Thursday, June 6, 2013

11. കുരിശുകളുടെ കഥ

ജോസഫ് പടന്നമാക്കൽ 


(2013 ജൂൺ മാസത്തിൽ അല്മായ ശബ്ദത്തിൽ പോസ്റ്റ് ചെയ്ത ഒരു ലേഖനം)

മാനിക്കേയൻ-താഹൂകുരിശുകള്‍

ക്രിസ്തുവിന് അഞ്ചാം നൂറ്റാണ്ടിനു മുമ്പും പേഗന്‍ദൈവങ്ങള്‍ക്കു കുരിശുകള്‍ അടയാളങ്ങളായി ഉണ്ടായിരുന്നു. ബാബിലോണിയന്‍ സംസ്കാരത്തിൽ 'താമൂസ്എന്ന ദൈവത്തിന്‍റെ കുരിശ് 'താഹൂഎന്നറിയപ്പെട്ടിരുന്നു. നരഭോജികള്‍ താമൂസ് എന്ന ദൈവത്തിനു മനുഷ്യക്കുട്ടികളെ ബലിയര്‍പ്പിച്ചിരുന്നത് താഹൂകുരിശില്‍ ബന്ധിച്ചായിരുന്നു. 'കോണ്‍സ്റ്റാന്റിൻചക്രവര്‍ത്തിയുടെ കാലത്ത് താമൂസ്മതക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. ഇവര്‍ തമൂസ്സിനു ബലിഅര്‍പ്പിച്ചിരുന്ന താഹൂകുരിശ് ക്രിസ്ത്യാനികളുടെ അടയാളവുമായി. കുരിശുകളിൽ ഏറ്റവും പഴക്കം ചെന്നത് താഹൂകുരിശായി അനുമാനിക്കുന്നു. നീളവുംവീതിയും ഒരുപോലെയാണ് ഈ കുരിശിനുള്ളത്.

ക്രിസ്ത്യാനികൾ ക്രിസ്തുവിനേക്കാളുപരി കുരിശിനു പ്രാധാന്യം കൊടുക്കുകയും ആരാധിക്കുകയും ചെയ്യുന്നു. കുരിശിനെ മഹത്വപ്പെടുത്തുന്ന അഭിപ്രായങ്ങളും പ്രാർത്ഥനകളുമടങ്ങിയ നൂറു നൂറു ഗ്രന്ഥങ്ങളും ഗ്രന്ഥപ്പുരകളിൽ കാണാം. കുരിശ് ഊർ‍ജ്ജ വാഹിനിയായ അടയാളം ആണെന്നും വളരെ അർ‍ത്ഥവത്തുമാണെന്നും വിശ്വസിക്കുന്നു. ഒരു മതത്തിന്‍റെ ആയാലും രാജ്യത്തിന്‍റെ ആയാലും അടയാളങ്ങളിൽ ഉള്ള തത്ത്വങ്ങൾ ശക്തിയായി തന്നെ നമ്മുടെ മനസ്സിന്  ഉന്മേഷം തരുന്നു. പാറിപറക്കുന്ന നമ്മുടെ ദേശീയപതാകയും അശോകചക്രവും നിറങ്ങളായ പച്ച, വെള്ള ,കുങ്കുമം എന്നിവയും പോലെ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് കുരിശുകളും രോമാഞ്ചം കൊള്ളിക്കാറുണ്ട്. അടയാളങ്ങളെ അർ‍ത്ഥവത്തും നന്മയുമായി കരുതുന്നവർ‍ക്കും കുരിശുകൾ ഊർ‍ജം തന്നെ നല്‍കും. നമ്മുടെ പതാകയിലെ പച്ച നിറം ഇസ്ലാമിനും വെള്ളനിറം ക്രിസ്ത്യാനിക്കും കുങ്കുമ നിറം ഹിന്ദുവിനും സ്വീകാര്യമാണ്. ശക്തിയും നല്‍കുന്നു. എല്ലാ മതങ്ങളുടെയും സാരാംശമായ സത്യം അശോകചക്രത്തിൽ ഉണ്ട്. അവിടെയാണ് ബുദ്ധൻ‍റെ ജ്ഞാനോദയവും അശോകചക്രവർത്തിയുടെ സമാധാന സന്ദേശവും മനുഷ്യ ഹൃദയങ്ങളെ പരിമളമാക്കുന്നത്. അതുപോലെ കുരിശിലും അതിന്റെ പരിപാവനമായ ചിന്തകളിലും ഒരു ക്രിസ്ത്യാനി അഭിമാനം കൊള്ളുന്നു. വാസ്തവത്തിൽ കുരിശിന്റെ കറുത്ത വശങ്ങൾ ഭൂരിഭാഗം ക്രിസ്ത്യാനികളും ചിന്തിക്കാറില്ല. 

