Wednesday, January 30, 2013

35. ഒരു വൈദികന്റെ ഹൃദയമിതാ




ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു കോളേജുപ്രിന്‍സിപ്പാളും പ്രോഫസറുമായിരുന്ന സിസ്റ്റര്‍ ജസ്മി സഭയില്‍ നിന്നു പുറത്തു പോവുകയും വിവാദമായ 'ആമേന്‍' എന്ന പുസ്തകം എഴുതി കേരളകത്തോലിക്കാലോകത്ത്  കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. പുരോഹിത ലോകത്തും കന്യാസ്ത്രീമന്ദിരങ്ങളിലും ഇന്നു നടക്കുന്ന അഴിമതികളും രതിലീലകളും ഈ പുസ്തകത്തില്‍ സമഗ്രമായി വിവരിച്ചിട്ടുണ്ട്.


അടുത്ത കാലത്തു വിന്‍സെന്റ്ഷിയന്‍ സഭയില്‍നിന്നു പുറത്തുചാടിയ ഒരു പുരോഹിതന്‍ കെ.പി. ഷിബുവും സഭയ്ക്കകത്തുള്ള തന്‍റെ അനുഭവങ്ങളുടെ കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധിപ്പെടുത്തിയതും വലിയ കോളിളക്കത്തിനു കാരണമായി. ‘ഒരു വൈദികന്‍റെ ഹൃദയമിതാ’ എന്നാണു പുസ്തകത്തിന്‍റെ പേര്. എന്നാല്‍ ഇദ്ദേഹം തന്‍റെ സഹവൈദികരുടെ കുമ്പസാരരഹസ്യത്തില്‍കൂടി ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ പുറത്തുവിട്ടതു സഭയോടുള്ള ചതിയും വ്യക്തിഹത്യയുമാണെന്നും വിമര്‍ശനമുണ്ട്.



പുരോഹിതരുടെ ഇടയിലുള്ള ലൈംഗിക വൈകൃതങ്ങളും കാമാന്ധതയും അധികാര വടംവലികളും ക്രമാതീതമായി നടമാടുന്നുവെന്നു ഈ പുസ്തകത്തി‍ൽക്കൂടി  ‍വെളിപ്പെടുത്തുന്നു. കൂടാതെ അധികാരവടംവലിയും പണത്തിനോടുള്ള അമിതാഗ്രഹവും പുരോഹിതരെ സൂത്രശാലികളും അഴിമതിക്കാരും മനുഷ്യരുടെ  കഴുത്തറക്കുന്നവരുമായ ഒരു വര്‍ഗ്ഗവും ആക്കി. അറുപതു ശതമാനം പുരോഹിതരുടെ ഇടയിലും ലൈംഗികത സാധാരണമാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. സ്വവര്‍ഗരതിയും നീലച്ചിത്രങ്ങള്‍ കാണുകയും പതിവാണെന്നും എഴുതിയിരിക്കുന്നു. പാവങ്ങൾക്കു   സ്നേഹവും സഹാനുഭൂതിയും കൊടുക്കുന്നതിനു പകരം ദൈവസന്ദേശകരായ പുരോഹിതര്‍ ദാരിദ്ര്യം മുതലാക്കി നിസ്സഹായരായ സ്ത്രീകളെയും അനാഥ കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന കരളലിയിക്കുന്ന കഥകളും ഹൃദയവേദനയോടെ വിവരിച്ചിട്ടുണ്ട്. പോരാഞ്ഞ്  ഇവരുടെ അമിത കാമാവേശം തീര്‍ക്കുവാന്‍ വൈദിക വിദ്യാര്‍ഥികളെയും ദുര്‍വിനിയോഗം ചെയ്യുന്നു.



മുപ്പത്തിഒന്‍പതു വയസ്സുള്ള ഇദ്ദേഹം പതിനൊന്നുവര്‍‍ഷം പുരോഹിതനായും പതിമ്മൂന്നുവര്‍‍ഷം വൈദികവിദ്യാര്‍‍ഥിയായും ആശ്രമജീവിതം നയിച്ചു. 2010 മാര്‍‍ച്ചി‍ല്‍ ‍വൈദികജീവിതം അവസാനിപ്പിച്ചു. പിന്നീടു ദോഹയി‍ല്‍ പോയി ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നു. അങ്കമാലി സ്വദേശിയായ ഇദ്ദേഹം പുസ്തകം പ്രസിദ്ധികരിക്കുവാനായി അവധിയെടുത്തു നാട്ടില്‍ വന്നു. അതുമൂലം വിന്‍സെഷ്യന്‍ സഭയില്‍‍നിന്നും കുടുംബക്കാരില്‍ നിന്നും ഭീഷണികളെ നേരിടേണ്ടിവന്നു. ലൈംഗികകുറ്റവാളികളായ പുരോഹിതര്‍‍ക്കും നീതിലഭിക്കാതെ  പുരോഹിതരാല്‍ ‍പീഡിതരായവര്‍ക്കും സഭയുടെ അഴിമതിക്കാര്‍‍ക്കെതിരായും ഉള്ള ഒരുതുറന്ന പുസ്തകമാണിത്.



മൂന്നുപ്രാവശ്യം ഇദ്ദേഹത്തിനു റോഡപകടം ഉണ്ടായിട്ടും ചീകത്സക്കോ ഹോസ്പിറ്റല്‍ ബില്ല് അടക്കാനോ യാതൊരു സഹായവും സഭ നല്‍കിയില്ലായെന്നും ആരോപിക്കുന്നു. ഒരിക്കല്‍ കാസര്‍കോട്, സഭവക സ്കൂളില്‍ പഠിപ്പിക്കുന്നവേളയില്‍ മാനെജുമെന്റിനെതിരായി വിദ്യാര്‍‍ഥി പ്രക്ഷോഭമുണ്ടായി. അന്നു ജീവനു ഭീഷണിയുണ്ടായിട്ടും സഭ രക്ഷിക്കുവാന്‍ വന്നില്ലായെന്നും ആരോപിക്കുന്നു. ഒരു പുരോഹിതനെ ഇടവിടാതെ പീഡിപ്പിക്കുമ്പോള്‍ എല്ലാം യേശുവിനുവേണ്ടി സഹിക്കണമെന്നു പറയുന്നത് എന്തു ന്യായവാദമാണെന്നാണ് ഷിബു ചോദിക്കുന്നത്.

ഇദ്ദേഹത്തിന്‍റെ പൂനയിലുള്ള ആദ്യകാലസെമിനാരിജീവിതത്തില്‍ മുതിര്‍‍ന്ന വൈദികവിദ്യാര്‍‍ഥികളുടെ ലൈംഗികപീഡനം അസഹ്യമായിരുന്നുവെന്നും ആത്മകഥയില്‍ ‍തുറന്നടിക്കുന്നു. സെമിനാരിയില്‍ സ്വവര്‍‍ഗരതികള്‍ അനയിന്ത്രിതമായിരുന്നു. പീഡിതരാകുന്നവര്‍ ശാന്തമായി എല്ലാം സഹിക്കണമായിരുന്നു. ആരെങ്കിലും പരാതിപ്പെട്ടാല്‍ പങ്കാളികളില്‍ രണ്ടുപേരെയും കുറ്റക്കാരാക്കും. പീഡിതനാകുന്നവനും ശിക്ഷ കിട്ടുകയും മറ്റുള്ളവര്‍ ‍കാണ്മാന്‍ ‍പ്രധാനകവാടത്തില്‍ നിറുത്തി അപമാനിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ കാമാവേശത്തിനു മിക്കകുട്ടികളും കീഴ്പ്പെടുകയായിരുന്നു പതിവ്.

