Friday, February 28, 2020

വിശുദ്ധ പദവിയിലെത്തുന്ന ദേവസഹായപിള്ളയും കാല്‍പനികകഥകളും

Image result for deva sahayam pilla pictures

ജോസഫ് പടന്നമാക്കൽ

2020 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയിൽക്കൂടി ദൃശ്യമായ ഒരു അത്ഭുത സിദ്ധിയെ മാർപാപ്പാ അംഗീകരിച്ചു. ദേവ സഹായം പിള്ളയെ വിശുദ്ധനാക്കാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായിരിക്കുന്നു.  ഇന്ത്യയിൽനിന്നും  വിശുദ്ധപട്ടം കിട്ടുന്ന ആദ്യത്തെ അല്മായൻ ദേവസഹായം പിള്ളയായിരിക്കും.  അദ്ദേഹത്തിൻറെ ജീവിതത്തെപ്പറ്റി ആധികാരികമായ  ഒരു ചരിത്ര രേഖയില്ല. കോട്ടാർ രൂപതയുടെ വെബ്‌സൈറ്റിൽ ദേവസഹായം പിള്ളയുടെ ജീവചരിത്രം സംഗ്രഹിച്ചിട്ടുണ്ട്.  രൂപതയുടെ വിവരശേഖരണത്തിൽനിന്നും അദ്ദേഹത്തെപ്പറ്റി വായിച്ചറിഞ്ഞ  ആധികാരികമല്ലാത്ത ചരിത്രവും ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   

"തിരുവിതാംകൂർ രാജാവ് മാർത്താണ്ഡ വർമ്മയുടെ കാലത്താണ് ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രം പണിയാരംഭിച്ചത്.  നീലകണ്ഠപിള്ള (ദേവസഹായം) ക്ഷേത്രത്തിന്റെ മേല്നോട്ടക്കാരനും കാര്യക്കാരനുമായിരുന്നു. 1741-ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാം കൂർ സൈന്യം ഡച്ചുകാരെ  പരാജയപ്പെടുത്തി. തടവുകാരനാക്കപ്പെട്ട ഡച്ചുകാരനായ 'ഡിലനായിയെ' രാജാവ്  സൈന്യാധിപനാക്കി നിയമിച്ചു.   ഉദയ ഗിരി കോട്ട പണിയുന്ന ചുമതല ഡിലനായിക്കായിരുന്നു. കോട്ടയ്ക്കുള്ളിൽ  രാജകീയ അനുമതിയോടെ ഒരു ദേവാലയവും  പണിതുയർത്തി. ഡിലനായി  വലിയ ക്രിസ്തു ഭക്തനായിരുന്നു. അദ്ദേഹത്തിൻറെ വിശുദ്ധിയും പ്രാർത്ഥനാ ജീവിതവും കണ്ട നീലകണ്ഠന് യേശുവിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ടായി. ഡിലനായി അദ്ദേഹത്തെ തിരുനൽവേലിയിലുള്ള ഒരു പള്ളിയിൽ മതപഠനത്തിനായി അയച്ചു.  1745-ൽ   ഫാദർ ജിയോവാന്നി ബാറ്റിസ്റ്റ ബുട്ടറി (Fr. Giovanni Battista Buttari) വടക്കൻകുളം അദ്ദേഹത്തിന്  മാമോദീസ നൽകി ക്രിസ്ത്യാനിയാക്കി.  അദ്ദേഹം ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു.

ആധികാരികമായ രേഖകളില്ലെങ്കിലും ദേവസഹായത്തിന്റെ ജീവചരിത്ര രേഖകൾ  കോട്ടാർ  രൂപതയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  '1712 -ൽ കന്യാകുമാരി ഡിസ്ട്രിക്ടിൽ വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി ദേവസഹായം പിള്ള ജനിച്ചു. 'അമ്മ നായർ സമുദായത്തിലുള്ള ഒരു സ്ത്രീയായിരുന്നു.  ശിവന്റെ പേരിൽ നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.  മരുമക്കത്തായം നിലനിന്നതുകൊണ്ട് അദ്ദേഹത്തിൻറെ ജാതി  നായരായി അറിയപ്പെട്ടു. 'നീലം'വളർന്നു കഴിഞ്ഞപ്പോൾ രാജകൊട്ടാരത്തിൽ നല്ല സ്ഥാനമാനങ്ങൾ  നൽകിയിരുന്നു. പേരിന്റെ കൂടെ പിള്ളയെന്ന സ്ഥാനപ്പേരും നൽകി. അങ്ങനെയാണ് നീലകണ്ഠൻ പിള്ളയായത്. അദ്ദേഹത്തിൻറെ പിതാവ് ശിവന്റെ പേരിൽ പ്രതിഷ്ട ചെയ്ത ഒരു അമ്പലത്തിന്റെ പൂജാരിയായിരുന്നു.  ബാലനായപ്പോൾ തന്നെ ആയുധ കലകളിൽ പ്രാവിണ്യം നേടിയിരുന്നു. തമിഴും മലയാളവും സംസ്കൃതവും പഠിച്ചിരുന്നു. കൂടാതെ കളരിപ്പയറ്റും മർമ്മ ശാസ്ത്രവും പഠിച്ചു. നീലകണ്‌ഠ പിള്ള മാർത്താണ്ഡ വർമ്മ രാജാവിന്റെ പട്ടാളക്കാരനായി സേവനം ആരംഭിച്ചു. പിന്നീട് പത്ഭനാഭപുരത്തുള്ള നീലകണ്‌ഠ സ്വാമി ക്ഷേത്രത്തിലെ ചുമതലക്കാരനായി ജോലിയെടുത്തു. ഉദയ ഗിരി കോട്ട ഡച്ചുകാരനായ ഡിലനായുടെ നേതൃത്വത്തിലായിരുന്നു പണിതുകൊണ്ടിരുന്നത്. തൊഴിലാളികൾക്ക് കൂലി കൊടുക്കുന്ന ചുമതല നീലകണ്‌ഠ പിള്ളയ്ക്കായിരുന്നു.   നല്ല വിദ്യാസമ്പന്നനും, കളരിപ്പയറ്റ് വിദഗ്ദ്ധനുമായ  നീലകണ്‌ഠ പിള്ളയെ രാജാവിനു വളരെ പ്രിയമായിരുന്നു. അമ്പലത്തിൽ പൂജാ കർമ്മങ്ങളുമായി ഭക്തനായി കഴിഞ്ഞിരുന്നു. അമ്പലത്തിന്റെ സുരക്ഷിതത്വ ചുമതലയും നീലകണ്ഠനായിരുന്നു. അദ്ദേഹം ഒരു ബ്രാഹ്മണ സ്ത്രീയായ ഭാർഗവി അമ്മാളിനെ വിവാഹം ചെയ്തു. നീലകണ്ഠൻ ഭൂസ്വത്തുണ്ടായിരുന്ന ധനികനായിരുന്നതുകൊണ്ട്  നിരവധി  പെൺകുട്ടികളുടെ മാതാപിതാക്കൾ അദ്ദേഹത്തിനുവേണ്ടി വിവാഹ വാഗ്ദാനമായി വരുമായിരുന്നു. '

കരിഷ്മാറ്റിക്ക് നേതാവായ 'ബെന്നി പുന്നത്തറ' എഴുതിയ   ദേവസഹായം പിള്ളയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു  ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളിൽനിന്നും ഭാവനാത്മകമായ ചില വിവരങ്ങൾ ചുരുക്കമായി ഇവിടെ ചേർക്കുന്നു. "പിള്ളയുടെ ക്രിസ്തുമതത്തിലേക്കുള്ള മാറ്റം  മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ ദളവായായ രാമയ്യന്  അതൃപ്തിയുണ്ടാക്കി. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന ഭീഷണി പ്പെടുത്തി. വസ്ത്രം ഊരി രാജ സന്നിധിയിൽ കൊണ്ടുപോയിയെന്നും മതത്തിൽ തിരിച്ചു വന്നാൽ വലിയ ഉദ്യോഗങ്ങൾ  വാഗ്ദാനം ചെയ്‌തെന്നും കഥകൾ തുടരുന്നു. ദണ്ഡന മുറകൾ നൽകിയെന്നും കഴുത്തിൽ എരിക്കിൻ മുള്ള് ഇട്ടു വലിച്ചെന്നും അക്കാലങ്ങളിൽ ക്രിസ്ത്യാനികളെ മുഴുവൻ രാജാവ് പീഡിപ്പിച്ചെന്നും  പറയുന്നു. എരുമപ്പുറത്ത് കയറ്റി ചാട്ട വാറുകൊണ്ട് അടിച്ചിട്ടും അദ്ദേഹം ക്രിസ്തീയ വിശ്വാസം  ഉപേക്ഷിച്ചില്ല. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുളക് പൊടി വിതറി നട്ട വെയിലിൽ നിർത്തിയിരുന്നു. പ്രതിദിനം ചാട്ടവാറുകൾ കൊണ്ടുള്ള 'മുപ്പതു അടികൾ'  വീതം സഹിക്കേണ്ടി വന്നു. ദാഹിക്കുമ്പോൾ ചകിരി ചീഞ്ഞ അഴുക്കു ജലം കുടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ചോരത്തുള്ളികൾ എരുമയുടെ പുറത്തുംകൂടി ഒലിച്ചു. വഴിവക്കിൽ ചിലർ കരയുമ്പോൾ മറ്റു ചിലർ പൊട്ടി ചിരിക്കുമായിരുന്നു." (Ref:ബെന്നി പുന്നത്തറ)  കോട്ടാർ രൂപതയും പുരോഹിതരും വിശ്വാസികളെ കൂടതന്ത്രങ്ങളിൽക്കൂടി കെണിയിൽ പെടുത്തുവാൻ തക്കവണ്ണം നിരവധി കഥകൾ ഇതിനോടകം വിശുദ്ധനെപ്പറ്റി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1749  മുതൽ 1752 വരെ കഠിനമായി പീഡിപ്പിച്ച ശേഷം നാഗർകോവിൽ തിരുനെൽവേലി റോഡ് സൈഡിലുള്ള ഒരു വനപ്രദേശത്തു മാർത്താണ്ഡ  വർമ്മയുടെ പട്ടാളക്കാർ ദേവസഹായം പിള്ളയെ വെടി വെച്ചുകൊന്നുവെന്നാണ് കഥ.

2012 ജൂൺ ഇരുപത്തിയെട്ടാം തിയതി  രക്തസാക്ഷിയായ ദേവസഹായം പിള്ളയെ  സഭയുടെ വിശുദ്ധനാക്കുന്ന ആദ്യത്തെ പടിയായി വാഴ്ത്തപ്പെട്ടവൻ എന്നു പ്രഖ്യാപിച്ചു. ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനെന്നു  വിളിക്കാനുള്ള സഭയുടെ ചേതോവികാരം എന്തായിരിക്കും? ഇങ്ങനെ ഒരാളിന്റെ ജീവിതവുമായി ചരിത്രത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ആരെയാണ് സാധാരണ രക്തസാക്ഷിയെന്നു വിളിക്കാറുള്ളത്. പോപ്പ്, യൂറോപ്പിന്റെ മേൽ പരമാധികാരിയായിരുന്ന കാലത്തിൽ  സഭയ്ക്കു വേണ്ടി യുദ്ധം ചെയ്തു മരിക്കുന്ന  പട്ടാളക്കാരെ  സഭയുടെ രക്തസാക്ഷികളെന്നു വിളിച്ചിരുന്നു.  സഭയുടെ ഈ വീര ശൂര പരാക്രമികൾ കൊല്ലും കൊലയും അക്രമണങ്ങളും നടത്തുമായിരുന്നു. കീഴടങ്ങുന്നവരെ മതപരിവർത്തനവും നടത്തിയിരുന്നു. സ്വന്തം ജീവിതം ഏറ്റുമുട്ടലിൽ നഷ്ടപ്പെടുകയും ചെയ്യാമായിരുന്നു. ഈ രക്തസാക്ഷികൾ കന്യാകുമാരിയിൽനിന്ന് ആയിരക്കണക്കിന് മൈലുകൾക്കുമപ്പുറം സഭയ്ക്കുവേണ്ടി ത്യാഗം അനുഷ്ടിച്ചവരായിരുന്നു. രക്തസാക്ഷികളുടെ രക്തം സഭയുടെ ബീജമാണെന്ന് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'ഫാദർ ടെർട്‌ലിൻ' എഴുതി. സഭയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള ചുടുരക്തം ഓരോ രക്തസാക്ഷികളും വഹിച്ചിരുന്നു.

രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധ പദവികളുടെയും  പിന്നിലുള്ളത് മതത്തിൽ കൂടുതൽ ആളുകളെ  ആകർഷിക്കുകയെന്നുള്ളതാണ്. വത്തിക്കാന്റെ അസ്തിത്വം നില നിർത്തുന്ന യോദ്ധാക്കളാണ് ഈ രക്തസാക്ഷികളെന്ന് ജോൺ പോൾ പറയുകയുണ്ടായി. സഭയുടെ ആദ്യ നൂറ്റാണ്ടുകൾ സഭയെ രക്തസാക്ഷികളുടെ രക്തം കൊണ്ട് പടുത്തുയർത്തിയതായിരുന്നു. ദൈവത്തിനു വേണ്ടി മരിച്ച അജ്ഞാത യോദ്ധാക്കളെന്നും അവരെ വിശേഷിപ്പിക്കാറുണ്ട്.

മതം മനുഷ്യന്റെ ആന്തരിക ചിന്തകളെയും മനുഷ്യത്വത്തെയും  ഉണർത്തുന്നുവെന്നാണ് വെപ്പ്.  മതത്തിൽനിന്നു അവനിൽ ദിവ്യത്വവും കൽപ്പിക്കുന്നു. ഇത്തരം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ മതത്തിന്റെ പരിപാവനത മനസിലാക്കാൻ സാധിക്കും. എന്നാൽ മതം രാജ്യങ്ങൾ കീഴ്പെടുത്തി സമ്മർദങ്ങളിൽക്കൂടെ മതപ്രചാരണം നടത്തുന്നുവെങ്കിൽ അതിൽ വിശ്വസിക്കുന്ന മതത്തെ എന്തു പേരു   വിളിക്കണമെന്ന് വ്യക്തമല്ല. മതം എന്നാൽ അഭിപ്രായങ്ങൾ എന്നാണ് അർത്ഥം. കൊളോണിയൽ കാലങ്ങളിൽ  രാജ്യങ്ങൾ കീഴടക്കുന്ന സമയം അവിടെയുള്ള ജനങ്ങളെ ഭീക്ഷണികൾകൊണ്ട് ക്രിസ്തു മതത്തിൽ ചേരാൻ നിർബന്ധിച്ചിരുന്നു.  ബലപ്രയോഗത്തോടെയുള്ള മത പരിവർത്തനത്തെ സ്വദേശികളായ നാട്ടുകാർ എതിർക്കുമ്പോൾ ഏറ്റുമുട്ടലുകളും സംഭവിക്കാം.  സഭയുടെ യോദ്ധാക്കളും അവിടെ മരിക്കാനിട വരുന്നു. പിന്നീട് അവരെ സഭയ്ക്കു  വേണ്ടി മരിച്ച രക്തസാക്ഷികളായി വാഴ്ത്തുകയും ചെയ്യും.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യയിൽ വന്നപ്പോൾ പറഞ്ഞ വാക്കുകളിൽ ചില യാഥാസ്ഥികരായ ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു.  'ആദ്യത്തെ പത്തു നൂറ്റാണ്ടുകളിൽ ഞങ്ങൾ  യൂറോപ്പിനെ ക്രിസ്തീയ രാജ്യങ്ങളാക്കി.  രണ്ടാമത്തെ പത്തുനൂറ്റാണ്ടുകൾ അമേരിക്ക ഭൂഖണ്ഡത്തെയും  ക്രിസ്ത്യൻ രാജ്യങ്ങളാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏഷ്യ മുഴുവൻ ഞങ്ങൾ കുരിശുകൾ നാട്ടും'. സഭയ്ക്ക് ആത്മാക്കളുടെ സമൃദ്ധി ആവശ്യമാണ്. അതിന്റെ പരിണിത ഫലമാണ് രക്തസാക്ഷികൾ. സഭ കേരളത്തിലും തമിഴ് നാട്ടിലും ശ്രീ ലങ്കയിലും രക്തസാക്ഷികളെ തേടി നടക്കുന്നു.  ജോൺ പോൾ രണ്ടാമൻ മാർപാപ്പ രക്തസാക്ഷികളുടെ ധീരോജ്വലമായ ഡോകുമെന്റുകൾ ശേഖരിക്കാനും ആവശ്യപ്പെട്ടിരുന്നു.

രക്തസാക്ഷിയായ ഒരു വിശുദ്ധനെ തേടിയുള്ള  ഖനനത്തിൽ കണ്ടുപിടിച്ചയാളാണ്, ദേവസഹായം പിള്ള. ദേവസഹായം പിള്ളയുടെ  ചരിത്രം നിരവധി  ക്രിസ്ത്യൻ വെബ്‌സൈറ്റുകളിലും  ചേർത്തിട്ടുണ്ട്.

ദേവസഹായ പിള്ളയെ വിശുദ്ധനാക്കുക വഴി സഭയുടെ അന്തസ്സിനും സമൂഹത്തിനും ഗുണപ്രദമാവുമെന്നാണ് കോട്ടൂർ രൂപത വെബ്‌സൈറ്റ് പറയുന്നത്. അതിൽനിന്നും മനസിലാക്കേണ്ടത്  ദേവസഹായം പിള്ള സഭയുടെ പുതിയ ഒരു വ്യാവസായിക ഉൽപ്പന്നമെന്നാണ്. വ്യവസായത്തിനായുള്ള സഭയുടെ ഒരു ഉപകരണം മാത്രം.  സഭയുടെ  ഈ വിശുദ്ധനെ വാഴിക്കുന്നതിൽക്കൂടി  യാതൊരു ആദ്ധ്യാത്മികതയും കാണുന്നില്ല.  ഏതെല്ലാം ദിശയിൽ ഈ വ്യാവസായിക ഉൽപ്പന്നം പ്രയോജനപ്പെടുത്താമെന്നും സഭ ചിന്തിക്കുന്നു. ദേവസഹായത്തോടുള്ള ഭക്തി അക്രൈസ്തവരിലും കടന്നുകൂടും. തമിഴ് നാട്ടിലും തെക്കേ കേരളത്തിലും ശ്രീ ലങ്കയിലും ഈ വിശുദ്ധൻ പ്രസിദ്ധനാകും. അതുമൂലം ആ ഭൂപ്രദേശങ്ങളിലെല്ലാം ധനസമ്പാദനത്തോടൊപ്പം മതം പ്രചരിക്കുകയും ചെയ്യാം.

ദേവസഹായം പിള്ളയുടെ 'വിശുദ്ധീകരണ ദിനം' ജനുവരി പതിനാലാം തിയതിയെന്നാണ്  സഭയുടെ കലണ്ടറിൽ കുറിച്ചിരിക്കുന്നത്.  ആ ദിവസമാണ് ദേവസഹായം പിള്ള രക്തസാക്ഷിയായി എന്നുള്ള  കഥയും. കത്തോലിക്ക ബിഷപ്പ് കോൺഫറൻസും ആ തിയതി അംഗീകരിച്ചു. ജനുവരി പതിനാലാം തിയതി ഹിന്ദുക്കളുടെ ഒരു പുണ്യ ദിനമാണ്. അന്നേദിവസമാണ് തമിഴർ 'പൊങ്കൽ' ആചരിക്കുന്നതും. പൊങ്കൽ ദിവസം തന്നെ ദേവസഹായ പിള്ളയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുന്നതിൽ ഹൈന്ദവ സംഘടനകളിലും എതിർപ്പുണ്ട്.  സ്ഥലത്തെ ആചാരങ്ങളായ പൊങ്കൽ ദിന ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ദേവസഹായ പിള്ളയുടെ  മരിച്ച ദിനം കൊണ്ടാടുന്നതെന്നും കരുതുന്നു. രാഷ്ട്രീയ ലക്ഷ്യവും മത പരിവർത്തനവുമെന്ന് ചില ഹൈന്ദവ സംഘടനകൾ  വിശ്വസിക്കുന്നു.

ചരിത്രപരമായ തെളിവുകളോടെയാണ് ദേവസഹായത്തിന്റെ ഈ വിശുദ്ധ പദവിയെന്നു  സാധാരണക്കാർ വിശ്വസിക്കുന്നു. മണ്ണിന്റെ പുത്രനെന്നു കരുതുകയും ചെയ്യുന്നു. വിശ്വാസത്തിനടിമപ്പെട്ടു കഴിഞ്ഞാൽ സത്യം അന്വേഷിക്കാൻ ആരും മെനക്കെടാറില്ല. ദേവസഹായം പിള്ളയുടെ  കഥ ചരിത്രമല്ലെന്ന് സഭയ്ക്കും അറിയാം. ഗവേഷണം നടത്തുന്നവർക്ക് മണ്ണിന്റെ ഈ പുത്രൻ വെറും കെട്ടുകഥയെന്നു മനസിലാകും. സത്യത്തിനു വിരുദ്ധമായ കഥകളാണ് സഭ നെയ്തുണ്ടാക്കിയിരിക്കുന്നത്.

പ്രസിദ്ധ ചരിത്രകാരനായ ശ്രീധര മേനോൻ 2004 ജനുവരി ഇരുപത്തിനാലാം തീയതി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു, "തിരുവിതാം കൂറിന്റെ ചരിത്രത്തിൽ  മതം മാറ്റിയെന്ന പേരിൽ ഒരാളെ പോലും രാജവംശം ശിക്ഷിച്ചിട്ടില്ല. ആരെയും വധിച്ചിട്ടില്ല. ദേവസഹായത്തിന്റെ കഥ  നല്ലവണ്ണം നെയ്തെടുത്തതും ഭാവനയിൽ കുരുത്തതുമാണ്." ഇന്ത്യയുടെ ചരിത്ര ഗവേഷകനും ഹിസ്റ്റോറിക്കൽ റിസർച്ച് അദ്ധ്യക്ഷനുമായിരുന്ന (Council of Historical Research, ICHR) എംജിഎസ്  നാരായണൻ പറഞ്ഞത് 'കേരള ചരിത്രത്തിൽ നീലകണ്‌ഠ പിള്ള യെന്നോ ദേവസഹായം പിള്ളയെന്നോ പേരുള്ള ഒരു പട്ടാള മേധാവി മാർത്താണ്ഡ വർമ്മയ്ക്കുണ്ടായിരുന്നതായി അറിവില്ലാ'യെന്നാണ്.

ചരിത്രകാരനായ 'ശ്രീ  നാഗം അയ്യ'  ട്രാവൻകൂർ സ്റ്റേറ്റ്  മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നത്, "ദേവസഹായം പിള്ളയുടെ കഥകൾ ആദ്യം  പ്രചാരത്തിൽ വന്നത് മതം മാറിയ  പുതു ക്രിസ്ത്യാനികളിൽ നിന്നുമെന്നാണ്.  കര മൂപ്പന്മാരുടെയും   പൂർവികരുടെയും  വീരകഥകൾ പ്രചരിപ്പിക്കുക എന്നത് ഹിന്ദുക്കളിൽ താഴ്ന്ന വിഭാഗങ്ങളിലുള്ളവരുടെ  കീഴ്വഴക്കമായിരുന്നു. പിന്നീട് അവരെ കുലദൈവങ്ങളായി ആചരിക്കുകയും ചെയ്യും. അതുപോലെ പുതുക്രിസ്ത്യാനികളിലും   പൂർവികരുടെ വീര കഥകൾ  പ്രചരിപ്പിക്കുന്ന  കീഴ്വഴക്കമുണ്ടായിരുന്നു."  അങ്ങനെ ദേവസഹായം പിള്ളയ്ക്കും വ്യാജ കഥകളിൽ വീരപട്ടം ലഭിച്ചുവെന്നു  കരുതണം.

ദേവ സഹായ പിള്ളയെപ്പറ്റി എഴുതുന്ന ക്രിസ്ത്യൻ കഥാകൃത്തുക്കൾ  തിരുവിതാം കൂർ രാജാക്കന്മാരുടെ കാലത്ത് മതപീഡനം ഉണ്ടായിരുന്നുവെന്ന കെട്ടുകഥകൾ  എഴുതിക്കൊണ്ടിരിക്കുന്നു. മതപീഡനം സ്ഥാപിക്കാൻ വ്യാജ  തെളിവുകളും  സൃഷ്ടിക്കുന്നു. ചരിത്രത്തിൽ എന്തു  തെളിവെന്ന് ഇവർക്കാർക്കും സ്ഥാപിക്കാൻ സാധിക്കുന്നില്ല. അതേ സമയം ക്രിസ്ത്യാനികളെയും ദേവ സഹായത്തേയും  പീഡിപ്പിച്ചെന്നു  പറയുന്ന മാർത്താണ്ഡ വർമ്മ രാജാവ് വരാപ്പുഴ പള്ളിക്ക് സ്ഥലം ദാനം ചെയ്യുകയും പള്ളിക്ക് കരം അടയ്‌ക്കേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (തിരുവിതാംകൂർ മാനുവൽ , വോളിയം l. പേജ് 16, ടി.കെ. വേലുപ്പിള്ള )

നീലകണ്‌ഠ  പിള്ളയെ അടക്കിയ കോട്ടാർ പള്ളി ഫ്രാൻസീസ് സേവ്യറിന്റെ പേരിലാണ്. കന്യാകുമാരിയിൽ നല്ലൊരു ശതമാനം ക്രിസ്ത്യാനികളുണ്ട്. സെന്റ്. തോമസ് രക്തസാക്ഷിയായതുപോലെ നീലകണ്‌ഠ പിള്ളയും രക്തസാക്ഷിയായി സഭയുടെ ഔദ്യോഗിക റിക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ മഹാരാജാവ് മാർത്താണ്ഡ വർമ്മ മഹാരാജാവ് 'പിള്ളയെ' മൂന്നു വർഷം ജയിലിൽ അടച്ച് പീഡിപ്പിച്ചു കാട്ടിൽ കൊണ്ടുപോയി വെടി വെച്ചു കൊന്നുവെന്നുള്ള  കഥയും വിശ്വസിക്കാൻ വിശ്വാസികളുമുണ്ടാവും. കേരള ജനത ബഹുമാനിച്ചിരുന്ന വീര മാർത്താണ്ഡ വർമ്മ രാജാവിനെ  ചരിത്രത്തിലെ വില്ലനായും ചിത്രീകരിക്കും. ദേവസഹായത്തെപ്പറ്റി വ്യജകഥകൾ നെയ്തുണ്ടാക്കി പ്രചരിപ്പിക്കുന്ന വഴി മഹാനായ ഒരു രാജാവിനെയാണ് അപമാനിക്കുന്നത്. ദേവസഹായത്തിന്റെ കെട്ടുകഥയിലൂടെ  അന്നത്തെ കേരള സമൂഹത്തെ ബാർബേറിയൻമാരായും  ചിത്രീകരിക്കുന്നു.

