Friday, June 7, 2013

19. യേശുവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളും


 
By ജോസഫ് പടന്നമാക്കൽ 
യേശുവിനെ സോഷ്യലിസത്തിൻറെ വക്താവായി കമ്മ്യൂണിസ്റ്റ്  ആശയപ്രചാരകരും സോഷ്യലിസ്റ്റു രാഷ്ട്രതന്ത്രജ്ഞരും ചില തത്ത്വജ്ഞാനികളും ഉപമിക്കാറുണ്ട്.  ചിലർ, അദ്ദേഹം ഒരു വിപ്ലവകാരിയെന്നു വാദിക്കുന്നു. കടല്‍ത്തീരത്തു മുക്കവരുടെ കൂട്ടായ്മയില്‍  സത്യത്തിന്‍റെ ദീപം കൊളുത്തി ദൈവവചനം പ്രസംഗിച്ചു നടന്ന ആശാരി ചെറുക്കനെ  ലോകത്തുള്ള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും വേണം. ‍ യേശുവിന്‍റെത്  അക്രമരഹിതമായ ഒരു വിപ്ലവമായിരുന്നു. അവിടുത്തെ വിപ്ലവം അന്നത്തെ  ജനതയുടെ സമൂല ചിന്താഗതിക്കു മാറ്റം വരുത്തുന്നതായിരുന്നു. തികച്ചും വിശാല മനസ്കതയോടെ, നവീകരണചിന്തയോടെ മാറ്റത്തിനായി  നിലകൊണ്ട ഒരു യുവാവിന്‍റെ ശബ്ദം   അന്നു ജെരുസലേമിൽ മുഴങ്ങി. പട്ടാളമോ ആയുധമോ ഇല്ലാത്ത ഒരു വിപ്ലവം. പുത്തനായ യുഗത്തിനായി  മുക്കുവക്കുടിലിലെ യുവാക്കൾക്കു നേതൃത്വം നല്‍കി.  മാനുഷിക ചിന്തയോടെ സ്നേഹത്തെയും ക്ഷമിക്കുവാനുള്ള  തത്വങ്ങളെയും ജനഹൃദയങ്ങളിൽ  അർ‍പ്പിച്ചുകൊണ്ടു യേശുവിന്‍റെ ദൌത്യം അവിടെ നിർ‍വഹിച്ചു.

സമത്വം വിഭാവന ചെയ്ത ഒരു കാഴ്ച്ചപ്പാടായിരുന്നു  യേശുവിൽ  അന്നു ജനം ദർശിച്ചത്. യേശു  ഭൌതിക സ്വത്തുക്കൾക്കും,  അവ സമ്പാദിക്കുന്നതിനും  സാമൂഹ്യ അനീതികൾക്കും എതിരായിരുന്നു. ദരിദ്രർ ഭൂമിയിൽ എന്തിനെന്നു ചോദിച്ചപ്പോഴും അവിടുന്നു  പറഞ്ഞ മറുപടി  സ്വർ‍ഗരാജ്യം അവർ‍ക്കു ഉള്ളതെന്നായിരുന്നു. കണ്ണിനു കണ്ണെന്നുള്ള മോശയുടെ അന്ധമായ പ്രമാണത്തെ ന്യായികരിച്ചില്ല. തുറന്ന ഹൃദയവും തെളിവാർ‍ന്ന കാഴ്ച്ചപ്പാടുമായിരുന്നു യേശുവിന്‍റെ പ്രമാണം.

