ജോസഫ് പടന്നമാക്കൽ
"മാറ്റുവിന്‍ ചട്ടങ്ങളേ" യെന്ന് കുമാരനാശാൻ പാടിയിട്ട് ഏട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു. ചട്ടങ്ങൾ എല്ലാമേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാൽ സഭയും പുരോഹിതലോകവും ഇന്നും നൂറ്റാണ്ടുകൾ പിമ്പിൽത്തന്നെ. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ ഇന്നും സഭയിൽ അടിമ തന്നെ. സ്ത്രീകൾ പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തിൽ കഴിയുവാനായി താത്പര്യപ്പെടുന്നു. സഭയെ സംബന്ധിച്ച പുരുഷൻ പറയുന്ന കാര്യങ്ങൾ സ്ത്രീകൾ നിശബ്ദരായി ശ്രവിക്കണമെന്നുള്ള അച്ചന്‍റെ സാരോപദേശങ്ങൾ അപ്പാടെ അനുസരിക്കും. സ്ത്രീകൾ പുരുഷന്മാരെക്കാളും അന്ധമായ ഭക്തിമാര്‍ഗങ്ങളിൽക്കൂടി സഞ്ചരിക്കാനാണ് താല്പര്യപ്പെടാറുള്ളത്. വേദപുരാണങ്ങളിലും ബൈബിളിലും സ്ത്രീകൾക്കുള്ള സ്ഥാനം പരിമിതമാണ്. മനുതൊട്ടു പോള്‍വരെ സ്ത്രീകളെ പുരുഷനു താഴെ രണ്ടാംതരം വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതും കാണാം.
പഴയനിയമത്തിൽ ആദിസ്ത്രീയായ 'ഹവ്വാ' ദുഷിച്ച പിശാചിന്റെ പ്രേരണമൂലം ആപ്പിള്‍ തിന്നു. ദൈവരഹസ്യങ്ങൾ പിശാച് ഹവ്വായ്ക്ക് നല്‍കി. ആ പിശാചായിരിക്കണം ആദ്യത്തെ പുരോഹിതൻ. അങ്ങനെ ചിന്തിക്കുന്നതും ഇന്നത്തെ ലോകത്തിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ യുക്തിസഹജം തന്നെയാണ്. അതേ പിശാചുക്കൾ തന്നെയാണ് പള്ളി പുരോഹിതരുടെ വേഷത്തിൽ സ്ത്രീകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നതും. ഈ പിശാചായ പുരോഹിതനിൽനിന്നുമുണ്ടായ സന്തതിയായിരിക്കണം കായേൻ. പൗരാഹിത്യം അവന്റെ സന്തതിയിൽനിന്നും ആരംഭിച്ചിരിക്കണം. കായേന്‍ നന്മയുടെ പ്രതീകമായ ആബേലിനെ കൊന്നവഴി ലോകത്തിന്‍റെ നാലിലൊന്നു ജനത്തെകൊന്നു. ഏദൻന്തോട്ടത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളോടെയും കഴിഞ്ഞ ആദാമിനെ മാത്രമല്ല യഹൂദ പുരോഹിതരുടെ സൃഷ്ടിയായ ദൈവത്തെപ്പോലും ധിക്കരിക്കുവാനായി സ്ത്രീക്ക് ശക്തിയുണ്ടെന്നല്ലേ മനസിലാക്കേണ്ടത്? പാപിനിയായ സ്ത്രീയെ യഹൂദ കൂട്ടങ്ങളൊന്നടങ്കം കല്ലെറിഞ്ഞപ്പോള്‍ "സ്ത്രീയേ ഇനിയും നീ പാപം ചെയ്യരുതെന്നാണ് പറഞ്ഞത്. "പുരുഷാ ഇനി നീ പാപംചെയ്യരു"തെന്ന് ആരും പറഞ്ഞില്ല. അവിടെയുംകർത്താവിന്റെ ഉപദേശങ്ങൾ സ്ത്രീക്ക് മാത്രം. കല്ലെറിയരുതെന്നു യേശു അന്നു പറഞ്ഞത് ഇന്നത്തെ പുരോഹിതർക്കുനേരെയും തിരിഞ്ഞുകൊണ്ടായിരിക്കണം. പുരോഹിതരുടെ കൊള്ളകളും സ്ത്രീപീഡനങ്ങളും പാപം വിറ്റുകൊണ്ടുള്ള ആർഭാട ജീവിതവും യേശു ഒരു ദീർഘദർശിയെപ്പോലെ അന്ന് ദർശിച്ചിരുന്നിരിക്കണം.
