിൽ ഐക്യമത്യത്തിനു കോട്ടം വരാം. സ്നേഹത്തോടെയും പരസ്പരധാരണയോടെയുമുള്ള ക്രിയാത്മക വിമർശനങ്ങൾ സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. സഭയ്ക്കുള്ളിൽ വിമർശനങ്ങളില്ലാതെ 'അതെ അതെ' എന്നു  പറയുന്ന സമൂഹം മാത്രമാണുള്ളതെങ്കിൽ  അവരുടെ ഐക്യമെന്നു പറയുന്നത് വെറും വ്യാജമെന്ന് മാത്രമേ പറയാൻ സാധിക്കുള്ളൂ. അത്തരം ഐക്യം ആരെയോ ഭയപ്പെട്ടിട്ടുള്ളതായിരിക്കാം. പരസ്പര വിരുദ്ധങ്ങളായ ആശയപ്രമേയങ്ങളോടെയുള്ള ഐക്യം സഭയ്ക്ക് ഗുണമേ ചെയ്യുകയുള്ളൂ. അക്കാര്യത്തിൽ സത്യജ്വാല തുറന്നു തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സഭയ്ക്ക് എന്നും താക്കീതു കൊടുക്കുന്നുണ്ടായിരുന്നു. പുറമേയുള്ള ചിരിയും പുരോഹിതരെ കാണുമ്പോൾ കൈ കൂപ്പലും മുത്തലും കൈകൊടുക്കലും സഭയുടെ വളർച്ചക്കോ ഐക്യമത്യത്തിനോ സഹായകമല്ല. അതെല്ലാം സഭാഭക്തരുടെ ഭയത്തിൽനിന്നുദിച്ചു വരുന്ന വെറും കോമാളിത്തരങ്ങളാണ്.

മാർട്ടിൻ ലൂതർ,  സഭയുടെ നവോധ്വാന കാലങ്ങൾ ആരംഭിച്ചത് വലിയ വിമർശനങ്ങളിൽക്കൂടിയായിരുന്നു. ഇന്ന് സഭയ്ക്ക് മറ്റൊരു നവോധ്വാന മുന്നേറ്റം ആവശ്യമാണ്. ഇന്നു കാണുന്ന സഭപോലെയായിരിക്കില്ല അമ്പത് കൊല്ലങ്ങൾക്കുശേഷമുള്ള സഭ. ശാസ്ത്രത്തിന്റെയും ടെക്കനോളജിയുടെയും വളർച്ചമൂലം ബൗദ്ധികമായും ഓരോരുത്തരും വളർന്നു കഴിഞ്ഞു. എങ്കിലും ശാസ്ത്രവും ടെക്കനോളജികളും പുരോഗമിച്ചിട്ടും പുരോഹിത വർഗം മാത്രം വളർന്നിട്ടില്ല. സഭയെ നവീകരിക്കാൻ തടസമായിരിക്കുന്നത് പുരോഹിതരുടെ പഴഞ്ചനായ ആശയങ്ങൾ തന്നെയാണ്. മാറ്റങ്ങൾ കൂടിയേ തീരൂ. അതിനായി പുരോഹിതരും മെത്രാന്മാരും സത്യജ്വാല വായിക്കുന്ന സ്വഭാവം രൂപീകരിക്കണം. അവർക്കുപകാരപ്രദങ്ങളായ  അനേക ലേഖനങ്ങൾ സത്യജ്വാലയിൽ വരുന്ന വിവരം അവരറിയുന്നില്ല.  ബൗദ്ധിക ലോകത്തിൽ ഒരു മുന്നേറ്റമാണ് ഇന്നത്തെ പുരോഹിതർക്ക് ആവശ്യമായിട്ടുള്ളത്. ആഗോള സഭയെ തുലനം ചെയ്യുമ്പോൾ അജ്ഞത മുഴുവൻ നിറഞ്ഞിരിക്കുന്നത് കേരളസഭകളിൽ മാത്രമെന്നും കാണാം. അന്ധമായി വിശ്വസിക്കുന്ന പൗരാഹിത്യത്തിന്റെ കണ്ണുകൾകൊണ്ട് സഭയുടെ നവീകരണം കാണാൻ സാധിക്കില്ല. അതുകൊണ്ടാണ് സഭാപ്രവർത്തനങ്ങളിൽ അല്മായന്റെ പങ്കു കാലത്തിനനുയോജ്യമായി ആവശ്യമായി വരുന്നതും. ശക്തമായ ഒരു അല്മായ മുന്നേറ്റത്തിനു സത്യജ്വാല മാസിക കാരണവുമാകുന്നുണ്ട്.

അല്മായ ശബ്ദത്തിലെയോ സത്യജ്വാലയിലെയോ പ്രവർത്തകർക്കാർക്കും സഭയെ തകർക്കണമെന്നുള്ള ഉദ്ദേശ്യം ഇല്ല. എന്നാൽ സഭ യേശുവിന്റേതായിരിക്കണമെന്നുള്ള ആഗ്രഹവുമുണ്ട്. ആർക്കും സഭയോട് വെറുപ്പോ ദേഷ്യമോയില്ല. സഭയെന്നു പറയുന്നത് ക്രിസ്തുവിന്റെ മണവാട്ടിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടു യേശുവിനെ സ്നേഹിക്കുന്നവർ സഭയെയും സ്നേഹിക്കും. യേശുവിന്റെ താല്പര്യങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതെങ്ങനെയെന്നു സത്യജ്വാലയിലെ ഓരോ താളുകളും വിളിച്ചുപറയുന്നുണ്ട്. ആരെങ്കിലും സഭയെ ദർശിക്കുന്നുവെങ്കിൽ അത് യേശുവിനെ കാണുന്നപോലെയാകണമെന്നാണ് സത്യജ്വാല ഇച്ഛിക്കുന്നത്. പക്ഷെ കേരളത്തിലെ ഉൾനാടുമുതൽ ആഗോളതലം വരെ ചിന്തിക്കുകയാണെങ്കിൽ സഭയെന്നും  യേശുവിനെതിരായി പ്രവർത്തിച്ചിരുന്നുവെന്നു കാണാൻ സാധിക്കും. എല്ലാവർക്കും യേശുവിനെ സ്നേഹമുണ്ട്. പക്ഷെ ആരും അവിടുത്തെ കാണുന്നില്ല. ആരും അനുഗമിക്കുന്നുമില്ല. മനുഷ്യരുടെ ഹൃദയങ്ങളിൽ യേശുവും സഭയുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്നതും സത്യജ്വാലയുടെ ലക്ഷ്യമാണ്. അതിനു പള്ളികളിൽ അല്മായ സംഘടനകൾ ഉണ്ടല്ലോയെന്ന ചോദ്യങ്ങളും വരാം. പള്ളി സംഘടനകൾ എക്കാലവും പുരോഹിതന്റെ താല്പര്യങ്ങൾക്കേ വിലകല്പിക്കാറുള്ളൂ. പുരോഹിതനെ അല്മായന്റെ ജീവിതത്തിൽ നിന്നും പരിപൂർണ്ണമായി അടർത്തിയെടുക്കണമെന്നാണ് തീവ്രവാദികളായ നവീകരണ ചിന്താഗതിക്കാർ ആലോചിക്കുന്നത്. മതിയാവോളം അവർ സഭയെ ഉപദ്രവിച്ചു. ഒരു വിമോചന മുന്നണിയാണ് സഭയ്ക്ക് ഇന്നാവശ്യമായിട്ടുള്ളത്. അവിടെയാണ് സത്യജ്വാലയുടെ പ്രസക്തി നിലകൊള്ളുന്നതും. ജ്വലിക്കുന്ന ദീപമായി ഭാരതസഭകൾക്ക് വഴികാട്ടിയായി എന്നുമെന്നും പ്രശോഭിക്കാൻ സത്യജ്വാലയ്ക്ക് സർവ്വവിധ വിജയാശംസകളും നേരുന്നു.





Thursday, December 15, 2016

കൃഷ്ണനും ക്രിസ്തുവും വസുധൈവ കുടുംബകവും





ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീകൃഷ്ണനെ അവതാരങ്ങളിൽ പൂർണ്ണാവതാരമായി കണക്കാക്കുന്നു. അതായത് സാക്ഷാൽ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ക്രിസ്തു ദാവീദിന്റെ ഗോത്രത്തിൽ പിറന്നവനും ത്രിത്വത്തിലെ പുത്രൻ തമ്പുരാനും മേരിയുടെ പുത്രനും ജോസഫിന്റെ സംരക്ഷണയിൽ വളർന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു. കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളിൽ ജീവിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താൻ സ്നേഹിക്കുന്നപോലെ അയൽക്കാരനെയും സ്നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാർഥന, ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകൾ ഗീതയിലും ബൈബിളിലുമുണ്ട്.  

ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ മക്കളെന്നുള്ള വസ്തുത  മറക്കരുതെന്നുള്ള ഫ്രാൻസീസ് മാർപ്പാപ്പായുടെ ആഗോള മതസമ്മേളന വേദിയിൽവെച്ചുള്ള ഒരു   പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവിൽക്കൂടി മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കുള്ളുവെന്നായിരുന്നു നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും കാണാം.

മാർപ്പാപ്പാ പറഞ്ഞു, 'പരോപകാരവും സാമൂഹിക സേവനവും അയൽക്കാരനെ സ്നേഹിക്കുകയുംവഴി ദൈവത്തിൽ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്.' നാം അങ്ങനെ പരിവർത്തനങ്ങളിൽക്കൂടി പുതിയ ഒരു തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യൻ കൊടുംയാതനകൾ അനുഭവിക്കുമെന്ന നരകമെന്ന സങ്കൽപ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്നേഹമായി യോജിക്കുന്നതല്ല. ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന ആത്മാക്കൾക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്. മാർപ്പാപ്പായുടെ ക്രൈസ്തവമൂല്യങ്ങളിൽക്കൂടിയുള്ള നൂതനമായ ചിന്താഗതികൾ ഹൈന്ദവ ദർശനത്തിന്റെ പകർപ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും ദൈവസ്നേഹത്തിന്റെ മുമ്പിൽ ഒന്നായി പരബ്രഹ്മത്തിൽ ലയിക്കുമെന്നാണ് ഹൈന്ദവ തത്ത്വങ്ങളും പറയുന്നത്‌.

മാർപ്പാപ്പാ പറയുന്നു, "എല്ലാ മതങ്ങളും സത്യമാണ്. കാരണം, പാവനമായ മനസുകളിൽ അവരുടെ വിശ്വാസം അവർ സംരക്ഷിക്കുന്നു. അവരുടെ വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവർ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂർവം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ഒരു സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേൽ ശിക്ഷിക്കുന്നില്ല." ' യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാർവരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും' മാർപ്പാപ്പാ പറഞ്ഞു.  

യേശുവിന്റെ കഥയും കൃഷ്‌ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും ദൈവികാത്മാവിനാൽ ജനിച്ചു. ബാവാ, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയിൽ ജനിച്ചപ്പോൾ  ശിവ, വിഷ്ണു, ബ്രഹ്മാവു ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണൻ ജനിച്ചു. ഇരുവരുടെയും പിതാവു ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാർ കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളിൽ അവരെ ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ ജനനത്തിൽ പരിഭ്രാന്തനായ 'കംസൻ' നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവർത്തി നാടാകെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്. ആത്മീയതലങ്ങളിൽ ഉണർവുണ്ടാകാൻ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ രണ്ടു മഹാത്മാക്കളും  അത്ഭുതങ്ങൾ കാണിക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താൻ ക്രിസ്തുവും കൃഷ്ണനും സമാനമായ തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു. കൃഷ്ണൻ വേടനാൽ കൊല്ലപ്പെടുമെന്നു മുൻകൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീർഘദർശികളുടെ ദർശനങ്ങളും ചിന്തനീയമാണ്. കന്നുകാലികളും ആട്ടിൻ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന സമയങ്ങളിൽ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.

മനസുനിറയെ പരവശനായിരുന്ന അർജുനൻ ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തിൽനിന്നും ഭീരുവിനെപ്പോലെ ദുർബലഹൃദയനായി പിന്തിരിയാൻ ശ്രമിച്ചപ്പോഴും തേരിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാൻ കൃഷ്‌ണൻ അർജുനനുവേണ്ട ആത്മബലം നൽകിക്കൊണ്ടിരുന്നു. ‘സർവ്വ ചരാചരങ്ങളെയും ഭഗവാൻ  കൃഷ്ണൻ സൃഷ്ടിച്ചുവെന്നു ഭഗവദ് ഗീതയിൽ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വർഗീയ മഹത്വത്തിൽ സർവ്വതും നിലനിർത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ സൃഷ്ടാവുമാണ്. സർവത്തിന്റെയും ഉറവിടവും അസ്‌തിത്വവും ഭഗവാൻ കൃഷ്ണനിൽ നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, "ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ ആരംഭവും അവസാനവും എന്നിൽനിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാൻ തന്നെയാകുന്നു. ഞാനില്ലെങ്കിൽ ഒന്നുമില്ല, ജീവനുമില്ല. സർവ്വതും നിത്യമായ നിർജീവമായ ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’

പുതിയനിയമത്തിൽ ജോണിന്റെ സുവിശേഷം  ഒന്നാം അദ്ധ്യായത്തിൽ പഠിപ്പിക്കുന്നു, ‘ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു." ആദിയും അന്തവും അവൻതന്നെ, സർവ്വതും അവൻ സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീർന്നു. നമ്മിൽ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദർശിക്കുന്നു. പിതാവിങ്കലും അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനിൽ സത്യവും കൃപയും  നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ   സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ യേശുവിൽ മുഴങ്ങി കേൾക്കുന്നു.' പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കൾക്കും മുന്നേ അവനുണ്ടായിരുന്നു.

ഭഗവദ് ഗീത പഠിപ്പിക്കുന്നതു  കൃഷ്ണ ഭക്തനായ ഒരുവൻ നിത്യജീവിതത്തിൽ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനിൽ വിശ്വസിക്കുന്നവർ നശിക്കുന്നില്ല. നിത്യമായ ജീവിതം അവർക്കുണ്ട്.  

എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ യുക്തിയെന്തായിരിക്കണം? 'സർവ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്' രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും  പറയുന്നു. അതേ, ഒരേ സൃഷ്ടാവ് അവൻ തന്നെയാണ്; അവൻതന്നെ 'സത്യവും ജീവനുമാകുന്നു.  നിത്യതയിലേക്കുള്ള വഴി അവൻ മാത്രമെന്നും പറയുന്നു. അവനിൽക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ. ഒന്നുകിൽ ഈ രണ്ടു മതങ്ങളിൽ ഏതെങ്കിലുമൊരു മതം വ്യാജനിർമ്മിതമോ തട്ടിപ്പോ കപടതയോ, ആയിരിക്കാം. അല്ലെങ്കിൽ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട് രണ്ടുകാലങ്ങളായി, രണ്ടു സംസ്‌കാരങ്ങളിൽ, ചരിത്രത്തിന്റെ ഏടുകളിൽ ലിഖിതമായതായിരിക്കാം.

ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്‌താൽ ഒന്നുതന്നെയെന്നു തോന്നിപ്പോവും. 'ക്രിസ്റ്റോസെന്ന' ഗ്രീക്ക് പദത്തിൽനിന്നാണ് 'ക്രൈസ്റ്റെന്ന' പദമുണ്ടായത്. 'കൃഷ്ണാ'യെന്ന സംസ്കൃതവാക്കിന്റെ ശബ്‌ദോല്‍പത്തിയിൽ നിന്നും ഗ്രീക്കുപദമായ 'ക്രിസ്റ്റോസെന്ന' വാക്കുണ്ടായതായി ഭാഷാപണ്ഡിതർ വിശ്വസിക്കുന്നു. 'ക്രിസ്റ്റാ ക്രിസ്റ്റാ'യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്. 'കൃഷ്ണാ'യെന്നു പറഞ്ഞാൽ സംസ്കൃതത്തിൽ ആകർഷണ ശക്തിയെന്നും അർത്ഥമുണ്ട്. നാം ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോൾ ഒരേ സത്യത്തിന്റെ വഴിയിൽക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന  പ്രാർഥന സത്യത്തിൽ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകൾ നിറഞ്ഞതുമാകാം.

എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കൾ പറയാറുണ്ട്. ഒന്ന് ഒന്നിനേക്കാൾ മെച്ചമെന്നു പറയാൻ ബൗദ്ധിക തലങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഹിന്ദു പറയാൻ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികൾ ഹൈന്ദവരുടെ ആ തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികൾ കാണുന്നത്. എല്ലാ മതങ്ങളെയും തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകൾ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങളായിരിക്കാം. എന്നാൽ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങൾ ഹിന്ദുമതത്തെ തുല്യമായി കാണാൻ ആഗ്രഹിക്കില്ല.

'മതങ്ങളെല്ലാം തുല്യമെന്ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു' ഹിന്ദു മതത്തിലുള്ളവർ പറയും. കൃസ്തുമതത്തെയും ഇസ്‌ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങൾ ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കൾ പറയും. വാസ്തവത്തിൽ ഹിന്ദു കുഞ്ഞുങ്ങൾ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങൾ ഹിന്ദുക്കളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങൾ പഠിപ്പിക്കാൻ മുതിർന്നാൽ തന്നെയും മറ്റുള്ള മതങ്ങൾക്ക് അത് വെറുപ്പ് ജനിപ്പിക്കാൻ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള മതങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.

ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്‌കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ് ഹിന്ദുക്കൾ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ  അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. ക്രൈസ്തവ മതങ്ങളിലെ പുരോഹിതർ മുഖാമുഖം ഹൈന്ദവ മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തിൽ ഹൈന്ദവർ ചേർന്നില്ലെങ്കിൽ അവർ നരകത്തിൽ പോവുമെന്നും പ്രചരണം നടത്തും. 'അവർ പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങൾ അവരോടു പറഞ്ഞിരുന്നു. അവർ കേൾക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവർ തെറ്റായ ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു. അവർക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.' അതേ സമയം ഹൈന്ദവ തത്ത്വങ്ങൾ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്. മതങ്ങൾ മനുഷ്യനെ നേരായ വഴിയിൽക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു. 'വസുധൈവ  കുടുംബകമെന്ന ' വേദതത്ത്വങ്ങളുൾക്കൊണ്ടു മതങ്ങളുടെ സാരാംശം കൈക്കൊള്ളാൻ ഹൈന്ദവർ സർവ്വമത സമ്മേളനങ്ങളിൽ പങ്കുകൊള്ളാറുണ്ട്. എല്ലാ മതങ്ങൾക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങൾ പരസ്പര സ്പർത്തയോടെ പ്രവർത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളിൽ അവൻ ക്രിസ്ത്യാനി, മുസ്ലിം അല്ലെങ്കിൽ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ പുരോഹിതർ പഠിപ്പിക്കുന്നത്.

ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും  ഭാവനയിലുള്ള ദൈവത്തെ പൂജിക്കാൻ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു മുദ്രകുത്തി അവനെ വെറുപ്പിക്കാൻ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട കൂടുന്നവർ മതപരിവർത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദൻ പറഞ്ഞതുപോലെ 'ഒരുവൻ മറ്റൊരു മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ അവൻ സ്വന്തം വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ ശത്രു'വുമാകുകയാണ്.

ഭാരതീയ സന്യാസികൾ പുരാതനകാലം മുതൽ ദർശിച്ചിരുന്നത് നാനാത്വത്തിൽ ഏകത്വമായിരുന്നു. ദൈവത്തിന്റെ 'സത്ത' ഓരോരുത്തരുടെയും ഉപബോധമനസുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാൻ കഴിയുള്ളൂ.  അതിലേക്കുള്ള വഴികൾ കഠിനവും മുള്ളുകൾ നിറഞ്ഞതുമായിരിക്കാം. മുൾക്കിരീടമണിഞ്ഞ യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടിൽ ജനിക്കുകയും മരിക്കുകയുമെന്ന പ്രക്രീയകൾ യുഗങ്ങളായി അനുവർത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയിൽ വീഴുന്ന ഓരോരുത്തരും 'വസുധൈവ   കുടുംബകമെന്ന ' ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും ചെയ്യുന്നു.

ഉപബോധമനസിൽ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത ദൈവമെന്നുള്ളത് ദൈവത്തെയറിയാൻ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ ദൈവത്തെപ്പറ്റി സംസാരിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂവെന്നു' പറഞ്ഞു. എന്നാൽ ബൗദ്ധികതലങ്ങളിൽ ഒന്നുകൂടി ഉയർന്നവൻ ക്രിസ്തുവചനം മറ്റൊരു വിധത്തിൽ പറയും, "ഞാൻ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും." ആത്മത്തിൽ പൂർണ്ണത പ്രാപിച്ചവന്റെ നാവിൽനിന്നും  ക്രിസ്തുവചനം പറയുന്നതിങ്ങനെ, "ഞാനും പിതാവും ഒന്നാകുന്നു." ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ യാതനകളിൽക്കൂടി പിതാവിലും ലയിച്ചു. 'ഞാനും പിതാവും ഒന്നാണെന്നുള്ള' അതേ ക്രിസ്തുവചനങ്ങൾ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു.  

ശ്രീ രാമകൃഷ്ണ പരമഹംസൻ തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദൻ)  വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സിൽ കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ 'സത്ത'.  വാസ്തവത്തിൽ പരമപീഠങ്ങളിൽ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാർ പിൽക്കാലങ്ങളിൽ പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാർ പഠിപ്പിച്ചതിനു വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന ശിക്ഷ്യഗണങ്ങൾ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുർവ്യാഖ്യാനം ചെയ്യുന്നതും സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ അവർ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ മനുഷ്യരാക്കുന്നു.

വിവേകാനന്ദൻ ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. 'നസറത്തിലെ യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യൻ യേശുവിനോടായി, ഗുരോ അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്‌ടതയിലേക്കുള്ള വഴിയും സത്യവുമായി ഞാൻ വിശ്വസിക്കുന്നു. ഞാൻ അങ്ങയുടെ പിന്നാലെ വരാനും ആഗ്രഹിക്കുന്നു. എന്നാൽ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും, 'പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകൾക്ക് വില കൊടുത്താലും വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാൻ സത്യം പഠിപ്പിക്കുന്നു. സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.' എന്നാൽ അവിടുത്തെ ഇന്നുള്ള ശിക്ഷ്യന്മാർ പറയുന്നതിങ്ങനെ, 'നിങ്ങൾ ആ മനുഷ്യന്റെ വാക്കുകൾക്ക് വില കല്പിക്കുമോ? നിങ്ങൾ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാൽ രക്ഷപെടും. ഇല്ലായെങ്കിൽ നിങ്ങൾക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ മാടിവിളിക്കുന്നു. ഉണരുവിൻ, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.'

വിവേകാനന്ദൻ പറഞ്ഞു, 'ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത്‌  സ്വർഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. 'അത് നിന്നിൽത്തന്നെയുണ്ട്.' അതുതന്നെയാണ് ഗീതയുടെ സാരാംശവും. 'ഞാൻ മായയാണ്. എന്നെ തേടുന്നവൻ എന്നെ കണ്ടെത്തും. സർവ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.' യേശു പറഞ്ഞു 'എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണൻ കൗരവ പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അർജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു. അധർമ്മത്തെ നശിപ്പിച്ചുകൊണ്ടു ധർമ്മം സ്ഥാപിക്കാൻ  യുഗയുഗങ്ങളായി ഞാൻ ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തിൽ പോരാടുകയാണ് ഒരു ക്ഷത്രിയന്റെ ധർമ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അർജുനനെ ആവേശഭരിതനാക്കിയിരുന്നു.

നസ്രത്തുകാരൻ യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം പടിഞ്ഞാറുള്ളവർ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കിൽ മറ്റൊരു ജീവിതത്തിലെന്നു ക്രിസ്തു പറയുന്നുണ്ടെങ്കിൽ അവൻ സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു. അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികൾ തെളിച്ചവരുണ്ട്. അവനും അതേ വഴികളിൽ സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയിൽ എന്റെ പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു  പറഞ്ഞു. ചിലർ അവനെ തെറ്റിദ്ധരിച്ചു. മറ്റുചിലർ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങൾ ഒന്നുകൂടി എടുത്തു പറയട്ടെ, "നസ്രത്തിലെ യേശുവിന്റെ ദിനങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാൽപ്പാദങ്ങൾ കഴുകി നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളിൽ എക്കാലവും മുഴങ്ങുന്നുണ്ടായിരുന്നു. അവൻ കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ പവിത്രഭൂമിയിൽ ജീവിച്ചിരുന്നു."







Saturday, December 10, 2016

കൗടല്യന്റെ അർത്ഥശാസ്ത്രവും നീതിസാര ചിന്തകളും


ജോസഫ് പടന്നമാക്കൽ

ക്രിസ്തുവിനു മുന്നൂറു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന 'കൗടല്യൻ' ഒരു തത്ത്വചിന്തകനും സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്ര തന്ത്രജ്ഞാനിയും ചിന്തകനുമായിരുന്നു.  ചാണക്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹത്തെ അറിയപ്പെടുന്നു. കൗടല്യന്റെ 'അർത്ഥശാസ്ത്രം' ധനവിനിമയത്തെ സംബന്ധിച്ച ആദ്യത്തെ പൗരാണിക കൃതിയായി സാമ്പത്തിക വിദഗ്ദ്ധർ (Economists) വിലയിരുത്തുന്നു.  മൗര്യ ചക്രവർത്തിമാരുടെ സാമ്പത്തിക നയങ്ങളും രാജ്യകാര്യങ്ങളുടെ പരിപാലനത്തിനുള്ള നിയമങ്ങളുമാണ് കൗടല്യന്റെ അർത്ഥ ശാസ്ത്രത്തിലുള്ളത്. പൗരാണികതയുടെ സാംസ്ക്കാരിക മഹത്വമറിയിക്കുന്ന ഈ ഗ്രന്ഥത്തിൽ ഭൂസ്വത്തുക്കളടക്കം ധനം വിനിമയം ചെയ്യുന്നതെങ്ങനെയെന്നും അതിനോടനുബന്ധിച്ചുളള സാമ്പത്തിക നേട്ടങ്ങളും പോംവഴികളും വിസ്മയകരമായി വിവരിച്ചിട്ടുണ്ട്. ആധുനിക ധനതത്ത്വ ശാസ്ത്രജ്ഞരെപ്പോലെ കൗടല്യന് എല്ലാവിധ വീക്ഷണ ചിന്താഗതികളുമുണ്ടായിരുന്നു. ബി.സി.യിൽ ജീവിച്ചിരുന്ന കൗടല്യന്റെ കൃതികളെ സൗകര്യപൂർവ്വം പടിഞ്ഞാറൻ എഴുത്തുകാർ തിരസ്ക്കരിച്ചുവെന്നതാണ് സത്യം. അതേസമയം രണ്ടു ശതവത്സരങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ആഡംസ്മിത്തിനെ പൗരാണിക ധനതത്ത്വ ശാസ്ത്രത്തിന്റെ പിതാവായും കരുതുന്നു.

ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് കൗടല്യൻ ജനിച്ചത്. ജനനം മഗധയിലായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തക്ഷശിലയിൽനിന്നും വിദ്യ നേടി. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ തന്നെ ജീവിച്ചു. അദ്ദേഹത്തിന് 'കൗടല്യൻ' എന്ന പേര് ലഭിച്ചത് 'കുടല' എന്ന വംശപാരമ്പരയിൽ ജനിച്ചതുകൊണ്ടും ചാണക്യനായത് 'ചണക' ദേശത്തിൽ നിന്നു വന്നതുകൊണ്ടുമാവാമെന്നും അനുമാനിക്കുന്നു. യുദ്ധവീരനും ശൂരനുമായിരുന്ന ചന്ദ്ര ഗുപ്ത മൗര്യ ചക്രവർത്തിയെ കൊല്ലുവാൻ ശത്രുക്കൾ തക്കം നോക്കിയിരുന്ന നാളുകളിൽ ചക്രവർത്തി രക്ഷപ്പെട്ടത് ചാണക്യന്റെ (കൗടല്യൻ) തന്ത്രങ്ങൾ കൊണ്ടായിരുന്നു. ജ്യോതിഷത്തിലും വൈദ്യശാസ്ത്രത്തിലും പ്രാവണ്യം നേടിയിരുന്നു. അദ്ദേഹത്തിൻറെ തത്ത്വ ചിന്തകളിൽ സൊറാസ്ട്രിയൻ മതത്തിന്റെ സ്വാധീനവും പ്രകടമായി കാണാമായിരുന്നു. കൂടാതെ പേർഷ്യനും ഗ്രീക്കും ഭാഷകളിൽ അറിവും നേടിയിരുന്നു.  ആധികാരികമായി ചില പണ്ഡിതർ അദ്ദേഹത്തെ സൊറാസ്ട്രിയൻ മതവിശ്വാസിയെന്നും വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹത്തിൻറെ  വിശ്വാസത്തെ സംബന്ധിച്ചുള്ള തെളിവുകൾ അപര്യാപ്തവുമാണ്. കൗടല്യനെ അനുബന്ധിച്ചുകൊണ്ടുള്ള ധാരാളം ഐതിഹ്യ കഥകളുണ്ടെങ്കിലും അതൊന്നും ചരിത്രമായി രേഖപ്പെടുത്താൻ സാധിക്കില്ല. ശത്രുസംഹാരം ചെയ്യാൻ എന്തു തരം അധർമ്മവും പ്രയോഗിക്കാമെന്ന കാഴ്ചപ്പാടായിരുന്നു കൗടല്യനുണ്ടായിരുന്നത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നീ മൂന്നു ഗ്രന്ഥങ്ങൾ കൗടല്യന്റെതായി അറിയപ്പെടുന്നു. 180 വിവിധ വിഷയങ്ങൾ കൗടല്യ കൃതികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചുള്ള ഭരണ രീതികളും ഭരണ പ്രശ്നങ്ങളും സാമ്പത്തിക ശാസ്ത്രവും അടങ്ങിയതാണ് കൗടല്യന്റെ  വിശ്വവിഖ്യാതമായ അർത്ഥ ശാസ്ത്രം.

'കൗടല്യൻ' മൗര്യ രാജവംശം സ്ഥാപിച്ച 'ചന്ദ്രഗുപ്‌ത മൗര്യൻ' ചക്രവർത്തിയുടെ രാജസദസിലെ കാര്യസ്ഥന്മാരിലൊരാളും ഉപദേഷ്ടാവുമായിരുന്നു. അദ്ദേഹത്തിൻറെ  ഗ്രന്ഥത്തിൽ കുറ്റക്കാരെ ശിക്ഷിക്കുന്ന വിധവും അവരോടു ധാർമ്മികമായി പെരുമാറേണ്ട രീതികളും സവിസ്തരം വിവരിച്ചിട്ടുണ്ട്. രാജ്യ താൽപര്യങ്ങൾക്കായി സമൂഹത്തിൽ നടത്തേണ്ട ചാരപ്രവൃത്തികളും രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ രഹസ്യമായി അവരെ വധിക്കേണ്ട വിവരങ്ങളും   ഗ്രന്ഥത്തിലുണ്ട്. അനേക നൂറ്റാണ്ടുകളിൽ ചരിത്രകുതുകികളുടെ ദൃഷ്ടിയിൽനിന്നും അപ്രത്യക്ഷമായിരുന്ന ഈ പുസ്തകം 1905-ൽ വീണ്ടും കണ്ടെടുക്കുകയുണ്ടായി. കൗടല്യന്റെ (ചാണക്യന്റെ) തന്ത്രങ്ങളിൽ ചതിയും വഞ്ചനയും നിറഞ്ഞിരുന്നതിനാൽ ആരും അദ്ദേഹത്തെ ഒരു മഹാത്മാവായി ചിത്രീകരിക്കുന്നില്ല.   എങ്കിലും മൗര്യ രാജാക്കന്മാരുടെ കാലത്തും അവസാനത്തെ മൗര്യരാജാവായ അശോകന്റെ കാലത്തും അവർക്കു സഹായകമായ നല്ല ഭരണം കാഴ്ച വെക്കാൻ കാരണമായതു കൗടല്യ കൃതികളും കൗടല്യ  തന്ത്രങ്ങളുമെന്നും കരുതപ്പെടുന്നു.

