Thursday, May 9, 2013

33.കാലോചിത നിയമ പരിഷ്ക്കാരങ്ങളില്‍ സഭയുടെ എതിര്‍പ്പ്







എവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നുവോ അവിടെ നിയമം  അവസാനിക്കുന്നു. അരാജകത്വവും തുടങ്ങും. ഇത് അമേരിക്കൻ ഭരണഘടനാ  ശില്പി യായ ജെഫെഴ്സൻ പറഞ്ഞതാണ്.  സർക്കാരിന്‍റെ നിയമസംഹിതകളുടെപരിധിയില്‍പ്പെട്ടതല്ല സഭാവക സ്വത്തുക്കളെന്നുള്ളത് ആധുനികകാലത്തിന്‍റെ ഒരു അപവാദമാണ്. സമത്വം, സ്വാതന്ത്ര്യം  സാഹോദര്യം എന്നീ മഹനീയ ആശയാധിഷ്ഠിതമായ ഒരു രാഷ്ടത്തിന്‍റെ തത്ത്വങ്ങള്‍ക്കുള്ളില്‍ത്തന്നെ സഭാതാത്പര്യങ്ങള്‍ക്കായി സമത്വസുന്ദരമായ ഭാരതം എന്ന ആദർ‍ശം ഇവിടെ ബലികഴിച്ചിരിക്കുകയാണ്.

ഹിന്ദുവിനും  മുസ്ലീമിനും ഒരു നിയമം, ക്രിസ്ത്യാനിക്ക് മറ്റൊരു നിയമം. ഇത്തരം കിരാത നിയമം മറ്റേതെങ്കിലും രാഷ്ട്രത്തിലുണ്ടോയെന്നും വ്യക്തമല്ല. ഈ സ്വാർ‍ഥനിയമങ്ങളെ മറികടന്നു കേരളത്തിലെ പ്രഗല്ഭനായ  മുൻസുപ്രീം  കോടതി ജഡ്ജി കൃഷ്ണയ്യർ തയ്യാറാക്കിയ ബില്ലിന്‍റെ നക്കലിനെയാണ് ചർച്ച് ആക്റ്റെന്നു പറയുന്നത്. ബില്ലിന്‍റെ നിയമവശങ്ങളും പ്രായോഗിക വശങ്ങളും വാദവിവാദങ്ങളില്‍ക്കൂടി  ചർ‍ച്ച ചെയ്തുവെന്നല്ലാതെ നാളിതുവരെയും നിയമപാലകരുടെ മേശയില്‍ എത്തിയിട്ടില്ല. സംഘടനാതലങ്ങളിലും സാമൂഹികരംഗങ്ങളിലും നിയമം പ്രായോഗികമാക്കുവാൻ ഒച്ചപ്പാടുകളുണ്ടെങ്കിലും പൌരാഹിത്യശക്തിയിൽ അവതരിപ്പിക്കുവാൻ, പോകുന്ന ബില്ല്  കാറ്റത്തുലയുന്ന വെറും കടലാസ്സുകഷണങ്ങളായി അവതരിപ്പിക്കുന്നവരുടെ  കൈവശം തന്നെയുണ്ട്‌.  
സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്‍റെയോ  പുരോഹിതന്‍റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്.   മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവും ഇല്ല. സ്വത്തുക്കൾ  കൈകാര്യം ചെയ്യുന്നത്  ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ  സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല.
സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക് സർ‍ക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട്  ഉദ്ദേശിക്കുന്നുള്ളൂ. സഭയുടെ സ്വത്തുക്കൾ ഇന്ന് അതിന്‍റെ   നിയന്ത്രണത്തിലുള്ളവരുടെ വീടുകളില്‍നിന്നും കൊണ്ടുവന്നതല്ല. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാസ്വത്തുക്കൾ സർ‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്.
 
നീതിന്യായകൊടതിയിലെ പ്രഗത്ഭ ജഡ്ജിയായിരുന്ന  ശ്രീ കൃഷ്ണയ്യരുടെ പരിഗണനയോടെ വന്ന ബില്ലിനെ മൂന്നുവർ‍ഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർ‍ച്ച് ആക്റ്റിനെ എതിർ‍ക്കുന്ന പുരോഹിതർ തങ്ങളുടെ ധാർ‍മ്മിക ഉത്തരവാദിത്തത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്.? കാര്യങ്ങൾ  എന്തുകൊണ്ട്   പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും വസ്തുനിഷ്ഠമായി പരിഗണിക്കുന്നില്ല.
