Monday, June 3, 2013

3.ദൈവങ്ങളും സ്വര്‍ഗവും നരകവും


ജോസഫ് പടന്നമാക്കൽ

മനുഷ്യൻ തൻറെ പ്രപഞ്ചത്തിൻറെ മായാവലയത്തിൽനിന്നും നാനാസ്വഭാവ ഗുണങ്ങളുള്ള അനേക ദൈവങ്ങളെ ഉള്‍കൊള്ളുന്നു. എല്ലാ ദൈവങ്ങളും പരമസത്യമെന്നു ചിലരും. മറ്റുചിലർക്കോ, പ്രത്യേക സ്വഭാവ ഗുണങ്ങളുള്ള ഏകദൈവത്തെയും വിശ്വസിക്കുന്നു. അല്ലെങ്കിൽ സര്‍വം ബ്രഹ്മമയമെന്ന വാദം. ദൈവത്തിന്‍റെ അസ്തിത്വം ചോദ്യം ചെയ്യുന്നവരുമുണ്ട്‌. നിന്‍റെ ദൈവം അഥവാ സര്‍വ്വ ദൈവങ്ങളും വസ്തുനിഷ്ഠമോ? ചോദ്യം ചെയ്‌താൽ മതവും പുരോഹിതരും ഒത്തുകൂടി തലവെട്ടുമായിരുന്നു. മനുഷ്യനെ എന്നും നയിച്ചിരുന്നത്  ഒരു വിശ്വാസമാണ്. ജനിപ്പിച്ച മാതാപിതാക്കളും ഒരിക്കൽ മരിക്കുന്നു. മനുഷ്യന്‍റെ ചിന്തകകൾക്കുമപ്പുറം എവിടെയോ മായാപ്രപഞ്ചത്തില്‍ പൂര്‍വ്വികരെ തേടി പൂജകളും നടത്തുന്നു. അവരുണ്ടെന്നു വിശ്വസിക്കുന്നു. അല്ലെങ്കിൽ മരിച്ചവരുടെ ആത്മാവു നമ്മുടെ ആന്തരിക മനസ്സിനക‍ത്തു വിളിച്ചു പറയുന്നതുപോലെ തോന്നും. മാസങ്ങളോളം അവർ നമ്മോടൊത്തു ജീവിക്കുന്നതായും സ്വയം അനുഭവപ്പെടും. മരണമെന്നുള്ള സത്യം മാനസികവിക്ഷോഭംകൊണ്ടുള്ള ഒരുവന്‍റെ നിഷേധം മാത്രം. മാതാപിതാക്കൾ നമ്മോടൊപ്പം ജീവിച്ചകാലവും മധുരിക്കുന്ന സ്മരണകളും അവർ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നുവെന്ന തോന്നലും, നഷ്ടബോധങ്ങളും തന്മയത്വങ്ങളായി അംഗീകരിക്കുക പ്രയാസമാണ്. ‍

ചിലര്‍ മതാചാരങ്ങളനുസരിച്ചു പിതൃപൂജ നടത്തുക സാധാരണമാണ്. അലഞ്ഞു തിരിയുന്ന പൂര്‍വികരുടെ ആത്മാക്കൾ തങ്ങളുടെ സന്താനപരമ്പരകളെ പരിപാലിക്കുന്നുവെന്നുള്ള ഒരു വിശ്വാസമാണ് ഇതിനു കാരണവും. ഈ വിശ്വാസം പുരോഹിതന്‍റെ വയറു നിറയ്ക്കുവാനുള്ള കാരണവുമായി. പൂര്‍വിക ആത്മാക്കളിൽ ചിലര്‍ ശക്തിപ്രാപിച്ചെന്നു വിശ്വാസവും വന്നു. എന്‍റെ മുത്തച്ഛൻ നിന്‍റെ മുത്തച്ഛനെക്കാളും ശക്തിയുള്ളവനാണെന്നു പറഞ്ഞ് ഒരു മത്സരഓട്ടം.