 അമിത പലിശക്കാരെയും ചൂതുകളിക്കാരെയും യേശു ദേവാലയത്തില്‍നിന്നു പുറത്താക്കി. പരിശുദ്ധ ദേവാലയം കൊള്ളക്കാർ‍ക്കും കള്ളന്മാർക്കുമുള്ളതല്ലെന്ന്  അദ്ദേഹം പ്രഖ്യാപിച്ചു. ഇവർ കൂടുതലും നികുതിവെട്ടിപ്പുകാരായിരുന്നു.  അന്നത്തെ രാജ്യ ഭരണാധികാരികൾ ‍ ഇവരുടെ വ്യക്തിപരമായ  കച്ചവടങ്ങളെ( laissez-faire economy) തടസ്സപ്പെടുത്തിയില്ല. ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്  ഒട്ടകം സൂചിക്കുഴലില്‍ക്കൂടി, എന്നുള്ള ഉപമയും  മുതലാളിത്തത്തിനെതിരെയുള്ള ശബ്ദമായിരുന്നു. നിനക്കുള്ളതിൽ‍നിന്നും മറ്റുള്ളവർ‍ക്കും ദാനം ചെയ്താൽ സ്വർ‍ഗത്തിൽ നീ എണ്ണപ്പെടുമെന്നും യേശു പറഞ്ഞു. ഇതു സമത്വ ഭാവനയെന്ന  സോഷ്യലിസത്തിന്‍റെ ഒരുദയമായിരുന്നു. യേശു പറഞ്ഞു "നീ പരിപൂർ‍ണ്ണനെങ്കിൽ ‍ നിനക്കുള്ളതു വിറ്റു ദരിദ്രർക്കായി ദാനം ചെയ്യൂ. (Matthew 19:21)  അങ്ങനെയെങ്കിൽ,‍ എന്നെ അനുഗാമിച്ചാലും." ധനികർക്കു ദുർ‍ഗതി എന്നു നാശകാലത്തെപ്പറ്റി  പ്രവചിച്ചുകൊണ്ട് മുന്നറിയുപ്പും നല്‍കി.  "നിനക്കു  ലഭിക്കുവാനുള്ള കടം പൊറുത്താൽ,‍ നിന്‍റെ കടങ്ങൾ അന്യരും നിന്നോടു പൊറുക്കും." കടംകൊണ്ടു വലയുന്ന ദരിദ്രർ‍ക്ക്, ഒരു മുക്തിയായിരുന്നു യേശുവിന്‍റെ ഈ നീക്കം. അന്നന്നുള്ള അപ്പം ഞങ്ങൾ‍ക്കു , തരണമേയെന്നുള്ളത് ജീവിക്കുവാൻ വേണ്ടിയുള്ള ഒരു അവകാശസമരമായിരുന്നു.  

പർ‍വതങ്ങൾ  ‍ താഴും, താഴ്വരകളുയർ‍ത്തപ്പെടും. ഇതു പ്രകൃതിയോടുള്ള ഒരു വെല്ലുവിളിയായിരുന്നു. അദ്ധ്വാനിക്കുന്നവർ‍ക്കും ഭാരം ചുമക്കുന്നവർ‍ക്കുമുള്ള ഒരു സന്ദേശം. അങ്ങനെ ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ കാർഷിക സംഘടനകൾ‍ക്കു രൂപമേറി.  ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരെയും വിധവകളെയും സമൂഹം ഒറ്റപ്പെടുത്തുന്ന വേശ്യകളെയും കുഷ്ടരോഗികളെയും യേശു സ്നേഹിച്ചു. അവർ‍ക്ക്  ആരോഗ്യ രക്ഷകളും നല്‍കി.  ചോദിക്കൂ, നല്‍കപ്പെടും. അന്വേഷിക്കൂ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും." ഈ മലയിലെ വാഗ്ദാനങ്ങൾ പാവങ്ങൾക്കുള്ള ഒരു അംഗീകാരമായിരുന്നു.   വസ്ത്രം ചോദിക്കുന്നവനു നിന്‍റെ മേലങ്കി ഊരികൊടുക്കുക. നിന്നോട്  ഒരു കാതം നടക്കുവാൻ കൽപ്പിക്കുന്നവനു രണ്ടു കാതം നടന്നു മാത്രുകയാകുക.

പുതിയ നിയമത്തിൽ യേശുവിനെ മുതലാളിത്ത  വ്യവസ്ഥിതിയിലെ തത്വശാസ്ത്രമായി ‍ ചിത്രീകരിച്ചു  കാണുന്നില്ല. എന്നാൽ ആദിമ ക്രിസ്ത്യൻ സഭയുടെ കമ്മ്യൂണിസ്റ്റ്  ചിന്താഗതികളോടെയുള്ള  രണ്ടു വചനങ്ങൾ അപ്പോസ്തോലിക്കാ പ്രവർ‍ത്തനങ്ങളിൽ കാണാം.

