Thursday, May 9, 2013

12. അടയാളങ്ങളും രൂപാരാധനയും




പിണറായിയും കമ്മ്യൂണിസ്റ്റ്കാരും ക്രിസ്തുവിന്‍റെ അത്താഴവിരുന്നൊരുക്കിയത് സഭാ തലത്തില്‍ വളരെയേറെ വിവാദമായ വിഷയമായിരുന്നു.  ക്രിസ്തുവിൻറെ അത്താഴ വിരുന്നു പാർ‍ട്ടിയുടെ പ്രകടനങ്ങളില്‍ ഉപയോഗിച്ചത് അല്മായരിലും പുരോഹിതരിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. പുരോഹിതർ സഭയുടെ വിശ്വാസി സമൂഹത്തിനൊപ്പം തെരുവ്തോറും ഗുണ്ടകളെപ്പോലെ അലറിവിളിച്ചു പ്രകടനങ്ങൾ‍ക്കു നേതൃത്വം കൊടുത്തതും കത്തോലിക്കാ സഭക്ക് ഒരു അപമാനം ആയിരുന്നു. 


കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രങ്ങളില്‍ യേശുവിനു സ്ഥാനം കല്‍പ്പിക്കുന്നതിലെ തെറ്റ് എന്താണെന്നു വ്യക്തമല്ല.  പുരോഹിതരെ അതിൽ എന്തിനു ചൊടിപ്പിക്കണം വേശ്യാലയങ്ങളിൽ‍വരെ ക്രിസ്തുവിന്‍റെ രൂപങ്ങളുണ്ട്. ക്രൂശിതരൂപങ്ങൾകൊണ്ടാണ് അനേകായിരങ്ങളെ കുരിശു യുദ്ധങ്ങളിൽ കൊന്നൊടുക്കിയത്. അതുപോലെ ജെസ്വീറ്റ് മിഷനറിമാർ  ഗോവയിലെ  മീൻപിടിത്തക്കാരെ  മതമാറ്റത്തിനു കൊന്നുടുക്കിയത്  ഒരു കയ്യില്‍ കുരിശും  മറ്റേ കയ്യില്‍ തോക്കിന്‍റെ മുനകൊണ്ടുമാണ്. ആഗോളതലത്തിലെപ്പോലെ രക്തപങ്കിലമായ ഒരു ചരിത്രം ഭാരത കത്തോലിക്കാസഭക്കുമുണ്ട്.  


രൂപാരാധന ഇല്ലെന്നു വിശ്വസിക്കുന്ന കത്തോലിക്കാ പുരോഹിതർ യേശുവിൻറെ കോലങ്ങൾ പിണറായിയും കൂട്ടരും വഹിച്ചെങ്കിൽ എന്തിനു പ്രതിഷേധിക്കണം? കമ്മ്യൂണിസ്റ്റുകാരുടെ പരിഹാസം ലഭിച്ചതു മാത്രം മിച്ചം. യേശുവിൻറെ ചിത്രങ്ങൾ ആരുടെയോ ഭാവനകളിൽ വന്നതാണ്. ലോകത്തിൽ എല്ലാ മതങ്ങൾക്കും ദൈവത്തെ ആരാധിക്കുവാൻ  ഓരോതരം രൂപകൽ‍പ്പനകളുണ്ട്.  മുസ്ലിം സമുദായത്തിനു മെക്കയിലെ കാബ (കറുത്ത കല്ല്‌ ),വെന്തിക്കൊസ്സുകാർ‍ക്ക് ബൈബിള്‍, നവീകരണക്കാർ‍ക്ക് കുരിശ്, ഹിന്ദുക്കൾ‍ക്ക്  അവരുടെ ദൈവങ്ങളുടെ ബിംബങ്ങൾ, എന്നിങ്ങനെ രൂപാരാധനകൾ പല ഭാവങ്ങളിലും രൂപങ്ങളിലും  അടയാളങ്ങളിലും കാണാം. ബൈബിളോ ഖുറാനോ കുബുദ്ധികൾ കത്തിച്ചാൽ വിപ്ലവമായി, പിന്നെ രക്തപ്പുഴയായി. ലോകത്തുള്ള ഈ അസമാധാനം ദൈവത്തെ ഒരുതരം ബിംബങ്ങളായി മനസിൽ ആരാധിക്കുന്നതു കൊണ്ടാണ്. ഈ മാനസിക വികാരങ്ങളും ബിംബാരാധനയുടെ ഭാഗങ്ങൾ  തന്നെ.  കത്തോലിക്കാസഭ പരസ്യമായി  രൂപങ്ങൾ‍ക്കു ‌ പ്രാധാന്യം കൊടുക്കുന്നു. വിശ്വകലാരൂപങ്ങൾ ഉണ്ടായതും സഭയുടെ ഈ കലാസ്നേഹം കൊണ്ടെന്നു പറയാം.


