Wednesday, May 8, 2013

ചാക്കോച്ചൻ പടന്നമാക്കൽ

ചാക്കോച്ചൻ പടന്നമാക്കൽ

പൂർവ്വകാലങ്ങളിലേക്ക് പിന്തിരിഞ്ഞ്  നോക്കുമ്പോൾ പ്രിയപ്പെട്ട  ചേട്ടൻ  ചാക്കോച്ചനെപ്പറ്റിയുള്ള  അനുസ്മരണകളുടെ  നൂറായിരം കഥകൾ കുമിളകൾപോലെ എന്റെ മനസ്സിലിന്ന്  പൊന്തി വരുകയാണ്. മരിച്ചിട്ട് പതിനഞ്ച് വർഷങ്ങളായെങ്കിലും അദ്ദേഹമില്ലാത്ത ലോകം ഇന്നും എനിക്ക് ശൂന്യമായി തോന്നുന്നു. ഒരേ  മതിൽക്കെട്ടിനുള്ളിൽ, വിഭിന്ന സ്വഭാവങ്ങളോടെ തല്ലും കൂടി, കളിച്ചുല്ലസിച്ച് താളം തെറ്റാതെ പ്രകൃതിയുടെ ഗീതങ്ങൾ പാടി   സ്നേഹിച്ചുനടന്ന രണ്ടു സഹോദരങ്ങളിൽ വിട പറഞ്ഞ ചേട്ടന്റെ  കഥയാണിതിലെ ഇതിവൃത്തം. ഈ ഓർമ്മകുറിപ്പുകൾ അദ്ദേഹത്തിന്റെ മക്കൾക്കും കൊച്ചുമക്കൾക്കുമായി ഞാനിന്ന്  കാഴ്ച വെയ്ക്കട്ടെ.  എന്റെ പേനയിൽ കുറിക്കുവാൻ കഥകളേറെയുണ്ട്. സാമൂഹിക  സംസ്ക്കാരിക  രംഗങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിപ്രഭാവമോ, യുവത്വകാലമോ, വൈവാവിക ജീവിതമോ, കുടുംബ കാര്യങ്ങളോ വിസ്താരഭയത്താൽ ഞാനിവിടെ കുറിക്കുന്നില്ല.  അദ്ദേഹമായുള്ള വൈകാരിക നിമിഷങ്ങൾ മാത്രമേ  പങ്കുവെക്കുന്നുള്ളൂ. മനസിനുള്ളിൽ ചിതറികിടക്കുന്ന  കൊച്ചോർമ്മകൾ    ഒരാത്മാവും  ഞാനും ഈശ്വരനുമൊത്തുള്ള  കൂടിച്ചേരൽ മാത്രം.

ചാക്കോച്ചൻ ജനിച്ചത്‌ കൊതമംഗലമടുത്ത് പള്ളിവാസ്സലിൽ ആയിരുന്നു. ഇന്നുണ്ടായിരുന്നെങ്കിൽ   ശിശിരകാലത്തിലെ കർക്കിടകത്തിന്റെ മുക്കാൽ നൂറ്റാണ്ടായ  സൂര്യോദയവും കാണുമായിരുന്നു. മൂത്ത പെങ്ങൾ ഗ്രേസ്സി ടൈഫോയിഡ് വന്ന് മൂന്നുവയസിനുമുമ്പ് മരിച്ചുപോയി. നാടെങ്ങും  മലമ്പനിയും കോളാറായുംമൂലം സഹികെട്ട്‌ അന്ന് ഉദ്യോഗത്തിലായിരുന്ന ഞങ്ങളുടെ ഇച്ചായാൻ അമ്മച്ചിയുമൊത്ത്  ചാക്കോച്ചൻ എന്ന കുഞ്ഞിനേയുംകൊണ്ട് കാഞ്ഞിരപ്പള്ളിയിൽവന്ന് താമസമാക്കി. രണ്ടാം ലോക മഹായുദ്ധത്തിലെ സാമ്പത്തിക മാന്ദ്യത്തിൽ ലോകം മുഴുവൻ ദുരിതത്തിലായിരുന്ന കാലവും.  കുട്ടിക്കാലംമുതൽ ചാക്കോച്ചൻ നാടിനും നാട്ടുകാർക്കും  പ്രിയപ്പെട്ടവനായിരുന്നു.  എക്കാലവും ഓമനത്തമുള്ള മുഖ ശ്രീയും അദ്ദേഹത്തിന്റെ സ്വത്തായിരുന്നു.