 
" വിശ്വസിച്ചവർ, ‍ എല്ലാവരും ഒരു സമൂഹമാവുകയും തങ്ങൾ‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്  ആവശ്യാനുസരണം എല്ലാവർ‍ക്കുമായി വീതിച്ചു."(Acts 2:44-45) അന്നു കൂട്ടായ്മയിൽ വന്ന ആദിമസഭ തങ്ങളുടെ വസ്തുവകകൾ വിറ്റു അപ്പോസ്തോലന്മാരുടെ കാല്‍ക്കൽ വെക്കുകയും പിന്നീട് തുല്യമായി പങ്കിടുകയും ചെയ്തു. ബർനാബാസ് എന്നു പേരുള്ള സൈപ്രസ്കാരൻ ജോസഫ്  തൻറെ  അധീനതയിൽ  ഉണ്ടായിരുന്ന ഒരു വയല്‍ വിറ്റു കിട്ടിയ പണം അപ്പസ്തോലന്മാരുടെ കാല്‍ക്കൽ വെച്ചു. (Acts 4:34-37) ഇതു തന്നെയല്ലേ കാറല്‍ മാര്‍ക്സ് പറഞ്ഞതും. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നിരാശരായ കമ്യൂണിസ്റ്റ്കാർ,‍ പിടിച്ചു പറിക്കാരായി  ജനദ്രോഹം ചെയ്യുന്നുവെന്നുള്ളതും ദുഖകരമായ വസ്തുതയാണ്.

 
 പുതിയ നിയമത്തിൽ രസകരമായ മറ്റൊരു വചനവുമുണ്ട്. അനനിയാസ്, സഫിറാ ദമ്പതികളുടെ കഥയാണ്. അവരും വസ്തുവകകൾ   വിറ്റു.  സ്വന്തം വസ്തുക്കൾ  വിറ്റ പണത്തിൽ,‍ ഏറെ അപ്പസ്തോല സമൂഹത്തിനു കൊടുക്കുകയും ഒരു വീതം സ്വന്തം ആവശ്യത്തിനായി കരുതുകയും ചെയ്തു. വിറ്റ സ്വത്തിൽനിന്ന്  സ്വന്തമായി പണം ‍ സൂക്ഷിച്ചത് പീറ്ററിനെ കുപിതനാക്കി. ഇതു  ദമ്പതികളുമായി വാക്കു തർ‍ക്കത്തിലായി. ഉടൻ‍തന്നെ പീറ്ററിൻറെ ശാപത്താൽ  ഈ ദമ്പതികൾ  മരിച്ചു വീണു. ബൂർ‍ഷ്വാമുതലാളിമാരെ കൊന്നു സ്വത്തു  പൊതുസമൂഹം അപഹരിക്കുന്നത്  കമ്യൂണിസമല്ല.  ഇതു  ഇടതു തീവ്രവാദമാണ്.

 
യേശുവിനെ കമ്മ്യൂണിസ്റ്റാക്കുന്നവർ ഒന്നു ചിന്തിക്കണം. ‍ യേശുവിൻറെ കാലങ്ങളിൽ  എന്തുതരം കമ്മ്യൂണിസമാണ്  നിലവിലുണ്ടായിരുന്നത്‌? വ്യക്തമായ ഒരുത്തരം  നല്‍കുന്നതിന് ആർ‍ക്കും സാധിക്കുകയില്ല. യേശുവിന് ആയിരത്തി തൊള്ളായിരം വർ‍ഷങ്ങൾ‍ക്കു ശേഷമായിരുന്നു  കമ്മ്യൂണിണിസം ജനിച്ചത്.  ഇന്നത്തെ വ്യവസ്ഥിതിക്കും  സഹസ്രാബ്ധത്തിനു മുമ്പുള്ള വ്യവസ്ഥിതിക്കും സമാനതകൾ കാണാം. അതുപോലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യേശുപറഞ്ഞതു യോജിച്ചെന്നിരിക്കും. ഇവ  ‍യേശുവിനെ ഒരു സംഘടിത പ്രവർ‍ത്തനത്തിൻറെ നേതാവായി കണക്കാക്കുവാൻ  സഹായിക്കുകയില്ല. പ്രപഞ്ച രഹസ്യങ്ങളിലും പ്രപഞ്ചത്തിലെ വസ്തുതകളിലും കമ്മ്യൂണിസം വിശ്വസിക്കുന്നു.

