സ്ത്രീകളെ നിയന്ത്രിച്ച് ലോകത്തു അസമാധാനവും കൊടിയ ദാരിദ്ര്യവും പട്ടിണിയും വരുത്തുകയെന്നത്, സഭയുടെ കാഴ്ചപ്പാടാണ്. എന്നാൽ ഇന്നു ലോകത്ത് അനേക കത്തോലിക്കർ, സഭയുടെ അഭിഷിക്തരെക്കാളും
വിവേകമുള്ളവരാണ്. ഗർഭനിരോധനത്തിലും കുടുംബാസൂത്രണ പരിപാടികളിലും കത്തോലിക്കാസഭ വിഭാവന ചെയ്യുന്നത് വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു പെരുപ്പിക്കുകയെന്നതാണ്.
ഏതാനും വിവേകശാലികളായ ഇറ്റാലിയൻബിഷപ്പുമാരുടെ പഠന റിപ്പോർട്ടിൽ ഇന്നത്തെ ജനനനിരക്കു കുറക്കേണ്ടത് ഭാവി തലമുറകളോട് നമ്മൾ പുലർത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിനു രണ്ടു മക്കൾവീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമെന്നും ഈ മെത്രാൻസമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്‍റെ ആയുസ്സു ദീർഘിക്കുന്നതോടൊപ്പം ജനനനിരക്കും കുറയേണ്ടതായി ഉണ്ട്. രണ്ടു വർഷത്തെ ഈ പഠനത്തിൽ ശാസ്ത്രജ്ഞരും അല്മെനികളും അനേക രാജ്യങ്ങളിൽനിന്നുമുള്ള മതനേതാക്കന്മാരും ഉണ്ടായിരുന്നു.
കുടുംബാസൂത്രണം സംബന്ധിച്ച ഈ കമ്മറ്റിറിപ്പോർട്ടിൽ, അന്നത്തെ മാർപാപ്പാ രോഷകുലനാവുകയും ചെയ്തു. കോടാനുകോടി മനുഷ്യർ ആഹാരം ഇല്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും വത്തിക്കാൻ അത്തരം പ്രശ്നങ്ങളൊരിക്കലും ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാർഗങ്ങളെയും സഭ എതിർക്കുകയും ചെയ്യുന്നു. വത്തിക്കാന്‍റെ ഈ നിലപാടു വളരെ ദുഖകരമായിട്ടുള്ള ഒന്നാണ്.
ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മതം അസാന്മാർഗികത കല്‍പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം നിരസിക്കുന്നതായിരിക്കും ഉത്തമമെന്നു അനേകർ ചിന്തിക്കുന്നു. വത്തിക്കാന്‍റെ ഈ നിലപാട് ഇന്ന് പരിഷ്കൃത രാജ്യങ്ങൾ ഗൌനിക്കാറില്ല. ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വത്തിക്കാന് ഇന്നും നല്ല സ്വാധീനമുണ്ട്. ഗർഭത്തിൽ ശിശുക്കളെ കൊല്ലുന്നതു പാപമെന്നതിൽ വത്തിക്കാനോട് യോജിക്കാം. എന്നാൽ ആധുനിക ഗർഭനിരോധക മാർഗങ്ങൾക്കു വത്തിക്കാൻ തടസ്സം നിൽക്കുന്നതിൽ യാതൊരു യുക്തിയുമില്ല.
മാർപാപ്പാമാരുടെ തെറ്റാവരത്തിന് ഇവിടെ തെറ്റു പറ്റിയെന്നു വേണം അനുമാനിക്കുവാൻ. ഇറ്റലിയും മാർപാപ്പയുടെ നയങ്ങൾക്കെതിരേ കുടുംബാസൂത്രണ പദ്ധതികൾ വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിരുന്നു. തദ്‍ഫലമായി 1982 കാലഘട്ടത്തിൽ, 2,34,800 ഗർഭ അലസിപ്പിക്കലുകൾ ഇറ്റലിയിൽ നടത്തിയെങ്കിൽ, 1992 ലെ ഗർഭം അലസിപ്പിക്കലുകൾ, ആ രാജ്യത്തു 1,55,200 ആയി കുറയ്ക്കുവാനും സാധിച്ചു. അതിനു കാരണം ആധുനിക ഗർഭ നിരോധക മാർഗങ്ങളായിരുന്നു . ഇറ്റലി ഇന്നു ജനന നിരക്ക് കുറച്ചെന്നു മാത്രമല്ല രാജ്യത്തു ജനസംഖ്യ കുറഞ്ഞതുകൊണ്ടു ജനന നിരക്ക്, കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.
