Saturday, July 9, 2016

അമേരിക്കൻ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്റ്റോറിയ വുഡ്‌ഹോൾ, ചരിത്രവും അവലോകനവും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ  തിരഞ്ഞെടുപ്പു വാർത്തകളിൽ ഒരു വനിത   പ്രസിഡന്റാകാനുള്ള  സംഭാവ്യതയുടെ  ഔദ്യോഗിക പ്രഖ്യാപനം ചരിത്രപരമായിട്ടാണ് കരുതുന്നത്. സ്ത്രീജനങ്ങളിൽ ദേശീയ ടിക്കറ്റിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി 2008ൽ സാറാ പാലിനും 1984-ൽ ജെറാൾഡിൻ ഫെറോറായും മത്സരിച്ചിരുന്നു. എങ്കിലും രാഷ്ട്രത്തിന്റെ ഉന്നതമായ പ്രസിഡന്റ് പദവിയിൽ സ്ത്രീകൾക്ക് നാളിതുവരെ എത്തപ്പെടാൻ സാധിച്ചിട്ടില്ല.  ക്ലിന്റന്റെ തിരഞ്ഞെടുപ്പുനേട്ടം പ്രാമാണികമായി ചിന്തിക്കുന്നവർക്ക് ആശയ കുഴപ്പം സൃഷ്ടിക്കുന്നു. അവർക്കു മുമ്പേ നോമിനേഷൻ കിട്ടിയ മറ്റൊരു വനിതാസ്ഥാനാർത്ഥിയായ വിക്റ്റോറിയ വുഡ്ഹോൾ (Victoria Woodhull) പ്രസിഡന്റ് യുളീസിസ് ഗ്രാന്റിനെതിരെ (Ulysses S. Grant) മത്സരിച്ച വിവരം ഭൂരിഭാഗം ജനതയ്ക്കും അറിയില്ല. വാഗ്പാടവശാസ്ത്രത്തിൽ മികച്ച പ്രാസംഗികയെന്ന ചരിത്രപാരമ്പര്യവും 2008-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച നിലയിലും 2016 -ലെ മത്സരത്തിൽ പ്രസിഡന്റാകാനുള്ള സാധ്യതയുടെ വെളിച്ചത്തിലും  മിസസ് ക്ലിന്റൻറെ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാർഥിവാദം ശ്രദ്ധേയമാണ്. ക്ലിന്റന്റെ അവകാശവാദം തെറ്റെന്നും അമേരിക്കയുടെ ഉന്നതസ്ഥാനമായ പ്രസിഡന്റ് പദവിയിൽ  ആദ്യമായി മത്സരിച്ച സ്ത്രീ മറ്റൊരാളെന്നും വളരെ കുറച്ചു ജനത്തിനേ അറിയുള്ളൂ. 2008-ൽ ക്ലിന്റൺ മത്സരിക്കുന്നതിനു 136 വർഷം മുമ്പ്, 1872-ൽ ഒരു പാർട്ടിയുടെ കൺവെൻഷനില്ക്കൂടി വിക്റ്റോറിയ വുഡ്ഹോൾ' എന്ന സുന്ദരിയായൊരു വനിത ആ പദവി ചരിത്രത്തിൽ നേടിയിട്ടുണ്ടായിരുന്നു. ക്ലിന്റൺ ജനിക്കുന്നതിനു ഇരുപതു വർഷം മുമ്പ് വിക്റ്റോറിയ മരിച്ചുപോയി. 1922--ൽ പാസാക്കിയ ഭരണഘടനയുടെ പത്തൊമ്പതാം അമൻഡ്മെന്റ് പ്രകാരം സ്ത്രീകളുടെ വോട്ടവകാശത്തിനു അമ്പതു കൊല്ലം മുമ്പാണ് അവർ സ്ഥാനാർത്ഥിനിയായി മത്സരിച്ചത്. 1872 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിക്ടോറിയായ്‌ക്ക് വോട്ടവകാശമില്ലായിരുന്നു.


കൂടാതെ വോട്ടിന്റെ സമയത്ത് ഒരു പാസ്റ്റർക്കെതിരായി അപകീർത്തിപരമായി ലേഖനമെഴുതിയതിൽ  വിക്റ്റോറിയ ന്യൂയോർക്ക് സിറ്റിയിൽ ലുഡ്‌ലോ സ്ട്രീറ്റിൽ ജയിലിലുമായിരുന്നു. 'ഈക്വൽ റൈറ്റ്സ് പാർട്ടിയുടെ' (Equal rights) ലേബലിലാണ് അവർ മത്സരിച്ചത്. 1872 മെയ്മാസത്തിൽ വിക്റ്റോറിയായെ  സ്ഥാനാർത്ഥിയായി പാർട്ടി നോമിനേറ്റു ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുളീസസ് ഗ്രാന്റിനും (Ulysses S. Grant) ഡെമൊക്രാറ്റിക്ക് സ്ഥാനാർത്ഥി ഹൊറേസ് ഗ്രീലേക്കുമെതിരായിയാണ് (Horace Greeley) അവർ മത്സരിച്ചത്. അടിമപ്പാളയത്തിൽനിന്നും രക്ഷപ്പെട്ടയാളും അടിമകൾക്കുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രഡറിക്ക് ഡഗ്ലസായിരുന്നു അവർക്കൊപ്പം വൈസ് പ്രസിഡന്റാ യി മത്സരിച്ചത്. വിക്റ്റോറിയായുടെ വൈസ് പ്രസിഡന്റ്  സ്ഥാനാനാർത്ഥിയെന്ന പദവിയിൽ ഡഗ്ലസ് അവർക്കൊരു സഹകരണവും നൽകിയില്ല. പകരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രചരണം നടത്തുകയായിരുന്നു.


സ്ത്രീകളുടെ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയ വിക്റ്റോറിയ വൂഡ്ഹോളിനെ  സംബന്ധിച്ചു അധികമൊന്നും അമേരിക്കൻ ജനതയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വിവര സാങ്കേതിക രംഗത്തും അവരെപ്പറ്റിയുള്ള  വിഷയങ്ങൾ  ചുരുക്കമായേ വിവരിച്ചിട്ടുള്ളൂ. ഇന്നവർ പ്രസിദ്ധയല്ലെങ്കിലും ഒരു കാലത്ത് മറ്റേതു സ്ത്രീകളേക്കാളും അമേരിക്കയുടെ മുഖ്യധാരാ മാധ്യമങ്ങളിൽ അവരുടെ പേര് നിറഞ്ഞുനിന്നിരുന്നു. സ്റ്റോക്ക് ബ്രോക്കർ, പത്രപ്രവർത്തക, പൊതുവേദികളിലെ ഉജ്ജല പ്രാസംഗിക, ജ്യോത്സ്യ ശാസ്ത്രജ്ഞ, സാമൂഹിക പ്രവർത്തക, മനുഷ്യസ്നേഹി എന്നീ നിലകളിൽ അവർ ചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നു. കൂടാതെ സ്ത്രീകൾക്കു വോട്ടവകാശം ലഭിക്കുന്നതിനുമുമ്പുതന്നെ  അവർ  അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെന്നുള്ളതും  പ്രാധാന്യം അർഹിക്കുന്നു.   സ്വതസിദ്ധമായ ജീവിതരീതികളിൽക്കൂടിയും വിപ്ലവാത്മകമായ രാഷ്ട്രീയ ചിന്തകളാലും അവർക്ക്‌ വലിയൊരു സുഹൃദ്‌വലയം സൃഷ്ടിക്കാൻ സാധിച്ചു. ഒപ്പം ശത്രുക്കളും നാടിന്റെ നാനാഭാഗത്തുമുണ്ടായിരുന്നു. വിവാദപരമായ ഒരു ജീവിതം നയിച്ച ഈ അമേരിക്കൻ ധീരനായികയെപ്പറ്റി നാം അറിയുന്നുവങ്കിൽ അത്‌ ചരിത്രബോധമുള്ളവർക്ക് കൂടുതൽ മനക്കരുത്തു നൽകുമെന്നതിൽ സംശയമില്ല.


വിക്റ്റോറിയാ വൂഡ്ഹോളിനു കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ പേര് വിക്റ്റോറിയാ ക്ളഫി എന്നായിരുന്നു. പിന്നീട് വൂഡ്ഹോളെന്നു പേര് മാറ്റുകയാണുണ്ടായത്. 1838 സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി പഠിപ്പില്ലാത്ത ഒരു അമ്മയിൽനിന്നു അവർ ജനിച്ചു. പിതാവ് ചെറിയ കുറ്റങ്ങൾ നടത്തിയിരുന്ന അറിയപ്പെട്ടിരുന്ന കുറ്റവാളിയുമായിരുന്നു. മോഷ്ടാവുമായിരുന്നു. പത്തു മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായ വിക്റ്റോറിയാ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത് എട്ടാം വയസിലാണ്. അവിടെ മൂന്നു വർഷത്തെ പഠനശേഷം സ്‌കൂൾ പഠനം അവസാനിപ്പിച്ചു. പതിനഞ്ചാം വയസുവരെ പിന്നീട് പഠിക്കാനുള്ള അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവരൊരു ഡോക്ടറെ വിവാഹം ചെയ്തു. എന്നാൽ അയാൾ ഒരു മദ്യപാനിയും സ്‌ത്രീലോലുപനുമായിരുന്നു. അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. 1854-ൽ വിക്റ്റോറിയാ മാനസികമായി പ്രശ്നമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി.


വിക്റ്റോറിയ വുഡ്ഹോൾ പിന്നീട് ഭാവികാര്യങ്ങൾ പ്രവചിക്കുന്ന ഒരു ജോത്സ്യസ്ത്രീയായി പ്രവർത്തിച്ചു. അവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നും ഭാവിഫലം പ്രവചിക്കാൻ കഴിവുണ്ടെന്നും അക്കാലത്തുള്ളവർ വിശ്വസിച്ചിരുന്നു. ഒഹായോവിലെ ഗ്രാമപ്രദേശങ്ങളിൽ അവർ കുട്ടിയായിരുന്നപ്പോൾ മരിച്ചുപോയ മൂന്നു സഹോദരികളുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. കൂടാതെ രോഗം ബാധിച്ചവരുടെ അസുഖം ഭേദപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ധാരണയുണ്ടായിരുന്നു. ഭാവി പ്രവചനങ്ങളിലൂടെയും രോഗികളിലെ പൈശാചിക ബാധ ഒഴിപ്പിക്കുന്ന വഴിയും പണമുണ്ടാക്കാനുള്ള പഴുതുകളും തെളിഞ്ഞു വന്നു. അവരുടെ പിതാവ് പണമുണ്ടാക്കാനായി അവരെയും സഹോദരി ടെന്നസിയേയും ഭാവിഫലം പ്രവചിപ്പിക്കാനും ദുരാത്മാക്കളെ ദൂരീകരിക്കാനും പൈശാചിക സേവ നടത്താനും ആത്മാക്കളുമായി സമ്പർക്കം പുലർത്താനും ഒരു വീടെടുത്ത് താമസിപ്പിച്ചു. പൈശാചിക സേവയിൽക്കൂടി രോഗങ്ങൾ ഭേദപ്പെടുത്തുന്ന ബിസിനസും തുടങ്ങി. മരുന്നിനു പകരം ഒരിക്കലും രോഗം വരില്ലെന്നുള്ള ഉറപ്പിൽ ഒരുതരം സുഗന്ധദ്രാവകവും വിറ്റിരുന്നു. കാൻസർ രോഗറും ആസ്തമായും ഇവരുടെ സഹായത്താൽ സുഖപ്പെടുമെന്നും പ്രചരണം നടത്തിയിരുന്നു. നാടുകൾതോറും നാടോടികളെപ്പോലെ നടന്നു രോഗങ്ങൾ ഭേദമാക്കിയും ഭാവിഫലങ്ങൾ പ്രവചിച്ചുകൊണ്ടും  ജീവിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി വിക്റ്റോറിയായും കുടുംബവും നേട്ടങ്ങൾ കൈവരിച്ചെങ്കിലും അവർക്കും സഹോദരി ടെന്നസിക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇല്ലിനോയിലുള്ള ഒരു കാൻസർ രോഗി അവരുടെ ചീകിത്സാരീതികളിൽ മരിച്ചതും കുഴപ്പത്തിലാക്കി.


വിക്റ്റോറിയായും അവരുടെ സഹോദരിയും പങ്കുചേർന്ന് വാൾസ്ട്രീറ്റ് സ്റ്റോക്ക് മാർക്കറ്റിലും പ്രവർത്തിച്ചിരുന്നു. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ സ്ത്രീ ബ്രോക്കർമാരെന്ന ക്രഡിറ്റും ഈ സഹോദരികൾക്കു ലഭിച്ചു. 1868-ൽ ഇവർ ന്യൂയോർക്കിൽ താമസമാക്കുകയും റയിൽറോഡുകളുടെ നിർമ്മാണ മാടമ്പിയായിരുന്ന കോർണലിയൂസ് വാണ്ടർബിൽറ്റിനു വേണ്ടി ജോലി തുടങ്ങുകയുമുണ്ടായി. വാണ്ടർബിൽറ്റ് പൈശാചിക സേവയിൽ വിശ്വസിക്കുകയും മെഡിക്കൽ ഡോക്ടർമാരിൽ അവിശ്വസിക്കുകയും ചെയ്തിരുന്നു. അത്തരം ദുർമന്ത്രവാദ സേവ നടത്തുകയെന്നായിരുന്നു ഈ സഹോദരികളുടെ ജോലി. ടെന്നസിയും വാണ്ടർ ബിൽറ്റുമായി പ്രേമത്തിലാവുകയും വിവാഹിതരാകാനുംവരെ തീരുമാനിച്ചിരുന്നു. ന്യൂയോർക്കിൽ ഗ്രാന്റ് സെൻട്രൽ ട്രെയിൻ നിലയത്തിന്റെ ഒരു വശത്തുകൂടി പോവുന്ന വാണ്ടർ ബിൽറ്റ് (Vanderbilt) അവന്യൂ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. 1869-ൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽനിന്നും ഈ സഹോദരികൾ ഏഴു ലക്ഷം ഡോളർ നേടി ധനികരായി മാറി. അക്കാലത്തെ ധനികനായ വാണ്ടർ ബിൽറ്റിന്റെ സാമ്പത്തിക സഹായത്തോടെ വിക്ടോറിയായും ടെന്നസിയും പ്രസിദ്ധിയേറിയ വുഡ്ഹോൾ ആൻഡ് ക്ലാപ്പിൻ കമ്പനി ആരംഭിച്ചു. ഇതു വാൾ സ്ട്രീറ്റിൽ സ്ത്രീകൾ നടത്തിയ ആദ്യത്തെ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായിരുന്നു. എങ്കിലും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ അവർക്ക് അംഗത്വം നൽകിയില്ല. 1967-വരെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ത്രീജനങ്ങൾക്ക് അംഗത്വം കൊടുക്കുമായിരുന്നില്ല.


1869-ജനുവരിയിൽ സ്ത്രീകളുടെ പൗരാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സഫ്രാഗേറ്റ്സ്  (Suffragettes) കൺവെൻഷനിൽ വിക്റ്റോറിയ സംബന്ധിക്കുകയുണ്ടായി. പിന്നീട് ആ സംഘടനയിൽ അവർ  ആത്മാർത്ഥമായി പ്രവർത്തിക്കാനും തുടങ്ങി. 1871 ജനുവരി പതിനൊന്നാം തിയതി സ്ത്രീകൾക്ക് വോട്ടവകാശം നടത്താനുള്ള നിയമഭേദഗതി വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളും അമേരിക്കയിലെ പൗരജനങ്ങളാണെന്നും നികുതി കൊടുക്കുന്നവർക്ക് ഈ രാജ്യത്തിലെ നിയമനിർമാണത്തിൽ പങ്കു വേണമെന്നും വിക്റ്റോറിയ വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അഭ്യർത്ഥനകൾ അന്നത്തെ നിയമ നിർമ്മാതാക്കൾക്ക് അയച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടാകാതെ അതെല്ലാം നിരസിക്കുകയാണുണ്ടായത്. സ്ത്രീകളുടെ സംഘടനയായ സഫ്രാഗേറ്റ്സിൽ അവർക്ക് സുധീരമായൊരു നേതൃത്വം നൽകാനും സാധിച്ചു.


ബ്രോക്കറേജ് കമ്പനി തുടങ്ങിയ രണ്ടു മാസത്തിനുശേഷം വിക്റ്റോറിയ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ പോകുന്ന വാർത്ത ജനങ്ങളെ അറിയിച്ചു. സ്ത്രീകളുടെ  സഫ്രാഗേറ്റ്സ്  (Suffragettes) സംഘടയുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടർന്നു. സ്ത്രീകളുടെ പൗരവകാശങ്ങൾക്കു പുറമെ റയിൽറോഡുകൾ ദേശവൽക്കരിക്കാനും ജോലിക്കാർക്ക് എട്ടു മണിക്കൂർ ജോലിസ്ഥിരത വരുത്താനും, മരണശിക്ഷ അവസാനിപ്പിക്കാനും നേരിട്ടുള്ള നികുതി വ്യവസ്ഥകൾ നടപ്പാക്കാനും സാധുക്കളുടെ ക്ഷേമങ്ങളും തിരഞ്ഞെടുപ്പു പ്രകടന പത്രികകളിലുണ്ടായിരുന്നു. കൂടാതെ ആഴ്ചയിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന പത്രവും പുറത്തിറക്കി. തുല്യാവകാശം മാനദണ്ഡമായി പ്രഖ്യാപിച്ചുകൊണ്ട് ഈക്വൽ റൈറ്സ് പാർട്ടിയെന്ന (equal rights party) രാഷ്ട്രീയ സംഘടനയും അവർക്കു പൂർണ്ണമായ പിന്തുണയും നൽകി. 1872-മെയ് മാസത്തിലെ ഈക്വൽ റൈറ്സ് പാർട്ടി നടത്തിയ കൺവെൻഷനിൽ വിക്റ്റോറിയാ വുഡ്ഹോളിനെ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ തിരഞ്ഞെടുത്തു. പ്രസിദ്ധനായ അടിമത്വ വിരുദ്ധ പോരാളി ഫ്രഡറിക്ക് ഡഗ്ലാസായിരുന്നു ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവരോടൊപ്പം മത്സരിച്ചത്. പിന്നീട് വിക്റ്റോറിയായ്‌ക്കൊപ്പം അദ്ദേഹം വൈസ് പ്രസിഡന്റായി മത്സരിച്ച വിവരം വെളിപ്പെടുത്തുകയില്ലായിരുന്നു. കൂടാതെ വിക്റ്റോറിയായുടെ സ്വകാര്യ ജീവിതത്തിലും കളങ്കമുണ്ടായി. വിക്റ്റോറിയായുടെ രണ്ടാം ഭർത്താവിനെതിരെ അവരുടെ അമ്മ ഒരു കേസ് ഫയൽ ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ വിക്റ്റോറിയായുടെ പേര് ബാലറ്റ് പേപ്പറിലുണ്ടായിരുന്നെങ്കിലും എത്ര വോട്ടു കിട്ടിയെന്ന് ആർക്കുമറിഞ്ഞുകൂടാ. പല സ്റ്റേറ്റുകളിലും അവർക്കു കിട്ടിയ വോട്ടുകളെണ്ണുവാൻ പോലും അധികൃതർ തയാറായില്ല.