 
ദൈവം എന്നതു കമ്മ്യൂണിസത്തിൽ  കാർ‍മേഘങ്ങൾ‍പോലുള്ള ഭാവനയാണ്. ദൈവമില്ലാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ  യേശു എങ്ങനെ കമ്മ്യൂണിസ്റ്റാകും. കമ്മ്യൂണിസത്തിൽ തെറ്റും ശരിയുമെന്തെന്ന്  ഒരു അതിർ‍ത്തി നിശ്ചയിച്ചിട്ടില്ല. കമ്മ്യൂണിണിസത്തിൽ ‍കുറച്ചു ശരിയും  കൂടുതൽ തെറ്റുകളുമുണ്ടെങ്കിലും ഏതു തെറ്റിനെയും  ന്യായികരിക്കും. ഈ തെറ്റുകളും രാഷ്ട്രത്തിൻറെ വളർ‍ച്ചക്ക് ആവശ്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. എന്നാൽ ‍ക്രിസ്തുമതം പരമമായ സത്യത്തിലും മിഥ്യയിലും വിശ്വസിക്കുന്നു.  കമ്മ്യൂണിസ്റ്റു പ്രത്യേയശാസ്ത്രം  മതനിന്ദ നിറഞ്ഞതാണ്.‌ കാറല്‍ മാർ‍ക്സും ലെനിനും കമ്മ്യൂണിസത്തിൻറെ വളർ‍ച്ചയിൽ  മതത്തിന് എതിരായി സംസാരിച്ചു. അവിടെ യേശു കമ്യൂണിസ്റ്റാണെന്നു പറയുന്നതും തികച്ചും പരിഹാസജനകമാണ്. അങ്ങനെയുള്ള ഒരു അവകാശവാദം ഇന്നത്തെ ലോകവ്യവസ്ഥയെ രണ്ടായിരം കൊല്ലങ്ങൾ മുമ്പിലേക്കു കൊണ്ടുപോന്നു.

ചുരുക്കി പറഞ്ഞാൽ യേശുവും കമ്മ്യൂണിസവും തമ്മിലുള്ള  താരതമ്യപഠനം വെറും  അജ്ഞതയെന്നു പറയാം.  കമ്മ്യൂണിസ്റ്റെന്നു പറയുന്നത്  ഇന്നു മോശമായി വണ്ടി ഓടിക്കുന്ന ഒരു  ഡ്രൈവറുമായി ഉപമിക്കുന്നതിനു തുല്യമാണ്. സത്യം എന്തെന്നാൽ അക്കാലത്തു വണ്ടികൾ കണ്ടു പിടിച്ചിട്ടില്ല. യേശു അങ്ങനെ ഒരു മോശം ഡ്രൈവർ ആകുവാനും കഴിയുകയില്ല. യേശുവിൻറെ കാലത്തു കമ്മ്യൂണിസം ഉദയം ചെയ്തിട്ടുമില്ല. ആ സ്ഥിതിക്ക് യേശുവിന്  കമ്മ്യൂണിസ്റ്റ്കാരനാകുവാൻ കഴിയുകയില്ല. കമ്മ്യൂണിസം തികച്ചും പരാജയപ്പെട്ട ഒരു തത്വസംഹിതയാണ്‌. ഏതാനും രാഷ്ട്രങ്ങൾ പരാജയപ്പെട്ട ഈ തത്ത്വങ്ങളിൽ ‍ മുറുകെപ്പിടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പല രാഷ്ട്രങ്ങളിലും കമ്മ്യൂണിസം പൂർ‍ണ്ണമായും തകർ‍ന്നുപോയി.

