Thursday, June 6, 2013

16 .ദളിത ക്രിസ്ത്യാനികളോട് സഭയുടെ നിലപാട്






ആര്യരക്തം സിരകളില്‍ക്കൂടി ഒഴുകുന്നുവെന്നു പുലമ്പുന്ന ഭാരതത്തിലെ ജനസംഖ്യയിലെ  വെറും പത്തുശതമാനം വരുന്ന സവര്‍ണ്ണ ഹിന്ദുക്കളുടെ കൈകളിലാണ്  ഇന്നു മൊത്തം രാഷ്ട്രവും. ജാതിവ്യവസ്ഥ ഉണ്ടാക്കി ദളിതരെ എന്നും അടിമകളാക്കാമെന്നാണ് വ്യാമോഹം.ദളിതർ ‍എന്ന വാക്കിന്‍റെ അര്‍ഥം തകര്‍ന്ന ജനതയെന്നാണ്. പ്രാകൃത ദൈവങ്ങളെ ആചരിക്കുന്ന ഇവർ ‍ഒരിക്കലും ഹിന്ദുക്കളായി കരുതുന്നില്ല. ‍ സവര്‍ണ്ണ ജാതികള്‍ ദളിതരുടെ സംസ്കാരത്തെയും പ്രാകൃത ദൈവങ്ങളെയും ഹൈന്ദവരുടേതാക്കി ദളിതജനതയെ നിത്യഅടിമകള്‍ ആക്കുവാനുള്ള നെട്ടോട്ടമാണ്. വേദങ്ങളിലെ അദ്വൈതത്തില്‍ ഒരു ദൈവമേയുള്ളൂ . അതു ശങ്കരാചാര്യരുടെ ദാര്‍ശനീകതയാണ്. ആര്യദേവന്മാർ പുരാണത്തിലെ ദേവന്മാര്‍ അല്ല. പിന്നെ ഇവർക്കു ദളിതരെ അടിമകളാക്കുവാൻ ‍എന്തു അവകാശമാണ്. ശിവനും കൃഷ്ണനും ഭാരതത്തിന്‍റെ മണ്ണിലെ ദൈവങ്ങളാണ്. പുറത്തുനിന്നു വന്ന ആര്യകുല സന്തതികൾക്ക്  മണ്ണിന്‍റെ മക്കളായ ദളിതരോട്  യാതൊരു സ്നേഹവും ഇല്ല.
ദളിത്‌ ക്രിസ്ത്യാനികളിൽ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. മത്സ്യത്തൊഴിലാളികളാണ് അധികവും. പതിനാറും പത്തൊന്‍പതും നൂറ്റാണ്ടുകളിൽ ക്രിസ്ത്യന്‍ മിഷ്യനറിമാർ ഹിന്ദുജാതികളിൽനിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ മിഷ്യനറിമാര്‍ക്ക് അന്ന്  ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥയെപ്പറ്റി വ്യക്തമായി അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തിൽ ജാതിവ്യവസ്ഥ ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെ ഇടയില്‍ ഉണ്ടായിരുന്നതിനെക്കാൾ ക്രിസ്ത്യൻ-ദളിതരുടെയിടയിൽ പകര്‍ന്നു പിടിച്ചിരുന്നു. സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചു.
"ദളിതക്രിസ്ത്യാനി" എന്ന പദം തന്നെ തെറ്റാണ്. സിറോമലബാര്‍ സഭയില്‍ വിവേചനം ഇല്ല, സഭയിലെ വിശ്വാസികള്‍ ഒന്നുപോലെയെന്നു കര്‍ദ്ദിനാൾ ആലഞ്ചെരിയും മറ്റു ബിഷപ്പുമാരും ഒന്നുപോലെ അവകാശപ്പെടുന്നു. ക്രിസ്തുവചനം അനുസരിച്ചു സുന്ദരമായ തത്ത്വം. ഇങ്ങനെ ബ്രാഹ്മണരും ചതുര്‍വേദങ്ങൾ പറയും. ദളിതർ ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളുടെ ഭാഗമാണ്. കാരണം ഒരു ശരീരത്തിന്  എല്ലാ അവയവങ്ങളും ഒന്നായ ആവശ്യംപോലെ ദളിതരും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്. അങ്ങനെ തത്ത്വങ്ങള്‍ക്കു യാതൊരു കുറവുമില്ല.  
