Friday, October 7, 2016

ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും ഗർഭഛിന്ദ്ര നയങ്ങളും.


ജോസഫ് പടന്നമാക്കൽ

2016 നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭ്രൂണഹത്യയും ഗർഭച്ഛിദ്രവും ഏറെ ചർച്ച ചെയ്യപ്പെട്ട സുപ്രധാനങ്ങളായ വിഷയങ്ങളായിരുന്നു. പ്രതിപാദ്യവിഷയത്തിൽ  വ്യത്യസ്തങ്ങളായ നിലപാടുകളാണ് ഇരു പാർട്ടികൾക്കുമുള്ളത്. ഭ്രൂണഹത്യയും ഗർഭഛിന്ദ്രവും അനുകൂലിച്ചുകൊണ്ട് ഡെമോക്രാറ്റുകൾ പ്രവർത്തിക്കുമ്പോൾ അത് പാടില്ലാന്നു റിപ്പബ്ലിക്കൻ പാർട്ടി പ്രസ്താവനകളിറക്കിയും പ്ലാറ്റ്‌ഫോമുകളിൽ പ്രസംഗിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി മതമൗലിക വിശ്വാസങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായങ്ങളും താല്പര്യവുമനുസരിച്ചു പ്രവർത്തിക്കുന്നു. ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ഭൂരിഭാഗവും ഇസ്‌ലാം മതവും ഭ്രൂണഹത്യയെയും ഗർഭച്ഛിദ്രത്തെയും എതിർക്കുന്നതായും കാണാം. .

റിപ്പബ്ലിക്കൻ പാർട്ടിയിലും ഡെമോക്രാറ്റിക്‌ പാർട്ടിയിലും ഗർഭഛിദ്രം സംബന്ധിച്ചുള്ള പ്ലാറ്റഫോമുകളിലുയരുന്ന ആശയങ്ങളിൽ വലിയ അന്തരമുണ്ട്. ജനിക്കാത്ത കുഞ്ഞിനും ഈ ഭൂമിയിൽ ജീവിക്കാനും ഈ മണ്ണിലെ ശുദ്ധവായു ശ്വസിക്കാനും  മൗലികമായ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു. നികുതി നല്കുന്നവന്റെ പണംകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നതിലും എതിർക്കുന്നു. ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘടനകളും സ്ഥാപനങ്ങളും അവരുടെ പ്രചരണങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഗർഭഛിദ്രം നടപ്പാക്കാനുള്ള നിയമനിർമ്മാണങ്ങളിലും എതിർപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്.

ഡെമോക്രാറ്റിക്‌ പാർട്ടി അതിന്റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ ഗർഭഛിദ്രത്തിന് എന്നും അനുകൂലികളായിരുന്നു.  ഗർഭഛിദ്രം നടപ്പാക്കി നിയമപരിരക്ഷണം നൽകണമെന്നു പ്ലാറ്റ്‌ഫോമുകളിൽ ഡമോക്രാറ്റിക് പാർട്ടിയിലുള്ളവർ  ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഗർഭച്ഛിദ്രത്തിനെതിരായ 'ഹൈഡ് അമൻഡ്മെന്റ്' മാറ്റി ഗർഭച്ഛിദ്രത്തിനനുകൂലമായി ഭേദഗതി ചെയ്യാനും ആവശ്യപ്പെടുന്നു. അതുപ്രകാരം ഗർഭച്ഛിദ്രത്തിനുതകുംവിധം ഫെഡറൽ ഫണ്ട് അനുവദിക്കാനും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനും നിർദ്ദേശിക്കുന്നുണ്ട്. ഹിലരിയുടെ പ്ലാറ്റ് ഫോമുകളിൽ ഗർഭഛിദ്രം സംബന്ധിച്ചുള്ള ഇത്തരം നയങ്ങൾ മുഴങ്ങി കേൾക്കാം.

ഭ്രൂണഹത്യയെയും, ഗർച്ഛിദ്രങ്ങളെയും അനുകൂലിക്കുന്നവർ ചിന്തിക്കുന്നതിങ്ങനെ, ' ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തിൽ എന്തും ചെയ്യുവാൻ എനിക്കവകാശമുണ്ട്.  ഒരുവന്‍റെ സന്താനോത്ഭാതന കാര്യങ്ങളിൽ സ്വയം അനിയന്ത്രിതമായി തീരുമാനമെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.' ഭ്രൂണം എന്നുള്ളത്‌ ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ ആരംഭിക്കുന്നതു എന്നാണെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് എപ്പോളെന്നു ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.' . ഹിലരിയും വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്ത  'റ്റിം കെയിനും' (Tim Kain) ഇത് ശരി വെയ്ക്കുന്നു.

'ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക്  അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന്  ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം.' അത്തരം സാഹചര്യങ്ങളിൽ ഗർഭഛിദ്രം നടത്തുന്നതിന് ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻ പാർട്ടികൾക്കും ഏക അഭിപ്രായമാണുള്ളത്.

ഭ്രൂണഹത്യയെ ഡൊണാൾഡ് ട്രംപ് അനുകൂലിക്കിന്നില്ല. അദ്ദേഹം അത്തരം തീരുമാനങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. ഭ്രൂണം അലസിപ്പിക്കാതെ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജീവൻ നിലനിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന്  ഒരിക്കലും അനുകൂലിയായിരുന്നില്ല. ഗർഭഛിദ്രത്തിനനുകൂലമായി വരുന്ന എല്ലാ ദേശീയ തീരുമാനങ്ങളെയും ട്രംപ് എതിർത്തുകൊണ്ടിരിക്കുന്നു. തനിക്ക് ഓരോ കുഞ്ഞുണ്ടായ സമയങ്ങളിലും അത് ദൈവത്തിന്റെ ദാനമായിട്ടു കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗർഭഛിന്ദ്രം സംബന്ധിച്ചുള്ള ഹിലരിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. 'റോ വേഴ്സസ് വേഡ്' എന്ന സുപ്രധാന കേസിലെ സുപ്രീം കോടതി തീരുമാനത്തിൽ ഹിലരി ക്ലിന്റൺ ഗർഭഛിന്ദ്രം നിയമമാക്കാൻ വോട്ടു ചെയ്തു. ഭൂമിയിലേയ്ക്ക് വരാത്ത ജനിക്കാൻ പോകുന്ന കുഞ്ഞിന് ഭരണഘടനാവകാശമില്ലെന്നുള്ള വാദഗതിയാണ് ഹിലരിയ്ക്കുള്ളത്. ജനിച്ചു ഭൂമിയിൽ വീണുകഴിഞ്ഞു മാത്രമേ പൗരാവകാശങ്ങൾ ഒരു കുഞ്ഞിന് നേടാൻ സാധിക്കുള്ളൂവെന്നും അവരുടെ വിവാദങ്ങളിലുണ്ട്. അതുവരെ കുട്ടിയെ വേണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയെ ഗർഭപാത്രത്തിൽ വഹിക്കുന്ന സ്ത്രീയെന്നാണ് ഹിലരിയുടെ അഭിപ്രായം.

വളർച്ച പ്രാപിച്ച ഗർഭ ശിശുവിനെ പുറത്തെടുത്തുള്ള ഗർഭഛിദ്രം പാടില്ലാന്നു സുപ്രീം കോടതിയുടെ 2007-ൽ നടന്ന ഒരു വിധിന്യായത്തിലുണ്ടായിരുന്നു. ഒമ്പതു ജഡ്ജിമാരിൽ അഞ്ചുപേരും അന്ന് ആ വിധി നടപ്പാക്കുന്നതിന് അനുകൂലിച്ചിരുന്നു. താൻ ഗർഭച്ഛിദ്രത്തെ എതിർക്കുന്നുവെന്നു 2000-മാണ്ടിൽ എഴുതിയ 'ദി അമേരിക്ക വി ഡിസർവെ'ന്ന (The America We Deserve)പുസ്തകത്തിൽ ട്രംപ് പറഞ്ഞിട്ടുണ്ട്. 2003 മുതൽ കിട്ടുന്ന അവസരങ്ങളിലെല്ലാം പാർഷ്യൽ അബോർഷൻ ബാൻ ആക്ടിനെ (Partial abortion ban act)എതിർത്തുകൊണ്ടുള്ള നയമായിരുന്നു ഹിലരി സ്വീകരിച്ചിരുന്നത്.

സാധാരണ ഗർഭചിന്ദ്രം രണ്ടു വിധത്തിലാണുള്ളത്. ഗർഭപാത്രത്തിൽ വളർച്ചപ്രാപിക്കാത്ത ഭ്രൂണം ഇല്ലാതാക്കുന്നതാണ് ആദ്യത്തെ രീതി. അത് ശിശു വെറും ഭ്രൂണമായിരിക്കുന്ന സമയത്തെ ചെയ്യാൻ സാധിക്കുള്ളൂ. രണ്ടാമത്തെരീതി ഗർഭത്തിൽ അഞ്ചാം മാസം മുതൽ ചെയ്യുന്നതാണ്. കുട്ടിയുടെ ശരീരവും കൈകാലുകളും രൂപം പ്രാപിച്ചശേഷം ഗർഭത്തിലുള്ള ശിശുവിന്റെ കാലുകൾ വലിച്ചെടുത്ത് ശിശുവിനെ ഇല്ലാതാക്കുന്ന രീതിയാണ്. ഇതിനെ പാർഷ്യൽ അബോർഷൻ (ഭാഗീക ഗർഭം അലസിപ്പിക്കൽ)എന്ന് പറയും. ഇത്തരം ഗർഭം അലസിപ്പിക്കൽ നിയമവിരുദ്ധമാണ്.

പാർഷ്യൽ ബർത്ത് അബോർഷൻ (Partial birth abortion) എന്നത് ഒരു രാഷ്ട്രീയ പദമാണ്. മെഡിക്കൽ നിഘണ്ടുവിൽ അങ്ങനെയൊരു പ്രയോഗം കാണില്ല. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിനു മുമ്പായുള്ള അഞ്ചാം മാസത്തിൽ അതായത് പകുതി പ്രായമുള്ള ഗർഭത്തിലുള്ള ശിശുവിനെ ഇല്ലാതെയാക്കുന്നതിനെയാണ് പാർഷ്യൽ അബോർഷനെന്നു പറയുന്നത്. രാഷ്ട്രീയ നയങ്ങളിൽ പ്രചാരണം ലഭിച്ച പാർഷ്യൽ അബോർഷനെ ഡൈലേഷൻ ആൻഡ് എക്സ്ട്രാക്ഷൻ ("dilation and extraction" and "D&X.") എന്നു മെഡിക്കൽ ലോകത്തിൽ അറിയപ്പെടുന്നു. നിലവിലുള്ള നിയമമനുസരിച്ചു ഗർഭം അലസിപ്പിക്കൽ സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ നടത്താറുള്ളൂ. സുപ്രീം കോടതിയുടെ നിർവചനത്തിൽ മാനസിക അസുഖമുള്ളവരും ഈ നിയമത്തിന്റെ പരിധിയിൽപ്പെടും. അങ്ങനെയുള്ളവർക്കും കുഞ്ഞിനെ അബോർട്ടു ചെയ്യുന്നതിൽ നിയമം തടസ്സമാവില്ല.

2016-ൽ തെരഞ്ഞെടുക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന് സുപ്രീം കോടതിയിൽ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് ഗർഭഛിദ്രത്തിനെതിരായ പതിനൊന്നു ജഡ്ജിമാരുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതിയിൽ അത്രയും ഒഴിവുകൾ അടുത്ത നാലുവർഷത്തിനുള്ളിൽ വരുമെന്ന് കണക്കാക്കുന്നു. ഈ ജഡ്ജിമാരെല്ലാം ഗർഭത്തിൽ വളരുന്ന  ശിശുക്കളുടെ ജീവനനുകൂലികളാണ്.

മതപരമായി ചിന്തിക്കുന്നവർ ഹിലരിയുടെയും ട്രമ്പിന്റെയും നയപരിപാടികൾ സൂക്ഷ്മമായി പഠിക്കേണ്ടതായുണ്ട്. ഗർഭഛിന്ദ്രത്തെ അനുകൂലിക്കുകയും നിയമപരമാക്കാൻ തീരുമാനമെടുക്കുന്നവരെയും മാത്രമേ സുപ്രീം കോടതി ജഡ്ജിമാരാക്കുകയുള്ളൂവെന്നു ഹിലരി പറഞ്ഞുകഴിഞ്ഞു. 'റോ വേഴ്സസ് വേഡ്' കേസിൽ നിയമം പ്രാബല്യത്തിലായുള്ള വിധിയുണ്ടായിരുന്നു. ആ തീരുമാനത്തെ മാനിക്കാതെ ഒരാളിനെയും ജഡ്ജിമാരായി നിയമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്ന ഇന്ത്യാന ഗവർണ്ണർ മൈക്ക് പെൻസ്  (Mike Pence) ഗർഭഛിദ്രത്തിന് എതിരാണ്. ഭൂമിയിലേക്കുള്ള ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെ അദ്ദേഹം എതിർക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി ജീവന് അനുകൂലമായുള്ള തീരുമാനങ്ങളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഗർഭച്ഛിദ്രത്തിനുള്ള പ്രമേയങ്ങൾ വന്നിരുന്ന കാലങ്ങളിൽ ശക്തിയായി എതിർക്കുമായിരുന്നു. ഗവർണ്ണർ എന്ന നിലയിൽ ജീവന് അനുകൂലമായ  ശക്തിയേറിയ പ്രചരണങ്ങൾകാരണം ഗർഭത്തിലെ ജീവന്റെ നിലനിൽപ്പിനായുള്ള സമരനായകനായി അദ്ദേഹത്തെ അറിയപ്പെടുന്നു.

ഹിലരി ക്ലിന്റനൊപ്പം തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാർഥി സെനറ്റർ 'റ്റിം കെയിൻ' ഭ്രൂണഹത്യക്ക് അനുകൂലമായ നയങ്ങൾ എന്നും പിന്തുടർന്നിരുന്നു. ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള കോൺഗ്രസ്സിലെ സുപ്രധാനമായ തീരുമാനങ്ങൾക്കെല്ലാം അദ്ദേഹത്തിൻറെ പിന്തുണയുണ്ടായിരുന്നു. ആവശ്യമില്ലാത്ത ഗർഭത്തിലെ ജീവൻ നിലനിർത്തുന്നതിനു (പ്രൊ ലൈഫിന്) അദ്ദേഹം അനുകൂലമല്ല. ഗർഭഛിന്ദ്രം എല്ലാ സ്റ്റേറ്റുകളിലും നിയമപരമായി നടപ്പാക്കാൻ സെനറ്ററെന്ന നിലയിൽ കോൺഗ്രസിൽ ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംസ്ഥാനം ഗർഭഛിദ്രം എതിർക്കുന്നുവെങ്കിൽ അവരുടെ നിലവിലുള്ള നിയമം അസാധുവാകുന്ന ഫെഡറൽ വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. (S.217)

അമേരിക്കയിൽ 56 ശതമാനം ജനങ്ങൾ ഗർഭച്ഛിന്ദ്രത്തെ അനുകൂലിക്കുമ്പോൾ 41 ശതമാനം ജനങ്ങൾ മാത്രമേ ഗർഭച്ഛിദ്രത്തെ പ്രതികൂലിക്കുന്നുള്ളൂ. ബലാൽ സംഗത്തിലോ നിഷിദ്ധ സംഗമത്തിൽ നിന്നോ, വ്യപിചാരത്തിൽ നിന്നോ, അമ്മയുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടങ്ങളിലോ ഗർഭഛിദ്രം നടത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കും അനുകൂലമായ നിലപാടാണുള്ളത്. പ്ലാൻഡ് പേരന്റ് ഹുഡ് (Planned parent hood) പോലുള്ള സംഘടനകൾ കുടുംബാസൂത്രണ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതും നിർത്തൽ ചെയ്യാൻ ആവശ്യപ്പെടുന്നു. അത്തരം സ്ഥാപനങ്ങളിൽ ഗർഭം അലസിപ്പിക്കൽ ക്ലിനിക്കുകളുമുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് സർക്കാരിൽ നിന്നുള്ള ഫണ്ടു നിർത്തലാക്കണമെന്നും ട്രംപിന്റെ പ്രസംഗങ്ങളിൽ ശ്രവിക്കാം. കുടുംബാസൂത്രണത്തിന്റെ ഭാഗമായ  ഗർഭനിരോധക ഗുളികകളും നിരോധക ഉറകളും മറ്റു ശാസ്ത്രീയ മാർഗങ്ങളും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാർ എതിർക്കുന്നുണ്ടെങ്കിലും അത് പാർട്ടിയുടെ നയമല്ല. സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലിൽ സ്ത്രീ സംഘടനകളിൽ നിന്നു പ്രതിഷേധ ശബ്ദങ്ങളും ഉയരുന്നുണ്ട്. ഗർഭഛിദ്രം അവകാശമായി കരുതി സ്ത്രീസംഘടനകൾ പ്രതിഷേധ റാലികളും സംഘടിപ്പിക്കാറുണ്ട്.

'ഗർഭത്തിൽ കിടക്കുന്ന അഞ്ചുമാസം പ്രായമായ ശിശുവിന് ജീവനുണ്ടെന്നും ആ ജീവനെ ഇല്ലാതാക്കുന്നത് ക്രൂരതയും തന്നിൽ വെറുപ്പുമുണ്ടാക്കുന്നുവെന്നും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി  മൈക്ക്  പെൻസ് പ്ലാറ്റ്ഫോമുകൾ പങ്കിട്ടുകൊണ്ട് കൂടെ കൂടെ സംസാരിക്കാറുണ്ട്. ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമങ്ങൾ രാഷ്ട്രത്തിനു ശാപമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകുന്നു.

ഗർഭത്തിലുള്ള ശിശുക്കളെ കൊല്ലുകയെന്നത് സാമൂഹിക മാനദണ്ഡങ്ങളിൽ അങ്ങേയറ്റം  നികൃഷ്ടമായിട്ടുള്ള ഒന്നാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ ഗർഭപാത്രത്തിൽ  വളരുന്ന കുഞ്ഞുമുതൽ ആരംഭിക്കേണ്ടതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കതയുള്ള മറ്റെന്താണുള്ളത്? നമ്മൾ വാർത്തകളിൽ 'ജിഷാ'യെന്ന ദളിതയുവതിയെ ക്രൂരമായി കൊന്ന കഥ വായിച്ചു. ഗോവിന്ദച്ചാമിയെന്നയാൾ സൗമ്യയായെന്ന പെൺകുട്ടിയെ അതിക്രൂരമാം വിധം പീഡിപ്പിച്ചു കൊന്നതും കേട്ടു. നിഷ്കളങ്കരായ നമ്മുടെ കുട്ടികൾ അമേരിക്കയിലെ കോളേജുകളിലും ക്യാമ്പസുകളിൽനിന്നും അപ്രത്യക്ഷരായി മൃഗീയമായി കൊല്ലപ്പെടുന്നു. തോക്കുകൾകൊണ്ട് വെർജീനിയ ടെക്കിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ മനസുകളിലും ദുഃഖം നിറഞ്ഞു. ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവർക്ക് അതേ ദുഃഖങ്ങൾ പേറിയുള്ള കാഴ്ചകൾ തന്നെയാണുള്ളത്. കൊലപാതകികൾക്കും ബലാത്സംഗക്കാർക്കും ജയിൽശിക്ഷയുണ്ട്. ചെറുതും വലുതുമായുള്ള ഏതു കൊലപാതകവും പൊറുക്കാൻ പാടില്ലാത്ത അനീതിയാണ്. അത് വയറ്റിൽ കിടക്കുന്ന ഗർഭത്തിലുള്ള കുഞ്ഞാണെങ്കിൽ പോലും അതേ നിയമത്തിനനുഷ്ഠിതമായിരിക്കണം.  ഗർഭച്ഛിദ്രത്തിൽക്കൂടി മനുഷ്യൻ നിസ്സഹായവരായവരെ കൊല്ലുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം നൽകിയ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കാളും മറ്റൊരു നിഷ്കളങ്കത ഒരിടത്തുമില്ല.