ദൈവപുത്രനായ യേശുവിനെ കമ്യൂണിസ്റ്റ്കാരൻ, സോഷ്യലിസ്റ്റ്‌,  സ്റ്റാലിനിസ്ററ്, കാപ്പിറ്റലിസ്ററ് എന്നിങ്ങനെ ഭാവനകള്‍ അനുസരിച്ചു വര്‍ണ്ണിക്കുന്നു. അമേരിക്കന്‍ ചിന്താഗതിയിൽ, ‍യേശു ഒരു മുതലാളിത്തവാദിയാണ്. കൊളോണിയല്‍ കാലഘട്ടങ്ങളില്‍ അനേകം  ചിന്തകര്‍ ബ്രിട്ടനിലെ മതാധിഷ്ഠ രാഷ്ട്രത്തെ എതിര്‍ത്തിരുന്നു. നാസ്തിക ചിന്താഗതി അമേരിക്കന്‍ മനസ്സുകളില്‍ ശക്തിയായി ആഞ്ഞടിച്ചിരുന്ന കാലവുമായിരുന്നു. ഇതായിരുന്നു ആദിപിതാക്കന്മാർ അമേരിക്കൻ ഭരണഘടന ഉണ്ടാക്കിയപ്പോൾ ദൈവത്തിൽ ഞങ്ങൾ വിശ്വാസിക്കുന്നുവെന്ന (In God We Trust”) സിദ്ധാന്ത വാക്യം (Motto) തിരഞ്ഞെടുത്തത്.1950ൽ  അമേരിക്കൻ ഡോളറിൽ "ദൈവത്തിൽ വിശ്വസിക്കുന്നു" വെന്ന ( In God we trust ) വാക്യം  ലിഖിതം ചെയ്തുകൊണ്ട്  ഔദ്യോഗികമായി കറന്‍സി അച്ചടിച്ചു പുറത്തിറക്കി. അക്കാലത്തായിരുന്നു ദൈവവിശ്വാസത്തെ ചോദ്യം ചെയ്തു കമ്മ്യൂണിസം എന്ന സിദ്ധാന്തം അമേരിക്കയിൽ പ്രചരിക്കുവാനും തുടങ്ങിയത്. 
 

അമേരിക്കന്‍ജനത പ്രധാന വിശിഷ്ടദിനങ്ങളിൽ ദേശീയ ‍പതാക നെഞ്ചോടു  ചേര്‍ത്തുകൊണ്ടു The Pledge of Allegiance പ്രതിജ്ഞയില്‍ക്കൂടി ഗവണ്മെന്റിനോടു കൂറു  പ്രഖ്യാപിച്ചുള്ള ദേശസ്നേഹം പ്രകടിപ്പിക്കുന്നു. കമ്യൂണിസത്തെ അത്രമാത്രം എതിര്‍ക്കുന്നതുകൊണ്ടു യേശു അമേരിക്കയുടെ കാഴ്ചപ്പാടിൽ ഒരു മുതലാളിത്ത തത്ത്വസംഹിതയുടെ ഉപജ്ഞാതാവാവായി. അനേകം അമേരിക്കന്‍ മനസ്സുകൾ  ബൈബിള്‍ മുതലാളിത്ത വ്യവസ്ഥയുടെ കൊച്ചുപുസ്തകമായി കരുതുന്നു. യേശു ഇതിൻറെ സ്ഥാപകനും. 