പള്ളിക്കാര്യങ്ങളില്‍ ‍വൈദികരെ സഹായിക്കുവാന്‍ ‍പോവുന്ന സമയം സാധാരണ വൈദികവിദ്യാര്‍‍ഥികള്‍ മുതിര്‍‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം സൈക്കിളില്‍ പുറകിലിരുന്നു സവാരി ചെയ്യുകയായിരുന്നു പതിവ്. പുറകില്‍ ഇരിക്കുന്ന പിള്ളേരോട് മുതിര്‍‍ന്നവര്‍ അരയില്‍ ‍മുറുകെ പിടിക്കണമെന്നുപറയും. ഇതു മനപൂര്‍‍വ്വം മുതിര്‍ന്നവരുടെ ലൈംഗിക ഉദ്ദേശങ്ങള്‍‍ക്കായിരുന്നുവെന്നു വ്യക്തമായിരുന്നു. ചില സമയങ്ങളില്‍ മുതിര്‍‍ന്ന വിദ്യാര്‍‍ഥികള്‍ വൈദികരായി ചമഞ്ഞ്‌ കുമ്പസാരകൂട്ടില്‍ ഇരുന്നു പാപം കേട്ട്  എട്ടുംപൊട്ടും അറിയാത്ത പ്രായത്തിലുള്ള പുതിയതായി വരുന്ന ആശ്രമവാസികളെ പറ്റിക്കുമായിരുന്നു. അനേകം പുരോഹിതര്‍ ‍വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു.
വിശ്വാസികളില്‍നിന്നു മനസാക്ഷിയില്ലാതെ സ്വന്തം ആവശ്യത്തിനു സംഭാവനമേടിച്ചു പുരോഹിതര്‍ പോക്കറ്റില്‍ ഇടുകയായിരുന്നു പതിവെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍‍സികള്‍ പള്ളിസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യണമെന്നുമാണ്  ഈ തുറന്നപുസ്തകത്തിലൂടെ ഷിബു ആവശ്യപ്പെട്ടിരിക്കുന്നത്.
 

Wednesday, January 16, 2013

30. പ്രൊഫ. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സഭയുടെ പ്രതിഷേധങ്ങളും






 
പരിഷ്കൃതരാജ്യങ്ങള്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും പരിസ്ഥിതി സംരക്ഷണത്തിനായി  ചെലവഴിക്കുമ്പോള്‍ കേരളസംസ്ഥാനവും സീറോ മലബാര്‍ കത്തോലിക്കാസഭയും ഈ സംരംഭത്തിനു തടസ്സ മിടുന്നതായിട്ടാണ് സമകാലികസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ നേതൃത്വത്തിലുള്ള അല്‍മായകമ്മീഷനുവേണ്ടി  മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യമായി ശക്തിയേറിയ പ്രതിഷേധവുമായി  ചിലർ  രംഗത്തുണ്ട്. റിപ്പോര്‍ട്ടിനെ ദുര്‍വ്യാഖ്യാനം ചെയ്ത്   പൊതുജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കികൊണ്ടുള്ള പ്രസ്താവനകളാണ് മെത്രാന്‍ലോകം ഇന്ന് വേദികള്‍വഴിയും ലഘുലേഖകള്‍വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭയുടെ പത്രങ്ങളും മാസികകളും അന്തരാഷ്ട്ര ഗൂഢാലോചനയെന്നൊക്കെ ആരോപിച്ച് ഈ റിപ്പോര്‍ട്ടിനെതിരെ പ്രചരണതന്ത്രങ്ങളുമായി രംഗത്തുണ്ട്. വിദേശ ഏജന്‍സികളുടെ കാര്‍ബണ്‍ഫണ്ടിനു വേണ്ടിയുള്ള പ്രവർത്തനമെന്നൊക്കെയാണ്  സഭയുടെ വക്താക്കള്‍ നാടുമുഴുവന്‍ പ്രചരണങ്ങള്‍ നടത്തുന്നത്. ഇന്ത്യക്ക് ലോകസംഘടനയില്‍നിന്ന് പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും പ്രകൃതിയെ ശുദ്ധമാക്കുന്നതിനും ഫണ്ട് അനുവദിച്ചതില്‍ അല്മായകമ്മീഷൻ നേതൃത്വം  പ്രസ്താവനകളില്‍ക്കൂടി വിമർശിച്ചുകൊണ്ട് പരിഹസിക്കുന്നതും വിചിത്രമായിരിക്കുന്നു.

അരമനയില്‍ ശീതീകരിച്ച മുറിയില്‍ വസിച്ച് അജപാലനം നടത്തുന്ന ബിഷപ്പുമാർക്ക് സാധാരണക്കാരന്‍റെ ദുഃഖങ്ങള്‍ പരിഹരിക്കുവാന്‍ പരിസ്ഥിതി വേഷം അണിഞ്ഞുവന്നിരിക്കുന്നതും പുതിയ ഒരു തന്ത്രമായി ഗൗനിക്കണം. മാധവ ഗാഡ്ഗില്‌ റിപ്പോര്‍ട്ട് എന്തെന്നു  മനസിലാക്കാതെ   അല്ലെങ്കില്‍ ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്ത  അണികളെ ഒരുമിപ്പിച്ച്  ഒരു ബഹുജന പ്രക്ഷോഭണത്തിനായി  തയ്യാറെടുക്കുന്നതായി അല്‍മായകമ്മീഷന്‍ വേദികളിലെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നതു  കേള്‍ക്കാം. പശ്ചിമ ഘട്ടത്തില്‍ മൂന്നുകോടി ജനങ്ങളുടെ സ്വത്തിനും ജീവനും അപകടം വരുമെന്നാണ് പണ്ഡിതനായ ബിഷപ്പ് അറക്കലിന്‍റെയും കൂട്ടരുടെയും കണ്ടുപിടിത്തം. ഗാഡ്ഗില്‌ റിപ്പോർട്ട് പ്രാവർത്തികമാവുകയാണെങ്കില്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരള സംസ്ഥാനത്തെയെന്നു ഭയപ്പെടുത്തുന്ന പ്രസ്താവനകളും ഇടയലേഖനങ്ങളും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പേ വനഭൂമികളില്‍ ഏറിയ പങ്കും ഭൂമിമാഫിയാകളും നുഴഞ്ഞുകയറ്റക്കാരും കൈവശപ്പെടുത്തിയെന്നുള്ളതും കഥയായി അവശേഷിക്കുന്നു. അവരെയൊക്കെ കുടിയൊഴിപ്പിച്ചാല്‍ മൂന്നാറിന്‍റെ താഴ്വരകളിലും മലയിടുക്കുകളിലും വലിയ ഒരു വിപ്ലവം തന്നെ നേരിടേണ്ടി വരും. അതിനു കഴിവില്ലാഞ്ഞിട്ടായിരിക്കാം, ഈ റിപ്പോര്‍ട്ടിനെപ്പറ്റി പൊതുജനങ്ങളുമായി ആശയവിനിമയം നടത്താതെ റിപ്പോര്‍ട്ടിനെ മുഴുവനായി കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. സര്‍ക്കാരിന്‍റെ തീരുമാനത്തെ അനേക രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്താങ്ങുന്നുണ്ടെങ്കിലും പരിസ്ഥിതിയെപ്പറ്റി ബോധവാന്മാരായ ഒരു ഒരു വന്‍ജനത റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്, സര്‍ക്കാരിനും സഭയ്ക്കും തലവേദനയായി തീര്‍ന്നിട്ടുണ്ട്. പരീസ്ഥിതിസംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു ഗുണം ചെയ്യുമെന്നും ചിന്താശക്തിയുള്ള ജനം മനസിലാക്കുന്നു.