ഏകാന്തമായ രാത്രികാലങ്ങളിലും ഇടിയും മിന്നലുമുള്ള വേളയിലും ഉറക്കത്തില്‍നിന്നുണരുന്ന സമയം സ്വന്തം ഭവനത്തിനു വിള്ളലേറ്റുവെന്നും ആരുടെയോ കാലൊച്ചകള്‍ കേള്‍ക്കുന്നുവെന്നും തോന്നും. അനുഭവപ്പെടും. ചിലപ്പോൾ ഒരു മനുഷ്യന്‍റെ രൂപംപോലെ നിഴൽ കാണാം. മനസ്സിലെ വികാരങ്ങളെ പരിചിന്തനം ചെയ്യുന്ന പ്രതിബിംബങ്ങളാണീ തോന്നലുകള്‍. കാണപ്പെടാത്ത കാരണമായി ഭവിച്ച ഈ പ്രവര്‍ത്തനസംഘത്തെ ഭൂതപ്രേതാത്മാക്കളുടെ കഥകളായി അമ്മയും കുഞ്ഞും പങ്കുവെക്കുവാനും തുടങ്ങി. മരിച്ചുപോയ പൂര്‍വികരുടെ വീരകഥകളും കുഞ്ഞ് അറിയുവാന്‍ തുടങ്ങി. അവൻ ‍വിവേകമുള്ളവനായി വളര്‍ന്നെങ്കിൽ ആദാമിന്‍റെ അസ്ഥിയെല്ലുകാര്യവും മോശെ ജനങ്ങളെ നയിച്ചപ്പോൾ സമുദ്രം മാറിയ കഥയും മന്നാ ആകാശത്തില്‍നിന്നു പെയ്തകാര്യവും ഭൂതങ്ങളും മാലാഖമാരുമെല്ലാം പൊട്ടക്കഥകളാണെന്നും മനസ്സിലാക്കും.  

സ്വർ‍ഗവും നരകവും ഭീരുക്കളുടെ സൃഷ്ടിയാണ്. വാസ്തവികങ്ങളായി കണ്ടും അറിഞ്ഞും അറിവുകൾ തേടിയും ചിന്തിക്കുവാനുള്ള യുക്തിബോധം അവർ‍ക്കില്ല. പ്രപഞ്ചത്തെ ഒന്നായി മനസുകളിൽ ഗ്രഹിക്കുവാനുള്ള കഴിവുമില്ല. അങ്ങനെ ഭാവനകൾ‍കൊണ്ടു സ്വർ‍ഗവും നരകവും മനസ്സിൽ കുടിയിരുത്തും.

ഗുഹായുഗത്തിലെ പ്രാകൃതമനുഷ്യൻ,‍ നൂറു കണക്കിനു നക്ഷത്രങ്ങൾ മിന്നുന്നതു കണ്ടിരിക്കാം. നക്ഷത്രങ്ങൾ സൂര്യനെക്കാൾ പതിന്മടങ്ങ് വലിപ്പം ഉണ്ടെന്ന് അവന് അറിയില്ലായിരുന്നു. അവന്റെ ചെറിയ ലോകത്തിലെ അടുത്തടുത്തു കാണപ്പെടുന്ന രണ്ടു നക്ഷത്രങ്ങൾ തമ്മിൽ ട്രില്ലിയൻ മൈലുകൾ അകലമുണ്ടെന്നും അവന്റെ ഭാവനയിൽ ഇല്ലായിരുന്നു. അങ്ങനെ ഇന്നത്തെ പ്രാകൃത മനുഷ്യനും സ്വർ‍ഗവും നരകവും ഭാവനകൾകൊണ്ട് അവന്റെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്.  കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള അവന്റെ മനസുകളിൽ വാർ‍ത്തെടുത്ത രണ്ടു സങ്കല്‍പ്പങ്ങളാണ് സ്വർഗവും നരകവും.

