Saturday, June 8, 2013

24. തിരുമേനിമാരും തിരുവസ്ത്രവും – അല്പം ചിന്തകള്‍






മെത്രാന്മാരുടെ വേഷവിധാന ആചാരങ്ങള്‍ മുഴുവന്‍തന്നെ വിശ്വാസികളുടെ തോളിലര്‍പ്പിച്ചിരിക്കുന്ന പേഗനിസത്തിന്‍റെ തുടര്‍കീഴ്വഴക്കങ്ങളാണ്. യേശു ഒരിക്കലും തന്‍റെയൊപ്പം സഞ്ചരിച്ച ദൈവദാസന്മാര്‍ അലംകൃതവസ്ത്രങ്ങളോടെ ഭൂമിയില്‍ രാജാക്കാന്മാരായി കഴിയണമെന്നു പറഞ്ഞിട്ടില്ല. അവര്‍ കുഞ്ഞാടുകളെ തേടിയലഞ്ഞ സത്യത്തിന്‍റെയും ദൈവമഹത്വത്തിന്‍റെയും ആട്ടിടയന്മാരായിരുന്നു. അലങ്കരിച്ച രഥങ്ങളില്‍ കിരീടവും അണിഞ്ഞു വിശ്വാസികളുടെ ചുമലില്‍, പാവപ്പെട്ട മുക്കവര്‍ നടന്നിരുന്നില്ല.

ഈജിപ്റ്റിലെ കോട്ടകളില്‍ കൊത്തിവെച്ചിരിക്കുന്ന പേഗനിസരാജാക്കന്മാരുടെ പ്രതിബിംബങ്ങളാണു അഭിഷ്ക്തരായ സീറോ മലബാറിലെ പിതാക്കന്മാരും  ആഗോളതലത്തിലെ  മറ്റു തിരുമേനിമാരും. ഇവര്‍, ആശാരിച്ചെറുക്കന്‍റെ വചനങ്ങള്‍ക്കു പുല്ലവിലപോലും കല്‍പ്പിക്കാറില്ല. ആദികാലങ്ങളിലെ  പേഗനിസത്തിന്‍റെ ഈ പകര്‍പ്പുവേഷങ്ങൾമൂലം    പേഗന്‍മതസ്ഥര്‍   ക്രിസ്തുമാര്‍ഗം സ്വീകരിക്കുവാന്‍ കാരണവുമായി. തെറ്റായിട്ടുള്ളതിനെ പകര്‍ത്തി പണവും കൊടുത്തു പ്രീതിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്യുവാന്‍, അസത്യത്തിന്‍റെ വഴി യേശു കാണിച്ചു തന്നിട്ടില്ല. സത്യത്തിന്‍റെ വഴിയില്‍ക്കൂടി ദരിദ്രരായ മുക്കവമക്കള്‍ സഞ്ചരിച്ചു.
 

എന്നാല്‍ ഈ മെത്രാന്‍മാരോ,  ദൈവം അവരെ വിധിക്കുന്നത് ഇങ്ങനെ, "ആഡംബരപ്രിയനായ നീ സ്വന്തം ഇഷ്ടപ്രകാരം സുഖലോലുപനായി ഭൂമിയില്‍ ജീവിച്ചു. ഇന്നു വിധിയുടെ മരണകാഹളത്തില്‍, നീ സ്വയം കൊഴുത്തിട്ടുമുണ്ട്." (James 5:5 )യേശുവിന്‍റെ മൌലികതത്ത്വങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്ന സഭയുടെ ലോകം വിശ്വാസവഞ്ചനയുടെയും രക്തപ്പുഴകളുടെയും ചരിത്രം പേറുന്നു.മുക്കവക്കുടിലില്‍ വളര്‍ന്ന പീറ്ററിനും പോളിനും രാജ കൊട്ടാരങ്ങളുണ്ടായിരുന്നില്ല. ചൂടും തണുപ്പും സഹിച്ചു തുറസ്സായ പ്രകൃതിയുടെ മടിത്തട്ടിലവരന്നു ശയിച്ചു. ഇരമ്പുന്ന കായല്‍ത്തീരത്തും കടലോരങ്ങളിലും, കുന്നുകളിലും താഴ്വരകളിലും സഞ്ചരിച്ച് ദരിദ്രരെ സഹായിച്ച്  ക്രിസ്തുവിന്‍റെ സന്ദേശം പ്രചരിപ്പിച്ചു. ശിഷ്യന്മാരാരും ഭൂഉടമകളോ ബാങ്കുകള്‍ നടത്തുന്നവരോ പണ്ഡിതന്മാരോ ആയിരുന്നില്ല.

