Saturday, June 8, 2013

മതമൌലികവാദികൾ നാടിൻറെ ശാപം

 By  ജോസഫ്  പടന്നമാക്കൽ


'പൌരാണിക കാലങ്ങളിൽ  ഹിന്ദുക്കൾ മാത്രമേ  ലോകത്തുണ്ടായിരുന്നുള്ളൂവെന്ന'  ശ്രീ പ്രവീണ്‍ തൊഗാഡിയായുടെ അവകാശവാദം  ഇന്ത്യയിലെ മാധ്യമങ്ങളിലെ മുഴങ്ങികേട്ട ഒരു വാർത്തയായിരുന്നു. 'മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മത പരിവർത്തനം നടത്തിയെന്നും. ഇനി അങ്ങനെയുള്ള  ചരിത്രം  സംഭവിക്കില്ലെന്നും അതിനായി അടുത്ത ആയിരം വർഷങ്ങൾ ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിതായും'  ശ്രീ തൊഗാഡിയാ വെളിപ്പെടുത്തുകയുണ്ടായി. 1830-ൽ ബ്രിട്ടീഷ് കൊളോണിയൽ കാലത്താണ് ഹിന്ദുവെന്ന വാക്കിന്റെ ഉത്ഭവമെന്ന സത്യം  അദ്ദേഹം മറച്ചുവെച്ചു. അതിനു മുമ്പ് ഹിന്ദുവെന്ന പദം ഡിക്ഷ്ണറിയിൽ ചേർത്തിട്ടുണ്ടായിരുന്നില്ല.  വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുക്കളോ  അങ്ങനെയൊരു മതത്തെപ്പറ്റി പരാമർശിച്ചിട്ടില്ല.  പൌരാണിക ബ്രാഹ്മണ ബുക്കിലുമില്ല. ഭാരതീയ സാംസ്ക്കാരിക വിശ്വാസങ്ങളെ   'സനാതന ധർമ്മം' എന്നറിയപ്പെടുന്നു. സനാതന ധർമ്മം ഒരിക്കലും ഒരു മതമായിരുന്നില്ല.  ഈ ധർമ്മത്തെ ജനപ്രിയമാക്കിയത് മഹാത്മാ ഗാന്ധിയായിരുന്നു. സനാതനമെന്നാൽ അനാദ്യന്തമായ സത്യം, ധർമ്മം എന്നെല്ലാമാണ്  അർത്ഥം കല്പ്പിച്ചിരിക്കുന്നത്. അനശ്വരനായ  ഈശ്വരന്റെ കൽപ്പിത മതമാണ് സനാതന ധർമ്മം. ഈ രണ്ടു വാക്കുകളും ആധുനികതയുടെ മതമികവിൽ   കടഞ്ഞെടുത്തതാണ്. എങ്കിലും സനാതന ഹൈന്ദവ മതതത്ത്വങ്ങൾ വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും  നിറഞ്ഞിരുപ്പുണ്ട്.


ക്രിസ്ത്യാനികളും മുസ്ലിമുകളും തങ്ങളുടെ മതഗ്രന്ഥങ്ങളെ  വിശുദ്ധങ്ങളായി  കരുതുന്നു. അതുപോലെ മതമൌലികതയിൽ നിന്നും ഉടലെടുത്ത  'ഹിന്ദുത്വാ'യെന്ന  പുതിയ മതവും  തങ്ങളുടെ മതഗ്രന്ഥങ്ങളെ വിശുദ്ധങ്ങളായി ചിന്തിക്കുവാനും തുടങ്ങി. ബൈബിളിനെ ക്രിസ്ത്യാനി ദൈവവാക്യം എന്നു കരുതുന്നതുപോലെ വേദങ്ങളെ ഹിന്ദുത്വാവാദികൾ കാണുന്നത് ദൈവവചനങ്ങളെപ്പോലെയാണ്. ഹിന്ദുത്വമെന്ന മതം കഴിഞ്ഞ നൂറ്റാണ്ടിലെ ചില ഹിന്ദുതീവ്രവാദികളുടെ ചിന്തകളില്‍നിന്നും വന്ന വിപ്ലാവാശയങ്ങളുടെ രൂപകല്പ്പനയാണ്. ചില നവീകരണ ആശയങ്ങളും ഈ മതത്തിൻറെ തത്ത്വസംഹിതയിലുണ്ട്.