ജനസംഖ്യാ നിലപാടിൽ സഭ ഇറാനിലെ മുള്ളാമാരെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്. മത വ്യത്യാസങ്ങൾ മറന്ന് ഈ രണ്ടു വിശ്വ മതങ്ങളും ഒത്തു സ്ത്രീയെ നികൃഷ്ടമായി കരുതുന്നു. സ്ത്രീയെന്നു പറഞ്ഞാൽ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറിയെന്ന് ഇസ്ലാമിക നേതാവായ ഹമാസിന്‍റെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്.
എക്കാലവും പുരുഷൻ അടക്കി ഭരിക്കുന്ന ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ഇസ്ലാമും അതുപോലെ തന്നെ. രണ്ടു മതങ്ങളും ലോകമെമ്പാടും സ്ത്രീകളെ അടക്കി വാഴുന്നു. കുടുംബാസൂത്രണ ഗർഭ നിരോധക മാർഗങ്ങളെ രണ്ടു മതങ്ങളും എതിർക്കുന്നു. മതം പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതിൽ സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകിൽ പുരുഷൻ സ്ത്രീയുടെ മസ്തിഷ്കത്തിൽ ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കിൽ പുരുഷനില്ലാതെ സ്ത്രീ സുരക്ഷയല്ലെന്നു അവള്‍ക്കുള്ള തോന്നലാകാം.
ഗർഭം അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കിൽ ചെയ്യരുത്. കാരണം അതു ജീവിതത്തില്‍ പിന്നീട് മാനസികവിഭ്രാന്തിയുണ്ടാക്കും. എന്നാൽ വിശപ്പിൻറെ ലോകത്ത് മറ്റുകുടുംബാസൂത്രണപദ്ധതികളെ എന്തുകൊണ്ടു വത്തിക്കാൻ എതിർക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും വിവാഹംചെയ്യാത്ത, ഗർഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതർക്കും പോപ്പിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല. ക്രിസ്ത്യാനികളായ സ്ത്രീകൾ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ ഉദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തിൽ
ഉള്ള ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാൽ
പാപമില്ലെന്നു ചില വചനവാദികൾ വാദിക്കുന്നതു കാണാം. കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളാക്കി ജനങ്ങളെ നിയന്ത്രിച്ചു പണം ഉണ്ടാക്കുകയെന്നുള്ളതും ചരിത്രപരമായ ഒരു സത്യമാണ്. ആധുനിക യുഗത്തിൽ സ്ത്രീകൾ സഭയുടെ ഉപദേശങ്ങൾ ശ്രവിക്കാറില്ല. സ്ത്രീകളും സഭയുടെ ഉദ്ദേശശുദ്ധിയെന്തെന്നു തിരിച്ചറിയുവാൻ തുടങ്ങി.
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്‍റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കുവാൻ സാധിക്കും. പക്ഷേ മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നതിൻറെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്‍ഡകോശത്തിലെത്താതെ എങ്ങനെ ജീവൻ തുടിക്കും.
വിവേകമുള്ള മനുഷ്യൻ ലോകം മുഴുവൻ വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന പട്ടിണിരാജ്യം പോലെയാവണോ? മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽകാലത്ത് ഗർഭനിരോധക ഉപായങ്ങൾ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന് എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമർത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.
അടുത്തകാലത്തു ഗർഭനിരോധന ഗുളികകൾ സംബന്ധിച്ച് വത്തിക്കാൻവക രസകരമായ ഒരു വാർത്ത ഉണ്ടായിരുന്നു. ഇത്തരം ഗുളികകൾ പരിസ്ഥിതി അശുദ്ധമാക്കുമെന്നായിരുന്നു വത്തിക്കാൻ കണ്ടുപിടിത്തം. സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ തെളിവുകൾ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകൾക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നും ഒരു വത്തിക്കാൻപത്രം വാർത്തയിൽ പ്രസിദ്ധീകരിച്ചു. തന്മൂലം പ്രകൃതി മുഴുവൻ ഹോർമോണുകൾ നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങൾ പ്രകൃതിയെ മലിനമാക്കുമെന്നും വത്തിക്കാന്‍റെ നിഗമനങ്ങളിലുണ്ട്.