തൊട്ടുള്ള അയൽവാസികളുടെ വീടുകളിൽ ഗർഭത്തിലുള്ള ശിശുക്കൾ കൊല്ലപ്പെട്ടാൽ ആരുമറിയില്ല. ആരും ശ്രദ്ധിക്കുകയുമില്ല. കൊല്ലപ്പെട്ട ആ കുഞ്ഞിന് സംസാരിക്കാൻ കൂട്ടുകാരില്ല. കുറ്റവാളികളുടെ ബലിയാടാകുന്ന ആ കുഞ്ഞിനുവേണ്ടി നീതിക്കായി വാദിക്കാൻ വക്കീലന്മാരുമില്ല. ഗർഭഛിദ്രം ഗർഭപാത്രത്തിലെ രഹസ്യമായ ഒരു കൊലയാണ്. ഗർഭച്ഛിദ്രത്തിൽക്കൂടി കൊലചെയ്യുന്നത്‌ ശീതീകരിച്ച മുറികളിൽനിന്നുമാവാം. ജനിക്കാത്ത ആ കുഞ്ഞിന് നിലവിളിക്കാൻപോലും കഴിവില്ല. അതുകൊണ്ട് ആരും സഹായത്തിനായും രക്ഷിക്കാനായും എത്തില്ല. അഥവാ കരഞ്ഞാൽത്തന്നെ ആരും കേൾക്കാനും കാണില്ല. ആ കുഞ്ഞിന് ഓടാനൊരിടവുമില്ല. കുഞ്ഞിനെ പോറ്റിക്കൊണ്ടിരുന്ന സുരക്ഷിതമായിരുന്ന ആ അമ്മയുടെ ഗർഭപാത്രം ശ്മശാന ഭൂമിയിലെ ശവകുടീരംപോലെയാവുകയാണ്. പ്രായപൂർത്തിയായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളെ കൊല്ലുന്ന അത്യാധുനിക ഉപകരണങ്ങളുമായി വന്നെത്തുമ്പോൾ ആ കുഞ്ഞിന്റെ 'അമ്മ' അയാൾക്കായി കാലുകൾ വിടർത്തുകയും ഗർഭഛിദ്രം നടത്തുന്ന അയാളെക്കൊണ്ട് ഈ ഭീകര പ്രവർത്തി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. നിസ്സഹായത പൊട്ടിയുയരുന്ന  ആ കുഞ്ഞിന് ജീവിക്കാനവസരമില്ല.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നീതിക്കായി മനുഷ്യൻ പോരാടുന്നതായി കാണാം. പ്രശ്നസങ്കീർണ്ണമായ ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയവസാനിപ്പിക്കണം. ഭവനരഹിതരെ പുനരധിവസിപ്പിക്കണം. മൂന്നാം ലോകത്തിലുള്ള മാരകമായ എയ്ഡ്സ് രോഗങ്ങളെ തടയണം. ലോകത്തിന്റെ ഭൗതിക വളർച്ചക്കായി ഈ സാമൂഹിക അനീതികൾക്കെല്ലാം പോരാടുക തന്നെ വേണം. എന്നാൽ നമ്മുടെ തലമുറയിലുള്ള ഗർഭച്ഛിദ്രത്തിനെതിരായുള്ള  ഈ നിർണ്ണായക സമരം അതി ശ്രേഷ്ഠവും വിധിനിർണ്ണായകവുമാണ്. മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്‍റെ ചുമതലയാണെന്ന് ഗർഭഛിദ്രത്തിനെതിരായവർ   ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല.

ജനിക്കാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയത്തുടിപ്പുണ്ട്.  മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും വ്യത്യസ്ത അവസ്ഥകളിലാണ്  ഗർഭസ്ഥശിശുവിൽ കാണുന്നത്. അതുപോലെ ജനിച്ചുവീണ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല കാലഘട്ടങ്ങളിലായി പൂർണ്ണനായ മനുഷ്യനുമാകുന്നു.

മതങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തെ എതിർക്കുന്നവർ പറയുന്നു, 'നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്‍റെ ഉദരത്തിൽ ജനിക്കുകയാണ്. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിലുള്ള കുഞ്ഞിനെ പിച്ചിക്കീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽ‍സംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം? ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം.' മതങ്ങളുടെ ഇത്തരം മൗലിക ചിന്താഗതികൾ മുഴുവനായി റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്‌ പാർട്ടിയും  സ്വീകരിച്ചിട്ടില്ല. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സമയങ്ങളിൽ ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് ട്രമ്പിനും വൈസ് പ്രസിഡണ്ടിനുമുള്ളത്. മതം എതിർക്കുന്ന കുടുംബാസൂത്രണ രീതികളായ ഗർഭനിരോധക ഗുളികകൾക്കും നിരോധക ഉറകൾക്കും മറ്റു ശാസ്ത്രീയ മാർഗങ്ങൾക്കും ഇരു പാർട്ടികളും എതിരല്ല.

ഗർഭച്ഛിദ്ര ഫോട്ടോകൾ കണ്ടാൽ മനസിനാഘാതം ലഭിക്കാത്തവർ ആരും കാണില്ല. അത്തരം ഫോട്ടോകൾ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇഷ്ടപ്പെട്ടെന്നും വരില്ല.  ജനിക്കാനിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മുറിഞ്ഞ കൈകാലുകളും ശരീരവും മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്. ഇത്തരം ഫോട്ടോകൾ കണ്ട് നിരാശരാവുന്നവർ എന്തുകൊണ്ട് ഗർഭച്ഛിന്ദ്രത്തിൽ അവരുടെ മനഃസാക്ഷിയെ ഉണർത്തുന്നില്ല. ഗർഭച്ഛിദ്രം മൂലം ജനിക്കാതിരുന്ന കുഞ്ഞുങ്ങളുടെ ഈ പടങ്ങൾ നാസിക്യാമ്പിലെ ക്രൂരമായ കൂട്ടക്കൊലകളെക്കാളും ഭീകരവും ഭയാനകവുമായി തോന്നും. ജനിക്കാനിരുന്ന ഈ കുഞ്ഞുങ്ങളെ ജീവിക്കാനുവദിക്കാതെ കഷണങ്ങളായി മുറിച്ചവരും അതിനുത്തരവാദികളായവരും മൃതരായ ആ കുഞ്ഞുങ്ങളുടെ ഘാതകരും കൂടിയെന്നുള്ള വസ്തുത അവരറിയുന്നില്ല. ബീജസങ്കലനം കഴിഞ്ഞുള്ള ഓരോ ആഴ്ചകളിലെയും ഗർഭത്തിൽ മൃതരാക്കിയ പടങ്ങൾ മനസിനെ മുറിവേൽപ്പിക്കുന്നതാണ്. എങ്കിലും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും അത്തരം ഫോട്ടോകൾ ഉണർവും ബോധവൽക്കരണവും നൽകും.
.

Saturday, October 1, 2016

ബ്രിട്ടനിലെ പുതിയ മെത്രാച്ചനും കുഞ്ഞാടുകളും പിശാചുക്കളും






ജോസഫ് പടന്നമാക്കൽ

ബ്രിട്ടനിൽനിന്നും പുരോഹിതർ നടത്തുന്നതായ  'പ്രവാചക ശബ്ദമെന്ന' ഓൺലൈൻ പത്രത്തിൽ 'സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന തലക്കെട്ടിൽ നീണ്ടയൊരു ലേഖനമുണ്ടായിരുന്നു. ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനോ യോജിക്കാനോ കഴിയുന്നില്ല.   സ്ഥലപരിമിതിമൂലം വിശദമായ ഒരു മറുപടിയെഴുതാനും പ്രയാസമാണ്. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ലേഖകൻ പിശാചുക്കളെ തേടുന്നതും. "പിശാചിന്റെ പ്രേരണയാൽ ഒരു കൂട്ടമാളുകൾ സോഷ്യൽ മീഡിയാവഴി ബിട്ടനിൽ പുതിയതായി രൂപീകരിക്കുന്ന രൂപതയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ലേഖകൻ അവർക്കെതിരായി ഉന്നയിച്ച വാദഗതികളെല്ലാം വെറും അർത്ഥശൂന്യങ്ങളും തമാശയായും മാത്രമേ യുക്തിയോടെ വായിക്കുന്നവർക്ക് തോന്നുകയുള്ളൂ.

സഭയുടെ നിയമങ്ങളനുസരിച്ച് സംശയങ്ങളോ സഭയെ വിമർശിക്കാനോ പാടില്ലാന്നുണ്ട്. അത്തരത്തിലാണ് ലേഖകൻ ചിന്തിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമെന്തെന്നറിയില്ല. ആഗോള സഭയിൽനിന്നും വ്യത്യസ്തമായി സീറോ മലബാർ സഭയെ പ്രത്യേകമായ സാരൂപ്യത്തോടെയാണല്ലോ സഭാ മാതാവെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള ആഗോള കത്തോലിക്കാ സഭയെ പരിഹസിക്കുന്ന ലേഖകന് സഭാ മക്കൾക്കു   എത്ര അമ്മമാരുണ്ടെന്നു വ്യക്തമാക്കാമോ? കത്തോലിക്കാ സഭയെന്നു പറയുന്നത് ലോകത്തിന്റെ ഒരു ചെറിയ വട്ടത്തിൽ താമസിക്കുന്ന സീറോ മലബാർ സഭയോ? ബ്രിട്ടനിൽ മാർത്തോമ്മാ എത്തിയതായും അറിവില്ല. പിന്നെയെങ്ങനെ ബ്രിട്ടീഷ് ഇന്ത്യൻ  പൗരന്മാരായി വളരുന്ന കുട്ടികൾ മാർത്തോമ്മായുടെ പാരമ്പര്യത്തിൽപ്പെട്ടവരാകും. വിഡ്ഢിത്തരമല്ലേ പുരോഹിതർ പ്രചരിപ്പിക്കുന്നത്. സീറോ മലബാർ സഭയെന്ന അമ്മയുടെ മക്കളായിരുന്നെങ്കിൽ, ഈ 'അമ്മ പ്രവാസി നാടുകളിൽ വരുന്നതിനുമുമ്പ് മക്കൾ വളർന്നത് രണ്ടാനമ്മയുടെ കൂടെയായിരുന്നോ? പുതിയ അമ്മയെ ബ്രിട്ടനിൽ കാണുമ്പോൾ പാലൂട്ടിയ ആഗോള സഭയിലെ അമ്മ വേശ്യയായിരുന്നുവെന്നു ഉച്ചത്തിൽ വിളിച്ചു കൂവണമായിരുന്നുവോ? അതു തന്നെയല്ലേ തന്റെ  ലേഖനത്തിൽക്കൂടി ലേഖകൻ സ്ഥാപിച്ചിരിക്കുന്നതും.

സീറോ മലബാർ സഭയെ സത്യവിശ്വാസമെന്നു ലേഖകൻ കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നു.ഈ  സഭയ്ക്ക് പുറത്തുള്ള ആഗോളസഭ അങ്ങനെയെങ്കിൽ അസത്യവിശ്വാസികളെന്നു കരുതണം. മാർപ്പാപ്പാ സംസാരിക്കുന്നതും അസത്യമാകണം. പുരോഹിതർ സത്യമെന്ന നിർവചനം എന്തെന്ന് ആദ്യം പഠിക്കേണ്ടിയിരിക്കുന്നു. ലേഖനം വായിച്ചാൽ വിശ്വാസത്തിനുതന്നെ ഒരു അളവുകോലുണ്ടെന്നു തോന്നിപ്പോവും. ചിലർക്ക് രാത്രിയും പകലും പ്രാർത്ഥിച്ചാലെ വിശ്വാസം വരൂ. കൂടാതെ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും നാടുമുഴുവൻ കൂടണം. മൈക്കിൽക്കൂടി ഉച്ചത്തിൽ പ്രാർത്ഥിക്കണം. അമ്പത്തി മൂന്നുമണി ജപം നൂറ്റിയമ്പത്തിമൂന്നുമണി ജപം എന്നിങ്ങനെ പ്രാർത്ഥനകളുടെ വ്യാപ്തി കൂടുന്നതനുസരിച്ചു വിശ്വാസത്തിന്റെ അളവുകോലും നീണ്ടുപോവുകയാണ്. 'നീ ഏകാന്തമായി പ്രാർത്ഥിക്കുകയെന്ന' ക്രിസ്തു വചനം തിരസ്ക്കരിച്ചുകൊണ്ടുള്ള ഒരു സത്യവിശ്വാസമാണ് ലേഖകന്റെ സത്യസഭയിലുള്ളത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത ചെണ്ടകൊട്ടും, മുത്തുക്കുട ആചാരവും, മെത്രാനെ എഴുന്നെള്ളിപ്പും വെടിക്കെട്ടുകളുമെല്ലാം സത്യവിശ്വസിയുടെ അവിഭാജ്യ ഘടകമാണ്. അയൽക്കാരന്റെ സ്വൈര്യ ജീവിതത്തെ തകർക്കലും സത്യവിശ്വാസം തന്നെ.

ബ്രിട്ടനിൽ രൂപതയുണ്ടാകുന്നതോടനുബന്ധിച്ചുള്ള തദ്ദേശവാസികളുടെ അഭിപ്രായപ്രകടനങ്ങളും ബ്ലോഗുകളും ലേഖകനിൽ നീരസമുണ്ടാക്കിയിരിക്കുന്നു. സഭയ്‌ക്കെതിരെ ആരോപണമുന്നയിച്ചുവെന്നാണ് ലേഖകൻ തന്റെ പേരുവെക്കാത്ത സ്വ.ലെ. ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. ഒരു പുരോഹിതന്റെ കൊള്ളരുതായ്മകളെയോ ലൈംഗിക കുറ്റങ്ങളെയോ ബ്രിട്ടനിലുള്ളവർ ഫേസ് ബുക്കിലോ ബ്ലോഗിലോ എഴുതിയിട്ടില്ല. പിന്നെ എന്ത് ആരോപണങ്ങളാണ് ലേഖകൻ കണ്ടതെന്നും വിശദീകരിക്കുന്നില്ല. എല്ലാവിധ ആർഭാടങ്ങളോടെ കരുണയുടെ വർഷത്തിൽ മെത്രാനെ എഴുന്നള്ളിക്കുന്നതിൽ അവിടെയുള്ളവർ പരിഹസിച്ചാൽ അവരെങ്ങനെ കുറ്റാരോപിതരാകും.

സഭാനേതൃത്വം പറയുന്നത് പഞ്ചപുച്ഛമടക്കിക്കൊണ്ടു സഭയെന്തു തെറ്റ് ചെയ്താലും  നിശബ്ദരായിരിക്കണമെന്നാണ്. അത്തരം ചിന്താഗതികൾ പുരോഹിതർ മാറ്റിയെടുക്കേണ്ടതുമുണ്ട്. ഭൂമി പരന്നതെന്നു പുരോഹിതമതം പഠിപ്പിച്ചാൽ കാണാതെ വിശ്വസിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നേരിൽക്കണ്ട് ശാസ്ത്രീയമായി തെളിഞ്ഞാൽ മാത്രമേ യുക്തിയുള്ളവർ വിശ്വസിക്കുള്ളൂ. അതിനു അവിശ്വാസിയായ തോമസ് ചെയ്തതുപോലെ കർത്താവിന്റെ തിരുമുറിവുകളെ തൊട്ടു വിശ്വസിക്കുക തന്നെ വേണം.' കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെന്ന' മറ്റൊരു ആപ്ത വാക്യവും പുരോഹിതന്റെ സൗകാര്യത്തിനായി പുതിയ നിയമത്തിൽ ചേർത്തിട്ടുമുണ്ട്. ഇത്തരം തത്ത്വങ്ങളൊന്നും ചിന്തിക്കുന്ന പുത്തനായ തലമുറകളിൽ ചെലവാകില്ല.

'സീറോ മലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പോടെയാണ് ലേഖനം തുടങ്ങുന്നത്. പിശാചാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്നും ലേഖകൻ വിശ്വസിക്കുന്നു. ഏദൻ തോട്ടവും ആദവും അവ്വായും പഴം തിന്നാൻ പ്രേരിപ്പിച്ച പിശാചും വെറും സങ്കൽപ്പമെന്നു മാർപ്പാപ്പാവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകാശം മുട്ടിയുള്ള പള്ളികളെയും ആഡംബരമേറിയ മെത്രാന്റെ വേഷങ്ങളെയും സഞ്ചരിക്കുന്ന വിലകൂടിയ വാഹനങ്ങളെയും മാർപ്പാപ്പാ വിമർശിച്ച വിവരവും ലേഖകൻ പരിഗണിക്കുമെന്നു വിശ്വസിക്കുന്നു. കർദ്ദിനാൾമാരുടെ രാജകീയ ജീവിതത്തെയും മാർപ്പാപ്പാപ്പാ വിമർശിച്ചു കഴിഞ്ഞു. എല്ലാവിധ ആഡംബരങ്ങളെയും അദ്ദേഹം വെറുക്കുന്നു. ഇങ്ങനെയെല്ലാം വിമർശിക്കുന്ന മാർപ്പാപ്പായെ ഏതു പിശാചാണ് ബാധിച്ചതെന്നും അറിഞ്ഞുകൂടാ. മനസും ശരീരവുമൊക്കെയുണ്ടെങ്കിലേ ഒരാൾക്ക് മറ്റൊരാളെ പ്രേരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം പിശാചിനുമുണ്ടെന്നു യുക്തിരഹിതമായി ചിന്തിക്കുന്ന ലേഖകന്റെ ബുദ്ധിവൈഭവത്തെ ചോദ്യം ചെയ്യുന്നില്ല.

