Monday, June 3, 2013

ഒരു സുഹൃത്തിന്‍റെ കുറിപ്പ്

പടവാളേന്തിയ പടന്നമാക്കൽ

1599‍ ഫെബ്രുവരി ഒന്നാംതിയതി ഡോം ഫ്രേ അലക്സിസ് മെനേസിസ്‌ എന്ന പോര്‍ത്തുഗീസുകാരനായ ഗോവൻ മെത്രാപോലീത്ത കൊച്ചിയിലെത്തി. അദ്ദേഹത്തിന്‍റെ ആടയാഭരണങ്ങളും വേഷവിധാനങ്ങളും കണ്ടു നാട്ടുകാർക്കു കൗതുകമായി. അതിനു മുമ്പ്  അങ്ങനെ ഒരാളെ അവർ  കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടു നൂറുകണക്കിനു സഭാമേലധ്യക്ഷന്മാര്‍ രാജകീയ ആർഭാടത്തെ വെല്ലുന്ന രീതിയില്‍ കേരളമണ്ണില്‍ ജീവിച്ച് , അല്മായരെ നയിച്ചു  ഭരിച്ച് നിത്യതയിലാണ്ടുപോകുകയും ചെയ്തു. കാലം അവരെ വിസ്മൃതിയില്‍ ലയിപ്പിച്ചു. ചിലര്‍ ചരിത്രത്തിന്‍റെ കറുത്ത അധ്യായങ്ങളിലും സ്ഥാനം പിടിച്ചു.

 

കേരളചരിത്രം അവലോകനം ചെയ്‌താല്‍ ഈ നാടിന്‍റെ പൈതൃക സംസ്കാരത്തിനും  കലകള്‍ക്കും മെത്രാന്മാർ  നല്‍കിയ സംഭാവനകള്‍ എടുത്തു പറയാവുന്നതായി ഒന്നും തന്നെയില്ല. ഇവിടെയാണ്‌ ലളിതവസ്ത്രധാരിയായി, അധികാരമൊന്നും കൈയാളാതെ, കര്‍മ്മോന്മുഖനായി, അറിവിന്‍റെ ബലം ഒന്നുകൊണ്ടുമാത്രം ധന്യമായ ജീവിതത്തില്‍ക്കൂടി മാത്രം കേരളസമൂഹത്തില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മറക്കാനാവാത്ത രീതിയില്‍ സ്വാധീനം ചെലുത്തിയ ശ്രീനാരായണഗുരുവിന്‍റെ മഹത്വം വെളിപ്പെടുന്നത്.


എങ്ങനെയും  അധികാരം നിലനിര്‍ത്തുക, ചുറ്റുമുള്ളവരെ തന്‍റെ അധീനതയില്‍  കൊണ്ടുവരിക, അപരന്‍റെ അവകാശങ്ങളെ ചൂഷണം  ചെയ്ത്  കൂടുതല്‍ അധികാരം പിടിച്ചുപറ്റുക എന്നൊക്കെയാണ് അധികാരമുള്ളവരുടെ എന്നത്തെയും മോഹം. സമൂഹത്തിന്‍റെ ജീര്‍ണ്ണത ഒരളവുവരെ നിലനില്‍ക്കേണ്ടതും ജനം പ്രബുദ്ധരാകാതിരിക്കേണ്ടതും അവരുടെ ആവശ്യമാണ്‌. അവര്‍ക്ക് സമൂഹത്തെ പരിഷ്കരിക്കണമെന്ന ആഗ്രഹം ഉണ്ടാകാറില്ല. അത്തരക്കാര്‍ മാത്രമായിരുന്നു ലോകത്തിലെങ്കില്‍, നാം ഇന്നും കിരാതരായി, വനങ്ങളില്‍, കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയില്‍ കഴിഞ്ഞേനെ.

 

ഇന്നുകാണുന്ന ലോകം സംസ്കാരത്തിന്‍റെ പടവുകൾ  കയറിയതിനു കാരണം കാലാകാലങ്ങളില്‍ ഏതാനും മഹാപ്രശ്നക്കാര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. മുഖം നോക്കാതെ, ആരെയും പ്രീണിപ്പിക്കണമെന്നാഗ്രഹിക്കാതെ സത്യം വെട്ടിത്തുറന്നു പറയാന്‍ ധൈര്യപ്പെടുന്ന ചില ഒറ്റയാന്മാര്‍. അവര്‍ക്കു വെടിയുണ്ടയും കുരിശും കയ്പുനീരും  മാത്രമാണ് എക്കാലത്തും പ്രതിഫലം. അത്തരക്കാര്‍ കാലാകാലങ്ങളില്‍ ഇടയ്ക്കിടയ്ക്കു ജനിക്കുമെന്ന്, മനുഷ്യനെ നിയന്ത്രിക്കുന്ന ഏതൊക്കെയോ ശക്തികള്‍ ഉറപ്പു വരുത്തുന്നുണ്ട്. അവര്‍ക്ക് ലോകത്തില്‍നിന്നു നിന്ദമാത്രം ലഭിക്കുന്നു. അവരെ കല്ലെറിയാന്‍ ആളുകള്‍ എന്നും എവിടെയും ഏറെയുണ്ട്.

 

പക്ഷെ അവരില്ലായിരുന്നെങ്കില്‍ ലോകം എങ്ങനെ ആകുമായിരുന്നു  എന്നു ചിന്തിച്ചാലേ  അവരുടെ പ്രസക്തി മനസ്സിലാകൂ. ആ ജനുസ്സിൽപ്പെടുന്നു  ജോസഫ്‌ പടന്നമാക്കൽ. അദ്ദേഹത്തിന്‍റെ കീബോര്‍ഡിന് പടവാളിന്‍റെയല്ല, ആറ്റംബോംബിന്‍റെ ശക്തിയാണ്. അദ്ദേഹത്തിനു ലഭിക്കുന്ന പ്രതിഫലം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ശത്രുഗണമാണ് അദ്ദേഹത്തിനുള്ളത്. രക്ഷകരുടെ വേഷത്തില്‍ വരുന്നവര്‍ നമ്മെ പച്ചയ്ക്കു തിന്നാത്തത് ഇത്തരക്കാര്‍ അവിടെയും ഇവിടെയുമിരുന്ന് അവര്‍ക്കു ശല്യം സൃഷ്ടിക്കുന്നതുകൊണ്ടാണ്.

തോമസ്‌ ഗ്രേയുടെ വിലാപകാവ്യത്തില്‍ പടന്നമാക്കലിനെക്കൂടി ഉദ്ദേശിച്ചായിരിക്കണം ഇങ്ങനെ എഴുതിയത്:

Full many a gem of purest ray serene

The dark unfathom'd caves of ocean bear:

Full many a flower is born to blush unseen,

And waste its sweetness on the desert air.

വിശ്രമജീവിതം നയിക്കുന്ന, എന്‍റെയീ നല്ല സുഹൃത്തിന്, അറിവിന്‍റെ സുഗന്ധം പരത്താന്‍ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ.

                          അലക്സ് കണിയാംപറമ്പിൽ 

 




 

 


 

 

 

 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...