വേദങ്ങളിലെ ശ്ലോകങ്ങളേറെയും പ്രാചീനദൈവങ്ങളെ പുകഴ്ത്തലാണ്. ശിലായുഗത്തിലെഴുതിയ വേദങ്ങളെ ഹിന്ദുമത തീവ്രവാദികൾ,‍ ആത്മീയതയെക്കാളു൦ രാഷ്ട്രീയമുതലെടുപ്പിനുപയോഗിക്കുന്നു. ചിലർ‍ക്കു വേദങ്ങളും ഉപനിഷത്തുക്കളും ശാസ്ത്രമെങ്കിൽ ‍ മറ്റുചിലർ‍ക്കു മതമാണ്‌. ചിലര്‍ക്കു ശക്തിയും മറ്റു ചിലര്‍ക്കു ദൈവവുമാണ്. ബൈബിളിനെ കൊട്ടിഘോഷിക്കുന്നവരും വേദങ്ങളെ  പൂജിക്കുന്നവരും പരസ്പരം ആശയസംഘട്ടനങ്ങളും ചെളിവാരി എറിയലും നിത്യസംഭവങ്ങളായിരിക്കുന്നു. അടഞ്ഞ മനസ്സുകളുമായി രണ്ടുമതങ്ങളും സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതുമൂലം നിസ്സഹായരായ ദളിതരും ദരിദ്രരായ ക്രിസ്ത്യാനികളും ബലിയാടുകളായി .


തൻറെ മതംമാത്രം നന്മയും സത്യവുമെന്നും മറ്റുള്ള മതങ്ങളെല്ലാം  തിന്മയായും തീവ്രവാദികൾ കരുതുന്നു. ഹിന്ദു മൌലിക വാദികളും ക്രിസ്ത്യൻ മതഭ്രാന്തരും പരസ്പരം പരിഹസിക്കുകയും ദൈവങ്ങളെ താഴ്ത്തികെട്ടുകയും ഇടിച്ചു താക്കുകയും ചെയ്യുന്നത് പതിവാണ്. ക്രിസ്ത്യാനികൾക്ക് അക്രൈസ്തവ തത്ത്വങ്ങളെ വെറുപ്പാണ്. അതുപോലെ നീചമായി വിമർശിക്കുന്നതും കാണാം. ആരെങ്കിലും ബൈബിളിനെതിരെ ശബ്ദിക്കുന്നപക്ഷം ക്രിസ്ത്യാനികള്‍ക്കു പിന്നീടു വെറുപ്പിൻറെ ഭാഷയായി. ദൈവം ഒന്നേയുള്ളൂ; ആ ദൈവം ഞങ്ങളുടേതു മാത്രമെന്നു പറഞ്ഞ് സങ്കുചിതമന:സ്ഥിതി അവിടെ പ്രകടിപ്പിക്കുന്നു. വിശ്വസിക്കാത്തവൻ  പിശാചും അവനു ‍നരകവും വിധിക്കും. നരകത്തീയിയ്ക്കകത്തു  കത്തിയെരിയിപ്പിക്കുകയും ചെയ്യും.