ബൈബിൾ വചനങ്ങൾ ലേഖനത്തിലുടനീളം കാണാം. "അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത്" (മത്തായി 4:3-8). പിശാച് യേശുവിനെ പരീക്ഷിച്ചതുപോലെ സീറോ മലബാർ സഭയെ പ്രശസ്തിയ്ക്കുവേണ്ടി ചിലർ ചെളിവാരിയെറിയുന്നു"വെന്നാണ്  ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ദബുദ്ധി നിറഞ്ഞ ഇത്തരം തുറുപ്പുചീട്ട് കാണിച്ചു ബുദ്ധിയും വിവേകവുമുള്ളവരെ നേരെയാക്കാമെന്നും ലേഖകൻ കരുതുന്നുണ്ടാവാം. കുഞ്ഞായിരിക്കുമ്പോൾ  ദൈവവും പിശാചും  കുഞ്ഞുമനസുകളിൽ ചലനം സൃഷ്ടിക്കുമായിരുന്നു.. ഇത്തരം വചനങ്ങൾ പൊള്ളയായി വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇനി ബിഷപ്പ് സ്രാമ്പിക്കലും കൂട്ടരും ബ്രിട്ടനിലെ കുഞ്ഞാടുകളുടെയിടയിൽ പ്രവർത്തിക്കാൻ പോവുന്നത്. പിശാചിന്റെ ദൈവത്തിനെതിരായ യുദ്ധങ്ങൾ സ്വർഗ്ഗം വരെയുണ്ടായിരുന്നു. ഗബ്രിയേലിന്റെ നേതൃത്വത്തിലുള്ള മാലാഖമാർ ലൂസിഫറിനെയും മറ്റു പിശാചുക്കളെയും സ്വർഗ്ഗത്തിൽ നിന്നും അടിച്ചു പുറത്താക്കി. സീറോ മലബാർ സഭ വേരൂന്നിയതോടെ ബ്രിട്ടനിലെ വളർന്നുവരുന്ന കുട്ടികളും ഇത്തരം പൊട്ടക്കഥകൾ ഇനി വിശ്വസിക്കണം. അനേകായിരം സ്പോടനങ്ങളിലെ വെറുമൊരു പരമാണു ഗോളമാണ് ഭൂമിയെന്നുള്ള വസ്തുത പുരോഹിതരുടെയോ കുഞ്ഞാടുകളുടെയോ യുക്തിബോധത്തിലേയ്ക്ക് തറച്ചുകയറില്ല. മാർപാപ്പാവരെയും വിസ്പോടനങ്ങളെ വിലയിരുത്തി അടുത്ത നാളിൽ സംസാരിച്ചിരുന്നു. സ്പോടനങ്ങളെല്ലാം സംഭവിച്ചത് ദൈവത്തിന്റെ ശക്തിവിശേഷമാണെങ്കിൽത്തന്നെയും അവിടെ  പുരോഹിതർ ഭാവന കാണുന്ന പിശാചിന്റെ ജോലി വ്യക്തമല്ല.

നൂറു കണക്കിന് ഡോളർ സിനിമാ താരങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളിൽ ചെലവാക്കുന്നവർ ആത്മീയ കാര്യങ്ങൾക്കായി ഇരുപത്തിയഞ്ചു ഡോളർ ചോദിച്ചതിന് ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നത് പിശാചിന്റെ പരീക്ഷണമാണെന്നാണ് ഈ പണ്ഡിതന്റെ അഭിപ്രായം. സീറോ മലബാർ സഭയുടെ വക്താവായ ഇദ്ദേഹം സഭയുടെ കഴിഞ്ഞകാല കഥകളൊക്കെ അവഗണിക്കുന്നുമുണ്ട്. ഒരു കല്യാണക്കുറി മേടിക്കാൻ ചെന്നാൽ ആയിരക്കണക്കിന് ഡോളർ കുടിശിഖയുണ്ടെന്നു പറഞ്ഞു ബില്ലുകളുമായി ചെല്ലും. അത്തരം കളികൾ ഇനിമേൽ നടക്കില്ലെന്ന് ഷിക്കാഗോ രൂപതാ മെത്രാൻ അങ്ങാടിയത്തിനു മനസിലായി. ഭീമമായ തുക നവദമ്പതികളിൽ നിന്നും വസൂലാക്കാൻ ശ്രമിച്ച ഷിക്കാഗോരൂപതയുടെ മെത്രാൻ ഒരു വക്കീൽ നോട്ടീസ് കിട്ടിയപാടെ വരന്റെ വീട്ടിൽ കുറിയെത്തിക്കുകയും ചെയ്തു. അതിനേക്കാളും വലിയ പിശാചുക്കളുടെ നാടാണ് ബ്രിട്ടനെന്ന വസ്തുത പുതിയ രൂപതയും മെത്രാനും ശിങ്കിടികളും മനസിലാക്കുന്നതും നന്നായിരിക്കും. എങ്കിൽ അത്തരം  പിശാചുക്കളുടെ പരീക്ഷണങ്ങൾ ഒഴിവാക്കാം. ഒരുവൻ അദ്ധ്വാനിച്ച പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ധ്വാനിക്കുന്നവനു കൊടുക്കുകയല്ലേ നല്ലത്. അവിടെയുള്ള കുടുംബങ്ങൾ പണം മുടക്കി കലാപരിപാടികൾക്ക് പോവുന്നുവെങ്കിൽ ലേഖകനോ സഭയ്‌ക്കോ എന്താണ് നഷ്ടപ്പെടാൻ പോകുന്നത്. ഒരു കുടുംബവുമായുള്ള സ്വരുമ കലാമേളകളിൽ ലഭിക്കുന്നപോലെ ദേവാലയങ്ങളിൽ നിന്നും ലഭിക്കില്ല. പകരം അത്മീയ കച്ചവടക്കാർ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും പ്രാർഥനകളും ഉപവാസങ്ങളും വഴി കുഞ്ഞാടുകളെ കരുവാക്കി ഭ്രാന്തന്മാരുടെ ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വട്ടുപിടിച്ച ധ്യാനഗുരുക്കന്മാർ സീറോ മലബാർ പള്ളികളുടെ ഒത്താശയോടെ അമേരിക്കയിലും യൂറോപ്പിലും കറങ്ങി നടക്കുന്നുണ്ട്. എല്ലാവരുടെയും ഒരേ ലക്ഷ്യം, മാലാഖാമാരായ കുഞ്ഞാടുകളുടെ പോക്കറ്റിൽ നിന്നും പണം തട്ടിയെടുക്കൽ മാത്രം. അത് ചോദ്യം ചെയ്യുന്നവർ പിശാചുക്കളും. പുതിയതായി പള്ളിയിൽ ചാർജെടുക്കുന്ന വികാരിയുടെ ഫ്രിഡ്ജ് നിറക്കാൻ ബ്രിട്ടനിലെ വീട്ടമ്മമാരും ഇനി മത്സരം തുടങ്ങും.

സോഷ്യൽ മീഡിയാകൾ കാരണം പുരോഹിതരാകാനും കന്യാസ്ത്രികളാകാനും യുവതികളും യുവാക്കളും മടിക്കുന്നുവെന്നു കർദ്ദിനാൾ ആലഞ്ചേരിപറയുകയുണ്ടായി. ഇപ്പോൾ പ്രവാചക ശബ്ദത്തിലെ ലേഖകനും അതുതന്നെ പറയുന്നു. സഭയുടെ കൊള്ളരുതായ്മകൾ പച്ചയായി വിളിച്ചുപറയുന്ന സോഷ്യൽ മീഡിയാകളെ പ്രതിക്കൂട്ടിൽ കയറ്റാൻ ലേഖകൻ ശ്രമിക്കുകയാണ്. എന്നിട്ടും പുരോഹിതരുടെയിടയിലുള്ള കൊള്ളയ്ക്കും കള്ളത്തരത്തിനും കുറവില്ലതാനും. ഇവർ കാണിക്കുന്ന അനീതികൾ കണ്ടാലും കേട്ടാലും നിശബ്ദരായിരുന്നുകൊള്ളണം. ബ്ലോഗുകളും വീഡിയോകളും പിശാചിന്റെ പ്രവർത്തനങ്ങളെന്നാണ് പുരോഹിതർ അല്മെനികളെ പഠിപ്പിക്കുന്നത്. എങ്കിലേ അല്മെനിയുടെ അജ്ഞതയിൽനിന്നും മുതലെടുക്കാൻ അവർക്കു കഴിയുകയുള്ളൂ.

ശാസ്ത്രീയ നേട്ടങ്ങളെ എന്നും പഴിചാരുന്ന ഒരു പ്രവണതയാണ് സഭയ്ക്കുള്ളത്. ചരിത്രത്തിലാദ്യമായി ഒരു മാർപ്പാപ്പാ ശാസ്ത്രത്തോടു കൂടുതൽ യോജിക്കാൻ തുടങ്ങി. എങ്കിലും സീറോ മലബാറിലെ മെത്രാന്മാരും പുരോഹിതരും നൂറ്റാണ്ടുകൾ പിന്നെയും പുറകോട്ടു പോകാനാണഗ്രഹിക്കുന്നത്. അല്മെനികളുമായി നേരിട്ടു പ്രശ്നങ്ങളെ ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ മീഡിയാ. പക്ഷെ സോഷ്യൽ മീഡിയായെ പിശാചായി കാണുന്ന ഇവരുടെ അജ്ഞതയെ പുച്ഛിച്ചു തള്ളുകയേ പറ്റുകയുള്ളൂ. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും കമ്പ്യൂട്ടർ എന്തെന്നോ ഒരു ഇമെയിലിന്റെ പ്രസക്തിയോ അറിയില്ല. ഇവർക്കെതിരായി സംസാരിക്കുന്ന മാധ്യമങ്ങളെയും പിശാചുക്കളായി കാണുന്നു. ഇത്തരം ബൗദ്ധികചിന്താഗതികളിൽ പുറകോട്ടു ചിന്തിക്കുന്ന യാഥാസ്ഥിതികരായവരാണ് കുഞ്ഞാടുകളുടെ അദ്ധ്യാത്മിക പരിപാലനത്തിനായി  ബ്രിട്ടനിലെത്തിയിരിക്കുന്നത്. അവിടെ വളരുന്ന കുഞ്ഞുങ്ങളിൽ കലർത്താൻ പോവുന്ന ആത്മീയ വിഷത്തെപ്പറ്റി തികച്ചും അജ്ഞരായി   ജീവിക്കുന്നവർക്ക് മനസിലാവുകയുമില്ല.അവർക്കു പള്ളിയും പട്ടക്കാരും മാത്രം മതി.

സഭയെ വിമർശിക്കുന്നത് പിശാചിന്റെ പ്രവർത്തിയെന്നുള്ള ലേഖകന്റെ വാദം തികച്ചും ബാലിശമാണ്. അടുത്തകാലത്തായി പിശാചിന്റെ പ്രവർത്തനം മൂലം ബലഹീനർ കൂടുതൽ ശക്തിയേറുന്നതും ശ്രദ്ധേയമാകുന്നു. സമീപകാലങ്ങളിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ ബലഹീനരുടെ ശക്തിവിശേഷം മനസിലാക്കാൻ സാധിക്കും. ഈ പിശാചുക്കൾ സഭയുടെ പല കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരാൻ തുടങ്ങി. ഇറ്റലിയിൽ നിന്നും നടുപാതിരായ്ക്ക് മഠത്തിൽ നിന്നും ഇറക്കിവിട്ട അനീറ്റയെന്ന യുവകന്യാസ്ത്രിക്ക് അവരുടെ കന്യകാത്വത്തിനു വിലയായി പത്തു ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. അവരെ ലൈംഗിക കാര്യങ്ങൾക്കായി ഒരു പുരോഹിതൻ പ്രേരിപ്പിച്ചപ്പോൾ അതിനു വഴങ്ങാത്ത പ്രതികാരമായിരുന്നു യുവതിയായ ആ കന്യാസ്ത്രീയെ മഠത്തിൽ നിന്നും പുറത്താക്കാൻ കാരണമായത്. അതിനുത്തരവാദിയായ പുരോഹിതൻ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു. പാലായിലെ ചേർപ്പുങ്കൽ കന്യാസ്ത്രിയെ പീഡിപ്പിച്ച കഥ കേരളത്തിലെ മുഖ്യ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയാകളിലെയും വാർത്തയായിരുന്നു. നാളിതുവരെയുള്ള സഭാ  ചരിത്രത്തെ മറികടന്ന് അവർക്കും അഞ്ചുലക്ഷം രൂപാ കൊടുക്കേണ്ടി വന്നു. സോഷ്യൽ മീഡിയാകൾ രൂക്ഷമായ വിമർശനങ്ങൾ അന്നൊക്കെ തൊടുത്തു വിട്ടില്ലായിരുന്നെങ്കിൽ വെറും കയ്യോടെ ഈ കന്യാസ്ത്രിക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കുമായിരുന്നു.

"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15). ഈ വചനപ്രകാരം പുതിയതായി ഒരു പുതിയ ദേശത്തുവരുന്ന സ്രാമ്പിക്കൽ മെത്രാനെ സ്വീകരിക്കണമെന്ന സാരോപദേശവുമുണ്ട്. അദ്ദേഹം സാക്ഷാൽ തോമ്മാശ്ലീഹായുടെ പിൻഗാമിയെന്ന അവകാശവാദവും ലേഖനത്തിൽ നിന്നും മനസിലാക്കാം.

മത്തായിയുടെ വചനംകൊണ്ടു വിശ്വാസികളെ പേടിപ്പിക്കുകയാണ്. കൂന്തൻ തൊപ്പിയും അംശവടി പിടിച്ചും വിലയേറിയ കുപ്പായവുമിട്ടും ആഡംബര കാറുകളിൽ സഞ്ചരിച്ചും നടക്കുന്ന ഈ അഭിഷിക്തരെ ക്രിസ്തു വിളിച്ചിരുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെന്നായിരുന്നു. മുത്തുക്കുട പിടിക്കാനോ, വെഞ്ചാമരംകൊണ്ട് വീശാനൊ, യേശുവിനാരുമുണ്ടായിരുന്നില്ല. ആർഭാടമേറിയ കൊട്ടാരമോ എഴുന്നള്ളിക്കാൻ കുഞ്ഞാടുകളോ സേവകരോ യേശുവിനില്ലായിരുന്നു. തൊഴുത്തിൽ പിറന്നു ജീവിച്ച ആശാരി ചെറുക്കൻ എന്നും ദരിദ്രനും ദരിദ്രരോടപ്പവുമായിരുന്നു.അവന്റെ ശിക്ഷ്യന്മാരെ ആരും പിതാവെന്ന് വിളിച്ചില്ല. മത്തായിയുടെ സുവിശേഷ വചനത്തിലെപ്പോലെ ആരെയും പിതാവെന്ന് വിളിക്കരുതെന്ന് അവൻ പഠിപ്പിച്ചിരുന്നു.

ഒരു മെത്രാനെന്നയാൾ ശ്ലീഹന്മാരുടെ പിൻഗാമികളാണുപോലും. "എൻറെ നാമം പ്രസംഗിക്കുമ്പോൾ നിങ്ങളോടു വസ്ത്രം ചോദിക്കുന്നവർക്ക് പുറംകുപ്പായവും ഊരിക്കൊടുക്കാനാണ് യേശു പറഞ്ഞത്. അവിടുത്തെ ശിഷ്യരുടെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കോതമംഗലം രൂപതയുടെ മെത്രാൻ തൊടുപുഴയിലെ കൈവെട്ടുകേസിൽ ഇരയായ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ തല പാത്രത്തിലിട്ട് പൂജിക്കുന്നുണ്ടാകാം. കാഞ്ഞിരപ്പള്ളി ശ്ലീഹാ തട്ടിപ്പു വീരപരാക്രമങ്ങൾ ഉപേക്ഷിച്ച് മോനിക്കായുടെ കണ്ണുനീർ എന്നാണോ ഒപ്പുന്നതെന്നും അറിഞ്ഞുകൂടാ. തൃശൂരുള്ള ഒരു മെത്രാൻ പള്ളിപിടിച്ചെടുക്കലും പ്രതിക്ഷേധിക്കുന്നവരെ ഗുണ്ടകളെക്കൊണ്ടു തല്ലിച്ചും സ്ലൈഹിക ദൗത്യം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഇടുക്കിയിലെ മെത്രാൻ, ജ്വാലിയൻവാലാ മെത്രാൻ, മകളെ ദത്തെടുത്ത കൊച്ചിയിലെ പുറത്താക്കപ്പെട്ട തട്ടിൽ മെത്രാൻ, കൊലക്കേസിൽ പ്രതിയായ കോയമ്പത്തൂർ മെത്രാൻ അങ്ങനെ ശ്ലീഹന്മാരുടെ കൈവെപ്പു കർമ്മം കിട്ടിയ മെത്രാന്മാരുടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ഇടുക്കി മെത്രാന് മലയാളത്തിൽ പച്ചത്തെറി വിളിക്കാനുമറിയാം. മറ്റൊരു തൃശൂരുള്ള ശ്ലീഹായ്ക്ക് പ്രേമിക്കാനും സഭാവസ്ത്രമൂരിയ ജസ്മിക്ക് പ്രേമലേഖനങ്ങൾ അയക്കാനുമറിയാമായിരുന്നു.

മെത്രാൻ അധിവസിക്കുന്ന  'രൂപത'യെന്നാൽ എന്തെന്ന് ലേഖകൻ നിർവചിച്ചിട്ടുണ്ട്. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക്‌ വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25)." ഇതിനിടയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഇടയ്ക്കു കയറി വീണതു ലേഖകൻ വിസ്മരിക്കുന്നു. ചക്രവർത്തിയുടെ കാലം മുതൽ മെത്രാനെ രാജകിരീടങ്ങളും അണിയിച്ചു. സ്വർഗ്ഗത്തിനിടയിൽ ശുദ്ധീകരണ സ്ഥലമെന്ന മറ്റൊരു ലോകവുമുണ്ടാക്കി. അത് വിറ്റു മണിഗോപുരങ്ങളും സൗധങ്ങളും വത്തിക്കാൻ കൊട്ടാരവുംവരെ പടുത്തുയർത്തി. അനേകായിരം വിധവകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടു ഇവർ യേശുവിനെ വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ദളിതൻ മരിച്ചാൽ അവന്റെ കുടീരം സെമിത്തേരിക്കു പുറത്ത്. ലക്ഷങ്ങളും കോടികളും വരെ ശവക്കല്ലറയ്ക്ക് വിലപറയുന്നു. ദരിദ്രന്റെ ശവത്തെ പള്ളിപ്പറമ്പിലെ കുഴിമാടങ്ങളിലടക്കാതെ കഴുകനെപ്പോലെ ശവത്തെയും കുത്തും.

ഒരമ്മയുടെ ശവം പള്ളിപ്പറമ്പിൽ അടക്കാൻ വിസമ്മതിച്ച പുരോഹിതനെ വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സംസ്ക്കാര കർമ്മങ്ങൾ നടത്തി അമ്മയുടെ ശവം ദഹിപ്പിച്ചതും സീറോ മലബാർ പുരോഹിതർ നട്ടു വളർത്തിയ ഒരു സംസ്ക്കാരത്തിന്റെ പ്രതിഫലനമായിരുന്നു.  സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കാവൽക്കാരായ മെത്രാൻ പ്രഭുക്കളുടെ അധികാരം ആ ചെറുപ്പക്കാരന്റെ മുമ്പിൽ അന്ന് തീയായി ചാമ്പലായി തീർന്നു, ഷിജു. ഉഴുവ സെന്റ്‌ അന്നാസ്‌ കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്നു. അന്തരിച്ച എം. പി. ലീലാമ്മ ടീച്ചറുടെ മകന്‍. അമ്മയുടെ മൃതദേഹം വെച്ച് വിലപേശാന്‍ വന്ന വികാരിയുടെ മുന്നില്‍  പൊരുതിക്കൊണ്ടു പുരോഹിത വെല്ലുവിളിക്കുത്തരം കൊടുത്തു.   . ഈ കഥയൊക്കെ ലേഖകൻ മനസിലാക്കുന്നതും നന്നായിരിക്കും. അതിനുശേഷം ബ്രിട്ടനിൽ വളരുന്ന കുട്ടികളെ സംസ്ക്കാര സാമ്പന്നരുമാക്കാം.

"മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണെന്നാണ്" സഭയുടെ പ്രമാണം. ഇവിടെ വിശ്വാസമെന്നുപറഞ്ഞാൽ അല്മായനുമാത്രം. പുരോഹിതനു  ബാധകമല്ല. ഇങ്ങനെ ലേഖകന്റെ കുഞ്ഞാടുകളോടുള്ള ഉപദേശവും കേൾക്കാൻ സുഖം തന്നെ. ബ്രിട്ടനിൽ കുഞ്ഞാടുകൾക്കു ലഭിച്ച സൗഭാഗ്യത്തിനുള്ള കാരണം ദൈവത്തിന്റെ അനുഗ്രഹമെന്നു അവിടെയുള്ള പുരോഹിതർ കുഞ്ഞാടുകളെ ധരിപ്പിക്കാൻ തുടങ്ങി. ദൈവത്തിന്റെ വീതം പത്തു ശതമാനം തരൂവെന്നു അവകാശപ്പെട്ടുള്ള ഇടയലേഖനവും തയ്യാറായിക്കാണും. ശൈശവ ദിശയിൽ മാത്രം പ്രവർത്തിക്കുന്ന ബ്രിട്ടനിൽ മെത്രാസന മന്ദിരം പണിയണം. അതിനിനി പിരിവെടുക്കണം. സായിപ്പിനെ മറികടന്ന്  ഉയരത്തിലുള്ള  കത്തീഡ്രലുകൾ  പണിയണം. ഇത്തരം മെത്രാന്റെ ഭാവികാര്യങ്ങളൊന്നും ലേഖനത്തിൽ വിശദീകരിച്ചിട്ടില്ല.

അമേരിക്കൻ പള്ളികളിൽ പൊയ്ക്കൊണ്ടിരുന്ന ആദ്യകാല മലയാളികളുടെ കുടുംബ ബന്ധങ്ങൾ തകർന്നുവെന്നും അവരുടെ മക്കളുടെ വിവാഹ ജീവിതം ദുരിതപൂർണ്ണമായതുകൊണ്ട് പല മാതാപിതാക്കളും കണ്ണുനീരു കുടിക്കുന്നുവെന്നുമാണ് മറ്റൊരു കണ്ടുപിടുത്തം. അമേരിക്കയിലും സീറോ മലബാർ പള്ളികളിൽ തകൃതിയായിത്തന്നെ കുരിശുയുദ്ധങ്ങളുണ്ട്. ഇറാക്കിലെ കൊലപാതികളെ തൂക്കിയിരുന്ന മാനിക്കേയിൻ കുരിശ്, കുരിശിൽ താമരയെന്നൊക്കെ പേരിലാണ് ഇവിടെ തല്ലുപിടുത്തമുള്ളത്. കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കാൻ കേരളത്തിൽനിന്നും വിദഗ്ദ്ധരായ അനേക പുരോഹിതരെയും ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കൻ പള്ളികളിൽ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കുഞ്ഞാടുകളെ സേവിക്കാൻ നാട്ടിൽനിന്നും ഒരു കൂട്ടം പുരോഹിതരെ ഈ നാട്ടിലെത്തിച്ചത്. അവരിൽ പലരും ഇന്നാട്ടിൽനിന്നു സ്ത്രീകളെ കണ്ടുമുട്ടി വിവാഹിതരുമായി. ചിലർ  അമേരിക്കൻ മണ്ണിൽതന്നെ സ്ഥിരതാമസമാക്കി. ഒരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ വികാരി നാട്ടിൽ ആ സ്ത്രീയുമായി ജീവിക്കുന്നു. സമാധാനമായി  ജീവിച്ചിരുന്ന പല കുടുംബങ്ങളെയും കൂട്ടിയടുപ്പിച്ചു അസമാധാനം സൃഷ്ടിക്കാൻ നാടൻ പുരോഹിതർ വിരുതരാണ്.  ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി ഇടവക ഭരിക്കുകയെന്നതാണ് നയവും. കുർബാനപ്പണം അമ്പതും നൂറും ഡോളർ ഓരോരുത്തരിൽനിന്നും കൈപ്പറ്റും. നാട്ടിലുള്ള പാവപ്പെട്ട പുരോഹിതർക്ക് ചെറിയൊരു തുക കൊടുത്ത് ബാക്കിയുള്ള പണം ഇവർ പോക്കറ്റിലുമിടും. ഒരു വികാരിയ്‌ക്കെതിരെ മറ്റൊരു വികാരി പാരവെക്കാനും മിടുക്കനാണ്. ഇങ്ങനെ പോകുന്നു അമേരിക്കയിലെ വാഴ്ത്തപ്പെട്ട ക്രിസ്തു ശിക്ഷ്യരായവരുടെ കഥകൾ.

സീറോ മലബാർ പള്ളികളുടെ അഭാവത്തിൽ അമേരിക്കൻ മലയാളി പിള്ളേർ വഴിപിഴച്ചു പോവുമെന്ന ലേഖകന്റെ വാദം വിചിത്രം തന്നെ. കുട്ടികൾ വളർന്നു കഴിയുമ്പോൾ അവർ സീറോ മലബാർ പള്ളികളിൽ പോകില്ലന്നുള്ളതാണ് മറ്റൊരു സത്യം. നാട്ടിൽനിന്നും വന്ന ഇംഗ്ലീഷറിയാൻ പാടില്ലാത്ത പുരോഹിതരുടെ ഭാഷ കുട്ടികൾക്ക് പ്രശ്നമാണ്. മാർത്തോമ്മായുടെ പൊട്ടക്കഥയൊന്നും ബ്രിട്ടനിലും അമേരിക്കയിലും വളരുന്ന പിള്ളേർക്കറിയാൻ താൽപ്പര്യവും കാണില്ല. സീറോ മലബാർ പള്ളികളിൽ സ്ഥിരം പൊയ്ക്കോണ്ടിരുന്ന  മാതാപിതാക്കളുടെ മക്കൾ പലരും മയക്കു മരുന്നിന്റെ അടിമകളുമായി. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവർ ചുരുക്കവും. സീറോ മലബാർ രൂപതയും പള്ളികളും തീയേറ്ററുകളാകാനും അധിക കാലം വേണ്ടിവരില്ല. ഒരു തലമുറയുടെ പ്രയത്നം പാഴായി പോയ ചരിത്രവും  വരുംകാലതലമുറകൾക്ക്  രചിക്കുകയും ചെയ്യാം.








http://www.kalavedionline.com/index.php?cat=Special&news=2983
പ്രവാചക ശബ്ദം : http://pravachakasabdam.com/index.php/site/news/2696

Sunday, September 25, 2016

ഫാ.ഐവാൻസ്‌: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻ



ജോസഫ് പടന്നമാക്കൽ

ഫാദർ ജോസഫ് ഐവാൻസ്‌  ഓ.സി.ഡി, 9-18-2016-ൽ ഇന്ത്യാനയിലുള്ള ആൽബെർറ്റിൻ ഭവനത്തിൽവെച്ച് മരണമടഞ്ഞ വാർത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാർദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തിൽക്കൂടിയാണ് തുടക്കമിട്ടത്. 1961-ൽ  കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്സ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന്  പ്രസിദ്ധരായ സുകുമാർ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരൻ, ജോസഫ് പുലിക്കുന്നേൽ, പ്രൊഫ. ഷെപ്പേർഡ്  എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു.   കരിപ്പാപ്പറമ്പിൽ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിൻസിപ്പാളായി ചുമതലകൾ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചൻ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയിൽ എന്റെ പഠനം തുടങ്ങാൻ കാരണമായതും അന്ന് പ്രിൻസിപ്പളായിരുന്ന തിയോഡോഷ്യസച്ചൻ തന്നെയായിരുന്നു.


ഫാദർ ജോസഫ് ഐവാൻസ്‌,  മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബി.എ, യും എം.എ, യും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജിൽ ലെക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകൾ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂർത്തിയാക്കാനും സാധിച്ചു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും  എഡിറ്റർ കൂടിയായിരുന്നു.


ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976-ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയിൽ വിവിധ പള്ളികളിൽ  പാസ്റ്ററും അദ്ധ്യാപകനുമായി പ്രവർത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആൽബെർറ്റിൻ (Albertine Sisters in Hammond)കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുർബാന ചൊല്ലിയും കുമ്പസാരങ്ങൾ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയിൽ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതൻ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.


അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേർപാട് അത്യന്തം  വേദനാ ജനകമായിരുന്നു. ആ ദുഃഖ വാർത്ത അറിഞ്ഞതുമുതൽ ഞാനെന്റെ പൂർവ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വർത്തമാനം പറയുന്ന ഐവാൻസച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങൾ തൊടുത്തുവിട്ടാൽ നാട്ടിലെ കൊച്ചുഗ്രാമം മുതൽ അന്തമില്ലാത്ത മഹാസമുദ്രങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകൾവരെയും   വിഞ്ജാനകോശങ്ങൾ നിരത്തി വെക്കുമായിരുന്നു. അന്തർദേശീയ സംഭവ വികാസങ്ങൾ, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങൾ, മതതത്ത്വ സംഹിതകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഐവാൻസച്ചൻ പറയുമ്പോൾ കേട്ടുനിൽക്കുന്നവർ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.


ഞാൻ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് പുസ്തകമായ 'റ്റേൽ ഓഫ് ബൗണ്ടി' (Tale of Bounty) യെന്ന ക്ലാസ്സിക്കൽ ചരിത്ര നോവൽ പഠിപ്പിച്ചിരുന്നത് ഐവാൻസച്ചനായിരുന്നു. അദ്ദേഹത്തിൻറെ സ്പീഡിലുള്ള വായനയും വർത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാർത്ഥികളുടെയിടയിൽ അറിയപ്പെട്ടിരുന്നത്. കോളേജിൽ അദ്ധ്യാപകരും വിദ്യാർഥികളും തമ്മിൽ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഐവാൻസച്ചൻ അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികൾ സംസാരിക്കാൻ ചുറ്റും കൂടും. പൊതുവഴികളിൽക്കൂടി  പതിയെ നടക്കാൻ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാൽ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിർത്തി വർത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവിൽ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികൾക്കും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീർഘമായ ജീവിതത്തിൽ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാൻസച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകൾ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളിൽ ഞങ്ങൾ തമ്മിൽ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാർദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.


എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തിൽ എനിക്കന്നു മനസിലായ വിഷയം അച്ചൻ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രിൽ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തിൽ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിൻഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാൻ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂർണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളിൽ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയിൽ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റൻ ഫ്ലെക്‌ച്ചർ ക്രിസ്ത്യൻ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പൽ യാത്ര പൂർത്തിയാക്കിയിരുന്നു.   ടാഹിട്ടിയിൽ അഞ്ചുമാസം താമസിച്ച നാളുകളിൽ അവിടെയുള്ള പോളിനേഷ്യൻ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവർ ലൈംഗിക ബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. നാവികരുടെയിടയിൽ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാൽ അവരെ വിസ്തരിക്കുമെന്ന ഭയത്താൽ ക്രിസ്ത്യനും പാർട്ടിയും ആ ദ്വീപിൽ ഒളിച്ചു താമസിച്ചു. 1790-ൽ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടിൽ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരിൽ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയിൽ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താൻ സാധിച്ചില്ല. ലഹളക്കാരിൽ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാർട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന  'ജോൺ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളിൽപ്പെട്ടവർ ഇന്നും ആ ദ്വീപിൽ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്‌ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകൾ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാർ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.


അക്കാലത്ത് ഹൈസ്‌കൂൾ പതിനൊന്നു വർഷവും പ്രീയൂണിവേഴ്‌സിറ്റി ഒരു വർഷവുമായ സ്‌കൂൾ-കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്.  . ശാസ്ത്ര വിഷയങ്ങൾ ഹൈസ്‌കൂളിൽ മലയാളത്തിൽ പഠിച്ചതുകൊണ്ടു  അദ്ധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയൻസ് മുഴുവൻ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സർക്കാർ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌സിറ്റിയെന്നു വേളൂർ കൃഷ്ണൻ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓർക്കുന്നു. കാരണം കൃഷ്ണൻ കുട്ടി പ്രീയൂണിവേഴ്സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാർത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ  കോളേജ് അന്ന് ഡീറ്റൻഷനും നൽകുമായിരുന്നു. ക്ലാസ്സിൽ കയറാതെ ഹാജർ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാർക്കുകൾ കുറവായതിനാലും എന്നെയും അക്കൊല്ലം  പബ്ലിക്ക് പരീക്ഷക്കിരുത്താൻ കോളേജനുവദിച്ചില്ല. നിരാശനായ ഞാൻ അക്കാലങ്ങളിൽ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കൽ എന്റെ ഹോസ്റ്റൽ പരിസരത്തുള്ള കോളേജ് ക്യാമ്പസിൽവെച്ച് ഐവാൻസച്ചനെ കണ്ടുമുട്ടിയതും ഓർക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓർക്കുന്നു.  'എന്റെ പഠനത്തിലുള്ള ബലഹീനതകൾ മനസ്സിലാക്കിയിരുന്നെങ്കിൽ പ്രയാസമുള്ള സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകി ഡീറ്റെൻഷൻ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചൻ പറഞ്ഞതോർക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകൾ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങൾ പിന്നീടുള്ള എന്റെ പഠന ജീവിതത്തിൽ കൂടുതൽ ആത്മധൈര്യം നല്കുകയും ചെയ്തു.


വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂർത്തിയാക്കി ഞാൻ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ട് വീട്ടിൽനിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയൽക്കാരും ചോദിക്കുമായിരുന്നു. ചിലർ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാൻസച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓർക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയിൽ ഒരു വർഷംകൂടി പ്രീ യൂണിവേഴ്സിറ്റി ആവർത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റവനായി അവിടെ പഠിക്കാൻ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജിൽ ചേർന്ന് ഞാൻ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി പ്രൈവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജിൽ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജിൽ കോളേജദ്ധ്യാപകർക്കായുള്ള ഒരു കോഴ്സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇൻസ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ്' സ്‌കൂളിൽ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ  ലോഡ്ജിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഐവാൻസച്ചൻ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.ഏ. ഹോണേഴ്‌സ് ഡിഗ്രിയുള്ളവർ കേരളാ യൂണിയവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പ്രൊഫസറായി പ്രൊമോഷൻ വേണമെങ്കിൽ ഈ ഡിപ്ലോമയും പൂർത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയിൽ എഡിറ്റോറിയൽ ജോലിയും ചെയ്തുകൊണ്ട് ഐവാൻസച്ചൻ ദീപികയുടെ കെട്ടിടത്തിൽ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളിൽ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസിൽ സന്ദർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാൻ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിൻറെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവർ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാൻസച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവർ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഏറ്റവും സമർഥനായ വിദ്യാർത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസർമാരെക്കാൾ അദ്ദേഹത്തിന് അറിവുണ്ടെന്നും അവർ പറയുമായിരുന്നു.


കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ, എൽത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജിൽ കൊമേഴ്‌സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാൻസച്ചൻ ദേവഗിരി കോളേജിലെ പ്രിൻസിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥൻ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോൾ ഞാൻ അഭിമാനിയായിരുന്നു. ഒരിക്കൽ എന്റെ അന്നത്തെ ബോസായിരുന്ന ഫാദർ റൂപ്പർട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാൻസച്ചൻ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വർഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചൻ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓർത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വർത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോർക്കുന്നു. ദേവഗിരിയിലേക്ക് വരുവാൻ  എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിൻറെ ക്ഷണം ഫലവത്താക്കാൻ എനിയ്ക്കൊരിക്കലും സാധിച്ചില്ല.


ഞാൻ വിവാഹിതനായ ശേഷം ഭാര്യാവീട്ടിൽ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സൽക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിൻറെ അപ്പനും അമ്മയുമെല്ലാം  ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടിൽ പോയപ്പോൾ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക്  ഐവാൻസച്ചന്റെ പുത്തൻ കുർബാനയുടെ ഒരു പടം ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാൻസച്ചന്റെ അമ്മവീട്ടിൽ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.


1976ൽ  നാട്ടിൽനിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയർ പോർട്ടിൽ ഞാൻ നിൽക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദർ റൂപ്പർട്ടിനെയും ഫാദർ ഐവാൻസിനെയും തേവര പ്രിൻസിപ്പാളായിരുന്ന ഫാദർ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാർ തമ്മിൽ കണ്ടുമുട്ടിയതിൽ ഐവാൻസച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൽനിന്നാണ് ഞാൻ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ഒരു കുടുംബ ബന്ധവും അന്നുമുതൽ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിച്ചു. അദ്ദേഹമൊത്തു ന്യുയോർക്കിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതും ഓർക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളിൽ അദ്ദേഹത്തോടൊപ്പം പോയി.


ന്യൂയോർക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലിൽ ഒരു പള്ളിയിൽ അന്നു പാസ്റ്ററായിരുന്ന ഫാദർ വെമ്പാല നൽകിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാൻസച്ചൻ സ്വന്തമാക്കിയിരുന്നു. അച്ചന് ഡ്രൈവിങ്ങ് ലൈസൻസോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയിൽ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയിൽ പുതിയ ഡ്രൈവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറിൽ യാത്രയാകാനും  മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും  കടലിനുമിടയിലായ ഞാൻ ഒടുവിൽ കാർ ഷിക്കാഗോയിലേയ്ക്ക് ഡ്രൈവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചൻ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു.  അച്ചനും ഞാനുമൊത്തുള്ള  നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വർത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോർക്കിലെ 'ബിഗ് ആപ്പിൾ' മുതൽ ഓരോ സ്റേറ്റിന്റെയും ചരിത്രങ്ങൾ പോകുന്ന വഴി അച്ചൻ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനർനിർമ്മിച്ച കഥയൊക്കെ അന്ന്  ആദ്യം കേൾക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ വിക്ടർ എന്റെപേര്ക്ക് പ്ലെയിൻ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.


ആ യാത്രയ്ക്ക് ശേഷം അച്ചൻ വർഷത്തിൽ ഒന്നും രണ്ടു തവണകൾ എന്റെ വീട്ടിൽ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങൾ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കൻ ജീവിതകാലം മുഴുവൻ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവൻ ഡ്രൈവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിൻറെ വിനോദമായിരുന്നു. ഞാനും ഗേരിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ  സൽക്കാരങ്ങളിലും പങ്കു ചേർന്നിട്ടുണ്ട്.