കേരള ശാസ്ത്ര പരിഷത്ത്  പ്രൊഫസര്‍ മാധവ ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരിക്കുന്നതായി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവ ഗാഡ്ഗിലിന്‍റെ പരീസ്ഥിതി റിപ്പോര്‍ട്ട്‌ ജനങ്ങളെ പഠിപ്പിച്ചു ബോധവാന്മാരാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. മതമൗലിക വാദികള്‍ക്കും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന പാർട്ടികള്‌ക്കുമെതിരെയുള്ള ഒരു വെല്ലുവിളിയാണ് പരിഷദ്  ഇവിടെ സ്വീകരിച്ചത്. മതവും രാഷ്ട്രീയവും തെറ്റായി ജനങ്ങളില്‍ വിവരങ്ങള്‍ പ്രച്രിപ്പിക്കുന്നുവെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നറിയിപ്പു   കൊടുത്തിട്ടുണ്ട്. പശ്ചിമ ഘട്ടങ്ങളില്‍ ജീവിക്കുന്നവരുടെ മനസ്സില്‍ ചിന്താക്കുഴപ്പങ്ങള്‍ നല്‍കി സ്വാര്‍ഥതാല്പര്യക്കാര്‍ ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നുവെന്ന് പരിഷത്തിന്‍റെ സെക്രട്ടറി ടീ.കെ. ദിവാകരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ മലയാളീകരിച്ച പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇംഗ്ലീഷ് അറിയുവാന്‍ പാടില്ലാത്ത 95 ശതമാനം പശ്ചിമഘട്ടം നിവാസികളെ റിപ്പോര്‍ട്ടിന്‍റെ നിജസ്ഥിതി വെളിപ്പെടുത്താതെ തെറ്റായ വിവരങ്ങള്‍നല്‍കി പരിഭ്രമിപ്പിക്കുക എന്നുള്ളതാണ് സഭ എടുത്തിരിക്കുന്ന അടവ്.  റിപ്പോര്‍ട്ടിന്‍റെ സത്യമായ വശങ്ങള്‌  ജനങ്ങളെ ബോധ്യപ്പെടുത്തി ഹൈറേഞ്ചുകളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുവാന്‍  പരിഷത്ത് പദ്ധതികളിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവസാനവാക്കായി സ്വീകരിക്കുകയല്ല ഇവരുടെ ലക്‌ഷ്യം. ഈ റിപ്പോര്‍ട്ടിന്‍റെ ഗുണദോഷവശങ്ങളെ ചര്‍ച്ച ചെയ്യുക,  തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പു ജനങ്ങൾക്കു ‌ സർക്കാർ ചര്‍ച്ച ചെയ്യുവാന്‍ അവസരം കൊടുക്കുക, പ്രായോഗികമായ നിർദ്ദേശങ്ങള്‌ ജനങ്ങളില്‍നിന്ന് സ്വീകരിച്ചു പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുക്കുകയെന്നല്ലാമാണ്‌  പ്രകടന പത്രികകള്കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂവിഭാഗത്തില്‍ ജനങ്ങളുടെ ചിന്താശക്തിക്കനുരൂപമായി നിവാരണമാര്‍ഗം കണ്ടെത്തുന്ന ഒരു ചൂണ്ടു പലകയായി ഈ റിപ്പോര്‍ട്ടിനെ കാണുവാന്‍ പരിഷത്ത് ആഗ്രഹിക്കുന്നു.

 
സമൂഹത്തിലെ സാധാരണജനങ്ങളും കൃഷിഭൂമി കൈകാര്യം ചെയ്യുന്നവരും പരിസ്ഥിതി സംരക്ഷകരും വിദഗ്ദ്ധരും യോജിച്ചു തീരുമാനിക്കേണ്ട ഇത്തരം സംഗതികള്‍ പുരോഹിതരും രാഷ്ട്രീയ മുതലെടുപ്പുകാരുമല്ല കൈകാര്യം ചെയ്യേണ്ടത്. സ്വാര്‍ഥ താല്പര്യങ്ങളോടെ നയിക്കുന്ന പ്രസ്ഥാനങ്ങളാണ് മേല്‍പ്പറഞ്ഞ പുരോഹിതസംഘടനകളും രാഷ്ട്രീയ മുതലെടുപ്പുകാരും. അനേകം  സാമൂഹികസംഘടനകളും ബുദ്ധിജീവികളുമുള്ള നാട്ടിൽ  ഭൂപ്രഭുക്കന്മാരുടെയും മതനേതാക്കളുടെയും ചിന്താഗതിക്ക് പരിസ്ഥിതിയെ സംബന്ധിച്ചുള്ള വിവാദവിഷയങ്ങൾ വിട്ടുകൊടുക്കുന്നത് നാടിനുതന്നെ അപമാനമാണ്.

ആരും പൂര്‍ണ്ണമായും റിപ്പോര്‍ട്ടിനെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ ഈ റിപ്പോര്‍ട്ടിനുള്ളിലുള്ള നല്ല നല്ല ആശയങ്ങളെ പകർത്തിയെടുക്കുവാന്‍ ജനം ബാദ്ധ്യസ്ഥരാണ്. തെക്കേ ഇന്ത്യ മുഴുവനായും ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഭാവിതലമുറകളോടു   ചെയ്യുന്ന അനീതിയാണ്. അമ്പതു കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ പുനർനിർമ്മിക്കണമെന്നുള്ള റിപ്പോര്‍ട്ടും മാനുഷികപരിഗണനയില്‍പ്പെട്ടതാണ്. ഈ റിപ്പോര്‍ട്ട് ആദ്യം പഞ്ചായത്ത് നിലവാരങ്ങളിലായിരുന്നു ചര്‍ച്ച ചെയ്യേണ്ടത്. എങ്കില്‍ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ വിധത്തില്‍ മനസ്സിലാക്കി കൊടുക്കാമായിരുന്നു.


പ്രൊഫ. ഗാഡ്ഗില്ലിന്‍റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍   സ്ഥാപിതതാല്പര്യം പുലര്‍ത്തുന്നവരെന്നാണ്.അവര്‍ കപടചിന്താഗതികള്‍ ജനങ്ങളില്‍ പ്രചരിപ്പിച്ച്  ഒരു കൊടുങ്കാറ്റു സൃഷ്ടിക്കുന്നു. പ്രൊഫ. ഗാഡ്ഗില്‍ ഈ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത് പശ്ചിമ ഘട്ടത്തിലുള്ള കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്, സർക്കാർ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, എം.എല്‍.എ, എംപി. മാര്‍ എന്നിവരോടെല്ലാം ആലോചിച്ചശേഷം ആയിരുന്നു. അവരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും കണക്കിലെടുത്ത് ഒരുമിച്ചുള്ള തീരുമാനം സ്വീകരിച്ചതിനു ശേഷമായിരുന്നു പരിസ്ഥിതിയെ സംബന്ധിച്ചുള്ള നക്കല്‍രൂപം സര്‍ക്കാരിന് സമര്‍പ്പിച്ചതും. പശ്ചിമഘട്ട ഭൂവിഭാഗങ്ങളെ നല്ലവണ്ണം ഗവേഷണം നടത്തിയശേഷമാണ് മാധവ ഗാഡ്ഗില്‌ തന്‍റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു  സമര്‍പ്പിച്ചത്. വനസംരക്ഷണം ഒരു രാജ്യത്തിന്‍റെ പരീസ്ഥിതി സംരക്ഷണത്തിന് ആവശ്യമാണ്.