 

ഒരു മെത്രാനെ അഭിഷിക്തനെറ്റിയില്‍, വിശുദ്ധ മൂറോന്‍കൊണ്ടു രൂശ്മചെയ്യുന്ന നിമിഷംമുതല്‍ അജഗണങ്ങളെ നയിക്കുന്ന ദൈവദാസനെന്നാണു വെപ്പ്. ഇടയശുശ്രുഷക്കായി ആരോ പൌരാണികകാലത്തു കല്‍പ്പിച്ച അലങ്കരിച്ച സ്ഥാനവസ്ത്രം വെയിലത്തും ചൂടത്തും അണിഞ്ഞുകൊണ്ട്  ഒരുങ്ങി നടക്കുവാനും ഇവര്‍ക്കു മടിയില്ല. മെത്രാനാകുന്ന നിമിഷംമുതല്‍ താന്‍ മറ്റുള്ളവരെക്കാളു൦ മെച്ചമെന്ന മിഥ്യാഭിമാനം തലയില്‍ പേറി അജഗണങ്ങളെ ഭരിക്കുവാനും ആരംഭിക്കും. കൂര്‍ത്ത തൊപ്പിയും അലങ്കരിച്ച മയിലുകളും തല കീഴായിരിക്കുന്ന കാടന്‍പക്ഷിയും തലയില്‍ കേറിക്കഴിഞ്ഞാല്‍ സര്‍വ്വതും മറക്കും.

  

സ്വയം ദൈവദാസന്‍, എന്ന് ഇവര്‍ പറയുമെങ്കിലും ഉള്ളിന്‍റെയുള്ളില്‍, പുതിയ ഒരു ദൈവമായി ഭൂമിയിലെ അവതാരമായി മാറുകയാണ്. സര്‍വ്വതും ദൈവത്തിൻറെ അധീനതയില്‍, എന്നു വേദാന്തികള്‍ വിശ്വസിക്കും. എന്നാല്‍ വേദാന്തം അറിയാത്ത ഈ വേഷഭൂഷകര്‍ ചിന്തിക്കുന്നതു തങ്ങള്‍ക്കു ചുറ്റുമുള്ള ലോകം അറിവില്ലാത്തവരും മന്ദബുദ്ധികളുടെതുമെന്നാണ്. "അരജനെക്കെടുത്തി ഒരു വാക്കു പറഞ്ഞു കൂടാ'  അതാണ്‌ പ്രാമാണിക തത്ത്വവും . ഉവ്വേ, ഉവ്വേ തിരുമേനിഎന്ന്, സ്തുതിപാഠകര്‍ ചുറ്റുവട്ടത്തിൽ വിശറി  വീശുമ്പോഴും  പൊട്ടന്മാരുടെ ലോകത്തു വാണരുളുന്ന തിരുമേനിമാര്‍, സ്വയം പൊട്ടന്മാരായി വിഡ്ഢിവേഷവും ധരിച്ച്  ആത്മാക്കളെ മോചിപ്പിക്കുവാന്‍ ഊരുചുറ്റും. ഇവരുടെ സൌഹാര്‍ദലോകം പിന്നീടു ഭൂപതികളായി,  മാമ്മോനായി, ശിങ്കിടികളായി കൂടെകാണും. വിശ്വാസികളെ ചൂഷണംചെയ്ത് ആഡംബരങ്ങളിലപ്പാടെ സര്‍വ്വതും മറന്ന് ക്രിസ്തുവില്ലാത്ത ലോകത്തു മറ്റൊരു ക്രിസ്തുവിനെ പ്രതിഷ്ഠിക്കും.