മതം കല്‍പ്പിക്കുന്ന നരകത്തിൽ പൊള്ളാൻ, വേദനയെടുക്കാൻ, ആത്മാവ് പഞ്ചഭൂതങ്ങ‍ൾ‍കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്? ആത്മാവിനും മാംസം ഉണ്ടോ? മരിച്ചുകഴിഞ്ഞാൽ എല്ലുക‍ൾ ഉ‍ൾ‍പ്പടെ  പൊടിയാകും. ലോകത്തിലുള്ള വേദനകളും കഷ്ടപ്പാടുകളും അവിടെ അവസാനിക്കും. മാംസശരീരത്തിനല്ലേ വേദനയും പൊള്ളലുമുണ്ടാകൂ? മനസ്സും ശരീരവും ഇല്ലാത്ത ആത്മാവിനു വസിക്കുവാൻ ശുദ്ധീകരണസ്ഥലവും തട്ടിപ്പുവീരന്മാർ വില്‍ക്കുന്നു. മരിച്ചു കഴിഞ്ഞാൽ ശരീരം വെറും പുഴുക്ക‍ൾ‍ക്കെന്നു പറഞ്ഞാൽ മതം കഴുത്തുവെട്ടുവാൻ കൊടുവാളുക‍ൾകൊണ്ടു വരുമായിരുന്നു.

സ്വർ‍‍ഗം, ദൈവം വസിക്കുന്ന സ്ഥലവും നരകം, സാത്താൻ വസിക്കുന്ന സ്ഥലവുമെന്നു കല്പിച്ചെഴുതി. സ്വർ‍ഗീയ ഗാനത്തിന്റെ ഇമ്പവും ആനന്ദസാഗരവും നരകത്തിന്റെ തീവ്ര യാതനകളും കാണിച്ചു  ഗ്രന്ഥപ്പുരക‍ൾ നിറച്ചിട്ടുണ്ട്. നിത്യതയിൽ‍ ഇരുന്നുകൊണ്ടു അസൂയ പിടിച്ച പഴയ നിയമത്തിലെ ദൈവത്തെ എന്നും പുകഴ്ത്തണം പോലും. അഹന്താനിഷ്ഠമായ ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന ആ സൃഷ്ടികർ‍‍ത്താവിന്റെ വാസസ്ഥലം മനുഷ്യനു നരകമായി തോന്നുകയില്ലേ? യേശുവിനെ രക്ഷകനായി എടുത്താൽ സ്വർ‍ഗം. ദൈവത്തിൽ വിശ്വസിച്ചു നല്ലവനായാലും സ്വർ‍ഗമില്ല. ചാരം ഗംഗയിൽ ഒഴുക്കിയെങ്കിലും ഗാന്ധിജി ഇന്നും നരകത്തിൽ കത്തി ചാമ്പലായികൊണ്ടിരിക്കുന്നു, നമ്മുടെ പ്രവൃത്തികൊണ്ട്‌. 

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നതു ദുർ‍ഭൂതങ്ങൾ സൂര്യചന്ദ്രാദിമാരെ വിഴുങ്ങുന്നതു മൂലമെന്ന അന്ധമായ ഒരു വിശ്വാസം എക്കാലവും ഉണ്ടായിരുന്നു. ഗ്രഹണസമയങ്ങളിൽ, ഭൂതങ്ങളെ, അല്ലെങ്കിൽ വിഴുങ്ങുന്ന ചെന്നായ്ക്കളെ ഓടിക്കുവാൻ ഒച്ചവെക്കുകയും പാത്രത്തിൽ കൊട്ടി ശബ്ദം ഉണ്ടാക്കുകയുംചെയ്യും. അമ്പലത്തിലും പള്ളികളിലും വഴിപാടുകളും നേർ‍ച്ചകളും സാധാരണമാണ്.അന്ധവിശ്വാസങ്ങൾ മനുഷ്യനെ കൂടുതൽ കൂടുതൽ മതത്തിലേക്ക് ആകർ‍ഷിക്കുന്നു. ഗ്രഹണങ്ങൾ മാറുവാൻ പരിഹാരക്രിയകള്‍ അർ‍‍പ്പിക്കല്‍വഴി പൂജാരികളും അളവില്ലാത്ത പണം നേടും.

