Friday, January 13, 2017

പ്രവാസികളുടെ താരം ശ്രീമതി സുഷമ സ്വരാജ് (ഒരു അവലോകനം)



ജോസഫ് പടന്നമാക്കൽ 

ഭാരതീയ ജനതാ പാർട്ടി അംഗവും പതിനാറാമത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും  മുതിർന്ന നേതാവുമായ ശ്രീമതി സുഷമ സ്വരാജ്,  ചരിത്രം തിളങ്ങുന്ന നേട്ടങ്ങളുമായി ലോകമാകമാനമുള്ള പ്രവാസി സമൂഹങ്ങളുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നു.  രാഷ്ട്രീയത്തിൽ പരാജയങ്ങളും വിജയങ്ങളും  ഒന്നുപോലെ രുചിച്ചറിഞ്ഞശേഷം ഭാരതീയ ജനതാ പാർട്ടിയിൽക്കൂടി ഉയർന്നു വന്ന ഒരു പ്രതിഭയാണവർ.   ഇപ്പോൾ മോദി  സർക്കാരിലെ പ്രഗത്ഭയായ വിദേശകാര്യ മന്ത്രിയും. ആറു പ്രാവിശ്യം ഇന്ത്യൻ പാർലമെന്റിൽ സേവനം ചെയ്തു. പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. 1977 മുതൽ 1982 വരെ ഹരിയാനയുടെ എം.എൽ. എ ആയിരുന്നു. 1998-ൽ ഡൽഹിയുടെ എം എൽ. എ യായും സേവനം ചെയ്തു. അതേ വർഷംതന്നെ  ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. എക്കാലവും രാഷ്ട്രീയപരമായി വിവാദങ്ങളടങ്ങിയ നേട്ടങ്ങൾ കൊയ്തുകൊണ്ടുള്ള ജീവിതമായിരുന്നു അവർക്കുണ്ടായിരുന്നത്. ഭരിക്കുന്ന സർക്കാരുകളിലും  പ്രതിപക്ഷത്തും ഒരുപോലെ പ്രധാനപ്പെട്ട  സ്ഥാനമാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഓരോ കാലഘട്ടങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ, പ്രഗത്ഭരായ സ്ത്രീകൾ ഭരണ സംവിധാനങ്ങളിൽ നേതൃത്വം കൊടുത്തിരുന്നതായി കാണാം. അവരിൽ പ്രമുഖരായ ഇന്ദിരാ ഗാന്ധി, സിരി മാവോ, ഗോൾഡാ മേയർ, മാർഗരറ്റ് താച്ചർ എന്നിവർ ലോകനേതാക്കളുടെ പട്ടികകളിൽ ഉൾപ്പെടുന്നു.  ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽനാൾ പ്രസിഡന്റ് പദം അലങ്കരിച്ച നേതാവ് സോണിയാ ഗാന്ധിയാണ്. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭവതികളായ സ്ത്രീ നേതാക്കളിൽ 'അക്കമ്മ ചെറിയാനും' 'കെ.ആർ. ഗൗരിയും' പ്രഥമ ഗണങ്ങളിൽപ്പെടുന്നു.  തമിഴ് നാട്ടിലെ ജയ ലളിത, യു പി. യിലെ മായാവതി, ബംഗാളിലെ മമതാ ബാനർജി, ദൽഹി മുഖ്യ മന്ത്രിയും കേരളാ ഗവർണ്ണറുമായിരുന്ന ഷൈല ദിക്ഷിത്, എന്നിവരുടെ പേരുകൾ എടുത്തുപറയേണ്ടിയിരിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും നിറം പകർത്തുന്ന യുവതികളായ എം.പി.മാരും മറ്റു രാഷ്ട്രീയ നേതാക്കന്മാരുമുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര സ്കിൻഡ്യയാ, മഹാരാഷ്ട്രയിലെ പവാറിന്റെ മകൾ സുപ്രിയാ സുലെ, ലോകസഭാ സ്പീക്കറായിരുന്ന സംഗമയുടെ മകൾ അഗതാ സംഗമ എന്നിവർ യുവതികളായ നേതാക്കളുടെ  ഗണത്തിൽപ്പെടുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ ഈ വനിതാ നേതാക്കൾക്ക് നാടിനും സമൂഹത്തിനും വേണ്ടി പ്രവർത്തിച്ച ആദർശവാദികളെന്ന ലേബലുകളുണ്ടെങ്കിലും  ശക്തമായ വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും അവർ രാജ്യത്തിനു വേണ്ടി നൽകിയ സംഭാവനകളെ ചെറുതാക്കുന്നതും അഭികാമ്യമല്ല.

ഇന്നുള്ള  ഇന്ത്യയിലെ സ്ത്രീ രാഷ്ട്രീയക്കാരുടെയിടയിലുള്ള  ബലവത്തായ  സുഷമാജി, പ്രവാസി സമൂഹങ്ങൾക്കുവേണ്ടി സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വക്താവുംകൂടിയാണ്. 1952-ഫെബ്രുവരി പതിനാലാം തിയതി അമ്പാല കന്റോണ്മെന്റിലുള്ള ശ്രീ ഹർദേവ് ശർമയുടെയും ശ്രീമതി ലക്ഷ്മി ദേവിയുടെയും മകളായി 'സുഷമാ സ്വരാജ്' ജനിച്ചു. അവരുടെ പിതാവ് ആർ.എസ്.എസ്' സംഘടനയിൽ പ്രവർത്തിച്ചിരുന്നു. അമ്പാല കന്റോണ്മെന്റിലുളള എസ്.ഡി കോളേജിൽനിന്നും  രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും സംസ്കൃതത്തിലും ബി.എ.ഡിഗ്രികൾ കരസ്ഥമാക്കി. പഞ്ചാബിലുള്ള ചാണ്ഡിഗർ യൂണിവേഴ്സിറ്റിയിൽനിന്നു എൽ.എൽ.ബി. ഡിഗ്രിയും നേടി. 1970-ൽ എസ്‌.ഡി. കോളേജിൽനിന്നും പഠിക്കാനേറ്റവും സമർത്ഥയായിരുന്ന വിദ്യാർഥിനിയെന്നനിലയിൽ  അവാർഡുകളും നേടിയിരുന്നു.

പാഠ്യേതരമായ വിഷയങ്ങളിലും അവർ അതിമിടുക്കിയായിരുന്നു. ക്ലാസിക്കൽ സംഗീതം, നാടകം മുതലായ കലാ പ്രകടനങ്ങളിൽ മികച്ച കഴിവുകൾ കാഴ്ച വെച്ചിട്ടുണ്ട്. കവിതകളും എഴുതുമായിരുന്നു. സാഹിത്യത്തിലും അഭിരുചിയുണ്ടായിരുന്നു. എസ്‌.ഡി.കോളേജിലെ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഏറ്റവും മികച്ച വനിതാ എൻ.സി.സി. കേഡറ്റായി അവരെ തെരഞ്ഞെടുത്തിരുന്നു. ഹരിയാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും  സംസ്ഥാന നിലവാരങ്ങളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ ഹിന്ദിയിലെ ഏറ്റവും നല്ല പ്രാസംഗികയായി അറിയപ്പെട്ടിരുന്നു. കൂടാതെ തുടർച്ചയായി അവാർഡുകളും  നേടിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും ഏറ്റവും പ്രാവീണ്യം നേടിയ  പ്രാസംഗികയായിരുന്നു. പദ്യപാരായണത്തിലും, വാദപ്രതിവാദങ്ങളിലും, യുക്തി ചിന്തകളിലും സാംസ്ക്കാരിക കലകളിലും അവാർഡുകളുടെ ഒരു കൂമ്പാരം തന്നെ നേടിക്കൊണ്ടിരുന്നു. നാലു വർഷത്തോളം ഹരിയാന സ്റ്റേറ്റിലെ ഹിന്ദി സാഹിത്യ സംഘടനകളുടെ അദ്ധ്യക്ഷയുമായിരുന്നു.

സുഷമ പഠിക്കുന്ന കാലങ്ങളിൽ വിദ്യാർഥി യൂണിയൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നുതുകൊണ്ടു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരുവിനും കാരണമായി. 1970ൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. ഇന്ദിരാ ഗാന്ധിജിക്കെതിരെ അവരുടെ നേതൃത്വത്തിൽ തുടർച്ചയായ പ്രതിക്ഷേധ പ്രകടനങ്ങളും   സംഘടിപ്പിച്ചിരുന്നു. അനേകായിരങ്ങളെ ആകർഷിക്കത്തക്ക പ്രസംഗ വൈഭവവും അവർക്കുണ്ടായിരുന്നു. ജനതാ പാർട്ടിയിൽ ചേർന്ന് അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടിരുന്നു. നല്ലയൊരു സംഘാടകയെന്നും തെളിയിച്ചു. ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവുമായി. ഇരുപത്തിയേഴാം വയസ്സിൽ പാർട്ടിയുടെ ഹരിയാന സ്റ്റേറ്റ് പ്രസിഡണ്ടായി പ്രവർത്തിച്ചു.

1975 ജൂലൈ പതിമൂന്നാംതിയതി സുപ്രീം കോടതി അറ്റോർണി ശ്രീ സ്വരാജ് കൗശലിനെ വിവാഹം ചെയ്തു. ശ്രീ കൗശൽ ക്രിമിനൽ നിയമങ്ങളിൽ വിദഗ്ദ്ധനായിരുന്നു. 1990-ൽ കൗശൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണ്ണറായിരുന്നു. കൂടാതെ 1990 മുതൽ 2004 വരെ അദ്ദേഹം പാർലമെന്റ് അംഗവുമായിരുന്നു. അവരുടെ മകൾ ബാൻസുരി കൗശൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാരിസ്റ്റർ അറ്റ് ലോ (Barrister at Law) ബിരുദമെടുത്തു.

 'സുഷമ'  1973-ൽ സുപ്രീം കോടതിയിൽ അഡ്വക്കേറ്റായി പരിശീലനം തുടങ്ങി. ലോകസഭാ മത്സരത്തിൽ അവർ 1980 ലും 1984 ലും 1989-ലും പരാജയപ്പെട്ടു. ഓരോ പ്രാവശ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയോടാണ് തോറ്റത്. 1996-ൽ അവർ ലോകസഭയിൽ  ജയിക്കുകയും ചുരുങ്ങിയ ദിവസങ്ങൾ മാത്രം (13 days) വാജ്‌പേയി മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്ക്യാസ്റ്റിങ്ങ് (Information and Broadcasting) മന്ത്രിയാവുകയുമുണ്ടായി. 1998-ൽ വീണ്ടും തെരഞ്ഞെടുക്കുകയും അതെ വർഷം മാർച്ച് മുതൽ ഒക്ടോബർ വരെ മന്ത്രിയാവുകയും ചെയ്തു.  മന്ത്രിസ്ഥാനം അവർ രാജിവെക്കുകയും ഡൽഹി മുഖ്യമന്ത്രിയെന്ന ചുമതലയേറ്റെടുക്കുകയും ചെയ്തു. 1998-ൽ ഡൽഹി  അസംബ്ലി മത്സരത്തിൽ ബി.ജെ.പി. പരാജയപ്പെട്ടപ്പോൾ 'സുഷമ സ്വരാജ്' വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ വന്നു.

സോണിയാ ഗാന്ധിക്കെതിരെ കർണ്ണാടകയിലെ ബെല്ലാരി നിയോജകമണ്ഡലത്തിൽ നിന്നും 'സുഷമ സ്വരാജ്' മത്സരിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. അവിടം എക്കാലവും കോൺഗ്രസ്സ് പാർട്ടിയുടെ കുത്തകയായിരുന്ന ഒരു പാർലമെന്റ് മണ്ഡലമായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി മുന്നേറിയ അവർക്ക് മൂന്നു ലക്ഷത്തി അമ്പത്തിയെണ്ണായിരം വോട്ടുകൾ നേടാൻ കഴിഞ്ഞു. വെറും അയ്യായിരത്തി അറുനൂറു വോട്ടിന്റെ കുറവുകൊണ്ടാണ് സുഷമ  അന്നു സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടത്. എങ്കിലും ബി. ജെ. പി യെ സംബന്ധിച്ച് കർണ്ണാടകയിൽ രാഷ്ട്രീയ വേരുകളുറപ്പിക്കാൻ സുഷമയുടെ ഈ മത്സരം സഹായകമായിരുന്നു.

'ഒരു ഇറ്റാലിയൻ സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്ന ഘട്ടം വന്നപ്പോൾ അതിനെ ഏറ്റവുമധികം എതിർത്ത വ്യക്തി സുഷമാ സ്വരാജായിരുന്നു. ഭാരതത്തിന്റെ മണ്ണിൽ ഒരു വിദേശസ്ത്രീ പ്രധാനമന്ത്രിയാകുന്നപക്ഷം താൻ തല മുണ്ഡനം ചെയ്യുമെന്നും വെറും തറയിൽ കിടക്കുമെന്നും വെള്ള സാരിയുടുത്തുകൊണ്ടു ധാന്യങ്ങൾ മാത്രം ഭക്ഷിച്ചു ജീവിക്കുമെന്നും' അവർ പ്രഖ്യാപിച്ചു. അവരുടെ ഈ പ്രസ്താവന രാജ്യമാകെ കോളിളക്കമുണ്ടാക്കിയിരുന്നു. നാനാഭാഗത്തുനിന്നും വിമർശനങ്ങളും നേരിടേണ്ടി വന്നു. വിമർശനങ്ങൾ അവർ ചെവികൊണ്ടില്ല. 'താൻ ധീര യോദ്ധാവായിരുന്ന മഹാറാണാ പ്രതാപിന്റെ കാലടികളെ പിന്തുടരുന്ന രാജ്യസ്നേഹിയെന്നും' അവർ വിമർശകർക്ക് മറുപടി കൊടുത്തു.

2006 ഏപ്രിലിൽ സുഷമ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയും രാജ്യസഭയുടെ ഉപാദ്ധ്യക്ഷയെന്ന സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സുഷമയെ ട്വിറ്റർ താരമെന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയായിലെ താരം സുഷമയാണ്. ട്വിറ്ററിൽക്കൂടി സഹായം അഭ്യർദ്ധിച്ചു വരുന്നവരെ നിരാശപ്പെടുത്താൻ  അവർ  ഒരിക്കലും ആഗ്രഹിക്കില്ല. സഹായത്തിനെത്തുന്നവരുടെയും  ദുഃഖിതരാവുന്നവരുടെയും മുമ്പിൽ അടിപതറുന്ന ശുദ്ധമായ ഒരു മനസാണ്  അവർക്കുള്ളത്. ആഗോള പ്രശ്നങ്ങൾ അവർ നേരിട്ട് കൈകാര്യം ചെയ്യുന്നതുകൂടാതെ ഓൺലൈൻ വഴി അനേകരുടെ വ്യക്തിഗതമായ ആവശ്യങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം സർക്കാരിലെ ചുവപ്പുനാടകളുടെ ഒളിച്ചുകളികൾക്ക് നിർവാഹകമാവുകയും ചെയ്യുന്നു.

ട്വിറ്ററിൽക്കൂടി ആയിരക്കണക്കിന് സഹായം അഭ്യർഥിച്ചവരുടെ ആവശ്യങ്ങളാണ് അവർ ഇതിനോടകം നിറവേറ്റിയത്. 2016 ഒക്ടോബർ പത്തൊമ്പതാം തിയതി ന്യുജേഴ്സിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന ഹരി ഓം  പാണ്ഡെ  (Hariom Pandey)  മരിച്ചു. പാണ്ഡെയുടെ മരണശേഷം ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിൻറെ ഭാര്യ  'ദീപക്'  ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആശുപത്രി ചെലവുകളെല്ലാം അവരുടെ സുഹൃത്തുക്കൾ വഹിച്ചെങ്കിലും ജീവിക്കാൻ അവർക്ക് മടങ്ങി പോയേ മതിയാവുമായിരുന്നുള്ളൂ. അതിനായി ജനിച്ച കുഞ്ഞിന് ഇന്ത്യയിൽ പോവാൻ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ കാലതാമസമുണ്ടാകുമെന്നു മനസിലായി. ട്വിറ്ററിൽക്കൂടി അവർ സുഷമയുമായി ബന്ധപ്പെട്ടു. നവംബർ എട്ടാം തിയതി രാത്രിയിൽ എത്തിയ അപേക്ഷയ്ക്ക് ഒമ്പതാം തിയതി രാവിലെതന്നെ പ്രതികരണവും ലഭിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു, "ദീപിക, നിങ്ങൾ അഭിമുഖീകരിക്കുന്ന ഈ വിഷമഘട്ടത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യൻ എംബസിയോട് നിങ്ങളെ അടിയന്തിരമായി സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്." മന്ത്രിയുടെ ഇടപെടൽ മൂലം ഒരു ദിവസം കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. മാനസികമായും ശാരീരികമായും തളർന്നുപോയ ആ യുവതിയ്ക്ക് സുഷമയുടെ സഹായം ഒരു ആശ്വാസമായിരുന്നു.

ആഭ്യന്തര യുദ്ധങ്ങളിൽ അകപ്പെട്ട യെമൻ പ്രശ്നങ്ങളിൽ ഇന്ത്യക്കാർ അവിടെ കുടുങ്ങിയപ്പോൾ അവരെയെല്ലാം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സുഷമാജിക്കൊരു വെല്ലുവിളിയായിരുന്നു. സുരക്ഷിതമായിത്തന്നെ അവരുടെ രാജ്യത്തുനിന്ന് അടിയന്തിരമായി തിരിച്ചു കൊണ്ടുവന്നതും സാഹസികതയായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കുകയും ചെയ്തു. അവിടെ അകപ്പെട്ടു പോയവരെ രക്ഷിക്കാൻ ഇന്ത്യൻ എയർ ഫോഴ്സ് രണ്ടു വിമാനങ്ങളയച്ചു. 1100 വീതം യാത്രക്കാരെ കൊണ്ടുവരാൻ രണ്ടു കപ്പലുകളും അയച്ചു. ഇന്ത്യൻ നേവിയുടെ  സുമിത്ര, മുംബൈ, തർകാഷ് എന്നിങ്ങനെ മൂന്നു യുദ്ധക്കപ്പലുകളും യെമനിലെത്തി. യാത്രാ രേഖകളുടെ അഭാവത്തിൽ ആരുടെയും ഇന്ത്യയിലേക്കുള്ള യാത്രകൾ നിഷേധിച്ചില്ല. യെമനിൽ കുടുങ്ങി കിടന്ന മൂന്നു പാക്കിസ്ഥാനികളെ രക്ഷിക്കുകയും അവരെ പാക്കിസ്ഥാനിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ആപത്തിൽ കുടുങ്ങികിടക്കുമ്പോൾ ശത്രു രാജ്യമാണെങ്കിലും മാനുഷിക പരിഗണനങ്ങളെയായിരുന്നു അവർ മാനിച്ചിരുന്നത്.

അതിർത്തികൾക്കിടയിലെ അകലങ്ങളിൽ ജീവിക്കുന്നവർക്കും സുഷമ സ്വരാജ് ഒരു ആശ്രയമാണ്.  ഇന്ത്യൻ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിച്ച പാക്കിസ്ഥാൻ പെൺകുട്ടികൾക്ക് ചുവപ്പുനാടകളിടപെടാതെ ഇന്ത്യയിലേക്കുള്ള സുഗമമായ യാത്രക്കായി ഉടനടി തന്നെ വിസാ നൽകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പുതിയതായി ജനിച്ച കുഞ്ഞുങ്ങൾക്കും രോഗവും മരണവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും അടിയന്തിരമായി യാത്ര ചെയ്യേണ്ടവർക്കും താമസമില്ലാതെ പാസ്പോർട്ട് നൽകാനുള്ള സുഷമയുടെ ട്വിറ്ററിൽ കൂടിയുള്ള സംവിധാനവും ഇടപെടലുകളും വിദേശത്തു ജീവിക്കുന്നവർക്ക് ഒരു ആശ്വാസമാണ്.

2017 ജനുവരിയിൽ ഏറ്റവും ഒടുവിലായി കിട്ടിയ ഒരു വാർത്തയിൽ കുവൈറ്റിലെ ഫറവാനിയ ആശുപത്രിയിൽ രോഗിയായി അബോധാവസ്ഥയിൽ ഗുരുതരമായി കഴിയുന്ന ഒരു മലയാളി സ്ത്രീയെപ്പറ്റിയുള്ള അന്വേഷണങ്ങളുമായി സുഷമാ സ്വരാജ് എത്തിയെന്നുള്ളതാണ്.  കുവൈറ്റ് ഇന്ത്യൻ എമ്പസിയിൽ നിന്നും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. കൊല്ലം, കുണ്ടറ സ്വദേശി കുവൈറ്റിൽ ജോലി ചെയ്യുന്ന ജോൺ ജോർജിന്റെ ഭാര്യ ആനി കൊച്ചുകുഞ്ഞാണ്‌ അവർ. ആനിയുടെ മകൻ സച്ചിൻ ഇന്ത്യയിൽ പട്ടാളത്തിൽ ജോലിചെയ്യുന്നു. തീവ്ര പരിചരണത്തിൽ ആശുപത്രിയിൽ കഴിയുന്ന അവരെ ഉടനടി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും സുഷമ നിർദ്ദേശിച്ചു കഴിഞ്ഞു.