പൗരാണിക ശാസ്ത്രങ്ങളുടെ ഉപജ്ഞാതാവായ കൗടല്യൻറെ   കൃതികൾ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും  നഷ്ടപ്പെടാതെയും, മാറ്റങ്ങളില്ലാതെയും നമുക്കു ലഭിച്ചിട്ടുണ്ട്. അത് 'ഗണപതി ശാസ്ത്രി' തുടങ്ങിയ പണ്ഡിതന്മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്. സ്ത്രീകളെയും ശൂദ്രന്മാരെയും നിന്ദിച്ചുകൊണ്ടുള്ള ശ്ലോകങ്ങള്‍, ക്രാന്തദര്‍ശിയും, ജിതേന്ദ്രിയനുമായിരുന്ന കൗടല്യൻറെ   മേല്‍ കെട്ടിവെയ്ക്കുന്നത് അനീതിയാകുമെന്നു തോന്നുന്നു. രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളും പിന്നീട് കൂട്ടിച്ചേര്‍ത്തതായിരിക്കാനാണ് കൂടുതല്‍ സാദ്ധ്യത. അതെല്ലാം കാലത്തിന്റെ ഒഴുക്കിൽ പിന്നീട് കൗടല്യ (ചാണക്യ) ശ്ലോകങ്ങളായി മാറ്റപ്പെട്ടതാകാം. കൗടല്യൻറെ  കൃതികളുടെ ആധികാരിതയെപ്പറ്റി പണ്ഡിതരുടെയിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. പഴയ സംസ്കൃത ശ്ലോകങ്ങളിൽ രചിച്ച കൃതികളിൽ വൈരുദ്ധ്യങ്ങൾ പ്രകടമാകുന്നതാണ് കാരണം. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട കവിതകളിൽ അത്തരം സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ കൃതികളായ അർത്ഥശാസ്ത്രവും നീതിശാസ്ത്രവും വലിയ മാറ്റങ്ങളില്ലാതെ ലഭിച്ചിട്ടുണ്ട്.

'ഒരുവന്റെ സ്വകാര്യ ജീവിതത്തിൽ ധനം മുഴുവന്‍ നഷ്ടപ്പെട്ട് പാപ്പരാകുമ്പോഴാണ് ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഭാര്യയുടെപോലും തനിനിറം കാണുന്നതെന്ന്' കൗടല്യന്റെ ഉദ്ധരണിയിലുണ്ടായിരുന്നു. 'ഒരു രാജ്യത്തിലെ രാജാവ് ആഡംബരപ്രിയനായും സുഖലോലുപനായും തോഴികളുമൊത്തു വലിയ കൊട്ടാരങ്ങളിൽ താമസിക്കുമ്പോഴുമാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവുന്നതും ജനങ്ങൾ ദരിദ്രരാകുന്നതെന്നും' കൗടല്യന്റെ  ശ്ലോകങ്ങളിലുണ്ട്. സമ്പത്തു കാലത്തു ധനം സമ്പാദിച്ചാൽ ആപത്തുകാലത്ത് പ്രയോജനപ്പെടുമെന്നും ഭാര്യക്കും മക്കൾക്കും രോഗം വന്നാൽ ചീകത്സിക്കാൻ ഉപകരിക്കുമെന്നും സ്വയം രോഗിയായാൽ ധനം വിനിയോഗിക്കുന്നതിൽ ഭാര്യ എതിർത്താൽപോലും ഭാര്യയെ ഉപേക്ഷിച്ചാണെങ്കിലും സ്വയം രക്ഷിക്കണമെന്നും കൗടല്യന്റെ  സംസ്കൃതത്തിലുള്ള നീതിസാരം ഉരുവിടുന്നു.    

മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന് ചക്രവർത്തി പദം കിട്ടിയത് കൗടല്യന്റെ കൗശലം  കൊണ്ടെന്ന ഒരു വിശ്വാസം ഭാരതീയ സമൂഹത്തിലുണ്ട്. നന്ദവംശത്തോടുള്ള അസാധാരണമായ പകമൂലം നന്ദ രാജാവിനെ സ്ഥാനഭൃഷ്ടനാക്കാൻ  കൗടല്യ തന്ത്രങ്ങൾ  സഹായിച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യനു ചക്രവർത്തി പദം ലഭിക്കാനും മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും കാരണക്കാരൻ അദ്ദേഹമായിരുന്നു.  രാജ്യം ഭരിക്കുന്ന രാജാക്കന്മാരുടെ കൗശല്യവും കുശാഗ്രബുദ്ധിയും 'കൗടല്യ അഥവാ ചാണക്യ തന്ത്രമെന്ന' പേരിലറിയപ്പെടുന്നു. ബ്രിട്ടീഷ്കാർ രാജ്യം ഭരിച്ചതും ജനങ്ങളെ കൂട്ടിയടുപ്പിച്ചും വിഭജിച്ചുകൊണ്ടും ഭരണം തുടർന്നതും കൗടല്യ തന്ത്രം പ്രയോഗിച്ചുകൊണ്ടായിരുന്നു. കൗടല്യന്റെ കൗശലങ്ങളെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ടെങ്കിലും അദ്ദേഹം ഒരു മഹാപണ്ഡിതനും രാഷ്ട്രതന്ത്രജ്ഞതയിൽ അതി നിപുണനുമായിരുന്നുവെന്നതിലും  സംശയമില്ല. 'കൗടല്യ (ചാണക്യ) തന്ത്രങ്ങൾ' കാലത്തെ അതിജീവിച്ച്, ഇന്നും രാജ്യഭരണകാര്യങ്ങളിൽ  ചരിത്രസത്യങ്ങളായി നിലകൊള്ളുന്നതു കാണാം.

'ഒരു വേട്ടക്കാരൻ വേട്ടയാടുന്ന സമയം മൃഗങ്ങളുടെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മൃഗങ്ങളെ വരുത്തി വധിക്കാറുണ്ട്. അതുപോലെ നിങ്ങൾക്ക്  ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ നയപരമായി അയാളോട് ഇടപെട്ടു കൗശല്യ ബുദ്ധിയുപയോഗിച്ചു അയാളെ കീഴ്പ്പെടുത്തണമെന്നുള്ളതായിരുന്നു' കൗടല്യ(ചാണക്യ) തന്ത്രം. ഒരു രാജാവിന്റെ ഭരണം വിജയപ്രദമാകുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള വ്യവസായങ്ങളും ഉടമ്പടികളും സഹായകമാകുമെന്നു കൗടില്യൻ (ചാണക്യൻ) വിശ്വസിച്ചിരുന്നു. വ്യവസായിക ഉൽപ്പന്നങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സേവനങ്ങളും, രാജ്യാന്തര കയറ്റുമതികളും, ഇറക്കുമതികളും, രാജ്യത്തിന്റെ സമ്പത്തു വർദ്ധിപ്പിക്കുമെന്നും അദ്ദേഹത്തിൻറെ  പ്രമാണങ്ങളിലുണ്ടായിരുന്നു. പ്രജകൾക്കും അത് ഗുണപ്രദമാകും. ഓരോരുത്തരുടെയും സ്വകാര്യ സമ്പത്തിന്മേൽ ന്യായമായ നികുതി ചുമത്തിയാൽ രാജാവിന്റെ വരുമാനം വർദ്ധിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പ്രയോജനപ്പെടുമെന്നും  വിശ്വസിച്ചിരുന്നു. തൊഴിലാളികൾക്ക് ന്യായമായ വേതനവും നിശ്ചയിക്കണമെന്നു കൗടല്യ തത്ത്വങ്ങൾ നിർദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ അവർ കഠിനമായി ജോലി ചെയ്യുകയും രാജ്യത്തിന്റെ ഉത്ഭാദനതോതു വർദ്ധിക്കുകവഴി രാജ്യം സാമ്പത്തികമായി വളർച്ച പ്രാപിക്കുകയും ചെയ്യും. മറ്റു രാജ്യങ്ങളുമായുള്ള വ്യാവസായിക ബന്ധത്തിനും സൗഹാർദ്ദപരമായ സമീപനത്തിനും ഇടയാകുകയും ചെയ്യും.

തെക്കുള്ള രാജ്യങ്ങളുമായി കൂടുതൽ ബന്ധങ്ങൾ സുദൃഢമാക്കാനും കൗടല്യൻ  രാജാവിനെ ഉപദേശിച്ചിരുന്നു. കാരണം, വടക്കുള്ള രാജ്യങ്ങളെക്കാൾ  ധാതു സമ്പുഷ്‌ടമായ (mineral) വിഭവങ്ങൾ കൂടുതലുമുണ്ടായിരുന്നത്, തെക്കുള്ള രാജ്യങ്ങൾക്കായിരുന്നു. രാജ്യത്തിന്റെ ഖജനാവ് ഭദ്രമാക്കാൻ സ്വർണ്ണം ആകാവുന്നത്ര ശേഖരിക്കാനും കൗടല്യ തന്ത്രങ്ങളിലുണ്ട്. സ്വർണ്ണം കൈവശമുണ്ടെങ്കിൽ  രാജ്യത്തിനാവശ്യമായ വാണിജ്യ വിഭവങ്ങൾ വാങ്ങിക്കാനും സാധിക്കും. രാജ്യത്തെ ഒരു പട്ടാളശക്തികൊണ്ട് ബലവത്താക്കാനും കഴിയും. വിദേശികളെ രാജ്യത്തിലേക്ക് ആകർഷിക്കാനും അവരുടെ സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്താനും ഉപകരിക്കുന്നു.  ഇറക്കുമതിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഇറക്കുമതിമൂലം രാജ്യത്തില്ലാത്ത വിഭവങ്ങൾ ശേഖരിക്കാനും സ്വന്തം രാജ്യത്തു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിഭവങ്ങൾ ലഭിക്കാനും സാധിക്കും. വ്യവസായിക നിയമങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേകിച്ച് കയറ്റുമതി വിഭവങ്ങൾ സുഹൃത്തുക്കളല്ലാത്ത രാജ്യങ്ങൾക്ക് അയക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഉൽപ്പന്നങ്ങളുടെ വില വളരെ ന്യായവുമായിരിക്കണം. ആഡംബര വസ്തുക്കൾക്ക് പരമാവധി നികുതി ചുമത്താനുള്ള നിർദ്ദേശങ്ങളുമുണ്ടായിരുന്നു. സാധാരണ ജനങ്ങൾ നിത്യം ഉപയോഗിക്കുന്ന സാധനങ്ങൾക്ക് കുറഞ്ഞ നികുതി ചുമത്താനായിരുന്നു അർത്ഥ ശാസ്ത്രത്തിൽ അഭിപ്രായപ്പെട്ടിരുന്നത്.

കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള വ്യാപാര ക്രയവിക്രയങ്ങളിൽ സ്വർണ്ണമോ പണമോയെന്ന വ്യവസ്ഥയ്ക്ക് പരസ്പര ധാരണയും ഉദാരമനസ്ഥിതിയും പുലർത്താൻ ആവശ്യപ്പെട്ടു. ക്രയവസ്തുക്കൾ കൈമാറാൻ ചരക്കിനു ചരക്കു കൊടുത്തുള്ള വ്യാപാരം (ബാർട്ടർ ഇക്കോണമി) നിർദ്ദേശിച്ചു. തന്മൂലം ബിസിനസ് വർദ്ധിക്കുകയും രാജ്യത്തിന്റെ കയറ്റുമതി- ഇറക്കുമതി വ്യവസായം അഭിവൃത്തി പ്രാപിക്കുകയും വരുമാനം രാജ്യത്തിൽ വന്നുചേരുകയും ചെയ്യും. ഇരു രാജ്യങ്ങളും പുരോഗമിക്കുകയും ചെയ്യും. കയറ്റുമതി ഇറക്കുമതിയിനത്തിൽ രാജ്യത്തിനു കൂടുതൽ മുതലെടുപ്പുണ്ടാകുകയും ചെയ്യും. വിദേശികൾ വ്യാപാരം മുഖേന കടക്കാരാവുകയാണെങ്കിൽ അവർക്കെതിരെ നിയമനടപടികൾ പാടില്ലാന്നും കൗടല്യ ധനതത്ത്വ നിയമങ്ങളിലുണ്ട്.

ബാർട്ടർ സിസ്റ്റത്തിൽ (ചരക്കുകൾക്ക് പകരം ചരക്ക്) ഇറക്കുമതി-കയറ്റുമതി ചെയ്യുമ്പോൾ ആദ്യം ഒരു ഗവേഷണം ആവശ്യമാണ്. കയറ്റുമതി ചെയ്യുന്ന രാജ്യത്തിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിലെ ഉല്പന്നങ്ങളുമായി തുല്യവിലയും ലാഭവും കിട്ടിയാൽ മാത്രമേ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനുളള തീരുമാനം എടുക്കാവൂ. അതിനു മുമ്പ് ശരിയായ മാർക്കറ്റ് ഗവേഷണവും അഭികാമ്യമായിരിക്കും. സ്വദേശീയമായ  മാർക്കറ്റിലെ (Domestic) വിലയും വിദേശ മാർക്കറ്റിലെ വിലയും തമ്മിൽ ഒരു പഠനം ആവശ്യമാണ്. ലാഭകരമല്ലാത്ത ഉൽപ്പന്നങ്ങൾ വിദേശത്തു വിൽക്കാൻ താല്പര്യം കാണിക്കരുത്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില സ്വദേശ (Domestic) മാർക്കറ്റിലേതിനേക്കാളും കുറഞ്ഞിരിക്കണം. കൗടില്യന്റെ ഇത്തരം ദീർഘവീക്ഷണങ്ങൾ പിന്നീട് ക്ലാസിക്കലും ആധുനികതയിലുമുള്ള ധനതത്ത്വ വിദഗ്ദ്ധന്മാർ അനുകരിച്ചിരിക്കുന്നതായും കാണാം.

നികുതിദായകരോട് നികുതി പിരിക്കുന്നത് നീതിപൂർവ്വമായിരിക്കണമെന്നാണ് കൗടില്യ തത്ത്വം. നികുതി കൊടുക്കാൻ കഴിവുള്ളവർ മാത്രം നികുതി കൊടുത്താൽ മതിയെന്നും കൗടല്യ ശാസ്ത്രത്തിലുണ്ട്. നികുതി പിരിക്കുന്ന സമ്പ്രദായം ഇന്നുള്ള ആധുനിക രീതിയിലെ നിയമ വ്യവസ്ഥകൾ പോലെ തന്നെയാണ്. അദ്ദേഹത്തിൻറെ നികുതി നിയമങ്ങളിൽ മൂന്നു തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നു.  നികുതി ചുമത്തുന്നവന്റെ അമിതമായ അധികാരം നിയന്ത്രിക്കുകയെന്നത് ആദ്യത്തെ തത്ത്വമായിരുന്നു.  രണ്ടാമത്തേത്, ഒരുവന് നികുതിയെന്നത് ഭാരമായി തോന്നരുതെന്നും മൂന്നാമത്തേത് കൂടുതൽ നികുതി ചുമത്തേണ്ട ആവശ്യം വരുന്നുവെങ്കിൽ അത് പടിപടിയായി (Graduating) സാവധാനം നടപ്പാക്കണമെന്നുമായിരുന്നു.   അഭിവൃത്തി പ്രാപിക്കേണ്ടതും ദൃഢവുമായ ഒരു രാഷ്ട്രത്തിനുവേണ്ടി ശാസ്ത്രീയമായ നല്ലയൊരു നികുതി സമ്പ്രദായം ആവശ്യവുമായിരുന്നു.