ഐവാൻസച്ചനെ സ്നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി  കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളിൽ മണിനാദം മുഴങ്ങുമ്പോൾ താൻ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ  സ്നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകർക്ക് മാർഗ്ഗദീപമായിരുന്ന ഈ പുരോഹിതൻ ഒരു കൈത്തിരിപോലെ എന്നുമവർക്കായി പ്രകാശിച്ചുകൊണ്ടിരിക്കും.  ഓരോ വ്യക്തിയ്ക്കും അവരുടെ  ജീവിതത്തിൽ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ  ആ തത്വം ഐവാൻസച്ചനിൽ ഞാൻ കാണുന്നു. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകൾ പറയാൻ കാണും. സ്വന്തം ശിക്ഷ്യഗണങ്ങൾ ഒരു അദ്ധ്യാപകനെ സ്നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതിൽകൂടുതൽ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തിൽ ഐവാൻസച്ചൻ ഭാഗ്യവാനാണ്. സ്നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുള്ളൂ. പറയാൻ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.


കഠോപനിഷത്‌ മൂന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാൻ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്‌കൃഷ്‌ട മാതൃക പ്രദാനം ചെയ്യുന്ന  ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വിൽപ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാർത്ഥത്തിൽ ഐവാൻസച്ചൻ ഉപനിഷത്തിൽ സംസ്കൃത ശ്ലോകങ്ങളിൽ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും.

EMalayalee: http://emalayalee.com/varthaFull.php?newsId=129839

Malayalam Daily News: http://www.malayalamdailynews.com/?p=243135

Joychan Puthukkulam

Kalavedi: http://www.kalavedionline.com/index.php?news=2888&cat=Special

St.Joseph's Devagiri College

Wednesday, September 14, 2016

മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും




ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീ രജനീഷ് (ഓഷോ)  ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും
അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാദപരമായ അദ്ദേഹത്തിൻറെ പ്രസ്താവനകൾ അനേകരെ പ്രകോപനം കൊള്ളിപ്പിച്ചിരുന്നു. സ്വർഗ്ഗമോ നരകമോയെന്ന മതതത്ത്വങ്ങളെയും വ്യക്തിഗത ദൈവത്തെയും തിരസ്ക്കരിച്ചിരുന്ന ഒരു അജ്ഞയതാവാദിയുമായിരുന്നു. ഭൂമിയെ തന്നെ സ്വർഗ്ഗമാക്കി ആഡംബരത്തിൽ കഴിയുകയെന്ന തത്ത്വചിന്തകളായിരുന്നു അദ്ദേഹം അനുയായികൾക്ക് നൽകിയിരുന്നത്. ലൈംഗിക വിഷയങ്ങൾ തുറന്നടിച്ചിരുന്നതുകൊണ്ട് 'സെക്സ് ഗുരു'വെന്നും അറിയപ്പെട്ടിരുന്നു. അറുപതു ഭാഷകളിലായി ഇരുന്നൂറിൽപ്പരം പ്രസാധകർ അദ്ദേഹത്തിൻറെ ദർശനങ്ങളടങ്ങിയ കൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാന്മാരെയും മഹതികളെയും വിമർശിച്ചുകൊണ്ടുള്ള ഓഷോയുടെ പ്രസ്താവനകൾ പലപ്പോഴും അസ്വസ്തകളുണ്ടാക്കുന്നതായിരുന്നു. ഒരു വ്യക്തിയെ കണ്ണുമടച്ചു ആരാധിക്കുന്നവരുടെ ചിന്തകളെയുണർത്താൻ തന്റെ വിവാദപരമായ അഭിപ്രായങ്ങൾ സഹായിക്കുമെന്ന് ഓഷോ വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങൾ അദ്ദേഹമെന്നും ഇഷ്ടപ്പെട്ടിരുന്നു. ഓഷോയുടെ ഭാഷയിൽ ഗാന്ധിജി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. ഹിറ്റ്ലർ ലോകമറിയപ്പെട്ട ഏറ്റവും വിഡ്ഢിയായ രാജ്യതന്ത്രജ്ഞനും. പോപ്പിനെ ജയിലിൽ അടയ്ക്കണമെന്നും മദർ തെരേസാ പോയി കായലിൽ ചാടണമെന്നും പറയുമായിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും വ്യക്തിപൂജ നടത്തുന്നവരുടെയും സ്വൈരക്കേടിൽ സന്തോഷം കണ്ടെത്തുകയെന്നത് അദ്ദേഹത്തിൻറെ സവിശേഷാവൈകൃതമായിരുന്നു. ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത് ഓഷോയുടെ മദർ തെരേസായെപ്പറ്റിയുള്ള വിമർശനങ്ങളും വിലയിരുത്തലുകളുമാണ്.


തെരേസായുടെ സേവനങ്ങളും പ്രവർത്തനങ്ങളും അനാഥക്കുട്ടികളെ പരിചരിക്കലും അതുവഴി  മതപരിവർത്തനം നടത്തലും ഓഷോയെ ചൊടിപ്പിച്ചിരുന്നു. അവസരങ്ങൾ കിട്ടുന്ന സമയത്തെല്ലാം മദർ തെരേസായെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രത ഓഷോയിലെന്നും പ്രകടമായിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള മദർ തെരേസായുടെ പ്രവർത്തനങ്ങളെല്ലാം കപട തന്ത്രങ്ങളായിട്ടാണ് അദ്ദേഹം  ദർശിച്ചിരുന്നത്. ശക്തമായ രാഷ്ട്രീയ മതസംഘടകളുടെ കൂട്ടായ ഒരു പിൻബലം അവരുടെ പ്രവർത്തനങ്ങളെ ദൃഢതരമാക്കിയിരുന്നു. മദർ തെരേസായ്ക്ക് നോബൽ സമ്മാനം നൽകിയതിൽ ഏറ്റവുമധികം  വിമർശിച്ചതും ഓഷോയായിരുന്നു.   കപടത നിറഞ്ഞ സ്ത്രീയെന്നാണ് മദർ തെരേസായെ അദ്ദേഹം വിശേഷിപ്പിച്ചത്. വിമർശനങ്ങൾ പലപ്പോഴും മദർ തെരേസായെ അസ്വസ്ഥയുമാക്കിയിരുന്നു.


ചരിത്രാതീത കാലംമുതൽ മതവും പുരോഹിതരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും  മനുഷ്യരെ വിഭജിക്കാനുള്ള ഗൂഢതന്ത്രങ്ങളിലായിരുന്നു. ഒരു മതത്തിനുള്ളിൽനിന്ന് പുരോഹിതർ മനുഷ്യനെയും മനുഷ്യനെയും തമ്മിൽ പരസ്പ്പരം വേർതിരിക്കുമ്പോൾ മതത്തിനു വെളിയിൽനിന്ന് മനുഷ്യരെ വിഭജിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ പ്രവർത്തനങ്ങളാകെയും മനുഷ്യത്വത്തിനെതിരെയായിരിക്കും. അവർ ചെയ്യുന്ന നീചമായ പ്രവർത്തികളെപ്പറ്റി അവരറിയുന്നില്ല. അവരുടെ ഉദ്ദേശങ്ങളും ലക്ഷ്യബോധങ്ങളും മറ്റുള്ളവർക്കു മനസിലാവുകയുമില്ല.


ഓസോയെഴുതി, "കഴിഞ്ഞ ദിവസം എനിയ്ക്ക് മദർ തെരസായിൽ നിന്നും ഒരു കത്തു ലഭിച്ചിരുന്നു.  കത്തിലെ അവരുടെ ആത്മാർത്ഥതയെപ്പറ്റി എന്തെങ്കിലും പറയാൻ  ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ അവർ കത്തെഴുതിയത് തികച്ചും ബോധപൂർവമല്ലായിരുന്നു. കത്തിൽ പറഞ്ഞിരിക്കുന്നതിങ്ങനെ, 'നിങ്ങൾ എന്നെ വൈകൃതങ്ങളായ പേരുകൾ ചൊല്ലിയുള്ള വിശേഷണങ്ങളോടെ ചെയ്ത പ്രസംഗത്തിന്റെ കോപ്പി ഇതോടൊപ്പം അയക്കുന്നു. വിഷയം നോബൽ സമ്മാനമാണ്. നിങ്ങളങ്ങനെ എന്നെപ്പറ്റി പ്രസംഗിച്ചതിൽ ഖേദമുണ്ട്. നിങ്ങൾ നൽകിയ  നാമവിശേഷണങ്ങളിൽ അകമഴിഞ്ഞ സ്നേഹത്തോടെ ഞാൻ ക്ഷമിക്കുന്നു. ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ.'


മദർ തെരാസായുടെ ഈ കത്ത്‌ ഓഷോ ഒരു തമാശരൂപത്തിലെടുക്കുകയായിരുന്നു. അവർക്കു തന്നെപ്പറ്റി ഖേദമെന്തിനെന്നും താൻ അവരെപ്പറ്റി വിശേഷിപ്പിച്ച പദങ്ങളുടെ അർത്ഥമെന്തെന്നു പോലും അവർക്ക് മനസിലായില്ലെന്നും സുബോധമുണ്ടായിരുന്നെങ്കിൽ താനുപയോഗിച്ച നാമവിശേഷങ്ങളിൽ അവർ അവരെപ്പറ്റി ഖേദിക്കുമായിരുന്നുവെന്നും ഓഷോയുടെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ കബളിപ്പിക്കുന്ന സ്ത്രീ , ഇല്ലാത്ത വൈദഗ്‌ദ്യം ഭാവിക്കുന്നവർ, കപടത നിറഞ്ഞവർ, എന്നീ പദങ്ങൾകൊണ്ടായിരുന്നു ഓഷോ മദർ തെരേസായെ വിശേഷിപ്പിച്ചത്.


'കബളിപ്പിക്കലെന്ന' വിശേഷണത്തിൽ ഒരുവൻ അല്ലെങ്കിൽ ഒരുവൾ മറ്റുള്ളവരെ കബളിപ്പിക്കുകയെന്ന അർത്ഥം മാത്രമല്ല മറിച്ച് അവർ സ്വയം കബളിപ്പിക്കപ്പെടുകകൂടിയാണ്.  കബളിപ്പിക്കൽ ആദ്യം തുടങ്ങുന്നത് സ്വയം മനഃസാക്ഷിയിൽനിന്നുമായിരിക്കും.  മറ്റുള്ളവരെ ചതിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്വയം ചതിക്കുന്നു. ഒരിക്കൽ സ്വയം നിങ്ങളെത്തന്നെ ചതിച്ചാൽ നിങ്ങൾ  സ്വയം ചതിക്കുകയാണെന്നുള്ള വസ്തുതകളും മനസിലാക്കില്ല. നീ നിന്നെത്തന്നെ തിരുത്തണമെങ്കിൽ നിനക്കെതിരെ പുറത്തുനിന്നുമുള്ള ശക്തമായ ബാഹ്യപ്രതികരണമുണ്ടാവണം. 'കബളിപ്പിക്കൽ' നിന്നോടും അപരനോടും ഒരുപോലെ അനീതി പ്രവർത്തിക്കുകയാണ്. നിന്നെയും അപരനേയും ഒരുപോലെ മുറിവേൽപ്പിക്കുന്നുവെന്ന വസ്തുത നീ മനസിലാക്കില്ല. ഇത് ഇരുവശത്തും മൂർച്ചയേറിയ ഇരുതല വാളിനു തുല്യമാണ്.


അതെ, മദർ തെരേസ കബളിപ്പിക്കലെന്ന പൈശാചികാർത്ഥത്തിൽ അവരൊരു ഇരുതല വാളുപോലെയുള്ള സ്ത്രീയായിരുന്നു. ആദ്യം അവർ സ്വയം കബളിക്കപ്പെട്ടു. കാരണം സുദൃഢമായ  തീരുമാനങ്ങൾ അവർ കൈക്കൊള്ളുന്നതിനു മുമ്പ് ഒരിക്കലും മനസിനെ ഏകാഗ്രമാക്കിക്കൊണ്ടു ധ്യാനിച്ചിരുന്നില്ല. സന്യാസിനിയെന്നു കരുതുന്ന അവർക്ക് ധ്യാനമെന്തെന്നു അറിയില്ല. ഇതാണ് മൗലികമായി അവർ സ്വയം കബളിപ്പിക്കപ്പെടുന്നുവെന്ന വാക്കിന്റെ അർത്ഥംകൊണ്ട് ഉദ്ദേശിച്ചത്.  അവർ സാധുക്കളെ, അനാഥരെ, വിധവകളെ, വൃദ്ധരായവരെ, സേവിച്ചിരുന്നു. അവരെയെല്ലാം നല്ല ഉദ്ദേശത്തോടെയായിരിക്കാം സഹായിച്ചത്. അവരുടെ തീരുമാനങ്ങൾ ഒരിക്കലും ചീത്തയായിരുന്നുവെന്നു പറയുന്നില്ല. എന്നാൽ അവരുടെ ഉദ്ദേശശുദ്ധി എത്രമാത്രം പരിശുദ്ധമായിരുന്നുവെന്നും ചോദ്യചിന്ഹമാണ്. സമൂഹത്തിനു ഗുണത്തേക്കാളും ദോഷങ്ങളും വലിച്ചുനീട്ടുന്നു.


സുഗന്ധം പരത്തുന്ന പൂക്കൾ പുഷ്പ്പിക്കാനള്ള സദുദ്ദേശത്തോടെ നാം വിത്തുകൾ വിതറുന്നു. എന്നാൽ അതിൽ നിന്നും മുള്ളുകൾ മാത്രം നിറഞ്ഞ ചെടികളുണ്ടാകുന്നു. നല്ല ഉദ്ദേശത്തോടെയാണ് ചെടികൾ നട്ടത്. അതിനായി നാം കഠിനമായി പ്രവർത്തിച്ചു. എങ്കിലും ആ വിത്തിൽ നിന്നും പുറപ്പടുവിച്ച ഫലങ്ങൾ നമ്മുടെ മനസിന്റെ  ശാന്തത ഭഞ്‌ജിക്കുകയാണുണ്ടായത്.  നമ്മൾ ആഗ്രഹിക്കാത്തതും  നമുക്കവിടെ ലഭിക്കുന്നു.


അവർ ദരിദ്രരെ സേവിക്കുകയായിരുന്നു. എങ്കിലും ദാരിദ്ര്യത്തെ സ്നേഹിച്ചു. നൂറ്റാണ്ടുകളായി ദരിദ്രർക്ക് സേവനം ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ദാരിദ്ര്യം ലോകത്തുനിന്നും ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ദരിദ്രരെ സേവനം ചെയ്താലും ദാരിദ്ര്യം ലോകത്തുനിന്ന് നീക്കാൻ സാധിക്കില്ല. വാസ്തവത്തിൽ ലോകം മുഴുവൻ തന്നെ ദരിദ്രരെ സഹായിക്കുന്ന വ്യവസ്ഥിതികളുണ്ട്. ദരിദ്രരായ ജനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചെ മതിയാവൂ. ഒരു സമൂഹത്തിനു അവരെ പരിപൂർണ്ണമായി തിരസ്ക്കരിക്കാൻ സാധിക്കില്ല. അങ്ങനെ വന്നാൽ തിരസ്‌ക്കിരിക്കുന്ന സമൂഹത്തെ രക്തപങ്കിലമായ വിപ്ലവങ്ങളിൽക്കൂടി ദുരിതമനുഭവിക്കുന്ന ജനത പ്രതികാരം ചെയ്യും. സമൂഹം തിരസ്ക്കരിക്കപ്പെടുന്നവർ ക്രൂരന്മാരും കൊള്ളക്കാരും കൊലപാതകികളുമാകും. മാതൃകാപരമായ ഒരു സമൂഹം അവരെയും അവരുടെ കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വിധവകളെയും സഹായിക്കുന്നുണ്ടെന്ന ബോധ്യം അവരിലുണ്ടാകണം. നല്ലയൊരു സമൂഹത്തിന്റെ നിർവചനവും അതാണ്.


ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമാണ് മിഷ്യനറി സ്ഥാപനങ്ങൾക്കു പൊതുവെ  പണം നൽകുന്നത്. മദർ തെരേസായുടെ മിഷ്യനെ മിഷ്യനറിസ് ഓഫ് ചാരിറ്റിയെന്നറിയപ്പെടുന്നു. ഇവരുടെ മഹത്തായ പ്രസ്ഥാനത്തിന് എവിടെനിന്ന് പണം വന്നുകൊണ്ടിരുന്നു അല്ലെങ്കിൽ അതിന്റെ ശരിയായ കണക്കും കാര്യങ്ങളുമെവിടെയെന്നു ആർക്കുമറിഞ്ഞുകൂടാ. ഏഴായിരം ദരിദ്രർക്ക് ദിനംപ്രതി അവർ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. 1974-ൽ പോപ്പ് പോൾ ആറാമൻ അവർക്കൊരു കാഡിലാക്കുകാറ് സമ്മാനിച്ചു. ഉടൻ തന്നെ അവർ ആ കാർ വിറ്റു. മദർ തെരാസായ്ക്കു വേണ്ടിയായതുകൊണ്ടു കാറിനു അമിത വിലയും കിട്ടി. സാധുക്കൾക്ക് പണവും ലഭിച്ചെന്നു അനുമാനിക്കുന്നു. എല്ലാവരും അവരുടെ പ്രവർത്തിയിൽ അഭിനന്ദിച്ചു. എന്നാൽ ചോദ്യം വരുന്നത് എവിടെനിന്നു ആ കാർ ആദ്യം വന്നുവെന്നാണ്. പോപ്പിനു കിട്ടിയ ദാനം അദ്ദേഹം ഉപയോഗിച്ചില്ല. അദ്ദേഹം ഒരു അത്ഭുതവും കാണിച്ചില്ല. ആരെങ്കിലും ധനികർ അദ്ദേഹത്തിനു കാറ് ദാനം ചെയ്തു കാണും. ലോകത്തിൽ മറ്റാരേക്കാളും ധനം മാർപ്പാപ്പായ്ക്കുണ്ട്. എന്നാൽ ഒരു ശതമാനം പോലും കാഡിലാക്ക് വിറ്റ പണത്തിന്റെ വീതം മിഷ്യനറീസ് ഓഫ് ചാരിറ്റി വഴി ദരിദ്രർക്ക് പോയിട്ടില്ല. ഇത്തരം ഏജൻസീകൾ മുതലാളിമാരെ സഹായിക്കും. ദരിദ്രരെ സഹായിക്കില്ല. പുറമെ നോക്കിയാൽ അവർ ദരിദ്രരെ സഹായിക്കുന്നുവെന്നു തോന്നും. എന്നാൽ അടിസ്ഥാനപരമായി പരോക്ഷമായി അവർ സഹായിക്കുന്നത് ധനികരെയാണ്. ഇതൊരു നല്ല സമൂഹമെന്ന തോന്നൽ പാവങ്ങളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. സമൂഹം ചീത്തയല്ലന്നും അതുകൊണ്ടു സമൂഹത്തിനെതിരെ വിപ്ലവം ഉണ്ടാക്കുന്നില്ലായെന്ന ചിന്താഗതിയും അവരിലുണ്ടാകും. ഈ മിഷ്യനറികൾ ദരിദ്രർക്ക് പ്രതീക്ഷകൾ നൽകുന്നു. മിഷ്യനറികൾ അവിടെയില്ലെങ്കിൽ ദരിദ്രർ പ്രതീക്ഷകളില്ലാത്ത ഒരു ജീവിതം നയിക്കണമെന്ന തോന്നലുമുണ്ടാക്കും. പ്രതീക്ഷയില്ലെങ്കിൽ വിപ്ലവങ്ങൾ പൊട്ടിപുറപ്പെടാം. അതിക്രമങ്ങളുമുണ്ടാകാം.