ചരിത്രകാരനായ ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂർ മാനുവലിൽ വോളിയം ഒന്നിൽ പതിനാറാം പേജിൽ  എഴുതിയിരിക്കുന്നത് നോക്കുക, "തിരുവിതാകൂർ മഹാരാജാവായിരുന്ന കാർത്തിക തിരുന്നാൾ, ഡിലനായി  ആവശ്യപ്പെട്ട പ്രകാരം 'ഉദയഗിരി പള്ളി' പണിക്കുള്ള ചെലവുകൾ വഹിച്ചു. കൂടാതെ രാജാവ് പള്ളി വികാരിക്ക്  100  പണം ശമ്പളവും നല്കുന്നുണ്ടായിരുന്നു. സ്‌കോട്ടീഷ് ക്രിസ്ത്യാനിയായ കേണൽ മൺറോ തിരുവിതാം കുർ ദിവാനായിരുന്നു. ക്രിസ്ത്യാനികളോട് വിരോധമുള്ള രാജാവ് ക്രിസ്ത്യാനിയെ ദിവാനാക്കുന്നതും വിരോധാഭാസമാണ്. തിരുവിതാം കുർ രാജാക്കന്മാരെ മതഭ്രാന്തരായി ചിത്രീകരിക്കുന്നവർ രാജാക്കന്മാർക്ക് അക്കാലങ്ങളിൽ ക്രിസ്ത്യാനികളുമായുണ്ടായിരുന്ന സഹകരണവും പഠിക്കണം.  കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ രാജാക്കന്മാരെ വർഗീയവാദികളായി ചിത്രീകരിക്കേണ്ടത് സഭയുടെ ആവശ്യമായി മാറിയിരിക്കുന്നു.

ഡച്ചുകാരനായ 'ഡിലനായി' ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായിരുന്നു. ഉദയഗിരി ഫോർട്ടിലുള്ള അദ്ദേഹത്തിൻറെ പള്ളി പ്രൊട്ടസ്റ്റന്റുകാരുടെ പള്ളിയാണ്. പോരാഞ്ഞ് ഇന്ത്യയിലുള്ള ഡച്ചു മിഷിനറിമാരായിരുന്നു  അന്ന് മതം മാറുന്നവർക്ക് മാമ്മോദീസ കൊടുത്തിരുന്നതും. അങ്ങനെയുള്ള സാഹചര്യത്തിൽ ഡിലനായി എന്തുകൊണ്ട് നീലകണ്‌ഠ പിള്ളയെ കത്തോലിക്കനായി മാമ്മോദീസ മുക്കാൻ അയച്ചു. മഹാരാജാവിന്റെ ജനറൽ മാമ്മോദീസ മുങ്ങിയാൽ രാജാവിന് എന്തെങ്കിലും പ്രായോജനമുണ്ടാകുമായിരുന്നോ? ഉയർന്ന ജാതിക്കാരനായ നീലകണ്‌ഠ പിള്ള  യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ലാത്ത കത്തോലിക്ക സഭയിൽ മാമ്മോദീസ മുങ്ങിയാൽ  എന്ത് നേട്ടമായിരുന്നു അയാൾക്ക് ഉണ്ടാവുന്നത്?  ഇതിൽ നിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ളയുടെ കള്ളക്കഥ രചിച്ചവർക്ക് അന്നത്തെ തിരുവിതാം കൂറിന്റെ രാഷ്ട്രീയ സാമൂഹിക ചരിതം അറിഞ്ഞു കൂടായിരുന്നുവെന്നാണ്. അല്ലെങ്കിൽ അന്നത്തെ കാലത്തെ യൂറോപ്പിന്റെ  രാഷ്ട്രീയ പശ്ചാത്തലവും അവർക്ക് അജ്ഞാതമായിരുന്നു. റ്റി.കെ. വേലുപ്പിള്ളയുടെ ബുക്കിൽ മാർത്താണ്ഡ വർമ്മ രാജാവിന്റെ തിരുവിതാം കൂർ പട്ടാളത്തിൽ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. (വോളിയം 4, പേജ് 122)  അങ്ങനെയെങ്കിൽ ക്രിസ്ത്യാനിയായ ദേവസഹായം പിള്ള എങ്ങനെ കുറ്റവാളിയാകും?

നീലകണ്‌ഠ പിള്ളയെ  മത പരിവർത്തനം ചെയ്ത നാളുകളിൽ യൂറോപ്പിൽ പ്രൊട്ടസ്റ്റന്റ്കാരും കത്തോലിക്കരും തമ്മിൽ പരസ്പ്പരം യുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലും കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്കാരുമായുള്ള വഴക്കുകൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കൊച്ചി ഫോർട്ട് പിടിച്ച ശേഷം പ്രൊട്ടസ്റ്റന്റ് ഡച്ചുകാർ ഹോളി അന്റോണിയോ കത്തോലിക്ക പള്ളിയുടെ പേര് ഹോളി ഫ്രാൻസിസ് പ്രൊട്ടസ്റ്റന്റ് ചർച്ച് എന്ന പേരിൽ മാറ്റിയെഴുതി.  അവിടെ വാസ്കോഡി ഗാമയുടെ ഭൗതിക അവശിഷ്ടം നിലകൊള്ളുന്നു. ഈ പള്ളി ഇപ്പോൾ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്‌ഐ സഭയുടെ  നിയന്ത്രണത്തിലാണ്.

ഇന്ത്യൻ ചരിത്രകാർ ക്രിസ്ത്യാനികൾക്ക് എതിരാണെന്നും  ഹിന്ദുക്കൾക്ക് അനുകൂലമായി ചരിത്രം എഴുതുന്നുവെന്നും ചില ക്രിസ്ത്യൻ പുരോഹിതരും മതചരിത്രകാരും  പരാതിപ്പെടാറുണ്ട്. ക്രിസ്ത്യൻ കഥകൾ ചരിത്രമായി, സത്യമായി  അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ക്രിസ്ത്യൻ പുരോഹിതരുടെ ഈ വാദഗതിയും പരിശോധിക്കേണ്ടിയിരിക്കുന്നു.

1774 ജൂലൈ രണ്ടാം തിയതി  ക്ലമന്റ് പതിന്നാലാം മാർപാപ്പായുടെ ഒരു കത്തിൽ 'തിരുവിതാം കൂർ മഹാരാജാവിന്റെ ക്രിസ്ത്യാനികളോടുള്ള സ്നേഹവാത്സല്യത്തെയും ദയയെയും  അഭിനന്ദിക്കുന്നുണ്ട്.   (തിരുവിതാംകൂർ മാനുവൽ വോളിയം 1, പേജ് 387, എം. നാഗം അയ്യാ )  എങ്കിൽ ക്ലമന്റ് മാർപാപ്പാ കള്ളം പറഞ്ഞതാണോ? കേരളത്തിന്റെ പഴയ രാജാക്കന്മാരുടെ മത സൗഹാർദ്ദത്തെപ്പറ്റി  പോപ്പ് ജോൺ പോൾ രണ്ടാമനും പറഞ്ഞത് നുണയായിരുന്നോ? അതുപോലെ ബനഡിക്റ്റ് മാർപാപ്പയും കേരളത്തിൽ നില നിന്നിരുന്ന മതസൗഹാർദത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. രാജാക്കന്മാർ ക്രിസ്ത്യൻ പള്ളികൾക്ക് ഭൂമി ദാനമായി നൽകിയിട്ടുണ്ടെങ്കിൽ, രാജാക്കന്മാരുടെ പട്ടാളത്തിൽ  ക്രിസ്ത്യാനികൾ  ഉണ്ടായിരുന്നെങ്കിൽ, മുമ്പുള്ള മാർപാപ്പാമാർ കേരളത്തിന്റെ മതസഹിഷ്‌ ണതയെ പുകഴ്ത്തി പറഞ്ഞിരുന്നുവെങ്കിൽ  വിശുദ്ധനായ ദേവസഹായത്തെ പറ്റി ഇപ്പോൾ കേൾക്കുന്ന കഥകൾ വ്യാജങ്ങളെന്നും വ്യക്തമാണ്.  മുമ്പുണ്ടായിരുന്ന  മാർപാപ്പാമാർ പറഞ്ഞിരുന്ന കാര്യങ്ങൾ ചരിത്രത്തിനു  വിപരീതവും തന്നെ.   ഇപ്പോൾ കോട്ടാർ രൂപത പറയുന്നത് സത്യമാണെങ്കിൽ, ഇവരിൽ കള്ളം പറയുന്നത് മാർപാപ്പമാരോ കോട്ടാർ രൂപതയോയെന്നും  പഠിക്കേണ്ടിയിരിക്കുന്നു.

തിരുവിതാം കൂർ രാജാക്കന്മാർ  മരണ ശിക്ഷ നൽകിയിരുന്നത് രാജ്യത്തിനെതിരെ ആസൂത്രണ പദ്ധതികൾ ചെയ്യുന്നവരെയും കലാപകാരികളെയും കൂട്ടം കൂടി കൊള്ള നടത്തുന്നവരെയും എന്ന് ചരിത്രകാരൻ ശ്രീ നാഗം അയ്യ രേഖപ്പെടുത്തിയിരിക്കുന്നു. (തിരുവിതാം കുർ മാനുവൽ, വോളിയം 4, പേജ് 77)  ഒരു പക്ഷെ നീലകണ്‌ഠ പിള്ള  ക്രിസ്ത്യാനിയായ ശേഷം രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തി രാജ്യദ്രോഹം ചെയ്തിരിക്കാം. രാജ്യത്തിന്റെ നിയമം ലംഘിച്ചതുകൊണ്ട് വധിക്കപ്പെട്ടിരിക്കാം. ക്രിസ്ത്യാനിയായി മത പരിവർത്തനം ചെയ്താലോ പ്രചരിപ്പിച്ചാലോ യാതൊരു ശിക്ഷയും തിരുവിതാംകൂർ സർക്കാരിലുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ സവർണ്ണ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. അദ്ദേഹം താഴ്ന്ന ജാതികളുമായി സഹവസിച്ചിരുന്നെങ്കിൽ ഉയർന്ന ജാതികൾ അദ്ദേഹത്തെ വെറുത്തു കാണാം. അങ്ങനെ ജാതിവ്യവസ്ഥയിൽ കൊന്നതുമാകാം. അതിൽ സർക്കാരിന്റെ നിയമവുമായി യാതൊരു ബന്ധവുമില്ല. സഭ ലജ്ജയില്ലാതെ ഇവിടെ ജാതി വ്യവസ്ഥ എന്ന കഥയും മെനഞ്ഞെടുത്തിട്ടുണ്ട്.  ജാതി വ്യവസ്ഥയനുസരിച്ച് ജാതികൾ തമ്മിലുള്ള കലഹം അക്കാലത്തിലെ ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

ദേവ സഹായം പിള്ള മത പരിവർത്തനം നടത്തിയെന്ന് ആരോപ്പിക്കുന്ന  വടക്കൻകുളം പ്രദേശങ്ങളിൽ താണവരായ വെള്ളാള ക്രിസ്ത്യാനികൾക്ക് സവർണ്ണരുടെ പള്ളികളിൽ ഇന്നും പോവാൻ അനുവാദമില്ല. അഥവാ പള്ളിയിൽ പോയാലും അവർ പ്രത്യേകമായ ഒരു സ്ഥലത്ത് ഇരിക്കേണ്ടിയും വരുന്നു. ക്രിസ്തു മതത്തിൽ തന്നെ ജാതി വ്യവസ്ഥ ഇന്നും ഉള്ള സ്ഥിതിക്ക് ദേവ സഹായംപിള്ള ജാതി വ്യവസ്ഥക്കെതിരെ പോരാടിയെന്നു വിശ്വസിക്കുന്നതെങ്ങനെ?  ഇന്നുള്ള വർണ്ണ വർഗ വിവേചനത്തിനെതിരെയുള്ള സഭയുടെ നിലപാട് എന്താണ്? ജാതിയിൽ താണവരുമായി വിവാഹബന്ധങ്ങൾ  പ്രോത്സാഹിപ്പിക്കാറുണ്ടോ?

ഒരു പ്രദേശത്തെ ജനതയുടെ സംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ  നീലകണ്‌ഠ പിള്ളയുടെ  പൗരുഷമോ, അല്ലെങ്കിൽ സഭ കരുതുന്നപോലെ രക്തസാക്ഷിത്വമോ ?  ഹിന്ദുക്കളുടെ ആത്മാക്കളെ രക്ഷിച്ചുവെന്ന വാദങ്ങളാണ് ഉന്നയിക്കുന്നത്. നല്ലവരായ ഹിന്ദു  ജനത ക്രിസ്ത്യാനികളെ ഇരുകരങ്ങളും കൂട്ടി  സ്വാഗതം ചെയ്തു. അവർക്ക് പള്ളി പണിയാൻ സൗകര്യങ്ങൾ നൽകി. മതം ആചരിക്കാനും സൗകര്യങ്ങൾ നൽകി. വാസ്തവത്തിൽ അവരുടെ പാരമ്പര്യത്തെയും മാമൂലുകളെയും സംസ്ക്കാരത്തെയും നശിപ്പിച്ച 'ഇവർ' സഹായിച്ചവരെ ചതിക്കുകയല്ലേ ചെയ്തത്.  സഭയുടെ പ്രചാരണത്തിനൊരുങ്ങുന്ന ക്രിസ്ത്യാനിയുടെ ഒരു പോരാളി മരിച്ചാൽ അയാൾ രക്തസാക്ഷിയാകും. അതേ യോദ്ധാവ് സഭയ്ക്ക് വേണ്ടി ശത്രു രാജ്യത്തിലുള്ളവരെ കൊല ചെയ്താലും  വിശുദ്ധനാകും. ഇതാണ് ക്രിസ്തീയ ചരിത്രം. ക്രിസ്തുമതം ലോക വ്യാപകമായി പ്രചരിച്ചതും രക്തസാക്ഷികളിൽക്കൂടിയാണ്.

The birth place of Devasahyam Pillai.

Devasahayam, being carried him like a hanging animal to Kattadi Malai



Image result for deva sahayam pilla pictures

Monday, February 24, 2020

ഇന്ത്യയും പഞ്ചവത്സര പദ്ധതികളും, രത്നച്ചുരുക്കം













ജോസഫ് പടന്നമാക്കൽ

ദേശീയ സാമ്പത്തിക പുരോഗതിക്കായുള്ള ആസൂത്രണമാണ്  പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിക്കുന്നത്.  ഓരോ പദ്ധതികളും നടപ്പിലാക്കുന്നത്  കേന്ദ്ര സർക്കാരിന്റെ ചുമതലയിലായിരിക്കും. 1928-ൽ ജോസഫ് സ്റ്റാലിൻ പഞ്ച വത്സര പദ്ധതികൾ റഷ്യയിൽ ആവിഷ്‌ക്കരിച്ചിരുന്നു. അനേക കമ്മ്യുണിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത  രാജ്യങ്ങളും  പഞ്ചവത്സര പദ്ധതികൾ തങ്ങളുടെ ദേശീയ നയങ്ങളായും  സ്വീകരിച്ചു.  ചൈനയും പഞ്ചവത്സര പദ്ധതികളിലൂടെയാണ് ദേശീയ സാമ്പത്തിക പദ്ധതികൾ നടപ്പാക്കിയിരുന്നത്. 1951-ൽ ഇന്ത്യയുടെ  ആദ്യത്തെ പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കമിട്ടു.  ജവഹർലാൽ നെഹ്രു വിഭാവന ചെയ്ത പഞ്ചവത്സര  പദ്ധതികൾ  തികച്ചും സോഷ്യലിസ്റ്റ്  ആശയങ്ങളുൾക്കൊണ്ടതായിരുന്നു.

പഞ്ചവത്സര  പദ്ധതികൾ 1951 മുതലാണ് തുടങ്ങിയതെങ്കിലും അതിന് വളരെ മുമ്പ് മുതലേ താത്ത്വികമായി പദ്ധതികൾക്കു  തുടക്കമിട്ടിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് 1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇതിനുള്ള തയ്യാറെടുപ്പുകൾ  നടത്തിയിരുന്നു. 1944-ൽ ബോംബെ പ്ലാനും ഗാന്ധിയൻ പ്ലാനും ആവിഷ്ക്കരിച്ചു. 1945-ൽ യുദ്ധത്തിനു  ശേഷമുള്ള രാജ്യത്തിന്റെ പുരോഗതിക്കായി ജനകീയ പദ്ധതി തയാറാക്കിയിരുന്നു. 1950-ൽ ജയപ്രകാശ നാരായൻ സർവോദയ പ്ലാൻ നിർദ്ദേശിച്ചിരുന്നു.

പഞ്ചവത്സര  പദ്ധതികളുടെ  ലക്ഷ്യം സാമ്പത്തിക വളർച്ചയെന്നുള്ളതാണ്.  അതുവഴി  രാജ്യത്തെ സമ്പന്നമാക്കുകയെന്നതാണ്.  ആദ്യകാല ഘട്ടങ്ങളിൽ ഇന്ത്യക്കാരന്റെ ആളോഹരി വരുമാനം വളരെ പരിതാപകരമായിരുന്നു. നിയന്ത്രാണാതീതമായ ജനസംഖ്യയും  ദാരിദ്ര്യവും രാജ്യം അഭിമുഖീകരിച്ചിരുന്നു. സാധാരക്കാർക്കും പങ്കാളികളാകാവുന്ന വിധത്തിലുള്ള നിരവധി  സേവിങ് പദ്ധതികളും വ്യവസായിക മുതൽ മുടക്കുകളും  ഓരോ പഞ്ചവത്സര പദ്ധതികളിലും പ്രോത്സാഹിപ്പിക്കേണ്ടതായുണ്ടായിരുന്നു.

രണ്ടു നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് ഭരണം മൂലം നിശ്ചലമായിരുന്ന ഇന്ത്യൻ  സാമ്പത്തികത്തെ കര കയറ്റുകയെന്നതും സ്വതന്ത്രാനന്തര ഇന്ത്യയുടെ വെല്ലുവിളികളായിരുന്നു.  ആസൂത്രണ  ചിന്തകർ, സാമ്പത്തിക പുരോഗമനത്തിനായി  ഗഹനമായി പഠിക്കുകയും ചെയ്തിരുന്നു.  കൃഷി, വ്യവസായം, വൈദുതി, യാത്രാ സൗകര്യങ്ങൾ എന്നിവകൾക്കു  മുൻഗണന നൽകിയിരുന്നു. ദേശീയ വരുമാനവും ആളോഹരി വരുമാനവും വർദ്ധിപ്പിക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ദാരിദ്ര്യം ഇന്ത്യയിൽ നിന്ന് ഉച്ഛാടനം ചെയ്തുകൊണ്ടു ജനങ്ങളുടെ ക്ഷേമ നിലവാരം ഉയർത്തുവാനുള്ള ലക്ഷ്യങ്ങളും  ആസൂത്രണ പദ്ധതികളിൽ  ഉൾപ്പെടുത്തിയിരുന്നു.

സാമ്പത്തിക പുരോഗമനം കൂടാതെ  സാമൂഹികമായ നീതിയും പദ്ധതിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. വരുമാനത്തിനനുസരിച്ച് ചെലവുകൾ നിർവഹിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലുള്ള സാമ്പത്തികം  വിഭാവനയും   ചെയ്തിരുന്നു.  സമ്പത്തു മുഴുവൻ  ഏതാനും പേരുടെ കൈകളിൽ മാത്രമെന്നുള്ള സ്ഥിതിവിശേഷമായിരുന്നു സ്വതന്ത്രാനന്തര ഇന്ത്യയിലുണ്ടായിരുന്നത്. മുതലാളിത്ത  സാമ്പത്തിക ശാസ്ത്രത്തിൽക്കൂടി  ദേശീയ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രക്രിയയെയും എതിർത്തു. സ്വത്തു സമ്പാദിക്കുന്നതിലുള്ള അസമത്വവും ഇല്ലാതാക്കാനുള്ള ചിന്തകളുമുണ്ടായിരുന്നു. ഓരോ പൗരനുമുള്ള  വരവു  ചെലവുകളും നീതിയുക്തമായിരിക്കണമെന്നും കണക്കാക്കിയിരുന്നു.  സാമ്പത്തിക പദ്ധതികളുടെ ഗുണോഭാക്താക്കൾ ദരിദ്രർ ആയിരിക്കണമെന്ന ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കണമെന്ന പദ്ധതികൾക്കു  മുൻഗണന നൽകിയത് അഞ്ചാം പദ്ധതി കാലത്തായിരുന്നു.

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള  തീവ്ര പദ്ധതികളൂം  പരിഗണിച്ചിരുന്നു.  എങ്കിലും  തൊഴിലില്ലായ്‌മ രൂക്ഷമായതല്ലാതെ  ദേശീയമായി ഒന്നും നടപ്പാക്കാൻ സാധിച്ചിട്ടില്ല.  1978-83-ൽ  ആറാം പദ്ധതിയിൽ ജനതാ  സർക്കാരിന്റ കാലത്ത് തൊഴിൽ പദ്ധതികൾക്ക് പ്രാധാന്യം നൽകി. എന്നാൽ ഏഴാം പദ്ധതി (1985-90)  തൊഴിൽ നയങ്ങളെ അവഗണിക്കുകയായിരുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്‌മ വർദ്ധിക്കുകയും അനേകായിരങ്ങൾ തൊഴിലില്ലാത്തവരുമായി തീരുകയും ചെയ്തു.  തൊഴിൽ അന്വേഷിക്കുന്നവരുടെ  എണ്ണം 34.24 ലക്ഷത്തിൽ നിന്ന് 1999 -ൽ 402 ലക്ഷമായി വർദ്ധിക്കുകയുമുണ്ടായി.

രാജ്യം  സ്വയം പര്യാപ്തി നേടുകയെന്നത് ഓരോ പഞ്ച വത്സരപദ്ധതികളുടെയും  പ്രകടന പത്രികളിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ നാം സ്വയം മുന്നേറണമെന്നുള്ള തത്ത്വമാണ് ഇതിലുള്ളത്.  ഒന്നാം പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ വൻതോതിൽ  ഭക്ഷണ പദാർത്ഥങ്ങൾ പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. അതുപോലെ കൃഷിക്കാവശ്യമുള്ള വളവും അസംസ്കൃത സാധനങ്ങളും വ്യാവസായിക മെഷീനുകളും അതിനോടനുബന്ധിച്ച  ഉപകരണങ്ങളും പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. അതിനാൽ, വ്യവസായ നയങ്ങളിൽ ഇന്ത്യക്ക് എന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പോരായ്മകളുണ്ടായിരുന്നു. വിദേശ നാണയങ്ങളും അപര്യാപ്തമായിരുന്നു.   ഇറക്കുമതി കുറച്ചുകൊണ്ടുള്ള സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക്  മുൻതൂക്കം നൽകിയിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ  നാലു പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയിട്ടും ഇന്ത്യ വിഭാവന ചെയ്ത ലക്ഷ്യം നേടാൻ സാധിച്ചിരുന്നില്ല.

പഞ്ചവത്സര പദ്ധതികളിൽക്കൂടിയുള്ള  വ്യവസായ നവീകരണം മൂലം  നിരവധി നിലവിലുള്ള വ്യവസായങ്ങളെ പുനരുദ്ധരിക്കേണ്ടി വരുന്നു.  വിദേശ സഹായത്തോടെയുള്ള നവീകരണ ടെക്‌നോളജികളും ആവശ്യമായി വരുന്നു. കൃഷികാര്യങ്ങളിലും ഊർജത്തിലും ആധുനിക ടെകനോളജികൾ നടപ്പിലാക്കിയെന്നുള്ളത് ശരി തന്നെ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പൂർണ്ണമായ വ്യവസായ ആവശ്യത്തിനുള്ള  ടെക്‌നോളജി നടപ്പാക്കുക എളുപ്പമല്ല. രാജ്യം മുഴുവൻ ഗുരുതരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു. ദാരിദ്യം അങ്ങേയറ്റവും. വ്യവസായങ്ങൾ ആധുനിവൽക്കരിക്കുമ്പോൾ തൊഴിൽ മേഖലകൾ ഇല്ലാതാകും. തൊഴിലില്ലായ്‌മ വർദ്ധിക്കുകയും ചെയ്യും. ഒരിടത്ത് നവീകരണത്തിനു  ശ്രമിക്കുമ്പോൾ മറ്റൊരിടത്ത്, തൊഴിലില്ലായ്മയും ദാരിദ്ര്യവും നീക്കപ്പെടുന്നതിൽ പരാജയപ്പെടുന്നു.