ഒരു പൂന്തോട്ടത്തിൽ നിന്നും പാകമായ പഴവർഗങ്ങൾ നാം ശേഖരിക്കുന്നു. അതുപോലെ നികുതി പിരിക്കുന്നവരും വരുമാനമുള്ളവരിൽ നിന്നു മാത്രം നികുതി ഈടാക്കണം.  ഭീമമായ നികുതി ചുമത്തരുതെന്നും അത് ഉത്ഭാദന മേഖലകളെ ബാധിക്കുമെന്നും കൗടല്യൻ നിർദ്ദേശിച്ചിരുന്നു. ഉത്ഭാദനത്തിനും ഉപഭോഗത്തിനും  അനുപാതകമായി നികുതി ചുമത്തുകയെന്ന തത്ത്വ സംഹിത തന്നെയാണ് ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞരും പിന്തുടരുന്നത്. ധനികരും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളുള്ളവരും സ്വർണ്ണം, വെള്ളി, പവിഴം മുതലാവകൾ കൈവശം വെച്ചിരുന്നവരും കഴിവിനനുസരിച്ചുള്ള നികുതി കൊടുക്കണമായിരുന്നു. തുണികൾ, ധാന്യങ്ങൾ, ഭക്ഷ്യ വിഭവങ്ങൾക്ക് മിതമായ നികുതിയും നികുതിയിളവുകളുമുണ്ടായിരുന്നു. കൗശലപ്പണിക്കാർക്കും വൈദഗ്ദ്ധ്യമേറിയ തൊഴിലാളികൾക്കും ശില്പികൾക്കും നികുതികൾ ചുമത്തേണ്ടത് വരുമാനമനുസരിച്ചായിരുന്നു. തൊഴിലുകളിൽ നൈപുണ്യമില്ലാത്തവർക്ക് കുറഞ്ഞ നികുതിയും നിർദ്ദേശിച്ചിരുന്നു.

ഒരു രാജ്യത്തിന്റെ ഭൗതികമായ വിജയങ്ങളുടെ മുന്നേറ്റം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതികളുടെ അടിസ്ഥാനത്തിലായിരിക്കും. എല്ലാ ഘടകങ്ങളും പ്രസ്ഥാനങ്ങളും ഭരണ നൈപുണ്യങ്ങളും സമ്പത്തിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ രാജ്യത്തിനുള്ളിലെ ഖജനാവിലെ സ്ഥിതിവിവരങ്ങൾ പഠിക്കുകയെന്നുള്ളതും വളരെയധികം പ്രാധാന്യം അർഹിക്കുന്നു. വരവിനനുസരിച്ചു ചെലവുകൾ നിയന്ത്രിക്കുന്നുവെങ്കിൽ ഒരു രാജാവിന് സാമ്പത്തിക കാര്യങ്ങളിലോ പട്ടാളത്തെ വിപുലീകരിക്കുന്നതിനോ പ്രയാസം വരില്ല. "കൗടില്യ പറയുന്നു, 'ശക്തമായ പട്ടാളം രാജ്യത്തിന്റെ ധനം സമ്പാദിക്കുന്ന ഒരു ഘടകമാണ്. എന്നാൽ ധനം രാജ്യത്തിന്റെ സുരക്ഷിതമായ ഖജനാവിനും പട്ടാളത്തെ പോറ്റുന്നതിനും അവരുടെ ക്ഷേമത്തിനും ആവശ്യവുമാണ്."

കൗടില്യന്റെ കാലത്ത് രാജഭരണത്തിലെ പുരോഗതിക്ക് മെച്ചമായ സാമ്പത്തിക വ്യവസ്ഥിതിയോടെയുള്ള ഒരു ഭരണകൂടം ആവശ്യമായിരുന്നു. യുദ്ധങ്ങളിലും രാജ്യവിസ്തൃതികളിലും താല്പര്യമുള്ള രാജാക്കന്മാരായിരുന്നു രാജ്യങ്ങളാകമാനം ഭരിച്ചിരുന്നത്. ഒരു രാജാവിന്റെ വരുമാന സ്രോതസുകൾ സ്വർണ്ണം, വെള്ളി മുതലായ ധാതു വസ്തുക്കളായിരുന്നു. തടി വിഭവങ്ങൾ, കൃഷി ഭൂമികൾ, രാജ കൈവശമുള്ള ഭൂമികൾ. കയറ്റുമതി, ഇറക്കുമതി എന്നിവകളിൽ നിന്നുമായി വരുമാനങ്ങളും നികുതിയും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അടിസ്ഥാനപരമായ ഉൽപ്പന്നങ്ങളും വിഭവങ്ങളും മുതലാക്കിക്കൊണ്ടുള്ള മാതൃകാപരമായ നികുതി പിരിവുകൾക്കും കൗടല്യന്റെ തന്ത്രങ്ങളുണ്ടായിരുന്നു. വ്യത്യസ്തങ്ങളായ നികുതി വ്യവസ്ഥകൾക്ക് അദ്ദേഹം രൂപകൽപ്പനയും ക്രിയാത്മകമായ നികുതിപിരിവു തന്ത്രങ്ങളും നൽകിയിരുന്നു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനുള്ളിൽ തന്നെ എല്ലാവിധ പരിഷ്കൃത പദ്ധതികളും നടപ്പാക്കുകയും വിഭവങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുകയും ചെയ്തു. നികുതി ശേഖരിക്കുന്നത് നിയമാനുസൃതവും നീതി യുക്തവുമായിരിക്കണമെന്ന തത്ത്വത്തിൽ കൗടല്യൻ വിശ്വസിച്ചിരുന്നു.  കൗൺസിലറെന്ന നിലയിൽ രാജസദസിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ സദുപദേശങ്ങൾ രാജാവിനും ഭരണകൂടത്തിനും നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

കൗടല്യന്റെ സാമ്പത്തിക ശാസ്ത്രം റോമൻ സാമ്രാജ്യത്തിൽ നടപ്പായിരുന്ന നികുതി സമ്പ്രദായത്തിന് തുല്യമായിരുന്നു. ഒരുവന്റെ വരുമാനം നിശ്ചയിച്ചിരുന്നത്, വ്യക്തിഗതമായ സ്വത്തുക്കൾ, വസ്തുവകകൾ, കച്ചവട വ്യവസായങ്ങൾ, വിൽപ്പന-വാങ്ങൽ, കയറ്റുമതി-ഇറക്കുമതി എന്നീ മാനദണ്ഡങ്ങളിലായിരുന്നു. ഈ തത്ത്വങ്ങളിലൂടെ റോമ്മാ സാമ്രാജ്യത്ത് അക്കാലങ്ങളിൽ നികുതി ചുമത്തിയിരുന്നു. കേന്ദ്രീകൃതമായ ഒരു നികുതിസംവിധാനത്തിൽ നികുതിദായകന് നികുതി കൊടുക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നും നികുതി കൊടുക്കുന്നവന്റെ സൗകര്യപ്രകാരം നികുതി ശേഖരിക്കണമെന്നും കൗടല്യ ശാസ്ത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. നികുതി ശേഖരണത്തിനായി അമിത ചെലവുകളും പാഴ്ചെലവുകളും ദൂരീകരിക്കണം. ചെലവു ചുരുക്കൽ പദ്ധതികളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. നികുതി വ്യവസ്ഥകൾ മൂലം സാമ്പത്തിക വളർച്ചയ്ക്ക് തടസങ്ങൾ ഉണ്ടാകരുതെന്നും നികുതി കൊടുക്കുന്നവന്റെ സൗകര്യത്തിനായി സ്വർണ്ണവും നാണയങ്ങളും കന്നുകാലികളും, കൃഷി വിഭവങ്ങളും മറ്റു ലോഹ ധാതു വസ്തുക്കളും ക്രയ വിക്രയത്തിനായി ഉപയോഗിക്കണമെന്നും കൗടല്യ ഗ്രന്ഥം പറയുന്നു. നികുതി കൊടുക്കാൻ സാധിക്കാത്തവർക്ക് രാജ്യത്തിനു മറ്റുവിധത്തിലുള്ള സേവനം ചെയ്താലും മതിയാകും. കെട്ടിട പണികളിലും, റോഡ് നിർമ്മാണമേഖലകളിലും ഖനികളിൽ ഖനനത്തിനും വനത്തിലെ തടി വെട്ടലിലും നികുതിയ്ക്ക് പകരമായി സൗജന്യ സേവനമെന്ന വ്യവസ്ഥകളും അർത്ഥശാസ്ത്രത്തിലുണ്ടായിരുന്നു. കൗടല്യ ശാസ്ത്രപ്രകാരം അനേകർ രാജാവിന്റെ പട്ടാളത്തിനു സൗജന്യമായ സേവനം നൽകിയിരുന്നു.

കേന്ദ്രീകൃത നികുതി പിരിക്കുന്ന സമ്പ്രദായവും കൗടല്യ ശാസ്ത്രത്തിലുണ്ടായിരുന്നു. ഒരു കളക്‌ടർ  ജനറിലിന്റെ കീഴിൽ നികുതി ശേഖരിക്കുകയും വസൂലാക്കുന്ന നികുതിയുടെ വിവരം രാജാവിന് റിപ്പോർട്ട് ചെയ്യുകയും വേണമായിരുന്നു. ഒരു രാജ്യത്തിന്റെ സർവ്വ സൈന്യാധിപനെപ്പോലെയുള്ള അധികാരവും കളക്‌ടർ ജനറിൽ നിക്ഷിപ്തമായിരുന്നു. മറ്റു കീഴുദ്വേഗസ്ഥരായ നികുതി ശേഖരിക്കുന്നവർ കളക്‌ടർ ജനറലിന് നികുതിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമായിരുന്നു. സ്വർണ്ണം, വനവിഭവങ്ങൾ, വാണ്യജ്യം. തുന്നൽ, കൃഷി, മദ്യം, കന്നുകാലികളെ കൊല്ലുന്ന അറവു ശാലകൾ, വേശ്യകൾ, പാക്കപ്പലുകൾ മുതലായവകളിൽക്കൂടിയുള്ള വരുമാനങ്ങൾക്ക് നികുതി ഈടാക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഗ്രാമീണ കണക്കപ്പിള്ളമാരും അഞ്ചും ആറും ഗ്രാമത്തിന്റെമേലുള്ള കണക്കപ്പിള്ളമാരും നികുതി സംവിധാനത്തിന്റെ ഭാഗമായിരുന്നു. അവർ താമസിക്കുന്ന ചുറ്റുവട്ടമുള്ള വസ്തുവകകളുടെ ആസ്തിവിവരപ്പട്ടികകൾ ശേഖരിക്കണമായിരുന്നു.  നികുതി കൊടുക്കുന്ന ഓരോരുത്തരുടെയും വാർഷിക വരുമാനവും ചെലവുകളും റിപ്പോർട്ട് ചെയ്യണമായിരുന്നു. നികുതി പിരിക്കുന്നവരെ 'ഗോപാൽസ്' എന്നായിരുന്നു വിളിച്ചിരുന്നത്. അവരെ അമേരിക്കയിലെ റവന്യൂ സർവീസായ ഐ.ആർ.എസുമായി തുലനം ചെയ്യാൻ സാധിക്കും.

ഇരുനൂറു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ആഡംസ്മിത്തിന്റെ തൊഴിൽ നയങ്ങൾക്ക് സമാനമായിട്ടാണ് കൗടല്യന്റെ അർത്ഥശാസ്ത്രത്തിലുമുള്ളത്. തൊഴിലാളികൾക്ക് വേതനം കൊടുക്കേണ്ടത് ഓരോരുത്തരും തൊഴിൽ ചെയ്ത സമയമനുസരിച്ചും, ഉൽപ്പാദന (Production) തോതനുസരിച്ചും തൊഴിലിന്റെ നൈപുണ്യമനുസരിച്ചും വേണമെന്ന് കൗടല്യന്റെ അർത്ഥശാസ്ത്രം വിവരിക്കുന്നു. തൊഴിലാളികൾക്ക് ഒരേ നിരക്കിൽ ഒരുപോലെ കൂലി കൊടുക്കുന്നത് പ്രായോഗികമല്ല. വിദഗ്ദ്ധമായ തൊഴിലുകളിൽക്കൂടിയുള്ള ഉൽപ്പാദനവും പാടവമാവശ്യമില്ലാത്ത ഉൽപ്പാദനവും കാണും. ഓരോ ഉൽപ്പാദനത്തിനും ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിക്കണം. ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് വിലയും കണക്കാക്കണം. ഉൽപ്പാദനച്ചെലവും കണക്കാക്കണം. ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെ (Raw material) ചെലവുകളും കണക്കുകൂട്ടണം. അങ്ങനെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുകയെന്നതും ബുദ്ധിമുട്ടുള്ളതാണ്. ഉൽപ്പന്നങ്ങളുടെ (Products) ഗുണനിലവാരവും (quality) അളവുകളും തൂക്കങ്ങളും (quantity) കണക്കാക്കി തൊഴിൽവേതനം നിശ്ചയിക്കണമെന്നും അർത്ഥശാസ്ത്രം നിർദ്ദേശിക്കുന്നു.

'നിങ്ങളൊരു തൊഴിൽ ചെയ്യുകയാണെകിൽ അതിലുണ്ടാകുന്ന പരാജയങ്ങളെ ഭയപ്പെടരുതെന്നും അതുമൂലം നിങ്ങൾ ആ തൊഴിലിനെ ഉപേക്ഷിക്കരുതെന്നും' കൗടല്യൻ (ചാണക്യൻ) പറയുന്നു. 'തൊഴിലിനോട് നീതി കാണിച്ചുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുന്നവൻ സന്തുഷ്ടനായിരിക്കുമെന്നും' കൗടല്യന്റെ  പ്രമാണമാണ്. തൊഴിൽ ഉടമകൾ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹത്തിൻറെ  ഇക്കണോമിക്സിലുണ്ട്.  കൃഷിക്കാർ തങ്ങളുടെ വിളവെടുപ്പിനുമുമ്പായി തൊഴിൽ വേതനം കൊടുത്തിരിക്കണം. വ്യവസായികളും തൊഴിൽ ഉടമകളും ഉൽപ്പാദനത്തോടൊപ്പം സമയാ സമയങ്ങളിൽ തൊഴിലാളികൾക്ക് അർഹമായ വേതനം നൽകിയിരിക്കണം. ചില നിരുത്തരവാദികളായ തൊഴിലാളികൾ കാരണം ഉൽപ്പാദനവും  അതോടനുബന്ധിച്ചുള്ള തൊഴിലുകൾക്കും തടസങ്ങളുണ്ടാകാറുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും അർത്ഥശാസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്.











EMalayalee
Malayalam Daily News
JPL News
Kalavedi

Thursday, December 1, 2016

വിലയില്ലാതായ ഇന്ത്യൻരൂപയും വിമർശനങ്ങളും

 

ജോസഫ് പടന്നമാക്കൽ

നരേന്ദ്ര മോദി സർക്കാർ 2016 നവംബർ എട്ടാം തിയതി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മൂല്യങ്ങളില്ലാതാക്കിയത് ഇന്ത്യൻ സാമ്പത്തിക മേഖലകളിലെ സുപ്രധാനമായ ഒരു നയവും  ചരിത്രമുഹൂർത്തവുമായിരുന്നു. പണം പൂഴ്ത്തി വെപ്പുകാരും പണം കൈവശം വെച്ചിരിക്കുന്ന ഭീകരരും രാഷ്ട്രീയ ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയില്ല. അഴിമതികൾ നിറഞ്ഞ ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെ ശുദ്ധീകരിക്കാനുള്ള ധീരമായ ഒരു നീക്കം കൂടിയായിരുന്നു ഈ തീരുമാനം. നികുതി കൊടുക്കാതെ ബ്ളാക്ക് പണം സംഭരിച്ചുവെച്ചിരുന്നവർക്കെതിരായ ഒരു പ്രഹരവും. ഇന്ത്യയിലെ 86 ശതമാനം ജനങ്ങളും ക്രയവിക്രയം ചെയ്തിരുന്നത് പിൻവലിച്ച ആയിരം, അഞ്ഞൂറ് നോട്ടുകൾ മുഖേനയായിരുന്നു.  കറൻസികളുടെ മൂല്യം ഇല്ലാതാക്കിയ മോദിയുടെ നടപടികൾക്കെതിരെ ലോകമാകമാനമുള്ള മീഡിയാകൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ തന്നെ ഇന്ന് പരസ്പ്പരം രണ്ടു ചേരികളിലായി നിന്നുകൊണ്ട് വാക്‌യുദ്ധങ്ങൾ നടത്തുന്നത് നിത്യ സംഭവങ്ങളായും മാറി.