1872-ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 'യൂലീസ്സിസ് ഗ്രാന്റ്' രണ്ടാമതും പ്രസിഡന്റായി ഓഫിസിൽ വരുന്നതിനുമുമ്പ് വിക്റ്റോറിയ വുഡ്ഹോൾ പ്രസിദ്ധനായ ഒരു മതപ്രസംഗകൻ ഹെൻറി വാർഡ് ബീച്ചറിനെ കുറ്റപ്പെടുത്തി പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അയാൾ ദുർവൃത്തനും വ്യപിചാര സ്വഭാവമുള്ളവനും കപടമത പ്രസംഗികനുമെന്നായിരുന്നു ആരോപണം. എഴുതാൻ പാടില്ലാത്ത കുത്സിത ഭാഷയിൽ ലേഖനമെഴുതിയതിന്റെ പേരിൽ വിക്ടോറിയായെയും ടെന്നസ്സിയെയും അറസ്റ്റു ചെയ്തു. മറ്റൊരു അപകീർത്തികരമായ ലേഖനത്തിനും കേസുണ്ടായിരുന്നു. അതിൽ ഒരു വാൾസ്ട്രീറ്റ് ബിസിനസുകാരൻ രണ്ടു കൗമാരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കഥയായിരുന്നു. പോലീസ് രണ്ടു സഹോദരികളെയും ജയിലിൽ അടക്കുകയും ഒരു മാസം ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു. മറ്റൊരു അവസരത്തിൽ അനുവാദമില്ലാതെ പ്രസംഗിക്കാൻ ഒരു സ്റ്റേജിൽ ഒളിച്ചു കയറിയതിനും അറസ്റ്റു ചെയ്തു. പിന്നീട് ഈ സഹോദരികൾ  കുറ്റക്കാരല്ലെന്നു വിധിയുമുണ്ടായി. അവരുടെ പ്രധാന വിമർശകരായിരുന്ന ഹാരിയത് ബീച്ചർ സ്റ്റോവും ബീച്ചറിന്റെ സഹോദരിയും 'അങ്കിൾ ടോം'സ് ക്യാബിൻ' എന്ന പുസ്തകത്തിന്റെ രചയിതാക്കളായിരുന്നു. വിക്റ്റോറിയാ വുഡ്ഹോളിനെ അവർ ജയിൽ കഴുകനെന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ലജ്ജയില്ലാത്ത ദുർമന്ത്രവാദിനിയെന്നും വിളിച്ചിരുന്നു. കാർട്ടൂണിസ്റ് തോമസ് നാസ്റ്റ് അവരെ 'മിസസ്  ശാത്താനായി' ചിത്രീകരിക്കുകയും പരിഹാസരൂപത്തിൽ കാർട്ടൂണുകൾ രചിക്കുകയും ചെയ്തിരുന്നു.



ലൈംഗിക കാര്യങ്ങളെപ്പറ്റിയും വിക്റ്റോറിയാ വുഡ്ഹോൾ പ്രസംഗിക്കുമായിരുന്നു. സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതത്തിൽനിന്നും സ്ത്രീക്ക് മോചനം വേണമെന്നും അവർ പറയുമായിരുന്നു. അവരുടെ ശരീരത്തെ കാത്തു സൂക്ഷിക്കാനുള്ള അവകാശവും വ്യക്തമായി എടുത്തു പറഞ്ഞിരുന്നു. ഒരിക്കൽ അവർ പറഞ്ഞു, "നീ ആരാണെങ്കിലും നിങ്ങളുടെയെല്ലാം സ്നേഹം ഞാൻ കാംഷിക്കുന്നു. യുവാക്കളോ വൃദ്ധരോ ആരുമായിക്കൊള്ളട്ടെ, എനിയ്ക്ക് പ്രശ്നമില്ല. കറുത്തവരോ, വെളുത്തവരോ, പേഗനോ, ജ്യൂവിഷോ ക്രിസ്ത്യാനികളോ എനിക്കു പ്രശ്നമല്ല. ഞാൻ എല്ലാവരെയും സ്നേഹിക്കും. അവരുടെ സ്നേഹവും ഞാനാഗ്രഹിക്കുന്നു. സ്നേഹത്തിന് അതിരുകളില്ലെന്നും മനസിലാക്കണം"



1877-ൽ വാണ്ടർ ബിൽറ്റ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ നൂറുമില്യൻ ഡോളർ വിലപിടിപ്പുള്ള വസ്തുക്കൾക്കായി മക്കൾ വഴക്കടിക്കാൻ തുടങ്ങി. വാണ്ടർബിൽറ്റും (Vanderbilt) ടെന്നസിയുമായി പ്രേമബന്ധങ്ങളുണ്ടായിരുന്നതിനാൽ സ്വത്തുക്കളുടെ വീതം ടെന്നസിയും വിക്ടോറിയായും പങ്കുപറ്റി കാണും. കോടതിയിൽ വിസ്താരവേളകളിൽ ഈ സഹോദരിമാരും പോകണമായിരുന്നു. കോടതി വിസ്തരിക്കാതിരിക്കാൻ ഇവർ പണം കൊടുത്തുവെന്നും കിംവദന്തികളുണ്ട്. എന്തുതന്നെയാണെങ്കിലും അതേ വർഷം ആഗസ്റ്റിൽ സഹോദരികൾ പ്രവാസികളായി ഇംഗ്ലണ്ടിൽ പോയി. അവിടെ വിക്റ്റോറിയാ വുഡ്ഹോൾ ധനികനായ ഒരു ബാങ്കറെ കണ്ടുമുട്ടി മൂന്നാമതും വിവാഹം ചെയ്തു. 1927 മരണം വരെ അവർ അവിടെ ജീവിച്ചു. സ്വന്തമായ പത്രവും പത്രപ്രവർത്തകയുമായി പിന്നീടുള്ള ജീവിതകാലം അവിടെ കഴിച്ചുകൂട്ടി. ജോർജ് വാഷിഗ്ടൺന്റെ പൂർവികർ താമസിച്ചിരുന്ന ഇംഗ്ലീഷ് ഭവനത്തിന്റെ സംരക്ഷണ ചുമതലകളും വഹിച്ചിരുന്നു. വിക്റ്റോറിയായ്ക്ക് വാഹനങ്ങളോട് അതീവ താല്പര്യമായിരുന്നു. അവരുടെ എസ്റ്റേറ്റിനു സമീപമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിച്ചിരുന്നു. 1892-ൽ വീണ്ടും പ്രസിഡന്റായി മത്സരിക്കാൻ അവർക്കു പദ്ധതിയുണ്ടായിരുന്നു. അതിനുള്ള പിന്തുണയ്ക്കായി അവർ പുറംരാജ്യങ്ങൾ സന്ദർശിക്കുമായിരുന്നു. കൃഷിക്കാർക്കായി ഒരു സ്‌കൂൾ സ്ഥാപിച്ചെങ്കിലും അധികകാലം അതിന്റെ പ്രവർത്തനങ്ങൾ നിലനിന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ റെഡ്ക്രോസ്സിൽ വോളന്റീയറായി അവർ പ്രവർത്തിച്ചിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സംഘടനയായ സഫ്രാഗേറ്റ്സുകളുടെ (Suffragettes) പിന്തുണ പിന്നീട് വിക്റ്റോറിയാ വുഡ്ഹോളിന് നഷ്ടപ്പെട്ടു. അന്നത്തെ സ്ത്രീകളുടെ സഫ്രാഗേറ്റ്സ് മുന്നേറ്റത്തിന്റെ പ്രമുഖ നേതാക്കളായ സൂസൻ ബി ആന്റണി, എലിസബത്ത്‌ കാഡി സ്റ്റാന്റൻ മുതലായവർ  വിക്റ്റോറിയ പ്രസിഡന്റായി മത്സരിച്ച വേളയിൽ അവർക്കുവേണ്ടി പ്രവർത്തിച്ചിരുന്നു.  സ്ത്രീകളുടെ പ്രതിനിധികളടങ്ങിയ സഭാസംബന്ധമായ വിഷയങ്ങളിൽ നേതൃത്വവും നൽകിയിരുന്നു. അവരെല്ലാം വിക്റ്റോറിയായുടെ രാഷ്ട്രീയ സ്ഥാനകാംക്ഷയയെയും അധികാര മോഹത്തെയും ലോകപ്രശസ്തയാകാനുള്ള തീവ്രാഭിലാഷങ്ങളേയും വെറുത്തിരുന്നു. തന്മൂലം പ്രസിഡന്റാകാനുള്ള വിക്ടോറിയായുടെ  പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു. ആദ്യത്തെ പ്രസിഡന്റ് മത്സരത്തിനുശേഷം സഫ്രാഗേറ്റ്സുകാർ അവരെ ഒരു പ്രതിനിധിയോഗങ്ങളിലും ക്ഷണിച്ചിരുന്നില്ല. ബ്രിട്ടീഷ് സഫ്രാഗേറ്റ്സ് നേതാവിന് അവരെപ്പറ്റി ആന്റണി ഒരു പരാതിയെഴുതി അയക്കുകയും ചെയ്തു. "രണ്ടു സഹോദരികളും ദുർനടപ്പുകാരും കാമാതുരരും അന്തസില്ലാത്ത സ്ത്രീകളെന്നുമായിരുന്നു" എഴുത്തിലെ ചുരുക്കം. കൂടാതെ ആന്റണിയും സ്റ്റാന്റനും മറ്റിൽഡാ ഗാജുവും ഒത്തൊരുമിച്ച് സഫ്രാഗ (suffrage movement) മുന്നേറ്റത്തിന്റെ ചരിത്രം 1880-ൽ പൂർത്തിയാക്കിയിരുന്നു. ആ പുസ്തകത്തിൽ വിക്റ്റോറിയാ വുഡ്ഹോളിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.  


വിക്റ്റോറിയാ വുഡ്ഹോൾ പ്രസിഡന്റായി മത്സരിച്ച വേളയിൽ മുപ്പത്തിനാലു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഭരണഘടന ആർട്ടിക്കിൾ-2- നിയമപ്രകാരം അമേരിക്കൻ പ്രസിഡന്റാകാൻ കുറഞ്ഞ പ്രായം മുപ്പത്തിയഞ്ചു വയസ്സായിരിക്കണം. അവരുടെ ബാല്യത്തിലും യൗവ്വനത്തിലുമുള്ള തെരുവുജീവിതവും മോഷ്ടാവായ പിതാവും മൂന്നു വിവാഹം കഴിച്ചതും ലൈംഗിക അരാജകത്തിൽ ജീവിച്ചതുകൊണ്ടും പ്രത്യേകിച്ചു ജോലിയോ വീടോ ഇല്ലാതെയും പിശാചു ബാധയൊഴിവാക്കിയും പ്രേതങ്ങളോട് സംസാരിച്ചും ഭാവിപ്രവചനങ്ങൾ നടത്തിയും നാടോടിയായി അലഞ്ഞു തിരിഞ്ഞു നടന്നതിനാലും ചരിത്രത്തിൽ അവർക്ക് വലിയ സ്ഥാനം കല്പിച്ചിട്ടില്ല. അവരുടെ പിതാവ് ഒരു കള്ളനും മക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന മനുഷ്യനുമായിരുന്നു. അവരുടെ മാതാവ് 'ആനി'   തെരുവു  വേശ്യയെപ്പോലുള്ള ഒരു സ്ത്രീയായിരുന്നുവെന്നും ചരിത്രം കുറിച്ചിരിക്കുന്നു. പിതാവ് പാമ്പിന്റെ തൊലികളിൽ നിന്നും കടഞ്ഞെടുത്ത ഓയിലുമായി വീടുകൾതോറും നടന്നു വിൽപ്പന നടത്തിയിരുന്നു. ഡോക്ടറെന്നും വക്കീലെന്നും സ്വയം പറഞ്ഞു മറ്റുള്ളവരെ കബളിപ്പിച്ചും നടക്കുമായിരുന്നു. പ്രാകൃത ജീവിതമായിരുന്നു ആ കുടുംബം നയിച്ചിരുന്നത്. 


സോഷ്യൽമീഡിയ അന്നുണ്ടായിരുന്നെങ്കിൽ വികാരാധീനയായി വിക്റ്റോറിയാ വുഡ്ഹോൾ  പറയുമായിരുന്നു, "ആരെയും സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ട്. സ്നേഹത്തിനൊരു അതിരില്ല. സ്നേഹം അല്പകാലമോ ദീർഘകാലമോ ആവാം. സ്വതന്ത്രയായ ഞാൻ നിരുപാധികമായ എന്റെ സ്നേഹം ആർക്കും വാരിക്കൊടുക്കും. ആരെയും സ്നേഹിക്കാനുള്ള എന്റെ അവകാശം അന്യാധീനപ്പെടുത്താനും സാദ്ധ്യമല്ല. സ്ത്രീകൾ നിലവിലുള്ള ചട്ടത്തിനെതിരെ പ്രതികരിക്കുന്നുവെങ്കിൽ, അവർ പുരുഷ മേധാവിത്വത്തിൽ നിന്നും വിമോചനം ആഗ്രഹിക്കുന്നുവെങ്കിൽ പുരുഷൻ അവൾക്ക് സ്വാതന്ത്ര്യം നൽകണം. പുരുഷനിൽനിന്നും വേർപെടാൻ ആഗ്രഹിച്ചാലും നിയമപരമായും സഹകരിക്കണം. സ്ത്രീയുടെ സ്നേഹമെന്നു പറയുന്നത് ഒരു പുരുഷനു മാത്രമുള്ളതല്ല. പുരുഷനെപ്പോലെ തന്നെ അവൾക്കും അനേക പുരുഷന്മാരുടെ സ്നേഹലാളനകൾ ലഭിക്കാനുള്ള മോഹങ്ങളുമുണ്ട്." അവരുടെ പ്രസംഗ പീഠങ്ങളിലുള്ള ഉദ്ധരണികൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. "നല്ല കാലം വരണമേയെന്നു മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ ഞാൻ കർമ്മനിരതയായി എന്റെ കർത്തവ്യങ്ങളിൽ മുഴുകിയിരിക്കും. പ്രതീക്ഷകളുടേതായ ആ സ്വപ്നങ്ങൾക്ക് വിശ്രമമില്ലാതെ പണിയെടുക്കും." സ്ത്രീകളുടെ അവകാശങ്ങൾ നേടാനായി അവർ ഭരണ വർഗങ്ങളോട് ചോദിച്ച ചോദ്യമാണ്, 'അമേരിക്കൻ പൗരാവകാശത്തെ അവഗണിച്ചുകൊണ്ട് സ്ത്രീക്ക് വോട്ടവകാശം നിഷേധിക്കാൻ നിങ്ങൾക്കെന്തവകാശമാണുള്ളത്?' 'നിയമത്തിന്റെ മുമ്പിൽ സ്ത്രീ പുരുഷനു തുല്യമെങ്കിൽ അവളുടെ എല്ലാ അവകാശങ്ങളും പുരുഷനെപ്പോലെ തുല്യമായിരിക്കണം.'  ഒരു അമ്മയുടെ വിലാപവും അവരിലുണ്ടായിരുന്നു. "ഉടഞ്ഞ കപ്പലുപോലെ ഞാനൊരു ബുദ്ധിശൂന്യനായ, ശാരീരിക ദൗര്‍ബല്യമുള്ള ‍മനുഷ്യകുഞ്ഞിനു ജന്മം കൊടുത്തപ്പോൾ എന്റെ ഹൃദയം തകർന്നുപോയിരുന്നു." 


Ulysses S. Grant
CORNELIUS VANDERBILT
Frederick Douglass, former-slave

Woodhill sisters as they try to cast votes in Tennessee.





Mrs. Satan, Victoria Woodhull "


Sunday, July 3, 2016

സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയും അവളുടെ കഥയും






By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി മാത്രം. ദേശീയ സ്നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവൾക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കൻ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലർക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയെന്ന സ്തൂപത്തിനു രൂപകൽപ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോർക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ശില്പിയായിരുന്നു. താജ്മഹൽ സ്ഥാപിച്ചത് ഷാജഹാനെന്നു എല്ലാവർക്കുമറിയാം. എന്നാൽ അതിനുള്ളിൽ പ്രവർത്തിച്ച ശില്പിയുടെ കഥ അജ്ഞാതമാണ്. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയുടെ കഥയും ഏതാണ്ട് അതുപോലെ തന്നെ.


ബൃഹത്തായൊരു സ്തൂപസ്മാരകം അമേരിക്കയിൽ പണിയണമെന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1865-ൽ ഫ്രഞ്ചുകാരനും കവിയും നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന എഡൗർഡ് ഡി ലബൗളയെ(Edouard de Laboulaye) ആയിരുന്നു. ഒരു സാമൂഹിക പ്രവർത്തകനുംകൂടിയായിരുന്ന അദ്ദേഹം അടിമകളുടെ മോചനത്തിനായുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിമയുണ്ടാക്കാൻ ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന (Frederic Auguste Bartholdi) ശില്പിയ്ക്ക് അധികാരവും നൽകി. 1876 അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ പ്രതിമയുടെ പണി പൂർത്തിയായി അനാച്ഛാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയതായി ഉദയം ചെയ്ത 'സ്റ്റാച്ച്യു ഓഫ് ലിബർട്ടി' 'നിത്യവും സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായി ലോകത്തിനു വഴികാട്ടിയായി വെളിച്ചം വീശട്ടെയെന്നുള്ള' തത്വവും ലിഖിതം ചെയ്തിരുന്നു. അമേരിക്കയിലെയും  ഫ്രാൻസിലെയും ഉദാരമതികളായ അനേകരുടെ ഒത്തൊരുമിച്ചുള്ള പ്രയത്ന ഫലവും കൊണ്ടാണ് ഇങ്ങനെയൊരു സൗധം ഉയർത്താനും സാധിച്ചത്. ഫ്രാൻസിൽ ശില്പിയായിരുന്ന ഫ്രഡറിക് അഗസ്റ്റ ബർതോൾഡി ഈ മഹാ സൗധത്തിന്റെ കോപ്പർ ഫ്രേയും നിർമ്മിക്കുന്നതിനായി അലക്സാണ്ടറെ ഗുസ്താവ് ഈഫൽ (Alexandre Gustave Eiffel)എന്ന എഞ്ചിനീയറെ അധികാരപ്പെടുത്തി.


1892-ൽ സ്ഥാപിച്ച ഈ സ്മാരകം നാല്പതേക്കർ സ്ഥലത്ത് 305 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. അലങ്കാര മേലങ്കി ധരിച്ച ഒരു സ്ത്രീയുടെ രൂപമാണ് ഈ പ്രതിമ. ദീപം പിടിച്ചിരിക്കുന്ന ലിബ്രറ്റാസെന്ന റോമൻ ദേവതയോട് സാമ്യവുമുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ 1776 ജൂലൈ നാലെന്നും മേലങ്കിയിൽ ലിഖിതം ചെയ്തിട്ടുണ്ട്. അവളുടെ  കാൽപാദങ്ങളിൽ അടിമത്വത്തിന്റെ മോചനം നേടിയ പ്രതീകമായി പൊട്ടിയ ഒരു ചങ്ങലയുമുണ്ട്. ഗ്രീസിൽ നിന്നു വന്ന ഒരു കുടിയേറ്റക്കാരൻ പറഞ്ഞത്, " സ്വാതന്ത്ര്യത്തിന്റെ ചിന്ഹമായ ആ പ്രതിമയെ ഞാൻ കണ്ടു. എന്നോടായി ഞാൻ പറഞ്ഞു, സ്ത്രീയെ നീ സുന്ദരിയാകുന്നു. കൈകൾ സ്വാഗതാർഹമായി വിടർത്തികൊണ്ട് വിദൂരദേശങ്ങളിൽനിന്നു വരുന്ന വിദേശികളെയും നീ സ്വീകരിക്കുന്നു. ഈ രാജ്യത്തിനുവേണ്ടി ഞാനൊരു മുതലെന്നു തെളിയിക്കാൻ എനിക്കും അവസരങ്ങൾ തരൂ. അമേരിക്കായെന്ന ഈ സ്വപ്ന ഭൂമിയിൽ ഞാനും കർമ്മോന്മുഖനായി പവിത്രമായ ഈ മണ്ണിന്റെ ആത്മാവിനെ തേടട്ടെ. അനുഗ്രഹിച്ചാലും. എന്നുമെന്നും നീയാകുന്ന സ്വാതന്ത്ര്യത്തിന്റെ ഈ പ്രതിമ എന്റെയും മനസിന്റെ പ്രതിബിംബമായിരുന്നു."