 പുരോഹിതരുടെ നിയന്ത്രണത്തിലിരിക്കുന്ന വൻ‍സ്വത്തുസമാഹരണം അവരുടെ പൂർ‍വികസ്വത്തല്ല. മഠം വക സ്വത്തുക്കളും സ്ഥാവരസ്വത്തുക്കളും ബിഷപ്പിന്‍റെ കൊട്ടാരങ്ങളും തലമുറകളായി സംഭാവനകള്‍ കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്. അടുത്തകാലത്ത് അനിയന്ത്രിതമായി നിയമാനുസരണമല്ലാതെ പല പള്ളികളും പണം ബ്ലേഡിലും മറ്റുമിട്ട്  ഇരട്ടിച്ചിട്ടുണ്ട്. തന്മൂലം സ്വത്തിന്‍റെ പരിധി എത്രമാത്രം ഉണ്ടെന്ന്  ഇടവകക്കാർക്കുപോലും അറിയില്ല. ഗള്‍ഫില്‍നിന്നു വരുന്ന സാധാരണക്കാർക്കു  മാത്രമേ പണത്തിനു നിയന്ത്രണമുള്ളു. ഇന്നുള്ള നിയമം അനീതിയാണ്. വിദേശവരുമാനത്തിനു നികുതി കൊടുക്കണമെന്നാണ് നിയമം. ഇന്ന് വിദേശ വരുമാനം വെട്ടിച്ചു കേരളകത്തോലിക്കസഭ നികുതി വെട്ടിപ്പിന്‍റെ വലിയഒരു മാഫിയാ സംഘടന ആയിരിക്കുകയാണ്. സർ‍ക്കാരും രാഷ്ട്രീയ സംഘടനകളും പള്ളിയുടെ നിയമത്തില്‍ നിശബ്ദത പാലിക്കുന്നത്  അല്മായനു വ്യക്തമല്ല.
 ചർച്ച്ആക്റ്റ് പരിധിയിൽ പള്ളിസ്വത്തുക്കളെല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പള്ളി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ, പള്ളിയോടനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങൾ, പള്ളി നിലകൊള്ളുന്ന ഭൂമി, ഭാവിയിൽ പള്ളിപണിയാൻ പദ്ധതിയിടുന്ന ഭൂമികൾ, സെമിത്തേരികൾ, പള്ളി വാങ്ങിയിട്ടുള്ള മറ്റു സ്വത്തുക്കളും ഭൂമിയും, പള്ളിക്കായി ദാനം കിട്ടിയ വസ്തുക്കൾ, സെമിനാരികൾ, ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജു അനാഥ ശാലകൾ,പുരോഹിതരുടെ വാസസ്ഥലം, ധ്യാന കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ,  കൃഷിഭൂമികൾ, പത്രമാധ്യമങ്ങളും അനുബന്ധിച്ചുള്ള സ്വത്തുക്കളും ഒക്കെ ചർച്ച്ആക്റ്റ് നിയമത്തിന്‍റെ പരിധിയിൽ വരും.
കൃഷ്ണയ്യരുടെ നിയമം നിർ‍ദ്ദേശിച്ചിരിക്കുന്നത്, ജനാധിപത്യരീതിയില്‍ പള്ളിഭരണം നടപ്പിലാക്കുവാനാണ്. ഇടവകയില്‍ പതിനെട്ടുവയസ്സു  തികഞ്ഞവർ‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കും. ഇവരായിരിക്കും ട്രസ്റ്റ് അസംബ്ലി അംഗങ്ങളെയും നേതാക്കളെയും തിരഞ്ഞെടുക്കുന്നത്. ട്രസ്റ്റ് അസംബ്ലിയില്‍ ഓരോ ഇടവകയിലും കണക്കു പരിശോധിക്കുന്നതിന്   മൂന്നു അംഗങ്ങളെയും (auditors) അംഗസംഖ്യാനുപാതികമായി കൂടുതല്‍ അംഗങ്ങളെയും (auditors) തെരഞ്ഞെടുക്കണം. ഓരോ മുന്നൂറു കുടുംബങ്ങളെയുംഒരു യൂണിറ്റായി കണക്കാക്കും.