കാലം കഴിഞ്ഞപ്പോൾ സ്ത്രീ ശക്തിക്ക് പ്രാധാന്യം ഇല്ലാതായി. പുരുഷന്‍റെ മസ്കുലിന്‍ശക്തി സ്ത്രീയെ അടിമയാക്കി. അവള്‍ക്കു വേദങ്ങളും ജ്ഞാനവും നിഷേധിക്കപ്പെട്ടു. ചിലർ അവളെ പര്‍ദാക്കുള്ളിലാക്കി. മറ്റുചിലർ കറുത്ത താറുള്ള ഒരു വീപ്പക്കുറ്റി നിലത്തു കിടന്നുരുളുന്നതുപോലെ ഒരുതരം കുപ്പായം അണിയിച്ചു കന്യാസ്ത്രീക്കൂടെന്ന നിത്യനരകത്തിൽ അടച്ചു. എക്കാലവും പുരുഷശക്തികൊണ്ട്, സ്ത്രീയെ അടിച്ചമര്‍ത്തി. മതം സ്ത്രീകള്‍ക്കായി ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. പള്ളിയിലെ കപട ലക്ഷ്മണന്‍മാർ പറയുന്നതേ സ്ത്രീകൾ ശ്രദ്ധിക്കുകയുള്ളൂ. സഭയിലെ അഴിമതിയും കൊള്ളകളും ഇത്രമാത്രം വഷളാകുന്നതിനു കാരണവും പുരോഹിതർ തെറ്റു ചെയ്യുകയില്ലെന്നുള്ള സ്ത്രീകളുടെ ധാരണയാണ്. സ്ത്രീകള്‍ക്കു അടുക്കളയും പാചകവും പള്ളിയും അച്ചന്‍റെ പ്രസംഗവും ആയാൽ തൃപ്തിയായി. സ്ത്രീകളുടെ ഈ ചിന്താഗതികൾക്ക് സമൂലമായ ഒരു മാറ്റം ആവശ്യമാണ്. കാരണം, ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും വിജയിക്കണമെങ്കിൽ സ്ത്രീകളുടെ സഹകരണംകൂടിയേതീരൂ.
ഭൂരിഭാഗം സ്ത്രീകളും പൊതുവെ പള്ളിയും പട്ടക്കാരനുമുൾപ്പെട്ട ഒരു സമൂഹത്തിൽ മാത്രം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. അത്തരം സഹവർത്തിത്വത്തിൽക്കൂടി പുരോഹിതരുമായി സൗഹാർദ്ദബന്ധം സ്ഥാപിക്കലും സാധാരണമാണ്. അവരുമായി ചങ്ങാത്തം കൂടുവാനും വീട്ടുകാര്യങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കാനും ഇഷ്ടപ്പെടുന്നു. ലോകകാര്യങ്ങൾ അറിയാനും പുസ്തകങ്ങൾ വായിക്കാനും അറിവുകള്‍ പോഷിപ്പിക്കുവാനും സ്ത്രീകൾ താത്പര്യപ്പെടുകയില്ല. പുരോഹിതരുടെ സാരോപദേശങ്ങൾ ദൈവവാക്യങ്ങളായി ശ്രവിക്കുന്നു. പിള്ളേരെ പരിപാലിക്കുന്ന കാര്യങ്ങൾക്കുവരെ പുരോഹിതന്റെ ഉപദേശങ്ങൾ തേടും. ഒരു കുടുംബത്തിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നതും പള്ളി പുരോഹിതനിൽ നിന്നായിരിക്കും. പുരോഹിതർ ആത്മനിയന്ത്രണം ഉള്ളവരെന്നും അവർ അത്മീയ കാര്യങ്ങൾ മാത്രമേ സംസാരിക്കുള്ളൂവെന്നും പുരുഷന്മാർക്ക് ഒരു മിഥ്യാ ധാരണയുമുണ്ട്. സ്ത്രീകൾ പുരോഹിതരോട് അമിതമായി അടുത്താലും ഒരു ഭക്തനായ പുരുഷനെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരിക്കില്ല. അനുസരണയുള്ള കുഞ്ഞാടുകളെ തലമുറകളായി പുരോഹിത ലോകം മെരുക്കിയെടുത്തതാണ് കാരണം.
