Saturday, May 13, 2017

ട്രംപ് കെയർ അവബോധനവും ഖണ്ഡനങ്ങളും





ജോസഫ് പടന്നമാക്കൽ

ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി മത്സരിക്കാൻ തീരുമാനിച്ച നിമിഷങ്ങൾമുതൽ അഫോർഡബിൾ കെയർ ആക്ട് (A.C.A) അഥവാ  ഒബാമ കെയറിനെ നിശിതമായി വിമർശിക്കുന്നുണ്ടായിരുന്നു. ഒബാമ കെയറിനെ ഇല്ലാതാക്കി പകരം പരിഷ്‌ക്കരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി (Health Care)നടാപ്പാക്കണമെന്നുള്ളത് ട്രംപിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അതിനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ഒബാമ കെയർ റദ്ദു ചെയ്തുകൊണ്ടുള്ള ഹെൽത്ത് കെയർ ബിൽ പാസാക്കുകയും ചെയ്തു. ഇനി നിയമമാകാൻ സെനറ്റിന്റെ തീരുമാനവുമുണ്ടാകണം. സെനറ്റിലും വോട്ടിട്ടു വിജയിച്ചാൽ പ്രസിഡണ്ടിന്റെ ഒപ്പോടുകൂടി പുതിയ ബിൽ പ്രാബല്യത്തിലാവുകയും ചെയ്യും.

ട്രംപിന്റെ ഹെൽത്ത് ഇൻഷുറൻസ് ബില്ലിലുള്ള വസ്തുതകളെന്തെല്ലാമെന്നും അതിനോടനുബന്ധിച്ചുള്ള ചർച്ചാ വിഷയങ്ങളും ദേശീയ നിലവാരത്തിൽ നിത്യ വാർത്തകളാണ്. ഒബാമ കെയർ നിർത്തൽ ചെയ്യുകയും പകരം ട്രംപ് കെയർ നടപ്പാക്കുകയുമാണ് ബില്ലിലെ പ്രധാന ലക്ഷ്യം. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടിയ മാറ്റങ്ങൾക്കായി  ഡൊണാൾഡ് ട്രംപ് രണ്ടു മാർഗങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തേത് ഒബാമ കെയർ നിർത്തൽ ചെയ്യുക; പകരം പുതിയ പരിഷ്കൃത നയങ്ങളോടെ മറ്റൊരു ഹെൽത്ത് ഇൻഷുറൻസ് തുടങ്ങുക. രണ്ടാമത് മെഡിക്കെയിഡു വിപുലീകരണത്തിനായി അനുവദിക്കുന്ന ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്തപ്പെടുത്താനും   പരിഗണിക്കുന്നു.

ഒബാമ കെയറും ട്രംപ് കെയറും തമ്മിൽ സാമ്യപ്പെടുത്തുമ്പോൾ ഹെൽത്ത് കെയറിന്റെ നിയമ വശങ്ങളിലുള്ള പല ഘടകങ്ങളും പരിഗണനയിൽ എടുക്കേണ്ടതായി വരുന്നു. ടാക്സ് നിയമങ്ങളും നിലവിലുള്ള സർക്കാർ പ്രോഗ്രാമുകളും, സാമ്പത്തിക സ്ഥിതിഗതികളും, കുടിയേറ്റ നിയമങ്ങളും പഠിക്കേണ്ടതായുണ്ട്. എന്തെല്ലാം ഗുണ ദോഷങ്ങൾ ഉണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളിൽ ചെറിയ പ്രകോപനം മുതൽ വലിയ കോളിളക്കങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുന്നു. ഇത്തരുണത്തിൽ ട്രംപ് കെയറും ഒബാമ കെയറും പരസ്പരം ബന്ധിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു.  ട്രംപ് കെയർ പദ്ധതി, ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവരുടെ കഴിവിനനുസരിച്ച് തയ്യാറാക്കിയതെന്നും  താഴ്ന്ന വരുമാനക്കാർക്കും പ്രീമിയം താങ്ങാനാവുമെന്നും ഒബാമ കെയറിനേക്കാളും മെച്ചമെന്നും ട്രംപിനെ പിന്താങ്ങുന്നവർ കരുതുന്നു.

മുൻ പ്രസിഡന്റ് ഒബാമ  ഹെൽത്ത് കെയർ  പരിഷ്‌ക്കരിക്കാനുള്ള പദ്ധതികൾക്ക് ആറുകൊല്ലം മുമ്പ് തുടക്കമിട്ടു. അത് ദേശീയ ആരോഗ്യ സുരക്ഷക്കായും അമേരിക്കയിലെ 44 മില്യൺ കൂടുതൽ ജനങ്ങൾക്ക് കഴിവുകളനുസരിച്ചു ചെലവ് വഹിക്കാനുമായിരുന്നു. ഒബാമ കെയറിൽ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾക്കാവശ്യമുള്ള ആരോഗ്യപരമായ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള താൽപ്പര്യങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. പ്രൈവറ്റ് ഇൻഷുറൻസ് വാങ്ങിക്കാനും, തൊഴിലുടമ നൽകുന്ന ഇൻഷുറൻസും ഗവണ്മെന്റ് പദ്ധതികളായ സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസും മെഡിക്കെയറും മെഡിക്കെയിഡും  വാങ്ങിക്കാനുള്ള അവകാശവും ഒബാമ കെയറിലുണ്ടായിരുന്നു.

ഒബാമ കെയറിൽ! ഹെൽത്ത് ഇൻഷുറൻസു വാങ്ങാൻ കഴിവില്ലാത്ത താഴ്ന്ന വരുമാനക്കാർക്ക് ടാക്സ് സബ്‌സിഡി ലഭിച്ചിരുന്നു. എങ്കിലും പോരായ്മകൾ ധാരാളം കാണാം. ഹോസ്പിറ്റൽ അല്ലെങ്കിൽ ഡോക്ടറുടെ ബില്ലുകൾ വരുമ്പോൾ ആദ്യം ഭീമമായ തുക (High deductible) സ്വന്തം പോക്കറ്റിൽനിന്ന് നൽകണം. കോ-പേയ്മെന്റ് കൊടുത്തശേഷം ബില്ലിലുള്ള ബാക്കി തുക ഇൻഷുറൻസ് നൽകും. ഗുരുതരമായ രോഗമുണ്ടെങ്കിൽ മാത്രം ഹെൽത്ത് ഇൻഷുറൻസുകൊണ്ടു പ്രയോജനം ലഭിച്ചേക്കാം. വിലകൂടിയ മരുന്നുകൾ പലപ്പോഴും ഇൻഷുറൻസ് കവർ ചെയ്യാറില്ല. സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത പ്രീമിയവും ഭീമമായ ഡിഡക്ടബളും (deductable) മരുന്നുകളുടെ അമിതവിലയും ഉപഭോക്ത്താക്കളുടെ പരാതികളായിരുന്നു. പ്രീമിയം അടയ്ക്കുന്ന ഭൂരിഭാഗം പേരും ഒബാമയുടെ ഹെൽത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

ട്രംപ് കെയർ പ്രകാരം മാർക്കറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് വാങ്ങിക്കാൻ സാധിക്കും. അങ്ങനെ വാങ്ങുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ പ്രീമയത്തിന് നികുതിയിളവ് (TaxCredt) നൽകും. നികുതിയിളവുകൾ (TaxCredt) നികുതി ദായകന്റെ വരുമാനമനുസരിച്ചല്ല മറിച്ച് പ്രായമനുസരിച്ചായിരിക്കും നിശ്ചയിക്കുന്നത്. മുപ്പതു വയസുകാർക്കു രണ്ടായിരം ഡോളറും അറുപതു വയസുകാർക്ക് നാലായിരം ഡോളറും വരെ നികുതിയിളവ് (TAX Credit) പ്രതീക്ഷിക്കാം. ധനിക സമൂഹത്തിനു നികുതിയിളവുകൾ നൽകാനുള്ള വ്യവസ്ഥ ട്രംപ് കെയറിൽ ഉണ്ടോയെന്ന് വ്യക്തമല്ല. ഒബാമ കെയറിൽ ഐ.ആർ.എസിനു (IRS)ഇൻകം ടാക്സ് (IncomTax)ഫയൽ ചെയ്യുമ്പോൾ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനത്തിൽ കൂടുതലായി വരുന്ന മെഡിക്കൽ ചെലവുകളും ഹെൽത്ത് പ്രീമിയവും ഐറ്റമുകളായി 'ഷെഡ്യൂൾ എ' യിൽ ഉൾപ്പെടുത്തിയാൽ നികുതിയിളവ് നേടുമായിരുന്നു. 'ഷെഡ്യൂൾ എ' പൂരിപ്പിക്കാനുള്ള ആവശ്യകത സാധാരണ വീടും ബിസിനസുമുള്ള ഉയർന്ന വരുമാനക്കാർക്കെ സാധിക്കുള്ളൂ.

ട്രംപ് പ്ലാനിലുള്ള  ഹെൽത്ത് സേവിങ്ങ് അക്കൗണ്ടും (HSA) നിലവിലുള്ള ഒബാമ നിയമം പോലെ തന്നെയാണ്. ട്രംപ് കെയറിൽ ഒബാമ കെയറിനേക്കാൾ ഇരട്ടി പണം നികുതിയിളവുകളായി  അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിച്ച തുക ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ നികുതി കൊടുക്കേണ്ടതില്ല. നിക്ഷേപിക്കുന്ന തുകകൾ അവകാശികൾക്ക് കൈമാറാനും സാധിക്കും. അങ്ങനെ മാർക്കറ്റിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് മേടിക്കാൻ പൗരജനങ്ങളെ കഴിവുള്ളവരാക്കുന്നു.

നിർബന്ധമായി ഓരോ പൗരനും ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്നായിരുന്നു നിയമം. അല്ലാത്ത പക്ഷം പിഴ (Penalty) അടക്കേണ്ടി വരും. ട്രംപിന്റെ പദ്ധതി പ്രകാരം അങ്ങനെയൊരു നിബന്ധനയിൽ ആരും ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതില്ല. അതുമൂലം മില്യൺ കണക്കിന് ജനങ്ങളുടെ ഇൻഷുറൻസ് നഷ്ടപ്പെടും. മാർക്കറ്റിൽ സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവാക്കി ഹെൽത്ത് ഇൻഷുറൻസ് കരസ്ഥമാക്കാൻ ഭൂരിഭാഗവും തയ്യാറാവുകയില്ല.  ഒരു സ്ഥാപനത്തിൽ അമ്പതു പേരിൽ  കൂടുതൽ തൊഴിൽ ചെയ്യുന്നവരുണ്ടെങ്കിൽ ഹെൽത്ത് ഇൻഷുറൻസ്  ആനുകൂല്യങ്ങൾ!  ജോലിക്കാർക്ക് നല്കണമെന്നുള്ളതാണ് നിലവിലുള്ള നിയമം. തൊഴിലുടമകൾ തൊഴിൽചെയ്യുന്നവർക്ക് അത്തരം വ്യക്തിഗത ഇൻഷുറൻസ് നല്കണമെന്നുള്ള നിയമം ട്രംപ് കെയർ അസാധുവാക്കുന്നു.

ഒബാമ കെയറിലുള്ള നിർബന്ധിത ഹെൽത്ത് ഇൻഷുറൻസിന്റെ അഭാവത്തിൽ ഇൻഷുറൻസ് ഉള്ളവരുടെ എണ്ണം കുറയുമെന്ന വസ്തുത റിപ്പബ്ലിക്കൻ പാർട്ടിയും അംഗീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് നിർവാഹക സമിതിയും വൈറ്റ് ഹൌസ് മാനേജമെന്റും താഴ്ന്ന വരുമാനക്കാർക്കു നിശ്ചയിച്ചിരിക്കുന്ന നികുതിയിളവ് (TaxCredit) അവർക്ക് സഹായമായിരിക്കില്ലെന്നും കരുതുന്നു. ട്രംപ്  കെയറുകൊണ്ട് എത്ര പേർക്ക് ഗുണം ലഭിക്കുമെന്നും അല്ലെങ്കിൽ എത്രപേർക്ക് ദോഷം ഭവിക്കുമെന്നും വ്യക്തമായ  ഒരു കണക്ക് നൽകാൻ സാധിക്കില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിലെയും  ഡെമോക്രറ്റിക്ക് പാർട്ടിയിലെയും അംഗങ്ങളിൽ ട്രംപ് കെയറിനെപ്പറ്റിയുള്ള വാദവിവാദങ്ങൾ ചൂടുപിടിച്ചു തന്നെ നടക്കുന്നു. ആയിരം പേജുകളിൽപ്പരം നിയമ കോഡുകളുള്ള ഒബാമ കെയർ വളരെയധികം സങ്കീർണ്ണമായുള്ളതാണ്. വ്യക്തികൾക്ക്‌ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധിതമായും ഉണ്ടായിരിക്കണമെന്ന് ട്രംപിന്റെ ആദ്യത്തെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തെ തീരുമാനത്തിൽ ഒബാമ കെയറിനെ പൂർണ്ണമായും റദ്ദാക്കുന്ന തീരുമാനം കൈകൊണ്ടു. ആരും നിർബന്ധമായി ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കേണ്ടന്നു ട്രംപ് കെയറിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഒബാമ കെയർ മൂലം താഴ്ന്ന വരുമാനക്കാരായ ഡിഷ്‌വാഷർ, കാഷ്യർ, സ്റ്റോർ കീപ്പർ മുതൽ തൊഴിൽ ചെയ്യുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് ലഭിച്ചിരുന്നു. ന്യൂയോർക് ടൈംസ് നടത്തിയ ഒരു സർവേയിൽ കഴിഞ്ഞ ഒരു വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസുള്ളവരുടെ എണ്ണം ക്രമാതീതമായി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണാം. ലാറ്റിനോ, കറുത്ത വർഗക്കാർ, മെക്സിക്കൻസ്, പോർട്ടറിക്കൻസ് എന്നിവരിൽ മൂന്നിലൊന്നു ജനങ്ങളും പുതിയതായി ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് വാങ്ങിയിരുന്നു.

ട്രംപ് പദ്ധതിയിൽ  തുടർച്ചയായി 63 ദിവസങ്ങളിൽ കൂടുതൽ  ഹെൽത്ത് ഇൻഷുറൻസില്ലെങ്കിൽ മുപ്പതു ശതമാനം അധികം പ്രീമിയം കൊടുക്കേണ്ടിയും വരും. മുൻകാല പ്രാബല്യമുള്ള  ഹെൽത്ത് ഇൻഷുറൻസില്ലാത്തവർ അധിക പ്രീമിയം നൽകേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാർക്ക്  സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നു. 85 ശതമാനം ക്യാൻസർ ബാധിതരായവർ ജോലി നിർത്തിയവരാണ്. അവരിൽ ഭൂരിഭാഗവും ഏറെ നാളുകളായി ഹെൽത്ത് പോളിസി എടുത്തവരായിരുന്നില്ല. കോബ്രായോ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസോ മേടിക്കാൻ കഴിവുള്ളവരുമായിരുന്നില്ല. ചെറുകിട കമ്പനികളിൽ ജോലിചെയ്തിരുന്നവർക്കു സ്വന്തമായി ഇൻഷുറൻസുണ്ടായിരിക്കില്ല. ദൗർഭാഗ്യവശാൽ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നവരെ അയാൾക്കും അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്കും മക്കൾക്കും ഇൻഷുറൻസ് ഉണ്ടായിരിക്കില്ല. അഥവാ മറ്റൊരു ജോലി കിട്ടിയാൽ തന്നെ പുതിയ കമ്പനിയിൽ ഹെൽത്ത് ഇൻഷുറൻസിനു യോഗ്യനാകാൻ പിന്നെയും മൂന്നു മാസം തൊട്ടു ആറു മാസംവരെ കാത്തിരിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കിൽ യാതൊരു മെഡിക്കൽ ആനുകൂല്യങ്ങളുമില്ലാതെ ജീവിതം തള്ളിയും നീക്കണം.

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എത്രയെന്ന് നിശ്ചയിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. കവറേജ് അനുസരിച്ച് പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാം. ഒബാമ പദ്ധതി പ്രകാരം പ്രായമായവർ പ്രീമിയം ചെറുപ്പക്കാരായവരെക്കാൾ മൂന്നിരട്ടി കൊടുത്തിരുന്നു. അത് ട്രംപിന്റെ പദ്ധതിയിൽ   പ്രായമായവർക്കുള്ള   പ്രീമിയം അഞ്ചിരട്ടിയായിരിക്കും. അറുപതിനും അറുപത്തിനാലു വയസിനുമിടയിലുള്ളവരുടെ പ്രീമിയം ഇരുപത്തിരണ്ടു ശതമാനം കൂടാം. അമ്പത് വയസുള്ളവർക്ക് പ്രീമിയം പതിമൂന്നു ശതമാനം വർദ്ധിക്കാം.

സ്റ്റേറ്റ് സർക്കാരുകൾക്കു മെഡിക്കെയിഡ് ചെലവുകൾക്കായുള്ള ഫണ്ടുകൾ ഫെഡറലിൽനിന്നും ഗ്രാന്റായി ലഭിച്ചിരുന്നു. ഫിഫ്റ്റി-ഫിഫ്‌റ്റിയെന്ന അടിസ്ഥാനത്തിൽ സ്റ്റേറ്റ് സർക്കാർ ഒരു ഡോളർ ചെലവാക്കിയാൽ തുല്യ തുക ഫെഡറലും വഹിക്കുമായിരുന്നു. എന്നാൽ ട്രംപ് കെയർ പദ്ധതി സ്റ്റേറ്റിനുള്ള മെഡിക്കെയർ ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്‌തതപ്പെടുത്തും. മെഡിക്കെയിഡ് സേവനങ്ങൾക്കായി ചെലവുകൾ വർദ്ധിച്ചാലും ഫെഡറലിൽ നിന്ന് പിന്നീട് ഗ്രാന്റ് ലഭിക്കില്ല. അതുമൂലം അംഗവൈകല്യം സംഭവിച്ചവർക്കും അതി ദാരിദ്ര്യമുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തിൽ മാത്രം വരുകയോ കാലക്രമേണ ലഭിക്കാതെ പോവുകയോ   ചെയ്യാം. ദരിദ്ര രേഖയ്ക്കു താഴെയുള്ളവർക്ക് മെഡിക്കെയിഡ് ലഭിക്കാതെ വരും.  മാനസിക രോഗികളുടെയും ഡ്രഗ് ഉപയോഗിക്കൽ ശീലമാക്കിയവരുടെയും ക്ഷേമങ്ങൾക്കു തടസം വരാം. അമേരിക്കൻ പൗരത്വമില്ലാത്തവർക്കും സ്പോൺസർ ചെയ്തു വരുന്ന പുതിയ കുടിയേറ്റക്കാർക്കും മെഡിക്കെയിഡ് ലഭിക്കാതെ വരും.