പന്ത്രണ്ടു പദ്ധതികളാണ് നാളിതു വരെ നടപ്പാക്കിയിരുന്നത്. എന്നാൽ  എൻഡിഎ സർക്കാർ പഞ്ചവത്സര പദ്ധതികളുടെ അന്തസത്ത ഇല്ലാതാക്കിയിരിക്കുന്നു.  പന്ത്രണ്ടാം പദ്ധതിയെ ഇന്ത്യയുടെ അവസാനത്തെ പദ്ധതിയെന്ന് പറയാം. പതിമൂന്നാം പദ്ധതി രാജ്യക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പകരം രാജ്യത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഓരോ പഞ്ചവത്സര പദ്ധതികളുടെയും  രത്ന ചുരുക്കം താഴെ വിവരിക്കുന്നു. 

1. 1951 ഡിസംബർ എട്ടാം തിയതി ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി നെഹ്‌റു പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ പഞ്ചവത്സര പദ്ധതി  നടപ്പാക്കിയത്  1951 മുതൽ 1956 വരെയുള്ള കാലഘട്ടത്തിലായിരുന്നു.  അഭയാർത്ഥി പ്രശ്നങ്ങൾ, ഭക്ഷണം അപര്യാപ്തത, വിലപ്പെരുപ്പം എന്നീ മൂന്നു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ജനപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കുടുംബാസൂത്രണ പദ്ധതികളും ആവിഷ്ക്കരിച്ചു.  ഇന്ത്യ പാകിസ്ഥാൻ മൂലമുണ്ടായിരുന്ന വിഭജന കെടുതികളിൽ നിന്നും ഇന്ത്യക്ക് മോചനം നേടേണ്ടതുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളിലും കരകയറേണ്ട ആവശ്യമുണ്ടായിരുന്നു. അഭയാർഥികളെ  പാർപ്പിക്കുക എന്നുള്ള പ്രശ്നങ്ങൾക്കും മുൻഗണന നൽകിയിരുന്നു. കൃഷികൾ വികസിപ്പിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുകയും വിലപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതികൾ ആസൂത്രണം ചെയ്തു. ഭക്രാനംഗൽ, ഹിരാക്കുഡ് എന്നീ അണക്കെട്ടുകൾ പണി കഴിപ്പിച്ചു.  കൂടാതെ ദാമോദർ വാലി പദ്ധതിക്ക് രൂപകൽപ്പന ചെയ്തു. 1953-ൽ  യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ രൂപീകരിച്ചു.  ഒന്നാം പഞ്ചവത്സര പദ്ധതി  വളരെയേറെ  വിമർശനങ്ങളും ഉൾക്കൊണ്ടിരുന്നു.  സ്വാതന്ത്ര്യം നേടിയ ശേഷം താറുമാറായ ഇന്ത്യയുടെ ആവിഷ്‌ക്കാര പദ്ധതികൾ നടപ്പാക്കുന്നതും ബുദ്ധിമുട്ടുള്ള  ജോലിയായിരുന്നു.  രാഷ്ട്രത്തിനു മൊത്തം പുനർ നിർമ്മാണത്തിന്റെ ആവശ്യവുമുണ്ടായിരുന്നു.

2.രണ്ടാം പദ്ധതി 1956 മുതൽ 1961 വരെയുള്ള  കാലഘട്ടത്തിലായിരുന്നു.  വ്യവസായവൽക്കരണമായിരുന്നു ലക്ഷ്യം . പൊതു മേഖലയ്ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് സമ്മിശ്രിത സാമ്പത്തികവൽക്കരണത്തിനു  പ്രാധാന്യം നൽകിയിരുന്നു. സ്വകാര്യ വ്യവസായവൽക്കരണവും പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്തുക എന്ന  ലക്ഷ്യവും പദ്ധതി തയ്യാറാക്കുമ്പോളുണ്ടായിരുന്നു. വലിയ തോതിലുള്ള  വ്യവസായങ്ങൾക്കും വ്യവസായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും മുൻഗണന  നൽകിയിരുന്നു. ഇരുമ്പ്, ഉരുക്ക് നിർമ്മാണ ഫാക്ടറികളും  രാസ നിർമ്മാണ ഫാക്ടറികളും  സ്ഥാപിക്കാനും  പദ്ധതികളിട്ടു. അതുപോലെ യന്ത്രങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾക്കും പ്രാധാന്യം നൽകി. നൂതനമായ വ്യവസായ പദ്ധതികൾ ആവിഷ്ക്കരിച്ചത് രണ്ടാം പഞ്ച വത്സര  പദ്ധതി കാലത്താണ്. വളർച്ച നിരക്ക് 4.5 ശതമാണ്, ലക്ഷ്യമിട്ടതെങ്കിലും  4.27 ശതമാനം മാത്രമേ കൈവരിക്കാൻ സാധിച്ചുള്ളൂ. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഉരുക്കുവ്യവസായങ്ങൾ തുടങ്ങാൻ സാധിച്ചു. ഭിലായ്, റൂർക്കല, ദുർഗാപ്പൂർ പദ്ധതികൾ പൂർത്തിയാക്കി. പദ്ധതികളുടെ  പ്രവർത്തനങ്ങൾക്കായി  സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ സഹായങ്ങളുമുണ്ടായിരുന്നു.

3. 1961 മുതൽ 1966 വരെ  മൂന്നാം പദ്ധതിയുടെ  കാലഘട്ടമായിരുന്നു.  സാമ്പത്തിക സ്വയം പര്യാപ്തത നേടുകയെന്നതു  ലക്ഷ്യമായിരുന്നു.  അതുപോലെ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള കർമ്മ പരിപാടികളും തുടങ്ങി വെച്ചു. എന്നിരുന്നാലും രണ്ടാം പദ്ധതിയിലെ  കൃഷി വികസന ആസൂത്രണ പദ്ധതികൾ  വേണ്ടത്ര വികസിച്ചില്ല.  അത് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് തടസമായി നിന്നു. അതുകൊണ്ട് മൂന്നാം പദ്ധതിയിലും കൃഷിക്ക് പ്രാധാന്യം നൽകേണ്ടി വന്നു. 1961-ലെ ഇന്ത്യ ചൈന യുദ്ധം മൂലം പഞ്ചവത്സര പദ്ധതികൾക്ക് നീക്കി വെച്ചിരുന്ന ഫണ്ടുകൾ ചെലവാക്കേണ്ടി വന്നു. 1965-66 ലെ ഇൻഡോ പാക്ക് യുദ്ധം മൂലവും വികസന പദ്ധതികൾക്കു  തടസം വന്നു. പോരാഞ്ഞ്, 1965-1966 ൽ  കനത്ത വരൾച്ച കാരണം കൃഷികളും നശിച്ചു. അത് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഭക്ഷ്യക്ഷാമം  വരാനും കാരണമായി. മൂന്നാം പദ്ധതി അപൂർണ്ണമാവുകയും അതിന്റെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. ചൈനയും  പാക്കിസ്ഥാനും ഇന്ത്യയോട് യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ വളർച്ച നിരക്ക് വളരെ മോശമായിരുന്നു. 5.6 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.4 ശതമാനം വളർച്ച നേടാൻ മാത്രമേ സാധിച്ചുള്ളൂ.  രാഷ്ട്രീയമായ അസ്ഥിരതയുമുണ്ടായിരുന്നു. നെഹ്‌റു, നന്ദ, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ പ്രധാനമന്ത്രിമാർ മൂന്നാം പഞ്ചവത്സര പദ്ധതികളെ അതാത് കാലങ്ങളിൽ നയിച്ചു. ഹരിതക  വിപ്ലവം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. 1965-ലെ പാക്കിസ്താനുമായുള്ള യുദ്ധം മൂലം നാലാം പദ്ധതി ആരംഭിക്കാൻ സാധിച്ചില്ല.

1966-ൽ നാലാം പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്ന വേളയിൽ വരൾച്ചയും രൂപയുടെ മൂല്യം കുറച്ചതും വിലപ്പെരുപ്പവും, സാമ്പത്തിക അപര്യാപ്തതയും മൂലം പദ്ധതികൾ താൽക്കാലികമായി നിർത്തൽ ചെയ്തു. അതുകൊണ്ടാണ് 1966 മുതൽ മൂന്നു വർഷം  സർക്കാർ വാർഷിക പദ്ധതികൾക്കായി രൂപകൽപ്പന ചെയ്തത്.  ഈ കാലഘട്ടത്തെ പദ്ധതിയുടെ അവധിക്കാലമെന്നും പറയാം.

4. 1969  മുതൽ 1974  വരെയുള്ള നാലാം പദ്ധതിയിൽ  ഭക്ഷണം ഇറക്കുമതി നിർത്തൽ ചെയ്യാൻ  കരടുരൂപം തയ്യാറാക്കിയിരുന്നു.  എന്നാൽ നാലാം പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്തു. 1971-ൽ പി.എൽ. 480 പ്രകാരമുള്ള ധാന്യം ഇറക്കുമതി പരിപൂർണ്ണമായും നിർത്തൽ ചെയ്തു. ദേശീയ വരുമാന വളർച്ചയും  രാജ്യത്തെ സ്വയം പര്യാപ്തതയിൽ  എത്തിക്കുകയെന്നതും  നാലാം പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ദേശീയ വരുമാനം 5.5 നേടുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ സമൂഹത്തിലെ താണവരായവരെയും ദരിദ്രരെയും പുനരുദ്ധരിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു.  'ഗരീബി ഹട്ടാവോ' എന്നും ഈ പദ്ധതിക്ക് മുദ്ര നൽകിയിരുന്നു. ദൗർഭാഗ്യ വശാൽ 1971-1972-ൽ മറ്റൊരു ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമുണ്ടായി. അത് സാമ്പത്തികം തകർക്കുകയും നാലാം പദ്ധതിയ്ക്ക് തടസ്സമാവുകയുമുണ്ടായി.  വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടുകയെന്നതും പദ്ധതിയുടെ പ്രത്യേകതയായിരുന്നു.  കൃഷിയിൽ ഇറക്കുമതി ആശ്രയിക്കാതെ  രാജ്യത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള  പദ്ധതികളും തയ്യാറാക്കിയിരുന്നു. വ്യവസായ പുരോഗതിയ്ക്കും   വ്യവസായ ഉൽപ്പന്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു.  3.8 ശതമാനം മാത്രം ഈ പദ്ധതി കാലത്ത് ഇന്ത്യ വളർച്ച നേടി.

5.1974 മുതൽ 1979 വരെയുള്ള കാലഘട്ടം അഞ്ചാം പദ്ധതിയായി ആസൂത്രണം ചെയ്തു. അഞ്ചാം പദ്ധതിയുടെ അടിസ്ഥാന ഉദ്ദേശ്യവും സ്വയം പര്യാപ്തി പ്രാപിക്കുകയെന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി ധാന്യ വിളകളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു. അത്യാവശ്യമുള്ള ഉപഭോഗ വസ്തുക്കളും, അസംസ്കൃത വസ്തുക്കളും മാത്രം ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയെ പരമാവധി വർദ്ധിപ്പിക്കാൻ ശ്രമിച്ചു. അതുമൂലം വിദേശനാണ്യവും നേടാനുള്ള ശ്രമമുണ്ടായിരുന്നു. ജിഡിപി വർദ്ധിപ്പിക്കുക, രാജ്യത്തിന്റെ വരുമാനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്കും നീതിപൂർവം വിതരണം ചെയ്യുക, സ്വാശ്രയം നടപ്പാക്കുക മുതലായവകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.  കയറ്റുമതി വർദ്ധിപ്പിക്കൽ, ദേശീയ സുരക്ഷാ പദ്ധതികൾ, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളും  ഉൾപ്പെടുത്തിയിരുന്നു . ഭവന രഹിതർക്ക് വീടുകൾ, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം  മുതലാവകൾക്കും ഫണ്ട് അനുവദിച്ചു. പദ്ധതി കൂടാതെ 1978 മുതൽ 1980 വരെ മറ്റൊരു  വാർഷിക പദ്ധതിയും നടപ്പാക്കി. ഇത് മുൻവർഷങ്ങളിൽ നടപ്പാക്കാൻ സാധിക്കാഞ്ഞ പദ്ധതികൾ പൂർത്തിയാക്കുന്നതിനുവേണ്ടിയായിരുന്നു.  ദാരിദ്ര്യം ഉന്മൂലനം ചെയ്യണമെന്നുള്ള ലക്ഷ്യമുണ്ടായിരുന്നു. 1975 -ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ  ഇരുപതിന പരിപാടികൾ നടപ്പാക്കിയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്  നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികൾക്ക് കാലതാമസം നേരിട്ടിരുന്നു. "ഗരീബി ഹഠാവോ' ഈ പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു.  ശരാശരി 5.1 ശതമാനം വളർച്ച നിരക്ക് നേടി.

1978-80-ൽ  മൊറാർജി ദേശായി അധികാരത്തിൽ വന്നപ്പോൾ പഞ്ചവത്സര പദ്ധതികൾ അവസാനിപ്പിച്ചിരുന്നു.  പകരം റോളിംഗ് പദ്ധതി നടപ്പാക്കി. എന്നാൽ 1980 -ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ  പദ്ധതികൾ പുനരാരംഭിക്കുകയും ചെയ്തു.

6. 1980 മുതൽ 1985 വരെയുള്ള കാലഘട്ടം ആറാം പദ്ധതി കാലമാണ്.  സാമ്പത്തിക തലങ്ങളിൽ ഉള്ള ഫ്യൂഡൽ വ്യവസ്ഥിതി അവസാനിപ്പിക്കുക എന്നതായിരുന്നു ആറാമത്തെ പദ്ധതിയുടെ കരടുപത്രികയിൽ തയ്യാറാക്കിയിരുന്നത്. കൊളോണിയൽ സാമ്പത്തിക ശാസ്ത്രത്തിൽനിന്നും പൂർണ്ണമായ ഒരു വിടുതലും ആവശ്യമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാനപരമായ ഒരു ആധുനിവൽക്കരണവും ലക്ഷ്യമിട്ടിരുന്നു. വ്യവസായങ്ങൾ' ആധുനികരിക്കാനും പദ്ധതി മുൻഗണന നൽകി. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും  ദാരിദ്ര്യം തുടച്ചു നീക്കുകയും ലക്ഷ്യങ്ങളായിരുന്നു. ഗ്രാമീണ പദ്ധതിയനുസരിച്ച് എല്ലാ ഗ്രാമങ്ങളെയും  തുല്യമായി പരിഗണിക്കണമെന്നുമുണ്ടായിരുന്നു. കാർഷിക മേഖലകൾ സാങ്കേതിക വിദ്യ ഉപയോഗിപ്പിച്ച് മെച്ചമാക്കാനും  തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. ഗ്രാമീണ സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും മെച്ചമായ ജീവിത സൗകര്യത്തിനായി ഫണ്ട് അനുവദിച്ചു.

7.ഏഴാം പദ്ധതി 1985-ൽ തുടങ്ങി 1990-ൽ അവസാനിക്കുന്നു.  മനുഷ്യാവകാശങ്ങളും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും സാമൂഹിക തലങ്ങളിൽ തുല്യ നീതിയും നടപ്പാക്കുന്നതും പദ്ധതിയുടെ നക്കലിലുണ്ടായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ വർദ്ധനവും പ്രതീക്ഷിച്ചു.  ഈ പദ്ധതി കാലത്ത് ഇന്ത്യക്ക് വാർത്താ വിനിമയ കാര്യത്തിൽ പുരോഗതി നേടാൻ സാധിച്ചു. സാമ്പത്തിക വളർച്ച 5.9  ശതമായിരുന്നു.  തൊഴിലുകളും ഉൽപ്പാദന മേഖലകളും വർദ്ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുമുണ്ടായിരുന്നു. സാമൂഹിക നീതി, സ്വാശ്രയം, ആധുനിവൽക്കരണം മുതലാവകളും നടപ്പിലാക്കണമായിരുന്നു.

8.1992 മുതൽ 1997 വരെ എട്ടാം പദ്ധതികൾ തുടങ്ങി വെച്ചു. എന്നാൽ കേന്ദ്രത്തിൽ രാഷ്ട്രീയ മാറ്റങ്ങളും സർക്കാർ മാറ്റങ്ങളും കാരണം പദ്ധതികൾ മുമ്പോട്ട് കൊണ്ടുപോവുന്നതിൽ തടസങ്ങളുമുണ്ടായിരുന്നു.  അതുകൊണ്ട് പ്ലാനിങ് കമ്മീഷനിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഒടുവിൽ 1992-ൽ എട്ടാം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അക്കാലത്ത് രാജ്യം ഒരു സാമ്പത്തിക അരാജകത്വത്തിൽ പോയിരുന്നു. സർക്കാർ, പുതിയ പരീക്ഷണങ്ങളോടെ സാമ്പത്തിക തലങ്ങൾ  മറ്റൊരു ദിശയിൽക്കൂടി  നയിച്ചിരുന്നു. വ്യവസായങ്ങളെ ആധുനിവൽക്കരിക്കുക ലക്ഷ്യമായിരുന്നു. സ്വയം തൊഴിലുകൾ കണ്ടുപിടിക്കുന്നതിനും  പ്രായോഗി പരിശീലനം നൽകുന്നതിനും പദ്ധതി ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ജനസംഖ്യ നിയന്ത്രണവും പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തി. 1993-ൽ നരസിംഹ റാവുവിന്റെ കാലത്ത് 'പഞ്ചായത്ത് രാജ്' വന്നു.1992-ലാണ് 'നാഷണൽ സ്റ്റോക്ക് എക്‌ചേഞ്ച്' സ്ഥാപിച്ചത്.

9.1997 മുതൽ 2002 വരെയായിരുന്നു ഒമ്പതാം പദ്ധതി നടപ്പാക്കിയ കാലം. ആരോഗ്യ സംരക്ഷണം, ശുദ്ധജലം ലഭ്യമാക്കുക, പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നെല്ലാം ലക്ഷ്യങ്ങളായിരുന്നു. ദരിദ്രർക്ക് ഭവനങ്ങൾ  നിർമ്മിച്ച് കൊടുക്കുന്നതും  പദ്ധതികളിലുണ്ടായിരുന്നു. ഗ്രാമീണ റോഡുകൾ പരസ്‌പരമുള്ള ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു  കാരണമായി.  സൗത്ത് ഏഷ്യയിലെ സാമ്പത്തിക തകരാറുകൾ ഇന്ത്യൻ എക്കണോമിയെയും ബാധിച്ചിരുന്നു. ഉദാരവൽക്കരണം മൂലം ഇന്ത്യ മുഴുവൻ വിമർശനങ്ങളുമുണ്ടായിരുന്നു.  ശുദ്ധ ജലം, പ്രാഥമികമായ മെഡിക്കൽ സഹായം,  നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം, വീടില്ലാത്തവർക്ക് വീട്, മുതലായവകൾ നടപ്പാക്കാനും പദ്ധതിയിട്ടു.  കുഞ്ഞുങ്ങൾക്ക് പോഷകാഹാരം കൊടുക്കുന്നതിള്ള ഫണ്ടുകളും നീക്കി വെച്ചു.  കൃഷിക്ക്  മുൻ പദ്ധതികൾ പോലെ ഈ പദ്ധതിയിലും പ്രാധാന്യവും കല്പിച്ചിരുന്നു.

10. പത്താം പദ്ധതി 2002 മുതൽ 2007 വരെയുള്ള കാലഘട്ടമാണ്.  പൊതു ജനങ്ങളുടെ പങ്കാളിത്തം, ഭക്ഷ്യ ധാന്യ വിളകൾ വർദ്ധിപ്പിക്കുക,  ആരോഗ്യ സുരക്ഷാ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ   ആസൂത്രണ പരിപാടികളിൽ  ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത പത്തു വർഷം  കൊണ്ട് ആളോഹരി വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.  ആധുനിക ജീവിത സൗകര്യങ്ങളോടെയുള്ള  വളർച്ചകളും പദ്ധതിയിൽ ഉൾപ്പെടുത്തി.

11. 2007 മുതൽ 2012 വരെ പതിനൊന്നാം പദ്ധതിയുടെ ആസൂത്രണ കാലഘട്ടമായിരുന്നു. നാനാ ജാതി ജനവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  ഒരു സമഗ്ര പദ്ധതിക്കായിരുന്നു തുടക്കമിട്ടിരുന്നത്. 'പ്രസവത്തോടെ'യുള്ള   മാതൃ മരണങ്ങൾ കുറയ്ക്കാനുള്ള മെഡിക്കൽ ഫണ്ടുകളും അനുവദിച്ചിരുന്നു. വർദ്ധിച്ചു വരുന്ന ജനന നിരക്കു നിയന്ത്രിക്കാനും  കുടുംബാസൂത്രണ  പദ്ധതികൾ ബലപ്പെടുത്താനും  മുൻഗണനയുണ്ടായിരുന്നു. ശുദ്ധജലം സംഭരിച്ച് നാടിന്റെ നാനാ ഭാഗത്തും  വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതി  സാമ്പത്തിക വളർച്ച ഏറ്റവും നേടിയ കാലഘട്ടമായിരുന്നു. ദേശീയ വളർച്ച പ്രതീക്ഷിച്ചതിലും വളരെയേറെയായിരുന്നു. 9 ശതമാനം വളർച്ചയുണ്ടായി. ആളോഹരി വരുമാനം 7.5 ശതമാനവും വർദ്ധിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരത്തിനും മാറ്റമുണ്ടായി.  ദാരിദ്ര്യം ഇല്ലാതാക്കി തൊഴിലുകൾ കണ്ടെത്തുക എന്നത് ലക്ഷ്യമായിരുന്നു. പാവങ്ങൾക്കുള്ള   വിദ്യാഭ്യാസവും  ആരോഗ്യ പദ്ധതികളും നടപ്പാക്കണമായിരുന്നു.  ഗ്രാമീണർക്ക് തൊഴിൽ പദ്ധതികൾ ആരംഭിച്ചു. പരിസ്ഥിതി  സംരക്ഷണവും ഉൾപ്പെടുത്തിയിരുന്നു.  സ്ത്രീ സമത്വവും ഒപ്പം  കാര്യക്ഷമതയുള്ള ഭരണ സംവിധാനവും പദ്ധതികളുടെ ഭാഗമായിരുന്നു.

12. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17)യിൽ  വിദ്യാഭ്യാസത്തിനു  പ്രാധാന്യം നൽകിയിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഒമ്പതു ശതമാനം വളർച്ച നിരക്ക് പ്രതീക്ഷിച്ചു. കൃഷിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു.  കൃഷിയിൽ  നാലുശതമാനം  വളർച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണം ചെയ്തിരുന്നു. വികസന പദ്ധതികളും  പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മാറി. സാമൂഹിക സേവന മേഖലകളുടെ വളർച്ചയും  പരിഗണനയിൽപ്പെടുത്തിയിരുന്നു.

എൻഡിഎ സർക്കാർ  പതിമൂന്നാം  പഞ്ച വത്സര പദ്ധതിക്കു പകരം  രാജ്യത്തെ ശക്തിമത്താക്കാൻ  പ്രതിരോധത്തിനു  പ്രാധാന്യം നൽകിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധത്തിനായി  ധനകാര്യ മന്ത്രി നിർമല സീതാരാമൻ 65.86 ബില്യൺ ഡോളർ ( ₹471,378 crores) ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   47 .7 ലക്ഷം കോടി (477,000 crores) രൂപയായിരുന്നു പന്ത്രണ്ടാം പദ്ധതിയുടെ ബഡ്‌ജറ്റ്‌. അത് പതിനൊന്നാം പദ്ധതിയെക്കാൾ 135 ശതമാനം കൂടുതലായിരുന്നു. 

പഞ്ചവത്സര പദ്ധതികൾ കൊണ്ട്,  ഇന്ത്യ  പുരോഗതി നേടിയെന്നതിൽ യാതൊരു തർക്കവുമില്ല. ഭക്ഷണ പദാർത്ഥങ്ങളുടെ ഉൽപാദനം ഗണ്യമായി വർദ്ധിച്ചുവെന്നുള്ളതാണ് ഒരു നേട്ടം. ഭക്ഷണ കാര്യങ്ങളിൽ ഇന്ത്യ സ്വയം പര്യാപ്‌തമാവുകയും ചെയ്തു. കൂടാതെ വ്യവസായ കാര്യങ്ങൾക്കായി മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ച് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന  മെഷിനറികളുടെയും  മറ്റു വിലപിടിപ്പുള്ള വ്യവസായ ഉപകരണങ്ങളുടെയും  ഇറക്കുമതികൾ നിയന്ത്രിക്കാൻ സാധിച്ചു. ഫാക്റ്ററികൾക്ക് ആവശ്യമുള്ള പല ഉപകരണങ്ങളൂം ഇന്ത്യ സ്വയം നിർമ്മിക്കാനും ആരംഭിച്ചു. എന്നാലും, മറ്റു നിരവധി കാര്യങ്ങളിലും ഇനിയും നമുക്ക് നേട്ടങ്ങൾ കൈവരിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ വിദേശക്കടങ്ങൾ  ക്രമാതീതമായി വർദ്ധിച്ചത് ഒരു കാരണമായിരുന്നു. അതായത്, സാമ്പത്തിക വ്യവസായങ്ങളിൽ ഇന്ത്യ ഇനിയും സ്വയം പര്യാപ്തി  നേടേണ്ടതായുണ്ട്.  ഭാഗീകമായി സ്വയം പര്യാപ്തത വിജയിച്ചതല്ലാതെ ഇന്ത്യയുടെ പ്രയത്നങ്ങൾ നാളിതുവരെ സഫലീകരിച്ചിട്ടില്ല.

