കത്തോലികാ സഭയെ
അപമാനിക്കുന്നത് ഇന്നു വ്യക്തികളുടെയും പല പ്രസ്ഥാനങ്ങളുടെയും
വിനോദമായിരിക്കുന്നു. ഈ പരിഹസിക്കലിനുള്ള കാരണങ്ങള്‍ വളരെ വ്യക്തമായി
സഭക്കുമറിയാം. ഇത്തരം സ്ഥിതിവിശേഷം വളരെ പരിതാപകരമാണ്. സമൂഹത്തിന്‍റെ ഈ നീരസത്തിനു
കാരണം ആഗോള കത്തോലിക്കാ സഭയിലുള്ള അഴിമതികളില്‍ സഭ അന്ധമായി
കണ്ണടക്കുന്നതുകൊണ്ടാണ്. ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളായ യേശുവിന്‍റെ
കുരിശുമരണവും ഉയര്‍പ്പും നിഷേധിച്ചുകൊണ്ടുള്ള യഹൂദരുടെ പ്രചരണം അപ്പോസ്തോലികകാലം
മുതല്‍ ആരംഭിച്ചതാണ്. ക്രിസ്തീയ വിശ്വാസങ്ങളെ ഞെരുക്കികൊണ്ടുള്ള ഇവരുടെ പ്രചാരണ തന്ത്രങ്ങള്‍
തുടരുന്നു. ആഗോള വാര്‍ത്താമാധ്യമങ്ങള്‍ മൊത്തം യഹൂദന്‍റെ നിയന്ത്രണത്തിലായതുകൊണ്ട്
എന്തുമെഴുതി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാന്‍ ഇവര്‍ക്കു സാധിക്കുന്നുമുണ്ട്.
ഓരോഅഞ്ചു നിമിഷങ്ങളിലും ലോകത്താകമാനം വിശക്കുന്ന വയറുകള്‍ മരിച്ചു വീഴുമ്പോള്‍
ബാലികാബാലന്മാരെ പീഡിപ്പിക്കുന്നവൈദികരെ വത്തിക്കാന്‍ പണത്തിന്‍റെ സ്വാധീനത്തില്‍
രക്ഷപെടുത്തുന്നു. ഇത് വിശ്വാസികളുടെ പണം കൊണ്ടാണെന്നു കാണണം.
വത്തിക്കാന് ഇതൊന്നും പ്രശ്നമല്ല.
ജീസസിന്‍റെ ഉയർപ്പു
മരണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സ്മാരകങ്ങളെല്ലാം വിദഗ്ദ്ധരെക്കൊണ്ട് കണ്ടെത്തിക്കലുകൾ
പച്ചകള്ളങ്ങളാണെന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും. ഇന്നു
ബിഷപ്പുമാര്‍ സ്ത്രീസ്വാതന്ത്ര്യത്തിന് എതിരായി സ്ത്രീകളുടെ ആരോഗ്യത്തെ
ബാധിക്കുന്ന വിപ്ലവങ്ങളിലാണ്. അവര്‍ വിജയിക്കുകയാണെങ്കില്‍ ഗർഭനിരോധന ഉറ (condom) ഉപയോഗിക്കാത്തതു
മൂലം കോടികണക്കിനു സ്ത്രീകള്‍ ഗര്‍ഭം അലസിപ്പിക്കേണ്ടിവരും. പലര്‍ക്കും ഗര്‍ഭഛിദ്രം
നടത്തുവാന്‍ ഇന്‍ഷുറന്‍സ് കാണുകയില്ല. അങ്ങനെ ഇവരെയും ജനിക്കുന്ന കുഞ്ഞുങ്ങളെയും
കൊടിയ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്യാം. ഇത് സ്ത്രീകള്‍ക്കും അവരുടെ
കുടുംബങ്ങള്‍ക്കും എതിരായ യുദ്ധമാണ്.
A Very Harold & Kumar 3D ഹോളിവുഡ് സിനിമാ
കത്തോലിക്കാസഭയെ മൊത്തം അധിക്ഷേപിച്ചുള്ളതാണ്. കത്തോലിക്കാ മതത്തെയല്ല
സഭക്കുള്ളില്‍ തിരുമേനിമാരും പാതിരികളും കളിക്കുന്ന ചില കുസൃതി തമാശകളാണ് ഈ
പടമെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജീസസിനെ അവഹേളിച്ച സ്ഥാനത്ത് ഒരു യഹുദ
പ്രവാചകനെയോ, ഇസ്ലാം പ്രവാചകനെയോ അവഹേളിച്ചിരുന്നുവെങ്കിൽ ഹോളിവുഡും
നിര്‍മ്മാതാക്കളും ഗുരുതരമായ പ്രശ്നത്തില്‍ ആകുമായിരുന്നു. അമിതമായ ലൈംഗിക പ്രദര്‍ശനത്തോടൊപ്പം
കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളാണ് അധികവും.