ഗാഡ്ഗില്‍റിപ്പോര്‍ട്ട് പ്രാവര്‍ത്തികമായി നിയമപരമാക്കുന്നതിനുമുമ്പു ഇതിന്‍റെ ഗുണദോഷവശങ്ങള്‌ അനുഭവിക്കുന്ന സ്ഥലവാസികളുമായി  പൂര്‍ണ്ണ ചര്‍ച്ചകളില്‍ക്കൂടി ഒത്തൊരുമ ഉണ്ടാകണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു.  എന്നാല്‍ സർക്കാർ പുരോഹിത,  ഭൂമി മാഫിയാകളുടെ അഭിപ്രായങ്ങള്‍മാത്രം  മാനിച്ച്  പഞ്ചായത്തുരാജ് മുതല്‍
 
സംസ്ഥാനസര്ക്കാര്‍, കേന്ദ്രം വഴി ഒരു തുറന്ന ചര്‍ച്ചക്ക് തയാറാകാത്തതും ജനാധിപത്യവിരുദ്ധമാണ്.

"
പരിസ്ഥിതികളുടെ പരിതാപവസ്ഥയില്‍ ദുഖിതരായ വലിയ ഒരു ജനത്തെ കണ്ടെന്നും,  പഞ്ചായത്തുകളും ഗ്രാമസഭകളും പരിസരം ശുചീകരീക്കുവാന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ജനങ്ങൾ ‌ പരാജയപ്പെട്ടുവെന്നും " പ്രൊഫ. മാധവ ഗാഡ്ഗിലിന്‍റെ മറ്റൊരു പ്രസ്താവനയിലുണ്ട്. പരിത:സ്ഥിതി ശുചീകരണത്തിനായി ദേശീയ പാര്‍ക്കുകള്‍ നിർമ്മിക്കുകയല്ല, സോണുകള്‍ തിരിച്ചു ഭൂമിയുടെ പരിത:സ്ഥിതി സംരക്ഷണത്തിനു ചില നിയമങ്ങള്‍ ബാധകമാക്കുകയെന്നതാണ് ഈ റിപ്പോര്‍ട്ടിന്‍റെ പരമമായ ലക്ഷ്യവും ഉദ്ദേശവുമെന്നു 'പ്രൊഫ. ഗാഡ് ഗില്‍ റിപ്പോര്‍ട്ട്' വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാർ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നിരുപാധികം തള്ളിക്കളഞ്ഞതും ഭരിക്കുന്ന കഷികളുടെ ബലഹീനതയായി കണക്കാക്കണം.

 
കുരുടന്മാര്‍ ആനയെ കണ്ടതുപോലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുരോഹിതരും രാഷ്ട്രീയക്കാരും വിലയിരുത്തുന്നത്. ആഗോള ഗൂഢാലോചനയെന്ന കുറ്റാരോപണങ്ങളുമായി വന്ന പുരോഹിത ട്രാപ്പില്‍ സർക്കാർ വീണതിനെ   മുന്‍മന്ത്രി ബിനോയ്‌ വിശ്വം അപലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും കാര്‍ഷിക താല്പര്യങ്ങള്‍ക്ക് മുൻഗണന നല്‌കുന്നുവെന്നാണ്. റിപ്പോര്‍ട്ട് മലയാളത്തില്‍ തർജ്ജമ ചെയ്തു കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കണമെന്നും, എങ്കിലേ ഇതിന്‍റെ സത്യാവസ്ഥ ജനങ്ങള്‍ക്ക്‌ ബോധ്യമാവുകയുള്ളൂവെന്നും വിശ്വം പറഞ്ഞു. സ്വാര്‍ഥതാല്പര്യക്കാരുടെ അഭിപ്രായമല്ല ജനം സ്വീകരിക്കേണ്ടത്.

ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുമെന്ന ഇടയലേഖനങ്ങളും ഭൂമി മാഫിയാ പ്രസ്താവനകളും മുല്ലപ്പെരിയാർ അണക്കെട്ടുപൊലെ ജനങ്ങളുടെയിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുവാന്‍ ഉള്ള പ്രചരണങ്ങളാണ്.പശ്ചിമഘട്ട പരിസ്ഥിതി റിപ്പോര്‍ട്ട്   നിയമപരമല്ലാത്ത ഖനനവും വനം കയ്യേറ്റവും തടയുന്നത് സ്വാര്‍ഥ താല്പ്പര്യക്കാരെ ചൊടിപ്പിക്കുന്നു. നമ്മുടെ നദികളെയും വനങ്ങളെയും പരിരക്ഷിക്കുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ഭൂമിയുടെ താപനില മാറുന്നതോ  കാലാവസ്ഥാ മാറ്റമോ ഈ പ്രകടനക്കാര്‍ ചിന്തിക്കുകയില്ല. വെള്ളവും നദികളും എന്നും രാഷ്ട്രത്തിന്‍റെ സമ്പത്തെന്നുള്ള ചിന്താഗതി ഇവരെ അലട്ടുകയില്ല.  പ്ലാസ്റ്റിക്കിനെ  നിര്‍മ്മാജനം ചെയ്യുക, കൃഷിഭൂമി സംരക്ഷിക്കുക, കൂറ്റന്‍കെട്ടിടങ്ങളുടെ പണി നിരോധിക്കുക, പാറ പൊട്ടിക്കല്‌, മണല്‍വാരല്‍ ഇവകളെല്ലാം ഭൂമിയുടെ സമതുലനാവസ്തക്ക് മാറ്റങ്ങള്‍ വരുമെന്നും, നിരോധിക്കണമെന്നും പാനല്‍ നിര്‌ദ്ദേശിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് നല്ലയിനം വിത്തുകള്‍ നല്‍കി വിളവുകള്‍ വര്‍ദ്ധിപ്പിക്കുവാനും വെച്ചുപിടിപ്പിക്കുന്ന പാഴ്മരങ്ങള്‌ക്കു പകരം വന്‍വൃഷങ്ങള്‍ നട്ടു പിടിപ്പിക്കുവാനുമാണ് ഗാഡ്ഗില്‍ കമ്മീഷന്‍ ശുപാർശ ചെയ്തിരിക്കുന്നത്. 

