Friday, June 7, 2013

17.ജോസഫ് കുളിരാനിയുടെ അന്ത്യഅത്താഴ മേശ-അർ‍ത്ഥവും ദൌത്യവും'


 Part I.


 

 
സത്യജ്വാലയിൽ പ്രസിദ്ധീകരിച്ച 'യേശുവിന്‍റെ അന്ത്യഅത്താഴ മേശ- അർത്ഥവും ദൌത്യവും' എന്ന ലേഖനത്തിന്‍റെ കർത്താവായ  അന്തരിച്ച  ജോസഫ് കുളിരാനി സത്യത്തിനും സഭാനവീകരണത്തിനുമായി ഒരു കാലഘട്ടത്തിൽ പൊരുതിയ ജ്വലിക്കുന്ന ഒരു താരമായിരുന്നു. അദ്ദേഹത്തിന്‍റെ ഈ പ്രബന്ധം ഒശാനയില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വായിച്ചതും ഓർമ്മ വന്നു. ജോസഫ് കുളിരാനി സാറിനെ പരിചയപ്പെടുന്നത്  അദ്ദേഹം മരിക്കുന്നതിന്  ഒരു വർഷം മുമ്പാണ്. അന്ന്  വാർധക്യസഹജമായ അസുഖത്താൽ  പരിപൂർണ്ണ  വിശ്രമത്തിൽ ആയിരുന്നു. കൃത്യമായി ഓർ‍‍മ്മയില്ലെങ്കിലും ഏകദേശം പത്തുപന്ത്രണ്ടു  വർ‍‍‍ഷങ്ങള്‍ക്ക് മുമ്പുള്ള   അന്നത്തെ കൂടികാഴ്ച തികച്ചും  യാദൃച്ഛികമായിരുന്നു. ഒരു  വിവാഹംവഴി ഞങ്ങൾ ബന്ധുക്കളുമാണ്. പ്രകൃതിരമണീയമായ കടപ്ലാമറ്റത്ത്, പ്ലാവുകളും കപ്ലവും തെങ്ങുകളും മറ്റു  ഫലവൃഷങ്ങളെല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ഒരുതറവാട്ടിന്‍റെ ഉമ്മറത്തിരിക്കുന്ന ആ വലിയ മനുഷ്യൻ വടിയുംകുത്തി പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുവാൻ എഴുന്നേറ്റിരിക്കുന്നതും എന്റെകൈകളിൽ പിടിച്ചു തൊട്ടടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞതും ഓർ‍മ്മിക്കുന്നു. കാണാനും സുമുഖനായ ഈവന്ദ്യവയോധികൻ ഒരു കാലഘട്ടത്തിന്‍റെ ചരിത്രവും  ഉന്നതകുല ജാതനും പണ്ഡിതനും ആ ഭവനത്തിന്‍റെ തന്നെ  ഐശ്വര്യവുമെന്ന് ഒറ്റനോട്ടത്തിൽ പറയുമായിരുന്നു.

 
പഴയ കാലത്തെ വാസ്തുശിൽപ്പ മാതൃകയിൽ പണിത ആ വീടും പരിസരവും ഒരു പഴയ തറവാടിന്റെതായ മഹിമയും മഹത്വവും വിളിച്ചു പറയുമായിരുന്നു. അറിവും പാകതയും ഉണ്ടായിരുന്ന ഉമ്മറത്തിരുന്ന ജോസഫ്കുളിരാനി കാരണവര്‍ വീടിന്‍റെ ഐശ്വര്യദേവനായും തോന്നിപ്പോയി.
 
അന്നൊരു ഞായറാഴ്ചയായിരുന്നു, സുസ്മേരവദനായി അദ്ദേഹം ചോദിച്ചത് ഇന്നും ഓർക്കുന്നു, "സർ ‍ഇന്നു പള്ളിയിൽ ‍ പോയോ? "സ്കൂൾ പ്രധാന അധ്യാപകനായും അനേകവർഷം പഠിപ്പിച്ചും  സഭാചരിത്രങ്ങള്‍ വിശദമായി പഠിച്ച പണ്ഡിതനും ആയ കുളിരാനി ജോസഫ്സാർ ‍എന്നെ സാറെന്നു വിളിച്ചപ്പോൾ ഞാൻ ‍വിസ്മയത്തിൽ ലയിച്ചുപോയി.  ഉത്തര‍മില്ലാതെ ‍ വാക്കുകൾ കിട്ടാഞ്ഞ   ഞാൻ ഒരു നിമിഷം മറുപടി പറയുവാൻ താമസിച്ചപ്പോൾ ചോദ്യം ഇംഗ്ലീഷിലായി. ഒരു ചെറുപുഞ്ചിരിയോടെ പള്ളിയിൽ പോകാറില്ലെന്നു മറുപടികൊടുത്തു. അമേരിക്കയിൽ‍നിന്നു വന്നതുകൊണ്ട് എനിക്കു മലയാളം മനസ്സിലാകില്ലെന്ന് അദ്ദേഹം ഓർ‍ത്തിരിക്കാം. മലയാളം സംസാരിക്കുമോയെന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ മലയാളം മാത്രമേ എനിക്കറിയൂ എന്ന  ഉത്തരം പറഞ്ഞു.
പാലായിലെ മാണിസാർ ഉൾ‍പ്പടെ അനേകരുടെ ഗുരുഭൂതനായ ജോസഫ് സാറിന്‍റെ മുഖഭാവവും ശ്രദ്ധിച്ചു. പ്രായമേറെ അന്നുണ്ടായിരുന്ന അദ്ദേഹം ഒരു തീവ്ര മതമൌലികവാദിയെന്നാണ് ഓർത്തത്. പ്രതീക്ഷിച്ചതിനു വിപരീതമായി പുഞ്ചിരിയോടെ പള്ളിയിൽ പോകാത്തത് എന്തെന്ന് അടുത്ത ചോദ്യം? "എനിക്ക് ക്രിസ്തുവിനെ മതി.   ക്രുസ്തുവില്ലാത്ത  ബലി പീഠങ്ങളിൽ ഞാൻ എന്തിന് പോവണം?" അനാരോഗ്യം വകവെക്കാതെ വടി മുറുകെ പിടിച്ച് എഴുനേറ്റ് അത്യാഹ്ലാദത്തോടെ അനുഗൃഹീതനായ ഒരു ഗുരുവിനെപ്പോലെ അദ്ദേഹം എന്നെ ആലിംഗനം ചെയ്തതും ഇന്നും ഓർ‍മ്മിക്കുന്നു. സഭയിലെ അഴുക്കുചാലുകളെപ്പറ്റി അദ്ദേഹത്തിന്‍റെ ചിന്താഗതികളും ഇങ്ങനെതന്നെയെന്നും പറഞ്ഞു. ഞാനുമായി പിന്നീടുള്ള എഴുത്തുകുത്തുകളിൽ ഒരേ ചിന്താഗതിയുള്ള എന്നെ കണ്ടുമുട്ടിയത് ഏറെ വൈകിയെന്നും  സൂചിപ്പിക്കുമായിരുന്നു.
 