മെഡിക്കെയിഡ് ഫണ്ട് ഫെഡറൽ സർക്കാർ വെട്ടിക്കുറയ്ക്കുന്ന പക്ഷം അത് നാലു മില്യൺ സ്ത്രീകൾക്കു ദുരിതങ്ങളുണ്ടാക്കും. ഗർഭച്ഛിദ്രം, ഗർഭ നിരോധനം, കാൻസർ സ്കാനിങ്ങ് എന്നിവകൾ സ്വന്തം ചെലവിൽ നടത്തേണ്ടി വരും. രോഗനിവാരണങ്ങൾക്കു പ്രതിവിധികൾ തേടാൻ സാധിക്കാതെ വരും. താഴ്ന്ന വരുമാനക്കാർക്ക് സൗജന്യമായി ഗർഭ നിരോധകങ്ങളും ഗുളികകളും നൽകി വരുന്നത് നിർത്തൽ ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ കൗമാരക്കാരുടെയിടയിൽ ആവശ്യമില്ലാത്ത ഗർഭ ധാരണത്തിനും ഇടയാകാം. അതൊരു സാമൂഹിക പ്രശ്നമായി മാറുകയും ചെയ്യും. കുടുംബാസൂത്രണ പദ്ധതികൾക്കും തടസം വരും. പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ കൂടുതൽ ഗർഭഛിന്ദ്രങ്ങൾക്കും കാരണമാകും. ഇഷ്ടപ്പെടാതെ അനേകം കൗമാര പ്രായത്തിലുള്ളവർ! ഗർഭിണികളാവുകയും ഭൂമിയിലേക്ക് അനവസരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യും. ഹോസ്പിറ്റലുകൾക്കും പ്രശ്നങ്ങളുണ്ടാകാം. ഹെൽത്ത് ഇൻഷുറൻസില്ലാത്ത രോഗികൾ ബില്ലടയ്‌ക്കാൻ നിവൃത്തിയില്ലാത്തവരെങ്കിൽ ഹോസ്പിറ്റലുകൾക്ക് ഒബാമ കെയറിൽ നിന്നും ഫണ്ട് അനുവദിക്കുമായിരുന്നു. ട്രംപ് കെയർ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ല.

നിലവിലുള്ള ഒബാമ കെയർ ഇല്ലാതാക്കി ട്രംപ് പദ്ധതി നടപ്പാക്കിയാൽ രാജ്യത്താകമാനം  മരണച്ചുഴികൾ സൃഷ്ടിക്കുമെന്നു പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗമുള്ളവരും രോഗമില്ലാത്തവരോടൊപ്പം ഇൻഷുറൻസ് എടുക്കാതെ പദ്ധതികളിൽ നിന്ന് വിട്ടു നിൽക്കും. കാലക്രമേണ ആർക്കും ഹെൽത്ത് ഇൻഷുറൻസിനുള്ള ചെലവുകൾ വഹിക്കാൻ സാധിക്കാതെയും വരും. അങ്ങനെ വേണ്ടത്ര പരിചരണങ്ങൾ ലഭിക്കാതെ അനേകരുടെ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

ട്രംപ് കെയർ പ്രോഗ്രാമിനു അടുത്ത പത്തു വർഷത്തേയ്ക്കുള്ള കണക്കനുസരിച്ച് ഒബാമ കെയറിനേക്കാളും അര ട്രില്യൻ ഡോളർ കൂടുതൽ ഫണ്ട് ആവശ്യമായി വരുന്നു. ഒബാമ കെയർ നിർത്തൽ ചെയ്യലും, പ്രീമിയത്തിൽ നികുതിയിളവും, സബ്‌സിഡി നിയമങ്ങളും, മെഡിക്കെയർ സേവിങ്ങും, സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും. ഒപ്പം ഇരുപത്തി രണ്ടു മില്യൺ ജനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെയാവും. ഹെൽത്ത് പ്രീമിയത്തിൽ നികുതിയിളവുകൾ അനുവദിക്കുന്നതുകൊണ്ട്  ഒരു മില്യൺ ജനങ്ങൾക്ക് പ്രയോജനപ്പെടും. ഇന്നുള്ള നികുതി നയങ്ങളും, സാമ്പത്തിക സ്ഥിതികളും, കുടിയേറ്റ നിയമങ്ങളും പരിഷ്‌ക്കരിക്കാൻ ട്രംപ് സർക്കാർ ശ്രമിക്കുന്നുമുണ്ട്. ഒബാമ കെയർ ഇല്ലായ്മ ചെയ്തുകൊണ്ട് ട്രംപ് പദ്ധതി നടപ്പാക്കുന്നതിനു തന്നെ 270 ബില്യൺ ഡോളർ ചെലവാകുമെന്നു കണക്കാക്കുന്നു. ഏകദേശം പത്തു വർഷം കൊണ്ട് 500 ബില്യൺ ഡോളർ സാമ്പത്തിക വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഒബാമയുടെ മെഡിക്കെയർ, മെഡിക്കെയിഡു പദ്ധതികൾ തുടർന്നിരുന്നുവെങ്കിൽ ഇത്രയും സാമ്പത്തിക വളർച്ച ഉണ്ടാവുമായിരുന്നില്ല. മെഡിക്കെയിഡു വിപുലീകരിക്കാതെയും ഒബാമ കെയർ ഇല്ലാതാക്കുന്നതു മൂലവും സർക്കാർ 1.1 ട്രില്യൺ ഡോളർ മിച്ചം വരുത്തുന്നു.

മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളുമായി ഉടമ്പടികളുണ്ടാക്കി മരുന്നുകളുടെ വില കുറയ്ക്കാനുള്ള പദ്ധതികളും ട്രംപ് കെയർ ആസൂത്രണം ചെയ്യുന്നു. പുറം രാജ്യങ്ങളിൽ നിന്ന് വില കുറച്ചു മരുന്നു മേടിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. മെഡിക്കെയിഡ് ഗ്രാന്റ് ബ്ലോക്ക് ചെയ്താലും താഴ്ന്ന വരുമാനക്കാർക്ക് മെഡിക്കെയിഡ് നൽകാൻ സ്റ്റേറ്റ് ഗവൺമെന്റുകൾ പ്രാപ്തരോയെന്നും ഫെഡറൽ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കും. നികുതിയിളവ് നൽകലും കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കലും മൂലം കൂടുതൽ ജനങ്ങൾ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു പ്രാപ്തരാകുമെന്നു ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു.

മരുന്നുകൾ ഉത്ഭാദിപ്പിക്കുന്ന നിലവിലുള്ള വൻകിട കോർപ്പറേഷനുകൾ മരുന്നുകൾക്ക് അമിത വില ഈടാക്കിക്കൊണ്ട് കുത്തക വ്യാപാരം നടത്തുന്നു. മരുന്നുകൾക്കു അമിതവില കാരണം  സാധാരണക്കാർക്ക് താങ്ങാൻ കഴിവില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ചെറിയ കമ്പനികളെയും മരുന്നുൽപ്പാദനത്തിനായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പരിഗണിക്കുന്നു. ചെറിയ കമ്പനികൾ മാർക്കറ്റിൽ വിലകുറച്ചു ജനറിക്ക് (Generic) മരുന്നുകൾ ഇറക്കുമ്പോൾ മരുന്നുകളുടെ വില കുത്തനെ കുറയുമെന്നും കരുതുന്നു. ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങൾക്കുള്ള പ്രതിഫലങ്ങളുടെ (Fee) ലിസ്റ്റു തയ്യാറാക്കാനും ആലോചിക്കുന്നു. അങ്ങനെയെങ്കിൽ കുറഞ്ഞ ചെലവുള്ള ഹോസ്പിറ്റലുകളുടെ സേവനവും ഡോക്ടർമാരുടെ സേവനവും രോഗികളെ ബോദ്ധ്യപ്പെടുത്താൻ സാധിക്കും. അമിത ഫീസ് ഈടാക്കുന്ന ഡോക്ടർമാരിൽ നിന്നും വേറിട്ട് രോഗികൾക്ക് ഇഷ്ടമുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനവും ലഭിക്കും. സ്റ്റേറ്റുകളുടെ നിയന്ത്രണത്തിൽ ചുരുങ്ങിയ പ്രീമിയത്തിൽ ഹെൽത്ത് ഇൻഷുറൻസ് കൂടുതൽ കവറേജുകളോടുകൂടി നൽകാനും ട്രംപിന്റെ നിർദ്ദേശങ്ങളിലുണ്ട്. ഒബാമ അത്തരം നിർദ്ദേശം പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നില്ല.









Wednesday, May 3, 2017

പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം


ജോസഫ് പടന്നമാക്കൽ

പൗരാണിക കലാമൂല്യങ്ങളും സാംസ്ക്കാരിക ചരിത്ര വസ്തുതകളും സൂക്ഷിക്കുന്ന കാര്യത്തിൽ പണ്ടു കാലത്തു ജീവിച്ചിരുന്ന കേരളീയർ ഒരിക്കലും ശ്രദ്ധപതിപ്പിച്ചിരുന്നില്ല. കേരളത്തിലെ നാട്യകലകളുടെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് ചരിത്ര ഗവേഷകർക്കുമില്ല. ഇവിടെ കലയുടെയും സാംസ്ക്കാരികതയുടെയും ചരിത്രം കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായ രേഖകളില്ലാതെ വെറും ഉഹോപാഹങ്ങളുടെ അടിസ്ഥാനത്തിലാണ്. പരിശുരാമൻ കേരളം സൃഷ്ടിച്ചെന്നും മഹാബലി കേരളം ഭരിച്ചെന്നും തോമ്മാശ്ലീഹാ കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചെന്നുമുള്ള വസ്തുതകളെല്ലാം വെറും ഐതിഹാസിക കഥകളാണ്. ചിലർ അതെല്ലാം ചരിത്രങ്ങളായും കൊട്ടിഘോഷിക്കുന്നു.

ചാക്യാർ കൂത്ത്, നങ്ങിയാർ കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം മുതലായവകൾ ക്ലാസ്സിക്കൽ കേരളത്തിന്റെ നാടകീയ കലകളാണ്. രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നെങ്കിലും ഇത്തരം നാട്യകലകളും കഥകളും നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. പുരാണത്തിലെയും ഇതിഹാസങ്ങളിലെയും പ്രതീകാത്മകമായ കഥകൾ സംഗീത രൂപത്തിൽ ബ്രാഹ്മണർ അല്ലെങ്കിൽ നമ്പൂതിരിമാർ ഹൃദ്യസ്ഥമാക്കിയിരുന്നു. പിന്നീട് യാതൊരു മാറ്റങ്ങളുമില്ലാതെ അടുത്ത തലമുറകളെയും അതേ ശ്ലോകങ്ങൾ ഉരുവിട്ടുകൊണ്ടു പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി എവിടെയെല്ലാം ഊരുചുറ്റുന്നുവോ അവിടെയെല്ലാം പുരാണ കഥകളും  കവിതകളും കുടുംബ സ്വത്തുപോലെ കൂടെ കൊണ്ടുപോവുമായിരുന്നു. മറ്റുള്ളവരെ കലകൾ അഭ്യസിക്കാൻ സമ്മതിക്കുമായിരുന്നില്ല.  

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലെ ഒരു ഋഷിവര്യനായ 'ഭരത മുനി' നാട്യ ശാസ്ത്രം എഴുതിയെന്നു വിശ്വസിക്കുന്നു. പുരാണ ഗ്രന്ഥങ്ങളിൽ ഒന്നായ നാട്യ ശാസ്ത്രത്തിൽ അഭിനയ കലയുടെ ശാസ്ത്രീയ വശങ്ങൾ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുണ്ട്. നൃത്തവും സംഗീതവുമടങ്ങിയ പരമ്പരാഗത കലകളെപ്പറ്റിയും അഭിനയ കല, വേഷ ഭൂഷാദികൾ ഇത്യാദി വിഷയങ്ങളെപറ്റിയും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ പ്രാചീന കോവിലുകളിലും കോട്ടകളിലും കൊത്തളങ്ങളിലും ദേവി ദേവന്മാരുടെ രൂപങ്ങളിൽ കഥകളിയും, നാട്യ നൃത്തങ്ങളും വേഷവിധാനങ്ങളും കൊത്തിവെച്ചിരിക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് കൗതുകകരവുമാണ്. 

നാട്യകലകളിൽ 'കൂത്ത്' ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട സമൂഹം മാത്രം അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഈ കലയ്ക്ക് രണ്ടായിരത്തിൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും അവകാശപ്പെടുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യഭാഷകളും കഥയിൽ അവതരിപ്പിക്കുന്നു. കൂത്തുകലകൾ ചാക്യാർ സമൂഹത്തിന്റെ കുത്തകയായിരുന്നു. ഹിന്ദു പുരാണങ്ങളിൽ നിന്നുമുള്ള കഥകൾ സമാഹരിച്ച് നർമ്മോക്തിയും രസികത്വവും കലർത്തി കഥയോടൊപ്പം അവതരിപ്പിക്കും. രാഷ്ട്രീയ ചിന്താഗതികളും അനീതികളുമെല്ലാം കൂത്തിലെ അവതരണത്തോടൊപ്പം ഉണ്ടായിരിക്കും. കഥ പറയുന്നയാൾ ചാക്യാർ ആയിരിക്കും. വളരെയധികം പവിത്രമായി കരുതുന്ന കഥകൾ നൂറ്റാണ്ടുകളോളം അമ്പലത്തിനുള്ളിൽ തന്നെ മുദ്ര വെച്ച് സൂക്ഷിച്ചിരുന്നു. ആദ്യ കാലങ്ങളിൽ നാടക രൂപേണയാണ്, ഈ കല അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നൃത്തവും അതോടൊപ്പം ചേർക്കപ്പെട്ടു.

കൂത്ത് സാധാരണ ഒറ്റയാൾ നടത്തുന്ന കലാ രൂപമാണ്. പലരുകൂടി കൂട്ടമായി ഒന്നിച്ചു നൃത്തം ചെയ്തു കളിക്കുന്നതിനെ 'കൂടിയാട്ടം' എന്ന് പറയുന്നു. കൂടിയാട്ടം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാട്യ കലയെന്നും വിശ്വസിക്കുന്നു. അമ്പലത്തിലെ ആചാര പൂജാദികൾ, നൃത്തത്തോടൊപ്പം സംസ്കൃത ശ്ലോകങ്ങളിൽ  ഉരുവിടുന്നു. ഉപകരണങ്ങൾ വായിക്കുന്നവരും ചെണ്ട അടിക്കുന്നവരും താളത്തിനൊപ്പം പാടുന്നു. കഥ പറയുന്ന സമയത്ത് കൂത്തുകാരൻ വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടമാക്കുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യ ഭാഷയായ മുദ്രകളും അവതരിപ്പിക്കുന്നു. ഓരോ ആംഗ്യ മുദ്രകൾക്കും പ്രത്യേകമായ അർത്ഥവും കല്പിച്ചിട്ടുണ്ട്. 

അമ്പല പുരോഹിതരുടെയിടയിൽ മുദ്ര ഭാഷകൾ ഏകദേശം ആറായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങിയെന്നും കരുതുന്നു. മുദ്രകൾ ബ്രാഹ്മണർക്ക് വേദങ്ങളും പുരാണങ്ങളും അവതരിപ്പിക്കാനുള്ള  ഒരു കോഡ് ഭാഷയായി ഉപയോഗിച്ചിരുന്നു. വേദങ്ങൾ മുദ്രകളായി അവതരിപ്പിക്കുമ്പോൾ വർണ്ണാശ്രമ ധർമ്മത്തിലെ താണ ജാതികൾക്ക് കഥയുടെ സത്ത മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് മുദ്രകൾ പൂജകളുടെ ഭാഗമായി. പൂജാ മുദ്രകളിൽ ശ്രോതാക്കളോ, കാണികളോ സദസോ ആവശ്യമില്ല. പുരോഹിതരുടെ മാത്രം ഒരു പ്രത്യേക തരം ഭാഷയായിരുന്നു. മുദ്രകൾ നാടകത്തിന്റെ ഭാഗമായും ദൈവിക ഭാഷയായും പരിവർത്തനപ്പെട്ടു. കാലത്തിന്റെ പ്രയാണത്തിൽ നാട്യകലകളിലെ രൂപത്തിനും ഭാവത്തിനും സാമൂഹിക ചിന്താഗതികളോടൊപ്പം മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. 

പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിന്റെ തെക്കുള്ള രാജ്യത്തിലെ കൊട്ടാരക്കര രാജാവ് കൃഷ്ണനാട്ടം കലകളിൽ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹം കൃഷ്ണ നാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. രാജാവ് ശ്രീ രാമന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ആട്ടക്കാർക്കു വേണ്ടി എട്ടു കഥകൾകൂടി എഴുതിയുണ്ടാക്കി. അന്നുമുതൽ ഈ ആട്ടത്തിനു രാമനാട്ടം എന്ന് പേരിട്ടു. പിന്നീട് എഴുത്തുകാർ രാമായണത്തിലും മഹാഭാരതത്തിലുമുള്ള മറ്റു കഥാപാത്രങ്ങളെ സംബന്ധിച്ചും ആട്ടത്തിനായി കഥകളെഴുതാൻ തുടങ്ങി. ആട്ടക്കഥകൾക്ക് രാമനാട്ടമെന്ന കഥ യോജിച്ചതല്ലെന്ന് മനസിലാക്കി. പുതിയതായി എഴുതിയുണ്ടാക്കുന്ന കഥകളുടെ അടിസ്ഥാനത്തിൽ ആട്ടങ്ങളെ പൊതുവായി കഥകളിയെന്നു അറിയപ്പെടാൻ തുടങ്ങി. അങ്ങനെയാണ് കഥകളിയെന്ന നാട്യ കലയുടെ തുടക്കം.