കോടിക്കണക്കിനു ജനങ്ങളുടെ നിലനില്‍പ്പിന് ആധാരമായ പശ്ചിമഘട്ടം ഇന്ന് വനനശീകരണത്തിനടിമപ്പെട്ടു.  ഖനനമാഫിയാകളുടെ കൈകളിലാണ് നദികളിന്ന്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇത്തരം ഖനനമാഫിയാകള്‍ക്കു വന്‍തിരിച്ചടിയെന്നു ഭയപ്പെടുന്നു. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മലനിരകളെ മൂന്നു സോണുകളായി വിഭജിച്ച് ഓരോ സോണിലെയും പ്രവര്‍ത്തനങ്ങള്‍വരെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ ഏതു പ്രവൃത്തികള്‍ നടപ്പാക്കണം, ഏതു വേണ്ട എന്നു തീരുമാനിക്കേണ്ടത് അവിടത്തെ ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍, ആരോടും ആലോചിക്കാതെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന നിലപാടു ശരിയല്ല. ഭൂമിമാഫിയാകളെ നിലനിര്‍ത്തുവാന്‍, പ്രീതിപ്പെടുത്തുവാന്‍ സർക്കാർ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് രാജ്യത്തോടു ചെയ്യുന്ന വന്‍ക്രൂരതയാണ്. സ്വാര്‍ഥതാല്പര്യക്കാരായ പൌരാഹിത്യ, ഭൂജന്മിമാഫിയാ പ്രഭുക്കന്മാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിക്കുന്നതും  പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും  ഇന്നുള്ള കുഞ്ഞുങ്ങളോടു  ചെയ്യുന്ന അനീതിയാണ്. നദികള്‍ വരണ്ട്  കുടിക്കാന്‍ കുടിവെള്ളം ഇല്ലാതെ ദുര്‍ഗന്ധം വമിക്കുന്ന കാറ്റില്ക്കൂടി കേരളം വരളുന്നത്  കടന്നു പോവുന്ന തലമുറകള്‍ക്ക് ചിന്തിക്കേണ്ട ആവശ്യവുമില്ലല്ലോ.  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിഷേധിച്ചതുവഴി മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ സർക്കാർ ചോദ്യം ചെയ്യുകയാണ്.
 


 ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സ്ഥാനത്ത് കസ്തൂരി റിപ്പോർട്ടിനെ കേന്ദ്രസർക്കാർ അനുകൂലിച്ചതിൽ പ്രൊഫ.. ഗാഡ്ഗിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കസ്തൂരി റിപ്പോർട്ടിനെ എകാധിപത്യപരമെന്നും അപൂർണ്ണമെന്നും വിശേഷിപ്പിച്ചു. ഭൂമിയുടെ സമതുലനാവസ്ഥ പരിഹരിക്കാൻ റിപ്പോർട്ട് അപര്യാപ്തമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച് 25000 ചതുരശ്രമൈൽ ഭൂപ്രദേശങ്ങൾ ലോലപ്രദേശങ്ങളായി കരുതിയെങ്കിൽ കസ്തൂരി റിപ്പോർട്ട് അത് ചുരുക്കി 13000 ചതുരശ്ര മൈലാക്കി. അത്രയും ചുരുക്കൽമൂലം ഭൂമിയുടെ സമതുലനാവസ്ത നിയന്ത്രിക്കാൻ സാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം പരീസ്ഥിതിക്കും രാഷ്ട്രത്തിനും വെല്ലുവിളിയായി കരുതുന്നു. ഒരു പ്രദേശത്തെ ലോലപ്രദേശങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്നാണ് ഗാഡ്ഗിൽ നിർദ്ദേശിച്ചിരിക്കുന്നത്. ലോകചരിത്രംതന്നെ അവലോകനം ചെയ്താലും അതാതു പ്രദേശത്തെ ജനങ്ങൾ പരീസ്ഥിതിയെ സംരക്ഷിക്കാൻ സ്വമേധയാ മുൻകൈയെടുത്തു വന്നതായും കാണാം. പ്ലാച്ചിമട പഞ്ചായത്തിൽ മാലിന്യം ഉണ്ടാക്കിക്കൊണ്ടിരുന്ന കൊക്കോകോളാ ഫാക്ടറിയുടെ പ്രവർത്തനം ഇല്ലാതാക്കാൻ സ്ഥലവാസികൾക്ക്‌ സാധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Sunday, January 13, 2013

മുത്തോലത്തച്ചന്റെ തകര്‍ന്ന സ്വപ്നഭൂമി

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്നു കേരളാ കോണ്ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റി കേട്ടിട്ടുണ്ട്. ഏതാണ്ട് അതെ പല്ലവിപോലെ ഫാദര്‍  മുത്തോലത്തിന്റെ കരിയുകയും തളിരിടുകയും ചെയ്യുന്ന കത്തോലിക്കസഭ എന്ന ലേഖനം ക്നാനായ് പാരീഷ് ബുള്ളറ്റിനില്‍ വായിച്ചു. ഏതാനും മാസങ്ങള്‍മുമ്പുവരെ അമേരിക്കൻ ഐക്യനാടുകളില്‍ തികച്ചും  അജ്ഞാതനായിരുന്ന ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രസിദ്ധീയില്‍നിന്ന് കുപ്രസിദ്ധീയിലേക്ക് വളരെയേറെ ഉയരങ്ങളിലെത്തി കഴിഞ്ഞു. ആരാണ് മുത്തോലത്തച്ചന്‍. അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്മാര്‍ പണ്ട് മെസൊപൊട്ടാമിയായില്‌ നിന്നും കപ്പല്‍കയറി വന്നതാണ്. പരിശുദ്ധമായ തിരുരക്തം സിരകളില്‍കൂടി ഒഴുകുന്ന വെറും ഒരു ശുദ്ധഹൃദയത്തിന്റെ ഉടമയാണ്. ആദർശം മുറുകെപ്പിടിച്ചു സഭയ്ക്കും സമുദായത്തിനും വേണ്ടിമാത്രം സംസാരിക്കുന്ന ഈ വൈദികന് മറ്റുള്ള വൈദികരില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ദുശീല രോഗങ്ങളൊന്നും ഇല്ല.

 കത്തോലിക്കസഭയുടെ മെത്രാനാകണമെന്നുള്ള അഭിലാഷം അനേക വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ മൊട്ടിട്ടതാണ്. അങ്ങനെ തളിരിട്ട മോഹങ്ങള്‍ കരിഞ്ഞത് ഇന്ന്  നിരാശയുടെ പടുകുഴിയില്‍ എത്തിച്ചിരിക്കുകയാണ്.മോഹന വാഗ്ദാനങ്ങളുമായി വന്ന അങ്ങാടിയത്തു പിതാവ് പീലാത്തോസിനെപ്പോലെ കൈകഴുകി. ജനിച്ചുവളര്‍ന്ന, പെറ്റു വളര്‍ത്തിയ സ്വന്തം ക്നാനായ സമുദായത്തെ യൂദാസിന്റെ അതെ ചൈതന്യത്തില്‍ ചതിച്ചു വന്നിട്ടും ഒരു നെല്ലിട അകലെ മെത്രാന്‍ തൊപ്പി കൈവിട്ടുപോയി. നന്ദിയില്ലാത്ത സീറോ മലബാർസഭയിലെ മെത്രാനായ അങ്ങാടിയത്തിന്റെ കുറുക്കന്റെ ദൃഷ്ടി പാവം മുത്തോലത്തച്ചനു മനസിലായില്ലായിരുന്നു. രണ്ടു വഞ്ചിയില്‍ കാലു കുത്തെരുതെന്നുള്ള പ്രമാണം മറന്നുപോയി. നിനക്ക് ഒരു യജമാനനെ പാടുള്ളൂവെന്ന് ആശാരിച്ചെറുക്കന്‍ പണ്ടു പറഞ്ഞതും ഗൌനിച്ചില്ല. സ്വന്തം സമുദായത്തില്‍ സേവനം ചെയ്തു കൊള്ളാമെന്നു പൌരാഹിത്യം എടുത്തപ്പോള്‍  വ്രതം ചെയ്തതും ഈ ശുദ്ധാത്മാവ് മറന്നു പോയി. ഹൃദയ കാഠിന്യം ഇല്ലാത്ത, അറിയത്തില്ലാത്ത ഈ മുത്തോലത്തച്ചനെ കപടതയും വഞ്ചനയും സീറോ മലബാറിയന്‍ നേതൃത്വത്തിലുണ്ടെന്നു ആരും പഠിപ്പിച്ചില്ല.

