Wednesday, May 29, 2013

ആസ്ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും


കഴിഞ്ഞ അനേകവർഷങ്ങളായി  യുറോപ്പിലും അമേരിക്കയിലും  വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീപീഡനങ്ങളും പ്രധാന വാര്ത്തകളായിക്കഴിഞ്ഞു. മുന്കാലങ്ങളിലെല്ലാം, ന്തോക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അതു തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാലിന്നു വിരുതന്മാരായ വൈദികരെല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീർന്നു. ഭയിലുള്ള പുരോഹിത ലൈംഗികത പഴയകാലം മുതലുള്ളതാണ്. പൊതുജന മാധ്യമങ്ങള്വഴി അടുത്തകാലത്തു കഥകളെല്ലാം പുറത്തു വന്നതോടെയാണ്  ഇവരുടെ ലൈംഗിക ജീവിതത്തിന്റെ ചുരുളഴിഞ്ഞ അധാര്‍മ്മികതകൾ  ‍ലോകശ്രദ്ധയില്വന്നത്. പാപത്തിന്റെ പ്രതിഫലമാണു നിയമങ്ങളിലൂടെ ഇന്ന്  ഇവര്ക്കു വീട്ടേണ്ടിവരുന്നത്. വിധവകളുടെ കണ്ണുനീര്‍, രക്തചൊരിച്ചുലുകൾവ്യഭിപിചാരം, തീവെട്ടിക്കൊള്ള, രാജ്യങ്ങള്പിടിച്ചടക്ക, എന്നിങ്ങനെ പുരാതന  കാലംതൊട്ടു സഭനേടിയ പണം മുതലുംപലിശയും ഉള്‍പ്പടെ മടക്കികൊടുത്തേ മതിയാവൂ.

ആസ്ട്രേലിയയിലെ കാർഡിനൽ  ജോർജ് പെല് പുരോഹിത  ലൈംഗിക വിവാദങ്ങളുമായി   ബന്ധപ്പെട്ട്    നിയമകുരുക്കുകളിൽ അകപ്പെട്ടിരിക്കുകയാണ്.  അഞ്ചര മില്ല്യൻ കത്തോലിക്കർ അധിവസിക്കുന്ന രാജ്യമായ  ആസ്ട്രേലിയായുടെ   ജനസംഖ്യയിൽ  ഇരുപത്തിയഞ്ച് ശതമാനത്തോളം കത്തോലിക്കരാണ്.  പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കഥകൾ  ദിനംപ്രതി പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ആ  രാജ്യത്ത്  സഭാനേതൃത്വം   ആശയക്കുഴപ്പത്തിലാണ്.   പൊടികുഞ്ഞുങ്ങളെസഹിതം ദുഷിപ്പിച്ച  പുരോഹിതർക്കെതിരെ  ജനരോഷം അവിടെ  ആളിക്കത്തുന്നുണ്ട്. ജനശക്തിയിൽ സഭയുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നതും ദൃശ്യമാണ്.  ഉത്തരം പറയാൻ വീർപ്പുമുട്ടുന്ന കർദ്ദിനാളിന്റെ പ്രതികരണങ്ങളിൽക്കൂടി  വ്യക്തമാകുന്നത്  സഭയവിടെ  കാറ്റത്തുലയുന്നതുപോലെയാണ്.  അടിസ്ഥാന തത്വങ്ങൾക്കുവരെ ചോദ്യങ്ങൾ ഉയരുന്നു.

 കുഞ്ഞുങ്ങളെ ലൈംഗികമായി  പീഡിപ്പിച്ച പുരോഹിതരുടെ  കഥകളാരാഞ്ഞ്   ഓസ്ട്രേലിയയിലെ പ്രധാനമന്ത്രി ജൂലിയാ ജില്ലാർഡ്‌  അന്വേഷണ കമ്മിഷനെ നിയമച്ചിരിക്കുകയാണ്. കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പിൽ നിന്ന് ഒളിപ്പിച്ച കഥകൾ തെളിവുകൾ സഹിതം പുറത്ത് വരുന്നതിൽ  ഓസ്ട്രേലിയായിലെ കർദ്ദിനാൾ പെല്ലിനു കോടതികളുമായി എന്നും കയറി ഇറങ്ങേണ്ട ഗതികേടിലാണ്.  നിയമത്തിന്റെ മുമ്പിൽ ഉത്തരം പറഞ്ഞേ മതിയാവൂ. ലൈംഗിക കുറ്റവാളികളുടെ  അന്വേഷണ കമ്മീഷനുമായി പരിപൂർണ്ണമായും സഹകരിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിട്ടുണ്ട്.  തെളിവുകൾ ശേഖരിച്ചും കണ്ടെത്തിയും അന്വേഷണങ്ങൾ വർഷങ്ങളോളം നീണ്ടുപോയേക്കാം.