കുരിശ് അടിമത്വത്തിൻ‍റെ അടയാളമായി കരുതുന്നു. ലോകത്തുണ്ടായ മതപീഡനങ്ങളും കുരിശു യുദ്ധങ്ങളും മഞ്ഞക്കുരിശുകൾ കൈകളിൽ വഹിച്ചുകൊണ്ടായിരുന്നു നടത്തിയിരുന്നത്. കുരിശിന്റെ വൈകാരികതയിൽ കോടാനുകോടി ജനങ്ങളാണ് യുദ്ധങ്ങളിൽക്കൂടി കൊല്ലപ്പെട്ടിട്ടുള്ളത്. ഭീകരസംഘടനയായ കൂക്ലെക്സ് ക്ലാൻ അടയാളമായി സ്വീകരിച്ചിരിക്കുന്നതും കുരിശാണ്. കറുത്ത വർ‍ഗക്കാർ‍ക്കെതിരെ ഭീകരത തൊടുത്തു വിടുന്ന കുരിശ്  വെറുപ്പിൻ‍റെ അടയാളം കൂടിയാണ്.വലതുകൈയിൽ കുരിശുമായും ഇടതുകൈയിൽ ബൈബിളുമായും അമേരിക്കയിലെ റെഡ് ഇന്ത്യൻസുകളുടെ ഭൂമിയിൽ ആദികാല കുടിയേറ്റക്കാർ മിഷ്യനറി പ്രവർത്തനം തുടങ്ങി. ഒടുവിൽ ബൈബിൾ സ്വദേശികളുടെ കൈകളിലും ഭൂമി വന്നുകയറിയ മിഷ്യനറിമാരുടെ കൈകളിലുമായി. 


ഹൈന്ദവ പുരാണങ്ങളിലെ പുണ്യപുഷ്പമായ താമര മുദ്രണം ചെയ്തിരിക്കുന്ന കുരിശിനും അർ‍ത്ഥങ്ങൾ കല്‍പ്പിച്ചിട്ടുണ്ട്‌. കാരണം താമര ഭാരതത്തിൻ‍റെ ദേശീയ പുഷ്പമാണ്‌. കുരിശിലുള്ള പ്രാവ് പരിശുദ്ധാത്മാവിനെനീതിയുടെ ഉറവിടത്തെ പ്രതീകമാക്കുന്നു. നാലു തലയ്ക്കലുമുള്ള മൊട്ടുകൾ യേശുവില്‍ക്കൂടിയുള്ള പുതുജീവിതമാണ് അർ‍ത്ഥമാക്കുന്നത്. ക്രിസ്ത്യാനിക്കു ലില്ലിപൂക്കൾ പരിശുദ്ധിയുടെ പരിമളമാണെങ്കിൽ താമരപ്പൂവിനെ ഭാരതീയ ദാർ‍ശിനികതയിൽ അതേ അർ‍ത്ഥത്തിൽ കാണുന്നു. കുരിശിൻ‍റെ താഴത്തുവശം യഹൂദന്മാരുടെ മനോറാ അടയാളമാണ്. ഏഴുശാഖകളോടുകൂടിയ മനോറാ പൌരാണികകാലംമുതല്‍ യഹൂദർ ‍അടയാളമായി കരുതുന്നു. മൂന്നു ശിഖരങ്ങള്‍വീതം ഓരോ വശത്തും നടുക്ക് പ്രധാനശിഖരവും. നടുക്കുള്ളതു കുറ്റിയില്‍നിന്നു മുളച്ചു ശാഖകള്‍ പുറപ്പെടുന്ന അടയാളമാണ്. പഴയനിയമത്തില്‍ യെശയ്യയുടെ അദ്ധ്യായം പതിനൊന്നില്‍ വാക്യം ഒന്നും രണ്ടും ഇതു സൂചിപ്പിക്കുന്നു.


"എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടുംഅവന്‍റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവൻറെ മേൽ യഹോവയുടെ ആത്മാവു ആവസിക്കുംജ്ഞാനത്തിൻറെയും വിവേകത്തിൻറെയും ആത്മാവ്ആലോചനയുടെയും ബലത്തിൻറെയും ആത്മാവ്പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ."


മാര്‍ത്തോമ്മാ കുരിശിനെ മാനിക്കേയൻകുരിശ്ക്ലാവര്‍ കുരിശ്താമര കുരിശ് എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നു. മാനിക്കേയൻകുരിശ് പേര്‍ഷ്യയിലെ കൊലയാളികളെയും കുറ്റവാളികളെയും തൂക്കിയിരുന്ന കഴുകു മരം ആയിരുന്നു. മൈലാപ്പൂരില്‍ അങ്ങനെ ഒരു കുരിശു പോര്‍ട്ടുഗീസുകാര്‍ കൃത്രിമമായി കണ്ടെടുത്ത കാലംമുതല്‍ കുരിശിനെ മാര്‍ത്തോമ്മ കുരിശ്ശെന്നു നാമകരണം ചെയ്തു. ഈ കുരിശിന്‍റെ ചരിത്രം മാര്‍ത്തോമ്മ ഭാരതത്തില്‍ വന്നകാലംമുതല്‍ ഉണ്ടെന്നു സ്ഥാപിച്ചെടുക്കുവാന്‍ കേരളനസ്രാണികളുടെ വ്യാജ ചരിത്രകാരന്മാർ ശ്രമിക്കുന്നുമുണ്ട്. ഇതിൻറെ പേരില്‍ നടന്ന ലഹളകളും പരാക്രമങ്ങളും ഒരു കുരിശു യുദ്ധത്തെത്തന്നെ ഓര്‍മ്മപ്പെടുത്തും. നസ്രാണി കത്തോലിക്കാ പൈതൃക സംരക്ഷണസമിതി മാര്‍ത്തോമ്മ കുരിശിനെ സംരക്ഷിക്കുവാന്‍ ശക്തിയേറിയ പ്രചരണങ്ങളും തന്ത്രങ്ങളും നടത്തുന്നുണ്ട്. ഇല്ലാത്ത ഒരു തോമസിന്‍റെ കുരിശിനെ അൾത്താരയില്‍ പ്രതിഷ്ടിച്ചതിൻറെ പരിണിതഫലങ്ങളാണ് ഇന്നു കേരളക്രൈസ്തവര്‍ പരസ്പരം ശതൃക്കളായി ആഗോളതലത്തില്‍ പോരാടാനുള്ള കാരണവും.