കന്യാസ്ത്രികൾ ആരോഗ്യസംരക്ഷണത്തിനു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് ഇന്നു വാർത്തകളിൽ വിവാദപരമായ ഒരു ചർച്ചാവിഷയമാണ്. തീർച്ചയായും ഈ ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികൾക്കെതിരെ ഈ ഗുളികയുടെ പേരിൽ ലോകം ശബ്ദം ഉയർത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവർക്കു മക്കൾ ഇല്ല. മക്കളില്ലാത്ത സ്ത്രീകൾക്ക് കൂടെകൂടെ ആർത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാൻസറിന്‍റെ സാധ്യതകളും വർധിക്കും. ഗർഭനിരോധനൗഷധ കമ്പനികൾ കോടികൾ ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു ആരോപണം. രക്തം കട്ടിയായെക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു.
കണക്കനുസരിച്ചു ലോകത്തിലുള്ള ഒരു ലക്ഷത്തോളം കന്യാസ്ത്രികൾക്ക് തങ്ങളുടെ ചാരിത്രം കാത്തു സൂക്ഷിക്കുന്നതിനു കടുത്ത വില നല്‍കേണ്ടിവരുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാറിടങ്ങളിലും ഗർഭപാത്രത്തിലും ബീജകോശങ്ങളിലും കാൻസർ സാധ്യതയേറെയാണ്. സഭ ഗർഭ നിരോധ ഗുളികകൾ സൌജന്യമായി വിതരണം ചെയ്‌താൽ ഇരുപതു ശതമാനംവരെ മരണനിരക്കു കുറയ്ക്കാമെന്നാണ് ശാസ്ത്രറിപ്പോര്‍ട്ടുകൾ.
1968മുതൽ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാൻ എതിർത്തിരിക്കുകയാണ്. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യ പ്രശ്നമാണ്. ജീവന്‍റെയും പ്രശ്നമാണ്. ഗർഭനിരോധന ഗുളികകൾ ഡോക്ടർമാര്‍ നിർദേശിക്കുന്നുവെങ്കിൽ ഭൂമിയിലെ ഒരു തിരുമേനിമാർക്കും എതിർക്കുവാൻ അവകാശമില്ല.
അമേരിക്കയിലുള്ള ഫീനിക്സിലെ ബിഷപ്പ് ഒമ്സ്റ്റഡ് (Olmsted ) ഭ്രൂണഹത്യ നടത്തിയ ഡോക്ടറെയും സഹായിച്ച ഒരു കന്യസ്ത്രിയെയും സഭയിൽനിന്നു പുറത്താക്കിയതു കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങൾ പാലിക്കുവാൻ സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ നയങ്ങൾ പരാജയപ്പെട്ടു. അതിനാൽ പ്രസ്തുത ഹോസ്പിറ്റൽ ഇനി മേൽ ഒരു കത്തോലിക്കാസ്ഥാപന പദവിയിൽ തുടരുന്നില്ല എന്നായിരുന്നു ഇടയ ലേഖനത്തിന്‍റെ സാരം. മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ ആ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിച്ചതിലുള്ള പ്രതികരണമായിരുന്നു ഈ ഹോസ്പിറ്റൽ പൂട്ടുവാനുള്ള കാരണം.
ഈ ഗർഭം അലസിപ്പിക്കൽ, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിൻറെ ഭരണാധികാരി എന്ന നിലയിലാണ്, മാക്ബ്രൈഡു എന്ന കന്യാസ്ത്രി സഹോദരി തന്‍റെ സമ്മതപത്രം നല്‍കിയത്. കർമ്മനിരതയായി സ്വന്തംജോലി നിർവഹിക്കുവാനായി സഭ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി ജനിച്ചുവീണ വിശ്വാസത്തിൽനിന്നു പുറത്താക്കുകയായിരുന്നു.