കാർഡിനൽ ജോർജ് പെൽ വത്തിക്കാനിൽ മാർപാപ്പായുടെ ഉപദേശകനുംകൂടിയാണ്.  കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന  കഥകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭയുടെ നിയന്ത്രണംമൂലം കുറഞ്ഞിട്ടുണ്ടെന്ന്  കർദ്ദിനാൾ  അവകാശപ്പെടുന്നുണ്ടെങ്കിലും  അദ്ദേഹത്തിനെതിരായി ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നതും സഭയെ ആകുലപ്പെടുത്തുന്നു.   സഭയും കർദ്ദിനാളും  കുറ്റാരോപണങ്ങളുടെമേൽ ഇതിനകം പല തവണകൾ ക്ഷമാപണങ്ങൾ നടത്തിയെങ്കിലും  ഇരയായവരും ബന്ധുക്കളും പ്രവർത്തന സമിതികളും  ഒട്ടും തന്നെ  തൃപ്തരല്ല. സഭക്കെതിരെ കേസുകളുമായി ഒത്തുതീർപ്പില്ലാതെ  മുമ്പോട്ടുതന്നെ പോകുവാൻ അവർ തീരുമാനിച്ചു.

പുരോഹിത ലൈംഗിക കുറ്റവാളികളുടെ   ബലിയാടുകളായ  കുട്ടികളുടെ  നഷ്ടപരിഹാരതീർപ്പിനായി കോടതി കർദ്ദിനാളിനെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. പീഡനങ്ങൾ അധികവും റിപ്പോർട്ട് ചെയ്തിരുന്നത്  1970 -80 കാലഘട്ടങ്ങളിലായിരുന്നത് വളരെയധികം കുറഞ്ഞെന്നും കർദ്ദിനാളിന്റെ പ്രസ്താവനയിൽ ഉണ്ട്. കുറ്റകൃത്യങ്ങളുടെ തെളിവുകൾ അധികമൊന്നും നിരത്തുവാൻ തനിക്ക് സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ബാലപീഡനകേസിൽ ഇതിനോടകം മുന്നൂറോളം പേർക്ക്  നഷ്ട പരിഹാരം കൊടുത്തതായി കർദ്ദിനാൾ ജോർജ്ജ് പെൽ വ്യക്തമാക്കി. കർദ്ദിനാൾ  കോടതിയിൽ തന്റെ സാക്ഷിവിസ്താരത്തിന് തെളിവുകൾ നല്കിയത്, തുറന്ന ക്ഷമാപണത്തോടെ ചെയ്ത തെറ്റുകൾ സമ്മതിച്ചുകൊണ്ടായിരുന്നു . "കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കുവാൻ വ്യക്തിപരമായി തനിക്ക് പങ്കില്ലെങ്കിലും സംഭാവിക്കേണ്ടാത്തത് സംഭാവിച്ചുപോയെന്ന്" അദ്ദേഹം പറഞ്ഞു.  "സഭയുടെ അഭിമാനം കാത്തുസൂക്ഷിക്കണമെന്ന  ആഗ്രഹവും ഉണ്ടായിരുന്നു. അതായിരുന്നു ലക്ഷ്യവും."