ഭാരതത്തിൽ ഇസ്‌ലാമിക ആക്രമണശേഷം ഭക്തി മാർഗ ചിന്തകൾ ഹൈന്ദവരുടെയിടയിൽ വളരാൻ തുടങ്ങി. ശ്രീ കൃഷ്ണ ഭക്തനായ കവി ജയദേവനാണ് ഭക്ത ഗാനങ്ങളിൽക്കൂടി അത്തരം ഒരു നീക്കത്തിന് തുടക്കമിട്ടത്. കൃഷ്ണ ഭഗവാന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം എട്ടു കവിതകൾ രചിച്ചു. ആ കവിതാ സമാഹാരത്തെ 'ഗീത ഗോവിന്ദം' എന്ന് പറയുന്നു. കൃഷ്‌ണ ഭഗവാനോടുള്ള ഭക്തിസഹജമായ ഈ കവിതകളാണ് വാസ്തവത്തിൽ ഭാരതീയ കലകളുടെ വളർച്ചയ്ക്ക് നിദാനമായത്. വടക്കേ ഇന്ത്യയിൽ, ജയദേവനും ഭാര്യ പത്മാവതിയും 'ഗീത ഗോവിന്ദം' കവിതകൾ ചൊല്ലിയും നാടകം അഭിനയിച്ചും ഭക്തരുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ജയദേവന്റെ ഗീത ഗോവിന്ദം ശ്രവിക്കാൻ തടിച്ചുകൂടിയിരുന്നു. ഭക്തജനങ്ങളിൽ എഴുത്തുകാരും സംഗീത രചയിതാക്കളും സംഗീത അവതാരകരുമുണ്ടായിരുന്നു. അവർ ഗീത ഗോവിന്ദത്തിലെ പാട്ടുകളും ക്ലാസിക്കൽ ഡാൻസുകളും നാടകങ്ങളും അവരുടെ നാടുകളിലും മറുനാടുകളിലും  അവതരിപ്പിച്ചിരുന്നു.  
അഷ്ടിപടിയാട്ടം (Ashtipadi attam) എന്ന പേരിൽ കേരളത്തിലും 'ഗീത ഗോവിന്ദം' പ്രചാരത്തിലായിരുന്നു. ആദ്യകാല അവതാരകർ കൈകൾ കൊണ്ടുള്ള മുദ്രകൾ ആംഗ്യഭാഷകളിൽ സദസ്യരുടെയിടയിൽ അവതരിപ്പിച്ചിരുന്നു. മുഖത്തുള്ള ഭാവാദികൾ, സംസാരിക്കാതെയുള്ള ശരീര ഭാഷകൾ എന്നിവകൾ ഈ കലയുടെ പ്രത്യേകതയായിരുന്നു. ശ്രീ കൃഷ്ണന്റെയും മറ്റു കഥാ പാത്രങ്ങളുടെയും കഥകൾ പറയാനായി സംഗീതജ്ഞരും ഭാഗവതർമാരും ഉണ്ടായിരുന്നു. ജയദേവൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരികളിൽ അദ്ദേഹം സ്റ്റേജിന്റെ പുറകിൽ നിന്ന് പാടുമായിരുന്നു. അത് സംഗീത കലാ നാട്യത്തിന്റെ വിപ്ളവകരമായ ഒരു തുടക്കവുമായിരുന്നു. കൂടാതെ കഥകൾ പറയുകയും ആംഗ്യഭാഷയിൽക്കൂടി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു.

കൃഷ്ണ ഭക്തനായിരുന്ന തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. ശ്രീ രാമ കഥയായ രാമായണം മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത് അദ്ദേഹമാണ്. മലയാളഭാഷയ്ക്ക് അക്ഷരമാലയുണ്ടാക്കിയതും എഴുത്തച്ഛൻ തന്നെ. അങ്ങനെ അറിവിന്റെ ലോകം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലും സാധാരണക്കാരെ പഠിപ്പിക്കുന്നതിലും എഴുത്തച്ഛൻ ഒരു നിമിത്തമായി സംഭവിച്ചു. അതിനു മുമ്പ് രാമായണം എഴുതിയിരുന്നത് സംസ്കൃതത്തിലായിരുന്നു. അത് നമ്പൂതിരി പണ്ഡിതരുടെ കൈവശം മാത്രമേയുണ്ടായിരുന്നുള്ളൂ. സാധാരണക്കാരായവരെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റൊരു കവിയായ പൂന്താനം നമ്പൂതിരി ശ്രീ കൃഷ്‌ണനെപ്പറ്റിയുള്ള ഗീതങ്ങൾ രചിച്ചിരുന്നു. ഈ രണ്ടു കവികളെയും മറ്റു പണ്ഡിതരെയും ജയദേവന്റെ കലകൾ ആകർഷിക്കുന്നുമുണ്ടായിരുന്നു. 

ജയദേവൻ കേരള ജനതയിലും അവരുടെ ആദ്ധ്യാത്മിക ജീവിതത്തിലും പ്രകാശം പരത്തിക്കൊണ്ടിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ സാധാരണ ജനങ്ങൾക്കു വായിക്കാനും എഴുതാനും മനസിലാക്കാനും സാധിച്ചു. അതനുസരിച്ച് നൃത്തങ്ങളും പാട്ടുകളും അഭിനയ കലകളും വളർന്നു. ചിത്ര രചനകളും അഭിവൃത്തിപ്പെട്ടു. ഇത്തരം കാൽപ്പനിക ചിന്തകരാൽ കേരളീയ ജനത അജ്ഞതയെ ഇല്ലാതാക്കുകയും ജ്ഞാനം നേടാൻ പ്രാപ്തരാവുകയും ചെയ്തു. കൃഷ്ണനോടുളള ഭക്തിമൂലം നാട്യ കലകളും നാടകങ്ങളും സംഗീതവും വാദ്യോപകരണ കലകളും അഭിവൃത്തി പ്രാപിച്ചുകൊണ്ടിരുന്നു. കലാകാരന്മാരെ സമൂഹത്തിൽ ആദരിക്കാനും തുടങ്ങി. ഇന്ന് കലകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭാഷയുടെയും പഠനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഭാഗമായി തീർന്നു കഴിഞ്ഞിരിക്കുന്നു. 

ഏകദേശം അറുന്നൂറു കൊല്ലങ്ങൾക്കു മുമ്പ് കൃഷണ ഭക്തനും കോഴിക്കോടിന്റെ രാജാവുമായിരുന്ന മാനദേവൻ കൃഷ്ണ ഗീതങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. അമ്പല പൂജകൾക്കൊപ്പം പാട്ടുകൾ പാടാൻ സ്റ്റേജുകളും അലങ്കരിച്ചുകൊണ്ട് പാട്ടുകാരെ നിയമിച്ചിരുന്നു. സ്തോത്ര മന്ത്രങ്ങൾ പാട്ടുകാരനിൽനിന്നും ശ്രവിക്കുകയും അതോടൊപ്പം ആംഗ്യ ഭാഷയിൽ കഥ പറയുകയും ചെയ്തിരുന്ന പതിവിനെ മാനദേവൻ ഇല്ലാതാക്കി. മാനദേവൻ ചിന്തിച്ചിരുന്നത് അഭിനയിക്കുന്നവർ സംസാരിക്കില്ലെങ്കിൽ, ഒപ്പം ഗീതങ്ങൾ ഉരുവിട്ടില്ലെങ്കിൽ അവർ ആദ്ധ്യാത്മികത നഷ്ടപ്പെട്ട വെറും സാധാരണ മനുഷ്യരെപ്പോലെയാകുമെന്നായിരുന്നു. 

'കൃഷ്ണനാട്ടം' കേരളത്തിന്റെ മണ്ണിൽ വളർന്നുവന്ന തനതായ ഒരു കലയാണ്. കഥകളിയെന്ന കലാരൂപം ഉണ്ടായതുതന്നെ മൂലകലയായ കൃഷ്ണനാട്ടത്തിൽ നിന്നായിരുന്നു. കേരളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് ഈ കല. കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടമെന്നും പറയാറുണ്ട്. എട്ടെന്നുള്ള സംഖ്യ ഈ നാട്യകലയുടെ ഒരു പ്രത്യേകതയാണ്. കൃഷ്ണനാട്ടം അരങ്ങേറിയാൽ എട്ടു ദിവസത്തെ കളിയാണുള്ളത്. എട്ടു കുട്ടികൾ, എട്ടു തിരികൾ, എട്ടു നാഴിയെണ്ണ, എട്ടു നേരത്തെ കുളി ഇങ്ങനെ കൃഷ്ണനാട്യത്തിലെ എട്ടിന്റെ പ്രത്യേകതകൾ നീളുന്നു. ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം 
രൂപകല്പന ചെയ്തിരിക്കുന്നത്. 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'സ്വർഗാരോഹണം' എന്നിങ്ങനെ കൃഷ്ണനാട്യത്തിലെ കഥകൾ ആസൂത്രണം ചെയ്തിരിക്കുന്നു. 

കഥകളിയിലുള്ളതു പോലെ കൃഷ്ണനാട്ടത്തിൽ ആവർത്തിച്ചുള്ള പാട്ടുണ്ടായിരിക്കില്ല. പാട്ടു കുറച്ചുകൊണ്ട് ആട്ടക്കാരന് കൂടുതൽ നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ആറു വയസുമുതൽ കുട്ടികളെ ഈ കല അഭ്യസിപ്പിച്ചു തുടങ്ങും. പത്തു വർഷം നിരന്തരമായ പ്രായോഗിക പരിശീലനം ഉണ്ടെങ്കിലേ കലയിൽ പ്രാവീണ്യം നേടാൻ സാധിക്കുകയുള്ളൂ. നീണ്ട മണിക്കൂറോളം ദിവസവും അഭ്യസിക്കണം. ശ്രീ കോവിലിനു വെളിയിലാണ് കൃഷ്ണനാട്ടം കഥകൾ അവതരിപ്പിച്ചിരുന്നത്. കൃഷ്ണനാട്ടം കാണുന്ന ഭക്തജനങ്ങൾക്ക് ആത്മവിഷയകമായ സംതൃപ്തിയും പ്രചോദനവും ലഭിക്കുന്നു. സാക്ഷാൽ കൃഷ്ണനുമായുള്ള സംവാദം മനസ്സിൽ സൃഷ്ടിക്കുന്നതായുള്ള അനുഭൂതികളുമുണ്ടാവും. ആട്ടത്തിൽ അഭിനയിക്കുന്നവർ ശ്രോതാക്കൾക്കായി സ്തുതി ഗീതങ്ങളും ആലപിച്ചിരുന്നു. 

ചാക്യാർ കൂത്ത് ഒരു ഏകാംഗ കലയാണ്. ഈ കല കേരളത്തിലെ ചാക്യാർ സമുദായത്തിലെ മാത്രമായ ഒരു കുത്തകയായിരുന്നു. സംസ്കൃത നാടകങ്ങളിൽ രചിച്ച സ്തോത്രഗീതങ്ങൾ പാടുന്ന പ്രാചീന കലയായ ചാക്യാർ കൂത്ത് ഒന്നിൽ കൂടുതൽ ചാക്യാർമാർ ഒത്തുകൂടി അഭിനയിച്ചാൽ കൂത്തിനെ 'കൂടിയാട്ട'മെന്നു വിളിച്ചിരുന്നു. പുരാതനകാലത്ത് കേരളമെന്ന കര തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴകവും ഉൾപ്പെട്ട കേരളനാട്ടിലാണ് ചാക്യാർ കൂത്ത് ആരംഭിച്ചതെന്ന് പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള തന്റെ സാഹിത്യ കൃതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചാക്യാർ കൂത്തിൽ നൃത്തം വളരെ കുറവാണ്. വേഷവിധാനങ്ങളും വിവിധ തരത്തിലുള്ള മുഖ ഭാവങ്ങളും ശരീര ഭാഷകളും ചാക്യാർ കൂത്തിന്റെ പ്രത്യേകതയാണ്. 
കൂത്തുകൾ കാണാൻ വന്നിരിക്കുന്നവരെയും ചാക്യാർക്ക് പരിഹസിക്കാൻ സാധിക്കും. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള എന്ത് തമാശകളും കൂത്തിൽ അവതരിപ്പിക്കാം. ചാക്യാരുടെ തമാശുകൾ വ്യക്തിപരമാവുമെങ്കിൽ എതിർപ്പുകൾ ഉണ്ടാകാം. ചിലപ്പോൾ അധികാര സ്ഥാനത്തുള്ളവരെയും വിമർശിക്കും. അതുമൂലം രാജ കോപമുണ്ടായി ചാക്യാർ കുടുംബത്തെ നാടു കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

നങ്ങിയാർ വംശജനങ്ങൾ കൂത്താടുമ്പോൾ അത് നങ്ങിയാർ കൂത്താകും. നങ്ങ്യാർ കൂത്തിലും പുരാണകഥയെ  ആധാരമാക്കി നങ്ങിയാർമാർ നൃത്തം ചവുട്ടി അഭിനയിക്കുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഇന്നും നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം.

ഭാരതീയ നൃത്ത കലകളിൽ ഭരത നാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരത മുനിയുടെ നാട്യ ശാസ്ത്ര ഗ്രന്ഥമായ 'അഭിനയ ദർപ്പണ്ണം' ഭരത നാട്യത്തിനു അടിസ്ഥാനമായി കരുതുന്നു. ആറാം നൂറ്റാണ്ടിൽ പല്ലവ,ചോള രാജാക്കന്മാർ ഈ നൃത്ത കലയെ പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു. പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാൻ കൂത്തുകൾ അരങ്ങേറുമായിരുന്നു. ചെണ്ട വാദ്യങ്ങളും സംഗീതത്തോടൊപ്പം ഉണ്ടായിരുന്നു. 

കഥകളിയെന്നു പറഞ്ഞാൽ സംഗീത വാദ്യോപകരണങ്ങളോടെ വിവിധ കലകൾ സംയോജിപ്പിച്ചുള്ള  ഒരു കലാ സാംസ്ക്കാരിക അവതരണമെന്നാണ്. അതിൽ സംഗീതവും, അഭിനയവും ചെണ്ടമേളകളും കൂടാതെ മനുഷ്യ ജീവിതത്തിന്റെ നാനാവിധങ്ങളായ നന്മ തിന്മകകളും  ചൂണ്ടി കാണിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കഥകളി ട്രൂപ്പുകൾ നാടിന്റെ നാനാ ഭാഗത്തും സ്ഥാപിക്കപ്പെട്ടു. കഥകളിയുടെ അഭിവൃത്തിക്കായി യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. കഥകളി യോഗങ്ങൾ വഴി കഥകളിയിൽ പ്രാവിണ്യം നേടിയ ആൾ അഭിനയിക്കുന്നതെങ്ങനെയെന്നു മറ്റു അഭിനേതാക്കാളെ പഠിപ്പിച്ചിരുന്നു. കഥകളി അവതരിപ്പിക്കുന്നതിനു മുമ്പ് റിഹേഴ്സലുകളും അതിൽ പങ്കുചേരുന്നവർക്ക് പരിശീലനങ്ങളും നൽകി വന്നിരുന്നു. സാധാരണ മൺസൂൺ വരുന്ന കാലങ്ങളിലായിരുന്നു കഥകളികൾ അമ്പലങ്ങളിൽ സംഘടിപ്പിച്ചിരുന്നത്. 


കഥകളി അവതരിപ്പിക്കാനും അതോടൊപ്പം കഥ പറയാനും കൂത്തുകൾക്കും പ്രത്യേകമായ  തീയേറ്ററുകൾ നിലവിൽ വന്നു. സംസ്കൃത പദ്യങ്ങൾ സാധാരണക്കാർക്ക് നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കഥകളി എല്ലാ സമൂഹങ്ങൾക്കുമുള്ള ഒരു കലയായി രൂപാന്തരപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയുടെ കിഴക്കേ ഭാഗത്തു ജീവിച്ചിരുന്ന 'വെട്ടത്തു രാജാ' എന്നു പേരുള്ള കലാകാരൻ കഥകളിക്ക് കാലോചിതമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ചെണ്ടകളും മറ്റു സംഗീത വാദ്യോപകരണങ്ങളും കഥകളിയോടൊപ്പം നിലവിൽ വന്നു. തിരശീലയ്ക്ക് പുറകിൽ നിന്ന് അവതാരകൻ കഥകളും പറയുമായിരുന്നു. വടക്കേ മലബാറിലുള്ള കോട്ടിയം രാജാവ് കഥകളിയെ സംബന്ധിച്ച് നാലു പുസ്തകങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ രചിച്ചിട്ടുണ്ട്. 
ആദ്യകാലങ്ങളിലുള്ള ചരിത്രത്തിൽ കഥകളി പ്രസിദ്ധമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ അതിന്റെ പ്രാധാന്യം കുറയാൻ തുടങ്ങി. പ്രധാനമായും വിദേശികളുടെ ആക്രമണം കഥകളിയുടെ വളർച്ചയ്ക്ക് തടസമായിരുന്നു. രാജാക്കന്മാരുടെ താല്പര്യം കുറഞ്ഞതുമൂലം കേരളത്തിലെ മിക്ക നാട്യകലകൾക്കും പ്രത്യേകിച്ച് കഥകളിയുടെ വളർച്ചയ്ക്കും മങ്ങലേറ്റു. എങ്കിലും കഥകളിയെന്ന കലയെ നഷ്ടപ്പെടാതെ കാത്തു രക്ഷിച്ചതു ചില നമ്പൂതിരി ഇല്ലങ്ങളായിരുന്നു. പേരും പെരുമയുമുള്ള കഥകളിയാശാന്മാരും അക്കാലങ്ങളിലുണ്ടായിരുന്നു. 