ഇന്ത്യയിലെ ഇന്നുള്ള ചർച്ചകളിൽ ഏറ്റവും അതിപ്രധാനമായ വിഷയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒരു സുപ്രഭാതത്തിൽ വിലയില്ലാതായിയെന്നുള്ളതാണ്. പക്ഷെ പലരും കറൻസി പിൻവലിക്കലിന്റെ പ്രയോജനം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ചിലർ ഇത് മുതലാക്കി രാഷ്ട്രീയ കൊയ്ത്തുകളും കൊയ്യാൻ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ സംസാരിച്ചാൽ വോട്ടു ബാങ്ക് ക്ലിപ്തപ്പെടുത്താമെന്നും കരുതുന്നു. ഇന്ന് ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥിതിയെയും കുറ്റപ്പെടുത്തുന്നു. എങ്കിലും ഒന്നറിയുക. ഇന്ത്യയ്ക്ക് സുദൃഢമായ ഒരു ഭരണവ്യവസ്ഥിതിയുണ്ട്. ഇവിടം സിറിയായിലും ഇറാക്കിലും പോലുള്ള വ്യവസ്ഥിതിയല്ല നിലവിലുള്ളതെന്നതിലും സന്തോഷിക്കുക.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ റദ്ദാക്കിയത് ആസൂത്രിതവും കൊള്ളയുമായിരുന്നുവെന്നു മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് രാജ്യസഭയിൽ ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടു പ്രസ്താവിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന മൻമോഹൻസിംഗ് രാജ്യസഭയിൽ എന്നും നിശബ്ദത പാലിക്കുകയായിരുന്നു പതിവ്. മൻമോഹൻ സിംഗിനെപ്പോലുള്ള ലോകപ്രസിദ്ധനായ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായം കോൺഗ്രസിനും പ്രതിപക്ഷങ്ങൾക്കും ഒരു നേട്ടമായിരുന്നു. 'കറൻസികൾ റദ്ദാക്കിയ നയം  സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്‌മാരകവും പരാജവുമായി കണക്കാക്കാമെന്നും' മൻമോഹൻ സിംഗ് പറഞ്ഞപ്പോൾ പ്രതിപക്ഷങ്ങൾ ഒന്നടങ്കം സർക്കാരിനെതിരെ ഒന്നായി അണിനിരന്നു.

മൻമോഹൻ സിംഗ്‌ ഇതിനു മുമ്പുള്ള സർക്കാരുകളുടെ കാലങ്ങളിൽ നടന്ന കറൻസികൾ റദ്ദാക്കിയ കഥകൾ വിസ്മരിച്ചിരിക്കുന്നു. ഇന്ത്യയിൽ കറൻസികൾ റദ്ദാക്കിയ ചരിത്രം ആദ്യത്തേതല്ല. 1938-ൽ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പതിനായിരത്തിന്റെ നോട്ട്  1946-ൽ പിൻവലിച്ചു. പിന്നീട് 1954-ലും ആയിരത്തിന്റെ കറൻസി പുറത്തിറക്കുകയും അത് 1978-ൽ ജനതാ സർക്കാർ റദ്ദാക്കുകയുമുണ്ടായി. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി 'അവരുടെ അവസരവാദ സേവകനായി 'സിംഗ്' സംസാരിക്കുകയായിരുന്നുവെന്നു  പ്രസിദ്ധ നിയമജ്ഞനായ 'രാം ജെത്മലാനി' സിംഗിനെതിരെ പ്രതികരിച്ചുകൊണ്ടു പറയുകയുണ്ടായി.  അമ്പത് ദിവസത്തെ കാത്തിരിപ്പിനുശേഷം പ്രശ്നങ്ങൾ നേരെയാകുമെന്ന മോദിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു 'ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം നാമെല്ലാം അന്ന് ജീവിച്ചിരിക്കില്ലെന്നും' മൻമോഹൻ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തിക ചിന്തകനായ 'കെയിൻസിന്റെ' ഗ്രന്ഥത്തിൽനിന്നുള്ള  ' ഉദ്ധരണി' പ്രസംഗമദ്ധ്യേ മൻമോഹൻസിംഗ്‌ ആവർത്തിക്കുകയായിരുന്നു. ഭാവിയിലെ കണക്കുകൂട്ടൽ തെറ്റിയതുകൊണ്ടായിരിക്കാം മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജൈത്രയാത്രയിലും പരാജയം സംഭവിച്ചതെന്ന് വിമർശനവുമുണ്ടായിരുന്നു.

എന്തിനാണ് കറൻസി പിൻവലിച്ചെതെന്നുള്ള ചോദ്യങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും കേൾക്കുന്നത്. ഇന്ത്യയിലെ ഭീകരരുടെയിടയിൽ കുന്നുകൂടിയ നോട്ടുകൾ ഉണ്ടെന്നും രാജ്യസുരക്ഷയ്ക്കുവേണ്ടിയാണ് അത്തരം ഒരു തീരുമാനമെടുത്തതെന്നും ഇന്ത്യൻ ധനകാര്യ വകുപ്പിൽനിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടാതെ നാടിന്റെ നാനാഭാഗത്തും കള്ളപ്പണവും വ്യാജകറൻസികളും അഴിമതിപ്പണവും കെട്ടുകളായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. രഹസ്യയറകളിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തിൽ ഒളിച്ചുവെച്ചിരിക്കുന്ന ഈ കറൻസികൾക്ക് നികുതിയും കൊടുക്കുന്നില്ല.   ഇന്ത്യയിലെ സാമ്പത്തികത്തിന്റെ കറപുരണ്ട ദുഷിച്ച പ്രവണതകളെ നിയന്ത്രിക്കാനും ഇതുകൊണ്ട് ഉപകരിക്കുന്നു. വിലപ്പെരുപ്പം മൂലം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം പരിതാപക സ്ഥിതിയിലാണ്. കറൻസികളുടെ പ്രവാഹം കുറയുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. നോട്ടു പിൻവലിച്ചതോടെ അതിന്റെ മെച്ചങ്ങൾ ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ദൃശ്യമാണ്. വിലപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത്‌ ദരിദ്രരരായവരെയായിരുന്നു. പൂഴ്ത്തിവെപ്പുമൂലം സർക്കാരിന് കിട്ടേണ്ടിയിരുന്ന ഭീമമായ നികുതിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ പണംകൊണ്ടുള്ള ക്രയവിക്രയങ്ങളും കുറയും. എല്ലാ അഴിമതിക്കാരും പിൻവാതിക്കൽക്കൂടി കറൻസികൾ രൊക്കം മേടിച്ചു ആവശ്യക്കാർക്ക് കാര്യങ്ങൾ സാധിച്ചുകൊടുത്തിരുന്നു. ശതകോടിക്കണക്കിനു അഴിമതിപ്പണം മന്ത്രിമാരുൾപ്പടെയുള്ളവരുടെ രഹസ്യസങ്കേതങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. കള്ളപ്പണക്കാരുടെ പ്രവാഹത്തിൽ എല്ലാ ജാതി മത രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവരുണ്ട്. പെട്ടികളുമായി പണം കൊടുത്തുള്ള  അഴിമതികളും സർക്കാർ കോൺട്രാക്റ്റർമാരുടെ കള്ളക്കളികളും ഉദ്യോഗസ്ഥ പ്രഭൃതികളുടെ കൈക്കൂലി മേടിച്ചുള്ള നിയമലംഘനങ്ങളും രാഷ്ട്രീയ നേതാക്കന്മാരുടെ പണക്കൊഴുപ്പും ഇനിയുള്ള കാലങ്ങളിൽ ബുദ്ധിമുട്ടായി തീരും. സർക്കാർ തുടങ്ങി വെച്ച ഈ യത്‌നംമൂലം ഒളിഞ്ഞിരിക്കുന്നവരായ പലരുടെയും വരുമാനം പുറത്തെടുക്കാനും സാധിക്കും. വരവിൽ കൂടുതൽ പണം സൂക്ഷിച്ചവർ അതനുസരിച്ചു സർക്കാരിന് കൃത്യമായി നികുതിയടക്കേണ്ടതായും വരും. ഇന്ത്യയിലെ ജനങ്ങളിൽ ഇന്ന് ഒരു ശതമാനം ജനങ്ങൾ മാത്രമേ നികുതി കൊടുക്കുന്നുള്ളൂവെന്നു സ്ഥിതിവിവരക്കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഭാരതത്തിന്റെ സാമ്പത്തികഘടനകൾ യൂറോപ്പ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ കറൻസി പിൻവലിക്കേണ്ട ഒരു അവസ്ഥ വന്നാൽ ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കില്ല. കാരണം ജനങ്ങളിലധികവും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡുകളുമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ അറിവുകൾ ഭൂരിഭാഗം ജനതയ്ക്കുമുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ വിരളമായേ കാണുകയുള്ളൂ. എന്നാൽ ഇന്ത്യയിലെ കഥകൾ തികച്ചും വ്യത്യസ്തമാണ്.  ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയിലെ നല്ലൊരു ജനവിഭാഗത്തിന് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു പറയുന്നത് ആഡംബരമായിട്ടാണ് കണക്കാക്കുന്നത്. ഇന്നുള്ള സർക്കാർ ജനങ്ങളുടെ സാമ്പത്തികയിടപാടുകൾ വളരെ ലളിതമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങൾ കറൻസികളും നാണയത്തുട്ടുകളും മാത്രമേ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുള്ളൂ. ഡിജിറ്റൽ ലോകം ഭൂരിഭാഗം ജനതയ്ക്കും അജ്ഞാതമാണ്. ഇന്ത്യയിൽ 85 ശതമാനം ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്കായി ക്രയവിക്രയങ്ങൾ നടത്തുന്നത് രൊക്കം പണം കൊടുത്തുകൊണ്ടാണ്. സാധാരണക്കാരുടെ ദൈനദിന ജീവിതത്തിനു എന്നും കൈവശം പണം കൂടിയേ തീരൂ.

അപ്രതീക്ഷിതമായ സർക്കാരിന്റെ നോട്ടു പിൻവലിക്കൽ തീരുമാനം രാജ്യം മുഴുവൻ വിസ്മയകരമാക്കിയെങ്കിലും മോദി സർക്കാർ അധികാരം ലഭിച്ച നാളുകൾ മുതൽ ബ്ളാക്ക് പണം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അഴിമതിക്കാർ നിയമത്തിന്റെ പഴുതുകളിൽക്കൂടി രക്ഷപെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഭരണഘടന പരിഷ്‌ക്കാരങ്ങളിൽക്കൂടി സർക്കാർ നടത്തുന്നുണ്ട്. കള്ളപ്പണക്കാരെ നിരീക്ഷിക്കാനായി ഒരു സ്പെഷ്യൽ അന്വേഷണ കമ്മീഷനെ 2012-ൽ നിയമിച്ചിരുന്നു. 2016 ഡിസംബർ മുപ്പതുവരെയാണ് കറൻസി മാറാനും ബാങ്കിൽ ഡിപ്പോസിറ്റു ചെയ്യാനും പോസ്‌റ്റോഫീസുവഴി പണം മാറാനുമുള്ള സൗകര്യങ്ങൾ സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ഒരു യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ ധ്വരിത നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പുരോഗമനത്തിനുവേണ്ടി സാമ്പത്തിക പരിഷ്‌ക്കാരം ലക്ഷ്യം  വെച്ചുകൊ ണ്ടുള്ള സർക്കാരിന്റെ ഈ തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഗൗരവപൂർവം സ്വീകരിക്കാൻ  സാധിച്ചിട്ടില്ല. കറൻസികൾ പിൻവലിച്ചതുകൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കാരണം വമ്പിച്ച ലഹളകൾക്കു വരെ ഭീഷണികൾ മുഴങ്ങുന്നുണ്ട്. ദരിദ്രരായവരെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. അന്നന്നുള്ള അപ്പം കൊണ്ട് ജീവിക്കുന്ന അവർക്ക് ബാങ്ക് അക്കൗണ്ട് കാണില്ല. കൈകളിൽ നിക്ഷേപിച്ചിരിക്കുന്ന നോട്ടുകൾ മാറാൻ മണിക്കൂറോളം ബാങ്കുകളുടെ മുമ്പിൽ ലൈൻ നിൽക്കണം. ജീവിതകാലം മുഴുവൻ പണിയെടുത്തു മിച്ചം വെച്ച അവരുടെ കൈകളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന നോട്ടുകൾ എന്ത് ചെയ്യണമെന്ന് അവർക്കറിയില്ല. എങ്കിലും ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കൂടുതൽ ഡിജിറ്റൽ ബാങ്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.  ഷോപ്പുകളിലും സൗകര്യപ്രദമായ കടകളിലും ജനങ്ങൾക്ക് പണം പിൻവലിക്കാൻ എ.ടി. എം മെഷീനുകൾ സ്ഥാപിച്ചു. റോഡ് സൈഡുകളിലും ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള അത്തരം സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്.

കറൻസി പിൻവലിച്ചതിനുശേഷം  പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരുടെയും ബാങ്കിൽ നിക്ഷേപമുള്ളവരുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി അനേക ഗ്രാമങ്ങളിൽ ഡിജിറ്റൽ വഴി സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. അഹമ്മദ് ബാദിനു അറുപതു മൈൽ ദൂരമുള്ള 'അകോദര' എന്ന ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ പ്രദേശമായി തെരഞ്ഞെടുത്തു. അവിടെയുള്ള മുഴുവൻ ജനങ്ങളും പണം കൈകാര്യം ചെയ്യുന്നത് ഡിജിറ്റൽ സമ്പ്രദായത്തിൽക്കൂടിയാണ്. അകോദരായിലെ   1200 ഗ്രാമവാസികളും ഗോതമ്പ് പൊടി, പൊട്ടറ്റോ ചിപ്സുമുതൽ മൊബയിൽ ബാങ്കിൽ കൂടി പണം കൈകൈകാര്യം ചെയ്യുന്നു. നോട്ടുകളുടെ മൂല്യം ഇല്ലാതെയായതിൽ അവിടുത്തെ ഗ്രാമവാസികൾ ശ്രദ്ധിക്കുന്നേയില്ല. കാരണം, അവർക്ക് പേപ്പർ കറൻസിയുടെ ആവശ്യമധികമില്ല. ജനങ്ങളെ   ഇന്റർനെറ്റും മൊബയിലും ഉപയോഗിക്കാൻ റിസർവ് ബാങ്കും പ്രോത്സാഹിപ്പിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ കറൻസികൾ കൈകളിൽ സൂക്ഷിക്കുകയോ ബാങ്കിൽ 'ലൈൻ' നിൽക്കേണ്ട ആവശ്യമോ ഉണ്ടാവുകയില്ല. പണത്തിന്റെ പേരിലുള്ള മാനസിക സമ്മർദം അനുഭവിക്കേണ്ടിയും വരില്ല. പണത്തിന്റെ മൂല്യമില്ലാതാക്കി പുതിയ കറൻസി സംവിധാനം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു തിരിച്ചടിയായിരുന്നുവെന്നത് ശരിതന്നെ. അതുമൂലം ഇന്ത്യയ്ക്ക് പുതിയ ഒരു സാമ്പത്തിക  വ്യവസ്ഥയുടെ മാറ്റം തന്നെ വന്നു.  ഇന്ത്യ മൊത്തമുള്ള ജനങ്ങളെ ഡിജിറ്റൽ സംവിധാനത്തിന്റെ ആവശ്യകതയെ ബോധവാന്മാരാക്കി. ഡിജിറ്റൽ വഴി പണം കൈകാര്യം ചെയ്യാൻ കൂടുതൽ ജനങ്ങൾ തയാറാകുന്നു. കറൻസികൾ ഇല്ലാതെ ഇന്ത്യ മുഴുവൻ പരിപൂർണ്ണമായി ഡിജിറ്റൽ ലോകമാക്കണമെന്നാണ് മോദി സർക്കാരിന്റെ ലക്ഷ്യവും. അങ്ങനെ ബാങ്കുകളുടെ മുമ്പിൽ സമയം കളയാതെ ഡിജിറ്റലിന്റ ഗുണങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും പ്രാപ്യമാകും.