1930 മുതൽ ഏകദേശം 630 കുഞ്ഞുങ്ങളെ പുരോഹിതർ ദുരുപയോഗം ചെയ്തതായി കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്.  ഏഴും എട്ടും വയസുള്ള കുഞ്ഞുങ്ങളാണ് ലൈംഗിക ക്രൂരതക്ക് ഇരയായവരിലധികവും. വിവിധ കാലങ്ങളിൽ പുരോഹിതരുടെ കുറ്റകൃത്യങ്ങളിൽ ഇരയായവരുടെ വാദങ്ങൾ കോടതി കേട്ടിരുന്നു. "തെറ്റുകള്ക്ക് താൻ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന്" പറഞ്ഞായിരുന്നു കർദ്ദിനാൾ കോടതി മുമ്പാകെ സാക്ഷി വിസ്താരത്തിൽ പങ്കുചേർന്നത്‌. അദ്ദേഹം തുടർന്നു, " ഈ കുറ്റകൃത്യങ്ങൾമൂലം അനേകം മനുഷ്യജീവിതങ്ങളെ ബലഹീനരാക്കിയിട്ടുണ്ട്.  ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്."

പതിറ്റാണ്ടുകളായി രഹസ്യങ്ങൾ ഒളിച്ചുവെച്ചിരുന്ന മൂന്ന് ബുദ്ധിമാന്മാരായ അഭിഷിക്തരുടെ പേരുകളാണ് ജനങ്ങളുടെ മനസുകളിൽ പതിഞ്ഞിരിക്കുന്നത്. വിക്റ്റൊറിയൻ രാജകീയ പാർലമെന്റ് കമ്മറ്റിയുടെ നിരീക്ഷണത്തിൽ മെൽബോണിലെ ആർച്ച്  ബിഷപ്പ് ഫ്രാങ്ക് ലിറ്റിൽ,  ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ്  പെൽ, ആർച്ച് ബിഷപ്പ് ഡെന്നീസ് ഹാർട്ട് എന്നിവരാണ്.  കുറ്റകൃത്യങ്ങൾ വ്യക്തമായി അറിഞ്ഞിരിന്നിട്ടും   സഭയുടെ ചുമതലകളിൽ സ്ഥാനകയറ്റം കൊടുത്തും ഇടവകകൾ മാറ്റിയും ഈ ത്രിമൂർത്തികൾ പതിറ്റാണ്ടുകളായി കുറ്റവാളികളെ പരിരക്ഷിച്ച് പോന്നിരുന്നു.  കുഞ്ഞുങ്ങളെ പീഡനം നടത്തികൊണ്ടിരുന്ന  കുറ്റവാളിയായ ഫാദർ കെവിൻ ഡോണൽ വിരമിച്ച വേളയിൽ അന്ന് ബിഷപ്പായിരുന്ന ജോര്ജ് പെൽ നടത്തിയ പ്രശംസാപ്രസംഗങ്ങളും   പീഡിപ്പിക്കപ്പെട്ടവരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

1993 ൽ  ബാലപീഡന കുറ്റവാളിയായ ഒരു പുരോഹിതനൊപ്പം ജോർജു  പെല് കോടതികളിൽ പോയിരുന്നതും  ഇന്ന് അതീവ വിമർശനത്തിലായിരിക്കുന്നു. കുറ്റവാളികളെ സഹായിക്കുന്നവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ഒരുപോലെ കുറ്റവാളികളെന്നും കുപിതരായ ജനം അഭിപ്രായപ്പെടുന്നു. കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ സംഘടനയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