പാർലമെന്റിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെപോലും സ്‌നേഹാദരവുകൾ  സുഷമാജിയ്ക്ക് ലഭിക്കുന്നുണ്ട്. എതിർ പാർട്ടികളിലുള്ളവരുടെയും  ബഹുമതികൾ ലഭിച്ച ഒരു കേന്ദ്ര മന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുള്ളൂ. 'ആം ആദ്മി പാർട്ടി'യിലെ' 'ഭഗവാൻ വാണി' പാർലമെന്റിൽ സുഷമയെ പുകഴ്ത്തികൊണ്ട് സംസാരിച്ചതും ശ്രദ്ധേയമായിരുന്നു. "സുഷമാജി, നിങ്ങൾക്ക് എന്റെ നന്ദി, നമ്മുടെ ജനങ്ങളെ വിദേശരാജ്യങ്ങളിലുള്ള ആഭ്യന്തര കലാപങ്ങളിൽനിന്നും രക്ഷപെടുത്തുന്നതിൽ നിങ്ങൾ രാഷ്ട്രത്തിനായി ചെയ്ത സേവനങ്ങൾ അതുല്യങ്ങളെന്നും അതുമൂലം രാഷ്ട്രമെന്നും നിങ്ങളോടു കടപ്പെട്ടിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

മറ്റൊരു പാർലമെന്റ് അംഗമായ  'മാൻ', തന്റെ മണ്ഡലത്തിൽനിന്നും പതിമൂന്നുപേരെ സൗദി അറേബ്യയായിൽ അടിമകളായി പാർപ്പിച്ചതും സുഷമയുടെ തക്ക സമയത്തുള്ള ഇടപെടൽ മൂലം അവരെയും മറ്റു എട്ടു പേരെയും അവിടെനിന്നു രക്ഷപെടുത്തി നാട്ടിൽ സുരക്ഷിതമായി കൊണ്ടുവരുകയും ചെയ്ത കഥകളും വിവരിച്ചു. അദ്ദേഹവും സുഷമാജിയോട് നന്ദി പറഞ്ഞു. .എ.പി. അംഗം 'ധരം വീർ ഗാന്ധി'യ്ക്ക് 'യാതൊരു ചോദ്യവും ചോദിക്കാനില്ലെന്നും സുഷമയോട് നന്ദി മാത്രം പറഞ്ഞാൽ മതിയെന്നും' പറഞ്ഞു. 'എന്താവശ്യമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അവർ സഹായിച്ചിട്ടുള്ള ചരിത്രം മാത്രമേയുള്ളൂവെന്നും പഞ്ചാബിനുവേണ്ടി അവർ ചെയ്ത സേവനങ്ങൾക്ക് കണക്കു ബോധിപ്പിക്കാൻ സാധിക്കില്ലാന്നും' പറഞ്ഞു. ബി.ജെ.പി. നേതാവായ ബി.ജെ. പാണ്ഡെ സുഷമാജിയെ നോക്കിക്കൊണ്ടു പറഞ്ഞത്, "എന്തു  ചോദ്യങ്ങൾ ചോദിച്ചാലും അവർ വളരെ സരളമായി ഹിന്ദിയിൽ മറുപടി പറയും. ഇംഗ്ലീഷിൽ ചോദിച്ചാലും മറുപടി ഹിന്ദിയിൽ തന്നെ കിട്ടും. പാർലമെന്റിൽ ഹിന്ദി അറിയാവുന്നവർപോലും ഇംഗ്ളീഷിൽ മാത്രമേ മറുപടി പറയുള്ളൂവെന്നും പാണ്ഡെ ചൂണ്ടി കാണിച്ചു. മന്ദസ്മിതത്തോടെ കൈകൾ കൂപ്പിക്കൊണ്ട് സുഷമാജി എല്ലാവർക്കും അന്നേദിവസം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

2016 നവംബർ പതിനാറാം തിയതി സുഷമ തന്റെ 'കിഡ്‌നി' പ്രവർത്തന രഹിതമായതുകൊണ്ടു രോഗബാധിതയായി ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (All India Medical Institute) പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു ട്വിറ്റ് ചെയ്തിരുന്നു. 2016 നവംബർ ഏഴാംതീയതി അവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവരോടുള്ള സ്നേഹാദര സൂചകമായി രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളവർ അവർക്ക് കിഡ്‌നി ദാനം ചെയ്യാൻ തയ്യാറായി വന്നിരുന്നു. ബന്ധുജനങ്ങളുടെ കിഡ്‌നികൾ അവരുടെ ശരീരത്തിന് യോജിച്ചതായിരുന്നില്ല. കിഡ്‌നിയ്ക്ക് പ്രശ്നമായതു ഡയബിറ്റിസ് മൂർച്ഛിച്ചതുകൊണ്ടായിരുന്നു. മീഡിയാകളിൽനിന്ന്  നൂറു കണക്കിന് ജനമാണ് അവർക്ക്  കിഡ്‌നി ദാനമായുള്ള വാഗ്ദാനങ്ങളുമായി  രംഗത്തു വന്നത്. പാക്കിസ്ഥാൻ ഹൈകമ്മീഷണർ ഉൾപ്പടെ പ്രമുഖരായ പലരും എത്രയും വേഗന്ന് രോഗ വിമുക്തയാകാൻ അവർക്ക് ആശംസകളർപ്പിച്ചിരുന്നു.

നവംബർ പത്തൊമ്പതാം തിയതി ഒരു മുസ്ലിം യുവാവ് കിഡ്‌നി ദാനം ചെയ്യാനായിട്ടു തയ്യാറായി വന്നു.  'കിഡ്‌നിയ്ക്ക് യാതൊരു മതവുമില്ലെന്നു' അവർ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര പ്രദേശിലെ ഒരു മുൻമന്ത്രിയും സുഷമാജിക്കു  കിഡ്‌നി നൽകാനാഗ്രഹിച്ചു.   മുൻമന്ത്രി പറഞ്ഞു, "എന്റെ കിഡ്‌നി സുഷമ സ്വരാജിന് ദാനം ചെയ്യാൻ  ആഗ്രഹിക്കുന്നു. അവരുടെ സത്യസന്ധത, രാജ്യത്തോടുള്ള കർമ്മനിരത  നിറഞ്ഞ  പ്രവർത്തനങ്ങൾ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രയത്നങ്ങൾ, എന്നീ കാര്യങ്ങളിൽ അവർ നമ്മുടെ രാജ്യത്തിനുതന്നെ ഒരു മാതൃകയാണ്. തന്റെ കിഡ്‌നി സുഷമയ്ക്ക് സ്വീകാര്യമാകണമേയെന്നും ആഗ്രഹിക്കുന്നു."  അപരിചിതയായ നാല്പത്തിരണ്ടു വയസുള്ള ഒരു സ്ത്രീയുടെ കിഡ്‌നി അവർക്ക് പാകമായിരുന്നു.  കിഡ്‌നി മാറ്റാൻ രാവിലെ ഒമ്പതുമണി മുതൽ തുടങ്ങിയ പ്രവർത്തനം രണ്ടര മണി വരെ നീണ്ടുനിന്നു. ഏകദേശം അമ്പത് ഡോക്ടർമാരോളം സമീപത്തുണ്ടായിരുന്നു.

രാഷ്ട്ര നേതാക്കൾ സംബന്ധിച്ചിരുന്ന നേതൃ സമ്മേളനത്തിൽ സുഷമ യുണൈറ്റഡ് നാഷനിൽ ചെയ്ത പ്രസംഗം പ്രത്യേകം ശ്രദ്ധേയമായിരുന്നു.  ശാക്തിക ചേരികളിലെ രാഷ്ട്രങ്ങളുൾപ്പടെ ലോക നേതാക്കൾ  പ്രസംഗം കേൾക്കുകയും കയ്യടികൾ നേടുകയും ചെയ്തു. അവരുടെ മുൾമുന വെച്ചുകൊണ്ടുള്ള സംസാരശൈലിയിൽ പാക്കിസ്ഥാൻ പ്രതിനിധിയ്ക്ക് ഉത്തരമില്ലാതായി. അവർ ലോക നേതാക്കളോടായി പറഞ്ഞു, "ഇന്ത്യാ  എത്രമാത്രം സഹിഷ്ണതയും സഹകരണ മനോഭാവവും പാക്കിസ്ഥാനോട് പ്രകടിപ്പിച്ചാലും ആ രാജ്യം എക്കാലവും ഭീകരത തങ്ങളുടെ രാജ്യത്തിൻമേൽ അഴിച്ചുവിടാനാണ് ശ്രമിച്ചിട്ടുള്ളത്.  പത്താൻക്കോട്ടിലും യൂറിയിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അവർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ജനജീവിതം തകർക്കുന്നു. ഇന്ത്യൻ പട്ടാളത്തെയും രാജ്യത്തിലെ പൗരന്മാരെയും ആക്രമിക്കുന്നു. ഭീഷണികളും മുഴക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതി കാശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ഭീകരർ അരാജകത്വവും സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ ഗ്രാമീണരെയും വധിക്കുന്നു."

'സമാധാനത്തിൽ അധിഷ്ഠിതമായ ഇന്ത്യാ  എക്കാലവും പാക്കിസ്ഥാനോട് സൗഹാർദ്ദത്തിൽ കഴിയാനാണ് ആഗ്രഹിച്ചിരുന്നതെന്നും' അവർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. പ്രധാന മന്ത്രി മോദിയുടെ സത്യപ്രതിജ്ഞ വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാഷ് ഷെരീഫിനെ ക്ഷണിച്ചതും അഫ്‍ഗാനിസ്ഥാനിൽനിന്ന് മടങ്ങി വരും വഴി ഷെരീഫിന്റെ ജന്മദിനത്തിൽ മോദി പങ്കെടുത്തതും സുഷമ പ്രസംഗ മദ്ധ്യേ  പറഞ്ഞിരുന്നു. ' മോദിയുടെ പാക്കിസ്ഥാൻ സന്ദർശനം വഴി ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിന്റെ അടിത്തറ പാകാനും സൗഹാർദ്ദം സ്ഥാപിക്കാനും നടത്തിയ ശ്രമങ്ങളായിരുന്നുവെന്നും' അവർ ലോകത്തെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യാ  ലോകത്തിലുള്ള എല്ലാ രാജ്യങ്ങളോടും സൗഹാർദ്ദ മനോഭാവമാണ് പുലർത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യയ്ക്കെന്നും ലോകസമാധാനത്തിനായി പ്രവർത്തിച്ച ചരിത്രമാണുള്ളതെന്നും  ലോക രാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു.

ലോകത്തുള്ള എല്ലാ ഭീകരാക്രമണങ്ങൾക്കും പുറകിൽ പാക്കിസ്ഥാന്റെ ശക്തമായ കറുത്ത കൈകളുണ്ടെന്നും അവർ പറഞ്ഞു.  'എ.കെ. 47 റൈഫിൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒരു പാക്കിസ്ഥാൻ ഭീകരൻ അവരുടെ ആരാധകനെന്നും അതേ സമയം രാജ്യം രക്ഷിക്കാൻ അതിർത്തി കാക്കുന്ന ഒരു ഇന്ത്യൻ ജവാൻ അവരെ സംബന്ധിച്ചു കൊലയാളിയെന്നും പാക്കിസ്ഥാൻ കരുതുന്നതായി' പ്രസംഗ മദ്ധ്യേ സുഷമ ലോകരാഷ്ട്രങ്ങളെയറിയിച്ചു. 'ബുർഹാൻ വാണി'യെന്ന ഒരു ഭീകരനെ പാക്കിസ്ഥാൻ അവരുടെ ഹീറോയായി കരുതുന്നു. അങ്ങനെയുള്ള ഒരു ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്തു പ്രതീക്ഷിക്കാൻ സാധിക്കുമെന്നും  പാക്കിസ്ഥാനെന്നുള്ളത് ഒരു പരാജയപ്പെട്ട രാജ്യമെന്നും' സുഷമ പറഞ്ഞപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നാകെ സുഷമയുടെ വാക്കുകളെ ശരിവെച്ചു.

ഹഫീസ് സെയിദിനെപ്പോലുള്ള ഭീകരരുടെ ഉദ്ധരണികൾ ആവർത്തിച്ചുകൊണ്ടാണ്, പാക്കിസ്ഥാനിലെ പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്നും  പാക്കിസ്ഥാനെന്നതു ഭീകരരുടെ നാടാണെന്നും ഭീകര സംഘടനകൾ പാക്കിസ്ഥാൻ തെരുവുകളിൽക്കൂടി പ്രകനങ്ങൾ സംഘടിപ്പിക്കുന്നതും സാധാരണമാണെന്നുള്ള സുഷമയുടെ വാക്കുകൾ അർത്ഥ ഗംഭീരങ്ങളായിരുന്നു. ലോകം സുഷമയുടെ പാക്കിസ്ഥാനെ ഖണ്ഡിച്ചുള്ള പ്രഭാഷണം ശരി വെക്കുകയും ചെയ്തു. 'ഒസാമാ ബിൻ ലാദനും താലിബാൻ ചീഫും പാക്കിസ്ഥാനിൽ അഭയസ്ഥാനം കണ്ടെത്തിയെന്നും അങ്ങനെയുള്ള ഒരു രാജ്യം ഭീകര രാഷ്ട്രമായിരുന്നുവെന്നുള്ള മറ്റെന്തു തെളിവുകളാണ് വേണ്ടതെന്നും' ചോദിച്ചു.  'കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അവിടം  അങ്ങനെയായിരിക്കുമെന്നും' അവർ തറപ്പിച്ചു പറഞ്ഞു.

സുഷമയുടെ പ്രസംഗം അതിർത്തികടന്നുള്ള പാക്കിസ്ഥാന്റെ അടുത്തയിടയിലുണ്ടായ ഭീകരാക്രമണത്തിന് ഒരു തിരിച്ചടിയും ശക്തമായ സന്ദേശവുമായിരുന്നു. ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം ശരിവെക്കുകയും ചെയ്തു. ഇനി ഇന്ത്യാ  ശാന്തമായിരിക്കില്ലെന്നും പ്രഖ്യാപിച്ചു. ലോകം മുഴുവനുമുള്ള സമൂഹം സുഷമയുടെ പ്രസംഗത്തെ പിന്താങ്ങി. ഇതിനേക്കാളും രാഷ്ട്രത്തിനായി മറ്റൊന്നും ചെയ്യാനില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.










wedding viral photo

Thursday, January 5, 2017

മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും

ജോസഫ് പടന്നമാക്കൽ 

അരനൂറ്റാണ്ടുകൾക്കപ്പുറത്തു നടന്ന കുപ്രിസിദ്ധമായ മാടത്തരുവി മറിയക്കുട്ടിക്കൊലക്കേസിനെപ്പറ്റി ഇന്നുള്ള  മുതിർന്ന തലമുറകളിൽ പലരും ഓർമ്മിക്കുന്നുണ്ടാവാം! ഫാദർ ബെനഡിക്ട് ഓണംകുളം പ്രതിയായിരുന്ന ആ കേസിനെ സംബന്ധിച്ചുള്ള ചൂടുള്ള വാർത്തകൾ വായിക്കാൻ ദീപിക കൊണ്ടുവരുന്ന പത്രക്കാരനെ കാത്തിരിക്കുന്നതും ഓർക്കുന്നു. പേപ്പറുകൾ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. കേരളകൗമുദിയും തനിനിറവും ഫാദർ ബെനെഡിക്റ്റിനെ മറിയക്കുട്ടിയുടെ ഘാതകനായി ചിത്രീകരിക്കുമ്പോൾ ദീപികയ്ക്കും മനോരമയ്ക്കും അദ്ദേഹം നിഷ്കളങ്കനായിരുന്നു. മഞ്ഞപത്രമായ തനിനിറത്തിന്റെ പ്രചരണം പത്തിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. അന്നൊക്കെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ വിശ്വാസികളെ സംബന്ധിച്ചടത്തോളം ദൈവതുല്യമായിരുന്നു. ഒരു കൊലക്കേസിൽ പുരോഹിതൻ പ്രതിയാകുന്നതും ശിക്ഷ ലഭിക്കുന്നതും കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മാടത്തരുവി കേസെന്നറിയപ്പെട്ടിരുന്ന ഈ സംഭവം അക്കാലങ്ങളിൽ ഓരോ കത്തോലിക്കന്റെയും ആത്മാഭിമാനത്തിന്റെ പ്രശ്നമായും കരുതിയിരുന്നു. കൊല്ലം ഡിസ്ട്രിക്ട് ജഡ്ജ് കുഞ്ഞുരാമൻ വൈദ്യർ  അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് കേരള ഹൈക്കോടതിയിലെ ജഡ്ജി പി.റ്റി രാമൻ നായരുടെ വിധിയിൽ നിരുപാധികം കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ഫാദർ ബെനഡിക്റ്റ് 1929-ൽ അതിരംപുഴയിലുള്ള ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിൽ  ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്‌കൂളിൽ വിദ്യാഭ്യാസം. ആറാം ക്‌ളാസ് പഠനം പൂർത്തിയാക്കിയശേഷം  1950-ൽ ഒരു പുരോഹിതനാകാൻ സെമിനാരിയിൽ ചേർന്നു.1959-ൽ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1962-ൽ മന്ദമാരുതിയടുത്തുള്ള കണ്ണമ്പള്ളി പള്ളിയിൽ വികാരിയായി ചുമതലകൾ വഹിച്ചു. അതിനുശേഷം 1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭർത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റുമായി സൗഹാർദ്ദബന്ധത്തിലാകുന്നത്. അതിനുശേഷം അദ്ദേഹം ചങ്ങനാശേരിയിൽ സെന്റ് ജോസഫ്സ് ഓർഫനേജ് പ്രസ്സിൽ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസിൽ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടർന്നു.

1966 ജൂൺ പതിനാറാം തിയതി 43 വയസുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം  മന്ദമാരുതിയിലെ   മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തിൽ, അജ്ഞാതനിലയിൽ കണ്ടെത്തി. അവർ അഞ്ചു മക്കളുള്ള വിധവയായ ഒരു സ്ത്രീയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലർന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകൾഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തിൽ  ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്. കേസ്, രാജ്യം മുഴുവനും വ്യാപിക്കുകയുമുണ്ടായി. പത്രങ്ങളും മാസികകളും മറിയക്കുട്ടി കൊലക്കേസിനെ സംബന്ധിച്ച വാർത്തകൾ വലിയ കോലാഹലത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. മറിയക്കുട്ടി കൊലപാതകത്തെ മാടത്തരുവി അല്ലെങ്കിൽ മന്ദമാരുതി കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവർ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ  ഭർത്താവ് രോഗബാധിതനായി ശരീരം തളർന്നു പോയതുകൊണ്ട്   അയാളെയും  ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവർഷത്തോളം കൂലിവേല ചെയ്തും വീടുകളിലെ പാത്രങ്ങൾ കഴുകിയും അവരുടെ അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു വന്നിരുന്നു. ഇളയ മകൻ 'ജോയി' അവർ മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് ജനിച്ചതാണ്.  പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്.   ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭർത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി അവർ വീട്ടിൽനിന്നു എവിടേക്കോ  യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ നാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്.  അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.

ആലപ്പുഴയിൽ ചക്കരപ്പള്ളിയിൽ പള്ളിയുടെ വക പാവങ്ങൾക്കായുള്ള ഗോതമ്പും പാൽപ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദർ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവർക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചൻ വഴി ചെയ്തുകൊണ്ടിരുന്നു. ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദർ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു. ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദർ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകർന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദർ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി.  ഒടുവിൽ ഫാദർ ബെനഡിക്റ്റ് അവരെ വധിക്കാൻ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.

