Saturday, June 8, 2013

25. കർദ്ദിനാൾ ആലഞ്ചേരിയുടെ യാത്രാ അവലോകനം





 
കർദ്ദിനാൾ, ആലഞ്ചേരിയുടെ സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായിട്ടുള്ള അദ്ദേഹത്തിന്‍റെ അമേരിക്കൻ യാത്ര ചരിത്രപരമായിരുന്നു. ന്യൂജേഴ്സിയിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിനു ലഭിച്ച സ്വീകരണം ഹൃദ്യവും സാനന്ദവുമായിരുന്നു.   വിശ്വാസികളുടെ കൂട്ടായ്മയുൾപ്പടെ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ളവർ,‍ സംബന്ധിക്കുകയും ചെയ്തു. ഭാരതീയ സംസ്കാരത്തിന്‍റെ തനിമ വിളിച്ചു പറയുന്ന ചെണ്ടകൊട്ടുമേളങ്ങൾ, വാദ്യങ്ങൾ,‍ മുത്തുക്കുടകൾ, സുവർണ്ണകുരിശുകൾ, താലപ്പൊലി പിടിക്കൽ എന്നിങ്ങനെയുള്ള  ചടങ്ങുകളെല്ലാം  സ്വീകരണങ്ങൾക്കു മാറ്റു കൂട്ടി. ബിബിളിക്കൽ കാലങ്ങളിലെ പേഗനീസ്  രാജാക്കന്മാരുടെ വേഷവിധാനങ്ങളണിഞ്ഞു കർദ്ദിനാളിനു തൊട്ടു പിന്നിലായി മെത്രാന്മാരും പുരോഹിതരും കന്യാസ്ത്രികളും രാജകീയ സ്വീകരണങ്ങൾക്കു സാക്ഷി നല്കി. യഹൂദ രാജാക്കന്മാരുടെ വേഷത്തിലൂടെതന്നെ ഇതര സഭകളിലെ മെത്രാന്മാരും എല്ലാ സ്വീകരണയോഗങ്ങളിലും  പങ്കെടുത്തിരുന്നു. ഫോട്ടോക്കു  പോസ് ചെയ്യുവാനുള്ള പൌരമുഖ്യരായ ഇതിലെ പ്രവർത്തകരുടെ  ഉന്തും തള്ളും കാഴ്ചക്കാർക്കു  ഒരു ഹരമായിരുന്നു.  സ്ത്രീകൾ താലപ്പൊലി പിടിക്കുമ്പോഴും പുറകിൽനിന്ന്‌ അഭിമാനത്തോടെ മുത്തുക്കുട പിടിക്കുന്ന ഭർത്താക്കൻമാരും വീഡിയോകളിലും ഫോട്ടോകളിലും ദൃശ്യമാണ്. പത്രങ്ങളിൽ ഫോട്ടോ വരുവാനായി നേതാക്കളും അവരുടെ പ്രിയതമകളും കര്ദ്ദിനാളിനെ തൊട്ടുരുമ്മി നില്ക്കുവാനും ആവതു ശ്രമിക്കുന്നതു കാണാം.
 
