Friday, June 14, 2013

ക്രിസ്തുവിന്റെ അന്ത്യഅത്താഴവും കത്തോലിക്കാവിശ്വാസവും


കുർബാനയിലെ അപ്പത്തെപ്പറ്റി പരേതനായ ജോസഫ്
കുളിരാനിയുടെ  ലേഖനത്തിലെ ഉള്ളടക്കവും  നവീകരണ സഭകളുടെ   വിവാദങ്ങളും ബൈബിളിനെ അഗാധമായി പഠിച്ച പണ്ഡിതരായ കത്തോലിക്കർ മുഖവിലക്ക് എടുക്കുകയില്ല.  നവീകരണക്കാർ  കത്തോലിക്കരെ ഏറ്റവുമധികം വിമർശിക്കുന്നതും കുർബാനയിലെ അപ്പം എന്ന കൂദാശയെ  ചൊല്ലിയാണ്.  വചനങ്ങളെ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാം. അതിന് യഹോവാ സാക്ഷികൾക്കും ഇവാഞ്ചലിസ്റ്റുകൾക്കും പ്രത്യേകമായ വാസനയുമുണ്ട്.


വിശ്വാസവും  ദൈവവുമായി  ഹൃദയത്തോട് അടുപ്പിക്കുമ്പോൾ പലപ്പോഴും യുക്തിക്ക് പ്രസക്തമല്ലാതെയാകുന്നു.  മൗലിക സഭകൾ  ബൈബിളും  വചനങ്ങളും  ഉപജീവനമായി കാണുമ്പോൾ കത്തോലിക്കർ  സഭയുടെ  ആദിമ നൂറ്റാണ്ടുമുതലുള്ള   ആചാരങ്ങളും  വിശ്വാസങ്ങളും പിന്തുടരുന്നു. ക്രിസ്തു  ദൈവമെന്ന്  ചിന്തിക്കുന്ന സ്ഥിതിക്ക്  കുർബാനയിലും   ദൈവചൈതന്യം വിശ്വസിക്കുന്നത്  ആത്മീയത്തിലെ  യുക്തി തന്നെയാണ്. യുക്തിവാദികൾക്ക് ദൈവമായ യേശുവിനെയോ അപ്പത്തിലെ  യേശുവിനെയോ   വിശ്വസിക്കുവാൻ സാധിക്കുകയില്ല.  എന്നാൽ സഭകളുടെ കൂട്ടായ്മക്ക് ഏകമായി  ദൈവമായ ക്രിസ്തുവെന്ന സങ്കൽപ്പമാണുള്ളത്.


വചനങ്ങളിൽ യേശു അപ്പത്തിൽ കുടികൊള്ളുന്നുവെന്ന്  വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യാഖ്യാനിച്ചാൽ യേശു നല്കിയ അപ്പത്തെ ജീവനില്ലാത്ത മന്നായുമാക്കാം. അന്ധമായി കത്തോലിക്കാ വിശ്വാസത്തെ ആക്രമിക്കുകയെന്ന നയമാണ് നവീകരണക്കാർക്കുള്ളത്.  വസ്തുതകളിൽനിന്ന്   അകന്നുള്ള സമീപനവും യുക്തിക്ക് നിരക്കുന്നതല്ല.  നിഷ്പക്ഷമായി കത്തോലിക്കരുടെയും നവീകരണക്കാരുടെയും  ചിന്താഗതികളെ ഒരേ അളവുകോൽകൊണ്ട് അളന്നു നോക്കിയാലെ സത്യത്തിന്റെ മുഖം ദർശിക്കുവാൻ സാധിക്കുകയുള്ളൂ.



യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിലെ സാരം അനുസരിച്ച്  കുർബാന എന്ന കൂദാശ യേശു സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. കൊപ്പനാം സിനഗോഗിൽ യഹൂദർ യേശുവിനോട് ചോദിച്ചു. "അവിടുത്തെ വിശ്വസിക്കാൻ എന്തടയാളമാണ് ഞങ്ങൾക്ക് തരുവാൻ പോകുന്നത്." യേശു പറഞ്ഞു, "നിങ്ങളുടെ പൂർവികർ  മരുഭൂമിയിൽ   സ്വർഗത്തിൽനിന്നും ലഭിച്ച അപ്പമായ മന്നാ ഭക്ഷിച്ചു. യദാർഥ അപ്പം സ്വർഗത്തിലുള്ള പിതാവിങ്കൽ നിന്ന് വരുന്നു. "അപ്പം ഞങ്ങൾക്ക്  എന്നും തരണമേയെന്ന് പ്രാർഥിക്കൂ. ഞാൻ ജീവന്റെ അപ്പമാകുന്നു. എന്നിൽ വരുന്നവൻ വിശക്കുകയില്ല. എന്നിൽ വിശക്കുന്നവൻ ദാഹിക്കുകയില്ല." ആത്മീയ ഉണർവ് നല്കുന്ന ആലങ്കാരികമായ യേശുവിന്റെ ഭാഷ അവർക്ക് മനസിലാവുകയും ചെയ്തു.  വേദാന്തികളും  ഇങ്ങനെതന്നെയാണ്  സംസാരിക്കുക.  സർവ്വ ചരാചരങ്ങളിലും ബിംബങ്ങളിലും ദൈവത്തിന്റെ ചൈതന്യം കുടികൊള്ളുന്നുവെന്ന് ഹൈന്ദവ പുരാണവും പറയും.  പൂജകൾകൊണ്ട്  പാവനമാക്കുന്ന  അപ്പത്തിലും ദൈവം കുടികൊള്ളുന്നുവെന്ന് കത്തോലിക്കരും വിശ്വസിക്കുന്നു.


യഹൂദർ അവനോട് ചോദിച്ചു, "ഈ മനുഷ്യൻ എന്തേ മാംസ രക്തങ്ങൾ ഭക്ഷിക്കുവാൻ നമുക്ക് തരുന്നു."  (John 6:51–52). യേശുവിന്റെ വചനത്തിന്റെ പേരിൽ  യഹൂദർ   പരസ്പരം  വാക്കുതർക്കങ്ങളായി.  അവന്റെ വാക്കുകളെ  ശ്രവിച്ചവർ  അക്ഷരാർഥത്തിൽ അവനെ മനസിലാക്കി. യേശു വീണ്ടും വീണ്ടും  പറഞ്ഞു,  " നീ  മനുഷ്യപുത്രനെ ഭക്ഷിച്ചില്ലായെങ്കിൽ അവന്റെ രക്തം പാനം ചെയ്തില്ലായെങ്കിൽ നിന്നിൽ ജീവനില്ല.  ആരാണോ എന്റെ മാംസം കഴിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യ, അവന് നിത്യതയുണ്ട്. അന്ത്യത്തിലെ വിധിയുടെ നാളിൽ  ഞാൻ അവനെ ഉയർത്തെഴുന്നേൽപ്പിക്കും."   "സത്യം സത്യമായും  ഞാൻ പറയുന്നു ഇതെന്റെ മാംസമാണ്.   ഭക്ഷിക്കുക.   പാനീയമായ എന്റെ രക്തമാണ്. കുടിക്കുക.  ആര് എന്റെ മാംസം കഴിക്കുന്നുവോ രക്തം പാനം ചെയ്യുന്നുവോ അവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു." (John 6:53–56). 


യേശു പറഞ്ഞതെല്ലാം ആലങ്കാരിക ഭാഷയെന്ന് മൗലികവാദികൾ പറയും.  "ഞാൻ വാതിൽ ആകുന്നു ;"(John 10:9) "  "ഞാൻ മുന്തിരി വള്ളിയാകുന്നു ;"  എന്നുള്ള വചനങ്ങളെല്ലാം  ആലങ്കാരികങ്ങളായ മറ്റു വചനങ്ങളെയും തുലനം ചെയ്യും. സത്യത്തിൽ "ഞാൻ ജീവന്റെ അപ്പമാകുന്നു"വെന്ന യേശു പറഞ്ഞ വചനവുമായി  "ഞാൻ വാതിലാകുന്നു, മുന്തിരിവള്ളിയാകുന്നു"എന്നീ  വചനങ്ങൾക്ക് സാമ്യമില്ല.  എന്നാൽ ഈ  വചനങ്ങൾക്ക് ആലങ്കാരിക സൌന്ദര്യമുണ്ട്. കാരണം ക്രിസ്തു ഒരു വാതിൽപോലെയാണ്. അവനാകുന്ന വാതിലിൽക്കൂടി  സ്വർഗ്ഗകവാടത്തിൽ എത്തുന്നു. അതുപോലെ അവൻ മുന്തിരിവള്ളിപൊലെയുമാണ്. ആത്മത്തിന്റെ പാനം അവനിൽക്കൂടി  ലഭിക്കുന്നു. എന്നാൽ "ഇതെന്റെ രക്തമാകുന്നു, പാനീയമാകുന്നുവെന്ന്" യേശു പറഞ്ഞത് പ്രതീകാത്മക രൂപേണയല്ല. അവൻ തുടർന്നു. "പിതാവ് എന്നെ അയച്ചതുമൂലം ഞാൻ പിതാവിങ്കലും വസിക്കും. അതുകൊണ്ട്  ആരാണോ   എന്നെ  ഭക്ഷിക്കുന്നത്  അവൻ  എന്നിൽക്കൂടി  ജീവിക്കും." (John 6:57).  ബൈബിളിലെ  "ഡ്രോഗണ്‍ " (trogon) എന്ന ഗ്രീക്ക് പദത്തിലും  'തിന്നുക' എന്നു തന്നെയാണ് അർഥമാക്കുന്നത്.   ഗ്രീക്ക് ഭാഷ ആലങ്കാരികമായി ഉപയോഗിക്കാറില്ല.