കഴിഞ്ഞ നൂറ്റിമുപ്പതു വർഷങ്ങളിൽപ്പരമായി സ്റ്റാച്ച്യു ഓഫ് ലിബർട്ടിയെന്ന സ്തൂപം സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിൽ വഹിച്ചുകൊണ്ട് അനേകായിരം സഞ്ചാരികളെ ദിനംപ്രതി സ്വാഗതം ചെയ്യുന്നതായി കാണാം. അണയാത്ത തേജസുമായി ഒരു കൊച്ചുതുരുത്തിൽ സ്ഥിതിചെയ്യുന്ന സ്ത്രീയുടെ രൂപമുള്ള ഭീമാകാരമായ ഈ പ്രതിമയുടെ മുമ്പിൽ രാജാക്കന്മാരും ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും വന്നും പോയും വിസ്മയകരമായി നോക്കി നിന്നിട്ടുണ്ട്.  സ്റ്റാച്ച്യു ഓഫ് ലിബർട്ടിയും അവൾ വസിക്കുന്ന ദ്വീപും എന്നുമെന്നും മാറ്റത്തിന്റേതായ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ മുമ്പിൽ അവൾ പ്രഭാവവതിയായി പട്ടണത്തിനു ചുറ്റുമുള്ള സകലർക്കും കാണത്തക്ക വിധത്തിൽ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നതും കാണാം. വെട്ടിത്തിളങ്ങുന്ന ഗ്രാനേറ്റ്‌കൊണ്ടു പടുത്തുയർത്തിയ ഒരു പീഠത്തിലാണ് അവളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവളെങ്ങനെ ഈ കരയിൽ വന്നെത്തിയതെന്നും അവളൊരു കാഴ്ചവസ്തുവായതും ചുരുക്കം പേർക്കേ അറിഞ്ഞുകൂടൂ.


ഈ സ്തൂപത്തിങ്കൽ പകിട്ടാർന്ന ഒരു കഥയുണ്ട്.  ഗ്രീക്കിലെ റോഡെന്ന പട്ടണത്തിലുള്ള ദ്വീപിലെ സൂര്യദേവനായ ഹെലിയോസിന്റെ സ്തൂപം പോലെ, പൗരാണിക സംസ്‌കാരങ്ങളുടെ പ്രതീകമായ റോമൻ ദേവതകളെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ പവിഴദ്വീപായ എല്ലീസ് ഐലൻഡിൽ കരയ്ക്കടുക്കുന്ന കുടിയേറ്റക്കാർക്കായി പ്രതീക്ഷകളും നൽകിക്കൊണ്ട് ആ ദേവത അവിടെ കാത്തു നിൽക്കുന്നു. അണയാത്ത സൗന്ദര്യം മുറ്റിനിൽക്കുന്ന അവൾക്ക് തലമുറകളായുള്ള ഒരു കാത്തിരിപ്പിന്റെ ചരിത്രമുണ്ട്. വൈമാനിക യാത്രകളുടെ തുടക്കത്തോടെ കുടിയേറ്റക്കാരുടെ ആ ദേവതയോടുള്ള അഭിവാദന സാംസ്ക്കാരിക പാരമ്പര്യത്തിന് മങ്ങലേറ്റിട്ടുണ്ടെന്നുള്ളതും ഇന്നിന്റെ യാഥാർഥ്യമാണ്. എങ്കിലും ഓരോ കുടിയേറ്റ മനസിലും അവളിന്നും മൂര്‍ത്തികരണഭാവമായി നിത്യം വെട്ടി തിളങ്ങുന്നതും കാണാം.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ഫ്രാൻസിൽനിന്നു അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമെന്നു പലരും വിചാരിക്കുന്നു. എന്നാലത് ചരിത്രത്തിൽ മായം ചേർത്തുകൊണ്ടുള്ള ഒരു അയഥാർഥ്യം മാത്രമാണ്.  വാസ്തവത്തിൽ ഈ പ്രതിമയും അതിന്റെ സ്ഥാപനവും ഫ്രഡറിക് അഗസ്റ്റ ബർതോൾഡിയെന്ന ഒരു സാധാരണ പ്രതിമ നിർമ്മാതാവിന്റെ ചിന്തയിൽനിന്നു വന്ന രൂപാശയമായിരുന്നു. അനുയോജ്യമായ ഒരു രാജ്യം തിരഞ്ഞെടുത്ത് ഒരു സ്ത്രീയുടെ രൂപത്തിലുള്ള  പ്രതിമ നിർമ്മിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. ഇതിനായി അമേരിക്കയിലെ ഉചിതമായ സ്ഥാനം കണ്ടുപിടിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ  സന്ദർശിച്ചതായി അദ്ദേഹത്തിന്റെ ഡയറിയിലും എഴുത്തുകുത്തിലും കാണുന്നു. അദ്ദേഹം നയാഗ്രാ വെള്ളച്ചാട്ടം മുതൽ വാഷിംഗ്ടൺ ഡിസി, ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മുതലായ സ്ഥലങ്ങളിൽ ആകർഷകമായ സ്ഥലം തേടി നടന്നു. തന്റെ സ്വപ്ന സാഷാത്ക്കരത്തിനായി ജനപിന്തുണയും ആഗ്രഹിച്ചു.


സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നിർമ്മാണ പ്രവർത്തനങ്ങളുമായി ധനം സമാഹരിക്കാൻ അദ്ദേഹം സമൂഹത്തിലെ ഉന്നതരായ പലരെയും സമീപിച്ചു. ഗവർണ്മെന്റിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയില്ലായിരുന്നു. ടിക്കറ്റു വെച്ചുകൊണ്ട് മാന്ത്രികരുടെ ചില അത്ഭുത കാഴ്ചകളും കലാ സാംസ്ക്കാരിക പരിപാടികളും  നടത്തി. സ്റ്റാച്ച്യൂവിന്റെ പദ്ധതികളും പ്ലാനും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പണസമ്പാദനത്തിനായുള്ള സുവനീറും വിറ്റുകൊണ്ടിരുന്നു. ഒരു ദേശീയലോട്ടറി നടത്താനുള്ള അനുവാദവും ഫ്രഞ്ചുസർക്കാരിൽ നിന്നു ലഭിച്ചു. അവസാനം അമേരിക്കൻ പത്രാധിപരായ ജോസഫ് പുലിറ്റ്‌സറിനെ കണ്ടുമുട്ടി. ഈ പ്രതിമ പണിയാൻ ഒരു പെനി സംഭാവന തരുന്നവരുടെ പേരുപോലും പുലിറ്റ്സർ  പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതുമൂലം പുലിറ്റ്സറിന്റെ പത്രത്തിന്റെ പ്രചരണവും വളരെ മടങ്ങു വർദ്ധിച്ചു. വായനക്കാർ തങ്ങളുടെ പേര് പത്രത്തിലച്ചടിച്ചു വരുന്നത് കാണാനും കൗതുകമേറിക്കൊണ്ടു പത്രങ്ങൾ മേടിച്ചുകൊണ്ടിരുന്നു.  സ്റ്റാച്ച്യൂവിനു പണമുണ്ടാക്കാൻ അതൊരു നല്ല മാർക്കറ്റിങ് തന്ത്രവൈദഗ്‌ദ്ധ്യവുമായിരുന്നു.


ആദ്യം ഈ സ്റ്റാച്ച്യൂ സൂയസ് കനാലിന്റെ തീരത്തു സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയിൽ ഈ സ്തൂപം സ്ഥാപിക്കാൻ അന്നു ബർതോൾഡിയ്ക്ക് ചിന്തകളുണ്ടായിരുന്നില്ല.  യുവാവായിരുന്നപ്പോൾ തന്നെ അദ്ദേഹം സ്തൂപ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ് സന്ദർശിച്ചു. മെഡിറ്ററേനിയനും റെഡ്സീയ്ക്കും മദ്ധ്യേ അനുയോജ്യമായ ഒരു സ്ഥലം നിർണ്ണയിക്കുകയും ചെയ്തു. 1867-ൽ ഒരു ലോകമേള നടന്നപ്പോൾ ഈജിപ്റ്റിലെ ഒരു നേതാവായ 'ഖേദിവയെ' കണ്ടുമുട്ടി. പിരമിഡ് പോലെ വിസ്മയകരമായ ഒരു സ്തൂപം സ്ഥാപിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു. സൂയസ് കനാലിന്റെ തീരത്ത് ദേവത പോലുള്ള ഒരു സ്ത്രീ  കൈകളിൽ  ദീപവും പിടിച്ചുകൊണ്ടു അയഞ്ഞ വേഷത്തിൽ നിൽക്കുന്ന രൂപം ഡിസൈൻ ചെയ്തത് ഖേദിവയെ കാണിച്ചു. ദൗർഭാഗ്യവശാൽ ഈജിപ്റ്റുമായി ഒരു സമ്മതപത്രത്തിൽ ഒപ്പിടാൻ സാധിക്കാത്തതിനാൽ ഈ പദ്ധതിയുടെ നക്കലുമായി അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചു.


അമേരിക്കക്കാർക്ക് ബർതോൾഡിയുടെ സ്വപ്നത്തിലുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളിൽ അമേരിക്കയിൽനിന്നും കാര്യമായി സഹകരണമോ ധനശേഖരണമോ സാധിച്ചില്ല. പാരിസിൽ സ്റ്റാച്ച്യൂവിന്റെ നിർമ്മാണം പൂർത്തിയാക്കാൻ പതിനഞ്ചു നീണ്ട വർഷത്തോളമെടുത്തു. അമേരിക്കക്കാർ ഇത്തരം ഒരു പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും വീണ്ടും കാലങ്ങളെടുത്തു. പ്രതിമയ്ക്കുവേണ്ടി നിർമ്മിച്ച ദീപം ആദ്യം ഫിലാഡൽഫിയായിൽ പ്രദർശിപ്പിച്ചു. അവിടെനിന്നു ജനങ്ങളുടെ നല്ല പിന്തുണ കിട്ടിയതുകൊണ്ട് സ്റ്റാച്ച്യൂ ഫിലാഡല്ഫിയായിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. തന്മൂലം സ്റ്റാച്ച്യൂവിന്റെ തല നിർമ്മിക്കാനുള്ള പണം ശേഖരിക്കാനും സാധിച്ചു. ഫിലാഡൽഫിയാക്കാരുടെ ഈ പ്രതിമയുടെ കലാനിർമ്മാണത്തിനുള്ള ആവേശത്തിൽ ബർതോൾഡി വളരെയധികം സന്തുഷ്ടനായിരുന്നു.


ഒരിക്കൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി ബോസ്റ്റണിൽ സ്ഥാപിക്കാനുമൊരുങ്ങി. സ്റ്റാച്ച്യൂവിന്റെ പണി 1882-ൽ പാരീസിൽ മിക്കവാറും പൂർത്തിയാവുകയുമുണ്ടായി. ന്യൂയോർക്കിൽ അതിനുള്ള ധന സമാഹരണം കാര്യമായി സമാഹരിക്കാൻ സാധിച്ചില്ല. അക്കാലത്ത് ബോസ്റ്റൻകാർ സ്റ്റാച്ച്യൂ അവിടെ സ്ഥാപിക്കാനും  ശ്രമം തുടങ്ങി. ന്യൂയോർക്കുകാർ സ്റ്റാച്ച്യൂവിനു വേണ്ട പ്രോത്സാഹനം നല്കുന്നില്ലെന്നാരോപിച്ചുകൊണ്ട് അക്കാലങ്ങളിൽ ന്യൂയോർക്ക് ടൈംസ് ഒരു മുഖപ്രസംഗമെഴുതിയിരുന്നു. സ്റ്റാച്ച്യൂ സ്ഥാപിച്ചാൽ ബോസ്റ്റന്റെ പുരോഗമനം അതുമൂലം നേടുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. ബോസ്റ്റന്റെ തീരദേശങ്ങളിൽ പ്രതിമയുടെ സംയോജിപ്പിക്കാത്ത ഭാഗങ്ങൾ കൊണ്ടുവരാൻ ബുദ്ധിമുട്ടായതുകൊണ്ടു അവിടെ പ്രതിമ സ്ഥാപിക്കാമെന്നുള്ള പദ്ധതി നടന്നില്ല.


ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കും പ്രോസ്‌പ്പെറ്റ് പാർക്കും ഒരു പോലെ പ്രതിമ  സ്ഥാപിക്കാൻ പരിഗണയുണ്ടായിരുന്നു. 1871-ൽ ബർതോൾഡി ന്യൂയോർക്കിലെത്തിയപ്പോൾ അദ്ദേഹം ബ്രൂക്കിലിനിലുള്ള പുതിയ പാർക്കായ പ്രോസ്‌പ്പെറ്റും പുതിയതായി മൻഹാട്ടനിൽ പണിത സെൻട്രൽ പാർക്കും പ്രതിമ സ്ഥാപിക്കാനായി പരിഗണനയിലെടുത്തിരുന്നു. ആദ്യം സ്റ്റാച്ച്യൂവും അതിനോടനുബന്ധിച്ചുകൊണ്ടു ഒരു ലൈറ്റ്ഹൗസും പണിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയുടെ പതിനെട്ടാം പ്രസിഡന്റായ  യുളീസിസ് ഗ്രാന്റ് പ്രതിമ സ്ഥാപിക്കാൻ അനുവാദം കൊടുത്തപ്പോൾ അതു ലൈറ്റ് ഹൗസായിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അക്കാലത്തെ എൻജിനീയർമാർക്ക് ലൈറ്റുകൾ കൊടുത്തുകൊണ്ടുള്ള ഭീമാകാരമായ ഈ പ്രതിമ പണിയാൻ സാധിച്ചില്ല. അത് ബർതോൾഡിയെ വ്യാകുലപ്പെടുത്തിയിരുന്നു. പിന്നീട് ലൈറ്റ് ഹൗസിനു അനുയോജ്യമായ സ്ഥലമല്ല അവിടമെന്നും മനസിലാക്കി. രാത്രികാലങ്ങളിൽ പ്രതിമ കൂടുതൽ ദൃശ്യമാവുന്നതിനായി ശില്പിയായ ബർതോൾഡി പ്രതിമയൊന്നാകെ സ്വർണ്ണം പൂശണമെന്നും പദ്ധതിയിട്ടിരുന്നു. ന്യൂയോർക്ക് ഹാർബറിൽ സ്ഥാപിച്ച പ്രതിമയെ സ്വർണ്ണം പൂശുന്നതിനു മില്ല്യൻ കണക്കിനനു ഭീമമായ തുക ചെലവുകൾ വരുന്നതിനാൽ അത്രയും വലിയൊരു തുക നൽകാൻ ആരും തയാറായിരുന്നില്ല. അതുകൊണ്ടു അദ്ദേഹം അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.


പ്രതിമയിൽ  സംസാരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ തോമസ് എഡിസൺ ആഗ്രഹിച്ചിരുന്നു. 1878-ൽ എഡിസൺ ഫോണോഗ്രാഫ് പൊതുജനത്തിനായി അവതരിപ്പിച്ചു. പ്രതിമയ്ക്കുള്ളിൽ ഒരു മോൺസ്റ്റർ ഡിസ്ക് സംഘടിപ്പിച്ചുകൊണ്ടു മൻഹാട്ടനിലുള്ളവർ ശ്രവിക്കത്തക്കവിധം പ്രതിമയെക്കൊണ്ട് പ്രസംഗിപ്പിക്കുകയെന്നുള്ളതായിരുന്നു എഡിസന്റെ ഭാവനയിലുണ്ടായിരുന്നത്. ആരും അതിനു താല്പര്യം കാണിക്കാഞ്ഞതിനാൽ എഡിസന്റെ ചിന്തകൾ പ്രായോഗികമായില്ല.


1886-ൽ ലിബർട്ടി ഐലൻഡിൽ പ്രതിമ അനാച്ഛാദനം ചെയ്ത വേളയിൽ സഫറാഗെറ്റ്സ് എന്ന സ്ത്രീസംഘടനകളുടെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം നേടുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അക്കാലത്തു മിക്ക സ്റ്റേറ്റുകളിലും സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. പ്രതിമയുടെ അനാച്ഛാദന വേളയിൽ സ്ത്രീകളായി ബർതോൾഡിയുടെ ഭാര്യയും ഫ്രഞ്ച് എൻജിനീയറായ ഫെർഡിനാൻഡ് ഡി ലാസപ്പോയുടെ പതിമൂന്നു വയസുകാരി മകളും മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. സൂയസ് കനാൽ ഡിസൈൻ ചെയ്തതും ഈ ഫ്രഞ്ച് എഞ്ചിനീയറായിരുന്നു. സഫരാഗേറ്റുകൾ ഒരു ബോട്ടിൽ ചുറ്റും യാത്ര ചെയ്തുകൊണ്ട് പ്രതിക്ഷേധ ശബ്ദം അന്നു മുഴക്കിക്കൊണ്ടുമിരുന്നു.


1956-ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന ദ്വീപിനു 'ലിബർട്ടി ഐലൻഡെന്നു പേരു നൽകി. 1965 മെയ് പതിനൊന്നാം തിയതി എല്ലീസ് ദ്വീപും നാഷണൽ പാർക്കിനു കൈമാറുകയും ദേശീയ സ്മാരകമാക്കുകയും ചെയ്തു. 1982 -ൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി നവീകരിക്കാനായി പ്രസിഡന്റ് റൊണാൾഡ് റീഗൻ ക്രൈസലർ കോർപ്പറേഷൻ അധ്യക്ഷനായ 'ലീലാക്കോക്കാ' യെ ചുമതലപ്പെടുത്തി. എൺപത്തിയേഴു മില്യൻ ഡോളർ ശേഖരിച്ചുകൊണ്ട് പ്രതിമ നവീകരിക്കുകയും ചെയ്തു. ഫ്രാൻസിൽനിന്നും അമേരിക്കയിൽനിന്നും എൻജിനീയർമാർ ഒത്തൊരുമിച്ചു കൂടിയാണ് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. തുരുമ്പു പിടിച്ച ഭാഗങ്ങൾ മാറ്റി സ്റ്റെയിൻലെസ് സ്റ്റീൽ പകരം മാറ്റി വെക്കുകയും ചെയ്തു. 1984-ൽ പ്രതിമയ്ക്ക് ചുറ്റും താൽക്കാലിക മഞ്ചങ്ങളുണ്ടാക്കി. പ്രതിമയുടെ ഉൾഭാഗങ്ങളിൽ പണികളും ആരംഭിച്ചു. തുരുമ്പു പിടിച്ച പുറംഭാഗങ്ങൾ നന്നാക്കുകയോ മാറ്റുകയോ ചെയ്തുകൊണ്ട് പെയിന്റടിച്ചു. പ്രതിമയുടെ കൈകളിൽ പിടിച്ചിരുന്ന ദീപം ജീർണ്ണിച്ചു പോയതുകൊണ്ട് ആദ്യത്തെ പോലെ തന്നെ മറ്റൊന്നു പുനഃസ്ഥാപിക്കുകയും ചെയ്തു. അതിലെ കോപ്പർകൊണ്ടുള്ള പുറംചട്ട മൊത്തമായി പെയിന്റ് ചെയ്യുകയും പഴുതുകൾ അടയ്ക്കുകയുമുണ്ടായി. 1986 ജൂലൈ അഞ്ചാംതീയതി നവീകരിച്ച സ്റ്റാച്ച്യൂ കാണാൻ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കയും പ്രതിമ നിർമ്മിച്ച നൂറാം വർഷം ആഘോഷിക്കുകയുമുണ്ടായി. അമേരിക്കയിലെയും ഫ്രഞ്ചിലെയും എഞ്ചിനീയർമാർ ഒത്തൊരുമിച്ച് പ്രതിമയുടെ നേട്ടകോട്ടങ്ങൾ എന്തെല്ലാമെന്നും വിലയിരുത്തുകയും ചെയ്തു.

അടുത്ത കാലത്ത് ഡിസ്‌കവറി ചാനലിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിൽ കാണുന്ന രൂപം പുരുഷനോ സ്ത്രീയോയെന്ന വിവാദമുണ്ടായിരുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടിയിലെ രൂപം ബർതോൾഡിയുടെ അമ്മയുടെ പ്രതിരൂപമെന്നായിരുന്നു വെപ്പ്. സമീപകാലത്തെ വാർത്തകളിൽ ആ രൂപത്തിന്റെ പ്രതിച്ഛായ അദ്ദേഹത്തിന്റെ സഹോദരന്റേതെന്നും ചരിത്രകാർ വിശ്വസിക്കുന്നു. വിവിധ  ഫോട്ടോകളുടെ നിരീക്ഷണങ്ങളിൽക്കൂടി  പ്രതിമയുടെ മുഖം സഹോദരന്റെ തന്നെയെന്ന നിഗമനവും ശക്തമായിട്ടുണ്ട്.   ഫോക്സ് ന്യൂസിലെ യുവാവായ വാർത്താ ലേഖകൻ 'പീറ്റർ ഡൂസി' ലിബർട്ടിയുടെ മുഖം പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ ചോദ്യമായി വന്നപ്പോൾ അനേകരെ ആ വാർത്ത അതിശയിപ്പിച്ചിരുന്നു. ലിബർട്ടിയുടെ രൂപം പുരുഷനും സ്ത്രീയുമായി കൂടിയ ഭിന്നലിംഗമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്തു തന്നെയെങ്കിലും ഈ പ്രതിമ അമേരിക്കയുടെ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തി‌ഭാവമായി നിത്യം ജനഹൃദയങ്ങളിൽ കുടികൊള്ളുന്നു.