വള്ളത്തോൾ നാരായണമേനോനും മുകുന്ദ രാജയുമൊത്ത് ചെറുതുരുത്തിയെന്ന ഗ്രാമത്തിൽ, കേരള കലാമണ്ഡലം സ്ഥാപിച്ചു. കേരളത്തിന്റെ പൗരാണിക കലകളെ സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒളപ്പമണ്ണയിലെ കഥകളി കലാകാരന്മാർ അവിടെ കഥകളിയാശാന്മാരായി സേവനം ചെയ്യുന്നുണ്ടായിരുന്നു. കേരളകലാ മണ്ഡലത്തിന്റെ പ്രവർത്തനം കൊണ്ട് കഥകളിയെ ഒരു വിശ്വ വിഖ്യാത കലയാക്കി മാറ്റിയെടുക്കുവാനും സാധിച്ചു. ഒളപ്പമണ്ണ ഇല്ലത്തിലെ നമ്പൂതിരിമാരുടെ സാമ്പത്തിക സഹായമില്ലായിരുന്നെങ്കിൽ കഥകളിയും കേരളകലാമണ്ഡലവും നിലനിർത്താൻ സാധിക്കില്ലായിരുന്നു. ഗ്രാമങ്ങൾ തോറും കഥകളിയും മറ്റു നാട്യ കലകളും അവതരിപ്പിക്കാനും ഇവർ സഹായ സഹകരണങ്ങൾ തുടർന്നു കൊണ്ടിരുന്നു. വിനോദ സഞ്ചാരികളെ ഒളപ്പമണ്ണിലെ ഇല്ലത്തു താമസിപ്പിച്ചുകൊണ്ട് കഥകളിയുടെ ബാലപാഠങ്ങളും കാലുകളിലെ ചുവടു മാറ്റങ്ങളും പഠിപ്പിച്ചിരുന്നു. 
മുന്നൂറു കൊല്ലം മുമ്പ് കുഞ്ചൻ നമ്പ്യാർ 'ഓട്ടൻതുള്ളൽ' എന്ന അട്ടകഥകളിലൂടെ സദസ്യരെ രസിപ്പിച്ചിരുന്നു. ഓട്ടൻ തുള്ളലെന്ന നാട്യനാടകം കഥകളിയുടെ മറ്റൊരു രൂപമാണ്. ഈ കല കൂടുതലും ജനകീയമായിരിക്കും. നർമ്മവും ഹാസ്യവും, പരിഹാസ്യവും തുള്ളൽ പാട്ടിലുണ്ടായിരിക്കും. ലളിതമായ നാടോടി വേഷം ഓട്ടൻ തുള്ളലിന്റെ പ്രത്യേകതയാണ്. ഈ നാട്യകല കൂടുതലായും ക്ഷേത്രത്തിനു പുറത്തായിരുന്നു അവതരിപ്പിച്ചിരുന്നത്. വേഷഭൂഷാദികളോടെ തുള്ളൽ കലാകാരൻ ഒറ്റയ്ക്ക് പാടി അഭിനയിച്ചിരുന്നു. ഓട്ടൻ തുള്ളലിന് ചാക്യാർ കൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കിരീടം, മാർ മാല, കൈകളിലും തോളുകളിലും മണികൾ, ചിലങ്കകൾ, അമ്പലപ്പുഴ കോണകം, ഒരു തരം തുണികൊണ്ടുള്ള പാവാട എന്നിവകൾ ഓട്ടൻ തുള്ളലിന്റെ വേഷങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയിൽ കിള്ളിക്കുരിശിമംഗലം എന്ന ഗ്രാമത്തിൽ കുഞ്ചൻ നമ്പ്യാർ ജനിച്ചു. അദ്ദേഹത്തിൻറെ ജന്മഗൃഹം ഓട്ടൻ തുള്ളലിനെപ്പറ്റിയുള്ള സ്മാരകമായി സൂക്ഷിക്കുന്നു. അവിടെ ഒരു വായനശാലയും അതിനുള്ളിൽ കേരളത്തിലെ നാട്യ കലകളെപ്പറ്റിയുള്ള മാനുസ്ക്രിപ്റ്റുകളും സൂക്ഷിക്കുന്നുണ്ട്. 










kunchan Nambiar 


Wednesday, April 26, 2017

കൊറിയയുടെ ചരിത്രവും യുദ്ധങ്ങളും



ജോസഫ് പടന്നമാക്കൽ

ഒരു രാജ്യത്തിന്റെ സാംസ്ക്കാരികതയും പൗരാണികതയും സംബന്ധിച്ച പഠനം നടത്തുമ്പോൾ ചരിത്രകുതുകികൾ അതാത് രാജ്യങ്ങളിലുള്ള ഐതിഹാസിക കഥകളും പരിഗണിക്കാറുണ്ട്. കൊറിയയുടെ ചരിത്രവും തുടങ്ങുന്നത് വീര സാഹസിക നായകനായ ഡാൻ ഗുൺ (Dan-gun) എന്ന കഥാപാത്രത്തിൽക്കൂടിയാണ്. 2033 ബി.സി. മുതൽ തികച്ചും അവിശ്വസിനീയമായ കഥകളിൽക്കൂടി കൊറിയൻ ഇതിഹാസവും ആരംഭിക്കുന്നു. ജപ്പാൻ രാജവംശവുമായി കൊറിയ ലയിക്കുന്നതിനുമുമ്പ് ആ രാജ്യം ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത അനേക രാജകീയ പരമ്പരകൾ ഉൾപ്പെട്ടതായിരുന്നു. എ.ഡി.1397 മുതൽ 1897 വരെ വിവിധ വംശങ്ങളിലുള്ള രാജാക്കന്മാർ രാജ്യം വാണിരുന്നു. കൊറിയൻ സംസ്ക്കാര പാരമ്പരകളിൽക്കൂടി കണ്ണോടിക്കുന്നുവെങ്കിൽ കൊറിയക്കാർ മദ്ധ്യ സൈബീരിയായിൽ നിന്നുള്ള കുടിയേറ്റക്കാരെന്നു മനസിലാക്കാൻ സാധിക്കും. പ്രാകൃത കൊറിയക്കാർ പ്രകൃതി ശക്തികളെയും മൃഗങ്ങളെയും ആരാധിച്ചിരുന്നു. പ്രധാനമായും കടുവായെയും പുലിയെയും പൂജിച്ചിരുന്ന ഗോത്ര വർഗക്കാർ ചരിത്രാതീത കാലത്ത് കൊറിയയിൽ അധിവസിച്ചിരുന്നു.

എ.ഡി.1392-ൽ ജനറൽ 'യി സിയോങ്ഗയ' (General Yi Seong-gye) എന്നയാൾ 'ജോസേൺ' രാജപരമ്പര സ്ഥാപിച്ചു. എ.ഡി. 1418 മുതൽ 1450 വരെ ഭരിച്ചിരുന്ന സെജോങ് (Sejong the Great) എന്ന മഹാനായ രാജാവ് രാജ്യത്ത് സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങളിൽക്കൂടി ഭരണ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയിരുന്നു. രണ്ടു നൂറ്റാണ്ടോളം രാജകീയ ഭരണം നിർവഹിച്ചിരുന്ന ജോസേൺ രാജഭരണത്തിന് വിദേശ ആക്രമണങ്ങളെ കൂടെക്കൂടെ നേരിടേണ്ടി വന്നു. 1592 മുതൽ 1637 വരെ രാജ്യത്ത് ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. കാലക്രമേണ രാജവംശം ക്ഷയിക്കാനും തുടങ്ങി. ഇടവിടാതെ ഭരണ സ്തംഭനങ്ങളും സംഭവിച്ചുകൊണ്ടിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ 'ജോസേൺ' രാജവംശത്തിനു ശക്തി ക്ഷയിച്ചു. രാജ്യ പരിരക്ഷക്കായി ചൈനയുമായി രാജവംശം സഖ്യത്തിലേർപ്പെട്ടിരുന്നു. മദ്ധ്യകാലത്തിനുശേഷം കൊറിയ, ചൈനയുടെ   അധീനതയിലായി. ജപ്പാൻ ചൈനയെ തോൽപ്പിച്ചതോടെ കൊറിയൻ സാമ്രാജ്യം രൂപപ്പെട്ടു. എന്നാൽ ഈ രാജ്യം പെട്ടെന്ന് റഷ്യയുടെ അധീനതയിലായി. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പ്യൻമാരുടെ അധികാരം കൊറിയയിലും വ്യാപിക്കാൻ തുടങ്ങി. കൊറിയയുടെ സംരക്ഷണത്തിനായി വിദേശ ശക്തികളുമായി ഉടമ്പടികൾ വെക്കേണ്ടി വന്നു. 1910ൽ ജപ്പാൻ റഷ്യയെ പരാജയപ്പെടുത്തി കൊറിയൻ സാമ്രാജ്യം പിടിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കും വടക്കുമുൾപ്പെട്ട കൊറിയ, ജപ്പാൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്റെ സ്വാധീനം കൊറിയയിൽ ഇല്ലാതാക്കാൻ സോവിയറ്റ് യൂണിയനും അമേരിക്കയുമൊത്ത് കൊറിയയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. വടക്കേ കൊറിയ ചൈനയും സോവിയറ്റ് യൂണിയനും പങ്കിടുകയും തെക്കേ കൊറിയ അമേരിക്കയുടെ ചുമതലയിലുമായി. പിന്നീട് ഈ രാജ്യങ്ങൾ തെക്ക്-വടക്ക് എന്നിങ്ങനെ രണ്ടു കൊറിയകളായി അറിയപ്പെടാൻ തുടങ്ങി. കൊറിയൻ ഉപദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിൽ പ്രതീക്ഷിക്കാതെ വന്ന ഒരു രാജ്യമായിരുന്നു. 1945 മുതൽ തെക്കേ കൊറിയ അമേരിക്കയുടെ നിയന്ത്രണത്തിലും വടക്കേ കൊറിയാ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും ഭരണ കാര്യങ്ങൾ നിർവഹിച്ചുവന്നു.

കൊറിയൻ ഉപദ്വീപ് രണ്ടായ ശേക്ഷം രണ്ടു കൊറിയകളും ഏകാധിപതികളുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തെക്കേ കൊറിയ കമ്മ്യൂണിസ്റ്റ് വിരോധിയായ സിംഗ്മാൻ റീ (SYNGMAN RHEE) യുടെ അധികാരത്തിലായിരുന്നു. അദ്ദേഹത്തിന് രാജ്യ പുരോഗതിക്കായുള്ള എല്ലാ സഹായങ്ങളും അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് ലഭിച്ചിരുന്നു. വടക്കേ കൊറിയയിലെ ഏകാധിപതി 'കിം ഇൽ  സുങ് രണ്ടാമന്‌' (KIM IL SUNG) സോവിയറ്റ് യൂണിയനിൽ നിന്നും സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.  യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ രണ്ടു രാജ്യങ്ങളും തമ്മിൽ പരസ്പ്പരം ഏറ്റുമുട്ടലുകളുമുണ്ടായിരുന്നു. അതുമൂലം അവിടെ പതിനായിരക്കണക്കിന് ജനം മരിച്ചുവീണു.

അമേരിക്കയെ സംബന്ധിച്ചടത്തോളം അവരുടെ കൊറിയയിലുള്ള ഭരണ നിയന്ത്രണങ്ങളും ഇടപാടുകളും താൽക്കാലികമായിരുന്നു. അതേസമയം വടക്കേ കൊറിയയിൽ സോവിയറ്റ് യൂണിയന്റെ സ്വാധീനത്തിൽ അവിടെ ഭീകര ഭരണം ആരംഭിച്ചിരുന്നു. അതുമൂലം പതിനായിരക്കണക്കിന് അഭയാർഥികൾ വടക്കേ കൊറിയയിൽ നിന്നും തെക്കേ കൊറിയയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ഏകീകൃത കൊറിയയ്ക്കായി അവർക്ക് ഒരു ഫോർമുല ഉണ്ടാക്കാൻ സാധിച്ചില്ല. തെക്കേ കൊറിയയും വടക്കേ കൊറിയയും മത്സരമനോഭാവത്തിൽ സൈനിക ശക്തി വർദ്ധിപ്പിക്കാനും ആരംഭിച്ചു. ഇതിനിടയിൽ കിം സുങ് (Kim Il-sung) വടക്കേ കൊറിയയുടെയും പട്ടാളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നിയന്ത്രണം ഏറ്റെടുത്തു. ഇരു രാജ്യങ്ങളിലും പട്ടാള ശക്തിയും വർദ്ധിപ്പിച്ചു.1947-ൽ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഹാരീസ് ട്രൂമാൻ കൊറിയയുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് യുണൈറ്റഡ് നാഷനോട് ആവശ്യപ്പെട്ടു.

1949-ൽ കിം സുങ് രണ്ടാമൻ (Kim Il-sung) മോസ്കോയിൽ സോവിയറ്റ് നേതാവായ ജോസഫ് സ്റ്റാലിനുമായി തെക്കേ കൊറിയയെ ആക്രമിക്കുന്നതു സംബന്ധിച്ചു ചർച്ചകൾ നടത്തി. വടക്കേ കൊറിയയുടെ ആയുധങ്ങൾ തെക്കേ കൊറിയയെ ആക്രമിക്കാനായി അപര്യാപ്തമെന്നും ആക്രമണം ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്നും പറഞ്ഞുകൊണ്ടു സ്റ്റാലിൻ യുദ്ധത്തെ നിരുത്സാഹപ്പെടുത്തി. 1950 ആയപ്പോൾ വടക്കേ കൊറിയ ആയുധങ്ങൾ സംഭരിക്കുകയും തെക്കേ കൊറിയയേക്കാൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. 1950 മാർച്ചിൽ കിം വീണ്ടും യുദ്ധ മോഹങ്ങളുമായി മോസ്‌ക്കോ സന്ദർശിച്ചപ്പോൾ സ്റ്റാലിൻ തെക്കേ കൊറിയയെ ആക്രമിക്കാൻ അനുവാദം കൊടുക്കുകയുണ്ടായി.

1950 ജൂൺ ഇരുപത്തിയഞ്ചാം തിയതി വടക്കേ കൊറിയയുടെ പട്ടാളം തെക്കേ കൊറിയയെ ആക്രമിച്ചു. 53000 പട്ടാളക്കാർ 'ഇജിം' നദി കടന്ന് സാഹുളിനെ ലക്ഷ്യമാക്കി നീങ്ങി. തെക്കേ കൊറിയയുടെ രണ്ടു വശങ്ങളിൽ നിന്നുമാണ് ആക്രമണം ആരംഭിച്ചത്. ആദ്യം തെക്കേ കൊറിയൻ സൈന്യം ആക്രമം പ്രതിരോധിക്കുക മാത്രമാണുണ്ടായത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധത്തിന് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നില്ല. പ്രസിഡന്റ് ട്രൂമാൻ അവിടുത്തെ അമേരിക്കൻ സൈന്യാധിപനായ 'മാക് ആർതറിനോട്' യുദ്ധഭൂമിയായ റോക്കയിലേയ്ക്ക് വേണ്ടത്ര ആയുധങ്ങളെത്തിക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷിതമായ സംരക്ഷണം  കൊടുക്കാനുള്ള നിർദ്ദേശങ്ങളും നൽകി.

സോവിയറ്റ് യൂണിയന്റെ ഉപദേശമനുസരിച്ച് 1950 ജൂൺ മാസത്തിൽ വടക്കേ കൊറിയ തെക്കേ കൊറിയയെ ആക്രമിച്ചപ്പോൾ ഇരു രാജ്യങ്ങളുമായുള്ള യുദ്ധം ആഗോള ഇടപെടലിന് കാരണമായി. വടക്കേ കൊറിയയ്ക്ക് സോവിയറ്റ് യൂണിയൻ ആയുധങ്ങൾ നൽകിക്കൊണ്ടിരുന്നു. രണ്ടു കൊറിയകളും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ യുണൈറ്റഡ് നേഷന്റെ സഹായത്തോടെ അമേരിക്കാ യുദ്ധത്തിൽ തെക്കേ കൊറിയയുടെ ഭാഗം ചേർന്നു. ചൈനാ റിപ്പബ്ലിക്ക് വടക്കേ കൊറിയയുടെ സഹായത്തിനുമെത്തി.

അമേരിക്കൻ ഭരണാധികാരികൾക്ക് കൊറിയൻ യുദ്ധം ആദ്യഘട്ടങ്ങളിൽ വിസ്മയകരങ്ങളായിരുന്നെങ്കിലും അത് തികച്ചും ഒരു അതിർത്തി യുദ്ധമായിരുന്നുവെന്ന് അവർ കരുതിയിരുന്നില്ല. ഭൂമിയുടെ മറുഭാഗത്ത് താമസിക്കുന്ന അവരെ സംബന്ധിച്ച് സ്ഥിരതയില്ലാത്ത രണ്ടു ഏകാധിപതികൾ തമ്മിലുള്ള അതിർത്തി തർക്കമായിരുന്നില്ല. ലോകം മുഴുവൻ കമ്മ്യുണിസത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ഈ യുദ്ധമെന്ന് അമേരിക്കാ കണക്കാക്കി. അതുകൊണ്ടു രണ്ടു കൊറിയകൾ തമ്മിലുള്ള വഴക്കുകളിൽ ഇടപെടേണ്ടത് അമേരിക്കയെ സംബന്ധിച്ച് ആവശ്യമായി വന്നു. കമ്മ്യുണിസ്റ്റ് സാമ്രാജ്യങ്ങളുടെ സ്വാധീന ശക്തി യൂറോപ്പിലേക്ക് വ്യാപിപ്പിക്കുമെന്നും ഭയപ്പെട്ടു. ഹാരിസ് ട്രൂമാൻ പറഞ്ഞു, "തെക്കേ കൊറിയ യുദ്ധത്തിൽ നിലം പതിക്കുകയാണെങ്കിൽ, നാം അതിന് അനുവദിക്കുമെങ്കിൽ, ആ രാജ്യത്തെയും ഒപ്പം മറ്റു രാജ്യങ്ങളെയും കമ്മ്യുണിസം ഒന്നൊന്നായി വിഴുങ്ങാനാരംഭിക്കും. കൊറിയൻ യുദ്ധം താത്ത്വികമായി ചിന്തിക്കുകയാണെങ്കിൽ കിഴക്കും പടിഞ്ഞാറും തമ്മിലും നന്മയും തിന്മയും തമ്മിലുമുള്ള ഒരു യുദ്ധമായിരിക്കും." വടക്കേ കൊറിയയുടെ സൈന്യം തെക്കേ കൊറിയയുടെ തലസ്ഥാനമായ സാവൂളിൽ നീങ്ങിയപ്പോൾ കമ്മ്യൂണിസത്തിനെതിരായി തന്നെ അമേരിക്കാ ഒരു തുറന്ന യുദ്ധത്തിനു തയ്യാറാവുകയായിരുന്നു.

യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ട്രൂമാൻ യുണൈറ്റഡ് നാഷൻറെ അംഗീകാരം നേടാൻ ശ്രമിച്ചു. ജൂൺ ഇരുപത്തിയഞ്ചാം തിയതി യുണൈറ്റഡ് നേഷൻസ് വടക്കേ കൊറിയയോട് അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യുണൈറ്റഡ് നാഷനിൽ അംഗങ്ങളായവർ തെക്കേ കൊറിയയ്ക്ക്, വേണ്ടത്ര സൈനിക സഹായങ്ങൾ കൊടുക്കാനും ആവശ്യപ്പെട്ടു. അക്കാലത്ത് ചൈന സെക്യൂരിറ്റി കൗൺസിലിൽ അംഗത്വം ശ്രമിച്ചുകൊണ്ടിരുന്ന  കാലങ്ങളായിരുന്നു. ചൈനയ്ക്ക് സെക്യൂരിറ്റി കൗൺസിലിൽ അംഗത്വം നൽകാൻ മറ്റു ശാക്തിക രാജ്യങ്ങൾ സമ്മതിക്കാത്തതിനാൽ റഷ്യ കൗൺസിലിൽ വോട്ടു രേഖപ്പെടുത്തുവാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടു പ്രമേയം വീറ്റോ ചെയ്യാനും സാധിച്ചില്ല. അമേരിക്കയിലും പൊതുവെ ജനാഭിപ്രായമുണ്ടായിരുന്നത് യുദ്ധം വേണമെന്നായിരുന്നു. അമേരിക്കൻ കോൺഗ്രസിലും പ്രമേയം പാസാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

തെക്കേ കൊറിയയിൽ ലെഫ്റ്റനെന്റ് ജനറൽ 'വാൾട്ടൻ എച്ച് വാൾക്കറിന്റെ' (Walton H. Walker)നേതൃത്വത്തിലുള്ള സൈന്യം 1944-ൽ രണ്ടാം ലോക മഹായുദ്ധത്തിൽ നല്ല മികവ് പ്രകടിപ്പിച്ചിരുന്നു.  അദ്ദേഹത്തിൻറെ കീഴിലുള്ള അന്നത്തെ സൈന്യം യൂറോപ്പിലെ ഏറ്റവും മികച്ചതുമായിരുന്നു.   റോക്കയിലെ മേജർ ജനറൽ ചുങ് വൺന്റെ (Major General Chung Il-kwon)നേതൃത്വത്തിലുള്ള സൈന്യം വിജയകരമായി മുന്നേറിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് തെക്കേ കൊറിയക്കാരും ജപ്പാൻകാരും തൊഴിലാളികളും പട്ടാളക്കാർക്കാവശ്യമുള്ള ഭക്ഷണ വിഭവങ്ങളും സാങ്കേതിക സഹായങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

വടക്കേ കൊറിയക്കാരുടെ പട്ടാളത്തെയും ടാങ്കുകളെയും തടയാനും ആയുധപ്പുരകൾ നശിപ്പിക്കാനും ജനറൽ വാൾക്കർ യുദ്ധഭൂമികളിൽ മീഡിയം ടാങ്കുകളും റോക്കറ്റുകളും ഇറക്കിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന പി 51, ബി 26, ബി 29 എന്നീ ശക്തമായ ബോംബുകളുടെ ശേഖരങ്ങളും ഉണ്ടായിരുന്നു. കാലാൾപ്പടയുടെ നിർദേശം അനുസരിച്ചു എവിടെവേണമെങ്കിലും നശീകരണ ബോംബുകളുമായി പറക്കാൻ കഴിവുള്ള ചെറു വിമാനങ്ങളും നാവികരുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. കൂടാതെ അമേരിക്കയിൽ നിന്ന് മാറ്റം വരുന്ന ടെക്‌നോളജിയനുസരിച്ച് നിർമ്മിതമായ നശീകരണ ആയുധങ്ങൾ നിറച്ച കപ്പലുകൾ വന്നു കൊണ്ടിരുന്നു. ബ്രിട്ടീഷ് കോമൺ വെല്ത്ത് രാജ്യങ്ങളുടെ (British Common Wealth Countries) കീഴിലുള്ള വിവിധ രാജ്യങ്ങളും ആയുധങ്ങൾ എത്തിച്ചുകൊണ്ടിരുന്നു. തെക്കേ കൊറിയയിലെ യുവജനങ്ങൾ യുദ്ധത്തിൽ വോളന്റീയർമാരായി പങ്കെടുത്തിരുന്നു. ആഗസ്റ്റ് പതിനെട്ടാം തിയതി മുതൽ ഇരുപത്തിയാറാം വരെ തബു ഡോങ്കിൽ (Tabu-dong) നടന്ന യുദ്ധത്തിൽ അമേരിക്കൻ പട്ടാളം വടക്കേ കൊറിയൻ പട്ടാളത്തെ പരാജയപ്പെടുത്തി. അന്ന് 60000 പട്ടാളത്തെയും അവരുടെ ടാങ്കുകളെയും നശിപ്പിച്ചു. വടക്കേ കൊറിയയുടെ അവശേഷിച്ച പട്ടാളം പിന്തിരിഞ്ഞോടുകയും ചെയ്തു.

ആദ്യമൊക്കെ യുദ്ധമുന്നണിയിൽ അമേരിക്കാ കുതിച്ചുകൊണ്ടു വിജയിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങൾമൂലം പിന്നീടുള്ള യുദ്ധഭൂമികളിൽ പട്ടാളക്കാർക്ക് മനോവീര്യം കുറഞ്ഞുകൊണ്ടിരുന്നു. പുതിയൊരു രാജ്യത്തു വന്നെത്തിയ അമേരിക്കൻ പട്ടാളത്തിന് യുദ്ധം ചെയ്യാൻ പ്രകൃതിയോട് മല്ലിടണമായിരുന്നു. കൊറിയയിലെ ഭൂപ്രകൃതിയും ചൂടുള്ള വേനലും ചെളി പിടിച്ച പാടങ്ങളും ചതുപ്പു നിലങ്ങളും കുന്നുകളും മലകളും അമേരിക്കൻ പട്ടാളത്തെ സംബന്ധിച്ച് അതിജീവിക്കാൻ പ്രയാസമായിരുന്നു. 'സൈനികർക്ക് മുന്നേറാൻ സാഹചര്യങ്ങളില്ലാത്ത  ഒരു ഭൂപ്രദേശം ലോകത്തുണ്ടെങ്കിൽ അത് കൊറിയ ആയിരിക്കുമെന്ന്' യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡീൻ അക്കേസൻ അക്കാലങ്ങളിൽ അഭിപ്രായപ്പെടുകയുണ്ടായി.

രാഷ്ട്രീയമായ അംഗീകാരമുണ്ടായിരുന്നെങ്കിലും യുദ്ധത്തിനായി ഐക്യരാഷ്ട്ര സഭ പച്ചക്കൊടി കാട്ടിയെങ്കിലും വടക്കേ കൊറിയയെ ആക്രമിക്കാനുള്ള വേണ്ടത്ര തയ്യാറെടുപ്പ് അമേരിക്കയ്ക്ക് ഇല്ലാതെ പോയതും ട്രൂമാനെ അസന്തുഷ്ടനാക്കിയിരുന്നു. 'മാക് ആർതർ' മൂന്നു ഡിവിഷൻ പട്ടാളക്കാരെ ജപ്പാനിൽ നിന്ന് സംഘടിപ്പിച്ചു. യുദ്ധത്തിൽ ശത്രുക്കളെ തോൽപ്പിക്കാമെന്ന ഉദ്ദേശത്തിൽ അമേരിക്കൻ കാലാൾ പടയെ വികസിപ്പിച്ചു. 'കും നദിയുടെ' തീരത്ത് ഒസാനുസമീപം അമേരിക്കൻ പട്ടാളക്കാർ ശത്രുവിനെതിരെ അണിനിരന്നുകൊണ്ടു യുദ്ധം ചെയ്തു. യുദ്ധത്തിൽ അനേകം അമേരിക്കക്കാർ മരണമടഞ്ഞു. അനേകായിരം അമേരിക്കൻ പട്ടാളം ഓടി രക്ഷപെട്ടു. അമേരിക്കൻ പടയുടെ കാര്യക്ഷമമില്ലായ്മയും ആവശ്യത്തിന് ആയുധമില്ലാത്തതും യുദ്ധത്തിൽനിന്നും പിന്മാറാൻ കാരണമായിരുന്നു. പടയെ നയിക്കാൻ കഴിവുള്ള സൈന്യാധിപന്മാരും ഉണ്ടായിരുന്നില്ല. തെക്കോട്ടുള്ള വഴികളിൽ നിയന്ത്രിക്കാൻ പാടില്ലാത്ത വിധം അഭയാർഥി പ്രവാഹവുമുണ്ടായിരുന്നു. അതുമൂലം ശത്രു പക്ഷത്തുനിന്നും ഗറില്ലാകളും നുഴഞ്ഞുകയറി. ഗറില്ലാകളുടെ ഒളിഞ്ഞിരുന്ന പോരാട്ടങ്ങളെയും നേരിടേണ്ടി വന്നു. അപ്രതീക്ഷിതമായ ഗറില്ലാ ആക്രമണത്തിൽ ആയിരക്കണക്കിന് പൗര ജനങ്ങളും കൊല്ലപ്പെട്ടിരുന്നു. ജൂലൈ അവസാന ദിവസങ്ങളിൽ നക്‌ടോങ് നദിയുടെ തീരത്ത് നോഗൺറി (NOGUN-RI) ഗ്രാമത്തിനു സമീപം റെയിൽവേ റോഡിൽ അതുമൂലം ദിനംപ്രതിയുള്ള വെടിവെപ്പിൽ നൂറു കണക്കിന് ജനം മരിച്ചു വീണുകൊണ്ടിരുന്നു.

അമേരിക്കയ്ക്ക് യുദ്ധത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ കമ്മ്യൂണിസത്തെ പുറത്താക്കണമെന്നുള്ള ലക്ഷ്യം  മാത്രമേയുണ്ടായിരുന്നുള്ളൂ. വടക്കേകൊറിയയുടെ ആക്രമണത്തിനെതിരെ പ്രതിരോധത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ സഖ്യകഷികൾക്കു കനത്ത തിരിച്ചടിയാണ് കിട്ടിയത്. വടക്കേ കൊറിയയുടെ പട്ടാളം വളരെയധികം കാര്യക്ഷമതയുള്ളതായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും നേടിയ ആധുനിക ആയുധങ്ങൾ സഹിതം പരിശീലനം ലഭിച്ചവരുമായിരുന്നു. പകരം ദക്ഷിണ കൊറിയയുടെ നേതൃത്വം വഹിച്ചിരുന്ന റീയുടെ പട്ടാളം വടക്കേ കൊറിയയുടെ അതിശക്തമായ മുന്നേറ്റത്തെ ഭയപ്പെടാനും തുടങ്ങി. യുദ്ധക്കളത്തിൽ നിന്ന് പ്രതിരോധം സാധ്യമാകാതെ പിൻവാങ്ങാനും തുടങ്ങി. കൂടാതെ ഏറ്റവും ചൂടുള്ള സമയമായിരുന്നതു കൊണ്ട് അമേരിക്കൻ പട്ടാളത്തിനു പ്രതികൂലമായ കാലാവസ്ഥകളെ അഭിമുഖീകരിക്കാൻ കഴിയുമായിരുന്നില്ല. യുദ്ധക്കളത്തിൽ അടുത്തുള്ള നെൽപ്പാടത്തിലെ ചെളി വെള്ളം കുടിച്ചു് പട്ടാളത്തിനു ദാഹം തീർക്കേണ്ടി വന്നു. അവിടം മനുഷ്യ കാഷ്ടം ഉപയോഗിച്ച് നെൽകൃഷി ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു. തൽഫലമായി പട്ടാളക്കാർക്ക് 'കുടൽ' രോഗവും കൂടെ കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. പകർച്ചവ്യാധികളും അവരുടെയിടയിൽ പടർന്നു പിടിച്ചു.

ചൈനയുടെ ഭൂപ്രദേശങ്ങളിൽക്കൂടി പട്ടാളം കടന്നു കയറി യുദ്ധം ചെയ്യരുതെന്നുള്ള പ്രസിഡന്റ് ട്രൂമാന്റെ അറിയിപ്പുണ്ടായിരുന്നു. എങ്കിലും അമേരിക്കൻ ട്രൂപ്പുകളുടെ നീക്കം ചൈനായുടെ ഭൂമിയിൽക്കൂടിയായിരുന്നു. ചൈനയെ അത് പ്രകോപനത്തിന് കാരണമാക്കി. ആദ്യമെല്ലാം തെക്കേ കൊറിയയുടെ സഖ്യകക്ഷികൾ വിജയം കൈവരിച്ചെങ്കിലും ചൈനയുടെ പട്ടാളം യുദ്ധത്തിനിറങ്ങിയത് മാക് ആർതറിന്റെ കണക്കുകൂട്ടലുകൾക്കു തെറ്റുപറ്റാൻ കാരണമായി. 'യാലു നദി' കടക്കുമ്പോൾ പട്ടാളത്തിന് ചൈനയുടെ അതിർത്തിയും കടക്കണമായിരുന്നു. ചൈനയുടെ ഭൂപ്രദേശത്ത് പട്ടാളം കടന്നപ്പോൾ അക്രമം ചൈനയ്‌ക്കെതിരെയെന്നു വ്യാഖ്യാനിച്ചു. ചൈനീസ് നേതാവായ മാവോ സേതുങ് വടക്കേ കൊറിയയിൽ പട്ടാളത്തെ അയച്ചുകൊണ്ടു 'ട്രൂപ്പിനെ ആ പ്രദേശത്തു നിന്ന് പിൻവലിച്ചില്ലെങ്കിൽ വലിയ തോതിലുള്ള യുദ്ധം പ്രഖ്യാപിക്കുമെന്നും' അമേരിക്കയെ അറിയിച്ചു.

ചൈന യുദ്ധത്തിൽ ഇടപെട്ടതോടെ ട്രൂമാന് യുദ്ധം തുടരാൻ താല്പര്യമുണ്ടായില്ല. അതുമൂലം സോവിയറ്റ് യൂണിയൻ ഇടപെടുന്നതിന് കാരണമാകുമെന്നും യൂറോപ്പ് മുഴുവൻ ന്യുക്‌ളീയർ ബോംബ് വർഷിക്കുമെന്നും മില്യൻ കണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്നും ട്രൂമാൻ ഭയപ്പെട്ടു. എന്നാൽ 'മാക് ആർതർ' കമ്മ്യൂണിസത്തെ നശിപ്പിക്കാൻ വലിയ തോതിൽ യുദ്ധം വേണമെന്നും ആഗ്രഹിച്ചു. വിജയത്തിന് പകരമായി മറ്റൊരു ഒത്തുതീർപ്പിനും ആ സൈന്യാധിപൻ തയ്യാറായില്ല. ചൈനയുമായി ഏറ്റു മുട്ടരുതെന്നു ട്രൂമാൻ പറയുന്ന സമയമെല്ലാം 'മാക് ആർതർ' പ്രസിഡണ്ടിന്റെ അഭിപ്രായത്തിനു എതിരു നിൽക്കുകയായിരുന്നു. 1951 മാർച്ചിൽ 'മാക് ആർതർ' സെനറ്റർ 'ജോസഫ് മാർട്ടിന്' വ്യാപകമായ യുദ്ധം തുടരാനുള്ള പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടു ഒരു കത്തെഴുതിയിരുന്നു. യുദ്ധത്തിൽ വിജയിക്കാതെ മടങ്ങുന്ന പ്രശ്നവുമില്ലെന്നും അദ്ദേഹം എഴുതി. സെനറ്റർ ജോസഫ് മാർട്ടിൻ പൂർണ്ണമായ ഒരു യുദ്ധത്തിനുള്ള പിന്തുണ നൽകുകയും ചെയ്തു. പ്രസിഡണ്ടിന്റെ അധികാരത്തെ ലംഘിച്ചുകൊണ്ടുള്ള മാക് ആർതറിന്റെ കത്തിന്റെ വിവരം പ്രസിഡന്റ് ട്രൂമാൻ മനസിലാക്കി. ഉടൻ തന്നെ ജനറലിനെ സൈനിക ചുമതലകളിൽനിന്നും പിരിച്ചുവിടുകയും ചെയ്തു. "നിർണ്ണായക ഘട്ടങ്ങളിലെല്ലാം രാജ്യത്തിനു വേണ്ടി ധീരപൂർവം പൊരുതിയ ശക്തനായ ജനറൽ 'മാക് ആർതറെ' ജോലിയിൽനിന്നു പിരിച്ചുവിടുന്നതിൽ അത്യഗാധമായ ദുഃഖമുണ്ടെങ്കിലും വ്യക്തി താൽപ്പര്യങ്ങളെക്കാളും ലോകസമാധാനം താൻ കാംഷിക്കുന്നുവെന്നും" പ്രസിഡന്റ് ട്രൂമാൻ പറഞ്ഞു.