ഒമ്സ്റ്റഡ് എന്ന ഈ ബിഷപ്പിന്‍റെ പേരിൽ അഴിമതി ആരോപണങ്ങൾ അനേകമുണ്ട്. ഇദ്ദേഹം പള്ളിയിലെ അമ്പതിനായിരം ഡോളർ സ്വവർഗ രതികളുടെ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന കൊടുത്തതിൽ ഇടവകാംഗങ്ങൾ അമർഷരാണ്. ഈ പ്രശ്നം ദേശീയ തലത്തിലും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതഭ്രാന്തന്മാർ ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്റ്റേഴ്സിനും മാനേജുമെൻറിനും ജോലി നഷ്ടമാകുമെന്ന ഭയത്താൽ അനേകരുടെ ജീവനെ ബലി കഴിക്കേണ്ടിവരുന്നു. കത്തോലിക്കാ സ്ഥാപനങ്ങളിൽ ഗർഭിണികൾ ഓപ്പറെറ്റിന്ഗ് (operating) ചേമ്പറിൽ മരണമേറ്റു വാങ്ങുന്നത് ദിവസം തോറും ഉള്ള കാഴ്ചകളാണ്.
ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ ചിന്തിക്കുന്നത് ഇങ്ങനെ, ഒരുവന്‍റെ സന്താന ഉത്ഭാതന കാര്യങ്ങളിൽ സ്വയം അനിയന്ത്രിതമായി തീരുമാനം എടുക്കുവാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത് ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവൻ എന്ന് ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയിൽ പതിക്കുന്ന നിമിഷം മുതൽ ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവൻ രൂപാന്തരപ്പെടുന്നത് ആർക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.
ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തിൽ എന്തും ചെയ്യുവാൻ അവകാശമുണ്ടെന്നും ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പറയും. ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗർഭിണിയാവുകയാണെങ്കിൽ ആ കുഞ്ഞിനെ ഇല്ലാതാക്കുവാൻ അവൾക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗർഭത്തിൽ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കിൽ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവൻ കഷ്ടപ്പെടുത്തണം. കൃഷിഭൂമികൾ ആവശ്യത്തിനില്ല. കുടിക്കാൻ കുടിവെള്ളം ഇല്ല. എന്തിന് ഇങ്ങനെയുള്ള ഭൂമിയിൽ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ആവശ്യത്തിലധികം ക്ഷണിക്കണം.
മനുഷ്യജീവനെ നിലനിർത്തേണ്ടതു സർക്കാരിന്‍റെ ചുമതലയാണെന്ന് ഗർഭം അലസിപ്പിക്കുന്നതിനെ എതിർക്കുന്നവർ ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവർ ചെവി കൊള്ളുകയില്ല.
ജനിക്കുവാൻ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതൽ ഹൃദയതുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗർഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്നു. ഗർഭസ്ഥശിശുവിനു മനുഷ്യാവയവങ്ങൾ പല ഘട്ടങ്ങളിൽ രൂപപ്പെടുന്നു. വേദനകളും ബോധവും പല ഘട്ടങ്ങളിൽ ആണ് ഗർഭസ്ഥശിശുവിൽ കാണുന്നത്. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല ഘട്ടങ്ങളിൽ ആണ് പൂർണ്ണനായ മനുഷ്യനും ആകുന്നത്.
നീ ഗർഭിണിയാകുമ്പോൾ മറ്റൊരു ശരീരം നിന്‍റെ ഉദരത്തിൽ ജനിക്കുന്നു. അതിനെ നശിപ്പിക്കുവാൻ നിനക്ക് അവകാശമില്ല. ഉദരത്തിൽ ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാൽസംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തിൽ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കിൽ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്.
ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാൻ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാൻ നിനക്ക് എന്ത് അവകാശം. ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാൻ വെള്ളമോ ഇല്ലെങ്കിൽ ഭൂമിയിൽ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരിൽ കുഞ്ഞിനെ കൊല്ലണം.
പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഒരു പ്രശ്നത്തിന് ഐകരൂപ്യം നൽകുവാൻ സാധിച്ചതിൽ ഒബാമയെ ചരിത്രത്തിൻറെ ഒരു സുവര്‍ണ്ണ നക്ഷത്രമായി അമേരിക്കയിലെ പ്രമുഖപത്രങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നു.അമേരിക്കയുടെ ആരോഗ്യ സുരക്ഷാപദ്ധതി അനുസരിച്ച് സ്ത്രീകളുടെ ഗർഭാധാന പ്രതിരോധനത്തിനുള്ള ചെലവുകൾ കത്തോലിക്കാ മതസ്ഥാപനങ്ങൾ വഹിക്കേണ്ടതില്ല. സ്ത്രീകളുടെ അനാവശ്യ ഗർഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു സ്ഥാപനങ്ങളുടെ ഇൻഷുറൻസ് കമ്പനികൾ വഹിക്കണം. സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്‍പ്പിക്കുന്ന പക്ഷം മാത്രമാണ് ഇന്‍ഷുറൻസ് കമ്പനികൾ ഗർഭസുരക്ഷാ മാർഗങ്ങൾക്കായുള്ള ഈ ചെലവുകൾ വഹിക്കേണ്ടത്.
അങ്ങനെ ഒബാമാ ഭരണകൂടത്തിനു സ്ത്രീകളുടെ സ്വന്തം ശരീരത്തിൻറെ അവകാശങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ നയങ്ങള്‍ക്കുമിടയിൽ കണ്ടെത്താത്ത ഒരുകണ്ണി യോജിപ്പിക്കുവാനും സാധിച്ചു. ഇവിടെ സഭയാണോ ഒബാമാ ഭരണകൂടമാണോ ശക്തി തെളിയിച്ചതെന്നു തീരുമാനിക്കേണ്ടത് അമേരിക്കന്‍ പൊതുജനമാണ്. ഭീമമായ ഇന്‍ഷുറന്‍സ് ചെലവുകളില്‍നിന്നും ഒഴിവാക്കിയതു കത്തോലിക്കാസഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ ഒരുവിജയം കൂടിയാണ്. സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും അത്മീയതയെക്കാളുപരി പണമാണല്ലോ.
സഭയ്ക്കും യാഥാസ്ഥിതികരായ രാഷ്ട്രീയക്കാർക്കുമിടയിലുള്ള കാഴ്ചപ്പാടുകൾക്ക് ഒരു ഒത്തുതീർപ്പെന്ന് ഒബാമയുടെ ഈ പ്രഖ്യാപനത്തെ കരുതാം. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയാണ്. ചെലവുകൾ നികത്തുവാൻ ഇൻഷുറൻസ് കമ്പനികൾ പ്രീമിയംവർധിപ്പിച്ചാൽ സഭാസ്ഥാപനങ്ങൾക്ക് അധിക ചെലവുകൾ വരുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.
അബോര്‍ഷന്‍ ഇൻഡ്യൂസിന്‍ങ് ഡ്രഗ് (abortion Inducing drug) കത്തോലിക്കാ സ്ഥാപനങ്ങളുള്‍പ്പടെ ഇന്നു അമേരിക്കയില്‍ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ നിയമ പ്രാബല്യത്തിലുണ്ട്. ഈ നിയമം തൊഴില്‍ദാതാവും തൊഴില്‍ചെയ്യുന്നവരും തമ്മിലാണ്. തൊഴില്‍സ്ഥാപനങ്ങളുടെ മതവിശ്വാസത്തിനുപരി തൊഴില്‍ചെയ്യുന്നവര്‍ക്കു ഗര്‍ഭനിരോധന, അബോര്‍ഷന്‍ ഇൻഡ്യൂസിന്‍ങ്ഡ്രഗ് (abortion Inducing drug) മുതലായവകള്‍ക്കു സൌജന്യ ഇന്‍ഷുറൻസ് കൊടുക്കണമെന്നാണ്, വ്യവസ്ഥ. Co-Payment സഹിതം ഇന്നും കത്തോലിക്കാസ്ഥാപനം ഉള്‍പ്പടെ ഈ നിയമം ഈ രാജ്യത്തു നിലവിലുണ്ട്.