പുലിക്കുന്നേൽ‍സാർ തന്‍റെ ‍അടുത്ത സുഹൃത്താണെന്നും ‍ ഒരേ മനസ്സോടെയുള്ള സഹകാരികളാണെന്നും പറഞ്ഞു. പിന്നീടദ്ദേഹം സഭയുടെ പുരോഗമന ചിന്താഗതികളടങ്ങിയ കഥകളുമാരംഭിച്ചു. അന്നു ഞാൻ സീറോമലബാർസഭയെപ്പറ്റി തികച്ചും അറിവില്ലാത്തവനായിരുന്നു. സൈബർയുഗം ആരംഭിച്ചിട്ടില്ലായിരുന്നു. സഭാനവീകരണവുമായി ദീർ‍ഘകാലം ‍ പടവെട്ടിയ പുലിക്കുന്നേൽ ‍സാറിൽ അദ്ദേഹം അഭിമാനിയുമായിരുന്നു. പേരും പെരുമയും ആർ‍ജിച്ച അനേക ശിഷ്യഗണങ്ങളുടെ പേരുകളും പറഞ്ഞതോർക്കുന്നുണ്ട്.
തൊട്ടടുത്തുള്ള മേശയിൽനിന്നും അദ്ദേഹമെഴുതിയ ഏതാനും ലേഖനങ്ങളും പുറത്തെടുത്തു. അന്നു കണ്ണിൽപ്പെട്ടതിൽ എന്നെ വളരെയധികം ആകർ‍ഷിച്ച, ഒശാനയിൽ,‍പ്രസിദ്ധീകരിച്ച സത്യജ്വാലയിൽ ‍വീണ്ടും ‍പ്രസിദ്ധീകരിച്ച യേശുവിന്‍റെ "അന്ത്യഅത്താഴ മേശഅർ‍ഥവും ദൌത്യവും" എന്ന ആശയഗംഭീരമായ ലേഖനമാണ് ഞാൻ ഇന്നു പുനർ‍ചിന്തനം ചെയ്യുന്നത്. അച്ചടിച്ച അനേകം  ലഘുലേഖനങ്ങളും അദ്ദേഹം എനിക്കുതന്നു.   ദൗർ‍ഭാഗ്യവശാൽ  അതൊന്നും അച്ചടിമാധ്യമത്തിൽ വന്നിട്ടില്ല. തന്‍റെ സുഹൃത്ത് പുലിക്കുന്നേൽ സാറാണ്ഈ ലേഖനങ്ങളെല്ലാം അച്ചടിച്ചു തന്നതെന്നും പറഞ്ഞു. എങ്കിലും 'ഓശാനയിൽ' അദ്ദേഹത്തിന്‍റെ ലേഖനം ഒന്നുപോലും വെളിച്ചത്തു വന്നില്ലെന്ന പരിഭവത്തോടെ പറഞ്ഞതും ഓർ‍ക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ മരണശേഷമായിരിക്കണം 'സത്യജ്വാലയിൽ' വന്ന ഗഹനമായ ഈ ലേഖനം അന്ന്  'ഓശാന'യിൽ പ്രസിദ്ധീകരിച്ചത്. 
ഞാൻ പറഞ്ഞു, സാറിന്‍റെ ലേഖനങ്ങൾ മുഴുവൻ കുത്തിക്കെട്ടി പുസ്തകം പോലെയാക്കി ലൈബ്രറിക്കുവേണ്ടി അമേരിക്കയിൽ ക്യാറ്റലോഗു ചെയ്തുകൊള്ളാം. എങ്കിൽ ഈ ലേഖനങ്ങൾ ലോകമലയാളികൾ വായിച്ചുകൊള്ളും. ഞാൻ വാക്കുപാലിച്ചു. ലൈബ്രറിയിൽ കുളിരാനിസാറിന്‍റെ ലേഖനങ്ങൾ മൈക്രോഫിലിമിലാക്കി ക്യാറ്റലോഗ് ചെയ്തത് ഇന്നും  എന്‍റെ നേട്ടമായി അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങൾ യൂറോപ്പിലെയും അമേരിക്കയിലും പ്രധാന ലൈബ്രറികളില്‍നിന്നും ഗവേഷകർ‍ക്കു മൈക്രോഫിലിമിൽ, ലഭ്യമാണ്.
കുളിരാനിസാറുമായി രണ്ടുമണിക്കൂറോളം അന്ന് സമയം ചെലവഴിച്ചു. ഏകചിന്താഗതിക്കാരായ ഞങ്ങൾ‍ക്കന്ന് ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയുവാനുമുണ്ടായിരുന്നു. കാപ്പി സല്‍ക്കാരത്തിലും കൂടെ വന്നിരുന്നു. സാധാരണഗതിയിൽ ആരുമായും കുളിരാനിസാർ ഇത്രത്തോളം വർ‍ത്തമാനം പറയുകയില്ലെന്നു  ബന്ധുക്കൾ പറഞ്ഞു. അന്നു പിരിഞ്ഞതിനുശേഷം പിന്നീട് ഞങ്ങള്‍തമ്മില്‍,‍ അദ്ദേഹം മരിക്കുന്നതുവരെ കത്തിടപാടുകളും ‍ഉണ്ടായിരുന്നു.ഓരോ കത്തുകളിലെയും ഉള്ളടക്കം സഭാനവീകരണത്തെ സംബന്ധിച്ചുള്ളതായിരുന്നു.
ഞാൻ അന്നു ന്യൂയോർ‍ക്ക് പബ്ലിക്ക് ലൈബ്രറിയിൽ ജോലി ചെയ്യുന്ന സമയമായിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങൾ ഗവേഷണംചെയ്തു ‍മറുപടിയും കൊടുക്കുമായിരുന്നു. അന്നെഴുതിയ മറുപടികൾ അദ്ദേഹം ഭദ്രമായി തലയിണക്കീഴില്‍ സൂക്ഷിച്ചിരുന്നുവെന്നും അവിടെ വരുന്നവരെ കാണിക്കുകയും വായിക്കുവാൻ നിർ‍ദ്ദേശിച്ചിരുന്നുവെന്നും പിന്നീടറിഞ്ഞു. സഭയുടെ കാലഹരണപ്പെട്ട നിയമങ്ങളും അനാചാരങ്ങളും പുരോഹിത തോന്ന്യാസങ്ങളും കുത്തഴിഞ്ഞ ജീവിതവും കന്യാസ്ത്രീ മഠവും അങ്ങനെയങ്ങനെ അനേകം കാര്യങ്ങൾ ഞങ്ങളുടെ വിഷയപരിധിയില്പ്പെടുമായിരുന്നു. ‍ ദൗർ‍ഭാഗ്യവശാൽ, അദ്ദേഹം അന്നെഴുതിയ കത്തുകളൊന്നും ഞാന്‍ സൂക്ഷിച്ചിട്ടില്ല.
അദ്ദേഹത്തിന്‍റെ അവസാനത്തെ കത്തും ഓർ‍ക്കുന്നു. "ഞാൻ, ‍അണയുന്ന മെഴുകുതിരിയാണ്. ആയുസ്സിനെ നീട്ടികിട്ടുവാനും ഇനിയും എഴുതുവാനും ദൈവത്തോട് പ്രാർ‍ഥിക്കുന്നുണ്ട്. സഭയുടെ നവീകരണമായ വിപ്ലവദൌത്യം ഏറ്റെടുക്കേണ്ടത് പിന്തലമുറക്കാരായ നിങ്ങളുടെ ചുമതലയാണ്." അനേക വർ‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം എനിക്കുതന്ന ഉപദേശം പ്രായോഗികമാക്കുവാൻ, സാധിച്ചില്ല. സ്വന്തം ജീവിത പ്രശ്നങ്ങളായിരുന്നു കാരണം.
 