എമ്മാ ലാസറെന്ന കവിയുടെ  കവിതാസമാഹാരത്തിലെ അവളെപ്പറ്റിയുള്ള ഹൃദയംഗമമായ വാക്കുകളും ശ്രദ്ധേയമാണ്. "സ്വാതന്ത്ര്യം തേടിവരുന്ന പുത്തനായ കുടിയേറ്റക്കാരായവരേ ... പവിത്രമായ പാരമ്പര്യത്താൽ അധിഷ്ഠിതമായ നമ്മുടെ  പുണ്യഭൂമിയെ ഇനിമേൽ പരിപാലിച്ചാലും. നീണ്ട ദിനങ്ങളോളം കടലും താണ്ടി നിങ്ങളിവിടെയെത്തി. നിശബ്ദതയുടെ ഈ ഏകാന്തതയിൽ ഇന്നുമുതൽ നിങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എനിക്കു തരൂ. തണുപ്പുകൊണ്ടോ ഭയംകൊണ്ടോ ഇനിമേൽ വിറങ്ങലിക്കേണ്ടാ. തീവ്രാഭിലാഷങ്ങളുമായി വന്ന നിങ്ങൾ സ്വാതന്ത്ര്യത്തിന്റെ വായൂ ശ്വസിച്ചാലും. ഭവനരഹിതരായും ദാരിദ്ര്യത്തിലും കാറ്റത്തും കൊടുങ്കാറ്റത്തും വന്നെത്തിയവരുമായ  പ്രിയ കുടിയേറ്റക്കാരെ നിങ്ങളെന്റെ  അഭിവാദനങ്ങൾ സ്വീകരിച്ചാലും. നിങ്ങൾക്കു മുമ്പിൽ തുറന്നിരിക്കുന്ന സുവർണ്ണ വാതിലുകൾക്കൊപ്പം ഞാനെന്റെ ദീപത്തെ നിത്യവും  പ്രകാശിപ്പിച്ചുകൊണ്ട്  ഉയരങ്ങളിലുയർത്തട്ടെ."



Frederic Auguste Bartholdi
Ulysses S. Grant 

Tuesday, June 21, 2016

മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും




By ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും ആദരിക്കുന്ന മദർ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജനിച്ചു. അടുത്ത ദിവസം തന്നെ മാമ്മോദീസ്സാ ലഭിക്കുകയും 'ആഗ്നസ്' എന്ന നാമം നൽകുകയും ചെയ്തു. അവരുടെ മാതാപിതാക്കൾ 'നിക്കോളാ ബൊജാക്സിനും' 'ഡ്രൻഡോഫിലെ 'യുമായിരുന്നു. പിതാവ്, നിക്കോളാ കെട്ടിട നിർമ്മാണ കോൺട്രാക്റ്ററും മെഡിസിനും വൈദ്യോപകരണങ്ങൾ വിൽക്കുന്ന ഒരു വ്യവസായിയുമായിരുന്നു. കുടുംബം മൊത്തമായും  അൽബേനിയൻ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസികളും പള്ളി പ്രവർത്തനങ്ങളിൽ തല്പരരുമായിരുന്നു. കുടുംബത്തിലെ നിത്യവുമുണ്ടായിരുന്ന ഭക്തി നിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ ബാലികയായിരുന്ന ആഗ്നസിന് ആത്മീയ വെളിച്ചം നൽകിക്കൊണ്ടിരുന്നു. ആഗ്നസിന്റെ പിതാവിന് പള്ളി പ്രവർത്തനം കൂടാതെ രാഷ്ട്രീയവുമുണ്ടായിരുന്നു.


1919-ൽ ആഗ്നസിനു എട്ടു വയസു പ്രായമുണ്ടായിരുന്നപ്പോൾ അവരുടെ പിതാവ്, നിക്കോളാ ഏതോ അസുഖം ബാധിച്ചു മരിച്ചു പോയി. മരണകാരണം എന്തെന്ന് ആർക്കും അറിഞ്ഞു കൂടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ വിഷം കൊടുത്തുവെന്നും പറയുന്നു. പിതാവിന്റെ മരണശേഷം ആഗ്നസ് അമ്മയുടെ (ഡ്രൻഡോഫിലെ) പരിലാളനയിൽ വളർന്നു. 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവിതത്തിൽ മുൻഗണന നൽകണമെന്ന' അമ്മയുടെ ഉപദേശം ആഗ്നസിൽ പ്രത്യേകമായ ആവേശം പകർന്നിരുന്നു. സ്വന്തം അമ്മയുടെ വിശ്രമമില്ലാത്ത പരോപകാര പ്രവർത്തികൾ ആ ബാലികയുടെ  ജീവിതത്തിലെ വഴിത്തിരുവുകളായി മാറി.  അമ്മയെ എന്നും  സ്വന്തം ജീവിതത്തിൽ മാതൃകയാക്കുവാനും  ശ്രമിച്ചിരുന്നു.


കന്യാസ്ത്രികൾ നടത്തിയിരുന്ന ഒരു കോൺവെന്റ് സ്‌കൂളിലായിരുന്നു ;ആഗ്നസ്‌' പ്രൈമറി  വിദ്യാഭ്യാസം നടത്തിയിരുന്നത്. പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസം സർക്കാർ സ്‌കൂളിലും.  കുഞ്ഞായിരുന്നപ്പോൾ മുതൽ സ്വരമാധുരിയിൽ പാടിക്കൊണ്ടിരുന്ന നല്ലയൊരു പാട്ടുകാരിയായിരുന്നു. ഒരു കുഞ്ഞു മാലാഖയെപ്പോലെ ആഗ്നസെന്ന കുട്ടി ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾക്ക് നേതൃത്വവും  കൊടുത്തിരുന്നു. 1928-ൽ പതിനെട്ടാം വയസിൽ കന്യാസ്ത്രി മഠത്തിൽ ചേർന്നു. മഠത്തിൽ ആതുരസേവനം ചെയ്യുന്ന ഒരു സഹോദരിയാകണമെന്ന അഭിലാഷമൊഴിച്ച് ജീവിതത്തിലെ മറ്റു തുറകളിൽ പ്രവർത്തിക്കാനുള്ള അതിമോഹങ്ങളൊന്നും ആ സഹോദരിയിലുണ്ടായിരുന്നില്ല. അയർലണ്ടിൽ ഡ്യുബ്ലിനിലുള്ള 'സ്റ്റേഴ്സ് ഓഫ് ലൊറേറ്റോ മഠത്തിൽ' അർത്ഥിനിയായി സന്യസ്ത ജീവിതമാരംഭിച്ചു. അവിടെ നിന്നായിരുന്നു സിസ്റ്റർ മേരി തെരേസായെന്ന പേര് സ്വീകരിച്ചത്.


മഠത്തിൽ ചേർന്ന് ഒരു വർഷത്തിനുശേഷം ഇൻഡ്യയിലുള്ള ഡാർജലിങ്ങിൽ നോവീഷ്യത്തിനായി താമസമാക്കി. പിന്നീട്  പ്രാഥമിക വൃത വാഗ്ദാനത്തിനു ശേഷം കൽക്കട്ടായിൽ വന്നു. അവിടെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പെൺക്കുട്ടികളെ പഠിപ്പിക്കുന്ന ജോലിയാരംഭിച്ചു. ബംഗാളി കുടുംബങ്ങളിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ലോറോട്ടോ സിസ്റ്റേഴ്സ്  ആ സ്‌കൂൾ നടത്തിയിരുന്നു. സിസ്റ്റർ തെരേസാ ഹിന്ദിയും ബംഗാളിയും നല്ലവണ്ണം പഠിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും കുട്ടികളെ പഠിപ്പിച്ചിരുന്നു. 1937-ൽ അവസാനത്തെ വ്രതം പൂർത്തിയാക്കിയ ശേഷം മദർ തെരേസായെന്ന നാമം തെരഞ്ഞെടുത്തു. 1944 വരെ അവർ സെന്റ് മേരീസിൽ പഠിപ്പിച്ച ശേഷം ആ സ്‌കൂളിന്റെ പ്രിൻസിപ്പാളായി ചുമതലയെടുത്തു.


1950-ൽ കൽക്കട്ടായിൽ ആദ്യത്തെ മിഷ്യനറി ഓഫ് ചാരിറ്റീസ് ഭവനം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അതിനുശേഷം നൂറു കണക്കിന് ശാഖകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. മിഷ്യൻ പ്രവർത്തനം വിപുലമായപ്പോൾ കോടിക്കണക്കിന് വിദേശ ഡോളറുകൾ അവരുടെ സ്ഥാപനത്തിലേക്ക് ഒഴുകാൻ തുടങ്ങി. തത്ത്വത്തിൽ ഈ പണം മുഴുവൻ പാവങ്ങളെ സഹായിക്കുകയെന്നതല്ലായിരുന്നു.


മദർ തെരേസായെ ചരിത്രം വിശേഷിപ്പിച്ചിരിക്കുന്നത് നിസ്വാർത്ഥ സേവന നിരതയായിരുന്ന ഒരു സന്യാസിനിയെന്നാണ്. പരക്ഷേമകാംക്ഷയുടെ പ്രതിബിംബമായി അവരെ ചിത്രീകരിച്ചിരിക്കുന്നു.  ജീവിതകാലം മുഴുവൻ പാവങ്ങൾക്കായി പ്രവർത്തിച്ചുവെന്നു പുസ്തകത്താളുകൾ നിറയെ എഴുതിയും വെച്ചിട്ടുണ്ട്. മദർ തെരേസ എന്ന പേരിന്റെ ചുരുക്കം നന്മയുടെ ഉറവിടമെന്നാണ്. കരുണയും ഹൃദയ വിശാലതയും നിസ്വാർഥതയും ആ മഹനീയ നാമത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതായി കാണാം. എന്നാൽ ദൗർഭാഗ്യവശാൽ യഥാർഥ മദർ തെരേസായ്ക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു.  ചിന്തകരുടെ ദൃഷ്ടിയിൽ അവരുടെ മനസ്‌ വക്രത നിറഞ്ഞതായിരുന്നു. സത്യത്തിനു വിരുദ്ധമായി മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത തെരേസായെ സ്തുതി പാടുവാൻ ചുറ്റും നൂറു കണക്കിന് ജനവുമുണ്ടായിരുന്നു.


മദർ തെരേസായെ വിശുദ്ധയായി മാർപ്പാപ്പാ ഈ വരുന്ന 2016 സെപ്റ്റംബറിൽ ഉയർത്തുന്നതിൽ വിവാദങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പൊന്തി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രിട്ടനിൽ താമസിക്കുന്ന എഴുത്തുകാരനായ ഡോ.അരുൺ ചാറ്റർജി എഴുതിയ ഗ്രന്ഥത്തിൽ തെരേസായുടെ വിശുദ്ധ പദവിയേയും നോബൽ സമ്മാന പുരസ്‌ക്കാരത്തെയും ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ 'സിറ്റി ഓഫ് ജോയി'യിൽ മദർ തെരേസായെ വിമര്‍ശനവിഷയകമായി നിരൂപിച്ചിരിക്കുന്നതു കാണാം. പുസ്തകം ബെസ്റ്റ് സെല്ലറായി യൂറോപ്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു. നോബൽ സമ്മാനം മദർ തെരസായ്ക്ക് കൊടുത്തതും സത്യത്തിൽ മായം കലർത്തിയാണെന്ന് ചാറ്റർജി പറയുന്നു. നോബൽ കമ്മറ്റിയിൽ സ്വാധീനത്തിന്റെ പുറത്താണ് അത്തരം ഒരു പുരസ്ക്കാരം നൽകിയത്. അർഹപ്പെട്ടവർ പലരും ഉണ്ടായിട്ടും നോബൽ കമ്മിറ്റി അവരുടെ പേരുകൾ പരിഗണിച്ചില്ലെന്നും വിവരിക്കുന്നുണ്ട്. മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനത്തെപ്പറ്റിയും പാവങ്ങളെ സഹായിക്കുന്നതിനെപ്പറ്റിയും ലോകത്തെ തെറ്റി ധരിപ്പിച്ചിരുന്ന വിവരങ്ങൾ ചാറ്റർജി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.


ഡോ.അരുൺ ചാറ്റർജി മദർ തെരേസായുടെ ഭവനത്തിൽ കുറച്ചുകാലം താമസിച്ച് തെരേസായുടെ ഓർഡറിനെപ്പറ്റിയും തെരേസായുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും നിരീക്ഷിച്ചിരുന്നു. 1994-ൽ പത്രപ്രവർത്തകരായ ക്രിസ്റ്റഫർ ഹിച്ചൻസും താരിക്ക്  ആലിയും പങ്കാളികളായിക്കൊണ്ട് ശ്രീ ചാറ്റർജി എഴുതിയ 'ഹെല്സ് ഏഞ്ചൽസ്‌' എന്ന പുസ്തകം ഒരു ഡോക്കുമെന്ററി ഫിലിമാക്കിയിരുന്നു. ബി.ബി.സിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. പിറ്റേ വർഷം ക്രിസ്റ്റഫർ ഹിച്ചൻസ് തെരേസായുടെ മിഷ്യനറി പ്രവർത്തനങ്ങളെ സമഗ്രമായി വിമർശിച്ചുകൊണ്ടു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഉള്ളടക്കവും ബി.ബി.സി ഡോക്കുമെന്ററിൽ ദൃശ്യമായിരുന്ന തെരേസായെപ്പറ്റിയുള്ള കുറ്റാരോപണങ്ങളുടെ ആവർത്തനം തന്നെയായിരുന്നു. അങ്ങനെ തെരേസായുടെ പൊള്ളയായ പ്രവർത്തനങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ലോകത്തെയറിയിക്കാൻ ചാറ്റർജിയ്ക്കും ഹിച്ചിൻസിനും കഴിഞ്ഞു. അവരുടെ ബൗദ്ധിക കൃതികൾ അതിന് സഹായകമാവുകയും ചെയ്തു.


തെരേസായുടെ  ആതുര സേവനത്തിന്റെ ഗുണങ്ങൾ നൂറു കണക്കിന് ദരിദ്രർക്ക് ലഭിക്കുന്നുണ്ടെന്നതും ശരിതന്നെ.  1998-ൽ കൽക്കട്ടായിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു സംഘടനകളുടെ സ്ഥിതി വിവര കണക്കുകൾ എടുത്തപ്പോൾ മദർ തെരേസായുടെ സംഘടന അതിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. അവരുടെ മിഷ്യനറി ഓഫ് ചാരിറ്റി മുന്നൂറിൽപ്പരം ദരിദരർക്ക് ഭക്ഷണം നൽകുമ്പോൾ അസ്സംബ്ലി ഓഫ് ഗോഡ് ചാരിറ്റി അതേ സമയം ദിവസം 18000 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ടായിരുന്നു. തെരേസായുടെ പ്രവർത്തനങ്ങൾ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നു ഇതിൽ നിന്നും വ്യക്തമാണ്.


മദർ തെരേസായോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു  രോഗിയുടെ ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്നത് വത്തിക്കാൻ  സ്ഥിതികരിച്ചിരുന്നു. തെരേസായെ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്താൻ  തീരുമാനിച്ചത്‌ ഈ അത്ഭുതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ  അസുഖം ഭേദമായത് അത്ഭുതം കൊണ്ടല്ല മറിച്ച് മെഡിക്കൽ ചീകത്സ കൊണ്ടെന്ന് രോഗി അവകാശപ്പെട്ടു.  വിശുദ്ധ പദവിയിലെത്തുന്നതിനു മുമ്പ് ഒരാളിന്റെ അത്ഭുതം സ്ഥിതികരിച്ചശേഷം നിരസിക്കുന്ന വാർത്ത വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. കൽക്കട്ടായിൽനിന്നു അഞ്ഞൂറു മൈലുകൾക്കപ്പുറമുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 'മോനിക്കാ ബെസറാ' എന്ന സ്ത്രീയുടെ സാക്ഷി പത്രമനുസരിച്ചായിരുന്നു തെരേസായെ വിശുദ്ധയാക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. 1998 സെപ്റ്റംബർ ആറാംതീയതി മദർ തെരേസായുടെ ചരമ വാർഷിക ദിനത്തിൽ രണ്ടു കന്യാസ്ത്രികളുടെ നിത്യേനയുള്ള പ്രാർത്ഥനാഫലമായി ബസ്റായുടെ പടർന്നു പിടിച്ചിരുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ചു. മദറിന്റെ മരിച്ച ശരീരത്തിൽ സ്പർശിച്ച രണ്ടു കാശു രൂപങ്ങൾ രോഗിയിൽ അണിയിച്ചായിരുന്നു പ്രാർത്ഥനകൾ നടത്തിയിരുന്നത്. എന്നാൽ 2003 ഒക്ടോബർ പത്തൊമ്പതാം തിയതി തെരേസായെ  ദൈവദാസിയെന്ന് വിളിച്ചശേഷം തെരേസായുടെ അത്ഭുതത്തെ ബസറാ നിഷേധിച്ചു. രോഗം ഭേദപ്പെടാൻ മെഡിക്കൽ ശുശ്രുഷയാണ് കാരണമെന്ന് അവർ പ്രഖ്യാപിച്ചു. വത്തിക്കാന്റെ തെരേസായുടെ വിശുദ്ധയെന്ന സ്ഥിതികരണം പാളി പോയി. അത്തരം സാഹചര്യത്തിൽ തെരേസായുടെ മറ്റൊരു പുതിയ അത്ഭുദം കണ്ടു പിടിക്കുന്നതിനായി ശ്രമിക്കണമെന്ന്  വിശുദ്ധീകരണ ചുമതലകൾ വഹിക്കുന്ന  ഫാദർ  ബ്രയൻ കൊലോടിചുക് അഭിപ്രായപ്പെടുകയുണ്ടായി.


കൽക്കട്ടായിൽ നടന്ന അത്ഭുതമെന്നു പറയുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടത് മെഡിക്കൽ ശുശ്രുഷകൾകൊണ്ടെന്ന് ഡോക്ടർമാരും ഹോസ്പിറ്റലും അവകാശപ്പെട്ടിട്ടും വകവെക്കാതെ തെരേസായെ പുണ്യവതിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണുണ്ടായത്. പിന്നീടുള്ള നടപടികൾ രഹസ്യമായിരുന്നു. മദർ തെരേസായെ 2016 സെപ്റ്റമ്പറിൽ വിശുദ്ധയെന്ന് വിളിക്കുമെന്ന് 2015 ഡിസംബറിൽ വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ അത്ഭുതവും തെളിഞ്ഞുവെന്നായിരുന്നു വാദം. ഒരു ബ്രസീലിയൻ മനുഷ്യന്റെ ക്യാൻസർ മദർ തെരേസായോട് അയാളുടെ ഭാര്യ പ്രാർതഥിച്ചതു കൊണ്ടു ഭേദമായിയെന്നായിരുന്നു രണ്ടാമത്തെ അത്ഭുതം.  2008-ൽ ക്യാൻസർ രോഗം ഭേദപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ വിശുദ്ധയാകുന്ന അവസാന നിമിഷം വരെ ലോകത്തോട് പറയാതെ പരമരഹസ്യമായി വത്തിക്കാൻ  സൂക്ഷിക്കുന്നു. തെരേസായുടെ ആദ്യത്തെ അത്ഭുതത്തിൽ വന്നുപോയ പാളീച്ചകളും തെറ്റുകളും  ആവർത്തിക്കാൻ വത്തിക്കാൻ താല്പര്യപ്പെടുന്നില്ല.