മെത്രാനാകുവാൻ എന്തുകൊണ്ടും ഇദ്ദേഹത്തിനു യോഗ്യതയുണ്ട്. നല്ലവണ്ണം മലയാളത്തില്‌ ലേഖനങ്ങള്‍ എഴുതും. ആശയ ഗംഭീരനുമാണ്. മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയത് യാത്രകളില്‌ക്കൂടിയായിരുന്നു. എന്നു പറഞ്ഞതുപോലെ ഈ കൊച്ചു തിരുമേനിയും കത്തോലിക്കസഭയുടെ ആത്മാവിനെ കണ്ടെത്തുവാന്‍ യാത്രകള്‍ ചെയ്യാറുണ്ട്. കരിഞ്ഞുകൊണ്ടിരിക്കുന്ന കത്തോലിക്കസഭയുടെ പരിതാപകരമായ അവസ്ഥ ദുഖിതനായ ഈ പിതാവ് തിരിച്ചറിഞ്ഞത്  യൂറോപ്പിലെ യാത്രകളില്‍ക്കൂടിയായിരുന്നു.  ഏതൊരു  പുരോഹിതന്റെയും സ്വപ്നമാണ് ഒരു മെത്രാനാവുകയെന്നത്. ആ സ്ഥാനലപ്ധിക്കുവേണ്ടി രാഷ്ട്രീയത്തിലെപ്പോലെ വഞ്ചനയും, ചതിയും കുതികാല്‍വെട്ടും ഒപ്പം  അഭ്യസിച്ചിരിക്കണം. നിരുപയോഗിയും, മറ്റുള്ളവര്‍ക്ക് ദോഷങ്ങള്‍മാത്രം ചെയ്തിട്ടുള്ള പൊട്ടനുമായ ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പിന്റെ ചാഞ്ചാടുന്ന മനസിനുമുമ്പില്‌ ഇദ്ദേഹം അടിയറ പറയേണ്ടി വന്നതും സഭയുടെ തീരാകളങ്കമാണ്.

 ലോകം മുഴുവന്‍ സഭകള്‍ നശിക്കുമ്പോഴും കേരളസഭ ദൈവത്തിന്റെ സഭയായി വളരുന്നുവെന്നു മുത്തോലത്തച്ചന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ലത്തീന്‍സഭയെ അമേരിക്കന്‍മണ്ണില്‍ അടിച്ചു താഴെയിട്ടാല്‍ ക്നനായ് സഭയുടെയും സീറോ മലബാര്‍ സഭയുടെയും മഹനീയത കൂടുമെന്നും അതുവഴി അങ്ങാടിയത്തിന്റെ പ്രീതി സമ്പാദിച്ചു കൊച്ചുമെത്രാനാകാമെന്നും അദ്ദേഹം കണക്കു കൂട്ടിയതു തെറ്റി.  ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന അമേരിക്കന്‍ യൂറോപ്പു  പള്ളികളും  ചില പള്ളികള്‍ ബിസനസ് സ്ഥാപനങ്ങളും ബീയര്‍ പാര്‍ലറുകളുമായി പ്രവര്‍ത്തിക്കുന്നതും കണ്ടു   ഒരു വിലാപലേഖനംതന്നെ അച്ചന്‍ എഴുതി. എന്തു പ്രയോജനം? ലത്തീന്കാര്‌ക്കിട്ടു വേലവെച്ചുകൊണ്ടിരുന്നാല്‍ അച്ചന്റെ സ്വാധീനം അങ്ങാടിയത്തിന്റെമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അനേക വര്‍ഷങ്ങള്‍ ലത്തീന്‍പള്ളിയില്‍ ഉണ്ട ചോറിനു ഇങ്ങനെ നന്ദിയും കാണിക്കാം.


സീറോ മലബാര്‍, ക്നനായ് പള്ളികളുടെ ഇന്നത്തെ ശോചനീയ നിലവാരങ്ങളില്‍ അദ്ദേഹം കണ്ണടക്കുകയാണ്. അഭയയുടെ കണ്ണുനീരു നിറഞ്ഞ പാപപങ്കിലമായ സ്വന്തം സഭയുടെ ദുഖാവസ്ഥ മുത്തോലത്തച്ചന്‍ തന്റെ മെത്രാന്‍ സ്വപ്നത്തില്‍ കണ്ടില്ല. ഭാവിയിലെ ബിഷപ്പെന്ന സ്വപ്നജീവിയായ കൊച്ചു തിരുമേനി, ആരാന്റെ കണ്ണിലെ കോലെടുക്കുവാനുള്ള ഒരു ഉദ്യമത്തിലായിരുന്നു. അദ്ദേഹം വസിക്കുന്ന അമേരിക്കന്‍മണ്ണിലെ അമേരിക്കന്‍ സീറോ മലബാര്‍, ക്നനായ് ചരിത്രങ്ങളുടെ സൂചനയും ഈ ലേഖനത്തില്‍ ഇല്ല.

അമേരിക്കന്‍മണ്ണില്‍ പള്ളികളില്‍ പോകുന്ന ഭക്തരുടെ അടിനടക്കുന്നതു പല വിധത്തിലാണ്. ന്യൂയോര്‍ക്കിലെ Rockland സിറോ മലബാര്‍പള്ളിയില്‍ ഒരാഴ്ചമുമ്പ് ഉണ്ടായ വാര്‍ത്തയാണ് ഏറ്റവും പുതിയതായുള്ള ഹിറ്റ്. കോടതിയില്‍ കേസായതുകൊണ്ട് അച്ചന്റെ പേര് വെളിപ്പെടുത്തുവാന്‍ സാധിക്കുന്നില്ല. ഭാര്യയെ വേദപാഠ അധ്യാപികജോലിയില്‍നിന്നും പിരിച്ചുവിട്ടതില്‌ കുപിതനായ ഭര്‍ത്താവ്, അച്ചന്റെ പിടലിക്കു പിടിച്ചു തത്തിച്ചുവെന്നാണ് സ്ഥിതികരിക്കാത്ത വാര്‍ത്ത. ദേഹത്തു കൈവച്ച കാട്ടാളനായ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പ്രവര്‍ത്തി അങ്ങേയറ്റം നീചമെങ്കിലും സഭയോടുള്ള വിശ്വാസിയുടെ സ്നേഹം ഇങ്ങനെയുമുണ്ടെന്നുള്ള കഥകള്‍ ലേഖകനായ അച്ചന്‍ മറച്ചുവെച്ചിരിക്കുന്നു.