പഴയവീടുകൾ നാം പുതുക്കി പണിയുന്നുവെന്നു വിചാരിക്കുക. വീട് പുനരുദ്ധരിക്കുമ്പോൾ നിത്യം നാം ഉറങ്ങിക്കൊണ്ടിരുന്ന മുറിയിൽ നിന്നും സൗകര്യങ്ങളില്ലാത്ത മറ്റൊരു മുറിയിൽ ശയനം ചെയ്യേണ്ടി വന്നേക്കാം. പരുപരുത്ത തറകളിൽ ദിവസങ്ങളോളം കിടക്കേണ്ടി വന്നേക്കാം. സ്വന്തം ഭവനം നവീകരിക്കുമ്പോൾ ഇത്തരം ഒരു അസൗകര്യം ഉണ്ടായാൽ ക്ഷമയോടെ സഹിക്കാനുള്ള കഴിവുകൾ നമുക്കുണ്ട്. തന്റെ സഹോദരന്റെ വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്, തനിക്കെന്തുകൊണ്ട് ഇല്ലായെന്ന് അപ്പോളാരും ആവലാതിപ്പെടാറില്ല. സഹോദരന്റെ വീടും ഒരിക്കൽ പുതുക്കി പണിയേണ്ടി വരുമെന്നും നമുക്കറിയാം. ഏതാണ്ട് അതേ സ്ഥിതിവിശേഷമാണ് നമ്മുടെ നാടിനുള്ളത്. അഴിമതിയും കരിഞ്ചന്തയും കള്ളപ്പണവും കാരണം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥിതി  കുത്തഴിഞ്ഞതായിരുന്നു. അതിനെ പുതുക്കി പണിയാൻ ഒരു അടിയന്തര സാഹചര്യത്തോടെ സർക്കാർ മെനകെട്ടിട്ടുണ്ടെങ്കിൽ രാജ്യനന്മയെ കരുതി സഹനം സഹിക്കാൻ  ഓരോ പൗരനും കടമയുണ്ട്. കുബേര ദരിദ്ര, വർഗ വർണ്ണ വ്യത്യാസം കൂടാതെ അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ട്.  അത്തരം അഭിപ്രായങ്ങൾ സ്വീകരിക്കുകയോ സ്വീകരിക്കാതെയിരിക്കുകയോ ചെയ്യാം.

കറൻസികൾ പിൻവലിക്കൽ ഇന്നല്ലെങ്കിൽ മറ്റൊരു ദിനം രാജ്യത്തിനു അത്യാവശ്യമായി നടപ്പാക്കേണ്ട ഒന്നായിരുന്നു. അക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ മെച്ചമായി മറ്റാർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഇത്തരം രാജ്യ താല്പര്യത്തിനായുള്ള കാര്യങ്ങൾ പരമരഹസ്യമായി തന്നെ ചെയ്യേണ്ടതാണ്. രാജ്യത്തിലെ ഉന്നതർക്കും രാഷ്ട്രീയക്കാർക്കും, ധനികർക്കും അമ്പാനിമാർക്കും കറൻസി വിവരങ്ങൾ അറിയാമായിരുന്നുവെന്ന ആരോപണങ്ങൾക്കൊന്നും തെളിവുകളില്ല. അതുകൊണ്ടു അത്തരമുള്ള കുറ്റാരോപണങ്ങൾ അപ്രസക്തങ്ങളുമാണ്. അങ്ങനെയുള്ള  കാര്യങ്ങൾ സത്യമെങ്കിൽ തന്നെയും ഒരു മഹാരാജ്യത്തെ സംബന്ധിച്ചു തൽക്കാലം ഗൗനിക്കാതിരിക്കുകയായിരിക്കും നല്ലത്. മറ്റുള്ളവരെ ചിന്തിക്കുന്നതിനു പകരം സ്വയം സുരക്ഷിതരെന്ന് നോക്കുക. സമയാ സമയങ്ങളിൽ നാം നികുതി കൊടുത്തിട്ടുണ്ടെങ്കിൽ  തീർച്ചയായും നിയമത്തിന്റെ മുമ്പിൽ സുരക്ഷിതരാണ്. അടുത്ത വീട്ടിലെ നമ്മുടെ സഹോദരന്റെ ആഡംബര വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ആരെങ്കിലും നികുതി വെട്ടിച്ചു രക്ഷപെടുന്നുണ്ടെങ്കിൽ അവരെപ്പറ്റി നാം പ്രയാസപ്പെടേണ്ട കാര്യമില്ല. മോദിയുടെ പ്രയത്നങ്ങൾ വിജയകരമായാൽ ഒരിക്കൽ അവരും പണത്തിന്റെ സ്രോതസ് എവിടെയെന്നു ബോധ്യപ്പെടുത്തേണ്ടി വരും.

സർക്കാരിന്റെ ഈ തീരുമാനം ഒരു ദിവസംകൊണ്ടുണ്ടായതല്ല. 'ജൻ ധൻ യോജന' (Jan Dhan Yojna) പദ്ധതി പ്രകാരം എല്ലാ വിഭാഗം ജനങ്ങളും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സർക്കാരിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അക്കൗണ്ട് തുടങ്ങിയവർക്കെല്ലാം നിർണ്ണായകമായ കറൻസി പിൻവലിക്കകൊണ്ട് കാര്യമായി ബുദ്ധിമുട്ടുകൾ ബാധിച്ചിട്ടില്ല.  2014 ആഗസ്റ്റ് എട്ടാംതീയതി ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും വേണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പദ്ധതിയാണ് ജൻ ധൻ യോജന. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു.

സ്ഥാവര ജംഗമ സ്വത്തുക്കളുള്ളവർ ആ വിവരങ്ങൾ  ടാക്സധികാരികൾക്ക് പ്രത്യേക ഒരു ഫോം (Form)വഴി വെളിപ്പെടുത്താനും സർക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഭൂരിഭാഗം ജനങ്ങളും അത് കാര്യമായി എടുത്തില്ല. സർക്കാർ സ്വീകരിച്ച അടുത്ത നടപടി അത്തരക്കാരുടെ പണമിടപാടുകളെ വെളിച്ചത്തു കൊണ്ടുവരുകയെന്നതായിരുന്നു. അതിനായി ജനങ്ങൾക്ക് മാനസിക സമ്മർദമുണ്ടാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സർക്കാരിനു പിൻവലിക്കേണ്ടിയും വന്നു. സർക്കാരിന്റെ കറൻസി പരിഷ്‌കാര നടപടികളിൽ  സാധാരണക്കാർ സന്തോഷിക്കുകയാണ് വേണ്ടത്. ആത്മഹത്യയും മരണവുമെല്ലാം നോട്ടു പ്രശ്നമായി ബന്ധപ്പെട്ടതല്ല. അതെല്ലാം വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് എഴുതും. അടിയന്തിരമായ ഈ സാഹചര്യങ്ങളിൽ വികാരങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കാതെ സ്വയം ചിന്താശക്തിയെ പരിപോഷിപ്പിക്കുകയാണ് മെച്ചമായുള്ളത്. നോട്ടുപിൻവലിക്കൽ വഴി സാധാരണ ജനം സഹിക്കുന്നുണ്ടെന്ന വസ്തുത ശരിയാണ്. എന്നാൽ എത്രകാലം അഴിമതിയിൽ കുളിച്ചിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ നിജസ്ഥിതി കണ്ടു രാജ്യസ്നേഹമുള്ള ഒരു പൗരൻ നിശ്ശബ്ദനായിരിക്കും! ചൂഷകരെ സ്വന്തം കണ്ണുവെട്ടത്തു കണ്ടില്ലെന്നു നടിക്കാൻ എത്രകാലം അവനു സാധിക്കും?  രാജ്യത്തിലെ ജനങ്ങൾ നിർണ്ണായകമായ ഈ ഘട്ടത്തിൽ ഇതൊരു അടിയന്തിരാവസ്ഥപോലെ സർക്കാരിനോട് സഹകരിക്കുകയാണ് വേണ്ടത്.

ഹോസ്പിറ്റലുകൾ പഴയ നോട്ടുകൾ സ്വീകരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗർഭിണികളും വൃദ്ധ ജനങ്ങളും അംഗഭംഗം വന്നവരും ബാങ്കുകളുടെ മുമ്പിൽ മണിക്കൂറുകളോളം ലൈൻ നിന്ന് കഷ്ടപ്പെടുന്നുവെന്നാണ് പരാതി. രാജ്യം അഭിമുഖീകരിക്കുന്ന നല്ലയൊരു കാര്യത്തെ സഹായിക്കാൻ ഉദാരമതികളായ വോളന്റീയേഴ്സ് രംഗത്തു വരേണ്ടതും അവരെ സഹായിക്കേണ്ടതും ആവശ്യമാണ്. രാജ്യനന്മയെ കരുതി ഇടയ്ക്കിടെ അവർക്ക് ഭക്ഷണവും കുടിക്കാനും കൊടുത്ത് ആശ്വസിപ്പിക്കാമായിരുന്നു. അത്തരക്കാർക്ക് ലൈൻ നിൽക്കാതെ ബാങ്കിങ്ങ് ഇടപാടുകൾ നടത്താൻ മുൻഗണനയുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നോട്ടുകൾ  റദ്ദുചെയ്തത് ഔദ്യോഗികമായി രാഷ്ട്രം നടപ്പിലാക്കി കഴിഞ്ഞു.  നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചേ മതിയാവൂ. ഇനി നമുക്ക് മറ്റൊരു നിവൃത്തിയില്ല. ആ സാഹചര്യത്തിൽ സർക്കാരിനോട് സഹകരിക്കുകയായിരിക്കും ഉത്തമം.

നിർണ്ണായകമായ സമയങ്ങളിൽ പരിഷ്‌ക്കരിച്ച രാജ്യങ്ങളിലെ ജനങ്ങൾ  പൊതു നന്മയെ കരുതി ഒന്നായി സർക്കാരിനൊപ്പം നിൽക്കും. സർക്കാരിന്റെ നിയമങ്ങളെ പാലിക്കും. നമുക്കനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങൾ ദുരുപയോഗപ്പെടുത്താനുള്ളതല്ല. മാർക്കറ്റിൽ ഇന്ന് അനധികൃതമായ കള്ളപ്പണത്തിന്റെ പ്രവാഹമാണ്. ബ്ളാക് പണവും കള്ളപ്പണവും നമ്മുടെ സാമ്പത്തിക ശാസ്ത്രത്തെ തകർക്കും. പ്രധാനമന്ത്രിയുടെ നയം മൂലം അത്തരക്കാരുടെ വീട്ടിലും രഹസ്യസ്ഥലങ്ങളിലും സൂക്ഷിച്ച പണത്തിനു ഒരു വിലയുമില്ലാതായി. അതുകൊണ്ടു സർക്കാരിനും രാജ്യത്തിനും ഗുണമുണ്ട്.  സൂക്ഷിച്ചിരിക്കുന്ന വിലയില്ലാത്ത പണത്തിനു പകരമായി പുതിയ കറൻസികൾ അച്ചടിക്കേണ്ടതായില്ല. സാമ്പത്തികം മെച്ചപ്പെടുന്നതുകൊണ്ടു നേട്ടങ്ങളേയുള്ളൂ. നഷ്ട്ടങ്ങളുടെ കണക്കു കുറവായിരിക്കും. സാധാരണക്കാർക്ക് നഷ്ടപ്പെടാനൊന്നുമില്ല. നികുതി കൊടുക്കാതെ പണം സൂക്ഷിച്ചുവെച്ചവർ മാത്രം മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചാൽ മതിയാകും.

ദേശീയ വരുമാനത്തിന്റെ  മുപ്പതു ശതമാനം ബ്ളാക്ക് മണിയെന്നാണ് വെപ്പ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദു ചെയ്തതിൽ പിന്നീട് ബാങ്കിൽ ഡിപ്പോസിറ്റുകൾ നിറഞ്ഞിരിക്കുന്നു. അതുമൂലം സർക്കാരിന് കൂടുതൽ നികുതി വരുമാനം കിട്ടും. നിക്ഷേപകർക്ക് പലിശ കുറയുമെങ്കിലും ബാങ്കുകൾക്ക് കുറഞ്ഞ പലിശയിൽ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പണം കടം കൊടുക്കാൻ സാധിക്കും. ഉൽപ്പാദന മേഖലയിൽ ആദ്യകാലങ്ങളിൽ ക്ഷീണം സംഭവിക്കുമെങ്കിൽ ഭാവിയിൽ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമെന്നും അങ്ങനെ ജി.ഡി.പി (Gross Domestic Product ) കുതിച്ചുപൊങ്ങുമെന്നും കണക്കുകൂട്ടലുകളുണ്ട്. രണ്ടു ശതമാനം ജി.ഡി.പി. കുറയുമെന്ന് മൻമോഹൻ പറഞ്ഞെങ്കിലും അതെല്ലാം താൽക്കാലികമെന്നു മാത്രമാണ് മറ്റു സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അനധികൃതമായ 'കറുത്ത പണം' തടയാൻ സാധിച്ചാൽ അത് മോദി സർക്കാരിന്റെ ചരിത്രപരമായ  നേട്ടവുമായിരിക്കും.






History of Demonetisation (1973)









1946 News





Tuesday, November 29, 2016

മാൽത്തൂസിയൻ സിദ്ധാന്തങ്ങളും ജനസംഖ്യാവിസ്ഫോടനങ്ങളും



ജോസഫ് പടന്നമാക്കൽ

ക്ലാസ്സിക്കൽ  ഇക്കണോമിസ്റ്റായ 'തോമസ് മാൽത്തസ്'  (Thomas R. Malthus) ജനസംഖ്യയുടെ വർദ്ധനയും അതിനനുപാതമായ ഭക്ഷ്യവിഭവങ്ങളും ആടിസ്ഥാനപ്പെടുത്തി 1798-ൽ ജനസാന്ദ്രതയുടെ മൗലിക തത്ത്വങ്ങളെന്ന (Principle of Population) ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തുണ്ടാകുന്ന മഹാദുരന്തങ്ങൾ ബന്ധപ്പെടുത്തികൊണ്ടുള്ള തോമസ് മാൽത്തസിന്റെ പ്രബന്ധം സാമ്പത്തിക വിദഗ്ദ്ധരുടെയിടയിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ക്ലാസിക്കൽ കൃതികളെ കാലഹരണപ്പെട്ടതെന്നു വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ ഇന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളെ പ്രകീർത്തിക്കുന്നതായി കാണാം. മാൽത്തൂസിയൻ തത്ത്വങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യപാഠം മുതൽ ഗവേഷണ വിദ്യാർത്ഥികൾക്കു വരെ എക്കാലവും പഠനവിഷയങ്ങളായിരുന്നു. ജനന മരണ നിയന്ത്രണങ്ങളുടെ അടിസ്ഥാന മൂലക്കല്ലും അദ്ദേഹം രചിച്ച പ്രബന്ധം തന്നെയെന്നതിലും സംശയമില്ല.

'തോമസ് മാൽത്തസ്' ബ്രിട്ടനിലെ 'സുറയ്' എന്ന സ്ഥലത്ത് 1766 ഫെബ്രുവരി പതിനാലാം തിയതി ജനിച്ചു.  ഒരു ധനിക ബ്രിട്ടീഷ് കുടുംബത്തിലെ ഏഴു മക്കളിൽ ആറാമനായിരുന്നു. 1791-ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. 1805-ൽ കേംബ്രിഡ്ജിൽ ചരിത്രത്തിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലും പ്രൊഫസറായി നിയമിതനായി. മരണംവരെ അദ്ധ്യാപക ജോലി തുടർന്നുകൊണ്ടിരുന്നു. 1819-ൽ അദ്ദേഹത്തെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി (fellow of the Royal Society) അംഗമായി തെരഞ്ഞെടുത്തു. രണ്ടു വർഷം കഴിഞ്ഞു പൊളിറ്റിക്കൽ ഇക്കണോമിക്സ് ക്ലബിലെ അംഗമായി. ആ ക്ലബിൽ അക്കാലത്തെ സുപ്രസിദ്ധ ക്ലാസ്സിക്കൽ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ് റിക്കാർഡോയും ജെയിംസ് മില്ലും അംഗങ്ങളായിരുന്നു. കൂടാതെ അദ്ദേഹം ആംഗ്ലിക്കൻ പുരോഹിതനുമായിരുന്നു.      