'നോബൽ' എന്ന മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായിരുന്നുവെന്നു പറയാം. ഒന്നാം ലോക മഹായുദ്ധത്തിൽ ശത്രുസംഹാരങ്ങൾക്കായി ഉപയോഗിച്ചത് അയാളുടെ കണ്ടുപിടുത്തത്തിലെ ആയുധങ്ങൾ കൊണ്ടായിരുന്നു. അയാളന്നു ഏറ്റവും കൂടുതൽ മാരകങ്ങളായ ആയുധങ്ങൾ  ഉത്ഭാദിപ്പിക്കുന്ന മനുഷ്യനായിരുന്നു. യുദ്ധോപകരണങ്ങളിൽ നിന്നും കണക്കില്ലാത്ത ധനവുമുണ്ടാക്കി. ഓരോ വർഷവും നോബൽ കമ്മിറ്റിയുടെ താല്പര്യമനുസരിച്ചു ഡസൻ കണക്കിനു നോബൽ സമ്മാനം വിതരണം ചെയ്യുന്നു. എത്രമാത്രം ധനം ആ മനുഷ്യനുണ്ടായിരുന്നുവെന്നതും ചിന്തിക്കാൻപോലും സാധിക്കില്ല. എവിടെനിന്നു ആ ധനം അയാൾ നേടിയെന്നും ഓർക്കുക. ഇത്രമാത്രം ആയിരമായിരം ജനങ്ങളുടെ രക്തത്തിൽ കുളിച്ചുണ്ടാക്കിയ പണ സമാഹാരത്തെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങളിലും  കാണില്ല. മനുഷ്യന്റെ രക്തക്കറകൾ കട്ടകെട്ടിയിരിക്കുന്ന നോബൽ സമ്മാനം മിഷ്യനറിസ് ഓഫ് ചാരിറ്റിയിലും ഉപയോഗിക്കുന്നു. ആ പണം ക്രൂര ലോകത്തിലെ കൂട്ടക്കൊലകളിൽ നിന്നും സമാഹരിച്ചതാണ്. അത് തെരേസായുടെ ഭവനത്തിലെ ഏതാനും അനാഥർക്കും ദരിദ്രരെ ഊട്ടാനും പ്രയോജനപ്പെടുത്തുന്നു.


മദർ തെരേസായ്ക്ക് നോബൽ സമ്മാനം നിരസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ മുമ്പിൽ അവർ ബഹുമാനിതയാകാൻ ആഗ്രഹിച്ചു. നോബൽ സമ്മാനം അവരെ ലോകത്തിലെ ഒരു മഹതിയായി ഉയർത്തി. 'ജീൻ പോൾ സാറ്റർ' മദർ തെരേസായെക്കാളും മതവിശ്വാസിയാണ്. അദ്ദേഹം \നോബൽ സമ്മാനം നിരസിച്ചു. നോബൽ സമ്മാനത്തിൽ നിന്നും ലഭിക്കുന്ന ആദരവും രക്തത്തിന്റെ വിലയിൽ നിന്ന് കിട്ടിയ പണവും  വേണ്ടെന്നു പറഞ്ഞു. ഭ്രാന്തു പിടിച്ച സമൂഹത്തിൽനിന്നും യാതൊരു ബഹുമാനവും തനികാവശ്യമില്ലെന്നും പറഞ്ഞു. ഈ മനുഷ്യന്റെ മതത്തെയല്ലേ നാം ബഹുമാനിക്കേണ്ടത്!  മദർ തെരേസായെക്കാളും അദ്ധ്യാത്മകമായി അദ്ദേഹം എത്രയോ ഉയരങ്ങളിലുള്ള പടികളിലാണെന്നും മനസിലാക്കണം.


മദർ തെരേസായെപ്പോലുള്ളവർ കബളിപ്പിക്കൽവഴി സമൂഹത്തിനെ ഉദ്ധരിക്കുന്നു. സമൂഹത്തിന്റെ ചെളിപുരണ്ട ചക്രങ്ങൾ ശുദ്ധമാക്കുകയാണ് അവരുടെ തൊഴിലെന്നു അനുമാനിക്കുന്നു. മാനുഷികമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട യേശുവിനെപ്പോലുള്ളവർക്ക് നോബൽ സമ്മാനം ലഭിക്കില്ല. സോക്രട്ടീസിനെപ്പോലുള്ളവർക്കും ലഭിക്കില്ല. യേശുവിനോ സോക്രട്ടീസിനോ നോബൽ സമ്മാനം ലഭിക്കില്ലെങ്കിൽ അവരാണ് വാസ്തവത്തിൽ സത്യത്തിന്റേതായ മതം സൂക്ഷിക്കുന്നവർ. സത്യം നിലനിർത്താനായി ജാഗ്രതയായി ഉണർന്നരിക്കുന്നവരും ആ മഹത് വ്യക്തികളാണ്. ആ സ്ഥാനത്തു മദർ തെരേസാ അവരുടെ പിൻഗാമിയാകുന്നതെങ്ങനെ? എങ്കിൽ ആരാണ് മദർ തെരേസാ? സത്യമായ മതത്തിൽ വിശ്വസിക്കുന്നവൻ ഒരു വിപ്ലവകാരിയായിരിക്കും. സമൂഹം അവരെ നിഷേധിക്കും. വെറുക്കും. യേശുവിനെ ഒരു കുറ്റവാളിയെപ്പോലെ കരുതി. എന്നാൽ മദർ തെരേസായെ വിശുദ്ധയായി ബഹുമാനിക്കുന്നു. തെരേസാ ശരിയെങ്കിൽ യേശു കുറ്റവാളിയാണ്. യേശു സത്യമെങ്കിൽ മദർ തെരേസ ഒരു കബളിപ്പിക്കൽ സ്ത്രീയായിരുന്നു. കപട പണ്ഡിതരെ ലോകം എന്നും പുകഴ്ത്തുന്നു. കാരണം അവരെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ട്. അവർ സമൂഹത്തിന്റെ ബഹുമാനവും കാംഷിക്കുന്നു. ചെറിയ ഇരയിട്ടു വലിയ മത്സ്യത്തെ പിടിക്കുന്നു.


കപടത (hypocrites) നിറഞ്ഞ മദർ തെരാസാ വ്യത്യസ്തങ്ങളായ രണ്ടുതരം വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നുവെന്നും ഓഷോ ഉദാഹരിച്ചിരിക്കുന്നു. അവർക്ക് അകമേയുള്ള തത്ത്വങ്ങൾ ഒന്നും പുറമെയുള്ള തത്ത്വങ്ങൾ മറ്റൊന്നുമായിരുന്നു. ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ഒരു കുട്ടിയെ ദത്തെടുക്കാൻ വന്നപ്പോൾ അവർക്കു കുട്ടിയെ കൊടുക്കാൻ സാധിച്ചില്ലെന്നു മദർ തെരേസാ  എഴുതിയിരിക്കുന്നു.  കാരണം അവരുടെ അനാഥാലയത്തിൽ അന്നു കുട്ടികളില്ലായിരുന്നുവെന്നു അവർ പറയുന്നു.  ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചുവെന്നു പറഞ്ഞാണ് അവർ നോബൽ സമ്മാനം നേടിയത്. അന്ന് അവരുടെ നിയന്ത്രണത്തിൽ കുട്ടികളില്ലായിരുന്നെങ്കിൽ  അവിടെ ജോലി ചെയ്യുന്ന എഴുനൂറു കന്യാസ്ത്രീകളുടെ തൊഴിലെന്തായിരുന്നു? ആരെയാണ് അവർ പരിപാലിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നതിനു വന്നപ്പോൾ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നവരെ  അവർക്ക് അനാഥക്കുട്ടികളുണ്ടായിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം മതമറിഞ്ഞപ്പോൾ അവർക്ക് കുട്ടികളെ കൊടുക്കാനില്ലാതെയുമായി. രണ്ടു തരത്തിലുള്ള വ്യക്തിഗതമായ കപട മുഖം അവിടെ തെളിഞ്ഞു നിൽക്കുന്നു. പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടല്ലായെന്ന ന്യായവും. ഇത് കപടതയല്ലെങ്കിൽ പിന്നെ എന്ത് വിളിക്കും?


ഈ അനാഥക്കുട്ടികളെ വളർത്തിയത് റോമൻ കത്തോലിക്കാ വിശ്വാസത്തിലാണ്, വ്യത്യസ്ത മതങ്ങൾ ഇനിമേൽ പഠിപ്പിച്ചാൽ അവരിൽ മാനസിക കൺഫ്യൂഷൻ ഉണ്ടാകുമെന്നും അവർ ചിന്തിക്കുന്നു.   നിങ്ങൾ പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടാണ് കുട്ടിയെ തരാൻ സാധിക്കില്ലാന്നും പറയാമായിരുന്നു. ദമ്പതികളിൽ ഭർത്താവ് യൂറോപ്യൻ  യൂണിവേഴ്സിറ്റിയിൽ   പ്രൊഫസറായിരുന്നു. കുട്ടിയെ തരില്ലാന്നു ഉത്തരം കേട്ടപ്പോൾ അവർ ഞെട്ടിപോയി. കുട്ടിയെ ലഭിക്കുമെന്ന ഉദ്ദേശത്തിൽ അവർ ബഹുദൂരം യാത്ര ചെയ്തു വന്നവരായിരുന്നു. അന്നവർ കത്തോലിക്കരെന്നു എഴുതിയിരുന്നെങ്കിൽ കുട്ടിയെ ഉടൻതന്നെ നൽകുമായിരുന്നു. അടിസ്ഥാനപരമായി ആ കുട്ടികൾ ഹിന്ദുക്കളാണ്. കത്തോലിക്കാ മതത്തിൽനിന്നും മറ്റൊരു മതത്തിൽ പോയാൽ അവരുടെ മാനസിക വളർച്ചയാണ് ഉദ്ദേശിക്കുന്നെങ്കിൽ അവരെ ഹൈന്ദവ മതത്തിൽ തന്നെ വളർത്തണമായിരുന്നു. പക്ഷെ അവരെ കത്തോലിക്കാ അന്തരീക്ഷത്തിൽ വളർത്തുന്നു. ഹിന്ദു കുട്ടികൾ കത്തോലിക്കരായി വളർന്നാൽ മാനസിക അവസ്ഥയ്ക്ക് കുറവും വരില്ല. അങ്ങനത്തെ ചിന്താഗതിയായിരുന്നെങ്കിൽ അവർ ഹിന്ദുക്കുട്ടികളെ കത്തോലിക്കരായി മതം മാറ്റരുതായിരുന്നു.


പാർലമെന്റിൽ മതപരിവർത്തനം പാടില്ലായെന്ന ഒരു ബില്ല് അവതരിപ്പിച്ചു. ഒരാളെ മറ്റൊരു മതത്തിൽ നിർബന്ധപൂർവം മതപരിവർത്തനം ചെയ്‌താൽ ശിക്ഷാർഹമെന്നായിരുന്നു ബില്ലിന്റെ സാരം. സ്വതന്ത്രമായ മനസോടെ ഒരാൾക്ക് മതം മാറാം. എന്നാൽ പിടിയരി കൊടുത്തും പ്രലോഭിപ്പിച്ചും മതം മാറ്റുന്നതിനെതിരെയായിരുന്നു നിയമ നിർമ്മാണംകൊണ്ടുദ്ദേശിച്ചത്. ആ ബില്ലിനെ ആദ്യം എതിർത്ത വ്യക്തി മദർ തെരേസായായിരുന്നു. ബില്ല് പാസാക്കരുതെന്നു അന്നവർ പ്രധാനമന്ത്രിക്ക് കത്തെഴുതി.  അത് തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഞങ്ങൾക്ക് രക്ഷിക്കാൻ അവർ കത്തോലിക്കരായാൽ മാത്രമേ സാധിക്കുള്ളൂവെന്നും അറിയിച്ചു. അവർ അതിന്റെ പേരിൽ രാജ്യം മുഴുവൻ ഒച്ചപ്പാടുണ്ടാക്കി. രാഷ്ട്രീയക്കാർ വോട്ടു ബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു ബില്ലവതരണം അക്കൊല്ലം വേണ്ടെന്നു വെച്ചു. ഒരാളെ മതം മാറ്റുന്നത് അവരുടെ മാനസിക തലങ്ങളിൽ പ്രശ്നമുണ്ടാക്കുമെന്ന് മദർ തെരേസ വിശ്വസിക്കുന്നു. എങ്കിൽ അവർ മത പരിവർത്തനത്തിനു എതിരായിരിക്കണം. എന്നാൽ മദർ തെരേസ രണ്ടു വിധത്തിൽ സംസാരിച്ചുകൊണ്ടു നന്മയുടെ വ്യാജവേഷം ധരിക്കുന്നു. ഒരു കാര്യം പറയും മറ്റൊന്ന് പ്രവർത്തിക്കും. അതായിരുന്നു അവരിലുണ്ടായിരുന്ന മറ്റൊരു കപടത.


ഓഷോ മദർ തെരേസായെ 'സ്റ്റുപ്പിഡ്', 'ഇഡിയോട്ടിക്ക്' മുതലായ പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുമ്പോൾ അത് സംസ്ക്കാരത്തിന്റെ അതിരു കടന്നില്ലേയെന്നു തോന്നിപ്പോവും. എങ്കിലും ആ വിശേഷണ പദങ്ങളെയെല്ലാം ഓഷോ താത്ത്വികമായി ന്യായികരിക്കുന്നുണ്ട്.  'അളവറ്റ  സ്നേഹത്തോടെ നിങ്ങളോടു ക്ഷമിക്കുന്നു'വെന്നു മദർ തെരേസാ ഓഷോയ്‌ക്കെഴുതിയ കത്തിലുണ്ടായിരുന്നു.  തെരേസായുടെ ഈ വാക്കുകൾ ഓഷോ പരിഹാസരൂപേണയാണ് കണക്കിലെടുത്തത്. 'സ്നേഹമെന്നുള്ളത് അളക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു കിലോ രണ്ടു കിലോ സ്നേഹമെന്നു ആർക്കും പറയാൻ സാധിക്കില്ല. പിന്നെ അവർ ക്ഷമിച്ചെന്നു പറയുന്നു. ക്ഷമിച്ചെങ്കിൽ അവരെ കുപിതയാക്കിയിരിക്കണം. കോപം ശമിക്കാൻ അവർക്കു ധ്യാനം ആവശ്യമായിരുന്നു. ക്ഷമിക്കാൻ താൻ അവരോടു കുമ്പസാരിക്കാൻ പോയില്ല. പിന്നെ എന്തിനു ക്ഷമിക്കണമെന്നും' ഓഷൊ  ചോദിക്കുന്നു. "തന്നോടല്ല ക്ഷമിക്കേണ്ടത്. ആരെങ്കിലും ക്ഷമിക്കണമെങ്കിൽ അവരോടു സ്വയം ക്ഷമിക്കണമെന്നാണ്" ഓഷോ എഴുതിയിരിക്കുന്നത്.


അനാഥരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് 'ഗർഭഛിന്ദ്രം എന്ന പാപം ഒഴിവാക്കാനെന്നു  മദർ തെരേസ എഴുതി. അവർ ഗർഭചിന്ദ്രത്തെ എതിർക്കുന്നു. ഓഷോയുടെ അഭിപ്രായത്തിൽ 'ഇവിടെ അവരാണ് മഹാപാപം ചെയ്യുന്നത്. 'ഗർഭഛിന്ദ്രം' ഓഷോയുടെ വീക്ഷണത്തിൽ പാപമല്ലായിരുന്നു. ജനസംഖ്യ ക്രമാധീതമായി വർദ്ധിച്ചിരിക്കുന്ന ഒരു രാജ്യത്തു ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗർഭഛിന്ദ്രം അനിവാര്യമാണ്. ഗർഭഛിന്ദ്രം നന്മയെ പ്രദാനം ചെയ്യുന്നു. അതു പാപമെങ്കിൽ അതിനുത്തരവാദികൾ പോളക്ക് മാർപ്പാപ്പയും മദർ തെരെസായുമാണ്. കാരണം അവർ ഗർഭനിരോധകത്തിനും ഗർഭഗുളികകൾക്കും എല്ലാവിധ ജനന നിയന്ത്രണത്തിനും എതിരാണ്. ഇത്തരം ആൾക്കാരാണ് ഗർഭഛിന്ദ്രത്തിനു കാരണക്കാരും കുറ്റവാളികളും.


ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന ലോകത്ത് ദാരിദ്ര്യവും വിശപ്പും നിറഞ്ഞൊഴുകുമ്പോൾ ഗർഭനിരോധകവും ഗർഭഗുളികകളും ഉപയോഗിക്കാൻ പാടില്ലാന്നുള്ള മതകൽപ്പനകളും തെരേസായുടെ ചിന്താഗതികളും ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഗർഭനിരോധക ഗുളികകൾ ആധുനിക ശാസ്ത്രം മനുഷ്യത്വത്തിന്‌ നൽകിയ സംഭാവനയാണ്. ജനസംഖ്യ കുറച്ചുകൊണ്ട് വിഭവങ്ങൾ ശാസ്ത്രീയമായി സമാഹരിച്ചു വിതരണം ചെയ്‌താൽ ഈ ലോകത്തെ തന്നെ സ്വർഗമാക്കാൻ സാധിക്കും. എന്നാൽ ആ സ്വർഗത്തിൽ അനാഥർ കാണില്ല. എങ്കിൽ മദർ തെരേസായ്ക്കും മിഷ്യനറിസ്‌ ഓഫ് ചാരിറ്റിയ്ക്കും കൂട്ടർക്കും എന്തു സംഭവിക്കുമായിരുന്നു. ആ സ്വർഗത്തിൽ പിന്നീട് മാർപ്പാപ്പാ പറയുന്നതു ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല. മരണശേഷമുള്ള ഒരു സ്വർഗത്തെപ്പറ്റി ആരാണ് പിന്നീട് ചിന്തിക്കാൻ പോവുന്നത്. സ്വർഗം ഇവിടെത്തന്നെ പണിയുന്നുവെങ്കിൽ മതത്തിന്റെ സ്വപ്നത്തിലെ  ഒരു സ്വർഗം മറ്റൊരു സ്ഥലത്തു പണിയേണ്ട ആവശ്യമുണ്ടോ?


ദാരിദ്ര്യത്തെ നശിപ്പിക്കണം. ദരിദ്രരെ സേവിക്കുന്നവരെയല്ല വേണ്ടത്. പതിനായിരക്കണക്കിന് ജനം ദരിദ്രരെ സേവിക്കുന്നവരായുണ്ട്. എന്നാൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള ആധുനിക ടെക്കനോളജികളുണ്ട്. ആരോടെങ്കിലും ക്ഷമിക്കണമെങ്കിൽ മദർ തെരേസായോടും പോപ്പിനോടുമാണ് വേണ്ടതെന്നും ഓഷോ പറയുന്നു. ഗർഭനിരോധക യജ്ഞം തടയുന്ന വഴി അവർ കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കണമെങ്കിൽ ബൗദ്ധികമായി നാം ഉയർന്ന നിലവാരവും പുലർത്തണം.