ഏതാനും സൈബർബ്ലോഗുകളിൽ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച വിമർശനങ്ങൾ മൂലമായിരിക്കാം കർദ്ദിനാള്ആലഞ്ചേരി, തന്‍റെ പ്രസംഗത്തിലൊരിടത്തും മാർത്തോമ്മയുടെ പാരമ്പര്യം  സൂചിപ്പിച്ചിട്ടില്ല.മാര്ത്തോമ്മാ കുരിശും ക്ലാവർ കുരിശും പ്രസംഗവിഷയങ്ങളായിരുന്നില്ല. സഭയ്ക്കുള്ളിലെ അധികാര വടംവലി ഇതിനൊരു കാരണമാകാംസീറോ മലബാർ സഭയുടെ അടിത്തറയായ മാർത്തോമ്മായുടെ പാരമ്പര്യവും കുരിശും വിവാദങ്ങളായി ‍ വീണ്ടും പ്രവാസി ‍ മലയാളികളുടെയിടയില്‍   പൊട്ടിത്തെറി ഉണ്ടാക്കുമെന്ന്  കർദ്ദിനാളിന്‍റെ നേതൃത്വവും ചിന്തിച്ചിരിക്കാം.
അമേരിക്കയിലെ കുടിയേറ്റക്കാരായ മലയാളികൾക്ക്  കർദ്ദിനാളിന്‍റെ വരവുകൊണ്ട്  എന്തു നേട്ടമുണ്ടായിലോകം ചുറ്റിയുള്ള അദ്ദേഹത്തിന്‍റെ വിമാനയാത്രകൾകൊണ്ട് കഷ്ടപ്പെടുന്ന ദരിദ്രരർക്കും, ദളിതർക്കും എന്തു പ്രയോജനം?‍
മന്ദബുദ്ധികളുടെതായ ലോകം ഉള്ളടത്തോളം ക്രിസ്തുവിന്‍റെ അനുയായികളാവേണ്ടവർക്ക്  എന്നും രാജാക്കന്മാരായി വാഴാം. രണ്ടായിരം വർഷങ്ങള്ക്കു മുമ്പ് ആശാരിച്ചെറുക്കൻ പോയ വഴികളിലൂടെ പിന്തുടർന്നവർ  ‍ പാവപ്പെട്ട മുക്കവരും വിധവകളും ദരിദ്രരും ആയിരുന്നു. കൊട്ടാര സദൃശ്യമായ ഫൈവ് സ്റ്റാർ ഹോട്ടലുകളിളിലെ  ആടി കൂത്താടുന്ന മലയാളനാട്ടിലെ  മൂന്നാംതരം കലാകാരികളു൦ ചെണ്ട അടിക്കുന്നവരും അവിടുത്തെ മലയിലെ പ്രസംഗത്തോടു സഹകരിക്കുവാനായി ഉണ്ടായിരുന്നില്ല. അമേരിക്കയിലെ  സ്ത്രീജനം താലപ്പൊലി കര്ദ്ദിനാളിനു നല്കി അഭിവാദ്യം ചെയ്താലും "നാഥാ ക്ഷമിക്കൂ" എന്നു പറഞ്ഞു പാദങ്ങളിലേക്കു വീണു ഗുരുവിനെ സ്വീകരിച്ച പുണ്ണ്യവതിയായ മഗ്ദലനായുടെ ആത്മാവിലുള്ള സ്വീകരണമാവുകയില്ല. പാവപ്പെട്ട മുക്കവർ  യാത്ര ചെയ്യുമ്പോഴെല്ലാം കടലിന്‍റെ ഇമ്പം അവരെ സ്വാഗതം ചെയ്തിരുന്നു. പ്രകൃതിയും മലകളും താഴ്വരകളും തുറസ്സായ സ്ഥലങ്ങളും ദരിദ്രരായ ജനങ്ങളുമായിരുന്നു മുക്കുവരുടെ നിത്യകാഴ്ചകള്‍.
 
പതിനായിരക്കണക്കിനു ഡോള൪സ്വീകരണങ്ങൾക്കായി ലോകമലയാളി സമൂഹം  പൊടിക്കുമ്പോഴെങ്കിലും ചേരിയിൽ  താമസിച്ചു ജോലി ചെയ്ത മദർ തെരേസ്സായുടെ ജീവിതത്തെപ്പറ്റിയെങ്കിലും മഹായിടയന്മാരായ അഭിഷിക്തലോകം  ചിന്തിക്കണമായിരുന്നു. പള്ളിയും പട്ടക്കാരനും മാത്രം ദൈവങ്ങളായി ചിന്തിക്കുന്ന അമേരിക്കൻ പ്രവാസി മലയാളികൾക്കും  ഒരു ബോധോദയം ആകുമായിരുന്നു. പകലന്തിയോളം എല്ലു മുറിയെ പണിയെടുത്തു പണമുണ്ടാക്കിയ സ്ത്രീജനങ്ങളുടെ സ്വീകരണകമ്മിറ്റി ഭര്ത്താക്കന്മാർക്ക്‌  ഒരു സന്ദേശവും ആകുമായിരുന്നു.
 