ജീസസ് മരിച്ചത് കുരിശിലാണെന്നു ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ചില ക്രിസ്ത്യൻ വിഭാഗക്കാർ യേശു ഒറ്റത്തടിയിൽ മരിച്ചുവെന്നു പ്രസംഗിക്കുന്നു. യേശുവിനെ തറച്ച കുരിശു താഹൂകുരിശിലോ ഗ്രീക്ക്കുരിശിലോ അല്ലെന്നും യേശുവിനെ വധിച്ചത് ഒറ്റ തടിയിലെന്നും ആദ്യകാല ക്രിസ്ത്യൻ ചരിത്ര ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുമുണ്ട്. ഈ വിശ്വാസം ബൈബിളിനെതിരെങ്കിലും ചില പാസ്റ്റർമാർ ഒറ്റത്തടിയിൽ കിടന്ന യേശുവിനെ വിവരിക്കാറുണ്ട്.
ഒറ്റത്തടിയില്‍ യേശുവിനെ തറച്ചുവെന്നു യഹോവാക്കാര്‍ വിശ്വസിക്കുന്നു. ഒറ്റത്തടി എന്ന വാക്ക് യഹോവാക്കാരുടെ ബൈബിളിലുണ്ടോയെന്നു അറിയില്ല. ഗ്രീക്കു ഭാഷയിലുള്ള എല്ലാ ഡിക്ഷ്നറിയിലും സ്റ്റൊറസ് (stauros) എന്ന വാക്കിന് ഇംഗ്ലീഷ് അർ‍ഥം കൊടിത്തിരിക്കുന്നത് കുറുകെയും നേരെയുമുള്ള തടിക്കഷണങ്ങളിൽ കുറ്റവാളികളെ തൂക്കുന്ന കുരിശ് എന്നാണ്.

"ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവൻറെ കൈകളിൽ ആണികളുടെ പ്പഴുതു കാണുകയും ആണികളുടെ പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല"എന്നു അവൻ അവരോടു പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെൽ യേശു വന്നു നടുവിൽ നിന്നുകൊണ്ടു "നിങ്ങൾക്കു സമാധാനം" എന്നു പറഞ്ഞു. പിന്നെ തോമാസിനോടു: "നിന്‍റെ വിരൽ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാൺകനിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്തു ഇടുകഅവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക" എന്നു പറഞ്ഞു.

വചനം നോക്കുകഇവിടെ കൈകളിൽ ആണികൾ എന്നു പറഞ്ഞിരിക്കുന്നു. ആണി എന്നല്ല പറഞ്ഞിരിക്കുന്നത്. ബഹുവചനം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തടിയിൽ കുരിശു മരണമെങ്കിൽ കൈകളിൽ ആണികൾ എന്നുള്ള പ്രയോഗവും ആവശ്യമില്ല. കിംഗ്‌ ജെയിംസ് ബൈബിളിലും ഇങ്ങനെ തന്നെ വചനം പറഞ്ഞിരിക്കുന്നു.

താഹൂഎന്ന കത്തോലിക്കാസഭയുടെ പേഗന്‍കുരിശിനെ എതിര്‍ത്ത അനേകം ആദികാല പിതാക്കന്മാരും സഭയില്‍ ഉണ്ടായിരുന്നു. കാര്‍ഡിനല്‍ ന്യൂമാന്‍ തന്‍റെപുസ്തകത്തില്‍ റോമ്മാസഭയുടെ കുരിശിനെ വിവരിച്ചിരിക്കുന്നതു സഭയുടെ കുരിശ് ക്രിസ്തുവിനെ തറച്ചരീതിയിലുള്ള കുരിശല്ലന്നും നാലാംനൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ വണങ്ങിയിരുന്ന പേഗന്‍കുരിശു തന്നെയെന്നും സ്ഥാപിച്ചിട്ടുണ്ട്. റോമ്മാസഭയുടേതെങ്കിലും ഇന്നു വന്ദിക്കുന്ന കുരിശിന് യേശുവിനെ തറച്ചകുരിശുമായി യാതൊരു ബന്ധവുമില്ല.

നസ്രാണിക്കുരിശ് എന്നുപറഞ്ഞാല്‍ തോമ്മാശ്ലീഹായുടെ തത്ത്വങ്ങള്‍ മുദ്രണം ചെയ്തതതെന്ന  അര്‍ത്ഥമാണ് പ്രതിധ്വാനിക്കുന്നത്. യേശുവിനെ തഴഞ്ഞിട്ട് എന്തിനു തോമസ്സിനു പ്രാധാന്യം നല്‍കണം. തോമസ്‌ സുവിശേഷങ്ങളൊന്നും രചിച്ചിട്ടുമില്ലല്ലോഇന്ത്യാ 1973ല്‍ ഇറക്കിയ ഇരുപതുരൂപ സ്റ്റാമ്പില്‍ തോമാശ്ലീഹാ മരിച്ചത് ഏ.ഡി. 72-ൽ ‍എന്നു അച്ചടിച്ചിരിക്കുന്നു. ഈ ചരിത്രം ഗവേഷകരെ വഴി തെറ്റിക്കുന്നതല്ലേരാഷ്ട്രത്തെപ്പോലും പുരോഹിത ചരിത്രകാരന്മാര്‍ കള്ളംപറഞ്ഞു ചതിച്ചിരിക്കുന്നു.

