Thursday, May 9, 2013

17. മതങ്ങളും അന്ധവിശ്വാസങ്ങളും


16. മതങ്ങളും അന്ധവിശ്വാസങ്ങളും


യേശുവിനെ ഒരു മന്ത്രവാദിയെപ്പോലെ രോഗസൌഖ്യം നല്‍കുന്നതു സ്ഥാപിക്കുവാനായി പുരോഹിതലോകം പല അടവുകളും ഉപയോഗിക്കാറുണ്ട്. കരിഷ്മാറ്റിക്കു ധ്യാനകേന്ദ്രങ്ങൾ പ്രാര്‍ഥിച്ചു അസുഖം ഭേദപ്പെടുത്തി ഭക്തരെ ആകർ‍ഷിക്കുന്നു. സുഖപ്രസവവും പ്രാർഥിച്ചു നേടികൊടുക്കും. അന്ധവിശ്വാസങ്ങളുടെ വക്താക്കൾ   ക്രിസ്ത്യൻ  പുരോഹിതർ  മാത്രമല്ല ആള്‍ദൈവങ്ങളും അമാനുഷിക ശക്തികളും താന്ത്രിക്  മന്ത്രവാദികളും ഒപ്പം തന്നെയുണ്ട്‌. മനുഷ്യനെപറ്റിച്ചു ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും അനേകം ബാബാമാരും പുരോഹിതരും ഇവാഞ്ചലിസ്റ്റ്കളും പ്രത്യേക്ഷപ്പെടാറുണ്ട്.


അറിവിലും വിശ്വാസത്തിലും കത്തോലിക്കാസഭ പരസ്പരവിരുദ്ധമായി പഠിപ്പിക്കുന്നു. നരകം, ശുദ്ധീകരണസ്ഥലം, കുമ്പസാരം, കുര്‍ബാന ഞായറാഴ്ച, കുര്‍ബാന എന്നിവകളൊക്കെ ആഗോളസഭകളില്നിന്നും വ്യത്യസ്തമായിട്ടാണ് സീറോമലബാര്‍ രൂപതകളിലെ  മെത്രാന്മാരുടെ വിശ്വാസങ്ങള്‍. വിശ്വാസികളായ ജനം ചോദ്യംചെയ്‌താലോ അവർ ‍പാപികളാകും. കാലാകാലങ്ങളായി വൈദികരാൽ അടിച്ചമര്‍ത്തപ്പെട്ട കത്തോലിക്കാ  വിശ്വാസികളുടെ ദുര്‍ബലമനസ്സിനെ ചൂഷണം ചെയ്യുവാന്‍ ഏതു ബൈബിള്‍പ്രചാരണ കൊട്ടിഘോഷകര്‍ക്കും എളുപ്പമാണ്. പിശാചുബാധ ഒഴിപ്പിക്കുക, രോഗികളെ സൌഖ്യപ്പെടുത്തുക, കത്തോലിക്കരുടെ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുക, പോപ്പിന്‍റെ അപ്രമാദിത്വം പരിഹസിക്കുക, ഇങ്ങനെ തൊണ്ണപൊട്ടുന്നപോലെ ഉച്ചത്തില്‍വിളിച്ച് ആളെകൂട്ടുന്ന അന്ധവിശ്വാസികളുടെതായ സഭകളുടെ പേരാണ് പെന്തക്കോസ്.


മദ്ധ്യകാലയുഗത്തിലുള്ള ഏതോ മാര്‍പാപ്പയുടെ കുശാഗ്രബുദ്ധിയില്‍നിന്നും തുന്നിയുണ്ടാക്കിയ ശവമുഖത്തുണിയാണ് ഇന്നു പുരോഹിതലോകം കര്‍ത്താവിന്‍റെ തിരുമുഖ വസ്ത്രമെന്നു പ്രചരണം നടത്തുന്നത്. സാമാന്യബുദ്ധിയുള്ള മനുഷ്യൻ കാലപ്പഴക്കമേറിയ ഈ തുണി  ജീസസിന്‍റെ തിരുവസ്ത്രമെന്ന്  (shroud of Turin ) എങ്ങനെ  സത്യമാക്കും. രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള മുഖത്തുണി  ജീസസിന്റേതെന്ന്  എന്തു തെളിവ്? ഇടതുഭാഗത്തെ കള്ളന്‍റെ മുഖത്തിട്ടതാകാനും സാധ്യമല്ലേ? ഈ പഴന്തുണികൊണ്ട് ഉണ്ടാക്കിയ കണക്കില്ലാത്ത രത്നങ്ങളും കറന്‍സികളും  വത്തിക്കാന്‍റെ നിധിശേഖരത്തിൽ ‍കുന്നുകൂടിയിരിക്കുന്നു. ഈ തുണി മധ്യയുഗത്തിലെ ഏതോ ചായവേലകള്‍(Painting) കൊണ്ടു   രചിച്ച പൊള്ളയായ ഒരുവ്യാജ ചരക്കാണെന്ന് Walter McCrone ഉള്‍പ്പടെ അനേകം മൈക്രസ്കോപ്പിക് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. 