പള്ളികളിൽ ദിവ്യശക്തിയുള്ള മെഴുകുതിരികളും കച്ചവടമാക്കും. മനുഷ്യനെ എന്നും നയിച്ചിരുന്ന അന്ധവിശ്വാസങ്ങ‍ൾ പിന്നീടു കെട്ടുകഥകളായി. കെട്ടുകഥക‍ൾ തത്ത്വചിന്തകളും ദൈവ ശാസ്ത്രവുമായി പരിണമിച്ചു. ചിന്താശക്തിയുള്ള ചിലർ ഗ്രഹണങ്ങളുടെ കാര്യകാരണങ്ങളും ചിന്തിക്കുവാൻ തുടങ്ങി. കണക്കുകളും ശാസ്ത്രീയ വശങ്ങളുംകൊണ്ടു പരിചിന്തനം തുടങ്ങി.

പ്രപഞ്ചത്തെപ്പറ്റിയും സൂര്യചന്ദ്രാദി സമൂഹങ്ങളെയും ഗ്രഹങ്ങളെയും ഗ്രഹങ്ങളുടെ പഠനവും ഉള്‍പ്പെടുത്തി പരീക്ഷണങ്ങളും തുടങ്ങി. ഭൌതിക ലോകത്തിന്റെ അറിവുക‍ൾ വെളിച്ചത്തു കൊണ്ടുവരുവാൻ മനുഷ്യനു ഏറെ സാധിച്ചെങ്കിലും അന്ധവിശ്വാസങ്ങ‍ൾ മുതെലെടുത്ത് പള്ളികളും പുരോഹിതരും ഇന്നും കൊയ്ത്തു നടത്തികൊണ്ടിരിക്കുന്നു. 

ആൽബർട്ട് ഐൻ‍സ്റ്റിൻ പറഞ്ഞു, "ഗണിക്കാൻ സാധിക്കാത്ത രഹസ്യങ്ങളും സംഗതികളും അടങ്ങിയ പ്രപഞ്ചത്തെ ഉൾക്കൊള്ളുകയെന്നുള്ളത് പരിധികളിലൊതുക്കാനൊക്കാത്ത ദുർ‍ഗ്രാഹ്യതയത്രേ." പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി ഒരു ധാരണയിൽ എത്തുകയെന്നുള്ളത് ദുഷ്കരമാണെന്നും വ്യക്തമാണ്. ഇവിടെയാണ്‌ ദൈവശാസ്ത്രജ്ഞർ കപടവേദജ്ഞാനം ആയി അറിവില്ലാത്തവരെ വഴി തെറ്റിക്കുവാൻ വരുന്നതും.

ഭൂമിക്കു ചുറ്റും പ്രപഞ്ചം ഉണ്ട്. ഒന്നല്ല അറിയപ്പെടാത്ത നൂറുനൂറു പ്രപഞ്ചങ്ങ‍ൾ. എവിടെയോ കാർ‍മേഘങ്ങ‍ൾ‍ക്കുള്ളിൽ വാലുള്ള മൃഗംപോലെ ദൈവം ഒളിഞ്ഞു നില്‍ക്കുന്നുവെന്നു പറഞ്ഞു  പുരോഹിത മതം ഭക്തന്റെ മനസ്സിൽ ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചിട്ടുണ്ട്.

എല്ലാം അറിയുന്നവനും സത്യവും എന്തിനു കള്ളനെപ്പോലെ പാത്തിരിക്കുന്നു. ഇരുട്ടത്തു തപ്പി കള്ളനെപ്പോലെ ഏതു സമയത്തും വരുന്ന ദൈവത്തെ സ്വീകരിക്കുവാൻ മെഴുകുതിരിയും കത്തിച്ചു കാത്തിരിക്കണം പോലും!