 
ബൈബിൾ ‍ഒരു സാമ്പത്തികശാസ്ത്രമല്ല. എങ്കിലും സ്വതന്ത്രമായ ഒരു സാമ്പത്തിക വിപ്ലവ സിദ്ധാന്തം യേശുവിന്‍റെ മലയിലെ പ്രസംഗങ്ങളിലുടനീളം ഒളിഞ്ഞു കിടപ്പുണ്ട്. പുതിയനിയമത്തിലും സോഷ്യലിസ്റ്റു കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കാണാം. കമ്മ്യൂണിസ്റ്റ്കാർ യേശു ഒരു കമ്മ്യൂണിസ്റ്റാണെന്നു ‍പറയുമ്പോൾ അത്  പുരോഹിതരെ വിരളി പിടിപ്പിക്കും. സഭ, സ്വതന്ത്രമായ സാമ്പത്തിക ശാസ്ത്രത്തെ എതിര്‍ക്കുന്നു. സാമ്പത്തിക അടിസ്ഥാന തത്ത്വങ്ങളിൽ സോഷ്യലിസവും കമ്മ്യൂണിസവും ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുമെന്നു സഭ വാദിക്കുന്നു. സോഷ്യലിസ്റ്റു രാഷ്ട്രങ്ങളിൽ സാമ്പത്തിക അസമത്വങ്ങൾ കഠിനമായി കാണുന്നതും അതിനു ഉദാഹരണമാണ്. യൂറോപ്പും ഇറ്റലിയും സാമ്പത്തിക അടിമത്തം ഏറ്റുവാങ്ങിയതും സോഷ്യലിസത്തിന്‍റെ പരാജയമായി കണക്കാക്കുന്നു. എങ്കിലും ഒരുചോദ്യം ഇവിടെ ഉയരുന്നു. സഭ ക്യാപ്പിറ്റലിസത്തെ അനുകൂലിക്കുന്നതു ബൈബിളിന്‍റെ അടിസ്ഥാന തത്ത്വങ്ങൾക്ക്  എതിരല്ലേ? ധനികൻ സ്വര്‍ഗരാജ്യത്തിൽ പ്രവേശിക്കുന്നത്  ഒട്ടകം സൂചിക്കുഴലില്‍കൂടി കടക്കുന്നതിലും ബുദ്ധിമുട്ടെന്നു യേശു പറഞ്ഞു.

 
ആദിമസഭയിലെ ശിഷ്യന്മാരുടെ കൂട്ടായ്മയിൽ അവരെല്ലാം  ‍തുല്യരായിരുന്നു.  തുല്യമായി അപ്പങ്ങൾ  പങ്കുവെച്ചു പ്രാര്‍ഥനകളുമായി ഒരു സോഷ്യലിസ്റ്റു വിഭാവനലോകത്തിലായിരുന്നു അപ്പോസ്തോലന്മാർ ‍കഴിഞ്ഞു കൂടിയിരുന്നത്. എല്ലാ വിശ്വാസികളും ഒത്തൊരുമിച്ചു സ്വത്തുക്കള്‍ തുല്യമായി പങ്കുവെച്ചു. ദരിദ്രര്‍ക്കു ദാനം ചെയ്യുവാൻ,‍ അവരുടെ കൈവശമുള്ളതെല്ലാംവിറ്റു. ദേവാലയ പരിസരങ്ങളില്‍ സമ്മേളിച്ചു തുല്യമായി അപ്പങ്ങള്‍ മുറിച്ചു പാവങ്ങള്‍ക്കും നല്‍കിയും സന്തോഷത്തോടെയും പൂര്‍ണ്ണ മനസ്സോടെയും ആത്മാര്‍ത്ഥമായ ഹൃദയ വികാരങ്ങളോടെയും അവർ ‍ജീവിച്ചു. പില്‍ക്കാലത്തു യേശുവിന്‍റെ അനുയായികളായവര്‍ ഭൂഉടമകൾ, രാജാക്കന്മാർ, മന്ത്രിമാരെല്ലാം ആയി. റോമ്മാസാമ്രാജ്യവും വത്തിക്കാൻ കൊട്ടാരവും കരസ്ഥമാക്കിയതോടെ യേശുവിനെ ഒരു ക്യാപ്പിറ്റലിസ്സ്റ്റുമാക്കി. ഇന്ന്  ആ തച്ചന്‍റെ അനുയായികളെന്ന് അഭിമാനിക്കുന്നവര്‍ക്കു വേണ്ടതു കോഴ, കൈക്കൂലി, മദ്യം, രാജകൊട്ടാരങ്ങൾ, അധികാരം തുടങ്ങിയവയാണ്. നസ്രത്തിലെ യേശുവിനായി കമ്മ്യൂണിസ്റ്റുകാരും പുരോഹിതരും ഒരുപോലെ തെരുവിൽ ദ്വന്ദയുദ്ധം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നഷ്ടപ്പെട്ടുപോയ യേശുവിനെ സ്വന്തമാക്കുവാൻ,‍ സംസ്കാരത്തിന്‍റെ അതിർവരമ്പു കടന്നു പുരോഹിതരും രാഷ്ട്രീയക്കാരെപ്പോലെ തെരുവുകള്‍തോറും തീപ്പൊരി പ്രസംഗങ്ങൾ നടത്തി സഭയുടെ വില നശിപ്പിക്കുന്നതും ഖേദകരമാണ്.  കമ്മ്യൂണിസ്റ്റുകാരും പുരോഹിതരും ഒരേ ആശയാധിഷ്ടിതമായി തങ്ങളുടെ പ്രസ്ഥാനങ്ങളുടെ വിജയത്തിനായി യേശുവിനെ ബലിയാടാക്കുവാനുള്ള തീവ്രശ്രമത്തിലാണ്. 'ദരിദ്രർ,‍ അനുഗ്രഹീതർ, ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ ദൈവം അവരോടു കൂടി"എന്നിങ്ങനെ ബൈബിള്‍ വചനം എടുത്തു പറഞ്ഞ്  ചന്തക്കവലകളിലും മറ്റും ‍പ്രസംഗിക്കുന്ന നവപ്രവാചകരായ ഇവർ  ‍പൊതു ജീവിതത്തിലും  ഒരു നിത്യ സംഭവമായിരിക്കുന്നു. യേശു ഒരു പ്രസ്ഥാനത്തിൻറെയും വക്താവായിരുന്നില്ല. ഇത്തരം ആശയ വൈരൂപ്യങ്ങൾ ആദ്യമസഭയിലുണ്ടായിരുന്നില്ല. അങ്ങനെ മുക്കവരെ പഠിപ്പിച്ചുമില്ല.
 