ഷിക്കാഗോ സീറോ മലബാര്‍രൂപതയുടെ മെത്രാനായ അങ്ങാടിയത്തിനെ മരപ്പാവയാക്കി ചാൻസല ഭരണം നടത്തുന്ന ചില പുരോഹിതരുടെ  രൂപതാപ്രശ്നങ്ങളിൽ ഇടപെടുവാനും തിരുമേനി ബലഹീനനാണ്. തൃശൂർ രൂപതയിലെതലോർ ‍ പ്രശ്നം പരിഹരിക്കുവാൻശ്രമിച്ച കർദ്ദിനാൾ തിരുമേനിയെ അവിടുത്തെ ആണ്ട്രൂസ്  താഴത്തു പിതാവു പുല്ലുവില കല്പ്പിക്കാതെ ധിക്കാരിയായി രൂപതാഭരണം നടത്തുന്നതും സീറോ മലബാർസഭക്കു വെല്ലുവിളിയാണ്. തലോർപ്രശ്നം ഇന്നും തുടരുന്നതു ദുഖകരമായ സത്യവുമാണ്. ഡോളർ കൊയ്യാമെന്ന ഉദ്ദേശത്തിലായിരുന്നുസീറോ മലബാർ  രൂപതയുടെ അമേരിക്കയിലെ പള്ളികളുടെ തുടക്കമെങ്കിലും  പണം നിയന്ത്രിക്കുന്നതുചില സ്ഥാപിതപുരോഹിതരുടെ നിയന്ത്രണത്തിലായതും പിതാവിനെ വേദനിപ്പിക്കുന്നുണ്ട്‌.
 
ബാലപീഡനങ്ങളും ലൈംഗിക അരാജകത്വങ്ങളും ആഗോള പുരോഹിത മെത്രാന്മാരുടെ ലോകത്തിലുണ്ടെങ്കിലും അത്തരം  ഗുരുതരമായ ആരോപണങ്ങളെല്ലാം കേരള സഭയിലധികം ഇല്ലാത്തതും അഭിമാനകരമാണ്. ആശ്വാസവുമാണ്. എന്ത്‌ അഴിമതികളും കൊള്ളരുതായ്മകളും  അധികാരികളെ സ്വാധീനിച്ച് ഇല്ലാതാക്കുവാനും കേരള പുരോഹിതനേതൃത്വത്തിന്  എന്നും സാധിച്ചിട്ടുണ്ട്ഭരണകൂടങ്ങളൊക്കെ മാറി മാറി വന്നാലും ഇവരുടെ നിയന്ത്രണത്തിനനുസരിച്ചു ഭരിക്കാത്ത പക്ഷം  അധികാരസ്ഥാനത്തുനിന്നു  പുറത്താക്കുവാനും എന്നും ശക്തമായ ജനപിന്തുണ ഇവർക്കു ലഭിക്കും. പണവും സ്വാധീനവും ഉപയോഗിച്ച് ഇന്ത്യൻ നീതിന്യായ കോടതികളെവരെ കേരള പുരോഹിത നേതൃത്വം വിലയ്ക്കെടുത്തിരിക്കുകയാണ്.
 
മണ്ടത്തരങ്ങളു പറയുവാനും കേരള പുരോഹിർക്കു മടിയില്ല.  വത്തിക്കാനിലെ വൻകിട അഴിമതികളോ അമേരിക്കയിലെയും യൂറോപ്പിലെയും സഭാപ്രശ്നങ്ങളോ അവർ  ‍ അന്വേഷിക്കാറില്ല. അങ്ങനെയുള്ള അറിവുകളൊക്കെ പാപ്പരും ആണ്. തന്മൂലം അമേരിക്കയിലാണെങ്കിലും ബിഷപ്പും അച്ചന്മാരും പറയുന്ന വിഡ്ഢിത്തത്തിന്  ഒരു കണക്കില്ല. ആഗോള തലത്തിലെ കർദ്ദിനാൾമാരെല്ലാം വളരെ അറിവും പാകതയും ഉള്ളവരാണ്. ആലഞ്ചേരി ഒരു തിയോളജി പ്രോഫസ്സർ ആയിരുന്നുവെങ്കിലുംഅത്രത്തോളം അദ്ദേഹം ഉയർന്നിട്ടില്ല. നിഷ്കളങ്കനാണെങ്കിലും പാകതയും പക്വതയും വളരെ കുറവാണ്. മുതലെടുക്കുവാനും ചുറ്റും താപ്പനകളായ പുരോഹിതരുമുണ്ട്. ആഢംബരജീവിതം ആഗ്രഹിക്കുന്ന, വിവരവും വിവേകവും ഇല്ലാത്ത പുരോഹിതരെ നയിക്കുകയെന്നുള്ളതും ഒരു സഭാപിതാവിനെ സംബന്ധിച്ച്  ബുദ്ധിമുട്ടുള്ള കാര്യമാണ്.
 