ഇരുനൂറു കൊല്ലം മുമ്പ് ജനസംഖ്യയെപ്പറ്റി എഴുതിയ മാൽത്തസിന്റെ  പ്രബന്ധം വിപ്ലവകരമോ, കാലത്തിനനുയോജ്യമോ എന്നത് ഇന്നും വിവാദപരമാണ്. 1798-ൽ ലോക ജനസംഖ്യ 90 മില്യനായിരുന്നത്  ഇന്ന് എട്ടു ബില്യൻ അടുത്തായി. അദ്ദേഹത്തിൻറെ അധരങ്ങൾ തടിച്ചതും  മുച്ചുണ്ടോടുകൂടിയ വൈകല്യങ്ങളുമുണ്ടായിരുന്നതിനാൽ  തന്റെ ഛായാ പടങ്ങൾ വരക്കാൻ ആരെയും അനുവദിക്കില്ലായിരുന്നു.   1833-ൽ മരിക്കുന്നതിന് ഒരു വർഷം മുമ്പ് സർജറി മുഖേന ചുണ്ടു ശരിയാക്കി. അന്നുമുതലുള്ള   ജീവിച്ചിരുന്ന കാലത്തെ പടങ്ങൾ വളരെ അപൂർവമായി മാത്രമേ സൂക്ഷിച്ചിട്ടുള്ളൂ.1834 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയെട്ടാം വയസിൽ അദ്ദേഹം മരണമടഞ്ഞു.

ജനസംഖ്യ വർദ്ധനവിന്റെയും അതനുസരിച്ചുള്ള ഭക്ഷ്യ വിതരണശേഷികളുടെയും തത്ത്വങ്ങൾ (Essay on the Principle of Population)അടങ്ങിയതാണ് മാൽത്തൂസിയൻ പ്രബന്ധം. ജനനനിരക്ക് ഗുണിതങ്ങളായി വർദ്ധിക്കുമ്പോൾ ഭക്ഷണവിഭവങ്ങൾ സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യാം. അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഭക്ഷ്യവിഭവങ്ങൾ ലോകത്തു വർദ്ധിക്കുന്നത് ഒരേ നിരയിലുള്ള ഗണിത സംഖ്യകളുടെ ശ്രണിയിലെന്നാണ്. ഉദാഹരണമായി 1 2 3 4 5 etc എന്നീ സംഖ്യകളുടെ തുടർച്ചയായ അക്കങ്ങൾ കണക്കാക്കാം. അതിനെ മാൽത്തസ് 'അരിത്തമറ്റിക്ക് പ്രോഗ്രഷൻ' (Arithametic Progression)  എന്നു വിളിച്ചു. അതേസമയം ഭക്ഷ്യവിളകളോടൊപ്പം ജനസംഖ്യ വർദ്ധിക്കുന്നത് ഗുണോത്തര ശ്രണികളായിട്ടായിരിക്കും.1, 2, 4, 8, 16 etc എന്നീ തുടർച്ചയായ ഗുണിത സംഖ്യകൾ അഥവാ ജോമട്രിക്കൽ പ്രോഗ്രഷൻ (Geometrical Progression) നിദര്‍ശനങ്ങളായി കണക്കാക്കാം.

ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തിൽ വർദ്ധിച്ചില്ലെങ്കിൽ ലോകത്തു മഹാദുരുന്തങ്ങളുണ്ടാകുമെന്നു മാൽത്തസ് പ്രവചിക്കുന്നു. ഗുണിത ശ്രണികളിൽ ജനസംഖ്യ  വർദ്ധിക്കുന്നതിനൊപ്പം ക്രമാനുസരണമായി ഭക്ഷ്യവിളകൾ വർദ്ധിച്ചില്ലെങ്കിൽ പഞ്ഞം,പട,വസന്ത, മാരക യുദ്ധങ്ങൾ, മഹാദുരന്തങ്ങൾ മുതലായവകൾ സംഭവിക്കുമെന്നും തന്മൂലം ജനസംഖ്യയുടെ വർദ്ധനവ് കുറയുമെന്നും മാൽത്തസ്‌ അനുമാനിച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ നിന്നും മനുഷ്യ ഗണങ്ങൾക്ക് സമയാസമയങ്ങളിൽ പരിരക്ഷയാവശ്യമെന്നും  അഭിപ്രായപ്പെട്ടിരുന്നു. അതിനായി ഭക്ഷ്യ വിഭവങ്ങളുടെ ഉൽപ്പാദനമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം അത്യന്താപേക്ഷിതമെന്നും അദ്ദേഹം കരുതിയിരുന്നു. സന്താനോൽപ്പാദനം തടയാനായി സ്വയം നിയന്ത്രണമോ, മറ്റുള്ളവരിൽനിന്നുമുള്ള പ്രേരണയോ നിയമം മൂലമോ ആവാമെന്നും മാൽത്തസ് വിശ്വസിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനസംഖ്യാ വർദ്ധനവിന്റെ ഒരു മഹാ വിസ്പോടനത്തെ മാൽത്തസ് പ്രവചിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ പ്രവചനങ്ങളൊന്നും ശരിയായി ഭവിച്ചില്ല. 1820 നു ശേഷം ജനസംഖ്യ അനേകമിരട്ടികൾ വർദ്ധിച്ചെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം പതിന്മടങ്ങ് വർദ്ധിക്കുകയാണുണ്ടായത്. നിയമമോ പ്രേരണയോയില്ലാതെ ഓരോ കുടുംബങ്ങളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും ആധുനിക മാൽത്തൂസിൻ ചിന്താഗതിക്കാർ ജനസംഖ്യയുടെ വർദ്ധനമൂലം വരുന്ന  മഹാദുരന്തത്തെ ഭാവിയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്തതായും കാണുന്നു.

ആധുനിക രീതികളിലുള്ള കൃഷിമൂലം ഭക്ഷ്യവിളകളുടെ ഉത്ഭാദനം പതിന്മടങ്ങു വർദ്ധിക്കുകയും   പടിഞ്ഞാറുള്ള ജനതയുടെ വിശപ്പിനെ വിസ്മയകരമാം വിധം ഇല്ലാതാക്കുകയും ചെയ്തു.  ഫോസ്സിലുകളിൽനിന്നും പുതിയതരം ഊർജവും കണ്ടുപിടിച്ചു. ട്രാക്റ്ററുകളും കൃഷിയിടങ്ങളിലിറക്കി. ഊർജത്തിന്റെ സഹായത്താൽ ഉൽപ്പാദന മേഖലകളിലെല്ലാം അത്യന്തമായ പുരോഗതികളുണ്ടായി. ഭൂമിയും പരിസ്ഥിതികളും കൂടുതൽ പഠന വിഷയങ്ങളാക്കി. മാൽത്തൂസിൻറെ കണക്കനുസരിച്ചുള്ള ജനസംഖ്യാ വർദ്ധനയ്ക്ക് തുല്യമായ ഭക്ഷ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം കണക്കുകൂട്ടിയതുപോലുള്ള ക്രമാധീതമായി ദുരന്തങ്ങൾ നിറഞ്ഞ മാറ്റങ്ങളൊന്നും സമൂഹത്തിനുണ്ടായില്ല. എന്നാൽ ജനസംഖ്യയനുസരിച്ചു ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വിഭവങ്ങൾ കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്തു.

വരുമാനമനുസരിച്ചുള്ള ജീവിതം ബൗദ്ധികതലങ്ങളിലുള്ള ഭൂരിഭാഗം ജനതയും തെരഞ്ഞെടുത്തു. അതനുസരിച്ചു ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. വ്യവസായികമായ ഒരു സമൂഹത്തിൽ കുഞ്ഞുങ്ങളെ വളർത്തുകയെന്നതും വളരെ ചെലവുള്ളതായി തീർന്നു. അത് 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'മെന്ന ആശയം പ്രബലമാകാനും കാരണമായി. പുരോഗമിച്ച രാഷ്ട്രങ്ങൾ അഭിവൃദ്ധി നേടിയതുമൂലം അവിടുത്തെ ജനങ്ങൾക്കാവശ്യമുള്ള വിഭവങ്ങളും ഉത്ഭാദനങ്ങളും വർദ്ധിച്ചു. തന്മൂലം രാജ്യങ്ങളുടെയും അവിടെയുള്ള ജനതയുടെയും ജീവിത നിലവാരം ഉയരുകയുണ്ടായി. സുരക്ഷിതമായ ആരോഗ്യപരിപാലനം മൂലം ശിശു മരണനിരക്കും കുറഞ്ഞു. കുഞ്ഞുങ്ങളെ വളർത്താനും അവരുടെ ചെലവുകൾക്കുമായി കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടുമിരുന്നു. ഒരു കാലത്ത് ഒരു കുടുംബം നിലനിർത്താൻ ബാലവേലകൾ ആവശ്യമായിരുന്നു. ആധുനികതയുടെ നേട്ടങ്ങളോടെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം ബാലവേലകൾ നിയമവിരുദ്ധമാക്കി. കുട്ടികളെ വളർത്തുക പ്രയാസമായതുകൊണ്ടും അവരുടെ ചെലവുകൾ അധികമായതുകൊണ്ടും മാതാപിതാക്കൾക്ക് സാമ്പത്തിക അവസരങ്ങളും കുറഞ്ഞു വന്നു. അതും ചെറിയ കുടുംബം ലക്ഷ്യമിട്ടുകൊണ്ടുള്ള സന്താന നിയന്ത്രണങ്ങൾക്കു കാരണവുമായി. ഒരു ചെറിയ വിഭാഗം മക്കൾ മാതാപിതാക്കളെ വയസു കാലത്തു നോക്കിയിരുന്നു. എങ്കിലും അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിൽ ക്ഷേമ നിധികളും സാമൂഹിക സുരക്ഷിതത്വവും നല്കുന്നതുകൊണ്ട്‌ ആരോഗ്യ പരിപാലനവും ആയുസിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.

ക്യാപിറ്റലിസം അഥവാ മുതലാളിത്ത തത്ത്വങ്ങളിലുള്ള ഒരു വ്യവസ്ഥിതി ഉൽപ്പാദന മേഖലകളെ കൂടുതൽ ഉൽപ്പാദനങ്ങൾക്കായി പരിപോഷിപ്പിക്കാറുണ്ട്. മാൽത്തൂസിൻ കാഴ്ചപ്പാടിൽ ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങൾ വളരെ ക്ലിപ്തമാണ്‌. ഭൂമിയും അതിന്റെ ഊർജവും വിഭവങ്ങളും ഭൂമിയിലേക്ക് വരുന്ന ഓരോ മനുഷ്യനും  ജീവിക്കാനാവശ്യമാണ്. എന്നാൽ മനുഷ്യന്റെ വിനിമയപരമായ മൂല്യങ്ങൾക്ക് സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു സാമ്പത്തിക കഴിവുകളും വരുമാനങ്ങളും ഉണ്ടാകണം. ഓരോ കുട്ടി ജനിക്കുമ്പോഴും ഉല്പന്നങ്ങൾക്കും വിഭവങ്ങൾക്കും ആവശ്യകത വരുകയും വാങ്ങാനുള്ളവർ കൂടുകയും ചെയ്യുന്നു. ഓരോരുത്തർക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ള പുതിയതായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മുടെ ജീവിത നിലവാരം ഉയരുന്നതുമൂലം ഇന്നു നിലവിലുള്ള വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുമുണ്ട്. ടെക്കനോളജിയുടെ സഹായത്തോടെ നാം നിത്യേന ഉപയോഗിക്കുന്നതായ വിഭവങ്ങൾ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ടാകുന്നു. അത്തരം ഉൽപ്പാദനങ്ങൾക്കായി കൂടുതൽ പാടവത്തോടെ അതിനുള്ള മാർഗങ്ങളും മനുഷ്യർ കണ്ടെത്തുന്നു. സ്വതന്ത്രമായ ഒരു സമൂഹത്തിൽക്കൂടി മൂലധനം വർദ്ധിക്കുന്നതുകൊണ്ടാണ് മാറ്റങ്ങളുടെതായ പുതിയ ലോകം എന്നും കാണപ്പെടുന്നത്. വ്യവസായികൾക്ക് ഉൽപ്പന്നം മെച്ചമാക്കാൻ വേണ്ടത്ര അറിവും ലഭിക്കുന്നു. മനുഷ്യന്റെ ജീവിത നിലവാരം അതുമൂലം ഉയരുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. അവിടെയെല്ലാം മാൽത്തൂസിയൻ തത്ത്വങ്ങൾ പരാജയപ്പെടുകയായിരുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളിൽ ചില അനുകൂല ചിന്താഗതികളും  ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഈ തത്ത്വങ്ങൾ മൃഗങ്ങൾക്ക് ബാധകമെന്നു ചാൾസ്  ഡാർവിൻ വിശ്വസിച്ചിരുന്നു. കാരണം, മൃഗങ്ങൾക്ക് സ്വയം സന്താന നിയന്ത്രണം നടത്താൻ സാധിക്കില്ല. അവരുടെ ഉൽപ്പാദനം സ്വന്തം ശരീരഘടനയനുസരിച്ചായിരിക്കും. പരിസ്ഥിതി അനുകൂലമല്ലെങ്കിൽ മൃഗങ്ങളുടെ ഉൽപ്പാദനം സാധ്യമല്ല. വനനശീകരണവും മൃഗങ്ങൾക്കായുള്ള  ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തതയും മനുഷ്യന്റെ വേട്ടയാടലും തുടർന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും മൃഗസംരക്ഷണം പ്രയാസമുള്ളതായി തീരുകയും ചെയ്യും. ഡാർവിനുമായി സഹകരിച്ചുകൊണ്ട് മാൽത്തസ് പ്രകൃതിയേയും ജീവജാലങ്ങളെയും വിലയിരുത്തി പഠിച്ചതു കാരണം 'ഡാർവിൻറെ പരിണാമ തത്ത്വങ്ങളും' അദ്ദേഹത്തെ ആകർഷിച്ചിരുന്നു.   അതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധനവിനെപ്പറ്റിയും ഗവേഷണങ്ങൾ നടത്തിയിരുന്നു. മാൽത്തസിനെ ഇക്കണോമിസ്റ്റുകൾ പലപ്പോഴും തെറ്റായ വിധത്തിൽ വിമർശിച്ചിരുന്നു. എങ്കിലും ഇരുപതാംനൂറ്റാണ്ടിൽ  സാമ്പത്തിക ശാസ്ത്രത്തിലെ 'കെയിനിസം  തത്ത്വങ്ങളുടെ 'ആവിർഭാവത്തോടെ മാൽത്തൂസിന്റെ കാഴ്ചപ്പാടുകൾ വീണ്ടും പ്രശസ്തങ്ങളായിത്തീർന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി മാൽത്തസ് ചില കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. ധര്‍മ്മാനുരൂപമായ സ്വയം നിയന്ത്രണം അതിലൊന്നായിരുന്നു. സ്ത്രീയെ കാണുമ്പോഴുള്ള വികാരാവേശത്തിൽ നിന്നും ആദ്യം മുതൽ മനുഷ്യൻ ആത്മനിയന്ത്രണം പാലിച്ചു ഒഴിഞ്ഞു നിൽക്കണം.  അതായത് ഒരു കുടുംബം നോക്കാൻ കഴിവുണ്ടാകുന്ന പക്ഷം വിവാഹിതരാകുക എന്ന തീരുമാനം പുരുഷനും സ്ത്രീയും കൈക്കൊള്ളണം. സന്താന നിയന്ത്രണങ്ങൾ വരുത്തി ചെറിയ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി കഴിയണം. മാൽത്തസ് വൈവാഹിക ജീവിതത്തിലെ ജനന നിയന്ത്രണത്തെ എതിർത്തിരുന്നു. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ തടയാൻ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല. വിവാഹം കഴിക്കാൻ ദീർഘിക്കുംതോറും നിയമാനുസൃതമല്ലാത്ത കുഞ്ഞുങ്ങളും പെരുകുമെന്ന കാര്യവും മാൽത്തസ് ചിന്തിച്ചിരുന്നു. എന്നാൽ നിയന്ത്രണാധീതമായ ജനസംഖ്യയെ കണക്കാക്കുമ്പോൾ അത്തരം പ്രശ്നങ്ങൾ അപ്രധാനമെന്നും  കണക്കു കൂട്ടിയിരുന്നു.