പ്രാചീന മതങ്ങളിലെ പ്രമാണങ്ങൾ ഭൂരിഭാഗവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. ബൈബിളിൽ സെന്റ്. പോളിൻറെ സുവിശേഷ പ്രകാരം സ്ത്രീകൾ സഭാ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ലെന്നുണ്ട്. പുരുഷമേധാവിത്വം അവിടെ പ്രകടമാക്കുകയാണ്. മതപരമായ പൊതുചര്‍ച്ചകളിൽ സ്ത്രീകളെ പങ്കുചേരാൻ വിശുദ്ധ ഗ്രന്ഥം അനുവദിക്കുന്നില്ല. വിശ്വാസത്തെ യുക്തിബോധത്തോടെ കാണാനുള്ള മനസ്സ് സ്ത്രീകളിൽ കുറവാണ്. അവിടെയാണ് ഒരു പള്ളിയിലെ പുരോഹിതൻ എന്തുപറഞ്ഞാലും സ്ത്രീകൾ അപ്പാടെ വിശ്വസിക്കുന്നതും. വഴിയിൽ കണ്ടാലും അവരുടെ കൈവിരലുകൾ മുത്തിയാലേ ചില സ്ത്രീകൾക്ക് തൃപ്തി വരുകയുള്ളൂ.
ഭർത്താവിൽ വേണ്ടത്ര വിശ്വാസം പുലർത്താത്ത സ്ത്രീകളുടെ ആത്മീയ ഉപദേശകനും സ്ഥലത്തെ വികാരിയായ പുരോഹിതൻ മാത്രമായിരിക്കും. പുതുതായി സ്ഥലം മാറി പള്ളിയിൽ വരുന്ന കൊച്ചച്ചന്റെ ചുറ്റും സ്ത്രീകൾ ഉത്സവപ്പറമ്പുപോലെ കൂടുന്ന കാഴ്ചകളും സാധാരണമാണ്. വിദേശരാജ്യങ്ങളിൽ വസിക്കുന്ന സ്ത്രീകൾക്ക് കൂടിയയിനം അച്ചൻ ഭക്തിയും മൂത്തിരിക്കുന്നു. അവിടെ ഇടയനെയും കൊച്ചിടയന്മാരെയും തീറ്റാൻ സ്ത്രീകൾ പള്ളിമുറികളിലെ ഫ്രിഡ്ജിനകത്ത് വിഭവ സമൃദ്ധമായ ഭക്ഷണം കുത്തി നിറയ്ക്കാൻ മത്സരത്തിലായിരിക്കും. സ്വന്തം ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഭക്ഷണമുണ്ടാക്കാൻ താൽപ്പര്യവും കാണിക്കില്ല. ഇടയ്ക്കിടെ കുട്ടികളുള്ള വീട്ടമ്മമാർവരെ പുരോഹിതരൊപ്പം ഒളിച്ചച്ചോട്ടം നടത്തുന്നതും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.
പുരുഷൻ സ്ത്രീക്കു ആവശ്യത്തിനുള്ള സ്നേഹം കൊടുക്കാത്തതുകൊണ്ടാണ് പുരോഹിതരോട് സ്ത്രീക്ക് ബഹുമാനം കൂടുവാനും കാരണം. സ്ത്രീകളെ ദൈവം പൂര്‍ണ്ണത നിറഞ്ഞവളായി സൃഷ്ടിച്ചിട്ടും പൊതുരംഗത്ത് പുരുഷന്മാർ അവരെ ഇന്നും പങ്കു ചേര്‍ക്കാറില്ല. രാഷ്ട്രീയ സാമൂഹികരംഗങ്ങളിലും സ്ത്രീകൾ വളരെയേറെ ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും മതം ഇപ്പോഴും അവർക്കു പൊതുസദസ്സുകളിൽ വേണ്ട പ്രോത്സാഹനം കൊടുക്കുന്നില്ല. വേദങ്ങളും വ്യാഖ്യാനങ്ങളും എഴിതിയുണ്ടാക്കിയതു പുരുഷന്മാരാണ്. അതുകൊണ്ട് എല്ലാ വിശുദ്ധഗ്രന്ഥങ്ങളിലും പുരുഷമേധാവിത്വം ഒളിഞ്ഞിരിക്കുന്നു. സ്ത്രീയുടെ ധർമ്മം അടുക്കളജോലിയും പാത്രംകഴുക്കും മക്കളെനോക്കലും എന്നെല്ലാമായി പുരുഷലോകത്ത് ഒരു പൊതുധാരണ സൃഷ്ടിക്കുകയും ചെയ്തു.