ആധുനിക ഇന്ത്യയിൽ  പഞ്ച വത്സര  പദ്ധതികൾ ഇനി ആവശ്യമുണ്ടോ എന്നും ചോദ്യം വരുന്നു. അനേക വർഷങ്ങളായി വൈവിദ്ധ്യങ്ങൾ നിറഞ്ഞ കേന്ദ്രീകൃതമായ ഭാരതത്തിൽ പഞ്ച വത്സര പദ്ധതികൾക്കെതിരെ പരാതികളും ഉയർന്നിരുന്നു. പ്ലാനിങ്ങ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലായതുകൊണ്ട് പലപ്പോഴും കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിക്കാത്ത സ്റ്റേറ്റുകളെ കേന്ദ്രം തഴയാറുമുണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഫണ്ട് വീതിക്കുമ്പോൾ പദ്ധതിയുടെ പങ്ക് കൊടുക്കാറുണ്ടായിരുന്നില്ല.



Image result for india five year plan pictures

Image result for india five year plan pictures


Image result for india five year plan pictures







































Wednesday, February 12, 2020

അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റചരിത്രം, അവലോകനം


Image result for india usa immigration pictures

ജോസഫ് പടന്നമാക്കൽ

അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റക്കാരിൽ  ഇന്ത്യൻ വംശജരാണ് ഏറ്റവും വലിയ സമൂഹം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ  കൂട്ടമായി യുഎസിൽ വരാൻ തുടങ്ങിയത് കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിലാണ്.  ജനസംഖ്യയുടെ കാര്യത്തിൽ മെക്സിക്കോക്കാരേക്കാളും  ചൈനാക്കാരേക്കാളും  ഇന്ത്യക്കാർ മുന്നിൽ നിൽക്കുന്നു.   ഏറ്റവും വിദ്യാഭ്യാസമുള്ള സമൂഹവും ഇൻഡ്യക്കാർതന്നെ.  മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും ഇന്ത്യൻ സമൂഹങ്ങളിൽ മൂന്നിരട്ടി ബിരുദധാരികളുമുണ്ട്.     അമേരിക്കയിലെ ഏതു വംശീയ (Ethnic) സമൂഹങ്ങളെക്കാളും   സാമ്പത്തിക ഉന്നമനം നേടിയിട്ടുമുണ്ട്.  ശരാശരി അമേരിക്കൻ ആളോഹരി വരുമാനത്തിന്റെ ഇരട്ടി വരുമാനം ഇൻഡ്യക്കാർക്കുണ്ട്.  സാമ്പത്തികമായി പിന്നിൽ നിന്ന  ഒരു രാജ്യത്തുനിന്നും  അമേരിക്കയിൽ വന്ന ഇന്ത്യക്കാർ ഇന്ന് ഏറ്റവും സമ്പന്നമായത്, തീർച്ചയായും വിസ്മയകരവും നമുക്കു അഭിമാനകരവും തന്നെ.  

 ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാ ദേശ്‌, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ളവരെ സൗത്ത് ഏഷ്യക്കാരായി കരുതിയിരുന്നു.  സൗത്ത്  ഏഷ്യാക്കാർ സ്പെയിനിന്റെ  കൊളോണിയൽ പ്രദേശങ്ങളായ മെക്സിക്കോയിൽക്കൂടി എ.ഡി 1500-നു  മുമ്പു  തന്നെ അമേരിക്ക ഭൂഖണ്ഡത്തിന്റെ വിവിധ  ഭാഗങ്ങളിൽ  വാസം ഉറപ്പിച്ചിരുന്നു.  1820 നു മുമ്പ് നിരവധി ജനങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും  എത്തിയിരുന്നു. ചരിത്രകാരനായ 'വിവേക ബാൾഡ്'  ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.  സൗത്ത് ഏഷ്യൻ കുടിയേറ്റക്കാർ  എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടായപ്പോൾ അവരുടെ സമൂഹം അമേരിക്ക മുഴുവനായി വ്യാപിച്ചിരുന്നു.  ഏ.ഡി 1900 മുതൽ ക്യാനഡായിൽ കുടിയേറ്റം വർദ്ധിച്ചതോടെ  ഐക്യനാടുകളിലും (USA)  കുടിയേറ്റക്കാരുടെ എണ്ണം  വർദ്ധിക്കാനിടയായി.  പഞ്ചാബികളായ തൊഴിലാളികൾ തടി മില്ലുകളിലും  റെയിൽ റോഡുകളിലും  കൃഷി സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. അവർ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വന്ന സമൂഹങ്ങൾക്കൊപ്പം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ഏഷ്യൻ കുടിയേറ്റക്കാർ  ഒരു ഭീഷണിയായി ദേശീയരായ അമേരിക്കക്കാർ   കരുതുകയും അവരെ  വെറുക്കുകയും ചെയ്തിരുന്നു.  അവർക്കെതിരെ ആക്രമണങ്ങളും  കൊള്ളകളും നിത്യ സംഭവങ്ങളായിരുന്നു.

1910-ൽ  റയിൽവേയിലും തടി മില്ലുകളിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ കാലിഫോർണിയായിൽ കാർഷിക കോട്രാക്ട് ജോലികളിലും ഏർപ്പെടുവാൻ തുടങ്ങി. അനേകം കാർഷിക തൊഴിലാളികളെ ധാന്യ വിളകൾ വിളയിക്കുന്ന കർഷക മുതലാളികൾക്ക്  ആവശ്യമായി വന്നു.  കാർഷിക ജോലികളിൽ വളരെ പ്രാവിണ്യം നിറഞ്ഞിരുന്ന ഇന്ത്യക്കാർ കൃഷിക്കാരുടെ പുരയിടങ്ങളിൽ താമസിച്ച് ദിവസക്കൂലിക്കാരായി ജോലിചെയ്തിരുന്നു. ബാങ്കിൽനിന്നും കടമെടുത്ത് അവർ  ഏക്കർ കണക്കിന് സ്ഥലങ്ങൾ  മേടിക്കാനും തുടങ്ങി. 1914-ൽ ഏഷ്യൻ ഇന്ത്യൻ വംശജർ  പുരോഗമിച്ചുകൊണ്ടിരിക്കുന്ന കർഷക സമൂഹങ്ങളുമായി മാറി. അവർ ഉൾനാടുകളിലുള്ള കൃഷി സ്ഥലങ്ങളിൽനിന്നും മദ്ധ്യ കാലിഫോർണിയയിൽ താമസമാക്കി, ഒരു സ്വതന്ത്ര വംശം സ്ഥാപിക്കുകയുമുണ്ടായി. അവർ കഠിനാധ്വാനികളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായിരുന്നു.   ഈ സമൂഹം സാമ്പത്തികമായി  ഉയരുന്നതുമൂലം മറ്റു വെള്ളക്കാരായ കർഷകപ്രമാണികളുടെ  വെല്ലുവിളികളും നേരിടേണ്ടി വന്നു. 1920 -ൽ വെള്ളക്കാരുമായുള്ള മത്സരം മൂലം ഏഷ്യൻ ഇന്ത്യക്കാരോടുള്ള  വെള്ളക്കാരുടെ ശത്രുത വളരെയേറെ വർദ്ധിക്കുകയുമുണ്ടായി.

സൗത്ത് ഏഷ്യാക്കാരെ  അക്കാലങ്ങളിൽ 'ഹിന്ദൂസ് ' എന്ന്  വിളിച്ചിരുന്നു. കൂടാതെ  അപകടകാരികളായ, അരോചകമായ തൊഴിലാളികൾ എന്നും പരിഹസിച്ചു.  ഇന്ത്യയിൽ   ബ്രിട്ടന്റെ കൊളോണിയൽ ഭരണം  അവസാനിപ്പിച്ചു സ്വാതന്ത്ര്യം  നേടാനുള്ള അമേരിക്കൻ പിന്തുണ അമേരിക്കൻ ഐക്യനാടുകൾക്ക്  അപകടകരമാണെന്നും വിലയിരുത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഇൻഡ്യക്കാർക്കെതിരെ  വിവേചനവും ശക്തമായികൊണ്ടിരുന്നു.  അവർക്കെതിരെ  തൊഴിൽ മേഖലകളിലും സാമൂഹിക തലങ്ങളിലും പീഡനങ്ങളുമുണ്ടായിരുന്നു.  മറ്റുള്ള ഏഷ്യൻ കുടിയേറ്റക്കാരെപ്പോലെ ഇവരെ ഭൂമി സ്വന്തമാക്കുന്നതിന് അനുവദിച്ചിരുന്നില്ല. കാലിഫോർണിയായിലെ ചില ടൗണുകളിൽ നിന്നും മൃഗീയമായി  പുറത്താക്കാനും തുടങ്ങി. ഇരുപതാം നൂറ്റാണ്ടായപ്പോൾ സൗത്ത് ഏഷ്യക്കാരെ ഒഴിവാക്കുന്നത് ഒരു ദേശീയ പ്രശ്നമായി മാറി. 1911-ലെ 'യു. എസ് ഇമ്മിഗ്രെഷൻ കമ്മിഷൻ' സൗത്ത് ഏഷ്യാക്കാരെ രാജ്യത്തിന് ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി ഗൗനിച്ചുകൊണ്ടു അവരെ യു. എസ്. എ  യിൽ  പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

വെള്ളക്കാരുടെ നേതൃത്വത്തിൽ ഏഷ്യാറ്റിക് എക്സ്ക്ലൂഷൻ ലീഗ് (AEL)  എന്ന ഒരു സംഘടനയുണ്ടായി.  ഈ സംഘടന ചൈനാക്കാരെയും ജപ്പാൻകാരെയും എതിർക്കുന്നതിനൊപ്പം കാലിഫോർണിയയിൽ എത്തിയ മൂവായിരം ഏഷ്യൻ ഇന്ത്യക്കാരെയും പീഡിപ്പിക്കാൻ തുടങ്ങി.  ഏഷ്യൻ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിക്ഷേധങ്ങൾ ശക്തമായിക്കൊണ്ടിരുന്നു. സൗത്ത് ഏഷ്യാക്കാരുടെ കുടിയേറ്റം സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസ്സിൽ വാദപ്രതിവാദങ്ങളുണ്ടായി. അവരെ ഒഴിച്ചുനിർത്തികൊണ്ടുള്ള കുടിയേറ്റങ്ങൾക്കായിരുന്നു അന്നുണ്ടായിരുന്ന നിയമനിർമ്മാണ സമിതികൾ അനുകൂലിച്ചിരുന്നത്.   അനേക വർഷങ്ങളുടെ പ്രതിക്ഷേധങ്ങളും ഒച്ചപ്പാടുകൾക്കും ശേഷം സമരം വിജയിക്കുകയും 1917-ൽ, സൗത്ത്  ഏഷ്യാക്കാരെ ഒഴിച്ചുനിർത്തിക്കൊണ്ട് ഒരു കുടിയേറ്റ നിയമം പാസ്സാക്കുകയും ചെയ്തു.  'സുപ്രീം കോർട്ടും' 'ഭഗത് സിങ്ങുമായ' കേസിൽ ഇന്ത്യക്കാരെ 'വെളുത്ത വർഗ്ഗക്കാരായി ' കണക്കാക്കില്ലെന്നും വിധിയുണ്ടായി. അതുമൂലം ഇന്ത്യക്കാർക്കും സ്ഥിരമായ കുടിയേറ്റം അനുവദിക്കില്ലെന്നും നിയമം വന്നു.  സ്ഥിരം കുടിയേറ്റാവകാശം ലഭിച്ചവർക്ക് പൗരത്വം നിഷേധിക്കുകയുമുണ്ടായി.

അഞ്ഞൂറു  മില്യൺ ജനങ്ങൾ വസിക്കുന്ന ഒരു ഭൂഖണ്ഡത്തെ  തന്നെ അമേരിക്കൻ കുടിയേറ്റ നിയമം  നിരോധിച്ചു.  പടിഞ്ഞാറുള്ള പല സ്റ്റേറ്റുകളും  സൗത്ത് ഏഷ്യാക്കാർക്ക് ഭൂമി വാങ്ങിക്കുവാനോ ലീസ് (Lease) ചെയ്യാനോ പാടില്ലാന്നുള്ള നിയമവും പാസ്സാക്കി. 1923-ലെ 'ഭഗത് സിങ് തിൻഡ്' കേസനുസരിച്ച് സൗത്ത് ഏഷ്യാക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പാടില്ലെന്നും വിധിയുണ്ടായി.  ഈ നിയമങ്ങൾ മൂലം സൗത്ത് ഏഷ്യൻ സമൂഹങ്ങൾ തന്നെ രാജ്യത്ത് ചുരുങ്ങാൻ കാരണമായി. സൗത്ത് ഏഷ്യാക്കാർ  അമേരിക്കയിൽ നാമമാത്രമായി നിലനിൽക്കുകയും ചെയ്തു.  1924 -ൽ  സ്ഥിരമായി താമസിച്ചുകൊണ്ടിരുന്ന   രണ്ടു ശതമാനം കുടിയേറ്റക്കാർക്കു മാത്രം  ഗ്രീൻ കാർഡ് കൊടുക്കാനുള്ള നിയമം പാസാക്കി. അടുത്ത ഇരുപതു വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തിയഞ്ഞൂറായി  ചുരുങ്ങി. 1946-ൽ 'ലൂസ്-സെല്ലെർ'ബിൽ   (Luce-Celler Bill) വീണ്ടും പുനഃസ്ഥാപിക്കുകയും ഏഷ്യൻ ഇന്ത്യക്കാർക്ക് നിയന്ത്രിതമായി കുടിയേറ്റം നൽകുകയും ചെയ്തു. 1947-നും 1965-നുമിടയിൽ 6000 ഇന്ത്യക്കാർ  നിയമാനുസ്രതം അമേരിക്കയിൽ  പ്രവേശിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ രാജ്യമായിരുന്ന  ഇന്ത്യയും അമേരിക്കയോടൊപ്പം യുദ്ധത്തിൽ സഹകരിച്ചിരുന്നു.  അമേരിക്കയിൽ മാറ്റങ്ങളുടെ തുടക്കവും ആരംഭിച്ചു. യു എസിലുള്ള സൗത്ത് ഏഷ്യാക്കാർ കുടിയേറ്റ നിയമങ്ങൾക്ക് ഭേദഗതി വരുത്തണമെന്ന ആവശ്യമായി അമേരിക്കൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ നേടാനും ശ്രമവും തുടങ്ങി. 1946-ലെ 'ലൂസ് സെല്ലർ' നിയമം സൗത്ത് ഏഷ്യാക്കാർക്കു അമേരിക്കൻ പൗരത്വം നൽകാനും തീരുമാനിച്ചു.   എങ്കിലും കുടിയേറ്റം അനുവദിക്കുന്നതിലും വിവേചനമുണ്ടായിരുന്നു. ഒരു വർഷം  നൂറു ഇന്ത്യക്കാർക്കു  മാത്രം 'ക്വാട്ട' അനുവദിച്ചു. സൗത്ത് ഏഷ്യാക്കാർ അമേരിക്കയിൽ വരുന്നതിൽ തന്നെ നിയന്ത്രണമുണ്ടായിരുന്നു. 1960-ൽ അമേരിക്കയിൽ സൗത്ത് ഏഷ്യക്കാരായി പന്തീരായിരം കുടിയേറ്റക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.  അതായത്, സൗത്ത് ഏഷ്യാക്കാർ  വിദേശ കുടിയേറ്റക്കാരിൽ  അര ശതമാനം മാത്രമായിരുന്നു .  അവിടെയാണ് 1965-ലെ സംഭവബഹുലമായ ലിണ്ടൻ ബി ജോൺസന്റെ  കുടിയേറ്റ നിയമം വരുന്നത്.

മാർട്ടിൻ ലൂതർ കിങ്ങിന്റെ കാലത്തുണ്ടായ അമേരിക്കൻ ജനതയുടെ  പൗരാവകാശ  പോരാട്ടങ്ങൾ,   കുടിയേറ്റ നിയമങ്ങളിലെ വിവേചനം അവസാനിപ്പിക്കുന്നതിന് വഴിതെളിയിച്ചു. 1920 മുതലുള്ള ഇമ്മിഗ്രെഷൻ ക്വാട്ടയിൽ  (quota) മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമങ്ങൾ പുറപ്പെടുവിച്ചു. ലിംഗം,നിറം, വർഗം,  ദേശീയത, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം പരിഗണിക്കാതെ കുടിയേറ്റ വിസാകൾ നൽകാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു.  കൂടാതെ രാജ്യത്തിനാവശ്യമായ തൊഴിലുകൾക്കധിഷ്ഠിതമായി വിസാ നൽകാനും തീരുമാനം എടുത്തു. മാതാപിതാക്കൾ, സഹോദരങ്ങൾ മുതലായ അടുത്ത ബന്ധു ജനങ്ങളെ കൊണ്ടുവരാമെന്നുള്ള ഭേദഗതികളും കുടിയേറ്റ നിയമങ്ങളിൽ കൂട്ടിച്ചേർത്തു.  വിവേചനം അവസാനിപ്പിക്കണോ ; കൂട്ടമായി കുടിയേറ്റക്കാരെ ഈ രാജ്യത്തിലേക്ക്  ആകർഷിക്കണോ എന്നെല്ലാമുള്ള  വാദ പ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു.  നിയമം ഉണ്ടാക്കുന്നവരുടെ മനസ്സിൽ ഇന്നും വർഗ വിവേചനം കുടികൊള്ളുന്നുണ്ട്. ഏഷ്യൻ കുടിയേറ്റക്കാരുടെ ചർച്ചകൾ വരുന്ന സമയങ്ങളിൽ അവർക്കുള്ള  ആനുപാതികമായ പങ്ക്  (ക്വാട്ട)  തടയാനുള്ള ശ്രമങ്ങൾ സ്പഷ്ടമായി കാണാം.

അമേരിക്കൻ കോൺഗ്രസ്സ്,  ഏഷ്യൻ അമേരിക്കക്കാർക്ക്  കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് പാകിസ്ഥാൻ, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം തുടരുന്നു.  പുതിയ കുടിയേറ്റ നിയമം വിദ്യാഭ്യാസമുള്ളവർക്കും വൈദഗ്ധ്യമുള്ള തൊഴിലുകൾ (Skilled)ചെയ്യുന്നവർക്കും തുറന്നു വെച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ അവരുടെ വിദ്യാഭ്യാസ രീതികൾക്കും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ആഗോള മാർക്കറ്റിൽ മത്സരിക്കാൻ വിദ്യാഭ്യാസത്തോടൊപ്പം ധാരാളം പേർക്ക് തൊഴിൽ മേഖലകളിൽ ഉള്ള വൈദഗ്ദ്ധ്യവും  നൽകി വരുന്നു. ഇന്ത്യയിൽ  തൊഴിൽ ചെയ്യുന്നവരെ മുഴുവനായി ഉൾക്കൊള്ളാൻ നമ്മുടെ  സമ്പദ് വ്യവസ്ഥക്ക് സാധിക്കില്ല. അതുകൊണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അവസരങ്ങൾ തേടി ഇന്ത്യക്കാർ പോവുന്നു. 1980 മുതൽ 2013 വരെയുള്ള കണക്കിൽ 206,000  കുടിയേറ്റക്കാരിൽ നിന്നും 2.4  മില്യൺ ഇന്ത്യൻ കുടിയേറ്റക്കാർ ഈ രാജ്യത്ത്  വന്നിട്ടുണ്ട്. ഓരോ പത്തു വർഷത്തിലും അവരുടെ എണ്ണം ഇരട്ടിയാകുന്നു. 1990-ൽ സ്ഥിരം കുടിയേറ്റക്കാരുടെയും താൽക്കാലിക കുടിയേറ്റക്കാരുടെയും എണ്ണം വർദ്ധിച്ചു. 2014-ൽ 316,000  എച്ച്  വൺ വിസ യിൽ വന്നവരിൽ 70  ശതമാനം ഇന്ത്യക്കാരായിരുന്നു. ചൈന കഴിഞ്ഞാൽ ഇന്ത്യകാരാണ് ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസയിൽ ഈ നാട്ടിൽ വരുന്നവർ.  അതുപോലെ പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും ബംഗ്ളാദേശിൽ നിന്നും  കുടിയേറ്റക്കാർ ഇരട്ടിച്ചിട്ടുണ്ട് .

ന്യൂ ജേഴ്‌സി, ന്യൂ യോർക്ക്, കാലിഫോർണിയ എന്നിവടങ്ങളിൽ ഇന്ത്യക്കാർ  കൂട്ടമായി സ്ഥിരതാമസം തുടങ്ങി. ടെക്‌സാസ് , മിനിസോട്ട, ജോർജിയ, നോർത്ത് കരോലിന സ്ഥലങ്ങളിൽ  വീടുകളും പണിയാൻ തുടങ്ങി. 'നിക്കി ഹാലി', ബോബി ജിൻഡാൽ മുതൽ  അമേരിക്കൻ സ്റ്റേറ്റുകളിൽ ഗവർണർമാർ വരെ ആകുന്ന ചരിത്രവുമുണ്ടായി. സാങ്കേതിക രംഗത്തും അനേകം ടെക്ക്നിക്കൽ നേതാക്കന്മാരുണ്ടായി. ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്ട് മേധാവി സത്യ നഡെല്ല,  അഡോബി മേധാവി ശന്തനു നാരായണ്‍ മുതൽപേർ ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ്.

അതേസമയം അനേകം ഇന്ത്യക്കാരും സൗത്ത് ഏഷ്യക്കാരും സാമ്പത്തീകം, സാമൂഹികം രാഷ്ട്രീയം എന്നീ തലങ്ങളിൽ നിലനിൽപ്പിനായി പട പൊരുതേണ്ടിയും വന്നു. ഇംഗ്ളീഷ് ഭാഷ പരിജ്ഞാനക്കുറവു മൂലം ആദ്യകാല ഇന്ത്യക്കാർ പലപ്പോഴും ചൂഷണത്തിന് വിധേയമായിരുന്നു.  സ്വദേശികളായ അമേരിക്കരിൽ നിന്നും വെറുപ്പുകളും  (Hate crimes) പീഡനങ്ങളും  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഓക്ക് ക്രീക്ക്, വിസ്കോൺസിൻ എന്നിവടങ്ങളിൽ സിക്കുകാരുടെ അമ്പലങ്ങൾ തകർത്തിട്ടുണ്ട്. 2012 മുതൽ നിയമപരമല്ലാത്ത കുടിയേറ്റക്കാരും രാജ്യത്തു വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1990 നു ശേഷം അനധികൃതരുടെ എണ്ണം കണക്കില്ലാതെ  വർദ്ധിക്കുകയുമുണ്ടായി.

വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളിൽ താമസിച്ച നിരവധി പേർ തങ്ങളുടെ വ്യക്തിത്വവും  നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. അവരിൽ ശാസ്ത്രജ്ഞരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും നോബൽ സമ്മാന ജേതാക്കളുമുണ്ട്. അന്യനാടുകളിലാണെങ്കിലും  അവിടെയുള്ളവരുടെ സംസ്‌കാരങ്ങളിൽ ലയിച്ചു ജീവിക്കുന്നതുകൊണ്ടാണ് അവർക്ക് വിജയങ്ങൾ നേടാൻ സാധിച്ചത്. അറബിയുടെ നാട്ടിൽ അറബിയെപ്പോലെയും സായിപ്പിന്റെ നാട്ടിൽ സായിപ്പിനെപ്പോലെയും ജീവിക്കാൻ പ്രവാസികൾ പഠിച്ചു. എന്നിരുന്നാലും നാടിന്റെ സംസ്‌കാരങ്ങളും നിലനിർത്താൻ അവർ അതീവ തല്പരരായിരുന്നു. നിരവധി പ്രാദേശികമായ  സംഘടനകൾ രൂപീകരിച്ച് ഓണവും ക്രിസ്തുമസും ദീപാവലിയും ശിവരാത്രിയുമെല്ലാം ആചരിക്കുന്നു. അതുമൂലം നാടിന്റെ സംസ്ക്കാരം നിലനിർത്തുന്നതിനും പ്രേരണ ലഭിക്കുന്നു.  ക്ഷേത്രങ്ങൾ, അരമനകൾ, മോസ്കുകൾ, പള്ളികൾ എന്നിങ്ങനെ ഓരോ മതങ്ങളുടെയും ആചാരങ്ങളനുസരിച്ച് സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടിയേറ്റക്കാർ വ്യത്യസ്തരാണ്. അമേരിക്കയിൽ ജീവിക്കാൻ സാമ്പത്തികമായി കഴിവുള്ളവർക്കാണ്  ബന്ധു  വിസ അനുവദിക്കാറുള്ളത്.  ഇന്ത്യ ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാ കുടിയേറ്റക്കാരും സ്വതന്ത്രമായ മനസോടെ അവരവരുടെ ഇഷ്ടത്തിന് ഇവിടെ വന്നവരാണ്. ജോലിക്കായി വന്നവരെല്ലാം യുവാക്കളായിരുന്നു. ഓരോരുത്തർക്കും പഠിച്ചതിനനുസരിച്ച് തൊഴിൽ പ്രാവണ്യവും നേടണമായിരുന്നു. അതുകൊണ്ട് ജോലിചെയ്യുന്നവർക്കു വലിയ വേതനം പണം  മുടക്കുന്ന തൊഴിൽ ദാദാവിന് (Employer) നൽകേണ്ടി വന്നില്ല.