ഭാരതത്തിന്‍റെ മതസ്വാതന്ത്ര്യത്തെപ്പറ്റി വളരെയേറെ വാചാലനായ  പിതാവ് അമേരിക്കാരാജ്യത്ത്  മതസ്വാതന്ത്ര്യം ഇല്ലെന്നു വിളിച്ചു പറഞ്ഞ അങ്ങാടിയത്തിന് എന്തുകൊണ്ട്  ഒരു താക്കീതു കൊടുത്തില്ല? ഭാരതത്തെ അത്രമാത്രം സ്നേഹിക്കുന്ന പിതാവ്‌  ഇങ്ങനെ കറങ്ങി നടക്കാതെ ഇന്ത്യയിലെ കാക്കൂരുള്ള കൊട്ടാരമുറ്റത്ത്  ഉലാത്തി സമയം ചെ ലവഴിച്ചു സേവനം ചെയ്യരുതോ? ഒരു കർദ്ദിനാളെന്ന നിലയ്ക്ക്‌  അമേരിക്കയിലെ മണ്ണിന്‍റെ മക്കളെ മറന്ന്  മറ്റൊരു രാജ്യത്തെ മാത്രം പൊക്കി പറയുന്നതും ഈ നാട്ടുകാരുടെ ദേശീയബോധത്തെ ചോദ്യം ചെയ്യലാണ്. ഭാഗ്യംകൊണ്ടു ഒരു കൌണ്ടിയിലെ (പഞ്ചായത്ത്) ക്ലാർക്കുപോലും അദ്ദേഹത്തിന്‍റെ സ്വീകരണ ചടങ്ങിലില്ലായിരുന്നു. മതേതരത്വത്തെ പൊക്കി പറയുന്ന പിതാവിന്‍റെ സീറോ മലബാർസഭ ‍ മറ്റു മതങ്ങളെ ചൂഷണം ചെയ്യുന്നുവെന്നുള്ള സത്യവും മറച്ചു വെച്ചു.
 
 
ലോകത്തു‌ മറ്റൊരു രാജ്യത്തും ഇല്ലാത്ത അവകാശങ്ങളാണ്  ഇന്ത്യയിലോരുത്തർ‍ക്കും ലഭിക്കുന്നതെന്നുള്ള കർ‍ദ്ദിനാൾ‍ ആലഞ്ചേരി പിതാവിന്‍റെ ന്യൂജേഴ്സി പ്രസ്താവന പരമസത്യമാണ്. കേരളത്തിലെ ഇതരമതങ്ങളുടെ  ഔദാര്യംകൊണ്ടു കമ്പോളങ്ങളും റീയല്‍എസ്റ്റെറ്റു സാമ്രാജ്യവും കയ്യടക്കി. വിശ്വാസിയുടെ പണംകൊണ്ടു സമാഹരിച്ച സഭാസ്വത്തുക്കളുടെ അധികാരം ഒരു വിദേശ രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്. കച്ചവട വ്യവസായികളായ സഭയ്ക്ക്  സര്‍ക്കാരിനും നികുതി കൊടുക്കേണ്ട. സ്കൂളുകളിലും കോളേജുകളിലും കോഴ വാങ്ങിയതിന്‍റെ ഒരു കണക്കും സർ‍ക്കാരിനെ കേൾ‍പ്പിക്കേണ്ട ആവശ്യമില്ല. നക്കാപ്പിച്ച കിട്ടുന്ന  ഇവരുടെ തൊഴിലാളികളായ മന്ത്രിമാരും രാഷ്ട്രീയ പാർ‍ട്ടികളും എന്നും അഴിമതികൾ‍ക്കു കൂട്ടുനിന്നുകൊള്ളും. അദ്ധ്യാപകർക്കു സർ‍ക്കാർ ‍ നിശ്ചയിച്ച ശമ്പളം നേരത്തേ  വാങ്ങി വളരെ താണവേതനം കൊടുത്തു കഴുതകളെപ്പോലെ പണി ചെയ്യിപ്പിച്ചാലും ചോദിക്കാനാരുണ്ട്‌? രാത്രിയും പകലും കഷ്ടപ്പെടുത്തി നേഴ്സുമാർ‍ക്കു കൊടുക്കുന്നതു മാസം രണ്ടായിരം രൂപ.! സർവ്വമേഖലകളും ഇവർ  കയ്യടക്കി ഇന്ന് ഒരു ചൂഷക  വർ‍ഗമായി തീർ‍ന്നിരിക്കുകയാണ്.
 