 


A.D.1356ൽ,‍ ഒരു ഫ്രഞ്ച്പ്രഭുവിന്‍റെ കൈവശമാണ്  ഈ തുണി ആദ്യമായി ലഭിച്ചതെന്നു പറയപ്പെടുന്നു. ഇത് എവിടെ നിന്ന്, എങ്ങനെ ലഭിച്ചെന്നു ചരിത്രമില്ല. ഹെന്‍ർയിലെ ബിഷപ്പ്, ഈ മുഖത്തുണിയെ വിശ്വസിച്ചില്ല. തന്മൂലം കുറേക്കാലത്തേക്ക് ഈ വ്യാജമുഖത്തുണി ഒളിച്ചുവെച്ചു. തുണി വളരെക്കാലം ഫ്രാന്‍സിലെ രാജകുടുംബങ്ങളുടെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. നൂറ്റാണ്ടുകളോളം അനേക സ്ഥലങ്ങളില്‍നിന്നും തുണി കൈമറിഞ്ഞ് അവസാനം A.D.1933ൽ പതിനൊന്നാം പീയൂസ്മാര്‍പാപ്പയുടെ കാലത്ത്  വത്തിക്കാനിൽ,‍ പ്രദര്‍‍ശനത്തിന്  എത്തി. മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതലായി ശ്രദ്ധിക്കപ്പെട്ടതും വിവാദപരമായ ഈ തുണി തന്നെയാണ്.


യുദ്ധവും സാമ്പത്തികത്തകര്‍ച്ചയും മദ്ധ്യയൂറോപ്പ്യൻ രാജ്യങ്ങളെ തകര്‍ത്തിരുന്നു. ആ കാലഘട്ടത്തിലാണു ലിരേ (Lirey) എന്ന ഒരു ഫ്രഞ്ച്ഗ്രാമത്തിൽ ഈ തുണിക്കഷണം ആദ്യമായി പ്രദര്‍ശനത്തിനു വെച്ചത്. അക്കാലത്തു ഫ്രഞ്ചുകാർ,‍ ഒരു യുദ്ധത്തിൽ ഇംഗ്ലണ്ടിലെ രാജാവ്‌ ജോണ്‍ രണ്ടാമനെ തോല്‍പ്പിച്ചു ബന്ധിതനാക്കി. എവിടെയും രാഷ്ട്രീയ കലാപംമൂലം മാർപാപ്പാ റോം  വിട്ട്

മറ്റൊരു സ്ഥലത്തു താമസിച്ചു. മാറാരോഗങ്ങളും വസന്തക്കും കാരണം പോപ്പ് സനാതനത്വത്തിന്‍റെ നഗരമായ റോമിൽ ഇല്ലായിരുന്നതുകൊണ്ടെന്ന്  ജനം വിശ്വസിച്ചു. ഈ അന്ധവിശ്വാസത്തിൽനിന്നാണ് ആദ്യം തിരുശേഷിപ്പ്  കച്ചവടം തുടങ്ങിയത്. അങ്ങനെ തിരുശേഷിപ്പ്  കച്ചവടം
അന്ധമായി വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു.
പഞ്ഞം പട വസന്ത മുതലായ കൂടെക്കൂടെ  നാടിനെ നശിപ്പിച്ചിരുന്ന കാലവും. 
 