ജനിച്ചുവളർന്ന ഇന്ത്യയുടെ മൂല്യം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് വിവാഹ മോചനങ്ങൾ വളരെ വിരളമായി  മാത്രമേ ഇന്ത്യൻ സമൂഹങ്ങളിൽ സംഭവിക്കുന്നുള്ളൂ. ഒരു സ്ത്രീക്കോ പുരുഷനോ ഒറ്റക്ക് കുടുംബജീവിതം നയിക്കേണ്ടി വരുന്നില്ല. ഭാര്യയും ഭർത്താവും ഒന്നിച്ച് ജോലി ചെയ്യുന്നതുകൊണ്ട് കുടുംബങ്ങൾ സാമ്പത്തികമായും മെച്ചപ്പെടുന്നു. അമേരിക്കൻ ജനതയിൽ 60 ശതമാനം കുടുംബങ്ങൾ മാതാപിതാക്കളുമൊത്തു  ജീവിക്കുമ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം കുട്ടികൾ മാതാപിതാക്കന്മാരുമായി ഒത്തൊരുമിച്ചു ജീവിക്കുന്നവരാണ്.  ഇന്ത്യയിൽ നിന്നും വരുന്ന കുടിയേറ്റക്കാർ മൂന്നിൽ രണ്ടു വിഭാഗം ഇരുപതിനും മുപ്പത്തിയഞ്ചിനും വയസിനിടയിലുള്ളവരാണ്.  ഇന്ന്,  വിദേശികളായ സൗത്ത് ഏഷ്യാക്കാരുടെ എണ്ണം  41 മില്യൺ ആയി വർദ്ധിച്ചിരിക്കുന്നു. അവർ അമേരിക്കൻ ജനസംഖ്യയുടെ പതിമൂന്നു ശതമാനമുണ്ട്. സൗത്ത് ഏഷ്യൻ സമൂഹത്തിന് നീണ്ട ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ അമ്പതു  വർഷങ്ങളിൽ മാത്രമാണ് അവരുടെ ചരിത്രത്തിന്റെ സുവർണ്ണ കാലമെന്നു പറയാൻ സാധിക്കുള്ളൂ.

1965 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ  കുടിയേറ്റ ചരിത്രത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നു. പ്രസിഡന്റ് 'ലിണ്ടൻ ബി ജോൺസൺ' 1965-ൽ  കുടിയേറ്റ നിയമ ബില്ലിൽ ഒപ്പിട്ടു. ഈ ബില്ലിനെ ഹാർട്ട്  സെല്ലെർ ആക്ട് (Hart-Celler Act) എന്ന് പറയുന്നു. ഇന്ത്യക്കാർക്ക് നിശ്ചിതമായിരുന്ന  വിസാ ക്വാട്ടകൾ  നീക്കം ചെയ്തു. പകരം,  ഓരോരുത്തരുടെ തൊഴിലിന്റെ  കഴിവനുസരിച്ചും പ്രൊഫഷണൽ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഗ്രീൻ കാർഡ് നൽകാനായിരുന്നു നിയമം. 1970 നു ശേഷം അനേകം ഏഷ്യൻ ഇന്ത്യക്കാർ ചെറുകിട ബിസിനസുകൾ ആരംഭിച്ചു. റെസ്റ്റോറന്റ്,  ട്രാവൽ ഏജൻസികൾ, മോട്ടലുകൾ മുതലായവകളാരംഭിച്ചു.  ഏഷ്യൻ ഇന്ത്യക്കാർ സ്റ്റുഡന്റ് വിസായിലും വന്നെത്തിയിരുന്നു.  1990 -ൽ അവരുടെ ജനസംഖ്യ എട്ടുലക്ഷത്തോളമുണ്ടായിരുന്നു.  1990-ൽ ടെക്കനോളജി ഡിഗ്രിയുള്ളവർക്കും ഐറ്റി പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്കും വിസ നൽകി വന്നു. എ.ഡി.  2000-മായപ്പോൾ  കോളേജുകൾ മുഴുവൻ ഇന്ത്യക്കാരായ  സമർത്ഥരായ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരുന്നു.




Asian Indian immigrants

Sikh immigrants, California (1910)

Asian Indian immigrants
Yearbook of Immigration Statistics, 2008
Image result for india usa immigration pictures

Image result for president johnson signs immigration pictures


Monday, February 3, 2020

ടിപ്പു സുൽത്താൻ ദേശീയവാദിയോ, അനുകൂലപ്രതികൂലവാദമുഖങ്ങള്‍

Image result for tippu pictures"


ജോസഫ് പടന്നമാക്കൽ

പ്രസിദ്ധ ധ്യാന ഗുരുവായ  ഫാദർ ജോസഫ് പുത്തൻപുരക്കലിന്റെ  ടിപ്പു സുൽത്താനെപ്പറ്റിയും മുസ്ലിം സമുദായത്തെപ്പറ്റിയുമുള്ള പരാമർശം  സോഷ്യൽ മീഡിയാകളിൽ  വിരുദ്ധ തരംഗങ്ങളും കോളിളക്കങ്ങളും  സൃഷ്ടിച്ചിരുന്നു.  അതിന്റെ പേരിൽ അച്ചനെതിരെ മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളുമുണ്ടായി.  ടിപ്പുവിനെപ്പറ്റിയുള്ള  നിരവധി സത്യങ്ങളും അസത്യങ്ങളുമായുള്ള ചരിത്രങ്ങൾ  പ്രചരിക്കുകയും ചെയ്തു.' നെല്ലും പതിരും  തിരിച്ചറിയാൻ പാടില്ലാത്ത വിധമാണ് ഓരോരുത്തരും ഭാവനക്കനുസരിച്ച് ചരിത്രം എഴുതിവിടുന്നത്.  സ്വന്തം പട്ടാളവുമായി രാജ്യ വിസ്തൃതി നടത്തിക്കൊണ്ടിരുന്ന ടിപ്പു സുൽത്താനു വിശുദ്ധ പദവി നൽകേണ്ട ആവശ്യമുണ്ടോ? ആധുനിക ദേശീയതയുടെ ബിംബമായി സുൽത്താനെ ചിലർ പൂജിക്കുന്നു.  ടിപ്പു ഒരു മുസ്ലിമെന്ന നിലയിലാണ് ചിലരുടെ ആരാധന. ക്രിസ്ത്യാനികളായ  ഹിറ്റ്ലറേയും മുസ്സോളനിയെയും പുകഴ്ത്തിക്കൊണ്ട് നൂറുകണക്കിന് പുസ്തകങ്ങൾ ഗ്രന്ഥപ്പുരകളിലുണ്ട്. അതുകൊണ്ട് അവർ ചെയ്ത ക്രൂരതകൾക്ക് ചരിത്രം മാപ്പു നല്കണമെന്നില്ല.  ടിപ്പുവിന്   ഒരു ഇന്ത്യൻ ചരിത്ര പുരുഷനെന്നതിൽ കൂടുതൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യ പകുതിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭീക്ഷണി അദ്ദേഹം മനസിലാക്കി. അതിൽ കൂടുതലായി ദേശീയതയുടെ ബിംബം ടിപ്പുവിന് കല്പിക്കുന്നതെന്തിന്?  ടിപ്പുവിനെ ഒരു സ്വാതന്ത്ര്യ യോദ്ധാവായി ചിത്രീകരിക്കാനും  സ്വരാജ്യ സ്നേഹിയായി കരുതാനും മത  മൗലിക വാദികൾക്കു മാത്രമേ കഴിയുള്ളൂ.   

ടിപ്പു സുൽത്താൻ 1750 നവംബർ ഇരുപതാംതീയതി ബാംഗ്ലൂരിൽ ദേവൻ ഹള്ളി യിൽ ഒരു മിലിറ്ററി ഓഫീസർ ഹൈദരാലിയുടെയും  ഭാര്യ 'ഫഖർ അൺ നിസ'യുടേയും  മൂത്ത  മകനായി  ജനിച്ചു.  മൈസൂറിന്റെ 'കടുവ' എന്നും വിളിച്ചിരുന്നു.  അദ്ദേഹം കവിയും പണ്ഡിതനും പടയാളിയുമായിരുന്നു. സുൽത്താന്റെ പൂർവിക കുടുംബം പേർഷ്യയിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ എന്നനുമാനിക്കപ്പെടുന്നു.  ബ്രിട്ടീഷുകാരോട് ശക്തിയായി പോരാടിയ ഒരു യോദ്ധാവാണ് ടിപ്പു സുൽത്താൻ. എങ്കിലും അദ്ദേഹം മതഭ്രാന്തനെന്നുള്ള സത്യം മറച്ചു വെക്കാൻ സാധിക്കില്ല. ഇന്നത്തെ മതേതരത്വ ചിന്തകളും ടിപ്പുവിന്റെ മതേതര ചിന്തകളും തമ്മിൽ യാതൊരു വിധത്തിലും സാമ്യപ്പെടുത്താനും സാധിക്കില്ല

1761-ൽ ടിപ്പുവിന്റെ പിതാവായ ഹൈദരാലി മൈസൂറിന്റെ  രാജാവായി. ഫ്രഞ്ച് സർക്കാരുമായി ഹൈദർ ആലിക്ക് രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്നു. ഫ്രഞ്ചുകാരിൽ നിന്നാണ് ടിപ്പു  മിലിറ്ററി ട്രെയിനിങ് കരസ്ഥമാക്കിയത്.  തോക്കിൽ വെടി വെക്കാനും വാൾപ്പയറ്റും കുതിര സവാരി പഠിപ്പിക്കാനും ടിപ്പുവിനു സമർഥരായ അദ്ധ്യാപകരുണ്ടായിരുന്നു. പതിനഞ്ചാം വയസിൽ രണ്ടായിരം പട്ടാളക്കാരുമായി എത്തി മലബാറിലെ ഭരണാധികാരിയെ തടവുകാരനാക്കി. ടിപ്പുവിന്റെ വിജയകരമായ ആക്രമണ ശേഷം മലബാർ രാജാവ് ഹൈദ്രാലിക്ക് കീഴടങ്ങി. ഹൈദരാലിയുടെ മിലിറ്ററി ഓഫീസറായിരുന്ന 'ഖാസി ഖാൻ' ടിപ്പുവിനെ ആയുധാഭ്യാസം  പഠിപ്പിച്ചു. മിലിട്ടറി വിദ്യാഭ്യാസം ടിപ്പുവിനെ നല്ല പട്ടാളക്കാരനും ജനറലുമാക്കി. 1782-ൽ ഹൈദരലി മരിച്ചു. ടിപ്പു മൈസൂരിന്റെ പുതിയ രാജാവായി. അദ്ദേഹം അപ്പനോടൊപ്പം രണ്ടു വിജയകരമായ ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ നയിച്ചു.  ബ്രിട്ടീഷ് ശക്തികൾ രാജ്യത്തിന് ഏറ്റവും വലിയ ഭീക്ഷണിയായിരുന്നുവെന്ന് ടിപ്പുവിനറിയാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിച്ച ഇന്ത്യയിലെ  ചുരുക്കം ചില രാജാക്കന്മാരിൽ ഒരാളാണ് ടിപ്പു. ആദ്യത്തെ രണ്ടു ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ വിജയിച്ചിരുന്നു.  സുൽത്താന്റെ ക്യാബിനറ്റിൽ 'ഗുഡു ഖാൻ' എന്ന ഒരു മന്ത്രിയുണ്ടായിരുന്നു. നാലാം മൈസൂർ ആംഗ്ലോ യുദ്ധത്തിൽ ശ്രീ രംഗപട്ടണം പിടിച്ചെടുക്കുന്ന സമയങ്ങളിൽ ടിപ്പുവിനെതിരെ  ചാരപ്പണിചെയ്തു ചതിച്ചുകൊണ്ടിരുന്നു. അതുമൂലം  യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും  ബ്രിട്ടീഷുകാർ വിജയിക്കുകയും ചെയ്തു.  

1750 മുതൽ 1799 വരെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ ധീരനായ ഒരു പരാക്രമിയെന്നതിൽ സംശയമില്ല. ഉശിരോടെ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാടി. എന്നാൽ ടിപ്പു  ഒരു വർഗീയ വാദിയായിരുന്നുവെന്ന പരമാർത്ഥത്തെ ലഘൂകരിക്കാൻ സാധിക്കില്ല. ആധുനിക മതേതര ചിന്തകളുമായി ടിപ്പുവിന്റെ ചിന്തകൾക്ക് യാതൊരു സാമ്യവുമില്ല. അദ്ദേഹം ദേശീയ താല്പര്യത്തിനായി, പ്രതിരോധത്തിനായി പോരാടിയ ധീര ദേശാഭിമാനിയെന്നു പുതിയ ടെക്സ്റ്റുബുക്കുകളിൽ ചേർത്തിരിക്കുന്നു. ആദ്യകാല ചരിത്രങ്ങളിൽ  ടിപ്പുവിനെ  ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും  കൊന്ന ഒരു ക്രൂരനായും  ബലം  പ്രയോഗിച്ച് മുസ്ലിമുകളായി മതം മാറ്റിയ  മതഭ്രാന്തനായും ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ  സ്തുതി പാടേണ്ട ആവശ്യമുണ്ടോ? അതോ അദ്ദേഹം ഇന്നത്തെ വലതുപക്ഷ ചിന്താഗതിക്കാരുടെ ആശയ ദുഷ്പ്രചരണങ്ങൾക്ക് ഇരയോ? കർണ്ണാടക സർക്കാർ  ടിപ്പു സുൽത്താന്റെ സ്മാരക ഉത്സവം കൊണ്ടാടുന്നതിനൊപ്പം ഇങ്ങനെ മില്യൺ കണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായുണ്ട്.

ടിപ്പുവിനെപ്പറ്റി വിവാദപരമായ,  ചരിത്രത്തിനു നിരക്കാത്ത, ധാരാളം നുണക്കഥകൾ പ്രചരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുക്കളും തങ്ങളുടെ യുക്തിയനുസരിച്ച് കഥകൾ നെയ്തെടുക്കുകയും ഒപ്പം വർഗീയത പൂശുകയും ചെയ്യുന്നു. 2013 -ൽ റിലീസായ ആമ്മേൻ എന്ന സിനിമയിൽ ടിപ്പു സുൽത്താൻ കുമരങ്കരി സുറിയാനി പള്ളിയെ ആക്രമിക്കുന്നതും ആ അവസരത്തിൽ ഗീവർഗീസ് പുണ്യാളൻ നേരിട്ട് അവതരിച്ചു ടിപ്പുവിനെ ഓടിക്കുന്നതായുമുണ്ട്. വാസ്തവത്തിൽ ടിപ്പു  ആലുവാ പുഴയ്ക്കിക്കരെ കടന്നിട്ടില്ല. ഇത്തരം നെയ്തെടുത്ത കഥകൾ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും  പ്രചരിപ്പിക്കുന്നു. വോട്ടുബാങ്കാണ് ലക്ഷ്യം. 

1960 വരെ ടിപ്പുവിനെ ഒരു ക്രൂര ഭരണാധികാരിയായി സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നു.  പിന്നീടുവന്ന കോൺഗ്രസ്സ് സർക്കാരുകൾ മുസ്ലീമുകളെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് നേടാനായി ടിപ്പുവിനെ  സ്വാതന്ത്ര്യ സമരയോദ്ധാവാക്കി ചിത്രീകരിക്കാനും തുടങ്ങി. ചരിത്രം ഓരോരുത്തരുടേയും  മനോധർമ്മം അനുസരിച്ച് വളച്ചൊടിച്ചിരിക്കുകയാണ്. ടിപ്പുവിൻറെ ചരിത്രത്തെ  ചായം തേയ്ച്ചുകൊണ്ടു  പുതിയ ചരിത്ര പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി സ്‌കൂളുകളിൽ പഠിപ്പിക്കാനും തുടങ്ങി. പൊടിപ്പും തൊങ്ങലുകളും വെച്ചുകൊണ്ടുള്ള ചരിത്രങ്ങളും കൂട്ടിച്ചേർത്തു.  അതുവരെ ബ്രിട്ടീഷ് ചരിത്രകാരോടൊപ്പം ദേശീയ ചരിത്രകാർ പോലും ടിപ്പുവിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു.  ചരിത്രം എന്നും യുദ്ധത്തിൽ വിജയിക്കുന്നവരുടെ പക്ഷത്തായിരിക്കും. ഒരു പക്ഷെ ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ചിരുന്നെങ്കിൽ ഇന്നുള്ള ചരിത്രത്തിന്റെ ഗതി മറ്റൊരു വിധത്തിലാവുമായിരുന്നു. 

ടിപ്പുവിന്റെ സൈനികരിൽ നല്ല ഒരു ഭാഗം ഹിന്ദു സൈനികരായിരുന്നു. സൈന്യാധിപന്മാരും ഹിന്ദുക്കളായിരുന്നു. ആ സ്ഥിതിക്ക് ടിപ്പുവിനെ വർഗീയ വാദിയായി  ചിത്രീകരിക്കാമോയെന്നും ചോദ്യങ്ങളുയരുന്നു. ടിപ്പു സുൽത്താൻ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിമുകളായി മതപരിവർത്തനം നടത്തിയെന്നാണ് ഒരു വാദം.  ഹൈദരാലിയും ടിപ്പുവും 80 കൊല്ലത്തോളം മൈസൂർ ഭരിച്ചു. എങ്കിലും അവിടുത്തെ മുസ്ലിം ജനസംഖ്യ അഞ്ചു ശതമാനം മാത്രമേയുള്ളൂ. മലബാറിൽ ഹിന്ദുക്കളെ 'ടിപ്പു' വെടിവെച്ചു കൊന്നുവെന്ന വാദം ശരിയാണെങ്കിൽ അവിടെ ഹിന്ദുക്കൾ ആരുംതന്നെ അവശേഷിക്കില്ലായിരുന്നു.  മലബാറിൽ ഭൂരിഭാഗവും ഇന്നും  ഹിന്ദുക്കൾ തന്നെയാണ്.

ബ്രിട്ടീഷ് ചരിത്രങ്ങളിൽ ടിപ്പു ഒരു മതപീഡകനായിട്ടാണ് അറിയപ്പെടുന്നത്. യുദ്ധത്തിൽ തോറ്റ ടിപ്പുവിന്റെ  മരണത്തെ സാധുകരിക്കാൻ   'ടിപ്പു' മതപീഡകനായിരുന്നുവെന്നു ബ്രിട്ടീഷുകാർ  വിളംബരം നടത്തിയതാകാം!  എന്നാൽ  സ്വാതന്ത്ര്യ ശേഷം ചരിത്രം തിരുത്തിയെഴുതി  ടിപ്പു ഒരിക്കലും മതങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നുമാക്കി.  ടിപ്പുവിനെതിരെ പ്രവർത്തിച്ചവരെ ടിപ്പു ശിക്ഷിച്ചിട്ടുണ്ടെന്നും  അത് മതപരമായ പീഡനമായിരുന്നില്ലെന്നും  മതപരമായി പീഡിപ്പിച്ചുവെന്ന കഥ തെറ്റായ വസ്തുതകളെന്നും  പ്രാചീന ചരിത്രങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചരിത്രം പുതുക്കിയെഴുതുകയുമുണ്ടായി.  ആംഗ്ലോ മൈസൂർ യുദ്ധകാലങ്ങളിൽ തന്നെ ബ്രിട്ടീഷുകാർ ടിപ്പുവിനെ ഒരു ഭീകര ജീവിയായി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ   ആരംഭിച്ചിരുന്നു.  യുദ്ധ തടവുകാരെ നിർദ്ദയം കൊന്നുവെന്നും സ്ഥാപിച്ചു.  മറ്റൊന്നും ചിന്തിക്കാതെ ടിപ്പുവിനെ  എതിർക്കുന്നവർ ടിപ്പുവിനെ  ഒരു ഭീകരനായി കാണാനും തുടങ്ങി.  നായന്മാരുടെയിടയിലും ക്രിസ്ത്യാനികളുടെയിടയിലും  ഭീകരനായ ഒരു ടിപ്പുവിനെപ്പറ്റി ശക്തമായ ഒരു ചിത്രമുണ്ടായിരുന്നു. 

1923 -ൽ ഭാഷാപോഷിണിയിൽ സുപ്രസിദ്ധ ചരിത്രകാരനും  ജേർണലിസ്റ്റുമായ സർദാർ  കെ.എം. പണിക്കർ എഴുതിയ,  'ടിപ്പു വില്ലനോ നായകനോ' എന്ന  തലവാചകത്തിലുള്ള കുറിപ്പുകൾ താഴെ കുറിക്കുന്നു.  

1. 1788-മാർച്ച് 22 ന്  അബ്ദുൽ ഖാദറിനു ടിപ്പു  എഴുതിയത്, "12000 ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചു. അവരിൽ നമ്പൂതിരി ബ്രാഹ്മണന്മാരും ഉണ്ടായിരുന്നു. മറ്റുള്ള ദേശവാസികളായ ഹിന്ദുക്കളെ ഇസ്‌ലാം മത പരിവർത്തനത്തിനായി താങ്കളുടെ മുമ്പിൽ കൊണ്ടുവരുന്നതായിരിക്കും.  ഇസ്‌ലാം മതത്തിൽ ചേരാനായി ബ്രാഹ്മണരെ ഒഴിവാക്കുന്നതല്ലായിരിക്കും".  

2. 1788 ഡിസംബർ പതിനാലാം തിയതി ടിപ്പു  പട്ടാള സേനാധിപതിയ്ക്ക് എഴുതി: "എന്റെ രണ്ടു അനുയായികളെ 'മിർ  ഹുസൈൻ ആലി' യോടൊപ്പം അയക്കുന്നു. അവരുടെ സഹായത്തോടെ നിങ്ങൾ എല്ലാ ഹിന്ദുക്കളെ പിടിക്കുകയും വധിക്കുകയും ചെയ്യണം. 20 വയസിൽ താഴെയുള്ളവരെ ജയിലിൽ അടക്കണം. ബാക്കി 5000 പേരെ മരത്തിന്റെ മുകളിൽ കെട്ടി തൂക്കണം. ഇത് എന്റെ ആജ്ഞയാണ്". 

3. 1790 ജനുവരി പതിനെട്ടാം തിയതി സെയ്ദ് അബ്ദുൽ ദുലൈയ്ക്ക് എഴുതി, "കോഴിക്കോടു വാസികൾ ഹിന്ദുക്കൾ മുഴുവനായി തന്നെ ഇസ്‌ലാമിലേക്ക് മത പരിവർത്തനം ചെയ്തു. ഇസ്‌ലാമിനെ നിലനിർത്താനുള്ള വിശുദ്ധ യുദ്ധമായി കരുതുന്നു". 

മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളിലുള്ള കുറ്റകൃത്യങ്ങൾ ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഇത്രമാത്രം ജനങ്ങളെ കൊന്ന ഈ ഭീകരന്റെ  പാപക്കറകൾ ഒരിക്കലും മായ്ക്കാൻ കഴിയില്ല. 1923-ലാണ് ടിപ്പു സുൽത്താന്റെ ഉദ്ധരണികൾ മുഴുവൻ പ്രസിദ്ധീകരിച്ചത്. അക്കാലം വരെയും ടിപ്പു സുൽത്താനെ പ്പറ്റി വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.  അന്നുള്ള  പ്രസിദ്ധകരണത്തിൽ സംശയാസ്പദമായ ചേതോവികാരം  ആരും രേഖപ്പെടുത്തിയുമില്ല. ടിപ്പു സുൽത്താന്  ആദരവു നൽകുന്നതിൽ ഏറ്റവും കൂടുതൽ പ്രതിക്ഷേധം കാണുന്നത് കൂർഗിലാണ്.  മതത്തിന്റെ പേരിൽ ടിപ്പു നടത്തിയ നിഷ്ടുരതകൾ  നടന്നതും ഈ പ്രദേശങ്ങളിലാണെന്നു  കരുതുന്നു.   രാജ്യ വിസ്തൃതിക്കുവേണ്ടിയായിരുന്നില്ല അവിടെയെല്ലാം പീഡനം അഴിച്ചുവിട്ടിരുന്നത്.  സാംസ്ക്കാരിക മാറ്റങ്ങൾക്കും  മതപരമായ പരിവർത്തനങ്ങൾക്കും വേണ്ടിയായിരുന്നു. ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നയമായിരുന്നു അദ്ദേഹം പിന്തുടർന്നത്. ടിപ്പു അമ്പലങ്ങൾ നശിപ്പിക്കുന്നതിൽ ലക്ഷ്യമിട്ടിരുന്നു. 40000 കൂർഗികളെ കൊന്നുവെന്നും അരലക്ഷം ജനങ്ങളെ  മതം മാറ്റിയെന്നും ചരിത്രകാർ രേഖപ്പെടുത്തിയിരിക്കുന്നു. 