ഒരുവന്റെ മതം നോക്കാതെ, ആഗ്രഹങ്ങൾ ചോദിക്കാതെ മദർ തെരേസായും സഹോദരികളും മരിക്കാൻ പോകുന്നവരെ രഹസ്യമായി ക്രിസ്ത്യാനികളായി മാമ്മോദീസാ  നല്കുമായിരുന്നുവെന്നു അവിടെ നിന്നു പിരിഞ്ഞുപോയ 'സൂസൻ ഷീൽഡേ'യെന്നു പേരുള്ള ഒരു കന്യാസ്ത്രി എഴുതിയ പുസ്തകത്തിലുണ്ട്. മരിക്കാൻ പോവുന്നവരോട് സ്വർഗത്തിൽ പോകാനുള്ള ടിക്കറ്റ് വേണമോയെന്നും അവിടുത്തെ കന്യാസ്ത്രികൾ ചോദിക്കുമായിരുന്നു. നിശബ്ദമായിരിക്കുന്നവരുടെ തലയിൽ വെള്ളമൊഴിച്ച് തല തോർത്തുന്നതായി കാഴ്ചക്കാർക്ക് തോന്നുമെങ്കിലും അവരെയവിടെ പ്രാർത്ഥനകൾ സഹിതം മാമ്മോദീസാ മുക്കി മത പരിവർത്തനം ചെയ്തിരുന്നുവെന്നും സൂസൻ ഷീൽഡേ എഴുതിയ പുസ്തകത്തിലുണ്ട്. ഹിന്ദുക്കളെയും മുസ്ലിമുകളെയും മാമ്മോദീസാ മുക്കിയെന്ന് പുറംലോകം അറിയുകയുമില്ലായിരുന്നു. രോഗികൾക്ക് മാമ്മോദീസാ എന്തെന്നുള്ള വിവരങ്ങളും നൽകിയിരുന്നില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നുമില്ല.


1981-ൽ തെരേസാ ഹെയ്റ്റിയിലെ പരമോന്നത അവാർഡായ ലീജിയൻ ഓഫ് ഹോണർ സ്വീകരിക്കാൻ ആ രാജ്യത്തു വന്നെത്തി. അക്കാലങ്ങളിൽ അവിടം ഭരിച്ചിരുന്നത് 'ജീൻ ക്ളോഡ് ഡുവാലിയർ'  എന്ന ക്രൂരനായ ഏകാധിപതിയായിരുന്നു. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തുനിന്നും മില്യൻ  കണക്കിന് ഡോളർ മോഷ്ടിച്ചതിന് അയാളെ പിന്നീട് സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അയാളെ വാനോളം പുകഴ്ത്താനും തെരേസാ മറന്നില്ല. അസത്യത്തിനെതിരായ യേശുവിന്റെ മാനവിക തത്ത്വങ്ങളെ മാനിക്കാതെ തെരേസാ ഇത്തരം കള്ളനും കൊള്ളക്കാരനും ഏകാധിപതിയ്ക്കും കൂട്ടുനിന്നതും ക്രൈസ്തവ ധർമ്മമായിരുന്നില്ല. 1989 ആഗസ്റ്റിൽ അവർ അൽബേനിയ സന്ദർശിച്ചിരുന്നു. അന്നവരെ സ്വീകരിച്ചത് 'എൻവർ ഹോക്‌സാ'യുടെ വിധവ 'നെക്സ്മിജേയ്' ആയിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ കൊന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോക്‌സായുടെ ശവകുടീരത്തിൽ, തെരേസാ പുഷ്പങ്ങൾ അർപ്പിക്കുകയുമുണ്ടായി. കൊല ചെയ്യപ്പെട്ടവരിൽ  കന്യാസ്ത്രികളും പുരോഹിതരുമുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റിയോ കമ്മ്യുണിസ്റ്റ് ഭീകരതകളെ സംബന്ധിച്ചോ മതപീഡനങ്ങളെ വിലയിരുത്തിയോ തെരേസാ സംസാരിച്ചില്ല.


മിഷ്യണറിയെന്ന നിലയിൽ തെരേസാ അൽബേനിയായിലെ  ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി 'എൻവർ ഹോക്‌സായെ'  പിന്താങ്ങിയത് ക്രിസ്റ്റഫർ ഹിച്ചിൻസ് എഴുതിയ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്നാലും ഓരോരുത്തരുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായങ്ങൾ അതാതു  കാലത്തു ഭരിക്കുന്നവരുടെ വികാരങ്ങൾക്കനുസൃതമായി പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തെരേസായെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. അവരുടെ മരണ സമയം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മിഷണറി ഓഫ് ചാരിറ്റിയുടെ മഠങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അവർ ബ്രിട്ടീഷ് പ്രസിദ്ധീകരണ പ്രസാധകനായിരുന്ന റോബർട്ട്  മാക്‌സ്‌വെല്ലിൽ നിന്നു പണം സ്വീകരിക്കുമായിരുന്നു. മാക്‌സ്‌വെൽ 450 മില്യൻ  ബ്രിട്ടീഷ് ഫൗണ്ട് തൊഴിലാളികളുടെ പെൻഷൻ ഫണ്ടിൽ നിന്നും അപഹരിച്ച് കുറ്റാരോപണ വിധേയനായി കുപ്രസിദ്ധനായിരുന്ന കാലവുമായിരുന്നു. ചാറൽസ് കെറ്റിങ്ങിൽനിന്നും അവർ പണം സ്വീകരിച്ചതിൽ വിമർശനങ്ങളുണ്ടായിരുന്നു. കേറ്റിങ് സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നടത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിച്ച വ്യക്തിയാണ്. അയാൾ മില്യൻ  കണക്കിന് ഡോളർ മദർ തെരസായ്ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്. മദർ തെരേസാ അമേരിക്കാ സന്ദർശിക്കുന്ന വേളകളിൽ അവർക്കു യാത്ര ചെയ്യാൻ കേറ്റിങ് തന്റെ പ്രൈവറ്റ് ജെറ്റ് വിമാനം കൊടുക്കുമായിരുന്നു. അഴിമതിക്കാരനായ കേറ്റിങ്ങിനെ പുകഴ്ത്താനും മദർ തെരേസാ താല്പര്യം കാണിച്ചിരുന്നു.


മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടിൽ തൊണ്ണൂറു ശതമാനവും ചാരിറ്റിയ്ക്കു പകരം മിഷ്യനറി പ്രവർത്തനങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്നു.  ഗയാനായിൽ പ്രവർത്തിക്കുന്ന അവരുടെ സന്യാസിനി സമൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ മതപരിവർത്തനം മാത്രമാണ്. ഫണ്ട് ലഭിക്കുന്നത് ചാരിറ്റിയുടെ പേരിലെന്ന വസ്തുതയും മറച്ചുവെച്ചിരുന്നു. മദർ തെരേസായുടെ സംഘടന ഒരു കൾട്ട് മാത്രമെന്ന് ക്രിസ്റ്റഫർ ഹിച്ചിൻസ് വിവരിച്ചിരിക്കുന്നു. തെരേസായുടെ സമൂഹം കൂടുതൽ ദാരിദ്ര്യം ആഗ്രഹിക്കുന്നതല്ലാതെ ദരിദരരെ സഹായിക്കാറില്ല. സഹനം ദൈവത്തിങ്കലേയ്ക്ക്  അടുപ്പുക്കുമെന്നു പറഞ്ഞുകൊണ്ട് ദുഃഖിതരും രോഗികളുമായവരെ കൂടുതൽ കഷ്ടപ്പാടുകളിലേയ്ക്ക് നയിക്കുമായിരുന്നു.  'പാവങ്ങളെ നിങ്ങൾ സഹനശക്തി പഠിപ്പിക്കുന്നുണ്ടോ'യെന്നുള്ള ഒരു വാർത്താ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു, 'ക്രിസ്തുവിനെപ്പോലെ കഷ്ടാനുഭവങ്ങൾ അവർ സ്വീകരിക്കുമ്പോഴാണ് സഹനത്തിന്റെ മനോഹാരിത ദൃശ്യമാകുന്നത്. ദരിദ്രരുടെ ദുഃഖങ്ങളും സഹനങ്ങളും  ലോകത്തിനും ഗുണപ്രദമായിരിക്കും."


1993-ൽ അവർ രണ്ടരമില്യൻ ഡോളർ വത്തിക്കാനിലേയ്ക്ക് നിക്ഷേപിച്ചുവെന്നു അരൂൺ ചാറ്റർജിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ഈ പണം ഡയാന രാജകുമാരിയിൽ നിന്നും റേഗൻ, ക്ലിന്റൺ, യാസർ അറാഫത് എന്നിവരിൽ നിന്നും ലഭിച്ചതായിരുന്നു. എന്തുകൊണ്ട് അവർ ജീവകാരുണ്യത്തിനായി ലഭിച്ച പണമുപയോഗിച്ച് ഇന്ത്യയിൽ  ആധുനിക രീതിയിലുള്ള ഒരു ഹോസ്പിറ്റൽ പടുത്തുയർത്തുവാൻ ശ്രമിച്ചില്ലായെന്നതും വിമർശകരുടെ ചിന്താഗതിയിലുണ്ട്.


1991-ൽബ്രിട്ടീഷ് മെഡിക്കൽ ജേർണൽ എഡിറ്ററായ റോബിൻ ഫോക്സ് മദർ തെരേസായുടെ കൽക്കട്ടായിലുള്ള രോഗികളുടെ ഭവനം സന്ദർശിച്ചു. രോഗികൾക്ക് കാര്യമായ മെഡിക്കൽ സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്ത, യാതൊരു വൃത്തിയുമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന ദരിദ്രരുടെ  സഹന പീഡനങ്ങളാണ് അവിടെ കണ്ടത്. തെരേസായോടൊപ്പം വസിക്കുന്ന സിസ്റ്റെഴ്‌സിനും വോളന്റീയഴ്സിനും മെഡിക്കൽ സംബന്ധമായി യാതൊരുവിധ അറിവുകളുമുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ അഭാവത്തിൽ രോഗികളുടെ മെഡിക്കൽ തീരുമാനങ്ങൾ എടുത്തിരുന്നതും ഈ സിസ്റ്റേഴ്‌സായിരുന്നു. ശരിയായ ശുശ്രുഷ  ലഭിക്കാതെ അവിടെ രോഗികൾ മരിച്ചു വീഴുന്നുണ്ടായിരുന്നു. പലരും പകർച്ച വ്യാധി പിടിപെട്ടു മരണപ്പെട്ടിരുന്നു. വൃത്തിയില്ലായ്മയും മുറിവുകളും വ്രണവും, വേദന കൊണ്ടുള്ള രോഗികളുടെ ദീനരോദനങ്ങളും അവിടുത്തെ കാഴ്ചകളായിരുന്നു. ക്ഷയം ഉള്ള രോഗികളെ പ്രത്യേകമായി മാറ്റി പാർപ്പിച്ചിരുന്നില്ല. ശുശ്രുഷിക്കുന്നവരുടെ ഭവനത്തിനു പകരം മരിക്കുന്നവരുടെ ഭവനമെന്നായിരുന്നു മദർ തെരേസാ ആ ഭവനത്തെ വിളിച്ചിരുന്നത്. മിഷ്യനറിമാർ ശുശ്രുഷകൾക്കുപരി ഓരോ രോഗിയുടെയും സഹനത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ക്ഷയം ബാധിച്ചവരെയും മറ്റു പകർച്ചവ്യാധിയുള്ളവരെയും രോഗ ബാധിതരല്ലാത്തവർക്കൊപ്പം താമസിപ്പിച്ചിരുന്നു. വൃത്തികേടു നിറഞ്ഞ കാലഹരണപ്പെട്ട മെഡിക്കലുപകരണങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. എച്. ഐ. വി പകർന്ന നീഡിലുകൾ വരെ സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും രോഗികളിൽ ഉപയോഗിക്കുന്നു. ഉപയോഗിച്ച നീഡിലുകൾ പച്ചവെള്ളത്തിലാണ് കഴുകുന്നത്. ചോദ്യം ചെയ്യാൻ പാടില്ലാത്ത അനുസരണ ശീലത്തിന്റെ മറവിൽ എല്ലാം പുറംലോകമറിയാതെ രഹസ്യമായി സൂക്ഷിക്കുന്നു. വേദനയ്ക്കുള്ള മെഡിസിൻ കൊടുക്കാതെ ദൈവത്തിനു കാഴ്ച്ച വെച്ചു സഹിക്കാൻ പറയുമായിരുന്നു. സഹനം ദൈവത്തോട് കൂടുതൽ അടുപ്പിക്കുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും ദൈവത്തിനു കാഴ്ച വെയ്ക്കണമെന്നും‌ അവർ വിശ്വസിച്ചിരുന്നു.


തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന ഡൊണേഷൻ മുഴുവനായി നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ മിഷ്യണറി പ്രസ്ഥാനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. 'സ്‌റ്റേൺ' എന്ന ജർമ്മൻ മാസിക റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർക്കു ലഭിച്ചിരുന്ന ഡൊണേഷനുകളിൽ ഏഴു ശതമാനം പോലും ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു. കിട്ടുന്ന പണത്തിലേറെയും രഹസ്യ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്ന പണം കൂടുതൽ മിഷ്യണറി സ്ഥാപനങ്ങൾ വ്യാപിപ്പിക്കുന്നതിനു വിനിയോഗിച്ചിരുന്നു. തെരേസായുടെ ഭവനത്തിലുള്ളവർക്ക്‌ ഈ പണമുപയോഗിച്ചു ഭക്ഷണംപോലും വാങ്ങിക്കില്ലായിരുന്നുവെന്നും  റിപ്പോർട്ടുണ്ട്. പകരം ആരെങ്കിലും ഓരോ ദിവസവും ഭക്ഷണം അവിടെ ദാനം  ചെയ്യുകയാണ് പതിവ്.


ഒരു പക്ഷെ അവർ നേടിയ സൗഭാഗ്യവും കീർത്തി മുദ്രകളും അനേകം പേരെ നന്മയുടെ വഴിയേ തിരിച്ചേക്കാം. എന്നാൽ അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ നന്മകളധികം നിറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു വർഷം അവരുടെ സ്ഥാപനങ്ങൾ നടത്തുന്നതിന് ഇരുപത്തൊമ്പതു മില്ലിൻ ഡോളർ ബഡ്‌ജറ്റ്‌ ഉണ്ട്. ഇന്ത്യയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി നൂറു കണക്കിന് ജനം മരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ ഭവന രഹിതരായി. അക്കാലങ്ങളിൽ അവർക്കു കിട്ടിയിരുന്ന പണം എവിടെ പോയി? പകരം ദുരിതമനുഭവിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകൾ മാത്രം വാഗ്ദാനം ചെയ്തു.


ജീവിച്ചിരിക്കുന്ന വിശുദ്ധയെന്ന വിശേഷണങ്ങളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ മദർ തെരേസായെ വാഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ലായിരുന്നു.  തെരേസാ ഒരു ഏകാധിപതിയേപ്പോലെ ജീവകാരുണ്യ സ്ഥാപനം നടത്തി വന്നിരുന്നുവെന്ന് അവിടെ സേവനം ചെയ്തവരിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ ബെഡിൽ കെട്ടി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൾട്ട് നേതാവിനെപ്പോലെ ക്രൂരതയുടെ മൂർത്തികരണ ഭാവമായി തെരേസായുടെ പ്രവർത്തനങ്ങൾ അവിടെ തുടർന്നു കൊണ്ടിരുന്നു.ഇംഗ്ളീഷിൽ ഒരു പഴഞ്ചൊല്ലിൽ പറയുംപോലെ ദരിദ്രരായവർക്ക് തെരേസായെപ്പോലെ ഒരു കൂട്ടുകാരിയുണ്ടെങ്കിൽ അവർക്ക് പിന്നീട് കൂടുതൽ ശത്രുക്കളെ ആവശ്യം വരില്ല.









Friday, June 10, 2016

ഹിലാരി ക്ലിന്റനും ചരിത്രം കുറിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ തീർച്ചയായിരിക്കുന്നു. ഒരു വനിത അമേരിക്കയിലെ സുപ്രധാനമായ ഒരു പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയാകുന്നതും ചരിത്രം കുറിക്കുന്നതാണ്. ഒരു മുൻ പ്രസിഡന്റിന്റെ ഭാര്യയെന്ന നിലയിലും ഹിലാരിയുടെ ഈ പോരാട്ടം മറ്റൊരു ചരിത്രനിയോഗം തന്നെ. ഒബാമയുമായുള്ള മത്സരത്തിൽ 2008-ലെ  തിരഞ്ഞെടുപ്പിൽ അവർ  പരാജയപ്പെട്ടെങ്കിലും പിന്നീട് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലകൾ വഹിച്ചിരുന്നു.


റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്‌ ട്രമ്പുമായി ഹിലാരി ക്ലിന്റൺ മത്സരക്കളത്തിൽ ഇനി അങ്കം വെട്ടണം. രാഷ്ട്രീയക്കളരിയിൽ പാകതയും പക്വതയും പഴക്കവുമുള്ള ഹിലാരി ക്ലിന്റൻ പുതിയതായി രാഷ്ട്രീയത്തിൽ പിച്ചവെച്ചു കയറിയ ഡൊണാൾഡ് ട്രമ്പുമായി ശക്തിയേറിയ ആശയ സംഘട്ടനങ്ങളിലും മത്സരിക്കേണ്ടതായുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ആരു പ്രസിഡണ്ടായി വിജയിക്കുമെന്ന് വ്യക്തമായി ആർക്കും പ്രവചിക്കാൻ സാധിക്കില്ല. രണ്ടുപേരും ജനപിന്തുണ നേടിയ തുല്യശക്തിയുള്ള നേതാക്കന്മാരാണെന്നുളളതാണ് 2016 നവംബറിൽ നടക്കാൻ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.


വിദ്യാഭ്യാസവും പാണ്ഡ്യത്യവും കണക്കാക്കിയാൽ ഹിലാരി ക്ലിന്റൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രമ്പിനെക്കാളും വളരെയേറെ മുമ്പിലാണ്. ട്രമ്പ്‌ ഒരിക്കലും ഒരു രാഷ്ട്രീയ പോസ്റ്റ്‌ അലങ്കരിച്ചിട്ടില്ല. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും പെൻസിൽവേനിയായിലെ വാർട്ടൻ സ്കൂളിൽ നിന്നും ധനതത്വ ശാസ്ത്രത്തിലും റീയൽ എസ്റ്റേറ്റിലും ട്രമ്പ്‌ ബി.എസ് ഡിഗ്രി നേടിയിട്ടുണ്ട്.  അദ്ദേഹം  ട്രമ്പ്‌ ഹോട്ടലുകളുടെയും കാസിനോകളുടെയും ട്രമ്പ്‌ പ്രസ്ഥാനങ്ങളുടെയും ചെയർമാനാണ്. ഹിലാരി ക്ലിന്റൻ 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് നിയമത്തിൽ ബിരുദം നേടിയശേഷം 1975-ൽ ആർക്കൻസാ യൂണിവേഴ്സിറ്റിയിൽ ലോ കോളേജു പ്രൊഫസറും റോസ് ലോ ഫേമിൽ സുപ്രസിദ്ധയായ ഒരു അറ്റോർണിയുമായിരുന്നു. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


ഹിലാരി ക്ലിന്റൺ, ഗര്‍ഭച്ഛിദ്രം ഒരു സ്ത്രീയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്നു വാദിക്കുമ്പോൾ ഗര്‍ഭച്ഛിദ്രം പാടില്ലാന്നുള്ള നിലപാടാണ് ട്രമ്പിനുള്ളത്. സ്വവർഗ വിവാഹം അനുവദിക്കാൻ ഹിലാരി പ്രചരണം നടത്തുമ്പോൾ ട്രമ്പ്‌ അത് പ്രകൃതി വിരുദ്ധമെന്നു പറഞ്ഞ് എതിർക്കുന്നു. പൊതുസ്ഥലങ്ങളിലും പബ്ലിക്ക് സ്കൂളിലും മതപഠനം പാടില്ലായെന്നുള്ള ഹിലാരിയുടെ നയത്തെയും ട്രമ്പ്‌ എതിർക്കുന്നതായി കാണാം. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും തോക്കിനു നിയന്ത്രണം വേണമെന്നും 'ഒബാമാ കെയർ' വിപുലീകരിക്കണമെന്നുമുള്ള ഹിലാരിയുടെ അഭിപ്രായങ്ങളെ ട്രമ്പ്‌ ശക്തിയായി മറുത്തു പറയുന്നു. പ്രകൃതി വാതകവും സോളാർ എനർജിയും ഹിലാരി അനുകൂലിക്കുമ്പോൾ ട്രമ്പ്‌ നിഷേധപ്രസ്‌താവനകൾ നടത്തുന്നതും കാണാം. കുടിയേറ്റക്കാരെ ഹിലാരി പ്രോത്സാഹിപ്പിക്കുമ്പോൾ ട്രമ്പ്‌ അവരിലെ കുറ്റവാളികളെ കാണുന്നു.