1966 ജൂൺ ഇരുപത്തിയാറാം തിയതി ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു.   അദ്ദേഹം കുറ്റക്കാരനെന്നു കൊല്ലം സെഷൻസ് കോടതിയിൽനിന്നു വിധിയുണ്ടായി. 1966 നവംബർ പത്താംതീയതി അഞ്ചുകൊല്ലം കഠിനതടവിനും മരണം വരെ തൂക്കാനും വിധിച്ചു. ഫാദർ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്‌സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളിൽ ഹാജരാക്കിയിരുന്നത്. അതേ സമയം ഫാദർ ബെനഡിക്റ്റിനെ മന്ദമാരുതിയിൽ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കുപ്പായ വേഷത്തിൽ കണ്ടവരുമുണ്ട്. സംശയത്തിന്റെ നൂലാമാലകൾ കോർത്തിണക്കിയ ജഡ്ജി കുഞ്ഞിരാമ വൈദ്യന്റെ വിധിന്യായത്തിൽ സഭാ മക്കൾ മുഴുവനും ദുഃഖിതരായിരുന്നു. ഒരു കുഞ്ഞെലിയെപ്പോലും കൊല്ലാൻ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലന്നായിരുന്നു, അന്നത്തെ ലോകം ചിന്തിച്ചിരുന്നത്.

മറിയക്കുട്ടിയുടെ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫാദർ ബനഡിക്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മന്ദമാരുതിയിൽ പോലീസ് അകമ്പടികളോടെ ഫാദർ ബെനഡിക്റ്റിനെ തെളിവെടുപ്പുകൾക്കായി കൊണ്ടുവന്നപ്പോൾ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പിൽ വന്നെറങ്ങിയ അച്ചൻ യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊലചെയ്ത  സ്ഥലം നടന്നുപോയി കൃത്യമായി കാണിച്ചുകൊടുത്തു. അത് വിസ്മയകരമായി നോക്കിനിന്ന ദൃക്‌സാക്ഷികളുമുണ്ടായിരുന്നു. കത്തിയെറിഞ്ഞ സ്ഥലവും സംശയമില്ലാതെ ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളിൽ ബനഡിക്റ്റച്ചൻ ചങ്ങനാശേരി അരമനയിൽ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികൾ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയിൽ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോൾ അവരെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു മുങ്ങുകയും ചെയ്തു.

അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാൽ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല.  കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.

സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു കരുതിയിരുന്നു. കത്തോലിക്കാ സഭ അന്ന് ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ജഡ്ജി പി.ടി. രാമൻ നായരുടെയും സഹ ജഡ്ജി  വി.പി. ഗോപാലന്റെയും ബെഞ്ചിൽ നിന്നായിരുന്നു ഫാദർ ബെനഡിക്റ്റിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഹൈക്കോടതി അഭിഭാഷകൻ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകൻ എ.എസ്.ആർ ചാരിയും ഒത്തൊരുമിച്ച് ഫാദർ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലിൽനിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയിൽ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു. ചങ്ങനാശേരിയിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ  അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു.

അഡ്വക്കേറ്റ് ചാരി 1908-ൽ സെക്കൻഡറാബാദിൽ  ജനിച്ചു. ഒരു റെയിൽവെ ക്ലർക്കിന്റെ ആറു മക്കളിൽ ഇളയ മകനായിരുന്നു. 1950-1960 കാലങ്ങളിൽ ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ക്രിമിനൽ വക്കീലായിരുന്നു. കൂടാതെ ഭരണഘടനനിയമങ്ങളും തൊഴിൽ നിയമങ്ങളും വശമാക്കിയിരുന്ന പ്രസിദ്ധനുമായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളിലും ഏർപ്പെട്ടിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റു  പാർട്ടിയിൽ ചേരുകയും അനേക രാഷ്ട്രീയ അറസ്റ്റുകൾക്ക് വിധേയമാവുകയുമുണ്ടായി. പല തവണകൾ ജയിൽ വാസവും അനുഷ്ടിച്ചു. 1954-ൽ സുപ്രീം കോടതിയിലെ പ്രശസ്തനായ സീനിയർ അഭിഭാഷകനായിരുന്നു. ചെറുപ്പകാലം മുതൽ  കമ്മ്യുണിസ്റ്റാശയങ്ങളിൽ ആകൃഷ്ടനായിരുന്നു. അഡ്വേക്കേറ്റ് ചാരി ഏറ്റെടുത്ത കേസുകൾ ഒരിക്കലും പരാജയപ്പെടുകില്ലെന്നു അക്കാലങ്ങളിൽ ഒരു പറച്ചിലുമുണ്ടായിരുന്നു. മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാൻ സാധിക്കില്ലെന്ന് ചാരി വാദിച്ചു. നിലാവുള്ള ഒരു രാത്രിയിൽ ചൂട്ടു വെട്ടത്തിൽ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും 'ചാരി' ചോദ്യം ചെയ്തിരുന്നു. പകൽപോലും ഒറ്റയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന കുപ്പായമണിഞ്ഞ ഒരു പുരോഹിതൻ, സന്ധ്യാസമയത്ത് ഒരു സ്ത്രീയുമായി നടന്നുപോകുന്നത് കണ്ടുവെന്ന   രേഖപ്പെടുത്തലും അവിശ്വസിനീയമെന്നു ചാരി കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് ഫാദർ ബെനഡിക്റ്റ് കുറ്റവിമുക്തനായെങ്കിലും കൊലയാളിയെന്ന പേര് സഭയ്‌ക്കോ ഫാദർ ബെനഡിക്റ്റിനോ നീക്കം ചെയ്യാൻ സാധിക്കില്ലായിരുന്നു. അക്കാലങ്ങളിൽ ഫാദർ ബെനഡിക്റ്റിന്റെ നിഷ്ക്കളങ്കത പ്രകടിപ്പിച്ചുകൊണ്ട് മൈനത്തരുവിയെന്നും മാടത്തരുവിയെന്നും പേരുകളിൽ രണ്ടു സിനിമകൾ പുറത്തിറങ്ങിയിരുന്നു. കുറച്ചൊക്കെ ജനങ്ങളുടെ മനസ്സിൽ സിനിമകൾ സ്വാധീനം ചൊലുത്തുകയുമുണ്ടായി. പിന്നീട് അദ്ദേഹം  കന്യാകുമാരിയിലുള്ള ഒരു മിഷ്യനിൽ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതർക്കുള്ള ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞുവന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞശേഷം മാടത്തരുവി കേസ് മനുഷ്യമനസ്സിൽ നിന്നും മാഞ്ഞിരുന്ന കാലത്താണ് രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പെട്ട അഭയാ കേസ് പൊങ്ങിവന്നത്. ഒപ്പം മാടത്തരുവി കേസും സംസാര വിഷയമായി തീർന്നു.

കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു  35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94  വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള  സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ച വിവരം ദീപിക ഒരു വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.  രണ്ടായിരാമാണ്ട്   ജനുവരി പതിനാലാം തിയതി ഡോക്ടറുടെ  വിധവ 'മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ' താമസിച്ചിരുന്ന  ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു.  മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്നുള്ള സത്യം അവർ അദ്ദേഹത്തെ   അറിയിച്ചു.വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിന്ദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയി.   മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു. ഫാദർ ബനഡിക്റ്റിനെ കുടുക്കാൻ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകൾ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിക്കൊണ്ടിരുന്നു. ശവശരീരം മന്ദമാരുതിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവമായി ബെനഡിക്റ്റിനു യാതൊരു അറിവുമില്ലായിരുന്നു. എന്നാൽ ആ ഡോക്ടറുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ എസ്റ്റേറ്റുടമയാരെന്നോ ദീപിക പത്രം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറുടെ വിധവയുടെ കുമ്പസാരം സഭ കളിച്ച ഒരു നാടകമായി മാത്രമേ സാമാന്യ ബുദ്ധിയുള്ളവർക്ക് കരുതാൻ സാധിക്കുള്ളൂ. ആടിനെ പട്ടിയാക്കും വിധം  ഒരു കള്ളത്തെ സത്യമാക്കാൻ നൂറുവിധമുള്ള കള്ളങ്ങൾകൊണ്ട് പുരോഹിതർ ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വെള്ള പൂശിക്കൊണ്ടിരിക്കുന്നു.

ചില അർദ്ധപണ്ഡിതരായ പുരോഹിതർ ഫാദർ ബെനഡിക്റ്റിന്റെ നിഷ്കളങ്കതയുടെ കഥകൾ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി. ഡോക്ടറുടെ മരണത്തിനു മുമ്പും ശേഷവും ആ കുടുംബത്തിന് അനേക കഷ്ടപ്പാടുകൾ സംഭവിച്ചുവെന്നും അവരുടെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടുവെന്നും കുഞ്ഞുങ്ങൾ ഉൾപ്പടെ പലർക്കും പലവിധ രോഗങ്ങൾ ബാധിച്ചുവെന്നുമുള്ള കഥകൾ പുരോഹിത ലേഖനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ജനിക്കുന്ന കുട്ടികൾ കൂടുതലും മാനസിക രോഗികളും മന്ദ ബുദ്ധികളും അംഗഭംഗം വന്നവരുമായിരുന്നു. ഒരു പുരോഹിതന്റെ ശാപം ആ കുടുംബത്തുണ്ടെന്ന ധ്യാനഗുരുക്കന്മാരുടെ വെളിപാടുകളും വൃദ്ധയായ വിധവയെയും മക്കളെയും പശ്ചാത്താപത്തിങ്കലെത്തിച്ചു. വിധവയുടെ കുമ്പസാരം നടന്നെങ്കിലും ഫാദർ ബെനഡിക്റ്റ് ഈ കഥ വീണ്ടും രഹസ്യമായി സൂക്ഷിച്ചു. ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പൗവത്തിനോടുമാത്രം കുമ്പസാര രഹസ്യം പറഞ്ഞതായും പുതിയ കഥയിലുണ്ട്. പതിനൊന്നു മാസം കഴിഞ്ഞപ്പോഴാണ് ബനഡിക്റ്റിന്റെ കഥ വാർത്താ മീഡിയാകൾ പുറത്തുവിട്ടത്. അപ്പോഴേക്കും ഡോക്ടറുടെ വിധവയായ വൃദ്ധയും മരിച്ചിരുന്നു.

പുതിയ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുമൂലം ഫാദർ ബെനഡിക്റ്റ് നിഷ്കളങ്കനെന്നു ബോധ്യമായതായി ഭൂരിഭാഗം ജനതയും വിശ്വസിക്കുന്നു. ഡോക്ടറുടെ പേരോ വിധവയുടെ പേരോ അവർ ആരെന്നോ പത്രങ്ങളിൽ വ്യക്തമാക്കുന്നില്ല. അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയിലെന്നും പറയുന്നു. ഇത്രമാത്രം ദുരിതം സംഭവിച്ച ഒരു ഡോക്ടറുടെ കുടുംബ കഥ കാഞ്ഞിരപ്പള്ളി നാട്ടുകാർക്കും അറിവില്ല. ബനഡിക്റ്റിനെ വിശുദ്ധനാക്കാൻ പുരോഹിതർ നെയ്തെടുത്ത കഥയെന്നും ചിലർ കരുതുന്നു. കോടതി കേസുകൾക്ക് സഭ ചെലവാക്കിയ പണം നൂറു മേനിയായി വിളയിക്കണമെങ്കിൽ ബെനഡിക്റ്റിനെ വിശുദ്ധനാക്കേണ്ടതുമുണ്ട്. ഊരും പേരും നൽകാതെ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ അത് വെറും വ്യാജമായ കഥയായി മാത്രമേ ചിന്തിക്കുന്നവർക്ക് തോന്നുകയുള്ളൂ. ബോധപൂർവം യുക്തിയോടെ ചിന്തിക്കുന്നവർ ന്യൂനപക്ഷവുമാണ്.

മാടത്തരുവി കൊലകേസിന്റെ പുതിയ കഥകളും പതിപ്പുകളും അത്യന്തം രസകരമായിത്തന്നെ പുരോഹിതർ വിറ്റുകൊണ്ടിരിക്കുന്നു.  'ഡി എൻ എ' ടെസ്റ്റിൽ മറിയക്കുട്ടിയുടെ മകന്റെ പിതാവ് ഫാദർ ബെനഡിക്റ്റല്ലെന്നു വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതെന്ന്' പുരോഹിതർ പ്രചരിപ്പിക്കുന്നു. അത്തരം ശാസ്ത്രീയമായ ടെസ്റ്റുകൾ ലോകത്തൊരിടത്തും അക്കാലത്തുണ്ടായിരുന്നില്ല. പോരാഞ്ഞ് ഹൈക്കോടതി തയ്യാറാക്കിയ വിധിന്യായത്തിൽ ഈ ടെസ്റ്റിന്റെ കാര്യം സൂചിപ്പിച്ചിട്ടുമില്ല. ഇങ്ങനെയുള്ള  മണ്ടത്തരങ്ങൾ പുരോഹിതർ പറയുന്നത് 'യൂട്യൂബിൽ' ശ്രദ്ധിക്കാം. മറിയക്കുട്ടിയെ ഗർഭചിന്ദ്രം നടത്തിയ ഡോക്ടറും ഗർഭിണിയാക്കിയ എസ്റ്റേറ്റ് മുതലാളിയും മരിച്ചു കഴിഞ്ഞാണ് കുമ്പസാരം നടത്തുന്നത്. മരിച്ചു കഴിഞ്ഞ വ്യക്തികളുടെ മേൽ വിധവയായ ഒരു വൃദ്ധ കുമ്പസാരം നടത്തിയാൽ എന്ത് വിലയാണുള്ളത്? ജീവിക്കുന്ന വ്യക്തി മരിച്ചവരുടെ പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. അതും സമനില തെറ്റാൻ സാധ്യതയുള്ള മരിച്ചയാളിന്റെ ഭാര്യയായ 94 വയസുള്ള വൃദ്ധയാണ് കുമ്പസാരം നടത്തിയിരിക്കുന്നത്. അതുമൂലം ഫാദർ ബെനഡിക്റ്റിന്റെ ശവകുടീരത്തിന് ഒരു പരസ്യമാവുകയും അവിടെ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളുടെ കഥകളും ബെനഡിറ്റിന്റെ കുടീരത്തിൽ നിന്നു പ്രവഹിക്കുന്നത് കേൾക്കാം. സഭയുടെ ഫാക്ടറിയിൽ അങ്ങനെ വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടുള്ള മാർക്കറ്റിങ്ങ് തകൃതിയായി നടക്കുന്നതും കാണാം.

പുരോഹിതർ മെനഞ്ഞെടുത്തിരിക്കുന്ന ഈ കുമ്പസാര രഹസ്യത്തിന്റെ യുക്തി എന്താണ്? ഡോക്ടർ ചെയ്ത പാപത്തിനു മക്കൾ എന്ത് പിഴച്ചു? യാതൊരു കുറ്റവും ചെയ്യാത്ത അയാളുടെ ഭാര്യ അതിനു പരിഹാരവും ക്ഷമയും പറയണോ? ഫാദർ ബെനഡിറ്റ് അതെല്ലാം പണ്ടേ ക്ഷമിച്ചിരുന്നുവെന്നു പറയുന്നു. ആരോട്, സ്വയമോ! മാതാപിതാക്കൾ ചെയ്ത കുറ്റങ്ങൾക്ക് തലമുറകളും ശാപം മേടിക്കണോ? ഇത്തരം പുരോഹിതർ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങൾ നേരാണെന്നു വിചാരിക്കുന്നവരാണ് സഭയിൽ ഭൂരിഭാഗവുമുള്ളത്. ബൗദ്ധികമായി വിശ്വാസികളെ പുരോഹിതർ അടിമപ്പെടുത്തിയെന്നു വേണം ഇതിൽ നിന്നു മനസിലാക്കാൻ!

ബെനഡിക്റ്റിനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജി  കുഞ്ഞുരാമൻ വൈദ്യർ
(Judge Kunjuraman Vaidyar) ആരോഗ്യവാനായി പൂർണ്ണ ആയുസുവരെ ജീവിച്ചു. അദ്ദേഹത്തിൻറെ മകൻ ഭരത് ഭൂഷൺ,ഐ.എ.എസ്   (E.K. Bharat Bhushan)കേരള ചീഫ് സെക്രട്ടറിയായി വിരമിച്ചു. മറ്റു മക്കൾ ഡോക്ടേഴ്‌സും ഉന്നത ഡിഗ്രികളുമായി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. പുരോഹിത ശാപമെന്ന പേരിൽ വിശ്വാസികളെ ഭയപ്പെടുത്തിയാലെ പുരോഹിതർക്ക് അവരെ   ചൂഷണം ചെയ്യാൻ സാധിക്കുള്ളൂ.

ഫാദർ ബെനഡിക്റ്റ് ഓണംകുളം 2001 ജനുവരി മൂന്നാം തിയതി മരണമടഞ്ഞു. മരിച്ചശേഷം അദ്ദേഹത്തെപ്പറ്റിയുള്ള പുകഴ്ത്തലുകൾ നാടിന്റെ നാനാ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഫാദർ ബെനഡിക്റ്റ് വളരെയേറെ  പീഡനങ്ങളും സഹനങ്ങളും അനുഭവിച്ചെന്നും അതുമൂലം പുരോഹിത ലോകമാകമാനം അപമാനം സഹിക്കേണ്ടി വന്നുവെന്നും സഭയ്ക്കും ഒരു ശാപം പോലെയായെന്നും എന്നിട്ടും സഭ അദ്ദേഹത്തിൻറെ വിശുദ്ധമായ ജീവിതം കാരണം ഒപ്പം നിന്നുവെന്നും ന്യായികരിക്കുന്നു.സത്യം അദ്ദേഹത്തിനറിയാമെങ്കിലും ആരോടും പരിഭവമില്ലാതെ, പരാതിയില്ലാതെ നിശ്ശബ്ദനായി ജീവിതം തുടർന്നുവെന്നും ശിഷ്ടകാലം ആ സഹനമൂർത്തി പരിശുദ്ധമായ ജീവിതം നയിച്ചുവെന്നും വിശുദ്ധ നടപടികളുമായി മുമ്പോട്ടുപോകുന്നവർ അദ്ദേഹത്തെ പ്രകീർത്തിക്കുന്നു.

2001 ജനുവരി നാലാം തിയതി ഫാദർ ബെനഡിക്റ്റിനെ കോട്ടയത്തിനു സമീപമുള്ള അതിരംപുഴയിലെ  സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ മറവു ചെയ്തു. പുരോഹിതരും കന്യാസ്ത്രികളും ബിഷപ്പും ആർച്ചു ബിഷപ്പുമാരുമടങ്ങിയ വലിയൊരു ജനസമൂഹം ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കുചേർന്നിരുന്നു. ഒരു വിശുദ്ധന്റെ സംസ്ക്കാരത്തിൽ പങ്കെടുത്ത പ്രതീതി അവർക്കെല്ലാം ഉണ്ടായെന്നു സംസ്ക്കാരത്തിൽ പങ്കെടുത്തവരുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലുമുണ്ടായിരുന്നു.