ടിപ്പുവിന്റെ മതഭ്രാന്തിൽ ക്രിസ്ത്യാനികളും ബലിയാടായിരുന്നു. ഒരു പോർട്ടുഗീസ് യാത്രികനായിരുന്ന ബർട്ടോലോമിയോ 1790-ൽ എഴുതി, (ഈസ്റ്റ് ഇൻഡീസ് യാത്ര) "ടിപ്പു ആനപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്നാലെ 30000 പട്ടാളക്കാരുമുണ്ടായിരുന്നു. കോഴിക്കോടുള്ള  ഭൂരിഭാഗം സ്ത്രീ പുരുഷന്മാരെ തൂക്കിലേറ്റി. അമ്മമാരുടെ കഴുത്തിൽ കെട്ടി കുഞ്ഞുങ്ങളെയും കൊന്നിരുന്നു.  ബാർബേറിയനായ ടിപ്പു സുൽത്താൻ നഗ്നരായ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ആനകളുടെ കാലുകളിൽ കെട്ടി ചവുട്ടി മെതിച്ചിരുന്നു. അമ്പലങ്ങളും പള്ളികളും കത്തിച്ചു നശിപ്പിക്കാൻ ആജ്ഞയും കൊടുത്തിരുന്നു." 'ഫ്രാൻകോയിസ് ഫിഡൽ റിപോഡ് ഡി മോൺടൗഡ്വേര്ഡ്'  എന്ന ഫ്രഞ്ച് പട്ടാളക്കാരൻ മൗറീഷ്യസിൽനിന്നു  ബ്രിട്ടീഷുകാർക്കെതിരെ ടിപ്പുവിനെ  സഹായിക്കാൻ മൈസൂറിൽ  വന്നുവെന്നും എഴുതപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ ക്രൂരപ്രവർത്തികൾ അടങ്ങിയ  ഒരു ഡോക്യുമെന്റ് 1988-ൽ പാരീസിൽ നിന്നും  കണ്ടു കിട്ടി. അതിൽ എഴുതിയിരിക്കുന്നത് "നിഷ്കളങ്കരായ ഹിന്ദുക്കളോട്  സുൽത്താൻ ചെയ്യുന്ന ക്രൂരതയിൽ ഞാൻ അസന്തുഷ്ടനാണ്. എന്നെ വളരെയധികം വേദനിപ്പിക്കുന്നു.  മാംഗ്ലൂർ പിടിച്ചെടുത്തപ്പോൾ ടിപ്പുവിന്റെ പട്ടാളക്കാർ  ബ്രാഹ്മണരുടെ തലകൾ വെട്ടുന്നത്, ദിനം പ്രതിയുള്ള കാഴ്ചകളായിരുന്നു." അക്കാലത്ത് കോഴിക്കോട് ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു. ഏകദേശം 7000 ബ്രാഹ്മണ കുടുംബങ്ങൾ  അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടം കാരണം അവരിൽ 2000 ബ്രാഹ്‌മണ കുടുംബങ്ങൾ ഇല്ലാതായി. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കി. (Outlook, The Tyrant Diaries) 

1960 കൾക്കു ശേഷം  ചരിത്ര പുസ്തകങ്ങളിൽ ടിപ്പു ഒരു മനുഷ്യ സ്നേഹിയായി അവതരിച്ചു. മലബാറിൽ താണ ജാതിക്കാർ മാറു മറയ്ക്കാതെ നടന്നപ്പോൾ  മാറു മറയ്ക്കാനുള്ള  തുണിയുടെ ചെലവുകൾ  ഖജനാവിൽ നിന്നും നൽകാമെന്നു  ടിപ്പു മലബാറിലെ അദ്ദേഹത്തിൻറെ കാര്യസ്ഥനു  കത്തെഴുതിയെന്നു സോഷ്യൽ മീഡിയാകളിൽ നിന്നും അറിയുന്നു.  അങ്ങനെയുള്ള ജാതീയ ആചാരങ്ങൾ നീക്കം ചെയ്യണമെന്നും  ടിപ്പു ഉപദേശിച്ചു. അതിനു വളരെ  വർഷങ്ങൾ കഴിഞ്ഞാണ്   തിരുവിതാംകൂർ സർക്കാർ സ്ത്രീകൾ മാറു  മറയ്ക്കണമെന്ന ഉത്തരവ് നൽകുന്നത്.  ടിപ്പു സുൽത്താന്റെ പതിനേഴു മന്ത്രിമാർ ബ്രാഹ്മണരായിരുന്നുവെന്നും  മഹാരാഷ്ട്ര സൈന്യം മൈസൂരിലെ ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ക്ഷേത്രങ്ങൾ  പുതുക്കി പണിയാനും ഒപ്പം നിരവധി അമ്പലങ്ങൾ പണിയാനും ടിപ്പു സാമ്പത്തിക സഹായം നൽകിയെന്നും നവ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.  അദ്ദേഹം വർഗീയ വാദിയായിരുന്നുവെങ്കിൽ ഹൈദ്രബാദ് നൈസാമിനോട് യുദ്ധം ചെയ്യില്ലായിരുന്നുവെന്നും യുക്തികൾ നിരത്തുന്നു. തടവുകാരുടെ ഭാര്യമാരോട് മാന്യമായി പെരുമാറിയിരുന്നുവെന്നും അവർക്കെല്ലാം സ്വർണ്ണ നാണയങ്ങൾ കൊടുത്തുകൊണ്ട്  ഇനി മൈസൂർ രാജ്യത്ത് ആക്രമിക്കാൻ  ഭർത്താക്കന്മാരോടു വരരുതെന്നും ടിപ്പു ഉപദേശിച്ചിരുന്നതായും പറയപ്പെടുന്നു. 

പുതിയ കഥകൾകൊണ്ട്  ടിപ്പുവിന്റെ ചരിത്രം ഒരു ദേശാഭിമാനിയുടെ ചരിത്രമായി മാറി. വാസ്തവത്തിൽ  ടിപ്പു സുൽത്താൻ ഒരു ദേശീയനോ സ്വാതന്ത്ര്യ യോദ്ധാവോ ആയിരുന്നില്ല. അദ്ദേഹം വെറും ഒരു രാജാവ് മാത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന മൈസൂർ ഭരണാധികാരി മതേതരനെന്നും  മതവാദിയെന്നും വ്യത്യസ്തമായുള്ള വിവാദങ്ങൾ ചരിത്രകാരുടെയിടയിലുണ്ട്.  ടിപ്പു സുൽത്താനെപ്പറ്റി ധാരാളം കെട്ടുകഥകളും  ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. നാം ഇന്നു വസിക്കുന്ന ആധുനിക  ലോകവും ടിപ്പുവിന്റെ ലോകവും  വ്യത്യസ്തമായ ചിന്താഗതികളടങ്ങിയ കാലഘട്ടങ്ങളാണ്‌.  ഒരു ഹിന്ദുരാജ്യത്തിലെ മുസ്ലിം ഭരണാധികാരിയെന്ന നിലയിൽ  എതിർത്തവരെ  അദ്ദേഹം പീഡിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള വർഗീയത പ്രചരിക്കാൻ തുടങ്ങിയത്. അതിന്റെ പരിണിതഫലങ്ങൾ  ഇന്നും ഇന്ത്യയിൽ നിഴലിച്ചുകൊണ്ടിരിക്കുന്നു.  അത് ചരിത്രപരമായ ടിപ്പുവുമായി യാതൊരു ബന്ധവുമില്ല. 


1792 നു ശേഷം ടിപ്പു  വളരെ ധർമ്മനിഷ്ഠയും ദൈവഭക്തിയുമുണ്ടായിരുന്ന രാജാവായിരുന്നുവെന്നു  ചരിത്രം രചിച്ചിരിക്കുന്നു. കാരണം, അദ്ദേഹം ദൈവത്തെ ഭയപ്പെടാൻ തുടങ്ങി. ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.  മുസ്ലിമുകൾ അല്ലാത്തവരോടെല്ലാം അദ്ദേഹം നീതിപൂർവം പെരുമാറിക്കൊണ്ടിരുന്നു. 1792-ലെ മൂന്നാം ആംഗ്ലോ യുദ്ധത്തിന് ശേഷം ലജ്‌ജാകരവും അപമാനകരവുമായ ഒരു ഉടമ്പടിയിൽ ടിപ്പുവിന് ഒപ്പു വെക്കേണ്ടി വന്നു. അതിന്റെ ഫലമായി രാജ്യവിസ്തൃതിയുടെ വലിയൊരു ഭാഗം  ഉപേക്ഷിക്കേണ്ടി വന്നു. യുദ്ധക്കടം വീട്ടാനായി രണ്ടു മക്കളെ ശത്രുക്കൾ ബന്ദിയാക്കി.  പണം വീട്ടുന്നവരെ ജാമ്യമായി പിടിച്ചുകൊണ്ടു പോയി. ഇത് അതി ഭീകരമായ നടപടിയായിരുന്നു. ഇതെല്ലാം ടിപ്പുവിനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും  ദൈവത്തിന്റെ കോപം ടിപ്പു നേടിയെന്നു ചിന്തിക്കുകയും ചെയ്തിരിക്കാം. ടിപ്പുവിനുണ്ടായിരുന്ന ഭീക്ഷണി രാജ്യത്തിനുള്ളിൽ നിന്നായിരുന്നില്ല. പുറമെനിന്നുള്ള ബ്രിട്ടീഷുകാർ ശത്രുക്കളിൽ നിന്നായിരുന്നു. 

'ടിപ്പു' മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ഭരണാധികാരിയെന്നു ആധുനിക ചരിത്ര രചയിതാക്കൾ പുസ്തകത്താളുകളിൽ കുറിച്ചിരിക്കുന്നു. അദ്ദേഹം മത സ്ഥാപനങ്ങൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത്  രാജ്യവിസ്തൃതിക്കും  രാഷ്ട്രീയ ഉദ്ദേശ്യത്തിനുമായിരുന്നുവെന്നാണ് വാദം.  വാസ്തവത്തിൽ, ആധുനിക കാലത്തുള്ള മതേതരത്വം പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്നില്ല.  ടിപ്പു  ജീവിച്ചിരുന്നതായ കാലഘട്ടത്തിൽ   അന്ധമായ മതവിശ്വാസം പുലർത്തിയിരുന്നു.  മതത്തിന്റെ സ്വാധീനമില്ലാതെ  അന്ന് വ്യക്തികൾക്കും സമൂഹത്തിനും നിലനിൽക്കാൻ സാധിക്കില്ലായിരുന്നു.  ടിപ്പു എന്ന ഭരണാധികാരി എടുത്ത തീരുമാനങ്ങൾ പ്രായോഗികവും രാഷ്ട്രീയ പ്രേരിതവും രാജ്യതാല്പര്യത്തിനുമായിരുന്നു. അതുതന്നെയാണ് പിന്നീട് മതേതരത്വ ചിന്താഗതിയായി രൂപാന്തരപ്പെട്ടതും. മറ്റെല്ലാ ഭരണാധികാരികളെപ്പോലെ അദ്ദേഹം ഭൂമിയും മറ്റു വസ്തുക്കളും എല്ലാ മതവിഭാഗങ്ങൾക്കും വിശ്വാസികൾക്കും സൗജന്യമായി നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തിലെ പ്രജകൾ സങ്കട സൂചകമായി ദുഃഖാചാരണങ്ങൾ നടത്തിയിരുന്നു. ബ്രിട്ടീഷുകാരേക്കാൾ അദ്ദേഹത്തിൻറെ ഭരണം ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നുവെന്നും കരുതണം.  

ടിപ്പുസുൽത്താനുമുമ്പ്  ഫ്യൂഡൽ വ്യവസ്ഥിതിയിലുള്ള  മാടമ്പിമാരും നാടുവാഴികളും മലബാറിനെ ഭരിച്ചിരുന്നു. ജാതീയ അടിസ്ഥാനത്തിൽ ഭരണം നിർവ്വഹിച്ചിരുന്നു.  ചിതറിക്കിടന്ന  മലബാറിൽ' ഒരു കേന്ദ്രീകൃത ഭരണകൂടം സ്ഥാപിച്ചത്  ടിപ്പു സുൽത്താനാണ്. ജന്മിമാർക്കും മാടമ്പിമാർക്കും രാജാക്കന്മാർ പരിചരണം ചെയ്യണമെന്നുള്ള ദിനചരിയെ മാറ്റിയത് ടിപ്പുവാണ്.  ഭൂനികുതി നടപ്പാക്കി നികുതി പിരിക്കാൻ ആരംഭിച്ചു. രാജ്യത്തെ ബന്ധിപ്പിക്കുന്ന ഗതാഗതം കൊണ്ടുവന്നു. ടിപ്പുവിന്റെ കാലത്ത് പല പരിഷ്‌കാരങ്ങളും നടപ്പാക്കി. പുതിയ നാണയങ്ങൾ ഇറക്കി. ലൂണാർ കലണ്ടർ പ്രസിദ്ധീകരിച്ചു. ഭൂമിക്ക് പുതിയ നികുതി വ്യവസ്ഥ നടപ്പാക്കി. മൈസൂരിൽ സിൽക്ക് വ്യവസായം ആരംഭിച്ചു. തെക്ക് കൃഷ്ണ നദി മുതൽ കിഴക്കൻ പർവത നിരകൾ വരെയും അറബിക്കടൽ  തീരം വരെയും അദ്ദേഹത്തിൻറെ രാജ്യം വ്യാപിച്ചു കിടന്നിരുന്നു.  ഫ്രഞ്ചുകാരുടെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം മൈസൂരിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി പണിതു കൊടുത്തു. ഫ്രഞ്ചുകാരുടെ  സഹായത്തോടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി.

'കർണാടക  ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് മുക്കർജി 2016-ൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് കർണാടകത്തിലെ  കോൺഗ്രസ്സ് സർക്കാരിനോട് ചോദ്യം ചെയ്യുകയുണ്ടായി. ടിപ്പു ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ല, ഒരു ചക്രവർത്തിയായിരുന്നു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാനും സാമ്രാജ്യം വിസ്തൃതമാക്കാനും എതിരാളികളോടു പൊരുതി.  ടിപ്പു ജയന്തിമൂലം എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് 'കൊടഗിലും' മറ്റുപ്രദേശങ്ങളിലും സമുദായ ലഹളകൾ ഉണ്ടാവുകയും ചെയ്തു. ലഹളയുടെ ഫലമായി ഏതാനും മരണങ്ങളും ഉണ്ടായി. ചരിത്ര പുരുഷനായ ടിപ്പുവിന്റെ ജയന്തി ആഘോഷങ്ങളിൽ പങ്കുകൊള്ളാതെ മുഖ്യമന്ത്രീ കുമാരസ്വാമി മാറി നിന്നു. കൂടാതെ കുമാരസ്വാമി ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിൽ കോൺഗ്രസ്സ് സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൃഷിക്കാർ വരൾച്ച മൂലം രാജ്യം മുഴുവൻ കഷ്ടപ്പെടുമ്പോൾ  ഇങ്ങനെയൊരു ആഘോഷം അനാവശ്യ  ചെലവാണെന്നും അതുമൂലം സമുദായ വിദ്വേഷം മാത്രമേ വളർത്താൻ സാധിക്കുകയുള്ളുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ  കോൺഗ്രസ് സർക്കാരിനു  തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.  

ടിപ്പു സുൽത്താനെ കന്നഡ ഭാഷയുടെ പരിപോഷകൻ എന്ന് പുകഴ്ത്താറുണ്ട്. എന്നാൽ ഒരു ചരിത്ര ഗവേഷകനെ സംബന്ധിച്ചിടത്തോളം അത് ശുദ്ധ അസംബന്ധം ആണ്. ടിപ്പുവിന്റെ സമകാലീക ചരിത്രകാരനായ 'കിർമോണി'യുടെ ഉദ്ധരണിയിൽ നിന്നും 'കർണാടക ചരിത്ര അക്കാദമി ചെയർമാൻ 'ഡോക്ടർ സൂര്യനാഥ് കമത്ത്' ഉദ്ധരിച്ചിരിച്ചിരിക്കുന്നത്  "1792-ൽ 'പേർഷ്യൻ' ഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട്  ടിപ്പു ഒരു ഉത്തരവ് പുറപ്പെടുവിച്ചു"വെന്നാണ്. (2006 -ഡെക്കാൻ ഹെറാൾഡ്) . കന്നഡ ഭാഷയോട് അദ്ദേഹത്തിന് അമിത താല്പര്യമില്ലായിരുന്നുവെന്ന തെളിവാണിത്. 
ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം ശൂരത കാണിച്ചതിന് ക്രഡിറ്റ് കൊടുക്കണം.  എന്നാൽ അദ്ദേഹം കാണിച്ച തെറ്റുകളും ക്രൂരതകളും അതിലും കൂടുതൽ കര കവിയുന്നു. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ ഒരു അടിക്കുറിപ്പ് കൊടുക്കുവാൻ മാത്രമേ അദ്ദേഹത്തിനു യോഗ്യതയുള്ളൂ. മതഭ്രാന്ത് മൂത്ത ഒരു ഭരണാധികാരിയെന്ന നിലയിൽ വ്യക്തമായ തെളിവുകൾ ഉള്ള സ്ഥിതിക്ക് അങ്ങനെയുള്ള ഒരു ടിപ്പുസുൽത്താനെ വ്യക്തിപരമായി ആദരിക്കേണ്ട ആവശ്യമില്ല.മതസൗഹാർദ്ദം കാംക്ഷിക്കുന്ന  ഇന്നത്തെ കാലത്ത്   ടിപ്പുവിനെ പോലെ അസഹിഷ്ണ്തയുള്ള  ഒരാളെ ദേശീയ ബിംബമായി പ്രതിഷ്ഠിക്കുന്നതും വിരോധാഭാസം സൃഷ്ടിക്കുന്നു. കർണ്ണാടക മുഖ്യമന്ത്രി 'യെദിയൂരപ്പ' വിവാദപുരുഷനായ ടിപ്പു സുൽത്താന്റെ ചരിത്രം സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭരണാധികാരി സ്വാതന്ത്ര്യ സമര യോദ്ധാവായിരുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Image result for fr puthenpurackal pictures"


Image result for tippu kingdom map pictures"

Image result for tipu tomb"




Thursday, January 30, 2020

ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം



ജോസഫ് പടന്നമാക്കൽ

പത്രപ്രവർത്തകനായ ശ്രീ ഫ്രാൻസീസ്‌ തടത്തിലിന്റെ  'നാലാം തൂണിനപ്പുറം' എന്ന ഗ്രന്ഥം വളരെയേറെ ജിജ്ഞാസയോടെയാണ് വായിച്ചു തീർത്തത്. അദ്ദേഹത്തിൻറെ  ജീവിതത്തെ സ്പർശിക്കുന്ന വിവരങ്ങൾ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറയുകയും മുമ്പോട്ടുള്ള പേജുകൾ മറിക്കാൻ  സാധിക്കാതെ  മനസുരുകുകയും ചെയ്തു.  ഈ ചെറു ജീവിതത്തിനുള്ളിൽ  നേടിയ നേട്ടങ്ങളിൽ  വിസ്മയഭരിതനാവുകയും ചെയ്തു.  രോഗവുമായി മല്ലിട്ടു ജീവിക്കുമ്പോഴും സ്വന്തം ജീവിതം തന്നെ വെല്ലുവിളിയായിരുന്നപ്പോഴും ജീവിതത്തെ ഒരിക്കലും പരാജയത്തിന് വിട്ടുകൊടുക്കില്ലെന്നുള്ള ദൃഢനിശ്ചയവുമുണ്ടായിരുന്നു.  സമകാലീക രാഷ്ട്രീയവും അധികാര ദുർവിനിയോഗവും കോടതികളും കേസുകളും എന്നുവേണ്ട സമസ്ത മേഖലകളിലും ഈ പത്രപ്രവർത്തകൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫഷണലിസം മെച്ചമാക്കാനുള്ള മത്സരയോട്ടം ഓരോ അദ്ധ്യായത്തിലും  പ്രതിഫലിച്ചു കാണാം.  ഒരു പത്രപ്രവർത്തകന്റെ ധർമ്മം ഇത്രമാത്രം കാഠിന്യമേറിയതെന്നും ആഴത്തിലുള്ളതെന്നും  മനസ്സിലായതും ഈ പുസ്തകത്തിൽകൂടിയാണ്. രാവെന്നോ പകലെന്നോ  വ്യത്യാസമില്ലാതെ കഠിനമായ പ്രയത്നങ്ങളും യാതനകളും ഒരു  പത്രപ്രവർത്തകന്റെ വിജയത്തിനാവിശ്യമെന്നും മനസിലാക്കുന്നു. സ്നേഹവും ജീവകാരുണ്യവും സ്വന്തം തൊഴിലിനോടുള്ള ആത്മാർത്ഥതയും ഒത്തു ചേർന്നുള്ള ഒരു ത്രിവേണി സംഗമമാണ്  ഈ ഗ്രന്ഥം.

അകാലത്തിൽ തന്നെ അർബുദരോഗം പിടിപെട്ട്  ജീവിതവുമായി പടപൊരുതിയ ഫ്രാൻസീസിന്റെ ഈ പുസ്തകം കണ്ണുകൾ  ഈറനായി മാത്രമേ  വായനക്കാർക്ക് വായിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ! സ്വന്തം തൊഴിലിൽ  ഉയരങ്ങൾ കീഴടക്കിയ കാലഘട്ടത്തിലായിരുന്നു അദ്ദേഹം  രോഗബാധിതനായത്. എങ്കിലും   മനസു  പതറാതെ ജീവിതത്തെ തന്നെ ഒരു വെല്ലുവിളിയായി അദ്ദേഹം  സ്വീകരിച്ചു.  എന്നും നേട്ടങ്ങളുടേതായ ഒരു ഘോഷയാത്ര തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.  കൂടാതെ സ്നേഹനിധിയായ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് അദ്ദേഹത്തിൻറെ കുടുംബം.

ശ്രീ ഫ്രാൻസീസ് തടത്തിലിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇ-മലയാളിയുടെ അവാർഡ് ചടങ്ങിൽ വെച്ചു ആദ്യമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി.  എങ്ങനെയോ  ഒരു ആത്മബന്ധം ഈ ചെറുപ്പക്കാരനുമായി അന്നെനിക്ക്  സ്ഥാപിക്കാൻ സാധിച്ചു.  അദ്ദേഹം, കോഴിക്കോട് ദേവഗിരി കോളേജിന്റെ പ്രൊഫസറായിരുന്ന എന്റെ പ്രിയ ഗുരുനാഥൻ മാണിസാറിന്റെ മകനാണെന്നറിഞ്ഞപ്പോൾ ഫ്രാൻസീസിൽ ഞാനും അഭിമാനം കൊണ്ടു.  യുവത്വത്തിൽതന്നെ നിരവധി നേട്ടങ്ങൾ നേടിയ   ജ്ഞാനിയായ  ഈ ചെറുപ്പക്കാരന്റെ മുമ്പിൽ ഞാനൊന്നും അല്ലെന്നു തോന്നി. അവാർഡുകളുടെ കൂമ്പാരങ്ങൾ നേടിയ ഫ്രാൻസീസ് തടത്തിലിന്റെ വ്യക്തി മാഹാത്മ്യം ഈ പുസ്തകത്തിലുള്ള  പ്രസിദ്ധരായവരുടെ അഭിപ്രായങ്ങളിൽനിന്നും മനസിലാക്കാൻ സാധിക്കും. ഇ-മലയാളി എഡിറ്റർ ശ്രീ ജോർജ് ജോസഫിന്റെ സൗന്ദര്യാത്മകമായ ഭാഷയോടെയുള്ള അവതാരികയോടെയാണ്  പുസ്തകത്തിന്റെ തുടക്കം.

 ''ഒരു രക്തബന്ധത്തിന്റെ കഥ"എന്നാണ്, ആദ്യ അദ്ധ്യായത്തിനു  പേരു  കൊടുത്തിരിക്കുന്നത്.  പത്രപ്രവർത്തകനെന്നതിലുപരി  ആർദ്രതയുടെയും സഹാനുഭൂതിയുടെയും നിർമ്മല ഹൃദയംകൊണ്ടു ആവരണം ചെയ്ത ഒരു  ഫ്രാൻസിസിനെയാണ്  കാണാൻ സാധിക്കുന്നത്.  അതിരപ്പള്ളി വൈദ്യുതി പദ്ധതിക്ക് പത്രറിപ്പോർട്ട് തയാറാക്കിയ ഫ്രാൻസീസിന്റെ നേരെ ആക്രോശിക്കുന്ന കട്ടക്കൊമ്പൻ  മീശക്കാരൻ ഫ്രാങ്കോ ലൂയിസിനെയാണ്   ആദ്യം പരിചയപ്പെടുത്തുന്നത്.  പത്തുപേജുള്ള റിപ്പോർട്ട് ഏഴു പ്രാവിശ്യം എഴുതിയിട്ടും തൃപ്തി വരാത്ത മീശക്കാരനിലെ ലോല ഹൃദയം ഫ്രാൻസീസിന് മനസിലാവുന്നത്,  അയാളുമൊത്ത് റസ്റ്റോറന്റ് ബാറിൽ ഹൃദയം തുറന്നു സംസാരിച്ച  ശേഷമാണ്.