ജാതിവ്യവസ്ഥ ഭാരതത്തിന്‍റെ ഭരണഘടനയ്ക്കു എതിരെങ്കിലും ഇത്  സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം, ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും. ദളിതരെന്നു പറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഭാരതഭൂമിയിൽ നാം കാണുക.
ഈ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധ:കൃതരായ ഹിന്ദുജനത ക്രിസ്തുമതത്തിൽ ചേര്ന്നു . മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവർ ‍എന്തു നേടി? സവര്‍ണ്ണ ക്രിസ്താനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റു മുട്ടികൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യൻ ക്രിസ്ത്യാനികളിൽ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്. 
ആദ്യകാലങ്ങളിൽ  മതപരിവര്‍ത്തനം ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കൻ പാല്‍പൊടിയും വിതരണം ഉണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങൾ കരിംച്ചന്തയിൽ വിറ്റു  മെത്രാന്മാരും പള്ളിയും അരമനക്കു മുതലു കൂട്ടിയിരുന്നു.
മതപരിവര്‍ത്തനം  ചെയ്ത ദളിത്‌ക്രിസ്ത്യാനികൾ  ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇവരുടെ നിലനില്‍പ്പുതന്നെ  സവർ‍ണ്ണ ക്രിസ്ത്യാനികളോടും ഹിന്ദു ഭീകര വർ‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്.   തീണ്ടല് ‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തിൽ വന്നകാലംമുതൽ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ദളിത ക്രിസ്ത്യാനികൾ അനുഭവിച്ചുവെന്നാണു സത്യം.
സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയുണ്ടാക്കിയപ്പോൾ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്നു നക്കലു തയ്യാറാക്കിയത്. അതായത്, ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തിലുള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്നു വാദിക്കുന്ന അന്നത്തെ ക്രിസ്ത്യൻസമുദായ നേതൃത്വം ക്രിസ്ത്യാനികളായ ദളിതര്‍ക്കുള്ള സംവരണം നിരസിച്ചുകൊണ്ടു ഇല്ലാതാക്കി. ജാതിതിരിവു ക്രിസ്ത്യന്‍ മതത്തിലില്ലെന്നു നെഹ്രുവിനെയും അംബേദ്ക്കർ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി  വിശ്വസിപ്പിച്ചു. അന്നുള്ള  ക്രിസ്ത്യൻസമുദായ നേതൃത്വമാണ്, ദളിത് ക്രിസ്ത്യാനി‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ മുളയിലേതന്നെ നുള്ളിക്കളഞ്ഞതും. അങ്ങനെ അവർ ദളിത്ക്രിസ്ത്യാനികളുടെ കഞ്ഞിയിൽ കല്ലുവാരിയിട്ടു.  കിട്ടേണ്ട ആനുകൂല്യങ്ങളെ അവര്‍ക്കു നഷടപ്പെടുത്തി.
 ക്രിസ്ത്യാനികളായ ദളിതർ തങ്ങളുടെ ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു. പിന്നോക്ക സമുദായ പട്ടികയിലാക്കുവാനുള്ള കാരണം  അക്കാലത്തെ പിതാക്കന്മാരുടെ ഇത്തരം അബദ്ധ പ്രഖ്യാപനങ്ങളാണ്. പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂകൂല്യങ്ങളും ഹിന്ദുദളിതർ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതർ അറുപതുകൊല്ലങ്ങളോളം പുറകോട്ടു പോയി ഇന്നും അവശത അനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും അര്‍ദ്ധ പട്ടിണിക്കാരുമായിക്കഴിയുന്നു. ഇവരുടെ ദുഖാവസ്ഥയിൽ സഭാ നേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്പോലെ പുരോഹിതമതം കൈകഴുകയാണ്. മെത്രാൻകോര്‍പ്പറെറ്റു സ്ഥാപനങ്ങളിൽ ‍ദളിതർക്ക്  അര്‍ഹതയുണ്ടെങ്കിലും മെച്ചമായ ഉദ്യോഗം കൊടുക്കുവാൻ തയ്യാറാവുകയില്ല. തുണിഅലക്ക്, കുശിനി, ശിപായിതുറകളിലുള്ള‍ ജോലി കൊടുത്തെങ്കിലായി. സര്‍ക്കാരിലുള്ള‍ ജോലിക്കും  ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ടു മെറിറ്റിലും മത്സരിക്കണം. 

മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ മൌലിക വാദികളായ വന്യജാതികൾ ദളിതരുടെ ഭവനങ്ങളിൽ  കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി. ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ദളിത ക്രിസ്ത്യാനികളെ പള്ളി ഒരു വിധത്തിലും സഹായിക്കുകയില്ല. കടുംദാരിദ്ര്യമുള്ള ദളിതര്‍ക്കുപോലും സഭയുടെ ഹോസ്പ്പിറ്റലിൽ മനുഷ്യത്വത്തിന്‍റെ പേരിലെങ്കിലും ചീകത്സ നല്‍കാതെ  കണ്ണടക്കുകയാണ് പതിവ്. ഹോസ്പിറ്റല്‍പോലും അമിതമായി പണം ഈടാക്കി സവര്‍ണ്ണര്‍ക്കു മാത്രമുള്ളതായി. 

ആലഞ്ചേരിപിതാവ്, ഔദ്യെഗികമായി കര്‍ദ്ദിനാളായി സഭയുടെ സ്ഥാനം ഏറ്റശേഷം സഭയിൽ ജാതിവ്യവസ്ഥയില്ലെന്നു പറയുകയുണ്ടായി. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചു ദളിതരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പ്രസ്താവനയാണിത്. തത്ത്വത്തിൽ  സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാൽ,‍ പരസ്പര വിരുദ്ധമായി തികച്ചും പുരോഹിതരുള്‍പ്പടെ ക്രിസ്ത്യന്‍സമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങൾ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റില്‍ പറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാര്‍ഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളില്‍ അടിമകളായി അവര്‍ ജീവിച്ചിരുന്ന കാലങ്ങളെക്കാള്‍ കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാര്‍ഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തെക്കാൾ ‍എത്രമാത്രം ഉയര്‍ന്നുവെന്നു കര്‍ദ്ദിനാളായി സ്ഥാനാരോഹിതനായ ആലഞ്ചെരിക്കു വ്യക്തമാക്കാമോ? സഭ, ഭൂസ്വത്തുക്കളും പണവും വിശ്വാസികളില്‍നിന്നു ശേഖരിച്ചു. കൊഴകള്‍കൊണ്ട്  അധ്യാപക നിയമനവും നടത്തി. എഴുപത്തിയഞ്ചു  ശതമാനത്തിലേറെ ദളിത് ക്രിസ്ത്യാനികളുള്ള സമുദായത്തില്‍ എത്ര ദളിതര്‍ക്ക് സഭ ജോലികൊടുത്തിട്ടുണ്ട്? കൂടിയാല്‍ കുറെ തൂപ്പുകാരെയും കുശിനിക്കാരെയും പരിസരം ശുദ്ധിയാക്കുന്നവരെയും സഭാസ്ഥാപനങ്ങളില്‍കാണാം.