ഇടവകയിലെ യുണിറ്റു സംസ്ഥാനതലത്തിൽ  ഉള്ളവരെയും തെരഞ്ഞെടുക്കും. ഒരുരൂപതയ്ക്ക് ഇരുപത്തിയഞ്ചു ട്രസ്റ്റികളെയും തിരഞ്ഞെടുക്കാം. സർ‍ക്കാരില്‍നിന്നു കണക്കുപരിശോധകരായി (auditors) പ്രാവിണ്യം നേടിയവരെയും തെരഞ്ഞെടുക്കണം. യോഗ്യരായവരെ മാത്രമേ ഓരോ സ്ഥാനങ്ങളിലേക്കായി  തെരഞ്ഞെടുക്കുവാൻ  പാടുള്ളൂ. സഭയുടെ വിശ്വാസത്തിനെതിരായി പ്രവർ‍ത്തിക്കുന്നവരെ, നിരീശ്വരന്‍മാരെ, കുറ്റവാളികളെ, ഭരണകാര്യങ്ങളിൽ, ‍അയോഗ്യത കല്‍പ്പിച്ച്  ഒഴിവാക്കിയിട്ടുണ്ട്. മാനസികരോഗികള്‍ക്കും കുടിയന്മാർ‍ക്കും മയക്കുമരുന്നിനടിമപ്പെട്ടവർ‍ക്കും സഭയുടെ ഭരണകാര്യങ്ങളില്‍ പങ്കുകൊള്ളൂവാന്‍ അവകാശമില്ല.
 ഹൈക്കോടതിയുടെ ഒരു വിധിയിൽ അല്മായനു സഭാപരമായ സ്വത്തുക്കളിൽ നിയന്ത്രണവും അവകാശവും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടവകക്കാർക്കോ  സ്വതന്ത്രരായി   തെരഞ്ഞെടുക്കപ്പെടുന്ന പള്ളിയിലെ അല്‍മായ കമ്മിറ്റിക്കോ  സഭാപരമായ സ്വത്തുക്കള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നു 2012 ഒക്റ്റോബറിൽ, ഹൈക്കോടതി ജഡ്ജി കെ. വിനോദചന്ദ്രന്‍റെ  ന്യായവിധിയിലുണ്ട്. കൊല്ലം, മുക്കാട് തിരുക്കുടുംബ ദേവാലയത്തില്‍ ഇടവകക്കാരും പള്ളിഅധികാരികളും തമ്മിലുള്ള കേസിന്‍റെ വിധിന്യായമാണിത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലുള്ള  ഓരോ പള്ളിയിലെയും ഇടവകക്കാർ ഒത്തുചേർ‍ന്ന്  പള്ളിക്കെതിരായി ഇത്തരം അനേകം  വിധികള്‍ നേടിയാൽ ചർ‍ച്ച് ആക്റ്റിനു കാലക്രമത്തിൽ,പുരോഹിതർ,‍  കീഴ്പ്പെടേണ്ടിവരും.