 ബാല്യം മുതൽ വഴക്ക് വിലക്ക് മേടിക്കാൻ നടന്ന ഒരു വികൃതിയും അതിനൊത്ത കൂട്ടുകാരും ഉണ്ടായിരുന്നു. സർ സി.പി. രാമസ്വാമി അയ്യരുടെ  സ്വേച്ഛാധിപത്യത്തിനെതെരെ  നിവർത്തന   പ്രക്ഷോപണത്തിൽ  ബാലനായിരുന്ന  ചാക്കോച്ചൻ   മുദ്രാവാക്യം വിളിച്ചതിന് കൂട്ടുകാരുമൊത്ത് അറസ്റ്റും ലഭിച്ചിട്ടുണ്ട്. ഈ കഥകൾ പറഞ്ഞു കേട്ടതല്ലാതെ എന്റെ ബാല്യകാല സ്മരണകളുടെ  ഉള്ളറയിൽ ഇല്ല.  വികൃതിയും തകൃതിയുമായ ഒന്നാം ക്ലാസ്സ്കാരൻ ഞാനും  അഞ്ചാം ക്ലാസുകാരൻ  ചാക്കോച്ചനും  ഇന്നെന്റെ   ഓർമ്മയിലെ നായകരാണ്.  കാലത്തിന്റെ ഒഴുക്കിൽ  അവകളെല്ലാം  സ്വപ്നങ്ങളുടെ അനുഭൂതികളായി മാറിപ്പോയി. മുട്ടോളം കാക്കിനിക്കറിടുന്ന  അഞ്ചാം ക്ലാസുകാരൻ  ഒരു  പ്രൊഫസറുടെ ഗമയിൽ   ഒന്നാം ക്ലാസ്സിന്റെ പടിവാതിക്കൽ എന്നെക്കാണാൻ വന്നു നിൽക്കുമ്പോൾ ചുറ്റുമുള്ള പീക്കിരിപിള്ളേർ പീക്കിരിയായ എന്നെ ഓടിവന്ന് വിളിക്കുമായിരുന്നു. 

മാതാവിന്റെ അതേരൂപത്തിലെ  പളുങ്കുമണികൾപോലെ മുഖഭാവങ്ങളോടുകൂടിയ  പുഞ്ചിരിക്കുന്ന  ഒരു സുന്ദരി  കന്യാസ്ത്രി അന്ന് ചേട്ടന്റെ ക്ലാസ് ടീച്ചറായിരിക്കുന്നതും ഓർക്കുന്നു.  അനുജനെന്ന നിലയിൽ എന്നെ ആ കുട്ടികന്യാസ്ത്രിക്കിഷ്ടമായിരുന്നു. പ്രേമങ്ങളൊന്നും മൊട്ടിടാത്ത ശൈശവത്തിന്റെ ഹൃദയഹാരിയായ മനോഹരിതയിൽ ഞാനും അവരെ ഇഷ്ടപ്പെട്ടിരുന്നു.  ചിലപ്പോൾ ഒന്നാം ക്ലാസ്സിൽനിന്ന് ക്ലാസ്കയറ്റം തന്ന് അവരുടെ ക്ലാസിൽ എന്നെ ഇരുത്തുന്നതും ഒർക്കുന്നു.   മടിയിൽ ഇരുത്തി പകർത്തെഴുതികൊണ്ടിരിക്കുന്ന ചേട്ടനെ ചൂണ്ടി കാണിച്ചുകൊണ്ട്  എന്നോട് പറയും, നോക്കൂ മോനെ, നിന്റെ ചേട്ടൻ എന്ത് മിടുക്കൻ. അവൻ ക്ലാസിൽ എന്നും  ഒന്നാമനാണ്‌. എനിക്ക് കിട്ടുന്ന മാർക്കുകൾ ആനമൊട്ടയെന്ന് തിരിച്ചറിയാത്ത കാലത്ത്  ചേട്ടനെപ്പറ്റിയുള്ള പുകഴ്ത്തലുകൾ അന്നെനിക്ക് മനസിലാകില്ലായിരുന്നു. ക്ലാസ്സ്പരീക്ഷകളിൽ  സ്ലേറ്റ് നിറച്ച് ആ വട്ടം ഇടുമ്പോൾ എന്നിൽ  ഒരു കലാകാരൻ അന്ന് ജനിക്കുകയായിരുന്നു. ചേട്ടനുമൊത്ത സുന്ദരമായ ആ   കുട്ടിക്കാലം ഇന്ന് കരളലിയും മലരണിക്കാടുകൾ പോലെയാണ്.   സ്ലേറ്റിനുള്ളിലെ ആനമുട്ടകണ്ട് വഴിയോരത്തെ തള്ളമാരുടെ കളിയാക്കലിലും ഞാനും ഒപ്പം സന്തോഷിച്ചു.  സ്കൂൾവിട്ട് ഒന്നിച്ചാണ് ഞങ്ങളെന്നും വീട്ടിൽ പോവുക.