കത്തോലിക്കാ സഭയ്ക്കുള്ളതുപോലെ അധികാരസ്ഥാനങ്ങളിൽ സ്വാധീനമുള്ള മറ്റൊരു സമുദായമോ മതമോ കേരളത്തിൽ കാണാൻ സാധ്യതയില്ല. എന്തു കാര്യസാധ്യത്തിനും തലമുറകളായുള്ള സ്വത്തിന്റെ കൂമ്പാരം മെത്രാന്റെ അധീനതയിൽ കുന്നുകൂട്ടി സ്വുരൂപിച്ചു വെച്ചിട്ടുണ്ട്. ആരും ചോദിക്കാനാളില്ലാതെ പണം അവർക്കിഷ്ടമുള്ളതുപോലെ ചെലവാക്കാനും സാധിക്കും. വിശ്വാസികളുടെ കിടപ്പാടംപോലും പണയം വെച്ച് പള്ളിക്കു കൊടുത്ത പണം ആസ്വദിക്കുന്നതും അരമനകളിൽ പാർക്കുന്ന ഭാഗ്യം ലഭിച്ച സഭയുടെ തമ്പ്രാക്കന്മാരായ മെത്രാന്മാരും പുരോഹിതരുമാണ്. പൂർവികരുടെ കാലം മുതൽ അല്മായർ സ്വരൂപിച്ച സ്വത്തിന്റെ നല്ലയൊരു പങ്കു പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ പേരിൽ സഭ കോടതികളും കേസുകൾക്കുമായി ദുർവിനിയോഗം ചെയ്യുന്നുണ്ട്. അഭയാകേസ് വന്നപ്പോഴും മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത പണവും പ്രതാപവും പിടിപാടും കാരണം കുറ്റവാളികൾ നിയമത്തിന്റെ കുടുക്കിൽനിന്നും രക്ഷപെടുകയാണുണ്ടായത്. ബെനഡിക്റ്റ് ഓണംകുളവും കോട്ടൂരും പുതൃക്കയും സെഫിയും കുറ്റക്കാരെന്നു യുക്തിപൂർവം ചിന്തിക്കുന്നവർക്ക് വിധിയെഴുതാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതർ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ. അഭയായ്ക്കും മറിയക്കുട്ടിക്കും നീതി ലഭിച്ചില്ലെന്നുള്ള കറുത്ത ചരിത്രമാണ് സഭയുടെ താളുകളിൽ ഒളിഞ്ഞിരിക്കുന്നത്.

http://www.greenkeralanews.com/mariyakutty-murder-priest-controversial/






Madattharuvi 
Bishop Mathew Kavukat





Saturday, December 31, 2016

ഇന്ത്യയെ സമ്പന്നമാക്കാൻ സ്വപ്നം കണ്ട മുൻ രാഷ്ട്രപതി അബ്ദുൾ കലാം



ജോസഫ് പടന്നമാക്കൽ 

അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം 1931 ഒക്ടോബർ പതിനഞ്ചാം തിയതി  ക്ഷേത്രങ്ങളുടെ നഗരമായ തമിഴ്നാട്ടിലെ പമ്പൻ ഐലൻഡിലെ പുണ്യസ്ഥലമായ രാമേശ്വരത്ത് ധനുഷ്കോടിയിൽ ജനിച്ചു. അന്ന് ആ ഭൂവിഭാഗം മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു.  ഇന്ത്യയുടെ മിസൈൽ മനുഷ്യനെന്നായിരുന്നു  അറിയപ്പെട്ടിരുന്നത്. ലോകത്തിലെ ഏതു മിസൈലുകളോടും കിട പിടിക്കുന്നതായ പൃത്ഥി, തൃശൂൽ, ആകാശ്, അഗ്നി മുതലായ അനേക മിസൈലുകളുടെ വിജയത്തിനും കാരണക്കാരൻ അദ്ദേഹമായിരുന്നു.  ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാം 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതി പദം അലങ്കരിച്ചു. അദ്ദേഹം ഐ.ഐ.റ്റി. യിലെ പഠനം കഴിഞ്ഞു ഇന്ത്യയുടെ പ്രതിരോധത്തിൽ ശാസ്ത്രജ്ഞനായി ചേർന്നു. ഇന്ത്യയുടെ ന്യുക്‌ളീയർ വികസിപ്പിക്കുന്ന യത്നത്തിൽ പ്രധാന വ്യക്തിയായിരുന്നു. 1998-ൽ തുടർച്ചയായ ന്യൂക്ലിയർ പരീക്ഷണ വിജയങ്ങളിൽ കിരീടമണിഞ്ഞ ശേഷം അദ്ദേഹം അംഗീകരിച്ച ഒരു ദേശീയ നേതാവായും വളർന്നു കഴിഞ്ഞിരുന്നു. ഒരു പ്രാവശ്യമേ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ളൂ.

അദ്ദേഹത്തിൻറെ പിതാവ് ജൈനുലബുദീൻ ഒരു ബോട്ടുടമയായിരുന്നു. സമീപത്തുള്ള മോസ്‌ക്കിന്റെ 'ഇമാ'മുമായിരുന്നു.  മാതാവ് 'ആഷിയമ്മ' വീട്ടുകാര്യങ്ങളിലും മക്കളെയും നോക്കി കാലങ്ങൾ അതിജീവിച്ചിരുന്നു. രാമേശ്വരത്തു വരുന്ന ഹിന്ദുക്കളായ പുണ്യയാത്രക്കാരെ അക്കരയും ഇക്കരയുമെത്തിക്കാൻ അദ്ദേഹത്തിൻറെ പിതാവിനു കടത്തു വള്ളങ്ങളുണ്ടായിരുന്നു. കലാം, നാലു സഹോദരരിൽ ഏറ്റവും ഇളയവനായിരുന്നു. ഒരു സഹോദരിയുമുണ്ടായിരുന്നു. പൂർവികർ ഭൂസ്വത്തുള്ളവരും ധനികരും കച്ചവടക്കാരും ഗ്രോസറി പലചരക്കുകളിൽ മൊത്ത വ്യാപാരികളുമായിരുന്നു. ശ്രീ ലങ്കവരെ അവരുടെ ബിസിനസ് വ്യാപിച്ചു കിടന്നിരുന്നു. 'മര കലാം ഇയാക്കിവർ' (തടികൊണ്ടുള്ള ബോട്ട് ഓടിക്കുന്നവർ) എന്ന ഒരു കുടുംബപ്പേരും അവർക്കുണ്ടായിരുന്നു. കാലക്രമത്തിൽ അത് ലോപിച്ചു 'മരക്കാറായി' ചുരുങ്ങുകയും ചെയ്തു.

രാമാനന്തപുരത്തുളള സ്‌ക്വേർട്സ് സ്‌കൂളിൽ നിന്നും ഹയർ സെക്കണ്ടറി പാസായ ശേഷം മദ്രാസ് സർവകലാശാലയുടെ കീഴിലുള്ള തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളേജിൽ നിന്നും 1954 -ൽ ഫിസിക്സിൽ ഡിഗ്രി കരസ്ഥമാക്കി. ഏറോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കാനായി 1955-ൽ മദ്രാസിൽ താമസമാക്കുകയും മദ്രാസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡിഗ്രി നേടുകയൂം ചെയ്തു. കലാം, സീനിയർ ക്ലാസ്സിൽ പഠിക്കുന്ന സമയം അദ്ദേഹത്തിൻറെ 'ഡീൻ' (Dean)കലാമിന്റെ പഠന പുരോഗതിയിൽ തൃപ്തനായിരുന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയില്ലെങ്കിൽ അദ്ദേഹത്തിൻറെ സ്കോളർഷിപ് തടയുമെന്നും ഭീഷണിപ്പെടുത്തി. ഡീനിനെ തൃപ്തിപ്പെടുത്താൻ ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹം ഭംഗിയായി പ്രോജക്റ്റ് പൂർത്തിയാക്കി 'ഡീനിനു' സമർപ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ ഡീൻ അതിൽ പ്രതികരിച്ചുകൊണ്ട് 'കലാമിന്റെ കഴിവ് എത്രമാത്രമെന്നറിയാനായുള്ള ഒരു പരീക്ഷണമായിരുന്നുവെന്നും മനഃപൂർവം മനഃക്ലേശമുണ്ടാക്കിയതാണെന്നും' അദ്ദേഹത്തോടു പറയുകയുണ്ടായി.

പഠനം പൂർത്തിയാക്കിയ ശേഷം പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തിൽ (Defense Research and Development Organization,DRDO) 1958 -ൽ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. എയർ ഫോഴ്സിൽ ഒരു പൈലറ്റാകാനുള്ള മോഹം നടന്നില്ല. എട്ടുപേരെ ആവശ്യമുള്ളേടത്തു അദ്ദേഹം ഒമ്പതാമനായിരുന്നു. പിന്നീട് ഐ.എസ്.ആർ.ഒ. യിൽ, 1969-ൽ പ്രൊജക്റ്റ് ഡയറക്റ്ററായി ചുമതലയെടുത്തു. ആദ്യത്തെ സാറ്റലൈറ്റ് ആയ എസ്.എൽ.വി-1 ഇന്ത്യൻ മണ്ണിൽ തന്നെ നിർമ്മിക്കാനുള്ള ഡിസൈൻ ചെയ്തു. 1982-ൽ അദ്ദേഹം വീണ്ടും ഡി.ആർ.ഡി. ഓ യിൽ മടങ്ങി വന്നു. അവിടെനിന്നു കൂടുതൽ പരിഷ്കൃതങ്ങളായ മിസൈലിന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും  തുടർന്നുകൊണ്ടിരുന്നു. അവിടെ 1992 -ൽ പ്രതിരോധ വകുപ്പിൽ സീനിയർ സയന്റിഫിക് അഡ്വൈസർ ആയി ചാർജെടുത്തു. ശാസ്ത്രീയമായ നേട്ടങ്ങൾക്കായി ഇന്ത്യ ന്യൂക്ലീയർ ടെസ്റ്റ് നടത്തണമെന്ന പ്രചരണങ്ങളും ആരംഭിച്ചു. 1998 -ലെ പൊക്രാൻ-2 ന്യുക്ലിയർ വിസ്പോടനത്തിന്റെ പ്രധാന സൂത്രകാരനായിരുന്നു. അന്നേ ദിവസം അഞ്ചു ന്യുക്ലിയർ ഡിവൈസുകൾ തുടർച്ചയായി രാജസ്ഥാനിലെ മരുഭൂമിയിൽ പരീക്ഷിച്ചു. മറ്റുള്ള രാജ്യങ്ങൾ ഇന്ത്യയുടെമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെങ്കിലും അന്നുമുതൽ കലാമിനെ രാജ്യത്തിന്റെ ദേശീയ നേതാവായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയെന്ന അംഗീകാരത്തോടെ രാഷ്ട്രത്തിന്റെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.

ഔദ്യോഗിക ജോലികളിൽ വിശ്രമമില്ലാതെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു. ഒരു മിനിറ്റും പാഴാക്കാൻ  ഇഷ്ടപ്പെട്ടിരുന്നില്ല.  ഉന്നത ഡിഗ്രികളുണ്ടായിട്ടും സാമ്പത്തികമായ മെച്ചപ്പെട്ട ജോലികൾ വിദേശത്തുനിന്നും വാഗ്ദാനങ്ങൾ വന്നിട്ടും പുറം രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഒരിക്കലും അദ്ദേഹം താല്പര്യപ്പെട്ടില്ല. സ്വന്തം മാതൃരാജ്യത്തെ സേവിക്കുകയെന്നത് ജീവിത ലക്ഷ്യമായിരുന്നു.  ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈദും ബക്രീദും പോലുള്ള ആഘോഷങ്ങളിൽ പങ്കുചേരാതെ തനിക്കു കിട്ടുന്ന ശമ്പളത്തിന്റെ വീതം ആ നാളുകളിൽ അനാഥാലയങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനായി കൊടുക്കുമായിരുന്നു. ഏകനായി ജീവിച്ചിരുന്ന അദ്ദേഹം ഒരിക്കലും  വിവാഹിതനായിരുന്നില്ല. എല്ലാക്കാലവും സസ്യാഹാരമേ കഴിക്കുമായിരുന്നുള്ളൂ.

കലാം അഭിമാനിയും അടിയുറച്ചതുമായ ഒരു മുസ്ലിം വിശ്വാസിയായിരുന്നു. ദിവസവും അഞ്ചു തവണ പ്രാർഥിക്കുകയും റമ്ദാൻ നാളുകളിൽ നോമ്പു നോക്കുകയും ചെയ്തിരുന്നു. എങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും മറ്റുള്ള മതങ്ങളുടെ തത്ത്വങ്ങളെ പഠിക്കുകയും ചെയ്തിരുന്നു.   വിവിധ സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന ഭാരതത്തിൽ മത സാമൂഹിക രാഷ്ട്രീയമായ സഹകരണം ആവശ്യമെന്നും കലാം വളരെ ചെറുപ്പകാലങ്ങളിൽ തന്നെ മനസിലാക്കിയിരുന്നു. മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയെന്നതു ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വമാണെന്നു അദ്ദേഹത്തിൻറെ  വിശ്വാസപ്രമാണത്തിലുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു, "മഹാന്മാർക്കും ചിന്തകർക്കും മതം സൗഹാർദവും സാഹോദര്യവും വളർത്തുന്നു. എങ്കിലും ചെറിയ വിഭാഗം ജനത്തിനു മതം കലഹമുണ്ടാക്കാൻ ഒരു ഉപകരണവുമാകുന്നു."

ഖുറാനും ഇസ്‌ലാമിക വിശ്വാസങ്ങളും നെഞ്ചോടു ചേർത്തു വെച്ചിരുന്നെങ്കിലും ഭാരതത്തിന്റെ പൈതൃക മതമായ ഹൈന്ദവത്വത്തിൽ അദ്ദേഹത്തിനു അഗാധമായ പാണ്ഡ്യത്യവുമുണ്ടായിരുന്നു. സംഗീതത്തിൽ അതീവ പ്രിയങ്കരനായിരുന്നു. സംസ്കൃതം പഠിക്കുകയും ഭഗവത് ഗീത സംസ്കൃതത്തിൽ വായിക്കുകയും ചെയ്യുമായിരുന്നു. തമിഴിൽ കവിതകൾ എഴുതുന്നതിലും താല്പര്യപ്പെട്ടിരുന്നു. വീണ വായിക്കുകയും ദിവസവും കർണ്ണാട്ടിക്ക് ഗാനങ്ങൾ ശ്രവിക്കുകയും ചെയ്യുമായിരുന്നു. എല്ലാ മതങ്ങളും ഒന്നായി ഇന്ത്യയുടെ ഒരേ ശബ്ദമായി, ഒരേ ആത്മാവിൽ പരിണമിക്കാനും അദ്ദേഹം ആഗ്രഹിച്ചു.  ഖുറാനും ഗീതയും വായിക്കുകയെന്നത് അദ്ദേഹത്തിൻറെ ജീവിതനിഷ്ഠയിലുള്ളതായിരുന്നു. ഇസ്‌ലാമിക ചിന്തകളിലും ആചാരങ്ങളിലും ജീവിച്ചിരുന്നെങ്കിലും ഒരിക്കലും തീവ്ര മനോഭാവമോ യാഥാസ്ഥിതികത്വമോ പുലർത്തിയിരുന്നില്ല.

ഭാരതത്തിന്റെ റോക്കറ്റു നിർമ്മാണത്തിനോടനുബന്ധിച്ചുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിന്റെ ആദ്യത്തെ ഡയറക്ടറുമായിരുന്നു. റോക്കെറ്റ് ചരിത്ര പരമ്പരകളിലെ നേട്ടങ്ങളായിരുന്ന എസ്.എൽ.വി, രോഹിണി എന്നിവകൾ വിജയകരമായി വിക്ഷേപിക്കുന്നതിനുള്ള പ്രധാന പങ്കാളിത്തവും വഹിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ന്യുക്‌ളീയർ ബോംബ് നിർമ്മാക്കാനുള്ള സംരംഭത്തെ ആസൂത്രണം ചെയ്ത ബുദ്ധിവിദഗ്ദ്ധനുമായിരുന്നു. പൊക്രാൻ ന്യുക്‌ളീയർ ടെസ്റ്റുകളുടെ വിജയം ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ ശക്തി തെളിയിക്കാനും യശസ് ഉയർത്താനും സാധിച്ചു. കൂടാതെ അദ്ദേഹത്തിൻറെ ശാസ്ത്രീയ വിജയങ്ങൾ ഭാരതത്തിലെ പട്ടാളത്തിനൊരു നേട്ടവുമായിരുന്നു. അതിനുശേഷം പ്രോമോദ് റോക്കറ്റുകളുടെ പരീക്ഷണം നടത്തി.

ഐ.എസ്.ആർ.ഒ.യിൽ നിന്നും വിശ്രമ ജീവിതത്തിൽ പ്രവേശിച്ചപ്പോഴും വിദ്യാർഥികൾക്കൊപ്പം കൂടുതൽ സമയവും ചെലവഴിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടിരുന്നത്. 2020 ആകുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രങ്ങളിൽ ഒന്നാകണമെന്നായിരുന്നു സ്വപ്നം. വികസിത രാഷ്ട്രമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ യുവജനങ്ങൾക്ക് ആവേശം നൽകുമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഒരാൾ ഇന്ന് ഒരു യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറാണ്. അദ്ദേഹമെഴുതുന്ന പുസ്തകങ്ങൾ യുവാക്കൾക്ക് ആവേശം നൽകുന്നതും ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ സന്ദേശങ്ങളും ഉദ്ധരണികളുമടങ്ങിയതായിരുന്നു. മില്യൻ കണക്കിന് ജനങ്ങൾ   പുസ്തകങ്ങൾ വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

2002-ൽ ഭരണകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പ്രതിപക്ഷസ്ഥാനാർത്ഥി 'ലക്ഷ്മി സാഗലിനെ'തിരായി അബ്ദുൽ കലാമിനെ ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി മത്സരിക്കാൻ തെരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്തു. ഒരു രാഷ്ട്രപതിയെന്നുള്ളത് അലംകൃതമായ പോസ്റ്റാണെങ്കിലും അദ്ദേഹത്തെ ജനകീയ പ്രസിഡണ്ടായി ജനങ്ങൾ അവരുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. രാജ്യത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡണ്ടും കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനല്ലാത്ത പ്രസിഡണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയത്തിലും അംഗമായിരുന്നില്ല. അദ്ദേഹത്തിൻറെ അഞ്ചു വർഷ പ്രസിഡന്റ് ഭരണകാലയളവിൽ ലക്ഷക്കണക്കിന് യുവജനങ്ങളുമായി ഇടപഴുകുകയും അവരുടെ കാഴ്ചപ്പാടുകളെ ദർശിക്കുകയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഭാവി, യുവജനങ്ങളിൽ അധിഷ്ഠിതമെന്നു വിശ്വസിച്ചിരുന്നു. 2003-ലും2006-ലും എം.ടി.വി. അദ്ദേഹത്തെ യുവജനങ്ങളുടെ ഐക്കോണായി (Icon) തെരഞ്ഞെടുത്തു.

സ്നേഹത്തോടെ ആരു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയാലും നിരസിക്കില്ലായിരുന്നു. സമ്മാനം കൊടുക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലായിരുന്നു. ശേഖരിച്ചു വെച്ചിരിക്കുന്ന സമ്മാനങ്ങൾ മുഴുവൻ പിന്നീട് രാജ്യത്തിലെ മ്യൂസിയമുകൾക്ക് നൽകുമായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ ബന്ധുജനങ്ങളിൽപ്പെട്ട അമ്പതുപേരെ രാഷ്ടപതി ഭവനിൽ ക്ഷണിക്കുകയും അവിടെ ഏതാനും ദിവസങ്ങൾ അവരോടൊപ്പം താമസിക്കുകയുമുണ്ടായി. അവർക്കുവേണ്ടി സർക്കാർ ചെലവാക്കിയ പണം അദ്ദേഹം സ്വന്തം ശമ്പളത്തിൽനിന്നും മടക്കിക്കൊടുക്കുകയാണുണ്ടായത്. അങ്ങനെ ചരിത്രത്തിൽ മറ്റൊരു പ്രസിഡണ്ടും ചെയ്തിട്ടില്ല. അദ്ദേഹത്തിൻറെ ബന്ധുജനങ്ങൾ ഇന്നും സാധാരണ ജനങ്ങളാണ്. ഇതെല്ലാം ആ എളിയ ജീവിതത്തിന്റെ വിശ്വസ്തതയും ആത്മാർത്ഥതയും സത്യസന്ധതയുമാണ് വെളിവാക്കുന്നത്. ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ വീതം ബന്ധുജനങ്ങൾക്കും കൃത്യമായി അയച്ചുകൊടുക്കുമായിരുന്നു. സ്വന്തം വ്യക്തിപരമായ ചെലവുകൾക്കായി സർക്കാർ ഫണ്ടുകൾ ഒരിക്കലും വിനിയോഗിച്ചിട്ടില്ല. ഒരിക്കലും അദ്ദേഹം അവധി എടുക്കില്ലായിരുന്നു. പകരം വിശ്രമ വേളകളിൽ ഇന്ത്യൻ പട്ടാളത്തോടും വിദ്യാർഥികളോടൊപ്പവും സമയം ചെലവഴിച്ചിരുന്നു.

അബ്ദുൾ കലാം, 2007-ൽ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തിരുന്നു. 2011-ൽ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി  ഒരു സംഘടന രൂപീകരിച്ചു. 2012-ൽ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള ഹെൽത്ത് കെയറിനും ശ്രമിച്ചു കൊണ്ടിരുന്നു.
2020-ൽ ഇന്ത്യയെ ഒരു മഹാശക്തിയാക്കാനുള്ള പ്രവർത്തനമണ്ഡലങ്ങളെപ്പറ്റി അദ്ദേഹം അനേകതവണകൾ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ന്യൂക്ലിയറായുധങ്ങളുടെ പദ്ധതികൾ വികസിപ്പികയെന്നതാണ് പോംവഴിയെന്നും എങ്കിലേ ശാക്തിക കച്ചേരികളിൽ നമുക്കു വന്നെത്താൻ സാധിക്കൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മഹാശക്തിയാകാൻ മറ്റു മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. 'കൃഷിയും ഭക്ഷ്യോത്ഭാതനവും വർദ്ധിപ്പിക്കുക, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയും മറ്റു ടെക്നൊളജികളും കാലത്തിനനുയോജ്യമായി വികസിപ്പിക്കുക, രാജ്യാന്തര ഘടനകളിലെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളും വരുത്തുക, വൈദ്യുതി ശക്തി എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക, നിർണ്ണായകമായ ടെക്‌നോളജിയിൽ മറ്റുള്ളവരെ ആശ്രയിക്കാതെയുള്ള നയങ്ങൾ തുടരുക' മുതലായ വസ്തുതകൾ അദ്ദേഹം എന്നും ഊന്നിപ്പറയുമായിരുന്നു. അങ്ങനെയെങ്കിൽ ഭാരതം സാമ്പത്തികമായും ദേശീയ സുരക്ഷിത മേഖലകളിലും പരിപൂർണ്ണത നേടുമെന്നു കലാം വിശ്വസിച്ചിരുന്നു.