വർ‍ഷങ്ങൾ‍ക്കുശേഷം 'അല്മായശബ്ദ'ത്തിൽ എഴുതുവാൻ നിയോഗം വന്നപ്പോഴെല്ലാം ഈ വലിയ മനുഷ്യനെ ഓർ‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നതുവരെ ഞങ്ങൾ തുടർ‍ന്ന ബൌദ്ധിക സൌഹാർ‍ദത്തിൽ,‍ ഇന്നും ഞാൻ അഭിമാനിക്കുന്നു. ഞാൻ എന്നു നാട്ടില്‍ വരുമെന്ന് എക്കാലവും അന്വേഷിക്കുമായിരുന്നു. ആ നല്ല മനുഷ്യനെ ഈ ലേഖനംവഴി ഓർമ്മിക്കുവാൻ സാധിച്ചതിലും സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.
അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ടു വിഷയത്തിലേക്കു കടക്കട്ടെ.
" ഞാൻ ആകുന്നു ജീവന്‍റെ അപ്പം. എന്‍റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ,‍ വിശ്വസിക്കുന്നവന്, ഒരിക്കലും ദാഹിക്കുകയില്ല." കത്തോലിക്കാ സഭയുടെ കാതലായ ഒരു തത്ത്വത്തില്‍നിന്നാണ് അദ്ദേഹം തന്റെപ്രബന്ധം തുടങ്ങിയിരിക്കുന്നത്.തിരു അത്താഴത്തെപ്പറ്റി  യേശു പറഞ്ഞതെല്ലാം ‌  ആലങ്കാരിക ഭാഷയായിരുന്നുവെന്ന   ശ്രീ കുളിരാനി സാറിന്‍റെ വാദം നവീകരണ സഭകളും ഇവാൻജിലിസ്റ്റുകളും ശരി വെക്കുന്നുണ്ട്.  ഈ വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് ഈ അദ്ധ്യായം രണ്ടാം ഭാഗത്തിൽ വിവരിച്ചിട്ടുണ്ട്.
സഭയിതെല്ലാം വാച്യാർ‍ത്ഥത്തിൽ എടുത്തിരിക്കുന്നു. ഇവിടെ പറയുന്ന വിശപ്പും ദാഹവും ആത്മാവിന്റേതെന്നും  ലേഖകൻ വിവരിക്കുന്നു. ജീവന്‍റെ അപ്പം ശരീരത്തിനു ഭക്ഷിക്കുവാനുള്ളതല്ല. ജീവന്‍റെ അപ്പത്തില്‍നിന്ന് വികല ദൈവശാസത്രം ഉണ്ടാക്കിയെന്നും ജോസഫ് കുളിരാനി പറയുന്നു.  സാത്താൻതന്നെയല്ലേ ഇത്തരംഅന്ധവിശ്വാസങ്ങൾ‍കൊണ്ട് സഭയെ ഭരിക്കുന്നത്‌.
യേശുനല്‍കിയ ഈ വിരുന്നൊരുക്കൽ,‍ അള്‍ത്താരയിലെ ബലിയല്ലെന്നു ലേഖകൻ വിവരിച്ചിട്ടുണ്ട്. ഒരു ദൈവശാസ്ത്രജ്ഞനും യുക്തിയോടെ ഉത്തരം പറയുവാൻ സാധിക്കുകയില്ല. ഇവിടെ പറയുന്ന വിശപ്പും ദാഹവും വചനങ്ങളിലുളള ജീവജലം, മുന്തിരിവള്ളിപോലെ വെറും ഉപമകളിലൊന്നു മാത്രമാണ്.
 