പുതു ക്രിസ്ത്യാനിയായതുമൂലം പരമ്പരാഗതമായി അവര്‍ക്കുണ്ടായിരുന്ന അഭിമാനവും വ്യക്തിത്വവും ‍നഷ്ടപ്പെടുത്തി. ഇന്നും ക്രിസ്ത്യൻ ‍ദളിതർ ‍ദാരിദ്ര്യത്തില്‍തന്നെ ജീവിക്കുന്നു. മനുഷ്യത്വം കാണിക്കാത്ത ഒരുസമൂഹത്തിൽ അവമാനിക്കപ്പെട്ട ജനതയായിതന്നെ കഴിയുന്നു. കക്കൂസുകൾ  വൃത്തിയാക്കിയും കുശിനിപ്പണി ചെയ്തും ഒക്കെ  ജീവിക്കുന്ന ഇവരുടെ ജീവിതനിലവാരം സഭയിൽ,‍ ജാതി വ്യവസ്ഥയില്ലന്നുള്ള പിതാക്കന്മാരുടെ പ്രസ്താവനകൾക്കു  വിരുദ്ധമാണ്.  സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ കര കയറ്റുകയെന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്തം  കര്‍ദ്ദിനാളായി സ്ഥാനം വഹിക്കുന്ന ആലഞ്ചെരിക്കുണ്ട്. സഭയുടെ വാഗ്ദാനങ്ങളെ ദളിതർ  അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകളായി സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്.  ദാരിദ്ര്യത്തില്‍നിന്നും അവർ ‍എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷൻപോലും ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളിൽനിന്നും പീഡനം സഹിക്ക വയ്യാതെയാണു ദളിതർ ക്രിസ്ത്യൻസഭകളിലേക്കു ചെക്കേറിയത്. എന്നാൽ ദളിതരെ ഭാരതത്തിലെ ക്രിസ്ത്യന്‍സഭകൾ മൊത്തം പീഡിപ്പിക്കുന്നതായും വാര്‍ത്തകളിലുണ്ട്. 2006 ഡിസംബര്‍ 13നു പാലായില്‍ ഉദയഗിരി സെന്‍റ് ജോസഫ്‌പള്ളിയിലെ മഴപ്പേല്‍ മറയില്,‍ പൌലോ(78വയസ്)എന്ന ദളിതന്  സംസ്കാരകര്‍മ്മങ്ങൾ നിഷേധിച്ചതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. മരിച്ച ദളിതൻ  ഒരുകൂട്ടുകാരനുമൊപ്പം ഹിന്ദുക്കളുടെ ഒരു പുണ്യയാത്രക്കു പോയിയെന്നായിരുന്നു അയാളുടെ പേരിലുണ്ടായിരുന്ന ആരോപണം. തെവരുപറമ്പിൽ കുഞ്ഞച്ചനായിരുന്നു ഇയാളെ ക്രിസ്ത്യാനിയാക്കിയത് . ഫാദർ ‍സിറിയക്, നിരപ്പേല്‍ എന്ന വികാരിയാണ് അന്നു പൌലോയുടെ സംസ്കാരകര്‍മ്മങ്ങളെ നിഷേധിച്ചത്. ‍ മരിച്ചയാൾ മറ്റൊരു മതത്തിലേക്കു ചേര്‍ന്നിട്ടില്ലങ്കിൽ പാപിയാണെങ്കിലും സഭാശുശ്രുഷകളെ ‍നിഷേധിക്കരുതെന്നു രണ്ടാം വത്തിക്കാൻകൌണ്‍സിൽ പ്രത്യേകമെടുത്തു പറഞ്ഞിട്ടുണ്ട്.
"ഞങ്ങള്‍ ദരിദ്രര്‍ ആണ്, പള്ളിക്ക്  എങ്ങനെ വേണമെങ്കിലും പാവങ്ങളായ ഞങ്ങളെ അപമാനിക്കാം" എന്നുള്ള മരിച്ച പൌലോയുടെ ഭാര്യ  ഏലിയുടെ ഹൃദയസ്പ്രുക്കായ വാക്കുകള്‍ക്കും സഭാനേതൃത്വം വിലകൊടുത്തില്ല. സീറോമലബാര്‍സഭ ഹിറ്റ്‌ലറിന്‍റെ ഫാസിസം വിശ്വസിക്കുന്നുവെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ  സംഭവങ്ങള്‍കൊണ്ടു വ്യക്തമാകുന്നു. തമിഴ്നാട്ടിലെ  സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും വേര്‍തിരിച്ചു പ്രത്യേക ശവക്കോട്ടകളുണ്ട്. മരിച്ച ദളിതരുടെ ശരീരം  ദുരിതം പിടിച്ച വഴികളുള്ള വിജനമായ സ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതർ‍ക്കു പ്രവേശനമില്ല.