യേശുവിനെപ്പറ്റി  പിണറായി കേരളത്തിൽ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതുതന്നെ മിക്ക ലോക കമ്മ്യൂണിസ്റ്റു നേതാക്കളും മുമ്പു പറഞ്ഞിട്ടുണ്ട്.  യേശുവിനെ ഇന്ന് എല്ലാ സാമൂഹിക മതരാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ക്കും വേണം. ഹൈന്ദവ മുസ്ലിം ബുദ്ധ ജനതകളിലും അവരുടെ ലോക സംസ്ക്കാരങ്ങളിലും ഒന്നുപോലെ യേശു പ്രകാശദീപം തന്നെ. ജീസസിൽ ഒരു ക്രിസ്ത്യാനിയെക്കാളും കമ്മ്യൂണിസ്റ്റ്കാരനെ  കാണുന്നുവെന്ന്  ഫിഡല്‍ കാസ്ട്രോ 1998ൽ ‍മാര്‍പാപ്പ ക്യുബാ സന്ദര്‍ശിച്ച സമയം പറഞ്ഞു. അന്നാരും പ്രതിഷേധിച്ചും കേട്ടില്ല. ജീസസിനു വേണ്ടി മുറവിളി കൂട്ടി  മത്സ്യം പിടിക്കുന്ന പാവപ്പെട്ട മുക്കവരായിരുന്നുവെന്നും കാസ്ട്രോ പറഞ്ഞു. തൊഴിലാളികള്‍ക്കു വേണ്ടി സംസാരിച്ചതുകൊണ്ട്  ആ വിപ്ലവകാരിയെ അന്നത്തെ ഫാസിസ്റ്റ് പുരോഹിതവര്‍ഗം കൊല ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ സഹോദരന്‍ റൌള്‍ കാസ്ട്രോ അഭിപ്രായപ്പെട്ടത്.