ജോസഫ് കുളിരാനിയുടെ പ്രബന്ധം പഠന വിഷയങ്ങളാക്കണമെങ്കിൽ യോഹാന്നാന്‍റെ സുവിശേഷം ഹൃദ്യസ്ഥമാക്കേണ്ടതുണ്ട്. സഭയുടെ ദിവ്യബലികളും ദിവ്യകാരുണ്യവും വെറും പ്രഹസനങ്ങളെന്നും അന്ത്യഅത്താഴത്തിൽ യേശു പറഞ്ഞ  വചനങ്ങൾക്കു  വിപരീതമായ വികൃത ആചാരങ്ങളാണ്, ബലിപീഠങ്ങളിലെ ബലിയെന്നും അദ്ദേഹത്തിന്‍റെ അഗാധമായ പാണ്ഡ്യത്യത്തിൽക്കൂടി ഇവിടെ തെളിയിച്ചിരിക്കുകയാണ്. ഓരോ വചനവും  ഹൃദയത്തിൽ തട്ടുന്ന ഭാഷയിലാണ് അർത്ഥം കല്പ്പിച്ചിരിക്കുന്നത്. മഹാഗുരുവിന്‍റെ ചിന്തകളുടെ ഒഴുക്കില്ക്കൂടി സഞ്ചരിക്കുവാനേ  എനിക്കു സാധിക്കുന്നുള്ളൂ. അത്രയ്ക്കു സ്തുത്യർഹമായി ലേഖകൻ  ഇവിടെ പഠനംനടത്തി.
 
അന്ത്യഅത്താഴത്തിലെ സ്നേഹവിരുന്നും ആത്മാവിന്‍റെ അപ്പവും തെറ്റിദ്ധരിച്ച  ജീവനിലെ ഭൌതിക അപ്പവും ഗഹനമായി ലേഖകൻ ചിന്തിച്ചത് യോഹാന്നാന്‍റെ സുവിശേഷത്തില്ക്കൂടിയാണ്. ആദിമസഭയിലുണ്ടായിരുന്ന  കുടുംബ കൂട്ടായ്മകളില്ക്കൂടി സ്നേഹത്തിലെ കരുണയും സത്യത്തിലെ ആത്മബലിയും കണ്ടെത്തുവാനും ലേഖകൻ ഉപദേശിക്കുന്നു. യേശു, അന്ത്യഅത്താഴ കൂട്ടായ്മയില്ക്കൂടി തന്‍റെ അനുയായികളുടെ കാലുകൾ കഴുകി. അങ്ങനെ നമുക്കു ചുറ്റുമുള്ള ദുഖിതരെ  കണ്ടെത്തി ആദിമസഭയുടെ ചൈതന്യം കണ്ടെത്താമെന്നും ലേഖനത്തിൽ വിവരിക്കുന്നുണ്ട്. യോഹന്നാന്‍റെ സുവിശേഷ വചനങ്ങളിൽ  ലേഖകൻ ഇവിടെ ആത്മീയ സൌഭാഗ്യത്തെ കാണുന്നു. ആദിമസഭയിലെ  കൂട്ടായ്മയും പങ്കുവെക്കലും പ്രായോഗിക ജീവിതത്തിൽ,നടപ്പിലാക്കേണ്ടതും പഠന വിഷയങ്ങളാകേണ്ടതുമാണ്.
 
ജീവിച്ചിരുന്നപ്പോൾ  അദ്ദേഹത്തിന്‍റെ പാണ്ഡ്യത്യത്തെ  വേണ്ടപോലെ  ആരും ഗൌനിച്ചില്ലായെന്നുള്ളതും ഒരു ദുഃഖസത്യമാണ്. വ്യാപാരിയുടെ പവിഴമുത്തിനെ അന്വേഷിച്ചുനടന്ന പ്രതീതിയാണ് ലേഖനം വായിച്ചപ്പോൾ,‍ എനിക്കനുഭവപ്പെട്ടത്.ലോകംമുഴുവനുള്ള ഗ്രന്ഥപ്പുരയിൽ  അലഞ്ഞാലും നമുക്കുവേണ്ട ജ്ഞാനത്തെ കണ്ടെത്തണമെന്നില്ല.അദ്ദേഹത്തിന്‍റെ ചിന്താഗതികളോട്  വായനക്കാരൻ വിയോജിച്ചേക്കാം. നിരസിച്ചേക്കാം. യുക്തിയിലധിഷ്ടിതമായ അനേകമനേകം  ചിന്തകരെയും ലോകം തള്ളികളഞ്ഞിട്ടില്ലേ? വിസ്മൃതിയിലേക്കു പോയില്ലേ? എങ്കിലും അവരൊക്കെ  മനുഷ്യമനസുകളിൽ, ‍ ജീവിക്കുന്നുണ്ട്. യുക്തിയോടെ ചിന്തിക്കുന്നവർ‍ക്ക് ഈ ലേഖനം അറിവിന്‍റെ ഒരു തുടക്കമായിരിക്കും.
 