വിശ്വകലാകാരൻ മൈക്കിൾ ‍ആഞ്ജലോക്കു  പ്രചോദനം നല്കിയതും കത്തോലിക്കാ  സഭയുടെ കലാമൂല്യങ്ങളിൽനിന്നും തന്നെ. ബിംബങ്ങൾ ഒരു കലയെന്നു കാണുന്നതിൽ തെറ്റില്ല. എന്നാൽ പിണറായിയുടെ അന്തിഅത്താഴഫോട്ടോയിൽ പുരോഹിതർ കലിതുള്ളുന്നുവെങ്കിൽ അവരുടെ ഉള്ളിൽ അമർ‍ന്നു കിടക്കുന്ന ബിംബാരാധനയാണ് കാരണം.


മോസസിനു ദൈവം പ്രത്യക്ഷപ്പെട്ടെന്നു പഴയനിയമത്തിൽ പറയുന്നു. മോസസ്  ദൈവത്തെ കണ്ടില്ല. ദൈവത്തിന്‍റെ പത്തു പ്രമാണങ്ങൾ വായിച്ചത് പാറയിൽ നോക്കിയാണ്. അവിടെ ദൈവത്തെ കാണുവാൻ പാറയായിരുന്നു ബിംബം. അശരീരി കേട്ടതും ദൈവം സംസാരിച്ചതും പാറയിൽ‍ക്കൂടിയായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ ഹിന്ദുക്കളെ ബിംബാരാധകർ എന്നു വിളിച്ചു കളിയാക്കുന്നതിൽ അർ‍ഥമില്ല.


 

ഫിലിപ്പിനായിലെ  സർ‍ക്കാർ  കാഴ്ചബംഗളാവിൽ ക്രിസ്തുവിന്‍റെ ഒരു വികൃതരൂപമുണ്ട്. ശിവലിംഗം പോലെ ഒരു പുരുഷലിംഗം ക്രിസ്തുവിന്‍റെ പ്രതിമയുടെ മൂക്കിൽ  ഒട്ടിച്ചുവെച്ചിട്ടുണ്ട്. സഭയും വിശ്വാസികളും എതിർ‍ത്തുവെങ്കിലും കത്തോലിക്കർ ഭൂരിപക്ഷമുള്ള ഫിലിപ്പയിനിലെ സർ‍ക്കാർ ഇവരുടെ മുറവിളിക്ക് യാതൊരു വിലയും കല്പിക്കുന്നില്ല. ശിവലിംഗം പോലെ ഇതും സൃഷ്ടിയുടെ രഹസ്യമായി ജനങ്ങൾ ചിന്തിക്കട്ടെ.


ബ്രിട്ടൻ അടുത്ത കാലത്തു കുരിശു കഴുത്തിൽ അണിയുന്നതിനു നിരോധനം ഏർപ്പെടുത്തി വിവാദമുണ്ടാക്കിയിരുന്നു.  കുരിശു കഴുത്തിൽ അണിയുന്നതു ഒരു വിശ്വാസത്തിൻ‍റെ അടയാളമല്ല. ഭാരതത്തിലെ ബിന്ദി പോലെ ഫാഷന്‍റെ ഒരു ഭാഗമാണ്. ഹോസ്പിറ്റലുകളിൽ സാധാരണ യൂണിഫോം കോഡിൽ കഴുത്തിൽ ആഭരണങ്ങൾ സമ്മതിക്കാറില്ല. രോഗികളുടെ സുരക്ഷ കരുതിയാണ്. ജോലിയുടെ സാഹചര്യം അനുസരിച്ചു കുരിശു ധരിക്കുന്നതും  വിലക്കാം. വാച്ചു കെട്ടാൻ കുക്കിനെ ചില കമ്പനികൾ അനുവദിക്കുകയില്ല. പുരോഹിതരുടെ കാഴ്ചപ്പാടിൽ  ഇതെല്ലാം വിശ്വാസ ലംഘനം ആകും.
 കാടൻ യുഗത്തിലെ  ഒരു തരം  വികൃതനിയമമെന്നും  ഏകാധിപത്യപരവും വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്തലുമെന്നു പറഞ്ഞ്‌ ഇതിന്‍റെ പേരില്‍ ബ്രിട്ടനിൽ പ്രകടനങ്ങൾ ഉണ്ടായിരുന്നു. ബുർ‍ഖ ധരിക്കുന്നവരെ  ഫ്രാൻ‍സ് നിരോധിച്ചതിനും സമുദായത്തിന്‍റെ പേരിൽ ഒച്ചപ്പാടുകൾ ഉണ്ടായിരുന്നു.  ഇന്നു ഭീകരവാദവും ബാങ്ക് കൊള്ളയുമെല്ലാം നടത്തുന്നതും ബുർ‍ഖ ധാരികളാണ്. ഈ നിരോധന നിയമങ്ങൾ  ജോലിസ്ഥലത്തുള്ള സുരക്ഷ കരുതിയാണെങ്കിൽ കുറ്റം പറയുവാൻ സാധിക്കുകയില്ല.

ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ശിവലിംഗം എന്നു പറയുന്നതു വെറും പാറക്കഷണങ്ങളല്ല. സംസ്കൃതത്തിൽ ലിംഗം  എന്നു പറഞ്ഞാൽ അടയാളമെന്നും അർത്ഥമുണ്ട്.എല്ലാ സൃഷ്ടിയുടെ ശക്തിയെയാണ് ശിവലിംഗം കൊണ്ടു സൂചിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിൻ‍റെ അവയങ്ങൾ‍കൂട്ടി പരിഹസിക്കുവാനേ  മുള്ളാമാരും ക്രിസ്ത്യൻ‍പുരോഹിതരും, മതമൌലികവാദികളും ശ്രമിച്ചിട്ടുള്ളു. അരൂപിയായ പരമാത്മാവായിട്ടാണ് ദ്രാവിഡമൂർ‍ത്തിയായ ശിവലിംഗം എന്ന അടയാളം കൊണ്ടു ഉദ്ദേശിക്കുന്നതും. ശിവശക്തി സകല സൃഷ്ടികൾ‍ക്കും നിദാനമെന്ന് ദ്രാവിഡമതങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നു. ത്രിമൂർ‍ത്തികളിൽ  ഉന്നത പീഠം ശിവനിൽ  പ്രതിഷ്ഠ ആർപ്പിച്ചിരിക്കുന്നു. അതായതു ആദിയും അന്തവും നിത്യസത്യവുമായ സർ‍വ്വശക്തൻ.

ഭാരതീയ വേദജ്ഞാനം പഠിച്ചവർ ക്രൈസ്തവ മൂല്യങ്ങളുടെ സത്തകൾ പഠിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ വേദജ്ഞാനികളുടെയും ഹ്രദയത്തിൽ യേശുവിന്  പരമമായ ഒരു സ്ഥാനവും ഉണ്ട്. ഗോളാകൃതിയിലുള്ള ശിവലിംഗം ബ്രഹ്മാണ്ഡം മുഴുവനും സൂചിപ്പിക്കുന്നുവെന്നും പുരാണംപറയുന്നു. ശിവനെ പുരുഷനായും പ്രകൃതിയെ സ്ത്രീയായും സങ്കല്‍പ്പിച്ചുകൊണ്ട് ശിവലിംഗം സൃഷ്ടിയുടെ രഹസ്യത്തിന്‍റെ അടയാളമായും കരുതുന്നു. ഇങ്ങനെ ദൈവവുമായുള്ള വെളിപാടുകളിൽ ശിവലിംഗം പോലുള്ള അടയാളങ്ങൾ ബൈബിളിലും ഉണ്ട്. പത്രോസിനെ പാറയായും പള്ളിയെ സ്വർ‍ഗത്തിലേക്കുള്ള ഏണിപ്പടിയായും യേശു തന്നെ ഉപമിച്ചിട്ടുണ്ട്. ഉല്പത്തി അദ്ധ്യായം 28 ൽ പറയുന്നു, യാക്കോബിന്  ഒരു സ്വപ്നം ഉണ്ടായി. ഭൂമിയിൽവെച്ച്  ഒരു ഗോവണി സ്വർ‍ഗത്തോളം ഉണ്ടായിരുന്നു .ദൈവദൂതന്മാർ ഏണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവിടെ യാക്കോബിനോടു താൻ കിടക്കുന്ന ഭൂമിയെ സന്തതി പരമ്പരകൾ‍ക്കു നല്‍കുമെന്ന് യഹോവാ വാഗ്ദാനവും ചെയ്യുന്നുണ്ട്. യാക്കോബ് തലയിണയായി ഉപയോഗിച്ചിരുന്ന  കല്ലു  തൂണാക്കി അതിന്മേൽ എണ്ണയും ഒഴിച്ചതായി ഉല്‍പ്പത്തി പറയുന്നു. ഈ അടയാളം ശിവലിംഗത്തിനു  സമാനമായി പല മഹർ‍ഷികളും വിവരിച്ചിട്ടുണ്ട്.

ക്രിസ്ത്യാനികൾ  കുരിശ്  അടയാളമായി പല അർ‍ഥങ്ങളെയും കല്‍പ്പിക്കുന്നതുപോലെ ശിവഭക്തർ,  ശിവലിംഗത്തിനും അനേക അർ‍ത്ഥവ്യാപ്തി നല്‍കുന്നുണ്ട്. ശിവഭക്തർ,  ലിംഗം (അടയാളം) പ്രത്യാശനിർ‍ഭരമായ തേജസ്സായി കാണുന്നു. അവനോടു സംസാരിക്കുന്നു. ആത്മത്തെയും മന:സാക്ഷിയുടെ വിശുദ്ധിയെയും കാക്കുന്നു. ദൈവവുമായി ആശയവിനിമയത്തിനു ശിവലിംഗം ഒരു അടയാളമായി സഹായിക്കുന്നു.
--------------------
 
 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...