ആനമൊട്ടക്ക് പുളിവാറടി അമ്മച്ചി തരുമ്പോൾ എന്നെ നോക്കി പല്ലിളിച്ച് പരിഹസിക്കുന്ന ചേട്ടനെയും ഓർക്കുന്നു.  കളിയാക്കുന്ന  ചേട്ടനെ സഹിക്കാൻ പാടില്ലാതെ  പോടാ പൂളോനെയെന്ന്‌ ഞാൻ വിളിക്കും. അത്  അദ്ദേഹത്തിനുള്ള   ത്രിപേരായിരുന്നു.   എനിക്കെതിരെ  ഹേ ഹേ പോത്തെ ഹൂ ഹൂം എന്ന പരിഹസിക്കുന്ന ഗാനങ്ങളുടൻ പൂളോനുരുവിടുകയായി.   അവനും എടായും വിളികളായി. എനിക്കുള്ള മറുപേരിൽകൂട്ടി  പാട്ടു പാടീലും. എന്റെ അനുജൻ ബാബുക്കുട്ടി  സഹായത്തിനോടിയെത്തും.  പിന്നെ പാട്ടുകൾകൊണ്ട് അധിക്ഷേപിച്ചുള്ള നിമിഷങ്ങൾ. കാലത്തിന്റെ ചുവരെഴുത്തിൽ  അതെല്ലാമിന്ന്  ആനന്ദ നൃത്തങ്ങളായിയുള്ളിൽ നിറയുന്നു.. കുട്ടിക്കാലത്തെ ബാബുക്കുട്ടിയെയും പരിഹസിച്ച്  പാട്ടുണ്ട് , 'ഹേ, കൊമുകാക്കാ കുട്ടയിൽ എന്താടാ, പച്ച മാങ്ങാ പഴുത്ത മാങ്ങാ കാശിക്കു  പോ.  കൂട്ടത്തിൽ പാട്ടുപാടാൻ മിടുക്കൻ കോമുവാണ്. പൂളൊൻ ഇരുന്നു മൂളിയെന്ന പാട്ട്‌ അവനന്ന് ഈണം വെച്ചു പാടുമായിരുന്നു.   കൂനനും കരടിയെന്ന മറുപേരുള്ള  മുള്ളിപ്പാറുവും  ജനിച്ചിട്ടില്ലാത്ത കാലം. ഇന്നിന്റെ ദിനങ്ങളിൽ പുത്തൻ തലമുറകൾ  പോത്തെന്നു  വിളിച്ചെന്നെ കളിയാക്കുമ്പോൾ അവരിലെ പാറുവിന്റെ  തർക്കങ്ങൾക്ക് അവകാശവും പരിഹാരവും   ഞാൻ  തീർക്കും. 

ഓർമ്മകൾ തൊടുത്തു വിടുന്നതിന് മുമ്പും ഞങ്ങൾ ചേട്ടാനുജൻമാർ അങ്ങനെ വിഭിന്നങ്ങളായ അഭിപ്രായങ്ങളോടെ വളർന്നു. തമ്മിൽ വഴക്കടിയും കൂട്ടുകൂടലും  നിത്യ സംഭവമായിരുന്നു.  വടിയുംകൊണ്ട് ഓടിവരുന്ന അമ്മച്ചിയെ കുരങ്ങു കളിപ്പിക്കുന്നതും പതിവായിരുന്നു. ഒന്നിച്ച് വഴക്കുണ്ടാക്കും. പരസ്പരം ത്രിപ്പേരുകൾ വിളിക്കും. വിസ്തൃതമായ സമതലങ്ങളിൽ കൂട്ടുകാരുമൊത്ത് കളിക്കുവാൻ പോവുമ്പോൾ കാറ്റും ഇടിയും മഴയും കൊള്ളിയാനും പ്രശ്നങ്ങളല്ലായിരുന്നു. തോട്ടിൻ കരയിൽ  ദീർഘ നേരം നടന്ന് കൂട്ടുകാരുമൊത്ത് മേലരിത്തോട്ടിൽ തത്തികളിച്ച കാലവും എന്റെ ഒർമ്മയിൽ ഉണ്ട്. വെള്ളവും കരയും മീൻ പിടുത്തവും നഞ്ചിടീലുമായി  തോട്ടിന്റെ തീരത്ത്‌  അങ്ങനെയെന്നുമെന്നും  ഉത്സവമുണ്ടായിരുന്നു .  കരിയിലകൂട്ടി തീയിട്ട് വരാലിനെയും മുഷിയേയും ചുട്ടു തിന്ന കാലങ്ങളുമുണ്ട്. അടുക്കളയിൽ നിന്ന് ഉപ്പും മുളകും  കക്കാൻ  മിടുക്കൻ ഞാനും. ചക്കുക്കുരുവും ആനിക്കുരുവും കപ്പ മുട്ടിയും കൂട്ടത്തിൽ ചുട്ടുതിന്ന സ്വാത്  നാക്കിന്റെ തുമ്പത്ത് ഇന്നുമുണ്ട്.

മൂവാണ്ടൻമാവിന്റെ ചുവട്ടിൽനിന്ന് മാമ്പഴത്തിനായി കാറ്റേ വാ കടലേ വാ എന്നു പാടും . വെറ്റിലയും പാക്കുമിടിച്ചു മാവിൻ ചുവട്ടിൽ വെക്കും. ഒരിക്കലും ആ തേൻ മാവ് നിരാശനാക്കിയിട്ടില്ല. കുട്ട നിറച്ച്  മാമ്പഴവുമായി ഞങ്ങൾ വീട്ടിൽ എത്തും. മാമ്പഴംകൊണ്ട് അമ്മച്ചിയുണ്ടാക്കുന്ന മധുരമുള്ള തെര ഇന്നും നാക്കിന്റെ തുമ്പത്തിൽ വെള്ളം ചാർത്തുന്നുണ്ട്. തോട്ടിനിക്കരെയിൽനിന്ന് അക്കരയിലെത്തുന്ന ചെങ്ങാതി ശത്രുക്കൾക്കുനേരെ കല്ലെറിയുമ്പോൾ രക്ഷയുടെ കവാടവും ഈ മൂവാണ്ടൻ മാവായിരുന്നു. വെല്ല്യവീട്ടിലെ പിള്ളേരെ കല്ലെറിയുന്നുവോയെന്ന് ചോദിച്ചുകൊണ്ടോടി വരുന്ന അമ്മച്ചിയിൽനിന്ന്  രക്ഷപ്പെടാനും  മൂവാണ്ടൻ മാവിന്റെ  ഉയരങ്ങളിലുള്ള ശിഖരങ്ങളുണ്ടായിരുന്നു.