അല്മായനു അനുകൂലമായ വന്ന വിധി പുരോഹിതലോകത്തെ  ഞെട്ടിച്ചിട്ടുണ്ട്.  വിധിന്യായത്തിലെ പകർ‍പ്പുകള്‍ കണ്ടിട്ടും പുരോഹിതർ  സ്വേഛ്ചാധിപത്യം തുടരാമെന്നും  ചിന്തിക്കുന്നു. കാനോൻ നിയമങ്ങൾ, രാജ്യത്തിന്‍റെ മണ്ണിൽ പയറ്റി ചിലവാക്കുവാനുള്ള സാധ്യതകളും പുരോഹിതർ ആരായുന്നുണ്ട്. പള്ളിവക സ്വത്തുക്കൾ ക്രയവിക്രയം  ചെയ്യുവാൻ അതാതു പള്ളികളുടെ രൂപതയിലെ ബിഷപ്പിന്‍റെയോ വികാരിയുടെയോ പൂർ‍ണ്ണ സമ്മതപത്രം വേണമെന്നുള്ളതാണ്, കാനോൻ നിയമവ്യവസ്ഥ കോടതി ഉത്തരവിനു  തികച്ചും വിപരീതവും. ഉത്തരവില്‍ ഇങ്ങനെ പറയുന്നു. "ഒരു രാജ്യത്തിന്‍റെ നിയമങ്ങള്‍ക്കുപരിയായി മറ്റൊരു രാജ്യത്തിന്‍റെ നിയമങ്ങൾ സാധൂകരിക്കുകയില്ല. ഭരണഘടന അനുശാസിക്കുന്നില്ല."  ഈ വിധിന്യായ പ്രകാരം രാജ്യത്തിന്‍റെ ബില്ല്യൻ ബില്ല്യൻ രൂപാ കണക്കിനുള്ള സ്വത്തുക്കൾ ബിഷപ്പുമാരും പുരോഹിതരും മാത്രം കൈകാര്യം ചെയ്യുന്നതും രാജ്യദ്രോഹം ആണ്.   സ്വേച്ഛാധിപതികളായ പള്ളിയധികാരികൾ അല്മായന്‍റെ മറവിൽ,‍ രാജ്യത്തിന്‍റെ നിയമങ്ങളെ  ലംഘിച്ച്   തങ്ങളുടെ അധീനതയില്‍ത്തന്നെ  സ്വത്തുക്കള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതു സഭയ്ക്കും നാടിനും ഒരു ശാപമാണ്.
 ഈ വിധിന്യായത്തിലൂടെ റോമാസാമ്രാജ്യത്തിന്‍റെ നിയമങ്ങൾ ഇനിമേൽ ഈ രാജ്യത്തു നിലനില്‍ക്കുകയില്ലെന്നും വ്യക്തമാണ്. ഭാരതത്തിലെ വായുവിനും വെള്ളത്തിനും വസ്തുവിനും  റോമായിലിരുന്നു  ഭരിക്കുന്ന ഒരു  മാർ‍പാപ്പാക്ക്   എന്തധികാരമാണ് ഇന്ത്യൻ ഭരണഘടന കല്‍പ്പിച്ചിരിക്കുന്നത്? അധികാരം ക്രിസ്തുവിന്‍റെ ആത്മീയസാമ്രാജ്യത്തിൽമാത്രം പോരേ ? അതിനുപരി അധികാരഭ്രാന്തുപിടിച്ചു സഭാസ്വത്തുക്കള്‍ ഇന്നും കൈവശം വെച്ചുകൊണ്ടിരിക്കുന്ന  പുരോഹിതർക്കു  നിയമത്തിന്‍റെ സംരക്ഷണം നല്‍കുന്നതു കുറ്റകൃത്യം തന്നെയാണ്. 
രാജ്യത്തിന്‍റെ പൌരനിയമങ്ങളുടെമേൽ,‍ കാനോൻനിയമം എന്ന വൻകൊട്ട കെട്ടിയിരിക്കുന്നത് പരമാധികാരമുള്ള ഒരു രാജ്യത്തിന്‍റെ
 നിയമത്തെത്തന്നെ ചോദ്യം ചെയ്യലാണ്. അധികാരികളുടെയും മാഫിയാ ഭരണാധികാരികളുടെയും ശക്തമായ പിന്തുണയുള്ളതുകൊണ്ട്, അല്മായനു  പ്രതികരിക്കുവാനും  സാങ്കേതിക തടസ്സങ്ങളുണ്ടാകും.