സ്ത്രീ, പുരുഷ, ഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ ആത്മാവ് സർവ്വജാതികളുടെ മേലും വ്യാപിച്ചിരിക്കുന്നുവെന്നാണ് ക്രിസ്തുമത തത്ത്വം. പോളിന്‍റെ മിഷിനറി ദൌത്യത്തിലും ഒപ്പം സ്ത്രീ ജനങ്ങളും ഉണ്ടായിരുന്നു. ഇവിടെയും സ്ത്രീ പുരുഷവ്യത്യാസം കാണുന്നില്ല. പരിശുദ്ധആത്മാവ്, സ്ത്രീയെയും പുരുഷനെയും ഒരുപോലെ ആവഹിക്കുന്നുവെന്നു ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു ബദലായി സുവിശേഷത്തിലെ പോൾ സ്ത്രീക്കെതിരെ വചനങ്ങൾ രചിച്ചിരിക്കുന്നു. പ്രാകൃത കാലങ്ങളിലെ തുടർച്ചയായ അത്തരം പുരുഷന്റെ സ്ത്രീയോടുള്ള മനോഭാവത്തിനും സങ്കൽപ്പങ്ങൾക്കും മാറ്റം വരുത്തണം.
സന്താന നിയന്ത്രണത്തിനെതിരെ ബിഷപ്പുമാർ സമരം നടത്തുന്നതു സ്ത്രീകൾക്കു നേരെയുള്ള ഒരു യുദ്ധമാണ്. കൂടുതൽ മക്കളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഓരോ കുടുംബത്തോടും ആവശ്യപ്പെടുന്നത്. പ്രസവച്ചെലവുകളും കുഞ്ഞുങ്ങളെ വളർത്തുന്നതും, അവർക്കു വേണ്ട വിദ്യാഭ്യാസ ചിലവുകളെ സംബന്ധിച്ചും പുരോഹിത ലോകത്ത് ചിന്തിക്കേണ്ട ആവശ്യമില്ല. കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന വഴി സമൂഹത്തിനും ബാധ്യതകൾ കൂടുന്നു. ഇവിടെ ഓരോ കുട്ടി ജനിക്കുമ്പോഴും സര്‍ക്കാരിനും ചുമതലകളുണ്ട്. അതനുസരിച്ച് സർക്കാരിന്‍റെ പദ്ധതികളും വരവുചിലവു കണക്കുകളുടെ മതിപ്പുകളും കണക്കാക്കണം. പത്തു മക്കളുള്ള ഒരു കുടുംബത്തിന്‍റെ ആളോഹരി വരുമാനം ചുരുങ്ങുന്നതു പോലെ ജനസംഖ്യ കൂടിയാൽ രാഷ്ട്രത്തിന്‍റെ മൊത്തം വിഭവങ്ങളെ അതനുസരിച്ച് വീതിക്കേണ്ടിവരും. ഭാരതത്തിലെ 47 ശതമാനം കുഞ്ഞുങ്ങൾ വളരുന്നത് പോഷകാഹാരം ഇല്ലാതെയാണെന്ന് യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതമൊഴിച്ചു ലോകരാജ്യങ്ങൾ എല്ലാംതന്നെ മുസ്ലിംരാജ്യങ്ങൾ ഉൾപ്പടെ ജനസംഖ്യയെ നിയന്ത്രിച്ചുകഴിഞ്ഞു. ഇവിടെ കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതും ദേശത്തിനു ദ്രോഹം ചെയ്യുന്നതും പുരോഹിതർ തന്നെ. പൌരാഹിത്വം സ്വന്തം വിശ്വാസികളെ തകര്‍ക്കുമ്പോൾ സ്വയം സഭയുടെ ശവക്കുഴി മാന്തുകയാണെന്നു മനസ്സിലാക്കുന്നില്ല.