അമ്മച്ചിടെ നാട്ടിലെ കുട്ടൻനാടൻ പുഞ്ചവയലിലും ഞങ്ങൾ തത്തികളിച്ചിട്ടുണ്ട്. കരുമാന കുട്ടന്മാരായ പശുകിടാങ്ങളുടെ തൊഴുത്തിലും കച്ചിത്തുറയുടെ മറവിലും കള്ളനും പോലീസും കളിക്കും.  വള്ളവുമായി കായലിൽ കളിക്കുന്ന ഞങ്ങളെ പിടിക്കാൻ അമ്മച്ചീടെ ആങ്ങള കൈപ്പുടമുണ്ടനെന്ന് ഇച്ചായൻ  വിളിക്കുന്ന ഔതച്ചായനും ഓടിയെത്തും. വടിയുമായി മറ്റൊരമ്മാവൻ വള്ളോനെന്ന് കളിയാക്കുന്ന വർക്കിച്ചനും  ചേടത്തി  വക്കീലമ്മായിയും കാണും. തുഴയാൻ വശമില്ലാത്ത കിഴക്കൻ മൂളികളെന്ന് വിളിച്ച് ഞങ്ങളെ തെങ്ങിനീർക്കിലികൊണ്ട് തല്ലും.

 പ്രകൃതിയും മണ്ണും വെള്ളവും സ്നെഹവുമൊത്തായിരുന്നു ഞങ്ങളുടെ ജീവിതം. കീഴ്ക്കാൻതൂക്കായി വെള്ളം ഒഴുകുന്ന മേലരിപ്പാറയും കയ്യാല കൂട്ടങ്ങളും കരിയിലകളും മണ്ണും പൊടി പടലങ്ങളെല്ലാം  അന്നത്തെ ഞങ്ങളുടെ ജീവിതത്തിൽ തുള്ളിച്ചാടുന്നുണ്ടായിരുന്നു. പെരിയ മലവെള്ളത്തിൽ കൂട്ടത്തോടെ വരുന്ന അഴുക്കുചാനലിൽ ചാടി തടി പിടിക്കുകയെന്നതും ചേട്ടന്റെ ഹോബിയായിരുന്നു.  ആർത്തിരമ്പി വരുന്ന മലവെള്ളത്തിൽ തടി കരക്കെത്തിച്ചു  സഹായിക്കാൻ  കൂട്ടത്തിൽ കൂട്ടുകാരുമുണ്ട്‌. പിന്നെ തടിയുടെ പങ്കിനായിട്ട്  വഴക്കായി. തടി പലതായി കീറി വിറകാക്കി നാലണക്കു വിൽക്കും. ചുണ്ടത്ത് വലിക്കാൻ  ഒരണക്ക്‌ പത്ത് ബീഡി കിട്ടുന്ന കാലം. അകലെയൊരു വേലിയരുകിൽ അന്നത്തെ ബാലന്മാരൊത്ത് ചേട്ടൻ ബീഡി പുകകൾ ആകാശത്തിൽ തെറിപ്പിക്കുന്നതും ഇന്നലയുടെ എന്റെ ഓർമ്മകൾ മാത്രം . അമ്മച്ചിയോട്‌ പറയാതിരിക്കുവാൻ എനിക്കും രണ്ട് പുക തരും. തൃപ്തിപ്പെടും.  എന്നെയും കുറ്റവാളിയാക്കും.  ബീഡി വലിച്ചെന്നുള്ള കുറ്റക്കാരനായി ചേട്ടൻ എന്നെ വിധിയെഴുതും.  എന്റെ നാവടപ്പിക്കും.  തോട്ടിലെ വെള്ളത്തിൽ മൈലാഞ്ചിപോലെ ചുവപ്പിക്കുന്ന  എന്തുകൊണ്ടോ പല്ലു തേക്കും. വീട്ടിലെത്തിയാൽ അമ്മച്ചിക്ക് ബീഡി വലിച്ചോന്നറിയാൻ വാ മണക്കണം.   ഞാനും ചേട്ടനെ തല്ലിക്കാൻ അമ്മച്ചീടെ ചാരനായിരുന്നു. ബീഡി വലിച്ചെന്നറിഞ്ഞാൽ  അന്നടി തീർച്ച.