സഭാസ്വത്തുക്കൾ  കൈകാര്യം ചെയ്യുവാനും അല്മെനിക്കു സ്വാതന്ത്ര്യം കൊടുക്കണമെന്നുള്ള കൃഷ്ണയ്യരുടെ ബില്ലിനെ സകല ശക്തികളോടെയും സഭ എതിർ‍ത്തിരിക്കുകയാണ്. മറ്റൊരു രാജ്യത്തും കിട്ടാത്ത അവകാശങ്ങളെ ശരിക്കും മുതലെടുക്കുന്നുവെന്നു തിരുമേനി പറഞ്ഞിരുന്നുവെങ്കിലതു ഒന്നുകൂടി വ്യക്തമായ ഭാഷയാകുമായിരുന്നു. "ലോകത്തെവിടെ  ജീവിച്ചാലും നമ്മുടെ രാജ്യത്തെ വിശിഷ്‌ടമായ പാരമ്പര്യം ഉൾ‍ക്കൊള്ളണമെന്നു" അമേരിക്ക‍ൻ  മലയാളികൾ‍ക്കുള്ള കർദ്ദിനാളിന്‍റെ സന്ദേശമായിരുന്നു. അമേരിക്കൻ പ്രവാസികൾക്കായി വചനം പറഞ്ഞ കര്‍ദ്ദിനാൾ,‍ സുവിശേഷത്തിലെ പോളിന്‍റെ അനുയായിയോ, പീറ്ററിന്‍റെ അനുയായിയോ ആരെന്നു വ്യക്തമല്ല. പീറ്റർ സ്വജാതികൾ‍ക്കായി വചനം പ്രസംഗിച്ചപ്പോള്‍ വിജാതീയരുടെ ഇടയിൽ വചനം പ്രസംഗിച്ച പോൾ,  "നീ ക്രിസ്തുവിന്‍റെ അനുയായിയോ" എന്നു പീറ്ററിനോട് ചോദിച്ചു, പീറ്ററിനു താക്കീതും കൊടുത്തു.
 
ശ്രീ  ജയിംസ്‌ കോട്ടൂരിന്‍റെയും ശ്രീ  ചാക്കോ കളരിക്കലിന്‍റെയും  അല്‍മായശബ്ദത്തിലെ മറ്റു പ്രസിദ്ധീകരണങ്ങളിലേയും ലേഖനങ്ങളിലെല്ലാം പാരമ്പര്യ വിവാദങ്ങളെ സംബന്ധിച്ചു വ്യക്തമായി വിവരിച്ചിട്ടുണ്ട്. സീറോ മലബാർ ‍ രൂപതയിലെ മലയാളികളുടെ  പാരമ്പര്യം  ആവോളം അമേരിക്കയിലും കണ്ടു. ഇനിയെങ്കിലും മലയാളി  കത്തോലിക്കരെ തമ്മിലടിപ്പിക്കാതെ ഈ പാരമ്പര്യത്തിന്‍റെ കഥയൊക്കെ അവസാനിപ്പിച്ചുകൂടേ?  പാരമ്പര്യം പറഞ്ഞു ക്നാനായും വിവാഹം മൂലം മറ്റു സമുദായങ്ങളിലകപ്പെട്ട മിശ്രിത ക്നനായും തമ്മിൽ അടിനടക്കുന്നു. ഇല്ലാത്ത രണ്ടു തോമ്മാമാരെ സൃഷ്ടിച്ചു വടക്കനും തെക്കനും തമ്മിലടി. ഒത്തൊരുമയോടെ കഴിഞ്ഞ മലയാളീ കുടുംബങ്ങളെ ഭിന്നിപ്പിച്ചു തൃപ്തിയായില്ലയോ? താമരകുരിശ്, മയിൽക്കൂടുകൾ, അല്ത്താരയിലെ കഥകളി, കൂത്ത്, ഇങ്ങനെ ഒരു രൂപത വന്നതുമൂലം അമേരിക്കൻ മലയാളികളാകെ സഹികെട്ടിരിക്കുകയാണ്. അധ:പതിക്കുന്ന അമേരിക്കൻ  സീറോ മലയാളി  സഭയെ നവീകരിക്കാതെ കേരളത്തിലെ ദരിദ്ര കോളനിയിലെ  പാവപ്പെട്ട ദളിതർ‍ക്കായി സേവനം ചെയ്യുന്നല്ലേ ഉത്തമം?
 