ബലാല്‍സംഗം ചെയ്തു കുട്ടികളുണ്ടായാലും നിശബ്ദരായി രണ്ടുകൈകളും നീട്ടി ജനിക്കുന്ന കുഞ്ഞുങ്ങളെ അനുസരണയുള്ളവരെപ്പോലെ സ്വീകരിക്കണമെന്നാണ് സഭ ഉപദേശിക്കുന്നത്. അത്തരം സാഹചര്യത്തിലും സ്ത്രീയുടെ മൗലിക അവകാശമായ ഗർഭച്ഛിദ്രത്തെ സഭ എതിർക്കുന്നു. ജീവിതകാലം മുഴുവൻ മാനം നഷ്ടപ്പെട്ട സ്ത്രീ ദുഖിതയായും ദരിദ്രയായും ജീവിച്ചാലും സഭയ്ക്ക് അതൊരു പ്രശ്നമല്ല. പിന്നീടുള്ള കാലങ്ങളിൽ സഭ അവളെ ഭൃഷ്ട്ട് കൽപ്പിച്ചു പുറത്തു നിറുത്താൻ ശ്രമിക്കും. അമേരിക്കയിൽ ഒരു കൊച്ചുപട്ടണത്തിൽ ഒരു പുരോഹിതൻ പതിമൂന്നു വയസ്സുള്ള കുട്ടിയെ ഗർഭിണിയാക്കിയ കഥയും വാർത്തകളിൽവന്നു. മാതാപിതാക്കളും ബിഷപ്പും പോലീസും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ പുരോഹിതൻ രാജ്യംവിട്ടുവെന്നും പോലീസിനു അറിവുകിട്ടി. ഇങ്ങനെ ജീവിക്കുന്നകഥകൾ ഏറെ. സഭ പുരോഹിതനെ ഒളിപ്പിച്ചു രക്ഷപ്പെടുത്തും. ആ പാവപ്പെട്ട പെണ്‍കുട്ടി അവിഹിത ഗര്‍ഭവും പേറി അപമാനിതയായി പരിഹാസങ്ങള്‍ നിറഞ്ഞ ലോകത്തില്‍ ജീവിതം തുടരണം.
'അഭയാ' എന്ന യുവ കന്യാസ്ത്രിയെ രണ്ടു പുരോഹിതർ കൂടി കിണറ്റിൽ ഇട്ടു കൊന്നു. നഷ്ടപ്പെട്ടത് കന്യാസ്ത്രീയുടെ ജീവനും. അഭയായുടെ മാതാപിതാക്കളെ ജീവിതകാലം മുഴുവൻ തീരാ ദുഖത്തിലാക്കി. ഹൃദയം തകർന്നാണ് ശിഷ്ടകാലം നിർദ്ദയം വധിക്കപ്പെട്ട അവളുടെ മാതാപിതാക്കൾ ജീവിച്ചത്. സഭ കുറ്റവാളികളായ പുരോഹിതരെ ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്നു. അഭയാ എന്ന കന്യാസ്ത്രീയുടെ സ്ത്രീത്വത്തെപ്പോലും അപമാനിക്കാൻ പുരോഹിതർ പ്രചരണ തന്ത്രങ്ങളും നെയ്തെടുത്തിരുന്നു. കുറ്റവാളികളായ പുരോഹിതർ മാന്യന്മാരായി ഇന്നും സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്നു. എവിടെയും തഴയപ്പെടുന്നത് സ്ത്രീകളാണെന്നുള്ളതിന് അഭയായുടെ കൊലപാതകം സാക്ഷ്യമാണ്. പാവങ്ങളുടെ പുറം ചാരി 99 ശതമാനം അഭിഷ്ക്തലോകം സുവര്‍ണമാളികകളിലും സിംഹാസനങ്ങളിലും വാണരുളുന്നു. സ്ത്രീകൾക്കു സാമൂഹിക നീതി നിഷേധിക്കുന്ന വ്യവസ്ഥകൾക്കെതിരെയുള്ള മനുഷ്യപുത്രനായ യേശുവിന്‍റെ ശബ്ദം പുരോഹിത ലോകം ശ്രവിക്കില്ല.