ഹോളിവുഡ് എന്തു
വികൃതി കാണിച്ചാലും പരിശുദ്ധ പണത്തിനു യാതൊരുകുറവും വരുകയില്ല. കുടുംബാസൂത്രണ
പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്നതു മൂലം മാരക രോഗങ്ങള്‍ പകരുന്നതിലും വത്തിക്കാന്
ആശങ്കയില്ല.ലൈംഗിക മാരകരോഗങ്ങള്‍ പകരുവാന്‍ വന്‍കിട മരുന്നുവ്യവസായികളുടെ വീതം
ലഭിക്കും. കമ്മ്യുണിസം തകര്‍ക്കുവാന്‍ യുദ്ധോപകരണങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന
കമ്പനികളുടെ പണവും ബാങ്ക് നിക്ഷേപമായി വരും. ഒരു ആസ്പിരിന്‍ പോലും മേടിക്കുവാന്‍ പാവപ്പെട്ടവനു പണമില്ലാത്തപ്പോൾ കുട്ടികളെ
ദുരുപയോഗം ചെയ്യുന്നവരെ സകലവിധ നിയമ പരിരക്ഷകളും ധനവുംനല്‍കി സഹായിക്കുവാന്‍
വത്തിക്കാന്‍ എന്നും മുമ്പിലുണ്ട്.
ലൈംഗികതയുടെ ഗ്രാഫിക്കുകൾ, നഗ്നത, കൌമാരക്കാരന്‍റെ മയക്കുമരുന്ന് ഉപയോഗം, അശ്ലീല ഭാഷകൾ, എല്ലാം സന്മാർഗചിന്തകൾക്ക് എതിരാണ്. ഒരു ഭാഗത്തു സ്വർഗത്തിൽനിന്നു ജീസസിനെ വേശ്യകളുടെ കൂടെ ചിത്രീകരിക്കുന്നു. മറ്റൊരു രംഗത്ത് ബിഷപ്പിന്‍റെ മൂക്കിനിട്ട് ഇടിക്കുന്നു . പിന്നെ പുരോഹിതരെയും അവരുടെ അൾത്താര ബാലന്മാരെയും തല്ലുന്ന രംഗവും. ക്രിസ്തുമസിനെയും സാന്താക്ലുസ്നെയും ഒക്കെ അവഹേളിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു.
മാറു മറയ്ക്കാത്ത സ്വവർഗരതിക്കാരായ കന്യാസ്ത്രികൾ, ബാലപീഡക്കായി കുട്ടികളെ അച്ചന്മാർ ഓടിക്കുന്ന രംഗങ്ങൾ, ജീസസ് ഒരു ബാറില്‍ ഇരുന്നു അർദ്ധനഗ്നരായ കന്യാസ്ത്രികളുമായി മദ്യം കഴിക്കുന്നതെല്ലാം ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ്. ഈ നിന്ദകൾ ഇസ്ലാമിക രാജ്യത്തിലെ ഒരു മുള്ളായെയോ അവരുടെ പ്രവാചകരെയോ അഥവാ, മുള്ളാ പിള്ളേരെപ്പിടിക്കുവാൻ ഓടുന്നതോ മുസ്ലിം പെണ്ണുങ്ങളെ മാറു മറക്കാതെയോ
ഒക്കെയായി കാണിക്കുവാൻ ഹോളിവുഡ് ധൈര്യപ്പെടുമോ?
ക്രിസ്ത്യന്‍
ലോകത്തെ ഞെട്ടിക്കുന്ന ഒരുചിത്രമാണ് 'ഡാവഞ്ചികൊട്'. ഇതു
തിരുവത്താഴത്തെ സൂചിപ്പിക്കുന്നു. ഇതിനെ ആധാരമാക്കി രചിച്ച നോവലും ഏറ്റവും കൂടുതല്‍
വിറ്റഴിച്ച ഒരു വിവാദ പുസ്തകം കൂടിയാണ്. ഈ തിരുവത്താഴ ചിത്രത്തില്‍ യേശു,മേരി മഗ്ദാലനായെ വിവാഹം
കഴിച്ചുവെന്നു സൂചിപ്പിക്കുന്നു. യേശുവിന്‍റെ വലത്ത് ഭാഗത്തെ ചിത്രം യോഹന്നന്‍റെയല്ല, മേരി
മഗ്ദാലനായുടെതെന്നാണ് വാദം. ജീസസ് ദൈവമല്ല വെറും മനുഷ്യനെന്നാണ് ഈ പുസ്തക
ഉള്ളടക്കം.
