ജോസഫ് പടന്നമാക്കൽ
കര്‍ദ്ദിനാൾ കാര്‍ലോ മാറിയാ മാര്‍ട്ടിനി മരിക്കുന്നതിനു മുമ്പ് ഇറ്റാലിയിലെ വാര്‍ത്താലേഖകരുമായി കത്തോലിക്കാസഭയുടെ ശോചനീയാവസ്ഥയെക്കുറിച്ചു ചില അഭിപ്രായങ്ങളെ പങ്കു വെക്കുകയുണ്ടായി. കര്‍ദ്ദിനാളിന്‍റെ അഭിമുഖ സംഭാഷണത്തിന്‍റെ ചുരുക്കുമാണ് ഇവിടെ തര്‍ജമ ചെയ്തിരിക്കുന്നത്.
"യൂറോപ്പിലെയും
അമേരിക്കയിലെയും സാമ്പത്തിക മുന്നേറ്റത്തിൽ, കത്തോലിക്കാസഭ ഇന്ന് അന്തസ്സറ്റു
ക്ഷയിച്ചിരിക്കുകയാണ്. പൌരാണികമായ സഭയുടെ സംസ്കാരത്തില്‍ക്കൂടി തലമുറകളായി
പടുത്തുയര്‍ത്തിയ കൂറ്റൻ ദേവാലയങ്ങളും സഭാസ്ഥാപനങ്ങളും
ആധുനികതയുടെ മുന്നേറ്റത്തിലിന്നു പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്കുന്നു.
എവിടെയും ശൂന്യത നിറഞ്ഞിരിക്കുകയാണ്. അധികാരമത്തു പിടിച്ചവർ, സഭയെ കീഴ്പ്പെടുത്തി. സഭയുടെ ആചാരങ്ങളിലും കര്‍മ്മങ്ങളിലും
വേഷഭൂഷാദകളിലും നാം ഇന്നു കാണുന്നതു വെറും ആഢഠബരഭ്രമങ്ങളെ മാത്രം. ആത്മീയതയെ
കപടതകൊണ്ടു മറച്ചു വെച്ച ഇത്തരം ആചാരങ്ങളെ നമുക്ക് ആവശ്യമുണ്ടോ? ഇവരുടെ സുഖ നിദ്രകളിന്നു വിശ്വാസികളുടെ തോളിന്മേലായി വീണ്ടും വീണ്ടും ഭാരം
അര്‍പ്പിക്കുന്നു.
യേശു ധനികനെ
ശിഷ്യനായി വിളിച്ച സമയം അയാളാകെ ദു:ഖിതനായി മടങ്ങിപ്പോയതുപോലെ
നാം ഇന്നു സഭയെ കാണുന്നു. കുത്തഴിഞ്ഞ സഭയെ ഈ നീര്‍ക്കയത്തില്‍നിന്നും പെട്ടെന്നു
കര കയറ്റുവാനും സാദ്ധ്യമല്ലെന്നറിയാം. ആത്മാക്കള്‍ക്കു വേണ്ടി രക്തം ചീന്തിയ
സഭയുടെ രക്തസാക്ഷികളുടെ മനോവീര്യം ഇന്നു സഭയിലെവിടെയാണ് അസ്തമിച്ചത്? എന്തു വില കൊടുത്താണെങ്കിലും സഭയുടെ പവിത്രത
വീണ്ടെടുക്കേണ്ടതു കാലത്തിന്‍റെ ആവശ്യമാണ്.
സഭ
ഇന്നുചാമ്പലുകൊണ്ടു മൂടപ്പെട്ട അഗ്നികൂമ്പാരംപോലെയാണ്. ജ്വലിക്കുന്ന തീക്കട്ടകള്‍കൊണ്ടു
വാര്‍ത്തെടുത്തിരിക്കുന്ന സഭ, ബാഹ്യമായ
കാഴ്ച്ചപ്പാടിലൊളിഞ്ഞിരിക്കുന്ന അധര്‍മ്മംകൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. ചിലപ്പോളതു ശക്തിഹീനനെപ്പോലെ
അറിയാതെ തീക്കുള്ളിലും പതിക്കാറുമുണ്ട്. ചാരക്കൂമ്പാരത്തിനുള്ളിലെവിടെയോ
പതുങ്ങിയിരിക്കുന്ന തീ അണച്ചു സ്വയം രക്ഷപ്പെട്ടു നാം എങ്ങനെ സ്നേഹത്തിന്‍റെ
കൈത്തിരികളടങ്ങിയ അഗ്നിപ്രഭ പൂര്‍വാധികം ഊര്‍ജസ്വലതയോടെ പുന:സ്ഥാപിക്കും? പുതിയ നിയമത്തിലെ സമരിയാക്കാരനെപ്പോലുള്ളവര്, ഇന്നെവിടെ? സ്നാപകനെപ്പോലെ വിശ്വാസത്തിലാവേശം ഉള്ളവർ ഇന്ന് എവിടെ? സുവിശേഷത്തിലെ പോളിന്‍റെ വ്യക്തിപ്രഭാവവും ധൈര്യവും ആര്‍ക്കുണ്ട്? മേരി മഗ്ദാലനെയെപ്പോലെ വിശ്വാസത്തിന്‍റെ മറ്റൊരു കാവല്‍ക്കാരി
ഈ ഭൂമുഖത്ത് ആരാണുള്ളത്?
