മാർതോമ്മാശ്ലീഹായുടെ യാത്രാവിവരങ്ങളെപ്പറ്റി, പതിനാറാം ബെനഡിക്റ്റ് മാര്പാപ്പാ പറഞ്ഞതു സ്ഥിരീകരിച്ചുകൊണ്ട് ആക്ട് ഒഫ് തോമ്മാ സുവിശേഷം വ്യക്തമായി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. 2006 സെപ്ടംബർ ഇരുപത്തിയേഴാം തിയതി മാർപാപ്പാ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തിലെ തീർഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ ഒരു പ്രസംഗത്തിൽ, അദ്ദേഹം പറഞ്ഞത് " വിശുദ്ധ തോമസ് ആദ്യം സിറിയയിലും പേർഷ്യയിലും പിന്നീടു ഉൾപർവത നിരകളിൽക്കൂടി സഞ്ചരിച്ച് അങ്ങു പടിഞ്ഞാറു ഭാരതംവരെ യാത്ര ചെയ്തിരിക്കാം. അവിടെനിന്നും അനേകകാലങ്ങൾക്കു ശേഷം മറ്റു മിഷനറിമാരുടെ സഹായത്തോടെ തെക്കേ ഭാരതത്തിലേക്കു ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം"
ഈ വാർത്ത ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും ദുഖിതരാക്കി. മാർപാപ്പയുടെ ഈ പ്രസ്താവന ആകമാന ക്രിസ്ത്യാനികളുടെയും പരമ്പരാഗതമായ വിശ്വാസത്തിന് എതിരായ ഒരു പ്രഖ്യാപനമായിരുന്നു. അതുമൂലം ഭാരതസഭയിലോന്നാകെ കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ വത്തിക്കാന്‍റെ വെബ്സൈറ്റിൽ മാർപ്പാപ്പയുടെ അഭിപ്രായത്തെ സെന്‍റ് തോമസ് ഭാരതത്തില്‍, വന്നിട്ടുണ്ടായിരുന്നുവെന്ന് തിരുത്തിയെഴുതി. മാർപാപ്പയുടെ പ്രസംഗത്തിലെ സാരം അനുസരിച്ച് തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണ് പ്രേഷിതപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ് 'തോമ്മാആക്റ്റും' സൂചിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്കു ഭാരത ക്രിസ്ത്യാനികളെ പോപ്പു വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ രാജ്യത്തു സുവിശേഷം പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വർഷത്തെ ദർശനങ്ങളങ്ങനെ ഇടിച്ചു പൊളിച്ചെഴുതി.
മാർപാപ്പയുടെ ആലോചനാരഹിതമായ അഭിപ്രായം തോമ്മാശ്ലീഹായിൽനിന്നും ജ്ഞാനം സ്വീകരിച്ച ഉന്നത കുലജാതരായ സീറോമലബാർ ബ്രാഹ്മണ ക്രിസ്ത്യാനികൾക്കു ഇതൊരു കൊടും ആഘാതമായിരുന്നു. സീറോമലബാർ പള്ളികളുടെ മുഖപത്രമായ 'സത്യദീപ'ത്തില്‍ ഈ വാർത്ത വരുന്നതുവരെ വിവാദപരമായ പരാമർശം കാര്യമായി ആരുംതന്നെ ഗൌനിച്ചിരുന്നില്ല. സഭയിലെ ചില പണ്ഡിതന്മാർ തീവ്രമായ വേദനയോടെ ബനഡിക്റ്റ്മാർപാപ്പയുടെ അഭിപ്രായത്തെ എതിർത്തു. തെക്കേ ഇന്ത്യയിലെ അപ്പോസ്തോലന്‍റെ പ്രേഷിതപ്രവർത്തനങ്ങളെ സംബന്ധിച്ചു മുമ്പുള്ള മാർപാപ്പമാരുടെ സ്ഥിരീകരിച്ച വാർത്തകളുമായി കേരളസഭാ പണ്ഡിതന്മാർ രംഗത്തു വന്നു. വത്തിക്കാന്‍റെ വെബ് സൈറ്റ് മാർപാപ്പയടെ അഭിപ്രായത്തെ തിരുത്തി മാര്ത്തോമ്മാ തെക്കേ ഇന്ത്യയില്‍, വന്നുവെന്നു മാറ്റി എഴുതി. അപ്രമാദിത്വമുള്ള മാർപാപ്പയുടെ നയങ്ങൾക്കു സംഭവിച്ച ഒരു പിഴവെന്നു വേണം ഇതു കണക്കാക്കുവാൻ.