യേശു പറഞ്ഞതിനെയൊന്നും മൃദുലമായ ഭാഷയിൽ    അവിടുന്ന് പിന്നീട്  മാറ്റി  എഴുതിയിട്ടില്ല. തെറ്റിധാരണകൾ മാറ്റുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.ആരും എതിർത്തുമില്ല. യേശുവിനെ ശ്രദ്ധിച്ചവർ പാവപ്പെട്ട മുക്കവരും തൊഴിലാളികളുമായിരുന്നു. ദ്വയാർഥം അവർക്ക് മനസിലാകുമായിരുന്നില്ല. ആലങ്കാരിക ഭാഷയിലാണ് യേശു പറഞ്ഞതെന്ന് പിന്നീടൊരിക്കലും അവർ ഒരു വചനങ്ങളിലും കൂട്ടിചേർത്തില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ യേശു പറഞ്ഞത് തെറ്റായി ചിന്തിച്ചുവെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് ആ തെറ്റുകളെ പിന്നീടൊരിക്കലും ശിക്ഷ്യന്മാർ തിരുത്തിയില്ല. മലയാളത്തിൽ ഒരു ചൊല്ലുണ്ട്."നിങ്ങൾ പറയുന്നത്‌ നിങ്ങളുടെ അമ്മക്ക്‌ തന്നെ മനസ്സിലാകുന്ന സാധാരണ ഭാഷയിലോ? "  ഗുരു പഠിപ്പിച്ചത് ‌  ശിക്ഷ്യന്മാർക്ക്  മനസിലാകാത്ത ആലങ്കാരികമായ ഭാഷയിൽ ആയിരുന്നുവെന്നും ചിന്തിക്കാൻ  പ്രയാസമാണ്.



യേശു പഠിപ്പിച്ചതിനെ ചൊല്ലി  ശിക്ഷ്യരുടെയിടയിൽ എന്തെങ്കിലും ആശയ വൈരുദ്ധ്യങ്ങൾ  ഉണ്ടായാൽ   പഠിപ്പിച്ചതിനെ തിരുത്താതെ  പകരം  ശിക്ഷ്യരെ   മനസിലാക്കുവാൻ   പറഞ്ഞ വചനങ്ങൾ  അവിടുന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു.  അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തുന്ന കഥ മത്തായി സുവിശേഷത്തിൽ യേശു  ആവർത്തി ക്കുന്നുണ്ട്.( Matt. 16:5–12)  ഒരിക്കൽ പറഞ്ഞ വചനങ്ങളെ   മാറ്റങ്ങൾ  വരുത്തിയിരുന്നില്ലെന്നുള്ള     വേറെയും തെളിവുകൾ  പുതിയ നിയമത്തിൽ ഉണ്ട്. 
യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം, വാക്യം അറുപതിൽ ഇങ്ങനെ വായിക്കുന്നു
  ശിക്ഷ്യന്മാർ   അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽതന്നേ അറിഞ്ഞു അവരോടു: അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ഇതു നിങ്ങൾക്കു ഇടർച്ച ആകുന്നുവോ?മനുഷ്യപുത്രൻ   മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
ചിലർ അവൻ പറഞ്ഞത് വിശ്വസിച്ചില്ലെന്ന് അവനറിയാം. ആരും അവന്റെ സമീപം തെറ്റു തിരുത്താൻ ചെന്നില്ല. ഇതെല്ലാം ആലങ്കാരിക ഭാഷയിലെങ്കിൽ ശിക്ഷ്യന്മാർ മനസിലാക്കിയത് തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ട് യേശു അവരെ വ്യക്തമായ ഭാഷയിൽ മനസിലാക്കുവാൻ  മടക്കി വിളിച്ചില്ല. അവനിൽ സംശയങ്ങൾ ഉണ്ടായിരുന്ന യഹൂദരും അവന്റെ ശിക്ഷ്യന്മാരും അവൻ പറഞ്ഞത് മുഴുവൻ സ്വീകരിച്ചു. അവനോടൊപ്പം തന്നെ സഞ്ചരിച്ചു. അവൻ ആലങ്കാരിക ഭാഷയിൽ പറഞ്ഞിരുന്നുവെങ്കിൽ സ്വർഗ്ഗരാജ്യം തേടി ശിക്ഷ്യന്മാർ അവനോടൊപ്പം നിൽക്കുമായിരുന്നുവോ? എതിർത്തവരെ ആരെയും അവൻ പറഞ്ഞതിനെ തിരുത്തിയില്ല.