കള്ളൻ വരുന്നതിനുമുമ്പും പ്രപഞ്ചം ഉണ്ടായിരുന്നു. അതിനു മുമ്പ് ശൂന്യതയും. പ്രവാചകരും പുരോഹിതരും വട്ടുതട്ടി അവരുടെ ദൈവംതന്നെ ഒരു ഭ്രാന്തൻ ആയിരിക്കുകയാണ്. കബളിപ്പിക്കുന്ന തത്ത്വങ്ങ‍ൾ കേള്‍ക്കാൻ വെട്ടുപോത്തുപോലുള്ള ജനവും. 

ബൃഹത്തായ പ്രപഞ്ചനിയമങ്ങ‍ൾക്കു മീതെയാണ് അവന്റെ ദൈവവചന നിയമം. സ്വതന്ത്രമായ ചിന്തകളെ, അവകാശങ്ങളെ, സ്വാതന്ത്ര്യത്തെ, മതം വിലങ്ങുതടിയിട്ടു. പണംവാരി എറിഞ്ഞാൽ ഭൂമിയിൽ ജീവിതം കൂടാതെ മറ്റൊരു ഐഹിക ജീവിതവും വാഗ്ദാനങ്ങളിലുണ്ട്. അവന്റെ ശവക്കോട്ടയിൽ വി.ഐ. പി ആയി അടക്കിയാലും ശവം വെറും പുഴുക്കളുടെ ഭക്ഷണം മാത്രം. നോക്കൂ ഈ കാണുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിനും പുരോഹിതനുമിടയിൽ കുഞ്ഞാടിന് എന്നും പുരോഹിതനെ പ്രീതിപ്പെടുത്തണം, ദൈവത്തെയല്ല.

പ്രപഞ്ച നിയമങ്ങളിൽ അവൻ വിശ്വസിക്കുകയില്ല. ഭൂമിക്കും സൂര്യനുമിടയിലും ഇക്കാണുന്ന പ്രപഞ്ച രഹസ്യങ്ങളിലും തനതായ നിയമങ്ങളുണ്ട്. എല്ലാം അണുവിട തെറ്റാതെ ഒരു ആകർ‍‍ഷണ വലയത്തിൽ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. 

സൂര്യൻ ഭൂമിയോട് അടുത്തു വന്നാൽ ഭൂമിയിലെ വെള്ളം ചൂടുപിടിച്ചു തിളച്ചു മറിയും. അകന്നു പോയാലോ വെള്ളം കൊടുംകട്ടയായി തണുത്തിരിക്കും. ഒന്നായ രേഖകളില്‍ക്കൂടി സൌരയുഥങ്ങളുടെ യാത്രയും പ്രകൃതിനിയമം ആണ്. ഈ പ്രപഞ്ച നിയമത്തിൽതന്നെയാണ് മനുഷ്യന്റെ നിലനില്‍പും. മനുഷ്യജീവിതത്തിനു പ്രപഞ്ചത്തിലെ ഹൈഡ്രജനും ഹീലിയവും ലിത്തിയവും ഒക്കെ ആവശ്യമാണ്. ഈ നിയമങ്ങ‍ൾ സൃഷ്ടിച്ചത് പുരോഹിതന്റെ ദൈവമല്ല. സംഭവിച്ചതു മുഴുവൻ ബില്ല്യൻ‍ബില്ല്യൻ വർ‍‍ഷങ്ങളായി ശൂന്യതയില്‍നിന്നും. എന്തുകൊണ്ട് പ്രപഞ്ചം ഉണ്ടായി? എന്തുകൊണ്ട് നമ്മ‍ൾ നിലനില്‍ക്കുന്നു? എന്നുമെന്നും ശൂന്യതയിൽ ഉണ്ടായിരുന്ന ദൈവത്തെ ആവാഹിച്ചു പ്രാർ‍‍ഥിക്കേണ്ട ആവശ്യം ഉണ്ടോ? പ്രാർ‍ഥിച്ചാലും ഇല്ലെങ്കിലും പ്രപഞ്ചം അനാദികാലംപോലെ ഇന്നും എന്നും ചലിച്ചുകൊണ്ടുതന്നെ ഇരിക്കും.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...