ഫ്രാൻസീസിനോടുള്ള  കടപ്പാടും ഫ്രാങ്കോ ലൂയീസ് അന്ന് അറിയിക്കുന്നു.  ഫ്രാങ്കോയുടെ പിതാവ് മരിക്കുന്ന സമയം ഒരു സർജറിക്ക് വിധേയമായിരുന്നു. ഫ്രാങ്കോയുടെ കൂട്ടുകാരന്റെ കൂട്ടുകാരനെന്ന  നിലയിൽ രാത്രി മുഴുവൻ സഞ്ചരിച്ച് പതിനഞ്ചു കുപ്പി രക്തത്തോളം  പിതാവിനുവേണ്ടി ഫ്രാൻസീസ് ശേഖരിച്ചു. ഫ്രാൻസീസ് എന്ന യുവ പത്രപ്രവർത്തകന്റെ മനുഷ്യ സ്നേഹത്തിനു  മുമ്പിൽ കട്ട കൊമ്പൻ മീശക്കാരൻ ഫ്രാങ്കോ കീഴടങ്ങുന്ന കഥ വികാരാധീനമായി വിവരിച്ചിരിക്കുന്നു. പിന്നീട് ഫ്രാൻസിസിന്റെ എല്ലാ നേട്ടങ്ങളുടെയും പുറകിൽ ഫ്രാങ്കോ ലൂയിസിന്റെ  പിന്തുണയുമുണ്ടായിരുന്നു. രക്തത്തിൽ കുതിർത്ത, രക്താവരണം കൊണ്ട് എഴുതിവെച്ച  ഒരു ആത്മബന്ധമായിരുന്നു ഇത്. ഓർക്കാപ്പുറത്ത് ഫ്രാൻസീസിനെ  ബ്ലഡ് ക്യാൻസർ രോഗിയായി ഡോക്ടർമാർ വിധിയെഴുതിയപ്പോൾ ഏറ്റവും വാവിട്ടു കരഞ്ഞ വ്യക്തിയും ഫ്രാങ്കോ സാറായിരുന്നു. തുടക്കം മുതൽ  ജീവിതവുമായുള്ള ഏറ്റുമുട്ടലുകളിൽ എന്നും സഹായമായി നിലകൊണ്ടതും ഫ്രാൻസീസിന്റെ ഈ ഗുരു തന്നെ. ആവശ്യത്തിനുതകുന്നവനാണ് യഥാർത്ഥ  സുഹൃത്തെന്ന പൗരാണിക ചിന്തകളും ഫ്രാങ്കോയിൽക്കൂടി അർത്ഥവത്താവുകയാണ്. ഫ്രാൻസീസ് എഴുതിയ അതിരപ്പള്ളി, വാഴച്ചാൽ റിപ്പോർട്ട് ദീപികയിൽ പേരു  വെച്ച് പ്രസിദ്ധീകരിച്ചതും  അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ നേടിയതും അദ്ദേഹത്തന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഓരോ കാൽചുവടുകളും പ്രസിദ്ധനായ ഒരു ജേർണലിസ്റ്റിലേക്കുള്ള വളർച്ചയായിരുന്നു.  ഫ്രാങ്കോ ലൂയീസ്  അദ്ദേഹത്തെ  ഹൃദയത്തോട് ചേർത്തുപിടിച്ച് എല്ലാവിധ പ്രോത്സാഹനങ്ങളും  സ്‌നേഹാദരവുകളും നൽകിയിരുന്നു.

'ആദ്യ സ്‌കൂപ്പ് വരമൊഴിയായി' എന്നാണ് രണ്ടാം അദ്ധ്യായത്തിന്റെ തലവാചകം. ജേർണലിസം കോഴ്‌സുകൾ പൂർത്തിയാക്കി കോട്ടയത്തുനിന്നും തൃശൂർ ട്രെയിനിൽ  ഇടിച്ചു കയറുന്ന സമയം. ഒരു ഭീമാ കായനായ മനുഷ്യനെ അവിടെ ബന്ധിച്ചിട്ടിരിക്കുന്നതു കണ്ടു. അയാൾ പത്തു പവൻ മാല മോഷ്ടിച്ച ശേഷം ട്രെയിനിനുള്ളിൽ 'സെലീനാമ്മ' എന്ന സ്ത്രീയെ  കൊന്നു. ഈ വാർത്ത ദീപികയിൽ വിളിച്ചറിയച്ചപ്പോൾ വാർത്തകളുടെ പൂർണ്ണവിവരം റിപ്പോർട്ട് ചെയ്യുവാൻ ചുമതലപ്പെടുത്തിയത് ഫ്രാൻസിസിനെയായിരുന്നു. എന്നാൽ ട്രെയിനിങ് കഴിഞ്ഞു വീട്ടിൽ പോവാൻ ധൃതി വെച്ചിരുന്ന അദ്ദേഹം ഒഴിവു കഴിവു പറഞ്ഞു വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല. അടുത്ത ദിവസം  വാർത്ത  ദീപികയിൽ വന്നപ്പോഴാണ് അവസരങ്ങൾ തേടിവന്നിട്ടും താൻ അത് സ്വീകരിക്കാതെ പോയാല്ലോയെന്ന നഷ്ടബോധമുണ്ടായത്.

തൃശൂർ ദീപിക ഓഫീസിലാണ് ഫ്രാൻസീസ് ജോലി ആരംഭിക്കുന്നത്. തൃശൂരിന്റെ നാടോടി ഭാഷ മനസിലാക്കാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം വിവരിക്കുന്നുണ്ട്.  പൂരപ്പറമ്പിലുള്ള ആൽ മരത്തിൽ ഒരാൾ തൂങ്ങി മരിച്ചുവെന്ന വാർത്ത പോലീസ് ഓഫിസർ ജോസഫ് നൽകിയത് ''നമ്മുടെ മണികണ്ഠനാലിന്റെ മേലേരാളു ഞാന്നു കിടക്കുന്നു." പത്രക്കെട്ടുകൾ മെത്തയാക്കി കിടന്നുറങ്ങുന്ന കാലവുമായിരുന്നു അന്ന്.  ഫ്രാൻസീസിനു  കിട്ടുന്ന ആദ്യത്തെ വാർത്തയും.  മൂന്നു നാല് മാസങ്ങൾക്കുള്ളിൽ തൃശൂർ ഭാഷ വശമാക്കുകയുമുണ്ടായി. ആദ്യത്തെ വാർത്ത തന്ന ജോസഫിനോടുമുള്ള നന്ദി പ്രകടനവും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്.

1200 രൂപ ശമ്പളം ഉണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടിൽ നിന്നും 500 രൂപ കൂടി ചെലവിന് കിട്ടിയാൽ മാത്രമേ ജീവിച്ചു പോവാൻ സാധിക്കുമായിരുന്നുള്ളൂ. മറ്റു കൂട്ടുകാർ തുച്ഛമായ ഈ ശമ്പളം കൊണ്ട് ജീവിക്കുമായിരുന്നു. അന്നൊക്കെ ഫ്രാൻസിസും കൂട്ടുകാരും ചില കല്യാണ മണ്ഡപങ്ങളിൽ പോയി കുശാലായി ശാപ്പാട് കഴിക്കുമായിരുന്നു. വരന്റെയോ  വധുവിന്റെയോ പേരിൽ, കല്ല്യാണ മണ്ഡപങ്ങളിൽ  ചക്കാത്തിൽ ഊണ് കഴിക്കുന്ന സമയങ്ങളിൽ ലജ്ജ തോന്നിയിരുന്നില്ല. വിശക്കുന്ന വയറിനു എന്തിനു നാണിക്കണമെന്ന ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്. രാജൻ ചേട്ടന്റെ കടയിലെ ചെലവ് കുറഞ്ഞ ഊണും കല്യാണ മണ്ഡപങ്ങളിലെ സദ്യയും  കഴിച്ചുകൊണ്ടുള്ള പ്രൊഫഷണൽ ജീവിതം സന്തോഷപ്രദമായിരുന്നുവെന്നും ഫ്രാൻസീസ് കുറിച്ചിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ 'ചാണക്യൻ' എന്നറിയപ്പെടുന്ന ബുദ്ധിശാലിയായ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ രാഷ്ട്രീയ ചരിത്രമാണ് 'കരുണാകരൻ എന്ന ന്യൂസ് മേക്കറിൽ കൂടി' ഫ്രാൻസീസ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഭീമാചാര്യനായിരുന്ന കരുണാകരന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽക്കൂടിയാണ് 'ഫ്രാൻസിസ് തടത്തിൽ' എന്ന ജേർണലിസ്റ്റിന്റെ വളർച്ചയെന്നും മനസിലാക്കുന്നു.  കരുണാകരന്റെ പത്ര സമ്മേളങ്ങളിൽ സംബന്ധിക്കുക  മാത്രമല്ല അദ്ദേഹത്തിൻറെ വാക്കുകളും നോട്ടങ്ങളും ചേഷ്ടകളും വരെ അടിമുടി പഠിക്കുകയെന്നതും  ഫ്രാൻസീസിന് താല്പര്യമേറിയ കാര്യമായിരുന്നു.  ചാണക്യനെന്നു പേരിനു  തികച്ചും  കരുണാകരൻ അർഹനായിരുന്നു. തിരുവനന്തപുരം രാമനിലയത്തിൽ പത്രക്കാരോട് ഒന്ന് പറയും; പിന്നീട് തിരുവനന്തപുരത്ത് എത്തുമ്പോൾ താൻ അങ്ങനെ പറഞ്ഞില്ലെന്നും അത് പത്രക്കാരുടെ മെനഞ്ഞെടുത്ത  കഥയാണെന്നും പറഞ്ഞുകൊണ്ട്  അഭിപ്രായങ്ങളെ മാറ്റി പറയുകയും ചെയ്യുമായിരുന്നു. പലപ്പോഴും പത്രസമ്മേളനങ്ങളിൽ കരുണാകരനു ചുറ്റും തിക്കും തിരക്കുമായിരിക്കും. വളരെ പതുങ്ങിയ സ്വരത്തിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ  വാക്കുകൾ ഒപ്പിയെടുക്കാൻ പ്രയാസമായിരുന്നുവെന്നും ഫ്രാൻസീസ് പറയുന്നു. ഒരിക്കൽ കരുണാകരന്റെ തൊട്ടടുത്തിരിക്കാനും റിപ്പോർട്ട് തയാറാക്കാനും കഴിഞ്ഞത്,  ഫ്രാൻസീസ് വളരെ അഭിമാനത്തോടെയാണ് ഓർമ്മിക്കുന്നത്.  'പത്രപ്രവർത്തകരോട്  ഇത്രമാത്രം സൗഹാർദ്ദം പുലർത്തിയിട്ടുള്ള മറ്റൊരു നേതാവ്' ഇല്ലെന്നും  ഫ്രാൻസീസ് പറയുന്നു. കരുണാകരനുമായി പത്ര സമ്മേളനങ്ങളിൽ വാർത്തകൾ ശേഖരിക്കാനും ദീപികയുടെ സായാന്ഹ പത്രത്തിൽ ഉടനടി പ്രസിദ്ധീകരിക്കാൻ സാധിച്ചിരുന്നതും അദ്ദേഹത്തിൻറെ ജേർണലിസ  വിജയത്തിന്റെ  ചുവടുവെപ്പുകളായിരുന്നു.  ലീഡറോട് ബുദ്ധിപൂർവമായ ചോദ്യങ്ങൾ ചോദിക്കുന്ന കാര്യത്തിലും ഫ്രാൻസീസ് ശ്രദ്ധാലുവായിരുന്നു. മക്കൾ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരിക്കൽ അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയത്തിൽ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നും വേണം നിയമസാമാജികരെ തിരഞ്ഞെടുക്കേണ്ടതെന്നും കരുണാകരൻ പറഞ്ഞു. ലീഡറോട്, വെറും വീട്ടമ്മയായ പത്മജയുടെ രാഷ്ട്രീയ പ്രവേശനവും  കാര്യമായ രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത മുരളിയുടെ കാര്യവും ചോദിക്കുന്നുണ്ട്. പത്മജയുടെ കാര്യം ഒന്നും പറയാതെ മുരളി മുൻ'മന്ത്രിയെന്ന നിലയിലും കെപിസിസി പ്രസിഡണ്ടെന്ന നിലയിലും  തിരഞ്ഞെടുപ്പിൽ നിൽക്കാൻ യോഗ്യനെന്നും കരുണാകരൻ ഉത്തരം നൽകുന്നുണ്ട്.

മാളയിൽ കരുണാകരന്റെ പരാജയം അദ്ദേഹത്തെ  വല്ലാതെ വേദനിപ്പിച്ചിരുന്നു. സ്വന്തം അണികളിൽനിന്നുമുള്ള കുതികാൽ വെട്ടായിരുന്നു കാരണം.  ഫ്രാൻസീസ്,  ഫ്രാങ്കോ സാറും കരുണാകരനുമായുള്ള അന്നത്തെ പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. 'തിരഞ്ഞെടുപ്പു  പരാജയത്തെ എങ്ങനെ കാണുന്നുവെന്ന' ചോദ്യത്തിനും ലീഡറിന്റെ മറുപടി "തന്നെ പിന്നിൽ നിന്നും കുത്തിയെന്നായിരുന്നു". ലീഡറിന്റെ പരാജയം കാണാൻ കൊതിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു കൃഷി മന്ത്രി രാജനും മറ്റൊരു വ്യക്തിയായ നവാബ് രാജനും.  ഇവർ രണ്ടുപേരും കരുണാകരനോട് ചെയ്ത പ്രതികാരം വളരെ തന്മയത്വമായി തന്നെ ശ്രീ തടത്തിൽ  വിവരിച്ചിട്ടുണ്ട്. കരുണാകരനോട് നിത്യ ശത്രുത പുലർത്തിയിരുന്ന നവാബ് രാജേന്ദ്രനെപ്പറ്റി പ്രത്യേകം അദ്ധ്യായങ്ങൾ തന്നെയുണ്ട്. വ്യവഹാരങ്ങളുടെ തോഴനെന്നാണ് രാജേന്ദ്രനെ ശ്രീ തടത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

കരുണാകരനെതിരെയും മറ്റു അഴിമതിക്കാർക്കെതിരെയും വ്യവഹാരങ്ങൾ നടത്തിക്കൊണ്ടിരുന്ന നവാബ് രാജേന്ദന്റെ ജീവിത കഥ 'നവാബിന്റെ കുടിപ്പക' എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. നല്ലയൊരു മദ്യപാനിയാണയാൾ. എന്നും വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജേന്ദ്രൻ, ഫ്രാൻസിസിനെ സംബന്ധിച്ചടത്തോളം വലിയ ഒരു സഹായിയായിരുന്നു.  മുഖ്യമന്ത്രി കരുണാകരനോട് തീർത്താൽ തീരാത്ത പക മൂലം രാജേന്ദ്രന്റെ വ്യവഹാരമായുള്ള  വാർത്തകൾ ഫ്രാൻസിസും മാദ്ധ്യമങ്ങളും ആഘോഷിച്ചിരുന്നു.  'നവാബ് ' പത്രത്തിന്റെ' ഉടമസ്ഥനായ രാജേന്ദ്രനെ  അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ അടയ്ക്കുകയും കരുണാകരന്റെ പോലീസ് മൃഗീയമായി അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. അന്നു തുടങ്ങിയതാണ് കരുണാകരനോടുള്ള പക. അന്ന് അയാളുടെ പ്രായം 25  വയസ്സ്!  55 വയസ്സായപ്പോൾ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കുകയും അതുവരെ നിയമ യുദ്ധങ്ങളുമായി പോരാടുകയും ചെയ്തു.

രാജേന്ദ്രന്റെ സ്വത്തുക്കളും ബന്ധുക്കളും ധനവും എല്ലാം നഷ്ടപ്പെടാനുള്ള കാരണം അടിയന്തിരാവസ്ഥ കാലത്തെ കരുണാകരന്റെ ക്രൂരതയായിരിന്നു. ഫ്രാൻസീസ് ഇക്കാര്യങ്ങൾ വളരെ ഭാഷാ സൗകുമാര്യത്തോടെ വർണ്ണിച്ചിട്ടുണ്ട്. 'മണ്ണൂത്തി' സർവ്വകലാശാലയിൽ ഭൂമിയെടുപ്പും സ്ഥലവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപ കരുണാകരനും അനുയായികളും തട്ടിയെടുത്തതും  രാജേന്ദ്രന്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ക്രൂരന്മാരായ പോലീസ് മേധാവികൾ, ജയറാം പടിക്കൽ, ലക്ഷ്മണൻ എന്നിവരുടെ ക്രൂര പീഡനങ്ങളും മനുഷ്യത്വത്തെ ചവുട്ടി മെതിക്കും വിധമായിരുന്നു. രേഖകൾ മുഴുവൻ അഴീക്കോടൻ രാഘവന്റെ കൈവശമായിരുന്നതിനാൽ രാജേന്ദ്രനിൽ നിന്നും രേഖകൾ പൊലീസിന് കൈവശപ്പെടുത്താൻ സാധിച്ചില്ല. 'അഴീക്കോടനെ'  ഗുണ്ടാകൾ കൊലപ്പെടുത്തുകയും ചെയ്തു. ' ഈശ്വര വാരിയ'രുടെ മകൻ രാജൻ വധവും രാജന്റെ മരണത്തിനുത്തരവാദികൾ ലക്ഷ്മണയും ജയരാജ് പടിക്കലുമെന്ന  സത്യവും രാജേന്ദ്രൻ എന്ന പത്രാധിപർ വിവരിക്കുന്നുണ്ട്. ശ്രീ ഫ്രാൻസീസ് തടത്തിൽ ഓരോ സംഭവങ്ങളും  ഭംഗിയായി  ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. ഫ്രാൻസീസ് എഴുതിയിട്ടുള്ള ലേഖനങ്ങളിൽ  ഏറ്റവും മികച്ച ഒരു സംഭവശകലമായി  രാജേന്ദ്രനുമായുള്ള അഭിമുഖ സംഭാഷണത്തെ വിലയിരുത്താൻ സാധിക്കും.

'വിലാസം: നവാബ് രാജേന്ദ്രൻ,തൃശൂർ' എന്ന  അദ്ധ്യായത്തിനു കൊടുത്ത തലക്കെട്ട്  വളരെ കൗതുകം ഉണർത്തുന്നു.  കരുണാകരൻ കാരണം ഏതാണ്ട് ഹോംലെസ്സ്  പോലെ (വീടില്ലാത്തവനെപ്പോലെ) ജീവിക്കുന്ന രാജേന്ദ്രനുമായുള്ള ചങ്ങാത്തം ഫ്രാൻസീസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മദ്യഷാപ്പുകളിലും പാർക്കുകളിലും മാത്രമേ  അലയുന്ന സന്യാസിയെപ്പോലെ ജീവിക്കുന്ന രാജേന്ദനെ കണ്ടുമുട്ടുവാൻ സാധിക്കുള്ളു.  ഈ മനുഷ്യനിൽ നിന്നു  കിട്ടിയ വിവരങ്ങളാണ് ഫ്രാൻസിസിനെ ഒരു സുപ്രസിദ്ധ പത്ര ലേഖകനാക്കിയത്. വ്യവഹാരങ്ങളുടെ ലോകത്തു ജീവിക്കുന്ന രാജേന്ദ്രൻ മൂലം മന്ത്രിക്കസേരകൾ വരെ തെറിച്ചിട്ടുണ്ട്.  കരുണാകരനോടുള്ള കടുത്ത വിരോധമായിരുന്നു  അദ്ദേഹത്തെ ഈ സാഹസത്തിനെല്ലാം പ്രേരിപ്പിച്ചിരുന്നത്. പൈപ്പ് കുംഭകോണ കേസിൽ മന്ത്രി ഗംഗാധരനെ കുടുക്കിയതും രാജേന്ദ്രനാണ്. അതുപോലെ പതിനെട്ടു വയസുപോലുമില്ലാത്ത മകളെ 'മന്ത്രി' കെട്ടിച്ചതും  കേസിൽ കുടുങ്ങാൻ കാരണമായി. നിയമം നടപ്പാക്കേണ്ടവർ നിയമ ലംഘകരാകുന്നുവെന്ന കോടതിയുടെ പ്രതികരണം മന്ത്രി ഗംഗാധരനു  ലഭിക്കുകയും ചെയ്തു. ആഘോഷപൂർവം നടത്തിയ മകളുടെ വിവാഹം അസാധുവാകുകയും ചെയ്തു.  ഇതായിരുന്നു രാജേന്ദ്രൻ എന്ന വ്യവഹാരിയുടെ ജീവിതവും ഫ്രാൻസീസ് തടത്തിലിന്റെ പ്രൊഫഷണലിവും!

ഒരു കാലത്ത് ഇന്ത്യൻ റയിൽവേയിൽ അകത്തും പ്ലാറ്റ്'ഫോറത്തിലും ലഭിച്ചിരുന്ന കുടിവെള്ളത്തിന്റെ തീവില കുറയ്ക്കാൻ കാരണവും രാജേന്ദ്രൻ തന്നെ. കരുണാകരന്റെ ഉറ്റസുഹൃത്തുക്കളായ 'കല്യാൺ സിൽക്ക് ഹൌസു'മായുള്ള ഒരു കേസ് സുപ്രീം കോടതി വരെ പോയി  വ്യവഹാരം നടത്തി. കോടിക്കണക്കിന് രൂപ അവർക്ക് നഷ്ടമുണ്ടാക്കി. 'കല്യാൺ   സിൽക്ക് ഹൌസ്'  കെട്ടിടം പണിതപ്പോൾ കെട്ടിടം പബ്ലിക്ക് റോഡിൽ നാലടി മുന്തിയിരുന്നുവെന്നായിരുന്നു കേസ്. നിയമ സഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, രാഷ്ട്രീയ പ്രമുഖർ, എക്സൈസ് ഉദ്യോഗസ്‌ഥർ, എംഎൽഎ ഫണ്ട് ദുരുപയോഗം ചെയ്യുന്നവർ എന്നിങ്ങനെ സമൂഹത്തിലെ പ്രമുഖരായ നിരവധി പേരെ ഈ കൃശാഗ്ര മനുഷ്യൻ കുടുക്കിയിട്ടുണ്ട്.  വാർത്തകൾ മുഴുവനായി അറിയണമെങ്കിൽ  ഫ്രാൻസീസിന്റെ  പുസ്തകം തന്നെ വായിക്കണം.  ട്രെയിന്റെ ഉള്ളിലും  പുറത്തും പുക വലി നിരോധനം, പബ്ലിക്ക് സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്തുള്ള മദ്യപാനം മുതലായവകൾ  നിർത്തൽ ചെയ്തതും രാജേന്ദ്രന്റെ വ്യവഹാരഫലമാണ്. കരുണാകരൻ മാളയിൽ തോറ്റപ്പോൾ  രാജേന്ദ്രനെ സംബന്ധിച്ച്  അന്നൊരു  ഉത്സവമായിരുന്നു. അതിന്റെ പിന്നിൽ കഠിനമായി പരിശ്രമിച്ചതും രാജേന്ദ്രനായിരുന്നു.

'കടുവയെ പിടിച്ച കിടുവാകൾ' എന്ന ജിഞ്ജാസ വർദ്ധിപ്പിക്കുന്ന ഫ്രാൻസിസ് തടത്തിലിന്റെ ഒരു ലേഖനം ഉണ്ട്.  അതിൽ  ഫ്രാൻസിസും, കളക്ക്റ്റർ 'ടിക്ക റാം  മീന'യും ഡിഐജി സന്ധ്യയും മുഖ്യ താരങ്ങളാണ്. പത്രവാർത്തകളിൽ മുഖ്യസ്ഥാനം നേടാൻ അവരോടൊപ്പം  ഫ്രാൻസിസും  പ്രവർത്തിച്ചിരുന്നു.  ഒരു വാർത്ത ലഭിക്കുന്നതിനായി അങ്ങേയറ്റം  പരിശ്രമിക്കുമെന്ന് ഈ ജേർണലിസ്റ്റിന്റെ  അനുഭവകഥകളിൽ നിന്നും മനസിലാക്കാൻ സാധിക്കും.  എന്തെങ്കിലും വാർത്തയുടെ സൂചന കിട്ടിയാൽ മതി അത് കളക്റ്ററാണെങ്കിലും ഡിഐജിയാണെങ്കിലും വാർത്ത സ്വന്തം പോക്കറ്റിൽ വരുന്നവരെ ശല്യപ്പെടുത്തുന്ന സ്വഭാവവും ഈ ചെറുപ്പക്കാരനിലുണ്ട്. വ്യാജ കള്ളു വിറ്റുകൊണ്ടിരുന്ന പ്രമുഖ അബ്‌കാരി കോൺട്രാക്റ്റർ അശോകന്റെ വീട്ടിൽ നടന്ന റെയ്ഡും (Raid)അശോകൻ ഒളിവിൽ പോയ കഥയുമാണ് ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. ഒരു തുള്ളി കള്ളൂപോലും ഉപയോഗിക്കാതെ കെമിക്കലുകൾ, മറ്റു രാസ വസ്തുക്കൾ  ഉപയോഗിച്ച് വ്യാജ കള്ളു  നിർമ്മിക്കുന്ന 'ഗോഡൗൺ' എക്സൈസ് അധികാരികൾ  പിടിച്ചെടുത്തു. നിരവധി പത്രങ്ങളുടെ റിപ്പോർട്ടർമാർ അവിടെയുണ്ടായിരുന്നെങ്കിലും കളക്റ്റർ 'ടിക്കറാം', ഫ്രാൻസിസിനെ വിളിച്ച് വ്യക്തിപരമായി തന്നെ വിവരങ്ങൾ നല്കുകയായിരുന്നു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന കടുത്ത മയക്കു മരുന്നുകളും ഈ കൃത്രിമ കള്ളിൽ ചേർക്കാറുണ്ടായിരുന്നു. കൂടാതെ അനധികൃത സ്വത്തു സമ്പാദിച്ച തെളിവുകളും കിട്ടിയിരുന്നു.  ഏതായാലും രാഷ്ട്രദീപികയ്ക്ക് ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഇതൊരു കവർ പേജ് വാർത്തയായിരുന്നു.  പല വൻ പാർട്ടികളും മാഫിയാകളും  പോലീസ് ഉദ്യോഗസ്ഥരും  വ്യാജവാറ്റിന്  സഹായിച്ചിരുന്നുവെന്ന സൂചനകളും ലഭിച്ചിരുന്നു.  ഇതിനിടെ അശോകന്റെ ഗുണ്ടകൾ ശ്രീ ഫ്രാൻസിസിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

വ്യാജക്കള്ളു നിർമ്മാണത്തിനുപയോഗിച്ച രാസവസ്തുക്കൾ പരീക്ഷണ വിധേയമാക്കാൻ ബാംഗ്ളൂർ ലാബിൽ അയച്ചിരുന്നു. കൂടാതെ മറ്റു സ്വകാര്യ ലാബുകളിലും കള്ളിലെ മായം പരീക്ഷണ വിധേയമാക്കിയത് കള്ളുലോബികൾ അറിഞ്ഞിരുന്നില്ല. 'ബാംഗളൂർ ലാബ്' കള്ളിൽ മായമില്ലെന്ന് സർട്ടിഫൈ ചെയ്‌തെങ്കിലും അത് പണവും സ്വാധീനത്തിന്റെയും പുറത്താണെന്ന് കോടതി കണ്ടെത്തി.  ഹൈദ്രബാദ് ഫോറൻസിക്ക്' ലാബിലെ പരീക്ഷണവും ഹാജരാക്കിയതോടെ അശോകന്റെ സുപ്രസിദ്ധനായ വക്കീലിന്റെ ചിറകൊടിഞ്ഞു. ഈ സംഭവങ്ങൾ ഭാവനാധീതമായി  വിവരിക്കാൻ, ഫ്രാൻസീസിനെപ്പോലുള്ള  പാകത വന്ന  ഒരു ജേർണലിസ്റ്റിനു  മാത്രമേ കഴിയുള്ളൂ. ഇവിടെ, ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ കലക്റ്റർ ടിക്കറാം അഭിമാന പുളകിതനാകുന്നുമുണ്ട്. വാർത്തകൾ സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യുന്ന ഫ്രാൻസീസിനും ക്രെഡിറ്റ് ലഭിക്കുന്നു.  സമ്പത്താണോ അധികാരമാണോ എന്ന് ശ്രീ ഫ്രാൻസീസ് തടത്തിൽ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുത്തരവും ഈ അദ്ധ്യായത്തിൽ തന്നെയുണ്ട്. പണത്തിന്റെ മീതെ പരുന്തു പറക്കില്ലായെന്ന സംവിധാനമാണ് ഇന്ത്യൻ രാഷ്ട്രീയമൊന്നാകെയുള്ളത്. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. രണ്ടു മാസത്തെ ജയിൽ മോചനശേഷം അശോകൻ വീണ്ടും ഇതേ വ്യവസായത്തിൽ പ്രവേശിക്കുന്നുമുണ്ട്.