കേന്ദ്രം ഭരിക്കുന്നവർ കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നതിനു ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദുപുരോഹിത വര്‍ഗത്തിന്‍റെ തദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്നും ലോകവാര്‍ത്തകളില്‍,‍ നിറഞ്ഞിരിക്കുന്നതായി കാണാം. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത്  ആയിരകണക്കിനു ദളിതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും. അവസരത്തിനൊത്തു മുമ്പോട്ടു‌ പോകുന്ന കേന്ദ്ര സര്‍ക്കാർ എന്നും വോട്ടുബാങ്കു ലക്‌ഷ്യം ഇടുന്നതായും കാണാം. വത്സാ ജോൺ എന്ന ഹതഭാഗ്യയായ സന്യാസിനിയുടെ ജാതിവര്‍ഗീയ വാദികളുടെ കൈകളിൽനിന്നുമുള്ള ക്രൂരമരണം എല്ലാമനുഷ്യസ്നേഹികളെയും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. ഇവർ  ദളിതര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച്  സ്വയം ജീവിക്കുന്നതിനു മറന്നുപോയ ഒരു സാമൂഹിക പ്രവര്‍ത്തക ആയിരുന്നു.
മാധ്യമങ്ങളും സാംസ്ക്കാരിക രാഷ്ട്രീയസംഘടനകളും ഭാരതം പ്രകാശിക്കുന്നുവെന്നു പ്രചരണം നടത്തുന്നുവെങ്കിലും യഥാര്‍ഥചരിത്രം മറിച്ചാണ്. ലോകശക്തികളിലൊന്നായി ഭാരതം കുതിച്ചുയരുന്നുവെന്നതും ശരിതന്നെ. നിരസിക്കുന്നില്ല. ഒന്നേകാൽ  ബില്ല്യന്‍ ജനങ്ങളുടെ സാമ്പത്തികശക്തിയുടെ മുന്നേറ്റമാണിത്. ഭാരതത്തിലെ പരിഷ്കൃത നഗരങ്ങളില്‍ക്കൂടി യാത്ര ചെയ്‌താൽ ‍ഈ സാമ്പത്തിക മുന്നേറ്റത്തിന്‍റെ കുതിപ്പ് എവിടെയും കാണാം. ടെക്നോളജിയുടെ ഗുണങ്ങൾ ലോകത്ത്  ഏറ്റവും അനുഭവിക്കുന്ന ജനങ്ങളുള്ള രാജ്യവും ഭാരതംതന്നെ. ആധുനികതയുടെ ഈ മുഖംമൂടിയിൽ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഒളിഞ്ഞിരിപ്പുണ്ടെന്ന വസ്തുത അധികമാരും ഗൌനിച്ചിട്ടില്ല. ലോകം ഇവരോടു വിവേചനപരമായി പെരുമാറുന്നു. ഇന്നുള്ള നിര്‍ദ്ദയമായ സാമൂഹിക വ്യവസ്ഥ ഇവരെ മൃഗങ്ങളുടെ നിലവാരത്തിൽ കാണുന്നു. ഉയര്‍ന്ന ജാതികളായ ഹിന്ദുക്കളില്‍ നിന്നും ക്രിസ്ത്യാനികളിൽനിന്നും ഒരുപോലെ ഇവര്‍ക്കു ജീവനും ഭീഷണിയുണ്ട്. ഭാരതത്തിന്‍റെ പുറംലോകത്തുനിന്നും ഒളിഞ്ഞിരിക്കുന്ന ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വര്‍ണ്ണവ്യവസ്ഥയുടെ കഥയാണിത്.