ക്രിസ്തുവിനുശേഷം നാലു നൂറ്റാണ്ടുകള്‍വരെ ഇല്ലാതിരുന്ന ഈ കുരിശുകളുടെ ചരിത്രത്തിൻറെ പിന്നില്‍ യാതൊരു ദൈവശാസ്ത്രവും ഇല്ലെന്നുള്ളതാണ് സത്യം. ജനങ്ങളെതമ്മില്‍ തല്ലിയടിപ്പിക്കാൻ പുരോഹിതര്‍ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു മാര്‍ത്തോമ്മാ കുരിശുവാദം.

പവ്വത്തോളജിയും താമര കുരിശിന്റെ കഥയും  

'മാര്‍ത്തോമ്മാ' എന്ന പദം വിശുദ്ധ തോമസ്സില്‍നിന്നും വന്നെങ്കില്‍ മാനിക്കേയൻ പേര് പേര്‍ഷ്യയില്‍ മൂന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'മനി' യെന്ന ഒരു മതസമ്പ്രദായ (കള്‍ട്ട്) നേതാവില്‍ നിന്നുമാണ്. ക്രിസ്തുമതവും സോറാസ്ട്ട്രിയന്‍ മതവും കലര്‍ന്ന ഒരു സങ്കര മതമാണ് 'മാനിക്കേയൻകള്‍ട്ട്' എന്ന് അറിയപ്പെട്ടിരുന്നത്. മാര്‍ത്തോമ്മാകുരിശു പരിരക്ഷസമിതിയുടെ സ്ഥാപകഗുരുവായ ബിഷപ്പ് പവ്വത്തിലാണ് മാര്‍ത്തോമ്മാ കുരിശു നസ്രാണികളുടെ വിശ്വാസത്തില്‍ കലര്‍ത്തി ഇത്തരം വാദപ്രതിവാദ വിഷയങ്ങളില്‍ ക്രിസ്ത്യാനികളെ തമ്മില്‍ അടിപ്പിക്കുവാന്‍ കാരണമാക്കിയത്‌.

ഒന്നാം നൂറ്റാണ്ടുമുതൽ ‍ക്രൈസ്തവസഭകള്‍ മാർത്തോമ്മ കുരിശിനെ ആരാധിച്ചിരുന്നുവെന്നാണ് പവ്വത്തിലിൻറെ വക്താക്കൾ പ്രചരിപ്പിക്കുന്നത്. ക്രൂശിതനായ യേശുവിന്റെ രൂപമുള്ള കുരിശ് പതിനാറാം നൂറ്റാണ്ടുമുതൽ ‍പോർട്ടുഗീസുകാരുടെ വരവിനു ശേഷമുള്ളതെന്നു മാര്‍ത്തോമ്മാ കുരിശുവാദികള്‍ വിശ്വസിക്കുന്നു.  ക്രിസ്തുവിന്‍റെ ശരീരം ഇല്ലാത്ത കുരിശ് ഉയർപ്പിന്‍റെ പ്രതീകമാണ്, ദൈവമായ ക്രിസ്തുവിന്‍റെ അടയാളമാണ് എന്നെല്ലാം മാര്‍ത്തോമ്മാ കുരിശുവാദങ്ങളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. സുറിയാനിസഭയിലെ ബിഷപ്പുമാർ ഇത്തരം കുരിശുകള്‍ കഴുത്തിൽ അണിഞ്ഞു നടക്കുന്നു. ക്രിസ്തു ഉയിര്‍ത്തതു കുരിശില്‍ നിന്നോ കല്ലറയില്‍ നിന്നോയെന്നുള്ള ചോദ്യങ്ങൾക്ക് മാര്‍ത്തോമ്മാവാദികള്‍ക്ക് ഉത്തരമില്ല.