പുരോഹിതർ‍ക്ക്, ദൈവശാസത്രത്തിനുള്ളിൽമാത്രം  കാനോൻ നിയമത്തിന്‍റെ അധികാരപരിധി ഉറപ്പിച്ചാൽ,‍ മതിയാവുകയില്ലേ?  കാനോൻ നിയമങ്ങളുമായി ഇന്ത്യൻനീതിന്യായകോടതികളിൽ, വാദിക്കുവാൻ  ഇവർ‍ക്കെങ്ങനെ ധൈര്യം വന്നു. നീതിന്യായ കോടതികളിലെത്തുന്ന  വക്കീലന്മാരും ജഡ്ജിമാരും തങ്ങളുടെ സമയം ചെലവഴിച്ച്  കാനോൻ നിയമങ്ങളും പഠിക്കണമോ?   കാനോൻ നിയമം അനുസരിച്ച്  സഭകള്‍ക്കും ഈർ‍ക്കിലി ക്രിസ്ത്യൻ‍സഭകള്‍ക്കും വെവ്വേറെ നിയമങ്ങൾ ഉണ്ടാക്കി ഇന്ത്യൻ കോടതിയിൽ ‍ വാദിക്കാമല്ലോ? ഹൈക്കോർട്ടില്‍നിന്നും  ഫുള്‍ബെഞ്ചിൽ പള്ളിയുടെ വാദങ്ങള്‍ക്കെതിരായി  വന്ന വിധി അല്‍മായ മുന്നേറ്റത്തിന്‍റെ പ്രതീക്ഷകളുടെതായ ഒരു നാഴികക്കല്ലായും കണക്കാക്കാം.
ചർ‍ച്ച്ആക്റ്റ്  നടപ്പിലാക്കുന്നതു വഴി ആദിമസഭയിലെ ചൈതന്യം ക്രിസ്തീയസഭകളിൽ വീണ്ടും പ്രകാശിതമാകുവാൻ വഴിതെളിയിക്കും. ജനാധിപത്യവ്യവസ്ഥിതിയില്‍ക്കൂടി സഭയിൽ അല്മായനു കൂടുതൽ പങ്കാളിത്തം  ലഭിക്കും. നിയമങ്ങളാകമാനം ബൈബിൾ വിശ്വാസധിഷ്ഠിതമായിരിക്കും. നിയമങ്ങൾ പ്രായോഗികമാക്കുന്നതും ക്രൈസ്തവരുടെ വികാരമൂല്യങ്ങള്‍ക്കനുസരിച്ചായിരിക്കും. നിയമം പാസ്സായാൽ  സഭയെ ഭരിക്കുന്നത്   ഇടവകയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരും  രൂപതയെ  പ്രധിനിധാനം ചെയ്യുന്നവരും സർക്കാരില്‍നിന്നുള്ള ഉദ്യോഗസ്ഥരുമടങ്ങിയ കമ്മറ്റിയുമായിരിക്കും.  ഇന്നുള്ള സഭയുടെ അടിസ്ഥാന നിയമങ്ങളെയോ, അഭിപ്രായങ്ങളെയോ സഭാപരമായ പഠനങ്ങളെയോ വിശ്വാസത്തെയോ ദൈവശാസ്ത്രത്തെയോ  യോഗം ചോദ്യം ചെയ്യുകയില്ല. ‍ സഭയുടെ താത്ത്വിക മേഖലകളില്‍നിന്നും പരിപൂര്‍ണ്ണമായും അകന്നുള്ള സമീപനത്തോടുകൂടിയ കാര്യപരിപാടികളായിരിക്കും തെരഞ്ഞെടുക്കപ്പെട്ട നിയമ സംഹിത പ്രവർ‍ത്തകർക്കു നല്‍കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചു ആക്റ്റ് പാസായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നതു സഭയ്ക്കായിരിക്കും. കോടികണക്കിനു രൂപയാണ്  പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ  സ്വത്തിൽനിന്നു  കട്ടുമാറ്റുന്നത് . പണത്തിന്‍റെ മേല്‍നോട്ടം മുഴുവൻ ഇവരുടെ ഉത്തരവാദിത്തത്തിൽ ആയതുകൊണ്ട്  ആരും ചോദ്യം ചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (auditing) സഭയുടെ സ്വത്തുക്കളിലും  വരവുചെലവു കണക്കുകളിലും  ഉണ്ടെങ്കിൽ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ സാധിക്കും. പള്ളി തികച്ചും ഒരു ഫാക്ടറിപോലെ വ്യവസായസ്ഥാപനമായി മാറിയിരിക്കുന്നു.  ജനങ്ങളുടെ പരിപാലനത്തിനായി ഒരു രാഷ്ട്രത്തിനു മൂന്നു ഘടകങ്ങളാണുള്ളത്. ഒരു  വ്യക്തി,  വ്യക്തിസ്വാതന്ത്ര്യം,   ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള കടമ. ഇതു മൂന്നും സംരക്ഷിക്കേണ്ടത്   ഒരു വിദേശരാജ്യമല്ല. നിലവിലുള്ള സഭയുടെ സ്വത്തുക്കൾക്കു സംരക്ഷണം നല്‍കുന്നത്  വത്തിക്കാൻ ‍പോലീസല്ല . ജനങ്ങളുടെ നികുതികൊണ്ടു പോറ്റിപ്പുലർ‍ത്തുന്ന ഭാരതത്തിന്‍റെ നിയമപാലകരാണ്.