1951 ജൂലൈയിൽ, പാൻമുൻജോം എന്ന സ്ഥലത്ത് (PANMUNJOM) പ്രസിഡന്റ് ട്രൂമാൻ പുതിയതായി  നിയമിച്ച മിലിറ്ററി കമാണ്ടർമാരുമൊത്തു വടക്കേ കൊറിയയുമായി സമാധാനത്തിനായുള്ള സംഭാഷണം ആരംഭിച്ചു. രണ്ടു കൂട്ടരും വെടിനിർത്തലിന് ഒത്തുതീർപ്പായി. എങ്കിലും തടവുകാരെ സംബന്ധിച്ച ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ല. ഒടുവിൽ നീണ്ട രണ്ടു വർഷത്തെ ചർച്ചകൾക്കു ശേഷം തടവുകാർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാമെന്നുള്ള തീരുമാനമായി. 1953 ജൂലൈ ഇരുപത്തിയേഴാം തിയതി സമാധാനത്തിനായുള്ള ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുദ്ധത്തടവുകാർക്ക് തെക്കേ കൊറിയയിലോ വടക്കേ കോറിയയിലോ താമസിക്കാമെന്നായിരുന്നു തീരുമാനം. ഒരു പുതിയ അതിർത്തി തീരുമാനിക്കുകയും തെക്കേ കൊറിയായ്ക്ക് 1500 ചതുരശ്ര മൈൽ കൂടുതൽ സ്ഥലം നൽകുകയും ചെയ്തു. അതിർത്തിയിൽനിന്നും രണ്ടു മൈൽ അകലം പാലിച്ച് സൈന്യം പരസ്പ്പരം മാറി നിൽക്കണമെന്ന വ്യവസ്ഥകളുമുണ്ടായി.

യുദ്ധത്തിന്റെ പ്രതിഫലനമായി വടക്കേ കൊറിയയിലും തെക്കേ കൊറിയയിലും മില്യൻ കണക്കിന് ജനങ്ങളുടെ ജീവനും നാശ നഷ്ടങ്ങളും സംഭവിച്ചു. ഒരു രാജ്യത്തിന്റെ ശക്തിയേയും ചെറുതായി കാണരുതെന്നുള്ള വിവരവും അമേരിക്കാ ഈ യുദ്ധത്തിൽക്കൂടി പഠിച്ചു. 1953-ൽ യുദ്ധം അവസാനിച്ചെങ്കിലും തെക്കേ കൊറിയയും വടക്കേ കൊറിയയും രണ്ടു ശത്രു രാജ്യങ്ങളായി ചേരിതിരിഞ്ഞു പോരുകൾ തുടർന്നുകൊണ്ടിരുന്നു. ഇരു രാജ്യങ്ങളുടെയും അതിർത്തികൾ സംബന്ധിച്ച തീരുമാനങ്ങൾക്കായി 1954-ൽ ചർച്ചകളുണ്ടായെങ്കിലും യാതൊരു പുരോഗതിയും കൈവരിക്കാൻ സാധിച്ചില്ല.

കൊറിയൻ യുദ്ധം രക്തപങ്കിലമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വടക്കേ കൊറിയയും തെക്കേ കൊറിയയും തമ്മിൽ നടന്ന യുദ്ധത്തിൽ ഏകദേശം രണ്ടര മില്യൻ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. അവരിൽ പകുതിയോളം സിവിലിയൻ ജനതയായിരുന്നു. കൊറിയയിലെ യുദ്ധക്കളത്തിൽ 40000 അമേരിക്കൻ പട്ടാളം മരിക്കുകയും ഒരു ലക്ഷത്തിൽപ്പരം അമേരിക്കക്കാർക്കു മുറിവേൽക്കുകയുമുണ്ടായി.

ഇന്ന്, കിഴക്കേ ഏഷ്യയിലുള്ള വടക്കേ കൊറിയയെ  ഭരിക്കുന്നത് 'കിം ജോംഗ് യൂൺ ' (Kim Jong-Un) എന്ന മുപ്പത്തിമൂന്നു വയസുകാരനായ ഏകാധിപതിയാണ്. പിതാവ് 'കിം ജോംഗ് രണ്ടാമനിൽ നിന്നും (Kim Jong-Il) മുത്തച്ഛൻ കിം രണ്ടാമൻ സുങ്ങിൽ നിന്നും (Kim Il-Sung) രാജ്യം അയാൾക്ക്  ലഭിച്ചു. രണ്ടരക്കോടി ജനങ്ങൾ ആ രാജ്യത്തു വസിക്കുന്നു. ലോകത്തിലേക്കും വെച്ച് അഴിമതി നിറഞ്ഞ രാജ്യമെന്നും അറിയപ്പെടുന്നു. ജയിലിൽ കിടക്കുന്ന കുറ്റവാളികളിൽ നാൽപ്പത് ശതമാനം ഭക്ഷണം ലഭിക്കാതെ മരിക്കുന്നു. നിഷ്കളങ്കരായവരെ കുറ്റം ബലമായി സമ്മതിപ്പിച്ചു വധശിക്ഷ നടപ്പാലാക്കലുമുണ്ട്.  2006 മുതൽ ആറിൽപ്പരം ന്യുക്‌ളീയർ പരീക്ഷണങ്ങൾ നടത്തി. രാജ്യത്തിലെ പൗര ജനങ്ങൾക്ക് പത്ര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുന്നു. ഇന്റർ നെറ്റില്ലാത്ത രാജ്യമായും അറിയപ്പെടുന്നു. ക്രിസ്ത്യാനികളെ കൂട്ടമായി കൊല്ലുന്നതും പതിവാണ്.  ബൈബിൾ കൈവശം കണ്ടാൽ വധശിക്ഷ ലഭിക്കും. അവിടെ അമേരിക്കയുടെ കോൺസുലേറ്റില്ല. ശീത സമരം അവസാനിക്കാത്ത ഏക രാജ്യമാണ് വടക്കേ കൊറിയ.  എന്ത് ചെയ്താലും നിയമ വിരുദ്ധം. തെക്കേ കൊറിയയുടെ ടെലിവിഷൻ കണ്ടാൽ ഒരു കൊല്ലം ജയിൽ ശിക്ഷ  കിട്ടും. അവിടേയ്ക്കു  യാത്ര ചെയ്‌താൽ മരണ ശിക്ഷയും ഉറപ്പാണ്.  മനുഷ്യനായി വടക്കേ കൊറിയയിൽ ജനിച്ചവൻ സ്വയം വെറുക്കപ്പെടും.  രാജ്യത്തുള്ള ഭൂരിഭാഗം ജനങ്ങളും ദുഷിച്ചവരെന്നു പറയുന്നില്ല.  രാജ്യം നശിപ്പിക്കണമെന്നും പറയുന്നില്ല. അത് അമേരിക്കയ്ക്കും ക്ഷീണം സംഭവിക്കും. ഏകാധിപത്യം അവസാനിപ്പിച്ചുകൊണ്ട്  വിപ്ലത്തിൽക്കൂടി രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കണം. അത് സംഭവിക്കുമെന്നും തോന്നുന്നില്ല.





(Kim Jong-Un) 

Kim-Jong-II

Stalin and Kim II Sung
Presidend Truman and MacArthur 
US troops in Naktong River area

US Troops at port of Saoul

M26 Perishing Tank 

Mac Arthur observing the attacke SKoria

Mobile Army Surgical Hospital 

Saturday, April 15, 2017

ഗോവധം നിരോധിക്കാം. പക്ഷെ വേദങ്ങളിലെ ചരിത്രം...!



ജോസഫ് പടന്നമാക്കൽ

സനാതനകാലം മുതൽ  ഹിന്ദുമതം പശുവിനെ  ഒരു വിശുദ്ധ മൃഗമായി ആദരിച്ചു വരുന്നു.   ഭക്ത ജനങ്ങൾക്ക് 'പശു' ഒരു ദേവിയും അമ്മയുമാണ്.   തീർച്ചയായും   മതത്തിന്റെ ശ്രീകോവിലിൽനിന്നുമുള്ള ഈ ചിന്താഗതികളെ നാം ആദരിക്കണം. രാഷ്ട്രീയക്കാർ അത്തരം വീക്ഷണങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോഴാണ് മതത്തിലുള്ള  വിശ്വാസങ്ങളുടെ വാസ്‌തവികതയെ ചോദ്യം ചെയ്യേണ്ടി  വരുന്നത്. ഇത്തരം ആചാരങ്ങൾക്ക് ചരിത്രപരമായ ബന്ധമോ നീതികരണമോ ഉണ്ടായിരിക്കില്ല. മതവും രാഷ്ട്രീയവും അനുയായികളെ ചൂഷണം ചെയ്യുന്നതല്ലാതെ അവരുടെ  കപടവിശ്വാസങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ അനുവദിക്കില്ല. ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ചരിത്രകാരനുമായ ഡി.എൻ.ജ്ജാ (D.N.Jh) വേദങ്ങളിലുള്ള വിശുദ്ധ പശുക്കളെപ്പറ്റി നിരൂപണ രൂപേണ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധ ഭീഷണികൾ ഉയർന്നിരുന്നു.  പുരാതന ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുമായിരുന്നുവെന്ന ഗവേഷണങ്ങളാണ് പ്രൊഫസർ ഡി.എൻ. ജജായുടെ ഗ്രന്ഥത്തിലുള്ളത്. ബീഫ് കഴിക്കരുതെന്നുള്ള വിശ്വാസത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചാൽ അത് മതനിന്ദയുമാകും.

ഹിന്ദുക്കൾ പൗരാണിക കാലങ്ങളിൽ മാട്ടിറച്ചി കഴിച്ചിരുന്നുവോ ? ചാതുർ വർണ്യത്തിൽ  തൊട്ടുകൂടാ ജാതികളെന്നും തൊടാവുന്ന ജാതികളെന്നും രണ്ടു വിഭാഗങ്ങളായി മനുഷ്യരെ തരം തിരിച്ചിട്ടുണ്ട്. തൊടാവുന്ന ജാതികളായ ബ്രാഹ്മണർ ഒരു കാലത്തും മാട്ടിറച്ചി കഴിച്ചിട്ടില്ലെന്നു പറയും. ഒരു പക്ഷെ അവരുടെ അവകാശവാദം ശരിയായിരിക്കാം. ഒരു കാലഘട്ടത്തിലും  സവർണ്ണ ഹിന്ദുക്കൾ മാട്ടിറച്ചി കഴിച്ചിട്ടില്ലായിരിക്കാം! ഇങ്ങനെ തൊട്ടു ജീവിക്കാവുന്ന ഹിന്ദുക്കൾ അവകാശവാദം പുറപ്പെടുവിക്കുന്നെങ്കിൽ യുക്തിവാദത്തിന്റെ പേരിൽ എതിർക്കേണ്ട ആവശ്യമില്ല. പക്ഷെ ജ്ഞാനിയായ ഒരു ബ്രാഹ്മണൻ ഹിന്ദുക്കൾ മാട്ടിറച്ചി കഴിക്കാതിരിക്കുക മാത്രമല്ല അവർ എക്കാലവും പശുവിനെ വിശുദ്ധമായി കരുതിയിരുന്നുവെന്നും പശുവിനെ കൊല്ലുന്നത് എതിർത്തിരുന്നുവെന്നും പറയുമ്പോഴാണ് സമ്മതിക്കാൻ സാധിക്കാത്തത്.

സസ്യാഹാര രീതി ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ഹിന്ദുക്കളുടെയിടയിൽ വ്യാപിച്ചുവെന്നു അനുമാനിക്കുന്നു. വിശിഷ്ടാതിഥികൾ വരുമ്പോൾ അവർക്ക് മാട്ടിറച്ചി ഒരു വിശേഷ ഭക്ഷണമായി വിളമ്പിയിരുന്നു. പൗരാണിക വേദ വാക്യങ്ങളിൽ മാട്ടിറച്ചി തിന്നാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക വ്യാജ ചരിത്രകാരന്മാർ സത്യത്തെ അംഗീകരിക്കാൻ തയാറാവുകയില്ല. വേദങ്ങളിലും പുരാണങ്ങളിലും പശുവധം സംബന്ധിച്ച ന്യായികരണങ്ങൾ കണ്ടാൽ അത് ബ്രിട്ടീഷുകാർ തിരുത്തിയതെന്നു പറയും. എന്നാൽ അറിവും പാണ്ഡിത്യവുമുള്ളവർ വേദകാലം മുതൽ ബ്രാഹ്മണർ ഇറച്ചി കഴിച്ചിരുന്നുവെന്ന സത്യത്തെ അംഗീകരിച്ചിട്ടുമുണ്ട്.

സ്വാമി വിവേകാനന്ദനെ ഹൈന്ദവ നവോധ്വാനത്തിന്റെ മഹാപ്രതിഭയായി കരുതുന്നു. അദ്ദേഹം പൗരാണിക ഹിന്ദുക്കൾ മാംസം കഴിച്ചിരുന്നുവെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. വിവേകാനന്ദൻ പറഞ്ഞു, "ഞാൻ ഒരു സത്യം പറയുകയാണെങ്കിൽ വേദകാലത്തുണ്ടായിരുന്നവർ നല്ല ഹിന്ദുക്കളല്ലായിരുന്നുവെന്ന്, നിങ്ങൾ പറയും. പഴയ ആചാരങ്ങളിൽ ഹിന്ദുക്കൾ മാടിനെ  ബലിയർപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു." ഇന്ത്യയിൽ ഒരു കാലത്ത് മാട്ടിറച്ചി തിന്നാത്തവനെ ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു. ഹിന്ദു വേദങ്ങളിലെ തെളിവുകളിൽ അത് സ്ഥിതികരിക്കുന്നുണ്ട്. 'ഹിന്ദു മതത്തിലുള്ളവർ മാട്ടിറച്ചി തിന്നുക മാത്രമല്ല അവരുടെ അനുയായികൾ മാടിനെ ദൈവങ്ങൾക്ക് ബലിയുമർപ്പിച്ചിരുന്നു.' (വിവേകാനന്ദൻ ഗ്രന്ഥം) 

വേദങ്ങളിലെ ആര്യന്മാർ ആടുകളെയും മാടുകളെയും മേയ്ച്ചു നടന്നിരുന്ന നാടോടികളായിരുന്നു. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ അവർ ദൈവത്തിനു കാഴ്ച വെക്കുമായിരുന്നു. ഒരാളിന്റെ ധനം നിശ്ചയിച്ചിരുന്നത് കന്നുകാലികളുടെ എണ്ണത്തിലായിരുന്നു. ദൈവങ്ങളിൽ ഇന്ദിരന് കാളയിറച്ചിയായിരുന്നു പ്രിയമായിരുന്നത്. അഗ്നി ദേവന് കാളയും പശുവും ഇഷ്ടമായിരുന്നു. മാരുതി ദേവനും അശ്വിൻ ദേവനും പശു ഇറച്ചി ബലിയായി അർപ്പിക്കുമായിരുന്നു. ഋഗ് വേദത്തിൽ  (X.72.6) പശുക്കളെ വാളുകൊണ്ടോ കോടാലി കൊണ്ടോ കൊന്നിരുന്നുവെന്നും പരാമർശിച്ചിട്ടുണ്ട്. തൈത്രിയ ബ്രാഹ്മണയിൽ ദൈവങ്ങൾക്ക് ബലികൊടുക്കാൻ ലക്ഷണമൊത്ത കാളകളെയും പശുക്കളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ കാളകളെ വിഷ്ണുവിന് ബലി അർപ്പിക്കുന്നു. കൊമ്പുള്ള കാള ഇന്ദിരനും കറുത്ത പശു പുഷനും ചുവന്ന പശു രുദ്രനുമുള്ള ബലി മൃഗങ്ങളാണ്. 'ഒരാൾ മരിച്ചാൽ ഒരു മൃഗത്തെയും ഒപ്പം കൊല്ലണമെന്നുള്ളത്' പുരാതന ഇൻഡോ ആര്യന്മാരിലെ ആചാരമായിരുന്നു. ഗ്രഹസൂത്രയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് കൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിക്കുന്ന മാമൂലുകളുമുണ്ടായിരുന്നു.

മഹാഭാരതത്തിൽ 'രണ്ടിദേവ' എന്ന രാജാവിനെപ്പറ്റിയുളള പരാമർശമുണ്ട്. അദ്ദേഹം ധാന്യങ്ങളും മാട്ടിറച്ചിയും ബ്രാഹ്മണർക്ക് വിതരണം ചെയ്തതു വഴി പ്രസിദ്ധനായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്.  തത്രിയാ ബ്രാഹ്മണന്മാരുടെ ശ്ലോകം , 'അതോ അന്നം വയ ഗൗ' ; പശു ഭക്ഷണമാകുന്നുവെന്നാണ്. ബ്രാഹ്മണരുടെ ഗ്രന്ഥങ്ങളിൽ മാട്ടിറച്ചി തിന്നിരുന്നുവെന്ന തെളിവുകളുണ്ട്. മാട്ടിറച്ചി തിന്നരുതെന്നു മനുസ്മൃതിയിലും സൂചിപ്പിച്ചിട്ടില്ല.

ആരോഗ്യരക്ഷ സംബന്ധിച്ച ഗ്രന്ഥമായ 'ചാരക സംഹിതയിൽ' പശുവിന്റെ പച്ചമാംസം നാനാവിധ രോഗ നിവാരണങ്ങൾക്കുള്ള മരുന്നായും നിർദ്ദേശിച്ചിട്ടുണ്ട്. പശുവിന്റെ മാംസവും എല്ലുംകൂട്ടി  തിളപ്പിച്ചു സൂപ്പാക്കി ഔഷധമായി കുടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടെ കൂടെ വരുന്ന പനിയും ചുമയും ഇല്ലാതാകാൻ പശുവിറച്ചി നല്ലതെന്നും മാംസത്തിലെ നെയ്യ് വാതരോഗങ്ങൾ ശമിക്കാൻ ഉത്തമമെന്നും ഗ്രന്ഥത്തിലുണ്ട്.