നവീകരണ
ചിന്താഗതിയുള്ള, സഭയുടെ ഭരണചുമതലകളില്ലാത്ത, ദാരിദ്ര്യം അറിഞ്ഞിട്ടുള്ള പന്ത്രണ്ടു യുവശിഷ്യന്മാരെ
സ്വീകരിക്കുവാനായി ഭരണകാര്യങ്ങളിൽ വ്യാപ്രുതരായിരിക്കുന്ന ബിഷപ്പുമാരോടും മാര്‍പ്പാപ്പയോടും
ഒരു അപേക്ഷയുണ്ട്. അങ്ങനെയെങ്കിൽ, യുവാക്കളുടെ
പുതിയ ലോകം പരിശുദ്ധാത്മാവിലാകൃഷ്ടരായി യേശുവിന്‍റെ സന്ദേശം
പ്രചരിപ്പിക്കുമായിരുന്നു.
സഭയിലൊളിഞ്ഞിരിക്കുന്ന
അഴുക്കു ചാനലുകളെ തുടച്ചുമാറ്റി പരിശുദ്ധമാക്കുവാനായി എന്തെല്ലാം മാര്‍ഗങ്ങളിനി
ഉൾകൊള്ളുവാൻ സാധിക്കുമെന്നും ചിന്തിക്കണം. ആദ്യംവേണ്ടതു സഭയുടെ
ചിന്താഗതിയിലെ പരിവര്‍ത്തനമാണ്, തെറ്റുകളറിഞ്ഞു
സമൂലവിപ്ലവത്തിന്‍റെതായ ഒരു പാതതന്നെ വെട്ടിത്തുറക്കണം. മാര്‍പ്പാപ്പാതൊട്ട് ആഗോള മെത്രാന്- പുരോഹിതര്‍വരെ തെറ്റുകളെ
തിരുത്തി ഭാവിയിലേക്കു കുതിച്ചു ചാടേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. പ്രകൃതിവിരുദ്ധമായി കുട്ടികളെ
ദുരുപയോഗം ചെയ്തു ലൈംഗിക കുറ്റകൃത്യങ്ങൾ, നടത്തുന്ന പുരോഹിതര്‍ക്കും മാറ്റം കൂടിയേ തീരൂ. നമ്മോടു സ്വയം ചോദിക്കൂ, ജനം ഇന്നത്തെ സഭയുടെ ലൈംഗികനയങ്ങൾക്കു, ചെവികൊടുക്കുമോ? ഒരു മനുഷ്യന്‍റെ സ്വകാര്യജീവിതത്തിലുള്ള
ലൈംഗിക വിഷയങ്ങളിൽ ആധികാരികമായി ഇടപെടുവാൻ സഭയ്ക്ക് എന്തവകാശം? ചുരുക്കത്തിൽ സഭയുടെ ബാലിശനയങ്ങളെ വാര്‍ത്തകളിൽക്കൂടി ലോകം ഇന്നു പരിഹാസത്തോടെ
ഉറ്റുനോക്കുന്നതു കാണാം.
ദൈവത്തിന്‍റെ
വചനങ്ങളെ സഭ മാനിക്കുന്നുണ്ടോ? വിലക്കിയിരുന്ന
ബൈബിളിനെ രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ തീരുമാനം അനുസരിച്ച് കത്തോലിക്കര്‍ക്കു തുറന്ന പുസ്തകമായി കൊടുത്തു.
ദൈവത്തിന്‍റെ വചനങ്ങളെ ഹൃദിസ്ഥമാക്കിയവർക്ക് സഭയുടെ മാറ്റങ്ങളെ ഉൾകൊള്ളുവാനും കഴിയും. ഉത്തരം കിട്ടാത്ത
പലതിനും വചനങ്ങൾ ഉത്തേജനം നല്‍കും. വ്യക്തിപരമായ
കാഴ്ചപ്പാടിൽ, സ്വയം ഉത്തരങ്ങളും ലഭിക്കാം.വചനങ്ങൾ, ഹൃദയപരിമളങ്ങളാണ്, ലളിതവും ആണ്. അന്വേഷിക്കുന്നവന്‍റെ സഹകാരിയായി ഹൃദയത്തിൽ അതു സദാ മന്ത്രങ്ങളുരുവിട്ടു കൊണ്ടിരിക്കും.