ജോസഫ് കുളിരാനിയുടെ പ്രബന്ധം രചിച്ചിരിക്കുന്നത് നാലു സുവിശേഷങ്ങളെ ആധാരമാക്കിയാണ്. യേശുവിന്‍റെ അന്ത്യഅത്താഴ മേശ, അർത്ഥവും ദൌത്യവും എന്നിങ്ങനെ ത്രികോണ വീക്ഷണങ്ങളിൽ തന്നെയാണ്  ലേഖനത്തെ വാർത്തെടുത്തിരിക്കുന്നത്. സുവിശേഷങ്ങളില്‍തന്നെ യോഹന്നാന്‍റെ സുവിശേഷ വചനങ്ങളാണ് കൂടുതലായും കടം എടുത്തിരിക്കുന്നത്. പാരമ്പര്യമതം പഠിപ്പിച്ചതിനു വിപരീതമായി സ്വന്തം ഉൾക്കാഴ്ച്ചയില്‍ക്കൂടി പുത്തനായ ആശയ സംഹിതകളോടെയാണ്. വചനങ്ങൾ‍ക്ക് അദ്ദേഹം അർ‍ത്ഥം ‍ കല്‍പ്പിച്ചിരിക്കുന്നത്. വചനങ്ങളെ  നിശിതമായി അർത്ഥവ്യാപ്തിയിൽ  വിവരിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രബന്ധം വളരെയേറെ ചിന്തനീയമാണ്. " 'ഞാൻ'ആകുന്നു ജീവന്‍റെ അപ്പം" സഭ അള്‍ത്താരയിലെ അപ്പംആക്കി, ക്രിസ്തുവാക്കി.  ക്രിസ്തുവിനെ മനുഷ്യർക്ക്ഭക്ഷിക്കുവാനുള്ളതാക്കി. മനുഷ്യൻ  മനുഷ്യനെ എങ്ങനെ ഭക്ഷിക്കുമെന്നു സഭയ്ക്ക് ഉത്തരം ഇല്ല. അതുദൈവത്തിന്‍റെ അത്ഭുതമെന്നു മറുപടി കിട്ടും.
 
 യേശു തുടർ‍ന്നു. "എന്റെഅടുക്കൽ വരുന്നവന്  ഒരിക്കലും വിശക്കുകയില്ല, വിശക്കുന്നവന്  ഒരിക്കലും ദാഹിക്കുകയില്ല. " ഭക്ഷണം കഴിക്കുന്നവന്  അതു  ദഹിച്ചു കഴിഞ്ഞാൽ വീണ്ടുംവീണ്ടും വിശക്കും. എന്നാൽ യേശു ഇവിടെ പരസ്പരവിരുദ്ധമായി പറയുന്നു. അള്‍ത്താരയിലെ വികലശാസ്ത്രത്തെയല്ല യേശുപറഞ്ഞത്. ഇവിടെ പറയുന്ന വിശപ്പും ദാഹവും ആത്മാവിന്റേതാണ്. ഭാവിയെപ്പറ്റി ഇവിടെ ഒരു പ്രവചനം ആണ്. പിതാവിങ്കല്‍ യാത്രയാവുന്നതു ദൈവികശരീരമായ ആത്മാവായിട്ടാണ്.ആത്മാവിനു വിശപ്പില്ല, ദാഹമില്ല. ദേഹിയില്ലാതെ, വിശപ്പില്ലാതെ,ദാഹമില്ലാതെ നല്ലകള്ളനും യേശുവിന്‍റെ പിന്നാലെ സഞ്ചരിച്ചുകാണും.
 
യേശു പറഞ്ഞു, "ഇതെന്‍റെ മംസമാകുന്നു, എന്റെരക്തമാകുന്നു. നിങ്ങള്‍ക്കായി വിഭജിക്കപ്പെടുന്ന എന്‍റെ ശരീരം." ഇവിടെ ഭാവികാലത്തെപ്പറ്റി യേശുപ്രവചിക്കുകയാണ്. പെസഹായിൽ കഴിക്കുന്ന അപ്പവും വീഞ്ഞും പിറ്റേദിവസം മാംസവും രക്തവും ആകും. ക്രൂശിക്കപ്പെടുമ്പോൾ  മാംസം വിഭജിക്കപ്പെടും. ചിതറും. രക്തം വാർ‍ന്നുചിന്തും. യേശു സംഭവിക്കുവാൻ പോവുന്ന ആപത്തിനെപ്പറ്റി പ്രവചിക്കുകയായിരുന്നു. ആ പ്രവചനം ശരീരശാസ്ത്രത്തിന്‍റെ രൂപഭാഷയിലായിരുന്നു."എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തംപാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ,‍ അവനിലും വസിക്കും" (ജോണ്‍  6:55). യേശു പറഞ്ഞത് അപ്പത്തിലും വീഞ്ഞിലും വസിക്കുന്നുവെന്നല്ല. വചനങ്ങൾ അക്ഷരാർ‍ഥത്തിൽ സഭ പഠിപ്പിക്കുന്നു. ലേഖനത്തിലുടനീളം ജീവന്‍റെ അപ്പത്തെ വിശദമായി വിവരിച്ചിട്ടുണ്ട്.
 