ഹിലാരി റോഡം വളർന്നത്‌ ഷിക്കാഗോയിലാണ്. വെല്ലസ്ലി കോളേജിൽ നിന്ന് 1969-ൽ ഡിഗ്രി നേടിയശേഷം 'യേൽ യൂണിവേഴ്സിറ്റിയിൽ' നിന്ന് 1973-ൽ ജെ.ഡി. നിയമ ബിരുദം നേടി. അതിനുശേഷം ആർക്കൻസായിൽ താമസം മാറ്റുകയും 1975-ൽ ബിൽ ക്ലിന്റനെ വിവാഹം ചെയ്യുകയും ചെയ്തു.1979-81, 1983-92 കാലങ്ങളിൽ ബിൽ ക്ലിന്റൻ അർക്കൻസാ സ്റ്റേറ്റിന്റെ ഗവർണ്ണറായിരിക്കേ പ്രഥമ വനിതയെന്ന സ്ഥാനം  ഹിലാരി വഹിച്ചതും അവരുടെ ജീവിതത്തിലെ അഭിമാന നേട്ടങ്ങളായിരുന്നു.  പിന്നീട് അമേരിക്കയിലെ പ്രസിദ്ധിയേറിയ റോസ് ലോ ഫൌണ്ടേഷന്റെ പങ്കാളിയായിരുന്നു. അറ്റോർണിയെന്ന നിലയിലും അവരുടെ തൊഴിലിൽ പ്രകാശിച്ചു നിന്നിരുന്നു.രണ്ടു പ്രാവിശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ വനിതയായി ഭർത്താവിനൊപ്പം സഹകരിച്ചു.


ഹിലാരിയുടെ പിതാവ് 'ഹുഗ് എല്സ് വർത്ത്' അമേരിക്കൻ വ്യവസായിയായിരുന്നു.1942-ൽ അദ്ദേഹം ഒരു തുണിക്കടയിലെ സെയില്സ് പെണ്ണായിരുന്ന ഡോറോത്തിഎമ്മാ ഹോവൽനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ബ്രിട്ടനിൽ ദുർഹാം കൌണ്ടിയിൽ നിന്നു വന്ന കുടിയേറ്റക്കാരനായിരുന്നു. അമ്മ ബ്രിട്ടനിൽ നിന്നും വന്ന കുടിയേറ്റക്കാരുടെ മകളും. അവർ കല്ക്കരി തൊഴിലാളികളുടെ മക്കളായിരുന്നു. അവർക്ക്  മൂന്നു മക്കൾ. ഹിലാരി 1947-ൽ ജനിച്ചു. ഹ്യൂഗ് 1950 ലും ടോണി 1954-ലും ജനിച്ചു. അതിനുശേഷം അവർ ഷിക്കാഗോയിൽ പാർക്ക് റിഡ്ജ് എന്ന സ്ഥലത്തിൽ താമസം മാറ്റി. 1993-ഏപ്രിൽ ഏഴാം തിയതി ഹിലാരിയുടെ പിതാവ് മരിച്ചു.


ഹിലാരി ഒരു റിപ്പബ്ലിക്കനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. ഇല്ലിനോയിലാണ് വളർന്നത്. റിപ്പബ്ലിക്കൻ നേതാവായിരുന്ന അവരുടെ പിതാവും ചരിത്രം പഠിപ്പിച്ച അദ്ധ്യാപകൻ പോൾകാൾസനും അവരുടെ   രാഷ്ട്രീയ ചിന്താഗതികൾക്ക് മാർഗവും കാരണവുമായിരുന്നു. യുവതിയായിരുന്ന ഹിലാരി അന്നത്തെ യാഥാസ്ഥിതിക നേതാവായിരുന്ന ഗോൾഡ്‌ വാട്ടറിന്റെ ആരാധികയായിരുന്നു. ഗോൾഡ്‌ വാട്ടർ  എഴുതിയ ബുക്കുകൾ വായിക്കാൻ ചരിത്ര അദ്ധ്യാപകൻ പ്രോത്സാഹനം കൊടുക്കുമായിരുന്നു. അവർ സ്കൂളിൽ സമർപ്പിച്ച പ്രോജക്റ്റ് റിപ്പോർട്ടും അമേരിക്കയുടെ റിപ്പബ്ലിക്കൻ യാഥാസ്ഥിതിക നീക്കങ്ങളെപ്പറ്റിയായിരുന്നു. വെല്ലസ്ലി കോളേജിൽ ആദ്യവർഷം വിദ്യാർത്ഥിനിയായിരുന്നപ്പോൾ  യുവതികൾക്കായുള്ള റിപ്പബ്ലിക്കൻ ക്ലബിന്റെ പ്രസിഡണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലങ്ങളിൽ, 1966-ൽ അവരെ അറിയപ്പെട്ടിരുന്നത് റോക്ഫെല്ലർ റിപ്പബ്ലിക്കനെന്നായിരുന്നുവെന്ന് കാറൽ ബെർന്സ്റ്റൈൻ എഴുതിയ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ പരിണാമം വന്നാണ് അവർ ഡെമോക്രാറ്റായത്.


ഹിലാരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ അമേരിക്കൻ ജനതയ്ക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്. അന്തസായി ജീവിക്കാനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നല്ല വേതനവും നല്കാൻ വാഗ്ദാനങ്ങളിലുണ്ട്. തൊഴിൽ ചെയ്യുന്ന കുടുംബങ്ങള്ക്ക് വേതന വർദ്ധനവ്,  നികുതിയിളവ്, വിലപ്പെരുപ്പം തടയുക എന്നിവകൾ അവർ പ്രസിഡണ്ടെന്ന നിലയിൽ നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളായിരിക്കും.  ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ഗവേഷണങ്ങൾക്ക് മുൻഗണന നല്കും. കമ്പനികളും വൻകിട കോർപ്പറേറ്റുകളും നിയമ പഴുതുകളിൽക്കൂടി ദുരുപയോഗം ചെയ്യുന്ന നികുതിയിളവുകൾ ഇല്ലാതാക്കും. ആത്മാർത്ഥമായി സ്ഥിരോത്സാഹത്തോടെ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ നല്കണമെന്നും അവരുടെ പ്രകടന പത്രികയിലുണ്ട്.  വ്യക്തികൾ തുടങ്ങുന്ന ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ ജോലികൾ സൃഷ്ടിച്ച് രാജ്യത്ത് തൊഴിൽരഹിതരായവർ കാണരുതെന്നും പ്രസിഡണ്ടായി ചുമതലയെടുക്കുന്ന നാൾ മുതൽ അതിനായി അവർ ശ്രമിക്കുമെന്നും നയപരിപാടികളിൽ വ്യക്തമാക്കിയിട്ടുണ്ട്.


കോളേജു പഠന ചെലവുകൾക്കായി 2500 ഡോളർ വരെ നികുതിയിളവ് ഒരു കുടുംബത്തിൽ ഓരോ കുട്ടിയ്ക്കും നല്കും. ബിസിനസ്സിന്റെ ലാഭവീതം തൊഴിലാളികൾക്കും നല്കാൻ പ്രോത്സാഹനം നല്കും. ചെറുകിട ബിസിനസുകൾ തൊഴിൽ മേഖലകളിൽ പ്രധാന സ്ഥാനം വഹിക്കുന്നുവെന്നും ഹിലാരിക്കറിയാം. അമേരിക്കയുടെ വളർച്ചയ്ക്കു നിദാനം ചെറുകിട വ്യവസായങ്ങളെന്നു ഹിലാരി വിശ്വസിക്കുന്നു. അത്തരം ബിസിനസുകൾക്ക് നികുതിയിളവ് നല്കുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. അതുമൂലം ഓരോരുത്തരുടെയും സേവീങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യാം.


സ്ത്രീകൾക്കു വേണ്ടിയും ഹിലാരി ശബ്ദം ഉയർത്തുന്നുണ്ട്. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളും അവർ ആരായുന്നു. തുല്യ വേതനം, ശമ്പളത്തോടുകൂടിയ അവധി, കുട്ടികളെ കഴിവനനുസരിച്ച് ചെലവു കുറഞ്ഞ രീതിയിൽ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവകളെല്ലാം സ്ത്രീകളുടെ പ്രശ്നങ്ങളാണ്. ഇത്തരം കാഴ്ച്ചപ്പാടുകൾ  ഒരു കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ഹിലാരി വിശ്വസിക്കുന്നു.


രാജ്യത്തുള്ള ഭൂരിഭാഗം ചെറുകിട കമ്പനികളുടെയും വൻകിട കമ്പനികളുടെയും പ്രവർത്തന മേഖലകളിലുള്ള ലാഭവീതം തൊഴിലാളികള്ക്ക് നല്കാറില്ല. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി  മുതലാളിത്ത രാജ്യമായ അമേരിക്കയിലുമുണ്ട്. കമ്പനികളുടെ ലാഭവീതം തൊഴിലാളികളുടെ ശമ്പളം വർദ്ധിക്കുന്നതിനൊപ്പം നല്കാൻ ഹിലാരി ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കമ്പനികൾക്ക് പതിനഞ്ചു ശതമാനം നികുതിയിളവു അനുവദിക്കാനും ഹിലാരി പ്രസിഡന്റായാൽ നിയമങ്ങളുണ്ടാക്കും. ഫെഡറൽ മിനിമം വേതനം മണിക്കൂറിൽ  പന്ത്രണ്ടു ഡോളറായി വർദ്ധിക്കുന്നതിനൊപ്പം സ്റ്റേറ്റുകളോടും അത്തരം നിർദേശങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെടും. ധനികരായവർ അർഹമായ നികുതി നല്കാനുമുള്ള പരിഷ്ക്കാരങ്ങൾ വരുത്തും. ധനികർക്ക് ചെലവുകൾ പെരുപ്പിച്ച് പലവിധ പഴുതുകളിൽക്കൂടി നികുതിയിളവു നേടാൻ സാധിക്കുന്നു. അത്തരം ആനുകൂല്യങ്ങൾ നിറുത്തി എല്ലാവർക്കും തുല്യവും നീതിപൂർവവുമായ നികുതി സമ്പ്രദായം നടപ്പാക്കും. ഒരു ധനികനോ അല്ലെങ്കിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവോ അയാളുടെ സെക്രട്ടറിയേക്കാൾ കുറഞ്ഞ നികുതി കൊടുക്കാൻ അനുവദിക്കില്ലന്നും ഹിലാരി  പറയുന്നു.


'ജനാധിപത്യം ധനികർക്ക് മാത്രമുള്ളതല്ല, അതിന്റെ പങ്കും പ്രയോജനവും രാജ്യത്തുള്ള എല്ലാ ജനങ്ങൾക്കും ലഭ്യവും ഉപകാരപ്രദവുമായിരിക്കണമെന്നു' ഹിലാരി വിശ്വസിക്കുന്നു. 'രാഷ്ട്രീയത്തിൽ രഹസ്യ പണവും കള്ളപ്പണവും ഒഴുകുന്നത്‌ നിരോധിക്കും. അമേരിക്കയിലെ ഓരോ വോട്ടർമാരെയും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ, ഏവരുടെയും ശബ്ദം ഭരണതലങ്ങളിൽ മുഴങ്ങി കേള്ക്കാൻ, ചെറിയ ഡോണേഷനുകൾ മാത്രം തിരഞ്ഞെടുപ്പുകാലങ്ങളിൽ സ്വീകരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. ധനികരുടെ തിരഞ്ഞെടുപ്പിലെ പണമൊഴുക്ക് രാഷ്ട്രീയ സംവിധാനങ്ങളെ അഴിമതിയ്ക്ക് വിധേയമാക്കുന്നു. ധനികർ തിരഞ്ഞെടുപ്പ് വിലയ്ക്ക് വാങ്ങാതിരിക്കാൻ സുപ്രീം കോടതി ജഡ്ജിമാരെ രാജ്യതന്ത്ര ഭരണപരമായ കാര്യങ്ങളിൽ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തും. ഭരണഘടനയിൽ മാറ്റം വരുത്താൻ വേണ്ട സ്വാധീനം കോൺഗ്രസിൽ ചുമതലപ്പെടുത്തും. കമ്പനികൾ രാഷ്ട്രീയ കാര്യങ്ങളിൽ പണം ചെലവാക്കിയാൽ അക്കാര്യം കമ്പനിയുടെ ഷെയറുള്ളവരെയും അറിയിക്കാൻ നിയമങ്ങൾ കൊണ്ടുവരും.'


കോളേജുകളിലും ക്യാമ്പസ്സിനുള്ളിലും സ്ത്രീപീഡനങ്ങൾ വർദ്ധിച്ചു വരുന്നു. അത്തരം ദുഃഖകരമായ സംഭവ വികാസങ്ങളിൽ അപലപിച്ചാൽ മാത്രം പോരന്നും അതിനൊരു ശ്വാശ്വത പരിഹാരം കണ്ട് പീഡനങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗങ്ങളും കണ്ടെത്തണമെന്ന് ഹിലാരി  പറയുന്നു. 'പീഡനത്തിനിരയാകുന്നവർക്ക് മാനസിക പിന്തുണ നല്കുക, ക്യാമ്പസ്സിലെ നിയമങ്ങളെ വിദ്യാർത്ഥികളിൽ കൂടുതൽ ബോധവാന്മാരാക്കുക, ആവശ്യത്തിനുള്ള ലൈംഗിക വിദ്യാഭാസം നല്കുക' എന്നിവകൾ ഹിലാരി നിർദേശിക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന അഞ്ചു സ്ത്രീകളിൽ ഒരാൾ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നു സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനത്തിനിരയാകുന്നവർ ഭൂരുഭാഗം പേരും റിപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുമെന്നും ഹിലാരിയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്.


'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ ശുദ്ധമായ ഊർജം നിറഞ്ഞതും സംഭരിച്ചതുമായ ഒരു രാജ്യമായി മാറ്റപ്പെടുമെന്നും' ഹിലാരി വാഗ്ദാനം നല്കുന്നുണ്ട്. 500 മില്ല്യൻ സോളാർ പാനൽ സ്ഥാപിക്കാനാണ് അവരുടെ പദ്ധതി. അതുമൂലം ഓരോ വീടുകളിലും സ്കൂളിലും ഹോസ്പിറ്റലിലും വൈദ്യുതിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചിലവും മൂന്നിലൊന്നായി കുറയും. കൂടുതൽ വരുമാനകരമായ തൊഴിലുകളുമുണ്ടാകും. മലിനമായ അന്തരീക്ഷവും ശുദ്ധികരിക്കപ്പെടും.  കാലാവസ്ഥ വ്യതിയാനം അമേരിക്കയെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ആഗോള മലിനീകരണ ദൂരികരണത്തിനായി പാരീസീൽ പരീസ്ഥിതി കോൺഫറൻസിൽ 13.5 ട്രില്ല്യൻ ഡോളർ മുടക്കണമെന്നുള്ള തീരുമാനത്തിൽ അമേരിക്കയും പങ്കാളിയാണ്. ഹിലാരി അധികാരത്തിലെത്തിയാൽ ആദ്യദിവസം മുതൽ ശുദ്ധമായ പ്രകൃതിയ്ക്കായുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ഈ ഭൂമിയെന്നുള്ളത് ജനിക്കാൻ പോകുന്ന പരമ്പര തലമുറകൾക്കും വേണ്ടിയുള്ളതാണ്. സ്വാർത്ഥമതികളായ മനുഷ്യർ ഈ ഭൂമിയും അതിന്റെ അന്തരീക്ഷവും മലിനമാക്കിയിരിക്കുന്നു. പത്തു കൊല്ലത്തെ പദ്ധതികൾക്ക് രൂപകല്പ്പന ചെയ്ത് അതൊരു ദേശീയ പ്രശ്നമായും കണക്കാക്കുവാനും ഹിലാരി ഉദ്ദേശിക്കുന്നു. അവരുടെ  ആദ്യത്തെ നാലുവർഷ ഭരണകാലം കഴിയുമ്പോൾ അമേരിക്കയുടെ കെട്ടിടങ്ങളിൽ അര ബില്ല്യൻ സോളാർ പാനൽ നിർമ്മിച്ചു കഴിഞ്ഞിരിക്കും. ലോകത്തിലെവിടെയുമുള്ള രാജ്യങ്ങളെക്കാൾ ശുദ്ധമായ ഊർജ സംവിധാനമുള്ള രാജ്യവും അമേരിക്കയായിരിക്കും. നല്ല ഊർജത്തിലോടുന്ന കാറുകൾ, ശുചീകരണ ബോയിലറുകൾ, ട്രക്കുകൾ എന്നിവ ശക്തിയേറിയ ഊർജിത അമേരിക്കയുടെ മാറ്റങ്ങളായിരിക്കും. ഊർജത്തിന്റെ സംഭരണവും വിതരണവും മൂന്നിലൊന്നു വിലയ്ക്ക് സുലഭവുമായിരിക്കും. ഹിലാരിയുടെ 2050 വരെ ദീർഘവീക്ഷണത്തോടെയുള്ള ഈ പദ്ധതി നടപ്പിലായാൽ, കോൺഗ്രസ്സ് അതിനോട് യോജിച്ച് നിയമം പാസ്സാക്കിയാൽ ആയിരക്കണക്കിന് പുതിയ ജോലികൾ കണ്ടെത്തും. വർഷത്തിൽ നാലായിരം ശിശുമരണങ്ങൾ ഒഴിവാകും. ഓരോ വർഷവും ലക്ഷക്കണക്കിനു രോഗികൾക്ക് ആസ്മായുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. 75 ബില്ല്യൻ ഡോളറിന്റെ ബിസിനസ് ഒരു വർഷം നടപ്പാകും. ഇന്ന് ഓയിൽ ആൻഡ്‌ കമ്പനികൾ ബില്ല്യൻ കണക്കിന് നികുതിയിളവ് നേടുന്നുണ്ട്. പുതിയതായ ഹിലാരിയുടെ ഊർജനയത്തിൽ അത്തരത്തിലുള്ള നികുതിയിളവ് നിറുത്തലാക്കി സോളാർ, ഫോസ്സിൽ മുതലായ ഊർജത്തിനായി മുതൽ മുടക്കും. 'അമേരിക്കയിലെ ഓരോ കുടുംബവും ഓരോ കുഞ്ഞും ശുദ്ധമായ വായു ശ്വസിക്കണം. നല്ല വെള്ളം കുടിക്കണം. ആരോഗ്യപരമായ പരീസ്ഥിതിയിൽ ജീവിക്കണം. അത് നീതിയാണ്. സാമൂഹിക പ്രശ്നവും പൌരന്റെ അവകാശവുമാണ്. താൻ പ്രസിഡന്റെന്ന നിലയിൽ അത് ദേശീയ മുൻഗണനയായും കണക്കാക്കുമെന്നും' ഹിലാരി തറപ്പിച്ചു പറയുന്നു.


'സോഷ്യൽ സെക്യൂരിറ്റിയും മെഡിക്കെയറും നിലനിർത്തുകയും അതിനെ ശക്തിപ്പെടുത്തുകയും വേണമെന്ന്' ഹിലാരി വിശ്വസിക്കുന്നു. മെഡിക്കെയറും സോഷ്യൽ സെക്യൂരിറ്റിയും പ്രൈവറ്റാക്കി അതിന്റെ മൂല്യം ഇല്ലാതാക്കാൻ റിപ്പബ്ലിക്കൻകാർ ശ്രമിക്കുന്നത് അവർ ശക്തമായി എതിർക്കുന്നു. മെഡിക്കേയർ ലഭിക്കുന്നവർക്ക് മരുന്നുകളുടെ വില കുറയ്ക്കാനും ശ്രമിക്കും. രോഗ ബാധിതരായവർക്കും വിധവകൾക്കും കൂടുതൽ ഗുണപ്രദമായ സുരക്ഷാ പദ്ധതികൾ ഹിലാരിയുടെ ഭരണ കാലങ്ങളിൽ ആസൂത്രണം ചെയ്യുമെന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.'ഒബാമാ കെയർ' അതിന്റെ ആന്തരിക ചൈതന്യത്തിൽ തന്നെ നിലനിർത്തും.