"അന്ന് കുറ്റകൃത്യങ്ങൾക്ക് നിയമങ്ങളെ അഭിമുഖികരിച്ചിരുന്ന  പുരോഹിതനുമൊത്ത് കോടതികളിൽ വന്നിരുന്നത് പീഡനത്തിന്  വിധേയരായവർക്ക്‌  എതിരായിട്ടല്ല, മാനസികമായി സമനില തെറ്റിയ ഒരാളെ  ആശ്വസിപ്പിക്കുക മാത്രമെ  താൻ അന്ന് ചെയ്തിരുന്നുള്ളൂ" വെന്നും കർദ്ദിനാൾ പറഞ്ഞു. "നിയമത്തിന്റെ കുരുക്കിൽ അകപ്പെട്ടിരിക്കുന്നവരെയും ജയിൽശിക്ഷ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുകയെന്നത്  ക്രിസ്തീയധർമ്മമായി കരുതിയെന്നും" കോടതി ചോദ്യോത്തരവേളയിൽ കർദ്ദിനാൾ തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി.  കർദ്ദിനാൾ  1961 മുതൽ 1987 കാലങ്ങളിൽ  സഹമെത്രാനായിരുന്ന സമയത്ത്  ഫാദർ ജെറാൾഡ് റീഡ്സിനെ (Jerald Reeds)   നാൽപ്പത് കുട്ടികളെ പീഡിപ്പിച്ചതിൽ  19 വർഷക്കാലം കോടതി ശിക്ഷിച്ചിരുന്നു.  "കോടതിശിക്ഷ കിട്ടുന്നതിന് മുമ്പും അയാൾ  കുറ്റവാളിയായിരുന്നുവെന്ന്  തനിക്കറിയാമായിരുന്നുവെന്നും  അയാൾമൂലം പീഡിതരായവരിൽ  താനെന്നും  ദുഖിതനായിരുന്നുവെന്നും എക്കാലവും  അവരുടെ ദുഖങ്ങളിൽ  പങ്ക് ചേർന്നിരുന്നുവെന്നും"   പാനലിന്റെ മുമ്പാകെ കർദ്ദിനാൾ മൊഴിനല്കി.  ഫാദർ ജെറാരാൾഡ് സംഗീതത്തിലും സംഗീതരചനയിലും അതീവ കലാമൂല്യമുള്ള  വൈദികനായിരുന്നതുകൊണ്ട്  കുറ്റകൃത്യങ്ങളെ മൂടിവെക്കുവാൻ  സഭ എന്നും താല്പര്യം കാണിച്ചിരുന്നു.

കുട്ടികളുടെ പേരിലുള്ള ലൈംഗികാരോപണങ്ങൾ അനേക വർഷങ്ങളായി  ആസ്ത്രേലിയായിൽ നിത്യേനമെന്നോണം  വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. 1996 നും 2001 നുമിടയിൽ ജോർജു പെൽ മെൽബോണിലെ ആർച്ച്ബിഷപ്പായിരുന്നു.  കർദ്ദിനാൾ ആയിരിക്കുന്ന അദ്ദേഹം അന്ന് ആർച്ച് ബിഷപ്പെന്ന നിലയിൽ  പീഡിതരായവരുടെ  പരാതികളുടെമേൽ കോടതികളിൽ  സമാധാനം പറയേണ്ടതായുണ്ട്. തെളിവുകൾ നൽകിയപ്പോൾ അനേകർ കോടതികളിൽ  പൊട്ടി കരഞ്ഞു. "കഴിഞ്ഞ കാലങ്ങളിൽ തന്റെ സഭയുടെ  സഹകാരികൾ  ശരിയായ വിവരങ്ങൾ  നല്കാതെ  കുറ്റകൃത്യങ്ങൾ സകലതും ഒളിച്ചുവെച്ചിരുന്നതിനാൽ താൻ എന്നും നിസ്സഹായനായിരുന്നുവെന്നും പെൽ കോടതിയിൽ പറഞ്ഞു. ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം രാജ്യത്തിലെ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം സഭ നല്കുവാൻ തയ്യാറാണെന്നും " കർദ്ദിനാൾ വ്യക്തമാക്കി.  കാട്ടുതീപോലെ പടർന്നിരുന്ന   അണയാത്ത  ഈ തീയെ ശമിപ്പിക്കുവാൻ കഴിഞ്ഞകാല സഭാനേതൃത്വം പരാജയപ്പെട്ടുവെന്നതും ഒരു ദുഃഖസത്യമാണ്. സഭയിലെ നേതൃത്വത്തിലെ അധികമാളുകളും ഈ കുറ്റകൃത്യങ്ങളെ ഗൌരവമായി കണ്ടിരിന്നുല്ലെന്നും സഭയുടെമേൽ കുറ്റംആരോപിക്കുന്നു. "ഞങ്ങളുടെ ഇരിപ്പിടങ്ങളിൽ സംഭവിച്ച ഭയാനകമായ ഈ കുറ്റകൃത്യങ്ങളെപ്പറ്റി പലരും അജ്ഞരായിരുന്നുവെന്നും" കർദ്ദിനാൾ കോടതി മുമ്പാകെ രേഖപ്പെടുത്തി.