യേശു നല്‍കിയ സ്നേഹവിരുന്നിനെ പിന്നീട്  അള്‍ത്താരയിലെ വിരുന്നാക്കി. സത്യത്തെ വളച്ചൊടിച്ച്  യേശുവിന്‍റെ ബലിയായി ജനത്തെ കബളിപ്പിച്ചു. ഞാനാകുന്ന ജീവന്‍റെ അപ്പത്തെ പ്രഹസനമാക്കി ബലിപീഠങ്ങൾ പണവും നവരത്നങ്ങളും  ശേഖരിച്ചു. അപ്പത്തെ ജീവനില്ലാത്ത അൾ‍ത്താരയിലെ അപ്പവും റൊട്ടിക്കഷണങ്ങളും ആക്കി. മന്നാ കഴിച്ചവർ,‍ വിശന്നു. ദിവ്യകാരുണ്യഅപ്പം കഴിച്ചാലും വീണ്ടും വിശക്കും. ബലിപീഠം അർ‍പ്പിക്കുന്ന വീഞ്ഞുകുടിച്ചാലും ദാഹം ശമിക്കുകയില്ല.
 
സ്വയം ബോധത്തിൽ,‍ 'ഞാനായി'ജീവിച്ച 'ഞാനായ' ആത്മാവിന്‍റെ പിതാവിങ്കലേക്കുള്ള ദീർ‍ഘയാത്രയില്‍ വിശപ്പില്ല, ദാഹമില്ല. നിത്യമായ ജീവന്‍റെ ജലം അവനു ലഭിച്ചു കഴിഞ്ഞു. ആത്മാവിന്‍റെ ഭക്ഷണവും സുകൃതങ്ങള്‍വഴി അവൻ കരുതിക്കഴിഞ്ഞു. ശരീരമായിത്തന്നെ യേശു ദാഹിക്കുന്നുവെന്ന്പറഞ്ഞു. ചുറ്റുമുള്ളവർ,‍ അവനെ പരിഹസിച്ചപ്പോൾ,‍നല്ല കള്ളൻ‍മാത്രം അവന്‍റെ കരുണയിൽ,‍ പങ്കുചേര്‍ന്നു.നിത്യമായ അപ്പത്തെപ്പറ്റി അവനോടു പറഞ്ഞു. അത്  ദേവാലയത്തിലെ ബലിയുടെ അപ്പമല്ല, ആത്മാവിന്‍റെ അപ്പമായിരുന്നു.
 
യേശു പറഞ്ഞ വചനങ്ങളിൽ, ‍ ഇടർച്ചയുണ്ടാക്കി ലോകത്ത് അസമാധാനം സൃഷ്ടിച്ചു. സത്യമായ അപ്പത്തെ അസത്യത്തിന്‍റെ ജീവനില്ലാത്ത അപ്പമാക്കി. കുരിശുയുദ്ധങ്ങൾ‍വഴി ലോകത്തു രക്തപ്പുഴകൾ  ഒഴുക്കി. മഹായുദ്ധങ്ങളില്‍ക്കൂടി ലക്ഷക്കണക്കിനു യഹൂദരുടെ രക്തം പാനീയം ചെയ്തു. ബലിതുടങ്ങിയതും നസ്രായരായ യഹൂദരിൽനിന്നുമായിരുന്നു. വചനങ്ങളിൽ  ഇടർച്ചയുണ്ടാക്കി എന്‍റെ രക്തം സാക്ഷാൽ പാനീയമെന്നു പറഞ്ഞുകുടിച്ചതു നിസ്സഹായരായവരുടെ മനുഷ്യരക്തമായിരുന്നു. കോടിക്കണക്കിനു യഹൂദരക്തവും പാനീയത്തിലുണ്ട്.
 
ബലിയർപ്പണത്തിൽ,വാഴ്ത്തപ്പെടുന്ന അപ്പവും വീഞ്ഞും യേശുവിന്‍റെ യഥാർ ശരീരമായി രൂപാന്തരപ്പെടുമെന്നത്  സഭയുടെ കാതലായ വിശ്വാസസത്യമാണ്.പന്ത്രണ്ടു ശിഷ്യന്മാരുമൊത്തുള്ള അത്താഴവേളയിൽ  യേശു പറഞ്ഞ വചനങ്ങൾ  ഒരു വിശ്വാസത്തിന്  അടിസ്ഥാനകാരണമായി. ലോകമാകമാനമുള്ള ദേവാലയങ്ങളിലെ അള്ത്താരകളിൽ കാരുണ്യത്തിന്‍റെ ദേവൻ  അപ്പമായി കുടികൊള്ളുന്നു. പേഗൻമതങ്ങളിലും പൌരാണിക മതങ്ങളിലുമുള്ള ബിംബം തന്നെയാണ് അപ്പമെന്ന ബിംബത്തിലെ യേശുവും. വേളാങ്കണ്ണിയിലും അരീത്രയിലും ബിംബത്തിലെ യേശുവിനെ അപ്പമായി കാണാം. അൾത്താരയിൽ,കുന്തിരിക്കം വീശി അപ്പത്തെ പൂർണ്ണദൈവമായ ക്രിസ്തുവാക്കുന്ന മാന്ത്രികവേലയും പുരോഹിതർ,  ദൈവശാസ്ത്രത്തില്നിന്നും ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
 
യേശുവിന്‍റെ വിരുന്നുസല്‍ക്കാരത്തിൽ,‍ പന്ത്രണ്ടുപേരിൽ ഒറ്റുകാരനായ യൂദാസ്കറിയാത്തായും ഉണ്ടായിരുന്നു. യേശുവിനൊപ്പം വിരുന്നിൽ പങ്കുചേർ‍ന്ന യൂദായും അപ്പം ഭക്ഷിച്ചില്ലേ? യേശു പാത്രത്തിലെ വീഞ്ഞില്‍മുക്കി അവന്  അപ്പംകൊടുക്കുന്നതായി വായിക്കുന്നുണ്ട്. ഭക്ഷിക്കുന്നതിനുമുമ്പ് അവനിൽ,‍ പിശാചു ബാധിച്ച്, യേശുവിന്‍റെ വിരുന്നു ബഹിഷ്കരിച്ചുവെന്നും സഭാപണ്ഡിതരിൽ ചിലർ ‍അഭിപ്രായപ്പെടുന്നു. എന്നാൽ,‍ ബെനഡിക്റ്റ് പതിനാറാമൻ  മാർ‍പാപ്പയുടെ ' ജീസസ് ഓഫ്  നസ്രത്ത്' എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൻറെ  രണ്ടാം വാല്യത്തിൽ,‍ യൂദാസ് ദിവ്യകാരുണ്യം സ്വീകരിച്ചതായി നീതികരിച്ച് എഴുതിയിട്ടുണ്ട്. പാപികളെത്തേടി വന്ന യേശുവുമൊത്ത്  ഒറ്റുകാരനായ അവനും അപ്പം പങ്കുവെച്ചു കാണും. പാപിയായ അവനോടൊപ്പം അപ്പം ഭക്ഷിക്കേണ്ടതും പൂർത്തികരിക്കേണ്ട പ്രവചനം ആയിരിക്കാം.
 