ഡോക്ടർ കലാം 2015 ജൂലൈ ഇരുപത്തിയേഴാം തിയതി തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായി  മരണമടഞ്ഞു. അദ്ദേഹം ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്‌മെന്റ് സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരിക്കുമ്പോൾ എൺപത്തി മൂന്നു വയസു പ്രായമുണ്ടായിരുന്നു. അബ്ദുൾകലാമിന്റെ ഭൗതിക ശരീരം രാമേശ്വരത്തുള്ള പേയി കരിമ്പു മൈതാനത്തു പൂർണ്ണമായ രാഷ്ട്ര ബഹുമതികളോടെയും കര നാവിക വൈമാനിക സൈനിക അകമ്പടികളോടെയും  സംസ്‌ക്കരിച്ചു. നാലു ലക്ഷം ജനങ്ങളോളം  സംസ്ക്കാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. രാഷ്ട്രം പൂർണ്ണമായ ബഹുമതിയും അർപ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലുള്ള ഗവർണ്ണർമാരും മുഖ്യ മന്ത്രിമാരും ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.സകലവിധ രാഷ്ട്രീയ ബഹുമാനങ്ങളോടെ ജൂലൈ 30-നു സലാമിന്റെ ഭൗതിക ശരീരം മറവു ചെയ്തു.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയെന്ന നിലയിലും ശാസ്ത്രജ്ഞനെന്ന നിലയിലും തമിഴ് നാട് അദ്ദേഹത്തിൻറെ പേരിൽ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തിലും മാനുഷിക പരിഗണനയിലും വൈദഗ്ദ്ധ്യം നേടിയ യുവാക്കൾക്കായുള്ള അവാർഡാണത്. കലാമിന്റെ ജന്മദിനമായ ഒക്ടോബർ പതിനഞ്ചാം തിയതി യുവാക്കളുടെ ദിനമായി സർക്കാർ അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മറവു ചെയ്ത സ്ഥലത്ത് ഒരു മെമ്മോറിയൽ സൗധം പണിയാനുള്ള ആലോചനകളും അരങ്ങേറുന്നുണ്ട്. കൂടാതെ രാഷ്ട്രത്തിന്റെ അംഗീകാരമായി ബഹുവിധ ഉന്നത ബഹുമതികൾ ജീവിച്ചിരുന്ന നാളുകളിൽ നേടിയിട്ടുണ്ട്. നാൽപ്പതിൽപ്പരം യൂണിവേഴ്‌സിറ്റികളിൽ നിന്നും ഹോണററി ഡോക്ടറേറ്റ് നൽകി. 1981-ൽ പത്മഭൂഷണും 1990 -ൽ പത്മവിഭൂഷണും ലഭിച്ചു. 1997-ൽ ഏറ്റവും വലിയ അവാർഡായി ഭാരത രത്നയും നേടി. ഇന്ത്യയുടെ ആധുനിവൽക്കരിച്ച പ്രതിരോധ ടെക്കനോളജിയുടെ പിതാവെന്ന നിലയിൽ രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹം അനേക ബുക്കുകളും എഴുതിയിട്ടുണ്ട്. 1999-ൽ വിങ്‌സ് ഓഫ് ഫയർ (Wings of fire) എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു.

"കലാം! ഇന്ത്യയെ കണ്ട സമ്പൂർണ്ണനായ മഹാനും മാതൃകാപരമായി ജീവിച്ച ഒരു ഭാരതീയനും യുഗപുരുഷനുമായിരുന്നുവെന്നു കലാമിനെപ്പറ്റി ശശിതരൂർ പറഞ്ഞു. അദ്ദേഹം, അനേക മതങ്ങളില്‍നിന്നു വാസ്തവികതയെ ആരാഞ്ഞ, ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു അതുല്യ പ്രതിഭയുമായിരുന്നു. അഡ്‌വാനി പറഞ്ഞത് "ഇന്ത്യയുടെ പൗരാണികവും പാരമ്പര്യവും ഹൃദയത്തിൽ അർപ്പിച്ചുകൊണ്ട് നാനാത്വത്തിൽ ഏകത്വം അദ്ദേഹം കണ്ടു." പ്രമുഖനായ ഒരു ഹൈന്ദവാചാര്യ സ്വാമിയുമായി പങ്കുചേർന്ന് കലാം ഒരു പുസ്തകം എഴുതിയിരുന്നു. മൈ സ്പിരിറ്റൽ എക്സ്പീരിയൻസ് വിത്ത് പ്രമുഖ സ്വാമിയെന്ന (My Spiritual Experiences with Pramukh Swami) ഈ പുസ്തകം അദ്ദേഹം എത്രത്തോളം ഹൈന്ദവ ചിന്താഗതികളിലും അഗാധമായി ചിന്തിച്ചിരുന്നുവെന്നതിനു തെളിവുമാണ്. "ആദ്ധ്യാത്മികമായി എന്നെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരുന്നത് 'പ്രമുഖസ്വാമി'യായിരുന്നവെന്നു "കലാം പറയുമായിരുന്നു.

ഒരാൾക്ക് ഒരു ജീവിതത്തിനുള്ളിൽത്തന്നെ നേടാവുന്ന നേട്ടങ്ങൾ മുഴുവൻ കൊയ്‌തുകൊണ്ടാണ് മഹാനായ അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന പ്രതിഭ കാലത്തോട് വിടപറഞ്ഞത്. കർമ്മോന്മുഖമായ ജീവിത വെല്ലുവിളികളെ ധീരമായി തരണം ചെയ്തുകൊണ്ട് ലോകത്തിനു മാതൃക കാണിച്ച ഒരു മഹാനായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന സ്വപനങ്ങളുടേതായ ലോകത്ത് യുവജനങ്ങൾക്ക് മാർഗ്ഗദീപമായി പ്രശോഭിച്ച തികച്ചും ജനകീയനായ വലിയൊരു നേതാവ് കൂടിയായിരുന്നു. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കാരണവും ഈ മനുഷ്യനായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇൻഡ്യയെന്ന രാജ്യം വെറും മൂന്നാംകിട രാഷ്ട്രങ്ങളിൽ ഒന്നായിട്ടായിരുന്നു കരുതിയിരുന്നത്. അതിനു മാറ്റം വരുത്തിയത് ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന അബ്ദുൾ കലാം തന്നെയായിരുന്നു.

രാഷ്ട്രത്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തു ജീവിച്ച ആ മഹാൻ ഭാരതത്തിന്റെ തെക്കേ ദിക്കിൽ ജനിക്കുകയും വടക്കുനിന്നും ഭാരതത്തെ നയിക്കുകയും കിഴക്കുനിന്നും നമ്മിൽ നിന്നും വേർപിരിയുകയൂം ചെയ്തു. കാശ്മീർ മുതൽ കന്യാകുമാരിവരെ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളും മത രാഷ്ട്രീയ ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിച്ചു. അബ്ദുൾ കലാമെന്ന ആ ശാസ്ത്ര ദീപം ഓരോരുത്തരുടെയും മനസുകളിൽ കുടികൊള്ളുന്ന ഒരു മാതൃകാ ഭാരതീയനായിരുന്നു. രാഷ്ട്രത്തിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിലും അദ്ദേഹം രാജ്യം മുഴുവനുമുള്ള കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും സുഹൃത്തായിരുന്നു. യുവാക്കളോടായി  പറയുമായിരുന്നു, "പ്രിയപ്പെട്ടവരേ, സ്വപ്നങ്ങളിൽ സ്വപ്നങ്ങൾ നെയ്‌തെടുക്കൂ, സ്വപനങ്ങളെ ചിന്തകളായി മാറ്റപ്പെടണം,അവകൾ പ്രവർത്തന മണ്ഡലങ്ങളിലെത്തിക്കണം. നമ്മുടെ ലക്ഷ്യങ്ങൾ സ്വായത്തമാക്കാൻ കർമ്മോന്മുഖരാകൂ, കഠിനാധ്വാനമായിരിക്കണം നമ്മുടെ പ്രമാണം!"

ജനിച്ചു വീണ നാട്ടിൽ തെരുവുകളിലെ ഓർമ്മകളുമായി പമ്പൻ പാലത്തിന്റെ പതനവും ദർശിച്ച് പിതാവിന്റെ ബിസിനസും തകരുന്നത് കണ്ട് ദാരിദ്ര്യം എന്തെന്നനുഭവിച്ച ഈ ബാലൻ ഉയരങ്ങൾ താണ്ടിക്കൊണ്ടു ഇന്ത്യയുടെ മിസൈൽ മാനും ഭാരതത്തിന്റെ പ്രഥമ പൗരനെന്ന സ്ഥാനവും അലങ്കരിച്ചു. പത്രക്കെട്ടുകളുമായി തെരുവുകളിൽ നടന്ന ബാലൻ ഇന്ത്യയുടെ മിസൈലുകൾ നിർമ്മിക്കാൻ കൈകളേന്തിയതും അത്ഭുത പ്രതിഭാസമെന്നെ പറയാൻ സാധിക്കുള്ളൂ. കാലം അതിനു ദൃക്‌സാക്ഷിയാവുകയും ചെയ്തു. അദ്ദേഹം നെഞ്ചോട് ചേർത്ത സ്വപ്നങ്ങൾ മധുരങ്ങളായി  ഭാരതത്തിലെ ഓരോ യുവാക്കളിലും പകർന്നു കഴിഞ്ഞു. ലോകം കണ്ടതിൽ വെച്ച് വലിയൊരു ശാസ്ത്ര പണ്ഡിതനായിരുന്നെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിരുന്നെങ്കിലും എന്നും സുന്ദരവും ലളിതവുമായ ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാനായ, ജനകീയനായ അബ്ദുൾ കലാം വിട പറഞ്ഞിട്ടും ചരിത്രമെന്നും ആ സൗമ്യനായ മനുഷ്യനൊപ്പമുണ്ട്. ഉയരങ്ങൾ എത്തിപിടിക്കണമെന്ന മോഹങ്ങളുമായി കഴിയുന്ന ഭാരതത്തിലെ ഓരോ യുവാവിനും ആ ധന്യജീവിതം പ്രചോദനമരുളും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനായിരുന്നു കലാം. അദ്ദേഹത്തെപ്പോലെ ക്രാന്ത ദാർശനികനായി ഇന്ത്യ കണ്ട മറ്റൊരു മഹാനില്ല. ഭാരതജനത ഒന്നടങ്കം ആ വലിയ മനുഷ്യന്റെ അഭാവം അറിയുന്നു. പവിത്രമായ അദ്ദേഹത്തിന്റെ ആത്മാവ് ലോകം മുഴുവനും ചുറ്റി കറങ്ങുന്നുണ്ട്. സർ അങ്ങയുടെ അഭാവം ഞങ്ങൾ അറിയുന്നു. അങ്ങ് ധർമ്മത്തെ ബലമായി പിടിച്ച ഭാരതീയനെന്നും അഭിമാനത്തോടെ കുറിക്കട്ടെ.!














Dream 2020



Tuesday, December 27, 2016

ശ്രീ ജോർജ് നെടുവേലിയുടെ 'ഡാന്യൂബിൻറെ നാട്ടിൽ' (പുസ്തക അഭിപ്രായം)




ജോസഫ് പടന്നമാക്കൽ 

ഗ്രന്ഥകാരനായ ശ്രീ ജോർജ് നെടുവേലിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഏകദേശം രണ്ടാഴ്ചയോളം ഡാന്യൂബ് നദിയിൽക്കൂടി ബോട്ടു യാത്ര ചെയ്തിരുന്നു. അതിലെ വിവരങ്ങളും അതിനോടനുബന്ധിച്ച ഓർമ്മക്കുറിപ്പുകളും 'ഡാന്യൂബിന്റെ നാട്ടിലെന്ന' പുസ്തകത്തിൽ അദ്ദേഹം ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഓരോ പേജുകളും  വായനക്കാരനെ നദിയിൽക്കൂടി യാത്രക്കാരനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ യാത്രാ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയല്ല ഞാൻ. യാത്രാവിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളിൽ കൂടുതലായും മുമ്പു കേട്ടിട്ടുള്ള അതേ പല്ലവികൾ തന്നെയാണ് ആവർത്തിക്കുന്നതെന്നും  തോന്നിപ്പോവാറുണ്ട്. എങ്കിലും കേരളത്തിന്റെ പൗരാണിക സഞ്ചാര സാഹിത്യകൃതിയായ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ 'വർത്തമാനപുസ്തകം' എന്നെ ആകർഷിച്ച ഒരു കൃതിയാണ്. അതുപോലെ ശ്രീ ജോർജ് നെടുവേലിയുടെ ഇരുനൂറു പേജുകളടങ്ങിയ യാത്രാ വിവരണ ഗ്രന്ഥം സഞ്ചാരസാഹിത്യത്തിനുപരി നിശബ്തയിൽ നിശ്ചലമായിരിക്കുന്ന ചരിത്രത്തിന്റെ കാഴ്ചപ്പാടായിതന്നെയാണ് എനിക്കനുഭവപ്പെട്ടത്.

മലയാളത്തിൽ സാധാരണ രചിക്കപ്പെടുന്ന സഞ്ചാര കൃതികൾ കൂടുതലും പുണ്യസ്ഥലങ്ങളെ തേടിയുള്ളതായിരിക്കും. അത്തരം സാഹിത്യ കൃതികൾക്ക് ദിവ്യത്വവും കല്പിക്കാറുണ്ട്. ദേവി ദേവന്മാരുടെ നാടോടി കഥകളോ, അല്ലെങ്കിൽ പുണ്യസ്ഥലങ്ങളായ പലസ്തിൻ, ജറുസലേം, ലൂർദ്, വത്തിക്കാൻ, വേളാങ്കണ്ണി മാതാവ് എന്നിവടങ്ങളിലുള്ള അത്ഭുത കഥകളോ, വർണ്ണിക്കുന്ന സഞ്ചാരകൃതികളാണ് കൂടുതലായും ഗ്രന്ഥശേഖരങ്ങളിലുള്ളത്. ചെറുപ്രായം മുതൽ കേൾക്കുന്ന അത്തരം കഥകൾ വായനക്കാരെ മുഷിപ്പിക്കുന്നുവെന്നുള്ള വസ്തുതകളും എഴുതുന്നവർ മനസിലാക്കുന്നില്ല. ഭാരതത്തിൽ തന്നെ നാം കണ്ണോടിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം സാംസ്ക്കാരികതയിലും പൗരാണികതയിലും കലകളിലും ശിൽപ്പ വൈഭവത്തിലും സമ്പന്നരെന്നു കാണാം. അതൊന്നും ഭൂരിഭാഗം ഒരു യാത്രികന്റെ കണ്ണിൽപ്പെടാറില്ല.

ശ്രീ ജോർജ് നെടുവേലി എഴുതിയ ഈ പുസ്തകം വെറുമൊരു യാത്രാ വിവരണമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത അനേക സാമ്രാജ്യങ്ങളുടെ കഥകളാണ് ജോർജിന്റെ തൂലികയിൽനിന്നും നെയ്തെടുത്ത മനോഹരമായ ഈ പുസ്തകം. അതിനുള്ളിൽ പ്രേമമുണ്ട്, ചിരിയുണ്ട്, കണ്ണുനീരുണ്ട്. രക്തച്ചൊരിച്ചിലുകളും രക്തസാക്ഷികളുമുണ്ട്. വികാര വിചാര വീഥികളിൽക്കൂടി വായനക്കാർ നിറുത്താതെ ഈ പുസ്തകം വായിച്ചുതീർക്കുമെന്നതിൽ തർക്കമില്ല.  വൈവിധ്യമാർന്ന സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും രക്തപ്പുഴകളുടെയും കഥകൾ ഈ നദിയ്ക്ക് പറയാനുണ്ട്. ആ കഥകൾ മനസിനെയുണർത്തണമെങ്കിൽ ജോർജിന്റെ ഹൃദ്യമായ മലയാളത്തിൽ എഴുതിയ ഈ പുസ്തകം സഹായകമാകും. പുസ്തകം വായിച്ചുകഴിയുമ്പോൾ നമ്മുടെ വിജ്ഞാനത്തിന്റെ പരിധി എത്രമാത്രമെന്നും മനസിലാക്കാൻ സാധിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തയാറാക്കിയ ഒരു ഗവേഷണ ഗ്രന്ഥമാണിത്. ഇതിലെ ഉള്ളടക്കത്തിലുള്ള വിഷയങ്ങൾ പലതും സ്‌കൂളിൽ പഠിക്കാൻ സാധിച്ചെന്നു വരില്ല. ഒരു പണ്ഡിതന്റെ വൈദഗ്ദ്ധ്യത്തോടെ ഗഹനമായി പഠിച്ചശേഷമാണ് ശ്രീ ജോർജ് ഈ പുസ്തകം തയാറാക്കിയത്. ഇത് വെറും യാത്രാവിവരണം മാത്രമല്ല. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും ഹിറ്റ്ലറിൻറെ വളർച്ചയും തളർച്ചയും യഹൂദ കൂട്ടക്കൊലകളും ന്യൂറൻ ബെർഗ് വിസ്താരങ്ങളും ഒരു സമ്പൂർണ്ണ ചരിത്രകാരന്റെ വീക്ഷണത്തോടെ പുസ്തകത്തിലുടനീളം പരാമർശിച്ചിട്ടുണ്ട്.

റോമൻ ഇതിഹാസത്തിലെ സമുദ്രദേവതയായ 'ഡാന്യൂബിയൂസിൽ'നിന്നും (Danubius) ഡാന്യൂബ് എന്ന പേരിനു തുടക്കമിട്ടു.  ഡാന്യൂബ് നദി പ്രധാനമായും ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, ക്രോയേറ്റിയ, സെർബിയ, റൊമാനിയ, ബൾഗേറിയ, മൊൾഡോവ എന്നീ ഭൂവിഭാഗങ്ങളിക്കൂടി ഒഴുകുന്നു.  ഡാന്യൂബിന്റെ കഥയിൽ ഗ്രന്ഥകാരൻ ദേവി ദേവന്മാരേയോ ദൈവങ്ങളെയോ അവരുടെ നാടോടി കഥകളെയോ വിശുദ്ധരെയോ ചേർത്തിട്ടില്ല. അതേ സമയം ദേവീ ദേവന്മാരോടനുബന്ധിച്ചുള്ള പൗരാണികതയും കലകളും ശില്പവിദ്യകളും ഹൃദ്യമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. സുഗന്ധം പരത്തുന്ന പുഷ്പലതാതികളും ഹരിതക പച്ച നിറഞ്ഞ കുന്നുകളും മേടുകളും തടാകങ്ങളും താഴ്വരകളും ഡാന്യൂബ് എന്ന നീല നദിയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. വായനക്കാരനും ഗ്രന്ഥകാരനൊപ്പം യാത്ര ചെയ്യുന്നു. ഈ നദിയുടെ തീരത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേകമനേക രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കഥകൾ ഇതിലുണ്ട്. അതിൽ അസ്തമിച്ചു പോയ റോമാ സാമ്രാജ്യവും ഓട്ടോമൻ സാമ്രാജ്യവും കിഴക്കേ യൂറോപ്പിലെയൊന്നാകെയുള്ള തകർന്ന രാജ്യങ്ങളുടെ ചരിത്രങ്ങളുമുൾപ്പെടും. ഉദിച്ചുയർന്ന നദിതട സംസ്ക്കാരവും പൗരാണിക യുഗങ്ങളിലെ മനുഷ്യന്റെ ജീവിത പ്രയാണ യാത്രകളും ഇതിലുണ്ട്. ആധുനികതയുടെ മുഖഛായയും പ്രതിഫലിക്കുന്നുണ്ട്. അവസാനം ബർലിൻ വാളിനെ ഗ്രന്ഥകാരൻ ശുഭകരമായിത്തന്നെ തകർക്കുന്നു.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും മുസോളിനിയുടെയും ഹിറ്റലറിന്റെയും വളർച്ചയും പതനവും വായിക്കാം. സാര്‍വ്വത്രികവും സാര്‍വ്വകാലീകവുമായ മൂല്യങ്ങളുള്ള കലാസൃഷ്‌ടികളും വിവരിച്ചിരിക്കുന്നു. ജർമ്മനിയുടെ ഉയർച്ചയുടെയും താഴ്ചയുടെയും കാലങ്ങളിലെയും ഹിറ്റ്ലർ യുഗത്തിലെ സാമ്പത്തിക ശാസ്ത്രവും ഭംഗിയായി വിവരിച്ചിട്ടുണ്ട്. ശീതസമരം ഉണ്ടായ കഥയും തന്മയത്വമായി വർണ്ണിച്ചിരിക്കുന്നു. ഓരോ അദ്ധ്യായങ്ങളും ചരിത്ര കുതുകികളായവർക്ക് വിജ്ഞാനമുളവാക്കുന്നതുമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ സാംസ്ക്കാരിക നഗരങ്ങൾ കടന്നുപോവുന്ന 2600 കിലോമീറ്ററോളം നീളമുള്ള ഒരു നദിയാണ് ഡാന്യൂബ്. ജർമ്മനിയിലെ ചുടല കരിങ്കാട്ടിൽനിന്നും   ആരംഭിച്ച് കറുത്ത കടലെന്നർത്ഥമുള്ള 'ബ്ളാക്ക് സീയിൽ' ഈ നദി അവസാനിക്കുന്നു. യൂറോപ്പിന്റെ അതിമനോഹരമായ കാഴ്ചകളും സാംസ്ക്കാരിക സ്തൂപങ്ങളും കലാസങ്കേതങ്ങളും നിറഞ്ഞ തീരപ്രദേശത്തുകൂടിയാണ്  നദിയൊഴുകുന്നത്.