വിശ്വാസികളുടെ പണം സ്വീകരിക്കുന്നവർ ആ പണം എങ്ങനെ ഉപയോഗിക്കുന്നുവെന്ന്  അറിയുവാൻ  വിശ്വാസിക്ക് അവകാശമുണ്ട്. ഈ സ്വത്തുക്കൾക്ക്  സംരക്ഷണം നല്‍കുന്ന സർക്കാരിന്  സഭയുടെ സ്വത്തിന്മേല്‍ നികുതി പിരിക്കുവാനും അവകാശമുണ്ട്. എന്നാൽ നികുതി പിരിക്കുവാൻ ചർച്ചു ആക്റ്റ് ഉപദേശിക്കുന്നില്ല.
  സർക്കാരിന്‍റെ ഓഡിറ്റ്‌ ചെയ്ത  പള്ളിസ്വത്തു വിവരങ്ങൾ പരിശോധിച്ചാൽ വൻ‍കിട കൊള്ളയുടെ ചരിത്രങ്ങൾ പുറത്തു വരുമെന്നു ഇവർ ‍ഭയപ്പെടുന്നു. പല മാടമ്പി കൈക്കാരന്മാരുടെ വീടുകളും ജപ്ത്തി ചെയ്യപ്പെട്ടേക്കാം. ചെക്കൊസ്ലോവാക്യയിലെ കമ്മ്യുണിസ്റ്റ്കാരുടെ മുമ്പിൽ പുരോഹിതർ  ‍ പണ്ടു തലകുത്തി വീണതുപോലെ ഇവിടെയും സംഭവിക്കുവാൻ മേലാതില്ല.
അധികാരം ആദ്യം ദൈവത്തിനും പിന്നെ ഭരിക്കുന്ന ഭരണകൂടത്തിനും എന്നൊക്കെ കീറാമുട്ടികൾ പറഞ്ഞു  ദൈവത്തെപ്പോലും പുരോഹിതർ കള്ളനാക്കുകയാണ്. ഭൂമി മുഴുവൻ സൃഷ്ടിച്ചതു ദൈവമാണെന്നും  മറ്റും  പുരോഹിത മേധാവിത്വം അനുശാസിക്കുന്നു.  ‍ വിശ്വാസികളെ പറഞ്ഞു  കബളിപ്പിച്ചു വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമകളായി. ദൈവത്തിന്‍റെ ഭൂമിയിൽ സർ‍ക്കാരിന്  അവകാശമില്ലായെന്നു ‍ ചിന്തിക്കുന്നു.
പള്ളിക്കൊള്ളകൾ പുറത്താകുമെന്നു വന്നതോടെ നന്മയുടെ പ്രവചകരെന്നു നടിക്കുന്ന ഇവർ ചർച്ച്  ആക്റ്റിനെ  എതിർ‍ക്കുന്നതിലൂടെ തനിനിറം പുറത്തിറക്കുകയാണ്.കൃഷ്ണയ്യരുടെ ബില്ല്പോലെ ഭരണഘടനയുടെ 26-)o വകുപ്പ് അനുസരിച്ചു നമ്മുടെ രാജ്യത്തിനു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുവാൻ നിയമങ്ങളുണ്ട്. പള്ളിയുടെ അധികാരം ഇടവകക്കാർ‍ക്ക് വിട്ടുകിട്ടിയാല്‍തന്നെ പിന്നെയും കോടാനുകോടി  രൂപായ്ക്കുള്ള ഭൂസ്വത്തുക്കളും സ്ഥാപനങ്ങളും ബിഷപ്പുമാരുടെ അധീനതയിൽ തന്നെയല്ലേ? അതിന്മേല്‍ അല്മേനിക്ക്  എങ്ങനെ അവകാശം സ്ഥാപിക്കുവാൻ പറ്റും? ബിഷപ്പും അച്ചന്മാരുമായി മാത്രം ട്രസ്റ്റിയോ കമ്പനിയോ ഇവർ‍ക്കു സ്ഥാപിക്കാമല്ലോ?   ഇങ്ങനെ ഉത്തരം കിട്ടാത്ത നിയമവശങ്ങളുമായി പിന്നെയും കഥ തുടർന്നുകൊണ്ടിരിക്കും.  