നീതിന്യായ കോടതിമുമ്പാകെ   ചോദ്യങ്ങൾക്കെല്ലാം  അടിപതറാതെ  കർദ്ദിനാൾ ജോർജ് പെൽ തന്റെ ദൌർല്ലഭ്യങ്ങളെ ബോധിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം തുടർന്നു,  "1990 മുതൽ സഭ എക്കാലവും ഗൌരവമേറിയ ഈ വിഷയത്തെപ്പറ്റി ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. പുരോഹിതനാകുവാൻ ഒരു കുട്ടി സെമിനാരിയിൽ ചേരുന്നസമയം  അയാളുടെ പൂർവ്വകാലചരിത്രങ്ങളും കുടുംബ പാരമ്പര്യങ്ങളും അന്വേഷിക്കുന്ന സംവിധാനങ്ങൾ ഇന്ന് സഭക്കുണ്ട്. താൻ പീലാത്തോസിനെപ്പോലെ കൈകഴുകിയെന്ന്  ചില നിയമവക്താക്കൾ തന്റെമേൽ കുറ്റാരോപണം  ഉന്നയിക്കുന്നത്  സത്യമല്ല. ഞങ്ങളാൽ കഴിയുംവണ്ണം പീഡനമില്ലാതാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അർഹരായവർക്ക് നഷ്ടപരിഹാരവും നല്കിയിട്ടുണ്ട്. ഇന്നും അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നിയമം അനുശാസിക്കുന്നത് എന്തുവിലകൊടുത്തും സഭ നിറവേറ്റും.  പീഡിതരായവർക്കൊപ്പം  നിലകൊള്ളും. അർഹിക്കുന്ന  സാമ്പത്തികമായ  നഷ്ടപരിഹാരവും നല്കും."

പീഡിതരായവരെക്കാൾ കുറ്റവാളികളെ രക്ഷിക്കുവാൻ സഭ  ശ്രമിച്ചുവെന്നുള്ളതാണ് അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വെളിവാകുന്നത്.  കർദ്ദിനാൾ പെല്ന്റെ  മുന്ഗാമി ആർച്ച് ബിഷപ്പ് ഫ്രാങ്ക്  ലിറ്റിൽ കുറ്റവാളികളുടെ   ഇരയായവരുടെ പരാതികളിൽ കാര്യമായി ഒന്നും ഗൌനിച്ചിരുന്നില്ല. യാതൊരു റിക്കോർഡും  ഹാജരാക്കപ്പെട്ട തെളിവുകളും സൂക്ഷിച്ചിരുന്നില്ല. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ ഇടവകകൾതോറും സ്ഥലം മാറ്റിയിരുന്നു. അവിടെയും അവർ കുഞ്ഞുങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

ബിഷപ്പ് ഫ്രാങ്ക് ലിറ്റിൽ പുരോഹിതരുടെ എല്ലാ കുറ്റകൃത്യങ്ങളും   രഹസ്യമായി കൈകാര്യം ചെയ്തിരുന്നു.  2008 ൽ അദ്ദേഹം മരിച്ചു. ബിഷപ്പ്  മരിക്കുന്നതിനുമുമ്പ് എല്ലാ ഡോക്കുമെന്റും നശിപ്പിച്ചിരുന്നു. ലൈംഗികപീഡനം സംബന്ധിച്ച  വിവരങ്ങളും   ബിഷപ്പ് ലിറ്റിൽ  മറച്ചുവെച്ചിരുന്നുവെന്ന് കർദ്ദിനാൾ പെൽ സമ്മതിച്ചിട്ടുണ്ട്. "എന്നാൽ തന്റെ ഉപദേശകർക്കോ മറ്റു ബിഷപ്പുമാർക്കോ ബിഷപ്പ്  ലിറ്റിൽന്റെ  രഹസ്യവിവരങ്ങളുടെ ചുരുളുകൾ  കണ്ടെത്തുവാൻ സാധിച്ചില്ലായെന്നും" കർദ്ദിനാൾ പറഞ്ഞു.  താൻ ചുമതലയെടുത്ത സമയം അലങ്കോലപ്പെട്ട തന്റെ ഓഫീസിലെ സംഭവപരമ്പരകളെ എങ്ങനെ നേരെയാക്കാമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും" കോടതി മുമ്പാകെ കർദ്ദിനാൾ പെൽ ബോധിപ്പിച്ചു. പുരോഹിതരുടെ ബ്രഹ്മചര്യനിയമങ്ങളെയും  അദ്ദേഹം  വിമർശിച്ചു. താറുമാറായ സഭയിലെ ലൈംഗികകുറ്റകൃത്യങ്ങൾ ഇത്രമാത്രം പെരുകുവാൻ കാരണവും കർശനമായ പുരോഹിതരുടെ അവിവാഹിതജീവിതമെന്നും  അദ്ദേഹം പറഞ്ഞു.