എങ്കിലും 'തോമ്മാആക്ട്', എന്ന പൌരാണിക കൃതി മാർപാപ്പയുടെ അഭിപ്രായം തികച്ചും സത്യമാണെന്നു വെളിപ്പെടുത്തുന്നു. തോമ്മാ കൃതിയിലുള്ള ശ്ലീഹാ സിറിയാ, പാർത്തിയ (പേർഷ്യ, ഇറാന്‍) ഗാന്ധാര, (പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറേ ഭാഗം) , യാത്ര ചെയ്തതായി പറയുന്നുണ്ട്. എന്നിട്ടും തെക്കേ ഇന്ത്യയിലെവിടെയെങ്കിലും വന്നുവെന്നുള്ള ചരിത്രപരമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. 'തോമ്മാ ആക്ട്' സൂചിപ്പിച്ചിട്ടുമില്ല.
1952 നവമ്പര്‍, 13 നു വത്തിക്കാൻ, കേരള ക്രിസ്ത്യാനികള്‍ക്കായി ഒരു സന്ദേശം അയച്ചിരുന്നു.
അതിലെ ഉള്ളടക്കം, തോമ്മാശ്ലീഹാ എ.ഡി 52 കാലഘട്ടത്തു
ഭാരതത്തിലെ കൊടുങ്ങല്ലൂരിനടുത്ത് വന്നുവെന്ന് യാതൊരു തെളിവും കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ട്.
1952 ലെ വത്തിക്കാന്‍റെ അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാനായി ചിലർ ചോദ്യങ്ങളുമായി 1996ൽ വത്തിക്കാനിലെ
ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാൻ, നിരസിക്കുകയാണുണ്ടായത്. കര്‍ദ്ദിനാള്‍സംഘത്തിന്‍റെ
പ്രീഫെക്റ്റിനു ഈ വിഷയം സംബന്ധിച്ചു കൂടുതലായ വിവരം ആവശ്യപ്പെട്ട് ഗവേഷകർ വത്തിക്കാനു
കത്തുകളയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തോമ്മാശ്ലീഹായുടെ
ജീവിതം ചരിത്രകാരുടെ ഗവേഷണ പരിധിയിലുള്ളതാണെന്നും കര്‍ദ്ദിനാൾതിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു
പ്രാപ്തരല്ലന്നും വ്യക്തമാക്കി സ്വയം കൈകഴുകുകയാണുണ്ടായത്.
1729 ൽ, അന്നുണ്ടായിരുന്ന മൈലാപ്പൂർ ബിഷപ്പ്, സാന്തോം കത്തീഡ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാനായി റോമിലെ കർദ്ദിനാൾ തിരുസംഘത്തിന് ഒരു കത്തെഴുതി. എന്നാൽ റോമിന്‍റെ മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല..ഇതിൽനിന്നും മനസ്സിലാക്കേണ്ടത് മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്. എങ്കിലും മദ്രാസിലെ മൈലാപ്പൂരുള്ള റോമൻകത്തോലിക്കാ അധികാരികൾ 1871ൽ, തോമസിന്‍റെ സ്മാരകങ്ങളെല്ലാം പോർട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു വാദിച്ചതായും ചരിത്രമുണ്ട്.
1886ൽ, പതിമൂന്നാം ലിയോമാർപാപ്പാ തോമ്മാശ്ലീഹാ എത്യോപ്പിയാ , സിറിയ, സിന്ധുനദീ തീരം എന്നിവടങ്ങളിൽ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ലിയോമാര്പാപ്പയുടെ അതേ അഭിപ്രായങ്ങൾ, പതിനൊന്നാം പിയൂസും സ്ഥിരികരിച്ചിട്ടുണ്ട്. മാർപാപ്പമാരുടെ പൂർവ്വകാല അഭിപ്രായങ്ങളും ബെനെഡിക്റ്റ് മാർപാപ്പയുടെ അഭിപ്രായങ്ങളും 'തോമസ് ആക്ടും' അനുസരിച്ചു തോമ്മാ ശ്ലീഹാ ഒരിക്കലും തെക്കേ ഇന്ത്യ സന്ദര്ശിച്ചിട്ടില്ലെന്നു വ്യക്തം. പാക്കിസ്ഥാൻവരെ നടന്നിട്ടുള്ളതായേ അപ്പോസ്തോലന്‍റെ പ്രവർത്തനങ്ങൾ എന്ന പ്രാചീന കൃതികളിലുള്ളു.
1986 ലും 1999 ലും ജോണ്‍പോള്‍ മാർപാപ്പാ സെന്‍റ് തോമസ് മൌണ്‍ടിലുള്ള വിശുദ്ധന്‍റെ രക്തസാക്ഷി കുടീരം സന്ദൾശിച്ച വേളയിലൊക്കെ ശ്ലീഹായുടെ ഭാരതയാത്രയെപ്പറ്റിയൊന്നും പരാമർശിച്ചില്ല. ഒരു പക്ഷെ ഭാരതത്തിന്‍റെ അപ്പോസ്തോലന്‍റെ പ്രവർത്തനങ്ങളെ മാർപാപ്പാ ഒന്നും സൂചിപ്പിക്കാതിരുന്നതു വത്തിക്കാന്‍റെ കാര്യ പരിപാടിയിലതു മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാം.
വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള 'ആക്റ്റ്സ് ഓഫ് തോമസ്' എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്. ഈ ഗ്രന്ഥത്തിലുടനീളം സുവിശേഷങ്ങളും യേശുവിന്‍റെ ജീവചരിത്രവുമായി ബന്ധമില്ലാതെ ധാരാളം വൈരുദ്ധ്യങ്ങളു൦ കാണാം. സഭ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. തോമ്മാശ്ലീഹായുടെ ഭാരതത്തിലെക്കുള്ള യാത്ര സത്യമാക്കുന്നതിനു 'ആകറ്റ് ഓഫ് തോമസ്' ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ചു വിശുദ്ധ തോമസിന്‍റെ യാത്രകളെ ചരിത്രമായിട്ടു കരുതണമെങ്കിൽ മറ്റു പല സത്യങ്ങളെയും അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തിൽ, സഭക്കു നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്, പാലസതീൻ വിട്ടതു ജീസസ്, തന്‍റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരനെന്നർഥം വരുന്ന 'ഡിഡിമാസ്' എന്നും വിശുദ്ധനു പേരുണ്ട്.
'ആക്ട് ഓഫ് തോമസ്' വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു
1. തോമസ്, ജീസസിനെ ധിക്കരിച്ച ഒരു സാമൂഹികവിരുദ്ധനായിരുന്നു.
2. ജീസസ്, ഒരു അടിമക്കച്ചവടക്കാരനായിരുന്നു.
3. തോമസ് ജീസസിന്‍റെ ഇരട്ട സഹോദരനായിരുന്നു.
4. കാനോൻ നിയമങ്ങളനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണെന്നു വരുന്നു.
5. തോമസ് ഇരട്ടസഹോദരനായതുകൊണ്ടു ജീസസ് ദൈവത്തിന്‍റെ ഏക ജാതനല്ല.
ചുരുക്കത്തിൽ, തോമസിന്‍റെ ഐതിഹാസിക കഥകളെ മുഴുവനായി വിശ്വസിക്കുന്നവർക്ക് സഭയുടെ മൌലികങ്ങളായ തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും.
കൂടാതെ തോമസ്, പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും. വിശുദ്ധ തോമസിന്‍റെ ആദ്യത്തെ അത്ഭുതം ഒരിക്കൽ, തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്‍റെ മന്ത്രവാദം കൊണ്ടു സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവു തോമസിൻറെ പ്രവര്ത്തനങ്ങളിൽ അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ച് അവരെ ചാക്കിനകത്തു കെട്ടി ചാരവുമിട്ടു മുറികളിലടച്ചു പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളു൦ പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവു ക്ഷമ നശിച്ച് തോമസിനെ വധിച്ചെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണജനം വധിച്ചുവെന്നുള്ള കെട്ടുകഥ മാറ്റി എഴുതേണ്ടി വരും. (Ref: Esvar Sharan)
തോമ്മാസ്ലീഹായില്‍ നിന്നു സ്നാനമേറ്റ ക്രിസ്ത്യാനികള്‍ രണ്ടായിരം വര്‍ഷങ്ങളിലെ
പാരമ്പര്യം അവകാശപ്പെട്ട് സവര്‍ണ്ണ ജാതികളെപ്പോലെ കേരളത്തില്‍
ജീവിക്കുന്നു. കബളിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം മുഴുവന്‍ സത്യമെന്നും കേരള
ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. A.D. 52 മുതലുള്ള കൊളോണിയല്‍ മിഷിനറിമാരുടെ പ്രഭാഷണങ്ങളൊഴിച്ചു
മലയാള സാഹിത്യപുരോഗതിക്കു ക്രിസ്ത്യാനികളുടെ പങ്ക് ഒന്നും തന്നെയില്ല. ആ സ്ഥിതിക്ക് അവര്‍ ചരിത്രബോധം ഇല്ലാത്ത
ഒരു തലമുറയായി വളർന്നതു സ്വാഭാവികമാണ്. കൂടാതെ കലാസാംസ്കാരിക രംഗങ്ങളിലും വിസ്മയകരങ്ങളായ
യാതൊരു പാടവങ്ങളും കേരള ക്രിസ്ത്യാനികള്‍ കാഴ്ച്ച വെച്ചിട്ടില്ല. ഏതായാലും ഈ രാജ്യത്തിന്‍റെ
ഹൈന്ദവ കലാരൂപങ്ങളെ സംബന്ധിച്ചുള്ള കുറേ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും
സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങളോളം ഈ നാട്ടിൽ ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി
കണക്കാക്കാവുന്നത്.
No comments:
Post a Comment