കേരളസഭകളുടെ  വൈദികരും    പരിഹാര അര്‍പ്പണങ്ങൾവഴി  ഇത്തരം വ്യാജ തിരുശേഷിപ്പുകള്‍  വിശ്വാസികളുടെ മനസ്സില്‍ അന്ധവിശ്വാസം നിറക്കാറുണ്ട്. ഒരു പെരുന്നാള്‍ വന്നാൽ പാത്രങ്ങൾ നിറയെ കയ്പ്പുനീര്  ഉണ്ടാക്കി വെക്കും. രോഗനിവാരണങ്ങള്‍ക്കായി ഭക്തര്‍ പണം ഇട്ട്‌  കയ്പ്പ് നീരു കുടിക്കും. നടുവെയിലത്ത് കുഞ്ഞുങ്ങളെയും പുറകില്‍വെച്ച് ഒന്നും രണ്ടും മണിക്കൂറോളം സ്ത്രീകള്‍ പള്ളിക്ക് പണം കൊടുത്ത് മുട്ടേല്‍ നീന്തുന്നതും ഒരു കാഴ്ചയാണ്. പുണ്യാളന്‍മാർക്കു പ്രായമായി. ചെവികേള്‍ക്കുകയില്ല. മനസിലാകുവാന്‍ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലണം. മറവിയുമുണ്ട്. കൂടെകൂടെ പ്രാര്‍ഥിച്ചു ഓര്‍മ്മിപ്പിക്കണം. 



 കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌  അമ്പലങ്ങളിലെ ഗണപതിദേവന്‍ പാലുകുടിച്ചു ലോകത്തെ അമ്പരിപ്പിച്ചു. എരുമേലിയിലെ ഒരു സ്ഥലത്ത്  യേശുവിന്‍റെ അമ്മയായ മേരി ദര്‍ശനം നല്‍കുന്നുവെന്നു  പറഞ്ഞ്  അനേകർ സൂര്യനെ മണിക്കൂറുകളോളം നോക്കി അന്ധരായ കഥകളും പത്രങ്ങളില്‍ അച്ചടിച്ചുവന്നു.   ദൈവകൃപ ആഗ്രഹിക്കുന്ന ഭക്തര്‍ക്കു‌ മേരി കരയുന്നത്, പദ്രെ പിയോ പോലുള്ള പഞ്ചമുറിവ്‌കാർ,  ഇവകളെല്ലാം ജീവിക്കുന്ന ദൈവങ്ങളിലുള്ള അത്ഭുതങ്ങളാണ്. 


സഭയുടെയും പുരോഹിതരുടെയും അന്ധവിശ്വാസങ്ങളെ വിശ്വസിച്ചില്ലെങ്കിൽ, ആരെങ്കിലും അന്ധമായതിനെതിരെ പ്രതികരിച്ചാല്‍ വിശ്വാസത്തിനു മുറിവ് പറ്റിയെന്നു പറഞ്ഞ്  കോടതി കയറ്റലും മറ്റുമുള്ള പീഡനങ്ങളും നല്‍കുകയായി. ശാസ്ത്രം വളര്‍ന്നെങ്കിലും ക്രിസ്ത്യാനി വളര്‍ന്നോയെന്നു സംശയം.  ബോംബെയിലുള്ള ഒരു കത്തോലിക്കപള്ളി മതനിന്ദക്കു സനില്‍ ഇടമറുകെന്ന യുക്തിവാദിക്കെതിരെ സുപ്രീംകോടതിയിൽ കേസു കൊടുത്തിരിക്കുന്നു. 


 എന്താണ് ഇടമറുകു ചെയ്ത തെറ്റ്? ബോംബയിലെ ഒരു പള്ളിയിൽ  ക്രൂശിത രൂപത്തില്‍നിന്ന്  വെള്ളം ചോരുന്നതു അത്ഭുതമാണെന്നു പ്രചരണം നല്‍കി. നേര്‍ച്ചകാഴ്ചകള്‍വഴി ദിനംപ്രതി പണം വാരികൊണ്ടിരുന്നു. ഇടമറുകിന്‍റെ യുക്തിവാദിസംഘടന‍  സൂക്ഷ്മനിരീക്ഷണം നടത്തി ‍ പള്ളിയുടെ കള്ളി പുറത്താക്കി. ഓടയിലെവെള്ളം സൂക്ഷ്മവാഹിനികളിലൂടെ തൊട്ടടുത്തുള്ള മതിലേല്‍ ചാരിനില്‍ക്കുന്ന ക്രൂശിതരൂപം ആവാഹിച്ച്  കുരിശില്‍ക്കൂടി വെള്ളം പ്രവഹിക്കുകയായിരുന്നു. തലമുടിനാരുപോലുള്ള വാഹിനികളില്‍ക്കൂടിയാണ് (capillary) മരത്തിന്  വേരുകള്‍ ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇടമറുക്  ഈ തത്ത്വം കണ്ടുപിടിച്ച്  കുരിശില്‍ക്കൂടിയുള്ള വെള്ളത്തിന്‍റെ പ്രവാഹം അത്ഭുതമല്ലെന്നു ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തെളിയിച്ചു.