ലോകം മുഴുവന്‍ കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ വേലചെയ്യുവാന്‍ മലയാള നാട്ടിലെ ദൈവമക്കളായ പുരോഹിതരെ അയക്കുന്നതും ദൈവിളിയുടെ പ്രചോതനവും അടയാളവുമെന്നാണു, മുത്തോലത്തച്ചന്റെ ഗവേഷണം. കേരളത്തില്‍ ‌ പേരുദോഷം വരുത്തുന്ന പുരോഹിതരെ വിദേശത്തു കയറ്റി വിടുകയെന്നതും ഇന്നു കേരളസഭയുടെ നയമാണ്. അവിഹിത ഗര്‍ഭം നടത്തുന്ന വിരുതര്‌ക്ക് , വിശുദ്ധഗര്‍ഭം നടത്തുന്നവര്‍ക്ക്, സ്വവര്‍ഗ പ്രേമക്കാര്‌ക്ക്, എന്നിങ്ങനെ, കഴിവുകളനുസരിച്ചു കാനഡാ, അമേരിക്ക, യൂറോപ്പു, ഇറ്റലി മുതലായ രാജ്യങ്ങളില്‍ സീറോ മലബാര്, ക്നനായ് ‍ ബിഷപ്പുമാര്‍ വിസാ സംഘടിപ്പിച്ചു കൊടുക്കും.മുത്തോലത്തച്ചന്റെ ഭാഷ ഒന്നുകൂടി വ്യക്തമാക്കികൊണ്ട് 'സഭയാകുന്ന മുന്തിരിതോപ്പിനു വളവും വെള്ളവും നല്‍കി'... ബാക്കി ഞാന്‍ പൂരിപ്പിക്കട്ടെ; പിന്നീട് വിദേശമണ്ണില്‍ ദിവ്യഗര്‍ഭങ്ങളില്‍നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ നിപ്പിളും മേടിച്ചു സഭയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ നാട്ടില്‌നിന്നു വേണ്ടാതെ പുറത്താക്കുന്ന ഈ ദൈവവിളിക്കാര്‌ക്കു സാധിക്കുന്നു. ‍


"യൂറോപ്പിലോ അമേരിക്കയിലോ ഇല്ലാത്ത സജീവമായ അജപാലന രഹസ്യമാണ് സഭയുടെ വിജയം" (മുത്തോലത്തച്ചന് )സജീവമായ അജപാലനത്തിനിടയില്‍ പെട്ടുപോവുന്നതു പ്രവാസികളായ വിവാഹം കഴിച്ച പാവം സ്ത്രീകളാണ്.. ഭര്‍ത്താക്കന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചോറുണ്ടാക്കുവാന്‍ മടിയുള്ള നമ്മുടെ സുന്ദരികള്‍ വരുന്ന ദൈവിളിക്കാർക്കു കൊഴിയിറച്ചിയുണ്ടാക്കുവാന്‍ പിന്നെ ഒരു മത്സരം. കുര്‍ബാന കഴിഞ്ഞു അച്ചന്‍റെ ഇഷ്ടതോഴികള്‍ തമ്മില്‍ ഒരു കൂട്ടത്തല്ല്. അച്ചനൊരുത്തിയോടു കിന്നാരം പറയുന്നത് മറ്റവള്‌ക്കു പിടിക്കില്ല. നോക്കണേ, ദൈവവിളിയുടെ അമാനുഷ്യമായ ഒരു ശക്തി വിശേഷം. അമേരിക്കയില്‍ കുര്‍ബാന കഴിഞ്ഞു ദിവ്യ ഉമ്മ കൊടുക്കുന്നതും അച്ചന്റെ അവകാശമാണ്. ദൈവവിളിയുള്ള മലയാളനാട്ടിലെ അച്ചന്മാര്‍ക്ക് ‌കവിളത്തു ഉമ്മ വെക്കുവാന്‍ അറിയത്തില്ല. അവര്‍ക്ക് പ്രവാസിനാട്ടില്‌ വരുമ്പോള്‍ ചുണ്ടത്തു ഉമ്മവെക്കണം. അവരുടെ കൊച്ചു പെണ്പിള്ളേരെ കണ്ടാല്‍ അമര്‍ത്തി കെട്ടിപ്പിടിച്ച് ആലിംഗനവും ചെയ്യണം. Mummy, father is perverted എന്നുപറഞ്ഞാല്‍ അമ്മമാര്‍ ദൈവദാസനച്ചനാണെങ്കില്‌ കണ്ണടക്കും. 

ലത്തീന്പള്ളിയില്‍ പോയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പിഴച്ചു പോവുമെന്നും മുത്തോലത്തച്ചന്‍ പറയുന്നു. പിഴച്ച ഒരു അമേരിക്കന്‍ ക്നാനായ വരനും വധുവും അങ്ങാടിയത്തിനെയും പുരോഹിതരെയും നിയമത്തിന്റെ മുള്‍മുനയില്‍ കൊണ്ടുവന്ന കഥയും പ്രസിദ്ധമാണ്. കല്യാണം കഴിക്കുവാന്‍ ഒരു കുറി കൊടുക്കുവാന്‍ നവവധുവരന്മാര്‌ക്കു ആയിര കണക്കിനു ഡോളര്‍ അങ്ങാടിയത്തിന്റെ പാദത്തില്‍ വെക്കണംപോലും. കോടതി നോട്ടീസ് കിട്ടിയപ്പോഴേ തിരുമേനിക്കു പണവും വേണ്ടാ, പിന്നെ കേസ്സില്‍നിന്നും ഊരിയാല്‍ മതിയെന്നായി. അമേരിക്കയില്‍ മാതാപിതാക്കള്‍ ഇങ്ങനെയൊക്കെ വളര്‍ത്തി വിട്ടതുകൊണ്ടല്ലേ തിരുമേനിക്ക് മനപ്രയാസം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയതിന്റെ വൈദികശാപം എങ്ങനെ തീര്‍ക്കും? ഏതായാലും മുത്തോലത്തച്ചന്റെ ലത്തീന്‍ബാഷ് ലേഖനത്തിലുടനീളം നന്നായിട്ടുണ്ട്. ഊട്ടി വളര്‍ത്തിയ അമേരിക്കന്‍ സഭയോടുള്ള നന്ദിയും ഇങ്ങനെ തന്നെ വേണം.


കേരളത്തില്‌ പൊങ്ങിവരുന്ന പുതുക്കിയ പള്ളികള്‍ സീറോ മലബാര്‍ ക്നനായുകളുടെ വിശുദ്ധീകരണത്തിന്‍റെ പ്രതീകങ്ങളെന്നും മുത്തോലത്തച്ചന്‍ വാദിക്കുന്നു. വെത്താനത്തച്ചനെപ്പോലെ മുത്തോലത്തച്ചനും വിവരദോഷി ആകരുതേ? കേരളത്തില്‍ പള്ളി ഇടിച്ചിട്ടാല്‍, ഇടിച്ചിട്ട പള്ളിയുടെ ഉരുപ്പടി വിറ്റു കാശാക്കി പുരോഹിതന്‍ കീശയിലക്കും. തെണ്ടി കൊണ്ടുവരുന്ന കറുത്ത വിദേശപണം വെളുത്തതാക്കാം. പിരിവു തുടങ്ങി ഭക്തന്റെ പള്ളക്കും ഇടിച്ചു കഴിയുമ്പോള്‌ സീറോ മലബാര്‍ സഭകളുടെയും ക്നാനായ സഭകളുടെയും പരിശുദ്ധിയുടെ പരിമളം ഭാരതം മുതല്‍ വത്തിക്കാനിലുംവരെ ബാധിക്കും. മോനിക്കായുടെയും രോഗിയും വൃദ്ധനുമായ അവരുടെ ഭര്‍ത്താവിന്റെയും വസ്തു തട്ടിയെടുത്ത അറക്കല്‍ തിരുമേനി ഉടന്‍ അമേരിക്കയില്‍ പിരിവു തെണ്ടി വരുന്നുവെന്നും വാര്‍ത്തകളില്‍ ഉണ്ട്. പ്രവാസികളെ ജീവിക്കാന്‍ അനുവദിക്കാത്ത ഇത്തരം പുരോഹിതരാണോ മുത്തോലാത്തച്ചന്റെ ലേഖനത്തിലെ വിശുദ്ധര്‌.