മാര്‍ത്തോമ്മാക്കുരിശിന്‍റെ ഉറവിടമായ പേര്‍ഷ്യയിലെ മാനിയെന്ന കുറ്റവാളിയായിരുന്ന കൊലയാളി കപടതയുടെ പ്രവാചകനായിരുന്നു. പവ്വത്തിലിന്‍റെ താമരക്കുരിശിനോടുള്ള ഭക്തിരോഗത്തെ  പാരമ്പര്യ ക്രിസ്ത്യാനികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. കത്തോലിക്കരിൽ വലിയ ഒരു വിഭാഗം എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.  സത്യത്തിൽ, മാര്‍ത്തോമ്മായുടെ കാലത്ത് ക്രൈസ്തവസഭയ്ക്കു കുരിശുണ്ടായിരുന്നില്ല. കുരിശിനെ സംപൂജ്യമായി കരുതുവാന്‍ തുടങ്ങിയതുതന്നെ നാലാം നൂറ്റാണ്ടു മുതലാണ്‌. കുരിശിനെപ്പറ്റി മാര്‍ത്തോമ്മായുടെ മനസ്സിൽ ഭാവനയിൽപ്പോലും ഉണ്ടായിരിക്കാൻ സാധ്യതയില്ല.


തോമ്മാശ്ലീഹാ ഒരു കുരിശു കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ടാണ് സഭയൊന്നാകെയുള്ള പുരോഹിത ജനം അല്മായരെ വഴിതെറ്റിക്കുന്നത്. യേശുവിനൊപ്പം ജീവിച്ച ആ പാവം തച്ചനെ പൗരാഹിത്യ ലോകം കള്ളക്കഥകളില്‍ കുടുക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉറപ്പുള്ള തടി കേരളത്തിലെ തേക്കാണെന്നു പറയുന്നു. ആ തടി‍പോലും നൂറു കൊല്ലത്തിനുള്ളില്‍ ദ്രവിച്ചു പോവുന്നു. പുറംനാടുകളില്‍ മേപ്പിള്‍മരങ്ങളും റബ്ബർത്തടിപോലെ ദ്രവിച്ചുപോവുന്ന മരങ്ങളുമേ കാണുവാന്‍ സാധിക്കുകയുള്ളൂ. രാസവസ്തുക്കള്‍ ചേർക്കാത്ത പക്ഷം ഏറിയാൽ  മുപ്പതുവര്‍ഷത്തില്‍ കൂടുതല്‍ തടികള്‍ നിലനില്‍ക്കുകയില്ല. എന്നാൽ തോമ്മാശ്ലീഹാ കൊണ്ടുവന്ന കുരിശുകൾ കാലത്തെയും മറികടന്നു സഹസ്രാബ്ദങ്ങൾ പിന്നിട്ടും ഇന്നും ദ്രവിക്കാതിരിക്കുന്നു. തോമാശ്ലീഹായുടെ പേരിലുള്ള താമരക്കുരിശിന്റെ കെട്ടുകഥ പുരോഹിത ലോകത്തിന്റെ ചൂഷണത്തിനുള്ള വെറും ഒരു ഉപാധി മാത്രമാണ്. 

ക്രിസ്തുവില്ലാത്ത കുരിശ് ഉയർപ്പിന്‍റെ പ്രതീകമെന്നാണ് 'പവ്വത്തോളജിപറയുന്നത്. മെത്രാൻ  പറയുന്നതെന്തും യുക്തിബോധം നശിച്ച അല്മായരും അതുപടി വിശ്വസിക്കുകയും ചെയ്യും.തിരുസഭയുടെ കൽപ്പനകൾ പാലിക്കണമെന്ന് ആഗോളസഭ പറയുമ്പോള്‍ സീറോമലബാര്‍ രൂപതാധികാരികള്‍ക്ക് സഭയുടെ മൌലിക തത്ത്വങ്ങളെയും റോമ്മാ സഭയുടെ ആചാരങ്ങളെയും എങ്ങനെ ധിക്കരിക്കുവാന്‍ സാധിക്കും.? 