  

ആശാരിച്ചെറുക്കനിങ്ങു വീണ്ടും ഭൂമിയില്‍ വന്ന് ഇവര്‍ക്കിട്ടു  ചാട്ടവാറിന്  അടികൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.  ചുറുചുറുക്കോടെ ഓടിനടക്കുന്ന അരോഗദൃഡഗാത്രനായ കൊച്ചുമെത്രാൻറെ കൈകളിലും അംശവടിയുണ്ട്. വടിയുടെ മുകളില്‍, പണ്ടു സര്‍പ്പങ്ങളും ഉണ്ടായിരുന്നു. വടിയുടെ അര്‍ത്ഥവ്യാപ്തിയില്‍ പലരും ബഹുവിധ നിര്‍വചനങ്ങളും കൊടുത്തിട്ടുണ്ട്. വടി കിട്ടികഴിഞ്ഞാല്‍ കൊച്ചുമെത്രാനെങ്കിലും തൊണ്ണൂറു കഴിഞ്ഞ വൃദ്ധരും വൃദ്ധകളും മുട്ടുകുത്തി താണു വിശുദ്ധമായ കൈകള്‍ മുത്തിക്കൊള്ളണമെന്നുള്ളതാണു സഭാനിയമം. മോതിരം മുത്തിയില്ലെങ്കില്‍, മെത്രാന്‍റെ മുഖം കറുക്കും. വിശ്വാസികളുടെ ഭ്രാന്തന്‍ലോകത്തില്‍, വിധേയത്വം പ്രഖ്യാപിച്ച് "അതേ അതേ തിരുമെനിയെന്നെ' ചൊല്ലാവുള്ളൂ. പണം ഉണ്ടാക്കി കീശ നിറക്കുവാന്‍ അനേകം മദ്ധ്യസ്ഥരെയും വത്തിക്കാന്‍ സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്".

 

ഇടയന്‍, പണ്ടു സുരക്ഷതയെ കരുതി ആട്ടിന്‍ക്കൂട്ടത്തിൻറെ പിന്നാലെ നടന്നിരുന്നു. കൂട്ടം പിരിയാതിരിക്കുവാന്‍, പട്ടികളും കൂടെയുണ്ടായിരുന്നു. പട്ടികള്‍ ഇന്നും കുരച്ചുകൊണ്ട് ഒപ്പം തന്നെയുണ്ട്‌. എന്നാല്‍ പിന്നാലെ നടക്കാതെ ഇടയനൊപ്പം മുമ്പില്‍ നടക്കുന്നുവെന്നു മാത്രം. ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തീറ്റയും രോഗം വന്നാല്‍, ചീകത്സിക്കേണ്ടതും ഇടയന്മാരുടെ ചുമതലകളായിരുന്നു. എന്നാ, ഇന്നു ഭൂമിയി, അഭിഷിക്തരായിരിക്കുന്ന ഇടയതിരുമേനിമാരെ പരിപാലിക്കേണ്ടതും തീറ്റ കൊടുക്കേണ്ടതും ആട്ടിൻകുട്ടികളുടെ കടമയായി മാറി. പാലുകുടിക്കുന്നതിനു പുറമേ ആട്ടിൻകുട്ടികളുടെ തോലും രക്തവും മാംസവും ഇടയനു മാത്രം അവകാശപ്പെട്ടതാണ്. ചുറ്റുമുള്ള വിശ്വാസിലോകത്തിൻറെ ർവ്വതും കൊള്ളയടിക്കണമെന്നുള്ള ചിന്തയും ഇടയനെ അലട്ടുന്നുണ്ട്.