 
കേരളചരിത്രം വിലയിരുത്തിയാൽ ‍ സ്വകാര്യ സ്കൂള്‍  മാനേജുമെന്റുകള്‍ക്കു  മുമ്പിൽ  ഭരണകൂടങ്ങളെന്നും കീഴ്പ്പെട്ടു ഭരണം നടത്തിയ ഒരു വ്യവസ്ഥ എല്ലാക്കാലത്തും കാണുവാൻ സാധിക്കും. ഇതിനൊരു അപവാദമായി1957ൽ വിമോചന സമരത്തിൽക്കൂടി താഴെ ഇറക്കിയ കേരളസംസ്ഥാനത്തിലെ  ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ ആദ്യത്തെ സർ‍ക്കാർ മാത്രമേയുള്ളൂ. അന്നു മുണ്ടശ്ശേരിമാഷ്‌ കൊണ്ടുവന്ന പരിഷ്കാരങ്ങൾ‍ക്കു തുരങ്കം വെച്ച നേതാക്കന്മാരും അഭിവന്ദ്യ തിരുമേനിമാരും ചരിത്രത്തിന്‍റെ തീരാകളങ്കങ്ങളാണ്.
സ്വകാര്യ മാനെജുമെന്റുകൾ‍ക്കെതിരെ ആദ്യം പരിഷ്കാരങ്ങൾക്കായി പദ്ധതികൾ കൊണ്ടുവന്നത് ശ്രീ സർ  C.P. രാമസ്വാമിഅയ്യർ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ അക്കാലത്ത്  അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങളെ ഇല്ലായ്മ ചെയ്യുവാൻ  പള്ളിപ്പടയ്ക്കു സാധിച്ചു. അന്നുമുതൽ സ്വതന്ത്രഭാരതത്തിലെ എല്ലാ ഭരണകൂടങ്ങൾ‍ക്കും സ്വാകാര്യസ്കൂൾ തലത്തിലെ മേലാളന്മാരെയും തിരുമേനിമാരെയും കാലുകൾ കഴുകി മാത്രമേ ഭരിക്കുവാൻ സാധിച്ചിട്ടുള്ളൂ. 
1948ല്‍ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. പ്രൈമറിസ്കൂൾ തലത്തിൽ എല്ലാ കുഞ്ഞുങ്ങൾ‍ക്കും സൌജന്യമായി  വിദ്യാഭ്യാസം നല്കുവാനായിരുന്നു ഈ ബില്ലിലെ വ്യവസ്ഥ. അന്നു സംസ്ഥാനത്തെ സ്കൂളുകൾ അധികവും ക്രിസ്ത്യൻ നിയന്ത്രണത്തിലായിരുന്നു.  ഇവരുടെ ശക്തമായ എതിർ‍പ്പുമൂലം ഈ പദ്ധതി നടപ്പാക്കുവാൻ സാധിച്ചില്ല. അങ്ങനെ അക്കാലത്തു പ്രൈമറി സ്കൂളില്‍ പഠിച്ചിരുന്ന  ആയിരകണക്കിനു നിർ‍ധനർക്ക് വിദ്യാഭ്യാസം നിഷേധിച്ചതും ഇന്നത്തെ തിരുമേനിമാരുടെ പൂർ‍വികതലമുറകൾ തന്നെയായിരുന്നു. ഫലം, തിരുമേനിമാരുടെ അടിയാളന്മാരായി വിദ്യാഹീനരായ ഒരു തലമുറയെ ഇവർ‍ക്കു സൃഷ്ടിക്കുവാൻ സാധിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം സ്കൂളുകൾ സർ‍ക്കാർ നിയന്ത്രണത്തിൽ ‍കൊണ്ടുവരുവാൻ ഒരു നീക്കമുണ്ടായിരുന്നു.  അക്കാലത്ത്  അദ്ധ്യാപകർ‍ക്കു കൃത്യമായി ശമ്പളം  കൊടുക്കാത്തുമൂലം മിക്ക അദ്ധ്യാപക കുടുംബങ്ങളും ദാരിദ്ര്യത്തിലായിരുന്നു. സ്കൂളുകൾ സർ‍ക്കാർ ഏറ്റെടുക്കുന്നത് അദ്ധ്യാപകർക്ക്‌  ആശ്വാസമായിരുന്നു. ഈ പദ്ധതികള്‍ക്കും തിരുമേനിമാർ തുരങ്കംവെച്ചു.