ജീവന്‍റെ അപ്പമായ യേശുവിനെയാണ് അവൻ  ഭക്ഷിച്ചതെങ്കിൽ, ‍അവനിൽ,‍ എങ്ങനെ ശാത്താൻ കയറിപ്പറ്റും. യേശുനല്‍കിയതു വെറും ജീവനില്ലാത്ത അപ്പമെന്നല്ലേ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. പ്രവചനം പൂര്‍ത്തിയായതും യേശു അവന്  അപ്പം പങ്കുവെച്ചപ്പോഴല്ലേ? ഒറ്റുകാരനായ അവനും മറ്റു ശിക്ഷ്യരുമൊത്തു ഭക്ഷിച്ച അപ്പം അനശ്വരദേവന്‍റെയല്ല. മരണമുള്ള മന്നാപോലുള്ള അപ്പം തന്നെയായിരുന്നു. യേശുവായിക്കാണുന്ന അപ്പത്തിൽ,‍ യുക്തിയെവിടെ? ദൈവമായ യേശു അപ്പമെങ്കിൽ,‍ അപ്പം ഭക്ഷിച്ച യേശുവും ദൈവവും യേശുവായ അപ്പവും എങ്ങനെ ഒന്നായ ദൈവപുത്രനാകും.
അപ്പത്തെ നരഭോജികളുടെ ഭക്ഷണം ആക്കി. ഒരുമനുഷ്യന് ‍ മറ്റൊരു  മനുഷ്യനെ എങ്ങനെ തിന്നുവാൻ സാധിക്കും. താൻ  ആണ് അപ്പം എന്നു പറഞ്ഞത്  താൻ‍വഴി നിത്യജീവിതത്തിലേക്കുള്ള വഴി ആവാം എന്നാണ് യേശു സങ്കല്‍പ്പിച്ചത്‌. ആത്മാവിനെ പരിപോഷിപ്പിക്കുവാൻ മനസ്സിനെയും ബുദ്ധിയേയും പാകപ്പെടുത്തേണ്ടതായുണ്ട്. വിധവയുടെ കൊച്ചുകാശുമുതൽ  നന്മകളുടെ കൂടാരം അവിടെ പണിയുകയാണ്. നന്മയും സത്യമായ വഴിയില്‍ക്കൂടിയുള്ള ജീവിതവും യേശു ഭക്ഷണമായി ഉപമിച്ചിരിക്കാം. എന്നാൽ തീൻ‍മേശയിലെ ഉപമ ജീവന്‍റെ ഭക്ഷണമായിരുന്നു. പാനീയമായിരുന്നു. സംഭവിക്കുവാൻ പോവുന്ന ഭാവിപ്രവചനം ആയിരുന്നു. പ്രവചിച്ചതുപോലെ അവന്‍റെ ശരീരം കുത്തിക്കീറി ചിതറിച്ചു. രക്തംചീന്തി. ആത്മാവിൽ വിശപ്പില്ലാത്തവനും ദാഹിക്കാത്തവനും ആയി. ബലിപീഠത്തിൽ,‍ ബിംബമായ അപ്പം ആക്കി അവന്‍റെ ഓർമ്മകളെ പുതുക്കുന്നു.
 
 ശരീരത്തിനു ദാഹിക്കുമ്പോൾ വെള്ളം വേണം. വിശക്കുമ്പോൾ  ഭക്ഷണവും. ശരീരശാസ്ത്രത്തിലെ ഉപമപോലെയാണ് ആത്മാവും നിത്യജീവിതത്തിലേക്കുള്ള വഴിയും. ശരീരത്തിനു ഭക്ഷണംപോലെ ആത്മാവിന്‍റെ ഭക്ഷണം ആണ് നല്ല സമരിയാക്കാരന്‍റെ ജീവിതം. ആത്മാവിന്‍റെ പരിപോഷണത്തിനായി കർമ്മങ്ങളില്ക്കൂടി നേരായ മാർഗത്തിൽ, സഞ്ചരിച്ച്  അന്വേഷിച്ചു കണ്ടെത്തണം. ജീവരക്തം സ്നേഹമാണ്, സ്നേഹത്തിന്‍റെ ഒഴുക്ക് നമുക്കു ചുറ്റുമുള്ള വിശക്കുന്നവരിലും ദാഹിക്കുന്നവരിലും പ്രതിഫലിക്കണം. സ്നേഹം, കരുണ, സ്വയംബോധം, സ്വയം കർമ്മങ്ങളില്നിന്നും അകന്നു പോവാതിരിക്കുക ഇതെല്ലാം നിത്യജീവിതത്തിന്‍റെ പോഷകാഹാരമായി കരുതാം.
 