ഇടിച്ചിട്ടാലും പുതുക്കി പണുതാലും വികാരിയുടെ കീശയിലേക്കു പണം നിറയും. കിട്ടുന്ന പണത്തിന്റെ ഇടലാഭം കൊടുക്കുവാന്‍, അച്ചന്‍റെ കീശകള്‌ നിറക്കുവാന്‍, വൈദ്യുതി കമ്പി വലിക്കുന്നവന്‍മുതല്‍ വന്‍കിട കോണ്ട്രാക്റ്റര്‍വരെ മത്സര ഓട്ടമാണ്. ‍ പുതുക്കി പണിയുന്ന പള്ളിയുടെ വിശുദ്ധ മാമ്മോന്‍ തേടി കപ്പ്യാരൂ തൊട്ടു കൈക്കാരന്‍വരെയും പിന്നെ വികാരിയുടെ ഇല നക്കികളും എന്നും ഒപ്പത്തിനൊപ്പം കൂടെ കാണും. കുശാലായ ശാപ്പാടും വിശുദ്ധിയുടെ പങ്കു പറ്റുന്ന സ്ത്രീ ജനങ്ങളില്‍നിന്നും അച്ചനു സൌജന്യം. പള്ളിപണി കഴിഞ്ഞു കീര്‌ത്തിമാനായ അച്ചനുടന്‍ ഒരു ഇടവക മാറ്റവും. അവിടെയും മറ്റൊരു പുതുക്കിയ പള്ളിയും വരുമാനം തരുന്ന അന്തോനീസു പുണ്യാളനും വരും.


അമേരിക്കന്‍ അച്ചന്മാര്‍ വിശ്രമവേളയില്‍ സഭാമക്കളുടെ കാര്യങ്ങള്‌ അനുസരിക്കാതെ പന്തുകളിയും ടീവിയില്‍ കണ്ടു കൊണ്ടിരിക്കുന്നുവെന്നും അച്ചന്‍ കുറ്റം ആരോപിക്കുന്നു. മലയാളീ അച്ചന്മാരുടെ ഭാഗ്യം ഈ നിർഭാഗ്യരായവര്‍ക്കു ഇല്ലാത്തതുകൊണ്ടല്ലേ അവരുടെ വിശ്രമ സമയം ഇങ്ങനെ ചിലവഴിക്കുന്നത്. മുല്ലപ്പൂ തലയില്‍ ചൂടി താലപ്പൊലിയുമായി എത്തുവാന്‍ അമേരിക്കന്‍ പെണ്ണുങ്ങളെ കിട്ടുകയില്ല. അമേരിക്കന്‍ മലയാളീപള്ളികളില്‍ വേദപാഠം പഠിപ്പിക്കുന്നതും അർപ്പിതരായ സഭാപുരോഹിതരുടെ നേട്ടമായി മുത്തോലത്തച്ചന്‍ കരുതുന്നു. ഫീസ് കൊടുക്കാത്ത കുഞ്ഞുങ്ങളെ വേദപാഠ ക്ലാസുകളില്‍നിന്നും കരയിപ്പിച്ചു ഇറക്കി വിടുന്നത് സീറോ മലബാര്‍ പള്ളികളില്‍ നിത്യ സംഭവങ്ങളെന്നും സഹായമെത്രാന്‍ ആകുവാന്‍ ശ്രമിച്ച ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ മറക്കുന്നു.


അമേരിക്കയില്‍ ലത്തീന്‍ അച്ചന്മാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നത് പരസ്യമെങ്കില്‍ കേരളത്തിലെ ദൈവമക്കള്‍ രഹസ്യമായിയെന്നും മനസിലാക്കുക. ആ രഹസ്യമറയില്‍ മണ്ണിനോടു ചേര്‍ന്നവരും ജീവിച്ചിരിക്കുന്നവരും ഒരു വന്‍പട തന്നെയുണ്ട്‌. ലത്തീന്‍അച്ചന്മാരുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കഥകള്‍ പറഞ്ഞപ്പോള്‍ അങ്ങാടിയത്ത് തുള്ളി കൊണ്ട് ഡാന്‍സ് ചെയ്തു കാണും. കാരണം, ലത്തീന്‍ പള്ളികളെ ഇടിച്ചു താത്തങ്കിലേ ഇവിടെ സീറോ മലബാര്‍ പള്ളികള്‍ ഉയര്‍ന്നു വരുകയുള്ളൂ. ഇരുവാള്‍ യുദ്ധത്തില്‍ക്കൂടിയേ സീറോ മലബാര്‍ പള്ളികള്‍ക്ക് ഇവിടെ നില നില്‌പ്പുള്ളൂ. ഒരു വശത്തു ക്നനായ്ക്കാരോടും മറുവശത്തു ലത്തീന്‍കാരോടും ഒരുപോലെ പൊരുതണം. ലത്തീന്‍അച്ചന്മാരുടെ ഔദാര്യത്തില്‍ ഇവിടെ പള്ളികള്‍ സ്ഥാപിച്ചവര്‍ ഇന്ന് അവര്‍ക്കിട്ടു എങ്ങനെ വേലവെക്കണമെന്നാണ് ചിന്തിക്കുന്നത്. ?


അമേരിക്കന്‌ പള്ളികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം ഇടുന്നുവെന്നു ആരോപിക്കുന്ന മുത്തോലത്തച്ചന്‍,‍ ദൈവവിളികളുണ്ടെന്നു പറയുന്ന കേരളത്തിലെ ബിഷപ്പുമാരുടെ ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളെപ്പറ്റി നിശബ്ദനാകുന്നു. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാതെ കഷ്ടപ്പെടുത്തി അവരെ ഊറ്റി കുടിച്ച കഥകളും ഈ ഭാവി പിതാവ് മറക്കുന്നു. കോളേജുകളിലെ കോഴ, കൈക്കൂലിയൊക്കെ ലത്തീന്‍ബാഷറായ മുത്തോലത്ത് മറക്കുന്നു. നാട്ടില്‌, നേഴ്സുമാരുടെ സമരകഥകളൊന്നും ഇദ്ദേഹത്തിനു അറിയണ്ടാ. സ്കൂളുകളില്‍ സര്‍ക്കാരില്‍നിന്നും കിട്ടുന്ന പണം വൗച്ചറില് ഒപ്പിടുവിച്ചു അധ്യാപകരെ തുച്ഛമായ ശമ്പളത്തില്‍ നിയമിക്കുന്ന ദൈവമക്കളുടെ കൃത്രിമത്വം അമേരിക്കന്‍ അച്ചന്‍മാര്‍ക്ക് അറിയത്തില്ല. തൊഴില്‍നിയമം ഈ നാട്ടില്‌ കര്‍ശനമെന്നും മുത്തോലാത്തച്ചൻ മനസിലാക്കുക. പള്ളി കേടുപാടുകള്‍ തീര്‍ക്കുവാന്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ കൂലി കൊടുക്കുന്നതു ദൈവിക നിയമവും ആണ്. അമേരിക്കന്‍ അച്ചന്മാര്‍ പള്ളിയുടെ മരാമത്ത് പണികള്‍ക്ക് പണം ചിലവാക്കുന്നതില്‍ വേദനിക്കുന്ന അച്ചന്റെ വിലാപത്തിനു ‍ ഇവിടെ പ്രസക്തിയില്ല.
http://almayasabdam.blogspot.com/2013/01/blog-post_14.html


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...