1950ൽ പനമ്പള്ളിയുടെ വിദ്യാഭ്യാസ പരിഷ്കാര പദ്ധതി കൊണ്ടുവന്നു. അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ സേവനവ്യവസ്ഥകൾ, സ്കൂൾഫീസ് ഏകീകരണം , കാര്യക്ഷമമായ അദ്ധ്യാപക നിയമനത്തിനുള്ള സർക്കാർ ചുമതലകൾ, ശമ്പള  വിതരണം  സർക്കാരിന്‍റെ നേരിട്ടുള്ള നിയമനവും എന്നിങ്ങനെ പുരോഗമനപരമായ   ആശയങ്ങളായിരുന്നു ഈ ബില്ലിലും ഉണ്ടായിരുന്നത്. കത്തോലിക്കാ പുരോഹിതലോകം അന്നും ഈ ബില്ല് ഇല്ലാതാക്കി.അങ്ങനെ നേതൃത്വവും ഉറപ്പിക്കുവാൻ സാധിച്ചു.
 ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ  കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവർ‍ഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകൾ ‍ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യഭിചരിച്ച കറുത്ത അധ്യായങ്ങൾ നിറഞ്ഞതാണ്‌. ചരിത്രം ഇന്നും മാറ്റമില്ലാതെ  തുടരുന്നു.
ആഗോളസഭകളുടെ ചരിത്രം അവലോകനം ചെയ്താലും കേരളചരിത്രം പോലെതന്നെ. ചെക്കൊസ്ലോവാക്യായിൽ  1948ല്‍ കമ്മ്യൂണിസ്റ്റു സർ‍ക്കാർ പള്ളികൾ മൊത്തം പിടിച്ചെടുത്തു. വൈദികരായ അനേകരെ ജയിലിൽ അടക്കുകയും വധിക്കുകയും ചെയ്തു. പിന്നീട് മതച്ചടങ്ങുകൾ  രഹസ്യപോലീസിന്‍റെ നിരീക്ഷണത്തിലാക്കി. വൈദികർ‍ക്കു ശമ്പളം കൊടുക്കുന്നതും സർ‍ക്കാർ ആയിരുന്നു. അങ്ങനെ കമ്മ്യൂണിസം തകർന്ന്   22 വർ‍ഷം കഴിഞ്ഞാണ് സഭയുടെ രണ്ട്‌  ബില്ല്യൻ ‍ഡോളർ ‍വിലമതിപ്പുള്ള സ്വത്തുക്കൾ തിരിച്ചു കൊടുക്കുന്നത്.  സോവിയറ്റു യൂണിയന്‍റെ പതനശേഷം മിക്ക സ്ലാവ് രാജ്യങ്ങളിലും കത്തോലിക്കാ സഭയ്ക്കു വീണ്ടും ഉണർ‍വുണ്ടായി. 1989 ല്‍ കാർ‍ഡിനൽ ഫ്രന്റിസേക് ഒമാസേകിന്‍റെ (Cardinal Frantisek omasek) നേതൃത്വത്തിൽ ‍ചെക്കൊസ്ലോവാക്യായിൽ സഭാനേതൃത്വത്തിൽ വലിയ ഒരു വിപ്ലവം ഉണ്ടായെങ്കിലും പോളണ്ടിലെപ്പോലെ ഫലം നേടിയില്ല.




















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...