അമേരിക്കയുടെ നീതിന്യായ വ്യവസ്ഥ താറുമാറാണെന്നും ഹിലാരി  വിശ്വസിക്കുന്നു. നിയമ വ്യവസ്ഥ കറുത്തവരോട് നീതി പുലർത്തുന്നില്ലായെന്നതും പരമ സത്യമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലേറ്റവും കൂടുതൽ ജനം ജയിലിൽ കിടക്കുന്നത് അമേരിക്കയിലാണ്. ആഫ്രിക്കൻ അമേരിക്കൻ ജനതയോട് കുറ്റകൃത്യ കാര്യങ്ങളിൽ പോലീസുകാർ നീതി കാണിക്കാറില്ല. അവരുടെ മേൽ കുറ്റാരോപണങ്ങൾ നടത്തി കൂടുതൽകാലം ജയിൽ ശിക്ഷ നല്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങളാണ് നാളിതുവരെ നാം കണ്ടത്. കറുത്തവരെങ്കിൽ കർശനമായ നിയമ നടപടികളെടുക്കാനും നിയമ പാലകർ ശ്രമിക്കുന്നു. അതേ കുറ്റങ്ങൾക്ക് വെളുത്തവരായവർ ജയിൽ ശിക്ഷയിൽനിന്നു രക്ഷപെടുകയും ചെയ്യുന്നു. വാക്കുകളെക്കാളും പ്രവർത്തികളിൽ നാം കാണിച്ചു കൊടുക്കണമെന്നും നീതിയും സത്യവും  നമുക്കുണ്ടായിരിക്കണമെന്നും സാമ്പത്തിക അവസരങ്ങൾ തുല്യമായി എല്ലാവർക്കും നല്കണമെന്നും ഹിലാരി ആഗ്രഹിക്കുന്നു.


'അമേരിക്കയിലുള്ള എല്ലാ ജനവിഭാഗത്തിനും ഒരുപോലെ അവസരങ്ങൾ നല്കുമെന്നും ബലഹീനരും വികലാംഗരുമായ ജനവിഭാഗങ്ങളെ സഹായിക്കുകയും അവർക്ക് അവരുടെ അഭിരുചിയനുസരിച്ചുള്ള തൊഴിലവസരങ്ങൾക്ക് മുൻഗണന നല്കുകയും ചെയ്യുമെന്നും' ഹിലാരിയുടെ ചിന്തകളിലുണ്ട്.  'ബന്ധു ജനങ്ങളെയോ കുടുംബത്തിലുള്ള പ്രായമായവരെയോ നോക്കുന്നവർക്ക് നികുതിയിളവ് നല്കും. മില്ല്യൻ കണക്കിനു ജനവിഭാഗങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കും.  ശാരീരിക വൈകല്യമുള്ളവർക്കായുള്ള ഡിസബിലിറ്റി നിയമം കൊണ്ട് മാറ്റങ്ങൾ പലതും നാം നേടിയിട്ടുണ്ട്. വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ എല്ലാ അമേരിക്കക്കാർക്കും ലഭിച്ചു. അവർക്ക് സൗജന്യമായ ഗതാഗത സൌകര്യങ്ങളുണ്ട്. കെട്ടിടത്തിൽ കയറാനും സഹായം ലഭിക്കുന്നു. അവശതയുടെ പേരിൽ ജോലി നിഷേധിക്കുന്നതും നിയമ വിരുദ്ധമാണ്.  നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അക്ഷരം പ്രതി പ്രായോഗിക തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കും. എല്ലാ അമേരിക്കക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കാൻ സംവിധാനങ്ങളുമുണ്ടാക്കും.'


ഹിലാരിയുടെ ആരംഭം മുതലുള്ള പ്രവർത്തന മേഖലകൾ കൂടുതലായും സമൂഹത്തിലെ ബലഹീനരും ദുർബലരുമായ ജനങ്ങൾക്കു വേണ്ടിയായിരുന്നു. അവരുടെ ആദ്യത്തെ ജോലി കുട്ടികളുടെ സംരഷണമായിരുന്നു. കുട്ടികളുള്ള വീടുകൾ സന്ദർശിക്കുകയെന്നതും അവരുടെ സാമൂഹിക ക്ഷേമാന്വേഷണങ്ങൾ ആരായുകയെന്നുള്ളതും തൊഴിലിന്റെ ഭാഗമായിരുന്നു. എന്തുകൊണ്ട് അവർ സ്കൂളിൽ പോവുന്നില്ലായെന്ന് വാതിലുകൾ തോറും മുട്ടി അന്വേഷിക്കുമായിരുന്നു. മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കാത്തത് ബലഹീനരായ കുട്ടികൾക്കുള്ള സൌകര്യങ്ങൾ സ്കൂളധികാരികൾ നല്കാത്തതുകൊണ്ടെന്നും അവർ മനസിലാക്കി. സെനറ്ററായിരുന്ന കാലയളവുകളിൽ തെളിവുകൾ അവർ കോൺഗ്രസിൽ കൊണ്ടുവരുകയും അവശതയനുഭവിക്കുന്നവർക്കായി നിയമങ്ങൾ പാസാക്കാനുള്ള പഴുതുകൾ സൃഷ്ടിക്കുകയും ചെയ്തു. നിയമങ്ങളുണ്ടെങ്കിലും അവശരായ ജനവിഭാഗത്തിനു  കഴിവനുസരിച്ചുള്ള ജോലി നിഷേധിക്കുന്നതും ഒരു യാഥാർത്ഥ്യമാണ്. ഹിലാരിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ അത്തരക്കാരെ സഹായിക്കുന്ന കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.


തോക്കുകൾക്ക് നിയന്ത്രണമാവശ്യമെന്നും അത് നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും ഹിലാരി വിശ്വസിക്കുന്നു. തോക്കുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി തന്റെ പ്രസിഡന്റ് കാലം പ്രയോജനപ്പെടുത്തുമെന്ന് വാഗ്ദാനവും ചെയ്യുന്നു.  'തോക്കുകൾക്ക് ലൈസന്സ് നൽകുന്നതിനു മുമ്പായി ഒരുവന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി സമഗ്രമായ പരിശോധനകൾ നടത്തുമെന്നും' അവർ പറയുന്നു.  അവർ തുടരുന്നു, "നിയമത്തിൽനിന്നു രക്ഷപ്പെടാനുള്ള ഇന്നത്തെ അപകടകരമായ പഴുതുകൾ അടയ്ക്കും. ഉത്തരവാദിത്വമില്ലാതെ തോക്കു കച്ചവടം നടത്തുന്നവരുടെ പേരിലും നിർമ്മിക്കുന്നവരുടെ പേരിലും നടപടികളെടുക്കും. ഭീകരരിൽ നിന്നും കുറ്റവാളികളിൽ നിന്നും മാനസിക വിഭ്രാന്തിയുള്ളവരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കും. വെടിവെപ്പിനു പിന്നാലെ വെടിവെപ്പു കഴിഞ്ഞിട്ടും നാം നിശബ്ദരായിരിക്കുന്നു. എന്തുകൊണ്ട് നടപടികൾ എടുക്കുന്നില്ലായെന്നതിലും  വിസ്മയമുളവാക്കുന്നു. എത്രയെത്ര മനുഷ്യർ കൊല്ലപ്പെടുന്നു. അവർ ബൈബിൾ പഠനത്തിനു പോയവരായിക്കാം, സിനിമാ കാണാനോ സ്വന്തം തൊഴിലുകൾ ചെയ്യുന്ന സമയമോ ആയിരിക്കാം. " അനേകർ തോക്കുകൾ കൈവശം വെക്കുന്നുണ്ടെങ്കിലും അതുമൂലം ആയിരക്കണക്കിനു അമേരിക്കൻ കുടുംബങ്ങൾ കഷ്ടപ്പെടുന്നു. തോക്കുമൂലം ഓരോ വർഷവും 33000 അമേരിക്കക്കാർ കൊല്ലപ്പെടുന്നുണ്ട്.


 നീതിയിലധിഷ്ടിതമായ  ഒരു കുടിയേറ്റ നിയമം നടപ്പാക്കാൻ ഹിലാരി ആഗ്രഹിക്കുന്നു.  രാഷ്ട്രത്തിന്റെ അടിസ്ഥാന തുടക്കം മുതൽ കുടിയേറ്റക്കാരും അവരുടെ തലമുറകളും ഈ രാജ്യത്തിന് അനേക സംഭാവനകൾ നല്കിക്കൊണ്ടിരിക്കുകയും രാജ്യത്തെ ഭദ്രമാക്കുകയും ചെയ്തിരുന്നു. അവർ മുഖേന സാമ്പത്തിക വളർച്ചയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളും കുടിയേറ്റ ജനതയുടെ സംഭാവനകളാണ്.  കുടിയേറ്റക്കാരും അവരുടെ മക്കളും വിദേശത്തും രാജ്യത്തിനുള്ളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. അമേരിക്കയെന്ന രാജ്യം പടുത്തുയർത്തിയത് അവരുടെ രക്തം ചീന്തിയുള്ള അദ്ധ്വാനം കൊണ്ടും വിയർപ്പിന്റെ ഫലം കൊണ്ടുമായിരുന്നു. അവർ വളരെ മിതമായ വേതനം സ്വീകരിച്ചുകൊണ്ട് ഈ രാജ്യത്തിനായി സ്വന്തം ജീവിതം പണയം വെച്ചു. രാജ്യം അവർക്ക് ആവശ്യത്തിനു വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും നല്കിയില്ല. അവർക്കുമുമ്പെ ഈ രാജ്യത്തു വന്നവരുടെ അവഹേളനവും വിവേചനവും അനുഭവിച്ചിരുന്നു. ശരിയായ ഡോക്കുമെന്റില്ലാതെ മില്ല്യൻ  കണക്കിനു കുടിയേറ്റക്കാർ ഈ രാജ്യത്തുണ്ട്. അവരും  ഇവിടുത്തെ സാമൂഹിക വ്യവസ്ഥിതിയോട് അലിഞ്ഞു ചേർന്നവരാണ്. അനധികൃതമായി ശരിയായ രേഖകളില്ലാതെ  ജീവിക്കുന്ന അവരെ രാജ്യത്തിൽനിന്നും പുറത്താക്കുമെന്ന ഭയത്തിൽ ജീവിക്കുന്നു. അവരുടെ കുടുംബങ്ങളിൽ നിന്നു വേർപെടുമെന്നും ഭയപ്പെടുന്നു. അനധികൃതമാണെങ്കിലും അമേരിക്കയിൽ താമസിക്കുന്ന ഓരോരുത്തർക്കും അവസരങ്ങൾ നൽകണമെന്ന് ഹിലാരി ചിന്തിക്കുന്നു. കുടുംബത്തിന്റെ നിലനില്പ്പിനായി കഠിനമായി തൊഴിൽ ചെയ്യുന്നവരെയും അനേക കാലം ഈ രാജ്യത്ത് ജീവിച്ച് നിയമത്തെ അനുസരിക്കുന്നവരെയും കുടുംബങ്ങളായി താമസിക്കാൻ അനുവദിക്കുമെന്ന് ഹിലാരി പറയുന്നു.


നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർക്കായി ഹിലാരിയുടെ സന്ദേശമിങ്ങനെ,   "മനുഷ്യത്വപരമായ ഒരു കുടിയേറ്റ സമ്പ്രദായം ഞാൻ പ്രസിഡണ്ടാകുന്ന വേളകളിൽ ഈ രാജ്യത്ത് നടപ്പാക്കും. ഇവിടെ പഠിച്ചു വളർന്ന കുട്ടികൾക്കു ഗ്രീൻ കാർഡ് നല്കും. മില്ല്യൻ കണക്കിന് ജനങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ഈ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കും."







Friday, June 3, 2016

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും



By ജോസഫ് പടന്നമാക്കൽ 

ഇടയലേഖനങ്ങളിൽക്കൂടി സഭാപൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു  കരുതുന്ന അഭിഷിക്തർക്കായി ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു സന്ദേശമുണ്ട്. "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലാം   രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. പകരം  മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്." പാപ്പായുടെ വാക്കുകൾ മാനിക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായ പാലാ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ വൃക്ക  ഹിന്ദുയുവാവിനു ദാനം ചെയ്തവഴി  കേരള സഭാചരിത്രത്തിൽ ഒരു തങ്കപ്പൊട്ടു ചാർത്തിയിരിക്കുന്നു. ഭാരതത്തിലെ അഭിഷിക്ത ലോകത്തിനും പുരോഹിത ലോകത്തിനും ആത്മീയത തിളച്ചു മറിയുന്നവർക്കും അദ്ദേഹം ഒരു അനുകരണീയനാണെന്നതിലും സംശയമില്ല.


മഹാമനസ്ക്കരും മാനുഷിക ധർമ്മം നിറഞ്ഞവരും മനുഷ്യ ഹൃദയങ്ങളിൽ നിത്യം പ്രകാശിക്കുന്നവരാണ്. ജീവിതത്തിൽ എത്രമാത്രമുയർന്നാലും അനുഗ്രഹീതമായ ഹൃദയ വിശാലതയോടുകൂടിയവർ നമ്മെയെന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. അത്തരം ഏതാനും മഹാപ്രതിഭകളെ കേരള സുറിയാനി കത്തോലിക്കാ സഭയിലെ പുരോഹിതരിൽനീന്നും കണ്ടെത്തിയതിൽ നമുക്കഭിമാനിക്കാം. ഫ്രാൻസീസ് മാർപ്പാപ്പാ 2016-നെ കാരുണ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിലെ അർത്ഥവ്യാപ്തി അല്മായരിൽ മാത്രം നടപ്പാക്കാനാണ് കേരള സഭാനേതൃത്വം തുനിയുന്നത്. എന്നാൽ മാർപ്പാപ്പായുടെ മാനസിക വികാരങ്ങൾ ശരിയ്ക്കും മനസിലാക്കിയ മഹാപുരോഹിതരാണ് വൃക്ക ദാനം ചെയ്ത  പാലാ ബിഷപ്പ് ജേക്കബ് മുരിക്കനും ഫാദർ ഡേവീഡ്  ചിറമേലും അദ്ദേഹത്തിൻറെ സഹകാരികളായ ഏതാനും പുരോഹിതരും കന്യാസ്ത്രികളും ഫാദർ സെബാസ്റ്റ്യനുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇവരിൽ ബിഷപ്പ് മുരിക്കനും ഫാദർ ചിറമേലും സ്വന്തം വൃക്കകൾ ഹൈന്ദവ സഹോദരർക്ക് ദാനം ചെയ്തപ്പോൾ ഫാദർ സെബാസ്റ്റ്യൻ തന്റെ വൃക്ക ഒരു ഇസ്ലാമിക യുവാവിനു നല്കി. വാസ്തവത്തിൽ ഇവർ കാരുണ്യത്തിന്റെ മഹാദേവനായ യേശുവിന്റെ സന്ദേശം ലോകത്തിനു നല്കുകയായിരുന്നു. യേശു കുടികൊള്ളുന്നത് ദരിദ്രരുടെ കുടിലുകളിലാണെന്നും അവിടെ ജാതിയോ മതമോയില്ലെന്നും തെളിയിച്ചുകൊണ്ട്‌ ഈ സന്യസ്തർ  സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നു. മനുഷ്യത്വം എന്തെന്നു വഴി കാട്ടിയ പാലാ രൂപതയുടെ സഹായ മെത്രാനായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.


2016 ജൂൺ ഒന്നാം തിയതി ഒരു കത്തോലിക്കാ ബിഷപ്പ് തന്റെ കിഡ്നി കാരുണ്യത്തിന്റെ മികവിൽ ദാനം ചെയ്തപ്പോൾ അത് സീറോ മലബാർ സഭയുടെ തന്നെ ചരിത്രമാവുകയായിരുന്നു. ഒരു പക്ഷെ ഒരു ബിഷപ്പിന്റെ ഹൃദയസ്‌പര്‍ശിയായ ഈ കാരുണ്യം ലോക ചരിത്രത്തിലെ സംഭവങ്ങളിൽ ആദ്യത്തെതുമാകാം. കൊച്ചിയിലെ ലേയ്ക്ക്ഷോർ ഹോസ്പിറ്റലിലാണ് കിഡ്നി മാറ്റുന്നതിനായി അദ്ദേഹം സർജറിയ്ക്ക് വിധേയനായത്. ഉടൻതന്നെ ഒരു ഹിന്ദു യുവാവായ സൂരജിന്റെ ശരീരത്തിൽ ബിഷപ്പിന്റെ കിഡ്നി മാറ്റി വെക്കുകയും ചെയ്തു. ആ യുവാവിൽ ജീവന്റെ തുടിപ്പുമായി ബിഷപ്പ് മുരിക്കന്റെ വൃക്ക നല്ലവണ്ണം പ്രവർത്തിക്കുന്നു.


കഴിഞ്ഞ പതിനെട്ടു മാസമായി സുരജെന്ന  ദരിദ്ര യുവാവ് കിഡ്നി പ്രശ്നം കൊണ്ട് ജീവിതവുമായി മല്ലിടുകയായിരുന്നു. സമർത്ഥരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ഈ സർജറി വിജയകരമായിരുന്നു. ബിഷപ്പും സൂരജും അവരുടെ നിരീക്ഷണത്തിൽ പൂർണ്ണമായും ആരോഗ്യമായി കഴിയുന്നു. ബിഷപ്പ് മുരിക്കൻ ഓപ്പറേഷൻ തീയറ്ററിൽ പോവുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ഹോസ്പിറ്റൽ ചാപ്പലിൽ ദിവ്യകാരുണ്യം അർപ്പിച്ചിരുന്നു. രാവിലെ പത്തര മണിയ്ക്ക് ആരംഭിച്ച സർജറി ഏകദേശം ഉച്ചവരെ നീണ്ടു നിന്നിരുന്നു. അദ്ദേഹത്തിൻറെ മൂന്നു സഹോദരരും സൂരജിന്റെ ഭാര്യയും അവരുടെ കുടുംബങ്ങളും സർജറി സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. ബിഷപ്പിന്റെ മാതൃകാപരമായ ഈ സ്വയം ത്യാഗം കൂടുതൽ ജനങ്ങളെ കിഡ്നി ദാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാരുണ്യ വർഷം ആതുര സേവനത്തിനായും ദീന ദയാ പ്രവർത്തനങ്ങൾക്കായും അർപ്പിക്കണമെന്ന മാർപ്പായുടെ ആഹ്വാനമാണ് കിഡ്നി ദാനം നല്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും' ബിഷപ്പ് മുരിക്കൻ ചുറ്റും നിന്നവരോടായി പറയുകയുമുണ്ടായി.


മുപ്പതു വയസുകാരനായ സൂരജിന് ജന്മനാ തന്നെ കിഡ്നിയ്ക്ക് പ്രശ്നവും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഡയാലിസീസ് ചെയ്തുകൊണ്ടിരുന്ന അയാളുടെ  രണ്ട് കിഡ്നികളും തകരാറിലായിരുന്നു. സൂരജിന്റെ ഈ രോഗവിവരം ബിഷപ്പ് മുരിക്കനോട് ആദ്യം പറഞ്ഞത് ഫാദർ ചിറമേലായിരുന്നു. ഫാദർ ചിറമേൽ ഇന്ത്യ കിഡ്നി ഫൌണ്ടേഷൻ ഡിറക്റ്ററാണ്. 2009-ൽ അയൽവക്കത്തുള്ള ഹിന്ദുവായ ഒരു യുവാവിന് കിഡ്നി ദാനം ചെയ്തവഴി ഫാദർ ചിറമേൽ കേരള സഭാ ചരിത്രത്തിൽ സുപ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അദ്ദേഹം കിഡ്നി രോഗ ബാധിതരായവരെ സഹായിക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കിഡ്നി ദാനം ചെയ്ത പുരോഹിതനെന്ന ബഹുമതിയും ഫാദർ ചിറമേലിനുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ അമ്പത്തിയാറ് വയസ് പ്രായമുണ്ട്. അദ്ദേഹത്തെ അനുകരിച്ച്  അനേകം പുരോഹിതരും കന്യാസ്ത്രികളും ഇന്ത്യാ കിഡ്നി ഫൌണ്ടേഷനിൽക്കൂടി സാധുക്കൾക്ക് കിഡ്നി ദാനം ചെയ്തു.    