മേരി മഗ്ദാലനയെ ദൈവസ്ത്രീയായി
ആരാധിക്കുന്ന ഒരു വര്‍ഗമുണ്ട്. മേരി മഗ്ദാലനായെ യേശു ഗര്‍ഭിണിയാക്കിയെന്നും
അവരിലുണ്ടായ ഒരു പെണ്‍കുട്ടിയുടെ വംശാവലി ഇന്നു യൂറോപ്പിലെ പ്രമുഖ
കുടുംബങ്ങളാണെന്നും അവകാശപ്പെടുന്നു. ബൈബിള് കൂട്ടി യോജിപ്പിച്ചു പുസ്തകമാക്കിയത്
ഒരു റോമന്‍ പേഗന്‍ ചക്രവര്‍ത്തിയായിരുന്നുവെന്നും ഡാവിഞ്ചികൊട്‍ സൂചിപ്പിക്കുന്നു.
സുവിശേഷങ്ങള്‍ എല്ലാം അതാതു കാലങ്ങളില്‍ കാലത്തിനു അനുസരിച്ചു മാറ്റി
എഴുതിയതാണെന്നും നാലാം നൂറ്റാണ്ടുവരെ ജീസസിനെ ദൈവമായി കരുതിയിരുന്നില്ലന്നുമാണ്
ഈ നോവലില്‍ പറഞ്ഞിരിക്കുന്നത്.
ആദികാലങ്ങളിലെ
സുവിശേഷങ്ങളില്‍ ക്രിസ്തീയ സഭകളെ പീറ്റര്‍ അല്ല മേരി മഗ്ദാലനാ നയിച്ചുവെന്നു
നോവലില്‍ സൂചിപ്പിച്ചിട്ടുണ്ട്. Priory of Sion എന്ന ഒരുസഭ ഇന്നും മേരിമഗ്ദാലനായെ
ദൈവമായി കരുതുന്നു. ആദിമസഭയിലെ ക്രിസ്തുവിന്‍റെ അനുയായികളെ കത്തോലിക്കാ സഭ
രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനു കൊന്നോടുക്കിയിട്ടുണ്ടെന്നും എഴുതിയിട്ടുണ്ട്.
യേശുവിന്‍റെ
അന്ത്യഅത്താഴത്തിലെ ചിത്രദൃശ്യം കമ്മ്യൂണിസ്റ്റു പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതു
ബിഷപ്പ്മാരെയും കേരള കത്തോലിക്കരെയും ചൊടിപ്പിച്ചത് അടുത്തകാലത്താണല്ലോ. ഒരു
ചിത്രത്തിന്‍റെപേരില്‍ കന്യാസ്ത്രികളും അച്ചന്മാരും തെരുവില്‍ ഇറങ്ങി ക്രിസ്ത്യന്‍
സഭകളെ അവഹേളിക്കുന്നതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല. കൊച്ചുകുട്ടികള്‍ക്കു
പോലും ഇന്റര്‍നെറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയാം. ഇത്തരം സഭാവിരുദ്ധമായ
അനേകം ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍മാധ്യമങ്ങളിലും സീ.ഡി. കളിലുമുണ്ടെന്നതു പുരോഹിതര്‍
മറക്കുന്നു.
മെത്രാന്മാരും അച്ചന്മാരും നിസ്സാര കാര്യങ്ങൾക്കായി തെരുവിൽ ഇറങ്ങി സഭയെ കളങ്കപ്പെടുത്തുന്നത് ദുഖകരമായ ഒന്നാണ്. സഭയെ ദൂഷിച്ചുകൊണ്ടുള്ള അബദ്ധ പ്രചാരണങ്ങൾക്കെ മെത്രാൻമാരുടെയും അച്ചന്മാരുടെയും പ്രകടനങ്ങൾ സഹായകമാകുകയുള്ളൂ. പുരോഹിതരുടെ വിലകുറഞ്ഞ ഇത്തരം പ്രകടനങ്ങൾ യുവതലമുറയെ സത്യംതേടിയുള്ള ഗവേഷണങ്ങൾക്ക്
ഉത്തേജനം നല്കുവാനും പ്രേരണ നല്കും. ക്രിസ്തീയ രാജ്യങ്ങൾ സഭയുടെ വിരോധാഭാസങ്ങൾ നിറഞ്ഞ പുസ്തകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥിതിക്ക് കേരളാ സഭയിൽ ഇത്തരം ഒച്ചപ്പാടുകൾകൊണ്ട് പ്രയോജനം ലഭിക്കുകയില്ല.