സ്ത്രീകളെ തരംതാഴ്ത്തിക്കൊണ്ട്! സഭകൾ നിയമങ്ങളുണ്ടാക്കിയതു റോമൻ നിയമങ്ങൾ അനുസരിച്ചാണ്. പുരാതനകാലംമുതൽ സ്ത്രീ ഒരു നികൃഷ്ട ജന്മമായി സഭ കരുതുന്നു. അതു പ്രകൃതിയുടെ നിയമമായി പുരുഷ വേദാന്തികൾ അതിപുരാതന കാലംമുതൽ തീർപ്പും കൽപ്പിച്ചു. റോമൻ, ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം. റോമൻനിയമം അനുശാസിച്ചിരുന്നത് സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങൾ കൊടുക്കരുതെന്നായിരുന്നു. സഭയിലെ ആദിപിതാക്കന്മാർ സ്ത്രീ, പുരുഷനേക്കാൾ തുല്യത കുറഞ്ഞവളെന്നു വേദഗ്രന്ഥങ്ങളിലും എഴുതി ചേർത്തു. കൂടാതെ പോൾ സ്ത്രീയെ തരംതാഴ്ത്തികൊണ്ടുള്ള വചനങ്ങളും സുവിശേഷത്തിലെഴുതി. പുരുഷനിൽ വേദപുസ്തകത്തിൽക്കൂടി അങ്ങനെയൊരു മനോഭാവം വളർത്തുകയും ചെയ്തു.
യേശുവിന്‍റെ അശരീരി പോൾ ശ്രവിച്ചുവെന്ന് എഴുതിയിരിക്കുന്നത് ഒരുതരം ഹിസ്റ്റീരിയാ ആയിരുന്നുവെന്നും വ്യക്തം. സഭയിൽ സ്ത്രീകൾ പഠിപ്പിക്കുന്നതു പോൾ വിലക്കിയിരുന്നു. ദൈവശാസ്ത്രജ്ഞന്മാർ ഗ്രീക്ക് തത്ത്വചിന്തകരുടെയും റോമാക്കാരുടെയും സ്ത്രീകളെ തരംതാഴ്ത്തിയുള്ള തത്ത്വചിന്തകൾ പകര്‍ത്തിയെഴുതി. മതനേതാക്കന്മാരും തീയോളജിയൻമാരും കാനോൻ നിയമജ്ഞരും ഒരേ സ്വരത്തിൽ സ്ത്രീകളുടെ പൌരഹിത്വത്തെയും എതിർത്തു. പ്ലേറ്റോയും അരിസ്റ്റോട്ടില്‍വരെയും സ്ത്രീകളെ അപകർഷബോധത്തോടെ കണ്ടു. പ്ലേറ്റോയുടെയും പോളിൻറെയും അരിസ്റ്റോട്ടില്‍ മുതല്‍പേരുടെയും അഭിപ്രായങ്ങൾ കാലത്തിനു ചേർന്നതല്ല. അത്തരം ചിന്തകൾ ഇന്ന് സ്ത്രീകൾക്ക് അപമാനകരവുമാണ്.
സ്ത്രീകൾക്കെതിരെ സഭയിലെ മേലാളന്മാരും പട്ടക്കാരും നടത്തുന്ന കുറ്റകൃത്യങ്ങൾ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കിത്തീർക്കുന്നു. സഭയുടെയും പുരോഹിതരുടെയും നേട്ടങ്ങൾക്കായി അല്മെനികളെ തന്നെ ചേരി തിരിച്ചു വഴക്കുണ്ടാക്കിപ്പിക്കലും പിന്നീട് പുരോഹിത ഇടപെടലും ചാതുര്യത്തോടെ നിർവഹിക്കുന്നുമുണ്ട്. പള്ളിയിൽ സ്ത്രീകളെകൊണ്ട് ദൈവരാജ്യം വരണമേയെന്നു പ്രാർത്ഥിപ്പിക്കും. സൗകര്യപൂർവം സ്ത്രീകളെ പാട്ടിലാക്കി അവരെയും കുടുംബത്തെയും ചൂഷണം ചെയ്തുകൊണ്ട് പുരോഹിതർ സുഖലോലിപരായി ജീവിക്കുകയും ചെയ്യും. മാന്യതയോടെ ജീവിക്കുന്നവരുടെ സ്വത്തുക്കൾ മാത്രമല്ല ഇവർ അപഹരിക്കുന്നത്, മറിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മാനം കൂടി കവർന്നുകൊണ്ട് അവരെ നിസ്സഹായരാക്കുകയും ചെയ്യുന്നു. കുരിശു യുദ്ധ കാലത്ത് ബിഷപ്പുമാരും പുരോഹിതരും സ്ത്രീകളെ പൈശാചികമായി കൂട്ടത്തോടെ ബലാത്സംഗം ചെയ്തു കൊണ്ടിരുന്നതും ചരിത്രമായിരുന്നു. സ്‌പെയിൻ എന്ന രാജ്യം ആക്രമിച്ചു കീഴടക്കുന്ന വേളകളിലും പുരോഹിതർ സ്ത്രീകളെ ആസ്വദിച്ചു കൊല്ലുകയായിരുന്നുവെന്നും സഭയുടെ കറുത്ത അദ്ധ്യായങ്ങളിൽ എഴുതിച്ചേർത്തിട്ടുണ്ട്.