ഞാനന്ന്  മാറിനിന്ന്  സാഡിസ്റ്റിനെപ്പോലെ  ആർത്ത് ചിരിക്കുമായിരുന്നു.  രാത്രിയിലും പാവം കരയും. വേദനയെടുത്തോ മോനെയെന്ന് പറഞ്ഞ്, ബീഡി വലിച്ചിട്ടല്ലേ തല്ലിയതെന്ന് പറഞ്ഞ് അമ്മച്ചി ആശ്വസിപ്പിക്കും. പിറ്റേദിവസം  തടി വരുന്നുണ്ടോയെന്നറിയാൻ ചേട്ടൻ തോട്ടിൻ തീരത്ത് നിൽക്കും. കൊച്ചു വെളുപ്പാൻ കാലം. ചുണ്ടത്ത് ബീഡി കിട്ടിയില്ലെങ്കിൽ നിരാശ. ജനാൽ പടികളിൽക്കൂടി ഇച്ചായൻ വലിച്ചെറിയുന്ന കുറ്റിബീഡികൾ  പെറുക്കി അടുക്കളയിലെ തീയിൽ കത്തിച്ച് ആരും കാണാതെ വലിക്കും. ഉച്ചത്തിൽ കൂവാതെ അമ്മച്ചി അറിയാതിരിക്കുവാൻ  അഞ്ചു വയസുകാരനായ എനിക്കും  പുക തരും .  ഇന്നലെയുടെ പാവത്തിന്റെ കരച്ചിലിന് അന്നെനിക്ക് ദുഃഖം വരുകയില്ലായിരുന്നു. ചേട്ടൻ പുകകൾകൊണ്ട് കുമിളകളാകാശത്തിൽ പറപ്പിച്ചു കാണിക്കും. രണ്ടു പുകയകത്ത് കിട്ടിയാൽ ചേട്ടൻ  പിന്നെ കൈകൊട്ടിക്കളിയായി. കുടുകുടുവെന്ന കളി കളിക്കും. അയൽവക്കത്തെ കൂട്ടുകാരുമൊത്ത് വൈകുന്നേരം കിളികളിയുമുണ്ട്. മുറ്റത്തെ മണൽ ത്തെറിപ്പിച്ച കളിയിൽ കുപിതനായ ഇച്ചായന്റെ അഭിക്ഷേകാഗ്നി വേറെയും.  കുടുകുടു പിള്ളേരെ ഇച്ചായൻ ഒടിക്കും. ഇച്ചായന്റെ വാ മൊഴിയിലെ അശ്ലീലങ്ങളായ  സുകൃതജപത്തിൽ ചെവി പൊത്തികൊണ്ട് അന്നത്തെ കുട്ടിപ്പട  നിശബ്ദരായി മടങ്ങിപ്പോവുമായിരുന്നു.ഒരിക്കൽ കൂട്ടുകാരുമൊത്ത് വിളിക്കാത്ത കല്ല്യാണസദ്യക്ക്  പോയ ചേട്ടനെ കല്ല്യാണ പന്തലിൽനിന്നും ഇച്ചായൻ പിടിച്ചുകൊണ്ട് വരുന്നതും ഓർക്കുന്നു.  തോട്ടിൽ ആന വന്നാലും ലോറി വന്നാലും എട്ടണക്ക്‌ കഴുകാൻ ചേട്ടനും കൂട്ടുകാരുമുണ്ട്‌. ലോറിയിലെ സൗജന്യ സവാരിയും ആനപ്പുറത്തിരിക്കലും  കോമാളിചേട്ടന്റെ   ഹോബിയായിരുന്നു. ദൂരെ നില്ക്കുന്ന എന്നെ കയറ്റില്ല. ആനപ്പുറത്തിരുന്ന്‌  വിഡ്ഡിയുടെ  ചിരിയുമായി ചുറ്റുവട്ടം കൈകൾ കാണിക്കും.
 

 അഞ്ചാംക്ലാസ് കഴിഞ്ഞ് പിന്നീട് ഹൈസ്കൂൾ പതിനൊന്ന് തീരുന്നതുവരെ ചാക്കോച്ചൻ പഠിച്ചത്‌ മാന്നാനം ഹൈസ്കൂളിൽ ആയിരുന്നു. നാട്ടിലെ പട്ടി ചെവിയൻ, അടമക്കണ്ണൻ ഇട്ടിരായുടെ  മകൻ അപ്പു, പാണ്ടിമൂരി  എന്നിങ്ങനെയുള്ള ബീഡിവലി കമ്പനിയിൽ നിന്നും ഒരു മോചനവും ഇച്ചായൻ ആഗ്രഹിച്ചിരുന്നു. ഇച്ചായന്റെ സാമ്പത്തികമായ ഉയർന്ന കാലവുമായിരുന്നു. അന്നത്തെ കാലത്തെ മുതലാളിരീതിയിൽ സ്കൂളിൽ കൊണ്ടുപോയി വിടുന്നതും കൊണ്ടുവരുന്നതും കാറിൽ ആയിരുന്നു. ഇച്ചായന്റെ ബിസിനസ്‌ സ്ഥാപനത്തിൽ ഡസൻ കണക്കിന് ജോലിക്കാരുള്ള കാലവും. രണ്ടു ഡസൻ ഷർട്ടുകളും മുണ്ടും ഒന്നിച്ച് ചാക്കോച്ചനു മേടിക്കുന്നതും ഒർക്കുന്നു. കഴുത്തിൽ ഒരു പിരിയൻ മാല, കയ്യിന്മേൽ  വാച്ച് എന്നിങ്ങനെ ആഡംബരമോടിയുള്ള പിള്ളേർ അക്കാലങ്ങളിൽ വിരളമായേ ഉണ്ടായിരുന്നുള്ളൂ. ഈ പരിഷ്ക്കാരി വീട്ടിൽ വരുന്ന സമയം വെറും ഗ്രാമീണ വേഷധാരിയായെ എന്നെ കണ്ടാൽ വിമർശനം തുടങ്ങും. ഞാൻ ഇട്ടിരിക്കുന്ന വേഷം, ഭക്ഷണം കഴിക്കുന്ന രീതി , തലമുടിയുടെ ഫാഷൻ , എന്റെ ഭാഷ എല്ലാം കൂടി എന്നെ  ഒരു കാടനായി  ചിത്രീകരിക്കപ്പെടുമായിരുന്നു.