കർദ്ദിനാൾ  പെൽ  കോടതിയിൽ ബോധിപ്പിച്ച   പ്രതികരണങ്ങളിൽ പീഡിതരായവർ തൃപ്തരല്ല. കുറ്റവാളികളിൽനിന്നും പീഡിതരായവരുടെ  പ്രശ്നങ്ങൾ സഭ വിലയിരുത്തിയില്ലെന്നും ആരോപണം ഉണ്ട്.  ഉത്തരവാദിത്ത  ബോധത്തോടെ പീഡിതരുടെ പ്രശ്നങ്ങൾ സഭ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ എന്തുകൊണ്ട് ഇത്രമാത്രം ജനം  അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും ചോദ്യങ്ങൾ ഉണ്ട്. സഭ  കുറ്റവാളികളിൽനിന്നും ഇരയായവർക്ക് ആശ്വാസം  പകർകൊണ്ട്   ഇന്നുവരെ എത്തിയിട്ടില്ല. അവരുടെ ക്ഷേമങ്ങൾക്കായി  ഒരു സഹായസംഘടനയും രൂപികരിച്ചിട്ടില്ല.   ദുഖങ്ങളിൽ പങ്ക് ചേർന്നിട്ടില്ല. താറുമാറായ ജീവിതത്തെ പൂർവ്വസ്ഥിതിയിലാക്കുവാൻ യാതൊരു സംവിധാനങ്ങളും ആരംഭിച്ചിട്ടില്ല. സ്വാന്തന വാക്കുകളുമായി ഒരു ബിഷപ്പോ കർദ്ദിനാളോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പീഡിതർ പരാതിപ്പെടുന്നു.   സാമ്പത്തിക സഹായങ്ങൾക്കുപരി   നഷ്ടപ്പെട്ട ജീവിതങ്ങൾക്കായി പ്രത്യേക പ്രാശ്ചിത്ത സങ്കേതങ്ങളൊ  കൌണ്സിലിംഗ് സ്ഥാപനങ്ങളോ സഭയുടെ നേതൃത്വത്തിൽ  തുടങ്ങുവാൻ അവർ  ആവശ്യപ്പെടുന്നുണ്ട്.


ഫെഡറൽ നിയമമനുസരിച്ച്   സഭ  നിയമത്തിനതീതമായതിനാൽ പീഡിതർക്ക്  സഭയ്ക്കെതിരെ നഷ്ടപരിഹാരത്തിനായി കോടതികളെ സമീപിക്കുവാൻ  ആസ്ത്രേലിയായിൽ  നിയമം ഇല്ല. പരിഷ്കൃതരാജ്യമായ ആസ്ത്രേലിയാപോലുള്ള  രാജ്യത്ത് ഇത്തരം ഒരു നിയമം സാധുകരിക്കുവാൻ സാധിക്കുകയില്ലെന്ന് കാണിച്ച് റോയൽകമ്മീഷൻ അംഗങ്ങൾ ഫെഡറൽ, സ്റ്റേറ്റ് സർക്കാരുകൾക്ക് നിവേദനങ്ങൾ സമർച്ചിട്ടുണ്ട്. നിയമം സാധുകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം ഇരയായവർ  കാത്തിരിക്കേണ്ടി വരും. സ്റ്റേറ്റ്സർക്കാരിന് താല്ക്കാലികമായി നിയമത്തിൽ ഭേദഗതി വരുത്തി   നഷ്ടപരിഹാരത്തിന്   അതിവേഗം  തീർപ്പുകല്പ്പിക്കുവാൻ  സാധിക്കുമെന്ന് ആസ്ത്രേലിയൻ അറ്റോർണിസംഘടനയുടെ വക്താവായ ഡോ. ആണ്ട്രൂ മോറീസ് അഭിപ്രായപ്പെട്ടിരിക്കുന്നതും പ്രസക്തമാണ്.  

 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...