2016 ജൂൺ പതിനാറാം തിയതി അമ്പത്തി മൂന്നു വയസു തികയുന്ന ബിഷപ്പ് മുരിക്കൻ ലാളിത്യവും  സന്മാര്‍ഗനിഷ്‌ഠയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം വൃദ്ധസദനങ്ങളിലും പ്രായമായ പുരോഹിതരെ നോക്കുന്ന ചുമതലകളിലും ഏർപ്പെട്ടിരിക്കുന്നു. ആഡംബരമേറിയ കാറുകളിൽ യാത്രയൊഴിവാക്കി സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. അദ്ദേഹത്തിനു കിട്ടുന്ന കേയ്ക്കുകളും മറ്റു സമ്മാനങ്ങളും മാനസിക രോഗികൾ വസിക്കുന്ന മരിയാ സെന്ററിൽ കൊണ്ടുപോയി കൊടുക്കും.1963 ജൂൺ പതിനാറാം തിയതി മുട്ടുചിറയിൽ അദ്ദേഹം ജനിച്ചു. ധനതത്വ ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം പാലായിലുള്ള ഗുഡ് ഷെപ്പേർഡ്‌ മൈനർ സെമിനാരിയിൽ പഠിച്ചു. അതിനുശേഷം കോട്ടയത്തുള്ള സെന്റ്‌ തോമസ്‌ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി. 1993 ഡിസംബർ ഇരുപത്തിയേഴാം തിയതി പുരോഹിതനായി പട്ടമേറ്റു.  അദ്ദേഹത്തിൻറെ മുട്ടുചിറയിലുള്ള ഇടവകയിൽ ബിഷപ്പ് പള്ളിക്കാപ്പറമ്പന്റെ കാർമ്മികത്വത്തിൽ പുത്തൻ കുർബാന ചൊല്ലി. കുറച്ചു കാലം കുറവിലങ്ങാട്ടുള്ള പള്ളിയിൽ സഹവികാരിയായിരുന്നു. പിന്നീട് നീലൂരുള്ള സാവിയോ ഹോം ബോർഡിംഗ് ചുമതലകൾ വഹിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ റെക്റ്ററായിരുന്നു. മൈനർ സെമിനാരിയുടെ പ്രൊഫസറായി ജോലി ചെയ്തു. പാലാരൂപതയുടെ വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് മാനേജ്മെന്റ് സെക്രട്ടറിയായിരുന്നു. ചമ്പക്കുളത്തും നീലൂരും വികാരിയായി സേവനം ചെയ്തു. 2012 ആഗസ്റ്റ് പന്ത്രണ്ടാം തിയതി പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബർ ഒന്നാംതിയതി പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ അദ്ദേഹത്തിൻറെ മെത്രാൻ സ്ഥാനാരോഹണ ചടങ്ങുകൾ ആഘോഷമായി കൊണ്ടാടിയിരുന്നു.


2013 സെപ്റ്റംബർ പതിമൂന്നാം തിയതി അദ്ദേഹവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി പുതിയതായി വാഴിച്ച മെത്രന്മാരും മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിൽ സമ്മേളിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചു മുതൽ പന്ത്രണ്ടുവരെ കത്തോലിക്കാ ബിഷപ്പ് കൊൺഫ്രൻസിന്റെ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2016 കാരുണ്യ വർഷമായി പ്രഖ്യാപിച്ച മാർപ്പാപ്പായുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം തന്റെ കിഡ്നി ഒരു ഹിന്ദു യുവാവിന് ദാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത് ടയിംസ്സ് ഓഫ് ഇന്ത്യ ദിനപത്രമായിരുന്നു. വാർത്ത പ്രസിദ്ധമാകുന്നതിനു മുമ്പുതന്നെ അതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നു.


മലപ്പുറം കോട്ടയ്ക്കലിലുള്ള മുപ്പതു വയസുകാരൻ ഈശ്വര  സൂരജിനു കിഡ്നി ദാനം ചെയ്യാൻ തീരുമാനിച്ചയുടൻ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരും സർക്കാർ ഉദ്യോഗസ്ഥരുമായി ഇതേ സംബന്ധിച്ച് മാർ മുരിക്കൻ ചർച്ച നടത്തിയിരുന്നു.  സൂരജ് നിർദ്ധന കുടുംബത്തിൽപ്പെട്ടതായിരുന്നു. ഡയാലീസിസിന് പണം കണ്ടെത്താൻ കഴിവില്ലാത്തതിനാൽ സാധുക്കളെ കിഡ്നി മാറ്റിവെക്കാൻ സഹായിക്കുന്ന സംഘടനയായ കിഡ്നീ ഫൌണ്ടേഷൻ ഓഫ് ഇന്ത്യാ എന്ന സംഘടനയിൽ സഹായം അഭ്യർദ്ധിച്ചിരുന്നു. ഈ സാമൂഹിക സംഘടന സ്ഥാപിച്ചത് ഫാദർ ഡേവീസ് ചിറമേൽ ആണ്.  വിവരം മനസിലാക്കിയ ബിഷപ്പ് മുരിക്കൻ തന്റെ കിഡ്നി സൂരജിന് ദാനം ചെയ്യാൻ തയാറാവുകയായിരുന്നു.


പാവപ്പെട്ടവനായ സൂരജ് തന്റെ അമ്മയും ഭാര്യയുമടങ്ങിയ കുടുംബം പോറ്റാനുള്ള ഏക ആശ്രയമായിരുന്നു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ജോലി ചെയ്തിരുന്ന വേളയിൽ കിഡ്നി തകരാറുണ്ടെന്നു രണ്ടു വർഷം മുമ്പ് മനസിലാക്കിയിരുന്നു. ഭാര്യ ബേബി രമണിയും അമ്മ പാർവതിയും അടങ്ങിയ കുടുംബത്തിൽ നാലുവർഷം മുമ്പ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റു മരിച്ചു പോയി. ഒരു സഹോദരനും ഹൃദയാഘാതം മൂലം ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. "ഫാദർ ചിറമേൽ രണ്ടു വർഷം മുമ്പ് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തെ  മാതൃകയാക്കാൻ താനും ആവേശഭരിതനായെന്നും തന്റെ കിഡ്നിയും പാവപ്പെട്ട ആർക്കെങ്കിലും ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും കാരുണ്യത്തിന്റെ വർഷത്തിൽ പറ്റുന്ന സഹായം നല്കണമെന്ന ചിന്തകൾ അലട്ടിക്കൊണ്ടിരുന്നുവെന്നും ഒരു ദൈവിക സന്ദേശം തന്നിൽ ജ്വലിക്കുന്നതായി  തോന്നിയെന്നും ." ബിഷപ്പ് മുരിക്കൻ പറയുന്നു. ആ യുവാവിനെപ്പറ്റി ബിഷപ്പ് ആദ്യമായി കേട്ടത് ഫാദർ ചിറമേലിൽ നിന്നുമായിരുന്നു.


ദൈവദൂതനെപ്പോലെ വന്ന ഒരു ബിഷപ്പാണ് തനിയ്ക്ക് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ  സൂരജിന്റെ കണ്ണുകളിൽ വികാരാവേശത്താൽ മിഴിനീർത്തുള്ളികൾ നിറഞ്ഞിരുന്നു. ആ യുവാവ് ഇതറിഞ്ഞയുടൻ പറഞ്ഞു, " ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് എനിയ്ക്ക് വൃക്കയിലുള്ള രോഗം വഷളായപ്പോൾ ഇതിനുള്ള ചീകത്സ തുടങ്ങിയിരുന്നു. ഒരു ബിഷപ്പാണ് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ഈശ്വരൻ ഭൂമിയിൽ താണുവന്ന് അനുഗ്രഹിച്ചതായും തോന്നി. ഇത് ദൈവത്തിന്റെ ഇടപെടലായി എനിക്കനുഭവപ്പെടുന്നു." "കിഡ്നി സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണെങ്കിലും തന്നെ സംബന്ധിച്ച് അത് പ്രശ്നമല്ലെന്നും സഭാപുത്രനെന്ന നിലയിൽ കാരുണ്യത്തിന്റെ ഈ വർഷത്തിൽ ഇതെന്റെ കടമയായി കരുതുന്നുവെന്നും" ബിഷപ്പ് പറഞ്ഞു. "ഞാനുൾപ്പെടുന്ന എന്റെ സഭയും മാർപ്പാപ്പയും അത്തരം മഹത്തായ ദാനങ്ങൾക്കായി അഭിലക്ഷിക്കുന്നുവെന്നും ഇത് സഭയുടെ ചൈതന്യമാണെന്നും എനിയ്ക്ക് ചുറ്റുമുള്ള ജനത്തിനായുള്ള ശക്തമായ ഒരു സന്ദേശമാണിതെന്നും എന്നിലുള്ള ക്രിസ്തീയത ഇവിടെ പ്രതിഫലിക്കുന്നുവെന്നും" ബിഷപ്പിന്റെ വാമൊഴിയിലുണ്ടായിരുന്നു.


ക്രൈസ്തവധർമ്മത്തിന്റെ അടിസ്ഥാനമായ സ്നേഹമെന്ന തത്ത്വത്തിൽ അധിഷ്ടിതമായ ഈ ധാർമ്മീക പ്രവർത്തനങ്ങൾക്ക് പുറകിലുള്ള മനുഷ്യൻ ഫാദർ ചിറമേലായിരുന്നു. സ്വന്തം വൃക്ക ദാനം ചെയ്യണമെന്ന സാഹസം പൌരാഹിത്യ ശൃംഖലകളിൽ ആദ്യമായി തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ബിഷപ്പ് തുടരുന്നു, "ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ കിഡ്നി സ്വീകരിക്കുന്ന വ്യക്തിയുടെ കുടുംബത്തിൽ നിന്നാരെങ്കിലും മറ്റൊരു വ്യക്തിക്ക് കിഡ്നി ദാനം ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ കാര്യത്തിൽ അത് സാധ്യമല്ലായിരുന്നു. ആ കുടുംബത്തിലുള്ളവർ അനാരോഗ്യമുള്ളവരായിരുന്നു. അതിനാൽ അത്തരം ഒരു വ്യവസ്ഥ പ്രാവർത്തികമായിരുന്നില്ല. ഞങ്ങൾ അത് മനസിലാക്കിയിരുന്നു."


എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബൈബിൾ സമ്മേളനത്തിൽ വൃക്ക ദാനം ചെയ്യുന്ന ദൈവിക ദൗത്യത്തെ സംബന്ധിച്ചു കിഡ്നി ഫൌണ്ടേഷൻ സ്ഥാപകനായ ഫാദർ ഡേവീഡ് ചിറമേലിന്റെ വികാരപരമായ ഒരു പ്രസംഗം ബിഷപ്പ് മുരിക്കനെ ആവേശഭരിതനാക്കിയിരുന്നു. ജ്വലിക്കുന്ന സ്നേഹാഗ്നി നിറഞ്ഞ മനസുമായി അപ്പോൾതന്നെ തന്റെ കിഡ്നി ദാനം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം ഫാദർ ചിറമേലിനെ അറിയിക്കുകയും ചെയ്തു. ഫാദർ ചിറമേലും സ്വന്തം അനുഭവ കഥകൾ പകർത്തി. അദ്ദേഹം ഇത്തരമൊരു സാഹസത്തിനൊരുങ്ങിയ സമയം എതിർപ്പുകൾ നാനാഭാഗത്തു നിന്നുമുണ്ടായിരുന്ന വിവരവും ബിഷപ്പിനെ അറിയിച്ചു. മെത്രാന്മാർക്കും ചിറമേലിന്റെ തീരുമാനം പുതുമയായിരുന്നു. എന്തിനാണ് ശരീരഭാഗം മുറിച്ചു കൊടുത്ത് സ്വയം ത്യാഗത്തിലേയ്ക്ക് ഒരുമ്പെടുന്നതെന്നും ചോദ്യങ്ങൾ നാനാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പത്രക്കാർ പുതിയൊരു വാർത്ത കിട്ടിയതുപോലെ ചുറ്റും വന്ന് ചോദ്യങ്ങൾ ചോദിച്ചതും മടുപ്പിക്കുന്ന കാര്യങ്ങളും ഫാദർ ചിറമേൽ വിവരിക്കുന്നു.


ഫാദർ ചിറമേലിൽ പ്രേരിതനായി വൃക്ക ദാനം ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതനാണ് കോട്ടയംകാരനായ ഫാദർ സെബാസ്റ്റ്യൻ.  ഒരു ബസ് യാത്രയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ  ഫാദർ സെബാസ്റ്റ്യൻ ഒരു മുസ്ലിം യുവാവിന് തന്റെ വൃക്ക ദാനമായി നല്കുകയുണ്ടായി. രണ്ടുപേരും അപരിചിതരായിരുന്നു. യാത്രയ്ക്കിടയിൽ വ്യത്യസ്ഥ മതങ്ങളായ ഇരുവരുടെയും ദൈവിക വിശ്വാസം ചർച്ചയ്ക്കു കാരണമായി. അത് കാരുണ്യത്തിന്റെയും ദയയുടെയും കഥയായി മാറുകയായിരുന്നു. ഈ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിന്റെ പുത്തനായ മാറ്റങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. നാല്പ്പത്തിയൊന്നു വയസുള്ള ഫാദർ സെബാസ്റ്റ്യൻ മുപ്പതു വയസുള്ള റസാക്ക് മുഹമ്മദിന് തന്റെ വൃക്ക സമ്മാനിച്ചപ്പോൾ മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഊഷ്മളത അവിടെ പങ്കുവെക്കുകയായിരുന്നു. ആലപ്പുഴക്കാരനായ റസാക്ക് വൃക്ക തകരാറുമൂലം ജീവിതവുമായി പടവെട്ടുന്ന സമയവുമായിരുന്നു. രണ്ടുപേരും അവരവരുടെ മതത്തിൽ തീവ്രമായ മതവിശ്വാസികളും. ഒന്നിച്ചുള്ള ബസിലെ യാത്രയിൽ ഫാദർ സെബാസ്റ്റ്യൻ, റസാക്കിന് തന്റെ കിഡ്നി ദാനം നല്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവം തന്നെ ഒരു പുരോഹിതന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വൃക്ക ദാനം ചെയ്ത് പുതിയൊരു ജീവിതം തനിക്കു നല്കിയെന്ന് റസാക്ക് വിശ്വസിക്കുന്നു.


യാഥാസ്ഥികരായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫാദർ സെബാസ്റ്റ്യൻ വളർന്നത്‌. മതകാര്യങ്ങളിൽ വളരെ കർശനമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കുന്ന കാലങ്ങളിൽ സ്കൂളിലും ജില്ലാതലത്തിലും എന്നും ഒന്നാമനായിരുന്നെങ്കിലും ഒരു പുരോഹിതനാകണമെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുരോഹിതനായാലും ആതുര സേവനത്തിനായിരുന്നു മുൻഗണന നല്കിയത്. ആരെങ്കിലും രോഗികളെയോ വേദനകൊണ്ട് കരയുന്നവരെയോ കണ്ടാൽ അദ്ദേഹത്തിൻറെ കണ്ണുകളും നിറയുമായിരുന്നു. മരണം നടക്കുന്ന വീടുകളിൽ പ്രാർത്ഥിക്കാൻ അദ്ദേഹത്തിനു പ്രയാസമായിരുന്നുവെന്നും  പറയുമായിരുന്നു. "കുടുംബത്തിലുള്ളവർ കരയുമ്പോൾ തന്റെ കണ്ണുകളും നിറയുമെന്നും അവരുടെ കണ്ണുകളിൽ നോക്കാതെയാണ്‌ താൻ പ്രാർത്ഥിക്കുന്നതെന്നും" അദ്ദേഹം പറയുന്നു. ഫാദർ ഡേവീസ്‌ ചിറമേൽ ഒരു ഹിന്ദുയുവാവിനു വൃക്ക ദാനം ചെയ്തതുമുതലായിരുന്നു ഫാദർ സെബാസ്റ്റ്യനും അത്തരമൊരു കാരുണ്യ പ്രവർത്തനത്തിനു  മോഹമുണ്ടായത്. അതുപോലുള്ള അവസരങ്ങൾക്കായി നീണ്ട കാലത്തോളം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 'തന്റെ സീറ്റിലിരുന്ന മുസ്ലിം യുവാവ് തികച്ചും അതിന് അനുയോജ്യനാണെന്നും തന്റെ വൃക്ക അയാൾക്ക്‌ യോജിക്കുമെന്നും' ഫാദർ സെബാസ്റ്റ്യൻ മനസിലാക്കിക്കൊണ്ട് 2013 -ൽ അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്യുകയായിരുന്നു.


ഫാദർ ചിറമേൽ തുടങ്ങി വെച്ച വൃക്കദാന സംരംഭം അത്ഭുതകരമായ നേട്ടങ്ങളാണുണ്ടായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പതിനഞ്ചു വൈദികരും എട്ടു കന്യാസ്ത്രികളും വൃക്ക സമൂഹത്തിനായി ദാനം ചെയ്തു. ദാനങ്ങൾ പലവിധത്തിലാകാം. സമ്പത്തുകൊണ്ടും വിദ്യകൊണ്ടും മറ്റുള്ളവരെ സഹായിക്കാൻ പറ്റും. പക്ഷെ രക്തം ചിന്തിക്കൊണ്ടുള്ള ഒരു ദാനത്തിന് ഫാദർ ചിറമേൽ ഉള്പ്പടെയുള്ള വൈദികരും കന്യാസ്ത്രികളും ബിഷപ്പ് മുരിക്കനും ഒരുമ്പെട്ടത് ക്രൈസ്തവീക വികാരങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ക്രൂരമായ കൂട്ടക്കൊലകൾ നടത്തി ഭീകരർ തിന്മയുടെ രക്തച്ചൊരിച്ചിലുകൾ ലോകത്തു സൃഷ്ടിക്കുന്നു. വൃക്ക ദാനം വഴി നന്മയുടെ രക്തച്ചൊരിച്ചിലുകൾക്കു തയാറാകാൻ ഫാദർ ചിറമേൽ ആഹ്വാനം ചെയ്യുന്നുണ്ട്. അവരെ തടയരുതെന്ന് യേശു നാഥൻ പറഞ്ഞതുപോലെ വൃക്ക ദാനം ചെയ്യുന്നവരെ തടയരുതെന്നും ഹൃദയ ശുദ്ധിയുള്ളവർക്കു മാത്രമേ ഇത്തരം പരിപാവനമായ പുണ്യകർമ്മം ചെയ്യാൻ സാധിക്കുള്ളൂവെന്നും ഫാദർ ചിറമേൽ വിശ്വസിക്കുന്നു. ജാതിയും മതത്തിനുമുപരിയായി  മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള തത്ത്വ ചിന്തകൾ ബിഷപ്പ് മുരിക്കനും ചിറമേലും അദ്ദേഹത്തോടൊപ്പമുള്ള മറ്റു പുരോഹിതരും ലോകത്തിനു കാണിച്ചു കൊടുക്കുകയാണുണ്ടായത്. നിശ്ചലമായ അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ചീകത്സിക്കാൻ നിവൃത്തിയില്ലാതെ ആയിരക്കണക്കിന് ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ മഹാ പുരോഹിതർ നല്കിയ സന്ദേശം എല്ലാ മത വിശ്വാസികൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശകളാണ് നല്കുന്നത്. ബലിയല്ല സ്നേഹമാണ് വേണ്ടതെന്നു ക്രിസ്തു തത്ത്വം പറയുന്നു. സത്യമായ രക്തം ചീന്തിയുള്ള ഒരു 'ബലി',  സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ബലി  സമൂഹത്തിനു വേണ്ടി അർപ്പിക്കാൻ തയാറായ ബിഷപ്പ് മുരിക്കന്റെയും ചിറമേലിന്റെയും മറ്റു പുരോഹിതരുടെയും കന്യാസ്ത്രീ സഹോദരികളുടെയും മാർഗങ്ങൾ പിന്തുടരാൻ അനേകർക്കും അല്മായ ലോകത്തിനും ആവേശം നൽകുമെന്നതിൽ സംശയമില്ല. "അവയവം തരൂവെന്ന് നമുക്കാരോടും ആവശ്യപ്പെടാൻ സാധിക്കില്ലന്നും അത് സ്വയം ചെയ്യേണ്ട കർമ്മമാണെന്നും മനസ് പാകപ്പെടുത്തിയാലെ ഇത്തരമൊരു പുണ്യ കർമ്മത്തിനു സാധ്യമാവുള്ളൂവെന്നും" ബിഷപ്പ് മുരിക്കൻ പറയുന്നു.



Fr. Sebastian and Rasak






Fr.Chiramel


Bishop Murickan and Suraj

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...