"ഞാൻ താങ്കളോട് ക്ഷമിക്കുന്നു. നിങ്ങളിൽ സഹതാപമുണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്ന" മദർ തെരാസായുടെ വാക്കുകളെ നിസാരമായി ഓഷോ തള്ളിക്കളഞ്ഞു. 'താനൊരു വ്യക്തിഗത ദൈവത്തെ വിശ്വസിക്കുന്നില്ല. ഒരു വ്യക്തിയായ ദൈവം എനിക്കില്ല. പിന്നെ ആരാണ് എന്നെ അനുഗ്രഹിക്കുന്നത്? ആർക്കെങ്കിലും സാധിക്കുമോ? ദൈവമെന്നു പറയുന്നത് നാം സ്വയം കണ്ടെടുക്കലാണ്. പ്രത്യക്ഷീകരണമാണ്. ആരെങ്കിലും അത് യാദൃച്ഛികമായി കണ്ടുമുട്ടുന്നതല്ല. അത് നമ്മുടെ ഉപബോധമനസിനെ പരിശുദ്ധമാക്കുന്നതാണ്. ഞാനൊരു നാസ്തികനല്ല. എന്നാൽ ഏക ദൈവ വിശ്വാസിയുമല്ല. ദൈവമെന്നത് എന്നെ സംബന്ധിച്ച് വ്യക്തിയല്ല. എന്നാൽ എന്നിൽ ദൈവത്തിന്റെ സാമീപ്യമുണ്ട്. കഠിനമായ ധ്യാനത്തിൽക്കൂടി ലഭ്യമാകുന്ന ഒന്നാണ് ആ സാമിപ്യം.' "സ്നേഹം കൊണ്ട് നിന്റെ ഹൃദയം നിറയ്‌ക്കൂ' വെന്ന മദറിന്റെ വാക്കുകളും ഓഷോ പുച്ഛിച്ചു തള്ളി. അദ്ദേഹം പറഞ്ഞു, "എന്റെ ഹൃദയം പൂർണ്ണമായും സ്നേഹം നിറഞ്ഞിരിക്കുകയാണ്. മറ്റൊരാളിന്റെ സ്നേഹത്തെ ഇനി എന്റെ ഹൃദയത്തിൽ ആവഹിക്കാൻ ഇടമില്ല. മറ്റുള്ളവരുടെ സ്നേഹം എന്റെ ഹൃദയത്തിൽ ഞാനെന്തിന് പ്രതിഷ്ഠിക്കണം. കടം മേടിച്ചു കിട്ടുന്ന സ്നേഹം സ്നേഹമേയല്ല. ഓരോരുത്തരുടെയും ഹൃദയത്തിനു അതിന്റേതായ പരിമളമുണ്ട്. ഇത്തരം സ്നേഹ പ്രകടനങ്ങൾ വെറും മതമൗലിക ചിന്തകളാണ്. മദർ തെരേസ വെറും സാധാരണ നിലവാരം പുലർത്തുന്ന പമ്പര വിഡ്‌ഡികളിൽ ഒരാൾ മാത്രമെന്നും" ഓഷോ വിശേഷിപ്പിച്ചു.






Cover Photo: EMalayalee :http://emalayalee.com/varthaFull.php?newsId=129131

Malayalam Daily News: http://www.malayalamdailynews.com/?p=240036

Kalavedi: http://www.kalavedionline.com/index.php?cat=Special&news=2712

Saturday, September 10, 2016

ബീഫ് നിരോധനവും തീന്മേശയിലെ കുറ്റവാളികളും




ജോസഫ് പടന്നമാക്കൽ
പശുവിനെ വ്യക്തിപരമായി സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഴകുള്ള പശുവും അതിന്റെ കിടാക്കളും ചെറുപ്പകാലങ്ങളിൽ എന്റെയൊരു ഹരമായിരുന്നു. അവകളെ മേച്ചിൽ സ്ഥലങ്ങളിൽ കൊണ്ടുപോയി തീറ്റിക്കുന്നതും ആറ്റുകടവിൽ കൊണ്ടുപോയി കുളിപ്പിക്കുന്നതും കിടാക്കളുമായി തുള്ളി കളിക്കുന്നതും ഇന്നും ബാല്യകാലസ്മരണകളിലുണ്ട്. പശുവധം ചൂടുപിടിച്ച ഒരു ദേശീയ വിഷയമായതുകൊണ്ട് ഞാൻ ആരുടെ കൂടെയെന്ന് കൃത്യമായി ഉത്തരം നൽകാനും കഴിയില്ല. കാരണം, ഇതൊരു ഭൂരിഭാഗം ജനതയുടെ വൈകാരിക പ്രശ്‍നംകൂടിയാണ്. വളർത്തു മൃഗങ്ങളെ കശാപ്പുശാലകളിൽ കാണുമ്പോഴുള്ള ദുഃഖം അതനുഭവിച്ചവർക്കേ അറിയാൻ സാധിക്കുള്ളൂ. കന്നുകാലികളെ കൊല്ലുന്നതു എക്കാലവും ഹിന്ദുക്കളുടെ വൈകാരികമായ ഒരു വിഷയമായിരുന്നു. ഹൈന്ദവ മതത്തിൽ പശുവിനെ ദൈവികമായ ഒരു മൃഗമായിട്ടാണ് കരുതുന്നത്. ഉത്തരം കണ്ടെത്താൻ സാധിക്കാത്ത ഗോവധ നിരോധനത്തെപ്പറ്റി അനുകൂലപ്രതികൂലവാദമുഖങ്ങളും മുഖവിലയ്‌ക്കെടുക്കേണ്ടതായുണ്ട്.

ആയുർവേദ ആചാര്യന്മാർ, ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരമല്ലാതെ ഒന്നും  ഭക്ഷിക്കരുതെന്നാണ് നിർദ്ദേശിക്കുന്നത്. ആയൂർ ദൈർഘ്യം കുറയുന്ന കാരണവും ബീഫ് ഭക്ഷിക്കുന്നതുകൊണ്ടെന്നു വൈദ്യശാസ്ത്രം പറയുന്നു.  അങ്ങനെയെങ്കിൽ ബീഫ് ഭക്ഷിക്കുന്ന ചൈനാക്കാരും മത്സ്യം ഭക്ഷിക്കുന്ന ജപ്പാൻകാരും   ആയൂർ ദൈർഘ്യം കൂടുതലുള്ളവരായി കാണുന്നതും പരിഗണിക്കണം. കാൻസർ, കൊളസ്‌ട്രോൾ രോഗാദികൾക്കും കാരണം മാംസ ഭക്ഷണമെന്ന വാദവും എത്രത്തോളം ശരിയെന്നും അറിയില്ല. കാൻസർ രോഗങ്ങൾ സസ്യാഹാരികളിലുമുണ്ട്. അപ്പോൾ ബീഫ് നിരോധനം ജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിന്റെ പേരിലല്ലെന്നും വ്യക്തമാണ്.

മനുഷ്യൻ പശുവിന്റെ പേരിൽ പരസ്പരം കൊല്ലുകയും അല്ലെങ്കിൽ പശു കൊല്ലിക്കുകയും ചെയ്യുന്ന വർത്തമാന സംഭവങ്ങളാണ് നാമിന്നു വാർത്താ മീഡിയാകളിലും സോഷ്യൽ മീഡിയാകളിലും ശ്രവിക്കുന്നത്. രണ്ടായിരത്തി പതിനഞ്ചുമുതൽ ഭാരതത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ ഏകദേശം മുപ്പതു ശതമാനവും പശുവിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. നാലായിരത്തി ഇരുപതു മെട്രിക്ക് ടൺ മാട്ടിറച്ചിയാണ് ഇക്കഴിഞ്ഞ വർഷം വിദേശങ്ങളിൽ കയറ്റുമതി ചെയ്തത്. ഇതിനെ തകർക്കാനാണ് മതത്തിന്റെ തീവ്ര പ്രവർത്തനങ്ങളുമായി മുഴുകിയിരിക്കുന്നവർ ശ്രമിക്കുന്നത്. ഗോവധം എന്തിനെന്നുള്ള നിർവചനമായി സംഘപരിവാർ വീറോടും വാശിയോടുമാണ് ഇന്ന് ഭാരതം മുഴുവൻ സംഘർഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗോവധമെന്നുദ്ദേശിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങളിൽ മാത്രം കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ അല്ലെന്നും പശുവിനു പുരാതന കാലം മുതൽ ഹൈന്ദവർ പവിത്രത കല്പിച്ചിട്ടുണ്ടെന്നും പോരാഞ്ഞു കാർഷിക പുരോഗമന പരിഗണനകളും ഗോവധ നിരോധം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും സംഘപരിവാർ പ്രചാരണങ്ങൾ നടത്തുന്നു. പശുവധത്തിന്റെ പേരിൽ പൊതുജനാഭിപ്രായ രൂപീകരണമാണ്, ഇത്തരം പ്രചാരണങ്ങളിൽക്കൂടി ലക്ഷ്യമിടുന്നത്. പശുക്കളെ കൃഷിയുടെ വികസനത്തിനായി സംരക്ഷിക്കുകയെന്നതു നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

മുസ്ലിമുകൾ ഇന്ത്യയെ ആക്രമിച്ചതിൽ പിന്നീടാണ് ഹിന്ദുക്കൾ മാട്ടിറച്ചി ഭക്ഷിക്കാൻ തുടങ്ങിയതെന്ന് ആർ.എസ്.എസും മറ്റും കഥകളുണ്ടാക്കി നിരോധനത്തെ ന്യായികരിക്കുന്നു. ഹിന്ദു മൗലികവാദികൾ പഴമയുടെ ഹൈന്ദവത്വം പ്രസംഗിച്ചുകൊണ്ടു മാട്ടിറച്ചി കഴിക്കുന്നവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാം മതം ഉണ്ടാകുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ ഹൈന്ദവ സംസ്ക്കാരത്തിൽ മാട്ടിറച്ചി തിന്നിരുന്നതായി തെളിവുകളുണ്ട്. സനാതന ധർമ്മഗ്രന്ഥങ്ങളെന്നു വിശേഷിപ്പിക്കുന്ന വേദങ്ങളും പുരാണങ്ങളും ഹൈന്ദവരുടെ മാംസാഹാര രീതികളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ളാം, ക്രിസ്തുമതം എന്നീ വൈദേശികമായ മതസംസ്ക്കാരങ്ങളെ ഇല്ലാതാക്കി ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരത്തെ പുനർസ്ഥാപിക്കുമെന്നാണ് മതമൗലിക വാദികൾ വീമ്പടിക്കുന്നത്. 

ഇന്ത്യയിൽ വിശുദ്ധ പശുക്കളുടെ ചരിത്രം ചരിത്രാതീതകാലംമുതൽ ഹൈന്ദവ സംസ്‌കാരങ്ങളുടെ ഭാഗമാണ്. പശുവിന്റെ ദിവ്യത്വത്തെ പുരാണങ്ങളിലും ദേവീ ദേവന്മാരുടെ കഥകളിലും വർണ്ണിച്ചിട്ടുണ്ട്. പശുവിന്റെ കഥ ഗോപാലകനായ കൃഷണ ഭഗവാനോടും അനുബന്ധിച്ചിരിക്കുന്നു. 'അമ്മ' പാല് തരുന്നപോലെ പശുവും പാല് തരുന്നതുകൊണ്ടു പശുവിനെയും അമ്മയുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. മത സാംസ്ക്കാരിക ചിന്താഗതികളിൽ ഭാരതം മുഴുവനും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഭാരതത്തിൽ പുതിയ ഭരണകൂടങ്ങൾ വന്നതിൽ പിന്നീട് സ്ഥിതിഗതികൾ ആകെ മാറിപ്പോയി. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ മുംബയിൽ  ബീഫ് വിഭവങ്ങൾ ഹോട്ടലുകളിൽ വിൽക്കാൻ പാടില്ലാന്നുള്ള നിയമങ്ങൾ കർശനമാക്കി. അഞ്ചുകൊല്ലം വരെ ജയിൽ ശിക്ഷ കിട്ടുന്ന വകുപ്പുകളും നിയമത്തിനൊപ്പം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രായ്ക്ക് പുറമെ ഹരിയാനയും ബീഫ് നിരോധനത്തിനുള്ള നിയമം പാസാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രം പരിഗണിക്കുകയും ചെയ്യുന്നു. ഇത്തരം പൗരാണിക സങ്കൽപ്പ രൂപത്തിലുള്ള നിയമത്തിൽ കേരളം ആശങ്കയിലുമാണ്. കേരള ജനതയ്ക്ക് അങ്ങനെയൊരു നിയമം ഒരിക്കലും സ്വീകാര്യവുമായിരിക്കില്ല. 

കേരളത്തെ സംബന്ധിച്ച് ബീഫ് നിരോധനം പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമല്ല. കാരണം, കേരളത്തിൽ മധ്യതിരുവിതാകൂറിൽ വസിക്കുന്നവർ ഭൂരിഭാഗം പേരും സുറിയാനി ക്രിസ്ത്യാനികളാണ്. തലമുറകളായി മാട്ടിറച്ചി തിന്നു പരിചയിച്ച അവർക്ക് മാംസം വർജിക്കുകയെന്നത് എളുപ്പമല്ല. അവരുടെ പിന്തുണയില്ലാതെ ഒരു സർക്കാരും കേരളത്തിൽ നില നിൽക്കുകയില്ല. ഇടതു പക്ഷങ്ങളും വലതുപക്ഷങ്ങളുമായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇസ്‌ലാമിക ജനങ്ങളും ക്രൈസ്തവരും ദളിതരും ഒന്നടങ്കം ബീഫ് നിരോധിക്കണമെന്ന് പറയുന്നവർക്കെതിരെ അണിനിരക്കും. അങ്ങനെ ഒരു പ്രശ്‍നം കേരളത്തിൽ നടപ്പാക്കാൻ പ്രയാസമാണ്. ഒരു പക്ഷെ അതിന്റെ പേരിൽ ഒരു ജനകീയ പോരാട്ടം തന്നെ ഉണ്ടാകാം. കലഹങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെടാം.

ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലടിപ്പിക്കാൻ ബ്രിട്ടീഷുകാരാണ് ഗോവധ പ്രശ്നത്തിന് കാരണമായത്. ഗോവധ നിരോധനം ആദ്യമായി 1893ൽ നടപ്പാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1966-ൽ ഗോവധ നിരോധനത്തിന്റെ പേരിൽ തലസ്ഥാന നഗരിയിൽ പട്ടാളത്തെ ഇറക്കേണ്ടി വന്നു. ഇന്ത്യാ ഭരിച്ച ഭരണാധികാരികൾ എന്നും തന്ത്രങ്ങളുപയോഗിച്ച് വിഭജിച്ചു ഭരിച്ചിരുന്നത് പശുവിനെ ആയുധമാക്കിയായിരുന്നു. ഐക്യരാഷ്ട്ര റി‌പ്പോർട്ടനുസരിച്ച് അറുപതു ശതമാനം ജനങ്ങളും ഇന്ത്യയിൽ മാംസാദികൾ കഴിക്കുന്നവരാണ്. മുപ്പതു ശതമാനം സസ്യഭുക്കുകളും പത്തു ശതമാനം മുട്ട കഴിക്കുന്നവരുമാണ്. ഭൂരിഭാഗം ഹൈന്ദവർ തന്നെയാണ് മാംസാഹാരികളെന്നു ഇതിൽനിന്നു വ്യക്തവുമല്ലേ ! 

പശുവധ നിരോധനമെന്നുള്ളത് വളരെ വൈകാരികമായ ഒരു വിഷയമാണ്. ഗോക്കളെ കൊല്ലാൻ പാടില്ലായെന്നു ആദ്യം ആവശ്യപ്പെട്ടത് മഹാത്മാ ഗാന്ധിജിയായിരുന്നു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഗോക്കളെ കൊല്ലുന്ന നിരോധനമെന്നതു ഹിന്ദുത്വവാദികളുടെ മാത്രം അജണ്ടായെന്നാണ്. അത് ശരിയല്ല. ഇന്ത്യാ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് മൈസൂറിൽ ബീഫ് നിരോധിച്ചിരുന്നു. അന്ന് അതിനെ പ്രശംസിച്ചു സംസാരിച്ചത് ഗാന്ധിജിയായിരുന്നു. "നാം പ്രകൃതിയെ സ്നേഹിക്കണം, പ്രകൃതിയാണ് പശുവെന്ന്" ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജിയുടെ പ്രധാന വീക്ഷണം പശുവധ നിരോധനമായിരുന്നു. ഇന്ന് ഗാന്ധിജിയുടെ കാലമല്ല. ഗാന്ധിജിയുടെ രാമരാജ്യം ആരും ചെവികൊള്ളുകയില്ല. വിവര സാങ്കേതിക വിദ്യകൾ വളരെയധികം മുമ്പോട്ട് പോയിരിക്കുന്ന കാലഘട്ടത്തിൽ നമുക്കിനി പുറകോട്ടു പോകാൻ സാധിക്കില്ല. 'ഘർ വാപസി' എന്ന മതമൗലിക സംഘടനയും പറയുന്നത് 'നാം നൂറ്റാണ്ടുകളപ്പുറത്തേയ്ക്ക് മടങ്ങി പോവാനാണ്'. 

എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കുണ്ടെങ്കിലും ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നയമായിരുന്നു മാറി മാറി വന്ന ഇന്ത്യൻ സർക്കാരുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് മതേതരത്വത്തിന് മങ്ങലേൽപ്പിച്ചുകൊണ്ടു ഭൂരിപക്ഷത്തിന്റെ താൽപര്യം അടിച്ചേൽപ്പിക്കുന്ന ഒരു വ്യവ്യസ്ഥിതിയിലേയ്ക്ക് ഭാരതം മാറിക്കഴിഞ്ഞു. ഹിന്ദു സംസ്ക്കാരത്തിൽ മറ്റുള്ള മതങ്ങളുടെ സംസ്ക്കാരവും ഉൾപ്പെടുത്തുകയെന്നതാണ് ഇന്ന് സങ്കീർണ്ണമായ പ്രശ്നമായിരിക്കുന്നത്. ചരിത്രാദിത കാലം മുതൽ ഹിന്ദു മതം പ്രായോഗികതാവാദത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് ഹൈന്ദവ ചിന്താഗതികൾക്കൊപ്പം മറ്റുള്ള മതങ്ങളെയും എങ്ങനെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നുള്ളത് ഗഹനമായ ചിന്താവിഷയമാണ്. 

മാട്ടിറച്ചി ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ദളിതരുടെയും ഭക്ഷണമാണ്. ദരിദ്രരായവരുടെ തീൻ മേശയിലെ ചട്ടിയിൽ കൈയിട്ടു വാരാനാണ് ഹിന്ദുത്വ തീവ്രവാദികൾ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. പശു പ്രകൃതിയുടെ സംരക്ഷണത്തിനും കൃഷിയുടെ വികസനത്തിനെന്നും പറയുന്നുണ്ടെങ്കിലും പശുമാംസ നിരോധനം വിഷയമായിരിക്കുന്നത് മതപരമായ വൈകാരിക നേട്ടങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും മാത്രമാണുള്ളതെന്നും സംശയമില്ല. പശു ദൈവമാണെങ്കിൽ, ദൈവമായ ആ പശുവിനെ കൊല്ലുന്നതു നിരോധിച്ചാൽ നാളെ മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യം പിടിക്കലും നിരോധിക്കേണ്ടി വരും. നമ്മുടെ വസ്ത്രം, ഭക്ഷണം, ജീവിത രീതികൾ എന്നിവകൾ നിയന്ത്രിക്കുന്നത് സർക്കാരല്ല. പാവം പശുവിനെ ഇടയ്ക്കു നിർത്തി മാറി മാറി വരുന്ന സർക്കാരുകൾ എന്നും വിഭജിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നത്.  