പന്ത്രണ്ട് പ്രാവിശ്യം അവൻ സ്വർഗത്തിൽ നിന്നുവന്ന അപ്പമാണെന്ന് പറ ഞ്ഞു. "എന്റെ മാംസം ഭക്ഷിക്കുക എന്റെ രക്തം പാനം ചെയ്യുക" എന്ന് നാല് പ്രാവിശ്യം പറഞ്ഞു.  ജോണ്‍ ആറാം അദ്ധ്യായത്തിലെ അന്ത്യ അത്താഴം യേശുവിന്റെ വചനങ്ങളിലുള്ള  വാഗ്ദാനവും . കത്തോലിക്കാ സഭയുടെ കാതലായ തത്ത്വവുമാണ്. പത്രോസിന്റെ പാറയായ സഭ  ഉയർന്നുവന്നതും വളർന്നതും  യേശുവിന്റെ വാഗ്ദാനമായ ഈ അടിത്തറയിൽ നിന്നാണ്. എന്നാൽ നവീകരണ സഭകൾ പൊങ്ങി വന്നത്  യേശുവിന്റെ  വാഗ്ദാന വചനങ്ങളിൽ നിന്നല്ല.  മറിച്ച്, സഭാ വിഭജനങ്ങളിൽനിന്നും വിഭജനങ്ങളുടെ വിഭജനങ്ങളിൽ നിന്നുമായിരുന്നു.