തക്കലയിലെക്കു ബിഷപ്പായി സ്ഥാനമേറ്റ സമയം ‍ എന്‍.എസ്‌.എസ്പ്രസിഡന്റായിരുന്ന പി.കെ. നാരായണ പണിക്കരുടെ നേതൃത്വത്തിലെ   സ്വീകരണചടങ്ങില്‍വെച്ച് തനിക്ക്  ഒരു ലക്ഷം രൂപ സമ്മാനമായി  നല്കിയെന്നും പണിക്കർ ‍ മരിക്കുംവരെ  ചെന്നു കാണുമായിരുന്നുവെന്നും കർദ്ദിനാളിന്‍റെനന്ദിയോടെയുള്ള പ്രസംഗത്തിലുണ്ടായിരുന്നു പണം ദരിദ്രർക്കു ദാനം ചെയ്തുവെന്നു പറഞ്ഞിരുന്നുവെങ്കിൽ അത് ‍ യേശുവിന്‍റെ സന്ദേശമായേനെ. കിട്ടുന്ന ധർമ്മത്തിനു  കർദ്ദിനാൾ തിരുമേനി ‍ നന്ദിയുള്ളവനാണ്വിമോചന സമര കാലത്തിനു മുമ്പു ചങ്ങനാശേരി ബിഷപ്പിന്‍റെ പിൻബലത്തോടെ പണിക്കരുടെ ആചാര്യനായമന്നത്തു പത്മനാഭനെ ചീമുട്ട കൊണ്ട്  എറിഞ്ഞ ചരിത്രവുമുണ്ട്‌.  അതേ  മന്നത്തിനെ  പുരോഹിതപ്പട തന്നെ ‍ പല്ലക്കിൽ ചുമക്കുകയും ചെയ്തു.  അടുത്ത കാലത്തു കത്തോലിക്കരും എന്എസ എസും ആയി വലിയ സ്നേഹം കാണുന്നു. സഭയ്ക്കു ‍ നാനാഭാഗത്തു നിന്നും ഭീഷണി വരുമ്പോഴാണു   ചെങ്ങാത്തം കൂടുതലും പ്രകടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തക രണ്ടു കോർപ്പറേറ്റു തമ്പുരാക്കന്മാർക്കാണ്. ഉള്ളിലുള്ളഭയവും ഈ രണ്ടു മാമ്മോന്മാരേയും ഉറ്റ ചങ്ങാതികളുമാക്കി.
 
കൂടാതെ വർഷംതോറും ഇനി അമേരിക്ക സന്ദർശിക്കുമെന്നും ‍ ന്യൂജെഴ്സിയിലെ സ്വീകരണസമയത്തു തിരുമേനി പറയുകയുണ്ടായി. എന്തു നല്ല ഇടയൻ! നാളെ സോമാലിയായുടെയും ഉഗാണ്ടായുടെയും കറൻസി വില കൂടുമ്പോൾ ‍ ദരിദ്രരെ സ്നേഹിക്കുന്ന തിരുമേനി  മാസംതോറുംആത്മാക്കളെ രക്ഷിക്കുവാൻ  അവിടെയും  എത്തുമായിരിക്കും. ആല ഞ്ചേരി പിതാവ് തനിക്കു ലഭിക്കുന്ന പണത്തിനു എന്നും നന്ദിയുള്ളവനായിരിക്കും. അതുകൊണ്ടാണു വർഷംതോറും അമേരിക്ക സന്ദർശിക്കുവാൻ  തിരുമേനി താത്പര്യം കാണിക്കുന്നതും
 