 

അഭിഷിക്ത രാജാക്കന്മാര്‍, വഴിയോരങ്ങളില്ക്കൂടി സഞ്ചരിക്കുമ്പോള്‍ തോരണങ്ങള്‍കൊണ്ട്  അലംകൃതമായിരിക്കണം. താലപ്പൊലികളുമായി സ്ത്രീജനങ്ങളുടെ നടുവില്‍ക്കൂടി ലിമോസ്സിന്‍ വാഹനത്തില്‍, സഞ്ചരിക്കണം. മേനിയെ തിരുമെനിയെന്നും വസ്ത്രങ്ങളെ തിരുവസ്ത്രങ്ങളെന്നുമേ പറയാവൂ. മന്ത്രിമാര്‍വരെ തിരുവസ്ത്രം കഴുകി വിരിച്ചാല്‍ അറിയാതെ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവെന്നും ചൊല്ലിപ്പോവും. ക്രിസ്തുവില്ലാത്ത അല്ത്താരയില്‍, കുര്‍ബാന ചൊല്ലിയാലും തിരുകര്‍മ്മങ്ങളായി. ഇങ്ങനെയുള്ള വിശേഷണങ്ങളൊക്കെ  ക്രിസ്തുവിനും ക്രിസ്ത്യാനിക്കും അപമാനകരമാണ്. ആധുനികകാലത്തിനും അപമാനമാണ്.

 

സ്വര്‍ഗംതേടി സ്വര്‍ഗത്തെതന്നെ പണയപ്പെടുത്തി കുപ്പായത്തിൻറെ ബലത്തില്‍, നാടുമുഴുവന്‍ റീയല്‍എസ്റ്റെറ്റുസാമ്രാജ്യം കീഴടക്കി. കോളേജിലും സ്കൂളിലും ഹോസ്പിറ്റലിലും കോഴ, ജനിച്ചാലും മരിച്ചാലും ജീവിച്ചാലും വിവാഹിതനായാലും അമിതധനത്തിൻറെ ആര്‍ത്തി, വിദേശത്തു കൂടെകൂടെ ഉല്ലാസയാത്ര, ചുറ്റും അല്ത്താരയിൽ പാട്ടുപാടുന്ന കൊച്ചു കുട്ടികള്‍; നോക്കൂ, കുപ്പായത്തില്‍ മാന്ത്രികശക്തിയും വശീകരണമന്ത്രവും ഉണ്ട്.

 

കാറ്റത്തും വെളിച്ചത്തും ഇരമ്പുന്ന കടല്ത്തീരത്തും ഉഷ്ണത്തിലും തണുപ്പിലും അവിടുത്തെ ശിക്ഷ്യന്മാര്‍ വിശന്നും തളര്‍ന്നും ഭിക്ഷ യാചിച്ചും മതം പ്രസംഗിച്ചു. പേഗന്‍രാജാക്കന്മാര്‍ കാലത്തിൻറെ മാറ്റത്തില്‍ തങ്ങളുടെ കൊച്ചുരാജ്യം പിടിച്ചെടുക്കുമെന്നും ക്രിസ്തുശിക്ഷ്യന്മാര്‍ ചിന്തിച്ചിരിക്കുകയില്ല. ആധുനികലോകത്തു പോളിൻറെയും പീറ്ററിൻറെയും പിന്‍ഗാമികളുടെ ഒരു നിര തന്നെ കണക്കില്ലാത്ത സ്വത്തുക്കളും ആഡംബരവേഷങ്ങളും ധനവും മോഹിച്ച് ചരിത്രത്തിനു കളങ്കക്കുറി അണിയിച്ചിരിക്കുകയാണ്.

 



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...