കരംചെടുവിലും ചുന്ദൂരിലും അടുത്തയിടെ ദളിതർക്കെതിരെ നടന്ന ഭീകരആക്രമത്തിൽ  ഇരയായയതും കൂടുതലും ദളിത ക്രിസ്ത്യാനികളായിരുന്നു. ദളിതർക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലായെന്നുള്ളതും പരിതാപകരമാണ്. ദളിത്  ക്രിസ്ത്യാനികളും ദളിത്  മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഭരണഘടനയ്ക്കു മാറ്റം വരുത്തി ദളിത ക്രിസ്ത്യാനികളെ ഷെഡ്യൂൾഡ് കാസ്റ്റിലുള്‍പ്പെടുത്തുവാനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയം പലവിധ സാങ്കേതിക കാരണങ്ങൾകൊണ്ട്  ബില്ലവതരണം പരാജയപ്പെടുന്നതായും കാണുന്നു. ഉയര്‍ന്ന ജാതികളിൽനിന്നുമുള്ള എതിർപ്പ്  ഒരു കാരണമാണ്.
ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷമായ  ദളിതക്രിസ്ത്യാനികള്‍ക്കു പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങളുള്ളതു ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. പുരോഹിതര്‍ക്കും പിന്‍വാതിലില്‍ക്കൂടി കോഴ നല്‍കുന്നവരുടെ മക്കള്‍ക്കും ജോലിനല്‍കുന്ന സങ്കേതങ്ങളിൽ തകര്‍ന്നു ജീവിക്കുന്ന ദളിതർക്ക്  എന്തുകാര്യം? സീറോമലബാര്‍സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ തൊഴിലുകളിലുള്ള ദളിതര്‍ ഒരു ശതമാനംപോലും ഇല്ല. ദളിത് ജനങ്ങളെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു. ഇവര്‍ക്കു സര്‍ക്കാരിലെ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളായിരുന്നു.
സഭയ്ക്കുള്ളിൽ ബ്രാഹ്മണരേപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച്  ദളിതർക്ക്  അവരുടെ സമുദായ ഉദ്ധാരണത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങൾ കൊടുത്തില്ലെങ്കിൽ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല. വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നതു തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ യേശുനല്‍കിയ സന്ദേശങ്ങള്‍ക്കു വിരുദ്ധവും.  മതവും രാഷ്ട്രവും ഒരുപോലെ ദളിത്  ‌ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. മതമെന്നുള്ളത്  ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെപേരിൽ ‍ ദളിതര്‍ക്കു റിസര്‍വേഷനുള്ള അവകാശങ്ങളെ  നിഷേധിക്കുന്നതു ഭരണഘടനാ  വാഗ്ദാനത്തിന്‍റെ ലംഘനംകൂടിയാണ്. ദളിത് ‌ക്രിസ്ത്യാനികളുടെ ഈ ആവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും. 
നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഇവർ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ പരിഗണനയും ഇവരോടു കാണിച്ചിട്ടില്ല.‍ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട്  ഇവരെ ചതിക്കുകയായിരുന്നു. ക്രിസ്തുമതത്തിലേക്ക്  മതപരിവര്‍ത്തനം നടത്തിയതിന്  ഇവർ പൂർവ്വി‍വികരെ പഴിക്കുന്നു.  ഉന്നതകുല ക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയും ചൂഷണം  ചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലി തേടിയാലും ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലി ഏറെയും. ദളിതര്‍ ബുദ്ധമതത്തിലേക്കോ  സിക്കുമതത്തിലേക്കോ  മതപരിവര്‍ത്തനം നടത്തിയാലും റിസർവേഷനെ ബാധിക്കുകയില്ല. 

ക്രിസ്ത്യന്‍ദളിതർ ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയര്‍ന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു  ചേര്‍ന്നത്  ഹിന്ദുമൌലികവാദികളുടെ വര്‍ണ്ണവ്യവസ്ഥയില്‍നിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാർ  തങ്ങളെ  തുല്യമായി പരിഗണിക്കുമെന്ന് അവർ  ‍വിശ്വസിച്ചു. എന്നാൽ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവർപോലും ഇന്നും ഇവരുടെ ഇടയിൽ കുറവാണ്.                   





















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...