 
ദാനശീലനായ ബിൽഗേറ്റ്സ് കർദ്ദിനാളിനെ ചെണ്ടമേളങ്ങളോടെ സ്വീകരിക്കുമായിരുന്നു. പ്രശ്നം, പേഗനിസം രാജാവിന്‍റെ വേഷവും തൊപ്പിയും താമരക്കുരിശും രുദ്രാക്ഷമാലയും കാണുമ്പോഴെബിൽഗേറ്റ്സിന്  പേടി വരും. കർദ്ദിനാളാകുന്നതിനു മുമ്പ്  പദവി ലഭിക്കുംവരെ ആദർശധീരനെന്നു പേരുകേട്ട വലിയ പിതാവിന്‍റെ  നല്ല പേരിനും കളങ്കം വരും.

കർദ്ദിനാളിന്‍റെ പ്രസംഗത്തിലെ മറ്റൊരു പ്രസക്തഭാഗത്തിൽ  പറഞ്ഞു, "‍ എസ്‌.എന്‍.ഡി.പി  നല്കിയ സ്വീകരണത്തിലും ഗുരുവിന്‍റെ പ്രതിമയ്ക്കു സമീപം അദ്ദേഹത്തിനുവേണ്ടി കസേരയിട്ടു; തിയോളജി മാസ്റ്റേഴ്സിനുതന്‍റെ ഗവേഷണം ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളെപ്പറ്റി ആയിരുന്നു.  വിശ്വാസംകൊണ്ടും ജന്മംകൊണ്ടും നാം വ്യത്യസ്തരായിരിക്കാം" എന്നെല്ലാം വാചാലമായി പറയുകയുണ്ടായി. ഒരു ജാതി, ഒരു മതം ഒരു ദൈവം എന്നു പറഞ്ഞ നാരായണ ഗുരുവിനെ വിറ്റു ഡോക്റ്റർബിരുദം തിയോളജിയിലും നേടിയെന്നല്ലേ കര്ദ്ദിനാളിന്‍റെ വാക്കുകൾ  ധ്വനിപ്പിക്കുന്നത്‌. ഇപ്പോഴദ്ദേഹം പറയുന്നു, വിശ്വാസംകൊണ്ടും ജന്മംകൊണ്ടും നാം വ്യത്യസ്തരായിരിക്കാം. എന്തു വിരോധാഭാസം!  മനസ്സാക്ഷിക്കെതിരായി പ്രബന്ധം എഴുതി പേരിന്‍റെകൂടെ ഡിഗ്രിവെച്ചു നടക്കുന്നുശ്രീ നാരായണഗുരുവിന്‍റെ പ്രതിമക്കു മുമ്പിൽ  രണ്ടു മുഖഭാവങ്ങളുള്ള കര്ദ്ദിനാളിന്  ഇരിക്കുവാൻ  യോഗ്യതയുണ്ടോ? മനുഷ്യരെല്ലാം വ്യത്യസ്ത ചിന്താഗതിയില്ലാതെ ഒന്നായി കാണുവാനായി ഗുരു ഉപദേശിച്ചു.
 
 
ആലഞ്ചേരി പിതാവു വലിയ ഒരു സമുദായത്തിന്‍റെ ആത്മീയ നേതാവാണ്‌. മലയാളനാട്ടില്‍ ജനിച്ച സഭയുടെ ഈ രാജകുമാരന്‍ ഭരിക്കുന്ന ദേശവും കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടവും വളരെ വിസ്തൃതിയുള്ളതാണ്. ആദ്യം പോയി തലോ൪പ്പള്ളിയിലും മറ്റും നടക്കുന്ന ആഭ്യന്തര പോരുകളവസാനിപ്പിക്കൂ.
 
 
പണക്കാരുടെ ചെണ്ടമേളങ്ങളിലും അമേരിക്കയിലെ സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യുവാനായിആഗ്രഹിക്കുന്നവരുടെ ഇടിച്ചു തള്ളലിൽനിന്നും അകന്നുനിന്ന്  ഒരു കർദ്ദിനാളെന്ന ‍ ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ  പ്രവർത്തിച്ച് യേശുവിന്‍റെ സന്ദേശം പ്രചരിപ്പിക്കുവാനും എളിയവന്  അഭ്യര്ഥനയുണ്ട്.





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...