മനുഷ്യന്‍റെ ഉപബോധമനസ്സിൽ, സ്വയം അലിഞ്ഞു ചേരുന്ന ഈ സത്തയെ
അന്വേഷിച്ചു കൊടുക്കുവാനായി പുരോഹിതനോ സഭാചട്ടങ്ങള്‍ക്കോ സാധ്യമല്ല.
ബാഹ്യമായ എല്ലാ
സഭാതത്ത്വങ്ങളും നിയമസംഹിതകളും ഹൃദയത്തിന്‍റെ ഭാഷ ശരിവെക്കുവാനുണ്ട്. കുതിച്ചുയരുന്ന
ആത്മാവിന്‍റെ വിവേചനവും തിരിച്ചറിയും. ആര്‍ക്കു വേണ്ടിയാണു കൂദാശകളെല്ലാം
സ്ഥാപിച്ചിരിക്കുന്നത്? കൂദാശകൾ സഭയുടെ ആന്തരികസൌഖ്യം
തേടിവരുന്നവര്‍ക്കാണ്. മനുഷ്യ ജീവിതയാത്രയിലെ ബലഹീനർക്ക് ആശ്വാസവും നല്‍കും. അല്ലാതെ, മനുഷ്യനെ കൂദാശകൾകൊണ്ട് ഒരുവന്‍റെ അനുസരണാ വലയത്തിൽ കുടുക്കുവാനുള്ളതല്ല. കൂദാശകളെ
സ്വീകരിക്കുന്നത് ആത്മീയഉണര്‍വിനും ഹൃദയ ശക്തിക്കും
വേണ്ടിയല്ലേ?
വിവാഹമോചനം
നേടിയവരെയും പുനര്‍വിവാഹം ചെയ്യുന്നവരെയും അവർ വളര്‍ന്നു വന്ന കുടുംബങ്ങളെയും ഓര്‍ത്തു പോവുന്നു. അവര്‍ക്കും
സുരക്ഷിതമായ ഒരു ജീവിതം വാഗ്ദാനം ചെയ്യണം. ദൈവം ബന്ധിച്ചതു മനുഷ്യനൊരിക്കലും
വേർപെടുത്തരുതെന്നുള്ള വൈവാഹിക നിയമങ്ങളെ സഭ ഉയര്‍ത്തിപ്പിടിക്കുന്നു. വൈവാഹിക
ബന്ധത്തില്‍ക്കൂടി കുടുംബജീവിത വിജയങ്ങളെ നേടിയെടുക്കുന്നതും ദൈവത്തിന്‍റെ
കാരുണ്യമാണ്. പുനര്‍വിവാഹം സഭ അനുവദിച്ചു കൊടുക്കുകയില്ലാത്ത സ്ഥിതിക്കു പുനര്‍വിവാഹത്തിനു
ശേഷമുള്ള മക്കളുടെ കാര്യം എന്തെന്ന് സഭ ഗൌനിച്ചിട്ടുണ്ടോ? കത്തോലിക്കാ അന്തരീക്ഷത്തില്‍നിന്നും മാറി നില്‍ക്കുന്ന
പുനര്‍വിവാഹത്തിലെ കുട്ടികള്‍ സഭയുടെ ആത്മീയ അധികാരത്തില്‍നിന്നും അകന്നുപോവുന്ന
വസ്തുതയും എന്തുകൊണ്ടു ഗൌനിക്കുന്നില്ല. അവര്‍ക്കു മുമ്പില്‍ സഭ ഒരു അടഞ്ഞ
അദ്ധ്യായമാവുകയാണ്.