പത്തു രാജ്യാതിർത്തികൾ കടന്നുകൊണ്ട് ഡാന്യൂബ് നദി സ്വച്ഛമായി എന്നുമെന്നപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്. യൂറോപ്പ് കടന്നുപോവുന്ന റഷ്യയുടെ വോൾഗാ നദി ഏറ്റവും നീളം കൂടിയ നദിയായി കരുതപ്പെടുന്നു. നദിയൊഴുകുന്ന മുപ്പതു ശതമാനത്തോളം ഭൂവിഭാഗങ്ങൾ ഹംഗറിയിലാണ്. വാസ്തവത്തിൽ ജർമ്മനിയിൽ നിന്ന് തുടങ്ങുന്ന നദിയുടെ താലോലിക്കുന്ന ഭവനം ഹംഗറിയെന്നു പറയാം. യൂറോപ്പിലെ പത്തുമില്യൻ ജനങ്ങൾ കുടിവെള്ളത്തെ ആശ്രയിക്കുന്നത് ഈ നദിയെയാണ്. തെളിമയാർന്ന വെള്ളമാണ് ഡാന്യൂബു നദിയിൽക്കൂടി ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കപ്പൽ സഞ്ചാരം മൂലം നദിയുടെ കുറെ ഭാഗങ്ങൾ മലിനമായിട്ടുമുണ്ട്. ആയിരക്കണക്കിന് വിദേശികളായ വിനോദ യാത്രക്കാരാണ് ദിനം പ്രതി ഈ നദിയിൽക്കൂടി യാത്ര ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശങ്ങളാണ് നദിയുടെ ഇരു കരകളിലുമുള്ളത്.

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിക യാത്രാ വഴിയായിരുന്നു ഡാന്യൂബ്.  മലകളും കാടുകളും ഇടകലർന്ന ഭൂപ്രദേശങ്ങൾ ഡാന്യൂബ് നദിയുടെ നീണ്ടുകിടക്കുന്ന ഇരുകരകളിലും ദൃശ്യമാണ്. നീലിമയാർന്ന ഈ നദി ജർമ്മനിയിൽ നിന്നും ചെറിയ നദികളായി ആരംഭിക്കുന്നു. പിന്നീട് യൂറോപ്പിൽ അത് വൻനദിയായി തീരുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട ജലഗതാഗതങ്ങളുമായി സന്ധിക്കുന്നുമുണ്ട്. വിയന്നാ മുതൽ ബുഡാപെസ്റ്റ് വരെയുള്ള സാംസ്ക്കാരിക നഗരങ്ങളിൽക്കൂടിയും നദി പ്രവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഡാന്യൂബ്നദി ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിക്കഴിഞ്ഞത്.

ഡാന്യുബ് നദിക്ക് നിറഭേദങ്ങളോടെയുള്ള പല മുഖങ്ങളുണ്ട്. റോമ്മായുടെ ശില്പകലകളിൽ ഡാന്യുബിനെ മുഖശ്രീയുള്ള ഒരു പുരുഷനായി ചമയിച്ചുകൊണ്ട് പ്രതിമകളുണ്ടാക്കുന്നു. താടിയുള്ള ബുദ്ധിമാനായ ദൈവമായിട്ടാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നതും. മറ്റെല്ലായിടത്തും അവളൊരു സുന്ദരിയായ സ്ത്രീ. സൗകുമാര്യത്തിന്റെയും കൃപയുടെയും ആകർഷത്വത്തിന്റെയും ദേവതയായും കാണപ്പെടും. രക്തപ്പുഴകളൊഴുകിയ നാളുകളിൽ അവളുടെ മുഖം ദുഃഖങ്ങൾ അമർത്തിക്കൊണ്ടുള്ളതായിരിക്കാം. ഡോണറ്റ്സ്‍ച്ചിങ്ങെന്ന (Donaueschingen)  റോമായിലെ ഈ നദീ തീരത്തുള്ള പട്ടണത്തിൽ, കറുത്ത വനങ്ങളിൽ അവളൊരു കൗമാരിയായ ബാലികയാണ്. അമ്മയെ നോക്കി ഉത്ഘണ്ടയോടെ നോക്കി നിൽക്കുന്ന പ്രതിരൂപമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. 'അമ്മ അവിടെ ഡാന്യൂബ് നദിയിൽ നിന്നും വരുന്ന വെള്ളം കൊണ്ട് താഴ്വരകളെ സംരക്ഷിക്കുന്നതായും തീറ്റുന്നതായുമുള്ള പ്രതീകമാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്. മകളോട് കിഴക്കിലേയ്ക്ക് സഞ്ചരിക്കാനുള്ള വഴികളും ചൂണ്ടിക്കാണിക്കുന്നു.

കവികളുടെ ഭാവനയിൽ അവളുടെ നിറത്തെ അതാത് രാജ്യങ്ങളിലെ സംസ്ക്കാരമനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. സൗന്ദര്യമെന്നത് ഓരോരുത്തരും മനസ്സിൽ സൃഷ്ടിക്കുന്ന വികാരങ്ങൾക്കനുസരിച്ചിരിക്കും. 1866-ൽ ജോൺ സ്ട്രൗസ്‌ (Johann Strauss II ) രചിച്ച കവിതയിൽ അവളൊരു നീല സുന്ദരിയാണ്. ഓസ്ട്രിയൻ കവിയായ അദ്ദേഹം പ്രഷ്യയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട, അവിടെ  അകപ്പെട്ട ജനത്തിനെ രക്ഷിച്ച ഡാന്യൂബ് നദിയെയാണ് വർണ്ണിക്കുന്നത്. പ്രഷ്യയും ഓസ്ട്രിയയുമായി ഏഴാഴ്ചക്കാലത്തോളം യുദ്ധമുണ്ടായിരുന്നു. യുദ്ധത്തിൽ ഓസ്ട്രിയ പരാജയപ്പെടുകയാണുണ്ടായത്. ബൾഗേറിയക്കാർക്ക് അവളൊരു വെളുത്ത സുന്ദരി. ഹംഗറിക്കാർ  അവളെ സുവർണ്ണ തലമുടികളോടെയുള്ള 'ബ്ലോണ്ട് റ്റിസ്സാ'യെന്ന് വിളിക്കുന്നു. സെർബിയാക്കാർക്കു അവൾ വെള്ളിനക്ഷത്രം പോലെ നിറമുള്ള സുന്ദരിയും.

വിവിധ സംസ്‌ക്കാരങ്ങളാൽ സമ്മിശ്രമായ വിശാല ഹൃദയമുള്ളവരുടെ നദിയാണിത്. പത്തു രാജ്യങ്ങളുടെ ഹരിതക പച്ച നിറഞ്ഞ ഭൂവിഭാഗങ്ങൾക്ക് അവൾ ജീവന്റെ ജലം നൽകുന്നു. അവളെക്കാൾ നീളമുള്ള വോൾഗാ നദിക്ക് 2290 മൈൽ നീളമുണ്ട്‌. പക്ഷെ വോൾഗാ നദി റക്ഷ്യയെ മാത്രമേ നനയ്ക്കുന്നുള്ളൂ. പൗരാണിക കാലംമുതൽ ഈ നദിയിൽക്കൂടി കച്ചവടബന്ധങ്ങൾ ഉണ്ടായിരുന്നു. കുടിയേറ്റക്കാർ വന്നുംപോയും വിവിധ ഭൂവിഭാഗങ്ങൾ കീഴടക്കിയും അധിവസിച്ചിരുന്നു. കൊള്ളക്കാരും സാഹസികരും ഈ നദിയുടെ ഹൃദയഭാഗത്തുകൂടി സഞ്ചരിച്ചിരുന്നു. മാറി മാറി വരുന്ന ആചാരങ്ങൾക്കും ആശയങ്ങൾക്കും മാറ്റങ്ങളുടേതായ ചരിത്രവീഥികൾക്കും അവളെന്നും സാക്ഷിയായിരുന്നു. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് ടർക്കികൾ അവിടെ ഇരുമ്പ്, വെള്ളി പോലുള്ള ലോഹങ്ങൾകൊണ്ട് ആയുധങ്ങളും കലാവസ്തുക്കളും നിർമ്മിച്ചിരുന്നു. കച്ചവടങ്ങളും കൃഷികളും ചെയ്തിരുന്നതായി പുരാവസ്തു ശാസ്ത്രങ്ങളിലുണ്ട്. പുതിയ ഇനം മരങ്ങളും ചെടികളും പഴവർഗങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചിരുന്നു. പഴങ്കാല ചരിത്രത്തിലെ കിഴക്കേ യൂറോപ്പിനെ ടർക്കികൾ ആക്രമിക്കുകയും നദിതീരത്തുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.  ട്യൂലിപ് (Tulip) പോലുള്ള മനോഹര പുഷ്പ്പങ്ങളും കോൺസ്റ്റാന്റിനോപ്പിളിൽ (Constantinople) നിന്നുവന്ന കുടിയേറ്റക്കാർ അവിടെയുള്ള താഴ്വരകളിൽ നട്ടു വളർത്തിയിരുന്നു.

ന്യുറം ബർഗിലെ കൊട്ടാര സന്ദർശന വിവരങ്ങളടങ്ങുന്ന പ്രത്യേകമായ ഒരു  അദ്ധ്യായം ജോർജിന്റെ ഈ യാത്രാവിവരണ പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്.  നാസി ഭരണകാലങ്ങളിൽ അവിടം നാസികളുടെ ഒരു സങ്കേതമായിരുന്നു. അവിടെനിന്നായിരുന്നു നാസികൾ ലോകമഹായുദ്ധ കാലങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും. ദേശീയ ഭീകരത വളർത്താൻ കൊട്ടാരത്തിന്റെ മുമ്പിൽക്കൂടി വമ്പിച്ച റാലികളും നടത്തിയിരുന്നത് ചരിത്രമാണ്. ഹിറ്റ്ലർ നാസികളെ വൈകാരികമായ പ്രസംഗങ്ങളിൽക്കൂടി സംബോധന ചെയ്തുകൊണ്ടിരുന്നതിനും ഭീകര കിരാതത്വം നാടുമുഴുവൻ വ്യപിപ്പിയ്ക്കാൻ ആഹ്വാനം ചെയ്യുന്നതിനും ന്യുറൻ ബെർഗ് സാക്ഷ്യമായിരുന്നു. നാസികുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അനുയോജ്യമായ ഒരു സ്ഥലമായി ന്യുറൻബർഗ് തെരഞ്ഞെടുക്കാനും അത് കാരണമായി.

പ്രതിഭാഗത്തിനായി പ്രസിദ്ധരായ ജർമ്മൻ വക്കീലന്മാരും ഹാജരായിരുന്നു. കുറ്റക്കാരായി മുദ്രകുത്തിയവർ രാജ്യത്തിലെ നിയമം മാത്രം അനുസരിച്ചുള്ളുവെന്ന വാദങ്ങളൊന്നും കോടതി ചെവികൊണ്ടില്ല. 1946 ഒക്ടോബർ പതിനാറിനുമുമ്പ് പത്തുപേരെ തൂക്കിലേറ്റി ശിക്ഷാവിധി നടപ്പാക്കി. തുക്കാനുള്ള മരണവിധി നടപ്പാക്കിയത് 'സർജൻ മാസ്റ്റർ ജോൺ വുഡ്‌സ് (1903-50)' ആയിരുന്നു. 'കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള ജോലി തന്നെ ഏൽപ്പിച്ചതിൽ 'വുഡ്‌സ്' സന്തുഷ്ടാനാണെന്നും താൻ ചെയ്തില്ലെങ്കിൽ അത് മറ്റാരെങ്കിലും ചെയ്യാൻ നിർബന്ധിതനാകുമെന്നും പത്തു മനുഷ്യരെ 103 മിനിറ്റിനുള്ളിൽ ഇല്ലാതാക്കണമെന്നും' അയാൾ ടൈം മാഗസിനോട് അന്നു പറഞ്ഞു.

1942 ഡിസംബറിൽ സഖ്യകക്ഷികളായ ഗ്രേറ്റ് ബ്രിട്ടനും യുണൈറ്റഡ് സ്റ്റേറ്റും സോവിയറ്റ് യൂണിയനുമൊത്ത് പൗരജനങ്ങളെ കൊന്നവർക്കെതിരെ ജൂറിയെ നിയമിക്കാൻ തീരുമാനിച്ചു. ലക്ഷക്കണക്കിന് ജർമ്മൻ ഉദ്യോഗസ്ഥരെ വിസ്താരമില്ലാതെ വധിക്കാനായിരുന്നു സ്റ്റാലിൻ നിർദ്ദേശിച്ചത്. വിൻസ്റ്റൺ ചർച്ചിലും അതിന്റെ സാധ്യതയെ ആരാഞ്ഞിരുന്നു. എന്നാൽ അമേരിക്ക ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ നിരാകരിച്ചു. ഒടുവിൽ ഉയർന്ന ഉദ്യോഗസ്ഥരെ മാത്രം വിസ്തരിച്ചാൽ മതിയാകുമെന്നും തീരുമാനമെടുത്തു. കുറ്റവാളികളെ വിസ്തരിക്കുമ്പോൾ ശരിയായ ഡോക്യൂമെന്റുകളും വേണമെന്ന് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാൻ പാടില്ലാന്നും അമേരിക്കാ ശഠിച്ചു.

ഡാന്യൂബിന്റെ കഥകളിലുൾപ്പെട്ട രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധകുറ്റവാളികളെ വിസ്തരിക്കുന്നതായ 'ന്യുറൻ ബർഗ് ട്രയൽ' ആരെയും വികാരാധീനമാക്കുന്നതാണ്. വിജയിച്ചവന്റെ നീതിയായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. 1945 നും 1949 നുമിടയിലായി പതിമൂന്നു ന്യായവിചാരങ്ങൾ ന്യുറൻബെർഗ് നിയമ പീഠത്തിങ്കലുണ്ടായിരുന്നു. അവരിൽ നാസിപാർട്ടിയിലെ  ഉയർന്ന ഔദ്യോഗിക ഉദ്യോഗസ്ഥരും പട്ടാള മേധാവികളും, ജർമ്മൻ വ്യവസായികളും അറ്റോർണിമാരും ഡോക്ടർമാരുമുൾപ്പെട്ട യുദ്ധകുറ്റവാളികളുമുണ്ടായിരുന്നു. മനുഷ്യത്വത്തിനും സമാധാനത്തിനുമെതിരായ കുറ്റങ്ങളായിരുന്നു അവരിൽ ആരോപിച്ചത്.1945-ൽ അഡോൾഫ് ഹിറ്റ്ലർ വിചാരണയ്ക്കുമുമ്പ് തന്നെ ആത്മഹത്യ ചെയ്തു. ന്യുറൻബെർഗ് വിചാരണ അന്തർദേശീയ കോടതികൾക്കുള്ള മാർഗ ചരിത്രമായി തീരുകയും ചെയ്തു. ഈ കെട്ടിടത്തിനുള്ളൽത്തന്നെ അന്തർദേശീയ കുറ്റവാളികൾക്കുള്ള ഒരു കോടതി 1975 നവംബർ ഇരുപതാം തിയതി ആരംഭിച്ചു. പിന്നീടുള്ള കാലങ്ങളിൽ മനുഷ്യത്വത്തിനെതിരെയുള്ള അന്തർദേശീയ കൂട്ടക്കൊലകൾക്കെല്ലാം ഈ നീതിപീഠത്തിൽനിന്നും വിധി കൽപ്പിച്ചിരുന്നു.

1961 ആഗസ്റ്റ് പതിമൂന്നാം തിയതി കിഴക്കേ ജർമ്മനി കിഴക്കും പടിഞ്ഞാറും വേർതിരിച്ചുകൊണ്ടുള്ള മതിൽക്കെട്ടിന്റെ നിർമ്മാണങ്ങൾ ആരംഭിച്ചു. ആദ്യം മുള്ളുവേലികൾ കൊണ്ടു അതിരു തിരിച്ചിരുന്നു. നെടുനീളെ ആയുധധാരികളായ പട്ടാളക്കാർ കാവലും നിന്നിരുന്നു. പടിഞ്ഞാറ് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പേർ മുള്ളുവേലികൾ ചാടി കിഴക്കേ ജർമ്മനിയിൽ രക്ഷപെട്ടു. ഏതാനും ആഴ്ചകൾക്കുള്ളിൽ മുള്ളുവേലികൾ കോൺക്രീറ്റ് ഭിത്തികളാക്കി. 1962 ജൂൺ മാസം രണ്ടാമതൊരു മതിലും ആദ്യത്തെ മതിലിനു സമാനമായി തീർത്തു. കിഴക്കേ ജർമ്മനിയിൽ നിന്നും പടിഞ്ഞാറെ ജർമ്മനിക്ക് പലായനം ചെയ്യുന്നവരെ കാഴ്ചയിൽ തന്നെ വെടി വെച്ചിടുമായിരുന്നു. രണ്ടു മതിലുകൾക്കും ഇടയിലുള്ള ഇടനാഴികളെ 'മരണത്തിന്റെ ഇടനാഴി'യെന്നറിയപ്പെട്ടിരുന്നു. മതിലുകൾ നല്ല ഉറപ്പോടെയും സുരക്ഷയോടെയും പണി തീർത്തിരുന്നു. 'ബോർഡർ വാൾ' എന്നറിയപ്പെടുന്ന മതിലുകൾ പണിതുയർത്താൻ അഞ്ചു വർഷമെടുത്തു. 1975-ൽ മതിലുകൾ പൂർത്തിയാക്കിയതുകൊണ്ടു ബോർഡർ വാൾ-75 എന്നും ഈ മതിലുകൾ അറിയപ്പെടുന്നു. മതിലുകൾ മൊത്തം 45000 കോൺക്രീറ്റ് കട്ടകൾകൊണ്ടാണ് നിർമ്മിച്ചത്. ഓരോ കട്ടയ്ക്കും 3.2 അടി വീതിയും 12 അടി പൊക്കവും മൂന്നു ടൺ ഭാരവുമുണ്ടായിരുന്നു. മുപ്പതു വർഷത്തോളം ശീതസമരത്തിന്റെ പ്രതീകമായി ജർമ്മൻ മതിൽക്കെട്ടുകളെ കരുതിയിരുന്നു. 79 മൈലുകൾ ദീർഘദൂരത്തോളം മതിൽക്കെട്ടിനു നീളമുണ്ട്‌.