 
ചരിത്രത്തിലേക്ക്  ഒന്നു കണ്ണോടിക്കുമെങ്കിൽ ‍മാര്‍ക്സിസ്റ്റ്, ഫാസ്സിസ്റ്റ്, നാസ്സിസ്റ്റ്, ഇസ്ലാം ക്രിസ്തീയ, പുരോഹിത വര്‍ഗമെല്ലാം മതത്തിന്‍റെയും പ്രസ്ഥാനങ്ങളുടെയും പേരിൽ ലോക ചരിത്രത്തിൽ രക്തപ്പുഴ ഒഴുക്കിയവരാണ്. ആരെങ്കിലും എതിരായി സംസാരിച്ചാൽ, പ്രകടനം നടത്തിയാൽ,‍ ബുദ്ധിജീവികളെയടക്കം സമൂലം കൊന്ന ചരിത്രമാണ് ഇവര്‍ക്കെല്ലാമുള്ളത്. അധികാരം കിട്ടികഴിഞ്ഞാൽ ഭ്രാന്തുപിടിച്ച ആശയങ്ങളെ എതിരാളിയെ കെട്ടിയേല്പ്പിക്കുവാൻ  ‍നോക്കും. എന്തിനു താലിബാനെമാത്രം പഴിപറയണം. നാസിജര്‍മ്മനിയും ഫാസിസ്റ്റ് ഇറ്റലിയും കമ്മ്യൂണിസ്റ്റുചൈനയും അനേകം മൂന്നാം ലോകരാജ്യങ്ങളും കൂട്ടകൊലകൾ നടത്തിയിട്ടുണ്ട്.


ഇന്നത്തെ പുരോഹിതമതവും കമ്മ്യൂണിസ്റ്റ്കാരും തമ്മിൽ,‍ തുലനം ചെയ്യുകയാണെങ്കിൽ യേശുവിനോട്  അടുത്ത ചിന്താഗതിയുള്ളതു കമ്മ്യൂണിസ്റ്റുകാര്‍ക്കെന്നു തോന്നിപ്പോവും. ചര്‍ച്ച്ആക്റ്റ്നെ എതിര്‍ക്കുന്നതുവഴി ഇവർ യേശുവിന്‍റെ വചനം മൊത്തം  ധിക്കരിക്കുകയാണ്. ഭൂവുടമകളും രാജാക്കന്മാരുമായി കഴിയുന്ന ഇവര്‍ക്കെന്ത്  യേശുവിനെ സ്വന്തമാക്കുവാനവകാശം? ബൈബിള്‍ പ്രഭാഷണങ്ങളെ വിരൂപമാക്കുന്നവരെക്കാളും പിണറായിയുടെ വചനങ്ങൾ ഭേദമാണെന്ന്  നിരക്ഷരായ തൊഴിലാളി വര്‍ഗത്തിനു തോന്നിയാലും ‍അതിശയോക്തിയില്ല. തൊഴിലാളി പ്രസ്ഥാനങ്ങൾക്ക്  യേശുവിൽ  ആവേശം ഉണ്ടാകുവാൻ  കാരണങ്ങളേറെയുണ്ട്.

 
സ്വത്തുക്കൾ  തുല്യമായി പങ്കിട്ടു മനുഷ്യസ്നേഹത്തോടെ ഒരുപോലെ കാണുവാൻ യേശുഉപദേശിച്ചു. ദരിദ്രർക്കും  പീഡിതര്‍ക്കും വേണ്ടി യേശു മുറവിളികൂട്ടി.  പണം പൂഴ്ത്തി വെക്കുന്നവർക്ക്  എതിരായിരുന്നു അവൻ.  ചൂതുകളിക്കുന്നവരെയും ചുങ്കക്കാരെയും ദേവാലയത്തില്‍നിന്നും പുറത്താക്കി  അവൻ അവരെ കള്ളന്മാരെപ്പോലെ കണ്ടു. തനിക്കുള്ളതെല്ലാം  ദരിദ്രര്‍ക്കു  കഴിയുന്നത്ര ദാനംചെയ്യുവാനും ശിഷ്യരോടു പറഞ്ഞു. ആദ്യകാലസഭ അന്നന്നുള്ള അപ്പം പങ്കുവെച്ചു ജീവിച്ചു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...