അമേരിക്കയിലും കത്തോലിക്കാ ബിഷപ്പുമാർ ഇറാനിയന്‍ മുള്ളാമാരെക്കാള്‍ തരം താണവരാണ്. മതാധിപത്യം അമേരിക്കയിലും ഒരു ദുഃഖസത്യം തന്നെ. ഗർഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്കു പൊതുജനം ഒരുവിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്‍ ഗര്‍ഭധാരണനിരോധന ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്.
ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്‍ അദ്ദേഹം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല സമര്‍പ്പിച്ചിട്ടും ബിഷപ്-കര്‍ദ്ദിനാള്‍ അച്ചുതണ്ടുകള്‍ക്കു തൃപ്തിവരുന്നില്ല. ഒത്തുതീര്‍പ്പു കല്‍പ്പിച്ചതു ഇങ്ങനെ. കുടുംബാസൂത്രണ നിരോധകങ്ങള്‍ക്കു ജോലി ചെയ്യുന്നവർക്കു നിര്‍ബന്ധിതമായി സൌജന്യഇന്‍ഷുറന്‍സ് നല്‍കണം. നിലവില്‍ കോപെയ്മെൻറ് സഹിതം ഇരുപത്തിഎട്ടു സംസ്ഥാനങ്ങളിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ്
എടുക്കുവാന്‍ നിര്‍ബന്ധിതരല്ല. എന്നാൽ അതാതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാൾ ആവശ്യപ്പെട്ടാല്‍, ജോലിഉടമ സൌജന്യ ഇന്‍ഷുറൻസ് കൊടുക്കുവാനും ബാധ്യസ്ഥനാണ്. ആര്‍ക്കും ഈ സൌജന്യ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ പാടില്ലായെന്നും പുരോഹിതര്‍ വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍ തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്ന് പുരോഹിതര്‍ ചിന്തിക്കുന്നില്ല.
അമേരിക്കയുടെ ഭരണഘടനാ ഭേദഗതിയനുസരിച്ച് ഈ
നിയമം പ്രായോഗികമാവുമെന്നു തോന്നുന്നില്ല.കത്തോലിക്കാ സ്ഥാപനങ്ങൾക്കു
മാത്രമായ ഒബാമയുടെ ഈ തീരുമാനം അമേരിക്കൻ പൌരന്മാരുടെ തുല്യ അവകാശങ്ങളുടെ അതിക്രമിക്കലായി നിയമകോടതികൾ കരുതും.
ഒരു പ്രത്യേക മതവിഭാഗത്തിനായുള്ള ഈ
സൌജന്യത്തിനെതിരായി
സാമ്പത്തികഭാരം
വഹിക്കുന്ന ഇൻഷുറൻസ്കമ്പനികൾ ഇതിനെതിരെ കേസ്
ഫയല്‍ ചെയ്യുമെന്നുറപ്പാണ്. ഒരു ജോലിക്കാരനും മതത്തിന്‍റെ പേരിൽ
വിവേചനം പാടില്ലായെന്നുള്ള
നിയമം നിലനിൽക്കെ
അവിടെ ഒബാമ യാഥാസ്ഥിതികരായ കത്തോലിക്കരുടെയിടയിൽ ഒരു
പുകമറ സൃഷ്ടിച്ചുവെന്നുമാത്രം. ഗർഭനിരോധകങ്ങൾ അവിഹിത ഗർഭങ്ങൾ, അലസിപ്പിക്കൽ, പ്രസവങ്ങളെക്കാൾ ലാഭമെന്നാണ് ഇൻഷുറൻസ് കമ്പനികൾ കണക്കു
കൂട്ടുന്നത്.
ദാരിദ്ര്യത്തിനെതിരെ പൊരുതുവാൻ വത്തിക്കാനു സമയമില്ല. ഒബാമയുടെ ജനോപകാരപ്രദമായ ആരോഗ്യ സുരക്ഷാപദ്ധതികളെ തകർക്കുവാൻ അമേരിക്കയിലെ പുരോഹിത ലോകം രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാൽ ജനമുണ്ടോ ഇവരെ ശ്രവിക്കുന്നു. തോന്ന്യാസങ്ങൾ കളിച്ച് ഇവർക്കായി പൊരുതുവാൻ അമേരിക്കൻ ഐക്യനാടുകളിൽ വിശ്വാസികളില്ലെന്നായി.
No comments:
Post a Comment