ഒരുസ്ത്രീയെ
അവരുടെ ഭര്‍ത്താവ് തന്റേതല്ലാത്തകാരണം കൊണ്ട് ഉപേക്ഷിച്ചുവെന്നിരിക്കട്ടെ. മൂന്നു മക്കളുമായി കഴിയുന്ന
അവർ, സ്വന്തം നിലനില്‍പ്പിനുവേണ്ടി വീണ്ടും
ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു. അയാൾ, അവരെയും മൂന്നു മക്കളെയും സ്നേഹിച്ചു പരിപാലിക്കുന്നു. രണ്ടാംവിവാഹം
വിജയകരമായിട്ടു സന്തുഷ്ടകുടുംബമായി കഴിയുന്നു. ഈ കുടുംബത്തോടു വിവേചനം
കാണിക്കുന്നുവെങ്കിൽ, വീണ്ടും വിവാഹം കഴിച്ച ഈ സ്ത്രീയും
മക്കളും ഒരുപോലെ സഭയെ വെറുക്കുകയില്ലേ? മാതാപിതാക്കൾ സഭക്കു വെളിയിലാവുമ്പോൾ ഭാവിതലമുറകളായ ഈ കുഞ്ഞുങ്ങളും
സഭയ്ക്കു നഷ്ടപ്പെടുകയില്ലേ? വിവാഹ മോചനംനേടിയ
ദമ്പതികള്‍ക്കു കുര്‍ബാന സ്വീകരിക്കുവാനും സാധിക്കുകയില്ല. എന്നാലോ കൊലപാതകം
ചെയ്തവനും വ്യഭിചാരിക്കും സ്ഥിരംമോഷ്ടാവിനും കൂദാശകളെ നിഷേധിച്ചിട്ടില്ല. എങ്ങനെ ഈ
കൊടുംപാപങ്ങൾകൊണ്ടു കഠിനഹൃദയരായിരിക്കുന്നവര്‍ക്കു കൂദാശകളാൽ, പരിശുദ്ധമാത്മാവിന്‍റെ ശക്തി ആവഹിക്കുന്നതെന്നു
മനസ്സിലാകുന്നില്ല.
നവീകരണ ലോകത്ത് സഭ ഇന്ന് ഇരുന്നൂറു വർഷം പിന്നിലാണ്. എന്താണ്, അനീതിയുടെ ഈ ചട്ടക്കൂട്ടിലൊതുങ്ങിയിരിക്കുന്ന സഭയ്ക്കെതിരെ
ആരും പ്രതികരിക്കാത്തത്? മാറ്റത്തിന്‍റെ മുറവിളിയുമായി
ജനങ്ങളിന്നു വിപ്ലവകാഹളം മുഴക്കുന്നില്ല. ആരെ നാം ഭയപ്പെടണം? ആത്മ വീര്യത്തെക്കാളു൦ ഭയമോ?എന്തു തന്നെയാണെങ്കിലും വിശ്വാസമല്ലേ സഭയുടെഅടിത്തറ? വിശ്വാസം, സത്യം, ആത്മധൈര്യം, പ്രത്യാശ ഒക്കെ നമ്മെ നവജീവിതത്തിലേക്കു നയിക്കുന്നു.
കര്‍ദ്ദിനാൾ, തന്‍റെ അഭിമുഖം ഉപസംഹരിക്കുന്നത് ഇങ്ങനെ. "
ഞാനിന്നു വൃദ്ധനും രോഗിയുമാണ്. മറ്റുള്ളവരുടെ സഹായത്താൽ, എന്‍റെ അന്ത്യജീവിത യാത്ര തുടരുന്നു. എനിക്കു ചുറ്റുമുള്ള
നല്ലവരായവരുടെ ലോകം എന്നെ സ്നേഹിക്കുന്നു. അര്‍പ്പിത മനോഭാവത്തോടെ രാവുപകലില്ലാതെ
എന്നെ പരിചരിക്കുന്നു. എനിക്കു ലഭിക്കുന്ന ഈ സ്നേഹത്തിന്‍റെ ശക്തിയെക്കാളേറെ
യൂറോപ്പിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയുംപോലെ വിശ്വാസമറ്റ സത്യമില്ലാത്ത
ശൂന്യതയിലെ കപടത നിറഞ്ഞ സഭയെ വിലമതിക്കുവാനും
സാധിക്കുന്നില്ല. സ്നേഹം എന്‍റെ ക്ഷീണത്തെ പരാജയപ്പെടുത്തി. മുഴുവൻശക്തിയും
ഞാനിന്നുതിരിച്ചു പിടിക്കുന്നതായും തോന്നുന്നു. ദൈവം കാരുണ്യവാനും സ്നേഹ
ഹൃദയനുമാണ്. പ്രിയപ്പെട്ടവരേ, ഒരേയൊരു ചോദ്യം
നിങ്ങളോടായി എനിക്കു ചോദിക്കുവാനുള്ളതു നമ്മുടെ സഭയുടെ പരിശുദ്ധി
വീണ്ടെടുക്കുവാനായി കര്‍മ്മമാര്‍ഗങ്ങളിൽക്കൂടി നിങ്ങൾക്ക് എന്തു വാഗ്ദാനം നല്‍കുവാനായി സാധിക്കും?
No comments:
Post a Comment