ഇന്ത്യയിൽ ഇരുപതോളം സംസ്ഥാനങ്ങളിൽ പശുവധവും പശുക്കളെ ഭക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കേരളവും വെസ്റ്റ് ബംഗാളും ആന്ധ്രാപ്രദേശും മിസോറവും മേഘാലയവും നാഗാലാൻഡും തൃപുരയും സിക്കിമും നാളിതു വരെ പശുവധത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.ഭരണഘടനയുടെ നാല്പത്തിയെട്ടാം വകുപ്പുപ്രകാരം സംസ്ഥാനങ്ങൾക്ക് പശുവധം നിരോധിക്കാനുമുള്ള അധികാരം നൽകിയിട്ടുണ്ട്. ഓരോ സ്റ്റേറ്റിനും പശുക്കളെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ചില സ്റ്റേറ്റുകളിൽ പ്രായമായതും രോഗം പിടിച്ച കന്നുകാലികളെയും കൊല്ലാൻ അനുവാദം കൊടുക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഏതു സാഹചര്യങ്ങളിലും കന്നുകാലികളുടെ ജീവനെ പരിരക്ഷിക്കേണ്ടതായുണ്ട്. 1976-ൽ മഹാരാഷ്ട്ര സർക്കാർ പശുക്കളെ കൊല്ലുന്നതിനൊപ്പം മറ്റു എരുമ, ആട്, പോത്ത്, എന്നീ കന്നുകാലികളെ കൊല്ലുന്നതിനും പ്രത്യേകം ലൈസൻസ് വേണമെന്നുള്ള നിയമവും കൊണ്ടുവന്നു. ഇന്ത്യാ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചാണ് ഇങ്ങനെയൊരു നിയമം സർക്കാർ നടപ്പിലാക്കിയത്. പശുക്കളെ കൊല്ലുന്നത് പാപമെന്നു ഹൈന്ദവജനത വിശ്വസിക്കുന്നു. കൂടാതെ മാംസം ഉപേക്ഷിക്കുന്നമൂലം ഹൈന്ദവ ധർമ്മമനുസരിച്ചുള്ള സസ്യാഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കാൻ സാധിക്കും. അങ്ങനെ അഹിംസാ സിദ്ധാന്തം പൂർണ്ണമായും നടപ്പാക്കാനുള്ള അജണ്ടയാണ് സനാതനത്വത്തിന്റെ മറവിൽ ഹിന്ദുമത മൗലിക വാദികൾക്കുള്ളത്.


ഗോമാംസ നിരോധനം വാദിക്കുന്നവർ അതിന്റെ ഭവിഷ്യത്തുക്കളെ ചിന്തിക്കാറില്ല. ഗോമാംസം വിൽപ്പന ഉപജീവനങ്ങളായിട്ടുള്ളവർ തൊഴിൽ രഹിതരാകുന്ന സാഹചര്യങ്ങൾ വരുമെന്നുള്ളതും നിയമം കൊണ്ടുവരുന്നവർ പരിഗണിക്കാറില്ല. മാട്ടിറച്ചിയിൽ ഒരു മനുഷ്യനുവേണ്ട എല്ലാ പോഷക പദാർത്ഥങ്ങളുമുണ്ട്. നിരോധനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന വിഭാഗം സാധുജനങ്ങളായിരിക്കും. കൃഷിക്കാർക്ക് പശുക്കൾക്ക് പകരം എരുമ പോത്ത് മറ്റു മാടുകളെയും വളർത്തേണ്ടി വരും. അത്തരം മൃഗങ്ങളെ സംരക്ഷിക്കുകയെന്നതും ബുദ്ധിമുട്ടു പിടിച്ച ജോലിയാണ്. മാത്രവുമല്ല പശുക്കളെ നിലനിർത്തുന്ന വഴി കൃഷിക്കാരുടെ ഒരു വരുമാനമാർഗവും ഇല്ലാതാകും. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന ഗോമാംസം വ്യവസായവും നിലയ്ക്കും. ഔഷധങ്ങളുടെ ഉൽപാദനത്തിനും ഗോമാംസം ഉപയോഗിക്കുന്നുണ്ട്. 

തലമുറകളായി നാം പരിശീലിച്ചു വന്ന ഭക്ഷണരീതികൾക്കു മാറ്റം വരുത്തി ഒരു മതവിഭാഗത്തിന്റെ താത്പര്യമനുസരിച്ചു മറ്റു മതക്കാരും അനുസരിക്കേണ്ടതുണ്ടോ? അതിൽ സംസ്ഥാനങ്ങൾ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് ശരിയോ? അങ്ങനെയെങ്കിൽ അത് തികച്ചും ഏകാധിപത്യമെന്നെ പറയാൻ സാധിക്കുള്ളൂ. ഇങ്ങനെയുള്ള നിയമങ്ങൾ കന്നുകാലി സമ്പത്തിനെയും കന്നുകാലി വ്യവസായത്തെയും ബാധിക്കും. ലാഭമില്ലാത്ത കന്നുകാലി വ്യവസായങ്ങളോ കന്നുകാലികളെ വളർത്താനോ ആരും തയാറാവുകയില്ലായെന്ന വസ്തുതയും കണക്കിലാക്കണം. അതെ സമയം ഇറക്കുമതി ചെയ്യുന്ന മാംസാദി വിഭവങ്ങളിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയായിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന അനേക റസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.
  
ഗോവധ നിരോധന നിയമം കർശനമാക്കിയതിനാൽ മഹാരാഷ്ട്രയിലെ റെസ്റ്റോറന്റുകൾ പാപ്പരാവുകയും കശാപ്പുകാരുടെയും ഇറച്ചി വില്പനക്കാരുടെയും തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തു. കൊടുംപട്ടിണി മൂലം അനേകർ തെരുവുകളിലും അലയുന്നു. ലതർ വ്യവസായം പാടെ തകർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. മാട്ടിറച്ചി കഴിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമല്ല താണ ജാതിക്കാരായ ഹിന്ദുക്കളുടെ ഭക്ഷണവുംകൂടിയാണ്. മാട്ടിറച്ചി, അവരെ സംബന്ധിച്ച് ചെലവു ചുരുക്കിക്കൊണ്ടുള്ള പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമായിരുന്നു. ദളിതരും മറ്റു വിഭാഗങ്ങളും മാട്ടിറച്ചിയുടെ നിരോധനത്തിൽ പ്രതിക്ഷേധങ്ങളുമായി നാടാകെ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അനേകം മുസ്ലിം യുവാക്കളെ മാടിനെ കൊന്നതിന്റെ പേരിൽ അറസ്റ്റും ചെയ്തു. 'അമ്മയായ പശുവിനു'വേണ്ടി ദളിതരെ ചുട്ടുകരിച്ച വർത്തമാനകാലത്തിലെ കഥകളുമുണ്ട്. 

പശുവധ നിരോധനം മൂലം പ്രായമായ പശുക്കളെയും രോഗം ബാധിച്ച പശുക്കളെയും സംരക്ഷിക്കേണ്ടതായുണ്ട്. അത് വളരെ ചെലവുള്ള കാര്യവുമാണ്. ഒരു കൃഷിക്കാരനെ സംബന്ധിച്ച് വരൾച്ചയുടെ കാലഘട്ടത്തിൽ കന്നുകാലികളെ പോറ്റുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
പശുക്കളുടെ ക്രമാതീതമായ വർദ്ധനവുമൂലം കൃഷിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോൾ പശുക്കളെ വിറ്റാലും ആരും വാങ്ങിക്കാൻ കാണില്ല. എന്നാൽ അതിന്റെ ചാണകവും മൂത്രവും ജൈവ കൃഷികൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. പശുക്കളുടെ പാലും ഉപയോഗിക്കാൻ സാധിക്കുന്നു. നിലം ഉഴുതാനും കന്നുകാലികൾ പ്രയോജനപ്പെടും. ചാണകം കൊണ്ട് അടുക്കളയാവശ്യത്തിന് തീ കത്തിക്കാനും സാധിക്കും. 

പശുക്കളെ ഒരു സ്റ്റേറ്റിൽനിന്ന് മറ്റൊരു സ്റ്റേറ്റിലേയ്ക്ക് കയറ്റി അയക്കുന്നത് നിയമ വിരുദ്ധമാണ്. എങ്കിലും പശുക്കളെ കശാപ്പു ചെയ്യുന്നതിൽ നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് നിയമപരമല്ലാതെ മാടുകളെയും പശുക്കളെയും എത്തിക്കാറുണ്ട്. ചെന്നൈയിലും മുംബൈയിലും ആയിരക്കണക്കിന് പശുവധ അറവുശാലകളുണ്ട്. അത്തരം അറവുശാലകൾ നിർത്തൽ ചെയ്യാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 2013-ൽ ആന്ധ്രയിൽ തന്നെ മൂവായിരത്തിൽപ്പരം അറവുശാലകൾ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. ബീഫ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തു നിൽക്കുന്നു. ലോകത്തിൽ ബീഫ് കഴിക്കുന്ന ജനവിഭാഗങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തും ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കൂടുതലും പുറം രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നത് പോത്തിന്റെ ഇറച്ചിയാണ്. പോത്തിനെ ഹിന്ദുമതത്തിൽ വിശുദ്ധ മൃഗമായി കണക്കായിട്ടില്ല.

ഭരണഘടന പറയുന്നത് കൃഷിയ്ക്കുപകാരപ്രദമായ കന്നുകാലികളെയും അതിന്റെ കിടാങ്ങളെയും സംരക്ഷിക്കണം. അതിന്റെ ചുമതലകൾ സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അതിന്റെയർത്ഥം പശു ഒരു മതത്തിന്റെ ഭാഗമായ ദൈവിക മൃഗമെന്നല്ല. ബീഫ് നിരോധിക്കണമെന്നു പറയുന്നവർ ബീഫ് ഉപയോഗിക്കുന്നവർക്ക് നിർണ്ണായകമായ രോഗങ്ങൾ വരാമെന്നു   പ്രചാരണം നടത്താറുണ്ട്. അവരുടെ മനുഷ്യ സ്നേഹം എത്രമാത്രമെന്നും പറയാൻ സാധിക്കില്ല. ഒരു കക്ഷണം ബീഫ് കണ്ടാൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന മനസ്ഥിതിയാണ് അനേക ബീഫ് വിരുദ്ധ വാദികൾക്കുള്ളത്. അവിടെ മനുഷ്യസ്നേഹമെന്നത് എന്ത് പ്രസക്തിയെന്നും ചിന്തിക്കണം. നൂറു ഗ്രാം മാംസം ഒരു ടിന്നിൽ അടച്ചിട്ടാൽ ഏഴുവർഷം ജയിൽ ശിക്ഷ കൊടുക്കുന്ന നിയമ വ്യവസ്ഥയാണ് മധ്യപ്രദേശിൽ ഉള്ളത്. അതെ സമയം ബലാത്സംഗം ചെയ്യുന്നവരുടെ ശിക്ഷ വെറും രണ്ടു വർഷവും. ഇത് തീർച്ചയായും ബുദ്ധിശൂന്യരായ നിയമ നിർമ്മാതാക്കളുടെ ഒരു ഭ്രാന്തൻ നിയമമല്ലേ? ഇതിന്റെ പേരിൽ പന്തീരായിരം ആളുകൾ മധ്യപ്രദേശ് ജയിലിൽ കിടപ്പുണ്ട്.

ഗോവധ നിരോധനം വിവിധ സ്റ്റേറ്റുകളിൽ നടപ്പാക്കിയത് ഇപ്പോഴത്തെ ബിജെപി സർക്കാരെന്നും പറയാൻ സാധിക്കില്ല. ഇരുപതു  സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കിയത് കോൺഗ്രസ്സ് സർക്കാരാണ്. ഇത്രമാത്രം ബീഫ് പ്രശ്നത്തിൽ സമരങ്ങളും കലഹങ്ങളും കോലാഹലങ്ങളുമുണ്ടായിട്ടും കോൺഗ്രസുകാർ നിശബ്ദരായിരിക്കുന്നതിനും കാരണമതാണ്. ബീഫ് തിന്നുന്ന ക്രിസ്ത്യാനിയായ ഉമ്മൻ ചാണ്ടി പോലും ബീഫ് നിരോധിക്കുന്നത് തെറ്റെന്നു നാളിതുവരെ പറയാത്ത രഹസ്യവും അതുതന്നെയാണ്. ഗോവധ നിരോധനത്തിൽ ബി.ജെ.പി യ്ക്ക് കാര്യമായി പങ്കില്ലെങ്കിലും ആ നിയമത്തെ കൂടുതൽ കർശനമാക്കിയത് അവരാണ്. 'ഗോക്കൾ' വിശുദ്ധമാണെന്നു സ്ഥാപിക്കുന്ന ഒരു അജണ്ടയാണ് ബി.ജെ.പി യ്ക്കുള്ളത്.

മഹാരാഷ്ട്രയിൽ ചുവന്ന തെരുവെന്ന ഒരു സ്ഥലമുണ്ട്. അവിടെ സ്ത്രീകൾ വ്യപിചാര വൃത്തിയിൽക്കൂടി മാംസം വിൽക്കുന്നത് കുറ്റകരമല്ല. അതെ സമയം നൂറു ഗ്രാം ബീഫ് കൈവശം വെയ്ക്കുന്നവന് ഏഴു വർഷം കഠിനതടവും. ഇത്തരം ഒരു നിയമം കിരാതയുഗത്തിലെ ഭരണാധികാരികളുടെ കാലങ്ങളിൽപ്പോലും കാണില്ല. ഗോവധ നിരോധനം പ്രാവർത്തികമാക്കിയ സർക്കാരുകൾ എന്ത് നീതിയാണ് ചെയ്യുന്നതെന്നും അവ്യക്തമാണ്. 

തുകലു വ്യവസായത്തിൽ ലോകത്തു രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. തുകലുമായി ബന്ധപ്പെട്ട വാണിജ്യത്തിൽ ഏകദേശം രണ്ടു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗം സ്ത്രീകളാണ്. ഗോവധ നിരോധനം വഴി അവരെയെല്ലാം തൊഴിൽരഹിതരാക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കണമോ? എന്ത് ഭക്ഷിക്കണമെന്ന അധികാരം ഒരു പൗരനുണ്ട്. ഇവിടെ മാനുഷിക മൂല്യങ്ങളെ പൂർണ്ണമായി തിരസ്ക്കരിച്ചുകൊണ്ട് പശുക്കളുടെ സംരക്ഷകരായി സർക്കാരിടപെടുകയാണ്.   അതുപോലെ കന്നുകാലിയുടെ തുകൽ പ്രോസസ്സ് ചെയ്താണ് ബാറ്റായും മറ്റും ചെരുപ്പുകൾ നിർമ്മിക്കുന്നത്. ഈ ചെരുപ്പ് കാലിൽ ഇട്ടു നടക്കുന്നത് മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണരെന്നുള്ളതാണ് സത്യം.  

പശുക്കൾ ദിവ്യങ്ങളാണെന്നും അതിനെ വധിക്കാൻ പാടില്ലാന്നും പുരാണങ്ങളിലുണ്ടെന്നുള്ള ഹിന്ദുത്വവാദികളുടെ അബദ്ധ പ്രചാരണങ്ങളും ഹൈന്ദവരിൽ സംശയമുണ്ടാക്കുന്നു. വൈദിക കാലങ്ങളിലെ വേദഗ്രന്ഥങ്ങളിൽ ഗോക്കളെ കൊന്നിരുന്നതായും വീട്ടിൽ അതിഥികൾ വരുമ്പോൾ സൽക്കരിച്ചിരുന്നത് ഗോമാംസം കൊടുത്തായിരുന്നുവെന്നും വൈദികകാല ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഡോക്ടർ അംബേദ്ക്കറിന്റെ പുസ്തകങ്ങളിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുമുണ്ട്. വൈദിക കാലങ്ങളിൽ സനാതന വാദികൾ വേദങ്ങളെ സംബന്ധിച്ച് ബുദ്ധന്മാരും ജൈനന്മാരും തമ്മിൽ താർക്കിക വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അക്കാലങ്ങളിൽ ബുദ്ധമതക്കാരോട് ഒരു വെല്ലുവിളിയെന്നോണം ബ്രാഹ്മണ സമുദായം ഗോക്കളെ ദിവ്യത നിറഞ്ഞ ഒരു മൃഗമായി തിരഞ്ഞെടുത്തു. അതിനുമുമ്പുള്ള കാലങ്ങളിൽ സനാതനികൾ ഗോക്കളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. മനുപോലും ഗോക്കളെ കൊല്ലുന്നതു മഹാപാപമായി കണ്ടില്ല. ചെറിയ കുറ്റമായി മാത്രമേ ഗോവധത്തെ അദ്ദേഹം കണ്ടിരുന്നുള്ളൂ.

അശ്വമേധത്തിന്റെ അവസാനത്തിൽ ഇരുപത്തിയൊന്ന് പശുക്കളെ ബലി കഴിക്കണമെന്നു വാല്മീകി പറയുന്നുണ്ട്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' യെന്നു മാത്രം നാം പഠിച്ചു. എന്നാൽ അതിനൊപ്പം രാജാവിനു സുഖമായി ഭരിക്കാനുള്ള അവസരം കൊടുക്കുകയും ബ്രാഹ്മണർക്കും ഗോക്കൾക്കും സൗഖ്യം നൽകണമെന്നും അടുത്ത ശ്ലോകത്തിൽ പറയുന്നുണ്ട്. അങ്ങനെ ബ്രാഹ്‌മണ്യധികാരത്തിൽ 'ഗോക്കൾ' പശു ഭക്തരുടെ മാതാക്കളായി മാറി. പശു മാതാവാണെങ്കിലും അതിന്റെ ഉപയോഗം കഴിഞ്ഞു കറവയും പറ്റി ചത്തു പോയാൽ അതിനെ കുഴിച്ചിടാൻ ദളിതരെ ഏൽപ്പിക്കും. പശു അമ്മയാണെങ്കിൽ മരിച്ചുകിടക്കുന്ന അമ്മയുടെ മരണാനന്തര കർമ്മങ്ങൾ നടത്തേണ്ടത് മക്കളല്ലേ? അതിനു പകരം പശുവിനെ കുഴിച്ചിടുന്ന സമയത്തുപോലും അവർ എത്തി നോക്കുകയില്ല. 













http://www.malayalamdailynews.com/?p=239108

http://emalayalee.com/varthaFull.php?newsId=128922

http://www.kalavedionline.com/index.php?cat=Special&news=2680


http://www.joychenputhukulam.com/newsMore.php?newsId=59308&content=%E0%B4%AC%E0%B5%80%E0%B4%AB%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82_%E0%B4%A4%E0%B5%80%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B6%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82_(%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D


കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...