തൃശൂർ കളക്റ്ററായി വന്ന  നാരായണസ്വാമി  വിഖ്യാതനായ, സിവിൽ റാങ്കുനേടിയ  ഒരു ഐഎഎസ് കാരനായിരുന്നു.  ഒരു ബുദ്ധിജീവിയായും അറിയപ്പെട്ടിരുന്നു. സത്യസന്ധനായ ഈ ഓഫിസർ, തിന്മകൾക്കെതിരെ പോരാടിയതിന് അദ്ദേഹത്തിനു വലിയ വില കൊടുക്കേണ്ടിയും  വന്നു.  അനീതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്ത അദ്ദേഹത്തിൻറെ ഒന്നാം നമ്പർ ശത്രു ഭാര്യാപിതാവായിരുന്നു. ഒടുവിൽ വിവാഹ മോചനത്തിലും അവസാനിച്ചു. എങ്കിലും അദ്ദേഹം തളർന്നില്ല. നൈരാശ്യ ബോധം വരുമ്പോഴെല്ലാം  സഹായം അഭ്യർത്ഥിച്ചിരുന്നത് ഫ്രാൻസീസ് തടത്തിലിനോടായിരുന്നു. ഭാര്യവീട്ടുകാർ നാരായണസ്വാമിക്കെതിരെ അപമാന കഥകൾ പ്രചരിപ്പിക്കുമ്പോഴും ഫ്രാൻസീസ് എന്ന മനുഷ്യ സ്നേഹിയുടെ ശരിയായ പത്രപ്രവർത്തനവും വായനക്കാരനു  ആകാംഷ നൽകുന്നു. ഫ്രാൻസീസിന്റെ മുമ്പിൽ പ്രസിദ്ധനായ ഈ ഐഎ എസ്  ഓഫിസർ ചിലപ്പോൾ ഏങ്ങലടിച്ചു കരയുന്നുമുണ്ട്.  ഫ്രാൻസീസ് അദ്ദേഹത്തിൻറെ മുഖ്യ ഉപദേശകനായി മാറുന്നതും നാം കാണുന്നു. ഒരു ജില്ലാ കലക്റ്റർ പ്രസിദ്ധി നേടുന്നത് പത്രപ്രസ്താവനയിൽക്കൂടിയല്ല പ്രവർത്തിയിൽക്കൂടിയെന്ന തത്ത്വവും  ഫ്രാൻസീസ് ഇവിടെ എടുത്തു പറയുന്നുണ്ട്. സ്വാമിയുടെ എടുത്തുചാട്ടം മൂലം അദ്ദേഹം പല അബദ്ധങ്ങളിൽ പെട്ട കഥകളും വിവരിക്കുന്നുണ്ട്. സ്വാമിയുടെ നെഗറ്റിവ് പബ്ലിസിറ്റിയും   ജേർണലിസ്റ്റായ ഫ്രാൻസീസിന് ഗുണം ചെയ്യാറുമുണ്ട്. നാരായണ സ്വാമിയും  മന്ത്രിമാരുമായുള്ള ഏറ്റുമുട്ടലുകളും പലപ്പോഴും അപമാനിതനാകുന്നതും 'താൻ എന്ത് കലക്റ്റർ' എന്ന് ഒരു മന്ത്രി ചോദിക്കുന്ന സാഹചര്യങ്ങളും   തടത്തിലിന്റെ ഈ ജേർണലിസം പുസ്തകം വിവരിക്കുന്നു..

'മാനം മുട്ടെ അഗ്നികുണ്ഡം' എന്ന കഥയിലെ സ്ഫോടന അദ്ധ്യായം  ഞെട്ടിക്കുന്ന സംഭവവിവരണങ്ങളോടെയുള്ളതാണ്. അത് 'സ്റ്റോപ്പ് ദി പ്രസ്സ്' വാർത്തയായിരുന്നു. അന്നത്തെ സ്ഫോടന ശബ്ദം തൃശൂർ പട്ടണം മുഴുവൻ ഞടുക്കിയിരുന്നു. ഫ്രാൻസിസും കൂട്ടരും സംഭവസ്ഥലത്ത് പാഞ്ഞു ചെല്ലുമ്പോൾ കെട്ടിടങ്ങൾ മുഴുവൻ കത്തി  ചാമ്പലായി നിലം പതിച്ചു കിടക്കുന്നതാണ് കാണുന്നത്. ശക്തമായ കരിമരുന്നിന്റെ പുകയും പുകപടലങ്ങളും എങ്ങും. നാലുപേർ കൊല്ലപ്പെട്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചില്ല. കടത്തിണ്ണകളിൽ കിടന്നുറങ്ങിയിരുന്നവർ  യാചകരായിരിക്കാമെന്ന അനുമാനങ്ങളാണുള്ളത്.  പൊടിപടലങ്ങൾ മൂലം ഒന്നും കാണാൻ സാധിക്കാത്തതിനാൽ  മനുഷ്യ ശരീരത്തിന്റെ മുകളിൽ ഫ്രാൻസിസും കൂട്ടരും അറിയാതെ നിന്ന കാര്യവും ഉദ്യോഗജനകമാണ്‌. ഭയം ജനിപ്പിക്കുന്നതുമാണ്. അവർ ഞെട്ടി വിറച്ചുകൊണ്ട് അവിടെ നിന്നും ചാടിയിറങ്ങുന്നു. അടർന്നു കിടക്കുന്ന കൈയും  കണ്ണിൽ പെട്ടു . ഇതെല്ലാം ശേഖരിച്ച് വാർത്തയാക്കിയപ്പോൾ ദീപികയുടെ ഫ്രണ്ട്  പേജിൽ തന്നെ വാർത്തകൾ സ്ഥാനം നേടി.   സായാഹ്നത്തിൽ വിൽക്കാൻ ഇരുപതിനായിരം പത്രങ്ങൾ അച്ചടിച്ചെങ്കിലും  ഏജന്റുമാരില്ലാത്തതുകൊണ്ട് ആ ജോലി ഫ്രാൻസിസും കൂട്ടരും ഏറ്റെടുത്തു. 300 രൂപ പ്രതിഫലം കിട്ടിയതും കുശാലായി അന്നത്തെ ദിവസങ്ങൾ ആഘോഷിക്കാൻ സാധിച്ചതും വിവരിക്കുന്നുണ്ട്.

തൃശൂർ ജില്ലയിലെ പീച്ചിക്കടുത്തുള്ള മറ്റൊരു ദുരന്തവും വിവരിക്കുന്നുണ്ട്.  മനുഷ്യ മാംസങ്ങൾ ഒരു കുടിലിനു മുമ്പിൽ തൂങ്ങി കിടക്കുന്ന ഭീഭത്സ രംഗങ്ങളും ക്യാമറായിൽ പകർത്തിയിരുന്നു.  ചുറ്റിനും പച്ചമാംസങ്ങൾ കരിയുന്ന  മണവും സഹിക്കണമായിരുന്നു. അരോചകമാം വിധം കരിഞ്ഞ മാംസക്കഷണങ്ങൾ എവിടെയും ദൃശ്യമായിരുന്നു. തൃശൂർ ജില്ലയിലെ 28 വയസുള്ള ഒരു യുവാവ്, 'തന്നെ' വഞ്ചിച്ച കാമുകിയെ ഉന്മൂലനം ചെയ്യാൻ വേണ്ടി അയാൾ സ്വയം ചാവേറായി ചെയ്ത കടുംകൈ ആയിരുന്നു ഇത്.  ദരിദ്രകുടുംബത്തിൽ പിറന്ന സുന്ദരിയായ മേഴ്സിയെ ഈ യുവാവ് പഠിപ്പിച്ചു നേഴ്സാക്കി. അവർ തമ്മിൽ പ്രേമമായിരുന്നു. അവളെ കുവൈറ്റിൽ മറ്റൊരുവൻ  വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അയാളിലെ പ്രതികാരാഗ്നി  ആളിക്കത്തി.  അവളുണ്ടെന്നു കരുതിയ അവളുടെ വീട്ടിൽ അന്ന് അവളില്ലായിരുന്നു. അവളുടെ മാതാവും സഹോദരികളും ദാരുണമായി ബലിയാടുകളാകുകയായിരുന്നു.  പ്രേമം എന്ന ഭ്രാന്തൻ ജല്പനങ്ങളിൽ ഒരു കുടുംബം മുഴുവൻ ഇല്ലാതാവുകയായിരുന്നു. പണവും പ്രശസ്തിയും വന്നു ചേർന്നപ്പോൾ മെഴ്‌സിക്ക് പൂർവ കാമുകനെ ഉപേഷിച്ച് മറ്റൊരു കാമുകൻ ഡോക്ടറോടൊപ്പം പോകാൻ യാതൊരു സങ്കോചവുമില്ലായിരുന്നു.  അപകടശേഷം ഫ്രാൻസീസ് ഒരു റെസ്റ്റോറിന്റിൽ നിന്നും പൊറോട്ട കഴിച്ചുകൊണ്ടിരുന്നപ്പോൾ ഷൂസിനടിയിൽ മനുഷ്യ മാംസം ഒട്ടിയിരുന്നതും ഓക്കാനിച്ചു ശർദ്ദിച്ചതും വിവരിക്കുന്നുണ്ട്.  'നീയാടാ യഥാർത്ഥ പത്രപ്രവർത്തകൻ' എന്നും പറഞ്ഞുകൊണ്ടുള്ള സഹപ്രവർത്തകരുടെ അഭിനന്ദനങ്ങളും ഫ്രാൻസിസിനെ സ്വന്തം തൊഴിലിൽ അഭിമാനപുളകിതനാക്കുന്നു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഉഗ്ര സ്ഫോടനം റിപ്പോർട്ട് ചെയ്യാൻ പോവുമ്പോൾ വഴിയിൽ ഒരു കണ്ണ് അടർന്നു വീണു കിടക്കുന്നതും സംഭവബഹുലമായ ഒരു വാർത്തയായിരുന്നു.  പത്തുപേർ കൊല്ലപ്പെടുകയും 46 പേർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൃശൂർ നഗരത്തിൽ ബോംബ് സ്ഫോടനങ്ങളും വെടിക്കെട്ടു സംഭവങ്ങളും ഒരുകാലത്ത് നിത്യ സംഭവങ്ങളായിരുന്നു. 1988 -ലെ തൃശൂർ പൂരത്തോടനുബന്ധിച്ച   വെടിക്കെട്ടും അപകടങ്ങളും വിവരിക്കുന്നുണ്ട്.  കൺമുമ്പിൽ നിന്ന് മനുഷ്യർ മരിക്കുന്നതും ദീനരോദനങ്ങളും ഈ ജേർണലിസ്റ്റിനെ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്നതും സഹാനുഭൂതി നിറഞ്ഞതുമായിരുന്നു.  സംസാരിക്കുന്ന 'ആൾ' നിമിഷങ്ങൾക്കകം നിത്യതയിൽ പോവുന്ന സംഭവങ്ങൾ വികാരപരമായി വർണ്ണിച്ചിട്ടുണ്ട്. കൂട്ട നിലവിളികളും 70 ശതമാനം പൊള്ളലേറ്റവരും മരണത്തോടടുക്കുന്നവരും  ഫ്രാൻസീസ് എന്ന പത്രപ്രവർത്തകന്റെ ഡയറിയിൽ സ്ഥാനം പിടിച്ചിരുന്നു.

നവാബ്  രാജേന്ദ്രന്റെ പിൻഗാമി  പി.ഡി. ജോസഫിന്റെ കോടതി വ്യവഹാരങ്ങളുമായുള്ള ഒറ്റയാൾ പോരാട്ടങ്ങളും ഒരു അദ്ധ്യായം മുഴുവനായി വിവരിച്ചിരിക്കുന്നു. ജോസഫിന്റെ തൊഴിൽ, ഹോട്ടൽ ഉടമകൾക്ക് അച്ചാർ ഉണ്ടാക്കുന്ന പണിയും. അദ്ദേഹം അയച്ച ഒരു ടെലഗ്രാം സന്ദേശം ഹൈക്കോടതി സ്വീകരിക്കുകയും 'സുശീൽ ശർമ്മ'യെന്ന യുവ കോൺഗ്രസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഹൈകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.  മാതൃഭുമി, ദേശാഭിമാനി, മനോരമ , ഇന്ത്യൻ എക്സ്പ്രസ്സ് പത്രക്കാർക്കെല്ലാം ജോസഫ് ഒരു വാർത്തയായി മാറുകയാണ്. 'തിരൂരുള്ള' അയാളുടെ വീട് നിറയെ വാർത്താലേഖകരെക്കൊണ്ട് നിറയാറുമുണ്ട്. ടെലിഗ്രാഫിൽക്കൂടി 'ഹൈക്കോടതി  റിട്ട്' ഫയലിൽ സ്വീകരിച്ച വിവരം ഇന്ത്യയിലെ ദേശീയ പത്രങ്ങൾ ഒന്നാകെ പ്രസിദ്ധീകരിച്ചിരുന്നു. സംശയരോഗിയായ  സുശീൽ കുമാർ സ്വന്തം ഭാര്യയെ കൊന്നശേഷം ഒളിവിൽ താമസിക്കുകയായിരുന്നു. ഹൈക്കോടതി അയാളെ തൂക്കാൻ വിധിച്ചെങ്കിലും സുപ്രീം കോടതി അയാളുടെ ശിക്ഷ ജീവപര്യന്തമാക്കി. വാർത്തകൾ ശേഖരിക്കാൻ ഫ്രാൻസിസും  ചങ്ങാതികളും ജോസഫിനെ തേടി തിരൂരു  പോവുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളും കൗതുകമേറിയതാണ്.  കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് പാലം ഉത്‌ഘാടനം ചെയ്യാൻ ശവപ്പെട്ടിയിൽ കിടന്നുള്ള ജോസഫിന്റെ ഉപവാസം പ്രസിദ്ധമായിരുന്നു.  കൊതുകു നിവാരണത്തിനു  വേണ്ടി കവറിനുള്ളിൽ  കൊതുകിന്റെ കൂത്താടികൾ പൊതിഞ്ഞു കൗൺസിലർമാർക്കും പഞ്ചായത്തു മെമ്പർമാർക്കും  കൊടുത്തതും  പകരം അടി കിട്ടിയതും ചൂടുള്ള വാർത്തകളായിരുന്നു. 

ശ്രീ  തടത്തിലിന്റെ സുഹൃത്തായ ഫാദർ ഡോ. ഫ്രാൻസീസ് ആലപ്പാടിൻറെ  മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളും പ്രത്യേകം ശ്രദ്ധ പതിയുന്നു.  'കേരള ബ്ലഡ് ഡോണേഴ്സ് ഫോറം' എന്ന സംഘടന സ്ഥാപിച്ചതിലൂടെ   കൊല്ലും കൊലയ്ക്കും കുപ്രസിദ്ധമായ  'ഇരവി മംഗലം' ഗ്രാമത്തിന്റെ സമാധാന ദൂതനാവുകയാണ് ഈ വന്ദ്യ പുരോഹിതൻ. പരസ്പ്പരം മല്ലടിച്ചു പ്രതികാരവുമായി കഴിയുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അച്ചന്റെ  കഴിവു അപാരമായിരുന്നു. ആ ഗ്രാമത്തിലെ അബാലവൃദ്ധ ജനങ്ങളുടെ രക്തഗ്രൂപ്പ് നിർണ്ണയ്ക്കാനുള്ള സംവിധാനം വഴി ആവശ്യക്കാർക്ക്  രക്തവും എത്തിച്ചിരുന്നു. വർഗ രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ഈ അച്ചന്റെ  കഴിവും അപാരമായിരുന്നു. 'സമ്പൂർണ്ണ രക്തഗ്രൂപ്പ് സാക്ഷരത' കൈവരിച്ച ലോകത്തിലെ ആദ്യത്തെ ഗ്രാമമായും ഇരവിമംഗലം  പ്രസിദ്ധമായി. രക്തച്ചൊരിച്ചിലിലൂടെ കുടിപ്പക തീർത്തുകൊണ്ടിരുന്ന ഒരു ഗ്രാമത്തെ സ്നേഹത്തിന്റെ അത്യുജലമായ  പ്രതീകമാക്കിയത് ജീവകാരുണ്യ പ്രവർത്തകനായ  ഈ ഡോക്ടർ വൈദികനായിരുന്നു. അച്ചനുമായി സഹോദര തുല്യമായുള്ള ഫ്രാൻസീസിന്റെ സ്നേഹവും അച്ചന്റെ വൈകാരിക ജീവിതവും  ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ തൂലികയിൽ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. കാലഘട്ടത്തിനാവശ്യമായ പുരോഹിതർക്ക് ആലപ്പാട്ടച്ചൻ  എന്ന ജീവകാരുണ്യ പ്രവർത്തകൻ  ഒരു മാതൃകകൂടിയാണ്.

വയറ്റിൽ കിടക്കുമ്പോൾ 'അമ്മ മകനെ, മകളെ സ്വപ്‍നം കാണും. കൈ വളരുന്നതും കാലു വളരുന്നതും നോക്കി നിൽക്കും. കുഞ്ഞിന്റെ പുഞ്ചിരിയിൽ 'അമ്മ സന്തോഷിക്കും. കുഞ്ഞിനെ ലാളിച്ചുകൊണ്ട് പിച്ച പിച്ച നടത്തിക്കും. അമ്മയോടൊപ്പം മാത്രം അവനു, അവൾക്കു കിടന്നാൽ മതിയായിരുന്നു. ഇന്നവന് അമ്മയെ വേണ്ട. ഭാര്യയുടെ തലയിണ മന്ത്രം അവനു വേദവാക്യം. 'അമ്മ അവനു ഭാരവും. അമ്മയുടെ കണ്ണുനീർ അവനു ഗൗനിക്കേണ്ടതില്ല. 'അമ്മ താഴെ തറയിൽ പായിൽ കിടക്കുമ്പോൾ അവൻ മെത്തയിലും കിടക്കും. അമ്മയെന്ന സ്നേഹത്തിന്റെ ആഴത്തിലേക്ക് 'മകനെ നിനക്കായി മാത്രം' എന്ന അദ്ധ്യായം നീക്കിവെച്ചിരിക്കുന്നു. സാമാന്യം സമ്പത്തും പ്രതാപവുമുള്ള വീട്ടിൽ നിന്നും സ്വത്തുക്കൾ മുഴവൻ കൈക്കലാക്കിയ മക്കൾ ഇറക്കി വിട്ട പാവം ഒരു അമ്മയുടെയും ഒരു മകന്റെയും തെരുവു ജീവിതത്തെപ്പറ്റി ഫ്രാൻസീസ് നന്നായി പ്രതികരിച്ചിട്ടുണ്ട്. അമ്മയോടൊപ്പം തെരുവുകൾ തോറും നടന്നിരുന്ന മകൻ മനസികരോഗിയും വിദ്യാസമ്പന്നനുമായിരുന്നു. അവരെ അറിയാത്ത തൃശൂർ നിവാസികൾ വിരളമായിരുന്നു. ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ വൈകാരികത ഈ ലേഖനത്തിൽ നിറകവിഞ്ഞൊഴുകുന്നു. മാനസിക നില തെറ്റിയ മകൻ അമ്മയോട് വഴക്കടിക്കും. അമ്മയെ ഉന്തിയിടും. വീണ്ടും ലക്ഷ്യമില്ലാതെ അമ്മയുടെയും മകന്റെയും യാത്ര തുടരും. ഈ അമ്മയും മകനും എവിടേക്കാണ് അലഞ്ഞു തിരിഞ്ഞു പോവുന്നതെന്ന ജിജ്ഞാസയോടെ ഫ്രാൻസിസും അവരുടെ പിന്നാലെ നടന്നിട്ടുണ്ട്.   ഒരിക്കൽ നിശബ്ദമായ ലോകത്തിൽ ആ അമ്മയും മകനും ഇല്ലാതായി.

ഇവിടെ ശ്രീ ഫ്രാൻസീസ് തടത്തിൽ തന്റെ സ്വന്തം അമ്മയിൽക്കൂടി അലഞ്ഞു തിരിഞ്ഞു നടന്ന അമ്മയെ കാണുന്നു. അമ്മയുടെ ഉടുത്തിരിക്കുന്ന കച്ചമുറിയുടെ  വാലിൽ തൂങ്ങുന്നതും ഒക്കത്തിരിക്കുന്നതുമായ ഓർമ്മകൾ  അദ്ദേഹം പകർത്തുന്നു. ചാച്ചനും അമ്മച്ചിക്കും ഒപ്പം കിടന്നുറങ്ങിയ രാത്രികളും വറുത്ത മീനോ ചിക്കനോ  ഉണ്ടാക്കിയാൽ മോനെയെന്നു വിളിച്ചുകൊണ്ടു മറ്റു സഹോദരങ്ങളെക്കാൾ പ്രത്യേക പരിഗണന നൽകുന്ന നാളുകളും ഫ്രാന്സീസിനെ വികാരഭരിതനാക്കുന്നു.

പ്രിയ ഫ്രാൻസീസ് തടത്തിൽ, താങ്കളുടെ ചാച്ചൻ എനിക്ക്  പ്രിയപ്പെട്ട  ഒരു അദ്ധ്യാപകനായിരുന്നു. എന്നെയും ഇഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന നാളുകളിൽ സ്നേഹമുള്ള താങ്കളുടെ അമ്മയെയും ഞാൻ ഓർമ്മിക്കുന്നുണ്ട്.  അവരുടെ പ്രിയപ്പെട്ട മകനായ ശ്രീ ഫ്രാൻസീസ് തടത്തിലിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്മകൾ മാത്രം പകർന്നു നൽകുന്ന താങ്കളുടെ യത്നം എന്നും തുടരട്ടെയെന്നും അഭിലഷിക്കുന്നു. വായനക്കാരന്റെ മനസിനെ പിടിച്ചുകുലുക്കുന്ന  അനുഭവകഥകൾ അടങ്ങുന്ന ഈ പുസ്തകം ഭാവി തലമുറകൾക്കും ഒരു ഉത്തേജനമാണ്. യുവത്വത്തിന്റെ മാദക ലഹരിയിൽ താങ്കൾ പിടിച്ചെടുത്തത് വിജ്ഞാനത്തിന്റെ വലിയ ഒരു ശ്രീകോവിലായിരുന്നു. അറിവുകൾ പകർന്നു നൽകുന്ന ഇത്തരം നല്ല പുസ്തകങ്ങൾ ഭാവിയിലും താങ്കളുടെ തൂലികയിൽ വിടരട്ടെയെന്നും  ദൃഢമായ മനസും ആരോഗ്യവും താങ്കളെ നയിക്കട്ടെയെന്നും അഭിലഷിക്കുന്നു.


Francis-thadathil

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...