മന:സാക്ഷിവിരുദ്ധങ്ങളായി ചിന്തിച്ചാലേ സമൂഹത്തിലിന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന തീരാശാപമായ 'ഹിന്ദുത്വം' എന്ന മത രാഷ്ട്രീയ തത്ത്വശാസ്ത്രം ഉള്‍ക്കൊള്ളുവാൻ സാധിക്കുകയുള്ളൂ. വൈദേശിക മതങ്ങളുടെ വളര്‍ച്ച തടഞ്ഞും  ഹിന്ദുമതത്തെ രക്ഷിച്ചും  രാജ്യത്തെ രക്ഷിക്കുവാനെന്ന അടിസ്ഥാനതത്ത്വമാണ്‌ ഇവർ,‍ നടപ്പിലാക്കികൊണ്ടിരുക്കുന്നത്. ബ്രാഹ്മണമത വിഭാഗത്തില്‍പ്പെട്ട ചിപ്പുവാനെന്ന ജാതിയിലെ വിനായകദാമോദര‍സവര്‍കർ (1888-1966) ഹിന്ദുത്വ സംഘടനക്കു ആശയരൂപം നല്‍കി. പിന്നീട് ബല്‍റാം ഹെഡ്ഗേവാർ 1925 ല്‍, ആര്‍.എസ്.എസ് എന്ന സംഘടനക്കു രൂപംനല്‍കി. പിന്നാലെ ഗോള്‍വാ‍ക്കറും ‍ (1906-73) സംഘടനക്കു നേതൃത്വം നല്‍കി.


നാസി നേതാവായ ഹിറ്റ്‌ലറിൻറെ തീവ്രദേശീയവാദം ഈ നേതാക്കന്മാരെ ആകർ‍ഷിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിൻറെ തകര്‍ച്ചയിൽ, ഇവരു ‍ദുഖിതരായിരുന്നു. അതിൻറെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ബ്രിട്ടീഷ്കാരിൽ  ചാരുകയും ചെയ്തു. ഭാരതത്തിലിന്നു  ജീവിക്കുന്നവർ,  പൌരാണി‍കമായ നമ്മുടെ സംസ്ക്കാരങ്ങളെ ഉൾക്കൊള്ളണമെന്നും വേദങ്ങളും ഹൈന്ദവതത്ത്വങ്ങളും ഉൾ‍പ്പെട്ട ഹിന്ദുത്വമതതത്ത്വങ്ങളെ കൈകൊള്ളണമെന്നും ഇവരുടെ ആശയസംഹിതകളിലുണ്ട്. ഒരു രാഷ്ട്രം, ഒരു സംസ്കാരം, ഒരു മതം, ഒരുഭാഷ, എന്നാണു  മുദ്രാവാക്യം. നാസികളുടെ ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ് എന്ന പ്രത്യേയശാസ്ത്രമാണ് ഇവരും ‍ആവിഷ്കരിച്ചത്.


ഞങ്ങളൊന്ന്   മുസ്ലിം ക്രിസ്ത്യൻ 'മറ്റൊന്ന്' എന്ന വിഭാഗീയ ചിന്തയാണ് ഇവർ രാജ്യത്തു വളര്‍ത്തികൊണ്ടുവരുന്നത്. ബ്രാഹ്മണമേധാവിത്വം ഉയര്‍ത്തി ദളിതരെ താഴ്ത്തികെട്ടി മുസ്ലിമുങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണമെന്നും രാഷ്ട്രീയവൽകരിച്ച ഈ ഭീകരസംഘടനയുടെ അജണ്ട ആണ്. ഇവരുടെ തത്ത്വശാസ്ത്രം തലയ്ക്കു പിടിച്ചവരായ മതമൌലിക വാദികള്‍ ‍കൊല്ലും കൊലയുമായി ആയിരക്കണക്കിനു  മുസ്ലിമിൻറെയും ദളിതരുടെയും ചോര ഈ രാജ്യത്ത് ഒഴുക്കി. സവര്‍ണ്ണരാജ്യം നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ ബാബറി മസ്ജിദ് ഇടിച്ചു നിരപ്പാക്കിയും മുംബയിലെ മുസ്ലിംങ്ങളെ കൂട്ടകൊല ചെയ്തും സൂറത്തിലെ മുസ്ലിംസ്ത്രീകളെ ബലാല്‍സംഗം ചെയ്തും ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചും ഇവർ ശക്തിപ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.