ഏകദേശം 300 നിരീക്ഷണസ്തുപങ്ങളും (watch towers൦) മതിലുകളുടെ സമീപങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. 250-ൽപ്പരം പ്രത്യേകം പരിചയം നേടിയ ജർമ്മൻ നായ്ക്കളും മതിലിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 29 ബങ്കറുകളും കിടങ്ങുകളും മതിലിനുടനീളം കുഴിച്ചിട്ടുണ്ട്. 65  മൈലുകൾ ദൂരം വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാനും ഭടന്മാർക്ക് ഒളിച്ചിരിക്കാനുമുള്ള കിടങ്ങുകളുമുണ്ട്. എന്നിട്ടും സ്വാതന്ത്ര്യത്തിനായി മോഹിക്കുന്ന 5000 ജനങ്ങളോളം രക്ഷപെട്ടു. അങ്ങനെ രക്ഷപെടാൻ ശ്രമിച്ചവരിൽ നൂറു കണക്കിന് ജനം മരിക്കുകയും ചെയ്തു. 1987 ജൂണിൽ മതിലുകൾക്കു മുമ്പിൽ നിന്ന് 'റൊണാൾഡ് റീഗൻ' ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്തു. രണ്ടു വർഷത്തിനുശേഷം ആയിരക്കണക്കിന് കിഴക്കും പടിഞ്ഞാറും ജർമ്മനിയിലുള്ളവർ മതിലിടിച്ചു തകർക്കാനും മതിൽക്കെട്ടുകൾ മറി കടന്നു ചാടാനും തുടങ്ങി. 1990 ഒക്ടോബർ മൂന്നാം തിയതി കിഴക്കും പടിഞ്ഞാറുമുള്ള ജർമ്മനികൾ ഒന്നായി, ഒരേ ജനതയായി വിളംബരം ചെയ്തു. മുപ്പതു വർഷങ്ങൾ രണ്ടു ജനതയുടെ മറയായി നിന്ന ചരിത്രത്തിന്റെ ആ മതിൽക്കെട്ടുകൾ മുഴുവനായി തകർക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങൾ ലോകമാകമാനമുള്ള മ്യൂസിയത്തിൽ ഇന്ന് സൂക്ഷിക്കുന്നു. എങ്കിലും ആ പാഴ്‌വസ്‌തുക്കൾ പുനരുത്‌പാദനം (recycling)നടത്തുകയും ജർമ്മനിയുടെ നിർമ്മാണപദ്ധതികൾക്കായി ഉപയോഗിക്കുകയുമുണ്ടായി.

കേരളത്തിലെ സഞ്ചാരസാഹിത്യത്തെപ്പറ്റി ചുരുക്കമായി ഒന്ന് പറഞ്ഞുകൊള്ളട്ടെ. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ റോമാ വിവരണമുൾപ്പെട്ട വർത്തമാന പുസ്തകം  ഇന്ത്യയിലെ ആദ്യത്തെ സഞ്ചാരസാഹിത്യമായി വിലയിരുത്തുന്നു. 1790-ൽ എഴുതിയ ഈ കൃതി പ്രസിദ്ധീകരിച്ചത് 1936-ലായിരുന്നു.  ഒരു കാലഘട്ടത്തിന്റെ സാംസ്‌ക്കാരികവും ഉപരിപ്ലവങ്ങളുമടങ്ങിയ വർത്തമാന പുസ്തകം ഒരു സഞ്ചാര ഡയറിയെക്കാൾ  ചരിത്ര പുസ്തകമായി കരുതുകയായിരിക്കും ഉചിതം.1895-ൽ 'പരുമല ബിഷപ്പ് ഗ്രിഗോറിയോസ്' എഴുതിയ 'ഓശ്ലോം യാത്ര'യുടെ  മലയാള പരിവർത്തനം  അച്ചടിച്ച സഞ്ചാര സാഹിത്യത്തിന്റെ ആദ്യത്തെ കൃതിയായി കരുതുന്നു. പദ്യത്തിൽ എഴുതിയ ആദ്യത്തെ യാത്രാ വിവരണം ധർമ്മ രാജാവിന്റെ രാജേശ്വരം യാത്രയാണ്. മലയാളത്തിലെ സഞ്ചാരസാഹിത്യ നായകരിൽ പ്രമുഖനായി എസ്.കെ. പൊറ്റക്കാടിനെ വിലമതിക്കുന്നു.  കൂടാതെ കെ.പി. കേശവമേനോൻ, കെ.എം. പണിക്കർ, ഡോ.കെ.എം. ജോർജ്, നിത്യ ചൈതന്യ യതി, ഇ.എംഎസ് എന്നിവരും സഞ്ചാര സാഹിത്യത്തിൽ തിളങ്ങിനിന്നവരാണ്.

പ്രസിദ്ധരായ  യാത്രാവിവരണങ്ങൾ നൽകിയ  സാഹിത്യകാരുടെ കൃതികളോടൊപ്പം  ശ്രീ ജോർജ് നെടുവേലിയുടെ 'ഡാന്യൂബിന്റെ നാട്ടിൽ' എന്ന സഞ്ചാരഗ്രന്ഥവും വളരെ ഉയർന്നനിലവാരം പുലർത്തുന്നു. ശ്രീ ജോർജ്, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഉസ്മാനിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. പുളിങ്കുന്നിലാണ് ജനിച്ചത്. പിതാവ് പ്രസിദ്ധ ആയുർവേദ വൈദ്യനായിരുന്ന വൈദ്യ കലാനിധി ചെറിയാൻ വൈദ്യനും മാതാവ് മറിയാമ്മ ചെറിയാനും. നൈജീരിയയിൽ പത്തു വർഷം സാമ്പത്തിക ശാസ്ത്രവും നിയമവും പഠിപ്പിച്ചിരുന്നു. ഇപ്പോൾ കുടുംബമായി ഫ്ലോറിഡയിൽ താമസിക്കുന്നു. മലയാള സഞ്ചാരസാഹിത്യത്തെ മനോഹരമായ ഒരു കൃതിയിൽക്കൂടി പൊൻതിലകക്കുറിയണിയിച്ച ജോർജ് നെടുവേലിക്ക് സർവ്വവിധ മംഗളങ്ങളും അഭിനന്ദനങ്ങളും നേരുന്നു. അദ്ദേഹത്തിൻറെ ശക്തമായ തൂലികയിൽനിന്നും ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിൽ പ്രസിദ്ധീകരിക്കാനും അഭിലഷിക്കുന്നു. അമേരിക്കൻ പ്രവാസി സാഹിത്യത്തിനും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.






Danubius and Vindobona

Thursday, December 22, 2016

മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും





ജോസഫ് പടന്നമാക്കൽ 

പഴയകാലങ്ങളിൽ പുരോഹിതരായിരുന്നവർ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നും ജനിച്ചു വളർന്നവരായിരുന്നു. അമ്പലപൂജാദി കർമ്മങ്ങൾ  നമ്പൂതിരിമാർ കൈവശപ്പെടുത്തിയതുപോലെ ക്രിസ്ത്യൻ പൗരാഹിത്യത്തിന്റെ കുത്തകയും ഉയർന്ന കുടുംബ മഹിമയുള്ളവരിൽ നിക്ഷിപ്തമായിരുന്നു. കുടുംബത്ത് ഡോക്ടർ, എഞ്ചിനീയർ പോലെ പുരോഹിതനും സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല, പത്താം ക്ലാസ് പാസാകുന്ന ആർക്കും ഏതു തെമ്മാടിയുടെയും ഷൈലോക്കുകളുടെയും മക്കൾക്ക് പുരോഹിതരാകാമെന്നായി. പൗരാഹിത്യന്റെ വിലയിടിഞ്ഞതും അത്തരക്കാരുടെ തള്ളിക്കയറ്റത്തിനു ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചടത്തോളം മറിയക്കുട്ടിക്കൊലക്കേസ് മുതൽ  അധഃപതിച്ച പുരോഹിതരെയും മാന്യന്മാരായവരോടൊപ്പം ജനം ശ്രദ്ധിക്കാൻ തുടങ്ങി.

കുപ്രസിദ്ധമായ മറിയക്കുട്ടി കൊലക്കേസിന്റെ വിസ്താര നാളുകളിൽ ദീപികയും മനോരമയും ഒരുപോലെ ഫാദർ ബെനഡിക്റ്റ് നിരപരാധിയെന്ന് വിധിയെഴുതി. എങ്കിലും അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാർ മാത്യു കാവുകാട്ട്, "നീതിയും സത്യവും അതിന്റെ വഴിക്കു നടക്കട്ടെ, കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നു" പറഞ്ഞതും ഓർക്കുന്നു. കാവുകാട്ട് ബിഷപ്പിനെപ്പോലെ ദിവ്യന്മാരായ മഹാന്മാരും ഈ സഭയിലുണ്ടായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. അതേ രൂപതയിലുള്ള ഒരു വൈദികനായ ഫാദർ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ സുപ്രസിദ്ധ സാഹിത്യകാരനായ ബെന്യാമിനുള്ള മറുപടി തികച്ചും രുചികരമായിരുന്നില്ല.

പുരോഹിതരുൾപ്പടെയുള്ള  എല്ലാ ക്രിമിനൽ കേസുകളിലും മനോരമ എക്കാലവും കത്തോലിക്കാസഭയ്‌ക്കൊപ്പമുണ്ടായിരുന്നു.  കോട്ടയം കോൺവെന്റിൽ അന്തേവാസിയായിരുന്ന അഭയായെന്ന യുവതിയായ കന്യാസ്ത്രിയെ കൊന്നു കിണറ്റിലിട്ടപ്പോഴും മനോരമ പത്രം പുരോഹിതരെ രക്ഷിക്കാൻ ശ്രമിച്ചു. ഇങ്ങനെ നീതികേടു കാണിക്കുന്ന പുരോഹിതരുടെ ധാർമ്മിക ബോധം എത്രമാത്രം അധഃപതിച്ചതെന്നും കേരളത്തിലെ കഴിഞ്ഞകാല സംഭവപരമ്പരകളിൽനിന്നും വ്യക്തമാണ്.

ഫാദർ ഇലഞ്ഞിമറ്റം ലൈംഗിക ചുവകൾ കലർത്തിയുള്ള ഒരു മറുപടിയാണ് ബെന്യാമിന് അയച്ചത്. ശ്രീ ബെന്യാമിനും അത്തരത്തിലുള്ള ഒരു ലേഖനം എഴുതിയില്ലേയെന്നു ചോദ്യം വരാം. മിക്ക  സാഹിത്യകാരന്മാരുടെ കൃതികളും ലൈംഗിക ചുവ കലർന്നിട്ടുള്ളതാണ്. ബഷീറിന്റെയും കേശവദേവിന്റെയും കൃതികളിൽ ലൈംഗിക വികാരങ്ങൾ പച്ചയായി വിവരിച്ചിരിക്കുന്നത് കാണാം. അങ്ങനെയൊരു അവകാശം മാത്രമേ സാഹിത്യകാരനായ ബെന്യാമിനുമെടുത്തുള്ളൂ. സദാചാരം പഠിപ്പിക്കാൻ അദ്ദേഹം സദാചാരവാദിയോ പുരോഹിതനോ അല്ല. അക്കാര്യം അദ്ദേഹത്തിൻറെ മറുപടിയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം കപട സംസ്ക്കാരങ്ങളെ മറച്ചുവെച്ചുകൊണ്ടു നടക്കുന്ന സഭയിലെ ഏതാനും ചില പുരോഹിതർക്ക് ഒരു സ്ത്രീയുടെ മാറിടത്തിന്റെ ചിത്രം കണ്ടപ്പോൾ കലിയിളകിയെന്നും മനസിലാക്കണം.

ബെന്യാമിൻ പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ്.  എഴുത്തുലോകത്തിൽ കുരു പൊട്ടുവോ, ലൈംഗിക ചുവയുള്ള കാര്യങ്ങളോ എഴുതാം.  ഒരു എഴുത്തുകാരന്റെ ചിന്തകൾ ഭൗതിക ലോകത്തെപ്പറ്റിയാണ്. തന്റെ ഭാര്യ ഗർഭിണിയായിരുന്ന കാലഘട്ടങ്ങളിൽ വികാരങ്ങളെ എങ്ങനെ കീഴ്പ്പെടുത്താമെന്നു ശ്രീ ബെന്യാമിൻ തന്മയത്വമായി എഴുതിയിട്ടുമുണ്ട്. ഒരു എഴുത്തുകാരനു ഒരു ജനതയെ സാംസ്‌കാരികമായോ ആദ്ധ്യാത്മികമായോ പരിവർത്തനം ചെയ്യാനുള്ള കടമയില്ല. ജനങ്ങളുടെ മനോധർമ്മത്തിനനുസരിച്ചു എഴുതുകയെന്നതാണ് അയാളുടെ ജോലി. അയാളൊരു സാംസ്ക്കാരിക ചിന്തകനായിരിക്കണമെന്നില്ല. എന്നാൽ ഒരു സമൂഹത്തിനെ ദൈവത്തിങ്കിലേയ്ക്ക് അടുപ്പിക്കണമെന്നും സാംസ്ക്കാരികവും ആദ്ധ്യാത്മികവുമായ കാഴ്ചപ്പാട് സമൂഹത്തിനു കാഴ്ച വെക്കണമെന്നുമാണ് പുരോഹിതൻ ചിന്തിക്കേണ്ടത്.

സൽമാൻ റഷ്ദിയുടെ തലയ്ക്ക് വിലപറഞ്ഞ ഇസ്‌ലാമിക ഭീകരവാദികളെക്കാളും പുരോഹിതരുടെ സാംസ്ക്കാരികത താണു പോയതിന്റെ തെളിവാണ് ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള   മറുപടി. അതിനദ്ദേഹം അല്മായർ ചെയ്യുന്ന കുറ്റകൃത്യങ്ങളുമായി തുലനംചെയ്തു തടിതപ്പാൻ ശ്രമിക്കുകയാണ്. ജിഷാക്കൊലക്കേസും അഭയാക്കൊലക്കേസും ഒരേ ത്രാസിൽ അളക്കാനും ഇലഞ്ഞിമറ്റം  ശ്രമിക്കുന്നു. ഇസ്‌ലാമിക മതത്തെ മൊത്തം അധിക്ഷേപിച്ചുകൊണ്ടുള്ള മറുപടിയും ഈ പുരോഹിതന്റെ ലേഖനത്തിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഭീകരരുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഭീകരർ ക്രിസ്ത്യാനികളായിരുന്നു. ഈ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളും ക്രിസ്ത്യൻ രാജ്യങ്ങളും മറ്റൊരു ഭീകര സംഘടനയെ സൃഷ്ടിച്ചുവെന്നു മാത്രം. 'ഇസ്‌ലാമിക ഭീകരരെങ്കിൽ ബെന്യാമിന്റെ തലയ്ക്ക് കോടികൾ വിലമതിക്കുമായിരുന്നവെന്ന 'ആശ്വാസമാണ് ഫാദർ ഇലഞ്ഞിമറ്റത്തിനുള്ളത്. കോതമംഗലം ബിഷപ്പിന്റെയും തൊടുപുഴ ന്യുമാൻ കോളേജ് മലയാളം വകുപ്പുമേധാവിയായ ഒരു പുരോഹിതന്റെയും അനുഗ്രഹത്തോടെ പ്രൊഫസർ ജോസഫ് സാറിന്റെ   കൈവെട്ടിയതും അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ആത്മഹത്യയും ആ കുടുംബത്തോട് കാണിച്ച സഭയുടെ ക്രൂരതയും കേരള മനസാക്ഷിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത സത്യങ്ങളാണ്.

പിതാവേ ഇവരോട് ക്ഷമിക്കുകയെന്നു പറഞ്ഞ ഗുരുവിന്റെ പിൻഗാമികൾ വെളുത്ത കുപ്പായങ്ങളും ധരിച്ചുകൊണ്ടാണ് ചന്തകളിൽക്കൂടി പ്രതിക്ഷേധങ്ങളുമായി മുന്നേറുന്നതെന്നും ഓർക്കണം. കേരളത്തിൽ പണ്ട് മാറ് മറക്കാനുള്ള സമരം അധഃകൃത സമുദായങ്ങൾ നടത്തിയിരുന്നു. ഇത് സ്ത്രീയുടെ മാറു കണ്ടുവെന്ന പൗരാഹിത്യത്തിന്റെ സമരകാഹളമായും ചരിത്രത്തിൽ വിശേഷിപ്പിക്കാം. അല്ലെങ്കിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന മാതാ ഹരിയെന്ന നർത്തകിയുടെ മാറിടത്തിന്റെ പടം കണ്ടപ്പോൾ ക്രിസ്തുവാണെന്നു തോന്നിക്കാണാം.

സദാചാരം പഠിപ്പിക്കാനിറങ്ങുന്ന പുരോഹിതരുടെ പ്രകടനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ശ്രീ ബെന്യാമിന്റെ മറുപടി ഫാദർ ഇലഞ്ഞിമറ്റത്തിനു ഏറ്റിട്ടുണ്ടെന്നുള്ളതും വ്യക്തമാണ്.  1957 കാലങ്ങളിൽ കേശവദേവിന്റെ 'ഓടയിൽനിന്നുള്ള' പുസ്തകം സ്‌കൂളുകളിൽ പാഠപുസ്തകമാക്കിയപ്പോൾ പുരോഹിതരിൽനിന്നും ശക്തമായ പ്രതിക്ഷേധങ്ങളുണ്ടായിരുന്നു. അതിലെ കഥാപാത്രങ്ങളായ നായകനും നായികയും കിടക്ക പങ്കുവെച്ചെന്നുള്ള പരാമർശനമായിരുന്നു പുരോഹിതരെ ചൊടിപ്പിച്ചത്. അന്നും ശ്രീ ബെന്യാമിനെപ്പോലെ പ്രസിദ്ധരായ എഴുത്തുകാർ പുരോഹിതരുടെ ബാലിശമായ വക്രചിന്തകളെ എതിർത്തുകൊണ്ട് രംഗത്തു വന്നിരുന്നു. 'ബൈബിളിലെ അശ്ളീല കഥകൾ ആദ്യം നീക്കം ചെയ്യാനായിരുന്നു' അക്കാലങ്ങളിൽ കേശവ് ദേവ് പുരോഹിതരോടാവശ്യപ്പെട്ടത്.

ബ്രഹ്മചരിയെന്നു അഭിമാനിച്ചുകൊണ്ട് കുപ്പായമിട്ടിരിക്കുന്ന ഇലഞ്ഞിമറ്റത്തിന്റെ ചോദ്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ, ഭാര്യയിൽനിന്ന് അകന്നു ജീവിക്കുമ്പോൾ കുരു പൊട്ടുവോയെന്നുള്ള ചോദ്യങ്ങൾ എന്നും പവിത്രമായ അൾത്താരയിൽ കുർബാന ചെല്ലുന്ന ഒരു പുരോഹിതന്റെ അന്തസ്സിനു ചേർന്നതാണോ? ആദ്ധ്യാത്മികത എന്തെന്നു മറ്റുള്ളവരെ കാണിച്ചുകൊടുക്കേണ്ട ഒരു പുരോഹിതന്റെ അല്ലെങ്കിൽ അതേ പാതയിൽ സഞ്ചരിക്കേണ്ട ഒരു ബ്രഹ്മചര്യന്റെ ചോദ്യങ്ങളാണെന്നും മനസിലാക്കണം. പ്രകൃതിയേയും ഈശ്വരനെയും സൃഷ്ട്ടികർമ്മങ്ങളെയും മനസിലാക്കിയിരുന്ന ബ്രഹ്മചരിയായ ഒരു പുരോഹിതൻ ഇത്തരം വിഡ്ഢിചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു.

പുരോഹിതരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്തതിലുള്ള അമർഷം മുഴുവനായും ഫാദർ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള മറുപടിയിൽ വ്യക്തമായിരുന്നു. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ  ഇലഞ്ഞിമറ്റം തെറ്റായി ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. അവിവാഹിതനായി ജീവിക്കുന്നുവെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഹൈന്ദവ ആചാര്യന്മാർ പവിത്രമായി കരുതുന്ന ബ്രഹ്മചര്യം എന്ന വാക്കുപയോഗിക്കാൻ തന്നെ ക്രൈസ്തവ പുരോഹിതർക്കവകാശമില്ല.
ഹൈന്ദവത്തിൽ ബ്രഹ്മചര്യം ജീവിതകാലം മുഴുവൻ നോക്കണമെന്ന പ്രതിജ്ഞയുമില്ല.

മതത്തിന്റെ കപടതയെ എഴുത്തുകാർ മറച്ചുവെക്കണമെന്നാണ് ഇലഞ്ഞിമറ്റത്തിനെപ്പോലുള്ള  പുരോഹിതർ ചിന്തിക്കുന്നത്. ശ്രീ എം.പി. പോൾ, മുണ്ടശേരി, പൊൻകുന്നം വർക്കി, എന്നിവരെ തേജോവധം ചെയ്യാൻ പുരോഹിതർ ആവുന്നത്ര ശ്രമിച്ചു. പുരോഹിതരുടെ കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എഴുത്തുകാർ അവരുടെ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ്  ആഗ്രഹിക്കുന്നത്‌. അല്ലെങ്കിൽ കൂദാശകൾ മുടക്കാനുള്ള അധികാരം പ്രയോഗിക്കും. ഒന്നുരണ്ടു കോടതിക്കേസുകൾ പുരോഹിതർക്ക് പ്രതികൂലമായി വന്നതിനാൽ അത്തരം നീചമായ തീരുമാനങ്ങൾ ഇനി നടപ്പാക്കാൻ പ്രയാസമാണ്. മഹാനായ എം.പി. പോളിന്റെ ശവത്തെ അപമാനിച്ച കഥ കേരള കത്തോലിക്കാ സഭയുടെ കറുത്ത അദ്ധ്യായത്തിലുമുണ്ട്.