കായികമായി  വഴക്കുണ്ടാകുന്ന സമയത്ത്  എന്നെ  സഹായിക്കാൻ അനുജൻ ബാബുക്കുട്ടി ഒടിയെത്തും. നല്ല ശക്തിബലം ഉണ്ടായിരുന്ന  ചേട്ടന്റെ മുമ്പിൽ  ഞങ്ങൾ രണ്ടുപേർ കൂടിയാലും ജയിക്കില്ലായിരുന്നു. കൈമുട്ടുകൾകൊണ്ട്  ഇടിക്കാൻ ഞാനും ബാവുക്കുട്ടിയും മിടുക്കരായിരുന്നു. ആ ഇടികളുടെ വേദനകളെപ്പറ്റി ചാക്കോച്ചൻ ഒരിക്കൽ പറഞ്ഞപ്പോഴാണ് അന്ന് ഞങ്ങളും ജേതാക്കളായിരുന്നുവെന്ന് എനിക്ക് തോന്നിയത്. ആറ്റിൻ തീരത്ത്‌ വഴക്കുണ്ടായാൽ എന്നെയും ബാബുക്കുട്ടിയെയും മാറി മാറി ആറ്റിലേക്കെറിയും.  നീന്തി തല്ലുകൂടാൻ  കരക്കുവന്ന് കരയിൽ കേറിയാൽ വീണ്ടും  പഞ്ഞിപോലെ വെള്ളത്തിലേക്കെറിയും.  ചേട്ടൻ കളരിപയറ്റിലും   നീന്തലിലും വിദക്തനായിരുന്നു.

സൂര്യോദയത്തിന് മുമ്പ്, വെളുപ്പാൻ  കാലം  നാലു മണിക്ക് എന്നെയും ബാബുക്കുട്ടിയെയും വിളിച്ചെഴുന്നേൽപ്പിക്കും. ലങ്കോട്ടി ഇടിയിപ്പിച്ച് ദേഹം മുഴുവൻ എണ്ണയും തേപ്പിച്ചു കളരിപയറ്റ്  പഠിപ്പിക്കലായി.  താല്പര്യമില്ലാത്ത  ഞാനും ബാബുക്കുട്ടിയും ചാക്കോച്ചന്റെ ബലത്തിന്റെ മുഷ്ടിയിൽ പേടിച്ചന്ന്  അനുസരിക്കുമായിരുന്നു.ഒരോ കാലുകളും ആകാശത്തുയർത്തിയുള്ള ഒരു തരം  വ്യായാമവും കമിഴ്ന്നുകിടന്നുള്ള  ദീർഘനിശ്വാസവും വെളുപ്പാൻ കാലത്തെ ഓട്ടവും ചാട്ടവും  എന്നെ  സംബന്ധിച്ച്  ദുഷ്ക്കരമായിരുന്നു. മല്ലിടാൻ  ചെന്നാൽ മസിലുപിടിച്ച  ചേട്ടനോട് നേടുകയുമില്ലായിരുന്നു. പിന്നെ ചേട്ടൻ ചമഞ്ഞ് പൂന്തോട്ടത്തിൽ ഒപ്പം പണിയിപ്പിക്കും. ഒരിക്കൽ ഏറ്റുമുട്ടി. അകലെ മാറി  ഞാൻ കല്ലെറിഞ്ഞു. പാവം അമ്മോയെന്നു കരയുന്നതും മനസിന്റെ മായാവലയത്തിൽ ഇന്നും ദുഖങ്ങളായി ഒളിഞ്ഞിരിപ്പുണ്ട്. അമ്മച്ചിയുടെ പുളിവാറടികളും   മധുരിക്കുന്ന വേദനകളുടെ  ഓർമ്മകളാണ്. 

 ജീവിതത്തിന്റെ പല മേഖലകളും ചാക്കോച്ചൻ സ്വന്തം  കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ചെസ്സ്‌ കളിയിൽ പ്രസിദ്ധനായിരുന്നു. സ്പൊർട്സിലും  ഗെയിംസിലും   നല്ല പ്രാവീണ്യം ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾമുതൽ ചെറുകച്ചവടങ്ങൾ ചെയ്ത് പോക്കറ്റുമണി ഉണ്ടാക്കാനും മിടുക്കൻ. ഇതൊന്നും പ്രാവീണ്യം നേടാൻ സാധിക്കാത്ത എന്നെ പരിഹസിക്കുന്ന കാര്യത്തിലും മിടുക്കനായിരുന്നു. നല്ല ഒരു പ്രാസംഗികനായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ എനിക്കൊരു പ്രസംഗം എഴുതി തന്നതും ഓർക്കുന്നു.    പ്രസംഗത്തിന്റെ ഏതാനും വരികൾ  ആത്മാവായ ചാക്കോച്ചന്റെ ഓർമ്മക്കായി ഇന്നിവിടെ ആവർത്തിക്കട്ടെ.