നോക്കൂ, യേശു പറഞ്ഞത് പിന്നീടൊരിക്കലും അവിടുന്ന് തിരുത്തിയില്ല. ആരുടേയും തെറ്റി ധാരണകൾ അകത്തുവാൻ ശ്രമിച്ചില്ല. യേശുവിനെ ശ്രദ്ധിച്ചവർ വചനങ്ങളെ പൂർണ്ണമായും മനസിലാക്കിയിരുന്നു. ആരും അദ്ദേഹം ആലങ്കാരികമായി സംസാരിക്കുന്നുവെന്ന് വിമർശിച്ചില്ല. അങ്ങനെ അവർ ചെയ്തിരുന്നുവെങ്കിൽ യേശു പറഞ്ഞത് തെറ്റായി ചിന്തിച്ചിരുന്നുവെങ്കിൽ എന്തുകൊണ്ട് ശിക്ഷ്യന്മാർ തെറ്റെന്ന് പറഞ്ഞില്ല?  യാഹോവാക്കാരും നവീകരണ സഭകളും ഇവാഞ്ചലിസ്റ്റുകളും യേശു പറഞ്ഞതിനെ വളച്ചൊടിക്കുന്നുവെന്നും അനുമാനിക്കണം.
യോഹന്നാൻ ആറാം അദ്ധ്യായത്തിൽ കാണുന്നതുപോലെ മാംസം കഴിക്കുവാനും രക്തം പാനം ചെയ്യുവാനും യേശു പഠിപ്പിച്ചെങ്കിൽ,   അത് ആലങ്കാരിക ഭാഷയല്ലെങ്കിൽ യേശു ദൈവത്തിന്റെ നിയമങ്ങളെ തെറ്റിക്കുകയല്ലേയെന്ന്  യഹോവാക്കാരും ഇവാഞ്ചലിസ്റ്റുകളും ചോദിക്കുന്നു. പഴയ നിയമത്തിലെപ്രവാചക വചനങ്ങൾ  കാലത്തിന് അനുയോജ്യമായി യേശു പലയിടങ്ങളിലും  പുനസ്ഥാപിച്ചിട്ടുള്ളതായി കാണാം.   ഉള്ളിലേക്ക് പോവുന്ന ഭക്ഷണം ശുദ്ധമെന്ന് (Mk 7:19) യേശു  പറഞ്ഞപ്പോൾ പഴയ നിയമത്തിലെ  വചനത്തെ   (Lv 11:1-8). മാറ്റി എഴുതുകയായിരുന്നു. ചില ഭക്ഷണങ്ങൾ  ശുദ്ധമല്ലെന്ന് പഴയ നിയമം പറയുന്നു. യേശു രക്തം പാനം ചെയ്യുകയെന്ന് പറഞ്ഞെങ്കിൽ പഴയ നിയമത്തിലെ ഏത് വചനത്തെ ധിക്കരിച്ചുവെന്ന് ‌ ഉത്തരം പറയുവാൻ സാധിക്കുകയില്ല. പലതും യേശു അസ്ഥിരപ്പെടുത്തി.  “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. "(Col 2:17, 16). ബിംബങ്ങൾക്ക് കൊടുത്ത മാംസം വർജിക്കണമെന്ന നിയമത്തിൽ പോൾ പറഞ്ഞത് വ്യത്യസ്തമായിട്ടാണ്. മറ്റുള്ളവർക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ അത്തരം ഭക്ഷണവും ആകാമെന്നു പോൾ പറയുന്നു.  (Rom 14:1-14, 1 Cor 8:1-13).


പഴയ നിയമത്തിൽ രക്തം കുടിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കാരണം എല്ലാ ജീവ ജാലങ്ങളിലും രക്തമുണ്ട്.   യഹോവാ അതുകൊണ്ട് ഇസ്രായിലികളോട് പറഞ്ഞത് ജീവനുള്ള യാതൊരു ജീവിയുടെയും രക്തം പാനം ചെയ്യരുത്.  (Lv 17:14, cf. Dt 12:23). ഇസ്രായിലികൾ ജീവനുള്ള മൃഗങ്ങളുടെ രക്തം കുടിക്കുകയില്ല.  കാരണം, രക്ത്തത്തിൽ ജീവനുമുണ്ട്. എന്നാൽ ഒരുവന്റെ ജീവൻ നിനക്കായി നിന്നുള്ളിൽ ഉണ്ട്.  യേശു ആത്മം ആയി നിന്നിൽ  തന്നെയുണ്ട്‌. "യേശു നിന്റെ ജീവിതമാണ്." (Col 3:4).നിത്യജീവനായ അവനെ നിനക്ക് ആത്മാവിന്റെ പരിപോഷണത്തിനായി ഭക്ഷിക്കാം.  


രക്തം പാനം ചെയ്യുന്നതും മാംസം ഭക്ഷിക്കുന്നതും തിന്മയെന്നുള്ള   യഹോവാക്കാരുടെ വാദം ശരിയെന്ന് വിചാരിക്കുക. എങ്കിൽ യോഹന്നാന്റെ ആറാം അദ്ധ്യായം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. അവരുടെ വചന വ്യാഖ്യാനത്തിൽ യേശു ആലങ്കാരികമായി  പറയുകയാണ്‌,  "എന്റെ മാംസം ഭക്ഷിക്കു രക്തം  പാനം ചെയ്യു, പവിത്രമായ അന്ത്യഅത്താഴ വിരുന്നിൽ യേശു ആലങ്കാരികമായിട്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ അതും തിന്മയല്ലേ? അതുകൊണ്ട് യേശുവിന്റെ രക്തം പാനം ചെയ്യുന്നത് ആത്മാവിന്റെ ഉണർവിന് ആവശ്യമെന്ന സഭയുടെ  അനുമാനം കൂടുതൽ യുക്തി നല്കുന്നു.   


Part 1:'ജോസഫ് കുളിരാനിയുടെ അന്ത്യഅത്താഴ മേശ-അർ‍ത്ഥവും ദൌത്യവും'






 
        

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...