മനുഷ്യന്റെ ആയുസു കുറയുന്ന ഘട്ടങ്ങളിലും ജനസംഖ്യ കുറയുമെന്നും അദ്ദേഹം കണ്ടു. ദരിദ്രമായ അവസ്ഥയിലുള്ള ജീവിതവും ജോലിയുടെ സാഹചര്യങ്ങളും സുഖക്കേടിനെ നിയന്ത്രിക്കാനുള്ള കഴിവുകേടുകളും രോഗങ്ങളും യുദ്ധവും ക്ഷാമവും അതിനു കാരണങ്ങളാണ്. പിന്നീടുള്ള ചിന്തകരായ  എഴുത്തുകാർ അദ്ദേഹത്തിൻറെ ആശയങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരുവന്റെ ജീവിതത്തിലെ താമസിച്ചുള്ള വിവാഹങ്ങൾക്ക് സർക്കാരിന്റെ ഇടപെടലുകൾ ആവശ്യമെന്നും ചിലർ വാദിച്ചു. വിവാഹത്തിനുശേഷവും സന്താന നിയന്ത്രണം വേണമെന്നുള്ള നിഗമനത്തിൽ അനുകൂലികളും പ്രതികൂല ചിന്താഗതിക്കാരുമുണ്ടായിരുന്നു. മാൽത്തസിന്റെ അനുയായികളിൽ 'മാൽത്തൂസിൻ ലീഗെന്ന'   (Malthusian League) പ്രവർത്തകർ കൃത്രിമമായ ജനന നിയന്ത്രണത്തിനായി ശക്തിയായി വാദിക്കുന്നു. ഇത് മാൽത്തസ്  പറഞ്ഞ തത്ത്വങ്ങൾക്കും എതിരായിരുന്നു.

സ്വയം നിയന്ത്രണത്തിലൂടെ സന്താന നിയന്ത്രണമെന്ന മാൽത്തസിന്റെ കുടുംബാസൂത്രണം ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ പ്രജനന ശേഷിയെ മനഃപൂർവം നിയന്ത്രിക്കുന്നത് സഭ എക്കാലവും എതിർത്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടനകളുടെ നേതൃത്വത്തെയും കുടുംബാസൂത്രണം പോലുള്ള രാഷ്ട്രത്തിന്റെ തീരുമാനങ്ങളെയും സഭയ്ക്കൊരിക്കലും  ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നും വത്തിക്കാൻ ഭരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും യാഥാസ്ഥിതികരായ വത്തിക്കാന്റെ ഹൈറാർക്കിയാണ്. ഗർഭച്ഛിദ്രം, കൃത്രിമ ഗർഭനിരോധക ഉപാധികൾ  മുതാലായ ജനന നിയന്ത്രണ മാർഗങ്ങൾ സഭയ്ക്കുൾക്കൊള്ളുവാൻ സാധിക്കുന്നില്ല. അത്തരം സന്താന നിയന്ത്രണങ്ങളെല്ലാം സഭയുടെ ദൃഷ്ടിയിൽ പാപമാണ്. ഇവിടെ സഭയും മാൽത്തസിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്ന പ്രകൃതിനിയമങ്ങളിൽ വിശ്വസിക്കുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളെ ഏറ്റവുമധികം പ്രാവർത്തികമാക്കിയ രാജ്യം ചൈനയാണ്. ഭാരതവും ജനത്തെ നിയന്ത്രിക്കാനായി ഭീമമായ തുകകൾ ചെലവാക്കുന്നുണ്ട്. നാം രണ്ടെന്നുള്ള രണ്ടിൽ തുടങ്ങി ഭാരത കുടുംബാസൂത്രണത്തിൽ നാം ഒന്നെന്നുള്ള തീരുമാനങ്ങൾ വരെയായി. ഇപ്പോൾ നാം ഒന്ന് പിന്നെ മറ്റൊന്ന് എന്തിനെന്നും ചോദിക്കുന്ന സ്വാർഥമതികളുടെ ലോകം വരെയായി, സന്താന നിയന്ത്രണത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. 'അരിത്തമറ്റിക്ക് പ്രോഗ്രഷനും' 'ജോമട്രിക്ക് പ്രോഗ്രഷനും' പ്രകാരം  ജനസംഖ്യ കൂടുകയും ഭൂമിയുടെ വിഭവങ്ങൾ കുറയുകയും ചെയ്യുമെന്ന് ചൈനയും ഇന്ത്യയും പോലുള്ള ജനപ്പെരുപ്പമുള്ള രാജ്യങ്ങൾ     ഭയപ്പെട്ടിരുന്നു. വിഭവങ്ങൾ ഇല്ലാതെ എണ്ണം കൂടിയാൽ ഭക്ഷ്യദൗർലഭ്യം മൂലം മനുഷ്യർ കൂട്ടത്തോടെ ചാകും. പഞ്ഞം, പട, വസന്ത, യുദ്ധം മുതലായ മഹാദുരന്തങ്ങൾ സംഭവിക്കുമെന്ന  മാൽത്തസിന്റെ ഭയാനക തത്ത്വങ്ങളും ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

മാൽത്തൂസിയൻ തത്ത്വങ്ങൾ തെറ്റെന്ന് ഇക്കണോമിസ്റ്റുകൾ വിവിധ കാഴ്ചപ്പാടുകളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നു. അമേരിക്കയിൽ അമിത ഭക്ഷണം മൂലം എഴുപതു ശതമാനം ജനങ്ങളും തടിച്ചു കൊഴുത്തിരിക്കുന്നു. ചൈനയിൽ പന്ത്രണ്ടു ശതമാനം ജനങ്ങളും അമിത ഭാരമുള്ള ശരീരം വഹിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇന്ത്യയിൽ പത്തു ശതമാനം ജനങ്ങൾ ഭക്ഷണത്തിന്റെ ക്രമീകരണമില്ലാത്തതിനാൽ പ്രമേഹ  രോഗികളായി കാണപ്പെടുന്നു. ആരോഗ്യപരമല്ലാത്തതും അമിത  ഭക്ഷണവും കഴിക്കുന്നതു കാരണം വിചിത്രങ്ങളായ രോഗങ്ങളും സാധാരണമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ തെരുവുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ കൂമ്പാരം തന്നെ കാണാം. വർദ്ധിച്ചു വരുന്ന ജനതയെക്കാൾ ഭക്ഷണ വിഭവങ്ങൾ ഇന്ന് ലോകത്തുണ്ട്. ജനസംഖ്യ കുറയ്‌ക്കുന്ന പദ്ധതികളുമായി രാജ്യങ്ങൾ മുമ്പോട്ടു പോകുന്നുവെങ്കിൽ അമിതമായി കുന്നുകൂടിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താക്കൾ ഇല്ലാതാകും. മാൽത്തസിന്റെ തത്ത്വങ്ങൾ നാം തെറ്റാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അമിത ഭക്ഷണംമൂലം സംഭവിക്കുന്ന 'ഡയബെറ്റിസ്', 'ഹൈപ്പർ ടെൻഷൻ' മുതലായ രോഗങ്ങൾ മരണനിരക്ക് കൂട്ടുകയും  അദ്ദേഹത്തിൻറെ ചിന്തകൾ ബലവത്താകുകയും ചെയ്യുന്നു.  മാൽത്തസിന്റെ തത്ത്വങ്ങൾക്കെതിരായ പ്രകൃതിവിരുദ്ധമായ ഭക്ഷ്യയുൽപ്പാദനങ്ങളാണ്  അതിനു കാരണമെന്നുള്ളതും ഇവിടെ വ്യക്തമാണ്.

ആധുനിക നരവംശ ശാസ്ത്രത്തിന്റെ നിഗമനപ്രകാരം മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ച വിധേയമായ വിവിധതരം പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്‍ഷികസംസ്‌കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയായിരുന്നു. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി മാറി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല.   അതിന്റെ ഫലമായി പ്രാകൃത മനുഷ്യർ വേട്ടയാടി ജീവിച്ചിരുന്നു. കാറ്റും മഴയും പ്രകൃതിയുമായി മല്ലിട്ടു ജീവിച്ചിരുന്ന ഗുഹായുഗ മനുഷ്യൻ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടാനും പഠിച്ചു. നിത്യേന മാംസഭുക്കായ മനുഷ്യന് കാട്ടിലെ മൃഗങ്ങൾ പോരാതെ വന്നു. മൃഗങ്ങളുടെ എണ്ണത്തിലും സാരമായ കുറവുകൾ സംഭവിക്കാനും തുടങ്ങി. ഇരകൾക്ക് ക്ഷാമം വന്നപ്പോൾ ആഹാരത്തിന്റെ കുറവ് കാരണം മനുഷ്യരുടെ എണ്ണവും കുറയാൻ തുടങ്ങി. ശിശുമരണവും കാരണമായിരുന്നു. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം തിട്ടപ്പെടുത്തുന്നതും പ്രകൃതിനിയമം ആയിരുന്നു. മാൽതസിന്റെ കണക്കുകൂട്ടലും ഈ പ്രകൃതി നിയമം അനുസരിച്ചായിരുന്നു. പക്ഷെ മനുഷ്യനെന്നും ബുദ്ധി ശക്തിയാലും ചിന്താശക്തിയാലും ജീവിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ തേടിയുള്ള ജൈത്രയാത്ര അവൻ ആരംഭിച്ചു. വനങ്ങൾ വെട്ടിത്തെളിച്ചും കൃഷിയിടങ്ങൾ ഉണ്ടാക്കിയും അവൻ ഭക്ഷണത്തിനായുള്ള കൃഷി തുടങ്ങി. പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും നട്ടു വളർത്തി. വേട്ടക്കാരനായ മനുഷ്യൻ ഇരകളുടെ എണ്ണമനുസരിച്ചു തൃപ്തിയാവാതെ കൂടുതൽ ജനതയ്ക്കായുള്ള ഭക്ഷണ വിഭവങ്ങളും കണ്ടെത്താൻ തുടങ്ങി. അവിടെയവൻ മാൽത്തസിന്റെ തത്ത്വമായ പ്രകൃതി നിയമം ലംഘിക്കുകയായിരുന്നു. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും മാൽത്തസിന്റ ഗുണിതങ്ങളും സമതുലിതങ്ങളുമല്ലെന്നു തെളിയിച്ചതോടുകൂടി അദ്ദേഹത്തിൻറെ തത്ത്വങ്ങൾ ശരിയായ കണക്കുകൂട്ടലുകളോടെയല്ലെന്നും വ്യക്തമായി. പ്രകൃതി നിയമത്തിനു വിരുദ്ധമായി കാർഷിക സംസ്ക്കാരത്തിന്റെ നവോദ്ധാന ചിന്തകളും അവിടെനിന്നു രൂപം പ്രാപിച്ചു.

നാം വസിക്കുന്ന ഈ ഭൂമി സസ്യങ്ങളുടെ ഭൂയിഷ്‌ഠതയ്‌ക്കായി ജൈവവളങ്ങൾ നിറഞ്ഞതാണ്. രാസവളങ്ങളൊന്നും മാൽത്തൂസിന്റെ കാലത്തു കണ്ടുപിടിച്ചിരുന്നില്ല. ജൈവ വളങ്ങളുടെ വീര്യം കുറയുമ്പോൾ ഭക്ഷ്യവിളകൾ താനേ കുറയുമെന്ന ഒരു ധാരണയുമുണ്ടായിരുന്നു. ജനങ്ങളുടെ എണ്ണം അനുസരിച്ചു ഭക്ഷ്യവിളകൾ കുറയുമെന്നും അതുമൂലം രൂക്ഷമായ ക്ഷാമം ഉണ്ടാകുമെന്നും മാൽത്തസിന്റെ കണക്കുകൂട്ടലുകൾ അന്നത്തെ സമൂഹവും വിശ്വസിച്ചിരുന്നു. വാസ്തവത്തിൽ മാൽത്തസ് പറഞ്ഞത് ഒരു പ്രകൃതി നിയമമായിരുന്നു. പക്ഷെ അദ്ദേഹം പ്രവചിച്ചത് സംഭവിച്ചില്ല. പ്രകൃതി നിശ്ചയം പോലെ നടന്നിരുന്നെങ്കിൽ മാൽത്തസിന്റെ തത്ത്വങ്ങൾ ശരിയാകുമായിരുന്നു. വളർന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ കഴിവുകളെയും ബുദ്ധിവൈഭവത്തെയും മാൽത്തസിനു ചിന്തിക്കാൻ സാധിച്ചില്ല. മനുഷ്യൻ മണ്ണിനാവശ്യമായ പുതിയ രാസവളങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു. പത്തും പതിനഞ്ചും മേനി വിളയുന്ന 'വിത്ത്' വിളകളും കൃഷിസ്ഥലങ്ങളിലിറക്കി. ഹരിതക വിപ്ലവങ്ങളും ധവളവിപ്ലവങ്ങളും മാൽത്തസ്സിന്റെ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. ജനസംഖ്യയുടെ അനുമാനത്തേക്കാൾ ഇരട്ടിയും പത്തിരട്ടിയും ഭക്ഷ്യവിളകളും നാണ്യവിളകളും മനുഷ്യനു നേടാൻ സാധിച്ചു. അവിടെ മാൽത്തസിന്റെ തത്ത്വങ്ങൾ അർത്ഥമില്ലാതെയായി.

മാൽത്തസിനെ കൂടാതെ ഇതുപോലെ അദ്ദേഹത്തെ അനുകരിച്ച മറ്റനേക ചിന്തകരും സാമ്പത്തിക ശാസ്ത്രങ്ങളുടെ ചുരുളകൾ അഴിക്കുകയും അഭിപ്രായങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ലോകം ഭക്ഷ്യക്ഷാമത്തിൽ മുങ്ങിക്കുളിക്കുമെന്നും മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും  ഭൂമിയുടെ  ഭൂരിഭാഗവും വരൾച്ചയനുഭവപ്പെടുമെന്നും മനുഷ്യന്റെ ആയുർദൈർഘ്യം കുറയുമെന്നും ജനങ്ങൾ മരിച്ചുവീഴുമെന്നും ജനസംഖ്യ കുറയുമെന്നൊക്കെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലന്നുള്ളതാണ് സത്യം. മനുഷ്യന്റെ ബുദ്ധിവൈഭവത്താലും കഠിന പ്രയത്നങ്ങൾകൊണ്ടും ആ പ്രവചനങ്ങളെയെല്ലാം നിഷ്ക്രിയങ്ങളാക്കി .  ലോകരാഷ്ട്രങ്ങളിൽ പൊതുവേ ജനസംഖ്യക്കനുപാതമായി ഭക്ഷ്യോത്ഭാദനം അനേക മടങ്ങുകൾ വർദ്ധിച്ചു.   ഇൻഡ്യ ഇന്ന് ഒന്നേകാൽ ബില്യൻ ജനങ്ങളെ  തീറ്റിപോറ്റിയശേഷം രാജ്യത്തുൽപ്പാദിപ്പിക്കുന്ന ധാന്യവിളകൾ വലിയ തോതിൽ പുറംലോകത്തേയ്ക്ക് കയറ്റുമതിയും ചെയ്യുന്നു. അവിടെയെല്ലാം മാൽത്തസിന്റെ തത്ത്വങ്ങൾക്ക് പ്രസക്തിയില്ലാതെയാവുകയായിരുന്നു.







Proving Thomas Malthus wrong.  


Charls Darwin








EMalayalee:

malayalam Daily News

Joychan Puthukkulam 

Kalavedi Online 


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...