"ആമ്പരത്തി പൂക്കളുടെ അന്തർഭാഗത്തുനിന്നും ബഹിർഭാഗത്തേക്ക് ഓമനപൂമുഖം നീട്ടുന്ന  ചെറുതാമര ഇതളുകൾപൊലെ  പ്രശോഭിതയായ  ബഹുമാനപ്പെട്ട ആധ്യക്ഷ "ഭാരതിയമ്മ ടീച്ചറിനും സദസ്യർക്കും വിനീതമായ കൂപ്പുകൈകളോടെ  പുരോഗമന സാഹിത്യത്തിന് ഒരു നിർവചനം കൊടുക്കട്ടെ. "അചുംബിത കോമളങ്ങളായ മധുര ഭാവനകളുടെ സരളിത സമ്മേളനമാണ്‌ സാഹിത്യം. കരുണയുടെ കണികപോലും കണികാണാത്ത കഠിന ഹൃദയങ്ങളിൽ  വിശ്വപ്രേമത്തിന്റെ മൃദുല വികാരങ്ങൾ പകർന്നു വെക്കുവാൻ വെമ്പൽ കൊള്ളുന്ന കലാകാരന്റെ ഹൃദയഗാനമാണ് സാഹിത്യം.  കുളിർ കാറ്റിന്  കുസുമ തല്ലജങ്ങളെകൊണ്ട്  കിക്കിളികൂട്ടുമ്പോൾ  കോകിലങ്ങൾക്കു കളകൂജനമേകുമ്പോൾ ആമ്പലന് അമ്പിളിക്ക്  പുഞ്ചിരി തൂകുമ്പോൾ കാർമേഘങ്ങൾക്ക്  ഇടിമിന്നലുകളെകൊണ്ട്  കൊള്ളിയാനേശുമ്പോൾ പ്രഭാകരൻ വിഭാകരനെകൊണ്ട് പ്രശോഭിതമാവുമ്പോൾ   പ്രചോദനമരുളുന്ന പ്രതിഭയുടെ സംസ്പുടമാണ് സാഹിത്യം."


കൊച്ചു കൊച്ചു വാക്കുകളിൽക്കൂടി നെയ്തെടുക്കാവുന്ന  കഥകൾ ഇനിയുമുണ്ട്. എല്ലാം വിസ്തരിച്ചാൽ ഹൃദയ വികാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ജീവിക്കുന്ന ഒരു നോവലാകും.

  ഇന്ത്യൻ വൈമാനിക സർവീസിൽ ചേട്ടൻ ഉദ്യോഗസ്ഥനായ സമയം ഞാൻ ഹൈസ്കൂളിൽ പഠിക്കുന്നു.   അവധിക്കാലം ബസ്സിൽ വന്നിറങ്ങുന്ന
അദ്ദേഹത്തെ  സ്വീകരിക്കുവാൻ രാവിലെ മുതൽ  ബസ്സ്‌ കാത്ത് കൊടുങ്ങൂർക്കവലയിൽ നില്ക്കും. വരുന്നത് രാവിലെയെന്നു പറഞ്ഞാലും എത്തുന്നത് വൈകിട്ടായിരിക്കും. പടുപെടാ തിളങ്ങുന്ന വേഷത്തിൽ വരുന്ന ചാക്കോച്ചന് നാടൻ വേഷം ധാരിയായ എന്നിൽ അന്ന് അപകർഷാ ബോധം ഉണ്ടാവുമായിരുന്നു. പെട്ടി നിറയെ സമ്മാനങ്ങളും കാണും. പട്ടുടുപ്പും ഒരു വാച്ചും കിട്ടിയ എനിക്കന്ന് ഉത്സവമായിരുന്നു. ഫാഷനിൽ തയിച്ചുകൊണ്ടുവന്ന ഷർട്ട്‌ വാഴൂർ എന്ന കാട്ടിൽ   ധരിച്ചാൽ ജനം കൂവുന്ന കാലവും. തിളങ്ങുന്ന പട്ടുടുപ്പും പുത്തൻ വാച്ചും ധരിച്ച ഞാൻ സർവരുടെയും ശ്രദ്ധയിലായി. വാഴൂർ സ്കൂളിലെ ആദ്യത്തെ വാച്ച് ധരിക്കുന്നവനുമായിട്ട് ചരിത്രവും കുറിച്ചു. വാച്ചു കെട്ടിയവൻ,  പട്ടുടുപ്പുകാരൻ, പൊരുന്നപ്പെടാ എന്നെല്ലാം ത്രിപ്പേരുകളിൽ ഞാനറിയപ്പെടാൻ തുടങ്ങി. അസൂയ പിടിച്ച നാട്ടുകാരും അവരോടൊപ്പം കൂടുമായിരുന്നു.


ഒരിക്കലൊരു കൊച്ചുപെണ്ണ്‍ ക്ലാസ്സിൽ ടീച്ചറായി വന്നു. കൂട്ടത്തോടെ ടീച്ചറെ നോക്കി അണ്‍പിള്ളേർ മൊത്തമായി ചിരിക്കാൻ തുടങ്ങി. ഞാനും ചിരിച്ചു. വാച്ചു കെട്ടിയവൻ  ഹെഡ്മാസ്റ്ററുടെ മുറിയിലെത്താൻ കല്പ്പനയും പുളയുന്ന ആറടിയും ഓർക്കുമ്പോൾ ഇന്നും പറയാൻ തോന്നും, വാച്ചേ നിനക്ക് നമസ്ക്കാരം. പ്രശ്നങ്ങൾ തന്ന സമ്മാനങ്ങൾ ഇനിയുമുണ്ട്. ഞാൻ അലിഗറിൽ പഠിക്കുന്ന കാലം, എന്നെ വന്ന് കണ്ടതും ഓർക്കുന്നു. തലേ ദിവസം ചീട്ടുകളിച്ച് 250 രൂപാ കിട്ടിയതിൽ 25 രൂപാ എനിക്ക് പോക്കറ്റ് മണിയായി തന്നു. 25 രൂപാ അന്ന് ഒരു മാസത്തെ കുശാലായ വട്ട ചിലവിന് മതിയാകുമായിരുന്നു. കൂട്ടുകാർകൂടി  ഉടൻ തന്നെ പൊടിക്കുകയും ചെയ്തു. പണം കൊടുത്തെന്ന് ചേട്ടനായ ആശാൻ ഗമയിൽ ഇച്ചായനെ അറിയിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ  കിട്ടുന്ന നൂറു രൂപയിൽ മണി ഒർഡർ വന്നപ്പോൾ ഇച്ചായന്റെ വക 25 രൂപ കുറച്ചും.