 വിവരം ടെലിവിഷൻചാനലിനു കൊടുത്ത്  പള്ളിയെ അപമാനിച്ചുവെന്നു ആരോപിച്ച്  മതനിന്ദയായി കണക്കാക്കി പള്ളി ഇടമറുകിനെതിരെ കേസ് ഫയൽ ‍ചെയ്തിട്ടുണ്ട്. അത്ഭുതങ്ങള്‍വഴി പണം ഉണ്ടാക്കാൻ ഭക്തരെ കബളിപ്പിക്കുന്നുവെന്ന്  ചാനൽകാരുടെ മുമ്പിൽ ഇടമറുക് പറഞ്ഞുവെന്നു ആരോപിക്കുന്നു. കൂടാതെ മാർപാപ്പക്കെതിരെയും നിന്ദ്യമായി സംസാരിച്ചുവെന്നും പള്ളിയുടെ പ്രസ്താവനയിലുണ്ട്. ദൈവമല്ലാത്ത പോപ്പിനെ ഫലിതമാക്കിയെങ്കിലും ദൈവനിന്ദയാകുന്നത് എങ്ങനെയെന്നും ഇടമറുകിന് മനസിലാകുന്നില്ല.


 അന്ധവിശ്വാസങ്ങളെ തടയുവാനായി ഭാരതത്തിനു പ്രത്യേക നിയമങ്ങള്‍ ഇല്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ഇന്ത്യന്‍നിയമം ഇപ്പോഴും പിന്തുടരുന്നു. കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പള്ളിയെയും മെത്രാനെയുമാണ്. എത്രയോ വിവരമില്ലാത്ത ഭക്തരെ ചൂഷണംചെയ്തും അത്ഭുതങ്ങൾ  കാണിച്ചു പണംപറ്റിച്ചും കബളിപ്പിക്കല്‍ പ്രസ്ഥാനങ്ങൾ  ഇന്നും രാജ്യത്തു തുടരുന്നു.  ഇത്തരം ചൂഷണങ്ങൾക്കെതിരെ സമുചിതമായ നിയമനിര്‍മ്മാണം രാജ്യത്തിന്  ആവശ്യമാണ്.


ലത്തീന്‍ രൂപതയിലെ മുന്‍ബിഷപ്പായിരുന്ന 58 വയസ്സുള്ള ജോണ്‍  തട്ടുങ്കൽ 26 വയസ്സുള്ള സോണിയായിൽ ഏതോ ആത്മീയശക്തി കണ്ടെത്തി.  അവളെ മകളായി സ്വീകരിച്ചു. പരിശുദ്ധാത്മാവു സോണിയായിലേക്കു  പ്രവര്‍ത്തിക്കുന്നുവെന്നു ബിഷപ്പ് ചിന്തിച്ചു. ഇവരുടെ ബന്ധം തികച്ചും ആത്മീയമായിരുന്നുവെന്നും  ഇദ്ദേഹം പറഞ്ഞിരുന്നു. നിയമപരമായ മകളായി രജിസ്റ്റർ ‍ ചെയ്യുകയും സോണിയായെ തന്‍റെ എല്ലാ സ്വത്തുക്കളുടെയും പൂര്‍ണ്ണ അവകാശിയാക്കുകയും ചെയ്തു. ബിഷപ്പിന്‍റെ അഭിപ്രായത്തിൽ സോണിയാ പ്രവചിക്കാൻ പറയുന്നതിനു  കഴിവുള്ള ദൈവത്തിന്‍റെ വരദാനമായിരുന്നു. ഇവൾ‍മൂലം ബിഷപ്പിനും ആത്മീയശക്തി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചുവെന്നും അവകാശപ്പെട്ടു. ഈ സ്ത്രീ വരുന്ന സമയങ്ങളിൽ,‍ പരിശുദ്ധാത്മാവു തന്നിലേക്കു ആവഹിച്ചിരുന്നുവെന്നു ബിഷപ്പു വിശ്വസിച്ചിരുന്നു.