ദരിദ്രരും അനാഥരുമായ സ്ത്രീകളെ വിദേശത്തുള്ള ഉപഭോക്താക്കൾക്ക് വിൽക്കുന്ന സംഘടന പോലും പുരോഹിതരുടെയിടയിലുണ്ട്. അനാഥാലയങ്ങളുടെ ചരിത്രം തന്നെ നോക്കിയാൽ പുറത്തുനിന്നുമുള്ള കുട്ടികൾ അവിടെ വളരെ കുറവെന്നും കാണാം. 1995-ൽ ഫിലിപ്പയിലിനുള്ള ഒരു കന്യാസ്ത്രി മഠത്തിൽ അതി ഭയങ്കരമായ അഗ്നി ബാധയുണ്ടായി. അഗ്നി ശമനത്തിനായി വന്ന ഫയർ ഫോഴ്‌സുകാരെ താഴത്തെ നിലയിലേക്ക് പോകാൻ അവിടുത്തെ മദർ സുപ്പീരിയർ അനുവദിക്കില്ലായിരുന്നു. എന്നാൽ നിലവിളി കേട്ടു ബലമായി അവിടെ പ്രവേശിച്ച അഗ്നി ശമന പ്രവർത്തകർ കണ്ടത് നൂറോളം ഗർഭിണികളായ കന്യാസ്ത്രികളെയും കുഞ്ഞുങ്ങളെയും ആയിരുന്നു. കേസ്സുകൾ മൂടിവെക്കാൻ, ഈ സംഭവം വാർത്തകളിൽ വരാതിരിക്കാൻ സഭ പണം വാരി ചെലവാക്കുകയും ചെയ്തു.
യേശു ആഗ്രഹിക്കാത്ത യേശുവിന്റെ മണവാട്ടികളുടെ കഥയാണിത്. തളച്ചിട്ടിരിക്കുന്ന നിസഹായരായ ഒരു കൂട്ടം സ്ത്രീകളുടെ കഥയായും കരുതാം. തലച്ചോറിന്റെ അന്തർഭാഗത്തേയ്ക്ക് പാപവും ദൈവവും കടത്തിവിട്ടുകൊണ്ട്, അവരെ സ്വതന്ത്രരായി ചിന്തിക്കാൻ പുരോഹിത ലോകം അനുവദിക്കില്ല. ചിന്താശക്തിയെ മുഴുവനായി നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ധ്യാനകേന്ദ്രത്തിൽക്കൂടിയും കരിഷ്മാറ്റിക്ക് പ്രവർത്തനങ്ങളിൽകൂടിയും പുരോഹിതർ നിർവഹിക്കുന്നു. ആരും സ്വന്തം ഇച്ഛപ്രകാരം ചിന്തിക്കരുതെന്ന പുരോഹിത കാപട്യം എവിടെയും പ്രാവർത്തികമാക്കുന്നു. ചിന്തിക്കുന്നവരുടെ ലോകമുണ്ടായാൽ സഭയുടെ വ്യാപാരം നടക്കില്ല. മുതൽമുടക്കില്ലാതെ ലാഭം കൊയ്യുന്ന വലിയ ഒരു പ്രസ്ഥാനമായി സഭ വളർന്നു കഴിഞ്ഞിരിക്കുന്നു. അവിടെ ബലിയാടാകുന്നതും സ്ത്രീകളാണ്. കരിഷ്മാറ്റിക്ക് കേന്ദ്രങ്ങളിലെ പേക്കൂത്തുകളും നുണയും ചതിയും സ്ത്രീകളെ ആകർഷിക്കുന്നു. പാപം വിറ്റും ഭയപ്പെടുത്തിയും രോഗശാന്തിയെന്നു പറഞ്ഞും നടത്തുന്ന തട്ടിപ്പുകളിൽ അകപ്പെട്ടു പോകുന്നതും കൂടുതലും സ്ത്രീകളാണ്.
No comments:
Post a Comment