അർത്ഥ ശാസ്ത്രത്തിൽ പാലു കറക്കാത്ത പശുവിന്റെ മാംസം കഴിക്കുന്നത് നിയമപരമെന്ന് ലിഖിതപ്പെടുത്തിയിട്ടുണ്ട്. അറവുശാലകളിൽ അറക്കപ്പെടാതെ സ്വാഭാവികമായി ചത്തു പോകുന്ന കന്നുകാലികളുടെ മാംസം തിന്നുകയും ഇറച്ചി ഉണക്കി വിൽക്കുകയും ചെയ്തിരുന്നു. ഹിന്ദു മതത്തിൽ പോത്തിന്റെയും എരുമയുടെയും ഇറച്ചി തിന്നുന്നതിൽ ഒരിക്കലും വിലക്കുണ്ടായിരുന്നില്ല. രാഷ്ട്രീയക്കളരികളിൽ പശുക്കളെ കൊല്ലുന്നതിൽ വിലക്ക് നൽകുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ കാരണമാകും. തീവ്രവാദികളായ ഹിന്ദുക്കളുടെ മദ്ധ്യകാല ചിന്തകളെ പരിഷ്കൃതലോകം പരിഹസിക്കുകയും ചെയ്യുന്നു. 

പുരാണങ്ങളായ രാമായണമോ മഹാഭാരതമോ സസ്യാഹാരം പാലിക്കണമെന്ന് പഠിപ്പിക്കുന്നില്ല. വാസ്തവത്തിൽ രണ്ടു പുരാണങ്ങളിലും മാംസം സാധാരണ ഭക്ഷണമായിരുന്നുവെന്ന സൂചനകളുമുണ്ട്. ഈ ഗ്രന്ഥങ്ങളുടെ പേരിൽ വലിയ വാദ വിവാദങ്ങൾ നടക്കുന്നുമില്ല. ശ്രീരാമൻ മാനിനെയും കാട്ടുപന്നികളെയും കൃഷ്ണ മൃഗങ്ങളെയും കാട്ടിൽ താമസിച്ചിരുന്ന നാളുകളിൽ കൊന്നു തിന്നതായി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീ ആനന്ദ ഗുരുജി എഴുതിയ ഗ്രന്ഥത്തിലുണ്ട്. ഇന്ത്യയിലെ ആര്യന്മാർ സസ്യാഹാരികൾ ആയിരുന്നില്ല. രാമായണത്തിലെ ഭരതൻ നൽകിയ പാർട്ടിയിൽ മത്സ്യവും മാംസവും നൽകിയതായി വിവരിച്ചിട്ടുണ്ട്. മാംസം ശ്രീരാമനും സീതയും വളരെ സ്വാദോടെ തിന്നതായി രാമായണത്തിൽ ഒരു ശ്ലോകവുമുണ്ട്. 'മാംസവുമായി രാമൻ ഒരു പാറപുറത്തിരുന്നുകൊണ്ടു പറയുന്നു, "സീത, ഈ ഇറച്ചി തിന്നാൻ വളരെ രുചിയുള്ളതാണ്. ഇപ്പോൾ തീയിൽ ചുട്ടതേയുള്ളൂ." ഭരദ്വാജായുടെ വാസസ്ഥലത്തിൽ ഭരതന്റെ പട്ടാളക്കാർക്ക് വേട്ടയാടി കിട്ടിയ ആടിന്റേയും മാടിന്റെയും മയിലുകളുടെയും ഇറച്ചികളും നൽകിയിരുന്നു. കുംഭകർണ്ണൻ ആടുമാടുകളുടെയും പന്നികളുടെയും ഇറച്ചി ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തിരുന്നു. 

സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടല്ല ആദി ബ്രാഹ്മണർ ജീവിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിലാണ് സസ്യാഹാരം ബ്രാഹ്മണർ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായി കരുതാൻ തുടങ്ങിയത്. സസ്യാഹാരം ആദ്ധ്യാത്മികതയുടെ ഭാഗമായി കരുതുന്നുണ്ടെങ്കിലും ഋഷിവര്യം സ്വീകരിച്ചവരായ ബ്രാഹ്മണർ പോലും സസ്യാഹാരികളായിരുന്നില്ല. അഗസ്ത്യ മുനിയും വസിഷ്ട മുനിയും മാംസം കഴിച്ചിരുന്നു. ഇന്നും ബ്രാഹ്മണരായ കാശ്മീർ പണ്ഡിറ്റുകൾ മാംസാഹാരികളാണ്.  

ബുദ്ധന്റെ കാലത്ത് ബ്രാഹ്മണർ സസ്യാഹാരം പാലിച്ചിരുന്നതായി യാതൊരു തെളിവുകളുമില്ല. വേദങ്ങളുടെ കാലത്തുള്ള മൃഗബലി ഇന്നും തുടരുന്നു. ബ്രാഹ്മണരുടെ മൃഗബലികളെപ്പറ്റി ബുദ്ധന്മാരുടെ പാളി കാനോനയിലുള്ള തിപിടകയിൽ (tipitaka) രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം മാസത്തിൽ മൃഗങ്ങളെ കൊല്ലാമെന്നും കൊല്ലരുതെന്നും വിനായകയിൽ എഴുതിയിരിക്കുന്നു. കാമസൂത്രയിൽ പട്ടിയിറച്ചി ഒരുവന്റെ പൗരുഷവും ഉത്ഭാദന ശേഷിയും വർധിപ്പിക്കുമെന്നും എഴുതിയിട്ടുണ്ട്. എന്നാൽ നല്ല കരുത്തുള്ളവരും വിവേചന ബുദ്ധിയുള്ളവരും അമിതമായി മാംസം കഴിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഹൈന്ദവ ജനവിഭാഗങ്ങളുടെ പൂർവികർ മാംസം കഴിച്ചിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിക്കും. 

കാർഷിക പുരോഗതി കൈവരിച്ചതോടെ മൃഗങ്ങളുടെ ബലിയിലും മാറ്റങ്ങൾ വന്നു. അക്കാലത്ത് ബ്രാഹ്മണരെ തിരിച്ചറിഞ്ഞിരുന്നതും മൃഗങ്ങളുടെ ബലികളിൽക്കൂടിയായിരുന്നു. മൃഗബലികളെ ബുദ്ധമത അനുയായികൾ എതിർത്തിരുന്നു. അഞ്ചൂറുവീതം കാളകളെയും കാളക്കിടാക്കളെയും പശുക്കിടാക്കളെയും ആടുകളെയും  മരത്തിൽകെട്ടി ബ്രാഹ്മണർ ബലിയർപ്പിച്ചിരുന്നു. മൃഗബലികളോടെയുള്ള അശ്വമേധവും, പുരുഷമേധവും നല്ല ഫലങ്ങൾ പുറപ്പെടുവിക്കില്ലെന്നു ബുദ്ധ മതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അശോക മഹാരാജാവ് ബുദ്ധമതത്തിൽ ചേർന്ന ശേഷവും മാംസാഹാരം ഉപേക്ഷിച്ചില്ലായിരുന്നു. രാജകീയ അടുക്കളയിൽ മൃഗങ്ങളെ കൊല്ലുന്നതു നിയന്ത്രിക്കുക മാത്രമേ ചെയ്തുള്ളൂ. ബുദ്ധമതക്കാരുടെ ആവീർഭാവത്തോടെ ബ്രാഹ്മണരുടെ സാമൂഹിക സംസ്‌കാരങ്ങളെ വിലമതിക്കാതെയായി. താണ ജാതികൾ ബുദ്ധമതത്തിൽ ചേരാൻ തുടങ്ങി. ശങ്കരന്റെ കാലം വന്നപ്പോൾ തത്ത്വ ചിന്തകളിൽക്കൂടി ബ്രാഹ്മണരുടെ സാമൂഹിക സംസ്ക്കാരത്തെ പ്രകീർത്തിക്കാൻ ആരംഭിച്ചു.  കന്നുകാലി സമ്പത്ത് കൃഷിയാവശ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ബുദ്ധ മതത്തിന്റെ തത്ത്വം ബ്രാഹ്മണരും സ്വീകരിക്കാൻ തുടങ്ങി.  അങ്ങനെ ബ്രാഹ്മണിസത്തിനു ബുദ്ധമതത്തെ താത്ത്വീക ചിന്തകളിൽക്കൂടി ഇന്ത്യയിൽനിന്നും തുടച്ചുമാറ്റാൻ സാധിച്ചു. അഹിംസയും മൃഗസംരക്ഷണവും കരുണയുടെ പേരിൽ  ബുദ്ധമതക്കാർ തിരഞ്ഞെടുത്തപ്പോൾ ബ്രാഹ്മണർ അത് വെറും പ്രതീകാത്മകമായി (Symbolism) പിന്തുടർന്നു. ബുദ്ധന്മാരുടെ അഹിംസാ സിദ്ധാന്തത്തെ എതിർത്തിരുന്ന ബ്രാഹ്മണരിൽ നവീകരിച്ച ബ്രാഹ്മണിസം മനഃപരിവർത്തനമുണ്ടാക്കുകയും ചെയ്തു.

ഹിന്ദുക്കൾ  മാട്ടിറച്ചി തിന്നിരുന്നതായി ബുദ്ധന്മാരുടെ വേദസൂതങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധസൂതങ്ങൾ എഴുതിയതെല്ലാം വേദങ്ങളുടെ ആവിർഭാവത്തിനു ശേഷമാണ്.  ബുദ്ധൻ  പറഞ്ഞിരിക്കുന്നു, "ബ്രാഹ്മണരെ, നിങ്ങളുടെ ബലികളിൽ ആട്,മാട്, കാളകൾ പന്നികൾ ഇത്യാദി മൃഗങ്ങളെയോ പക്ഷികളെയോ ജീവനുള്ള ഒന്നിനേയോ കൊല്ലരുത്‌. ബലിക്കായി മരങ്ങൾ മുറിക്കരുത്. അടിമകളെ ഉപദ്രവിക്കുകയോ, വടികൾ വീശി ഓടിച്ചു ഭയപ്പെടുത്തുകയോ അരുത്. വിങ്ങിപ്പൊട്ടുന്ന ദുഖങ്ങളോടെയും ചേതനയറ്റ മുഖ ഭാവങ്ങളോടെയും കണ്ണുനീരോടെയും അവരെ ജോലി ചെയ്യിപ്പിക്കരുത്. അടിമകളോടും മൃഗങ്ങളോടും സ്നേഹമായി പെരുമാറണം."

 മൃഗബലിക്കായി തയ്യാറായി നിന്ന ഒരു ബ്രാഹ്മണൻ ബുദ്ധഭഗവാനോട് പറയുന്നു,  "ഗൗതമ! അങ്ങയുടെ മാർഗം ഞാനും സ്വീകരിക്കുന്നു.   എന്നെ അങ്ങയുടെ ശിക്ഷ്യനായി സ്വീകരിച്ചാലും. എനിക്കുള്ള എഴുന്നൂറു കാളകളെയും എഴുന്നൂറു മൂരിക്കിടാങ്ങളെയും എഴുന്നൂറു പശുക്കുട്ടികളെയും, എഴുന്നൂറു ആടുകളെയും എഴുന്നൂറു മുട്ടനാടുകളെയും ബലിയിൽനിന്ന് സ്വതന്ത്രമാക്കുന്നു. കൊല്ലാതെ അവയുടെ ജീവൻ നിലനിർത്തുന്നു. ശുദ്ധമായ വെള്ളം കുടിച്ചും പ്രകൃതിയുടെ വായു ശ്വസിച്ചും പർവത നിരകളിലെയും താഴ്വരകളിലെയും പുല്ലുകൾ തിന്നും ഇന്നുമുതൽ അവകൾ സ്വച്ഛന്ദം സഞ്ചരിക്കട്ടെ. സ്വതന്ത്രമായി മേഞ്ഞു നടക്കാനും അനുവദിക്കുന്നു."  

ബ്രാഹ്മിണിസം വർണ്ണാശ്രമ ധർമ്മത്തെ നിയന്ത്രിച്ചിരുന്നതുകൊണ്ട് മുഗളന്മാരിലെ ആദ്യത്തെ ചക്രവർത്തിയായിരുന്ന 'ബാബർ' തന്റെ മരണപത്രത്തിൽ 'പശുവിനെ ബഹുമാനിക്കണമെന്നും പശു വധം നിരോധിക്കണമെന്നും' മകൻ ഹുമയൂണിനെഴുതിയിരുന്നു. ഹിന്ദുത്വയുടെ ആശയങ്ങൾ വളർന്നതോടെ പശുവധം നിരോധിക്കണമെന്നുള്ള ആവശ്യങ്ങൾ വീണ്ടും പൊന്തിവന്നു. സ്വാതന്ത്ര്യം കിട്ടിയനാൾ മുതൽ ആർ. എസ്‌. എസ്‌ പോലുള്ള മത മൗലിക സംഘടനകൾ പശുവധം നിരോധിക്കണമെന്ന ആവശ്യമായി വന്നെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്നാൽ 1980 മുതൽ രാഷ്ട്രീയ പരിവർത്തനങ്ങളുണ്ടാവുകയും അവരുടെ ശ്രമങ്ങൾക്ക് ഫലം കണ്ടെത്തുകയും ചെയ്തു.


പശുവിനെ 'അഘ്ന്യ' (Aghnya) എന്ന് സംസ്കൃതത്തിൽ പറയാറുണ്ട്. വേദ സാഹിത്യത്തിൽ 'അഘ്ന്യ' എന്ന വാക്ക് ധ്വാനിക്കുന്നത് കൊല്ലാൻ പാടില്ലാന്നാണ്. അതുകൊണ്ടു പശുവിനെ ഹനിക്കരുതെന്ന വാദം ഉന്നയിക്കുന്നു. യജുർവേദത്തിലും പശുവിനെ കൊല്ലരുതെന്നും സംരക്ഷണം നൽകണമെന്നും പറഞ്ഞിട്ടുണ്ട്. (Yajurveda 13.49) ഋഗ് വേദത്തിലും പശുവിനെ കൊല്ലുന്നത് കുറ്റകരമെന്നും ശിക്ഷിക്കണമെന്നും പറയുന്നുണ്ട്. (Rigveda 1.164.40) അഘ്ന്യ കല്പിച്ചിട്ടുള്ള  പശുക്കളെ ഒരു സാഹചര്യത്തിലും കൊല്ലരുതെന്നും വെള്ളവും പച്ചപ്പുല്ലും കൊടുത്ത് വളർത്തണമെന്നും അതുമൂലം നമുക്ക് നന്മയും ധനവും ക്ഷേമവും ഉണ്ടാകുമെന്നും വേദങ്ങളിലുണ്ട്. പശുവിനെ അഘ്ന്യയെന്ന് വിളിക്കുന്നതുകൊണ്ടു കൊല്ലരുതെന്നാണ് വാദഗതി. അഘ്ന്യയുടെ നാമ വിശേഷണത്തിലുള്ള അർത്ഥം കൊല്ലാൻ അനുയോജ്യമല്ലെന്നാണ്. പാലും മറ്റു വിഭവങ്ങളും തരുന്ന പശുക്കളെ കൊല്ലരുതെന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. കാരണം അത്തരം പശുക്കൾ ലാഭമുണ്ടാക്കി തരുന്നു. അതേ സമയം പശു ആദായകരമല്ലെങ്കിൽ കൊല്ലാൻ അനുവദനീയവുമാണ്. അതുകൊണ്ട് 'അഘ്ന്യ' എന്ന പദം എല്ലാ പശുക്കൾക്കും ബാധകമല്ല. 

ബ്രിഹദാരണ്യക ഉപനിഷത്ത്  (Brihadaranyak Upanishad 6/4/18) പറയുന്നു "ഒരുവൻ ബുദ്ധിയും അറിവും പാണ്ഡിത്യവും ഉള്ള മകനെ ആഗ്രഹിക്കുന്നുവെങ്കിൽ വേദങ്ങളിൽ ജ്ഞാനിയാകണമെങ്കിൽ ജീവിതം സന്തോഷപ്രദമാക്കണമെങ്കിൽ ചോറും മാംസവും ചെറിയ കാളക്കുട്ടികളെയും ഭക്ഷിക്കണം. അയാളുടെ ഭാര്യ മാംസഭക്ഷണം കൂടാതെ വെണ്ണയും കഴിക്കണം. എങ്കിൽ ബുദ്ധിമാനായ ഒരു മകനെ അവർക്ക് ലഭിക്കും.' മനുസ്മൃതി (Manu Smriti 5/56) പറയുന്നു, മാംസം കഴിച്ചതുകൊണ്ടു ഒരു പാപവും ഇല്ല. പശുവിനെ രുദ്രായുടെ മാതാവായും വാസുവിന്റെ മകളായും ആദിത്യായുടെ സഹോദരിയായും കരുതുന്നു. മറ്റൊരിടത്തു ഋഗ്‌വേദത്തിൽ പശുവിനെ ദേവിയെന്നും വിളിച്ചിട്ടുണ്ട്. 

യജുർവേദ 13/48 ലെ വാക്യമനുസരിച്ച് പശുക്കളെ കൊല്ലരുതെന്ന നിയമം അനുശാസിക്കുന്നില്ല. ഈ വേദങ്ങളിലെ ശ്ലോകങ്ങൾ പശുക്കളെ സംരക്ഷിക്കാനുള്ള പ്രാർത്ഥനകൾ മാത്രമാണ്. "അഗ്നി ഭഗവാനെ, ഞങ്ങളുടെ പശുക്കൾക്ക് യാതൊരു ആപത്തും വന്നു ഭവിക്കരുതേ. സുഖത്തിനും  ഐശ്വര്യത്തിനുമായി പശുക്കൾ ഞങ്ങളെ സഹായിക്കുന്നു. പാലും നെയ്യും ഞങ്ങളുടെ ജനങ്ങൾക്ക് നൽകുന്നു. വനത്തിലെ പശുക്കളെ അങ്ങയെ ഞങ്ങൾ ചൂണ്ടി കാണിക്കട്ടെ. വനത്തിൽ നാഥനില്ലാതെ മേയുന്ന പശുക്കളോട് അങ്ങയുടെ കാരുണ്യം ആവശ്യമില്ല. വനമൃഗങ്ങളായി വിഹരിക്കുന്ന പശുക്കളെ അങ്ങേയ്ക്ക് ഉപദ്രവിക്കാം." യജുർ വാക്യം 46-ലും ഭക്ഷണത്തിനുവേണ്ടി പശുവിനെ കൊല്ലുന്നതിൽ നിയമ തടസമില്ല.