കാലണണയില്ലാതെ അടുത്ത മണിയൊർഡർ കാത്തിരുന്ന ദിനങ്ങൾ എണ്ണികൊണ്ടിരിക്കുന്നതും ഇന്നലെയുടെ വെറുമൊരു കയ്പ്പേറിയ ഓർമ്മകൾ മാത്രം.  ഇനി  ഒരിക്കലും എനിക്ക് സമ്മാനം തരരുതെയെന്ന് ഞാനൊന്നുറക്കെ പറയട്ടെ. സ്വർഗവാതിക്കൽ വന്ന് എന്നെ നോക്കി  കളിയാക്കാമോ?  ഹി ഹേ പോത്തെ, ആ പാട്ടിന്റെ ഈരടികൾ ഞാൻ മറന്നു പോയി. ഒന്നുകൂടി പാടുമോ? എങ്കിൽ ഞാനും ഒപ്പം പാടാം. വസന്തത്തിലെ കിളിനാദങ്ങൾ ഒരു പക്ഷെ  ഇന്നതെല്ലാം ഗാനങ്ങളായി  ആലപിക്കുന്നുണ്ടാകാം.


താങ്കൾക്ക്‌  അവസാനമായി ഹസ്തദാനം നല്കിയതും ഞാൻ ഒർമ്മിക്കുന്നു. പിന്നെ ഞാൻ  കണ്ടത് കാസ്ക്കറ്റിലിട്ട ജടികമായ ജീവനില്ലാത്ത  ശരീരവും.  ആകാശംമുകളിലും  അറ്റ്ലാന്റിക്ക് സമുദ്രത്തിനുമീതെ പറന്നുയർന്നപ്പോഴും അങ്ങകലെ മലമുകളുകൾ കണ്ടപ്പോഴും തോരാത്ത കണ്ണുനീർ പൊഴിച്ചുകൊണ്ട്‌ ഞാൻ താങ്കളെ അന്വേഷിച്ചു. കണ്ടില്ല. സ്വർഗം താങ്കളെ ഒളിപ്പിച്ചു. പറയാൻ നൂറായിരം വാക്കുകളുണ്ട്. താമസിച്ചുപോയി. സമയമടുത്ത്  മാലാഖമാർ അണിയിച്ച സ്വർണ്ണ ചിറകുകളുമായി വിഹായസ്സിൽ പറന്നുപോയ സ്വർണ്ണ പക്ഷിയെ ഇനിമേൽ പൂളോനെന്ന് വിളിക്കില്ല. എങ്കിലും എന്റെ പേര് ഒന്നുകൂടി ആ നാവിൽനിന്ന് ഉരുവിടണം. നൂറായിരം തവണകൾ നമ്മൾ തമ്മിൽ ഏറ്റുമുട്ടി.  ദുഖത്തിലും സന്തോഷത്തിലും പരസ്പരം നാം ഒന്നായിരുന്നു. മുറിക്കാൻ സാധിക്കാത്ത ദൃഡ്ഡമായ  ഒരു ബന്ധം നമ്മിൽ മുറുക്കിയിരുന്നു.

ഗുഡ് ബയി ചേട്ടാ, സമയമാം രഥത്തിൽ ഞാനും സ്വർഗയാത്ര ചെയ്യുമ്പോൾ വാതിൽപ്പടിയിൽ  കാത്തു നില്ക്കില്ലേ. ഭാഗ്യവാനായ  അങ്ങയുടെ ആത്മാവ് സുന്ദരമായ  ദേഹിയോട് വിട പറഞ്ഞു. കാത്തിരുന്ന  പൊന്നോമനയെ കണ്ട് അമ്മച്ചിയും ഇച്ചായനും  ആത്മാവായ ഗ്രേസിയും ഓടി വന്നില്ലേ. കുഞ്ഞിപെങ്ങൾ തത്തികളിച്ച്ചിറകടിച്ചുമ്മ  തന്നില്ലേ.  മൈലാഞ്ചികൊണ്ട് ചുവപ്പിച്ച പല്ലുകൾ അമ്മച്ചി  മണക്കാൻ വരുന്നുണ്ടോ.  ഹേ ,ഹി...ആ ഗാനം പാടൂ, ശൈശവത്തിലെ അളാളത്തിൽ ആലോലം ഊവുണ്ട് .നാക്കു തിരിയാത്ത കാലത്തെ മഹിളാലയത്തിലെ പൂക്കളുടെ പരിമളം ഇളംകാറ്റിന്റെ സൗരഭ്യമായി പ്രകൃതി സൌന്ദര്യത്തിൽ അലിഞ്ഞു കഴിഞ്ഞു. ഒപ്പം താങ്കളെന്ന സത്ത ഞങ്ങളുടെ ഹൃദയങ്ങൾക്കും  കുളിർമ്മ  നൽകുന്നുണ്ട്.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...