എം.ബി.എ.വിദ്യാര്‍ഥിനിയായിരുന്ന സോണിയാ ‍കൂടെകൂടെ ബിഷപ്പിന്‍റെ കൊട്ടാരത്തിൽ ഒരു മേല്‍ക്കൂരയ്ക്കു താഴെ താമസിച്ചിരുന്നു.  ഈ സ്ത്രീയുടെ ‍അത്ഭുത പ്രവൃ‍ത്തികളില്‍ ബിഷപ്പ് അങ്ങനെ ആകൃഷ്ടനായി. ഇവരുടെ വായില്‍നിന്നു രക്തം ചീറ്റുമ്പോൾ,‍ പ്രവചനങ്ങളും പരമാനന്ദ നിര്‍വൃതിയും ബിഷപ്പിന് അനുഭവപ്പെട്ടിരുന്നു. അരമനക്കു ചുറ്റും കൂടിയിരിക്കുന്ന ദുഷിച്ച ഭൂതപ്രേതാതികളെ ഇവരുടെ രക്തംകൊണ്ടു ശുദ്ധിവരുത്താമെന്നു ഈ സ്ത്രീ വാഗ്ദാനവും നല്‍കി. അവർ പറഞ്ഞതിന്‍പ്രകാരം പള്ളിയിലും അരമനയിലും  സ്ത്രീയുടെ അത്ഭുതകരമായ രക്തം എല്ലായിടവും തളിച്ചു. ഈചടങ്ങുകള്‍ സാധാരണ രാത്രികാലങ്ങളിൽ ചെയ്യുന്ന ഒരു ചാത്തന്‍സേവക്കു തുല്യമായിരുന്നു. ബിഷപ്പിന്   ഒരു കുട്ടിയുണ്ടാകുമെന്നും ജനനശേഷം കൊച്ചിരൂപതയുടെ  ആത്മീയരക്ഷകനാകുമെന്നും പ്രവചിച്ചു. വരുവാനിരിക്കുന്ന ലോകത്തിന്‍റെ രക്ഷകനായും ഈ കുഞ്ഞ്‌  അറിയപ്പെടും. ബിഷപ്പിനെ പരാമര്‍ശിച്ചു ദുഷിച്ച പ്രചരണം നടത്തിയ  പുരോഹിതരെയും സ്ഥലമാറ്റം നടത്തി. ഇതായിരുന്നു ജോണ്‍ തട്ടുങ്കല്‍,‍ എന്നബിഷപ്പിന്‍റെ കഥ .


ശുദ്ധീകരണസ്ഥലം വിറ്റ്  അന്നത്തെ മാര്‍പാപ്പ വത്തിക്കാൻകൊട്ടാരം പണിതു. ശുദ്ധീകരണസ്ഥലം, കുര്‍ബാനയെ ദൈവരക്തമാക്കുക, കൊന്തനമസ്ക്കാരം, എന്നിങ്ങനെയുള്ള ആചാരങ്ങളൊന്നും പണ്ടുള്ള സഭയിലുണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന സഭയിലെ അജ്ഞാതരായ പുര്‍വികർ നിത്യനരകത്തിലോ?


ഭൂമിയിലെ ജീവിക്കുന്നവർ  മരിച്ചു  പോയവര്‍ക്കായി പണം  പുരോഹിതനു നല്‍കിയില്ലെങ്കിൽ ശുദ്ധീകരണസ്ഥലത്ത്  ആത്മാക്കളുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്നു സഭ പഠിപ്പിക്കുന്നു. പാപത്തിന്‍റെ ഫലം മരണം, പിതാവുമായി വേര്‍പെട്ടു നിത്യനരകമെന്നു വചനവുംപറയുന്നു. യേശുവിൽമാത്രം വിശ്വസിക്കുക, അവൻ വഴിയും സത്യവും ജീവനുമാകുന്നു. ഈ വചനങ്ങളെ ധിക്കരിച്ചു കത്തോലിക്കാസഭ ശുദ്ധീകരണസ്ഥലബാങ്ക് ആരംഭിച്ചു.


 


ക്രുസ്തുവിൽ വിശ്വസിക്കാത്തവരെ ഇവർ  ‍പാപികളെന്നു വിളിക്കുന്നു. ക്രിസ്തുവിനെപ്പറ്റി അഗാധമായി പഠിച്ച ഡോക്ടര്‍ രാധാകൃഷ്ണനും സ്വാമി വിവേകാനന്ദനുംമറ്റും മാര്‍പാപ്പാമാരെക്കാളേറെയും ദൈവശാസ്ത്രമറിയാമെങ്കിലും അവരും പാപികള്‍തന്നെ. ആരെയും ഈ മഹാന്മാര്‍ കൊന്നിട്ടില്ല, മോഷ്ടിച്ചിട്ടില്ല. അവരെ പാപികളെന്നു വിളിക്കുവാൻ എന്തവകാശമാണു‌ ക്രിസ്ത്യാനികള്‍ക്കുള്ളത്.


 









 
 
 

 


 
 
 
 

1 comment:

  1. Appol e visudhanmar okke fake ano padre pio yude murivukal fake ano

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...