എല്ലാ പശുപാലകരും തങ്ങളുടെ പശുക്കളെ സംരക്ഷിക്കണമെന്ന് പ്രാർത്ഥന ചൊല്ലും. അതുമൂലം അവർക്ക് പാലും പശുക്കളിൽ നിന്നുള്ള മറ്റു വിഭവങ്ങളും മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. ഇറച്ചിക്കായി പശുക്കളെ കൊല്ലാൻ പാടില്ലാന്നു നിയമം ഇല്ല. ഈ വേദ വാക്യങ്ങൾ പശുക്കളെ കൊല്ലാൻ പാടില്ലാന്നു കല്പിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് വനത്തിലെ മേഞ്ഞു നടക്കുന്ന പശുക്കളെ കൊല്ലാമെന്നും വേദവാക്യത്തിൽ പറയുന്നു. ജ്ഞാനമുള്ളവർ പറയുന്നു, 'വേദ വാക്യങ്ങളെ മുഴുവനായി മനസിലാക്കുന്നവർ പശുവിനെ കൊല്ലരുതെന്ന് വേദങ്ങളിലുണ്ടെന്നു പറയില്ല. അതുകൊണ്ടാണ് പശു ഭക്തരായവർ വേദങ്ങളുടെ മുഴുവൻ വാക്യങ്ങളും കേൾവിക്കാരെ കേൾപ്പിക്കാൻ തയ്യാറാകാത്തതും.

ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും പൂർവികരുടെ ഭക്ഷണ രീതികളെയാണ് വർജിക്കുന്നത്. മാംസം കഴിച്ചിരുന്ന ഒരു പാരമ്പര്യ തലമുറയിൽ നിന്ന് ജനിച്ചവരാണ് ഭാരതത്തിലെ ആകമാന ഹിന്ദുക്കളും. പുരാവസ്തു ശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും നിഷേധിക്കുന്നു. അവരുടെ എഴുതപ്പെട്ട മതഗ്രന്ഥങ്ങൾക്കും പഴയ സാഹിത്യ കൃതികൾക്കും പ്രാധാന്യം നൽകുന്നില്ല. ചരിത്ര പഠനങ്ങളെ തെറ്റായ രീതിയിൽ കാണുന്നു. അതിതീവ്ര ദേശീയതയും മതവിദ്വെഷവും വ്യക്തിരാഷ്ട്രീയവും പശു ഭക്തരെ വളർത്തുകയും ചെയ്യുന്നു. ഗോവധ നിയമങ്ങൾക്ക് ചരിത്ര സത്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുമൂലം വർഗീയ രാഷ്ട്രീയം വളരുന്നു. അപക്വമായ ജനവികാര വേലിയേറ്റങ്ങൾക്കുമുമ്പിൽ ലിബറൽ ചിന്താഗതി പുലർത്തുന്നവർക്ക് സ്ഥാനമില്ലാതായി. ദൈവങ്ങളുടെ പേരിൽ വിശ്വവിഖ്യാതമായ ഹുസ്സൈന്റെ ച്ഛായാ ചിത്രങ്ങൾ (MF Hussain Paintings) കത്തിച്ചു കളയുന്നു. കലാമൂല്യങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു. വർഗീയ ചിന്താഗതിക്കാർ സ്നേഹത്തിന്റെ പ്രതീകാത്മകമായ 'വാലന്റൈൻ (Valentine) ദിനത്തെയും എതിർക്കുന്നു. 







Hindu Bali 











Saturday, April 8, 2017

ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ



(2013 മാർച്ച് ഇരുപത്തിയഞ്ചാം തിയതി അല്മയശബ്ദം ബ്ലോഗിൽ പ്രസിദ്ധികരിച്ചത്)

ജോസഫ് പടന്നമാക്കൽ

എന്താണ് ഹിന്ദു മതം? വേദങ്ങൾ, വേദാംഗങ്ങൾ, പുരാണങ്ങൾ, ഉപപുരാണങ്ങൾ, ഉപനിഷത്തുക്കൾ, ബ്രാഹ്മണങ്ങൾ, ഇതിഹാസങ്ങൾ, തത്വങ്ങൾ, യോഗാ, മീമാംസ, അർത്ഥശാസ്ത്രം, വേദാന്തം, ത്രിമൂർത്തികൾ, സൃഷ്ടി, എന്നിങ്ങനെ വർണ്ണിക്കാൻ സാധിക്കാത്ത വിജ്ഞാന ശാഖകളുടെ ബൃഹത്തായ ഒരു ദേവാലയമാണ് ഹിന്ദുമതം. ലോകത്തിലുള്ള എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനുള്ള സഹിഷ്ണതമനോഭാവം സനാതനത്തിൽ നിന്ന് പൊട്ടിമുളച്ച ഹിന്ദുമതത്തിനുണ്ട്.

ഹിന്ദു ഗ്രന്ഥങ്ങളിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ 'ജ്ഞാനം' എന്നത് സുപ്രധാനമായ ഒരു വാക്കായി കാണാം. ജ്ഞാനം ലഭിക്കുവാൻ പുസ്തകം മുഴുവൻ വായിക്കണമെന്നില്ല. താൽപര്യമില്ലാത്ത അദ്ധ്യായങ്ങൾ വിട്ടുകളഞ്ഞിട്ട്‌ നമ്മുടെ മനസ് ഇഷ്ടപ്പെടുന്നത് വായിക്കുകയെന്നതാണ് ഉത്തമം. നമ്മുടെ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഗ്രന്ഥങ്ങൾ ഹൈന്ദവമതത്തിനുള്ളത് ഈ മതത്തെ മറ്റു മതങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നിരീശ്വരവാദിയ്ക്കുപോലും ഉൾക്കൊള്ളാനുള്ള ജ്ഞാനം ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പണ്ടുകാലങ്ങളിൽ വേദങ്ങളും ഉപനിഷത്തുക്കളും ഗുരുവിനൊപ്പം വർഷങ്ങൾ ചെലവഴിച്ചു പഠിച്ചായിരുന്നു വിദ്യനേടിയിരുന്നത്. ഗുരുവിനൊപ്പം രണ്ടുംമൂന്നും പതിറ്റാണ്ടുകൾ പഠിച്ചുവന്ന ഗുരുക്കന്മാരുമുണ്ട്. അന്ന് അറിവുകൾ ഗുരുക്കന്മാർ ശിക്ഷ്യരിലേക്ക് പകരുകയായിരുന്നു. സംസ്കൃതശ്ലോകങ്ങളും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും മനപാഠമാക്കണമായിരുന്നു. പാഠങ്ങൾ മുഴുവൻ ഹൃദ്യസ്ഥമാക്കാൻ കഴിവുള്ളവരെ  അറിവും പാകതയും ബുദ്ധിയുമുള്ളവരായി  പണ്ടുള്ളവർ   കരുതിയിരുന്നു.

ഉപനിഷത്തുക്കളെന്നു പറയുന്നത് ജ്ഞാനത്തിന്റെ എഴുത്തുപുസ്തകങ്ങളെയാണ്. മനസിനെ തുറന്ന ഹൃദയത്തോടെ കണ്ട് വിജ്ഞാനത്തിൽക്കൂടി ഒളിഞ്ഞിരിക്കുന്ന 'ഞാൻ' എന്ന സത്തയിലേക്കും പിന്നീട് അദൃശ്യമായതിനെ തേടിയുള്ള സത്യത്തിലേക്കുമുള്ള വഴി തുറന്നുകൊടുക്കുന്നു. എങ്കിലും ഉപനിഷത്തുകൾ നിലവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തിന്റെ പ്രകാശമാണ്. വിവേകിയുടെ കണ്ടെത്തലുകളും അതിലുണ്ട്. വേദാന്തം നിറഞ്ഞിരിക്കുന്ന ഉപനിഷത്തുക്കൾ മനസിലാക്കുക ബുദ്ധിമുട്ടാണ്. കാരണം താളുകൾ നിറയെ പൌരാണികപദങ്ങൾ കുന്നുകൂടിയിരിക്കുന്നു. പലതും കാലഹരണപ്പെട്ടതാണ്. മറ്റനേക പദപ്രയോഗങ്ങളാൽ സങ്കരിതമായതാണ്. ഋഷിഗണങ്ങൾ നൂറ്റാണ്ടുകളോടെ രചിച്ച ഉപനിഷത്തുക്കൾ ഭാരതത്തിന്റെ മഹത്തായ സാംസ്ക്കാരിക പാരമ്പര്യത്തെ ലോകത്തിന്റെ മുമ്പിൽ മഹത്വപ്പെടുത്തുകയും ഉയർത്തി കാണിക്കുകയും ചെയ്യുന്നു.

ഉപനിഷത്തുക്കളിൽ വിവിധങ്ങളായ ഭാവനകൾ കാലത്തിനൊത്തു കുത്തിനിറച്ചിട്ടുമുണ്ട്. ഉപനിഷത്തുക്കൾ പഠിക്കുവാൻ ഇന്ന് ഗുരു വേണ്ടാ. അറിവിന്‌ പണവും മുടക്കണ്ടാ. സൈബർ പേജുകളിൽ എല്ലാ ഉപനിഷത്തുകളും ലഭ്യമാണ്. ഉപനിഷത്തുകൾ വായിക്കുവാൻ രാവിലത്തെ കുളിയും ജപവും ആവശ്യമില്ല. കൗപീനം ധരിച്ച് ഗുരുവിന്റെ മുമ്പിൽ ഇരിക്കണ്ടാ. ഗുരുവിനെ ബഹുമാനിക്കേണ്ടതുമില്ല. ഗൌരവമായി വായിക്കണമെന്നുമില്ല. ആദ്ധ്യാത്മികഗുരുക്കൾ സൈബർ ലോകത്തിലെ സൗജന്യപഠനം വെറുക്കുന്നു. സൈബർ ലോകത്തുനിന്നും ലഭിക്കുന്ന വിജ്ഞാനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നുവെന്നും ആധുനിക ഗുരുക്കൾ അഭിപ്രായപ്പെടുന്നു.

ഗുരുകുലകാലങ്ങളിൽ ഒരു സനാതനവിദ്യാർഥി ആയിരക്കണക്കിന് ശ്ലോകങ്ങൾ മനസിലുരുവിട്ടു പഠിക്കണമായിരുന്നു. പഠിക്കുന്നതിനൊപ്പം ബ്രഹ്മചര്യവും പാലിച്ചിരുന്നു. ധനികകുടുംബത്തിൽനിന്ന് വന്നവരെങ്കിലും ഭക്ഷണത്തിനായി ഗ്രാമങ്ങൾതോറും ഭിക്ഷയും യാജിച്ചിരുന്നു. കാലം മാറി. ഇന്ന് ഗുരുവിനെ വർഷങ്ങളോളം സേവിക്കണ്ട ആവശ്യമില്ല. ഉപനിഷത്ത് വായിക്കുവാൻ മനസ് പരിശുദ്ധമാക്കുകയും വേണ്ട. വായിക്കുന്നത് വിശ്വസിക്കണമെന്ന് ആർക്കും നിർബന്ധിക്കുവാനും സാധിക്കുകയില്ല. ശാസ്ത്രം വളർന്നതാണ് അതിന് മുഖ്യകാരണവും. ടെക്കനോളജിയുടെ കാലഘട്ടത്തിൽ  വേദാന്തം വായിക്കുവാൻ അധികമാരും സമയം മെനക്കെടുകയുമില്ല. മനുഷ്യൻ കലികാലയുഗത്തിൽനിന്നും സത്യയുഗത്തിൽ പോവണമെന്നുപറഞ്ഞാൽ ശ്രവിക്കാനുള്ള ക്ഷമയും ആധുനികതയിൽ ജീവിക്കുന്നവർക്ക് കാണില്ല. ടെക്കനോളജി വേണ്ടെന്നുവെച്ചാലും പഠിക്കാൻ അപകടംപിടിച്ച വനങ്ങൾ ഇന്ന് കുറവാണ്. ന്യൂക്ലീയർകുടുംബങ്ങളായി കഴിയുന്ന ഏതെങ്കിലും മാതാപിതാക്കൾ മക്കളെ വേദാന്തം പഠിപ്പിക്കുവാൻ സത്യയുഗത്തിലെ ഘോരവനങ്ങളിലേക്ക് വിടുമോ? വനത്തിൽപോയാലും വേദാന്തം പഠിപ്പിക്കണമെന്ന് യാജിക്കുവാൻ തപസു ചെയ്യുന്ന ഗുരുക്കന്മാരെയും കണ്ടെത്തുകയില്ല.

മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്താഗതികളോടെ,ലോകത്തെപ്പറ്റി സമചിത്തമായ മനസോടെയുള്ള  കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ  മതമൗലികവാദികൾക്കും  പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കും മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്നവർക്കുമുള്ളതല്ല. ദുർബല മനസോടുകൂടിയ മതവിശ്വാസികൾ തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ അന്യരുടെ ദൈവത്തെ വെറുക്കണമെന്നു ചിന്തിക്കുന്നു. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ അന്യദൈവത്തെപ്പറ്റി കേട്ടാൽ വൈകാരികത പൂണ്ട് മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ. വളർത്തുന്ന നായക്ക് ഭക്തിമൂത്ത മതഭ്രാന്തനേക്കാളും വിവേകമുള്ളതായി കാണാം. യജമാനൻ ഏതുവേഷത്തില്‍ വന്നാലും നായയുടെ വിവേകം യജമാനെ ശത്രുവായി  തെറ്റിദ്ധരിക്കുകയില്ല. ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല. ശരിയോ തെറ്റോ എന്നു തിരക്കാതെ  ജാതിനോക്കിയാണ് മതഭ്രാന്തൻ കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.

ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹോദര്യങ്ങൾക്കുപരി  മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്‌. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനം എന്നു പറഞ്ഞാൽ നിത്യതയിലേക്കുള്ള ധർമ്മം അഥവാ കടമയെന്നാണ്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച് വിജ്ഞാന ലോകത്തിന് വേദങ്ങൾ ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും  മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി. ജൈനമതവും സനാതനത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിൽ വിശ്വസിക്കുന്നു. ബുദ്ധമതം സനാതനത്തിലെ ദൈവത്തെ തള്ളി പറയുന്നു.

ജീവന്റെ അസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും മൗലികതത്ത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും  യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്. ശരീരത്തിന്റെ നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്.  ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്ത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.

ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു. അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു. അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം, മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്. ഈ കോശങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്.

അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്. ദിവ്യമായ അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. ഇതിനുള്ളിലുള്ളത് ആത്മമെന്നു സങ്കല്പ്പിക്കുന്ന  പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ 'മായ' എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.


 1.അന്നമയ കോശം:

ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്ന യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ. അന്നമയ ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്. പ്രാണന്റെ നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ വരളാതെ നിലനിർത്തുന്നു. ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്. ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും ഏതു നിമിഷവും പ്രാണനറ്റുപോവാം. യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :

പ്രാണമയകോശത്തിന്റെ പ്രത്യേകത ഭൌതികശരീരവും ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും ശരീരവുമായി ബന്ധിപ്പിക്കുന്നുവെന്നുള്ളതാണ്. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും ജ്ഞാനപാത്രത്തിനുള്ളിലിരുന്നു സ്വയം വിവേകമതികളാകുന്നു. ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനെ ദൃഢപ്പെടുത്തുകയാണ്. രക്ത മാംസത്തോടെയുള്ള മനുഷ്യനിൽ ആത്മമെന്ന മായാശക്തിയും അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.

പ്രാണവായു അഞ്ചു വിധമെന്ന് തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.

'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച് ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ, കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്. 'ഉദന' തലച്ചോറിനെയും തല, കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവകൾ അനുഭവപ്പെടും.

3.  മനോമയ കോശം

മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു മണ്ഡലങ്ങളിലെയും ഇന്ദ്രിയങ്ങൾ ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. 'ഞാൻ' എന്ന സത്തയും ഞാനാകുന്ന എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽക്കൂടി ആവഹിച്ച് അഹംബോധത്തെ  സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും  ഈ കോശമാണ്.

4. വിജ്ഞാനമയ കോശം

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്. ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. 'വിജ്ഞാനകോശം' എന്നുള്ളത് ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു. ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ ആന്തരിക ജ്ഞാനവും ജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത വിവേകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ, അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.

കോശങ്ങളിൽക്കൂടിയുള്ള കരകയറ്റം

ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ ഭൌതികശരീരത്തിൽ അന്നമയ കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.

പരിശുദ്ധമായ ആത്മാവിനെ പഞ്ചകോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. കോശങ്ങളെല്ലാം ഭൗതിക ശക്തിയിൽനിന്നും ഉണ്ടാകുന്നതാണ്. പരമ സ്വാത്വികരിൽ മാത്രമേ ആത്മാവിന്റെ വെളിച്ചം പ്രകാശിക്കുകയുള്ളൂ. മൂർച്ചയേറിയ ഒരു വാൾ സുരക്ഷിതമായ അതിന്റെ ഉറയിൽ സുരക്ഷിതമായിരിക്കും. അതുപോലെയാണ് പഞ്ചകോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. അരുവികളിലും തടാകങ്ങളിലും പായൽക്കൂട്ടങ്ങൾ ജലത്തിന്റെ അടിയിൽ വളരുന്നു. ജലത്തിന്റെ  ശുദ്ധതയെ പായൽ മറച്ചിരിക്കുന്നു. അതുപോലെയാണ് പഞ്ചകോശങ്ങളായ അന്നമയ,മനോമയ,പ്രാണമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ കോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. ജലം അവിടെ സ്ഥായിയായുണ്ട്. ജലത്തിൽനിന്നും പായൽ മാറ്റിക്കഴിയുമ്പോൾ ശുദ്ധമായ ജലം അവിടെ തെളിഞ്ഞു വരും. ഒരു സത്യാന്വേഷി പഞ്ചകോശങ്ങളെ നിഷേധിച്ചു കഴിയുമ്പോൾ നിർമ്മലവും പരിപാവനവും പരിശുദ്ധവുമായ ആത്മാവ് അവിടെ പ്രകാശിക്കുകയും ചെയ്യും.

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...