അദ്ധ്യാത്മികതയെ നാലുവിധേനയുള്ള ആശ്രമങ്ങളായി വേദങ്ങൾ തരം തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യസ്‌തം, എന്നിവകളാണ് ചതുരാശ്രമങ്ങളായി  ഗണിച്ചിരിക്കുന്നത്. അതിൽ ബ്രഹ്മചര്യമെന്നുള്ളത് അദ്ധ്യാത്മികതയിലെ ഒരു വഴിമാത്രമേയുള്ളൂ. പുരോഹിതർക്ക് ആ വാക്ക് ഉപയോഗിക്കാൻ തന്നെ അവകാശമില്ല. ബൈബിളിൽ ബ്രഹ്മചര്യത്തെപ്പറ്റി ഒരു സ്ഥലത്തും പറഞ്ഞിട്ടുമില്ല. ബ്രഹ്മചര്യമെന്നു പറഞ്ഞാൽ ബ്രഹ്മനെയറിയുന്ന ആചാര്യനെന്നാണ്. അല്ലാതെ സ്ത്രീയുടെ മാറിടവും മാറിടത്തിന്റെ പടവും പഠിക്കുന്നവനെന്നല്ല. ഈശ്വരനെ അല്ലെങ്കിൽ ആത്മത്തെ തേടുന്നവനെയാണ് ബ്രഹ്മചര്യനെന്നു പറയുന്നത്.

ക്രിസ്തീയ സഭകളിൽ ബിംബാരാധന ഇല്ലെന്നു പറയും. പിന്നെയെന്തിനാണ് പുരോഹിതർ ക്രിസ്തുവിനെ ലൈംഗിക ചുവ പൂശിക്കൊണ്ടു സമരത്തിനിറങ്ങുന്നതെന്നു മനസിലാകുന്നില്ല. ഈ സമരം ആദ്ധ്യാത്മികതയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് പുരോഹിതർക്ക് മറ്റു ലക്ഷ്യങ്ങളും കാണാം. ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനമായ മനോരമയെ തകർക്കുക വഴി അനേകരെ തൊഴിലില്ലാതെയാക്കാനും സാധിക്കുമെന്ന് ഇവർ ചിന്തിക്കുന്നുണ്ടാകാം. ചരമയറിയിപ്പ് മാത്രം വായിക്കാൻ കൊള്ളാവുന്ന നിലവാരം കുറഞ്ഞ ദീപിക പത്രത്തിന്റെ പ്രചാരവും വർദ്ധിപ്പിക്കാമെന്നു പുരോഹിതർ കരുതുന്നുണ്ടാവാം. മെത്രാനെ വാഴ്ത്തുന്നതും പുരോഹിതന്റെ പുത്തൻ കുർബാനയുടെ വാർത്തകൾക്ക് മാത്രം പ്രാധാന്യം കൽപ്പിക്കുന്നതുമായ ദീപികയെന്ന പുരോഹിത പത്രത്തിന് സാംസ്ക്കാരിക കേരളം വലിയ പ്രാധാന്യം കൽപ്പിക്കുമെന്നും തോന്നുന്നില്ല. സർ സി.പി.യുടെ ആജ്ഞപ്രകാരം പത്രം മുടക്കി മുദ്രവെച്ചുകൊണ്ടുള്ള കാലങ്ങളെയും അതിജീവിച്ച പത്രമാണ് മലയാള മനോരമയെന്നും  മനസിലാക്കണം.

ഒരു പത്രധർമ്മമെന്നു പറഞ്ഞാൽ പ്രത്യേകമായ ഒരു ജാതിയെ
പ്രീതിപ്പെടുത്താനുള്ളതല്ല. വാർത്തകളും അറിവുകളും പകർന്നു കൊടുക്കുകയെന്നത് ഒരു പത്രത്തിന്റെ മൗലികാവകാശമാണ്. കാരണം, വായനക്കാരിൽ യുക്തിവാദികളും, കലാകാരന്മാരും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും മുസ്ലിമുകളും കാണും. മദ്ധ്യകാല യുഗങ്ങളിൽ ഏതോ കലാകാരൻ വരച്ച അന്ത്യയത്താഴത്തിലെ ക്രിസ്തുവിന്റെ ചിത്രം ബേതലഹേമിൽ ജീവിച്ചിരുന്ന യഥാർത്ഥ ക്രിസ്തുവിന്റെതല്ല. ജീവിച്ചിരുന്ന ക്രിസ്തു യഹൂദനായിരുന്നു. ഇന്ന് മാർക്കറ്റിൽ വിൽക്കാനിട്ടിരിക്കുന്ന പടങ്ങളിൽ നടുക്കിരിക്കുന്ന ക്രിസ്തു  യൂറോപ്യനായ ഒരാളിന്റെ ഭാവനയിലുണ്ടായ പടമാണ്. അതുപോലെ ആഫ്രിക്കൻ ക്രിസ്തുവിന്റെ പടങ്ങളും കാണാം. ചിലർ മേരിയെ സാരിയുടുപ്പിക്കുകയും ഗർഭിണിയാക്കി പ്രതിമകളുമുണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ കലയെ സ്നേഹിക്കുന്നവർ നർത്തകിയായിരുന്ന മാതാ ഹരിയുടെയും പടങ്ങൾ നടുക്കു വെച്ച് ഭാവനകൾ സൃഷ്ടിച്ചെന്ന് വരാം. അതിൽ പുരോഹിത ലോകം ഇത്രമാത്രം കലികൊള്ളേണ്ട കാര്യമില്ല. രവി വർമ്മയുടെ പടങ്ങളിൽ ഒരു യുവതി മാറിടം കാണിച്ചുകൊണ്ട് കുഞ്ഞിന് മുലയൂട്ടുന്നതായുണ്ട്. അതുപോലെ മേരിയും ശിശുവായ യേശുവിനു മാറിടം കാണിച്ചുകൊണ്ട് മുലയൂട്ടുന്നതായ കലാമൂല്യങ്ങൾ മദ്ധ്യകാല യുഗങ്ങൾ മുതലുണ്ട്. അതിലൊന്നും പുരോഹിതർക്ക് പ്രതിക്ഷേധമില്ല. അറിവും കലാചിന്തകളുമുള്ളവർ ഒരു പടം കണ്ടാൽ വികാരക്ഷോപിതരാകുകയല്ല വേണ്ടത്, മറിച്ചു ആ കലാമൂല്യങ്ങളെ കലയുടെ മഹത്വത്തിൽത്തന്നെ ആദരിക്കുകയാണ് ചെയ്യേണ്ടത്.

സ്ത്രീകളുടെ മാറിടം കാണിച്ചുകൊണ്ടുള്ള കലാമൂല്യങ്ങളായ ചിത്രങ്ങൾ കണ്ടാൽ  സാംസ്ക്കാരിക കേരളത്തിന്റെ സംസ്ക്കാരം ഇടിഞ്ഞുപോകുമെന്ന പുരോഹിത സങ്കൽപ്പത്തിന് മാറ്റം വരണം. അത്തരം ചിന്തകൾ അവരിലുണ്ടാകുന്നത് സെമിനാരികളിലെ അടച്ചുപൂട്ടിയ വാതിലുകൾക്കുള്ളിൽ വികാരങ്ങൾ കീഴ്‌പ്പെടുത്തി കൗമാരം ചെലവഴിച്ചതുകൊണ്ടാണ്. അശ്ലീലമെന്നു പ്രചരിപ്പിച്ചുകൊണ്ടു പുരോഹിതർ നടത്തുന്ന പ്രകടനങ്ങൾ മൂന്നാം ക്ലാസ് രാഷ്ട്രീയക്കാരേക്കാളും തരം താണതാണ്.   കുപ്പായങ്ങളണിഞ്ഞുകൊണ്ടുള്ള ഇവരുടെ പ്രകടനങ്ങൾ കത്തോലിക്കാ സഭയെ ലോകത്തിന്റെ മുമ്പിൽ കരിതേക്കുകയും ചെയ്യുന്നു.ഇന്റർനെറ്റ് തേടിയാൽ ഇതുമാതിരിയുള്ള അനേക ചിത്രങ്ങൾ കാണാം. അക്കൂടെ യേശുവിനെ നഗ്നമായി നിർത്തികൊണ്ടുള്ള അന്ത്യ അത്താഴ പടങ്ങളുമുണ്ട്. മാറിടം കാണിച്ചുകൊണ്ടുള്ള കന്യാസ്ത്രീകളുടെ നടുവിൽ യേശു ബാറിലിരുന്ന് മദ്യപിക്കുന്നതായുള്ള പടങ്ങളും കാണാം. ഇതിനൊക്കെ പ്രതിക്ഷേധിക്കാൻ പോയാൽ പുരോഹിതർ എത്രമാത്രം പോകുമെന്നും അറിഞ്ഞുകൂടാ.

പ്രകൃതിയും ജീവജാലങ്ങളും പുരുഷനും സ്ത്രീയും സൃഷ്ടി കർമ്മങ്ങളിൽ ഉള്ളതാണ്. സ്ത്രീയെ കാണുമ്പോൾ പുരുഷനുണ്ടാകുന്ന വികാരം പ്രകൃതിയുടെയും ഈശ്വരന്റെയും വരദാനവുമാണ്. അതിനെ നിഷേധിച്ചുകൊണ്ട് സ്ത്രീയെ കാണുമ്പോൾ അടക്കിപിടിച്ചുകൊണ്ടുള്ള പുരോഹിതന്റെ ജീവിതം പ്രകൃതി വിരുദ്ധവുമാണ്. പന്ത്രണ്ടുമാസവും വൈകാരിക ജീവിതം അമർത്തിപ്പിടിച്ചു ജീവിക്കുന്നതുകൊണ്ടാണ് സ്ത്രീയുടെ മാറിടത്തിന്റെ പടം കണ്ടാൽ പുരോഹിതർക്ക് കലിയിളകുന്നത്. ദേവി ദേവന്മാരുടെ മാറിടങ്ങളുള്ള ബിംബങ്ങൾ നിത്യം അമ്പലപൂജാരികൾ പൂജാവേളകളിൽ ദർശിക്കുന്നതുകൊണ്ടു അവർക്കങ്ങനെയൊരു വൈകാരികത സംഭവിക്കാൻ സാധ്യത കുറവാണ്.  മേരിയുടെ നഗ്നമായ മാറിടത്തിൽ നിന്നും ഉണ്ണിയേശുവിനു മുല കൊടുക്കുന്നതായ ലോകപ്രസിദ്ധങ്ങളായ കലാമൂല്യങ്ങളുണ്ട്. അതിലൊന്നും പുരോഹിതർ വ്യാകുലരല്ല.

ഒരു സാധാരണ മനുഷ്യൻ വ്യപിചാരം ചെയ്‌താൽ അത് അയാളുടെ കുടുംബത്തെയും ഭാര്യയേയും കുഞ്ഞുങ്ങളെയുമെ ബാധിക്കുള്ളൂ. പക്ഷെ ഒരു പുരോഹിതനെന്നു പറഞ്ഞാൽ അയാളൊരു വ്യക്തിയല്ല. ഒരു സമൂഹത്തിനെയാണ് പ്രതിനിധികരിക്കുന്നത്. അയാൾ തെറ്റു ചെയ്‌താൽ സമൂഹമൊന്നാകെ പേരുദോഷമുണ്ടാക്കും. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരിൽ ഒരാൾ പിഴച്ചുവെന്നാണ് പുരോഹിതരുടെ വാദം. ക്രിസ്തു ശിക്ഷ്യനായ യൂദാ സ്കറിയാത്തായിൽ വ്യപിചാരകുറ്റങ്ങൾ ചാർത്തിയതായി വചനങ്ങളിൽ പറഞ്ഞിട്ടില്ല. പണത്തോടുള്ള ആർത്തി മൂലം യൂദാ ഗുരുവിനെ ഒറ്റി കൊടുത്തു. ഒരു കാലത്തു സഭയേയും കത്തോലിക്കാ പുരോഹിതരെയും പിന്തുണച്ചിരുന്ന മനോരമയെ ഒറ്റികൊടുക്കാനും യൂദാസുകളായ പുരോഹിതർ ഇന്ന് മുമ്പിലുണ്ട്. അഭിനവ യൂദാമാർ കോളേജുകളും ഹോസ്പിറ്റലുകളും നടത്തി ഒറ്റുകാരനായ യൂദായെപ്പോലെ യേശുവാകുന്ന സഭയുടെ പേരിൽ കോഴ, കൈക്കൂലിവഴി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആത്മാക്കളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു നടക്കുന്ന പുരോഹിതരുടെ കപടത നിറഞ്ഞ പാപങ്ങൾ നോക്കുമ്പോൾ ക്രിസ്തു ശിക്ഷ്യനായ യൂദായുടെ പാപം വെറും നിസാരമെന്നും കാണാം.

ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ഭാവനയിൽ മുളച്ചുവന്ന  പടം ഫ്രാൻസിലെ പ്രസിദ്ധ നർത്തകിയായിരുന്ന
മാർഗരേത ഗീർട്രുയിഡാ  (Margaretha Geertruida Zelle) എന്ന ഒരു ഡച്ച് വനിതയുടെയായിരുന്നു. അവരുടെ സ്റ്റേജിലെ പേര് മാതാ ഹരിയെന്നായിരുന്നു. നഗ്നനർത്തകിയെന്ന നിലയിൽ അവർ അക്കാലങ്ങളിൽ പ്രസിദ്ധയായിരുന്നു. സമൂഹത്തിൽ പേരും പെരുമയുമുണ്ടായിരുന്നവരുടെയും ധനികരുടെയും പ്രഭുക്കന്മാരുടെയും കിടക്കകളും പങ്കിട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളിൽ അവർ ജർമ്മനിയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ ഫ്രഞ്ച് സർക്കാർ  അവരെ അറസ്റ്റു ചെയ്തു. കുറ്റക്കാരിയെന്നു വിധിച്ചതിനാൽ ഫ്രഞ്ച് പട്ടാളക്കോടതി വെടിവെച്ചു കൊല്ലാൻ ഉത്തരവിടുകയാണുണ്ടായത്.

1876 ആഗസ്റ്റ് ഏഴാം തിയതി  അവർ ആഡം സെല്ലെയുടെയും (Adam Zelle) അഞ്ചേ വാൻ മെലന്റെയും (Antje van der Meulen) നാലുമക്കളിൽ മൂത്തവളായി ജനിച്ചു. പിതാവ് ഒരു ബിസിനസുകാരനും ധനികനുമായിരുന്നതു കൊണ്ട് നല്ലൊരു ബാല്യം അവർക്കുണ്ടായിരുന്നു. 1889-ൽ മാർഗരേതന്റെ പിതാവ് സാമ്പത്തികമായി തകരുകയും വിവാഹമോചിതനാവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാർഗരേത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.  1891-ൽ 'അമ്മ മരിക്കുകയും അവർ 'മിസ്റ്റർ വിസർ' എന്ന തലതൊട്ടപ്പനുമൊത്തു താമസമാക്കുകയുമുണ്ടായി. അവിടെയവർ ചെറുകുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററുമായി പ്രേമ ബന്ധത്തിൽ ആയതിനാൽ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. വിസറിന്റെ   നിർദ്ദേശപ്രകാരമാണ് ജോലി പോയതും. അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടമില്ലായിരുന്നു. അവിടെനിന്നും പിന്നീട് മാർഗരേത തന്റെ അമ്മാവന്റെ വീട്ടിൽ താമസമാക്കി.

1896-ൽ മാർഗരേത അവരെക്കാൾ ഇരുപതു വയസു പ്രായക്കൂടുതലുണ്ടായിരുന്ന ഒരു ഡച്ച് ആർമി ഓഫിസറിനെ വിവാഹം ചെയ്തു. രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരു കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി. മാർഗരേതന്റെ ഭർത്താവ് അവരിൽ നിന്ന് വിവാഹമോചനം നേടുകയും മകളുടെ സംരക്ഷണ ചുമതല ഭർത്താവിന് ലഭിക്കുകയും ചെയ്തു. അമ്പലങ്ങളിൽ നൃത്തം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഹിന്ദു അദ്ധ്യാപകനെ മാർഗരേത കണ്ടുമുട്ടി.അദ്ദേഹം അവരെ അമ്പല നർത്തകികളെപ്പോലെ രതി ഭാവാദികളടങ്ങിയ കൂത്തുകളും ഡാൻസുകളും  പഠിപ്പിച്ചു.  കാമവികാരങ്ങൾ ഉണർത്തുന്ന വിധേനയുള്ള നഗ്നനൃത്തങ്ങളായിരുന്നു അവർ അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാരീസിലും ബെർലിനിലും വിയന്നയിലും യുറോപ്പിയൻ പട്ടണങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകരുടെ മുമ്പിൽ അവർ നൃത്തം ചെയ്യുമായിരുന്നു.

ജർമ്മനിയുമായുള്ള അവരുടെ ബന്ധം ഫ്രാൻസിലെ അധികാരികൾ വീക്ഷിച്ചുകൊണ്ടിരുന്നു. 1917- ൽ  ജർമ്മനിയിൽ നിന്നു മടങ്ങി വന്നയുടനെ അവരെ അറസ്റ്റ് ചെയ്തു. ജർമ്മനിക്കുവേണ്ടി  ചാരപ്രവർത്തി നടത്തുന്നവരായി   മുദ്രകുത്തുകയും ചെയ്തു. കാര്യമായ തെളിവുകൾ ഒന്നും അവരുടെ പേരിൽ ഉണ്ടായിരുന്നില്ലെങ്കിലും ഫ്രഞ്ചു പട്ടാളക്കോടതി വെടി വെച്ച് കൊല്ലുകയാണുണ്ടായത്. അവരുടെ സ്വന്തം നിലപാടിനെപ്പറ്റി വിവരിക്കുവാനും അന്നവർക്കു കഴിഞ്ഞില്ല.

ജയിലിൽ ആയിരുന്നപ്പോൾ ജയിലിലെ വാർഡനും ജോലിക്കാരും കന്യാസ്ത്രികളായിരുന്നു. വെടിവെച്ചു കൊല്ലാൻ പോകുന്ന അന്ത്യസമയത്തു ജയിൽവാർഡനായ കന്യാസ്ത്രി അവർക്ക് അന്ത്യ ചുമ്പനം അർപ്പിക്കുന്നുണ്ട്. വിധിയുടേതായ അന്നത്തെ ഒക്ടോബർ പതിനഞ്ചിലെ സുപ്രഭാതത്തിൽ മാതാ ഹരി ഉണരുകയും അവരെ പാരിസിലെ ജയിലിൽനിന്നും കൊണ്ടുപോയി തുറസായ ഒരു സ്ഥലത്തിട്ടു വെടിവെച്ചു കൊല്ലുകയും ചെയ്തു. 

മരണത്തെ സ്വപ്നം കാണുന്ന മാതാഹരിയെന്ന നർത്തകിയുടെ വൈകാരിക ഭാവങ്ങളെ ശ്രീ വൈലോപ്പള്ളി ശ്രീധരമേനോൻ അദ്ദേഹത്തിൻറെ കാവ്യ ഭാവനകളിൽ വർണ്ണിച്ചിട്ടുണ്ട്. ജീവിക്കാനുള്ള മോഹങ്ങളുമായി അവസാനനിമിഷം വരെയും സുന്ദരിയായ ആ നർത്തകി തന്റെ ജീവനുവേണ്ടി നീതിപീഠത്തോടപേക്ഷിച്ചിരുന്നു. അവർക്കുവേണ്ടി കണ്ണീരർപ്പിക്കാൻ ഏതാനും നിഷ്കളങ്കരായ കന്യാസ്ത്രികൾ ചുറ്റുമുണ്ടായിരുന്നു. നർത്തകിയുടെ താളം വെച്ചുള്ള അവസാനത്തെ നൃത്തംകണ്ടു കന്യാസ്ത്രികൾ അലൗകികമായ ആനന്ദ ലഹരിയിൽ ലയിച്ചുപോയിരുന്നു. മാതാ ഹരിയെന്ന മദാലസയായ നർത്തകിയെ ക്രിസ്തുവായി സീറോ മലബാർ സഭ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.  









കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...