 ജീവനില്ലാത്ത അപ്പവും മുന്തിരിച്ചാറും മനുഷ്യൻ ഭക്ഷിച്ചാൽ,  പൂർ‍ണ്ണശരീരത്തോടുകൂടിയ യേശുവിന്‍റെ ആത്മാവും ശരീരവും നമ്മിലേക്ക്‌ ആവഹിക്കുമെന്നു സഭ പഠിപ്പിക്കുന്നു. ഒരു കത്തോലിക്കനായി തുടരണമെങ്കിൽ,‍കൂടെകൂടെ ദിവ്യകാരുണ്യം കൈക്കൊള്ളണം. ശരീരത്തോടെയുള്ള യേശുവിനെ ഉൾക്കൊള്ളണം. എങ്കിലേ പത്രോസിന്‍റെ താക്കോല്‍കൊണ്ട് സ്വർ‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയുള്ളൂ.
 
ഒരു പുരോഹിതന്  നശ്വരമായ മുന്തിരിച്ചാറിനെയും അപ്പത്തെയും അനശ്വരമായ ക്രിസ്തുവായി പരിവർ‍ത്തനം ചെയ്യുവാൻ സാധിക്കുമായിരുന്നുവെങ്കിൽ സ്വർ‍ഗം അങ്ങനെ ലഭിക്കുമായിരുന്നുവെങ്കിൽ ലോകംമുഴുവൻ,‍ ശുദ്ധാത്മാക്കളെകൊണ്ടു നിറഞ്ഞ കത്തോലിക്കാ  ലോകമാകുമായിരുന്നു. ക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചു മതദ്രോഹമായി പുരോഹിതർ പഠിപ്പിക്കുന്നുവെന്നു വ്യക്തമല്ലേ?
 
ജീവനില്ലാത്ത വസ്തുവിനെ ജീവനുള്ള വസ്തുവാക്കാമെന്നുള്ളതു പ്രകൃതിനിയമത്തിന്  എതിരാണ്. മദ്യലഹരിയിൽ,‍ കുടിച്ചു മതിമറന്ന ക്നാനായ വിരുന്നുകാർ‍ക്ക്  യേശു വെള്ളംകൊടുത്തപ്പോൾ, ‍വീഞ്ഞായി അവർ‍ക്ക് അനുഭവപ്പെട്ടു. അല്ലാതെ വെള്ളത്തിലെ പദാർ‍ത്ഥങ്ങള്‍ക്ക് മാറ്റംവരുവാൻ,‍ സാധ്യതയില്ല. അസാധ്യവും ആണ്. മനുഷ്യപുത്രനായ യേശുവിനെ പുരോഹിതർ വചനങ്ങളെ വാച്യാർ‍ഥത്തിലെടുത്തു മന്ത്രവാദിയെപ്പോലെയാക്കിയതാണ്. മനുഷ്യരക്തം പാനം ചെയ്യുന്നതും യഹൂദനിയമമോ മോശയുടെ നിയമമോ അല്ല. യഹൂദനിയമത്തിൽ,‍ രക്തംകുടിക്കുന്നത്ശക്തിയായി നിരോധിച്ചിട്ടും ഉണ്ട്.
 
യേശു പല സ്ഥലത്തും ഉപമപോലെ വചനങ്ങൾ വാച്യാർ‍ഥത്തിൽ  ഉപയോഗിച്ചിട്ടുണ്ട്. ജോണിന്‍റെ സുവിശേഷംതന്നെ നോക്കുക. ജീവന്‍റെ അപ്പം(6:48) ലോകത്തിന്‍റെ പ്രകാശം(8:12) ഞാൻ വാതില്‍(10:9) നല്ലഇടയൻ (10:11) ഉയിർപ്പും പുതുജീവനും(11:25) ഞാൻ വഴിയും സത്യവും ജീവനും(14:6) സത്യത്തിന്‍റെ മുന്തിരിച്ചാർ (15:1) ഇങ്ങനെ അനേകം വചനങ്ങളിൽ ക്രിസ്തുവിന്റെഉപമകൾ കാണാം. ഈ ഉപമകൾ‍ക്ക് അർ‍ഥംകല്‍പ്പിക്കേണ്ടതു യേശു വാതിലാകുന്നു, മുന്തിരിവള്ളിയാകുന്നുവെന്നല്ല. വചനങ്ങൾ എല്ലാം ആത്മീയത നിറഞ്ഞതായിരുന്നു. വചനം ഇങ്ങനെ പറയുന്നു, " ആത്മാവാണ് ജീവൻ‍നല്‍കുന്നത്, ശരീരംഒന്നിനും ഉപകരിക്കുകയില്ല, നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്"
 
 വചനം അക്ഷരാർ‍ത്ഥത്തിൽ വിശ്വസിക്കുന്ന നമുക്കു മറ്റൊരു പ്രശ്നവും കൂടിയുണ്ട്. ക്രിസ്തുവിന്‍റെ ജീവനുള്ള ശരീരം ദിവ്യകാരുണ്യത്തിൽ‍ക്കൂടി കഴിക്കുന്നു. ഉദരത്തിൽ,‍ ദഹനസമയത്ത്, വിയോജനംവഴി ദ്രവിച്ചു പോവുകയില്ലേ ? നിർ‍ജീവമായ മനുഷ്യപുത്രന്‍റെ ശരീരം ദൈവത്തിന്‍റെ വാഗ്ദാനങ്ങൾക്കും എതിരാണ്. വചനംപരിശോധിക്കൂ, "എന്‍റെ ശരീരം പ്രത്യാശയിൽ,‍ നിവസിക്കും." (അപ്പ.പ്രവ2:27) അവിടുത്തെ പരിശുദ്ധൻ ജീർ‍ണ്ണിക്കുവാൻ  അവിടുന്നനുവദിക്കുമോ? യേശുവിന്‍റെ ശരീരവും രക്തവും അക്ഷരാർത്ഥത്തിൽ,‍ എടുക്കുവാനുള്ളതല്ല. ഇത് ഇസ്രായേലികൾ,‍ സ്വർ‍ണ്ണംകൊണ്ടുള്ള കാളക്കുട്ടിയെ ആരാധിക്കുന്നതിനു തുല്യമല്ലേ?
 
 



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...