2011 ഡിസംബറിൽ യേശുവിനെ അവഹേളിച്ചുകൊണ്ട് ബോളിവുഡും ബോംബയിൽ സിനിമായിറക്കിയിരുന്നു. ശക്തമായ പ്രതിഷേധംമൂലം ഈ സിനിമാ നിര്മ്മിച്ചവരുടെ പേരിൽ നടപടികൾ എടുത്തു കേസ് രജിസ്റ്റർ ചെയ്തു നിർമ്മാതാക്കളെ അറസ്റ്റും ചെയ്തിരുന്നു. സിനിമയിൽ ക്രൂശിതനായ യേശുവിനെ ഒരാൾ പുറകിൽ നിന്നു കുത്തുന്നതും തിന്മയുടെ വിജയമെന്ന് കല്ച്ചുണ്ണാമ്പിൽ എഴുതുന്നതായും കാണിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്ത സത്യത്തെ അറിയുക, നിങ്ങളുടെ യേശു ആരാണെന്ന് ഞങ്ങൾ കാണിച്ചു തരാമെന്നു ചുവർ പരസ്യങ്ങളും ഉണ്ടായിരുന്നു. യേശുവിനെ തല കീഴായി കുരിശിൽ തറച്ച് ഒരാൾ കുന്തംകൊണ്ടു കുത്തുന്ന രംഗവും ഉണ്ട്. ബോളിവുഡിന്‍റെ ഈ കുട്ടിക്കളികൾ ഭാരതീയ പുരോഹിത ലോകത്തെ ചൊടിപ്പിച്ചിരുന്നു. Who’s there”. എന്ന ഈ ബോളിവുഡ് ഫിലിം ക്രിസ്ത്യാനികളെ അപമാനിക്കുന്നതിനു ഹിന്ദു മൌലിക വാദികൾ കരുതികൂട്ടി നിര്മ്മിച്ചതായിരുന്നു. വര്ഗീയത വളർത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഇന്ന് അനേകം
വർഗീയശക്തികൾ ക്രിസ്ത്യൻ ജനതയിൽ സാമൂഹ്യ അസമത്വങ്ങൾ സൃഷ്ടിക്കുവാൻ ഭാരതീയ സമൂഹത്തിൽ
പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം ഡല്ഹിയിൽ ഒരു പുസ്തക പ്രസിദ്ധീകരണശാല ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയിൽ യേശു സിഗരറ്റും ഒരു ഗ്ലാസ് ബീയര്‍ കുപ്പിയുമായി നില്‍ക്കുന്ന പടം സ്കൂൾകുട്ടികൾക്കായി അച്ചടിച്ചു പുറത്തിറക്കി. അന്നു ഹിന്ദു മൌലിക വാദികളും ക്രിസ്ത്യാനികളുമായുള്ള ഏറ്റു മുട്ടലിൽ നവീകരണ സഭകളുടെ രണ്ടു പള്ളികൾ അഗ്നിക്കിരയായി. യേശുവിനെ ഒരു കറുത്ത വർഗക്കാരനായി ഹോളിവുഡ് സിനിമായിറക്കിയതിലും പ്രതിഷേധമുണ്ടായിരുന്നു. 'കളർ ഓഫ് ദ് ക്രോസ്' (Color of the Cross”) എന്നായിരുന്നു സിനിമയുടെ പേര്.
കറുത്തവനായ യേശു നായകനായി ഹോളിവുഡ് ഒരു സിനിമാ നിര്മ്മിച്ചത്
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് . ആഫ്രിക്കൻ അമേരിക്കൻ രൂപത്തിൽ ഒരു യേശുവിനെ കാണുകയെന്നതിന് കറുത്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുണ്ടായിരുന്നു. യേശു വെളുത്തവരുടെ കുത്തകയല്ലെന്നും
വിമർശനങ്ങൾക്ക് മറുപടിപറഞ്ഞും അനേക ബുദ്ധിജീവികളായ കറുത്തവരുടെ പ്രതികരണവും ഉണ്ടായിരുന്നു. ജപ്പാനിൽ യേശു ജപ്പാൻകാരനെപ്പോലെയും ആഫ്രിക്കയിൽ കറമ്പനായും അമേരിക്കയിൽ യേശു വെളുമ്പനായും ചിത്രങ്ങളില്‍
കാണുന്നു.
No comments:
Post a Comment