കൊപ്പേൽ പള്ളിയും താമര കുരിശ് യുദ്ധങ്ങളും 


സമാധാനപരമായി കഴിഞ്ഞിരുന്ന കേരളകത്തോലിക്ക സഭയിൽ കുരിശുകളുടെ പേരിൽ വഴക്കുകൾ സൃഷ്ടിക്കാൻ കാരണക്കാരൻ ചങ്ങനാശേരി മുൻ ആർച്ചുബിഷപ്പായിരുന്ന ജോസഫ് പവ്വത്തിലായിരുന്നുവെന്നും നാം കണ്ടു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സീറോ മലബാർ പള്ളികൾ  എവിടെയെല്ലാം സ്ഥാപിച്ചോ അവിടെയെല്ലാം ഈ കുരിശിന്റെ പേരിൽ അല്മായരും സഭാനേതൃത്വവും ചേരി തിരിഞ്ഞു കലഹങ്ങളുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ കൊപ്പേല്‍ വിശുദ്ധ അൽഫോൻസായുടെ നാമത്തിലുള്ള പള്ളിയിലെ വികാരിയുമായി ഇടവക ജനങ്ങൾ മാനിക്കെയിൻ കുരിശിനെതിരായി നീണ്ട കുരിശുയുദ്ധങ്ങൾ നടത്തിയിരുന്നു. ഈ കുരിശിന്റെ പേരിലുള്ള പള്ളിയിലെ നിത്യവഴക്കുകൾ അവിടെയുള്ള ഇടവക ജനങ്ങളെ രണ്ടു തട്ടുകളാക്കി നിത്യശതൃതയിലേക്കും വഴി തെളിയിച്ചു. 

കൊപ്പേൽ പള്ളിയിൽ കുരിശിന്റെ തർക്കമുണ്ടായ നാളുകളിൽ തങ്ങളുടെ വിശ്വാസം യേശുവിനെ വഹിക്കുന്ന കുരിശെന്നു വിശ്വാസസമൂഹം ഒന്നായി പരാതിപ്പെട്ടിട്ടും ഷിക്കാഗോ അരമനക്കു അന്നു കുലുക്കമുണ്ടായില്ല. തലമുറകളായി മലയാളികളുൾപ്പെട്ട കത്തോലിക്കർ പ്രാര്‍ഥിച്ചിരുന്നതും തങ്ങളുടെ അടയാളമായ ക്രൂശിതനായ ക്രിസ്തുവിനെ നോക്കിയായിരുന്നു. യേശുവിന്‍റെ മരണത്തോടെയുള്ള തിരുശരീരം അടങ്ങിയ കുരിശ് നിത്യരക്ഷയുടെ അടയാളമായും കരുതിയിരുന്നു. സമസ്ത ലോകത്തിന്‍റെയും പ്രതീകമായ യേശു ഉള്ള കുരിശിനെയാണ് ആഗോള സഭയിലെ ഭൂരിഭാഗം കത്തോലിക്കരും വിശ്വസിക്കുന്നത്.