ബ്രാഹ്മണ സാമൂഹ്യനീതി നടപ്പിലാക്കുക, ദരിദ്രര്‍ക്കു വോട്ടവകാശം നിറുത്തലാക്കുക, നീതിന്യായകോടതികളിലും സവര്‍ണ്ണമേധാവിധ്വം ഉറപ്പിക്കുക, ചാതുര്‍വര്‍ണ്ണം നടപ്പിലാക്കുക എന്നെതെല്ലാം രഹസ്യപദ്ധതികളാണ്. ഹിന്ദുമതം മാത്രമേ വളരുവാൻ  പാടുള്ളൂ, ക്രിസ്ത്യൻ,‍ മുസ്ലിം വളര്‍ച്ച തടയണം, ഹിന്ദുധര്‍മ്മം സ്വീകരിച്ചില്ലെങ്കിൽ അഹിന്ദുക്കളെല്ലാം രണ്ടാംതരം പൌരന്മാരായി രാജ്യത്തു കഴിയണം എന്നെല്ലാം അവരുടെ നിബന്ധനകളിലുണ്ട്.


ഹിന്ദുത്വവാദത്തിന്‍റെ പരമമായലക്ഷ്യം ഭാരതത്തിലുടനീളം ഫാസിസ്റ്റ് വ്യവസ്ഥിതിയിലുള്ള ഹിറ്റ്ലറിന്‍റെ ആര്യഭരണം ഏര്‍പ്പെടുത്തുകയെന്നുള്ളതാണ്. ധനികരായ എസ്റ്റെറ്റുടമകളും വ്യവസായ പ്രമുഖരും വൻമുതൽമുടക്കുള്ള പ്രസ്ഥാനങ്ങളും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഈ സംഘടനയെ അമിത ധനസഹായവും  ആള്‍ബലവും നല്‍കി സഹായിക്കുന്നു.


ഹിന്ദുത്വവാദ തത്ത്വസംഹിതകളിൽ ഒളിഞ്ഞിരിക്കുന്നതു ഹൈന്ദവത്വത്തിന്‍റെ പരിശുദ്ധിയിൽ, മായംകലര്‍ത്തിയ കൊടുംവിഷമാണ്. ഹിന്ദുത്വവാദം ഹിറ്റ്ലറിന്‍റെ ഫാസിസ്റ്റ് ചിന്താഗതിപോലെ ഹിന്ദുമതത്തിനുള്ളിലെ ഒരു ഭീകര വിഭാഗമെന്ന് കണക്കാക്കാം. ഈ സംഘടനയെ നയിക്കുന്ന തീവ്രവാദികൾ,‍ ഹിന്ദുമത കൊളോണിയലിസം മറ്റുമതങ്ങളുടെമേൽ അടിച്ചേല്‍പ്പിക്കുവാനും ശ്രമിക്കുന്നു. സംഘടനക്കു രൂപവും പ്രചോദനവും നല്‍കിയത്  ദൈവങ്ങളായ രാമനോ, കൃഷ്ണനോ ശിവനോ അല്ല. ഹിന്ദുവല്ലാത്ത മതങ്ങളെ താഴ്ത്തിക്കെട്ടിയുള്ള ആശയങ്ങളുടെ ഉറവിടം ഹിറ്റ്ലറും മുസ്സോളിനിയുമാണ്‌. ഹിന്ദുത്വവാദം  എന്നത് ഹിന്ദുവായി അഭിനയിക്കുന്ന ഹിന്ദുമതത്തിലെ ഒരു നവീകരണപ്രസ്ഥാനം എന്നും അര്‍ഥം കല്‍പ്പിക്കാം.


മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഹൈജാക്കു ചെയ്തെങ്കിലേ ഈ പുതിയ മതത്തിൻറെ വളര്‍ച്ച സാദ്ധ്യമാവുകയുള്ളൂ. കാഴ്ചയിൽ ഇവർ ഹിന്ദുക്കളെപ്പോലെ തന്നെയിരിക്കും. മതമോ ആത്മീയതയോ ഇല്ലാത്ത ഭീകരഭാഷയാണ്‌ മൌലികവാദികളായ ഇവരും ‍ഉപയോഗിക്കുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിച്ച രക്തചരിത്രം ഇവർക്ക് ഏറെയുണ്ട്. ശ്രീരാമ ദൈവത്തിൻറെ നീതിയെ കാറ്റില്‍ പറത്തിക്കൊണ്ട്  അക്രമവും അനീതിയും മതമൌലികവാദികളുടെ പ്രസ്ഥാന മുദ്രാവാക്യമാക്കി. മതഭീകരതയുടെ പേരിൽ,‍ മഹാത്മാഗാന്ധിയുടെ ജീവനെ‍വരെ എടുത്തു. രാവണൻറെ അനുയായികളെപ്പോലെ ബാബറിമസ്ജിദ് തകര്‍ത്തു. ആയിരങ്ങളുടെ ജീവനപഹരിച്ചു. എക്കാലവും ബാഹ്യശക്തികളെ ചെറുത്തു തോല്‍പ്പിച്ച ഹിന്ദുമതം ഈ പുണ്യഭൂമിയിൽ ‍പൌരാണികകാലം മുതല്‍ സുരക്ഷിതമായിരുന്നു. ഇന്ന് ശത്രു മുഖംമുടി ധരിച്ച് അകത്തുണ്ട്. രക്ഷിക്കുവാനെന്ന ഭാവേന വരുന്ന ഈ കൊടുംഭീകരരെ തകര്‍ത്തില്ലെങ്കിൽ,‍ ഹിന്ദുമതത്തിൻറെ അസ്തമയം ഉടനുണ്ടാകും.


ഹിന്ദുത്വവാദികൾ,‍ വേദങ്ങളെ സ്വന്തമാക്കി അഹിന്ദുക്കളുടെ വേദപുസ്തകങ്ങളെ അപൂര്‍ണ്ണമെന്നു വിധിഎഴുതി. ‍ ഇന്ന്  ഏകദൈവികവാദികളുമായി വേദങ്ങളുടെ മറവില്‍ ഒളിച്ചു കളിക്കുന്നു. നാസ്തിക നാസിതത്ത്വങ്ങളില്‍ ഉദയം ചെയ്ത ഹിന്ദുത്വസംഘടിതമതത്തിന് എങ്ങനെ ഏകദൈവവാദിയാകുവാൻ സാധിക്കും? ദൈവത്തിലധിഷ്ടിതമായ ഹിന്ദുമതത്തിൻറെ ഏകദൈവവും വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും 'ഹിന്ദുത്വം' എന്ന ഭീകരസംഘടനക്കു അവകാശപ്പെട്ടതല്ല. അബാലവൃദ്ധ ജനങ്ങളെ  കരുവാക്കി  ശിവൻറെ കോടിക്കണക്കിനു ത്രിശൂലം  വിറ്റും  ദൈവത്തെ വിറ്റും ഹൈന്ദവമതങ്ങളിൽ  അതിപുരാതനകാലം മുതൽ   കേട്ടിട്ടില്ലാത്ത തീവെട്ടികൊള്ള നടത്തിയും  അരാജകത്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  ഇവരുടെ ഭീകരദൈവം ഹൈന്ദവൻറെതല്ല.  ആത്മീയതയുടെ പരിവേഷമായ കുങ്കുമ നിറത്തിലും വിഷച്ചായം തേച്ച  വെറുപ്പിൻറെ മതം ഇവർ സൃഷ്ടിച്ചു കഴിഞ്ഞു.  അദ്ധ്യാത്മലോകത്തിനു വെളിച്ചം നല്‍കിയ വേദങ്ങളെയും ഭാരതീയ ചിന്താഗതികളെയും ഭാരതസംസ്കാരത്തെയും ധിക്കരിച്ച്  ദ്രാവിഡസംസ്കാരത്തെ ചുട്ടരിച്ചു ചാമ്പലാക്കി. പുറത്തുനിന്നുവന്നു കുടിയേറിയ ഈ ആര്യന്‍വാദിവര്‍ഗം ദ്രാവിഡദൈവങ്ങളെ സ്വന്തമാക്കി, ഇന്നു ഭാരതം അവര്‍ക്കു മാത്രമെന്നു ചിന്തിക്കുന്നതു വിരോധാഭാസം തന്നെ. മണ്ണിൻറെ മക്കളെ ജെറുസ്ലെമികളും മെക്കാക്കാരുമാക്കി.