ഏതോ കാലത്തു കുറ്റവാളികളെ വധിച്ചിരുന്ന മാനിക്കേയൻ മാർത്തോമ്മാ കുരിശു കൊപ്പേല്‍പള്ളിയില്‍ സ്ഥാപിക്കണമെന്നുള്ള സീറോമലബാര്‍ നേതൃത്വത്തിന്‍റെ കടുംവാശിയായിരുന്നു കുഴപ്പങ്ങൾക്കെല്ലാം കാരണമായത്. വൈദേശികമായ ക്രിസ്ത്യാനികളുടെ ആചാരങ്ങള്‍ ബഹിഷ്കരിക്കണമെന്നു സീറോമലബാറിലെ അഭിഷിക്തര്‍ ആഹ്വാനം മുഴക്കാറുണ്ട്. എന്നാൽ അമേരിക്കയില്‍ വളർന്നു വരുന്ന  മലയാളി കത്തോലിക്കരുടെ കുഞ്ഞുങ്ങളെ സംബന്ധിച്ച് മാനിക്കേയൻ കുരിശ് വൈദേശികമാണെന്ന് ഇവിടെയുള്ള പുരോഹിതർ മറക്കുന്നു. ഈ നാടിന്‍റെ സംസ്കാരത്തില്‍ വളര്‍ന്നുവരുന്ന തലമുറകളെയാണ് മാനിക്കാന്‍ ദൈവശാസ്ത്രം ഇവര്‍ അടിച്ചേല്‍പ്പിക്കുന്നത്. അമേരിക്കയിലെ സ്വദേശികളായ കത്തോലിക്കർ മാര്‍പാപ്പയുടെ പ്രമാണങ്ങളെ മുഖ്യമായും അനുസരിക്കുന്ന സഭയിലാണ് വിശ്വസിക്കുന്നത്. ആ സ്ഥിതിക്കു മാർത്തോമ്മായെ സംബന്ധിച്ചതെന്തും വളര്‍ന്നുവരുന്ന ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്കു‌ വൈദേശികമായിരിക്കും. രണ്ടു തരം സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങൾ ഇവിടുത്തെ വായു ശ്വസിച്ചു ജീവിക്കുന്ന മലയാളീ കുട്ടികൾക്ക് സ്വീകരിക്കാൻ സാധിച്ചെന്നു വരില്ല. 

സഭയിലെ അംഗങ്ങളുടെ പ്രാഥമികമായ കടമ പട്ടക്കാരെയും മേല്പ്പട്ടക്കാരെയും അനുസരിക്കുന്നതാണെന്നുഅങ്ങാടിയത്തിന്റെ സ്ഥിരം ശൈലിയിലുള്ള പ്രസംഗമാണ്. 'സഭയുടെ നിയമങ്ങള്‍ കാത്താലേ സത്യവിശ്വാസം സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നുംഅദ്ദേഹം കൂടെ കൂടെ കുഞ്ഞാടുകളെ ഓർമ്മിപ്പിക്കാറുണ്ട്. സഭയെന്നത് റോമ്മാ സഭയുൾപ്പെട്ടതാണെന്ന വസ്തുതയും അദ്ദേഹം മറക്കുന്നു. ഭൂരിഭാഗവും പള്ളിക്കു ഡൊണേഷനും കൊടുത്ത് അനുസരിക്കുന്നവരായതുകൊണ്ട് എന്ത് തോന്യാസവും അഭിഷിക്തർക്കും പുരോഹിതർക്കും വിളിച്ചു പറയാൻ സാധിക്കും. ദൈവത്തിൻറെ ആലയത്തില്‍ വില പേശലോ വ്യക്തി താല്‍പ്പര്യങ്ങളോ ഇല്ലെന്നും പള്ളിയും പുരോഹിതരും ബിഷപ്പുമാണ് പരമാധികാരികളെന്നും, പള്ളികൾ ഒരിക്കൽ കൂദാശ ചെയ്‌താൽ പള്ളികളുടെ സ്ഥാവര ജംഗമസ്വത്തുക്കളിൽ അല്മേനിക്ക് അവകാശമില്ലെന്നും അഭിഷിക്തലോകം  കുഞ്ഞാടുകളെ ഓർമ്മിപ്പിക്കാറുമുണ്ട്. ഇടവകജനങ്ങളെ തമ്മിൽ തല്ലുപിടിപ്പിച്ചാലേ ഇവരുടെ കുരിശുയുദ്ധങ്ങൾക്കും  ചൂഷണങ്ങൾക്കും വിജയമുണ്ടാവുള്ളൂ.  








      

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...