ഹിന്ദുത്വമെന്ന ഫാസ്സിസ്റ്റ്മതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണ്. ബോധവും വിദ്യാഭ്യാസവുമുള്ള മലയാളീകളുടെ ഇടയില്‍ ഇവരുടെ തന്ത്രങ്ങളൊന്നും നടപ്പിലാക്കുക എളുപ്പവുമല്ല. ഭാരതം ഒത്തൊരുമിച്ച് ഈ ഭീകരമതത്തെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ, ‍ പൌരാണികമതമായ ഹിന്ദുമതം ഒരു ഭീകരജന്തുവായി രൂപപ്പെടും.


ദൈവമായ ശ്രീ രാമനെ തരംതാഴ്ത്തി വര്‍ഗീയവാദിയായി ചിത്രീകരിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ പോരാടിയ ശ്രീരാമൻറെ സ്ഥാനത്ത് അവരിന്നു ‍മറ്റൊരു ഭീകരരാമനെ ആദരിക്കുന്നു. ഇവരുടെ ദൈവമായ 'രാമൻ'  സര്‍വ്വവ്യാപിയല്ല, മറിച്ചു അയോധ്യയിലെ ഒരേക്കർ സ്ഥലത്തു കുടികൊള്ളുന്ന ഒരു ദൈവംമാത്രം. ഈ പ്രാകൃതദൈവം ആഗോളനീതിയുടെ പ്രതീകമല്ല. ഗാന്ധിജിയുടെ രാമനല്ല. അസഹിഷ്ണതയുടെ ഈ മതം ആദ്യം ഗാന്ധിജിയെ കൊന്നു. ഇന്നു ഗാന്ധിജിയുടെ ശ്രീരാമനെ പുറത്താക്കുവാനും ശ്രമിക്കുന്നു.


ലോകത്തിലുള്ള ഏതുമതങ്ങളെക്കാളും ശ്രീ രാമനെ അവഹേളിച്ചതും അവഹേളിക്കുന്നതും ഹിന്ദുത്വാവാദികളാണ്. അകം മുഴുവനും വിഷപ്പുക നിറച്ചുകൊണ്ടു ഹിന്ദുത്വം ഇങ്ങനെ തത്ത്വം  പറയുന്നു. "നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളിലുള്ള നിങ്ങളും  ഈശ്വരനും തമ്മിലൊരു  വ്യത്യാസവുമില്ല. ഉറങ്ങുമ്പോൾ,‍ എല്ലാവരും ഈശ്വനാണ്‌. അതുകൊണ്ടുതന്നെ നിങ്ങളും ദൈവമാണ്‌." നീ ദൈവമാണെന്നു വേദങ്ങൾ  പറയുന്നുണ്ട്. എന്നാൽ,‍ ഹിന്ദുത്വം പറയുന്നു, ഉറങ്ങി കിടക്കുന്നവരെല്ലാം ദൈവങ്ങളാണ്. ഉണരുമ്പോൾ ‍ ഈ ദൈവങ്ങൾക്ക്  അഹിന്ദുക്കളുടെ തല വെട്ടാം. ദളിതരെ എന്നും തോട്ടിപ്പണിയും അടിമവേലയും ചെയ്യിപ്പിക്കാം. ചതുര്‍വര്‍ണ്ണങ്ങളെ അങ്ങനെ ദുരുപയോഗപ്പെടുത്തി നിലനിര്‍ത്താം.  സ്വയംദൈവം എന്നു ചിന്തിക്കുന്നവർ ദുരഹങ്കാരികളും അധികാരഭാവികളും ധിക്കാരികളുമായിരിക്കും. ഇതു ഹിന്ദുമതമല്ല. ഭീകരദേശീയതയുടെ ഉപജ്ഞാതാവ്‌  വിനായക് ദാമോദർ സവർക്കർ സ്ഥാപിച്ച മതമാണ്. നാസികളെപ്പോലെ ആര്യത്വം പുലമ്പിനടക്കുന്ന ഹിന്ദുത്വത്തിന്‍റെ പുതിയ ദർ‍ശനം എന്നും പറയാം.

M S Golwalkar



പ്രവീണ്‍ തൊഗാഡിയാ
Vinayaka Damodar Savarkar
  1. RSS founder: K. B. Hedgewar


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...